Followers

Thursday, June 4, 2026

അവ്യയാനന്ദ സ്വാമിയുടെ പുസ്തകം:ഗുരുചിന്തയുടെ കാവ്യശിലാപത്മങ്ങൾ എം.കെ.ഹരികുമാർ

 

 



 

അവ്യയാനന്ദ സ്വാമി രചിച്ച ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ തീർത്ഥാടനത്തെ അനുഭവമായി വ്യാഖ്യാനിക്കുന്ന ആദ്യകൃതിയാണ്. 

 

 

ദീർഘകാലമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റിൽ അംഗമായി പ്രവർത്തിക്കുകയും വിവിധ ചുമതലകളേറ്റെടുത്ത് മാതൃകാപരമായി ഗുരുസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള അവ്യയാനന്ദസ്വാമിയുടെ ഗ്രന്ഥരചനാ പാടവവും സാഹിത്യതാൽപര്യവും എല്ലാവർക്കും അറിവുള്ളതാണല്ലോ. പതിറ്റാണ്ടുകളായി,അദ്ദേഹം ഗുരുദർശനത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാനുഭവഗീതിയെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ട് അധികകാലമായിട്ടില്ല. ഗുരുസൂക്തങ്ങളെപ്പറ്റി സദാചിന്തിക്കുകയും ആശയങ്ങളെ പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന സ്വാമിയുടെ ശൈലിയിൽ കവിതയുടെ പരാഗങ്ങൾ വീണുകിടപ്പുണ്ട്.കാവ്യപരമായ ചിന്തയാണിത്. ഉപമകളും അലങ്കാരങ്ങളും സ്വാമിയുടെ ഭാഷയിൽ കലരുന്നു. ഗുരുവിന്റെ കൃതികളിലെ സാഹിതീയമായ പൊരുൾ അന്വേഷിക്കുന്ന മേഖലയാണ് അവ്യയാനന്ദ സ്വാമിയുടേത്. ‘ശിവഗിരിയുടെ താഴ്വരയിൽ”ഗുരുപ്പെരുമ’,ദൈവദശക വ്യാഖ്യാനം എന്നീ കൃതികളിൽ ഇത്  തെളിഞ്ഞുകാണാം. സ്വാമിയുടെ രചനകളെ വേറിട്ട് നിർത്തുന്നത് അതിൻ്റെ വേദാന്ത വ്യാഖ്യാനങ്ങളല്ല; സഹൃദയത്വത്തിൻ്റെ സമ്മോഹനമായ ലീലയും ഭാവനയുമാണ്. ഒരു സഹൃദയനായ മനുഷ്യൻ ഗുരുസാഹിത്യത്തെ നോക്കിക്കാണുന്നതിന്റെ സാരള്യം ഇവിടെ കാണാം.

വേദാന്ത വ്യാഖ്യാനങ്ങളുടെ കഠിനമായി വഴികളിലേക്ക് പോകുന്നതിനു പകരം ഗുരുവിൻ്റെ രചനകളിലെ സൗന്ദര്യത്തെയാണ് സ്വാമി തേടുന്നത്.

സ്വാമിയുടെ സാഹിത്യസംരംഭങ്ങളെ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകമാണിത്. സ്വാമി ആത്മീയാന്വേഷകനായിരിക്കെ  തന്നെ കാല്പനികമായ ആലോചനകളുടെയും കാവ്യപരമായ ഭവനകളുടെയും കേന്ദ്രമാണ്. ആത്മഭാവത്തിന്‍റെ വൈകാരികമായ പ്രതിഛായ സൃഷ്ടിക്കുന്നതിൽ സ്വാമിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. വായനക്കാരനിൽ ഭാവനയുടെ ആവേശം നിറയ്ക്കാനും അവനെ സ്വപ്നത്തിലൂടെ ആത്മഹർഷത്തിലേക്ക് ഉയർത്താനും സ്വാമിയുടെ എഴുത്തുകൾക്ക്  കഴിഞ്ഞിട്ടുണ്ട്.

ഒരു ഭാവഗാനം പോലെ 

സാഹിത്യപരമായ ഉന്മാദമാണത്. ഈ പന്ഥാവിൽ സ്വാമി കൈവരിച്ച വലിയ വിജയമാണ് ‘തീർത്ഥാടനപാഥേയം’ എന്ന പുതിയ കൃതി.ഇത് 2013 ൽ  പ്രസിദ്ധീകരിച്ചതാണ്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ ശിവഗിരി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.നാല്  പുതിയ ലേഖനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.പാഥേയം പൊതിച്ചോറാണ്. തീർത്ഥാടനത്തിനു പോകുന്നവന്റെ പൊതിച്ചോറാണത് .ഓരോ തീർത്ഥാടകനും കൈയിൽ കരുതുന്നതും സമയമനുസരിച്ച് അനുധ്യാനം ചെയ്യുന്നതുമായ കൃതിയാണിതെന്ന് അതിൻ്റെ തലവാചകത്തിൽ നിന്നു തന്നെ സൂചിതമാവുന്നു. ഗുരുകൃതിയുടെ വ്യാഖ്യാനമല്ല, അത് ആത്മാനുരാശിയായ ഒരു പരിവ്റാജകനിൽ സൃഷ്ടിക്കുന്ന ഭാവരൂപമാണ് സ്വാമി പിന്തുടരുന്നത്. അത് അനുരണങ്ങളുണ്ടാക്കുകയാണ്. യുക്തിക്കപ്പുറത്ത് ഭാവാത്മകമായ ഒരു ഗാനം പോലെ ഗുരുസാന്നിധ്യവും ഗുരുസാഹിത്യവും മനസ്സിൽ മുഴങ്ങുകയാണ്. ആ പാഥേയത്തെക്കുറിച്ച് സ്വാമിക്കുണ്ടായ ഉൾവെളിച്ചം അദ്ദേഹം ഏതാനും വാചകങ്ങളിൽ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്:

‘”ഇത് ശിവഗിരിക്കുന്ന് കയറിവരുന്ന ഗുരുദേവ ഭക്തർക്കുള്ളതാണ് – തീർത്ഥാടനപാഥേയം. ദയയാണ് പാചകൻ .ഗുരുദേവദർശനത്തിന്റെ ജീവനാണ് ദയ അഥവാ അനുകമ്പ .ഗുരുദേവൻ ‘ദൈവദശക’ത്തിൽ ദയാസിന്ധു എന്നാണ് ദൈവത്തെ കൽപന ചെയ്തിരിക്കുന്നത്. നമ്മുടെ വാക്കുകളിലെ ദയ ആത്മവിശ്വാസം പകരും .ചിന്തയിലെ ദയ വിനയം പകരും.ദാനത്തിലെ ദയ സ്നേഹം മടക്കിത്തരും .ഹൃദയത്തിലെ ദയ ദൈവത്തോട് ചേർത്ത് നിർത്തും. ഹൃദയത്തിലെ ദയ ദൈവം വിരലടയാളമാക്കിയതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം. ആ സൗഭാഗ്യത്തിന്റെ വെളിച്ചത്തിലിരുന്നാണ് ഈ പാഥേയം  പൊതിയുന്നത്.” ഈ പുസ്തകം രചിക്കാനുണ്ടായ അന്തർദർശനപരമായ കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ദയയാണ് ഗുരുദർശനത്തിൻ്റെ കാതൽ എന്ന് സ്വാമി കണ്ടെത്തുന്നു. വാക്കിലും ചിന്തയിലും ഹൃദയത്തിലും ദയയുണ്ടാകണം. ദൈവം എല്ലായിടത്തുമുണ്ടെന്നാണ് വേദാന്തികൾ പറയുന്നത്. ദൈവിക ചൈതന്യമില്ലാത്തതായി യാതൊന്നുമില്ല.എന്നാൽ ദയയോ? ദയ  എവിടെയുമില്ല .അറവുമൃഗങ്ങൾക്കും മത്സ്യങ്ങൾക്കും ദയ ജീവിതത്തിലൊരിക്കലും കിട്ടുന്നില്ല. അവയെ മനുഷ്യർ വെട്ടിക്കീറി കൊന്നു തിന്നുന്നു. ദൈവത്തിൻ്റെ നീതിയോ മനുഷ്യന്റെ നീതിയോ നടപ്പാക്കപ്പെടേണ്ടത്? ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല എന്നത് നമ്മെ നിരാശരാക്കുക മാത്രമല്ല അന്ധതമസ്സിലെത്തിക്കുകയും ചെയ്യും.മോചനത്തിനായി നാലുപാടും നോക്കാനേ നിവൃത്തിയുള്ളൂ.

ദയ മനുഷ്യനിലുണ്ട്. എന്നാൽ അത് വറ്റിപ്പോയിരിക്കയാണ്. ഗുരു ആ ദയയെ മനുഷ്യമനസിൽ നിന്ന്  കുഴിച്ചെടുക്കാനാണ് യത്നിച്ചത്. ഗുരു ദയയെ സ്വന്തം ജീവിതം കൊണ്ട് ഒരു ഭൂഖണ്ഡ(continent)മാക്കി വികസിപ്പിച്ചു കാണിച്ചു.നമുക്ക് ബുദ്ധിയും കരുത്തും മത്സരവുമുണ്ടായതുകൊണ്ട് മാത്രമായില്ല; ദയ വേണം. അതിലാണ് മനുഷ്യത്വമിരിക്കുന്നത്. മറ്റൊരാളെ സഹായിക്കാനുള്ള മനസ്സ് അതിലാണുള്ളത്.തീർത്ഥാടനത്തിൻ്റെ പാഥേയം മനുഷ്യശരീരത്തിലെ സർവ്വ മേഖലകളിലും മനസ്സിൻ്റെ സമഗ്രമായ പ്രവർത്തനങ്ങളിലും സ്ഥാപിക്കേണ്ട ദയയാണ്.അത് ഉൾക്കൊണ്ടാൽ കലഹം ഇല്ലാതാകും. ദ്രോഹചിന്തകൾ  മാറിപ്പോകും. ഈ സദ് ദർശനമാണ് ‘തീർത്ഥാടനപാഥേയം’ നമ്മളിലേക്ക് പകരുന്നത്.

സാരസ്വതമനനം 

മനുഷ്യാനുഭവം എന്ന ശിലയിൽ ഗുരു ഒളിഞ്ഞിരിക്കുന്നു. നമ്മുടെ പരിമിതിമൂലമാണ് അത് പൂർണ്ണമായി കൊത്തിയെടുക്കാൻ കഴിയാത്തതെന്ന് സ്വാമി എഴുതുന്നുണ്ട്. അനുഭവശിലകളിൽ നിന്ന് ഗുരുവിനെ വീണ്ടെടുക്കേണ്ടതുണ്ട്. ഗുരുദേവൻ്റെ പ്രതിഛായ എല്ലാ മനുഷ്യാനുഭവങ്ങളിലും  ദർശിക്കുകയാണ്. മനുഷ്യമനസിന്റെ അകക്കാമ്പിൽ ഗുരുവിന്റെ പ്രതിഛായ കണ്ടതുകൊണ്ടാണ് സ്വാമി ഈ  ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. “പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ പൂർത്തിയാക്കാത്ത ആ ശിലാശില്പങ്ങൾ സ്വയം പ്രാർത്ഥനയിലാണ്”- സ്വാമി എഴുതുന്നു. അത് ഒരിക്കലും അവസാനിക്കാത്ത പര്യവേക്ഷണമാണ്. അത് ഭാവിയിലേക്ക് നീളുകയാണ്. സ്വാമിയുടെ രചനകളിലെ സാരസ്വതമനനത്തെക്കുറിച്ച് ഈ പുസ്തകത്തിലെഴുതിയ കുറിപ്പിൽ  സച്ചിദാനന്ദസ്വാമിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “സ്വാമിയുടെ ചരിത്രകഥനത്തിൽ സാഹിത്യപദങ്ങൾ കൂടുതലായി കടന്നു നിൽക്കുന്നു ” എന്നാണ് സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നത്. ഇത് കവിയായ അവ്യയാനന്ദ സ്വാമിയുടെ സാധ്യതയും സിദ്ധിയുമാണ് .സ്വാമി ഒരു ഇംപ്രഷനിസ്റ്റാണ് .മനസ്സിലെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന കലാകാരനാണ്. ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അതിൽ  കലയുടെ അംശമുണ്ട്. കവിതയുടെ ഗദ്യ ആഖ്യാനങ്ങളായി ഇതിനെ കാണാം. കവിതയ്ക്ക് വസിക്കാൻ പ്രത്യേകരൂപം ആവശ്യമില്ല. അത് ഏത് രൂപത്തിലും പ്രകാശിക്കും.

അവ്യയാനന്ദ സ്വാമി

തീർത്ഥാടകൻ നടക്കുന്നു 

ശിവഗിരി തീർത്ഥാടനത്തിൽ വിവേചനമില്ല ,വിവേകമാണുള്ളത്.  അവിടെ അറിവിനെ തേടുന്ന ധ്യാനമാണ് വേണ്ടതെന്ന് സ്വാമി കുറിക്കുന്നു. അറിവിനെ അറിയുന്നവനാണ് ജ്ഞാനി.തീർത്ഥാടകൻ നടക്കുകയാണ് .മൗനം കൊണ്ടു ജ്ഞാനം നേടിയും, ശീതളച്ഛായ പകരുന്ന തണലുകളിലിരുന്നും, വനഭംഗിയുടെ ശാരദാകാശത്തിലേക്ക് ദൃഷ്ടിപായിച്ചും, പഴയ ദു:ശീലങ്ങളെ പിടിച്ചുകെട്ടിയും, നിഷ്കളങ്ക ജീവിതചര്യയിൽ സ്വയം നിറച്ചും, ശാരദാമഠത്തിന് വലം വച്ചും, അഹമൊഴിഞ്ഞ് മനസ്സിൻ്റെ ഭാരം കുറച്ചും, സ്വയം അർപ്പിച്ച് പ്രസാദമായി തന്നെത്തന്നെ സ്വീകരിച്ചും, സിദ്ധമായതിൽ മുഴുകിയും, കൃതാർത്ഥതകളിൽ ആണ്ടുമുങ്ങിയും വിസ്മൃതിയെ ജയിച്ച് സ്മൃതികളിൽ ഉയിർത്തും, നിരഞ്ജനമായ വിശ്വപ്രേമത്തിൽ മന്ദ്രമായ സംഗീതം കേട്ടും, ഗുരുദേവാർത്ഥങ്ങളുടെ ഉറവകളിൽ സ്നാനം ചെയ്തും, അറിവിൽ വിമലീകരിക്കപ്പെട്ടു പഞ്ചശുദ്ധിയുടെ ആർഷശോഭങ്ങളിൽ സ്വയം സാക്ഷാത്കരിച്ചും, ത്യാഗമനോഭാവത്തെ ഉജ്വലിപ്പിച്ചും, ആത്മീയ ഉന്നതിയുടെ പാതകളിൽ ഋഷിചേതനയെ സ്വാംശീകരിച്ചും , ജീവിതപ്പൂർണ്ണതയെ ആശ്ളേഷിച്ചും, ജീവിതത്തിൻ്റെ സാർത്ഥകമായ സാധ്യതകളെ പരമാവധി തേടിയും, സമത്വത്തെയും സാഹോദര്യത്തെയും സ്വന്തം ശരീരത്തിൽ തിരിച്ചറിഞ്ഞും, പ്രകൃതിയുടെ സദ് സന്ദേശങ്ങൾ കേട്ടും ,ദൈവസ്മരണയെ അനർത്ഥമാക്കുന്ന പ്രാർത്ഥനകളിൽ അലിഞ്ഞും, ഗുരുഹൃദയത്തിലേക്കുള്ള വഴികൾ ഓർമ്മയിൽ സൂക്ഷിച്ചും, പ്രലോഭനങ്ങളെ വകഞ്ഞുമാറ്റിയും, മാനവമഹത്വത്തിലേക്കുള്ള വഴി തിരഞ്ഞും ,കാമക്രോധവികാരങ്ങളുടെ മാറാലകളിൽ നിന്നു മോചനം നേടിയും, സത്യാന്വേഷണങ്ങളിൽ നിന്ന് മാറില്ല എന്ന് പ്രതിജ്ഞ ചെയ്തും, മനുഷ്യനിലെ ദേവത്വത്തെ അറിഞ്ഞും, ദൈവികതയുടെ അദ്വൈതാനുഭൂതി നുകർന്നും, ഗുരുസാമീപ്യത്തെ അനുഭവിച്ചും, സത്യസന്ധതയോടെ സ്വയം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞും , തീർഥാടനലക്ഷ്യങ്ങളെ നിരന്തരമായി ഓർമിച്ചും, പഞ്ചശുദ്ധിയിൽ സ്വയം ഉറപ്പുവരുത്തിയും, ലൗകികൻ്റെ  സന്യാസത്തെ ആത്മാവിൽ ഉൾക്കൊണ്ടും ,ഗുരുദേവകീർത്തനങ്ങളാലപിച്ച് പകലും രാവും ഉറക്കമില്ലാതെ ദൈവസന്നിധിയിലെന്നപോലെ ഉല്ലസിക്കുന്ന ശിവഗിരിയിലെ വൃക്ഷങ്ങളെ നമസ്കരിച്ചും, സമാധിമന്ദിരത്തിലെ അലൗകികമായ നിശബ്ദതയിൽ ജീവിതത്തിൻ്റെ അർത്ഥം തിരഞ്ഞും, നിഴലുകളിലും ഇലയനക്കങ്ങളിലും ഗുരുദേവനെ ദർശിച്ചും, ആന്തരികതയിൽ അർത്ഥവത്തായി അനുരഞ്ജനപ്പെട്ടും, ആനന്ദത്തിന്റെ നിർമലമായ പടികളെണ്ണിയും, തീർത്ഥാടകനും തീർത്ഥമനസ്സും തമ്മിലുള്ള അകലം കുറച്ചും, ജീവിതത്തെ മനോഹരമാക്കാൻ ഗുരുവിൻ്റെ വാക്കുകൾ മനസിൽ ചൊല്ലിയും ,അറിവില്ലായ്മയുടെ രോഗം ശമിക്കാൻ അറിവ് എന്ന ഔഷധം കഴിച്ചും, ശരീരത്തിന്റെയും മനസ്സിന്റെയും പ്രാർത്ഥനയായി ഗുരുവിന്റെ രൂപം മനസ്സിൽ കണ്ടും , നമ്മുടെ തന്നെ അനുഭവങ്ങളിൽ തീർത്ഥം കണ്ടെത്തിയും ,തെറ്റുകളോട് ക്ഷമിച്ചും ,മാനവികതയിൽ കൂടുതൽ പഠിച്ചും ,ഇരുട്ടിൽ നന്മയുടെ ദീപം തെളിക്കാമെന്ന് വാക്കുകൊടുത്തും, നാമസങ്കീർത്തനങ്ങളിൽ ഏകാഗ്രമായും ,ഏത് ജാതിയായാലും മതമായാലും ആത്മാവിന്റെ സാക്ഷിയായി ജീവിക്കുന്നതിന്റെ സത്യത്തെ ആശ്ളേഷിച്ചും, സ്നേഹമഞ്ഞയിൽ കിളികളുടെ ആരവം കേട്ടും, വ്യർത്ഥചിന്തകളെ ഉപേക്ഷിച്ച് സ്നേഹത്തിൽ പൂത്തുലഞ്ഞും, പുതുമൊഴികൾ കേട്ടും തീർത്ഥാടകൻ മുന്നോട്ടു നടക്കുന്നു.

പരാപരനന്മയിൽ ഉള്ളറിഞ്ഞ് 

ശിവഗിരി തീർത്ഥാടനത്തെ സ്വാമി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:

“ഗുരു സത്യമായ കാലത്തിൻ്റെ പര്യായമാണ് .ഗുരുമൊഴിയും അത് തന്നെ .അമൃതവാഹിനിയായ സത്യത്തോടൊപ്പം ശുദ്ധമായ വാക്കിന്റെയും സാധകനായി ഗുരു മാറി. അതുകൊണ്ടുതന്നെ ശിവഗിരീശ്വരിക്കായി ശിവഗിരിയുടെ താഴ്വാരത്ത് നിത്യനികേതനവുമൊരുക്കി. ശിവഗിരി തീർത്ഥാടനം അറിവിൻ്റെ അമ്മയിലേക്കുള്ള വിശുദ്ധയാത്ര കൂടിയാണ് .ശിവഗിരി തീർത്ഥാടനം മൂന്ന് നന്മകൾ നമുക്ക് നേരുന്നു .ഒന്ന്, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. രണ്ട്, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. മൂന്ന് , പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക.” അപരസ്നേഹമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. ജീവിതത്തിന് സ്വമേധയാ അർത്ഥമില്ല. നാം അർത്ഥം കൊടുക്കണം. അർത്ഥമുള്ളതാകുന്നത് ,നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് .നാം ആരെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, യാതൊന്നിനോടും ആഭിമുഖ്യം തോന്നുന്നില്ലെങ്കിൽ ,ജീവിതം വ്യർത്ഥമായിത്തീരും. വളരെ പ്രയാസമുള്ള ഒരു കടമ്പയാണിത്. നവമുതലാളിത്തം നമ്മെയെല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സാഹിത്യരചന ഈ നാട്ടിൽ ഇനി അനുവദിക്കുമെന്ന് തോന്നുന്നില്ല. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും കുത്തകകളുടെ കൈയിലാണ്. കാശു കൊടുത്താൽ പോലും പുസ്തകം വേണ്ടെന്നാണ് പ്രമുഖ പ്രസാധകർ പറയുന്നത് .അവർക്ക് ഏതാനും പേരെ മതി.ശ്രീനാരായണഗുരുവിനെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയോ നോവൽ എഴുതുകയോ ചെയ്യുന്നവരെ സാഹിത്യത്തിന്റെ നേരറിവുകളിലേക്ക് ആനയിക്കാൻ ഈ നവമുതലാളിത്ത വീഥികളിൽ ആരുമില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരകരായി മാറുന്നവർക്കാണ് ഇവിടെ നേട്ടങ്ങൾ ഉണ്ടാക്കാനാകുന്നത് .നഗ്നമായ രാഷ്ട്രീയ അതിപ്രസരത്തിൽ സാഹിത്യമേഖല തകരുകയാണ്. “മനുഷ്യവിമോചനത്തിനായി സ്വജീവിതം പരീക്ഷണശാലകളാക്കിയവർ ഈ തീർത്ഥവാഹിനിയുടെ ഓളവും തീരവുമായിത്തീരുന്നു” എന്ന് സ്വാമി എഴുതുന്നതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണ്. എവിടെയാണ് ആ മനുഷ്യവിമോചനം?”സ്വന്തം തൂലികകൊണ്ട് ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ” എന്ന് സ്വാമി അറിയിക്കുന്നത് ഒരു കാലത്തെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടാണ്. എന്നാൽ സ്വന്തം തൂലിക കൊണ്ട് സ്വപ്നം കാണാൻ പറ്റാത്തവരുണ്ട്. പലരും എഴുത്ത് നിർത്തി .സ്വപ്നങ്ങൾ ഇന്ന് വൻകിട കോർപ്പറേറ്റ് മാധ്യമങ്ങളുടെയും പ്രസാധകരുടെയും കീഴിലാണുള്ളത്. ആ സ്വപ്നങ്ങളെ സാധാരണ എഴുത്തുകാരന് എത്തിപ്പിടിക്കാനാവില്ല. ” അമൃതവാഹിനിയായ സത്യം” എന്നത് എത്ര മനോഹരമാണ്! എന്നാൽ സ്വന്തം ആളുകൾക്ക് മാത്രം എല്ലാം നീക്കി വയ്ക്കുന്ന ഇന്നത്തെ വിദ്യാസമ്പന്നരുടെ അഴിമതി  ഗുരുവിന്റെ പ്രഭാവത്തെ നശിപ്പിക്കുകയാണ്. 

ഗുരു ‘ആത്മോപദേശശതക’ത്തിൽ എഴുതുന്നു:

“ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും 

കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും

വെളിവുരുവേന്തിയകം വിളങ്ങിടേണം.”

വേദാന്തസാരത്തെ സാഹിത്യത്തിൻ്റെ സർവാത്മഭാവനയിൽ പരാവർത്തനം ചെയ്ത് ഗുരു അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തുല്യമായ അളവിൽ മറ്റൊരാളും എഴുതിക്കണ്ടിട്ടില്ല. വേദാന്തസാരത്തെ ഗുരു സാഹിത്യസാരസർവസ്വമാക്കിയിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുത്ഭൂതമാകുന്ന പഴങ്ങൾ കഴിച്ചു ശരീരത്തിൽ കൗശലത്തോടെ ആടിക്കളിക്കുന്ന ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞ് വീഴ്ത്തുന്ന ജ്ഞാനത്തെയാണ് വേണ്ടതെന്ന് ഗുരു പ്രാർത്ഥിക്കുന്നു. ഇതാണ് ഗുരുവിൻ്റെ പരമോന്നതമായ മാനവികത .അവിടെ വിഭജനങ്ങളോ തരംതിരിവോ വിദ്വേഷമോ ഇല്ല .എല്ലാം പരാപരനന്മയിൽ ഉള്ളറിഞ്ഞ്  ലയിക്കുകയാണ്. അതാണ് ശിവഗിരി തീർഥാടനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ദൈവഭാവത്തിൻ്റെ അനുഭൂതി 

മനുഷ്യൻ കെട്ടുപോകരുതെന്ന ജാഗ്രതയാണ് അതിലുള്ളത്. അവ്യയാനന്ദ സ്വാമിയുടെ വാക്കുകളിൽ ഏക മഹാമാനവികതയെ ലക്ഷ്യം വയ്ക്കുന്ന സൂചിക കാണാം: “ഓർമ്മകളിലെ കാട്ടുപച്ചുകൾക്ക് കണ്ടവയെക്കാൾ കടുംപച്ചയാണ്. ഓർമ്മകളിലെ ശിവഗിരിയിലെ പൂമരങ്ങളിൽ പൂക്കൾ ഇലകളെ മൂടുന്നു .ഓർമ്മകളിലെ ശിവഗിരി ക്കിളികൾ പഞ്ചമം പാടുന്നു. ഓർമ്മകളിലെ ശിവഗിരിക്കാടുകൾക്കുള്ളിലെ കുടിലുകൾ പൂവളളിക്കുടിലുകളാണ്. ശിവഗിരിക്കാറ്റിന് എന്തൊരു സുഖമാണ്. ഇത് തീർത്ഥാടകരുടെ തീർത്ഥഘട്ടങ്ങളായി തീർഥാടകനെ വന്നു സ്പർശിക്കുമ്പോൾ അനിർവചനീയമായ ഒരു അന്ത:ശീതളതയിൽ നിമഗ്നനായി  തീർത്ഥാടകൻ സാവധാനം കുന്നിറങ്ങുന്നു.പിന്നിൽ നിന്ന് തൃപ്പാദങ്ങളുടെ ഇഷ്ടവൃക്ഷമായ പ്ളാവും അരുളൻപനുകമ്പയുടെ ഇളം തെന്നലായി തൊട്ടു തന്നെയുണ്ട്.” 

ഇത് ഗുരുവിനെക്കുറിച്ചുള്ള താത്വികമായ വിശകലനമല്ല; ഗുരുവിൻ്റെ ദൈവഭാവത്തിന്റെ അനുഭൂതിയെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിന്റെ അടയാളമാണ്. ഗുരു മനസ്സിലാണ് ജീവിക്കേണ്ടത്; തത്വങ്ങളിലല്ല. സ്വാമി ഗുരുവിനെ  ചിന്തയിലും സ്വപ്നത്തിലും തേടുകയാണ്. അതിനാണ് അദ്ദേഹം എഴുതുന്നത്.അദേഹം കവിയാണ്. ഒരു കവി എഴുത്തിൽ അബോധത്തെയും ആവിഷകരിക്കുന്നു.സർഗാത്മകമാണിത്. തന്റെ വാക്കുകളിലൂടെ അദ്ദേഹം ഗുരുവിൻ്റെ ആത്മീയപ്രഭാവത്തിലേക്ക്, മൂല്യങ്ങളിലേക്ക് പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത് .പവിത്രമായ ആഗ്രഹമാണിത് .ഇതിൽ ലൗകികമായ ചോദനയില്ല .ആത്മഭാവത്തിൽ മനുഷ്യർക്ക് മറ്റൊരു പേരും ഊരുമാണുള്ളത്. ആന്തരികമായി മറ്റൊരു മനുഷ്യനാകുന്നതിൻ്റെ സ്നിഗ്ദ്ധലാവണ്യമാണിത്. അവിടെയാണ് വേദാന്തവും കലയും സാഹിത്യവും സംഗമിക്കുന്നത്. ഇത് കലാകാരന്റെ വീക്ഷണമാണ്. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ ഗുരുവിൻ്റെ ലാവണ്യാത്മകവും കലാപരവുമായ സന്നിവേശമാണ് ഉൾക്കൊള്ളുന്നത്. ഗുരുവിൻ്റെ ചരിത്രപരമായ നാൾവഴികളോ ജീവചരിത്രമോ അതിലില്ല. അത് ആത്മലാവണ്യാത്മകവും സൗന്ദര്യാത്മകവുമായ അനുഭവമാണ്. ഒരു ശുദ്ധപ്രയാണിയുടെ

നേർരേഖയാണത്.അതിന് സന്ധിക്കാൻ ആത്യന്തികമായി ഒരു ബിന്ദു മാത്രമാണുള്ളത്- അത് ഗുരുവിൻ്റെ പദസഞ്ചയവും സത്യവുമാണ്. അവ്യയാനന്ദ സ്വാമി ആ ഭാഷയിലൂടെ ഗുരുവിനെ അനുഭവിക്കാൻ ശ്രമിക്കുന്നു. ഭാഷയുടെ ഭാവനയിൽ ഗുരു പ്രത്യക്ഷമാണ്. അത് നേരായ യാത്രയുടെ സ്പന്ദമാണ് .ആശാൻ പറഞ്ഞതുപോലെ ‘നേരാം വഴി കാട്ടുന്ന’ ദൈവമാണ്.

മനുഷ്യന് ദൈവത്തെ അവന്റെ സത്തയിലൂടെയേ സ്പർശിക്കാനാവൂ. ഒരു ജീവിയായതുകൊണ്ട് ജീവിച്ചുകൊണ്ട് മാത്രമേ ദൈവത്തെ അറിയാനാവൂ. ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ തീർത്ഥാടന വ്യാഖ്യാനവും അനുഭവാഖ്യാനവുമാണ്. ഒരു impressionist കലാകാരനെ പോലെ വ്യക്തിഗതമായ അന്തർസഞ്ചയമായി സ്വാമി ഇത് പുന:രാവിഷ്കരിക്കുകയാണ്. ഈ പുസ്തകം നിശ്ചയമായും തീർത്ഥാടനത്തെ, അതിന്റെ അർത്ഥങ്ങളെ കൂടുതൽ നന്നായി പഠിപ്പിക്കുന്നു. അന്വേഷകന് ഏകാഗ്രമായി വിചാരം കൊള്ളാനുള്ള മതരഹിതമായ പാഥേമാണിത്. 

അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ

 

അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ

എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.

അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ ‘ഒന്നി’നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . ‘ഗീത’യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് ‘ഞാൻ’ എന്ന് പറയുന്നത്.

ആ ഒന്ന്

ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ ‘ഒന്നി’നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം. എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത് അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.

ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .

ആശയലോകങ്ങളിലെ ഏകത്വം

അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ. എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
“ഏഷ ത ആത്മാ സർവ്വാന്തര: “(എല്ലാറ്റിൻ്റെയും ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.

ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ ‘നവാദ്വൈതം’ എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം.

അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള ‘വിലകൂടിയ’ മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ ‘മറവിയുടെ നിർമ്മാണം’ എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .

ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: “നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം. ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ.”
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .

നിരസിക്കുന്നു നിർമ്മിക്കുന്നു

നവാദ്വൈതം അഥവാ ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ ‘അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് ‘അലട്ടലുകളിൽ നിന്നുള്ള വിടുതൽ’ എന്നാണ്. സ്വന്തം വിശ്രാന്തി കണ്ടെത്തുക എന്ന ആഹ്വാനമാണത്. അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.

ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു. അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു. അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ ‘ഒന്ന്’. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .

കഥാപാത്രങ്ങൾ കഥാകാരനെ തടവിലാക്കുന്നു / എം.കെ. ഹരികുമാർ




സക്കറിയയുടെ 'രാധ രാധ മാത്രം' എന്ന കഥയുടെ പിരിയൻ ഗോവണിയിലൂടെ ഒരു സഞ്ചാരം


മലയാളകഥയിലുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ രചനയാണ് സക്കറിയയുടെ 'രാധ രാധ മാത്രം'. ഇതേ പേരിൽ മറ്റൊരു കഥയുണ്ടായിട്ടും അദ്ദേഹം ഈ പേര് സ്വീകരിച്ചുകൊണ്ട് എഴുതുകയാണ്.  അതിനെ ലഘൂകരിക്കുന്നതിന് പകരം  ഒരു വലിയ രഹസ്യമാണെന്ന കാഴ്ചപ്പാടാണ് കഥാകൃത്തിനുള്ളത്. വേറൊരു പേര് സ്വീകരിക്കുന്നതുകൊണ്ട് ,ഈ കഥയിലൂടെ അന്വേഷിക്കുന്ന വസ്തുതയ്ക്ക് യാതൊരു തുമ്പും കിട്ടുകയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കഥാകൃത്ത് എഴുതുന്നത്. എല്ലാ പേരുകളും ദൈവത്തിൻ്റെ വകയാണ്. എല്ലാ പേരുകളുടെയും ആത്യന്തികമായ സ്ഥാനം ദൈവത്തിലാണ്. ഇതിന് സാധൂകരണമായി കഥാകൃത്ത് ആർതർ സി. ക്ലാർക്കിൻ്റെ 'ദൈവത്തിന്റെ നുറു കോടി നാമങ്ങൾ' എന്ന കഥയെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ നൂറുകോടി നാമങ്ങൾ ഉച്ചരിച്ചു തീരുന്നതോടെ സൃഷ്ടിയുടെ രഹസ്യം വെളിവാകുമെന്ന ധാരണയിൽ ഒരു യന്ത്രം ഹിമാലയത്തിൽ നാമജപം ചെയ്യുകയാണെന്ന് കഥയിൽ സൂചിപ്പിക്കുന്നു. അത് നിരീക്ഷിക്കാനെത്തിയ ശബ്ദങ്ങൾ അന്തിമനാമം ഉച്ചരിക്കുന്നതിന് മുന്നേ തന്നെ അവിടെ നിന്നിറങ്ങി താഴ്വരയിൽ വന്നു നോക്കുമ്പോൾ തൽഫലമായി നക്ഷത്രങ്ങൾ ഓരോന്നായി അണയുന്നത് ശ്രദ്ധിക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നത് അങ്ങനെയാണെന്ന് ആർതർ സി. ക്ളാർക്ക് പറഞ്ഞത് ഒരു മുഖവുര പോലെ ഈ കഥയിൽ അവതരിപ്പിക്കുന്നുണ്ട്.ദൈവത്തിന് എന്തിനാണ് പേരെന്ന് ചോദിക്കുന്നത് പോലെ പ്രധാനമാണ് എല്ലാ അറിവുകളും പേരുകളിലാണുള്ളതെന്ന് അറിയുന്നതും.എല്ലാപേരുകളും  ഒന്നിന്റെ തന്നെ പല ശബ്ദങ്ങളാണ്. യഥാർത്ഥത്തിൽ എല്ലാം ദുരൂഹമായിരിക്കുന്നതിനെ മറച്ചു പിടിക്കുന്നതാണ് പേരുകളുടെ പ്രത്യക്ഷപ്പെടൽ.

പേരുകൾ വേറിട്ട അസ്തിത്വമാണെന്ന് ധ്വനിപ്പിക്കുകയാണ് .ഈ വേറിടലിൽ തൃപ്തി നേടാനാവാത്തത് കൊണ്ട് ഇവിടെ കഥാകൃത്ത് മറ്റൊരാളുടെ  കഥയുടെ പേര് തന്നെ കടമെടുക്കുന്നു. ഇക്കാര്യം കഥാകൃത്ത് തുടക്കത്തിൽ തന്നെ സമ്മതിക്കുന്നുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വായനക്കാരിലേക്ക് കുറച്ചെങ്കിലുമെത്തിക്കാൻ മറ്റൊരാളുടെ കഥയുടെ പേര് തന്നെ ധാരാളമാണെന്ന് അറിയുന്നിടത്താണ് ഈ കഥയുടെ രഹസ്യം ചുരുളഴിയുന്നത്.

കഥ ഒരു ഒറ്റമൂലിയോ സൂത്രവാക്യമോ പരിഹാരമോ അല്ല ;അത് ഒരു അനുഭവമോ തോന്നലോ സ്വപ്നമോ ആണ്. സമൂഹജീവിതത്തിൽ നിന്ന് മാറി ഒരാൾ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന ഫാന്റസിയാണത്. അത് വ്യക്തിയുടെ പ്രതിസന്ധിയാണ്. വൈകാരികവും ചിന്താപരവുമായ ഊരാക്കുടുക്കാണത്.ഈ കഥ എഴുതാൻ വേണ്ടി കഥാകൃത്ത് കഥാപാത്രമാകാൻ തയ്യാറാവുന്നു. ഇടയ്ക്ക് വെച്ച് കഥാപാത്രത്തിനെ സ്വതന്ത്രനായി വിടുകയും ചെയ്യുന്നു. കഥാപാത്രമായാലും കഥാകൃത്തായാലും അനുഭവത്തിന്റെ ആകെത്തുക ഒന്നുതന്നെയാണ്. "വെറുമൊരു കഥയ്ക്ക് വിധിവിഹിതം,  ജനനമരണങ്ങളുടെ തുമ്പ്,സമയത്തിന്റെ രഹസ്യം ഇവയൊക്കെയുടെ ഒരു അതിവിദൂരദർശനമോ പ്രതീതിയോ പോലും ഉളവാക്കാൻ കഴിയുമോ" എന്ന്  ചോദിക്കുന്നത് കഥ എന്ന മാധ്യമത്തിൻ്റെ മൂർത്തമായ ,യഥാർത്ഥമായ  ആശയസംവേദനത്തെ പ്രതിസന്ധിയിലാക്കുകയാണ്.  മനുഷ്യാസ്തിത്വത്തിൻ്റെ ദുരൂഹമായ വഴികൾ ഒരു കഥയ്ക്ക് അനാവരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് എഴുതുന്നത്. അവ്യക്തതയാണ് സൗന്ദര്യമായിത്തീരുന്നത്. ഇത് കഥ വായിച്ച് മനസിലാക്കാൻ പറ്റാത്ത വിഷയമല്ല;ജീവിതത്തിൻ്റെ ദുരൂഹതയാണ്. കഥാകൃത്ത് ഇരുട്ടിൻ്റെ സ്ഥലവിഭ്രാന്തിയിൽ തൻ്റെ അമ്പുകൾ തൊടുക്കുകയാണ്. ഓരോ അമ്പും തന്നിലേക്ക് തന്നെ തിരിച്ചുവന്ന് തറയ്ക്കുന്നു.

കഥാകൃത്തിനെ രക്ഷിക്കാൻ ദൈവമില്ല 

"കലയുടെ പരിമിതികൾ എഴുത്തുകാരന്റെ മനസ്സിനെ തളർത്തുന്നു.എന്തിന്, വെറും സ്വാനുഭവങ്ങളുടെ പോലും വാക്കുകൾ കൊണ്ട് പൂർണ്ണതയോടെ ,സത്യം അല്പം പോലും ചോർന്നു പോകാതെ വിവരിക്കാമെന്ന് ഏതെഴുത്തുകാരന് അവകാശപ്പെടാൻ കഴിയും!. അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിൻ്റെ മൂശയ്ക്കും കലയുടെ കണ്ണാടിക്കുമിടയ്ക്ക് അഗാധഗർത്തങ്ങൾ അനവധിയാണ്. അവയ്ക്ക് മീതെ എഴുത്തുകാരൻ്റെ സത്യം ഒരു നൂൽപ്പാലത്തിലെന്നപോലെയാണ് ചരിക്കുന്നത്. അവൻ്റെ ഏകാന്തമായ വാക്കിനെ മറുകരയിലെത്തിക്കുന്നത് ഏത് കരങ്ങളുടെ മാർഗ്ഗദർശനമാണ്?" എഴുത്തുകാരന്റെ യഥാർത്ഥ്യം അതിസങ്കീർണമാണെന്ന അറിവ് എത്രയോ വലിയ പ്രതിസന്ധമാണ്.  എഴുതാനുള്ള വിഭവങ്ങൾ സ്വരൂപിക്കപ്പെടുമ്പോഴേക്കും അത് കൈയിൽ നിന്ന് വഴുതി പോകുന്നതായി അനുഭവപ്പെടുന്നു. ഇവിടെ എഴുത്തുകാരന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. അയാൾ ആത്മവ്യഥയിലും  സംഘർഷത്തിലുമാണ് വാക്കുകളെ സമീപിക്കുന്നത് .സ്വന്തം അനുഭവങ്ങളിൽ വാക്കുകൊണ്ട് വിവരിക്കാനാവാത്ത അനേകം ഗർത്തങ്ങളുണ്ടെന്നാണ് കഥാകൃത്ത് എഴുതുന്നത്.രചയിതാവിൻ്റെ വിശുദ്ധമായ ദുഃഖമാണിത് .ഇതിൽ നിന്ന് 
അയാളെ രക്ഷിക്കാൻ ദൈവം എത്തുന്നില്ല .വായനക്കാരനെ ആശ്രയിച്ചിട്ട് കാര്യമില്ല .വായനക്കാരൻ അവൻ്റെ സ്വന്തം പാഠമാണല്ലോ വായിക്കുന്നത്.

ആധുനികാനന്തര വായനയുടെ സിദ്ധാന്തമനുസരിച്ച് എഴുത്തുകാരൻ എഴുതുന്നതല്ല വായനക്കാരൻ വായിക്കുന്നത് .വായനക്കാരൻ സ്വതന്ത്രനാണ്. അവൻ തന്റേതായ നിലയിൽ വായിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സക്കറിയയിലെ കഥാകൃത്ത് തൻ്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നത്. രചനയിലെ സ്വാതന്ത്ര്യവും അതിൻ്റെ അനിവാര്യമായ പരാജയവും ഇവിടെ ഒരുപോലെ സംഗതമാവുകയാണ്.അനുഭവത്തിൽ തെളിയുന്നതും മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകളും അത് കലയായി ആവിഷ്കരിക്കുമ്പോഴുള്ള  പ്രശ്നങ്ങളും എഴുത്തുകാരന്റെ പൂർണ നിയന്ത്രണത്തിലോ അധികാരത്തിലോ അല്ല. ഈ പ്രസ്താവം, 'രാധ രാധ മാത്രം' എന്ന കഥ അനുഭവത്തിനും ചിന്തകൾക്കും കലയുടെ ആവിഷ്കാരത്തിനും അപ്പുറമുള്ള തലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയാണ്.ഇവിടെ കഥാകൃത്ത് തന്റെ മനസ്സിനെ മഥിക്കുന്ന ഒരവസ്ഥയ്ക്ക് പരമാവധി വ്യക്തത വരുത്താൻ വേണ്ടി കഠിനപ്രയത്നം ചെയ്തു പകരാനാണ് ശ്രമിക്കുന്നത്. അതിനായി ലീല, കഥാകൃത്ത് എന്നിവരാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. ലീലയുടെ കാമുകനായ കഥാകൃത്ത് വേണമെങ്കിൽ മറ്റൊരാളാണെന്ന്  സങ്കൽപ്പിച്ചാലും കുഴപ്പമില്ല .അയാളെ മറ്റൊരു പേരിട്ടു വിളിക്കാമെങ്കിലും അത് കഥാകൃത്ത് തന്നെയായിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാകുന്നില്ല .ഈ കഥയിലെ  പ്രധാന കഥാപാത്രം തന്റെ ജീവിതത്തിൽ ശിക്ഷിക്കപ്പെടുന്നത് മനസ്സാക്ഷിയിലൂടെയാണ്. അയാൾ എന്താണ് ജീവിച്ചത്, മറന്നത് എന്ന് വേർതിരിക്കാനാവാതെ കുഴയുകയാണ്. കഥയിൽ കരുണൻ എന്ന യുവാവ് തൻ്റെ കാമുകിയുടെ പെൺസുഹൃത്തിനെ തേടിയിറങ്ങുകയാണ്.എന്നാൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പെട്ടെന്ന് മങ്ങിപ്പോകുന്നു. പല അടയാളങ്ങൾ ഉപയോഗിച്ച് അവളുടെ കത്ത് കണ്ടെത്തിയെങ്കിലും അവിടെ വെച്ച് സ്വപ്നം മുറിഞ്ഞ പോലെ മുന്നോട്ടു നീങ്ങാനാവാതെ വന്നു. ഒരു സ്വപ്നത്തിന്റെ അന്തരീക്ഷത്തിലാണ് അയാൾ രാധയെ ഓർമിക്കുന്നത്. എന്നാൽ ലീലയെക്കുറിച്ച് കുറേക്കൂടി  വ്യക്തതയോടെ വിവരിക്കുന്നുണ്ട്. അയാൾ ലീലയെ സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിന്റെ മൂർധന്യത്തിൽ അയാൾ അകപ്പെടുന്ന  മറ്റൊരു ഫാന്റസിയാണ് രാധയുമായുള്ള ബന്ധം. രണ്ടും മായികമായ കാഴ്ചകളാണ്. ഒഴിഞ്ഞ പാക്കറ്റ് പോലെ രണ്ടും അയാളിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു. അനുഭവമുണ്ടാകുന്നതും ഉണ്ടെന്ന് സങ്കല്പിക്കുന്നതും തമ്മിൽ ഭേദമില്ല. 

ഉള്ളിൽ മറ്റൊരാൾ 

ഏതാണ് യഥാർത്ഥ ജീവിതം? ജീവിച്ചതാണോ ?അതോ സ്വപ്നത്തിൽ തീവ്രമായി ആഗ്രഹിച്ചതോ? അധികമായ ആസക്തിയോടെ മനസ്സിൽ ആവേശിച്ചതെല്ലാം നാം ജീവിക്കുന്നത് തന്നെയാണ്. മനസ്സിലും നാം ജീവിക്കുന്നു. നമ്മുടെ ആത്മകഥ എന്ന് പറയുന്നത് മറ്റുള്ളവർ നമ്മെ കണ്ടത് മാത്രമല്ല ;ഒരു സമൂഹം ,പ്രത്യേകിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ടെത്തുന്നതിനപ്പുറമാണ് .മറ്റുള്ളവർ കാണുന്നത് ഭൗതികമായ ചില അളവുകളുടെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരോടു പ്രതികരിക്കുന്നു എന്നതാണ് അവിടെ മുഖ്യം. എന്നാൽ   നാം ഉള്ളിൽ ജീവിക്കുന്നത് അങ്ങനെയല്ല.നാം ഭീകരമായ വിധം സന്ദിഗ്ദ്ധവും സംഘർഷാത്മകവുമായ ഇടുക്കുവഴികളിലൂടെ സഞ്ചരിക്കുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്നതിനു മുമ്പ് ഒരുവൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ ,ഭീകരമായ നിരാശ എന്താണെന്ന് സമൂഹത്തിനറിയില്ല. പത്രങ്ങൾക്കറിയില്ല .അത് വ്യക്തിയുടെ സ്വകാര്യലോകമാണ്. അതും അവൻ്റെ ജീവിതമാണ്.അവൻ ജീവിച്ചതാണത്.  ആഭ്യന്തരമായ വിഷാദവും പേടിസ്വപ്നങ്ങളും സന്ദേഹവും  മനുഷ്യനെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതികരണങ്ങളിലേക്ക് തിരിച്ചുവിടാം. അതെല്ലാം പാർലമെൻ്റിനും മുനിസിപ്പാലിറ്റിക്കും പുറത്താണ്.വ്യക്തി തൊഴിലിൽ ഏർപ്പെട്ട്  കുടുംബം പുലർത്തി ,നിയമാനുസൃതം വോട്ട് ചെയ്യുന്നു. എങ്കിലും അവനിൽ  സമ്മിശ്രവികാരമുണർത്തുന്ന ഫാൻ്റസിയുമുണ്ട്. യഥാർത്ഥത്തിൽ, അവൻ ജീവിതമെന്ന പേരിൽ ഒരു മിഥ്യയുടെ പിന്നാലെയാണോ അലഞ്ഞതെന്ന ചോദ്യം ഏതെങ്കിലുമൊരു നിമിഷത്തിൽ അവനെ പിടികൂടാവുന്നതാണ് .

ഒരു കഥ രചിക്കുന്നതിന് ,എന്തിനാണ് അത് എഴുതുന്നയാൾ ഇത്രമാത്രം ഉത്ക്കണ്ഠയും സന്ദിഗ്ദ്ധതയും  അനുഭവിക്കുന്നതെന്ന് ചോദിച്ചേക്കാം. ഇത് കഥ എന്നതിലുപരി ഒരു തിരച്ചിലാണ്. സ്വയം കണ്ടെത്തുക പ്രയാസമാണ്;ഐന്ദ്രിയസംവേദനങ്ങളുടെ ബ്രഹത്  ലോകത്തിലൂടെ,സൂക്ഷ്മമായ വിനിമയങ്ങളിലൂടെ ഒരുത്തരം ലഭിക്കുമോ എന്ന് തിരക്കുന്നത് മനുഷ്യസഹജമാണ്.താൻ ജീവിച്ചിരിക്കുന്നതിന്റെ അർത്ഥത്തെക്കുറിച്ച് ആകുലതകളുള്ള ഒരാൾ എഴുതുമ്പോൾ അത് രചനയിൽ കലരുന്നത് സ്വാഭാവികമാണല്ലോ. കഥ അല്ലെങ്കിൽ കല മനുഷ്യന് എത്രമാത്രം നിർണായകമാണെന്ന് സക്കറിയ ഈ കഥയിൽ ചില സുപ്രധാന സൂചനകളിലൂടെ അഭിവഞ്ജിപ്പിക്കുകയാണ്.

ദൈവം മറച്ചുവച്ചത് എഴുതുക

ദീർഘകാലമായി നേരിട്ട  സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം അതിൽ എത്തിച്ചേരുന്നത്. ഒരു വസ്തുവിനെയോ സംഭവത്തെയോ നാം മനസ്സിലാക്കുന്നത് സമൂഹം അല്ലെങ്കിൽ വ്യവസ്ഥാപിതമായ മാധ്യമങ്ങൾ നൽകിയ ഊടും പാവും അനുസരിച്ചാണ്. വികാരവും വിചാരവും അംഗീകൃത സ്കൂളുകൾ നൽകിയ 
ശിക്ഷണമനുസരിച്ചാണ് നിർണയിക്കപ്പെടുന്നത്.ഓരോ വികാരത്തിനും നിശ്ചിതമായ ഒരിടം  സങ്കൽപ്പിച്ചിട്ടുണ്ട്. അത് ഒരു വശത്തു നിന്നുള്ള നോട്ടമാണ്. അത് പൂർണമായ നോട്ടമല്ല, കാഴ്ചയല്ല. ഒരു വസ്തുവിന്റെ ,അനുഭവത്തിന്റെ, സംഭവത്തിന്റെ കാഴ്ചയിൽ നാം കാണാത്ത അനേകം മാനങ്ങളുണ്ട്,
അർത്ഥങ്ങളുണ്ട്.ഈ മാനങ്ങളെല്ലാം എവിടെയാണുള്ളത്? അതെങ്ങനെ അറിയും? ഈ പ്രശ്നം ഒരു ശരിയായ കലാകാരനെ,സാഹിത്യകാരനെ വല്ലാതെ വലയ്ക്കും .അതാണ് സക്കറിയ ഈ കഥയിലൂടെ തിരയുന്നത്. 

"ഹിമാലയത്തിലെ ജപയന്ത്രം  ചെയ്തത് ദൈവത്തെ പൂർണമായി വിവരിക്കുകയല്ലാതെ മറ്റൊന്നുമല്ല. ദൈവം പൂർണമായി വിവരിക്കപ്പെട്ടാൽ പിന്നെ പ്രപഞ്ചത്തിന് സ്ഥാനമെന്ത്? അത് അണയുന്നു. കാരണം ദൈവത്തിൻ്റെ വിവരണം മെല്ലെ ചുരുൾ നിവരുന്നതാണ് കാലം. കാലത്തിൻ്റെ വാത്സല്യത്തിൽ ജീവിക്കുന്ന നമുക്കാകട്ടെ ,ഒരെറുമ്പിനെയോ  ആനയെയോ ഒരു മേഘത്തെയോ ഒരു മുടിനാരിഴയെപോലുമോ പൂർണമായി വിവരിക്കാൻ കഴിയില്ല.പൂർണവിവരണം ദൈവത്തിനേ കഴിയൂ.കാരണം,പൂർണ്ണ വിവരങ്ങൾ അവൻ്റെ പക്കലാണുളളത്. " കഥാരചനയുടെ നിത്യമായ നഷ്ടം അല്ലെങ്കിൽ ദുഃഖം ഇതാണ്. എന്താണോ എഴുതാൻ ഉദ്ദേശിച്ചത് അതിൻ്റെ അടുത്തെങ്ങും എത്താനാവാതെ പിൻവാങ്ങേണ്ടിവരുന്ന അവസ്ഥ. പവിത്രമായ ഒരു വസ്തുവാണ് കലാവസ്തു. എന്നാൽ അതിനെ ഒരു വീടായി സങ്കൽപ്പിച്ചാൽ, അതിനുള്ളിൽ കയറാനാവാതെ ചുറ്റും ഓടി നടക്കാനാണ് കലാകാരന്റെ വിധി. ഇതറിയുന്നതുകൊണ്ടാണ് ഈ കഥാകൃത്ത് തൻ്റെ കരാഗൃഹം എത്ര ഭയങ്കരമാണെന്നറിഞ്ഞ് വിലപിക്കുന്നത്. ഭൂരിപക്ഷം എഴുത്തുകാർക്കും ഈ വിധിയെക്കുറിച്ച് അറിയില്ല. അവർ വർദ്ധിച്ച ആത്മവിശ്വാസത്തോടെ എഴുതുന്നു.അവർ കുടഞ്ഞിടുന്ന വികാരപ്രകടനങ്ങളിൽ എല്ലാം ഭദ്രമാണെന്ന് വൃഥാ വിചാരിക്കുന്നു. ആ വികാരപ്രകടനങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് പകർന്നു കിട്ടിയതാണെന്ന സത്യം അവർ മറന്നുപോകുന്നു. ഒരു ഗുരുനാഥനോ ഒരുകൂട്ടം ഗുരുനാഥന്മാരോ ചർച്ച ചെയ്ത് സമ്മതിച്ച് പുറപ്പെടുവിച്ച വീക്ഷണത്തിന് അംഗീകാരം നൽകുകയോ പിന്താങ്ങുകയോ ചെയ്യുന്നവരാണ് ഭൂരിപക്ഷവും. അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നില്ല. ചിന്തിക്കാനറിയില്ല എന്ന ദുരവസ്ഥയുണ്ട്. ചിന്തിക്കാനറിയില്ലെന്ന്  നമുക്ക് ബോധ്യപ്പെടുന്നത് ഇത്തരം വെളിപ്പെടുത്തലുകൾക്ക് മുഖാമുഖം വരുമ്പോഴാണ് .

ദൈവം മറച്ചുവച്ചതാണ് എഴുതേണ്ടത്. അതിനെയാണ് പ്രതിഭ എന്ന് വിളിക്കേണ്ടത്. ചിരപരിചിതമായത് എഴുതിയതുകൊണ്ട് ആർക്കും പ്രയോജനമില്ല .ഇവിടെ സക്കറിയ തനിക്ക് അപരിചിതമായ ഒരു ലോകത്തെ അറിയാനാണ്  എഴുതുന്നത് .അദ്ദേഹം പല വാതിലുകളിലും മുട്ടുന്നു. അത് ഒരു എത്തിനോട്ടമാണ് .കഥാപാത്രമായും കേവലം വ്യക്തിയായും കഥാകൃത്തായും അദ്ദേഹം മാറുന്നു .വേഷപ്പകർച്ചകൾ, അനുഭവങ്ങൾ വ്യത്യസ്തമാണ്. എല്ലാറ്റിന്റെയും പിന്നിൽ അറിയപ്പെടാത്ത പൊരുളുകളുണ്ട്.അജ്ഞാതത്വത്തെയാണ് ദൈവം എന്ന് വിളിച്ചിരിക്കുന്നത്. സിവിൽ സമൂഹത്തിലെ രാഷ്ട്രീയച്ചുവയുള്ള കഥകൾ അല്ലെങ്കിൽ ഗാർഹിക പശ്ചാത്തലത്തിൽ നിന്നുള്ള കഥകൾ ചൂണ്ടിക്കാണിക്കുന്നത് പൊതുസമൂഹത്തിൻ്റെ ചിന്താമണ്ഡലത്തിൽ പത്രവാർത്തകളിലൂടെ വന്നിട്ടുള്ള വിവരങ്ങളാണ്. അതിൽ സാമൂഹികജീവിതത്തിൽ തീർത്തും അറിയപ്പെടാത്ത യാതൊന്നുമില്ല. 
എന്നാൽ ഈ കഥയിൽ രാധ എന്ന കഥാപാത്രത്തെക്കുറിച്ചാണ്  എഴുതുന്നതെന്ന് പറയുന്നത് പൂർണമായും ശരിയല്ല. ആ കഥാപാത്രത്തെ ഒരിക്കൽ കണ്ട  ഓർമ്മ മാത്രമാണ് കഥയിൽ സൂചിതമാകുന്നത്. പിന്നീട് ആ രാധയെ അന്വേഷിച്ചു കരുണൻ പുറപ്പെട്ടുവെങ്കിലും അയാൾക്ക് ഒന്നും ഓർക്കാനാവുന്നില്ല. അത് അയാളുടെ മനസ്സിൻ്റെ ഏകാന്തതയിൽ സംഭവിച്ച ഒരു ഫാൻറസി കാഴ്ചയായിരുന്നു. സ്വപ്നത്തിൽ, ഒറ്റപ്പെടുന്ന അവസരത്തിൽ മനസ്സ് നഷ്ടപ്പെട്ടുപോകാതിരിക്കാൻ പലവിധത്തിലുള്ള രൂപാന്തരപ്പെടലിന് മനുഷ്യൻ വിധേയനാകുന്നു.അവന് മറ്റു മാർഗ്ഗമില്ല.

നശ്വരത ഭ്രമിപ്പിക്കുന്നു

ഫ്രഞ്ച് സാഹിത്യകാരൻ സാർത്രിൻ്റെ 'ദ് വാൾ'(The Wall)എന്ന കഥ ഓർക്കുക. തടവറയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരുവനാണ് പ്രധാന കഥാപാത്രം. അയാൾ നശ്വരതയെ മുഖാമുഖം കാണുകയാണ്. അപ്പോഴും അയാൾ സ്വതന്ത്രനാകാൻ ശ്രമിക്കുന്നു. പൊലിസ് അന്വേഷിക്കുന്നയാളെക്കുറിച്ച് വിവരം നൽകിയാൽ വിട്ടയയ്ക്കാമെന്ന് പൊലിസ് പറയുന്നു.എന്നാൽ അയാൾ പൊലീസിന് തെറ്റായ വിവരമാണ് നൽകുന്നത്. വൈരുദ്ധ്യമെന്ന് പറയാവുന്ന വിധം ആ കുറ്റവാളി അയാൾ പറഞ്ഞ സ്ഥലത്തു തന്നെയുണ്ടായിരുന്നു!.ഒളിച്ചു നടക്കുന്നതിനിടയിൽ കുറ്റവാളി അവിടെ എത്തിയതാണ്. കുറ്റവാളിയെ പൊലിസ് വെടിവച്ചു കൊല്ലുന്നു. തടവറയിൽ കിടന്നയാൾ പുറത്തിറക്കുകയും ചെയ്തു. ജീവിതമോഹത്താൽ സുഹൃത്തിനെ ഒറ്റിയവനായി അയാൾ മാറുന്നു. വാസ്തവം എന്താണ് ?ജീവിതത്തിൻ്റെ അർത്ഥശൂന്യത എപ്പോഴും പ്രതീക്ഷിക്കണം .അവിടെ യുക്തിയില്ല.ജീവിതം അനുനിമിഷം നഷ്ടപ്പെടുകയാണ്. സ്വന്തമാക്കിയ സാധനങ്ങളോ സമ്പത്തോ എപ്പോഴും തുണയാകില്ല. അതെല്ലാം നാം ജീവിച്ചിരിക്കുന്നതിന്റെ കാലയളവിൽ നമ്മെ ഭ്രമിപ്പിക്കുകയാണ്. വെറുതെ മോഹിപ്പിക്കും .ജീവിതം ഇടതൂർന്നതാണെന്ന്, അതിന് അടുത്തൊന്നും അവസാനമില്ലെന്ന് തോന്നിപ്പിക്കുകയാണ് ആ വസ്തുക്കളുടെ ചുമതല.അങ്ങനെ നോക്കുമ്പോൾ ആ വസ്തുക്കൾക്ക് ജീവനുണ്ടെന്നു തോന്നും. സമ്പത്തിനും  വസ്തുക്കൾക്കും ഉടമസ്ഥതയ്ക്കും മറ്റു ആകർഷകമായ സാധനങ്ങൾക്കും ജീവനുണ്ട്. അവയ്ക്ക് നമ്മളിൽ  കൃത്രിമമായ ചോദനകൾ സൃഷ്ടിക്കാൻ  കഴിവുണ്ട്. നാം ചില വസ്തുക്കളുടെ ഉടമയായിരിക്കുന്നതുകൊണ്ട് ജീവിതം കൈവെള്ളയ്ക്കകത്ത് ഭദ്രമാണെന്ന് വിചാരിപ്പിക്കാൻ അവയ്ക്ക് കഴിയുന്നു എന്ന വസ്തുത പ്രധാനമാണ്. എന്നാൽ അത് മിഥ്യയാണെന്ന് അറിയുന്നത് കാലത്തിൻ്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്. ഫ്രാൻസ് കാഫ്ക പറഞ്ഞു ,പെണ്ണ് കൈപ്പിടിക്കുള്ളിലാണെങ്കിലും സ്വന്തമല്ലെന്ന് .ഇത്രയും ആഴത്തിൽ ചെല്ലുന്ന ഒരു വെട്ട് വേറെ എവിടെയും കണ്ടിട്ടില്ല. എല്ലാ സ്വപ്നങ്ങൾക്കും മേലെ വാൾകൊണ്ട് വെട്ടുകയാണ് കാഫ്ക ചെയ്തത്. ഇത് നിരാശ ബാധിച്ചതുകൊണ്ടുള്ള വർത്തമാനമാണെന്ന് കരുതരുത്.  അറിവുകളെ പല കോണുകളിൽ നിന്ന് നോക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന കണ്ടെത്തലാണ്.

പ്രമുഖ പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവയെക്കുറിച്ചുള്ള ഒരു സംഭാഷണത്തിൽ പൗലോ ബോർഹസ് (Paulo Borges)ഈ ലോകത്തെ, ചതിച്ച ഒരു ദൈവത്തിൻ്റെ സൃഷ്ടിയായോ മിഥ്യാവാദിയുടെ നിർമ്മിതിയായോ കണ്ട് ഉപേക്ഷിക്കുന്ന പ്രവണതയെക്കുറിച്ച് പറയുന്നുണ്ട്. സ്വപ്നം അല്ലെങ്കിൽ മിഥ്യയാണ് യാഥാർത്ഥ്യത്തിൻ്റെ കാതൽ എന്ന ധാരണയിലാണ് പെസ്സോവ നീങ്ങിയതെന്ന് കാണാം.അദ്ദേഹത്തിൻ്റെ ബുക്ക് ഓഫ് ഡിസ്ക്വയ്റ്റ്' (Book of Disquiet)എന്ന കൃതിയിൽ ഇതിനെ ദൃഢീകരിക്കുന്ന ഭാഗങ്ങളുണ്ട് ."എനിക്ക് ചുറ്റിനുമുള്ളതെല്ലാം ആവിയായി പോവുകയാണ്. എൻ്റെ ആകെ ജീവിതം ,ഓർമ്മകൾ, ഭാവന ,അതിന്റെ ഉള്ളടക്കം ,എൻ്റെ വ്യക്തിത്വം -ഇതെല്ലാം ആവിയായി പോവുകയാണ്. എനിക്കെപ്പോഴും തോന്നുന്നു ,ഞാൻ മറ്റാരോ ആണെന്ന്. ഈ രീതിയിൽ ചിലതൊക്കെ തോന്നാറുണ്ട്,ചിന്തിക്കാറുണ്ട്.ഞാനിവിടെ കണ്ടുകൊണ്ടിരിക്കുന്നത് മറ്റേതോ സംഘർഷത്തോടൊപ്പമുള്ള ഒരു കളിയാണ്." ജീവിതം അതാര്യമാണെന്ന സത്യത്തിലേക്ക് ഓരോ വാക്യവും നയിക്കുന്ന കഥയാണ് 'രാധ രാധ മാത്രം'.അതിലേക്ക് പ്രവേശിക്കുന്നതോടെ ഇത് ദൃഢമാവുകയാണ്.ഒരാൾ ജീവിച്ചത്, പുറത്ത് കണ്ട യാഥാർത്ഥ്യത്തേക്കാൾ   സത്യമാണെന്ന് ഉറപ്പിക്കുകയാണ്. മനുഷ്യന്റെ നരകവും സ്വർഗവും അവൻ്റെയുള്ളിലാണ്. ഈ വസ്തുതയുടെ ആഴമാണ് പെസ്സോവയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നത്.ചുറ്റുമുള്ളതെല്ലാം ആവിയായി പോകുന്നുവെന്ന്! അപ്പോൾ ഏതിനെ വിശ്വസിക്കും? സ്നേഹം, ഓർമ്മ, ബന്ധം എല്ലാം ഒരിടവേളയിലെ താൽക്കാലിക ഭ്രമണങ്ങളായിരുന്നുവെന്ന് അറിയുന്നതോടെ സത്യത്തിൻ്റെ കുത്തേറ്റ് നാം തകർന്നുപോകും.

കഥയെഴുതാൻ വേണ്ടി ഉണർന്നിരിക്കുന്ന ഒരാൾ ഉറങ്ങുമ്പോഴും അതിൽ തന്നെയാണുള്ളത്. അയാൾ കാണുന്ന  സ്വപ്നത്തിൽ ജീവിതമാണുള്ളത്. സ്വപ്നത്തിൽ കണ്ടത് കുറച്ചുനേരത്തേക്ക് ഭയപ്പെടുത്തും. സ്വപ്നം അവസാനിക്കുന്നതോടെ ഭയത്തിൽ നിന്ന് മാത്രമല്ല ,അതുവരെ ഭരിച്ച ഒരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാകും.എന്നാൽ ഉണർന്നു തിരിച്ചെത്തിയ ലോകവും നമ്മെ മറ്റൊരു തരത്തിൽ ഭയപ്പെടുത്തുകയാണ്. വിശ്വസിച്ചാൽ വഞ്ചിക്കുന്ന ലോകത്തെ കണ്ട് ഒരുവൻ അവനിലേക്ക് തന്നെ ചുരുണ്ടുകൂടാൻ നോക്കും.'ഞാനിനിയും ജനിച്ചിട്ടില്ല,എന്നെ ആശ്വസിപ്പിക്കൂ' എന്ന് ഐറിഷ് കവി ലൂയി മക്നീസ് (Louis MacNeice) Prayer Before Death എന്ന കവിതയിൽ എഴുതിയത് ഈ ഭീകരാവസ്ഥയുടെ ബോധ്യത്തിന്റെ ഫലമായാണ്. ഓർമ്മയും ഭാവനയും വ്യക്തിത്വവുമെല്ലാം ആവിയായി പോകുന്നുവെന്നാണ് പെസ്സോവ പറഞ്ഞത്. പിന്നെ എന്തിനെയാണ് ആശ്രയിക്കുന്നത്? ഉണ്ടെന്ന് വിശ്വസിച്ചതിനും മറന്നതിനുമിടയിലുള്ള ആപൽക്കരമായ ഒരവസ്ഥയായി ജീവിതം മാറുന്നു.എൻ്റെ ജീവിതം, ഞാൻ ജീവിച്ചത് എന്നൊന്നും പറയാനൊക്കില്ല. അതൊക്കെ ആപേക്ഷികസത്യങ്ങളും തോന്നലുകളുമായിരുന്നു.

സ്വയം മറന്നതിൻ്റെ ,സ്വയം തെറ്റിദ്ധരിച്ചതിന്റെ ഫലമായി നാം ആകെ മാറിപ്പോകുന്നു. അതോടൊപ്പം നമ്മോടൊപ്പമുള്ളവരും മാറുന്നു. എങ്ങനെയാണ് ചുറ്റിനുമുള്ള ലോകം   സ്നേഹവും ദയയും  കാണിക്കുന്നതായി നമുക്ക് തോന്നുന്നത്? അത് നമ്മുടെ തന്നെ ആന്തരിക സംവിധാനത്തിന്റെ ഫലമായുണ്ടാകുന്നതാണ്.നമ്മുടെ മുറിവുണക്കാൻ നമ്മളിലുള്ള ഒരാൾ തന്നെ ഉയർത്തെഴുന്നേന്നേൽക്കേണ്ടതുണ്ട്. അതുവരെ ആ ആൾ അജ്ഞാതമായി തുടരുകയായിരിക്കാം. അയാളുടെ സേവനം ആവശ്യപ്പെടുമ്പോഴാണ് എത്തിച്ചേരുക .ഇത് അർത്ഥമാക്കുന്നത് നാം പുറമേ ജീവിതമെന്ന് വിളിക്കുന്നത് സമ്പൂർണ്ണമായ യാഥാർത്ഥ്യത്തിനപ്പുറത്താണ് എന്നാണ്. ഫാന്റസിയും തോന്നലും ഐന്ദ്രിയമായ ഉദ്വേഗങ്ങളും നിറഞ്ഞ ഒരവസ്ഥയാണത്. അത് നിറയെ അനുഭൂതികളല്ല. യാതൊരു വികാരവും ജനിപ്പിക്കാത്തതാണ് , പ്രബോധനാത്മകമാണ് .പെസ്സോവ പറഞ്ഞു, താൻ മറ്റൊരാളാണെന്ന്  ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്ന്.  മറ്റൊരാളുടെ വികാരങ്ങൾ താൻ കൊണ്ടുനടക്കുകയാണെന്ന്. ഏതോ ഒരു സംഘത്തിൻ്റെ കളി കാണുകയാണ് താനെന്ന്. ഇതിനു സമാനമായ പ്രതിധ്വനികളാണ് സക്കറിയയുടെ കഥകളിലുമുള്ളത്.
തന്നിലെ ശൂന്യതയെക്കുറിച്ച് നല്ലപോലെ ബോധവാനായ ഒരാൾ കഥാപാത്രത്തിന് വേണ്ടി വാദിക്കുകയാണ്. ആകെ കുഴഞ്ഞു മറിഞ്ഞ ഒരു ജീവചരിത്രത്തിനകത്ത് വീർപ്പുമുട്ടുന്ന കരുണൻ എന്ന കഥാപാത്രത്തിൻ്റെ അപസ്വരങ്ങളുടെ രക്ഷകനായി കഥാകൃത്ത് അവതരിക്കുകയാണ് .കഥാപാത്രമായി മാറാൻ മനസ്സുള്ള ,പിന്നീട് കഥാപാത്രത്തെ ജീവിക്കാൻ അനുവദിക്കുന്ന കഥാകൃത്ത് സ്വയം ആരാണെന്ന അന്വേഷണമാണ് തുടങ്ങിവയ്ക്കുന്നത് .ഒരു കഥ എഴുതിയതുകൊണ്ട് അതിനു ഉത്തരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആദ്യമേ തന്നെ പറയുന്നുണ്ട്. കഥയുടെ അന്ത്യം കരുണൻ രാധയെ കണ്ടോ ,രാധ തന്നെയാണോ അയാൾ കണ്ടുപിടിച്ച വീടിനു മുന്നിൽ നിന്നത്, അയാൾ ലീലയുടെ വീട്ടിൽ നിന്ന് ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോൾ കണ്ട കുട്ടി രാധയുടേതായിരുന്നോ, ലീലയുടെ  വീടിനടുത്ത് തന്നെയാണോ രാധയുടെ വീട് ,എങ്കിൽ താൻ എന്തിന് രാധയുടെ വീട് തേടി ഇത്ര ദൂരം അലഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക് കഥാകൃത്തിന്റെ കൈയിൽ ഉത്തരമില്ല.
ഈ ലോകജീവിതത്തെക്കുറിച്ച് തനിക്ക് പ്രാഥമികമായോ അന്തിമമായോ ഒരു പ്രസ്താവന ചെയ്യാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതുപോലെയാണിത്.

ഗതികിട്ടാത്ത പ്രവാചകൻ 

താൻ കഥാരചനയിൽ ഏർപ്പെട്ടതിലൂടെ വല്ലാത്ത ഏടാകൂടത്തിലകപ്പെട്ടിരിക്കയാണ്,തന്നെ രക്ഷിക്കാൻ ഈ കഥാപാത്രത്തെ കൊണ്ടാകുമെന്ന് തോന്നുന്നില്ല - എന്നിങ്ങനെ കഥാകൃത്ത് ചിന്തിക്കുന്നതായി നമുക്ക് തോന്നും. അത് സത്യവുമാണ് .അയാൾ നേരിട്ടറിഞ്ഞ കാര്യങ്ങൾ പോലും പിന്നീട് അയാൾക്ക് സന്ദേഹമുണ്ടാക്കുന്നു. കരുണൻ  ഉറപ്പിച്ചുവെച്ച കാര്യങ്ങൾക്ക് ഇപ്പോൾ ഒരു സ്വപ്നത്തിന്റെ വിലയേയുള്ളൂ. അത് ജീവിച്ചതല്ല ,സ്വപ്നം കണ്ടത് തന്നെയായിരുന്നു. എങ്കിൽ അത് ഒരു ഫാൻറസിയാണ് .തന്നിലെ അനിയന്ത്രിതമായ കാമവും ലൈംഗികമായ അതിമോഹവും ഈ ലോകത്ത് ഒരിടത്തും സംവേദനം  ചെയ്യാനാവുകയില്ലെന്നറിഞ്ഞു  അയാൾ സൃഷ്ടിച്ച രണ്ട് കഥാപാത്രങ്ങളാവാം ലീലയും രാധയും. ചിലപ്പോൾ അവർ രണ്ടുപേരും ഒരാളുടെ തന്നെ രണ്ട് കാലഘട്ടങ്ങളിലെ പെരുമാറ്റമായിരിക്കാം. അയാൾ തന്നിലെ ഭ്രാന്തമായ ലൈംഗികാസക്തി വിവരിക്കാൻ ലീലയെ  കണ്ടുപിടിക്കുന്നു. അവളുമൊത്ത്  സന്തോഷിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിൽ പറയുകയാണ്. ഈ ലോകത്ത് നിന്ന് തീർത്തും വേർപെട്ട ഒരിടമാണ് അയാളുടെ മനസ്സും അതിൻ്റെ ഫാന്റസിയും.

ഒരു ഫാന്റസിയുടെ അന്ത്യം കഥാകൃത്തിനെങ്ങനെ നിർവ്വചിക്കാനാവും.? കഥയിലെ ഈ വാക്യങ്ങൾ അത് സൂചിപ്പിക്കുന്നു. "എനിക്കൊരു വിശ്വാസമുണ്ട്. എന്തിനെയും പൂർണമായി വിവരിക്കാൻ കഴിഞ്ഞാൽ അതിന്റെ സത്യത്തിൽ എത്തിച്ചേരാനും കഴിയും."
എന്നാൽ ദൈവത്തിനല്ലാതെ പൂർണമായ വിവരണം തരാൻ മറ്റാർക്കും സാധ്യമല്ല. അതേസമയം മറ്റൊരു ബോധ്യവുമുണ്ട് .എല്ലാം വിവരിക്കപ്പെട്ടാൽ പിന്നെ ദൈവത്തിൻ്റെ സ്ഥാനമെന്താണ്? ഈ അവസ്ഥ ഭീതിതമാണ് .കാര്യങ്ങളുടെ നിജസ്ഥിതിയും അതിനു നമ്മളോടുള്ള യഥാർത്ഥബന്ധവും അറിയാതെയാണ് നാം വലിയ ജീവിതമൂല്യങ്ങൾ പുറപ്പെടുവിക്കുന്നതും ദീർഘിച്ച പ്രബന്ധങ്ങളും സാഹിത്യവും എഴുതുന്നതും.

ഒന്നിനും അന്തിമമായ സുവിശേഷം പറയാനില്ല. എല്ലാം ഇരുട്ടിൽ തപ്പുകയാണ്. എഴുത്തുകാരൻ ഒരു അടഞ്ഞ ലോകത്തിൻ്റെ ഗതികിട്ടാത്ത പ്രവാചകനാണ്. ദൈവത്തെ നഷ്ടപ്പെട്ടതിൻ്റെ വേദനയും സന്ത്രാസവുമാണ് അവനെ ചൂഴുന്നത്.  അവന് ഭാവിയെയോ ഭൂതകാലത്തെയോ എത്തിപ്പിടിക്കാനാവില്ല.  വർത്തമാനകാലമാകട്ടെ അവനെ ആസൂത്രിതമായി കബളിപ്പിക്കുന്നു. "പ്രപഞ്ചത്തിന്റെ പിടികിട്ടാത്ത മിനുസ തൂണിൽ എണ്ണ തേച്ച ദേഹവുമായി പിടിച്ചുകയറുന്നവനെ പോലെയാണ് എഴുത്തുകാരൻ .വഴുക്കി വീഴലിൽ  ചിലപ്പോൾ പിടികിട്ടുന്നത് ഒരു കള്ള നാമത്തിലായിരിക്കും." അതുകൊണ്ട് യഥാതഥമെന് നാം കരുതുന്ന വസ്തുതകളെയും വിവരങ്ങളെയും അതേപടി അവതരിപ്പിക്കുന്നതിൽ ഒരു അവ്യക്തതയുണ്ട്. അത് പിടിതരാത്ത ഏതോ മേഖലയുടെ ഒരറ്റം മാത്രമാണ്. മനുഷ്യൻ അവൻ്റെ സഹജമായ ഫാന്റസിയിലാണ് ജീവിതത്തെ ഐന്ദ്രിയമായി സ്പർശിക്കുന്നത്. ഇത് താരതമ്യേന ഗാഢമായി വിനിമയം ചെയ്യുന്നതിനാണ് കരുണൻ എന്ന കഥാപാത്രത്തിന്റെ തീവ്രമായ രതിമോഹത്തെ കൂടുതൽ വ്യക്തതയോടെ എഴുതിയത്.സ്വപ്നത്തിന്റെ ഭാഷയ്ക്ക് സൗന്ദര്യമേറും. അത് ഹൃദയത്തിൻ്റെ അവ്യക്തതകളെയും അനൈഹികമായ അവസ്ഥകളെയും സാധാരണമാക്കി കാണിക്കുകയാണ്. അവിടെ ഒരു ക്രമമുണ്ട് .ആ ക്രമവുമായി പൊരുത്തപ്പെട്ട് അതിനു നീതീകരണം കൊടുക്കുന്ന സമയത്താണ് സ്വപ്നം മാറിമറിയുന്നത്. അതോടെ സ്വപ്നത്തിന്റെ വേറൊരു ഘട്ടം ആരംഭിക്കുകയാണ് .