Followers

Saturday, June 20, 2026

കോവിഡ് മഹാമാരി സാംസ്കാരികമായ പെരിസ്ട്രോയ്ക്ക : എം.കെ.ഹരികുമാർ

 

റിപ്പോർട്ട്: വെബ് ഡെസ്ക് 

കറുകച്ചാൽ :കോവിഡ് മഹാമാരി മനുഷ്യജീവിതത്തിലും വായനയിലും സമൂലമായ സാംസ്കാരിക പകരംവെയിപ്പിന് (Shift) ഇടവരുത്തിയതായി എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കോട്ടയം കറുകച്ചാൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നവമാധ്യമകാലത്തെ വായന എന്ന വിഷയത്തിൽ വായനാദിനത്തോടനുബന്ധിച്ച് പ്ളസ് ടു കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച വിശേഷാൽ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നവമാധ്യമ കാലത്തെ വായന എന്ന വിഷയത്തിൽ എം.കെ. ഹരികുമാർ പ്രഭാഷണം നടത്തുന്നു  

 

ഹരികുമാറിൻ്റെ പ്രസംഗത്തിൽ നിന്ന് :


കോവിഡിന്റെ ദുരന്തസ്വഭാവത്തെ മറക്കുന്നില്ല. നമുക്ക് അനേകം പേരെ നഷ്ടപ്പെട്ടു .അപ്രതീക്ഷിതമായ ഭയത്തിൽ നിന്ന് കരകയറാനാകാതെ ധാരാളം പേർ കുഴഞ്ഞു വീണു.എന്നാൽ ഇത് സമൂഹത്തിൽ സൃഷ്ടിച്ച ഗതിമാറ്റം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ബുദ്ധിപരവും സാങ്കേതികവും വൈജ്ഞാനികവും സർഗാത്മകവുമായ മുൻധാരണകളെ കടപുഴക്കുകയും പുതിയ പെരിസ്ട്രോയ്ക്ക (Peristroika, പുനക്രമീകരണം)ക്ക് കളമൊരുക്കുകയും ചെയ്തു.ഇതിനെ  സാംസ്കാരികമായ പരിവർത്തനം(cultural shift )എന്നു പറയാം. നാം തുടർന്ന് വന്ന ജീവിതശൈലിക്കും അഭിവീക്ഷണത്തിനും  വിജ്ഞാനപരതയ്ക്കും മാറ്റമുണ്ടായി. നാം കരുതി വച്ചിരുന്ന ജീവിത മാതൃകകൾ അപ്രസക്തമായി. ഒരു സ്മാർട്ട് ഫോണും ലാപ്ടോപ്പും ഇന്റർനെറ്റും യഥേഷ്ടം ഏത് പ്രായക്കാർക്കും ഏത് സമയത്തും ഉപയോഗിക്കാനുള്ള അവകാശം സ്ഥാപിച്ചു എന്നതാണ് പ്രധാന വിപ്ലവം.  ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും പേപ്പറിലെ വിജ്ഞാനം കൊണ്ട് തൃപ്തിപ്പെടണമായിരുന്നു.


  പുസ്തകത്തെ മാത്രം ആശ്രയിച്ചാണ് പഠിച്ചിരുന്നത്. തൊട്ടരികിൽ  വലിയൊരു ഇൻഫർമേഷൻ സൂപ്പർ ഹൈവേ കടന്നുപോകുന്നത് അവരറിഞ്ഞിരുന്നില്ല .അന്ന് ചില അധ്യാപകർ കുട്ടികളോട് നിഷ്കർഷിച്ചിരുന്നത് സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നായിരുന്നു. ഫോൺ കൈയിലിരിക്കുന്നത് കണ്ടാൽ ശിക്ഷിക്കുമായിരുന്നു. മെസേജ്  അയയ്ക്കാവുന്ന ഫോൺ പോലും ഉപയോഗിക്കരുതെന്നാണ് അധ്യാപകർ ശഠിച്ചിരുന്നത്. കോവിഡ് വന്നതോടെ ഒറ്റ രാത്രികൊണ്ടാണ് ആ ശാസനകൾ  അപ്രത്യക്ഷമായത് .ഫോൺ ഒരു നിത്യോപയോഗ വസ്തുവായി മാറി. അധ്യാപകർ തന്നെ ഫോൺ വാങ്ങണമെന്ന് കുട്ടികളോട് പറയാൻ തുടങ്ങി .സർക്കാർ മാർഗ്ഗനിർദേശം വന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്മാർട്ട് മൊബൈൽ ഫോൺ വന്നു ചേർന്നു. വിവിധ സംഘടനകൾ ഫോണുകൾ വാങ്ങി വിദ്യാർഥികൾക്ക് സമ്മാനിച്ചു. ലാപ്ടോപ്പ് ഒരു നിത്യ പഠനോപകരണമായി. ഇൻ്റർനെറ്റിൻ്റെ ലോകം തുറന്നു കിട്ടി. മൊബൈൽ ഫോണിലൂടെ പഠനം ആരംഭിച്ചു.യോഗങ്ങളും പഠനക്ളാസുകളും ഫോണിലൂടെ നടത്താനായി.സ്ഥലവും കാലവും അപ്രത്യക്ഷമായി. ഒരു ക്ളാസ് റൂം നിശ്ചിത സ്ഥലത്താണ് നാം കണ്ടിട്ടുള്ളത്. അതിന് നിശ്ചിത സമയം ഉണ്ടായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള അലംഘനീയമായ സങ്കൽപ്പങ്ങൾ തകിടം മറിഞ്ഞു. പകരം ഏത് സമയത്തും ഏതു സ്ഥലത്തും വിദ്യാഭ്യാസം സാധ്യമായി. അധ്യാപകർ വിദ്യാർഥികളുടെ അടുത്തേക്ക് പോകേണ്ട; അവർ ഓൺലൈനിൽ  എവിടെയെങ്കിലുമുള്ള വിദ്യാർത്ഥികളുമായി സംവദിച്ചു.ഇത് വിപ്ലവകരമായ ഒരു ചുവടുമാറ്റമായിരുന്നു. വിദ്യാർഥികൾ എന്നത്തേക്കാൾ സ്വതന്ത്രരായി. അവർക്ക് മുന്നിൽ ഒരു വലിയ വിജ്ഞാനശേഖരം തുറക്കപ്പെട്ടു. അവർ വായനയും പഠനവും മറ്റൊരു  രീതിയിലേക്ക് വഴി തിരിച്ചുവിട്ടു. അവർക്ക് കൂടുതൽ ലോകപരിചയം കൈവന്നു. പാഠപുസ്തകങ്ങളിൽ നിന്ന് അറിവിൻ്റെ ഡിജിറ്റൽ ലോകത്തേക്ക് അവർ യാത്ര ചെയ്തു. ഇത് യഥാർത്ഥത്തിൽ ഉത്തര- ഉത്തരാധുനികമായ പരിവർത്തനമായിരുന്നു.
 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആധുനികതയും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉത്തരാധുനികതയും ആവിർഭവിച്ചു. ആധുനികത പാരമ്പര്യത്തെ നിഷേധിച്ച് പുതിയ രൂപങ്ങളും പ്രമേയങ്ങളും കണ്ടുപിടിച്ചു .ഉത്തരാധുനികതയാകട്ടെ അടിച്ചമർത്തപ്പെട്ടവരുടെയും തദ്ദേശീയമായി ഒറ്റപ്പെട്ടവരുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എല്ലാ പരമ്പരാഗത ആഖ്യാനങ്ങളെയും തള്ളിപ്പറഞ്ഞു .ഡിജിറ്റൽ ,ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉദയത്തോടെ ആഗോള സാംസ്കാരിക പഠനങ്ങൾക്ക് പകരം സാമൂഹികമായ ഒത്തുചേരലും ജാതിമതങ്ങൾക്കപ്പുറമുള്ള സൗഹൃദവും വിശ്വമാനവജാതിയും പ്രമേയങ്ങളായി കരുത്താർജിച്ചു.ശരിക്കും ഉത്തര- ഉത്തരാധുനികത(Post Postmodernism)യുടെ ജീവിതപശ്ചാത്തലത്തിലേക്ക് ലോകം മാറിയത് കോവിഡിൻ്റെ വരവോടെയാണ്. ലോകം നമ്മെ തടവറയിലാക്കുമ്പോൾ നാം എങ്ങനെ സ്വതന്ത്രരാകുന്നു എന്ന പാഠമാണ് ബോധ്യമായത്. ഇത് വായനയിൽ പുതിയ വഴികൾ തുറന്നു. ലൈബ്രറികളിൽ പോകാൻ കഴിയാത്തവർക്കും പഠിക്കാം. ഏത് വിജ്ഞാനവും ഓൺലൈനിൽ ലഭിക്കും. സൗജന്യമായി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് വായിക്കാം.  യാത്ര ചെയ്യാതെ തന്നെ പുസ്തകങ്ങളുടെ അടുത്ത് ചെല്ലാൻ കഴിഞ്ഞു .വായിക്കാൻ സ്വന്തം സമയം തിരഞ്ഞെടുക്കാനായി. ഉത്തര- ഉത്തരാധുനികത നവമാധ്യമ കാലത്തെ പ്രവണതയാണ്. മനുഷ്യൻ അവൻ്റെ സംവേദനത്തിന്റെ ശരിയായ ഉടമയാവുകയാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിൽ കളിക്കുന്നവനാണ് കളിയുടെ ഭാവി നിശ്ചയിക്കുന്നത്. എന്നാൽ ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ 'വായിക്കുന്നവന് ആദ്യ പേജിൽ നിന്ന് വായിച്ചു തുടങ്ങാനാണ് വിധി. ഇടയ്ക്ക് ഏതെങ്കിലും പേജ് വായിച്ചാൽ അത് അപൂർണമായിരിക്കും. ഒരു നോവൽ ഒരു സമ്പൂർണ ശില്പമാണ്. അത് മുറിച്ചെടുക്കാനാവില്ല. അതിൻ്റെ അനുഭവം പൂർണ്ണമാകുന്നത് ആ ടെക്സ്റ്റിന്റെ സമ്പൂർണ്ണതയിലാണ്. എന്നാൽ ഒരു ഗെയിമിൽ, ടിവി പ്രോഗ്രാമിൽ നമുക്ക് സമ്പൂർണ്ണമായ ശില്പത്തെ മൊത്തമായി ഏറ്റെടുക്കുകയോ കാണുകയോ വേണ്ട. ഒരു ടിവിയിലെ പ്രോഗ്രാം ഏത് സമയത്തും നിരീക്ഷിക്കാം. അരമണിക്കൂര്‍ വീക്ഷിച്ചാൽ മതിയെന്ന് തീരുമാനിക്കാൻ അവകാശമുണ്ട് .അത് നമ്മുടെ തിരഞ്ഞെടുപ്പാണ്. മുഴുവൻ ടിവി പ്രോഗ്രാമുകളും കാണേണ്ടതില്ല. അങ്ങനെ ആരും ഉദ്ദേശിക്കുന്നില്ല. ഒരു പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് മതിയാകും.
 

 നമുക്ക് തുണ്ടുകളായി അനുഭവങ്ങൾ പങ്കിടാം.പുസ്തകങ്ങൾ അങ്ങനെയല്ല; അത് അഖണ്ഡമായി നിൽക്കുകയാണ്.കരമസോവ് സഹോദരന്മാരിൽ മാറ്റം വരുത്താൻ  നമുക്ക് അവകാശമില്ല. അത് ദസ്തയെവ്സ്കി തീരുമാനിച്ചതാണ്.  അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ എടുത്തു മാറ്റാനോ നമുക്ക് അവകാശമില്ല.എന്നാൽ ഒരു ഫോൺ ഇൻ പ്രോഗ്രാമിൽ നമുക്ക് സ്വന്തം അഭിപ്രായം കൂട്ടിച്ചേർക്കാം. ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് കണ്ടൻറ് ഉണ്ടാക്കുന്നത് ;പ്രോഗ്രാം പ്രൊഡ്യൂസറല്ല.കണ്ടൻ്റ് നിർദ്ദേശിക്കാൻ സംഘാടകർക്ക് സാധിക്കും. അതിൽ ചിലത് കൂട്ടിച്ചേർക്കാൻ പങ്കെടുക്കുന്നവർക്കാണ് കഴിയുക. ഇവിടെ മത്സരാർത്ഥിക്ക് സ്വന്തം ആധികാരികസ്ഥാനം (Authoriality) കിട്ടുന്നു. എന്നാൽ 'കരമസോവ് സഹോദരന്മാർ' വായിക്കുന്നവർക്ക് ഇത് കിട്ടുകയില്ല. വായിക്കുന്നവന് ഇഷ്ടം പോലെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമേയുള്ളൂ. ഉത്തര- ഉത്തരാധുനികതയിൽ എഡിറ്റർ മരിച്ചു. വാർത്തകൾ തനിയെ കടന്നു വരികയാണ് .അത് ഉറവിടത്തിൽ തന്നെ പ്രേക്ഷകർ കേൾക്കുന്നു.  ടെലിവിഷനിലെ വാർത്തകൾ തൽസമയം കേൾക്കുകയാണ്. വഴിയരികിലോ പ്രസ് ക്ലബ്ബുകളിലോ  ആളുകൾ പറയുന്നത് അതേപടി കേൾക്കാൻ നമുക്ക് അവസരമുണ്ടാകുന്നു. എന്നാൽ അച്ചടി മാധ്യമങ്ങളുടെ കാലത്ത് നാം എഡിറ്റ് ചെയ്ത ടെക്സ്റ്റാണ് വായിച്ചിരുന്നത്.
എഴുത്തുകാരന്റെ ആധികാരികത ഉത്തര- ഉത്തരാധുനികതയിലില്ല. അവിടെ വ്യാജമായതും വിൽക്കപ്പെടുന്നു. ഒറിജിനൽ വേണ്ട.  ഒരാൾ വ്യാജവാർത്ത സൃഷ്ടിച്ചാൽ അതിനും പ്രേക്ഷകരുണ്ട്. ഇരുപതും മുപ്പതും പേജുള്ള പത്രങ്ങൾ ഇക്കാലത്ത് അസൗകര്യമാണ്. തുടർച്ചയായി പത്രം വായിക്കാൻ സമയം കിട്ടുകയില്ല .കാരണം പത്രത്തേക്കാൾ ബഹുമുഖമായ അറിവുകളുള്ള മൊബൈൽ ഫോൺ അരികിലുണ്ടെന്ന് ഓർക്കണം. അവിടെ ഒരു പുസ്തകമോ പത്രമോ വായിക്കുന്നതുപോലെ അഖണ്ഡമായി, ഒന്നും പൂർണമായി ഉപഭോഗം  ചെയ്യേണ്ടതില്ല. ഒരു തുണ്ട് സംഗീതമോ ഷോർട്ട് റീലോ ധാരാളമാണ്. വിദ്യാർഥികളായ നിങ്ങൾക്ക് പതിറ്റാണ്ടിനു മുൻപുണ്ടായിരുന്നതിനേക്കാൾ വിപുലമായ സാധ്യതകളുണ്ട്. നിങ്ങൾക്ക് പ്രിൻറ് മാധ്യമവും ഡിജിറ്റൽ മാധ്യമവും ഒരുപോലെ ആസ്വദിക്കാം. നിങ്ങൾ വായിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഒരു പുസ്തകമോ ഫോണോ പോരാ; അഭിരുചി വേണം.അഭിരുചി എന്നത് പ്രത്യേകതരം സാഹിത്യകൃതികൾ വായിക്കാനുള്ള ശിക്ഷണമല്ല ;അത് ഏത് വഴിക്ക് നാം മുന്നോട്ട് നീങ്ങണമെന്ന കാര്യത്തിലുള്ള ആകർഷണമാണ്. ഒരു ലൈബ്രറിയിൽ ചെന്നാൽ ഒരറ്റം മുതൽ വായിക്കാനാവില്ല. 
 

ഏത് പുസ്തകം വായിക്കണമെന്ന് തീരുമാനിക്കുന്നത് അഭിരുചിയാണ് .അഭിരുചി കണ്ടെത്താൻ ഏതാനും പേജുകൾ വെറുതെ വായിച്ചാൽ മതി. അതിൽ ഏതെങ്കിലും ഒരു വാചകമോ പദ്യശകലമോ പാരഗ്രാഫോ ആകർഷിക്കാതിരിക്കില്ല. പിന്നെ അത് തുടരുകയാണ് വേണ്ടത്. അതിൻ്റെ ചുവടുപിടിച്ചു വായിച്ചുകൊണ്ടിരിക്കുക. ഒരു ദിവസം അഞ്ചുമിനിറ്റ് വായിക്കാൻ മാറ്റി വയ്ക്കുകയാണെങ്കിൽ ഒരു രുചി തനിയെ രൂപപ്പെടാതിരിക്കില്ല.
 കുട്ടികളായതുകൊണ്ട് കുട്ടികളുടെ സാഹിത്യം തന്നെ വായിക്കണമെന്നില്ല. നിങ്ങൾ മുതിർന്നവരാകാൻ പോവുകയാണ് .നിങ്ങൾ മുതിർന്നവരാകുന്ന കാലത്ത് സ്വയം ചോദിക്കാനുള്ള ചോദ്യങ്ങളുണ്ട് .ആ കാലത്ത് അറിഞ്ഞിരിക്കേണ്ട, ആസ്വദിക്കേണ്ട പുസ്തകങ്ങളും കലയും ഉണ്ടായിരിക്കും. അതൊന്നും നിങ്ങൾ മനസ്സിലാക്കിയിട്ടില്ലെന്ന് അറിയുമ്പോൾ പിന്നോട്ട് പോയി വായിക്കാനോ പഠിക്കാനോ കഴിയുകയില്ല. അതുകൊണ്ട് യുവാവായിരിക്കെ തന്നെ മുതിർന്നവരുടെ ചിന്തകളും ഉൾക്കൊള്ളണം.അപ്പോൾ നിങ്ങൾ മുതിർന്നതിനുശേഷമുള്ള കാലം അർത്ഥവത്തായിരിക്കും. ആ കാലത്ത് നിങ്ങൾക്ക് വായനയുടെ ഒരു ഭൂതകാലമുണ്ടായിരിക്കും. ഭൂതകാലം ഉണ്ടായിരിക്കുന്നത് മഹത്തായ ഒരു രുചിയുടെ ഭാഗമാണ് .ഒരു അഭിരുചിയുണ്ടെങ്കിൽ അതിനു വേണ്ടി നാം എന്തെങ്കിലും ചെയ്യാതിരിക്കില്ല. നിരന്തരം അത് സംരക്ഷിക്കാൻ പരിശ്രമിക്കും. അപ്പോൾ നാം പുതുക്കപ്പെടും. ഏറ്റവും വലിയ കാര്യങ്ങൾ പോലും അപ്പോൾ അനാവശ്യമായ വേവലാതിയോ സമ്മർദ്ദമോ ഉണ്ടാക്കില്ല. നാം  പ്രവർത്തനനിരതരാണെന്ന തോന്നലുണ്ടാകും.ഞാൻ യുവാവായായിരുന്നപ്പോൾ രഘു റായി എടുത്ത ഫോട്ടോകൾ ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ കണ്ടിട്ടുണ്ട്. രഘുറായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ അഭിരുചി വളർത്തിയ വലിയ കലാകാരനാണ് .ജീവിതകാലമത്രയും ഫോട്ടോകളിൽ ജീവിച്ചു. 
 

 ഗംഗാനദിയെക്കുറിച്ച് അദ്ദേഹം എടുത്ത ഫോട്ടോകൾ കണ്ടതോർക്കുന്നു. അങ്ങനെയൊരു അഭിരുചിയാണ് രഘുറായിയെ നമ്മുടെ അടുത്ത് എത്തിച്ചത്. അതുപോലൊരു അഭിരുചി സ്വന്തമാക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം.അമേരിക്കൻ അതീന്ദ്രിയവാദിയും പരിസ്ഥിതിവാദിയുമായിരുന്ന തോറോയുടെ 'വാൽഡൻ' എന്ന  പുസ്തകം പ്രശസ്തമാണല്ലോ.നാഗരിക ലോകത്ത് നിന്ന് മാറി ജീവിക്കാൻ അദ്ദേഹം വനത്തിനുള്ളിലേക്ക് പോയി. അവിടെ വാൽഡൻ തടാകതീരത്ത് രണ്ട് വർഷം കുടിൽകെട്ടി താമസിച്ചു.ആ കാലത്തെക്കുറിച്ച് അദ്ദേഹം 'വാൾഡനി'ൽ എഴുതിയിട്ടുണ്ട്. അതിൽ കൊതുകിന്റെ ശബ്ദത്തെക്കുറിച്ച് ,അതിൻ്റെ സംഗീതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
നേരിയ ശബ്ദം പോലും ഈ ലോകത്ത് എത്ര വിലപ്പെട്ടതാണെന്ന് തോറോ എഴുതുന്നു.ഒരു കാട്ടിൽ ഒറ്റയ്ക്ക് താമസിച്ചപ്പോൾ നാഗരിക ജീവിയായിരുന്ന അദ്ദേഹത്തിൻ്റെ മനസിന് അതുവരെ അജ്ഞാതമായിരുന്ന അനേകം സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു .ഇതും ഒരു അഭിരുചിയാണ്. ഒരു മനുഷ്യനായി തീരാൻ വേണ്ടി നാം മായികമായ ഒരു അഭിരുചി സ്വന്തമാക്കുക .അഭിരുചി ദൈവമാണ്. റഷ്യൻ വംശജനായ വ്ളാഡിമിർ നബോക്കോവ്  അമേരിക്കയിൽ പോയി ജീവിച്ചു. ലോലിത ,പെയ്ൽ ഫയർ എന്നീ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ പ്രധാനമാണ് നബോക്കോവിന് ചിത്രശലഭങ്ങളോടുള്ള  താൽപര്യം. അദ്ദേഹം ആ താല്പര്യങ്ങളെ ബലികഴിച്ചില്ല. ചിത്രശലഭങ്ങളെ  പിന്തുടർന്ന് അദ്ദേഹം അവരിലൊരാളായി. താൻ താമസിക്കുന്നിടത്ത് ചിത്രശലഭങ്ങൾക്ക് വേണ്ടി ഒരു ഉദ്യാനം തന്നെ തയ്യാറാക്കി. മനുഷ്യനിൽ നാം കാണാത്ത സൗന്ദര്യമാണിത്.ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരാൾ ചോദിച്ചു. എത്രയോ പുസ്തകങ്ങളുണ്ട്! റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ പേര് പറയണം .അദേഹത്തിൻ്റെ  കുറിപ്പുകൾ പിൽക്കാലത്ത് Meditations എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത് നന്ദിയോടെ ഓർക്കുകയാണ്. 
 
രഘു റായ് 

അത് വായിക്കണം.നിങ്ങൾ സ്വന്തമായി എന്തെങ്കിലും കുറിക്കണം.ഡയറിക്കുറിപ്പുകൾ എഴുതാം .അത് പിന്നീട് ജീവിതത്തിന് ഒരർത്ഥം നൽകാതിരിക്കില്ല .ഞാൻ ചിത്രശലഭങ്ങളെ നിരീക്ഷിക്കാറുണ്ട്.കാണുന്നതിൻ്റെ സന്തോഷമാണത്. ശലഭങ്ങൾക്ക് നമ്മേക്കാൾ എളുപ്പത്തിൽ ആനന്ദം കിട്ടുന്നു എന്നാണ് ഞാൻ കരുതുന്നത്. നമുക്ക് ആനന്ദം നേടാൻ സഹസ്രാര പത്മത്തിലെത്തണം. നമ്മുടെ പ്രകൃതത്തിൽ അന്തിമവും അതുല്യവുമായ ആനന്ദം ഇല്ലെന്നാണ് ഇത് അർത്ഥമാക്കുന്നത് .അപ്പോൾ നാം ഒരു ശലഭത്തിനോട് തോറ്റു എന്ന് സമ്മതിക്കണം. നമ്മളിലെ ആനന്ദത്തെ കണ്ടെത്താൻ നമുക്ക് ശലഭങ്ങളാവാം.  അങ്ങനെ നാം പൂന്തോട്ടങ്ങളിൽ പോവുകയാണെങ്കിൽ നമുക്ക് പ്രായം കുറയും .ശ്രീകൃഷ്ണന്റെ പ്രായം 16 എന്ന് പറയുന്നത് ശ്രീകൃഷ്ണനിലെ വിശുദ്ധവും ആഴമുള്ളതുമായ അഭിരുചിയുടെ സ്ഥിരതയാണ് കാണിക്കുന്നത്. തപസ്സിലൂടെയും മന നത്തിലൂടെയും അറിവ് നേടിയ കൃഷ്ണന് അമാനുഷികമായ ശക്തിയുണ്ടായിരുന്നു. അതാണ് അഭിരുചിയുടെ മഹത്വം .ഈ നവ മാധ്യമകാലത്ത് നമുക്ക് എന്തും എഴുതാം ,വായിക്കാം. നാം സ്വതന്ത്രരാണ്. സൗജന്യമായി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന ഇൻറർനെറ്റ് സൈറ്റുകളുണ്ട്. നമുക്ക് ഒരു അഭിരുചി ഇല്ലാതാവുന്നതാണ് ഏറ്റവും വലിയ പരാജയം. അതിനെതിരെ ഈ വായനാദിനത്തിൽ പോരാടാം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാൻ തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് എല്ലാവരും ഫോൺ ഓഫാക്കണമെന്നാണ്. ഓണാക്കി വെച്ചാൽ അദ്ദേഹം എവിടെയാണെന്ന്   ശത്രുക്കൾ മനസിലാക്കുമെന്നും അത് അദ്ദേഹത്തെ അപായപ്പെടുത്താൻ ഇടവരുത്തുമെന്നുമാണ് അവിടെ  പറഞ്ഞതിന്റെ സാരം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ശരിക്കും എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ഒരു വിവരം വന്നിട്ടില്ല. അതിൽ നടത്തുന്ന ഇടപെടലുകൾ, ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലുമുള്ള പരതലുകൾ ഒരു സെർച്ച് ഹിസ്റ്ററി സൃഷ്ടിക്കുന്നുണ്ട്. അത് ഡേറ്റ എന്ന നിലയിൽ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നില്ല എന്ന് പറയാനാവില്ല. അത് എവിടെയോ സൂക്ഷിക്കപ്പെടുന്നുണ്ടാവണം. ഓരോ വ്യക്തിക്കും സെർച്ച് ഹിസ്റ്ററിയുണ്ട്. അത് മറ്റൊരാളുടെ പോലെയല്ല. ഈ സെർച്ച് ഹിസ്റ്ററി രഹസ്യമാണെന്ന് കരുതരുത്. അത് നാളെ എവിടെയെങ്കിലും പുനരാഖ്യാനം ചെയ്തേക്കാം .അതുകൊണ്ട് വളരെ നേരത്തെ നമ്മെ വിട്ടു പോയ സത്യൻ ,നസീർ തുടങ്ങിയവരോട് ആദരവ് തോന്നുകയാണ് .കാരണം മരിച്ചവർ ഭാഗ്യവാന്മാരാണ് ! അവർക്ക് സെർച്ച് ഹിസ്റ്ററിയില്ല. അതുകൊണ്ട് ആർക്കും അത് ചോർത്താൻ ഇടവരുത്തില്ല. ഇക്കാര്യത്തിൽ നമ്മൾ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്- ഹരികുമാർ പറഞ്ഞു.

റിച്ചാർഡ് സ്റ്റാൾമാൻ 


സ്കൂൾ അധ്യാപകൻ ഡോ. പി.എൻ. രാജേഷ്കുമാറിന്റെ 'നീലഗിരിയിലെ ഞായറാഴ്ചകൾ'(ബോധി ബുക്സ്)എന്ന കവിതാസമാഹാരം അക്ഷരായനം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രകാശനം ചെയ്തു.എം.കെ. ഹരികുമാർ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ മനു എം നായർ ,ഹെഡ്മാസ്റ്റർ എൻ. ബിജുകുമാർ, എൻ. പ്രബോധ് ,ഗീത ടീച്ചർ ,ബിന്ദു എസ് നായർ ,മിഥുന്‍ സി മനുരാജ് ,ബിന്ദു ആർ നായർ, ബി. ശ്രീകുമാർ, പ്രിയ കെ ജി ,ആരോമൽ എം നായർ, അനീറ്റ ബി.റ്റിറ്റോ എന്നിവർ പ്രസംഗിച്ചു.
 
 
 

ഡോ. പി.എൻ. രാജേഷ്കുമാർ രചിച്ച 'നീലഗിരിയിലെ ഞായറാഴ്ചകൾ' എന്ന കവിതാസമാഹാരം വിദ്യാർത്ഥികൾ പ്രകാശനം ചെയ്യുന്നു




 




കോളജ് പ്രിൻസിപ്പൽ മനു എം.നായർ  എം.കെ.ഹരികുമാറിന് ഉപഹാരം സമ്മാനിക്കുന്നു .ഹെഡ്മാസ്റ്റർ എൻ. ബിജുകുമാർ സമീപം .