Followers

Thursday, July 30, 2009

p k gopi writesനിരൂപക വായനയിലെ വാത്മീകിപ്പക്ഷികൾ
പി.കെ.ഗോപി
വായന:
'നവാദ്വൈതം'
എം.കെ.ഹരികുമാർ
നീലവിഹായസ്സിന്റെ വിശാലമായ ക്യാൻവാസിലേക്ക്‌ ഇലത്തൂലികകൾ നീട്ടി വംശവൃക്ഷം നിൽക്കുന്നു. മഹാപ്രവാഹത്തിന്റെ മണൽത്തീരത്ത്‌, വിജനമായ ഏകാന്തതയില്‍ ചുടലച്ചിതയെരിഞ്ഞു. രണ്ടു ദൃശ്യങ്ങൾ..... കേവലദൃശ്യങ്ങളുടെ ഛായാപടങ്ങൾ വളരെയാകർഷമായി അവതരിപ്പിക്കാൻ നമുക്കു കഴിയും. എന്നാൽ ദൃശ്യങ്ങളുടെ നിഴലും വെളിച്ചവും കടന്ന്‌ കാലത്തിന്റെ അന്തർഗ്ഗതങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ ഞാൻ നിരൂപകനായി കരുതുകയുള്ളു.
എഴുത്തിനേക്കാൾ ഗൗരവമേറിയ അന്വേഷണപഥങ്ങളിലെവിടെയോ വച്ച്‌, കടലിൽ നിന്ന്‌ ശംഖനാദം കണ്ടെത്തുംപോലെ, അന്ധകാരങ്ങളിൽ നിന്ന്‌ കാലത്തിന്റെ കൃഷ്ണമണികൾ കണ്ടുപിടിക്കും പോലെ, അപൂർവ്വചാതുര്യമാർന്ന ഒരു സർഗ്ഗപ്രക്രിയയാണ്‌ നിരൂപണം.

നിരൂപണത്തിന്റെ മേഘാകാശങ്ങളിൽ ഒരു നക്ഷത്രപ്പൊട്ടിന്റെ സുവർണ്ണരശ്മിയെങ്കിലും പ്രതൃക്ഷപ്പെടുമ്പോൾ വായനക്കാരനായി ഞാൻ സ്വപ്നാടനത്തിൽ നിന്ന്‌ ഞെട്ടിയുണർന്നു. ആ ഉണർച്ചയുടെ ഉച്ചവെയിൽ, യാത്രയുടെ ഏതിരുട്ടിലും അസ്തമിക്കാതെ എന്നിൽ തെളിഞ്ഞു നിൽക്കുന്നു. കാണാത്ത ലോകങ്ങളുടെ വിചാരവശ്യമായ വ്യാകരണനിർവ്വചനങ്ങളിൽ ഞാൻ സ്വയം പുതുക്കിപ്പണിയുന്നു. വായിച്ചുപേക്ഷിച്ച കാലത്തിന്റെ നാൾവഴിത്താളുകളിൽ പടർന്നു കിടക്കുന്ന പ്രാണഞ്ഞരമ്പുകൾ വീണ്ടും പിടയ്ക്കുന്നതറിഞ്ഞ്‌ വിസ്മയിക്കുന്നു.

നടന്ന വഴിയിലെ പച്ചപ്പുല്ലിന്റെ ഉത്ഥാനകഥയിൽ പരിവർത്തനത്തിന്റെ മഹാവാക്യങ്ങൾ രേഖപ്പെടുത്തി വച്ചതു കാണാതെ പോയതിൽ ഖേദിക്കുന്നു. വായിച്ചിട്ടും വായിക്കാതെ പോയ രഹസ്യബിന്ദുക്കൾ ചേർത്തുവച്ചപ്പോൾ വലിയ നേർരേഖകളുണ്ടാകുന്നത്‌ ആദരവോടെ തിരിച്ചറിയുന്നു. ആ നേർരേഖകൾ എന്റെ നടപ്പുവഴിയിലെ ദിശാസൂചനകളാണ്‌. അകത്തേക്കും പുറത്തേക്കുമുള്ള അടയാത്ത വാതിലുകളാണ്‌. അനാദിയും അനന്തവും തമ്മിൽ സംവേദനം നടത്തുന്ന മാസ്മര നാളിയാണ്‌.
ഒ.വി.വിജയനെ എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടാവും, ഓർമ്മയില്ല.

ഖസാക്കിന്റെ ഇതിഹാസത്തിലെ ഓരോ അദ്ധ്യായവും വാചകവും വാക്കും... ചിലതെല്ലാം ആവർത്തന വായനയിൽ മനസ്സിൽ പതിഞ്ഞു കിടക്കുന്നു. എഴുതുമ്പോഴോ പ്രസംഗിക്കുമ്പോഴോ തൂലികയിലും നാവിലും അവ ഓടിക്കയറുന്നു. ഓരോ പ്രാവശ്യം പറയുമ്പോഴും ഓരോ വെളിപാടിന്റെ തളിരിലയും തലനീട്ടിക്കൊണ്ടിരിക്കുന്നു. ചരിത്രവും ദർശനവും നാട്ടുവഴക്കവും പുരാവൃത്തവും വിശ്വാസവും സ്വപ്നവും അയഥാർത്ഥവും അരൂപദൃശ്യവുമെല്ലാം ചേർന്ന്‌ ഭാഷയുടെ കാണാപ്പുറങ്ങളിലേക്ക്‌ ആത്മാവിന്റെ ചിറകുകൾ വീശിപ്പറന്ന ഒറ്റപ്പക്ഷിയായിരുന്നു ഒ.വി.വിജയൻ. ശാന്തനായി എഴുന്നേറ്റ്‌ മൗനിച്ചു നടന്നു പോകുന്ന അയാൾ ആരാണ്‌ എന്നു ചോദിച്ചാൽ ഒ.വി.വിജയൻ എന്നു മാത്രമാണ്‌ ഉത്തരം.

പ്രശാന്തത്തയുടെ ആ ഉത്തരം പിന്തുടർന്ന്‌, സംഘർഷകലുഷമായ ചരിത്രഭൂപടത്തിലെ പാദമുദ്രകളത്രയും വായിച്ച്‌, കഥയും കഥയ്ക്കപ്പുറമുള്ള കാൽപനികപ്രകൃതിയും പിന്നിട്ട്‌, ആദി ബീജസ്പന്ദനങ്ങളുടെ സൂക്ഷ്മനാദമേഖലയിലെ സർഗ്ഗാത്മകതയുടെ സംഗീതം കേൾപ്പിച്ചു തരുന്ന ഒരു പുസ്തകം ഞാൻ വായിച്ചു. ഏകരൂപാത്മകമായ സത്യത്തിന്റെ ബഹുമുഖപ്രതീതിയെ തിരിച്ചറിയാൻ ശ്രമിക്കുന്ന ,പരിശ്രമശാലിയായ ഒരു ചെറുപ്പക്കാരന്റെ ഉപനിഷദ്പഠനം പോലെ സമഗ്രതയാർന്ന ഒരു പുസ്തകം. ഒരേ സമയം സാഹിത്യവിമർശനവും ദാർശനിക സമസ്യയും കാലോചിതമായ വിചാരവൃഗ്രതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന 'നവാദ്വൈതം' എന്ന പഠനഗ്രന്ഥം ഒ.വി.വിജയന്റെ കൃതികൾക്കു മേൽ ഇതുവരെയുണ്ടായിട്ടുള്ള വായനകളിൽ മികച്ചതാണെന്ന്‌ എനിക്കനുഭവപ്പെടുന്നു.
പത്രപ്രവർത്തകനും നിരൂപകനുമായ എം.കെ.ഹരികുമാറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്‌ 'നവാദ്വൈതം'. അദ്വൈതം എന്ന വാക്കും ആശയവും തീർച്ചയായും പുരാതനമാണ്‌. നവപുരാതനം എന്നു പ്രയോഗിക്കാമോ? നവാദൈത്വം എന്നു പ്രയോഗിച്ചതിന്റെ അർത്ഥസാധുത ഉൾക്കൊണ്ട്‌ നവപുരാതനം എന്ന്‌ ഞാൻ പറയുന്നു. ഈ നിമിഷത്തിന്റെ നവീനത ഉൾക്കൊള്ളാതെ യാതൊന്നും കടന്നുപോകുന്നില്ല. കാലപ്പഴക്കത്തിൽ തുരുമ്പും മാറാലയും കയറിയ നാഴികമണികൾ നിലച്ചു പോയേക്കാം. പക്ഷേ, സമയസൂചികൾ അദൃശ്യമായി കറങ്ങുക തന്നെയാണ്‌. ആത്മഭാഷണം പോലും പവിത്രമാക്കി ഉപയോഗിച്ച ഒ.വി.വിജയന്‌ അതറിയാമായിരുന്നു. അതിനാൽ ഗുരുവായ ഭൂമിയിൽ ശിഷ്യനെന്ന വിത്ത്‌ മുളപൊട്ടി വൃക്ഷവികാസം പ്രാപിക്കുന്നതെങ്ങനെയെന്നു ചിന്തിക്കാൻ അദ്ദേഹത്തിന്‌ വിവേകവും സമചിത്തത്തയും ഉണ്ടായിരുന്നു. തിടുക്കങ്ങൾക്കിടയിൽ തടിച്ച അവയവങ്ങളുടെ ചലനം മാത്രം കാണുന്നവർ സൂക്ഷ്മകോശങ്ങളുടെ തിരക്കില്ലാത്ത കേന്ദ്രസ്പന്ദങ്ങൾ അറിയാതെ പോകുന്നത്‌, ദയനീയമായ ജീവിതദുരിന്തമാണ്‌.
അങ്ങനെയൊരവസ്ഥയാണ്‌ വർത്തമാനകാലം വരച്ചിടുന്നത്‌.
ഉപരിപരിശോധനയുടെ നിർണ്ണയങ്ങൾ നിരൂപണകളയാക്കി വളർത്തി കൊണ്ടാടുന്നവർക്ക്‌ കൃതിയുടെ ആഴങ്ങളറിയാൻ യാതൊരു വഴിയുമില്ല. എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രളോടൊപ്പം ഏതറ്റം വരെ അനുയാത്ര ചെയ്യാമെന്ന്‌ അവർക്കറിയില്ല. ചിന്താക്ഷീണം സംഭവിക്കുമ്പോൾ മടങ്ങിവന്ന്‌ കൈയും കാലും കടഞ്ഞ്‌ തുടങ്ങുകയായി, വിവരണങ്ങൾ. ബൃഹത്തായ കൃതികളോടൊപ്പം പറന്നു ചെല്ലാൻ കഴിയാത്ത, കിതച്ചും തളർന്നും വീണുപോയ നിരൂപണങ്ങൾ നിരവധിയാണ്‌. ഹരികുമാർ ആമുഖത്തിൽ സൂചിപ്പിക്കും പോലെ "മനസ്സിൽ അന്യചിന്തകളുടെ ഭാരമൊന്നുമില്ലാതെ" തികച്ചും സ്വതന്ത്രമായ നവാദ്വൈതചിന്ത വിജയന്റെ കൃതികളോടൊപ്പം പ്രാണന്റെ ചോരയോട്ടം പോലെ സഞ്ചരിക്കുന്നു.

കൃതിയെ തൊടുമ്പോൾ തിരിച്ചറിയുന്ന നാഡിമിടിപ്പ്‌ നവാദ്വൈതം തൊട്ടാലും വ്യക്തമായി അനുഭവപ്പെടുന്നു. ഒരു പക്ഷെ, കൂടുതൽ മിഴിവോടെ...ഉണർവ്വോടെ മഹത്തായ ഒരു ദേശത്തിന്റെ പ്രാക്തനസുദർശനങ്ങൾ തിരമാലകളായി, ഹരിതതീരങ്ങളെ തഴുകി കടന്നു പോകുന്നത്‌ ഞാൻ വായിച്ചറിയുന്നു. വാക്കുകളുടെ ചേരുവയിൽ ലയിച്ചുകിടക്കുന്ന ധാതുലവണങ്ങളുടെ സുഗന്ധരേണുക്കൾ എത്ര ശ്രദ്ധയോടെയാണ്‌ 'നവാദ്വൈത'ത്തിൽ ചൂണ്ടിക്കാണിക്കുന്നത്‌. വിജയന്റെ ഭാഷാചേതനയുടെ അടരകങ്ങളിൽ കുടിപാർക്കുകയും ചിലപ്പോൾ സ്വയം ചിറകുമുളച്ച്‌ ഓജസ്സോടെ സ്വതന്ത്രമായി പറന്നുയരുകയും ചെയ്യുന്നുണ്ട്‌, നിരൂപകൻ. ഭാഷയ്ക്കുള്ളിൽ അനുഭൂതിയുടെ അദ്വൈതധ്വനി അലിയിച്ചു ചേർത്ത അത്ഭുതം വിജയൻ കാണിച്ചുവെങ്കിൽ, നിരൂപണത്തിൽ നവാദ്വൈതത്തിന്റെ ആധുനികസ്വരം കടഞ്ഞെടുത്താവിഷ്കരിക്കാൻ പരിശ്രമിച്ചിരിക്കുന്നു, ഹരികുമാർ. ആത്മീയവും ഭൗതികവുമായ മുൻവിധികളില്ലാതെ "മതിൽക്കെട്ടുകൾ പൊളിച്ച്‌ പുതിയ ആശയ സംയോജനങ്ങൾ സാധ്യമാക്കേണ്ട കാലത്തിന്റെ" ശക്തമായ തൂലിക ഹരികുമാറിന്‌ സ്വായത്തമായിരിക്കുന്നു.
സ്വയം ജ്വലിക്കുന്ന ഭാഷയുടെ പ്രവാഹഗതിയിൽ എന്റെ വായനക്കാലം ഒഴുകിപ്പോയത്‌, താദാത്മ്യം പ്രാപിക്കലിന്റെ താളം സ്വീകരിച്ച നവീനാനുഭൂതിയിലൂടെയാണ്‌. വായനയുടെ ദിനങ്ങളിൽ ഒ.വി.വിജയൻ എന്ന ആൽമരവും അതിന്റെ ചുവട്ടിലെ പുൽക്കൊടിയായ ഞാനും നിലകൊള്ളുന്ന ഭൂമിയുടെ അദ്വൈതഹൃദയം നിരൂപകൻ കാണിച്ചു തരുകയായിരുന്നു. ഒരർത്ഥത്തിൽ ആത്മബലത്തിന്റെ സമവാക്യങ്ങൾക്കിടയിൽ ജ്ഞാനത്തിന്റെ ഗുരു വന്നു നിന്ന്‌ അനുഗ്രഹം ചൊരിഞ്ഞ്‌ സൗമ്യമായി സംസാരിക്കുന്നതു പോലെ എനിക്കു തോന്നി. പുരാണേതിഹാസങ്ങൾ പുതുതായി പുനർജ്ജനിക്കുന്നതു പോലെയും അവ ഒളിച്ചു സൂക്ഷിച്ച ജീവിതത്തിന്റെ ആഴച്ചുഴിയിലെ സംഗീതനിശ്ശബ്ദത ഉള്ളിലേക്ക്‌ പ്രവേശിക്കുന്നതു പോലെയും തോന്നി. ഏറ്റവും സുന്ദരമെന്നു തോന്നുന്ന മലയാളഭാഷയുടെ ചമൽക്കാരങ്ങൾക്കു മേൽ മനസ്സു തൊടുത്തു വച്ച ഹൃദയത്തിന്റെ തനതു ഭാഷണം കേൾക്കാൻ കഴിയുക വായനക്കാരന്റെ സുകൃതമാണ്‌, സാഫല്യമാണ്‌.

നാവുകളും വാക്കുകളുമില്ലാതെ ആരോ എന്നോടു സംസാരിക്കുന്നു. 'നവാദ്വൈതം' വായിച്ചുകഴിഞ്ഞാലും അതിന്റെ ധ്വനികളിലൂടെ നിരൂപകവായനയുടെ വാത്മീകിപ്പക്ഷികൾ അനുധാവനം ചെയ്യുന്നു. അപൂർവ്വദർശനങ്ങളുടെ പൊരുളാകാശം ചിറകുകളാൽ അളന്നളന്ന്‌ കാണിച്ചു തരുന്നു. അനുഭവകോശങ്ങളുടെ ഭ്രമണപഥത്തിൽ ജനിമൃതികളുടെ ചിരിയും കരച്ചിലും ഉയരുന്നത്‌ എന്നിൽ നിന്നു തന്നെയെന്ന്‌ സ്വയം പറയേണ്ടി വരുന്നു. "ലോകത്തിലെ വൈരുദ്ധ്യങ്ങളെല്ലാം ആത്മാവിന്റെ അതീത കാഴ്ചകൊണ്ട്‌ പരിഹരിക്കുന്ന അപൂർവ്വദർശനമാണ്‌" വിജയനിൽ എം.കെ.ഹരികുമാർ കണ്ടെത്തിയത്‌ എന്നു വ്യക്തം. "ഉള്ളിലെ വിവേകങ്ങളുടെ സത്തകൾ കൂടിച്ചേർന്ന്‌ ഉണർവ്വിന്റെ ഗാഥയായി തീരുന്നതാണ്‌ ഭാഷയായി പരിണമിക്കുന്നത്‌" എന്ന്‌ ഹരികുമാർ എഴുതുമ്പോൾ സർവ്വകലാശാലകൾക്ക്‌ തരാൻ കഴിയാത്തതെന്തോ അതാണ്‌ സാഹിത്യതത്വമെന്നറിയുന്നു. പ്രശസ്തിയിലെത്തിയവർക്ക്‌ അന്ധരായ അനുയായികളെ എവിടെയും കണ്ടുമുട്ടാം. അവർ ഇഷ്ടകൃതിയെ വിലയിരുത്തുമ്പോൾ നിഴലുകളാണ്‌ അവശേഷിക്കുക.

പക്ഷെ, "ഇന്ത്യൻ മിത്തോളജിയുടെയും വിശ്വാസങ്ങളുടെയും ഖനിയിൽ നിന്ന്‌ തന്റേതായ നിലയിൽ ഊർജ്ജം നേടിയ എഴുത്തുകാരനെ" അവതരിപ്പിക്കാൻ അപൂർവ്വസിദ്ധി ആവശ്യമാണ്‌. ആ സിദ്ധിവൈഭവം ഹരികുമാറിന്റെ കൈ മുതലാണ്‌. വിജയന്റെ ഭാഷയിലെ വൈകാരികതയുടെ അതിസൂക്ഷ്മവേഗങ്ങളെ മാനുഷികമായ ശക്തിദൗർബ്ബല്യങ്ങളിൽ തുലാഭാരം ചെയ്യിക്കാൻ ഹരികുമാറിനു കഴിയുന്നു. ആധുനികരുടെയും അത്യന്താധുനികരുടെയും തട്ടകങ്ങൾക്കപ്പുറത്തേക്ക്‌ പടർന്നു കയറി, ജീവിതത്തിന്റെ ആന്തരാനുഭവങ്ങളെ മാതൃചുംബനംപോലെ ഹൃദ്യമാക്കാൻ കഴിയുന്നുവേന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. പ്രത്യക്ഷത്തിൽ ലളിതം. പുനർവായനയിൽ ഗഹനം. കെട്ടുപിണഞ്ഞ വേരുകൾക്കിടയിൽ കാക്കകൊത്തിയിട്ട പാഴ്‌വിത്തിനെ അന്വേഷിച്ച്‌ വ്യർത്ഥബോധത്തോടെ തിരിച്ചു വരുന്ന വായനക്കാരനാകാൻ ഞാനിഷ്ടപ്പെടുന്നില്ല. ആകാശത്തിൽ നിന്ന്‌ ഭൂമിയിലേക്കു പടരുന്ന വേരുകളിലെല്ലാം അപഗ്രഥനത്തിന്റെ മുത്തുകൾ കോർക്കുന്ന സംഗീതമധുരമായ ഒരു ഭാഷാവിദ്യ നവാദ്വൈതത്തിൽ ഹരികുമാർ പരീക്ഷിക്കുന്നു.

ഒ.വി.വിജയനു മാത്രം സങ്കൽപിക്കാവുന്ന വാങ്മയഘടനയുടെ ലയനസാന്ദ്രത ഹരികുമാറിലും ദർശിക്കാം. ഒരു പക്ഷെ, പരസ്പരം സംഭവിക്കാവുന്ന വിചാരപ്പൊരുത്തങ്ങൾ എഴുത്തുകാരനെയും വായനക്കാരനെയും ഒറ്റ ബിന്ദുവിൽ അടുപ്പിച്ചേക്കാം. ഇവിടെ എഴുത്തുകാരനും നിരൂപകനും ആസ്വാദകനും ഉള്ളിലെ രാസപ്രവർത്തനങ്ങളിൽ ഒറ്റമൂലകമായി സ്ഫുടം ചെയ്യപ്പെടുന്നു. "ഖസാക്കിലെ പല മനുഷ്യരും വിജയന്‌ ലഭിച്ചതു ഒരു പ്രത്യേക രാസപ്രവർത്തനം മൂലമാണ്‌. രാസപ്രവർത്തനം നടന്നതാകട്ടെ അദ്ദേഹത്തിന്റെ മനസ്സിലും" എന്ന്‌ ഹരികുമാർ കണ്ടെത്തുന്നു. "കർമ്മപഥങ്ങളുടെ സ്നേഹരഹിതമായ കഥയിലൂടെ ബഹുരൂപങ്ങളുടെ ശതഗുണങ്ങളെ ഒരു നിമിഷത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന" എഴുത്തിന്റെ വാസ്തവത്തെ നവാദ്വൈതം തൊട്ടറിയുന്നു. അതിന്റെ സാമൂഹികമായ പ്രതിധ്വനി ഹരികുമാർ ആവിഷ്കരിക്കുന്നത്‌ ഇങ്ങനെയാണ്‌: "പ്രത്യയശാസ്ത്രങ്ങളുടെ അവസാനത്തെ ബിന്ദുവിൽ നിന്നാണ്‌ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അനുഭവിക്കാൻ കഴിയുന്നത്‌". സ്വപ്നത്തെയും ഓർമ്മയെയും കൂട്ടിക്കുഴച്ച്‌, ചുറ്റുമുള്ള അറിയാത്ത പൊരുളുകളെക്കുറിച്ച്‌ ഇത്രമേൽ സുന്ദരമായ വ്യാഖ്യാനങ്ങൾ നടത്താനാവുമെന്ന്‌ ഇതിഹാസകാരനും നിരൂപകനും ഒരേ സാമർത്ഥ്യത്തോടെ തെളിയിക്കുന്നു.

ഏതൊരു മനുഷ്യന്റെയും അന്തരാത്മാവിൽ അഴിഞ്ഞു കിടക്കുന്ന സന്ദേഹങ്ങളെ സംഘർഷഭരിതമായ ആധുനികലോകവുമായി ബന്ധിപ്പിച്ച്‌, വംശീയസ്വത്വങ്ങളുടെ വാലറ്റം വരെ നീണ്ടു ചെല്ലുന്ന അന്വേഷണ പരമ്പര സൃഷ്ടിക്കുകയാണ്‌ നവാദ്വൈതത്തിലുടനീളം. അതിനെ ആസ്വാദനമെന്നോ, പഠനമെന്നോ, നിർവ്വചനമെന്നോ അല്ല പറയേണ്ടത്‌. ഖസാക്കിന്റെ ഗ്രാമഭൂമിയിൽ നിന്ന്‌ പ്രവാചകന്റെ വഴിയിലൂടെ ഇറങ്ങി നടന്ന അലൗകികമായ ഒരവധൂതയാത്ര... ദുഃഖച്ചുമടുകളെ സ്വപ്നവാഹനമാക്കി, ഏകാന്തഘനാകാശത്തെ തന്നിലേക്കടുപ്പിച്ച്‌, അവസാനിക്കാത്ത ധർമ്മപുരാണങ്ങൾ തേടി അസ്ഥിവാരത്തിലേക്ക്‌ ഒരദ്വൈതയാത്ര... ഒരു പക്ഷേ, എം.കെ.ഹരികുമാറിനു മാത്രം കഴിയുന്ന ദർശന സമൃദ്ധമായ ഒരു തീർത്ഥയാത്ര. തലമുറകൾ കടന്ന്‌ ആദിമമായ പ്രലോഭനങ്ങളും പ്രത്യാഘതങ്ങളും മണത്തറിഞ്ഞ്‌ മനസ്സിന്റെ തീവ്രാഭിലാഷങ്ങൾ കടഞ്ഞു കണ്ടെത്തുന്ന അറിവിന്റെ ഗുരുസാഗര യാത്ര. മധുരം ഗായതി എന്നുച്ചരിച്ച്‌ വ്യത്യസ്ത സ്ഥലരാശികളിൽ മനുഷ്യസത്തയെ സംയോജിപ്പിക്കുന്ന നവമായ കാഴ്ച.
"നവമായ കാഴ്ചകളെ അവതരിപ്പിക്കുന്ന സാഹിത്യരചന ഒരിക്കലും പഴയ കാഴ്ചയുടെ പിന്തുടര്‍ച്ചയിലല്ല ജീവിക്കുന്നത്‌". ഹരികുമാറിന്റെ ഈ സാഹിത്യബോധത്തെ നവാദ്വൈതത്തിലെ പദസമൂഹം സാക്ഷാത്കരിക്കുന്നു." "ഈശാവാസ്യമായ സമന്വയമാണ്‌ അദ്വൈതം. ആത്യന്തികമായ സമീക്ഷയും സ്നേഹപ്രസരവുമാണ്‌ നവാദ്വൈതത്തിലേക്കുള്ള ചവിട്ടുപടി ഒരുക്കിത്തരുന്നത്‌."
വന്യമായ അശാന്തി എന്ന അധ്യായത്തിൽ ഹരികുമാർ എഴുതിയിരിക്കുന്നതു തന്നെയാണ്‌ പക്വമായ ജീവിത ദർശനം. വായനയുടെ ഓരോ നിമിഷവും ഞാൻ ആശയങ്ങളുടെ മഹാപ്രവാഹത്തിൽ അലിയുകയായിരുന്നു. മതി. വായനയുടെ തൃപ്തി ഇതാണ്‌. ഇതു മാത്രമാണ്‌. വല്ലപ്പോഴും ഇങ്ങനെയുള്ള പുസ്തകം വായിക്കാൻ കഴിയുന്നില്ലെങ്കിൽ പുസ്തകങ്ങളെ ഗൗരവമായെടുക്കാൻ മനസ്സ്‌ സമ്മതിച്ചെന്നു വരില്ല. മാധ്യമങ്ങളുടെ അഭ്യാസവിദ്യകളിലും അവാർഡു ഗോദയിലും ഹരികുമാറിന്റെ നവാദ്വൈതം പത്തുതലവച്ചു നിറഞ്ഞാടിയിട്ടില്ലെന്നു തോന്നുന്നു. വേണ്ട. ചില നല്ല ഗ്രന്ഥങ്ങൾ കാലത്തിനു വിട്ടു കൊടുക്കുക. വിജയന്റെ കഥ പോലെ, സ്നേഹമസൃണമായ ആ മുഖംപോലെ, ശാന്തവും ഗംഭീരവുമായ അപ്രത്യക്ഷങ്ങളുടെ നിറഞ്ഞ സുഗന്ധസാന്നിദ്ധ്യം പോലെ, നവാദ്വൈതം എന്നെ അഗാധമായി സ്വാധീനിച്ചിരിക്കുന്നു. ഈ കുറിപ്പ്‌ തീർച്ചയായും നിരൂപണത്തിന്റെ നിരൂപണമല്ല. ഒരു സാധാരണക്കാരന്റെ വായനാനുഭവം മാത്രം.

akshara jalakam in kala kaumudi[ 1769]m k harikuar's column in kala kaumudi