Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 2/എം.കെ.ഹരികുമാർ

 




ജീവിതം തന്നെ മറ്റുള്ളതിൽ നിന്നെല്ലാം  വിഭിന്നമാണ് .ഒരു ജീവിതവും മറ്റൊന്ന് പോലെയല്ല. ഒരാളുടെ ജീവിതം അതിൻ്റെ എല്ലാ സംഘർഷങ്ങളോടെയും  വിഷാദങ്ങളുടെയും സന്തോഷങ്ങളോടെയും സമ്പൂർണ്ണമാണ്.കാരണം ,ജീവിതത്തിൽ നിന്ന് ആർക്കും ഒന്നുതന്നെ എടുത്തുമാറ്റാനാകില്ല. വേദനകളിലും  ജീവിതം അതിൻ്റെ തന്നെ പരിവർത്തന ദശയിലാണ്. അതിനാൽ അതിനു താരതമ്യമില്ല .ഓരോ മനുഷ്യനും വ്യത്യസ്ത കാലവും മനസ്സും ശരീരവുമാണുള്ളത്. അവൻ്റെ അനുഭവങ്ങൾ നിസ്തുലമാണ്. അത് പ്രചോദനം നേടുന്നതും ആകാശങ്ങളിൽ മനസ്സിനെ തേടുന്നതും അതിൽ നിന്നു തന്നെയാണ് .അതുകൊണ്ട് ജീവിതങ്ങൾ ഓരോന്നും വേറെയാണ്. ഇതുപോലെതന്നെ വിഭിന്നമാണ് ഓരോ ചെറിയ ജീവിയുടെയും അവസ്ഥ. ഒരു ചെറിയ വിട്ടിൽ ജീവിതത്തെ വീക്ഷിക്കുന്നത് അതിനുമാത്രം പര്യാപ്തമായ രീതിയിലാണ് .ഉയർച്ചയും താഴ്ചയും അതിൻ്റെ സംവേദനം എന്ന  ആകാശത്തിനകത്തു മാത്രമാണ് .അത് എങ്ങനെ ഇന്ദ്രിയങ്ങളുടെയും സാധ്യതകളുടെയും ലോകത്ത് അതിന്റേതായ സമ്പൂർണ്ണതയിൽ കഴിയുന്നു?

ലോകം ഓരോ ജീവിയെയും ഓരോ പ്രത്യേക വാസഗൃഹത്തിൽ നിലനിർത്തിയിരിക്കുകയാണ് .ഒരു ജീവിവർഗ്ഗം ആ വാസഗൃഹത്തിന്റെ വലിയ രൂപമാണെന്ന് മനസ്സിലാക്കുക. ഒരു ജീവിവർഗ്ഗത്തിന്റെ സംവേദനം വേറൊരു ജീവിവർഗ്ഗത്തിന് അജ്ഞാനമാണ്. ഒരു കുഴിയാനയുടെ സംവേദനം ആനയ്ക്ക് അജ്ഞാതമാണല്ലോ.രാത്രിയിൽ കാഴ്ചയുള്ള ജീവികളുടെ വ്യവസ്ഥ എത്രമാത്രം സ്വയം സമ്പൂർണ്ണമാണെന്ന് മനുഷ്യനു അറിയില്ല. ഇത് ലോകാവസ്ഥയുടെ ഒരു രഹസ്യമോ അതിശയമോ അജ്ഞാതത്വമോ ആണ്. ഗുരു പിണ്ഡനന്ദിയിൽ എഴുതുന്നു:

"കല്ലിനകത്ത് കുടിവാഴുമൊരല്പജന്തു
വൊന്നല്ല നിൻ്റെ കൃപയിന്നറിയിച്ചിടുന്നു!
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ- റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നു."

കല്ലുകൾ പാകിയ നിലത്തും ആരും കാണാതെ ജീവിക്കുന്ന പ്രാണികളുണ്ട്. മനുഷ്യർ കാണാതെ എത്രയോ ജീവികൾ അവയുടെ വാസഗൃഹത്തെ നല്ലപോലെ കൊണ്ടുനടക്കുന്നു. മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾ കൊണ്ട് കണ്ടുപിടിക്കാനാവാത്ത എന്തെല്ലാം വിനിമയങ്ങൾ ആ ജീവികൾക്കുണ്ടാവും!. അതെല്ലാം ബുദ്ധിക്കതീതമായ കാര്യങ്ങളാണ്. നമ്മൾ എന്തുകൊണ്ട് ഇതൊന്നും അറിയാതെ ,നമ്മുടേതായ ഒരു ക്ഷീരപഥത്തിൽ ,ക്ലിപ്തമായ വിനിമയങ്ങളുമായി ചുറ്റിത്തിരിയുന്നു? നമ്മുടെ പരാജയങ്ങൾ ,തിരിച്ചടികൾ, വിഷമങ്ങൾ തുടങ്ങിയവ നമ്മുടേതായ വിനിമയലോകത്ത് മാത്രം സംഭവിക്കുന്നതല്ലേ ? അത് മറ്റൊരു ജീവിക്കും അറിയില്ല.അവയ്ക്ക് അതൊന്നും അറിയേണ്ട ആവശ്യമില്ല. അവയെ ,അവയുടെ നിഷ്കളങ്കതയെ ,നമ്മുടെ  വൈഷമ്യങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരിക്കുന്നത് വലിയ അതിശയമാണ് .നമ്മുടെ ധർമ്മ സങ്കടങ്ങൾ യാതൊന്നും അറിയാതെ മൈനകൾ പാടുന്നു. പട്ടികൾ കുറയ്ക്കുന്നു. അതുകൊണ്ട് അവയ്ക്ക് യാതൊരു കുറവുമില്ല. നമ്മളിൽ നിന്ന് ഈ പ്രപഞ്ചത്തിന്റെ എണ്ണമറ്റ ജീവികളെയും അവയുടെ വിനിമയങ്ങളെയും അകറ്റി നിർത്തിയിരിക്കുന്നത് നമുക്കും അവയ്ക്കും നല്ലതാണ് .

സ്നേഹം മനസിലാകും

നിലനിൽപ്പ് അതാവശ്യപ്പെടുന്നു. അതിൻ്റെയർത്ഥം വിനിമയങ്ങൾ നമ്മുടേതായ ലോകത്ത് പരസ്പരം പകരാനുള്ളതാണ് എന്നാണ് .നമ്മുടേതല്ലാത്ത ഒന്നിനോട് വിനിമയം സാധ്യമാകുന്നത് അതിസൂക്ഷ്മമായ തലങ്ങളിൽ മാത്രമാണ്. ജീവികൾക്ക് സ്നേഹം മനസിലാകം. എന്നാൽ മറ്റു പല വിനിമയങ്ങളും പൂർണമായി വിശദീകരിക്കാനോ തെളിയിക്കാനോ സാധ്യമല്ല.

ബിൽ ബ്രൈസൻ്റെ വാക്കുകൾ ഇങ്ങനെയാണ്: "we live in a universe whose age we can't compute ,surrounded by stars whose distances we don't altogether know , filled with matter we can't identify operating in conformance with physical laws whose properties we don't truly understand."

നമുക്ക് ഈ പ്രപഞ്ചത്തിന്റെ വയസ്സ് അറിയില്ല. ആകാശം നിറയെ നക്ഷത്രങ്ങളാണ് .എന്നാൽ അവ തമ്മിലുള്ള അകലം നമുക്കറിയില്ല. നക്ഷത്രങ്ങളിലെ ദ്രവ്യം എന്താണെന്ന് നമുക്ക് പിടിയില്ല. ഈ പ്രപഞ്ചത്തിന്റെ പ്രവർത്തനത്തിന് ചില നിയമങ്ങളുണ്ട്. എന്നാൽ അതിൻ്റെ മൂല്യങ്ങൾ എന്താണെന്ന് നമുക്കറിയില്ല.ഈ പ്രപഞ്ചത്തിൽ നാം എങ്ങനെ ആവിർഭവിച്ചു ,ഈ പ്രപഞ്ചവും ചരാചരങ്ങളുമായി എന്താണ് ബന്ധം തുടങ്ങിയ കാര്യങ്ങളൊന്നും അറിയില്ല. നമുക്ക് വേണ്ടിയല്ല ഇതൊക്കെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .എന്നാൽ ബൃഹത്തായ ഒരു ശൂന്യതയിൽ നമ്മൾ ഒറ്റപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്ന് കരകയറാൻ നാം നിമിഷംതോറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .ചുറ്റും അന്ധകാരമാണ് - അറിയത്തക്കതല്ലാത്ത അവസ്ഥ. ആദിയും അന്തവുമില്ലാത്ത, അല്ലെങ്കിൽ അതൊന്നും വ്യക്തമല്ലാത്ത ഒരവസ്ഥയിൽ ബോധം എന്ന ആകാശത്തിൽ നമ്മൾ ഏകാകികളായിരിക്കുന്നു. ഗുരു ഒരു ദൈവസങ്കല്പത്തിലേക്ക് എത്തിച്ചേരുന്നത് പ്രത്യേക സാംഗത്യത്തോടെയാണ് .ചെറുപ്രാണികളെ, അത്യന്തം വിജനമായ ഇടങ്ങളിൽ ജീവിക്കാൻ സഹായിക്കുന്നതാണ് ആരാണ് ?എങ്ങനെയൊക്കെയോ ജീവിക്കുന്നു. അതിന് ഒരു കാരണമോ ലക്ഷ്യമോ ഇല്ല. എന്നാൽ ജീവിക്കുന്നതായി അനുഭവപ്പെടുന്നു. ദൈവമല്ലാതെ മറ്റാരാണ് അതിനു സഹായിക്കുന്നത്?. ഈ ബോധം നിലനിന്നു. അതുകൊണ്ടാണ് നമ്മൾ ജീവിക്കുന്നതായി മനസ്സിലാക്കിയത്. ഒരു തേനീച്ചയ്ക്ക് താനൊരു തേനീച്ചയാണെന്ന് അറിയാമെന്ന് ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടത് കൗതുകകരമായി തോന്നി. തന്റെ മുഖ്യമായ തൊഴിൽ തേൻ ശേഖരിക്കുകയാണെന്നും തൻ്റെ വലിപ്പം  മറ്റു പല ജീവികളെയും അപേക്ഷിച്ച് ചെറുതാണെന്നും ഒരു തേനീച്ച മനസ്സിലാക്കുന്നതിൽ സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് അത് ഉപാധിയോ വ്യവസ്ഥയോ മുന്നൊരുക്കമോ ഇല്ലാതെ പറയുന്നത്. പറന്നുകൊണ്ട് അത് തൻ്റെ സ്ഥാനവും അസ്തിത്വവും ഉറപ്പിക്കുന്നു.

വളരെ സ്വയം സമ്പൂർണ്ണമായ ഒരവസ്ഥയിൽ പ്രാണികളെ ജീവിക്കാൻ അനുവദിക്കുന്നതിന് നന്ദി വേണ്ടേ? നമ്മെ ചൂഴുന്ന അനാദിയായ കൃപയെ നാം തിരിച്ചറിയുന്നുണ്ടോ? ഇതര ജീവികൾ അറിയുന്നുണ്ടോ ?ആരും  അറിഞ്ഞില്ലെങ്കിലും പ്രകൃതിയിൽ അത് നിലനിൽക്കുന്നു.അല്ലിക്കുടത്തിൽ, അമൃതകുംഭത്തിൽ അമരുന്ന ദേവേന്ദ്രനും ഈ കൃപ വേണം. ദേവന്മാരായാലും ദൈവത്തിന്റെ കൃപയ്ക്കുള്ളിലാണ് അവരുടെ ജീവിതം. ആരാണ് ദേവേന്ദ്രൻ ? നമ്മുടെ അന്തര്യാമിയായ ചേതനയാണത്. അതിനു ഇളക്കം തട്ടാം .അത് പലതും ആഗ്രഹിക്കുന്നു. മരണത്തിൽ നിന്ന് എന്നെന്നേക്കും  രക്ഷിക്കുന്ന അമൃത് ഭക്ഷിച്ച ദേവന്മാർക്കും ഈ കൃപയില്ലാതെ ജീവിക്കാനാവില്ല. ഏത് വിജയം, നേട്ടം  ഉണ്ടായാലും അതെല്ലാം ഒരു വലിയ കൃപയുടെ ഫലമാണ്.

ഒരു ചെറുജീവിയായാൽ പോലും

എന്തെന്നാൽ വെറും പിണ്ഡമായിരുന്ന നമ്മെ ശരീരവും ഇന്ദ്രിയങ്ങളും നൽകി നിലനിർത്തിയതിനു നന്ദിയായി ചിലത് പ്രകാശിപ്പിക്കേണ്ടതുണ്ട്. ഈ ജന്മം യാദൃശ്ചികമായ ഒരത്ഭുതമാണ്. അതുകൊണ്ടാണ് ബ്രൈസൺ  പറഞ്ഞത് ഒരു ചെറു ജീവിയായിരിക്കുന്നത് പോലും മഹാസംഭവമാണെന്ന്. നമ്മൾ കോടാനുകോടി വർഷങ്ങളിലൂടെയാണല്ലോ യാത്രചെയ്ത് ഇവിടെ വരെ എത്തിയത്. ചെറുജീവികൾക്ക് പിന്നിൽ അതിജീവനത്തിൻ്റെ വലിയൊരു  കഥയുണ്ട്. 

അത് ആരുടെ സഹായം കൊണ്ടായിരുന്നു ?നമ്മുടെ ശരീരബലം കൊണ്ടോ ആത്മബലം കൊണ്ടോ ആയിരുന്നില്ല .എങ്ങനെയോ, ഏതോ കൃപ നമ്മളിൽ പ്രവർത്തിച്ചിരുന്നു. നമ്മുടേതല്ലാത്ത ഏതോ ഗണിതത്തിൻ്റെ ഫലമായിട്ടാകാം ഇതെല്ലാം സംഭവിച്ചത്. അത് വേറൊരു പദ്ധതിയാകാം. പ്രാപഞ്ചികമായ ഏതോ പദ്ധതിയുടെ ഭാഗമായി നമ്മൾ ഉയിർ കൊണ്ടതാകാം. നമുക്ക് പങ്കാളിത്തമില്ലാത്ത, നേരിട്ട് ഇടപെടാനാകാത്ത ഒരു ജന്മമാണിത്. ഇവിടെ എന്ത് നടന്നാലും അതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. യാതൊന്നും പ്രവചിക്കാനാവുകയില്ല. എന്നാൽ സംഭവിക്കുന്നത് നമ്മുടെ താല്പര്യത്തിനനുസരിച്ച് വരുന്ന സന്ദർഭങ്ങളുണ്ട് .നമ്മൾ ഒരു ഇരയാണോ ?അതോ ദിവ്യമായ സന്ദേശങ്ങളെ ഉൾക്കൊള്ളാനുള്ള ശരീരങ്ങളോ ?

എന്താണ് ദിവ്യമായ സന്ദേശങ്ങൾ? അത് ബോധത്തിലൂടെ കടന്നു പോകുന്ന വികാരങ്ങളും ചിന്തകളുമാണ്. യാതൊന്നിന്റെയും പ്രഭവം നമുക്കറിയില്ല.നമ്മുടെ ഈ അവസ്ഥ ദീർഘമായ പ്രപഞ്ചയാത്രയിൽ ഒരു ബിന്ദുവാണ്. വളരെ ചെറിയ ,സൂക്ഷ്മമായ ഒരു ഘട്ടമാണത്. എന്നാൽ അവിടെ നമ്മൾ പരമാവധി ആശകളും തീവ്രമായ വികാരങ്ങളും പുറത്തെടുക്കുന്നു. പരമാവധി ജീവിക്കണമെന്ന ചിന്തയുണ്ടാകുന്നു.

ആരാണെന്നറിയാതെ 

അതിൽ നിന്ന് പൂർണമായ ലഹരി  നേടാനാണ് നോട്ടം. ഈ ജീവിതത്തിന് സ്ഥായിയായ യാതൊന്നും തെളിയിക്കാനാകില്ല .മിഥ്യയെ തന്നെയാണ് അത് ആവിഷ്ക്കരിക്കുന്നത്. ഗർഭപാത്രത്തിൽ കിടക്കുന്നതിനു  സമാനമായ അവസ്ഥയാണ് ജീവിതത്തിന് എപ്പോഴുമുള്ളത്. ഗർഭപാത്രത്തിൽ വച്ച് നമുക്ക് ഒന്നുമറിയില്ല. ജീവിക്കുന്നു എന്ന് ഉറപ്പിക്കാനാവശ്യമായ ബോധമില്ല. എന്നാൽ പിറന്നതിനു ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാലും നാം ആരാണെന്ന് അറിയില്ല. എ എന്നോ ബി എന്നോ പേരുണ്ടാകാം. നമ്മെ വിളിക്കാൻ ഒരു പേര് ചാർത്തി തരുകയാണ് .എ എന്ന വ്യക്തിയിൽ എ എന്ന പേരിന് ആധാരമായതൊന്നുമില്ല. മാതാപിതാക്കളുടെ പേരുകൾ നമ്മുടെ പേരിനൊപ്പം ചേർത്തുവച്ചാലും നമ്മൾ ആരാണെന്ന് പറയാനൊക്കില്ല. എല്ലാവരും അവരവരുടെയുള്ളിൽ ഞാൻ എന്നു പറയുന്നു. എന്താണ് ഈ ഞാൻ ? ഗർഭപാത്രത്തിലെ അവസ്ഥയിൽ, നമ്മുടെ പിറവിക്കു മുൻപ് എന്തായിരുന്നു ?യാതൊരു അറിവുമില്ല. അജ്ഞാതമാണത്. അറിവിനും അപ്പുറത്തു നിന്ന് എന്തോ സംഭവിക്കുന്നു .ഇതിൽ ഒരു കൃപയില്ലേ ?

എന്തുകൊണ്ടാണ് നമ്മൾ ഈ സമയസന്ധിയിൽ പിറന്നത്? നമ്മുടെ  ജീവിതകാലത്തിനു ശേഷം എന്താണെന്നു നമുക്കറിയില്ല .ഈ രണ്ടു വലിയ അജ്ഞതകൾക്കിടയിൽ  നമുക്ക് എന്ത് ആത്മബോധമാണുള്ളത്? മൗനത്തിലൂടെ അസാധാരണമായ സ്പർശനികൾ ഉപയോഗിച്ചു ചില വിനിമയങ്ങൾ സൃഷ്ടിക്കുകയാണ്. അതാണ് ഗുരു പറയുന്നത് ,പിണ്ഡത്തിനു അമൃത് നൽകി എന്ന് .ആ അമൃത് ആത്മാവാണ്. ഭാഗികമായ ചില അറിവുകളും അനുഭൂതികളും ചേർന്ന ബോധമാണത്. ആരും തന്നെ സംരക്ഷിക്കാനും വളർത്താനും ഇല്ലെങ്കിലും എത്രയോ പ്രാണികൾ അവയുടെ ഉഗ്രമായ ജീവിതായോധനം സാധ്യമാക്കുന്നു. നശ്വരവും അപകടകരവുമായ ജീവിതത്തിനടിയിൽ ഒരു പാവനത്വം അല്ലെങ്കിൽ കൃപാകടാക്ഷം  സന്നിഹിതമാണെന്ന് ഗുരു പറയുന്നു .അത് നമ്മൾ അറിയണമെന്നില്ല. ഒരാൾ ഒഴുക്കുള്ള നദി മുറിച്ചു കിടക്കുമ്പോഴോ വളരെ ഉയരമുള്ള ഒരു വ്യക്ഷത്തിൽ കയറുമ്പോഴോ ആ കൃപ ലഭിച്ചിട്ടുണ്ടാവാം.ഏതോ കൃപയുടെ ആവശ്യം നേരിടുന്നുണ്ട്. യാദൃച്ഛികതകളുടെ തിരയേറ്റത്തെ  മറികടക്കുന്നതിനു അതാവശ്യമാണ്. എല്ലാം യുക്തികൊണ്ട് തടഞ്ഞു നിർത്താനാവില്ല .

ഒരു നിമിഷത്തിന്റെയുള്ളിലാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ .അത് ശരിയാകാം ,തെറ്റാകാം. രണ്ടിന്റെയും ഫലം നാം തന്നെ നേരിടണം. അതിനിടയിൽ കൃപയുടെ സമസ്യ സംഭൃതമായിരിക്കുന്നു. 




  • No comments: