Followers

Showing posts with label koothattukulam. Show all posts
Showing posts with label koothattukulam. Show all posts

Thursday, August 20, 2026

വാൻഗോഗിൻ്റെ ദൈവവും മാറുന്ന കലയും /എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ

 

 ഇപ്പോൾ അന്തിമമായ കലോല്പന്നമില്ല. നിർമ്മാണത്തിൻ്റെ ഏത് ഘട്ടത്തിലുള്ളതും പ്രദർശിപ്പിക്കാം; വിൽക്കാം. ഒരു പ്രസിദ്ധനായ ശില്പി നിർമ്മിച്ചു പൂർത്തിയാകാത്ത ശില്പം പ്രദർശിപ്പിക്കാനാവും ;ഗാലറികൾ റെഡിയാണ് ,വാങ്ങാനാളുണ്ടാവും. പൂർത്തിയാക്കാത്ത ശില്പം എന്ന ലേബലിൽ പോലും വില്പനമൂല്യമുണ്ട്. ശില്പത്തിൻ്റെ മൂല്യമല്ല വില്ക്കുന്നത്; നിർമ്മാണത്തിൻ്റെ മൂല്യമാണ്. കാരണം ,കലയുടെ പ്രതിനിധാനം, അർത്ഥം തുടങ്ങിയവ ഇപ്പോഴില്ല .അർത്ഥാനന്തര(Postidea) കാലമാണിത്. അർത്ഥാനന്തരകാലവും സത്യാനന്തര (PostTruth) കാലവും വ്യത്യസ്തമാണെന്നും ഓർമ്മിപ്പിക്കട്ടെ. സത്യാനന്തരകാലം എന്നു പറയുന്നത് വസ്തുതകളേക്കാൾ ആളുകൾ വൈകാരികവും വ്യക്തിപരവുമായ താല്പര്യങ്ങളുടെ പേരിൽ ഒരു യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്നതിനെയാണ്. അർത്ഥാനന്തരകാലം ആശയങ്ങളുടെ അനന്തരകാലമാണ്; ആശയങ്ങളോടു പ്രതിബദ്ധതയോ താത്പര്യമോ ഇല്ലാതാവുകയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ ഭീഷണസ്വഭാവം. ഒന്നിനും അർത്ഥം വേണമെന്നില്ല; പ്രദർശനസാധ്യത മതി. 

 ഒരു പ്രശസ്തഗായകനെ പാട്ടുപഠിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ യൂട്യൂബിലിടാം; കാണാൻ ധാരാളം പേരുണ്ടാവും. ദേവരാജൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൻ്റെ വീഡിയോ ലഭ്യമല്ല; അദ്ദേഹം ചിട്ടപ്പെടുത്തി, പൂർത്തിയാക്കി പുറത്തിറങ്ങിയ പാട്ടുകളേയുള്ളു .അതായത് ,പൂർത്തിയാക്കിയ ഉല്പന്നം (Finished Product) അല്ലെങ്കിൽ പൂർത്തിയാക്കിയ ആശയം എന്ന നിലയിലാണ് കല ഉണ്ടായിരുന്നത്. ഇപ്പോൾ കല പൂർത്തിയാക്കേണ്ടതില്ല .ദേവരാജൻ മാസ്റ്റർ പി.സുശീലയെയോ യേശുദാസിനെയോ പാട്ടു പഠിപ്പിക്കുന്ന ഒരു വീഡിയോ എങ്കിലും ചിത്രീകരിക്കാൻ അന്നാർക്കും തോന്നാതിരുന്നത് കാലത്തിൻ്റെ പ്രത്യേകത കൊണ്ടാണ്. പാട്ടു പഠിപ്പിക്കുന്ന പ്രക്രിയയിലും ഉല്പന്നമുണ്ട് .ഇതു തിരിച്ചറിയുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉത്തര- ഉത്തരാധുനികതയുടെ കാലത്താണ്. നൂറുകണക്കിന് പാട്ടുകൾ ദേവരാജൻ ചിട്ടപ്പെടുത്തി. ഒന്നിൻ്റെപോലും ദൃശ്യങ്ങളില്ല. ആ ദൃശ്യങ്ങൾ മുഴുവൻ സമാഹരിച്ചിരുന്നെങ്കിൽ മൂന്നോ നാലോ വർഷം മുഴുവൻ കണ്ടാൽ പോലും തീരാത്തത്ര സംഗീതപാഠങ്ങൾ ഉണ്ടാകുമായിരുന്നു. അത് കാണാനും വിൽക്കാനും കഴിയുമായിരുന്നു. എന്നാൽ അന്ന് അതാരും കാര്യമായി കണ്ടില്ല .കാരണം ,പൂർണമായ കലാശില്പത്തെയാണ് ആളുകൾ കാണാനിഷ്ടപ്പെട്ടിരുന്നത്. കെ.സി. എസ് .പണിക്കർ പകുതി പൂർത്തിയാക്കിയ ഒരു ചിത്രം ഗാലറിയിൽ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവുമോ ? 

 

വാസ്തവത്തിൽ ,ഉത്തര- ഉത്തരാധുനികത (Post post modernism) യിൽ കലയ്ക്കോ അന്തിമ ഉൽപ്പന്നത്തിനോ അല്ല വില; അതിലേക്ക് നയിക്കുന്ന ഓരോ നിമിഷത്തിനുമാണ്. ഗ്രീൻ റൂമിൽ നടക്കുന്ന സംഭവങ്ങൾ ടെലിവിഷനിൽ ദൃശ്യയോഗ്യമാണ്. അതിന് പിന്തുണയുമായി പരസ്യദാതാക്കളുണ്ട്. പാചകമത്സര പരമ്പരയിൽ രണ്ട് സ്ത്രീകൾ തമ്മിൽ തെറിപറഞ്ഞ ദൃശ്യങ്ങൾ ഒരു ചാനലിൽ പവിത്രതയോടെ സംപ്രേഷണം ചെയ്തത് ഓർക്കുകയാണ്. കാഴ്ചയെ പുതുക്കുന്നു ഏതൊരു വസ്തുവിനെയും സ്വതന്ത്രമായാണ് കാണേണ്ടതെന്ന് സ്ഥാപിച്ചത് യൂറോപ്യൻ ഇംപ്രഷണിസ്റ്റുകളും പോസ്റ്റ് ഇംപ്രഷണിസ്റ്റുകളുമാണ്. വസ്തു തന്നിലേക്കു വരുന്നത് ഒരു പ്രത്യേക ഇടനാഴിയിലൂടെയാണെന്ന് ചിത്രകാരൻ തിരിച്ചറിയുന്ന നിമിഷം പ്രധാനമാണ്. സാമൂഹ്യജീവിതത്തിൻ്റെയോ രാഷ്ട്രീയ വീക്ഷണത്തിൻ്റെയോ പക്ഷം ചേരാതെ ലോകത്തെ എങ്ങനെ നിരീക്ഷിക്കാമെന്ന ചോദ്യമാണ് ഫ്രഞ്ച് ഇംപ്രഷണിസ്റ്റ് ചിത്രകാരനായ ക്ലോദ് മൊനെ (Claude Monet) ഉയർത്തിയത്. താൻ മാത്രം കാണുന്ന ഒരു കാഴ്ചയുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞത് Three Trees in Grey Weather,Regatta at Sainte - Adresse തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. കാഴ്ചയെ ചിത്രകാരൻ പുതുക്കുകയാണ്. ഇതെല്ലാം പ്രകൃതിദൃശ്യങ്ങളാണ് .പ്രകൃതിയിലെ ദൃശ്യങ്ങളെ യഥാതഥമായി വരയ്ക്കുന്നവർ തൻ്റേതായതൊന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ മൊനെ ഓരോ ചിത്രത്തെയും താനുമായി ബന്ധിപ്പിക്കുകയാണ്. യഥാതഥമല്ലാത്ത അത് താൻ കാണുന്നതുകൊണ്ട് മാത്രമാണ് നിലനിൽക്കുന്നതെന്ന് മറ്റാരെക്കാളും മൊനെയ്ക്ക് നന്നായറിയാം.നിറങ്ങൾകൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ മൊനെയുടെ കാലഘട്ടത്തിലെ ചിത്രകാരന്മാർ തയ്യാറെടുത്തു. പ്രകാശത്തെ ഒരു വിനിമയോപാധിയായി പരിവർത്തനപ്പെടുത്തി. പ്രകാശം ഒരു വസ്തുവിനെ കൂടുതൽ വ്യക്തമാക്കുന്നതിലുപരി അത് സംവേദനക്ഷമതയുടെ ഇടങ്ങളായി മാറുകയാണ്.

 ഹെൻറി മാറ്റിസി(Henry Matisse) ൻ്റെയും റെന്വെ(Renoir)യുടെയും വാൻഗോഗി (Van Gogh)ൻ്റെയും രചനകളിൽ പ്രകാശം ഒരു പ്രമേയമാകുന്നതോടൊപ്പം ഒളിപ്പിക്കപ്പെട്ട കണ്ണികൾ കാഴ്ചക്കാരൻ്റെ മുന്നിൽ അനാവൃതമാകുകയാണ് .വാൻഗോഗ് പറഞ്ഞത് നിറങ്ങൾ താൻ കണ്ടുപിടിക്കുന്നു എന്നാണ് . സ്വാഭാവിക നിറങ്ങൾ അദ്ദേഹത്തിനു വേണ്ട. തൻ്റെ മനസ്സിലെ വികാരമാണ് നിറങ്ങളായി പരിഗണിക്കുന്നതെന്ന് വാൻഗോഗ് ചിന്തിക്കുന്നു. ഒരിടത്ത് അദ്ദേഹം 'ഒരു കുതിരയുടെ ജീവിതം' എന്നു പേരുള്ള മുദ്രണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത് തൻ്റെ കലാവ്യാപാരത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള യാത്രയാണെന്ന് തോന്നിപ്പിക്കും.വാൻഗോഗ് തൻ്റെ സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തുകൾ ഇന്ന് ലോകസാഹിത്യത്തിലെ തന്നെ വിലപ്പെട്ട ഒരു രേഖയാണ്. വലിയ വായനക്കാരനായ വാൻഗോഗിൻ്റെ ചിന്തകൾ കലാരംഗത്ത് ശ്രദ്ധാലുവായ ഏതൊരാൾക്കും വിലപ്പെട്ട സാഹിത്യം തന്നെയാണ് .ഇന്നു ആ കത്തുകൾ തലനാരിഴകീറി എന്ന പോലെ ആരാധകർ പഠിക്കുകയാണ്. വാൻഗോഗിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കത്തുകൾ അമൂല്യനിധിയാണ്. 

 വാൻഗോഗിൻ്റെ ദൈവം ഈ സന്ദർഭത്തിൽ പ്രമുഖ പരിഭാഷകനായ എൻ. മൂസക്കുട്ടിയെ ആദരിക്കുകയാണ്. അദ്ദേഹം 'വാൻഗോഗിൻ്റെ കത്തുകൾ ' പരിഭാഷ ചെയ്തിട്ടുണ്ട്. അങ്ങനെ മലയാളത്തിനും വാൻഗോഗിനെ പ്രിയങ്കരനാക്കി .മൂസക്കുട്ടി 'വാൻഗോഗിൻ്റെ കത്തുകൾ 'എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ 'കുതിരയുടെ മുദ്രണ'വും ഉൾപ്പെടുത്തിയിട്ടുണ്ട് .മൂസക്കുട്ടിയുടെ മനോഹരമായ പരിഭാഷയുടെ ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്: "ദുഃഖസാന്ദ്രവും വളരെ മ്ളാനവുമായ ഒരു രംഗമായിരുന്നു അത്. മൃതിയുടെ തണലിൻ്റെ താഴ്വരയിലൂടെ ഒരുനാൾ നമുക്കും കടന്നുപോകേണ്ടിവരുമെന്നും മനുഷ്യജീവിതത്തിൻ്റെ അന്ത്യത്തിൽ കണ്ണീരും നരച്ചരോമങ്ങളും ഭാഗഭാക്കാകുമെന്നും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യൻ്റെയും ശ്രദ്ധ ഇതു പിടിച്ചുപറ്റും. ഇതിനപ്പുറം കിടക്കുന്നത് മഹത്തായൊരു നിഗൂഢതയാണ്. ദൈവത്തിനു മാത്രമേ അതറിയൂ. എന്നാൽ മരിച്ചവർക്ക് ഉയിർത്തെഴുന്നേല്പുണ്ടെന്ന് ദൈവം തൻ്റെ വചനങ്ങളിലൂടെ സംശയരഹിതമായി വെളിപ്പെടുത്തിയിട്ടുണ്ട് .ഒരു പഴയ വിശ്വസ്ത സേവകനായ പാവം കുതിര ക്ഷമയോടെയും ശാന്തതയോടെയും എന്നാൽ ധീരമായും കൂസാതെയും അവിടെ നിൽക്കുന്നുണ്ട്. പഴയ കാവൽക്കാരൻ പറഞ്ഞപോലെ, ' കാവൽക്കാരൻ മരണം കൈവരിക്കുന്നു. പക്ഷേ, ഒരിക്കലും കീഴടങ്ങുന്നില്ല' .അത് അതിൻ്റെ അന്ത്യനിമിഷം കാത്തുകഴിയുന്നു . ഇന്ന് രാത്രി ഈ വണ്ടിക്കുതിരകളെ കണ്ടപ്പോൾ ആ കൊത്തുപണികളെ ക്കുറിച്ച് ഞാൻ അറിയാതെ ഓർത്തുപോയി. ഇനി കുതിരവണ്ടികളെക്കുറിച്ച് പറയുകയാണെങ്കിൽ, മലിനവും വൃത്തികെട്ടതുമായ വസ്ത്രം ധരിച്ച അവർ അഗാധമായ ദാരിദ്ര്യത്തിൽ മുങ്ങിത്താഴ്ന്നിരിക്കുന്നതായി തോന്നും .ഡി ഗ്രൗക്സ് 'പാവപ്പെട്ടവരുടെ ബഞ്ച് ' എന്ന കൃതിയിൽ ചിത്രീകരിച്ച ദരിദ്രക്കൂട്ടങ്ങളേക്കാൾ ദരിദ്രമാണ് ഇവർ .അതെപ്പോഴും എന്നിൽ ആഘാതമേല്പിക്കുന്നു. വളരെ വിചിത്രമാണത് .അവർണ്ണനീയവും നിർവാച്യവുമായ ഏകാന്തതയുടെയും ദാരിദ്ര്യത്തിൻ്റെയും ദുരന്തത്തിൻ്റെയും രൂപം നാം കാണുമ്പോൾ, എല്ലാ വസ്തുക്കളുടെയും അന്ത്യമോ അവയുടെ അറ്റമോ നാം കാണുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു . ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് അവസ്ഥ ". വാൻഗോഗിൻ്റെ ഈ പ്രസ്താവന ചിത്രരചനയെ അദ്ദേഹം വ്യത്യസ്തവും മൗലികവും ഏകാന്തവുമായി കണ്ടതിൻ്റെ തെളിവാണ്  .

 

.വാൻഗോഗ് ഒരു ഭ്രാന്തനോ ഉത്തരവാദിത്തമില്ലാത്തവനോ നാടോടിയോ ആയിരുന്നില്ല. അദ്ദേഹം ധാരാളം വായിച്ചിരുന്നു .സ്വന്തമായി ചിന്തിക്കാൻ ധൈര്യം കാണിച്ചു. അതുകൊണ്ടാണ് ആ കാലഘട്ടത്തിലെ പല പ്രമുഖ ചിത്രകാരന്മാരുമായി അകന്നു കഴിഞ്ഞത് .ഗാലറികളിൽ, വാൻഗോഗ് വാദപ്രതിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഒരു ചിത്രശാലയിൽ ജോലി നഷ്ടപ്പെടുവാൻ ഇടയാക്കിയത് ഇത്തരം തർക്കങ്ങളായിരുന്നു. വാൻഗോഗിൻ്റെ ജീവിതകാലത്ത് കേവലം ഒരു ചിത്രമാണ് വിറ്റതെന്ന് പറയാറുണ്ട്. അത് ശരിയുമാണ് .എന്നാൽ പല പ്രദർശനങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നിട്ടുണ്ട്. തൻ്റെ വീക്ഷണഗതികളുമായി യോജിക്കാത്തവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിൽ എന്തിനു സ്വന്തം ചിത്രങ്ങൾ വയ്ക്കണമെന്ന ചിന്ത അദ്ദേഹത്തെ പിടികൂടിയിരുന്നു. 'സ്വതന്ത്ര കലാകാരന്മാരുടെ ' പ്രദർശനത്തിൽ പങ്കുചേരാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അവിടെ ഇല്ല എന്നു വിചാരിച്ചു കൊള്ളാനാണ്. താൻ മരിച്ച ചിത്രകാരനാണെന്നും തനിക്ക് ഉയർത്തെഴുന്നേൽക്കാതിരിക്കാനാവില്ല എന്നുമാണ് വാൻഗോഗിൻ്റെ ദൈവചിന്ത അദ്ദേഹത്തെ പഠിപ്പിച്ചത്. ഒരിക്കൽ അദ്ദേഹം എഴുതി: 'വലിയ ചിത്രകാരന്മാരുടെ പ്രസക്തി അന്വേഷിച്ചാൽ നമ്മൾ അവരുടെ ചിത്രങ്ങളിൽ തന്നെ എത്തിച്ചേരും; അത് ദൈവത്തിലേക്കാണ് നയിക്കുന്നത്'. ഇത് അദ്ദേഹത്തിൻ്റെ കലയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. വാൻഗോഗിൻ്റെ മരണശേഷം ജനങ്ങൾ കുറ്റബോധവുമായി നടക്കുകയാണ്. ദിവസേന ആരാധകൻ കൂടുകയാണ്. ലോകം വാൻഗോഗിന് മുമ്പിൽ കുറ്റസമ്മതം നടത്തുകയാണിപ്പോൾ. 

 

ഓരോ പ്രദർശനവും വാൻഗോഗിനെ ഓർമ്മിക്കുന്നു. ഓരോ ചിത്രകാരനെയും വാൻഗോഗ് സ്മൃതികളിൽ അലയാൻ വിടുന്നു. വാൻഗോഗ് സത്യമായിരുന്നു എന്നു വൈകിയാണ് ലോകം മനസ്സിലാക്കിയത്. ഇപ്പോൾ കലയിലും സാഹിത്യത്തിലും വാൻഗോഗ് ഒരു സ്വപ്നമാവുകയാണ്. അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങൾ പതിനായിരക്കണക്കിന് വരും. കഥകൾ, കവിതകൾ, നോവലുകൾ വേറെയും .ഇന്നത്തെ ഉത്തര-ഉത്തരാധുനികതയുടെ കാലത്ത് പഴയ ക്ലാസിക് ചിത്രങ്ങളുടെ പ്രിൻ്റുകൾ എടുക്കുവാനും രൂപമാറ്റം വരുത്താനും ഭാഗികമായി ഉപയോഗിക്കാനും അവസരമുണ്ട്. Edge of a Wheatfield with poppies, The Night Cafe, Road with Cypress and Star തുടങ്ങിയ ചിത്രങ്ങൾ എത്ര തവണ കണ്ടാലും പിന്നെയും എന്തോ കാണാൻ ബാക്കിയുള്ളതുപോലെ തോന്നും .ഇതൊന്നും ഒറ്റത്തവണ കണ്ട് തീർപ്പാക്കാനുള്ളതല്ല .കലാസങ്കേതങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും ആത്മീയമായ അന്വേഷണങ്ങളുടെയും അനേകം പ്രശ്നങ്ങൾ ഇതിൽ അന്തർഭവിച്ചിരിക്കുന്നു . സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് നിശ്ചലമെന്നു തോന്നുമ്പോൾ തന്നെ അത് നമ്മെ ചലിപ്പിക്കുകയാണ്. ആ ചിത്രങ്ങൾ സ്വയം സംസാരിക്കുന്നത് നമുക്ക് കേൾക്കാം. നമ്മുടെ ജീവിതത്തിൽ അത് ഇടപെടുകയാണ്.

 

 നമ്മുടെ രാജ്യം എന്ന സങ്കൽപ്പത്തെ ദൈവരാജ്യംപോലെ മഹത്തായ ഒന്നാക്കി മാറ്റിക്കൊണ്ട് വാൻഗോഗ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സുവേസ്ത (Emily Souvestre,1806-1854)യുടെ An Attic Philosopher എന്ന കൃതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: "പാവപ്പെട്ട ഒരു കൂലിപ്പണിക്കാരൻ തൻ്റെ രാജ്യത്തെക്കുറിച്ച് ഇപ്രകാരം ചിന്തിക്കുന്നു :നിങ്ങളുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങൾ ഒരു പക്ഷേ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല' .എൻ്റെ തോളിൽ കൈവെച്ചുകൊണ്ട് അയാൾ പറഞ്ഞു :'നിങ്ങളെ വലയം ചെയ്തിരിക്കുന്നതെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങളെ വളർത്തിക്കൊണ്ടുവന്നതും പരിപോഷിപ്പിച്ചതും നിങ്ങൾ സ്നേഹിച്ചതുമെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങൾ കാണുന്ന ആ വയലുകൾ ,ആ വീടുകൾ, ആ വൃക്ഷങ്ങൾ കടന്നുപോകുമ്പോൾ ചിരിയുതിർക്കുന്ന ആ കൊച്ചു പെൺകുട്ടികൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ ,അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്ന അപ്പം . നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ, ജനങ്ങളിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷവും സന്താപവും ,നിങ്ങൾ താമസിക്കുന്നയിടങ്ങളിലെ സാധനങ്ങൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങൾ അമ്മയെ കാണാനുപയോഗിക്കുന്ന കൊച്ചുമുറി, അമ്മ നിങ്ങൾക്കുവേണ്ടി ഉപേക്ഷിച്ചു പോയ ഓർമ്മകൾ, അമ്മ അന്ത്യവിശ്രമംകൊള്ളുന്ന മണ്ണ് - അതാണ് നിങ്ങളുടെ രാജ്യം. എല്ലായിടത്തും നിങ്ങളെ കാണുകയും ശ്വസിക്കുകയും ചെയ്യുന്നു . അവകാശങ്ങളും കടമകളും, സ്നേഹവും ആവശ്യങ്ങളും, ഓർമ്മകളും കഷ്ടപ്പാടുകളും സ്വയം കണക്കാക്കി നോക്കൂ .അതെല്ലാം ഒരു പേരിനു കീഴിൽ ശേഖരിച്ചുവയ്ക്കൂ .ആ പേരായിരിക്കും നിങ്ങളുടെ രാജ്യം. യഥാർഥത്തിൽ നല്ലതും സുന്ദരവുമായ എല്ലാ വസ്തുക്കളും, മനുഷ്യരിലെയും അവരുടെ കൃതികളിലെയും, ആന്തരികവും ധാർമ്മികവും ആത്മീയവും ഉദാത്തവുമായ സൗന്ദര്യം ദൈവത്തിൽനിന്നാണ് വരുന്നതെന്ന് ഞാൻ കരുതുന്നു. അതുപോലെതന്നെ മനുഷ്യരിലെയും അവരുടെ കൃതികളിലെയും ചീത്തയും തെറ്റായതുമായ കാര്യങ്ങളെല്ലാം ദൈവത്തിൻ്റേതല്ല .ദൈവം അതംഗീകരിക്കുന്നില്ല " . ഈ വ്യത്യാസം കലയിൽ പ്രധാനമാണെന്ന് വാൻഗോഗ് പറയുന്നത് നാം കാണുന്ന ലോകത്തെ നമുക്കായി എങ്ങനെ വേർതിരിച്ചെടുക്കാമെന്ന ആലോചനയിലേക്കാണ് നയിക്കേണ്ടത് .

നമ്മുടെ അറിയത്തക്കതല്ലാത്ത സൗന്ദര്യാത്മക, ഉദാത്ത ലോകത്തെ തേടുക എന്ന വിധിയാണത്. സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് ,യാതനയാണ്. അതിനായാണ് കലാകാരൻ സഹിക്കുന്നത്. തന്നേക്കാൾ ബൃഹത്തായ സൗന്ദര്യലോകത്തെ പൂർണമായും ഉൾക്കൊള്ളാനോ ഏറ്റെടുക്കാനോ സാധിക്കാത്തതുകൊണ്ട് കലാകാരൻ പരീക്ഷീണിതനാവുന്നു. ജീവിതത്തേക്കാൾ മഹത്തായ സൗന്ദര്യമാണത്. അതിൻ്റെ ഒരംശമെങ്കിലും നേടാനാണ് അയാൾ പാടുപെടുന്നത്. പൂർണത എന്ന ആശയം കാലഹരണപ്പെട്ടു എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ പൂർണത എന്ന ആശയം തന്നെ ഇല്ലാതായിരിക്കുകയാണ് .കാരണം, ഗ്രീൻ റൂമിൽ നടക്കുന്നതും ,കലയായോ , കലാപരമായ ദൃശ്യസാധ്യതയുള്ള വസ്തുവായോ വിലയിരുത്തപ്പെടുന്നു . 

 ഒരു സൃഷ്ടിയുടെ പൂർണ്ണതയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയാണ്. പകരം ദൃശ്യ സാധ്യതകളിലേക്ക് മാത്രമാണ് നോക്കുന്നത്. ഇത് കലയിൽ റെന്വേ, പിക്കാസോ, ജോർജ്ജ് ബ്രാഖ് ,പോൾ സെസാൻ തുടങ്ങിയവർ പരമപ്രധാനമായി ദർശിച്ച സൗന്ദര്യത്തെ തന്നെ അട്ടിമറിച്ചിരിക്കുന്നു. റെന്വേ പറഞ്ഞു, താൻ ഒരു വസ്തുവിനെ മറ്റാരും കാണാത്ത വിധമാണ് നോക്കുന്നതെന്ന് .പുതിയ കാഴ്ച അവിടെ ലക്ഷ്യമാണ്. ഇന്ന് അങ്ങനെയുള്ള പൂർണ്ണതയില്ല. കല അനശ്വരമാകണമെന്നുപോലും നിർബന്ധമില്ലാത്ത വിധം വ്യവസായകലയും സ്പോൺസേഡ് കലയും പരസ്യകലയും സൈബർ കലയും തെരുവുകലയും കൂടിക്കുഴഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു തെരുവുപോലും ഒറിജിനലല്ല എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ് ഞാനൊരു ലേഖനം എഴുതിയത്. 

 തെരുവുകളെ പലതരം വാണിജ്യകലകൾ കീഴടക്കിയിരിക്കുകയാണിന്ന്. അവിടെ യഥാതഥമെന്ന് പറയാവുന്നതായി യാതൊന്നുമില്ല. അത് മാറിക്കൊണ്ടിരിക്കുന്ന ദൃശ്യവിതാനങ്ങളാണ്. അവിടെ കോർപറേറ്റുകൾക്കുവേണ്ടി പണിയെടുക്കുന്ന പേരില്ലാത്ത കലാകാരന്മാരുടെ വിവിധതരം ഉൽപ്പന്നങ്ങൾ നിരത്തിയിട്ടുണ്ടാകും. അതെല്ലാം സാങ്കേതികമായി, ഉപഭോഗപരമായി നിലനിൽക്കുന്നതാണ് .എന്നാൽ ആ നിലനിൽപ്പ് നൈമിഷികമാണ്. പുതിയ ഉൽപ്പന്നങ്ങൾ വരുന്നതിന് അനുസരിച്ച് തെരുവിൻ്റെ മുഖച്ഛായ മാറുകയാണ്. അതിനൊരിക്കലും ആധികാരികതയില്ല ; അത് ഒറിജിനൽ അല്ല. ഈ അനുഭവം ഇന്നത്തെ നാഗരികജീവിതത്തിൻ്റെ ആകെത്തുകയാണ്. നിലനിൽക്കുന്നതോ ,വീണ്ടും കണ്ടെത്തേണ്ടതോ ,ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്നതോ ആയ യാതൊന്നും തിരയേണ്ടതില്ല എന്ന നിലയിലേക്ക് കലയുടെ ഉപയോഗവാദം ചുരുങ്ങിയിരിക്കുകയാണ്. വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സി'നെ കാണുന്നതുപോലെ, ഇന്നത്തെ ജീവിതത്തിൽ ഒരു ദൃശ്യശ്രാവ്യ കലാരൂപത്തെയും സമീപിക്കേണ്ടതില്ല. പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള കലാവസ്തുക്കളാണ് ഇന്ന് ചാനലുകളിലും യുട്യൂബു വീഡിയോകളിലും വരുന്നത്. രണ്ടാമത് കാണേണ്ടതില്ല എന്ന ആശയം മിക്ക കലാവസ്തുക്കളുടെയും ടാഗ് ലൈനായി കഴിഞ്ഞു. ഒറ്റത്തവണ മാത്രം ആയുസ്സുള്ള ഉല്‌പന്നങ്ങൾ പെരുകുകയാണ്. അങ്ങനെ ക്ളാസിക്കുകൾ ഇല്ലാതാവുകയാണ്. വേഗതയുടെ ഇരയാണ് കലകൾ. എല്ലാം വേഗം പഴയതാകുന്നു. വേഗം എന്ന ചിന്തയ്ക്ക് മാത്രമാണ് പുതുമ . പുതിയത് എന്ന ചിന്ത ഒരു ലഹരിയാണ് .പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ,അതിവേഗം. പ്രിയമുള്ളതിൽനിന്ന് പെട്ടെന്ന് ഓടി രക്ഷപ്പെടാനുള്ള വാശി എങ്ങും പ്രകടമാണ്. തീവ്രമായ ഉൽക്കണ്ഠകളും ആകുലതകളും ഭയങ്ങളും തിരിച്ചുവന്നിരിക്കുകയാണ് .ഈ കാലം എങ്ങനെ ഒരു വിശ്വസനീയമായ സംവാദം നടത്തുമെന്നത് ഒരു സമസ്യയാകുകയാണ്. റെന്വേയുടെ ചിത്രം നാം കാണുന്നതിലാണ് പൂർണത .റെന്വേ പൂർണമായി വരയ്ക്കുന്നത് തൻ്റെ മനസിലാണ്. അത് വൈകാരികമായ പൂരണം കൂടിയാണ്. അവിടെ മനസ്സ് ഒരു ഘടകമായി ഇടപെടേണ്ടതുണ്ട്. ഇന്നത്തെ സാങ്കേതിക, നാഗരിക കലാഖ്യാനങ്ങളിൽ വ്യക്തിയില്ല;അവൻ്റെ ചേഷ്ടകളേയുള്ളൂ. മാറ്റിസിൻ്റെ ചിത്രങ്ങളിൽ വിഷാദാത്മകത്വം അരിച്ചിറങ്ങുന്നുണ്ട്. 

 

എന്നാൽ ഇന്ന് സ്വയം നിറയുന്ന ,തന്നിൽ തന്നെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്ന കലയില്ലാതാവുന്നു. മാറ്റിസിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം :" ഒരു മരത്തെയോ ആകാശത്തെയോ ചിന്തയെയോ പഠിക്കുന്നതുപോലെ തന്നെ കലാകാരൻ തന്നെത്തന്നെയും മനസ്സിലാക്കണം. കാരണം, നമ്മളും ഈ മഹാപ്രപഞ്ചവുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു".ഇതുപോലുള്ള സമഗ്രവും സംയുക്തവുമായ വൈകാരികമണ്ഡലം ഇപ്പോൾ ,ഈ സാങ്കേതികയുഗത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഓർക്കണം. സൈബർ സാങ്കേതികതയിലൂടെ ചിത്രങ്ങൾ രൂപപ്പെടുത്താൻ വളരെ എളുപ്പം കഴിയുമെന്നിരിക്കെ, വിസ്മൃതമാവുന്നത് സൃഷ്ടിയും അതിൻ്റെ പിന്നാലെ ജൈവപ്രേരണകളുമാണ്. ഒരാൾ എന്തിനാണ് സ്വയം മനസ്സിലാക്കുന്നത്? അത് ഏതു തരത്തിലാണ് കലയെ സാന്ദ്രമാക്കുന്നത്? വിസ്മയകരമാക്കുന്നത്? സൈബർ, ഗ്രാഫിക്സ് കലകളിൽ ഒരു വ്യക്തിയുടെ ആന്തരികത ആവശ്യമില്ലല്ലോ. ഒരു കലാകാരനെന്ന നിലയിൽ ഒരാൾ കൊണ്ടുനടക്കുന്ന സവിശേഷമായ ജീവചരിത്രം ഗ്രാഫിക്സിൽ ,സാങ്കേതിക ഉപകരണങ്ങളിലെ കാലാഖ്യാനങ്ങളിൽ ആവശ്യമില്ല. ഒരു ടെലിവിഷൻ റിമോട്ട്, മൊബൈൽ ഫോൺ, ചായക്കപ്പ്, പരവതാനി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ കലാപരത കൂടിച്ചേരുമ്പോഴാണ് അത് ആകർഷകമാകുന്നത് .എന്നാൽ ഈ കല ഒരു കർത്താവില്ലാതെയാണ് നിലനിൽക്കുന്നത് .കാരണം അതാരുടെയും ആത്മാവിഷ്കാരമല്ല. ആത്മാവിഷ്കാരത്തിൻ്റെ ഇടങ്ങൾ കുറഞ്ഞുവരുന്നു എന്നതാണ് പുതിയ ഭീഷണി. 

 

a






 

kalapoorna onapathipp, 2026 

m k harikumar art essay , kochi, film, songs, reading, writing, keralam, vision, god, country, 

Thursday, January 9, 2025

ജാതി വൃക്ഷങ്ങൾ, മതം കാറ്റ് , ദൈവം സൂര്യൻ

 


'അക്ഷരജാലകം' പംക്തിയെഴുത്ത് ഇരുപത്തിയെട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ എം.കെ.ഹരികുമാറിനു ജനനിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിൽ ജനനി പ്രസിഡൻ്റും റിട്ടയേർഡ് അദ്ധ്യാപികയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിക്കുന്നു.




കൂത്താട്ടുകുളം :ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം തിരിച്ചറിയുന്ന നിമിഷമാണ് ജീവിതം തുടങ്ങുന്നതെന്നും എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .

കൂത്താട്ടുകുളത്തെ മുതിർന്ന വനിതകളുടെയും വനിതാപെൻഷൻകാരുടെയും സംഘടനയായ ജനനി സീനിയർ സിറ്റിസൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു ഹരികുമാർ .ഹരികുമാറിനു ജനനി പ്രസിഡൻ്റ് എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിച്ചു.

ജീവിതം ഒരുതവണ മാത്രം സംഭവിക്കുന്നു. ഒരു കൂട്ടം പൊടിയാണ് മനുഷ്യൻ. അത് ഓരോ മനുഷ്യന്റെയും പ്രത്യേക രൂപത്തിൽ കാണപ്പെടുന്നത് ഈ പ്രപഞ്ചത്തിൻ്റെ യാത്രയിൽ ഒരു തവണ മാത്രമാണ്. നമുക്ക് ഇനിയൊരു ആവർത്തനമില്ല .ഈ നിമിഷത്തിൽ നമ്മൾ ആയിരിക്കുന്നു എന്നു പറയുന്നത് അതുല്യമാണ്.കാരണം ,മുമ്പ് ഇല്ലാത്ത ഒരു അസ്തിത്വമാണിത്. ഇനി ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഇത് അനന്യമാണ് -ഹരികുമാർ പറഞ്ഞു

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:  പുനർജന്മത്തിൽ വിശ്വസിക്കുന്നവരുണ്ടാകും. എന്നാൽ അങ്ങനെ വിശ്വസിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് മനുഷ്യൻ്റെ രൂപത്തിൽ തന്നെ ഇനിയും ജനിക്കാൻ കഴിയുമെന്നു പറയാൻ കഴിയില്ല. 'യോഗവാസിഷ്ട'ത്തിൽ പറയുന്നുണ്ട് ,പല ജീവികളായി  വീണ്ടും വീണ്ടും ജനിക്കേണ്ടിവരുമെന്ന് .അതുകൊണ്ട് നമ്മളുടെ ഈ മനുഷ്യരൂപം ഒരേയൊരു പ്രാവശ്യം മാത്രമുള്ളതാണ്. അതുകൊണ്ട് അതിനു മൂല്യമുണ്ട്.

ഞാൻ സർക്കാർ രേഖകൾ പ്രകാരം ഒരു ജാതിയിലോ മതത്തിലോ ആയിരിക്കാം. എന്നാൽ ഒരു കലാകാരനായ എനിക്ക് ജാതിയോ മതമോ ഇല്ല .എന്റെ ജാതി വൃക്ഷങ്ങളാണ് .കാറ്റാണ് എൻ്റെ മതം. സൂര്യനാണ് എൻ്റെ ദൈവം .വൃക്ഷങ്ങൾ മനുഷ്യവംശത്തിന്റെ ആശ്രമങ്ങളാണെന്നു വിഖ്യാത എഴുത്തുകാരൻ ഹെർമൻ ഹെസ്സെ പറഞ്ഞിട്ടുണ്ട്. ആരോടും വിദ്വേഷമോ പകയോ ഇല്ലാതെയാണ് വൃക്ഷങ്ങൾ  ജീവിക്കുന്നത്. മഹനീയമാണ് അതിൻ്റെ  അസ്തിത്വം. അത് അവാച്യമായ ഒരു സുഖം അനുഭവിക്കുന്നു. എൻ്റെ മതം കാറ്റാണ് .കാറ്റിനു വേർതിരിവില്ല. ഏതെങ്കിലും ഒരു വിഭാഗത്തോടു കാറ്റിനു പ്രത്യേക താല്പര്യമില്ല. കാറ്റ് പ്രാണനാണ്. എല്ലാവർക്കും ജീവൻ നിലനിർത്തിക്കൊടുക്കുന്നത് വായുവാണ്. അതുകൊണ്ട് വായു എല്ലാവർക്കും ഒരുപോലെയാണ്. വായു എല്ലാവരുടേതുമാണ്. അതാണ് യഥാർത്ഥ മതം .എൻ്റെ ദൈവം സൂര്യനാണ്. സൂര്യൻ ആരോടും പ്രത്യേക പരിഗണന കാണിക്കുന്നില്ല. സൂര്യൻ ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.സൂര്യൻ ഒരു പ്രത്യേക വിഭാഗത്തിനു അനുകൂല്യം പ്രഖ്യാപിക്കുന്നില്ല .ഓരോ ജീവിയുടെയും നിലനില്പ് ഈ കാരണം കൊണ്ട് തന്നെ പ്രധാനമാണ്.യാതൊന്നിനും ഒരു മേൽക്കൈ ഇല്ല. ഒന്നും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ല.

എന്നാൽ മനുഷ്യൻ എല്ലാ ഭൂതങ്ങളെയും മലിനമാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ ജീവിതം എങ്ങനെ തുടരുമെന്ന ആശങ്ക പരക്കുകയാണ്. മനുഷ്യൻ എല്ലാം മലിനമാക്കി .ഒരു ജീവിയെയും  വെറുതെ വിടുന്നില്ല.എല്ലാറ്റിനെയും കൊന്നു തിന്നുകയാണ്. എന്നാൽ ഒരു നായ കടൽ ചീത്തയാക്കുന്നില്ല. ഒരു പാറ്റ പരിസ്ഥിതി നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവയ്ക്ക് മഹത്വമുണ്ട്. ഓരോ ജീവിയുടെയും അസ്തിത്വം അനന്യമാണ്. ഏതൊരു ജീവിയായിരിക്കുന്നതും ഒരു വലിയ നേട്ടമാണ്. ഒരു പ്രാണിയായിരിക്കുന്നതുപോലും വലിയ നേട്ടമാണ് .കാരണം ,അത് ആയിരക്കണക്കിനു വർഷങ്ങളായുള്ള പ്രതിബന്ധങ്ങളെ, കാലാവസ്ഥാമാറ്റങ്ങളെ ,ഭൂകമ്പങ്ങളെ അതിജീവിച്ചുവന്നിരിക്കുന്ന ഒരു ജീവൻ്റെ കണമാണ്. അതുകൊണ്ട് അതിൻ്റെ അതിജീവനത്തിനു സൗന്ദര്യമേറുന്നു .

എൻ്റെ സാഹിത്യരചനയാരംഭിച്ചിട്ട് നാല്പത്തിരണ്ടു വർഷം പിന്നിട്ടു. അക്ഷരജാലകം പംക്തി തുടങ്ങിയിട്ട് ഇരുപത്തിയേഴ് വർഷം പിന്നിടുകയാണ്. മുപ്പത്തഞ്ചു പുസ്തകങ്ങളെഴുതി. പെട്ടെന്നു തന്നെ എല്ലാവരും പരവതാനി വിരിച്ചു തരുമെന്നു ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു ചോദനയല്ലാതെ മറ്റൊന്നും മനസിനെ ഭരിച്ചിട്ടില്ല .പുതിയ വായനക്കാരെ എനിക്കു മിക്ക ദിവസങ്ങളിലും ലഭിക്കുന്നുണ്ട്. അതാണ് പ്രചോദനം. 





Saturday, December 14, 2024

ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം മാർ /എം.കെ.ഹരികുമാർ

 



എം.കെ.ഹരികുമാർ


കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിൻ്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം ' എന്ന ആത്മകഥയെക്കുറിച്ച് .



ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ poetry super highway യിൽ എട്ടുതവണ poet of the week ആയി  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു ദശകത്തിനു മുമ്പുതന്നെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം 'തണൽ ഓൺലൈൻ' വെബ് മാസികയുടെ സാരഥിയായിരുന്നു. ഞാനും പ്രവാസി നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നും ചേർന്നു 'എഴുത്ത് ഓൺലൈൻ ' മാസിക നടത്തിയപ്പോൾ ധാരാളം  കവികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അന്ന് ഞങ്ങൾക്ക് അബൂബക്കർ പലപ്പോഴും തൻ്റെ ഇംഗ്ലീഷ് കവിതകൾ അയച്ചു
തരുമായിരുന്നു .അബൂബക്കറിന്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം'(ഗ്രീൻ ബുക്സ്) വായിക്കുകയായിരുന്നു. മനുഷ്യർക്ക് ആത്മകഥ എഴുതാനാണ് പ്രയാസം. കാരണം അത് സ്വന്തം അനുഭവങ്ങളെക്കുറിച്ചാണ്. മറ്റുള്ളവരെക്കുറിച്ച് എഴുതുമ്പോൾ നമുക്ക് നിരീക്ഷണം അനായാസമായി ലഭിക്കും. മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായാൽ മതി. എന്നാൽ  സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പ്രയാസമേറിയ ജോലിയാണ് .അവിടെ യുക്തിബോധം കൊണ്ടുവരുന്നത് വെല്ലുവിളിയാണ് .സ്വന്തം പ്രവൃത്തികളിലൂടെ ലോകനന്മയും വിശാലബോധവും കൈവരിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജീവിതത്തിന്റെ നിലപാടുകൾക്ക് പലപ്പോഴും ചാഞ്ചല്യമുണ്ടാകും. നമ്മൾ കല്ലുപോലെ ഉറച്ചവരല്ല. ജീവിക്കുമ്പോൾ മാനുഷികമായ  പരിഗണനകളും വേണ്ടിവരും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അതുകൊണ്ട് എപ്പോഴും ഒരേ ചിന്തയിൽ തന്നെ തുടരാനാവില്ല.അബൂബക്കറിൻ്റെ ആത്മകഥയിൽ ഞാൻ കണ്ടത് സ്വതന്ത്രമായ ചിന്താഗതിയാണ്. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും അതീതനായി ചിന്തിക്കുകയാണ്. അദ്ദേഹം സ്വയം ഉയർത്തിക്കാണിക്കുന്നില്ല. എല്ലാവരുടെയും ഇടയിൽ ജീവിച്ച ഒരു സഹയാത്രികൻ എന്ന ഭാവം കാണാം. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നുണ്ട്:
"ഇതിലാവിഷ്കരിക്കുന്ന ഓർമ്മകളിലെ ഞാൻ അന്ന് രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തിയ ആയിരങ്ങളിലൊരുവനാണ്. അവർക്കില്ലാത്ത സവിശേഷതകളൊന്നും എനിക്കില്ല. അവരനുഭവിച്ചത്രയൊന്നും ദുരിതങ്ങൾ, ഒരുപക്ഷേ ഞാൻ അനുഭവിച്ചിട്ടുണ്ടാവില്ല. ഈ പുസ്തകം സത്യത്തിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം വഴിയിലുപേക്ഷിച്ചു പോയ ഒരാൾ അതിനു ന്യായീകരണം കണ്ടെത്തുന്നതിനായി നടത്തുന്ന വൃഥായത്നമാണ്. എഴുതിക്കഴിഞ്ഞപ്പോൾ സ്വയം ചോദിച്ച ചോദ്യം ആ ന്യായീകരണം കണ്ടെത്തിയോ എന്നതാണ്. ഇല്ല എന്നു തന്നെയാണ് അതിൻ്റെ ഉത്തരം."

എഴുതാനുള്ള തീവ്രമായ ആഗ്രഹം 

ഈ തുറന്നുപറച്ചിൽ ആകർഷകമാണ്. അവകാശവാദങ്ങളില്ലാതെ അദ്ദേഹം എഴുതുകയാണ് .എൺപതിനോടടുക്കുന്ന പ്രായത്തിലും എഴുതാനുള്ള ഒരുതരം ആർത്തി തന്നെ പിടികൂടിയിരിക്കുന്നതായി അബൂബക്കർ വെളിപ്പെടുത്തുന്നുണ്ട്. "എഴുതിക്കൊണ്ട് അവസാനിക്കണമെന്നാണ് എൻ്റെ  പ്രാർത്ഥന" - എത്ര ആത്മാർത്ഥമായ വാക്കുകൾ!. സ്ഥിരമായി എഴുതുന്നവർക്കറിയാം അവരുടെ ഞരമ്പുകളെയും മനസ്സിനെയും എഴുത്ത് എത്രമാത്രം കീഴടക്കിയിരിക്കുന്നുവെന്ന്. അമെരിക്കൻ വിമർശകനായ യുജിൻ ജൊലാസ് 'ഭാഷ തനിക്ക് ഒരു ഞരമ്പുരോഗമായിത്തീർന്നു' എന്നു പ്രസ്താവിച്ചിട്ടുണ്ട്. അത്രമാത്രം അദ്ദേഹം ജീവിച്ചത് ഹൃദയത്തിലാണ്. താൻ ജീവിച്ചിരിക്കുന്നു എന്നു ഉറപ്പുവരുത്താനായി ആത്മാവിഷ്കാരത്തിൽ അദ്ദേഹം കേന്ദ്രീകരിച്ചു.

പുതുപ്പണത്താണ് അദ്ദേഹത്തിൻ്റെ ജനനം. മടപ്പള്ളി കോളജിലും ബ്രണ്ണൻ  കോളജിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം അദ്ദേഹം ഇടതുപക്ഷത്ത് സജീവരാഷ്ട്രീയപ്രവർത്തകനായി. കെ.എസ്.എഫ്,എസ്,എഫ്.ഐ എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു.തുടർന്ന് വിവിധ സാംസ്കാരിക സംഘടനകളിൽ  പ്രവർത്തിച്ചു .ചിന്ത പബ്ളീഷേഴ്സിൻ്റെ മുഖ്യപത്രാധിപരായിരുന്നു .ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. അബൂബക്കറിൻ്റെ 'മുറിവേറ്റവരുടെ യാത്രകൾ,' 'കടൽ' എന്നീ നോവലുകൾ ശ്രദ്ധേയമാണ്. പുതിയ മാനവിക വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത് .ഭാരതയുദ്ധം , കുമ്പാരന്റെ പാത്രങ്ങൾ, യാത്രയ്ക്ക് മുമ്പ് , മുറിവേറ്റവരുടെ തടാകം ,ഭൂമിയുടെ കണ്ണ്, തുഗ്ളക്കിൻ്റെ പല്ല് തുടങ്ങിയ കൃതികൾക്ക് പുറമെ 'സമ്പൂർണ്ണകവിത'യും പ്രസിദ്ധീകരിച്ചു.

വ്യക്തിപരമായ ഓർമ്മകൾ ഒഴിവാക്കിയതിനെപ്പറ്റി അബൂബക്കർ പറയുന്നത് ഇതാണ് :"ചില ഓർമ്മകൾ എഴുതുന്നില്ല. വെറും വൈയക്തികമായ അനുഭവങ്ങളും അനുഭൂതികളും എഴുതി എന്തിനാണ് പേജ് നിറയ്ക്കുന്നത് ? അവയിൽ വായനക്കാർക്ക് അല്പമാത്രമായ താൽപര്യം പോലുമുണ്ടാവില്ല." തൻ്റെ വീടിനെക്കുറിച്ച് അദ്ദേഹം ഗൃഹാതുരത്വത്തോടെ എഴുതുന്നു: " വീട്ടിലെ പ്രധാന കഥാപാത്രം ഉപ്പ തന്നെ. വീടിനകത്ത് അധികാരങ്ങളെല്ലാം ഉമ്മയ്ക്ക് . ശരിക്കും വീടർ തന്നെ. പണ്ടുകാലത്ത് ഭാര്യമാരെ വീടർ എന്നു വിശേഷിപ്പിച്ചിരുന്നു. വീട് നോക്കി നടത്തുന്നയാൾ എന്ന നിലയ്ക്കാവണം അത്.കുടുംബിനിയുടെ വേറൊരു ഭാഷാപ്രയോഗം."

ഒരു കവിക്കു ആത്മകഥയിൽ കവിതയെക്കുറിച്ച് ആത്മഗതമുണ്ടാകുന്നത് സ്വാഭാവികമാണ് .കോളജു ക്ളാസുകളിൽ ആംഗലേയകവിത പഠിച്ചതിൻ്റെ രാഗവിലോലസ്മൃതികൾ ഗ്രന്ഥകാരനു ഒഴിവാക്കാനാവില്ല. ബ്രൗണിംഗിൻ്റെ The Last Ride together, റൂപർട്ട് ബ്രൂക്കിൻ്റെ Great Lover, വിൽഫ്രഡ് ഓവൻ്റെ Insensibility, വില്യം വേർഡ്‌സ്വർ ത്തിൻ്റെ Daffodiles(Solitary Reaper?) ഷെല്ലിയുടെ Skylark ഇവയൊക്കെയാണ് പഠിച്ചത്. നിലനിറത്തിലുള്ള മേഘക്കാടുകൾ, കമ്പിളി സ്പർശങ്ങൾ ,മഞ്ഞലയിലുണ്ടാകുന്ന കാൽപ്പാടുകൾ, നീർക്കുഴികൾ നിറയെ ലഭിച്ച ഭൂതകാലം;ഇവ ഓർത്തുകൊണ്ട് ഭാവിയിൽ എന്താകുമെന്നും മരണാനന്തരം ഏതൊരിരുട്ടാണ്  തന്നെ നേരിടുകയെന്നും അസ്വസ്ഥമാവുന്ന ഒരു മനസ്സാണ് റൂപർട്ട് ബ്രൂക്കിൻ്റെ കവിതയിലുള്ളത്. റോബർട്ട് ബ്രൗണിങ്ങിന്റെ നാടകീയ സ്വഗാതാഖ്യാനങ്ങളിലൊന്നാണ് The last Ride Together. വികാരവിക്ഷുബ്ധവും സ്മരണകളുണർത്തുന്നതുമായ  ഒരവസാന യാത്രയ്ക്കായി തന്റെ കാമിനിയോടഭ്യർത്ഥിക്കുന്ന കവിതയാണത്. ഒരുമിച്ചുള്ള ഈ യാത്ര, അവസാനയാത്ര ഒരിക്കലുമവസാനിക്കല്ലേയെന്ന  മോഹമാണ് കവിക്കുള്ളത്. "

ഇതൊക്കെയാണ് ഒരു ആത്മകഥയെ അർത്ഥവത്താക്കുന്നതെന്ന് എനിക്ക് തോന്നുന്നു .കാപ്പി കുടിച്ചതും ഊണുകഴിച്ചതും സവാരി ചെയ്തതും എഴുതുന്നതിൽ യാതൊരു താൽപര്യമില്ല അബൂബക്കറിന്. അദ്ദേഹം ഒരു സീരിയസ് കവിയാണ്, എഴുത്തുകാരനാണ് .ആ സീരിയസ്സ്നസ് ഈ ആത്മകഥയിലുണ്ട്. 

പറന്നു പോയ ദിനങ്ങൾ 

പേരാമ്പ്രയിലെ സുഹൃത്‌സംഗമങ്ങൾ ഗ്രന്ഥകാരന്റെ മനസ്സിൽ ഇപ്പോഴും വികാരാവേശമായി നിലനിൽക്കുന്നുണ്ട്.ഒരാളെ ജീവിപ്പിച്ചത് എന്തായിരിക്കും? സങ്കടങ്ങളാണോ? സങ്കടങ്ങൾ തീർച്ചയായും നമ്മെ ഉരുക്കുന്നുണ്ട്, മാറ്റിമറിക്കുന്നുണ്ട്. സങ്കടങ്ങൾ നമുക്ക് ശുദ്ധിനേടാനുള്ള അവസരമാണ്. സങ്കടങ്ങളിലൂടെ മനസിലെ മാലിന്യം നീങ്ങുകയാണ്. സങ്കടങ്ങളുടെ ഓർമ്മകളിൽ നിന്നു പ്രതീക്ഷകളിലേക്കാണ് ഉയരാനുള്ളത്. അബൂബക്കറിന്റെ ആത്മകഥയിൽ ഇതു നിഴലിക്കുന്നുണ്ട്. പറന്നുപോയ ദിനങ്ങൾ മനസ്സിൽ ഒരു ശാന്തിതീരം സൃഷ്ടിച്ചിരിക്കുന്നു. വ്യർത്ഥതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഊർജം അതിലുണ്ട്.

പേരാമ്പ്രയിലെ സുഹൃത്തുക്കളോടൊപ്പം സഹവസിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: " കവിതയുടെ റിപ്പബ്ലിക്കിൽ നിന്നു പുറത്തുപോകാൻ ഒരിടമുണ്ടായിരുന്നില്ല .ചിലപ്പോൾ നിശ്ശബ്ദവും ചിലപ്പോൾ ശബ്ദമുഖരിതവുമായ പോരാട്ടങ്ങളുടെ വഴികളിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. സമൂഹമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു ഏത് ജീവിതവും മതിയാവും .എല്ലാ മനുഷ്യരും നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട്. വിദ്യാർഥിയായാലും അദ്ധ്യാപകനായാലും തൊഴിലാളിയായാലും കൃഷിക്കാരനായാലും എല്ലാം അതാണ് സ്ഥിതി. അതുപോലെ തന്നെയാണ് കവിത .എവിടെയും കവിതയ്ക്ക് തുറസുകളുണ്ട്. മനസ് വെറുതെ തുറന്നു വച്ചാൽ മതി. ഏതൊക്കെ കവിത ഏതൊക്കെ കാലത്ത് എഴുതിയെന്നൊന്നും പറയാനാവില്ല. എഴുതുന്നത് മാത്രമല്ല കവിത .ഓരോ പോരാട്ടവും ഒരു കവിതയാണ്. ഓരോ നാടകവും ഒരു കവിതയാണ്." ജീവിതത്തിലെ ഓരോ അനുഭവത്തിലും കവിത കാണുന്നവനാണ് കവി. കവിതയ്ക്ക് വേണ്ടി മലമുകളിലേക്കോ  ആശ്രമത്തിലേക്കോ പണിശാലയിലേക്കോ പോകേണ്ട; കവിത എല്ലായിടത്തുമുണ്ട് .പാർട്ടി പ്രവർത്തനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവക്ഷകൾ മനസ്സിലാക്കിയ അബൂബക്കർ ജീവിതത്തിൻ്റെ മുഖ്യപങ്കും ആദർശലക്ഷ്യങ്ങളെ മുന്നിൽ കണ്ടാണ് സഞ്ചരിച്ചത്. അദ്ദേഹം അതിനായി നന്നായി അധ്വാനിച്ചു. മുഷിച്ചിലില്ലാതെ ജോലിയെടുക്കുന്ന ഒരു സന്നദ്ധഭടനെ ഈ താളുകളിൽ കാണാം. ക്ഷീണിക്കാത്ത പ്രതിഭയാണദ്ദേഹം.  അനുഭവങ്ങളുടെ ചൂടുകൊണ്ട് പതം വന്ന മനസ്സ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമാണ്. കാവ്യകേളി എന്ന സാംസ്കാരികവേദിയുടെ പ്രവർത്തനകാലത്തെ അദ്ദേഹം ഓർക്കുന്നു. ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററായപ്പോൾ കാവ്യകേളി അബൂബക്കറെ ആദരിച്ചു.
"പുസ്തകപ്രസാധനം എനിക്ക് ബാലികേറാമലയാണ്.വീട് കേന്ദ്രമായി 'സഹ്യപ്രസാധന' എന്നൊരു പ്രസിദ്ധീകരണസാഹസം നടത്തിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധം ചെയ്ത് കാണാനുള്ള മോഹമായിരുന്നു അതിൻ്റെ പ്രചോദനം. ഒരുതരം ആർത്തി. അത്തരമനുഭവത്തിൻ്റെ ബലത്തിൽ ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററാവാൻ പറ്റില്ല. ഏതായാലും പുതിയ നിയമനത്തിനുള്ള പാരിതോഷികമാണ് കാവ്യകേളി തന്നത്.വി.കെ.എൻ എഴുതിയ 'പത്രാധിപരുടെ വ്യസനം' എന്ന പുസ്തകം .പത്രാധിപർ എന്നാൽ ഒരു വ്യസനം തന്നെയാണ്. വ്യസനിക്കലുണ്ട്, വ്യസിക്കലുമുണ്ട്. ക്ഷമിക്കുക, അങ്ങനെയൊരു ക്രിയാപദമണ്ടോ എന്നറിയില്ല. മുന്നിൽ ശബ്ദതാരാവലിയില്ല .വ്യസനിക്കുന്നയാളാവണമല്ലോ വ്യാസൻ .പണ്ടുപണ്ടേ നിലവിലുള്ള കുറെയേറെ കഥകൾ ശരിയായ രീതിയിൽ സജ്ജീകരിച്ച ,വ്യസിച്ച ,മഹാപ്രതിഭയാണല്ലോ വ്യാസൻ .വ്യസനം എന്ന വാക്ക്  വല്ലാത്ത മുനകളുള്ള ഒരു വാക്കാണ്. അത് സങ്കടവും സജ്ജീകരണവുമാണ്. വാക്കിൻ്റെ നാനാർത്ഥങ്ങളിലേക്ക് പോയി തനിക്കാവശ്യമായ സൂക്ഷ്മതകൾ തേടാൻ അബൂബക്കറിനു സിദ്ധിയുണ്ട് .

സ്നേഹബന്ധങ്ങളിൽ തിരയുന്നത് 

എഴുത്ത് ഓൺലൈനിൽ(2009, ഒക്ടോബർ 31) പ്രസിദ്ധീകരിച്ച അബൂബക്കറിന്റെ
'And my soul claims her wholesome'
എന്ന കവിത ഓർക്കുകയാണ്:

"Today morning 
Birds lost their feathers
Plants their flowers
Mountains their dales
Dear it's horns 
And I lost my pen
Piercing out of my heart
The lark has flown away
Heavens have claimed her songs 
Angels her smiles
God her soul
And my soul claims her wholesome."

ആർക്കും അപഹരിക്കാനാവാത്ത ആന്തരികസൗന്ദര്യത്തെയാണ് കവി ലക്ഷ്യം വയ്ക്കുന്നത്. എല്ലാം നഷ്ടമാണ്. അല്ലെങ്കിൽ നഷ്ടപ്പെടാനുള്ളതാണ്. എല്ലാം തൻ്റെ മനസ്സിൽ ഭദ്രമാണെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. ലോകജീവിതത്തിന്റെ വാഴ്വിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കിടയിലും ആത്മാവിന്റെ രാഷ്ട്രീയത്തിൽ അദ്ദേഹം വിശ്വസിക്കുന്നു. താൻ ജീവൻ്റെ അവകാശത്തിനും സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന പ്രഖ്യാപനമാണത്. അദ്ദേഹം എഴുതുന്നു: "വിധിയിലൊന്നും വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നത്. പക്ഷേ എവിടെയും തനതായ ഒരു വഴി എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. പോരാട്ടത്തിന്റെ ഈ വഴി ജീനുകളിലുള്ളതാവാൻ വഴിയൊന്നുമില്ല. കുട്ടിയായിരിക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുമ്പോഴും  മുന്നിലുണ്ടായിരുന്ന ഈ എതിർപക്ഷവീഥി അധ്യാപകനായപ്പോഴും എൻ്റെ മുന്നിൽ തുറന്നുകിടന്നിരുന്നു. അടിയന്തരാവസ്ഥയിലും ഈ വഴി തന്നെയാണ് താണ്ടിക്കടക്കാനുണ്ടായിരുന്നത്. "

'മുറിവേറ്റവരുടെ യാത്രകൾ' എന്ന നോവലിൽ തങ്ങളുടെ ചരിത്രമെന്താണെന്നു അന്വേഷിക്കുന്ന ഒരു വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മുറിവുകളിൽ വീണുകിടന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ എഴുതുന്നത്.ആത്മാവ് പൂർവ്വാർജിതമായ ഉള്ളടക്കമാണെന്നു ചിന്തിക്കുന്നു. മായൻ മുസലിയാരെ പൂർവികരുടെ നിലയിൽ പ്രതിഷ്ഠിച്ച്  എഴുത്തു തുടങ്ങി. അത് സത്യത്തെ കണ്ടെത്തലായിരുന്നു. ആത്മപുരാവൃത്തിന്റെ ഏടുകൾ മറിക്കുന്നത് ഇങ്ങനെയാണ് .



കാലവും ദേശവും ഗണിച്ചെടുക്കുകയെന്നത് കൂടുതൽ പ്രയാസമുള്ളൊരു പ്രക്രിയയാണ്. അവിടെ ചിലപ്പോൾ ചരിത്രം പരാജയപ്പെടുന്നു. അപ്പോൾ മിത്തുകളെ ആശ്രയിക്കേണ്ടി വരുന്നു.കേട്ടുകേൾവികളും കെട്ടുകഥകളുമാണ് മിത്തുകളായി മാറുന്നത്. തുടക്കത്തിൽ സംഭവങ്ങളോടുള്ള ലഘുവായ കുട്ടിച്ചേർക്കലുകളാണ് മിത്തുകളായി മാറുക. പിന്നെ കൂട്ടിച്ചേർക്കലുകൾ  പ്രധാന സംഭവത്തെ നിഷേധിച്ചു കളയുന്നു. ഇങ്ങനെയുണ്ടാകുന്ന ഐതീഹ്യങ്ങളിൽ നിന്നു സത്യവും വസ്തുതയും  വേർതിരിച്ചെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതിലും ദുഷ്ക്കരമാണ് പൂർവ്വികരുടെ ശാഖകളിൽ നിന്ന് പലതരത്തിലുള്ള മാനവബന്ധങ്ങൾ വേർതിരിച്ചെടുക്കുകയെന്നത്.വലിയൊരു വൃക്ഷം പോലെയെന്നു പറയാമോ? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വലിയൊരു വടവൃക്ഷം ?ശാഖോപശാഖകളായി പടർന്നുപന്തലിച്ചു നിൽക്കുന്നൊരു മരം? വടവൃക്ഷങ്ങളുടെ നാടാണ് വടകരയെന്നു കേട്ടിട്ടുണ്ട്. വടകരയെന്ന പേരിൻ്റെ നിഷ്പത്തിയന്വേഷിക്കുന്നവരെത്തിച്ചേരുന്ന നിഗമനമിതാവാം."
സ്വന്തം ജീവിതത്തെ ഓർമ്മകളിലും ചരിത്രത്തിലും പുസ്തകങ്ങളിലും സ്നേഹബന്ധങ്ങളിലും തിരയുന്ന ഒരു കവിയുടെ ആത്മകഥയാണിത്. ഇതിൽ ഗ്രന്ഥകാരൻ സ്വയം വിധിക്കുന്നില്ല. സഹജീവികളോടു സംവദിക്കുകയാണ്. 


  • , 

  •  or 

  • Wednesday, August 14, 2024

    കൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ

     


    മഞ്ചിറയിൽ നിന്നു വന്ന കർഷകരുടെ
    കൈയിൽ പാവയ്ക്കയുടെയും
    പടവലങ്ങയുടെയും
    പയറിൻ്റെയും വലിയ  കെട്ടുകളുണ്ടായിരുന്നു.

    ചോരക്കുഴി പാലത്തിനു കിഴക്കുവശത്തു നിന്നു
    വന്നവർക്ക് വിൽക്കാൻ
    ചേമ്പും വാഴക്കുലകളുമുണ്ടായിരുന്നു

    പുറ്റാനി മലയിൽ നിന്നു കാളിയും കാളനും വന്നത്
    മുറ്റമടിക്കാനുള്ള ചൂലുകളുമായാണ്.

    പുതുവേലിയിലെ കർഷകരുടെ
    പോത്തുകൾ ഗ്രാമത്തോടിനു (ചന്തത്തോട്)സമീപം
    ഒന്നിടഞ്ഞു .

    കോഴിപ്പിള്ളിയിൽ നിന്നും
    മൂങ്ങാംകുന്നിൽ നിന്നും
    വീട്ടമ്മമാർ
    കിലോമീറ്ററുകൾ നടന്നു വന്നു ,
    മീൻ മേടിക്കാൻ.

    വടകരയിലെയും വാളിയപ്പാടത്തെയും
    വല്യപ്പന്മാർ
    കൂത്താട്ടുകുളം കപ്പ വാങ്ങാതെ
    മടങ്ങില്ല.
    കൂത്താട്ടുകുളം അയലക്കറിക്ക്
    കപ്പ വേണം .

    കിഴകൊമ്പിലെ കാളകൾ
    പുലർച്ചെ തന്നെ എത്തിയിരുന്നു.
    ചമ്പമലയിലെ കോഴികളും
    ഒലിയപ്പുറത്തെ ആടുകളും
    ചന്തയിൽ അണിഞ്ഞൊരുങ്ങി നിന്നു .

    കാരമലയിൽ നിന്നുള്ള
    കമുക് കയറ്റക്കാർ
    അങ്ങാടി വാണിഭം കഴിഞ്ഞ്
    കൂത്താട്ടുകുളം ഷാപ്പിലെത്തി
    സീറ്റുറപ്പിച്ചു. തെങ്ങ് ,പന ,
    ചാളക്കറി ,മുട്ട ,കപ്പ പുഴുങ്ങിയത് ,മീൻ കറി ,
    പോത്തിറച്ചി...

    കരിമ്പനയിലെയും കാപ്പിപ്പിളളിയിലെയും
    ആടുകച്ചവടക്കാർക്ക്
    എന്നും വിജയം

    ആറൂരിലെ നാളികേര കർഷകർ
    രാവിലെ തന്നെ തേങ്ങ വിറ്റു മടങ്ങും

    ചന്തയിൽ കുന്നു പോലെ കാണപ്പെട്ട
    ഉണക്കച്ചെമ്മീൻ വാങ്ങി
    പഴയ റോഡിലെയും കുളമ്പാടത്തെയും
    അമ്പലംകുന്നിലെയും
    പെണ്ണുങ്ങൾ ഉച്ചയൂണുണ്ടാക്കാനായി
    വീട്ടിലേക്ക് പാഞ്ഞു.

    ചന്തറോഡിൽ ലുങ്കികൾ ,സ്റ്റീൽ പാത്രങ്ങൾ ,കിണറുവലകൾ ,പ്ളാസ്റ്റിക് വീട്ടുപകരണങ്ങൾ .

    ഓർമ്മകൾ മാതാപിതാക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറന്ന്
    അനാഥരായി; ഇതല്ല ,ഇതല്ല ...

    മാഞ്ഞു പോയ മുഖങ്ങളെ ഓർമ്മിക്കാനായി
    ഏതോ അപരിചിതൻ
    ഉറുമ്പൻ കാട്ടിലെ കരിങ്കല്ലിൽ
    ഒരു കാട്ടില പറിച്ചു വച്ചു;
    അരുവിയിൽ മുക്കിയ
    തോർത്തിൽ നിന്നു കീറിയെടുത്ത
    ഒരു തിരി, അതിൽ കിഴക്കു പടിഞ്ഞാറായി വച്ചു.
    തീപ്പെട്ടിയുരച്ച് ആ തിരി കത്തിച്ചു:
    '*അഗ്നയേ ഇദം ന മമ'

    * ഹേ അഗ്നേ ,ഇത്എനിക്കുള്ളതല്ല ,അങ്ങേയ്ക്കുള്ളതാണ് .




    Saturday, August 24, 2019

    ശ്രീനാരായണായ: അസ്തിത്വരഹസ്യത്തെക്കുറിച്ച്/രാജൻ സി എം

     
    എം കെ ഹരികുമാർ


    എം കെ ഹരികുമാറിൻ്റെ  ‘ശ്രീനാരായണായ’ എന്ന മിസ്റ്റിക് നോവലിനെ ക്കുറിച്ചൊരു കുറിപ്പ് 
    എന്താണ് ജീവിതം?
    ഹരികുമാർ അതിനുത്തരമായ് പറയുക ഇങ്ങനെയായിരിക്കും:
    ക്ഷണം പ്രതിയുള്ള നിരാസവും നിർമ്മിതിയുമാണ് ഏതു ജീവിതവും. നിരാസവും നിർമ്മാണവും ബോധപൂർവം ആകണമെന്ന അർത്ഥത്തോടെ മാത്രമല്ല; ഇല്ലാതാവുകയും, ആയിത്തീരുകയും എന്ന അർത്ഥത്തോടും കൂടിയാണ് . കല്ലില്ലാതായി വെള്ളമായ് തീരുകയും, ജലമില്ലാതായ് അഗ്നിയാവുകയും, അഗ്നി ആകാശമാവുകയും, അങ്ങനെയങ്ങനെ
    . . . Life is a flux, you cannot step into the same river twice എന്ന് ഹെരാക്ലിറ്റസ്‌ പറഞ്ഞതോർക്കുന്നു. . .
    നിരാസനിർമ്മിതികളുടെ കേളീഗൃഹമാകുന്നൂ പ്രപഞ്ചം. ‘നേതി, നേതി’ എന്ന നിഷേധത്തിലൂടെ ഉണ്മയെ സാക്ഷാൽക്കരിച്ച്, ആ ഉണ്മയും ഒരില്ലായ്മ ആണെന്ന് കണ്ടെത്തി, ഉണ്മയ്ക്കും  ഇല്ലായ്മയ്ക്കും മീതെയാണ് പരമസത്യമെന്ന് ഉപനിഷത്തുകൾ കണ്ടെത്തിയതു അനുഭവിച്ചറിഞ്ഞ ഗുരുവിൻ്റെ ആത്മപ്രപഞ്ചമാണ് ഹരികുമാറിൻ്റെ ‘ശ്രീനാരായണായ’  എന്ന നോവലിൻ്റെ വിഷയം. ഇതിവൃത്തം.
    “നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയേ നീക്കി-
    സ്സായൂജ്യം നൽകുമാര്യനും”
    എന്നു ഗുരു പാടിയതിലെ സായൂജ്യത്തിലേക്കുള്ള വഴികാട്ടിയെന്ന വിശേഷണവും ഈ നോവലിന് ചേരും.
    മോഹനാംഗൻ എന്ന കല്പിത പത്രാധിപർ ഏകോപിപ്പിച്ച, പതിനഞ്ചു പേരുടെ, ആഖ്യാനങ്ങളുടെയും ഉപാഖ്യാനങ്ങളുടെയും സഞ്ചയമായ ഈ നോവലിൻ്റെ ഇതിവൃത്തം വികസിക്കുന്നത് സോക്രാറ്റിക്ക്  സങ്കേതത്തിലൂടെയാണ്. സോക്രട്ടീസിനു മുമ്പ് ഉപനിഷത്തിലുള്ള സങ്കേതം. കഴിഞ്ഞ നൂറ്റാണ്ടിൽ ജെ. കൃഷ്‌ണമൂർത്തി ആശയവിനിമയത്തിന് ഉപയോഗിച്ച സങ്കേതം. The dialogic method. പ്രസ്തുത സങ്കേതത്തിലൂടെ ഇവിടെ വിനിമയം ചെയ്യപ്പെടുന്നതും അതേ അസ്തിത്വരഹസ്യാന്വേഷണം തന്നെ; കൂടുതൽ വാപുല്യത്തോടെ.
    പക്ഷേ, ‘ശ്രീ നാരായണായ’ ഗുരുവിൻ്റെ ജീവചരിത്രമല്ല. ജീവചരിത്രം ഒരു ഭൂതകാലരേഖയാണ്.(മാനസികമായ്) ഭൂതകാലമില്ലാത്ത, വർത്തമാനത്തിൽ കൊഴിയുന്ന നിമിഷങ്ങളെ അപ്പോഴപ്പോൾത്തന്നെ നിരസിച്ച്, നിരന്തരം ചരിക്കുന്ന ഗുരുവിൻ്റെ ചരിത്രമറിഞ്ഞിട്ട് പ്രത്യേകിച്ച് എന്തു പ്രയോജനം! സ്വന്തമായ ഒരു സ്വത്വം നിർമ്മിച്ച് അതിൽ സ്ഥിരവാസമാക്കേണ്ടുന്നവർക്കേ ഭൂതത്തെകൊണ്ട് ഉപകാരമുള്ളൂ. അവർ സ്വന്തം നിഗമനങ്ങളിലെത്തി അവിടം നിത്യതാവളമാക്കുന്നു. അതവർ സ്വന്തം ലാവണങ്ങളായ് സംരക്ഷിച്ചു പോരുന്നു. ഞാൻ ഭാരതീയൻ, കേരളീയൻ,ഹിന്ദു, മാപ്പിള, കമ്മ്യൂണിസ്റ്റ്,ആത്മീയവാദി  ഇത്യാദി നിഗമനങ്ങൾ യാഥാർഥ്യമെന്നു നണ്ണി, അവരാ താവളങ്ങളിൽ ഇരുന്നു മരിക്കുന്നു. അവർക്കു പാരമ്പര്യവും ചരിത്രവുമില്ലാതെ, സ്വത്വബോധമില്ല. പരിവ്രാജകനും, അവധൂതനും താവളങ്ങളെ തള്ളി, നിത്യനൂതനത്വത്തിലേക്ക് സദാ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ ചരിത്രം, ഭൗതിക ഭൂതകാലം അപ്രസക്തം. അവരുടെ അസ്തിത്വരഹസ്യാന്വേഷണമാണ് കാര്യം.  അത്തരമൊരു സഞ്ചാരിയുടെ  അസ്തിത്വരഹസ്യത്തെക്കുറിച്ചുള്ള സത്യാന്വേഷണ സംത്രാസങ്ങളുടെ സംഗ്രഹമാണ് ‘ശ്രീനാരായണായ’.
    നിരാകരിച്ചും, നിർമ്മിച്ചുമാണ് ഗുരുദേവൻ്റെ ജീവിതപ്രഗമനം. പഴമയുടെ അഴുക്കും,  മുൻവിധികളുടെ നാറ്റവുമുള്ള ദൈവം, ആത്മാവ്, എന്നീ സങ്കല്പങ്ങളെ നിരസിച്ച്, നവദൈവ, നവദൈവാലയ നിർമ്മിതിക്കൊരുങ്ങിയ ഗുരുദേവൻ നിരാസനിർമ്മാണങ്ങളുടെ പ്രയോക്താവായിരുന്നു. ദൈവമുണ്ടോ? ഇല്ല! ദൈവമില്ലേ? ഉണ്ടല്ലോ! എന്നിങ്ങനെ ശ്രീബുദ്ധനെപ്പോലെ ഉത്തരമരുളാനുള്ള  വിവേകശാലിയായിരുന്നൂ ഗുരു. ഓഷോയെപ്പോലെ കൃഷ്ണനെയും, ബുദ്ധനെയും, യേശുവെയും ഒരേപോലെ തിരസ്കരിക്കാനും സ്വീകരിക്കാനും, സത്യം ഈ ദ്വൈതങ്ങൾക്കു മീതയാണെന്ന് അനുഭവിപ്പിക്കാനും കഴിഞ്ഞ ഗുരുവിൻ്റെ സത്തയും സത്യവും അറിയാനും അനുഭവിക്കാനുമുള്ള പര്യവേക്ഷണമാണ് ഹരികുമാറിൻ്റെ ‘ശ്രീനാരായണായ’. നിരാസ, നിർമ്മാണങ്ങളുടെ ഒരു ലാവണ്യോത്സവം.
    രാജൻ സി എം
    എന്താണ് ജീവിതം എന്ന ചോദ്യത്തോടൊപ്പം, എന്താണ് ലോകമെന്നും ‘ശ്രീനാരായണായ’ ആരായുന്നു. ഡോ. വില്യമിൻ്റെ ഗുരുകഥക്ക് പവിത്രം എൻ.  കുന്നുമ്പാറ  എന്ന കവയിത്രി എഴുതിയ വ്യഖാനത്തിലൂടെ അതിനുള്ള സമാധാനം വെളിപ്പെടുന്നുണ്ട്: “ഏതു വസ്തുവിനെയും നാം സൃഷ്ടിക്കുന്നു. എങ്ങിനെ? മനസ്സിൽ വരുന്ന വ്യാജചിന്തകൊണ്ടു തന്നെ. നിമിഷം തോറും മാറുന്ന ചിന്തകൊണ്ട് നാം ഈ സാങ്കൽപ്പിക, നശ്വര, പ്രതീതി ലോകത്തെ പണിയുന്നു.” കാര്യമിങ്ങനെയെങ്കിൽ, ഈ ലോകം നാം ഓരോരുത്തരുടെയും പ്രതീതി മാത്രമാകുന്നു. അതിനാൽ, ലോകത്തെ മാറ്റുന്നതിന് മനസ്സ് (ചിന്ത) മാറ്റിയാൽ മതിയാകും. മനസ്സു മാറുന്നതിനനുസൃതമായി ലോകവും മാറിമറിയും. ഇന്നത്തെ ലോകമാകില്ലാ, നാളത്തെ ലോകം. മനസ്സു കരുണാമയമാകുമ്പോൾ ലോകവും കരുണാമയമാകുന്നു. “ഒരു പീഡയെറുമ്പിനും വരാ” എന്ന പ്രാർത്ഥന യാഥാർഥ്യമാകാനുള്ള സാദ്ധ്യത സംജാതമാകുന്നു.  പവിത്രത്തെ തന്നെ ഉദ്ധരിക്കട്ടെ: “സ്ഥലത്തിൻ്റെയും, കാലത്തിൻ്റെയും, ഭാവനയുടെയും, സമ്മിശ്രമായ ചേർച്ചയിലൂടെ നാം സംവേദനങ്ങളുടെ പുതിയ ആഭ്യന്തര, ബാഹ്യപ്രപഞ്ചങ്ങൾ മെനഞ്ഞെടുക്കുന്നു.”
    പ്രകൃതി, കാലം, മനുഷ്യൻ, ശരീരം, ആത്മാവ്, ജ്ഞാനം, അനാത്മജ്ഞാനം, ഈശ്വരൻ എന്നിത്യാദികളെക്കുറിച്ചുള്ള ജ്ഞാനവ്യവഹാരങ്ങളിലൂടെയുള്ള ഭാവനാപ്രയാണമായ ഈ നോവൽ അറിവെന്തെന്നറിവാക്കിത്തരുന്നുണ്ട്. ഒരു വസ്തുവിനെയറിയാൻ, ആ വസ്‌തുതന്നെയാകുക. പൈക്കളെ മേയ്ക്കാൻ പോയ മുനികുമാരൻ പശുവിനെയറിയാൻ പശുവായതുപോലെ. മുള വരക്കാൻ പണ്ടൊരു ചിത്രകാരൻ മുളയായ് തീർന്നതു പോലെ. അനാത്മജ്ഞാനമാണ് ജാതിഭേദത്തിനും മതദ്വേഷത്തിനും കാരണമെന്ന് ഗുരു പറയുമ്പോൾ, അവയില്ലാതാവാൻ അവനവൻ അപരനായി തീർന്നാൽ മതിയെന്നതാണീ അറിവിൻ്റെ വിസ്മയം. അവനവൻ ആത്മസുഖത്തിനായ് ആചരിക്കുന്നവയെല്ലാം അപരന് ഹിതമായിരിക്കണമെന്നു പറഞ്ഞതിന് അപ്പോൾ പുതിയൊരു അർത്ഥതലം അറിവിനെക്കുറിച്ചുള്ള ഈയറിവ് പ്രദാനം ചെയ്യുന്നു.

    മനുഷ്യൻ എന്താണ് എന്ന ചോദ്യവും പ്രസക്തമാണ്. ഒരാൾ ഒരാളല്ല. പല ആളുകളാണ്. വിഭിന്നദിശകളിലേക്ക് വിരുദ്ധ ചോദനകൾ വലിച്ചുകൊണ്ട് പോകുന്ന വികേന്ദ്രീയമായ പല ആളുകളാണ് ഒരാൾ. രാഗം/ ദ്വേഷം; ക്രൗര്യം/ കരുണ; ഹിംസ/ അഹിംസ എന്നിങ്ങനെയുള്ള ദ്വന്ദങ്ങൾ ഒരേ ശക്തിയുടെ വിഭിന്ന ഭാവങ്ങളെന്ന് അനുഭവിച്ച് (ധൈഷണികമായ് മനസ്സിലാക്കിയല്), എല്ലാം ഒരു ഊർജ്ജത്തിലേക്കു വിലയിപ്പിച്ച്, ആ ഊർജ്ജം കരുണയാണെന്നു [പ്രേമമെന്നും, അഹിംസയെന്നും അതിനെ വിളിക്കാം)അനുഭവച്ചറിഞ്ഞയാളാണ് ഗുരുദേവൻ. ഓരോ യുഗത്തിലും ഓരോ വാക്കിനും വരുന്ന അർത്ഥച്യുതി മനസ്സിലാക്കി, പ്രേമത്തിനു  കരുണയെന്ന് പേരിട്ട ഗുരുദേവൻ. ആ പ്രേമത്തിൻ്റെ കാവ്യസൗന്ദര്യമാണ് നമ്മൾ ആശാൻ്റെ കവിതകളിൽ കണ്ടത്.
    ആരാണ് ഗുരു? അതു ഞാൻ തന്നെ. ഇതുവരേക്കും ഞാൻ അനുഭവമായറിയാതിരുന്ന ഞാൻ. അതറിയുന്നതോടെ, അനുഭവിക്കുന്നതിലൂടെ, അപ്രയത്നമായ ആത്മനിരാസത്തിലൂടെ ഞാനില്ലാതാകുന്നു; ഗുരുവും. കബീർ പാടിയതുപോലെ തുള്ളി കടലിലെന്നല്ല, കടൽ തുള്ളിയിൽ സമാഹൃതമാകുന്നു.
    ഗുരുസത്ത പ്രപഞ്ചസത്തയാകുന്നു.
    ഗുരുസത്തയിലേക്കു തുറന്നുവച്ച പതിനഞ്ചു വാതായനങ്ങളുടെയും, ഉപകവാടങ്ങളുടേയും സംഘാതമാണ് ‘ശ്രീനാരായണായ’. ഈ കവാടങ്ങളിലൂടെ ലഭ്യമാകുന്ന ദർശനത്തിലൂടെ, ഗുരുദേവൻ്റെ സത്ത ആത്മീയ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ തലങ്ങളിലൂടെ ബഹുമാനങ്ങൾ കൈവരിക്കുന്നു. ഗുരുവിനെ ഒരു സ്ഥലത്തു കുറ്റിയടിച്ച്  സ്ഥാപിക്കാൻ പറ്റുന്ന വിഗ്രഹമാക്കുന്നത് അസാദ്ധ്യവും അസംബന്ധവുമാക്കുന്നു.
    സൂക്ഷ്മസംവേദനസ്പർശിനികൾ വികസിപ്പിച്ചെടുത്തിട്ടില്ലാത്തവരെ ഈ നോവൽ നിരാശപ്പെടുത്തിയേക്കും. നോവലിനു നിയതമായ ഒരു നിർവ്വചനം രചിച്ചുവച്ചിരിക്കുന്നവരെ ഇതു പരിഭ്രമിപ്പിക്കും. കവിതയിലും കവിഞ്ഞ കവിതയാണ് ഉപനിഷത്തുക്കൾ എന്ന പോലെ, ഇതു നോവലിലും കവിഞ്ഞ നോവലാണ്. ഭാവിയിലെ നോവൽ കഥയും, കവിതയും, വാസ്തവ പ്രസ്താവങ്ങളും, റിപ്പോർട്ടുകളും, സങ്കരശൈലികളും നിറഞ്ഞതായിരിക്കുമെന്ന് അമിതാവ് ഘോഷ് പറഞ്ഞതായോർക്കുന്നു. അത്രയും സങ്കീർണ്ണമല്ലെങ്കിലും സാധാരണ കാണാത്ത ഒരു ആഖ്യാനസങ്കേതമാണ് ഈ നോവലിലുള്ളത്. കഥയുണ്ട്. കവിതയുണ്ട്. ദർശനദീപ്തിയുണ്ട്. സന്ദർഭോചിതമായ ഭാഷണഭേദമുണ്ട്. വസ്തുതകളും മിത്തുകളുമുണ്ട്.  ഉപമേയങ്ങളെ തീക്ഷ്ണമാക്കുന്ന ഉപമാനങ്ങളുണ്ട്. പുലർകാലഹിമകണങ്ങളെ വൈഡൂര്യമാക്കുന്ന പ്രതിഭയുടെ മനോജ്ഞ പ്രഭയുണ്ട്.
    ‘ഖസാക്കി’ലാരംഭിച്ച്, ‘ഗുരുസാഗര’ത്തിലൂടെ വളർന്ന്, ‘മധുരം ഗായതി’യിലൂടെ പടർന്ന വിജയൻ്റെ ഭാഷാലാവണ്യം ‘ശ്രീനാരായണാ’യിൽ പുഷ്ടിയും വ്യാപ്തിയും പ്രാപിച്ചു വിലസുന്നു.  ഒരു കൊച്ചുദാഹരണമിതാ:
    “മരുത്വാമലയുടെ നിശ്ശബ്ദതയിൽ മഴയ്ക്കും കാറ്റിനുമിടയിലൂടെ കാലത്തിൻ്റെ പൊരുൾ തേടാൻ ശ്രമിച്ച യുവാവ് ഒരു ഗുരുവായ് മാറുകയായിരുന്നു.ബോധത്തിനുള്ളിലെ സൂക്ഷ്മകോശങ്ങളിൽ മലയുടെയും മഹർഷിമാരുടെയും സംഭാഷണങ്ങൾ പ്രപഞ്ചാണുക്കളുടെ പുതിയ വഴിത്താര രൂപപ്പെടുത്തി. അതിലൂടെ അദൃശ്യവും വികേന്ദ്രീകൃത്യവുമായ ഒരു ജൈവധാരയുടെ സംഘനൃത്തം കടന്നുപോവുകയായി.”
    വിജയൻ്റെ ഭാഷയെ മാത്രമല്ല ഈ നോവൽ അതിശയിക്കുന്നത്; വിജയൻ്റെ അസ്തിത്വാന്വേഷണത്തെയും അതതിശയിക്കുന്നു.  വിജയൻ്റെ  അസ്തിത്വാന്വേഷണത്തെ അതിൻ്റെ ഉച്ചകോടിയിലെത്തിക്കുന്നു.
    അസ്തിത്വത്തെക്കുറിച്ചുള്ള നൂതനമായ ഒരുൾക്കാഴ്ചയോ, ഇതുവരെ അനുഭവവേദ്യമാകാത്ത ഒരനുഭൂതിയോ അരുളാത്ത ഒരു നോവൽ മ്ലേച്ഛമാണെന്ന ഒരഭിപ്രായമുണ്ട്. പുതിയൊരുൾകാഴ്ച്ചയും നൂതനമായൊരനുഭൂതിയും, തീർച്ചയായും, ഈ നോവൽ അനുവാചകനിലേക്ക് പകരുന്നുണ്ട്.
    ‘ശ്രീനാരായണായ’ ഒരു മിസ്റ്റിക്ക് നോവലാണ്. മലയാളത്തിലെ പ്രഥമ മിസ്റ്റിക്ക് നോവൽ. വൈക്കം ചന്ദ്രശേഖരൻ നായരുടെ ‘സ്‌മൃതികാവ്യ’ത്തിന് ഒരു മിസ്റ്റിക് നോവലാകാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ, അതു വിവിധ നാഗരികതകളുടെ, സംസ്കാരങ്ങളുടെ, ഓർമ്മക്കുറിപ്പുകളായ് ചുരുങ്ങുകയാണുണ്ടായത്.  യോഗാനുഭൂതിയുടെ കവിതകൾ മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്; ജിയുടെയും, പിയുടെയും ചില കവിതകൾ വിശേഷിച്ചും. കവിതകളിൽനിന്ന് യോഗാനുഭൂതി അപ്രത്യക്ഷമായിട്ട് ദശകങ്ങളായി. കവിതകളിൽനിന്ന് അപ്രത്യക്ഷമായ ആ അനുഭൂതി, ചേതനയുടെ പരിധിയെ വികസിപ്പിച്ചുകൊണ്ട്, അപരിമേയമായ ഭാഷാലാവണ്യത്തോടെ  ‘ശ്രീനാരായണായി’ൽ പ്രത്യക്ഷമായിരിക്കുന്നു.

    Thursday, August 15, 2019