Followers

Sunday, September 29, 2024

ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

 

a

റഷ്യൻ സംവിധായകനായ താർക്കോവ്സ്കിയുടെ കലാനുഭവത്തെക്കുറിച്ച് 



പലരുടെയും ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടക്കുന്ന സംശയങ്ങളുണ്ടാകും. എവിടെ നിന്നും അതിനു ഉത്തരം കിട്ടുന്നുണ്ടാവില്ല.പലരുടെയും  അഭിപ്രായങ്ങളും പ്രഭാഷണങ്ങളും കേൾക്കുമ്പോൾ ആശയങ്ങൾ ചിതറിപ്പോകുന്നതാണ് കാണുന്നത്. അഭിപ്രായങ്ങൾ പറയുന്നവർക്ക് അവരിൽ പോലും വിശ്വാസമില്ലെന്ന് ബോധ്യപ്പെടുന്നതും ഒരു കാരണമാണ്. സമയത്തിനനുസരിച്ച് ഒരുത്തരം പറഞ്ഞു രക്ഷപ്പെടുന്നവരുണ്ട്. സ്വയം ജീവിക്കാത്തതും വിശ്വസിക്കാത്തതുമായ കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപദേശിക്കുന്ന അനുഭവമാണ് പ്രഭാഷണങ്ങളിലുള്ളത്. പ്രഭാഷണം ഒരു അനുഷ്ഠാനമാണ്, ചടങ്ങാണ്. അതുകൊണ്ട് എന്തെല്ലാം പറഞ്ഞാലും കുഴപ്പമില്ല. കേൾക്കുന്നവർ അത് ജീവിതത്തിൽ പ്രയോഗിക്കണമെന്നില്ല .കാരണം, പ്രഭാഷകൻ ജീവിതത്തിൽ പ്രയോഗിക്കാത്ത ആശയങ്ങളാവും അവതരിപ്പിക്കുക. അതുകൊണ്ട് ഒരു പ്രഭാഷണവും ഏറ്റവും പ്രാഥമികമായ കാര്യങ്ങളിൽ പോലും ഒരുത്തരം ലഭിക്കാൻ സഹായകമല്ല. എല്ലായിടത്തും അവ്യക്തതയാണ് നിറഞ്ഞു നിൽക്കുന്നത്.കൂടുതൽ പേർ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ചിന്താക്കുഴപ്പമുണ്ടാവുകയാണ്. ഓരോ എഴുത്തുകാരനും കൂടുതൽ സമസ്യകളാണ് ഉന്നയിക്കുക.എന്നാൽ ഒരു കൃത്യമായ വിചിന്തനവും ആശയപരമായ വ്യക്തതയും ഇല്ലാതായിരിക്കുന്നു.

കലാകാരന് സന്ദിഗ്ഗ്ദ്ധത ഒഴിവാക്കാനാവില്ല. കാരണം ജീവിതം സന്ദിഗ്ദ്ധമാണ്. ആത്യന്തികമായ ഉത്തരങ്ങൾ എവിടെയുമില്ല. മരണം എന്താണെന്ന് ചോദിച്ചാൽ ഉത്തരമില്ല. അത് അവസാനമാണെന്ന് പറഞ്ഞാൽ, അതിനു മുമ്പുള്ള ജീവിതാവസ്ഥ എന്തായിരുന്നു ,എന്തിനായിരുന്നു എന്ന ചോദ്യം ഉത്തരമില്ലാതെ വിളറും.ഇത് എല്ലാ വലിയ എഴുത്തുകാരെയും കലാകാരന്മാരെയും കുഴയ്ക്കുകയാണ്. റഷ്യൻ സംവിധായകനായ ആന്ദ്രേ താർക്കോവ്സ്കി(1932-1986)യുടെ പ്രാതിനിധ്യം എന്നു പറയാവുന്ന ചിത്രമാണ് സ്റ്റാക്കർ(Stalker). ഈ ചിത്രം ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രമാണ്. അത് നിർഭയം ജീവിതത്തിനുമേൽ നിറഞ്ഞു നിൽക്കുന്ന അവ്യക്തതയുടെയും  ആശയക്കുഴപ്പത്തിന്റെയും കരിന്തോട് പൊട്ടിക്കുകയാണ്. ഈ സിനിമയിൽ ഒരു പ്രത്യേക മേഖല (Zone)യെപ്പറ്റി വലിയ പ്രതീക്ഷയും ചർച്ചയും കാണാം. ഏതോ ഒരു സ്ഥലമാണത്. അത് പക്ഷേ ,എല്ലാവരുടെയും പ്രതീക്ഷയാണ് .ആ മേഖലയിൽ എത്തിയാൽ എന്തിനും ഉത്തരം നൽകുന്ന ഒരാളുണ്ടത്രേ. എത്രപേർക്ക് അവർ ആഗ്രഹിക്കുന്ന ജീവിതവും ഉത്തരവും കിട്ടിയെന്നു വ്യക്തമാക്കുന്നില്ല. ഇതൊരു കാഫ്കെയ്സ്ക് (Kafkaesque)ലോകമാണ് . ഫ്രാൻസ് കാഫ്കയുടെ കഥകളിലും നോവലുകളിലും കാണുന്ന പ്രഹേളിക ഈ സിനിമയിൽ കാണാം. അതായത്  കാരണമില്ലാത്ത അലച്ചിൽ ,തീവ്രമായ അസന്തുഷ്ടി ,ഭയം ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ ,ദുരൂഹമായ മനുഷ്യപ്പെരുമാറ്റങ്ങൾ തുടങ്ങിയവ  ഒരു ചങ്ങലയിലെന്ന പോലെ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു.

ഒരു ഭ്രമാത്മകസ്വപ്നത്തിൻ്റെ പിടിയിൽ 

അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ എത്തിക്കുന്ന ഒരു വഴികാട്ടിയാണ് സ്റ്റാക്കർ. അയാൾ ഒരു ദരിദ്രനായ സഹായിയാണ്. അയാൾ അജ്ഞാതവും വേറിട്ടതുമായ ആ സങ്കേതത്തിൽ വിശ്വസിക്കുന്നു. അവിടെ ചെന്നാൽ ജീവിതത്തിലെ വലിയ ആഗ്രഹം സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതിനായി അതിഥികളോടൊപ്പം എത്ര കഷ്ടപ്പെടാനും അയാൾ തയ്യാറാണ്. അയാൾ തൻ്റെ പരിമിത അഭിലാഷങ്ങളിൽ ചുറ്റിത്തിരിയുകയാണ്. അയാൾ ഒരിക്കലെങ്കിലും 'സോണി'ൽ പോയി എന്നോ അവിടെയുള്ള മുറിയിൽ പോയി മഹാജ്ഞാനിയുമായി സംസാരിച്ചുവെന്നോ എന്ന് ഇതിനർത്ഥമില്ല .അയാൾ വഴികാട്ടിയാണ്. അയാൾക്ക് അതിഥികളുടെ അഭീഷ്ടം സാധിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തമില്ല. അത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എന്നാൽ  ഇത്തവണ അയാൾ കൊണ്ടുപോകുന്നത് ഒരു എഴുത്തുകാരനെയും ശാസ്ത്രജ്ഞനെയുമാണ്.

അവർ ബുദ്ധിജീവികളാകയാൽ ഐതിഹ്യങ്ങൾ പൊളിക്കാൻ ഉത്സുകരാണ്. അവർ സാഹസികമായി വാഗ്വാദങ്ങളിലേർപ്പെടുന്നു. അവർ സൗഹൃദങ്ങളിലോ ഔപചാരികതയിലോ  വിശ്വസിക്കുന്നവരല്ല .അവർ വസ്തുത എന്താണെന്നും അതിൻ്റെ നിലനിൽപ്പ് എന്തിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും മനസ്സിലാക്കാൻ കരുത്തുള്ളവരാണ്. അവർ 'അജ്ഞാതമേഖല'യെ  ചോദ്യങ്ങൾ കൊണ്ടും സംശയങ്ങൾ കൊണ്ടും തകർക്കാൻ മനസ്സുള്ളവരാണ്.അടഞ്ഞ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നവരുടെ കഥയാണ് താർക്കോവ്സ്കി ആവിഷ്ക്കരിക്കുന്നത്.  ഒരു ഭ്രമാത്മകസ്വപ്നത്തിന്റെ യുക്തിരാഹിത്യവും ഭയവും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. എന്തിനാണ് നാം ശ്രമിക്കുന്നതെന്ന് ചോദിച്ചാൽ, ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ കാരണം പറയാനുണ്ടാകും. എന്നാൽ ഒരു നീണ്ട കാലയളവിൽ അങ്ങനെയൊരു ചോദ്യമോ എന്തെങ്കിലുമൊരു ഉത്തരമോ ഇല്ല .

താർക്കോവ്സ്കി



പ്രത്യേക മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മൂവർ സംഘം നടന്നു തീർക്കുന്ന വഴികൾ ദുർഘടമാണ്. ഒരു വലിയ കെട്ടിടത്തിലേക്ക് അവർ പ്രവേശിക്കുന്നത് ഭയം ജനിപ്പിക്കുന്ന  തുരങ്കത്തിലൂടെയാണ്. അവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. എന്താണ് അവർ വെളളത്തിൽ പരതുന്നത്? സ്വപ്നമെന്നോ യാഥാർത്ഥ്യമെന്നോ  തിരിച്ചറിയാനാവാത്ത അന്തരീക്ഷം. നാം കണ്ടിട്ടുള്ള, പരിചയിച്ച വഴികളല്ല ചിത്രത്തിലുള്ളത്. എന്നാൽ അതിൻ്റെ സൗന്ദര്യം അപാരമാണ്. എല്ലാ പ്രതീക്ഷയും തകരുന്ന മട്ടിൽ അവർ ആ ഗൈഡുമായി വഴക്കിടുന്നു. അപ്പോൾ അയാൾ പറയുന്നത് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ വരാനുള്ള ഒരേയൊരു ഇടമാണിതെന്നാണ്. സ്റ്റാക്കർ മറ്റുള്ളവരുടെ ദുരിതങ്ങളിൽ നിന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്നവനാണത്രേ. സ്റ്റാക്കർക്ക്  എല്ലാമറിയാമെന്നും അവൻ മറ്റുള്ളവരെ കബളിപ്പിക്കുന്നവനാണെന്നും സൂചിപ്പിക്കുന്നു. അവരുടെ കുറ്റപ്പെടുത്തലുകള അവൻ പ്രതിരോധിക്കുന്നുണ്ട് .അവൻ പറയുന്നുണ്ട് ,ഒരു സ്റ്റാക്കർക്ക് ഒരിക്കലും ഇതുപോലെ അസാധാരണമായ ഒരു മേഖലയിൽ കയറാനാകില്ലെന്ന് .അയാൾ തന്നെ ജീവിതം സമ്പൂർണ്ണ പരാജയമാണെന്ന് അവരോട് പറയുന്നു. ഒന്നും നേടാനായിട്ടില്ല. ഭാര്യയെ പോലും ജീവിതത്തിൽ സന്തോഷിപ്പിച്ചിട്ടില്ല. അയാൾക്ക് സുഹൃത്തുക്കളില്ല, സമ്പാദ്യമില്ല. 

ജലം വെട്ടിയാൽ മുറിയാത്തത് 

ജീവിതം ഉത്തരമില്ലാത്ത ഒരു സമസ്യയാണ്.അത് ആർക്കും ഭേദിക്കാനാവില്ല. എല്ലാ ബുദ്ധിജീവികളും അവരുടേതായ കണ്ടുപിടുത്തങ്ങളുടെ പേരിൽ തർക്കിക്കുകയും ഒടുവിൽ  നിരാശപ്പെടുകയും ചെയ്യുന്നു. അന്തരീക്ഷം വെറും അന്തരീക്ഷമല്ല; അത് ഒരു ഉരുക്കുകോട്ടയാണ്. ജലം വെറും ജലമല്ല; വെട്ടിയാൽ മുറിയാത്ത മറ്റെന്തോ ആണ് .ജലത്തിനടിയിൽ ഏതോ രഹസ്യങ്ങൾ ഊഴം കാത്ത് കഴിയുന്നു. ജലത്തിലെ രഹസ്യവും അഗ്നിയുടെ രഹസ്യവും കൈകോർക്കുന്നതിന് നമ്മുടെ കൈയിൽ ഒരായുധവുമില്ല .മനുഷ്യൻ്റെ നിസ്സഹായതയുടെ ബാഹ്യരൂപമാണ് അവൻ്റെ തിരച്ചിലുകൾ. ആരും എവിടെയും എത്തുന്നില്ല. എവിടെയും എത്തിച്ചേരാൻ വേണ്ടി എങ്ങോട്ടും പുറപ്പെടാൻ ഒരിടമില്ല .വേണമെങ്കിൽ സന്യാസിയാകാം, അല്ലെങ്കിൽ ദൈവത്തെ ഉപേക്ഷിച്ചു സഞ്ചാരിയാകാം. എന്നാൽ ഈ ശരീരത്തിനുള്ളിൽ ആ സഞ്ചാരങ്ങളെല്ലാം തളച്ചിടപ്പെടുന്നു. ദൂരെ എവിടെപ്പോയാലും ഇതൊക്കെ തന്നെ. ഒരു കുന്നിൻ മുകൾ, ഒരു വ നം ,കുറെ വൃക്ഷത്തലപ്പുകൾ , മേഘമാലകൾ, ആകാശനീലിമകൾ ,സമുദ്രപ്പരപ്പുകൾ,  തിരമാലകൾ ...കഴിഞ്ഞു മനുഷ്യൻ്റെ ഇടങ്ങൾ .സ്വതന്ത്രമായ ഇടമോ സ്വകാര്യമായ ഇടമോ ഇല്ല.പതിനാലാം നൂറ്റാണ്ടിൽ ചക്രവർത്തിമാർ അറിയാതെ ,കാട്ടിൽ കഴിഞ്ഞ മുനിമാർ ദുരൂഹമായി വധിക്കപ്പെട്ടിട്ടുണ്ടാകാം .ദുരൂഹമായ ഒരു സ്ഥലരാശിയിൽ സ്വന്തം മോചനം കാത്ത് ഒരു കൂട്ടിലടയ്ക്കപ്പെട്ട നായ്ക്കളെ പ്പോലെ ശണ്ഠകൂടുകയാണ്  നമ്മൾ .

'സ്റ്റാക്കറി'ലെ എഴുത്തുകാരന്റെ മനസ്സ് നിറയെ മുറിവുകളാണ് .അത് ആവിഷ്കരിക്കാൻ എന്ത് ത്യാഗത്തിനും അയാൾ തയ്യാറാണ്. അയാൾ മനസിലെ അസ്വസ്ഥകൾക്ക് പരിഹാരം തേടിയാണ് 'സോണി'ലേക്ക് തിരിക്കുന്നത്. അയാളും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. അയാൾ തൻ്റെ എഴുത്തിൽ  വിശ്വസിക്കുന്നതിനേക്കാളുപരി അതിശയങ്ങളിൽ വിശ്വസിക്കുന്നു.ഏതോ ജാലകം തുറന്ന് തനിക്ക് ജീവിതസാക്ഷാത്കാരം തരുമെന്ന് വിശ്വസിക്കുകയാണ്. അയാൾ പറയുന്നു: "മനുഷ്യൻ എഴുതുന്നത് അവൻ്റെ മനസിൽ മുറിവേറ്റതുകൊണ്ടാണ്, എന്തുകൊണ്ടെന്നാൽ അവൻ സംശയാലുവാണ്."

എങ്ങനെ സംശയിക്കാതിരിക്കും ? ജീവിതത്തിൽ നമ്മളെല്ലാം എഴുത്തുകാരനെ പോലെ സാഹസികമായി കഴിയുകയാണ്. നമ്മെ ആരും ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാവില്ല. എന്നാൽ താർക്കോവ്സ്കി ആ എഴുത്തുകാരനെ ഒരു കഥാപാത്രം എന്ന നിലയിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അപ്പോൾ ആരും കാണാത്ത ചിന്തകൾ പുറത്തേക്ക് വരികയാണ്. ആ കഥാപാത്രത്തിലേക്ക് ചലച്ചിത്രകാരൻ സ്വയം സന്നിവേശിപ്പിക്കുന്നു .മറ്റൊരാളാകാൻ കഴിവുള്ളവർക്കേ സൃഷ്ടിയിലേർപ്പെടാനാവൂ. 

മറ്റുള്ളവരുടെയുള്ളിലേക്ക് ഒരു പാത നിർമ്മിച്ച് അതിൽ കയറണം. അവിടെ സ്വയം പരിശോധിക്കണം. എല്ലാത്തിന്റെയും അടിയിൽ മനുഷ്യൻ്റെ  വ്യാമിശ്രമായ ചിന്തകൾ അടങ്ങിയിരിക്കുന്നു. ഒരു മണ്ണിര , ഭൂമിക്കടിയിൽ മനുഷ്യത്വത്തിലെത്താനുള്ള യാത്രയിൽ, പരിണാമയാത്രയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അരബിന്ദോ എഴുതിയത് ഓർക്കുക.ഓരോ മനുഷ്യനിലും ഇങ്ങനെ സൂക്ഷ്മ ഭാവങ്ങളുണ്ട് .അത് പക്ഷേ, ആരും ആരായുന്നില്ല. ആരായുകയാണെങ്കിൽ വിചിത്രമായ യുക്തിയും ആലോചനയും കിട്ടും. ഒരു സാധാരണ തൊഴിലാളിയെയോ ഉദ്യോഗസ്ഥനെയോ ഇങ്ങനെ പിന്തുടരുകയാണെങ്കിലോ? അവൻ്റെ മനസ്സിലെ ചിന്തകൾ പിടിച്ചെടുക്കാൻ കഴിയുകയാണെങ്കിലോ? മനുഷ്യവംശത്തിന് അത്ഭുതകരമായ ആലോചന ലഭിക്കും.

മൃദുലവും ദുർബ്ബലവുമായത് 

ഇതാണ് താർക്കോവ്സ്കി ചെയ്യുന്നത്. "മനുഷ്യവംശം നിലനിൽക്കുന്നത് തന്നെ കലസൃഷ്ടിക്കാനാണെ"ന്ന് താർക്കോവ്സ്കിയുടെ കഥാപാത്രം പറയുന്നുണ്ട്. മൃദുലഭാവം മഹത്തരമാണെന്നും ശക്തി ഒരു ക്ഷയമാണെന്നും പറയണമെങ്കിൽ  പ്രകൃതിയിലേക്ക് നോക്കണം.
"When a tree grows ,it is soft and pliable.But when it is dry and hard ,it dies." ഒരു വൃക്ഷച്ചെടി വളരെ മൃദുലവും എളുപ്പത്തിൽ വളയ്ക്കാവുന്നതുമാണ്. എന്നാൽ വളർന്നു വലിയൊരു വൃക്ഷമായാൽ തടിക്കും ശിഖരങ്ങൾക്കും കനം വയ്ക്കും;പിന്നെയത് നശിക്കുകയായി. താർക്കോവ്സ്കിയുടെ കഥാപാത്രം പറയുന്നു ,കാഠിന്യവും ശക്തിയും മരണത്തിന്റെ സുഹൃത്തുക്കളാണെന്ന്. അതേസമയം എളുപ്പം വളയുന്നതും ദുർബ്ബലമായതും ഉണ്മയുടെ ഏറ്റവും സചേതനമായ ഭാവങ്ങളാണ് .മൃദുലമായതിൽ വേദനിക്കാനൊന്നുമില്ല. നമുക്ക് ശക്തിയില്ല എന്നറിഞ്ഞ് ഭീരുവാകേണ്ടതില്ല. അത് ജീവൻ്റെ  നിർമ്മലവും സചേതനവുമായ ഭാവമാണ്. അതുപോലെയാണ്  മനുഷ്യൻ്റെ കാര്യവും. അവൻ ജനിക്കുമ്പോൾ എത്ര മോഹനവും മൃദുവുമാണ്. അവൻ മരിക്കുമ്പോൾ വളരെ ശക്തനും കഠിനഹൃദയമാണ്. അതുകൊണ്ട് മൃദുത്വം ഒരു നേട്ടമാണ്. സർഗാത്മകകലാകാരന്മാർ ആ മൃദുത്വത്തിലേക്ക് വീഴുമ്പോൾ അവർക്ക് ജീവിതത്തെ കണ്ണു തുറന്നു കാണാനാകുന്നു. എല്ലാ വ്യാജപ്രസ്താവനങ്ങളും കള്ള ആദർശങ്ങളും അഴിഞ്ഞുവീഴുന്നത് കാണണമെങ്കിൽ അതിൽ ഉൾപ്പെടാതെ മാറിനിൽക്കണം. മനുഷ്യന്റെ വൃത്തികേടുകൾ  തിരിച്ചറിയാൻ ഒരു ഭ്രൂണത്തിനു  മാത്രമേ കഴിയൂ. ലൂയി മഗ്നീസിന്റെ Prayer before Birth എന്ന കവിതയിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. സ്റ്റാക്കറിൽ ജീവിതസത്യത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: "നിങ്ങൾ ഒരു കാര്യം സ്വപ്നം കാണുന്നു ,കിട്ടുന്നത് മറ്റൊന്ന്." എത്ര സത്യസന്ധമായാണ് താർക്കോവ്സ്കി മനുഷ്യദുഃഖത്തെ പിടികൂടുന്നത്. സ്റ്റാക്കർ ഒരു  വിചാരവും അപഗ്രഥനവുമാകുന്നത് ഇവിടെയാണ്. മനുഷ്യജീവിതത്തെ ഈ ചിത്രം നിർഭയം അപനിർമിക്കുന്നു. നാം പൊള്ളയായ മനുഷ്യരാണെന്ന് സ്ഥാപിക്കുന്നു.

ഭൂതകാലം മരണത്തെക്കുറിച്ചുള്ള ഒരു ടെക്സ്റ്റ് 

നാം എന്തെങ്കിലുമൊക്കെ അനശ്വരമായി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അപ്പോഴേക്കും അതിനു നേരെ വിപരീതങ്ങളായ അനേകം  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകും. എങ്ങനെയാണ് ഈ നിസ്സഹായതയെ മറികടക്കാനാവുക ? ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനുഷ്യൻ കൂടുതൽ ദയാലുവായിത്തീരുന്നു. കാരണം, അത് അവൻ്റെ കൈയിലില്ല. അതിൽ അവന് കൃത്രിമമൊന്നും ചെയ്യാനൊക്കില്ല. ഭൂതകാലം എന്നാൽ മരണത്തെക്കുറിച്ചുള്ള ഒരു ടെക്സ്റ്റാണ്. ഭൂതകാലത്ത് എല്ലാം മൃതമാണ്. മൃതമായതിനെ മനുഷ്യർക്കൊന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് നമുക്ക് അതിനോട് ദയ കാണിക്കാനാവുന്നത്.മരണത്തിൽ നിന്ന് കുറച്ചു കിട്ടുന്നതാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് മരണത്തെ നാം പിന്നിൽ  ഉപേക്ഷിച്ചിരിക്കുകയാണ് .

'സ്റ്റാക്കർ' ഉൾപ്പെടെയുള്ള സിനിമകളുടെ പശ്ചാത്തലത്തിൽ താർക്കോവ്സ്കി കലയെക്കുറിച്ച് തൻ്റെ വാദങ്ങൾ തുറന്നവതരിപ്പിക്കുന്ന കൃതിയാണ് Sculpting in Time (കാലത്തിൽ കൊത്തുന്നത്).1932 ൽ വ്ളാഡിമിറിനു സമീപം  സാവ്റയിയിലാണ് അദ്ദേഹം ജനിച്ചത്. സോവിയറ്റ് ഫിലിം സ്കൂളിൽനിന്ന് ഗ്രാജുവേഷൻ നേടിയത് 1960 ലാണ് .The Steamroller and the  Violin ആദ്യ സിനിമയാണ്. അദ്ദേഹം റഷ്യയിൽ അഞ്ച് സിനിമകൾ സംവിധാനം ചെയ്തു .Ivan's Childhood (1962),Andrey Rublyov,(1966),Solaris,(1972),Mirror(1972),Stalker(1979).
ഇറ്റലിയിൽ പോയ കാലത്താണ് Nostalgia(1983) സംവിധാനം ചെയ്തത് .അവസാന ചിത്രമായ The Sacrifice(1986) സ്വീഡനിൽ ജീവിച്ച  കാലത്തിൻ്റെ സൃഷ്ടിയാണ് .1986 ഡിസംബർ 29 നു പാരീസിലായിരുന്നു അന്ത്യം. 

താർക്കോവ്സ്കിക്ക് സിനിമ ഏറ്റവും സത്യസന്ധവും കാവ്യാത്മകവുമായ ഒരു കലാസൃഷ്ടിയാണ്. ഒരു കഥാതന്തുവിനെ യുക്തിപരമായി വികസിപ്പിച്ച് ,രേഖീയമായി അടുക്കി, ക്രമമായി ദൃശ്യവൽക്കരിക്കുകയല്ല അദ്ദേഹത്തിൻ്റെ രീതി. താർക്കോവ്സ്കി വ്യക്തിയുടെ ചിന്തയിലേക്ക് സ്വയം ബന്ധിപ്പിക്കുന്നു.  അതിലൂടെയാണ് സംഭവപരമ്പരയ്ക്ക് ഒരു ക്രമമുണ്ടാക്കുന്നത്. പരമ്പരാഗത നാടകകലയുടെ ബുദ്ധിയല്ല ഇവിടെ കാണുക. ചിന്തകളെ വികസിപ്പിച്ച് ജീവിതം തന്നെയാക്കുകയാണ്.അത് ബുദ്ധിപരമായ വിചിന്തനമല്ല. കാവ്യാത്മകമായ അനുരണനങ്ങളിലൂടെ  വികസിക്കുന്ന സിനിമ പ്രേക്ഷകനെ കൂടി അതിൽ പങ്കെടുപ്പിക്കുകയാണ്. കാണികൾ തങ്ങളുടെതായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി അതിൽ പങ്കാളികളാകുന്നു. ജീവിതമാണവിടെ കാണാനാവുന്നത്. അതിനോടാണ് പ്രേക്ഷകർ ബന്ധിക്കപ്പെടുന്നത്. 

സ്വപ്നത്തിൻ്റെ കവിത 

താർക്കോവ്സ്കിയുടെ മുമ്പിലുള്ള വെല്ലുവിളി സ്വപ്നത്തിന്റെ സവിശേഷമായ കവിതയുടെ അടുത്തേക്ക് സിനിമയെ എത്തിക്കാൻ കഴിയുമോ എന്നതാണ്.അദ്ദേഹം എഴുതുന്നു: "Works of art ,unlike those of science,have no practical goals in any material sense.Art is a meta-language,with the help of which people try to communicate with one another, to impart information about themselves and assimilate the experience of others." കലയ്ക്ക് ശാസ്ത്രരംഗത്തെന്നപോലെ പ്രത്യേക ഭൗതികലക്ഷ്യമില്ല. അത് ഒരു അതീതഭാഷയാണ്. അതിലൂടെ ആളുകൾ അന്യോന്യം ആശയങ്ങൾ പങ്കുവയ്ക്കുന്നു ,മറ്റുള്ളവരുടെ അനുഭവങ്ങൾ സ്വാംശീകരിക്കുന്നു. കലകൊണ്ട് പ്രായോഗികമായ പ്രയോജനമില്ല. ഒരു വാട്ടർ മീറ്റർ കണ്ടുപിടിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം മനസ്സിലാക്കാനാണ്.  അതുപോലെ തികച്ചും ഭൗതികമായ ഒരു പ്രയോജനം ഒരു കലാസൃഷ്ടിക്കില്ല. ഒരു സിനിമ എടുത്താൽ കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിടാനാവില്ല. കലാകാരൻ്റേത് വെറും ആത്മപ്രകാശനമല്ലെന്ന് അദ്ദേഹം തുടർന്നെഴുതുന്നു. ആത്മപ്രകാശനം ചെയ്താൽ ആരെങ്കിലും അതിനോട്  പ്രതികരിക്കേണ്ടേ? അതുണ്ടാകുന്നില്ല. 

ആളുകൾ കലാസൃഷ്ടിയോട്  പ്രതികരിക്കും, അവരുടെയുള്ളിൽ. എന്നാൽ കലാകാരന് തൻ്റെ പ്രതികരണം തിരിച്ചു കിട്ടില്ല. അതുകൊണ്ട് കലാകാരൻ തൻ്റെ വികാരങ്ങളെ ത്യജിക്കുകയാണ് ചെയ്യുന്നത്. കാണികളുമായി ആത്മബന്ധം സൃഷ്ടിക്കാൻ വളരെ കഷ്ടപ്പെടണം. എന്നാൽ അതുകൊണ്ട് ഒരു ഭൗതികനേട്ടവുമില്ല .കല പരിത്യാഗമാണ്. കലാകാരൻ സ്വന്തം ശബ്ദത്തിന്റെ മുഴക്കമാണ് അപ്പോൾ  കേൾക്കുന്നത്. ഒരു ചലച്ചിത്രകാരന്റെ വ്യക്തിത്വത്തിനനുസരിച്ചാണ് ലോകവുമായുള്ള ബന്ധത്തിന്റെ വിതാനം രൂപപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അയാളുടെ ലോകം ആഭ്യന്തരസത്യങ്ങൾ പ്രകാശിപ്പിക്കുന്നത് .ഒരു ചലച്ചിത്രത്തിലെ ബിംബത്തിൻ്റെ സത്യം സംവിധായകൻ്റെ സത്യാന്വേഷണമാണ്. അതിന് അയാൾക്കൊരു ഭാഷ വേണം. ആ ഭാഷ അയാളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ മാത്രമുള്ളതാണ്. അ ഭാഷയിലാണ് നാം സാക്ഷരത നേടേണ്ടത് .സിനിമ കാണൽ ആ സാക്ഷരത നേടുന്ന പ്രക്രിയയാണ്. 

യാതനയാണ് പ്രചോദനം 

'സ്റ്റാക്കർ' മാത്രമല്ല താർക്കോവ്സ്കിയുടെ മറ്റു സിനിമകളും ഒരു കലാകാരന്റെ ആന്തരിക മുറിപ്പാടിന്റെ അർത്ഥാന്വേഷണങ്ങളാണ്. കലാപരമായ പ്രചോദനം എന്ന് പറയുന്നത് കലാകാരൻ്റെ യാതനയാണ്. അത് കലാകാരന്റെ ജീവിതത്തെ അപകടപ്പെടുത്താൻ ശേഷിയുള്ളതാണ്. കലാകാരന്റെ പ്രചോദനത്തെ ആഴത്തിൽ അറിയുന്നവർക്കാണ് അത് യാതന (Torment) യാണെന്ന് തിരിച്ചറിയാനാവുക. അവൻ്റെ നിഗമനങ്ങളെയും ഇഷ്ടങ്ങളെയും കടപുഴക്കിക്കൊണ്ട് ഒരു പുതിയ ലോകം ഉണരുകയാണ്. അത് അവനെ തന്നെ എടുത്തെറിയാൻ തക്കം  പാർത്തിരിക്കുന്ന ആശയങ്ങളും വികാരങ്ങളുമാകാം. അതിലേക്ക് അവൻ സ്വമേധയാ സഞ്ചരിക്കുകയാണ്. അത് സാഹസികമാകുന്നത് അതിൻ്റെ അന്തിമമായ ഫലം എന്താകുമെന്ന് നിശ്ചയമില്ലാത്തതിനാലാണ്."The aim of art is to prepare a person for death ,to plough and harrow his soul,rendering it capable of turning to good " - താർക്കോവ്സ്കി അറിയിക്കുന്നു.കലയുടെ ഉദ്ദേശ്യം ഒരാളെ മരണത്തിലേക്ക് തയ്യാറെടുപ്പിക്കുകയാണ്. അവൻ്റെ മനസ്സിനെ ഉഴുതുമറിച്ചു നിരപ്പാക്കണം. ആ മനസിനെ നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുന്നതാവണം .അതിലൂടെ അയാൾ മരിക്കുകയാണ്, മറ്റൊരാളായി ജനിക്കാൻ. അനുവാചകനെ വലിയൊരു പരിവർത്തനത്തിന് സജ്ജമാക്കുകയാണ് .കരുതി വച്ചിരുന്ന വിഗ്രഹങ്ങൾ താഴെ വീഴുന്നത് കാണുമ്പോൾ അവൻ ചിന്തിക്കാതിരിക്കില്ല നാളെ അത് തന്നെയും പിന്തുടരാതിരിക്കില്ല എന്ന്, 

'സ്റ്റാക്കർ' കണ്ടുകഴിയുമ്പോൾ നമ്മുടെ  അനന്തമായ പ്രതീക്ഷകളും യുക്തിയില്ലാത്ത വിടുവായത്തങ്ങളും  അസ്തമിക്കും. നാം സ്വയം ആരായും .മൗനത്തിന് അർത്ഥമേറും. യാതന അനുഭവിക്കുന്നത് എന്തിനെന്ന് ആലോചിക്കാൻ തുടങ്ങും . ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി എന്ത് സാഹസത്തിനും  ത്യാഗത്തിനും പീഡനത്തിനും തയ്യാറാവുന്ന മനുഷ്യൻ അത് ലഭിക്കുകയില്ലെന്ന് അറിയുന്നതോടെ ഏതെല്ലാം വെളിപാടുകളിലൂടെയാണ് കടന്നു പോകുന്നതെന്ന് തിരിച്ചറിയും.

No comments: