Followers

Saturday, June 29, 2024

ഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ




കെ. ജയകുമാറിന്റെ 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന കാവ്യം വായിച്ചു തീർന്നതേയുള്ളൂ .എഴുത്തച്ഛനെ ഒരു കവി എന്നതിലുപരി ഒരു ബിംബമായി വീക്ഷിക്കുകയാണ് കവി. സാർവത്രികമായ ഒരു അറിവിൻ്റെ പ്രഭാപ്രസരം അനുഭവിപ്പിക്കുകയാണ്.
എഴുത്തച്ഛൻ എന്നത് കേവലം ഒരു വ്യക്തിയല്ലെന്നും അത് ജീവിതത്തിൻ്റെ അടിയിൽ സൂക്ഷ്മദൃക്കുകൾക്ക് സംവേദനപ്പെടുന്ന ഒരു അറിവാണെന്നും കവി ധ്വനിപ്പിക്കുന്നു.
ഒരു ലോകഭാവമാണത് .മിഥ്യകളിൽ നിന്ന് നമ്മെ പ്രകാശത്തിലേക്ക് ഉയർത്തുന്ന ഒരു ഉത്തോലകമാണത്. അങ്ങനെ ഒരു എഴുത്തച്ഛനെ അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ കവിയുടെ പ്രത്യേകത.

പാവ്ലോ കൊയ്ലോയുടെ Manual of the Warrior of Light എന്നൊരു കൃതിയുണ്ട്. അദ്ദേഹം Folha de Sao Paulo എന്ന പത്രത്തിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്.
അതിൽ പ്രകാശത്തിൻ്റെ ,സത്യത്തിൻ്റെ യോദ്ധാവിനെ പരിചയപ്പെടുത്തുന്നു. ആ യോദ്ധാവ് എന്തെല്ലാം ചെയ്യും, ചെയ്യില്ല എന്ന് ഗ്രന്ഥകാരൻ പറയുന്നു. ആ യോദ്ധാവ് നമ്മുടെയുള്ളിലാണ്. അവനെ അറിയുക. ഉണർത്താൻ കഴിയുന്നവർക്ക് തെറ്റുകൾ ബോധ്യപ്പെടും. ശരികളെ അറിഞ്ഞുള്ള  ചിന്തകൾ ഉണരും. ജീവിതം പ്രതിസന്ധികളുടെ നിരവധി ഘട്ടങ്ങൾ നിറഞ്ഞതാണ്. ഏതാണ് ശരിയെന്ന് അറിയാമായിരുന്നെങ്കിൽ ആ വഴി പോകാമായിരുന്നു. എന്നാൽ പല വഴികൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി ഗുരുക്കന്മാരും ഗ്രന്ഥങ്ങളും അതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും മനുഷ്യമനസ്സിൽ നിന്ന് സംശയം മാറുന്നില്ല .പാവ്ലോ കൊയ്ലോയുടെ പുസ്തകത്തിലെ ഒരു ഭാഗം ഇതാണ്: 'A warrior takes every opportunity to teach himself.'ഇത് വിശദീകരിക്കാനായി കൊയ്ലോ ഇങ്ങനെ എഴുതുന്നു: "ഞാൻ ധാരാളം പേരെ കണ്ടിട്ടുണ്ട്. അവർ ആദ്യ അവസരത്തിൽ തന്നെ അവരുടെ ചീത്ത ഗുണങ്ങളാണ് കാണിക്കുന്നത് .അവർ സ്വന്തം ശക്തി മറച്ച് അക്രമം പ്രദർശിപ്പിക്കുന്നു .അവർ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു  മുന്നിൽ ഏകാന്തതയോടുള്ള ഭയം മറയ്ക്കുന്നു. അവർ സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നില്ല."ഈ അറിവ് ലഭിക്കുകയാണെങ്കിൽ കെ. ജയകുമാറിന്റെ എഴുത്തച്ഛനെ മനസ്സിലാക്കാനാവും .ജീവിതത്തിൽ മായാതെ നിൽക്കേണ്ട പ്രബുദ്ധതയുടെ പേരാണ് എഴുത്തച്ഛൻ.

നൂറ്റിമൂന്നു കവനങ്ങൾ 

ജയകുമാർ പരിഭാഷപ്പെടുത്തിയ രണ്ട് പ്രധാന കൃതികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്ന് ,രബീന്ദ്രനാഥ ടാഗോറിൻ്റെ 'ഗീതാഞജലി'യുടെ  പരിഭാഷയാണ്. മറ്റൊന്ന്,The song of Songs എന്ന ഉത്തമഗീതം 'സോളമൻ്റെ പ്രണയഗീതം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാണ് .

രണ്ടു പരിഭാഷയിലും ഒരു കവിയുടെ കരവിരുതും ഭാവനയും വ്യക്തമായി കാണാം.ഗീതാഞ്ജലിയുടെ സാർവലൗകിക പ്രസക്തിയും , വിശേഷിച്ച് ഇന്ത്യയിൽ അതിനുള്ള സ്ഥാനവും, ഏവർക്കും അറിവുള്ളതാണല്ലോ. ടാഗോർ അസ്തിത്വത്തിനു ഒരടി മുകളിൽ നിൽക്കുന്നതായി തോന്നിപ്പിക്കുന്ന കാവ്യമാണിത്. ഒരു നവീനലോകം അദ്ദേഹം കാണുകയാണ്. ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ 'ഗീതാഞ്ജലി'യെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം ജയകുമാർ അവതരിപ്പിക്കുന്നുണ്ട്. 1959ൽ പുറത്തു വന്ന, ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയും 1994 ൽ കെ. സി. പിള്ളയുടെയും ഡോ. വി.എസ് .ശർമയുടെയും പരിഭാഷയും അവലംബിച്ചത് നോബൽ സമ്മാനം ലഭിച്ചതും 103 കവനങ്ങളുള്ളതുമായ യഥാർത്ഥ ഗീതാഞ്ജലിയല്ല എന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ടാഗോർ 'ഗീതാഞ്ജലി' എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിച്ച 157 ഗീതങ്ങൾ അടങ്ങുന്ന കാവ്യകൃതിയാണ് മേൽപ്പറഞ്ഞ ആ പരിഭാഷയ്ക്ക് ആധാരം എന്നാണ് ജയകുമാർ വിശദീകരിക്കുന്നത്." മഹാകവി തന്നെ 'ഗീതാഞ്ജലി' എന്ന ബംഗാളി കൃതിയുൾപ്പെടെ തൻ്റെ പതിമൂന്ന് ബംഗാളി കൃതികളിൽ നിന്നു തിരഞ്ഞെടുത്ത് കാവ്യാത്മക ഗദ്യത്തിൽ സ്വയം വിവർത്തനം ചെയ്ത 103 കവനങ്ങളാണ് 1912 നവംബർ ഒന്നിന് ലണ്ടനിലെ ഇന്ത്യ സൊസൈറ്റി അച്ചടിപ്പിച്ച ഗീതാഞ്ജലി .അതാണ് അന്ന് ലണ്ടനിലെ കവികൾക്കും ബുദ്ധിജീവികൾക്കുമിടയിൽ വിസ്മയതരംഗം സൃഷ്ടിച്ച കൃതി.അതാണ് 1913 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ട കൃതി."

ഈ കൃതിയാണ് ജയകുമാർ പരിഭാഷപ്പെടുത്തിയത് എന്നതിനു സുവിശേഷ പ്രാധാന്യമുണ്ട്. ജയകുമാറിന്റെ ഗീതാഞ്ജലി(ലിപി പബ്ളിക്കേഷൻസ്) ഗദ്യത്തിലാണ്. അത് സാധാരണഗദ്യമല്ല. അതിൽ പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളുമായി ഒരു മനുഷ്യാത്മാവ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഐക്യത്തിന്റെയും പ്രേമത്തിന്റെയും ബന്ധം അലിഞ്ഞു ചേർന്നിരിക്കുകയാണ് .

ടാഗോറിൻ്റെ സമ്മോഹനമായ ഭാവനകൾ അനുവാചകൻ്റെയുള്ളിൽ ആനന്ദം നിറയ്ക്കുന്നതാണ്. ആത്മാനന്ദത്തിന്റെ ഏതോ ആകാശത്ത് ചില ചിന്തകൾ പ്രത്യക്ഷപ്പെടുകയാണ് .മായികമായ , ക്ഷണികമായ കാഴ്ചകൾ പോലെ അത് അത്ഭുതപ്പെടുത്തുന്നു. മനസ്സിൻ്റെ ഏതോ മണ്ഡലത്തിൽ അത് പ്രതിബിംബിക്കുകയാണ്. ഈ പ്രകമ്പനത്തെ ഉൾക്കൊള്ളാനുള്ള ശേഷി ജയകുമാറിന്റെ ഗദ്യത്തിനുണ്ടെന്നതാണ് ഈ പുസ്തകത്തിൻ്റെ പാരായണ വേളയിൽ ഹൃദ്യമായി അനുഭവപ്പെട്ടത്.

ആത്മാവ് കണ്ടെടുക്കുന്നു 

അറുപത്തിയൊന്നാം ഖണ്ഡത്തിൽ ടാഗോർ എഴുതുന്നു :
"The sleep that flits on baby's eyes -does anybody know from where it comes ,? Yes,there is a rumour that it has its dwelling where ,in the fairy village among shadows of the forest dimly lit with glow - worms ,there hang two timid buds of enchantment.From there it comes to kiss baby's eyes.

ഇത് ജയകുമാർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്: "ശിശുവിന്റെ കൺപോളകളിൽ തത്തിക്കളിക്കുന്ന നിദ്രയില്ലേ, അതെവിടെ നിന്നാണ് വരുന്നതെന്നറിയാമോ?മിന്നാമിനുങ്ങുകൾ അരണ്ട വെളിച്ചം പരത്തുന്ന മാലാഖമാരുടെ നാട്ടിലെ വനികാനിഴലുകൾക്കിടയിലെ രണ്ട് മായികാമുകുളങ്ങളിലാണ് അത് നിവസിക്കുന്നതത്രേ.അവിടെ നിന്നാണ്  ശിശുവിന്റെ കൺപോളകളെ ചുംബിക്കാനണയുന്നതത്രേ."

ഇത് ഒരു കവിക്ക് മാത്രം സാധ്യമായ പരിഭാഷയാണ്.അലൗകികമായ ചില വിസ്മയങ്ങൾ ഈ വരികളിലുണ്ട് .അത് മോഹിപ്പിക്കുന്നതാണ്. അതിൽ നിന്ന് രക്ഷപ്പെടാനാകില്ല.ഗീതാഞ്ജലിക്ക് അവതാരിക എഴുതിയ ഡബ്ലിയു.ബി.യീറ്റ്സ് ഇങ്ങനെ കുറിക്കുന്നു:"ടാഗോർ,ഇന്ത്യൻ സംസ്കാരത്തെ പോലെ തന്നെ ആത്മാവു കണ്ടെടുക്കുന്നു, സ്വയം അതിൻ്റെ നൈസർഗികതക്ക് മുന്നിൽ കീഴടങ്ങുന്നു."



ഈ ലോകത്ത് ജനിച്ചതിൽ നന്ദി രേഖപ്പെടുത്തുകയാണ് ടാഗോർ എന്ന് വിലയിരുത്തിയാലും തെറ്റില്ല. മനുഷ്യനും ദൈവം തമ്മിലുള്ള സംവാദമാണ് ഗീതാഞ്ജലി എന്ന് പൊതുവേ പറയാറുണ്ട്. ദൈവത്തെ അദ്ദേഹം അങ്ങ് എന്നാണല്ലോ വിളിക്കുന്നത് .ദൈവത്തെ നേരിൽ കണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു പ്രകടനമാണ്. ടാഗോർ അങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ല. ടാഗോർ മനസ്സിൽ നടക്കുന്ന നാടകമാണ് എഴുതുന്നത്. അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് ചില വെളിപാടുകൾ വരികയാണ്,Conversations with God  എന്ന പുസ്തകത്തിൽ ഡൊണാൾഡ് വാൽഷ് ചെയ്തതുപോലെ.ദൈവം വാൽഷിനോട് നമ്മുടെ ജീവിതങ്ങളെയും ബന്ധങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന രഹസ്യത്തെപ്പറ്റി പറയുന്നു. വാൽഷ് അതിനു  നിന്നുകൊടുക്കുന്നു .അറിവുകൾ പരന്നൊഴുകുകയാണ്. ടാഗോറും  അതുപോലൊരു ദിവ്യമായ ഏറ്റുപറച്ചിലിനു തയ്യാറായി എന്ന് കരുതാം. 

ദൈവത്തിൻ്റെ ഭാരം അദ്ദേഹം അനുഭവിക്കുന്നു .മനസിൻ്റെ എല്ലാ അണുക്കളിലൂടെയും കവി തൻ്റെ ജീവിതത്തിന്റെ പൊരുൾ അന്വേഷിക്കുന്നു .എത്രമാത്രം താൻ  അമൂല്യമായതിനാൽ നിറയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നു. ഒരു ഭാഗം നോക്കുക:

"അറിയാതിരുന്ന സുഹൃത്തുക്കൾക്ക്  അങ്ങെന്നെ പരിചയപ്പെടുത്തി. എന്റേതല്ലാത്ത ഭവനങ്ങളിൽ അതെനിക്ക് ഇരിപ്പിടം നൽകി. അകലങ്ങളെ അരികിൽ എത്തിക്കുകയും അപരിചിതരെ  അങ്ങെനിക്ക് സഹോദരങ്ങളാക്കി തരികയും ചെയ്തു.പരിചിത താവളം  വിട്ടുപോകുവാൻ എനിക്കസ്വസ്ഥതയാണ്. പുതിയതിൽ പഴയതെല്ലാം കുടികൊള്ളുന്നുവെന്നും അവിടെയെല്ലാം അങ്ങയുടെ സാന്നിധ്യമുണ്ടെന്നും ഞാൻ മറന്നുപോകുന്നു. ജനനത്തിലൂടെയും മരണത്തിലൂടെയും ഈ ലോകത്തും പരലോകങ്ങളിലും അങ്ങെന്നെ  എവിടെയെല്ലാം ആനയിച്ചാലും അനുഭവത്തിന്റെ ചരടുകളിൽ എന്റെ ഹൃദയത്തെ അപരിചിതത്വങ്ങളുമായി ബന്ധിപ്പിക്കുന്ന ,എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലെ എൻ്റെ നിതാന്ത സ്നേഹിതൻ അങ്ങ് മാത്രമാണല്ലോ.അങ്ങയെ അറിഞ്ഞു കഴിഞ്ഞാൽ അന്യരായി പിന്നെയാരുമില്ല .അടഞ്ഞ വാതിലുകൾ പിന്നെയേതുമില്ല. അനേകങ്ങളുടെ മായികാലീലയിൽ ആ ഏകതയുടെ സ്പർശപ്രഹർഷം എനിക്ക് നഷ്ടമാകരുതേയെന്ന പ്രാർത്ഥന അങ്ങ് നിവർത്തിക്കേണമേ."

പരിഭാഷകൻ്റെ കൃതി 

അനർഘമായ ജീവിതമൂല്യത്തിനു മുമ്പിൽ പ്രണമിക്കുകയാണ് കവി. ഈ ഭൂമിയിൽ ജനിക്കാനവസരം കിട്ടിയത് നേരത്തെ ആർക്കും മുമ്പിൽ അപേക്ഷ സമർപ്പിച്ചിട്ടല്ല .എന്നിട്ടും നാം ജനിച്ചു, വളർന്നു .പല കാര്യങ്ങളും ചിന്തിക്കുകയും പലതും ഉൾക്കൊള്ളുകയും ചെയ്തു. ഇതിനു  പകരമായി നാം എന്ത് നൽകും? ആ ചോദ്യം ഈ കവിതയിൽ ഉച്ചത്തിൽ മുഴങ്ങുകയാണ് .എന്താണ് തനിക്ക് നൽകുകയെന്ന് ദൈവം ചോദിക്കുന്ന സന്ദർഭം അമ്പതാം ഖണ്ഡത്തിലുണ്ട്. "ഒരു യാചകിയുടെ മുന്നിൽ ദൈവം കൈ നീട്ടുകയോ? എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്ന ശേഷം അവൾ തൻ്റെ സഞ്ചിയിൽ നിന്ന് ഒരു കൊച്ചുധാന്യമണിയെടുത്ത് ദൈവത്തിന് നൽകി. അപ്പോഴും  അവൾ വിഷാദിച്ചത് ഇപ്രകാരമാണ്: എൻ്റെ സർവ്വസ്വവും അങ്ങേയ്ക്ക് നൽകാൻ മനസ്സ് വന്നില്ലല്ലോ എന്നോർത്ത് ഞാൻ വിലപിച്ചു."

പരിഭാഷകൻ യഥാർത്ഥത്തിൽ സ്വന്തം കൃതി തന്നെയാണ് രചിക്കുന്നത്. ബംഗാളിയിൽ നിന്നോ ഇംഗ്ലീഷിൽ നിന്നോ ഒരു കൃതി മലയാളത്തിലേക്ക് മാറ്റുമ്പോൾ എഴുതിയ ആളിൻ്റെ  അതേ മാനസിക ഭാരം പരിഭാഷകനും അനുഭവിക്കുന്നുണ്ട് .പരിഭാഷ ചെയ്യുന്നതോടെ കൃതി പരിഭാഷകൻ്റേതാവുന്നു. കാരണം, അയാളാണല്ലോ ഇത് മറ്റൊരു ഭാഷയിൽ പുനരാവിഷ്കരിക്കുന്നത്. കഠിനമായ പരിശ്രമത്തിലൂടെ ജയകുമാർ, ടാഗോറിൻ്റെ ഗീതാഞ്ജലി തന്റെ ഭാഷയിൽ പുന:സൃഷ്ടിച്ചിരിക്കുകയാണ്. ആ കൃതിയിൽ സ്വന്തം കാവ്യചേതന തുന്നിച്ചേർത്തിരിക്കുന്നു.

ചില വേളകളിൽ ഗീതാഞ്ജലി ടാഗോറിന്‍റേതാണെന്ന് ജയകുമാർ മറന്നതുപോലെ തോന്നുന്നു.  എന്തെന്നാൽ അദ്ദേഹം സ്വയം ഈ ലോകത്തെ തേടുകയും കണ്ടെത്തുകയും ചെയ്യുകയാണ്.
"അഴകിന്റെ പുഷ്പകങ്കണം ചാർത്തിയ വലം കൈയിൽ പൊൻകുടയുമായി ഭൂമിയെ കിരീടം അണിയിക്കാൻ പ്രഭാതമിതാ നിശ്ശബ്ദമായി വരുന്നു.വിശ്രാന്തിയുടെ പശ്ചിമാബ്ധിയിൽ നിന്ന് സ്വർണകുംഭത്തിൽ ശാന്തിയുടെ തെളിനീരുമായി ,ആട്ടിൻപറ്റമൊഴിഞ്ഞ പുൽമേടുകളിലൂടെ സായാഹ്നമിതാ കടന്നുവരുന്നു .ആത്മാവിന് ചിറകാർന്നു പറന്നുയരാനുള്ള ആകാശവിശാലതയിൽ നിർമ്മലമായ ധവളപ്രഭ വിരാജിക്കുന്നു. ഇരവോ പകലോ ഇല്ലാതെ, വാനമോ വർണ്ണമോ ഇല്ലാതെ ,ഒരിക്കലുമൊരിക്കലും ഒരു വചനം പോലുമില്ലാതെ." എത്രയോ ഹൃദയഹാരിയായ പദധാരയാണിവിടെ അനാവരണം ചെയ്യുന്നത്. ഒരു പരിഭാഷയുടെ ആത്യന്തികമായ ഫലം ഇവിടെ നിറയുകയാണ് .മറ്റൊരു ഭാഷയിൽ നിന്ന് കാവ്യം നമ്മുടെ ഭാഷയിൽ അലിഞ്ഞുചേരുന്നത് ഇവിടെയാണ്.

ജയകുമാറിന്റെ കാവ്യാത്മകമായ മനസ്സ് പ്രവർത്തിച്ച മറ്റൊരു പരിഭാഷയാണ് 'സോളമൻ്റെ പ്രണയഗീതം'(പുലിറ്റ്സർ). ബൈബിളിലെ പഴയനിയമത്തിലുള്ള 'ദ് സോംഗ് ഓഫ് സോംഗ്സ്' പ്രണയ പാരവശ്യമുള്ള മനസ്സുകളെ എന്നും ആകർഷിച്ചിട്ടുണ്ട്. മനുഷ്യമനസിന്റെ ആഴവും പരപ്പും അതിൽ സ്നേഹമായി  അവതരിപ്പിക്കപ്പെടുന്നു. ഈ കാവ്യം വ്യാഖ്യാനത്തിനു വഴങ്ങുന്നതല്ലെന്നും നിഗൂഢത അവശേഷിക്കുകയാണെന്നും ജയകുമാർ ആമുഖത്തിൽ പറയുന്നുണ്ട്.'ഉത്തമഗീതം' എന്നും അറിയപ്പെടുന്ന ഈ കാവ്യം ബൈബിളിൽ ഉൾപ്പെടുത്തിയതിന്റെ സാംഗത്യം വ്യക്തമല്ല."യഹോവയും ഇസ്രായേലും തമ്മിലുള്ള ബന്ധമാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് .ഈജിപ്റ്റിൽ പ്രചരിച്ചിരുന്ന വിവാഹപ്പാട്ടുകളുടെ സമാഹാരമാണെന്നും കരുതപ്പെടുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണത്തിന്റെയും പ്രണയത്തിന്റെയും കാവ്യോന്മീലനമായി ഈ കൃതിയെ സമീപിക്കുന്നതാണ് യുക്തിഭദ്രം എന്നാണെൻ്റെ വിശ്വാസം. അതുകൊണ്ടാണ് സോളമൻ്റെ പ്രണയഗീതം എന്ന ശീർഷകം ഈ പരിഭാഷയ്ക്ക് സ്വീകരിച്ചത് " - ജയകുമാർ എഴുതുന്നു. 



വശ്യതയും ലാവണ്യവും 

'സോങ് ഓഫ് സോങ്സി'ന്റെ ഇംഗ്ലീഷ് പതിപ്പിന് അയ്യപ്പപ്പണിക്കർ എഴുതിയ അവതാരിക ഇതിൽ ചേർത്തിട്ടുണ്ട്. അയ്യപ്പപ്പണിക്കർ സോളമൻ്റെ ഗീതങ്ങളുടെ ചരിത്രമത്രയും ഗവേഷണം ചെയ്തു പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.അയ്യപ്പപ്പണിക്കർ എഴുതുന്നു: "ഗ്രീക്ക് ഭാഷയിൽ ഇതിന്റെ പേര് ഹെക്മാസ് ഹെക്മോസോ എന്നത്രേ; അർത്ഥം സോളമന്റെ മഹാജ്ഞാനം .എബ്രായ ഭാഷയിൽ 'ശിറാസ് ശിറീൻ'എന്നും സുറിയാനിയിൽ 'തേശ്ബ്ഹോസ് തെശ്ബ്ഹോസോ എന്നും ഇത് വ്യവഹരിക്കപ്പെടുന്നു. ഹീബ്രുവിൽ നിന്ന് ഗ്രീക്ക് ഭാഷയിലൂടെ സ്പാനീഷിലെത്തുമ്പോൾ The Canticle of Canticles എന്നാകുന്നു. ഇംഗ്ലീഷിൽ അത് സോങ് ഓഫ് സോങ്സ് എന്നും The Sublime Songs എന്നുമായി.ഈ പേരുകളെല്ലാം തന്നെ ഈ കൃതിയുടെ നിഗൂഢലാവണ്യത്തെയും അഭൗമ വശ്യതയെയുമാണ് സൂചിപ്പിക്കുന്നത്."അയ്യപ്പപ്പണിക്കർ പറയുന്ന ആ വശ്യതയും ലാവണ്യവും ഈ വരികളിൽ ജയകുമാർ ആവിഷ്കരിക്കുന്നു:

"നിൻ്റെ കൂന്തൽ 
ശിലയാദ് മലയിൽ നിന്ന് 
ഊർന്നിറങ്ങുന്ന
ആട്ടിൻപറ്റം കണക്കെ .

നിൻ്റെ ദന്തനിര 
നീരാടിക്കയറിയ 
ജോടികെട്ടിയ 
ആട്ടിൻകിടാങ്ങൾ കണക്കെ.

നിൻ്റെ അധരം 
അതീവചാരുവായ 
ശോണരേഖ കണക്കെ.

കപോലങ്ങൾ 
മുറിച്ചുവന്ന മാതളം കണക്കെ.

കഴുത്താകട്ടെ, താഴികക്കുടം ചൂടിയ
ഗോപുരം കണക്കെ ;
ഒരായിരം പരിചകളും 
മാർച്ചട്ടകളും നിറഞ്ഞ 
ദാവീദിന്റെ കോട്ടമേലാപ്പുകണക്കെ.
നിൻ്റെ മുലകൂമ്പുകൾ 
അല്ലിക്കാട്ടിൽ മേയുന്ന 
മാൻകിടാവുകൾ ."

ഈ കാവ്യം മനുഷ്യൻ്റെ ഏറ്റവും വിശുദ്ധമായ വികാരത്തെക്കുറിച്ചാണ്. നാഗരികതയോ അന്തസ്സോ കളങ്കപ്പെടുത്താത്ത നൈസർഗികമായ ഇഷ്ടത്തിൻ്റെയും ആഗ്രഹത്തിൻ്റെയും തൂവൽസ്പർശം ഒരു മനസ്സിൽ വിരിയിക്കുന്ന പ്രകൃതി എന്താണെന്ന് 'സോളമൻ്റെ പ്രണയഗീതം' പറഞ്ഞു തരുന്നുണ്ട്.  മനുഷ്യർക്ക് ഇങ്ങനെയൊക്കെ നിഷ്കളങ്കരാവാൻ കഴിയും. ലോകത്തിൻ്റെ നിയമങ്ങളും വേർതിരിക്കലും വാസ്തവത്തിൽ മനുഷ്യമനസ്സിനെയാണ് കീറിമുറിക്കുന്നത് .അതിലൂടെ മനസ്സുകളെ അകറ്റുകയും അപ്രാപ്യമാക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് വേലിക്കെട്ടുകളില്ലാത്ത ലോകത്തേക്ക് മനുഷ്യമനസ് പ്രലോഭിപ്പിക്കപ്പെടും .പരമാവധി നിഷ്കളങ്കതയിൽ സ്നേഹത്തെ അറിയാൻ ശ്രമിക്കുകയാണെങ്കിൽ ഈ കൃതിയിലെ സോളമനെ മനസ്സിലാകും. അവൻ്റെ ഭാഷണങ്ങൾ ഈ ഭൂമിയെ പോലെ സത്യമാണ് .

ലോകത്തെ മോചിപ്പിക്കുന്നു 

സ്വപ്നവും കവിതയും ചേർന്നാൽ മനുഷ്യജീവിതത്തിലെ സ്വർഗ്ഗമായി. സ്വപ്നത്തിൽ എന്തും ആർജ്ജിക്കാം. ആരും തടസ്സപ്പെടുത്തില്ല. കവിതയിൽ മനുഷ്യൻ സ്വയം കണ്ടെത്തുകയും ലോകത്തെ അദൃശ്യതയിൽ നിന്നു വിമോചിപ്പിക്കുകയുമാണ് .കവിത നമ്മുടെ തന്നെ അവ്യക്തതകളെ അന്വേഷിക്കുകയാണ്, രൂപീകരിക്കുകയാണ്. ജീവിതത്തിൻ്റെ ദുർഗ്രഹതയെ ,മിഥ്യയെ തകർക്കാനാണ് ഒരാൾ കവിത എഴുതുന്നത് ;പ്രേമിക്കുന്നതും അതിനുവേണ്ടി തന്നെ.മിഥ്യകളെ, അവ്യക്തതകളെ അകറ്റാൻ ഒരാൾ കവിയാകുകയാണ്. അതിലൂടെ ദുർഗ്രഹത നീങ്ങുകയാണ് .ജീവിതം ദുർഗ്രഹമാണെങ്കിലും കവിത അങ്ങനെയല്ല.

"പ്രിയനേ നിനക്ക് വേണ്ടി 
വിശിഷ്ടമായ വീഞ്ഞൊഴുക്കട്ടെ 
എൻ്റെ അധരം .
അത് ,ഉറങ്ങിക്കിടക്കുന്നവരുടെ 
ചുണ്ടുകൾ പോലും ചലിപ്പിക്കട്ടെ.
ഞാനെൻ്റെ പ്രിയന്റേതാണ് .
എൻ്റെ നേർക്കാണ് 
അവൻ്റെ കാമന.
എൻ്റെ പ്രിയനേ ,
ഈ പാടങ്ങളിൽച്ചെന്ന് 
നമുക്കീ ഗ്രാമങ്ങളിൽ കുടിപാർക്കാം .
പുലർച്ചെ നമുക്ക് 
മുന്തിരിത്തോപ്പുകളിൽ ഉറക്കമുണരാം.
മുന്തിരിവള്ളികൾ പൂവിട്ടോയെന്നും
മൊട്ടുകൾ വിടർന്നോയെന്നും 
മാതളം പൂവണിഞ്ഞോയെന്നും നോക്കാം .
അവിടെവച്ച് ഞാൻ 
എൻ്റെ പ്രണയവികാരം 
നിനക്ക് സമർപ്പിക്കാം."

ജയകുമാർ ഒരേസമയം ഒരു മിസ്റ്റിക്കും കാമുകനുമാണ്. ഈ പ്രകൃതിയുടെ അഭൗമമായ സ്വരങ്ങൾ കേൾക്കാൻ കവിയുടെ മനസ്സ് വെമ്പുന്നു. അതോടൊപ്പം ലൗകികജീവിതത്തിൻ്റെ ഐന്ദ്രിയമായ ആനന്ദം തേടുകയും ചെയ്യുന്നു. ജീവിതം ഇതു രണ്ടുമാണ്. ജീവിതത്തിന് ഒരു അഭൗമതലമുണ്ട്.

ഒരു യഥാർത്ഥ പ്രഭാഷകൻ മൂലകൃതിയിലെ ഉറച്ചുപോയ അർത്ഥത്തെ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത് .ഒരു സാംസ്കാരികമായ വാർപ്പുമാതൃക ((cultural stereotype)യാകാതെ നോക്കേണ്ടതുണ്ട് .പരിഭാഷ ചെയ്യപ്പെടുന്ന ടെക്സ്റ്റ് മേൽത്തരവും  പരിഭാഷപ്പെടുത്തിയ ഭാഷയിലേത് താണതരവുമാകാൻ പാടില്ല. ഭാഷയിലെ അതിർത്തിയിൽ നിന്ന് ടെക്സ്റ്റിനെ മോചിപ്പിക്കുകയാണ് മികച്ച പരിഭാഷകൻ ചെയ്യുന്നത്. അപ്പോൾ കൃതിയ്ക്കും പരിഭാഷയ്ക്കും ഒരേ സ്ഥാനം ലഭിക്കുന്നു. പരിഭാഷ ചെയ്യപ്പെട്ട ശേഷം ,പുതിയ ഭാഷയിൽ, പുതിയൊരു ജീവിതമുണ്ടാകണം. അത് ഒരു പുതിയ കൃതി പോലെ, മൗലികമെന്ന പോലെ വായിക്കപ്പെടണം. മൂലഭാഷയിലെ  പാരതന്ത്ര്യമോ കാലികമായ പരിമിതിയോ പുതിയ ഭാഷയിൽ ഉണ്ടാവരുത്. അതുകൊണ്ട് പഴയ ടെക്സ്റ്റിനോട് വിശ്വസ്തത പാലിക്കുക എന്നുള്ളത് ഒരു കാലഹരണപ്പെട്ട ആശയമാണ്. പരിഭാഷയിൽ സർഗാത്മകമായ ഇടപെടൽ അർത്ഥവത്തായിത്തീരണം. പരിഭാഷ എന്നാൽ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കുള്ള മാറ്റി നടലല്ല. അത് ഒരു ഉടമ്പടി(negotiation)യിലെത്തലാണ്, ടെക്സ്റ്റുകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ .പോസ്റ്റ് കൊളോണിയൽ സൈദ്ധാന്തികനായ ഹോമി കെ. ഭാഭ പറയുന്നത് സംസ്കാരത്തിന്റെ അർത്ഥത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയാണ് പരിഭാഷകൻ ചെയ്യുന്നതെന്നാണ്. ആ നിലയിൽ നോക്കുമ്പോൾ കെ. ജയകുമാറിന്റെ 'ഗീതാഞ്ജലി' പരിഭാഷയും 'സോളമൻ്റെ പ്രണയഗീതം' പരിഭാഷയും സംസ്കാരങ്ങൾ തമ്മിലുള്ള ഒരു ഉടമ്പടിയായി വികസിക്കുന്നു.ഇതു നോക്കൂ ,ഒരു  മലയാളകവിത പോലെ മൗലികമല്ലേ ഈ പരിഭാഷ?

"എൻ്റെ പ്രിയൻ
അവന്റെ ഉദ്യാനത്തിലേക്ക്
പോയിരിക്കുന്നു.
കനിത്തോപ്പുകളിൽ ഭക്ഷിക്കാനും
അല്ലിപ്പൂക്കൾ അടർത്താനുമായി
അവൻ സുഗന്ധതടങ്ങളിലേക്ക് പോയിരിക്കുന്നു.
അല്ലിപ്പൂക്കൾക്കിടയിൽ 
അവൻ വിശപ്പൊടുക്കുന്നു .
അവൻ എനിക്ക് സ്വന്തം 
ഞാനെൻ്റെ പ്രിയനു സ്വന്തം ."

No comments: