ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്. ഒരാള്‍ നിലനില്‍ക്കുന്ന പ്രത്യേക കൂട്ടത്തിനും അതിന്‍റെ സദാചാരപരമായ സംവാദ ഒത്തുതീര്‍പ്പുകള്‍ക്കും ഇടയില്‍ സജീവമായതെന്തോ, ആത്മീയമായി സ്വതന്ത്രവും ആത്മവിശ്വാസപരമായി ധീരമായതെന്തോ നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്യുന്നത്. അവനവന്‍റെ ശബ്ദം എന്ന ഒരു നിലീനസൗന്ദര്യമുണ്ട്.
ഒരിക്കല്‍പ്പോലും ആ വഴിക്ക് സഞ്ചരിക്കാത്തവരുണ്ട്. വ്യക്തിപരമായി ഒരു സൃഷ്ടികര്‍ത്താവാകുക എന്ന നിലയിലേക്ക് വളരാതെ, കാലികവിഷയങ്ങളില്‍ പ്രതികരിക്കുക എന്ന ഉത്തരവാദിത്തം മാത്രം ഏറ്റെടുത്ത് സംഘടനകളുടെയും മാധ്യമങ്ങളുടെയും താത്കാലിക ലക്ഷ്യങ്ങളെ നിറവേറ്റി കൊടുക്കുന്നവരുടെ കൂടെ സഞ്ചരിക്കാന്‍ എന്തുകൊണ്ടോ പ്രയാസമാണ്. സ്വകാര്യവും ധിഷണാപരവുമായ ഉദ്യമങ്ങളിലേക്ക് വ്യക്തി എന്ന നിലയില്‍ സര്‍ഗാത്മകമായി സഞ്ചരിക്കാന്‍ തടസ്സം നില്‍ക്കുന്നതെല്ലാം തിډയാണ്. ആ നിലയ്ക്കാണ് എന്‍റെ സാഹിത്യവിമര്‍ശനത്തെയും നോവല്‍ രചനയെയും കാണേണ്ടത്. വളരെ സൂക്ഷ്മവും ദര്‍ശനപരമായി വേറിടുന്നതുമായ അനുഭവങ്ങളിലേക്ക് എല്ലാ വേലികളെയും മറികടന്ന് പോകുമ്പോഴാണ് രചന അര്‍ത്ഥവത്താകുന്നത്. എന്‍റെ 'വാന്‍ഗോഗിന്' എന്ന നോവല്‍ ഇങ്ങനെയുണ്ടായതാണ്.
വാന്‍ഗോഗ് നല്ലൊരു വായനക്കാരനും ഗദ്യകാരനുമായിരുന്നു. ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ബൃഹത്തായ കഴിവുകള്‍ ഒരു കാഴ്ചപ്പാടിലൂടെ വേണം നോക്കിക്കാണാന്‍. ഡെലക്രോയിക്സ്, മില്ലറ്റ് തുടങ്ങിയ ചിത്രകാരന്മാരോട് ആദരവ് കാണിച്ച വാന്‍ഗോഗ് തന്‍റെ ഇടം വേറെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മുഴുവന്‍ സമയ അന്വേഷകനും ചിന്തകനുമാകുകയായിരുന്നു. വാന്‍ഗോഗ് ജീവിതത്തെ അറിയാന്‍ ദരിദ്രരോടൊത്ത് ജീവിച്ചു. ചെറിയ വീടുകളിലെ അസംതൃപ്തമായ ജീവിതം നേരിട്ടുകണ്ട് ഗ്രാമങ്ങളിലെ കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസിലാക്കി. പക്ഷെ, വെറുതെ വരച്ചതുകൊണ്ടായില്ല, എന്താണ് വരയ്ക്കുന്നതെന്ന് തിരിച്ചറിയണം.
ഈ വാക്യങ്ങള്‍ നോക്കൂ: "സഹനത്തോടും മരണത്തോടുമുള്ള അഗാധമായ അര്‍പ്പണത്തിലൂടെയാണ് ഒരാള്‍ ആത്മവിശ്വാസത്തിലധിഷ്ഠിതമായ സുഖം പ്രാപിക്കലിനു തയ്യാറാകേണ്ടത്. ഉള്ളില്‍നിന്ന് സ്വയം രൂപപ്പെടുത്തേണ്ടതാണിത്." വരയ്ക്കാതെ ജീവിക്കുന്നത്, വാന്‍ഗോഗിനു ആനന്ദം നല്‍കുകയില്ല. പകരം വരകള്‍കൊണ്ട് ഒരു സമാന്തരലോകം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു ചിത്രകാരന്‍ എന്താണ് വരയ്ക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കാന്‍ വാന്‍ഗോഗ് അയാളോടൊപ്പം യാത്ര ചെയ്ത് മുപ്പത് ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ കാണിച്ചുകൊടുത്തു. ദൗര്‍ഭാഗ്യങ്ങള്‍ ചിലപ്പോഴെങ്കിലും നല്ലതാണെന്ന ഒരു വാദം വാന്‍ഗോഗില്‍നിന്നുണ്ടായി. ഇരുണ്ടതും നികൃഷ്ടവുമായ ജീവിതാന്തര്‍ഭാഗങ്ങളിലേക്ക് നീങ്ങുന്നത് ഒട്ടും പ്രതീക്ഷിക്കാനിടയില്ലാത്ത ഫലം കൊണ്ടുവന്നുതരും.
വാന്‍ഗോഗ് എപ്പോഴും ആത്മസംഘര്‍ഷങ്ങളെയാണ് നേരിട്ടുകൊണ്ടിരുന്നത്. തന്‍റെ മുന്‍പുണ്ടായിരുന്ന റാഫേലൈറ്റുകളെയും സമകാലീനരെയും സ്വാധീനവലയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് അദ്ദേഹം കണ്ടുപിടിച്ച ഉപായം പ്രകൃതിയെ നിരീക്ഷിക്കുക എന്നതു മാത്രമായിരുന്നു. ഇതിനായി ഡെലക്രോയിക്സിനെ ഉദാഹരിക്കുന്നു. 'ഗെഥ്സെമേന്‍' എന്ന ചിത്രം വരയ്ക്കാന്‍ അദ്ദേഹം അവിടെപ്പോയി ഒലിവുമരങ്ങള്‍ നില്‍ക്കുന്നതെങ്ങനെയാണെന്ന് പരിശോധിക്കാന്‍ താത്പര്യം കാണിച്ചു. ആ മരങ്ങളില്‍നിന്ന് ഒരു തുടക്കം കിട്ടുകതന്നെചെയ്തു. വാന്‍ഗോഗും ഈ മാര്‍ഗമാണ് സ്വീകരിച്ചത്. ഖനിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വരച്ച ചിത്രങ്ങള്‍ അത് വ്യക്തമാക്കുന്നു. ഉറങ്ങുന്ന തൊഴിലാളിയെ ഓര്‍ക്കുക. വാന്‍ഗോഗ് വരച്ച സൈപ്രസ് മരങ്ങളും ഗോതമ്പുപാടവും പ്രകൃതിയുടെ നിറങ്ങള്‍കൊണ്ട് കലാവിഷ്കാരം തേടുകയാണ്. മനുഷ്യചിന്തയെ പ്രകൃതിയിലേക്ക് സംക്രമിപ്പിച്ച ചിത്രകാരനാണ് അദ്ദേഹം. തന്‍റെ വിഭ്രാമകമായ അസ്തിത്വ പ്രതിസന്ധികള്‍ എവിടെ നോക്കിയാലും തെളിഞ്ഞുവരുമായിരുന്നു.
കലങ്ങിമറിയുകയായിരുന്നു ആ മനസ്. ഒന്നും നേരെയാക്കാന്‍ കഴിയാത്തതുകൊണ്ട് ഹതാശനായി കാന്‍വാസിലേക്ക് തിരിയുകയായിരുന്നു. കാന്‍വാസ് പുതുലോകവും പുതുജീവിതവും നല്‍കി. എന്നാല്‍ ആ സന്തോഷം നീണ്ടുനില്‍ക്കില്ല. വര പൂര്‍ത്തിയാകുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ പ്രതീക്ഷകളും മിഥ്യ എന്നപോലെ മനസില്‍ നിന്നിറങ്ങിപ്പോകും. ഭാവനകൊണ്ട് ജീവിക്കാന്‍ മോഹിച്ച വാന്‍ഗോഗ് അതുകൊണ്ടുതന്നെ മുറിവേറ്റവനായി. ഒന്നിലും സ്ഥിരമായ ഒരസ്തിത്വമില്ല എന്ന ദുഃഖമാണ് അദ്ദേഹത്തെ വേട്ടയാടിയത്. എപ്പോഴും അസ്ഥിരപ്പെടുത്തുന്നതെന്താണോ, അതില്‍ നിന്ന് വിടുതല്‍ നേടാനാണ് വരയ്ക്കുന്നത്. അതാകട്ടെ, പിന്നീട് മറ്റൊന്നിന് പ്രേരണയാവുകയാണ്.
നിറങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. നിറത്തിനു അതിന്‍റെ തന്നെ സ്ഥിരതയുണ്ട്. എന്നാല്‍ സാധാരണ നിറങ്ങള്‍ എവിടെയാണുള്ളത്? ഒരു നിറവും അതിന്‍റെ ക്ലാസിക്കല്‍ ഐഡന്‍റിറ്റിയില്‍ ചിത്രകാരന് ആവശ്യമില്ല. നിറങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രകൃതിയിലെ നിറവൈവിധ്യവും ഒരാള്‍ തന്‍റെ സര്‍ഗാത്മകമായ കര്‍ത്തൃത്വത്തിനു അനുഗുണമായവിധം അഴിച്ചു പണിയേണ്ടതുണ്ട്. സ്വാഭാവിക നിറങ്ങളില്‍ നിന്നുള്ള വളര്‍ച്ചയാണത് വ്യക്തമാക്കുന്നത്. ഒരാള്‍ ഒന്നും വിശേഷിച്ച് ചെയ്തില്ലെങ്കിലും നിറം അതിന്‍റെ സഹജമായ സംസ്കാരത്തില്‍ ചിലതെല്ലാം ധ്വനിപ്പിക്കുന്നു.
നിറങ്ങളില്‍നിന്ന് നിപതിച്ച്, ആത്മാവിന്‍റെ നഗ്നതയില്‍ ആലംബമറ്റ് വീണ ഒരു കലാകാരന്‍റെ ഏറ്റവും നിഗൂഢമായ സ്വകാര്യജീവിതമാണ് 'വാന്‍ഗോഗിന്' എന്ന നോവിലിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. വാന്‍ഗോഗിന്‍റെ മരണശേഷം, മൂന്നുദിവസത്തിനുള്ളില്‍ പത്രങ്ങളില്‍ ആ മരണത്തെക്കുറിച്ച് വന്ന വ്യത്യസ്ത സ്വഭാവങ്ങളുള്ള ഏതാനും റിപ്പോര്‍ട്ടുകളാണ് ഈ നോവലിന്‍റെ രൂപം. യഥാര്‍ത്ഥത്തില്‍ വാന്‍ഗോഗ് എഴുതിയ കത്തുകളല്ല, ചില വിഷമഘട്ടങ്ങളില്‍ അദ്ദേഹം എഴുതിയേക്കാവുന്ന കത്തുകള്‍ എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. ഹൂര്‍ണി എന്ന ഗര്‍ഭിണിയായ വേശ്യയെ കല്യാണം കഴിച്ച് കൂടെ താമസിച്ചിരുന്നല്ലോ. അതിനുശേഷം വാന്‍ഗോഗ് തന്‍റെ പില്‍ക്കാല അലച്ചിലുകളെക്കുറിച്ച് ഹൂര്‍ണിയുമായി സംവദിച്ചിരുന്നില്ലെന്ന് പറയുന്നവരുണ്ടാകാം.
പക്ഷേ, ഒരു സാധ്യത നിലനില്‍ക്കുന്നു.
വാന്‍ഗോഗിന് ചെവി നഷ്ടമായ സംഭവം ഇന്ന് ഒരു മിത്താണ്. പല നിഗമനങ്ങള്‍ കണ്ടു. എന്‍റെ നോവലില്‍ ആ ചെവി മുറിച്ചത് സുഹൃത്ത് ഗോഗിന്‍ ആണെന്ന് വിവരിക്കുന്നു. കാരണം ആ സംഭവത്തോടെ അവര്‍ അകലുകയാണ്. ഒരു കാര്യം താന്‍ ആരോടും പറയാതെ സൂക്ഷിക്കുകയാണെന്ന് വാന്‍ഗോഗ് സുഹൃത്തിനെഴുതിയിട്ടുണ്ട്. ഇവിടെയെല്ലാം മൗനങ്ങളാണ് നിറയുന്നത്. റേച്ചല്‍ എന്ന യുവതി അവരുടെ അയല്‍ക്കാരിയായിരുന്നു. റേച്ചല്‍ ഒരു പ്രണയവസ്തുവായി മാറാതിരിക്കുമോ? ലൈംഗികമോഹമോ ലൈംഗികശേഷിക്കുറവോ ഒന്നുമല്ല, മോഡിലിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍പോലും കലഹത്തിനുള്ള തീപ്പൊരിയാണ്. വാള്‍പ്പയറ്റില്‍ കഴിവുണ്ടായിരുന്ന ഗോഗിനു ഒരു വീശലില്‍ വാന്‍ഗോഗിന്‍റെ ചെവിയരഞ്ഞുകളയാനാവും, അബദ്ധത്തില്‍പ്പറ്റിയ ഒരു ചുവടുവയ്പിലാണെങ്കില്‍പ്പോലും.
കലാകാരനാവുന്നവര്‍ വാന്‍ഗോഗിനെ അറിയുന്നത് നല്ലതാണ്. മറ്റെന്തിനേക്കാളും വലിയ സ്ഥാനം അതിനു നല്‍കിയാലേ പ്രസക്തിയുള്ളൂ. കലയും കലാകാരനും ദൈവപദത്തിലേക്ക് ഉയരുന്നത് അവിടെയാണ്. വാന്‍ഗോഗിന് എന്ന നോവല്‍ എന്‍റെ 'ശ്രീനാരായണായ', 'ജലഛായ' എന്നീ നോവലുകളെപ്പോലെ രൂപത്തില്‍ ഒരു പരീക്ഷണമാണ്; നവനോവല്‍ പ്രസ്ഥാനത്തിന്‍റെ മുഹൂര്‍ത്തമാണ്. സ്യുഡോ റിയലിസം എന്ന പ്രസ്ഥാനത്തിന്‍റെ ഉദയമാണിത്.
No comments:
Post a Comment