ഒഴുക്കിനൊത്ത്
ഒഴുകുന്നവരാണ് അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന്
ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക്
നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും
അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക് ദുരന്തമായി കലാശിക്കും. എല്ലാ
സംഘങ്ങൾക്കും പൊതുമതങ്ങൾക്കും സമാന്തരമായോ, അവയിൽ നിന്ന് അൽപം അകലം
പാലിച്ചോ ഒഴുകേണ്ടത്, ആത്മീയമായ നിലവാരത്തിന്റെ പ്രശ്നമാണ്. വേറിടുക
എന്നത് സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്.
നൃത്തം ചെയ്യുന്നവർക്ക്
മനോധർമ്മം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവർ ഒരു
താളത്തിന്റെ ആവർത്തനത്തെ ശരീരത്തിൽനിന്ന് വിട്ടുപോകാതെ സൂക്ഷിക്കാൻ
ബാധ്യസ്ഥരാണ്. സി.ജെ. തോമസിന്റെ 'ഇവൻ എന്റെ പുത്രൻ' എന്ന പുസ്തകത്തിന്റെ
പുതിയ പതിപ്പ് ഇപ്പോൾ വായിച്ചതേയുള്ളൂ. സി.ജെയ്ക്ക് ആദരവ്
അർപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. (പ്രസാ: മാളുബൻ) ലേഖനങ്ങളിൽ
പരാമർശിച്ചു പോകുന്ന പാശ്ചാത്യനാമങ്ങളുടെ വിശദീകരണം പുസ്തകത്തിന്റെ ഒടുവിൽ
ചേർത്തത് അതിനു തെളിവാണ്.
1953-ലാണ് സി.ജെയുടെ ഈ
'പ്രിയപുത്രൻ' യാത്ര തുടങ്ങിയത്. അതിനും വർഷങ്ങൾക്ക് മുമ്പ്
എഴുതിയതാണിതെല്ലാം. ചില വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾക്ക് മാറ്റം
വന്നിട്ടുണ്ടെങ്കിലും, അത് സത്യസന്ധമാണെന്നും അതിൽ നിന്ന് കുറച്ചെങ്കിലും
വെളിച്ചം കിട്ടാതിരിക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.
സി.ജെ. ഇന്നൊരു ബിംബമാണ്. അതിനെ യഥാർത്ഥ മൂല്യത്തിൽ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരേറെയുണ്ടെങ്കി ലും,
ഒരു സ്വതന്ത്രചിന്തകനായി അദ്ദേഹം നിലനിന്നു എന്നത് അംഗീകരിക്കാതെ
തരമില്ല. ഒരിടത്തും ഉറച്ചിരിക്കാൻ പറ്റാത്തവിധം ചിന്തയുടെ ലഹരിയിൽ
അകപ്പെടുക എന്നത് ഏകാന്തത്തയുടെ നല്ല ലക്ഷണമാണ്. ഇന്നത്തെ കവികളെപ്പോലെ
കൂട്ടുംകൂടി, തോളിൽ കയ്യിട്ട് നടന്ന് ഒരുപോലെ ചിന്തിക്കുന്നതിൽ
അർത്ഥമില്ല. മറ്റ് എഴുത്തുകാരോടൊപ്പമാണെങ്കിലും സ്വന്തം ചിന്ത എന്ന
പ്രലോഭനത്തിലേക്ക് ഉയരണം. സ്വയം എരിഞ്ഞുതീരാനുള്ള തീയാണത്. അവനവന്റെ
ഒറ്റപ്പെടലിനെ ഒരാത്മാലോചനയുടെ വസന്തമാക്കി പുനരാഖ്യാനം ചെയ്യാൻ
കഴിവുള്ളവർക്കേ അതിനു കഴിയൂ. സി.ജെയെ മനസിലാക്കാൻ കഴിവില്ലാത്തവർ ഇപ്പോൾ ആ
പേരിൽ രക്ഷപ്പെടുകയാണ്.
സി.ജെയുടെ വ്യക്തിഗതമായ വിചാരങ്ങളാണ്
പ്രിയപുത്രനെ ശക്തനാക്കുന്നത്. പലതും ഇപ്പോഴും പ്രസക്തമാണ്. ആഴത്തിൽ
പഠിക്കുകയോ ദീർഘമായി വിവരിക്കുകയോ അല്ല ഇവിടെ അദ്ദേഹം ചെയ്യുന്നത്. സ്വയം
ബോധ്യപ്പെടുന്നതിനും കൂട്ടമായി ചിന്തിക്കുന്നവരിൽ നിന്ന് അൽപം അകലം
പാലിക്കുന്നതിന്റെ സുഖം കെട്ടുപോകാതിരിക്കുന്നതിനും ഒരാളുടെ ബുദ്ധിപരമായ
വിശപ്പുകൊണ്ടെഴുതിയ വാക്യങ്ങളാണിതിലുള്ളത്. എന്നാൽ മലയാള സാഹിത്യവും
അതിന്റെ പ്രണേതാക്കളും ഈ പുസ്തകത്തോട് അത്ര വലിയ താൽപര്യമൊന്നും
കാണിച്ചിട്ടില്ല. കാരണം, എന്തിന്റെയെങ്കിലും വാലല്ലാതെ, ഒറ്റയ്ക്ക്
നിന്ന് ആത്മവികാരത്തിന്റെ വാളുകൊണ്ട് ജീവിക്കാനുറച്ചവർ ഈ നാട്ടിൽ
കുറവാണല്ലോ. 1953-ൽ ആദ്യ പതിപ്പി ഇറങ്ങിയ 'പ്രിയപുത്രന്' ഒരു രണ്ടാം
പതിപ്പ് വന്നത് 1965-ലാണ്; അതും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലൂടെ.
സാമൂഹ്യ,
സാംസ്കാരിക മണ്ഡലങ്ങളിലെ ധൈഷണികമായ അനാചാരങ്ങളെക്കുറിച്ചും സാമാന്യമായ
ജ്ഞാനോദയങ്ങൾക്കുവേണ്ടി ഏകാകികൾ കുരിശിലേറിയിട്ടാണെങ്കിലും ചെയ്യുന്ന
വിപ്ലവകരമായ ഭാഷണത്തെക്കുറിച്ചുമാണ് ഇതിലെ ലേഖനങ്ങളിൽ
പ്രതിപാദിക്കുന്നത്.
മഹാനായ കേസരിയെ സാംസ്കാരിക ബുദ്ധിജീവികൾ മുഖ്യമായും
തെറി പറയുകയാണ് ചെയ്തതെന്ന് സി.ജെ. കുറ്റപ്പെടുത്തുന്നു. അന്ധതയുടെ
പ്രതിഷേധമാണ് ജ്ഞാനത്തിനുള്ള പ്രശംശാപത്രമെന്ന് സി.ജെ. തുടർന്നെഴുതുന്നു.
അത് കുറേക്കൂടി ഉച്ചത്തിൽ സമർത്ഥിക്കുന്നത് ഇങ്ങനെയാണ്: "നിലനിൽപു
ലഭിച്ച ഏത് ചിന്താഗതിയും മതമായിത്തീരും, ഏത് മതവും
ജ്ഞാനത്തിനൊരതിരുവയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്റെ
പുരോഹിതന്മാർ ശപിക്കുകയും ചെയ്യും. റഷ്യൻകവി മയക്കോവ്സ്കിയെ സി.ജെ.
വിലയിരുത്തുന്നതിന് സ്വാഭാവികതയുണ്ട്. രണ്ടുപേർക്കും ചില
പൊരുത്തങ്ങളൊക്കെയുണ്ട്. പാർട്ടിക്കുവേണ്ടി ഒരുപാട് വരയ്ക്കുകയും
എഴുതുകയും ചെയ്തു മയക്കോവ്സ്കി. പക്ഷേ, പാർട്ടി അംഗമായില്ല. അദ്ദേഹം
പാർട്ടി നേതാക്കളുടെ സാഹിത്യപരമായ ശാസനകളെ വകവച്ചില്ല എന്നത് ഒരു
വൈരുദ്ധ്യമായി തോന്നാം. അദ്ദേഹത്തിൽ പ്രത്യശാസ്ത്രമുണ്ടായിരുന്നെങ് കിലും
കുത്തഴിഞ്ഞ് ജീവിക്കാനായിരുന്നു വിധി. അദ്ദേഹം ഒരു സമസ്യയായിരുന്നു.
മയക്കോവ്സ്കി യുവതികളുടെ പിറകേ നടന്ന് സമയം പാഴാക്കിയെന്ന് സി.ജെ.
എഴുതുന്നത് അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടാണ്. എത്രയൊക്കെ വളർന്നെങ്കിലും ആ
കവി തന്റെ ലോകത്ത് ഒറ്റപ്പെട്ടു; ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ
ഇങ്ങനെ എഴുതി: "പ്രേമനൗക ദൈനംദിന ജീവിതത്തിന്റെ പാറമേൽ മുട്ടിത്തകർന്നു.
ഞാൻ ജീവിതത്തിന്റെ കണക്കുതീർത്തു. വിമർശനം പാഴാണ്; ദുഃഖങ്ങൾ,
ദൗർഭാഗ്യങ്ങൾ, പരസ്പര ദ്രോഹങ്ങൾ എന്നിവയും."
മയക്കോവ്സ്കി ഒരു
മനുഷ്യന്റെ ദൗർബല്യങ്ങളെല്ലാമുള്ള കവിയായിരുന്നു. അത് യാഥാർത്ഥ്യമാണെങ്കിൽ
ചങ്ങമ്പുഴയ്ക്കും ആത്മഹത്യ ചെയ്ത ഇടപ്പള്ളിക്കും അങ്ങനെ ആയിക്കൂടെ
എന്നാണ് സി.ജെയുടെ ചോദ്യം.
സി.ജെയ്ക്ക്
രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അതിലൊന്നിലും ഗാഢമായി വിശ്വസിച്ചില്ല.
തനിക്ക് എപ്പോഴും വലിച്ചെറിയാവുന്ന കൂടാരങ്ങൾ മാത്രമാണ് അദ്ദേഹം
അന്വേഷിച്ചതു. ഒരു കാര്യം വ്യക്തമാണ്; കമ്മ്യൂണിസം അദ്ദേഹത്തെ വല്ലാതെ
പ്രലോഭിപ്പിക്കുകയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത്
സാമൂഹ്യമനുഷ്യനാകാനും അതിനു ഗതി കാണിച്ചുകൊടുക്കാനുമുള്ള
പ്രേരണയുണ്ടാവുന്നു, മറുവശത്ത് താൻ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ
പ്രപഞ്ചമുള്ളതെന്നും അതുകൊണ്ട് ആദ്യത്തേത് തന്റെ അസ്തിത്വത്തെ
അംഗീകരിക്കുക എന്നതാണെന്നും സ്ഥാപിക്കുന്ന വ്യക്തിവാദവും. ഇത് സി.ജെയുടെ
സംഘർഷ ബിന്ദുവായിരുന്നു. വ്യക്തി എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഒരു
മഹാപാതകമായി കാണുന്ന സാമൂഹ്യവാദത്തെ ഉൾക്കൊള്ളാൻ പ്രായസമാണെന്ന് 'ഞാൻ'
എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്. വ്യക്തിയായിരിക്കാൻ താത്പര്യപ്പെടുന്ന
സി.ജെയിൽ സമൂഹത്തിന്റെ പ്രകമ്പനങ്ങളുമുണ്ട്. പക്ഷേ, ഔദ്യോഗികമായ
ചിന്താപദ്ധതികളോട് ഒത്തൊരുമിച്ച് പോകാൻ കഴിയാത്ത സഹജമായ വിയോജിപ്പ്,
പ്രതിഷേധം ഈ എഴുത്തുകാരനെ വിടാതെ പൈന്തുടരുന്നുണ്ട്. അതാണ് സി.ജെയുടെ
കാതൽ. സൗന്ദര്യമല്ല, വ്യക്തിയുടെ ഉയിർപ്പാണ് അദ്ദേഹത്തിനു പ്രധാനമെന്നത്
വിമർശിക്കപ്പെടാവുന്നതാണ്. മനുഷ്യന്റെ പരിശുദ്ധി നശിപ്പിച്ചുകൊണ്ടുള്ള
ആദർശലോകത്തെ അദ്ദേഹം തള്ളിക്കളയുന്നു.
എങ്കിലും സി.ജെ. ഒരു
പ്രണയിയാണ്. പ്രേമമില്ലെങ്കിൽ മനുഷ്യൻ ജീർണിക്കുമെന്ന നിലപാടാണുള്ളത്.
പ്രേമത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പാരമ്പര്യം വളരെ
വൃത്തികെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന
ആശാൻ തത്ത്വം താൻ ഉച്ചത്തിൽ വിളിച്ചു പറയുമെന്നും പ്രഖ്യാപിക്കുന്നു. ഈ
പുസ്തകത്തിലെ മനോഹരമായ ലേഖനം 'പ്രേമം ഒരു സിദ്ധിയാണ്' എന്നതാണ്. പ്രേമം
മനുഷ്യത്വമാണ്. പ്രേമം വിമോചനമാണ്. അതിനെ, പക്ഷേ ഉൾക്കൊള്ളാൻ നമ്മുടെ
സമുദായം വളർന്നിട്ടില്ല എന്ന പ്രസ്താവം അടുത്തകാലത്ത് കേരളത്തിൽ നടന്ന
ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. "ഏതെങ്കിലും ഒരു
പുരുഷനും സ്ത്രീയും തമ്മിൽ പ്രേമമാണെന്ന വർത്തമാനം ഇന്ന് അപവാദങ്ങളുടെ
പട്ടികയിലാൺപെടുന്നത്" എന്ന് അദ്ദേഹം തുറന്നെഴുതുന്നു.
ഒരു
ആധുനിക മനുഷ്യനെ സ്വപ്നം കണ്ടുകൊണ്ടാണ് സി.ജെ. ചിന്തിച്ചതും എഴുതിയതും.
പുനരാലോചനകളിലൂടെ, മനുഷ്യരെ അവരുടെ ഉന്നതമായ സിദ്ധികളിലേക്കും
സംസ്കാരത്തിലേക്കും എത്തിക്കുന്നതിനാണ് അദ്ദേഹം പ്രയത്നിച്ചതു. അതാണ്
സി.ജെയുടെ പ്രസക്തി. സി.ജെ. ഒരാശ്രയ കേന്ദ്രമല്ല; ഒരാശയത്തെ സമീപിക്കാനുള്ള
മാർഗമാണ്.
ചങ്ങമ്പുഴയെ സി.ജെ. മാനിക്കുന്നത്
പ്രേമകവിതകളെഴുതിയതിന്റെയും ജനകീയതയുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ
കുറേക്കൂടി ആശയപരമായ ഔന്നത്യവും ദാർശനികതയും കവിതയിൽ വരുന്നത് സി.ജെക്ക്
ഉൾക്കൊള്ളാൻ പ്രയാസമാകുന്നപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തൽ
ദുർബലമാകുന്നുണ്ടെങ്കിൽ, അതിനു കാരണം കലയിൽ സൗന്ദര്യത്തിനാണ് ഏറ്റവും
പ്രാധാന്യം എന്ന തത്ത്വത്തിൽ നിന്ന് അകന്നുപോകുന്നതുകൊണ്ടാണ്. ഉത്തമകല
സാധാരണക്കാരന് മാനസിലാകുന്നില്ലെന്നും അത് കലയിലെ രണ്ടാമത്തെ
നിലവാരമാണെന്നും അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. "ഉദാഹരണമായി ആശാന്റെ
കവിതകളെടുക്കാം. സാധാരണക്കാരനു മനസിലാക്കാൻ വിഷമമുള്ളവയാണവ" എന്ന
നിലപാടിനോട് യോജിക്കാനാവില്ല. ആശാൻ സൃഷ്ടിച്ച ജീവിത മുഹൂർത്തങ്ങൾ
അനന്യമാണ്. അസാധാരണവും ദർശനപരവുമാണ്. കവിതയുടെ പ്രമേയം, സാമൂഹ്യതലം,
ആത്മീയതലം എന്നീ മൂന്നു മേഖലകളിലും ആശാൻ നവോത്ഥാനമുണ്ടാക്കിയത് സി.ജെ.
കാണുന്നില്ല.
No comments:
Post a Comment