Followers

Monday, August 24, 2026

അക്ഷരജാലകം വിദേശത്ത് എഴുതി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ പുലിറ്റ്സർ പ്രൈസ് കിട്ടിയേനെ: എം.കെ.ഹരികുമാർ

 


എം.കെ. ഹരികുമാർ സംസാരിക്കുന്നു. ഉമേഷ് രാമൻ ,ജേക്കബ് എബ്രഹാം ,ഇന്ദിരാബാലൻ എന്നിവർ സമീപം.

"ന്യൂയോർക്ക് ടൈംസിൽ 'പബ്ലിക് ആൻഡ് പ്രൈവറ്റ്' എന്ന കോളം എഴുതിയ അന്ന ക്വിൻ്റലിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അവർ സാഹിത്യത്തെക്കുറിച്ചല്ല എഴുതിയത്; വ്യക്തിപരമായ ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള കോളമായിരുന്നു. എന്നിട്ടും അവർക്ക് പുലിറ്റ്സർ പ്രൈസ് കൊടുക്കാൻ അവിടുള്ളവർ തയ്യാറായി. എന്നാൽ ഇവിടെയായിരുന്നുവെങ്കിൽ അന്നയുടെ കോളം ചവറ്റുകുട്ടയിൽ എറിയപ്പെടുമായിരുന്നു.  'അക്ഷരജാലകം' ഇംഗ്ലീഷിൽ എഴുതി വിദേശത്താണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ പുലിറ്റ്സർ  സമ്മാനത്തെക്കാൾ വലിയ അവാർഡ് കിട്ടുമായിരുന്നു. കാരണം ഈ പംക്തി പോലെ വേറൊന്ന് കാണാനില്ല.അക്ഷരജാലക'ത്തിന്റെ മനസ് വിശാലവും സത്യാന്വേഷണപരവുമാണ്. എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുന്ന സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് ഭയപ്പെടുത്തുന്ന അംഗവിക്ഷേപമാണ് പ്രകടമാക്കുന്നത്. പ്രസ് അക്കാദമിയും കേരള സാഹിത്യ അക്കാഡമിയും സർക്കാരും മൗനത്തിലാണ്. അവർ ഇത് കണ്ടില്ലെന്ന് ഭാവിക്കുന്നു."


റിപ്പോർട്ട്: എൻ.പ്രേം


ബാംഗ്ളൂർ: 29 വർഷമായി തുടരുന്ന  തൻ്റെ 'അക്ഷരജാലകം' എന്ന പ്രതിവാര പത്രപംക്തിയെ കേരളത്തിലെ സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് തമസ്കരിക്കുകയാണെന്ന് എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

ബാംഗ്ലൂർ സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നാല് ഭാഷകളെ ഉൾക്കൊള്ളിച്ച് ബുക് ബ്രഹ്മ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന 'കോളമെഴുത്തിൻ്റെ വർത്തമാനം' എന്ന സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അക്ഷരജാലകം


'അക്ഷരജാലകം' ഈ കാലഘട്ടത്തിൻ്റെ സത്യസന്ധമായ ശബ്ദമാണെന്ന് പ്രമുഖ വായനക്കാരും എഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു കോളങ്ങൾ കൂടി എഴുതുന്നുണ്ടെന്ന് അറിയിച്ച ഹരികുമാർ തൻ്റെ മാനസികഘടനയെയും മനോഭാവത്തെയും മനസ്സിന്റെ വേഗതയെയും കോളമെഴുത്ത് ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു. 

ഹരികുമാറിൻ്റെ പ്രസംഗത്തിൽ നിന്ന് : പത്രപ്രവർത്തനത്തിൽ എഴുത്തിനു വേഗം വേണം .ഇന്ന് രാത്രി 11 മണിക്ക് എഴുതി ഉടനെ തന്നെ അച്ചടിക്കുന്ന രീതിയാണ് അവിടെയുള്ളത്.  സാഹിത്യകാരന്മാരുടെ എഴുത്തിനെക്കുറിച്ചുള്ള സങ്കല്പമല്ല ഇത്. ഒരു കഥയെഴുതി പ്രസിദ്ധീകരിക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിൻ്റെ സ്വപ്നസങ്കല്പം എനിക്ക് തങ്ങാനാവില്ല.ഞാൻ എഴുതിയാൽ ഉടനെ പ്രസിദ്ധീകരിക്കണം. അല്ലെങ്കിൽ ഞാൻ തിരികെ വാങ്ങും ,പുസ്തകമായാലും ലേഖനമായാലും. എഴുത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ തകിടം മറിച്ചത്   പത്രപ്രവർത്തനമാണ്. എൻ്റെ പത്രപ്രവർത്തനകാലത്ത്  ആരംഭിച്ചതാണ് 'അക്ഷരജാലകം', 1998 ൽ.'കേരളകൗമുദി' യുടെ എഡിറ്റോറിയൽ പേജിൽ.എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തി ആരും പ്രസിദ്ധീകരിക്കാറില്ല. എനിക്കു മാത്രമാണ് എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തി എഴുതാൻ അവസരമുണ്ടായിട്ടുള്ളത്. ഇപ്പോൾ അത് 29 വർഷം പിന്നിട്ടു. അതിൻ്റെ ഉള്ളടക്കത്തിലോ ആഴത്തിലോ വിമർശനത്തിലോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് എഴുതുന്നത്.  ഈ കോളം എന്നെ മാനസികമായ നിതാന്ത ജാഗ്രതയിലേക്കും സൂക്ഷ്മതയിലേക്കും രചനാപരമായ ശൈലിയിലേക്കും  പ്രൊഫഷണലിസത്തിലേക്കും കൊണ്ടുപോയി. എഴുതിക്കഴിഞ്ഞശേഷം വെട്ടിത്തിരുത്തി ഒന്നിലധികം കോപ്പികളെഴുതുന്ന ശീലം എനിക്കില്ല. ഒറ്റക്കോപ്പി മാത്രമേ ഉണ്ടാവൂ. ഇത് 29 വർഷം 'അക്ഷരജാലകം' എഴുതി നേടിയ ശീലമാണ്. ഒരു കോളമെഴുതാൻ പലർക്കും പല വിഷയങ്ങൾ ഉണ്ടാകുമായിരിക്കും. അത് അവരുടെ സൗകര്യമാണ്. എൻ്റെ കാര്യത്തിൽ എന്റെ പംക്തികളെ ഞാൻ തന്നെ നിർവ്വചിക്കുകയാണ് ചെയ്തത്. ഇത് വളരെ മൗലികമാണ്. എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ശൈലി.കോളം വളരെ അതുല്യമായ രീതിയിൽ വായനക്കാർക്ക് സ്വീകാര്യമായത് അതുകൊണ്ടാണ്. 29 വർഷങ്ങൾ പിന്നിട്ട ഇതുപോലൊരു ബഹുസ്വരകോളം ഇന്ന് ഇന്ത്യയിലില്ല. എന്നാൽ നാട്ടിലെ സാഹിത്യ എസ്റ്റാബ്ലിഷ്മെൻ്റ് ഇതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. ന്യൂയോർക്ക് ടൈംസിൽ 'പബ്ലിക് ആൻഡ് പ്രൈവറ്റ്' എന്ന കോളം എഴുതിയ അന്ന ക്വിൻ്റലിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അവർ സാഹിത്യത്തെക്കുറിച്ചല്ല എഴുതിയത്; വ്യക്തിപരമായ ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള കോളമായിരുന്നു. എന്നിട്ടും അവർക്ക് പുലിറ്റ്സർ പ്രൈസ് കൊടുക്കാൻ അവിടുള്ളവർ തയ്യാറായി. എന്നാൽ ഇവിടെയായിരുന്നുവെങ്കിൽ അന്നയുടെ കോളം ചവറ്റുകുട്ടയിൽ എറിയപ്പെടുമായിരുന്നു.  'അക്ഷരജാലകം' ഇംഗ്ലീഷിൽ എഴുതി വിദേശത്താണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ പുലിറ്റ്സർ  സമ്മാനത്തെക്കാൾ വലിയ അവാർഡ് കിട്ടുമായിരുന്നു. കാരണം ഈ പംക്തി പോലെ വേറൊന്ന് കാണാനില്ല. വളരെ ചെറുപ്പം മുതൽ തുടങ്ങിയ വായനയും പഠനവുമാണ് എന്നെ ഇപ്പോഴും ഇതിനു സഹായിക്കുന്നത്. അഗാധമായി ചിന്തിപ്പിക്കുന്ന പംക്തിയാണിതെന്ന് പലരും പറഞ്ഞിട്ടുണ്ട്. തത്വചിന്തയുടെ പശ്ചാത്തലത്തിൽ ജീവിതത്തെയും സംസ്കാരത്തെയും അപഗ്രഥിക്കുന്ന ഈ പംക്തി ധാരാളം പേർക്ക് ഉപകാരപ്പെട്ടതായി അറിഞ്ഞിട്ടുണ്ട്.
 

സുകുമാർ അഴീക്കോട് 

'അക്ഷരജാലക'ത്തിൻ്റെ യുക്തി അസാധാരണമാണെന്നും എം.കൃഷ്ണൻ നായർ ഇതുപോലെ എഴുതിയിട്ടില്ലെന്നും സുകുമാർ അഴീക്കോട് പരസ്യമായി പ്രസ്താവിച്ചത് ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ സാഹിത്യത്തെ കഥ ,നോവൽ എന്നീ ശാഖകളിലേക്ക് മാത്രമായി  ചുരുക്കിയിരിക്കുകയാണ്. മറ്റൊരു ആഖ്യാനരീതിയെയും അവർ അംഗീകരിക്കുന്നില്ല .ഡയറിക്കുറിപ്പുകൾ ,കത്തുകൾ, കോളങ്ങൾ തുടങ്ങിയവയും സാഹിത്യമാണ്. ഒരു വ്യവഹാരത്തിനകത്ത് മാത്രം ഒതുങ്ങി ചിന്തിക്കുന്നത് യാഥാസ്ഥിതികത്വമാണ്.   അതിർത്തികൾ ഭേദിക്കുകയാണ് പുതിയ കാലം-breaking the barrier. നോവൽ പുതിയ ആഖ്യാനം ആവശ്യപ്പെടുന്നു. പുന്നപ്ര വയലാർ സമരം - പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന രീതിയിൽ എഴുതുന്ന നോവലുകൾക്ക് പ്രസക്തിയില്ല. അസ്തിത്വത്തിൻ്റെ സമസ്യയെക്കുറിച്ചാണ് എഴുതേണ്ടത്. ചരിത്രവും ഭൂമിശാസ്ത്രവും നോവലിന് ഭാരമാണ്. ഒരു വിമർശകൻ നോവലിൻ്റെ കഥയല്ല എഴുതേണ്ടത്. ഉള്ളടക്കം നോവൽ വായിക്കുന്നവർക്ക് കിട്ടും .വിമർശകൻ ശൈലിയും ഭാഷയും പരിശോധിക്കണം. ജോർജ് ഓർവെൽ പറഞ്ഞത് തൻ്റെ ശൈലി രൂപപ്പെടുത്താൻ പന്ത്രണ്ട് വർഷമെടുത്തു എന്നാണ്. 'അക്ഷരജാലകം' നൽകിയ മറക്കാനാകാത്ത 
നിമിഷങ്ങളുണ്ട്. 15 വർഷം മുമ്പ് ബാംഗ്ലൂരിൽ വന്നപ്പോൾ ഒരു വീട്ടിൽ പോയി. ഞാൻ വന്നതറിഞ്ഞ് ഏതാനും വായനക്കാരും അവിടെയെത്തി. അവിടെ ഒരു സുഹൃത്ത് (ഇപ്പോൾ ആ സുഹൃത്തിന്റെ പേര് ഗബ്രിയേൽ എന്നാണെന്ന് ഇവിടെവെച്ച് അദ്ദേഹം ഓർമിപ്പിച്ചല്ലോ) വന്നത് 'അക്ഷരജാലക'ത്തിന്റെ വലിയൊരു കെട്ട് പത്രക്കട്ടിംഗുകളുമായാണ്.അത്  അദ്ദേഹത്തിൻ്റെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമായിരുന്നു. 'കേസരി' വാരികയിൽ രണ്ടു വർഷം ഞാൻ കോളം എഴുതിയിരുന്നു. ഒരു  വിദ്യാർത്ഥി ഏതോ ലൈബ്രറിയിൽ പോയി അതിൻ്റെ പേജുകൾ ശേഖരിച്ച് ബയൻറ് ചെയ്ത് പുസ്തകമാക്കി  വാട്സ്പ്പിൽ കാണിച്ചു തന്നത് എന്നെ 
അത്ഭുതപ്പെടുത്തി.

എം.കൃഷ്ണൻ നായർ

 
 
'അക്ഷരജാലക'ത്തിൻ്റെ പഴയ ലക്കങ്ങൾ സൂക്ഷിച്ചു വച്ച് അത് വീണ്ടും വീണ്ടും വായിക്കുകയാണെന്ന് ഒരു സുഹൃത്ത് തിരുവനന്തപുരത്തുനിന്ന് വിളിച്ചുപറഞ്ഞു. വലിയ സംവിധായകനായ കെ.എസ്.സേതുമാധവൻ 'അക്ഷരജാലക'ത്തിൻ്റെ സ്ഥിരം വായനക്കാരനായിരുന്നു.അദ്ദേഹം ആദരവോടെ അതിനെക്കുറിച്ച് 'കലാകൗമുദി'യിൽ ഒരു കത്തെഴുതി. അതിൽ പറഞ്ഞത് ഇത് വരും തലമുറയ്ക്ക് വേണ്ടി  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ്. ചെമ്മനം ചാക്കോയും കോളത്തെ പ്രശംസിച്ച് 'കലാകൗമുദി'യിൽ കത്തെഴുതി. അദ്ദേഹം പതിവായി വായിക്കുമായിരുന്നു .ഈ രണ്ട് കത്തുകളും 'അക്ഷരജാലക'ത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ചേർക്കുകയും ചെയ്തു. 'അക്ഷരജാലകം' വിമർശനത്തിന്റെ വേദിയാണ്. സാഹിത്യത്തിൽ വിമർശനത്തിന് വലിയ സ്ഥാനമുണ്ട്.  വിമർശകൻ വിധിക്കുന്നതേ നിലനിൽക്കൂ. ജി.ശങ്കരക്കുറുപ്പ് നല്ലൊരു കവിയാണ് .എന്നാൽ ശങ്കരക്കുറുപ്പിന്റെ കവിതയെ വിമർശിച്ചുകൊണ്ട് സുകുമാർ അഴീക്കോട് എഴുതിയ പുസ്തകവും ജോസഫ് മുണ്ടശേരിയുടെയും മാരാരുടെയും വിമർശനങ്ങളും ശങ്കരക്കുറുപ്പ് എന്ന കവിക്ക് മേലെ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. പ്രമുഖ വിമർശകനായിരുന്ന കെ.പി. അപ്പൻ അന്തരിച്ചപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു കവർ സ്റ്റോറി പ്രസിദ്ധീകരിച്ചില്ല. പകരം അവർ ആ ലക്കത്തിൽ ടി.വി. അവതാരകനായ നികേഷ്കുമാറിൻ്റെ ചിത്രം വലിപ്പത്തിൽ അച്ചടിക്കുകയാണ് ചെയ്തത്. ആ കവറിൻ്റെ മുകളിൽ അപ്പൻ്റെ ചിത്രം ഒരു മൂലയ്ക്ക് സ്റ്റാമ്പ് വലിപ്പത്തിൽ വയ്ക്കാൻ മറന്നില്ല. ഇതിൽപ്പരം അപമാനം എന്താണുള്ളത് ? സ്റ്റാമ്പിനു പോലും അപമാനമാണത്. വാരികയുടെ ഈ നിലപാടിനെ വിമർശിച്ചു ഞാൻ 'അക്ഷരജാലക'ത്തിൽ എഴുതി. ഇതിനെ വിമർശിക്കുന്നില്ലെങ്കിൽ പിന്നെ എഴുതുന്നതിൽ അർത്ഥമില്ല. ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചപ്പോൾ ഇതിനേക്കാൾ മോശമായത് സംഭവിച്ചു. അദ്ദേഹത്തെക്കുറിച്ച് ഒരു വരി പോലും ആഴ്ചപ്പതിപ്പ് കൊടുത്തില്ല .അദ്ദേഹം കോളജ് അധ്യാപകരെ പോലെ അളവിനൊത്ത് തയ്ക്കുന്ന ഷർട്ട് മാതിരിയുള്ള നിർമ്മാണമല്ല വിമർശനത്തിൽ അവലംബിച്ചത്.അദ്ദേഹം സ്വന്തം ചിന്തയിൽ നിന്ന് ആവിഷ്കരിക്കുകയായിരുന്നു. മൗലികതയ്ക്ക് വേണ്ടിയാണ് അദ്ദേഹം എഴുതിയത്.
 
ചെമ്മനം ചാക്കോ

ബാലചന്ദ്രൻ്റെ ഒന്നാം ചരമ വാർഷികത്തിലും ആഴ്ചപ്പതിപ്പ് ഈ നില തുടർന്നു. ഒരു കുറിപ്പ് പോലും പ്രസിദ്ധീകരിച്ചില്ല. ജേർണലിസം മരിച്ചു എന്നാണ് ഇത് കാണിക്കുന്നത്.ഇതിനെയും എനിക്ക് വിമർശിക്കേണ്ടി വന്നു. ഇന്നത്തെ പരമ്പരാഗത സാഹിത്യപ്രസിദ്ധീകരണങ്ങൾക്ക് വായനക്കാരെ വേണ്ട. അവർക്ക് പരസ്യവും വേണ്ട. മാനേജ്മെൻറ് ഒരു വലിയ തുക നടത്തിപ്പിനായി നീക്കിവെക്കുന്നു ,ലാഭനഷ്ടം നോക്കാതെ. അതുകൊണ്ട് ശമ്പളത്തിനും മറ്റു ചെലവുകൾക്കും ബുദ്ധിമുട്ടില്ല. വാരിക വിറ്റ് അതിൽ നിന്നുള്ള വരുമാനം കൊണ്ട് ചെലവ് നടത്തേണ്ടതില്ല. ഈ സാഹചര്യം വാരികയുടെ ഗുണമേന്മ നശിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. വായനക്കാർക്ക് ഒരു വിലയുമില്ല. വായിക്കുമെന്ന് ഉറപ്പുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കേണ്ട സമ്മർദ്ദം പത്രാധിപർക്ക് ഇല്ലാതാകുന്നു .ആരും വായിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ശമ്പളം കിട്ടും ,മറ്റു ചെലവുകൾ നടക്കും.വൈക്കം ചന്ദ്രശേഖരൻ നായർ 'ചിത്രകാർത്തിക' എന്ന പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായിരിക്കുമ്പോൾ ഓരോ ലക്കവും വിറ്റ് കിട്ടുന്ന തുക പ്രധാനമായിരുന്നു .അതിൽ നിന്ന് വേണം ചെലവ് നടത്താൻ. അതുകൊണ്ട് മാറ്റർ തിരഞ്ഞെടുക്കുമ്പോൾ പത്രാധിപർക്ക് വായനക്കാരെ ഓർക്കണം. മനസ്സിൽ അവരെ കാണേണ്ടിവരും. വായനക്കാരൻ നിരസിച്ചാൽ പ്രസിദ്ധീകരണം ഇല്ലാതാകും. ഇതായിരുന്നു അന്നത്തെ പത്രാധിപരുടെ ടെൻഷൻ.ഇപ്പോൾ  ഗുണനിലവാരം ഒരു പ്രശ്നമായി പരമ്പരാഗത സാഹിത്യ പ്രസിദ്ധീകരണങ്ങൾ കാണാത്തതിനു കാരണം ഇതാണ്. 
 
വൈക്കം ചന്ദ്രശേഖരൻ നായർ 

സാഹിത്യമൂല്യനിർണയത്തിൽ നീതിബോധം കൈവിടാതിരിക്കാനാണ്   ഞാൻ എന്നും ശ്രദ്ധിച്ചിട്ടുള്ളത്. എൻ്റെ കോളങ്ങളും ലേഖനങ്ങളും പുസ്തകങ്ങളും അതിന് തെളിവാണ്.  അതോടൊപ്പം സത്യസന്ധത എന്ന ഗുണവും നിലനിർത്തും. ചീത്ത രചന നല്ലതാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സത്യസന്ധത പ്രധാനമാണ്. വായനക്കാരനെ വഞ്ചിക്കരുത്. ഇത്രയും സുദീർഘമായ കാലം സാഹിത്യവും സാഹിത്യതത്വചിന്തയും ചർച്ച ചെയ്ത 'അക്ഷരജാലക'ത്തിന്റെ മനസ് വിശാലവും സത്യാന്വേഷണപരവുമാണ്. എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുന്ന സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് ഭയപ്പെടുത്തുന്ന അംഗവിക്ഷേപമാണ് പ്രകടമാക്കുന്നത്. പ്രസ് അക്കാദമിയും കേരള സാഹിത്യ അക്കാഡമിയും സർക്കാരും മൗനത്തിലാണ്. അവർ ഇത് കണ്ടില്ലെന്ന് ഭാവിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കേരള സാഹിത്യ അക്കാദമി ഭരണം  ജനാധിപത്യവിരുദ്ധമായിരുന്നു. ഇക്കാര്യം കോളത്തിൽ എഴുതിയതാണ്. ഒരാൾക്ക് തന്നെ രണ്ട് തവണ അവാർഡ് കൊടുത്തു. ചുരുങ്ങിയത് രണ്ടുപേർക്കെങ്കിലും ഒന്നിൽ കൂടുതൽ തവണ അവാർഡ് കൊടുത്തതായി കാണാം.
 

അക്ഷരജാലകം
ഒരു ജനറൽ ആശുപത്രിയിലെ ഡോക്ടർ രോഗികളെ നോക്കുന്നത് ഏത് പാർട്ടിക്കാരനാണെന്ന് പരിഗണിച്ചല്ല. വില്ലേജ് ഓഫീസർ ആളുകൾക്ക് സേവനം ചെയ്യുന്നതും പാർട്ടി നോക്കിയല്ല .അതുപോലെ മാത്രമേ സാഹിത്യ അക്കാദമിയും പ്രവർത്തിക്കാവൂ. മൂല്യങ്ങൾ മാത്രമേ ശ്രദ്ധിക്കാവൂ.കാരണം അത് സർക്കാർ സ്ഥാപനമാണ്. അല്ലെങ്കിൽ അത് ജനാധിപത്യവിരുദ്ധമാണ്. അവാർഡ് വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാൾക്ക് നിർബന്ധിച്ചു കൊടുക്കാൻ വേണ്ടി പ്രഖ്യാപനം നടത്തി. ഈ പ്രവർത്തനങ്ങൾ കാണിക്കുന്നത് അതിൻ്റെ ഭാരവാഹികളിൽ ജനാധിപത്യത്തിൻ്റെ ഒരു കണിക പോലുമില്ലായിരുന്നു എന്നാണ്.കോളമെഴുത്തിനെപ്പറ്റി കേരളത്തിൽ ഒരു സെഷൻ സംഘടിപ്പിക്കില്ല. ഇവിടെ അത് നടത്താൻ മുന്നോട്ടു വന്ന എഴുത്തുകാരനും പരിഭാഷകനും ക്യൂറേറ്ററുമായ സുധാകരൻ രാമന്തളിയെ അഭിനന്ദിക്കുകയാണ്.  രാമന്തളിയോടുള്ള നന്ദി അറിയിക്കുകയാണ്. ഒരു സാഹിത്യ ഫെസ്റ്റിവലിൽ ആദ്യമായാണ് സീരിയസ്  കോളമെഴുത്ത് ചർച്ചയ്ക്ക് വരുന്നത് -ഹരികുമാർ പറഞ്ഞു.

ഉമേഷ് രാമൻ മോഡറേറ്ററായിരുന്നു.സെഷനിൽ ജേക്കബ് എബ്രഹാം ,ഇന്ദിരാബാലൻ എന്നിവർ സംസാരിച്ചു.കർണാടകത്തിൽ താമസിക്കുന്ന ധാരാളം മലയാളം എഴുത്തുകാർ സദസിലുണ്ടായിരുന്നു.

 





bookbrahma, bangalore, writers, bookshop, keralam , malayalam writers, kochi, thalassery, ov vijayan

No comments: