Followers

Wednesday, March 12, 2025

ഡോ.എം.കെ.ഹരികുമാർ / കുണ്ഡലിനിപ്പാട്ട് -ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 6



എന്തുകൊണ്ട് പ്രാർത്ഥന, എന്തുകൊണ്ട് സത്യം എന്നു അന്വേഷിക്കേണ്ടതുണ്ട് .നമുക്ക് പ്രാർത്ഥനയെന്തിനാണ്? എന്താണ് അതിൻ്റെ ശുദ്ധാവസ്ഥ? ദൈവത്തിനുള്ളത് ദൈവത്തിനു  എന്നതാണോ നമ്മുടെ പ്രാർത്ഥനയുടെ കാതൽ? നമ്മൾ ഒരുപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്നു. അധ്യാപകരോ മാതാപിതാക്കളോ സമുദായപ്രമാണിമാരോ വിചാരിച്ചാൽ പോലും ഒരാളെ നന്നാക്കാനാവില്ല. ഒരാൾ തൻ്റെ മുൻവിധികളുടെയും അബദ്ധചിന്തകളുടെയും അന്ധതമസ്സുകളുടെയും സൃഷ്ടിയാണ്. ഇക്കാര്യത്തിൽ ഒരു തർക്കത്തിനു ഒന്നും ചെയ്യാനാവില്ല .മുൻവിധികൾ വല്ലാത്ത ദുരന്തമാണ്. ഒരാളെ നാം കണ്ടമാത്രയിൽ വിധിയെഴുതും. ചിലരുമായി യോജിക്കാനാവാതെ വരും. മാനസികാവസ്ഥകൾ വ്യത്യസ്തമായിരിക്കും. ഇതെല്ലാം  പ്രാർത്ഥനയിലും പ്രതിഫലിക്കും. ലൗകികന്റെ പ്രാർത്ഥന ഒരു അരക്ഷിതാവസ്ഥയിലാണ് രൂപം കൊള്ളുന്നത് .അവനു പൊരുൾ വേണ്ട ;ഫലം മതി. ഒരു വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത് നാരുകൾ കൊണ്ടാണെന്നും അത് വീണ്ടും വീണ്ടും വിഭജിച്ചാൽ അണുക്കളാണെന്നും അറിയാം. എന്നാൽ ലൗകികനു അണുക്കളെക്കൊണ്ട് ഒരു കാര്യവുമില്ല. അത് ശാസ്ത്രജ്ഞന്മാർക്ക് വിട്ടുകൊടുത്ത് അവൻ സ്വസ്ഥമായി ഉറങ്ങാനാണ് നോക്കുന്നത്. 

ആരായലിൻ്റെ രീതി 

ജർമ്മൻ ഫിസിസിസ്റ്റ് ഹൈസൻബെർഗി(Heisenberg)ൻ്റെ  ചിന്തയെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കൻ ഗ്രന്ഥകാരനും ശാസ്ത്രചിന്തകനുമായ ഫ്രിജോഫ് കാപ്ര (Fritjof Capra)ഇങ്ങനെ എഴുതി:"In the world of Heisenberg "what we observe is not nature itself, but nature exposed to our method of questioning." നമ്മൾ കാണുന്ന ഈ പ്രകൃതി പ്രകൃതിയേയെ അല്ല; എന്നാൽ പ്രകൃതി നമ്മുടെ ആരായലുകളുടെ രീതിക്കനുസരിച്ച് കാണപ്പെടുകയാണ് ചെയ്യുന്നത്. നമ്മൾ കാണുന്ന ദൃശ്യപ്രപഞ്ചം നമ്മുടെ വീക്ഷണത്തിനനുസരിച്ചുള്ളതാണ്. നമ്മളാണ് അതിനു യുക്തിയും  അർത്ഥവും നൽകിയത്. അത് ഒരു അർത്ഥത്തെ ഏറ്റെടുക്കണമെന്നു  നമ്മോടു പറയുന്നില്ല. നമ്മുടെ ആവശ്യമാണ് ഒരർത്ഥം വേണമോ വേണ്ടയോ എന്നത് .ഈ ലോകത്ത് ജീവിക്കണമെങ്കിൽ നാം ഒരു method of questioning സ്വായത്തമാക്കണം. അതിൻ്റെ ഫലമായി കിട്ടുന്ന ഉത്തരങ്ങളാണ് നമ്മുടെ വിശ്വാസവും പ്രവൃത്തികളും .ഒരു മോഷ്ടാവിന്റെ ആരായൽ രീതി വ്യത്യസ്തമാണ്. അയാൾ തനിക്കില്ലാത്തതിന്റെ കണക്കെടുക്കുന്നു. അതിൻ്റെയടിസ്ഥാനത്തിൽ ഈ ലോകത്തെ കാണുന്നു. ഈ ലോകത്ത് സമ്പത്ത് എങ്ങനെയുണ്ടായി എന്നോ അതിൻ്റെ പിന്നിലെ അവകാശികൾ ആരെല്ലാമെന്നോ അയാൾ തിരയുകയില്ല. അങ്ങനെ തിരഞ്ഞാൽ അയാൾക്ക് മോഷ്ടിക്കാനാവില്ല. അയാൾ ചിന്തിക്കുന്നത് തനിക്കു ലഭിക്കാത്തതെല്ലാം അനീതിയാണെന്ന തരത്തിലാണ്.

പലർ സ്വന്തം കാര്യത്തിനായി ദേവനെ സമീപിച്ച് ഭണ്ഡാരത്തിൽ നിക്ഷേപിച്ച പണം തനിക്ക് മോഷ്ടിച്ചു കൊണ്ടുപോകാൻ 'അധികാര'മുണ്ടെന്നത് ഒരു പ്രത്യേകതരം ആരായൽ രീതിയാണ്. അയാൾക്കു ലഭിക്കുന്ന ഉത്തരം അത് എടുക്കാമെന്നാണ്.അയാളുടെ ഭാവനയ്ക്കൊത്താണ് കൺമുന്നിലുള്ള  ഭണ്ഡാരവും പണവും നിലനിൽക്കുന്നത്. ഈ ലോകത്ത് സാർത്ഥകമായി ജീവിക്കണമെങ്കിൽ നമ്മുടെ മനസ്സിലെ അനീതികളെ ഇല്ലാതാക്കാനുള്ള ബലം നേടേണ്ടതുണ്ട്. അനീതിയെ കണ്ടറിയാനുള്ള ശേഷി വേണം. വ്യക്തിപരമായി, നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന പല വിധ രസങ്ങളുമായി രഹസ്യബന്ധം അല്ലെങ്കിൽ കൊതി സൂക്ഷിക്കുന്ന ഒരുവനു അത് കിട്ടിയ പറ്റൂ. അവൻ അതിനനുസരിച്ച് വാദങ്ങളെ മിനുക്കിയെടുക്കുന്നു. മാതാവിനെ കൊന്നിട്ട് പണം തട്ടിയെടുക്കുന്നവനു അതിനുള്ള ന്യായമുണ്ട്. അവന്റെ ജീവിതവീക്ഷണം അവനെ അതിനു പ്രേരിപ്പിക്കുന്നു. ഈ ലോകം വല്ലാതെ അന്ധതയാൽ മേഘാവൃതമാണ്. സത്യം കണ്ടെത്താനാവാത്ത വിധം കാർമേഘം മൂടിക്കിടക്കുകയാണ്.അതുകൊണ്ടാണ് പ്രാർത്ഥന തെറ്റിപ്പോകുന്നത്. മനസ്സിൽ നിന്നു വിഷം മാറ്റി സദ്ചിന്തകളുടെ ശാന്തിയും സമാധാനവും നിറയ്ക്കണമെന്ന പ്രാർത്ഥന എങ്ങനെയാണ് മറ്റുള്ളവർക്ക് ദോഷം ഉണ്ടാകണമെന്ന തരത്തിൽ വഴിമാറുന്നത് ? സ്വാർത്ഥതയുടെ തിമിംഗല വായ് തുറന്നതു  പോലെയാകരുത് പ്രാർത്ഥന.

പ്രാർത്ഥിക്കുമ്പോൾ തനിച്ച് 

പ്രാർത്ഥിക്കുമ്പോൾ നാം തനിച്ചാണ്. ഈ ലോകത്തെ മഹാശക്തിയോടാണ് നാം പ്രാർത്ഥിക്കുന്നത്. നമുക്കു  ഒരുതരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ശക്തിയാണത്. അതുകൊണ്ട് അവിടെ നാം നിസ്വനാകുന്നു.വിദ്യാഭ്യാസവും ജാതിയും സംസ്കാരവുമൊന്നും ഏശാത്ത മേഖലയാണത്.വിദ്വേഷം പ്രാർത്ഥനയിൽ വരികയാണെങ്കിൽ അതിനേക്കാൾ വലിയ അധഃപതനമില്ല. ലോകത്തിൻ്റെ ഗതി സുഗമമാകുന്നതിൽ പ്രാർത്ഥനയ്ക്ക് വലിയ പങ്കുണ്ട് .അതുകൊണ്ടാണ് ഗുരു ഇങ്ങനെ എഴുതുന്നത്.

"അഹോ !ജാതിപിശാചസ്യബാധയാ ചിത്തവിഭ്രമാത്
കേചിന്മത്സരിങ്ങോ ഭൂത്വാ ഹിംസന്ത്യന്യാനകിഞ്ചനാൻ."

ജാതിപ്പിശാചിൻ്റെ ബാധയിൽ കഴിയുന്ന ഭ്രാന്തന്മാർ പല പ്രകാരത്തിൽ മത്സരിച്ച് പാവപ്പെട്ടവരെ പീഡിപ്പിക്കുകയാണ്. ഇതാണ് അന്ധത. ജാതിയും സമ്പത്തും അധികാരചിഹ്നങ്ങളാണെന്നു ചിലർ വിചാരിക്കുന്നു.അവരുടെ മുൻവിധിയും  ആരായലിൻ്റെ രീതിയും ഇത്തരത്തിലാണ് സജ്ജമായിട്ടുള്ളത്. അവർക്ക് ആരെയെങ്കിലും  ജയിക്കണം. ഒരു ജാതിയിൽ പിറക്കാൻ വേണ്ടി താൻ ഒന്നും മഹത്തരമായി ചെയ്തിട്ടില്ലെന്നു ചിന്തിക്കാൻ പോലും കഴിയാത്തവർ ഏറിവരികയാണ് .ഇവർ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയാണ് .ഇപ്പോഴും ചിലർ പറയുന്നത് ദുരനുഭവങ്ങൾ ഉണ്ടാകുന്നത് ദൈവകോപം കൊണ്ടാണെന്നമട്ടിലാണ്. ആശുപത്രികളിൽ കഴിയുന്നവരൊക്കെ  ദൈവത്തിൻ്റെ അപ്രീതിക്ക് പാത്രമായവരാണോ ?അസംബന്ധമാണിത് .ഗുരുവിൻ്റെ ദൈവസങ്കല്പം ഇവർക്കറിയില്ല. നമ്മുടെ ദൈവത്തെ ചീത്തയാക്കുന്നത് നമ്മൾ തന്നെയാണ്. നാം ചീത്തക്കാര്യങ്ങൾ ചെയ്താൽ നമ്മുടെ ദൈവം അതിനു കൂട്ടുനില്ക്കും. കാരണം നാം ദൈവത്തെ ആ രീതിയിലാണ് സമീപിക്കുന്നത് .

ഈ ലോകത്ത് അർത്ഥം കണ്ടെത്തണമെങ്കിൽ നാം എന്തിനെയെങ്കിലും വിശ്വസിക്കണം .ഒരു പൂവിലോ  ആകാശത്തിലെ നക്ഷത്രങ്ങളിലോ പുഞ്ചിരിയിലോ സ്നേഹത്തിലോ വിശ്വസിക്കണം. അതാണ് സൗന്ദര്യം. എല്ലാറ്റിനെയും സംശയിക്കുന്നതും വെറുക്കുന്നതും നമ്മുടെ തന്നെ ചീത്ത ചിന്തയുടെ ഫലമാണ്. നാം ദുഷിച്ച ചിന്തകളുടെ ,വെറുപ്പിന്റെ, അകൽച്ചയുടെ ഒരു കേന്ദ്രമാവുകയാണെങ്കിൽ ഈ ലോകം വളരെ അനാകർഷകമായി നമുക്കനുഭവപ്പെടും .മനുഷ്യമനസിനു പല തലങ്ങളുണ്ട്.സ്വന്തം മനസ്സിലെ അനീതിയോട്, അസംബന്ധത്തോട്, വെറുപ്പിനോട് പടവെട്ടി ജയിച്ചുകൊണ്ട് മാത്രമേ നമുക്ക് ദൈവത്തെ കണ്ടെത്താനാവുകയുള്ളു.
ഗുരു പ്രാർത്ഥിക്കുന്നു:
"പൂമലരോനും തിരുമാലുമാരും പൊൻ 
പൂമേനി കണ്ടില്ലെന്നാടു പാമ്പേ."

ശിവന്റെ മനോഹരമായ ശരീരം മറ്റു ദേവന്മാർ കണ്ടിട്ടില്ലെന്നറിഞ്ഞു ആടണം. എന്താണ് ഈ പ്രാർത്ഥനയുടെ പൊരുൾ ? ഒരു ഭക്തൻ കണ്ടെത്തുന്നതാണത്. അവൻ്റെ പ്രകൃതിയിൽ ചേർന്നിരിക്കുന്ന തിന്മകളെ മറികടന്നു വേണം അവിടെയെത്താൻ. മത്സരബുദ്ധിയോടെ പാവപ്പെട്ടവരെയും ദുർബ്ബലരെയും ചവിട്ടിമെതിക്കുന്ന പ്രകൃതിയിൽ നിന്നു മോചനം നേടിയാലേ ഈ പരമപദമായ ശിവൻ്റെ യടുത്ത് എത്താനാവൂ എന്നാണ് വിവക്ഷ.മാനസികമായ എത്തിച്ചേരലാണിത്. ദുഷ്ചെയ്തികളിലൂടെ വീണ്ടും വീണ്ടും പതിക്കുന്ന മനുഷ്യനു ഒരു ഉയിർപ്പു വേണമെങ്കിൽ പരിപാവനത്വമാണ് അഭികാമ്യം.യാതൊന്നിൽ ആ പരിപാവനത്വം ആരോപിക്കും? തീർച്ചയായും മനുഷ്യനു സ്വന്തം ശരീരത്തിലോ മനസ്സിലോ അത് അന്വേഷിക്കാനാവില്ല. നാം സർവ്വത്ര മലിനമാണ്. ഒരാളുടെ മനസ്സിലൂടെ അഹന്തയുടെയും ദുരയുടെയും എത്രയോ വലിയ കൊടുങ്കാറ്റാണ് വീശിയടിച്ചുപോകുന്നത്.

പ്രപഞ്ചം ഒരു വല 

ഇതൊരു വലിയ വലയാണ്.ബന്ധങ്ങളുടെ ഒരു വല (web of relations).പൗരസ്ത്യ ദാർശനികർ ഈ പ്രപഞ്ചത്തെ വേർപെടുത്താനാവാത്ത ഒരു വലയായാണ് കണ്ടത്. ഈ വലയാകട്ടെ പരസ്പരബന്ധിതവും ചലനാത്മകവുമാണ്. ഫ്രിജോഫ് കാപ്ര  പറയുന്നതുപോലെ ഈ പ്രപഞ്ചം ഒരു സജീവമായ വല(The cosmic web is alive).യാണ്. ഇത് ചലിക്കുന്നു ,വളരുന്നു, മാറുന്നു, സ്ഥിരമായി. ആധുനികഭൗതികശാസ്ത്രവും പ്രപഞ്ചത്തെ ഒരു വലയായി  കാണുകയാണ്. ഇത് പരസ്പര ബന്ധങ്ങളുടെ വലയാണ് .പൗരസ്ത്യ ദാർശനികർ ചലനാത്മക വല എന്നു വിളിക്കുന്നതും ഇതിനു സമാനമാണ്. 

ക്വാണ്ടം സിദ്ധാന്ത(Quantum theory) ത്തിൽ പിണ്ഡത്തിന്റെ ചലനാത്മകതയെ നിർണയിക്കുന്നത് അണുഘടകങ്ങളുടെ തരംഗസ്വഭാവമാണ്. അതിൻ്റെയർത്ഥം ഒരു അണു എന്നു പറയുന്നത്  ചലനവും പരസ്പരപ്രവർത്തനവും രൂപാന്തരവും ചേർന്നതാണ്. മനുഷ്യനിലെ ഓരോ അണുവും ,ഈ വിധം ചലനാത്മകവും പരസ്പര പ്രവർത്തനപ്രേരകവും രൂപമാറ്റ വിധേയവുമാണ്.ഈ ഒഴുക്ക് അനുസ്യൂതം സംഭവിക്കുകയാണ്. നമ്മുടെ ചിന്തയിലും ഇതല്ലേ സംഭവിക്കുന്നത് ?

നമുക്ക് ഒരു നിമിഷം ശാന്തമായിരിക്കാൻ പ്രയാസമായിരിക്കും. മനുഷ്യൻ ശാന്തി തേടുകയാണ്. മനസിൽ ഒരു നിമിഷം തെളിയുന്ന ചിന്ത ചലനാത്മകമാണ്. അത് ആരെയെങ്കിലും എതിരിടാനുണ്ടോ ,കുറവ് കണ്ടുപിടിക്കാനുണ്ടോ എന്നാണ് ആലോചിക്കുന്നത് .അത് പ്രകൃതത്തിൽ അസ്വസ്ഥമാണ്. ഒരു ചിന്ത പൊട്ടിപ്പിളർന്നുണ്ടാവുകയാണ്. അതിനു ഉറവിടത്തിലേക്ക് തിരിച്ചു പോകാനാവില്ല .അത് എവിടെയോ ലയിക്കുകയാണ് .നിമിഷത്തിനുള്ളിൽ തന്നെ ഈ ചലനവും പരസ്പരപ്രവർത്തനവും രൂപാന്തരവും സംഭവിക്കുന്നു. അതുകൊണ്ട് ചിന്തിക്കുന്നതെന്താണോ അത് നമ്മെ സ്വാധീനിക്കുന്നില്ല. ആരുടെയെങ്കിലും അനുയായി എന്ന നിലയിൽ തുടരുമ്പോൾ തന്നെ ആ വ്യക്തിയോട് വിയോജിക്കുകയും അകന്നുനിൽക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. എല്ലാ പ്രണയങ്ങളിലും വഞ്ചനയുടെ ഒരു ഘടകം പ്രവർത്തിക്കുന്നതും ഇതുകൊണ്ടാണ്. മനസ്സിൽ സ്ഥായിയായ ഒരു ചിന്തയുടെ കണം നിൽക്കുന്നില്ല; ഒരാഗ്രഹം മരിക്കാതെ ശേഷിക്കുന്നുണ്ടാവാം. മനസ് മാറിക്കൊണ്ടിരിക്കുകയാണ് .ഈ പ്രപഞ്ചം എങ്ങനെ ചലനാത്മകതയിൽ വളരുന്നുവോ അതുപോലെ തന്നെ മനസ്സിൽ ഓരോ നിമിഷത്തിലും ചലനാത്മകമായ വളർച്ചയുണ്ടാവുന്നു.

ആൽബർട്ട് ഐൻസ്റ്റീൻ്റെ റിലേറ്റിവിറ്റി സിദ്ധാന്തത്തിൽ സ്ഥലകാലങ്ങളുടെ  ഏകീകരണം സൂചിപ്പിക്കുന്നത് ഒരു പിണ്ഡത്തിന്റെ അവസ്ഥയെ അതിൻ്റെ പ്രവർത്തനത്തിൽ നിന്നു മാറ്റിനിർത്താനാവില്ലെന്നാണ്. ഇതുതന്നെയാണ് മനുഷ്യമനസിലും ഉണ്ടാകുന്നത്. മനസിൻ്റ അവസ്ഥയെ അതിൻ്റെ പ്രവർത്തനത്തിൽ നിന്നു വേർപ്പെടുത്താനാവില്ല .ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഗുരു  പ്രാർത്ഥനയുടെ യോഗാത്മകത, പ്രാർത്ഥനയുടെ ധ്യാനം, പ്രാർത്ഥനയുടെ സംഗീതം പരിചയപ്പെടുത്തുന്നത് .

"കാമനെച്ചുട്ട കണ്ണുള്ള കാലാരിതൻ നാമം നുകർന്നു നിന്നാടുപാമ്പേ."

കാമദേവനെ സംഹരിച്ചത് ശിവനാണ്. ആ കണ്ണുകളിലെ തീക്ഷ്ണമായ ഊർജ്ജം അപാരമാണ്.അങ്ങനെയുള്ള ശിവൻ്റെ നാമം ഓർത്ത് ആടണമെന്നാണ് പ്രാർത്ഥന. മനസിൻ്റെ ചാഞ്ചാട്ടത്തിൽ നിന്നു മുക്തി നേടാൻ ശിവൻ്റെ തീജ്വാല പോലെയുള്ള കണ്ണുകളെ ഓർത്ത് പ്രാർത്ഥിക്കണമെന്നാണ് സാരം.


No comments: