Followers

Sunday, September 29, 2024

കരുണ@100: വേറൊരു വായന/ എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ



ആദ്യമേ തന്നെ പറയട്ടെ, 'കരുണ' കുമാരനാശാൻ പ്രസിദ്ധീകരിച്ചതല്ല. 1924 ൽ ബോട്ടപകടത്തിൽ മരിക്കുമ്പോൾ ആശാൻ്റെ ബാഗിൽ ഈ കൃതിയുണ്ടായിരുന്നു.അപകടത്തിന് മുമ്പ്, രാത്രിയിൽ ആശാൻ ഈ കവിത ബോട്ടിലുണ്ടായിരുന്ന ചിലരെ ചൊല്ലിക്കേൾപ്പിക്കുകയും  അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.മുന്നു ദിവസം നീളുന്ന ഒരു യാത്രയായിരുന്നു അത്. ആ യാത്രയിൽ കരുണയുടെ കൈയെഴുത്തു പ്രതി കൂടെ കരുതിയതിന് ചില ലക്ഷ്യങ്ങളുണ്ടായിരിക്കാം. എന്നാൽ അത് പ്രസിദ്ധീകരണത്തിനു കൊടുക്കാൻ വേണ്ടിയുള്ളതായിരുന്നില്ല. അത് തൊഴിൽപരവും സംഘടനാപരവുമായ യാത്രയായിരുന്നു. അതിനിടയിൽ 'കരുണ' വായിക്കുകയും തിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഉണ്ടായിരിക്കാം; അത് സ്വാഭാവികമാണ്.എഴുതിക്കഴിഞ്ഞാലുടനെ പ്രസിദ്ധീകരിക്കുന്ന പതിവ് ആശാനില്ലായിരുന്നു. തൻ്റെ കവിതകൾ  പലവട്ടം തിരുത്തയെഴുതുന്ന ശീലമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് .ആശാൻ്റെ ചില കാവ്യങ്ങളുടെ വ്യത്യസ്തമായ പാഠങ്ങളുടെ കൈയെഴുത്ത് പ്രതികൾ തോന്നയ്ക്കലിൽ സൂക്ഷിച്ചിട്ടുണ്ട്.അതുകൊണ്ട് 'കരുണ'യ്ക്ക് വ്യത്യസ്ത പാഠം ആശാൻ്റെ  മനസിലുണ്ടായിരിക്കണം. അതുകൊണ്ടാണ് ആശാൻ ആ കൈയെഴുത്തുപ്രതി യാത്രയിൽ സൂക്ഷിച്ചത് എന്ന് അനുമാനിക്കാം.  'കരുണ' എന്ന കാവ്യം എഴുതി 'പൂർത്തിയാക്കി' എന്ന് പറയുന്നതും ശരിയല്ല .ചില പ്രസാധകർ അങ്ങനെ പറയുന്നുണ്ട് .അത് അവരുടെ ആവശ്യമാകാം. ആശാൻ അങ്ങനെ പറഞ്ഞിട്ടില്ല. ആശാൻ അത് പ്രസിദ്ധീകരിച്ചിട്ടുമില്ല. ആശാൻ്റെ മരണശേഷമാണ് ഇത് കണ്ടെടുക്കുന്നത്. ഇത് അന്നത്തെ പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. 

കരുണയുടെ നുറു വർഷങ്ങളാണ് കടന്നു പോയത്. ഇതിനിടയിൽ എത്രയോ വട്ടം മലയാളികൾ അത് ചർച്ച ചെയ്തു ,വ്യാഖ്യാനിച്ചു, പഠിച്ചു. എന്നാൽ 'കരുണ' ഇപ്പോഴും ആർക്കും പിടികൊടുക്കാതെ ശേഷിക്കുകയാണ്.ആശാൻ്റെ ഏറ്റവും ഒടുവിലത്തെ കൃതിയാണിത് .അതുകൊണ്ടുതന്നെ ഏറ്റവും സങ്കീർണവും കലാപരമായ സാധ്യതകളുടെ പരമാവധിയുമാണ് ഇതിൽ നിറയുന്നത് .ആശാൻ  ആർജ്ജിച്ച കലാപരവും ചിന്താപരവുമായ അറിവുകളുടെ ഏറ്റവും പരിപാകമായ തലം 'കരുണ'യിലാണുള്ളത്.

'കരുണ'യുടെ അവസാനഭാഗം ഒരു ശരിയായ അന്ത്യമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.വാസവദത്തയുടെ അന്ത്യരംഗങ്ങൾ കണ്ടു ഉപഗുപ്തൻ തകരുകയാണ്. ആ തകർച്ചയുടെ  ഇടയിൽ നഷ്ടപ്പെട്ടലിനെക്കുറിച്ചുള്ള വേദനയുണ്ട്. തന്റെ കർമ്മവഴിയിലെ പിഴവിനെക്കുറിച്ചുള്ള ആധിയുണ്ട്.

"ആ മഹാന്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടർന്നുവീണു.

ഉൽക്കടാശോകതിക്തമല്ലോർക്കുകിലന്ന യനാംബു,
'ദുഃഖസത്യ'ജ്ഞനദ്ധീരൻ കരകയില്ല.

തൽകൃതാർത്ഥതാസുഖത്തേൻ തുള്ളിയല്ലതു ജന്തുവി-
ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ .

ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയരസവുമല്ല -
തദ്ഭൂത ചാപലം ഹേതുദർശിയാർന്നിടാം.
 
കരുതാം മറ്റൊന്നല്ലതു,'കരുണ'തൻ കയത്തിലെ -
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.

ഉടനെയെന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗർവ്വൻ

ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതൻ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ് .

നമസ്കാരമുപഗുപ്ത ,വരിക ഭവാൻ നിർവ്വാണ -
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായി ;

പതിതകാരുണികരാം ഭവാദൃശസുതന്മാരെ 
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ."

കരുണയുടെ അനുഭവബിന്ദു 

ഇത്രയും വായിക്കുമ്പോൾ സാമ്പ്രദായിക വായനക്കാർ എന്താവും കരുതുക? ഉപഗുപ്തൻ്റെ കണ്ണിൽ നിന്ന് നെല്ലിക്കയോളം വലിപ്പമുള്ള കണ്ണുനീർത്തുള്ളി വീണു. അയാൾക്ക് നല്ല ദുഃഖമുണ്ട്. എന്നാൽ ആശാൻ ആ കണ്ണുനീർത്തുള്ളിയെ ഒരു കരച്ചിലിന്റെ ഭാഗമായി കരുതുന്നുമില്ല. സത്യബോധമുള്ളവർ എന്തിന് കരയണം ?എന്നാൽ ചെയ്ത നല്ല കാര്യത്തെ ഓർത്ത് അതിൻ്റെ ഫലമായുണ്ടായ കണ്ണീരുമല്ല. പിന്നെ എന്താണത് ?ഇത്ര ദയനീയമായ രംഗം കണ്ടാൽ ആരെങ്കിലും സന്തോഷിക്കുമോ? അതുകൊണ്ട് സന്തോഷക്കണ്ണീരല്ല. എന്നാൽ പെട്ടെന്ന് അന്ത്യം സംഭവിച്ചത് കണ്ടുളവായ അതിശയത്തിൻ്റെ കണ്ണീരുമല്ല .ആശാൻ ഇതെല്ലാം പറഞ്ഞിട്ട് സാധൂകരിക്കുന്നത് കരുണയുടെ അനുഭവബിന്ദുവാണ് ആ കണ്ണുനീർത്തുള്ളിയെന്നാണ്. ഏത് കരുണയാണ്? വേദനിച്ച് അപമാനിതയായി കഴിഞ്ഞ ഒരു സ്ത്രീയുടെ അവസ്ഥ കാണുമ്പോഴുള്ള  'കരുണ'യോ? അവൾ ഉപഗുപ്തനിൽ കാരുണ്യം കണ്ടുവെന്നോ ? ഒരിക്കലുമില്ല. വാസവദത്തയ്ക്ക് ആ സമയം യാതൊന്നിനെയും ചെറുക്കാനാവില്ല. അവളുടെ ഏകാന്തതവ്യഥയുടെ വനത്തിനടുത്ത് ഉപഗുപ്തനെ കണ്ട് അവൾ വെപ്രാളപ്പെടാനാണ് സാധ്യത. അവൾ അത് എങ്ങനെ ഉൾക്കൊള്ളും? അവൾ അയാളെ പ്രതീക്ഷിക്കുന്നില്ലല്ലോ. അയാൾ പലവട്ടം അവളുടെ ക്ഷണം നിരസിച്ച ഓർമ്മകളാണ് ചുറ്റും .

അതുകൊണ്ട് വാസവദത്തയ്ക്ക് ഒരു തരത്തിലുള്ള കാരുണ്യവും അവിടെ കിട്ടാനില്ല. അവൾ ചിന്തയുടെ നാവു നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ തോഴിക്ക് എല്ലാമറിയാം. അവൾ ഉപഗുപ്തനെ പറഞ്ഞയയ്ക്കുകയായിരുന്നു.എന്നാൽ ആശാൻ എന്തിനാണ് ഉപഗുപ്തനെ  ഇങ്ങനെ വിചാരണ ചെയ്യുന്നതെന്ന് ചിന്തിക്കണം.ഉപഗുപ്തൻ്റെ മനസ്സിലെ ചിന്തയും അയാളുടെ കണ്ണുനീരും എന്തുകൊണ്ടാണെന്ന് ആശാനറിയാം.അത് വ്യക്തമായി പറയാതെ പല സാധ്യതകൾ പരിശോധിക്കുകയാണ് .നേരിട്ട് പിടിക്കാതെ ,വളഞ്ഞ വഴിയിലൂടെ പിടിക്കുകയാണ്. പൂച്ച എലിയെ കൊല്ലുന്നതിന്റെ ഒരു ലഹരി ഇവിടെ കാണാവുന്നതാണ് .ഉപഗുപ്തനു  വിസ്മയവുമില്ല,കൃതാർത്ഥതയുമില്ല ,സന്തോഷവുമില്ല,ശോകവുമില്ല എന്നു ആശാൻ സമ്മതിക്കുന്നുണ്ട്. എന്തെന്നാൽ അത്രത്തോളം അത് പരിശോധിക്കേണ്ടതുണ്ട്.  ഇങ്ങനെയുള്ള ഉപഗുപ്തനു ഏതുതരം ശുഭകർമ്മത്തിൻ മഹത്വമാണുണ്ടാവുക? ശുഭകർമ്മം അവിടെയില്ലല്ലോ. അയാളുടെ കണ്ണിൽനിന്ന് വീണ ആ വലിയ തുള്ളിക്ക് മനുഷ്യവികാരങ്ങളുമായി ബന്ധമില്ലെന്നു വ്യക്തമാക്കിയ ആശാൻ പറയുന്നു ഏത് 'ശുഭകർമ്മത്തിൻ മഹത്വ'മാണെന്ന്!

ഉപഗുപ്തൻ ശൂന്യതയിൽ

 
ഇതിൽ വിപരീതയുക്തിയാണുള്ളത്.ഉപഗുപ്തനു സങ്കടമില്ല, കൃതാർത്ഥതയുമില്ല. അതുകൊണ്ട് തന്നെ അയാൾ മോക്ഷം കൊടുത്തുവെന്നു പറയുന്നത് അർത്ഥശൂന്യമാണ്.അപ്പോൾ ശുഭകർമ്മത്തിൻ മഹത്വമെന്താണ്? അതിന്റെയർത്ഥം അതിന് നേരെ വിപരീതമാണ്. അവിടെ ശുഭകർമ്മമില്ല. അതുകൊണ്ടു മഹത്വവുമില്ല.ഉപഗുപ്തൻ പരാജയപ്പെട്ടിരിക്കുകയാണ്. അയാളെ കുറ്റബോധമാണ് ചിതറിച്ചത്. ഇവിടെ കരുണ കേവലം ഒരു വ്യക്തിയുടെ ദാനമോ നേട്ടമോ ആശിർവാദമോ ഒന്നുമല്ല. അത് പ്രാപഞ്ചികമായ കാരുണ്യമാണ്. എല്ലാ ഭൗതിക നേട്ടങ്ങളും സമ്പത്തും പ്രശസ്തിയും മറഞ്ഞുപോകാനുള്ളതാണ്. ഭൗതിക ജീവിതത്തിലെ പ്രതാപവും സമ്പത്തും ആപേക്ഷികമാണ് .മറ്റു പലതിനോടുമുള്ള താരതമ്യത്തിലാണ് അതിന്റെ മാറ്റുരയ്ക്കുന്നത്.പത്തേക്കർ ഭൂമിയുള്ളവൻ നൂറേക്കർ ഭൂമിയുള്ളവൻ്റെ മുമ്പിൽ, ഭൂമിയുടെ കാര്യത്തിൽ, ചെറുതാണ്. എന്നാൽ എല്ലാ ഏക്കറുകളും സ്വന്തമെന്ന് നോക്കാതെ ഉപേക്ഷിക്കേണ്ടിവരും. അന്ത്യനാളുകളിൽ ഏക്കറുകൾ കൊണ്ട് ഒരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ല.

ഉപഗുപ്തൻ മടങ്ങിപ്പോവുകയാണ്, ചിന്താശൂന്യനായി.ആശാൻ 'ചിന്താമന്ദവേഗനായി' എന്നു പറഞ്ഞത് മര്യാദയുടെ ഭാഷയാണ്. പക്ഷേ ,അയാളുടെ മനസ്സിൽ ശൂന്യതയാണല്ലോ നിറഞ്ഞുനിന്നത്. അയാൾ നിർവ്വികാരനായിരുന്നു.അയാൾ ആരെയും സ്നേഹിക്കുകയോ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. അയാൾ ധർമ്മത്തെ പ്രതിപാദിക്കുന്നു എന്ന സങ്കല്പത്തിനകത്തു കഴിയുകയാണ്. അപ്പോൾ ആശാൻ്റെ ഉപചാരവാക്കുകൾ പുറപ്പെടുകയാണ്: 'നമസ്കാരം ഉപഗുപ്താ' എന്ന്. അപ്പോൾ അയാളെ നമസ്കരിക്കണം. അയാളെ വീണ്ടും വരാൻ ക്ഷണിക്കുകയാണ്.നിർവ്വാണമടയരുതെന്നും പറയുന്നു. നിർവ്വാണമടഞ്ഞാല്‍ അയാളുടെ 'വിലപ്പെട്ട' സേവനം ലോകത്തിനു കിട്ടുകയില്ലല്ലോ. പതിതരെ സഹായിക്കുന്ന കാരുണികരെ ഈ ലോകത്തിനു ഇനിയും വേണമെന്ന് പറയുന്നത് വിരുദ്ധോക്തിയാണ്. കരുണയില്ലെന്ന് വ്യക്തമായിരിക്കെ പിന്നെന്തിനാണ് അയാൾ തിരികെ വരുന്നത്? അതിനുള്ള സാഹചര്യമില്ലല്ലോ. അയാളുടെ ലോകസേവ എന്താണ്? അയാളോട് വീണ്ടും വീണ്ടും വരാൻ പറഞ്ഞതിനുശേഷമാണ് ആശാൻ അയാളോടുള്ള നിലപാട് നിർദ്ദയമായി വ്യക്തമാക്കേണ്ടിയിരുന്നത്. കാരണം, അതുവരെയുള്ള വിരുദ്ധോക്തിക്ക്  അനുബന്ധം എഴുതേണ്ടതുണ്ട്.അതാണ് ആശാൻ എഴുതാതെ പോയത്. അതിനുള്ള അവസരം ലഭിച്ചില്ല .അത് എഴുതാൻ കൂടുതൽ ചിന്തിക്കണമായിരുന്നു .

കുമാരനാശാൻ എഴുതാൻ ബാക്കി വച്ചതിലാണ് 'കരുണ'യുടെ ശേഷിക്കുന്ന അർത്ഥം നാം തിരയേണ്ടത്. കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടന്ന ഒരു സ്ത്രീയെ കാണാൻ ഉപഗുപ്തൻ വന്നതിൽ അതിശയിപ്പിക്കുന്ന യാതൊന്നുമില്ല. മനുഷ്യത്വത്തിന്റെ അടയാളമായി അതിനെ കാണാനാവില്ല. ഉപഗുപ്തൻ  വന്നതുകൊണ്ട് വാസവദത്തയുടെ ആഗ്രഹം സഫലീകരിക്കുന്നില്ലല്ലോ. മാത്രമല്ല, അവൾ ബുദ്ധമതക്കാരിയായിരുന്നില്ല. അവൾ ജീവിതത്തെ തന്റേതായ നിലയിലാണ് നോക്കിക്കണ്ടത്. അവൾ ധാർമ്മികവും സദാചാരപരവുമായ വീക്ഷണമല്ല കൊണ്ടുനടന്നത്. അവൾ ലൗകികജീവിതത്തെയാണ് സ്നേഹിച്ചത്. സ്നേഹത്തെ പോലും ലൗകികമായാണ് അവൾ കണ്ടത്. സ്നേഹം അത്മാവിനെ പ്രകാശിതമാക്കും. എന്നാൽ അത് ജീവിച്ചിരിക്കുന്നതിന്റെ ഗുണമാണ്. സ്നേഹത്തിലൂടെ പരിവർത്തനവും ഗുണവും വർദ്ധിപ്പിക്കാമെന്നവൾ ചിന്തിച്ചു. അതുകൊണ്ടാണല്ലോ അവൾ ഉപഗുപ്തനിലേക്ക് ആകർഷിക്കപ്പെടുന്നത് .

വാസവദത്തയുടെ സ്നേഹത്തിനു വിശുദ്ധി 

അവൾ തൻ്റെ വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പത്തെ വീണ്ടെടുക്കുകയാണ്. ഉപഗുപ്തൻ്റെ ജീവിതത്തെ അവൾ മോഹനമായി കാണുന്നു.ഉപഗുപ്ത നിൽ അവൾ കാണുന്നത് തന്നിലില്ലാത്തതല്ല; തന്നിലുള്ളതു തന്നെയാണ്. ഒരാളോട് ഇഷ്ടം തോന്നണമെങ്കിൽ അയാളിൽ നമ്മളിലുള്ളത് കാണാനാകണം.  നമ്മുടെ തന്നെ ആന്തരികതയുടെ ഒരു കണ്ടെത്തലാണ് സ്നേഹം .നമുക്ക് എത്രമാത്രം ആന്തരികാനുഭവവുമായി താദാത്മ്യമുണ്ടോ അത്രത്തോളം  സ്നേഹത്തിൽ പരിവേക്ഷണം ചെയ്യാൻ സാധിക്കും. വാസവദത്തയും അതാണ് ചെയ്യുന്നത്. അവൾ ഗണിക എന്ന നിലയിൽ ജീവിക്കുന്നതിൽ ഉപഗുപ്തനോടുള്ള അഭിനിവേശം ഒളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവൾ സ്വയം വേശ്യാവൃത്തിയിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല. അവൾ സ്വയം സ്നേഹിക്കുകയാണ്. അവളുടെ വിശുദ്ധിയുടെ സങ്കൽപം മറ്റെങ്ങും കാണാത്തതു കൊണ്ടാണ് ഇങ്ങനെ സ്വയം സ്നേഹിക്കുന്നത്.

"ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെവെല്ലും വലം - 
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

രാമച്ചവിശറി പനിനീരിൽ മുക്കിത്തോഴിയെക്കൊ -
ണ്ടോമൽകൈവള കിലുങ്ങെയൊട്ടു വീശിച്ചും,

കഞ്ജബാണൻതൻ്റെ പട്ടംകെട്ടിയ രാജ്ഞിയെപോലൊരു 
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി. "

ഇത് ആത്മപ്രേമത്തിൽ നിന്നുണ്ടാകുന്നതാണ് .അവൾ അവളിൽ തന്നെയാണ് സൗന്ദര്യം കാണുന്നത്. അതുകൊണ്ടാണ് അവൾ ഉപഗുപ്തനിൽ മനുഷ്യനെ സങ്കല്പിക്കുന്നത്. പല തവണ ക്ഷണിച്ചു, വന്നില്ല. എന്നാലും ഇത്തവണ അവൾ പ്രതീക്ഷിച്ചു.എന്താണ് കാരണം? അവനിൽ അല്പമെങ്കിലും മനുഷ്യത്വം ഉണ്ടായിരിക്കുമല്ലോ.

"ഫലിച്ചതോ സഖി ,നിൻ്റെ പ്രയത്നവല്ലരി, രസം
കലർന്നതോ ഫലം, ചൊൽക കനിയായിതോ ?

എനിക്കു സന്ദേഹമില്ലയിക്കുറി,യോർക്കിലപ്പുമാൻ  
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ."

ഇതിന്റെയർത്ഥം വ്യക്തമാണ്. ഉപഗുപ്തൻ എത്രയൊക്കെ പിന്മാറിയാലും ,തന്നിലെ അനുരാഗത്തിൻ്റെ സത്യസന്ധതയും ശുദ്ധതയും മാനിച്ചു മടങ്ങിവരും. കാരണം ,അയാൾ ആത്യന്തികമായി ഒരു മനുഷ്യനാണല്ലോ. അയാളിൽ നിന്നു കേവലമനുഷ്യത്വമെങ്കിലും വാസവദത്ത പ്രതീക്ഷിക്കുന്നു .എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അയാളിൽ മനുഷ്യത്വമുണ്ടെന്നു ധരിച്ചത് വെറുതെയായി. അയാൾ അഭ്യർത്ഥനകളെല്ലാം തള്ളിക്കളഞ്ഞു. ഒരു വെറും സന്ദർശനത്തിൽ ഇത്രമാത്രം ഭയമെന്തിനാണ്? അയാളിൽ മനുഷ്യത്വമില്ല. താൻ നിരന്തരമായി അവഗണിക്കുന്നതു കൊണ്ട് വാസവദത്തയ്ക്ക് ഉണ്ടായേക്കാവുന്ന അപമാനവും നിരാശയും ഉപഗുപ്തനെ  ബാധിക്കുന്നില്ല. കാരണം, ഉപഗുപ്തനിൽ മറ്റു മനുഷ്യർ ജീവിക്കുന്നില്ല .ഉപഗുപ്തൻ സ്വയം നിറഞ്ഞവനാണ് .അവിടെ മറ്റാർക്കും സ്ഥാനമില്ല. സ്നേഹമോ മമതയോ അവിടെ ചെലവാകുകയില്ല.

സ്നേഹത്തിനു പ്രത്യേക സമയമുണ്ടോ ?

ഇവിടെയാണ് ഉപഗുപ്തൻ്റെ എതിർ ചേരിയിലേക്ക് 'കരുണ' എന്ന കാവ്യം നീങ്ങുന്നത്. അത് വാസവദത്തയുടെ  കണ്ണിലൂടെയല്ല ,ഉപഗുപ്തൻ്റെ  കണ്ണിലൂടെയല്ല കാണേണ്ടത്.കുമാരനാശാൻ്റെ തൃക്കണ്ണിലൂടെ കാണണം. ഒരു മനുഷ്യവ്യക്തിയുടെ സ്നേഹപൂർണ്ണമായ ക്ഷണം സ്വീകരിക്കാൻ പോലും വിശാലതയില്ലാത്ത ഉപഗുപ്തൻ എങ്ങനെയാണ് മരണസമയത്ത് ആശ്വാസമാകുന്നത് ?സ്നേഹം എപ്പോഴും ഒരുപോലെയല്ലേ ?. സ്നേഹത്തിനു പ്രത്യേക സമയമുണ്ടോ? അങ്ങനെയാണല്ലോ ഉപഗുപ്തൻ്റെ പ്രവൃത്തിയിൽ നിന്നും മനസിലാക്കേണ്ടത്.അയാൾ സ്നേഹം പ്രകടിപ്പിക്കാൻ, അഭിമുഖമാകാൻ, ഒന്നു നേരിൽ കാണാൻ പാകമായ സമയം എന്നു കണക്കാക്കുന്നത് വാസവദത്ത ചുടുകാട്ടിൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോഴാണ് .ഇത് ക്രൂരമാണെന്ന് ആർക്കാണ് അറിയാത്തത്? ഉപഗുപ്തൻ്റെ മനസ്സ് കല്ലാണ്. അവിടെ  മൃദുലവികാരങ്ങളില്ല.അത് വാസവദത്ത പ്രതീക്ഷിച്ചിരുന്നു.അതുകൊണ്ടാണ്  മനുഷ്യനാണല്ലോ എന്നു സമാധാനിക്കുന്നത്. എന്നാൽ തന്നെ മാനുഷികമായ യാതൊന്നും സ്വാധീനിക്കുകയില്ലെന്നാണ് ഉപഗുപ്തൻ ധ്വനിപ്പിക്കുന്നത്.

അയാൾ വാസവദത്തയുടെ അവസ്ഥയിൽ ക്രൂരമായ സുഖം അനുഭവിക്കുകയായിരുന്നോ ?ജീവിതത്തിൽ ഭൗതികസുഖം ഏറെ  അനുഭവിച്ച ഒരു സ്ത്രീ അന്ത്യകാലത്ത് മുറിവേറ്റു ചോരയിൽ കുളിച്ച്  നിലവിളിക്കുമ്പോൾ അതുകണ്ട് 'സമയമായി' എന്ന് ബോധ്യപ്പെടുത്താൻ ചെല്ലുന്നത് ,ഏത് സന്യാസിയായാലും ശരിയല്ല.അതുകൊണ്ടാണ് ആശാൻ മനുഷ്യൻ മരിച്ചിടത്ത്, അഗ്നിയെ ആശ്രയിക്കുന്നത്. അഗ്നിക്ക് ശുദ്ധിയുണ്ട്. അതിൽ അഴുക്ക് പിടിക്കില്ല. അത് എല്ലാ കളങ്കങ്ങൾക്കും മുകളിൽ വിശുദ്ധിയുടെ കൊടി പാറിക്കും. അഗ്നി എല്ലാത്തിനും ഉപരിയാണ് .അത് മാനവമല്ല, പ്രകൃതിയല്ല ,വികാരമല്ല, അരാജകത്വമല്ല.എന്നാൽ അതിൽ  നമ്മുടെയെല്ലാം പാപങ്ങളെ കഴുകാൻ പറ്റും. അഗ്നി നമ്മെ ശ്രദ്ധിക്കുന്നില്ലല്ലോ. ആശാൻ അത് ഉൾക്കൊണ്ട് എഴുതുകയാണ് .

"പാവക ,നീ ജയിക്കുന്നു
പാകവിജ്ഞാനത്താൽ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;

തൂലകർണത്തൊടില്ല നനഞ്ഞാൽ; ചൂടാൽ വരണ്ട 
ബാലരംഭയെക്കർപ്പൂരഖണ്ഡമാക്കും നീ. "

എല്ലാം അഗ്നിക്കുള്ളതാണ് .ഈ ലോകം നശിക്കാനുള്ളതാണ്. എല്ലാ ജീവഗണങ്ങളും ഇന്നോ നാളെയോ അഗ്നിയെ തേടുന്നു. ഇതാണ് സത്യം. ഉപഗുപ്തൻ്റെ ശരണമന്ത്രവും മിഴിനീർ ഒപ്പിയെടുക്കലുമൊക്കെ ആചാരങ്ങൾ മാത്രം .പരിക്ഷീണയും ഗത്യന്തരമില്ലാത്തവളുമായ വാസവദത്ത  തന്റെ മുന്നിൽ ഉപഗുപ്തൻ വന്നത് എന്തിനെന്നറിയാതെ അയാളോട് ആ കിടപ്പിലും സുജനമര്യാദ കാണിക്കുകയാണ്. അവിടെയും ഉപഗുപ്തൻ തോറ്റു. തന്നെ ഒന്നു കാണുവാൻ പോലും കൂട്ടാക്കാത്ത ഉപഗുപ്തൻ ഇപ്പോൾ വന്നത് എന്തിനെന്ന് അവൾ ചോദിക്കുന്നില്ല. അതിനുള്ള വിവേകം അവൾക്കുണ്ട്. അവൾ അപ്പോൾ അയാളുടെ മനുഷ്യത്വരഹിതമായ ബ്രാഹ്മണ്യത്തെ അനുകൂലിക്കുകയാണ്. അധികാരശക്തികൾ അങ്ങനെയാണ്.  അവർ നമ്മുടെ ബലക്ഷയനാളുകളിൽ ഉപചാരം ചൊരിയാൻ വരും .ആർക്കും ചെറുക്കാനാവില്ല. അവർ സ്ഥാപിക്കുന്നത് അവരുടെ 'ലോകവിശാലമായ' സഹിഷ്ണുതയും മമതയുമാണ്!എന്നാൽ ആ സഹിഷ്ണുതയും മമതയും അനൈഹികമാണ് .അതിനു മനുഷ്യമുഖമില്ല. ആശാൻ അവളുടെയുള്ളിലെ യഥാർത്ഥചിത്രം മറയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

മനുഷ്യൻ ഉമിത്തീ പോലെ 

തിരിയെ നോക്കുന്നിതവളതുകൾ സാകൂതമായും
നിരുദ്വേഗമായും ഹാ! നിർമ്മമതമായും."

അവൾക്ക് യാതൊന്നിനോടും മമതയില്ല. എല്ലാം മായക്കാഴ്ചകളായിരുന്നുവെന്ന് അവളറിഞ്ഞു. എല്ലാം അവിശ്വസനീയവും വ്യർത്ഥവുമാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് അവളുടെ ജീവിതം. 

സുഖജീവിതം വേണ്ടുവോളം ആസ്വദിച്ച അവൾ ഒരു തെറ്റ് ചെയ്തതോടെ എല്ലാം നഷ്ടപ്പെട്ടു .അതിനുപുറത്ത് എവിടെയോ ആണ് ആത്മീയതയും സ്നേഹവും കാരുണ്യവും .മനുഷ്യർക്ക് അത് ലഭിക്കുകയില്ല .മനുഷ്യൻ ഉമിത്തീ പോലെയാണ്. അവന്റെയുള്ളിൽ അത് എരിയുകയാണ്. വേവുന്നതിനിടയിൽ അവൻ സ്വപ്നം കാണുന്നു. സ്വപ്നം കാണുമ്പോൾ അവനിലേക്ക് വരുന്ന വർണ്ണങ്ങളും ചാരുതകളും പെട്ടെന്നു നശിക്കാനുള്ളതാണ്. ഉപഗുപ്തനൊക്കെ പ്രലോഭനമാണ്. ജീവിതത്തിലില്ലാത്ത വിശുദ്ധി ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മരീചിക .ഉപഗുപ്തൻ നമ്മളിലുള്ള വിശുദ്ധി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യവിരുദ്ധമായി പെരുമാറിയിട്ടും അയാൾ അതിൽ അല്പം പോലും കുറ്റബോധമില്ലാതെ വാസവദത്തയുടെ പതിതകാലത്ത് സന്ദർശിക്കാൻ വരുന്നത്.വാസവദത്തയിൽ നീലനമായ ശുദ്ധി അയാൾ ഉപയോഗപ്പെടുത്തുന്നു .ജീവിതത്തിൽ വഴിമുട്ടിയവർക്ക് , അപമാനിതരായവർക്ക്, ചുടലക്കാട്ടിൽ കഴിയുന്നവർക്ക് ,മുറിവേറ്റവർക്ക് മാത്രം കൊടുക്കാനുള്ളതാണോ അയാളുടെ ശരണമന്ത്രങ്ങൾ ?

"കരതലമുയർത്തിക്കാർ ചികുരതൻ ശിരസ്സിൽ വെ_
ച്ചുരചെയ്യുന്നു, വാക്കലിഞ്ഞമ്മുനീശ്വരൻ,

ശരണരത്നങ്ങൾ മൂന്നും 
ചെവിയിലേറ്റുടനന്ത:
കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു ."

ശരണമന്ത്രമെന്നാൽ ഒരു ഒഴിഞ്ഞോട്ടമാവരുത്. അത് അർത്ഥവത്തായി ജീവിക്കാനുള്ളതാണ്.അത് ബുദ്ധനിലുള്ള ശരണമാണ്; നേരായ വഴിയിലുള്ള സമർപ്പണമാണ്. അത് ഇരുട്ടിലൂടെയുള്ള പ്രകാശമാകണം. ഇരുട്ട് ,ആ പ്രകാശത്തിന്റെ വരവോടെ ഇല്ലാതാവണം. ഉപഗുപ്തനു അത് പ്രയോഗിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ശരണമന്ത്രങ്ങളെ കാണുന്നത്, മരണത്തിന് മുഖാമുഖം നിൽക്കുന്നവരുടെ ആശ്വാസമെന്ന നിലയിലാണ്. ഇത് ജീവിതപരാങ്മുഖത്വമാണ്. ജീവിതത്തെ ഉപസംഹരിക്കാനുള്ളതല്ല ശരണമന്ത്രം. ഉപഗുപ്തനു വാസവദത്തയെ  ഭയമായിരുന്നു. അല്ലെങ്കിൽ അവളുടെ ജീവിതത്തെ ഭയമായിരുന്നു. ഒരു ശുദ്ധിയുടെ ആൾരൂപമായി സ്വയം ധരിച്ചിരിക്കുന്ന ഉപഗുപ്തനു വാസവദത്തയുടെ സാമീപ്യം തന്റെ പ്രതിച്ഛായയ്ക്ക് ദോഷമാകുമോ എന്നു ചിന്തിക്കുന്നുണ്ടാവാം.അതുകൊണ്ടാണല്ലോ 'സമയമായില്ല' എന്നു പറയുന്നത്.

 സന്തോഷം എങ്ങനെ നേടുന്നു ?

സ്നേഹം കൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയെ കാണാൻ പ്രത്യേക സമയം നോക്കേണ്ടതുണ്ട് .വിയറ്റ്നാമിസ് ബുദ്ധിസ്റ്റ് സന്യാസിയായ തീച്ച് നാത് ഹാൻ പറയുന്നു :"നമുക്ക് സ്വാഭാവികമായ ഒരു ഭയമുണ്ട്, ഉള്ളിൽ. നമുക്ക് പലതിനെയും ഭയമാണ്- മരണം ,പ്രിയപ്പെട്ടവരുടെ നഷ്ടം , മാറ്റം, ഏകാന്തത.... ഇതെല്ലാം .ഭീതി ഇല്ലാതാകാൻ Mindfulness പരിശീലിച്ചാൽ മതി. നമുക്ക് എല്ലായിടത്തും പൂർണമായ ആശ്വാസം, സന്തോഷം കിട്ടും. ബുദ്ധമതത്തിൽ, എല്ലാ മാനസിക വികാരങ്ങളും - ദയ, പ്രേമം ,ഭയം, സങ്കടം ,നിരാശ തുടങ്ങിയവ -പ്രകൃതിയിലെ ജൈവാനുഭവമാണ്. അതിനെ ഒന്നിനെ പോലും പേടിക്കേണ്ടതില്ല ;എന്തെന്നാൽ മാനസികമായ രൂപാന്തരം സാധ്യമാണ്. "ഇതാണ് സമകാലിക ലോകത്ത് ഏറ്റവും ആദരവോടെ അനുയായികൾ കണ്ട, പ്രമുഖ ബുദ്ധസന്യാസിമാരിലൊരാളായ തീച് നാത് ഹാനിൻ്റെ സുചിന്തിതമായ അഭിപ്രായം.

എന്താണ് mindfulness?.അത് നമ്മുടെ ജീവിതത്തിൽ തന്നെയുള്ള സന്തോഷത്തിന്റെ അവസ്ഥകളെ നാം സ്വയം തിരിച്ചറിയുന്ന നിമിഷമാണ്. മനസ്സിന്റെ പൂർണമായ പ്രവർത്തനം ഉണ്ടാകണം. മനസ്സിൻ്റെ ശാന്തമായ സാന്നിദ്ധ്യത്തെ അറിയണം. ഒരു പ്രവൃത്തി ചെയ്ത് നമുക്ക് mindful  ആകാൻ സാധിക്കും. എപ്പോഴും ചുറ്റുമുള്ള വസ്തുക്കളോടും ആളുകളോടുമുള്ള ഐക്യത്തിൽ നിന്നു സന്തോഷം ലഭിക്കും. പക്ഷേ ,ഇത് നാം അറിയണം. മനസ്സിനെയും ശരീരത്തെയും ഐക്യത്തിൽ കൊണ്ടുവരികയാണ് പ്രധാനം.ഒരു ചെറിയ കാര്യം ചെയ്തുകൊണ്ടും നമുക്ക് പരമമായ സന്തോഷം നേടാം എന്നുള്ളതാണ് തീച്ച് നാത് ഹാനിൻ്റെ mindfulness ൻ്റെ അർത്ഥം .ഇതിനു നേരെ വിപരീതമല്ലേ ഉപഗുപ്തൻ്റെ പെരുമാറ്റം ?അദ്ദേഹം ബുദ്ധമതതത്ത്വങ്ങളെ വ്യാഖ്യാനിച്ചതിൽ പിശകുണ്ടായിരുന്നു. ഉപഗുപ്തനെ   ഏതോ മാനസികപ്രശ്നങ്ങൾ പിടികൂടിയിരുന്നു എന്നു വേണം അനുമാനിക്കാൻ .എല്ലാം പ്രകൃതിയിലെ ജീവനുള്ള പ്രതിഭാസങ്ങളായിരിക്കെ, അതെല്ലാം രൂപാന്തരത്തിനു വിധേയമായിരിക്കെ എന്തിനാണ് ഭയം ?

No comments: