a
മറ്റൊരു രാഗം /എം.കെ.ഹരികുമാർ
സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ ഉൾക്കൊള്ളുക എളുപ്പമല്ല. അത് വായനയിലൂടെയാണ് അദ്ദേഹം കണ്ടെത്തിയത്. മറ്റുള്ളവരുടെ കൃതികൾ വായിക്കാത്ത എഴുത്തുകാരെ കണ്ടിട്ടുണ്ട്. ചിലർ മലയാളം എഴുത്തുകാരുടെ കൃതികൾ വായിക്കില്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നുവെന്നു വെറുതെ പറയും. മലയാളസാഹിത്യത്തോടു ,അതിൻ്റെ ഭൂതകാലത്തോടു വലിയ താല്പര്യം കാണിക്കാതെ സ്വയം ഒരു അസംബന്ധ ലോകത്തിൽ കഴിയുന്നവരുണ്ട്. എന്നാൽ എംടി ഈ നിരയിലല്ല നിൽക്കുന്നത് .അദ്ദേഹം തൻ്റെ കാലഘട്ടത്തിനു മുമ്പുള്ള എഴുത്തുകാരെയും നന്നായി വായിച്ചു. അത് വ്യക്തിപരമായ ഒരു ആനന്ദമായിരുന്നു .ഇന്നത്തെ പല യുവകഥാകൃത്തുക്കൾക്കും തങ്ങളുടെ തൊട്ടുമുമ്പുള്ള കഥാകാരന്മാരുടെ രചനകളെക്കുറിച്ച് വിവരമില്ല.
പഠിക്കുന്ന കാലത്തെ വായനയെക്കുറിച്ച് എം.ടി പറയുന്നത് ശ്രദ്ധിക്കുക :'എനിക്ക് അന്നു വായിക്കാൻ താല്പര്യം കവിതയായിരുന്നു .എല്ലാവരോടും വലിയ ആരാധനയായിരുന്നു.പതിനെട്ടു വയസ്സായപ്പോഴേക്കും, എന്റെ വീട്ടിൽ പൊറ്റെക്കാട്ടിന്റെ കഥകൾക്കായി കാത്തിരിക്കുന്നവരുണ്ടായിരുന്നു. പൊറ്റെക്കാട്ട്, തകഴി ,ബഷീർ ,ഉറൂബ്, കേശവദേവ്, കാരൂർ, ലളിതാംബിക അന്തർജനം തുടങ്ങിയവരെ കഥാസമാഹാരങ്ങളിലുടെ ഞാൻ അക്കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്. എല്ലാവരുമായിട്ടും മാനസികമായ ഒരു ബന്ധമുണ്ടായി. മറുവശത്ത് ജിയുടെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ അക്കാലത്ത് വായിച്ചു. വൈലോപ്പിള്ളിയുടെ കവിതകൾ വായിച്ച് അദ്ദേഹത്തിന്റെ രചനകളിൽ എനിക്ക് എന്തോ അവകാശമുള്ളതുപോലെ തോന്നിയിട്ടുണ്ട്.' ഇതാണ് എംടിയുടെ ഒരിക്കലും നശിക്കാത്ത സാഹിത്യപ്രേമം. അദ്ദേഹം അക്ഷരങ്ങളെയും ഭാഷയും കഥാപാത്രങ്ങളെയും സ്നേഹിച്ചു. സാഹിത്യകാരന്റെ പ്രശസ്തിയോ പദവിയോ ഒന്നുമല്ല അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. സാഹിത്യരചനകളിൽ നിരുപാധികമായി അഭിരമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 'സാഹിത്യത്തിനോടുള്ള പരമമായ ആരാധനയാണ്'എം. ടി യെ സൃഷ്ടിച്ചത്. അദ്ദേഹം സ്വയം കണ്ടെത്തിയ വഴിയാണത്. മഹാപ്രതിഭകൾ നിറഞ്ഞുനിന്ന മലയാളസാഹിത്യത്തിൽ തന്റെ അർപ്പണബുദ്ധികൊണ്ട്, ഗ്രഹണശക്തി കൊണ്ട് ,നിസീമമായ വായനകൊണ്ട് സ്വന്തം ഇടം അദ്ദേഹം കണ്ടുപിടിച്ചു.
വായനയിൽ പാശ്ചാത്യമെന്നോ, പൗരസ്ത്യമെന്നോ വേർതിരിവില്ലായിരുന്നു. പാശ്ചാത്യകൃതികൾ നിരന്തരമായി വായിച്ചുകൊണ്ട് ലോകസാഹിത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എം.ടി. അപ്ഡേറ്റ് ചെയ്യുമായിരുന്നു. പൊറ്റെക്കാടിൻ്റെയും തകഴിയുടെയും വഴിയേ പോകാതെ എം. ടി തന്റെ യൗവനകാലത്തിൻ്റെ മുറിവുകളിൽ നിന്നു ജീവിതാനുഭവങ്ങളും കവിതയും സൃഷ്ടിച്ചു.
കുടിയൊഴിക്കൽ എത്ര തവണ വായിച്ചു ?
'ഒരു പുസ്തകം കിട്ടുന്ന പോലെ വലിയൊരു കാര്യമില്ല' എന്നു എം.ടി.പറഞ്ഞതോർക്കുകയാണ്. ചിന്തിച്ചുകൊണ്ട് മുന്നേറിയ യൗവനമായിരുന്നു അത്. ഏറ്റവും ഇഷ്ടപ്പെട്ട കവിതയേതെന്ന ചോദ്യത്തിനു എം.ടി എന്നോടു പറഞ്ഞത് വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്നാണ്. 'കുടിയൊഴിക്കൽ' എത്ര തവണ വായിച്ചുവെന്നു തനിക്കറിയില്ലായില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .എംടിയുടെ അടിത്തറയാണിത് .ജീവിതം നമ്മുടെ കൈപ്പിടിയിലാണെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. എപ്പോഴും വഴുതിപ്പോകും. മനുഷ്യമനസ്സ് പ്രവചനാതീതമായ ഒരവസ്ഥയാണ്. മറ്റുള്ളവർക്ക് നമ്മുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല എന്നത് എപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ് .എന്നാൽ നമുക്കു പോലും നമ്മുടെ തന്നെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല. മനസ്സ് പലതരം വണ്ടുകളെപ്പോലെ പല ദിശകളിലേക്ക് നീങ്ങുകയാണ്. അതിൻ്റെ പിന്നാലെ പോയി മനുഷ്യരെ അറിയുന്നവർക്കാണ് ആഴമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവുന്നത്.
ഒരു മനുഷ്യൻ്റെ ദുഃഖത്തെ, സുരക്ഷിതത്വരാഹിത്യത്തെ പുറമേ നിന്നു നോക്കുകയല്ല , അത് തന്നിലേക്ക് ആവാഹിച്ച് ,ആന്തരികമായ യാത്രകളിലൂടെ സത്യം കണ്ടെത്തുകയാണ് എംടിയുടെ രീതി. കഥാപാത്രത്തിന്റെയുള്ളിൽ എന്ത് സംഭവിക്കുവെന്നു ആരായണം. അതാണ് നാം 'രണ്ടാമൂഴ'ത്തിൽ കണ്ടത്. ഭീമനെ കൂടുതൽ യഥാർത്ഥമായി കാണുകയാണ്. മഹാഭാരതകഥയിലെ അമാനുഷുമായ ശക്തിപ്രവാഹത്തിന്റെയും കടങ്കഥകളിൽ മാത്രം കാണുന്ന മാന്ത്രികതയുടെയും ചട്ടക്കൂടിൽ നിന്നു ഭീമനെ അടർത്തിയെടുക്കുകയാണ്. ഇത് സൃഷ്ടിപരമായ ആവശ്യമാണ്. താൻ സൃഷ്ടിക്കുന്ന ഒരു കഥാപാത്രം തന്റേതായിരിക്കണമെന്ന നിർബന്ധമാണിത്. പരിചയമുള്ള ഒരാളെ കഥാപാത്രമാക്കുമ്പോഴും വലിയ എഴുത്തുകാർ ഈ മാർഗ്ഗമാണ് അവലംബിക്കുന്നത്.
ഒറ്റപ്പെട്ട യുവാവ്
വിഷാദത്തെയും ഒറ്റപ്പെടലിനെയും എം. ടി ഒരിക്കലും സ്ഥൂലമായി ആവിഷ്കരിച്ചില്ല. അതെല്ലാം തൻ്റെ പശ്ചാത്തലമാക്കി പുതിയതായി കാണുകയാണ് ചെയ്തത് .'ദുഃഖത്തിന്റെ താഴ്വരകൾ' എന്ന കഥയിൽ എം.ടിയുടെ വിഖ്യാതമായ ആ ഒറ്റപ്പെട്ട യുവാവ് തൻ്റെ സ്നേഹിതയുടെ ഓർമ്മകൾക്ക് പിന്നാലെ വ്രണിതഹൃദയനായി നടന്നുവരുന്നത് കാണാം. എഴുതുന്നതിലെല്ലാം ആത്മാംശമുള്ളതുകൊണ്ട് ഈ യുവാവ് എം.ടി തന്നെയാണോ എന്നു സംശയിച്ചു പോകും .
എംടിയുടെ ശൈലി ദേവിൻ്റെയോ ബഷീറിൻ്റെയോ തകഴിയുടേയോ ശൈലിയിൽ നിന്നു വ്യത്യസ്തമാകാൻ കാരണം അദ്ദേഹം ജീവിതത്തോടു പുലർത്തിയ സൗന്ദര്യബോധമുള്ള സമീപനമാണ് .എം.ടി ഒരു സൗന്ദര്യവാദിയാണ് .'മഞ്ഞ്' എന്ന നോവൽ മനുഷ്യമഹത്വമാണ് പ്രതിപാദിക്കുന്നത്. മനുഷ്യനു കാത്തിരിക്കാനറിയാം ,സ്നേഹമുണ്ടെങ്കിൽ. അത് ഒരു വലിയ മൂല്യമാണ്. എം.ടി എന്തെഴുതുമ്പോഴും അതിൻ്റെ സൗന്ദര്യം പ്രധാനമായിരിക്കും. 'രമണീയം ഒരു കാലം' എന്ന ലേഖന സമാഹാരം ഇത് ബോധ്യമാക്കിത്തരും . കഥകളിൽ മറ്റു വിഷയങ്ങളെല്ലാം പിന്നിലേക്ക് മറയും. എംടി ഒരു റിയലിസ്റ്റ് എഴുത്തുകാരനല്ല .എന്നാൽ യഥാർത്ഥമായ സാഹചര്യങ്ങളാണ് അദ്ദേഹം അവലംബിച്ചത്. യുക്തിവിചാരത്തെ ഒരു കഥയിലും, അദ്ദേഹം കൈവിട്ടില്ല. ആധുനികതയുടെ ഭാഗമായ ഫാന്റസിയിലോ ,അതിഭൗതികതയിലോ വിശ്വസിച്ചില്ല. തൻ്റെ ചിന്താമണ്ഡലത്തിൽ അനുവദനീയമായ സംസ്കാരമാണ് എം.ടി തേടിയത്. അതിനെ അപരിചിതമാക്കുകയല്ല , ഭാവനകൊണ്ട് സുന്ദരമാക്കുകയാണ്. യാഥാർത്ഥ്യത്തിനു സുകുമാരകലയുടെ ലാവണ്യം ലഭിക്കുകയാണ്.'രണ്ടാമൂഴ'ത്തിൽ ഭീമനെ സാധാരണ വികാരദൗർബ്ബല്യങ്ങളോടെ കാണുന്നു. എന്നാൽ അയാളുടെ ചേഷ്ടകളിൽ, എം.ടിയുടേതു മാത്രമായ സുകുമാരകല സന്നിവേശിപ്പിച്ചിരിക്കുന്നു .ഭീമൻ സ്വന്തം ചിതറലിനെ അഭിമുഖീകരിക്കുന്നു. താൻ വലിയ വംശത്തിന്റെ ഭാഗമാണെങ്കിലും എത്ര നിസ്വനാണെന്നു ചിന്തിക്കുന്ന ഒരു ഭീമനെ ആദ്യമായിട്ടാണ് നാം കണ്ടത്.
മനസിൽ ഒരു താളം
സിനിമയിൽ എം.ടി ഒരു പ്രത്യേക ഭൂവിഭാഗം സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ വള്ളുവനാടൻ ടച്ചുള്ള സംഭാഷണങ്ങൾ എത്ര ഹൃദ്യമാണ്!. അത് തിരശ്ശീലയിൽ പ്രത്യക്ഷമാകുമ്പോൾ ഏതൊരു ദേശത്തുള്ളവനും സ്വീകാര്യമാകുന്ന ഉത്കൃഷ്ടത ലഭിക്കുന്നുണ്ട്. വള്ളുവനാടൻ സംഭാഷണത്തിലെ താളം മലയാളക്കരയാകെ പരന്നു. അത് പല സിനിമകളെയും സ്വാധീനിച്ചു. എങ്ങനെയാണ് ഇത്ര എഡിറ്റ് ചെയ്ത സംഭാഷണങ്ങളുണ്ടാകുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്: 'ഞാൻ ഡയലോഗുകൾ പലതവണ മനസ്സിൽ പറഞ്ഞു നോക്കും. സ്വീകാര്യമായ ഒരു താളത്തിൽ അത് എഴുതുകയാണ് ചെയ്യുന്നത്.' എം.ടി മനസ്സിൽ കൊണ്ടുനടക്കുന്ന താളമാണത്. കലാകാരന്റെ മനസ്സിനൊരു താളമുണ്ട്. അതാണ് ശൈലിയായി മാറുന്നത്. അത് യാന്ത്രികമല്ല. അത് മറ്റൊരു രാഗമാണ്. ഭൗതികലോകത്തിൻ്റെ ഒടുങ്ങാത്ത അസ്വസ്ഥതകളെയും അനീതികളെയും അപര്യാപ്തതകളെയും മാറ്റി നിർത്തിയിട്ട്, മനസ്സിൽ തനിയെ രൂപപ്പെടുന്ന ഒരു താളമാണത്. ഈ താളം ജീവിതത്തിന്റെ അതിജീവനതാളമാണ്. കവിതയുടെ ആന്തരികതാളമാണത്. അതാണ് എം. ടി കാത്തു സൂക്ഷിച്ചത്.
പത്രവാർത്തകളോടോ ,നൈമിഷികമായ പ്രശ്നങ്ങളോടോ പ്രതികരിച്ചുകൊണ്ട് എം.ടി എഴുതിയിട്ടില്ല. ആ സർഗാത്മക മനസ് അങ്ങനെയല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നത്. തന്നെ ആഴത്തിൽ പിടിച്ചുലയ്ക്കുന്ന തിന്മകളെ അദ്ദേഹം അടിത്തട്ടിൽ നിന്നു മാന്തിയെടുത്ത് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. 'അക്കൽദാമയിൽ വിരിഞ്ഞ പൂക്കൾ' എന്ന കഥയിൽ സമൂഹത്തിൻ്റെ കപടമുഖത്തെ വലിച്ചു കീറുകയാണ്. 'സദയം' എന്ന സിനിമയിലും ഇതു കാണാം.ഷെർലക് എന്ന കഥയിൽ എം.ടി ഒരു പൂച്ചയുടെ ജീവിതമാണ് പരിശോധിച്ചത്.അത് നാഗരിക ജീവിതത്തിന്റെ അടിക്കുറിപ്പായി മാറുകയാണ് .
ഈ പ്രതിച്ഛായകൾ
കേരളീയജീവിതത്തിൻ്റെ സ്വരഭേദങ്ങളുടെ വിഭിന്ന പ്രതിച്ഛായകളാണ് എംടിയുടെ മിക്കവാറും തിരക്കഥകൾ .ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ,ആരണ്യകം ,അമൃതംഗമയ,അനുബന്ധം ,ഉയരങ്ങളിൽ ,മിഥ്യ തുടങ്ങിയ സിനിമകൾ ഓർക്കുക. അത് എം.ടി കണ്ടറിഞ്ഞ ,വിശകലനം ചെയ്ത് കണ്ടെത്തിയ പ്രതിച്ഛായകളാണ്.
അറുപതുകളിലും എഴുപതുകളിലും സാമൂഹ്യസ്ഥാപനങ്ങളും സാംസ്കാരിക അടിയൊഴുക്കുകളും വ്യക്തിയെ അടിത്തട്ടിലേക്ക് തള്ളുന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. അതിൻ്റെ പലതരം ചിത്രങ്ങൾ എം.ടി കൃതികളിലുണ്ട്. അദ്ദേഹം അതിനോടു കലഹിക്കുന്നത് കാണാം .അസുരവിത്ത് ,നാലുകെട്ട് ,കാലം തുടങ്ങിയ കൃതികളിൽ ഈ പ്രശ്നങ്ങളുണ്ട്.
എം. ടി ഒരു കാലഘട്ടം സൃഷ്ടിച്ചു എന്നു പറയുന്നതായിരിക്കും ശരി. അദ്ദേഹത്തിനു അനുകർത്താക്കളുണ്ടായി. അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ധാരാളം ലേഖനങ്ങളും പഠനങ്ങളും ഉണ്ടായി;പുസ്തകങ്ങൾ എഴുതപ്പെട്ടു. അദ്ദേഹം ഒരു ഗവേഷണ വിഷയമായി .വലിയ സാഹിത്യകാരന്മാരുടെ കാലത്ത് പ്രവർത്തിച്ച എം.ടി. സ്വന്തം സ്ഥാനം കൈവരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാഷ സാഹിത്യരംഗത്ത് പ്രത്യേകമായ സ്ഥാനം നേടി. അത് പല എഴുത്തുകാരെയും പ്രലോഭിപ്പിച്ചു
No comments:
Post a Comment