ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം
'നിരാശാഭരിതനായ
സുഹൃത്തിനു ഒരു കത്ത്' എന്ന പേരിൽ യു.പി. ജയരാജ് ഒരു കഥ എഴുതിയിട്ടുണ്ട്
.ജയരാജ് ഇപ്പോൾ നമ്മോടൊപ്പമില്ല. അദ്ദേഹം എഴുപതുകളിൽ ചൂഷണവും മർദ്ദനവും
പീഡനവുമില്ലാത്ത ഒരിന്ത്യയെ സ്വപ്നം കണ്ടിരുന്നു. അതിനായി അദ്ദേഹം
എഴുതുകയും ചിന്തിക്കുകയും ചെയ്തു. ആശയസമരത്തിൻ്റെ ഒരു വഴി അദ്ദേഹം
തിരഞ്ഞെടുത്തു .അദ്ദേഹത്തിൻ്റെ കഥകൾ വിപ്ലവത്തെ സ്വപ്നം കാണുന്നവരുടെ
കൂടാരമായിരുന്നു. നിരാശാഭരിതനായ യുവാവ് എന്നത് ഒരു തലമുറയെ ഉദ്ദേശിച്ചാണ്
പ്രയോഗിച്ചിട്ടുള്ളത്. എഴുപതുകളിലെ യുവാക്കൾ ഒരു മോചനത്തിനായി നാലു
ദിക്കുകളിലേക്കും നോക്കുകയായിരുന്നു. എന്നാൽ ആ യുവാക്കൾ നിരാശയിൽ തന്നെ
ചിതറിപ്പോയി. നാലുദിക്കുകളിലേക്ക് ചിതറിപ്പോയി. അവരെ ഇപ്പോൾ ആരും
തിരിച്ചറിയുന്നുണ്ടാവില്ല .ജയരാജ് ഇന്നു ജീവിച്ചിരുന്നെങ്കിൽ അത്തരം
കഥകൾക്ക് പകരം നമ്മുടെ സാമൂഹ്യജീവിതത്തിൽ, ഡിജിറ്റൽ അശരീരിലോകത്ത്
,പ്രതീകങ്ങളും ബിംബങ്ങളുമായി മാറിയ വ്യക്തികളുടെ ബന്ധങ്ങളിൽ സംഭവിക്കുന്ന
ശൂന്യതയെക്കുറിച്ച് കൂടുതൽ പൊള്ളിക്കുന്ന കഥകൾ എഴുതുമായിരുന്നു എന്നു
അനുമാനിക്കാം.
ഈ കാലഘട്ടത്തിൽ കഥകൾ എഴുതാൻ ആയിരം
വിഷയങ്ങൾ കിട്ടും. അത്രയും സ്ഫോടനാത്മകമായ സാഹചര്യമാണുള്ളത്.മാസ്ക് വച്ച
ജീവിതമാണ് ഇന്നത്തേത്. അകമേ പലതരം രോഗങ്ങളാൽ വലയുകയാണ്. വാർദ്ധക്യം
വിലകെട്ടു പോയിരിക്കുന്നു. യുവത്വത്തിനു സ്റ്റീരിയോ ടൈപ്പ് എന്നു പറയാവുന്ന
കലാപങ്ങളേയുള്ളൂ. വാഹനത്തിനു സൈഡ് കൊടുക്കാതിരിക്കുകയോ മെഡിക്കൽ സ്റ്റോറിൽ
നിന്നു മരുന്ന് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് അവർ വിറളി പിടിച്ചു
കലാപകാരികളാവുന്നത്.
അവർ ആശയങ്ങളുടെ കലാപം ശ്രദ്ധിക്കാത്തവരാണ്
.അവർ സ്വന്തം മൂല്യങ്ങളെക്കുറിച്ച് വേവലാതിയില്ലാത്തവരാണ് .അവർ സ്വയം
നഷ്ടപ്പെടുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്.
സ്നേഹബന്ധങ്ങളുടെ തകർച്ചയുടെ ഈ കാലത്ത് പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ മതമോ
ആദർശമോ നിലനിൽക്കുകയില്ല. ട്രംപ് രണ്ടാമതും അമെരിക്കൻ പ്രസിഡൻ്റായതോടെ
സഖ്യകക്ഷികളോടു പോലും അകൽച്ചയാണ് കാണിക്കുന്നത്.ആരാണ് മാത്രം ,ആരാണ് ശത്രു
എന്നതല്ല; ആരാണ് പ്രയോജനപ്പെടുക എന്നതാണ് പുതിയ രാഷ്ട്രീയ ലൈൻ. ഇടതുപക്ഷവും
വലതുപക്ഷവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് കാലം. കാരണം,
യോജിക്കാൻ ധാരാളം കാരണങ്ങളുള്ളപ്പോൾ ഒരിക്കലും വരാനിടയില്ലാത്ത
പ്രത്യയശാസ്ത്ര ദൈവത്തെ കാത്തിരിക്കേണ്ടതില്ല.
ഒരു ഈച്ചയുടെ ജീവിതം
സാമുവൽ
ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിൽ 'ദൈവത്തെ' കാത്തിരുന്നു
മുഷിയുന്നവരെ കാണാം. ഒരിക്കലും വരാനിടയില്ലാത്ത ഗോദോയെ
കാത്തിരിക്കുന്നതിലും ഭേദം കൺമുന്നിലുള്ള കാഴ്ചകളോടൊപ്പം അതിജീവിക്കുന്ന
ദൈവത്തെ മുറുകെ പിടിക്കുന്നതാണ് ഉത്തമം .ബിൽ ബ്രൈസൻ പറഞ്ഞല്ലോ ഒരു
ഈച്ചയായിരിക്കുന്നതുപോലും മഹത്തായ നേട്ടമാണെന്ന്. എന്തെന്നാൽ ഒരു ഈച്ച
നമ്മുടെ മുന്നിലെത്തുന്നത് പതിനായിരക്കണക്കിനു വർഷങ്ങൾ സഞ്ചരിച്ചിട്ടാണ്.
അതിൻ്റെ മുൻകാല തലമുറകൾ സഞ്ചരിച്ച ദൂരമെല്ലാം അത് സ്വന്തം ചിറകുകളിൽ
ഒളിപ്പിച്ചിരിക്കുകയാണ്. നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നത് ഒരു ഈച്ചയുടെ
പറക്കൽ മാത്രമാണ്. അത് അതിജീവനപ്പറക്കലാണ് സംഘടിപ്പിക്കുന്നത്. അത്
ഒറ്റയ്ക്കാണ് ഇര തേടുന്നത്. ഒറ്റയ്ക്കാണ് പ്രതിസന്ധികളിൽ.അത് തന്റെ
വംശത്തിന്റെ ബൃഹത്തായ ഓർമ്മകൾക്കൊപ്പമാണ്. പുരാതനമായ വംശത്തിന്റെ
പറക്കലിന്റെ ചരിത്രത്തിനൊപ്പം അത് ഒരൊറ്റയാൻ പറക്കലിലേർപ്പെടുന്നു. അത്
തേടുന്നത് അതിജീവിക്കുന്ന ദൈവത്തെയാണ്;ചിരപുരാതനമായ ദൈവത്തെയല്ല.
അതുപോലെയാണ് ഇന്നത്തെ സ്വതന്ത്ര കലാകാരനും .അവൻ ജീവിച്ചിരിക്കുന്നത്
ഒരത്ഭുതമാണ്. അവനെ രക്ഷപ്പെടാൻ അനുവദിക്കാത്തവരുടെ ഒരു വലിയ സമൂഹത്തിൽ അവനു
തൻ്റെ ആന്തരികനഗ്നത പൂർണമായി ആവിഷ്ക്കരിക്കുന്നതുവരെ പോരാടേണ്ടി വരും.
ബ്രിട്ടീഷ്
എഴുത്തുകാരൻ ആന്‍ന്തണി ജൂലിയസ് എഴുതിയ 'ട്രാൻസ്ഗ്രഷൻസ്: ദ് ഒഫൻസസ് ഓഫ്
ആർട്ട്' എന്ന പുസ്തകത്തിൽ അതിർത്തികൾ ലംഘിക്കുന്ന കലാകാരന്മാരെക്കുറിച്ച്
പ്രതിപാദിക്കുന്നുണ്ട് .' 'സൗന്ദര്യാത്മകമായ ഒഴികഴിവ്' എന്നാണ് അദ്ദേഹം
ഇതിനെ വിളിക്കുന്നത്. 'കല ഒരു പ്രത്യേക സുരക്ഷയുളള മേഖലയാണ്, അവിടെ
പറയാനാവാത്തത് പറയാനാവും എന്നു ജൂലിയസ് കുറിക്കുന്നു. കലയിലെ മറ്റൊരു
പ്രതിരോധമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് 'വേർപെടുത്തൽ' എന്ന ആശയമാണ്.
നമ്മുടെ മുൻധാരണകളിൽ നിന്നു നമ്മെ വിമോചിപ്പിക്കാൻ കലയ്ക്കു കഴിയും.
സാധാരണമായതിനെ കല അസാധാരണമാക്കുന്നു. ചോദ്യം ചെയ്യപ്പെടാത്തതിനെ
സമസ്യയാക്കുന്നു.
ഈ 'ലൈസൻസ്' കലയിൽ ഇപ്പോഴുമുണ്ട്
.ഇംഗ്ലീഷ് എഴുത്തുകാരൻ ഡി.എച്ച്.ലോറൻസ് 'ലേഡി ചാറ്റർലീസ് ലവർ'(1928)എന്ന
നോവൽ എഴുതിയപ്പോൾ രാഷ്ട്രങ്ങൾ ചൂരലെടുത്തു. ഒരു പെണ്ണിൻ്റെ രതിമൂർച്ച
എന്താണെന്നു കണ്ടുപിടിച്ച നോവലാണത്. സമൂഹത്തിൻ്റെ ഉയർന്ന തട്ടിലുള്ള
സ്ത്രീയും ഒരു തൊഴിലാളിയും തമ്മിലുള്ള തീവ്രബന്ധമാണ് അതിൽ ആലേഖനം ചെയ്തത്.
അതിൽ അശ്ലീലം ആരോപിച്ച് അമേരിക്ക ,ബ്രിട്ടൻ ,കാനഡ ,ഓട്രേലിയ തുടങ്ങിയ
രാജ്യങ്ങൾ നോവൽ നിരോധിച്ചു. എന്നാൽ ഇപ്പോൾ അത് ഒരു ക്ലാസിക് കൃതിയായി
മാറിയിരിക്കുന്നു .ഫ്രഞ്ച് എഴുത്തുകാരൻ ഫ്ളോബേറിൻ്റെ 'മദം
ബുവാറി'(1857)മാമൂൽ ഭക്തന്മാരെ ചൊടിപ്പിക്കുകയാണ് ചെയ്തത്. ലൈംഗിക
ചിത്രീകരണത്തിൻ്റെ പേരിൽ നോവൽ നിരോധിക്കപ്പെട്ടു . ഫ്ളോബേറിനും പ്രസാധകനും
നിയമനടപടി നേരിടേണ്ടി വന്നു. ഇപ്പോൾ ആ കൃതിയും മഹത്തായ രചനയായി
പരിണമിച്ചിരിക്കുന്നു.
പരാജയപ്പെട്ട് ഭൂതകാലത്തിലേക്ക്
ഇന്നു
സാഹിത്യകാരന്മാർ പൊതുവേ, നിയമം എവിടെയുണ്ടോ അങ്ങോട്ട് ചെന്ന് അതിനെ
അനുസരിക്കുകയാണ്. അല്ലെങ്കിൽ ഭരണകൂടവും അതിൻ്റെ അനുബന്ധസ്ഥാപനങ്ങളും അവരെ
അവഗണിക്കും .അവഗണനയിൽ നിലനിൽക്കാൻ എഴുത്തുകാരൻ ആഗ്രഹിക്കുന്നില്ല .അവൻ
ഇന്നത്തെ സിവിൽ സമൂഹത്തിൻ്റെ പൊങ്ങച്ചബിംബമായി മാറിക്കൊണ്ടിരിക്കുകയാണ്
.അവനിന്നു ഒന്നിനെയും എതിർക്കാനാവില്ല. എല്ലാം അവനു അനുവദനീയമാണ്. അവൻ
എല്ലാറ്റിനോടും ഒത്തുതീർപ്പ് കണ്ടുപിടിച്ചിരിക്കുന്നു. അവൻ ജീർണതയെ
സംസ്കാരമായി വ്യാഖ്യാനിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. അവന്റെ
പ്രഭാഷണങ്ങളിൽ തുടർന്നുവന്ന വാദങ്ങളുടെ അടിവേര് തന്നെ തകർക്കപ്പെട്ടാലും
അവൻ യാതൊന്നും സംഭവിക്കാത്ത മട്ടിൽ മറ്റൊരു വിഷയത്തിലേക്ക് കടക്കും.
വർത്തമാനകാലത്തിലെ എല്ലാ അനീതികളോടും സന്ധി ചെയ്ത്
പ്രശസ്തനായിരിക്കുന്നതുകൊണ്ട് അവനു ഇഷ്ടപ്പെട്ട വിഷയം ഭൂതകാലമാണ്,
ചരിത്രമാണ്. ചരിത്രത്തെ എത്രതന്നെ വളച്ചൊടിച്ചാലും ഒരു ചരിത്രപുരുഷനും
വന്നു ശല്യപ്പെടുത്തുകയോ വിയോജിക്കുകയോ ചെയ്യില്ലല്ലോ.
ഈ
പശ്ചാത്തലത്തിലാണ് എൻ്റെ 'ഫംഗസ്'(ഇതൾ ബുക്സ് ,കണ്ണൂർ) എന്ന കഥ പുസ്തകമായി
വരുന്നത്. അതിൽ റഷ്യയിലെ സാർ ചക്രവർത്തി കൊന്നു കുഴിച്ചുമൂടിയ ഒരു
എഴുത്തുകാരനാണ് പതിറ്റാണ്ടുകൾക്കു ശേഷം മുറിവുകളുമായി
'തിരിച്ചുവരുന്നത്'.അയാൾ തൻ്റെ കഥ (ഇത് ചക്രവർത്തി നശിപ്പിച്ചതാണ്) വീണ്ടും
എഴുതുന്നു. കഥാകൃത്ത് തൻ്റെ ജീവിതത്തെ ചരിത്രകാരന്മാർ
വളച്ചൊടിച്ചതിനെതിനോടു പ്രതികരിക്കുകയാണ് .
തന്റെ
അവസാന വർഷങ്ങളിൽ മാധവിക്കുട്ടി ഒരു മാനസികപീഡയിലൂടെ കടന്നുപോയത്
ഓർക്കുമല്ലോ .അവർ മതത്തിൻ്റെ, വിശ്വാസത്തിൻ്റെ മുള്ളുകൾക്കിടയിൽപ്പെട്ട്
ചതഞ്ഞരഞ്ഞു. അന്ന് അവർ ഇങ്ങനെ എഴുതി: 'പുതുതായി കൈവന്ന വിരക്തിക്ക് ചേരുന്ന
ഒരു വസ്ത്രധാരണരീതി ഞാൻ മൂന്നു കൊല്ലങ്ങളോളം സ്വീകരിച്ചു. തൂവെള്ള മുണ്ടും
നേര്യതും .കഴിയുന്നതും വേഗം വാർദ്ധക്യം എന്നെ വന്ന് ആക്രമിക്കണം എന്നു ഞാൻ
ആഗ്രഹിച്ചു .സകല മോഹങ്ങളും നശിച്ചു പോകട്ടെ ,മനസ്സിന്റെ തടാകത്തിൽ ഒരിക്കൽ
വളർന്ന താമരകൾ പോലെ അവ ചീഞ്ഞളിഞ്ഞു നശിക്കട്ടെ. ഇനി ഒരിക്കലും
മുളച്ചുവരാതിരിക്കട്ടെ ആ ഭയങ്കര സൗന്ദര്യമുള്ള പൂക്കൾ .എൻ്റെ അമ്മമ്മ
ഒരിക്കൽ നാലപ്പാട്ടെ ചുമരുകളുടെ വിള്ളലെല്ലാം തൻ്റെ കൈവിരൽ കൊണ്ട്
ചുണ്ണാമ്പു തേച്ച് തൂർത്തിരുന്നതുപോലെ ഞാൻ എൻ്റെ ജീവിതത്തിൻ്റെ സകല
ശൂന്യതകളും പലവകകൾ കൊണ്ട് നികത്തുവാൻ ശ്രമിച്ചു; ദൈവങ്ങളെക്കൊണ്ട്,
മിത്രങ്ങളെക്കൊണ്ട്, പുസ്തകങ്ങളെക്കൊണ്ട് .എന്നിട്ടും ഈ ചുമർ
തകർന്നുകൊണ്ടേയിരുന്നു.' തന്റെ സത്യസന്ധതയ്ക്കും ആദർശത്തിനും വേണ്ടി അവർ
അനുഭവിക്കേണ്ടിവന്ന യാതനകൾ ഈ വാക്കുകളിൽ നിന്നു നമുക്ക് ഗ്രഹിക്കാം.
വിരക്തിയും അന്യവത്ക്കരണവും അനുവാദമില്ലാതെ തന്നെ അവരെ പൊതിഞ്ഞു.
സ്നേഹിതരും ബന്ധുക്കളുമെല്ലാം അവരവരുടെ ശൂന്യതകളാണ് പകർന്നത്. ആരുടെയും
ശൂന്യത ഒരു പരിഹാരമായില്ല .
കവിക്ക് ശരീരമില്ല
സച്ചിദാനന്ദൻ്റെ
'സത്യവാങ്മൂലം' എന്ന കവിത ഒരിക്കൽക്കൂടി വായിച്ചു. പോയ്പോയ ജാഗ്രതകൾ
മനസ്സിൽ ഓടിക്കിതച്ചെത്തി. ഒരു കവിയാകാൻ വേണ്ടി ആൾക്കൂട്ടത്തിൽ നിന്നു
ചിതറി ഓടുകയേ നിവൃതിയുള്ളു.ആൾക്കൂട്ടം മുൻധാരണകൾ കൊണ്ട് ചതിക്കും.
ക്ളീഷേയായ ആശയങ്ങളും പദപ്രയോഗങ്ങളും കൊണ്ട് ഭൂരിപക്ഷം പേരും കവിയെ
തകർത്തുകൊണ്ടിരിക്കും. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
"തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോൾ ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു
എൻ്റെ വൃത്തം ഓടയിൽ പെറ്റുവീണ കുഞ്ഞിൻ്റെ
നിലവിളിയുടെ വൃത്തമാണ് .
എൻ്റെ പ്രാസം തടവറയിലെ കർഷകന്റെ
പക നിറഞ്ഞ പേശികളുടെ പ്രാസമാണ്
നമുക്ക് ആഡംബരങ്ങൾക്കും വളച്ചുകെട്ടലുകൾക്കും നേരമില്ല.
ലളിതമായ വാക്കുകൾ നാം പിന്നെയും നിർത്തി നിർത്തി ഉച്ചരിക്കേണ്ടിയിരിക്കുന്നു
നമ്മുടെ ഈറയും ദുരയും പീഡനവും സ്വപ്നവുമെല്ലാം
ഈ നിമിഷത്തിലെറിഞ്ഞുരുക്കി
ഉറുമികൾ വാർക്കേണ്ടിയിരിക്കുന്നു.
കവിത അഭയവും പ്രവർത്തനവുമാണ് ,
വിതയും കൊയ്ത്തുമാണ്,
തേൻകൂടും മിഴാവും കടലും മുക്കുവനുമാണ്."
കവിത
പൂർവ്വകാലത്തിന്റെ അനുരണനങ്ങളല്ലെന്നു കവി വിളിച്ചു പറയുകയാണ്.
തിരിച്ചറിയാത്ത വിധം സ്വപ്നങ്ങൾ ചിതറിപ്പോകുന്ന ഈ കാലത്ത് ഒരു കവി തൻ്റെ
മൂല്യങ്ങളിലേക്ക് രഹസ്യമായി ഒറ്റയാൾ സഞ്ചാരം നടത്തുകയാണ്. അയാൾക്ക്
ആരവങ്ങളോ അകമ്പടിയോ ഉണ്ടായിരിക്കുകയില്ല. അയാൾക്ക് ശരീരം തന്നെയില്ല .ശരീരം
ഉണ്ടായിരുന്നെങ്കിൽ വാരാന്തപ്പതിപ്പുകാരും ചാനൽ പരിപാടിക്കാരും സാംസ്കാരിക
നടത്തിപ്പുകാരും തേടി വരുമായിരുന്നു. അയാൾ ജീവിച്ചിരിക്കുന്നത് പെട്ടെന്നു
വശീകരിക്കാനറിയാത്ത വാക്കുകൾക്കിടയിലാണ്. അയാൾ നിശ്ശബ്ദതയെക്കുറിച്ച്
വീണ്ടും വീണ്ടും പഠിക്കുകയാണ് .അയാൾ നിശ്ശബ്ദതയുടെ സാക്ഷരതയാണ്
അഭിവഞ്ചിപ്പിക്കാൻ നോക്കുന്നത്. അയാൾ പതിവു നടത്തയുടെ വഴി ഉപേക്ഷിക്കുന്നു
.വഴിമാറുമ്പോൾ അപരിചിതരാവും നേരെ വരുക. അവർ അയാളെ കണ്ടിട്ടില്ലല്ലോ.
ഹെൻറി
ഡേവിഡ് തോറോ തൻ്റെ പ്രസിദ്ധമായ 'വാൽഡൻ' എന്ന പുസ്തകത്തിൽ വനത്തിലേക്ക്
പോകുന്ന യുവാവിനെക്കുറിച്ച് എഴുതുന്നുണ്ട് .അയാൾ ആദ്യം ഒരു നായാട്ടുകാരനോ
മീൻപിടുത്തക്കാരനോ ആകാൻ നോക്കും .എന്നാൽ ശരിയായ പ്രചോദനമുണ്ടെങ്കിൽ കാടിനെ
അറിയാൻ നോക്കും. അയാൾ ഒരു കവിയെ പോലെ തന്നെ ലക്ഷ്യങ്ങളിൽ നിന്നു
വ്യതിചലിക്കില്ല. കവി സൂക്ഷിക്കുന്ന ചെറുപ്പം ഇതിനുള്ളതാണ്.
റുമേനിയൻ
- ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ എഴുതി: 'കൈവിരലുകൾക്കിടയിൽ നിന്നു
വഴുതിപ്പോകുന്നതാണ് ജീവിതം; പിടിക്കാനായുമ്പോൾ അപ്രത്യക്ഷമാകുന്ന
പ്രേതത്തെപോലെ.'അതുകൊണ്ടു ചിന്തിക്കുന്നവനു ജീവിതം യഥാർത്ഥവുമല്ല
,അയഥാർത്ഥവുമല്ല. കവി ഇതിനിടയിൽ ജീവിക്കാൻ ശ്രമിക്കുന്നത്
തന്നെപ്പോലെയുള്ളവർക്കു വേണ്ടിയാണ്.വിലക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട,
തിളക്കം നഷ്ടപ്പെട്ട വസ്തുക്കളുടെ നിലനിൽപ്പിനു വേണ്ടി. കവി കിതച്ചുകൊണ്ട്
തിരയുന്നത് ഓർമ്മകളെയാണ്. ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം .ഓർമ്മകൾ ഈ
ലോകത്തെയാണ് നിർമ്മിച്ചു തരുന്നത്.
രജതരേഖകൾ
1)കവി
രാജൻ കൈലാസ് ഇന്നത്തെ കവിതാഫാക്ടറിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു (ഒരുമ
,മാർച്ച് ):ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ സമ്മാനം
കിട്ടിയ കവിക്ക് തുഞ്ചൻ പുരസ്കാരം കൊടുക്കുന്നത് കണ്ടു ഞെട്ടിപ്പോയ ആളാണ്
ഞാൻ. തുഞ്ചനും കുഞ്ചനും വള്ളത്തോളും ആശാനും ഉള്ളൂരും ബഷീറും എസ്. കെ.
പൊറ്റക്കാടുമൊക്കെ ഇപ്പോൾ ഇങ്ങനെ അവാർഡുകളും മെമെൻ്റോകളുമായി മാറുകയാണ്. ഈ
അവാർഡുകളൊക്കെ വാങ്ങി സംതൃപ്തരായി, ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ട് നേതാവായ
അഡ്മിൻ കവിയെ ഇവർ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എക്കാലവും ഈ
കവിയുടെ അടിമകളായ കവികളായി പുതുകവിളിൽ കുറേപ്പേരെങ്കിലും അധ:പതിക്കുന്ന
കാഴ്ചയാണ് ദയനീയം. ഇത് പുതിയ കവികൾ മനസ്സിലാക്കണം."
രാജൻ
കൈലാസ് ചിന്തിക്കുന്നത് കവിതയുടെ ആശയനിബിഡമായ ഒരു പൂർവ്വകാലത്തെ മനസ്സിൽ
വച്ചുകൊണ്ടാണ് .ഇന്നു അഡ്മിനും കൂട്ടരുമാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.
എല്ലായിടത്തും പ്രാദേശികബന്ധം, പാർട്ടിബന്ധം ,കുടുംബബന്ധം... നീളുന്നു
ബന്ധത്തിൻ ചരടുകൾ.
2)അല്പംപോലും ആധുനികതയുടെ സംസ്കാരമില്ലാതെ ഇപ്പോഴും കവിത എഴുതുന്നവരുണ്ട്. യഥാർത്ഥത്തിൽ ഈ കാലം ഒരു നവസംസ്കാരം ആവശ്യപ്പെടുന്നു.
അനിൽ നീണ്ടകര എഴുതിയ 'തിരുത്ത്'(സ്ത്രീശക്തി, ഡിസംബർ 2024)അനുഭവത്തെ അനുവാചകൻ്റെ കണ്ണിലൂടെ പുതിയതാക്കുന്ന കവിതയാണ്.
'നിഷ്കളങ്കത നിങ്ങൾ
കരുതുമ്പോലെയൊരു
പേടമാൻ കിടാവിന്റെ
പേടിച്ച മിഴിയല്ല .
മുയലിൻ വിറയല്ല
പ്രാവിൻ കുറുകലല്ല
ചിത്രശലഭമല്ല
പൂവും തളിരുമല്ല .
ഭൂപതി വിവസ്ത്രനായ്
എഴുന്നള്ളിയ നേരം
തനിയേ കൂവിപ്പോയ
കുഞ്ഞിന്റെ കുതൂഹലം ."
മനസ്സിനെ
കുളിർപ്പിക്കുന്ന എഴുത്താണിത്.ഇവിടെ താണതരം അഭിരുചിയിൽ നിന്നു കവിതയെ
മോചിപ്പിക്കുകയാണ് .സത്യം വിളിച്ചു പറയാനുള്ള ധൈര്യമാണ് നിഷ്കളങ്കത .
3)റുമേനിയൻ
- ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ (1909-1994)യുടെ ദ് ലസ്സൻ,
റിനോസെറോസ്, ദ് ലീഡർ എന്നീ നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
പ്രമുഖ കഥാകൃത്ത് വി.പി.ശിവകുമാറാണ്. അത് പുസ്തകരൂപത്തിൽ (1994)
പ്രസിദ്ധീകരിക്കുകയും ചെയ്തു - 'അയനെസ്കോയുടെ മൂന്നു നാടകങ്ങൾ' എന്ന പേരിൽ
.അസംബന്ധ നാടകവേദിയുടെ വക്താവായിരുന്നു അയനെസ്കോ. ആധുനിക യൂറോപ്യൻ
നാടകവേദിയിൽ ഒരു ആചാര്യനായിരുന്നു അദ്ദേഹം. ശിവകുമാർ ആ നാടകങ്ങളെക്കുറിച്ച്
ഇങ്ങനെ എഴുതി: 'ചിരിയുടെ ഉറവിടം പരിഹാസമല്ല -മനുഷ്യർ തങ്ങളുടെ
നിസ്സഹായതയും പൊള്ളത്തരങ്ങളും നേരിൽ ദർശിച്ചു ചിരിച്ചു പോവുകയാണ്
.വിചിത്രവാസനകളും നിരർത്ഥകമായ പെരുമാറ്റങ്ങളും ആത്യന്തികമായ
യുക്തിരാഹിത്യവും ചേർന്ന് മർത്ത്യജന്മം ഇവിടെ വെറുതെ ചിരിക്കാനുള്ള വകയായി
കാണപ്പെടുന്നു. ഈ സ്വഭാവവിശേഷങ്ങളെല്ലാം നാടകങ്ങളുടെ രൂപഘടനയിലും
ശ്ളഥബദ്ധമായ സംഭാഷണങ്ങളിലും മറ്റും കലർന്നിരിക്കുന്നു.
വെളിപ്പെടുത്താനുദ്ദേശിക്കുന്ന ഭാവങ്ങൾക്കും സത്യങ്ങൾക്കും ഭാഷ വേണ്ടത്ര
പര്യാപ്തമാകുന്നില്ലെന്ന പ്രതീതിയാണ് കഥാപാത്രങ്ങൾ ജനിപ്പിക്കുന്നത്."
ജീവിതത്തെ വേറൊരു രീതിയിൽ നോക്കി കാണുകയാണ് ഈ നാടകങ്ങൾ. ഈ നോട്ടം പ്രധാനമാണ്.
4)വിശ്വഭാരതി
സർവകലാശാലയുടെ പഠനക്രമത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ടാഗോർ എഴുതിയ
കുറിപ്പിൽ ഒന്നാമതായി കൊടുത്തിരിക്കുന്നത് ഇതാണ്:'മനുഷ്യൻ്റെ മനസ്സ്
പഠിക്കണം - വിവിധ വീക്ഷണകോണുകളിലൂടെ സത്യത്തിന്റെ വിവിധ വശങ്ങൾ
സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ .ആന്തരികമായ രമ്യതയുടെ അടിസ്ഥാനത്തിൽ
പൗരസ്ത്യസമൂഹങ്ങളുടെ വിവിധ സംസ്കാരങ്ങളെപ്പറ്റി പഠനവും ഗവേഷണവും വേണം."
ഇന്നത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിക്ക് ഈ ആദർശമുണ്ടോ ?ഇവിടെ
കലാസാഹിത്യമേഖലകളിൽ സർവ്വകലാശാലാ അധ്യാപകരുടെ ഗ്രൂപ്പുകളും കൂട്ടങ്ങളുമാണ്
കാണാനാവുക. സർവകലാശാലയിൽ ജോലി നോക്കാത്തവരെ തമസ്കരിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യജ്ഞാനത്തിന്റെയും സത്യത്തിന്റെയും ചക്രവാളങ്ങൾ
വികസിപ്പിക്കുന്നതിനാണ് ടാഗോർ ശ്രമിച്ചത്.
5)ഓരോ
നിമിഷത്തിലും ജീവിക്കാനാണ് ബ്രിട്ടീഷ് ആത്മീയ ചിന്തകനും ഗ്രന്ഥകാരനുമായ
പോൾ ബ്രണ്ടൻ പറഞ്ഞത്.'ഓരോ പ്രഭാതവും ഒരു പുതിയ പുനർജന്മമാണ്. അതിനെ അതിന്റെ
മൂല്യത്തിലെടുക്കുക. ഓരോ നിമിഷത്തിലും പൂർണമായി ജീവിക്കുക' -അദ്ദേഹം
പറഞ്ഞു. നാം പലപ്പോഴും ഈ നിമിഷത്തിൽ ജീവിക്കുന്നില്ല ;അലട്ടലുകളിലും
ഭൂതകാലത്തിലുമാണ് ജീവിക്കുന്നത്.
6)ശ്രീധരൻ
ചമ്പാട് ,വിജയൻ കാരോട്ട്, ബാലചന്ദ്രൻ എൻ.ടി ,ഋഷി .ജി നടേഷ് ,പ്രഭാശങ്കർ
തുടങ്ങിയ കഥാകൃത്തുക്കൾ എഴുപതുകളെയും എൺപതുകളെയും ഓർമയിൽ കൊണ്ടുവരുന്നു.
കഥാകൃത്തുക്കളെന്ന നിലയിൽ ഈ മികച്ച എഴുത്തുകാരെ പിൽക്കാല തലമുറ വേണ്ടപോലെ
ഉൾക്കൊള്ളാത്തതിൽ അതിശയിക്കാനൊന്നുമില്ല.
No comments:
Post a Comment