Followers

Tuesday, August 13, 2024

അക്ഷരജാലകം /എം.കെ.ഹരികുമാർ :ജീവിതത്തിലെ സെൻ ബുദ്ധിസം

പൂക്കൾ പുരാതനമായ സ്നേഹം തരുന്നു / എം.കെ.ഹരികുമാർ


എം.സ്വരാജ് എഴുതിയ 'പൂക്കളുടെ  പുസ്തകം' എന്ന കൃതിയെക്കുറിച്ച് 


ശാസ്ത്രകഥകളിലൂടെ പ്രപഞ്ചയാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന ഒരു പരമ്പരയിൽ അമേരിക്കൻ സാംസ്കാർക വിമർശകയും ഗ്രന്ഥകാരിയുമായ  മരിയ പൊപോവ് ഇങ്ങനെ എഴുതുന്നു:
"...flowers appeared and carpeted the world with astonishing rapidity - because ,in some poetic sense ,they invented love."കാവ്യാത്മകമായി പറയട്ടെ ,ഈ ലോകത്ത് പൂക്കളാണ് സ്നേഹം കണ്ടുപിടിച്ചത് .പൊപോവ് തീർത്ത് പറയുന്നു: പൂക്കളില്ലാതെ കവിതയില്ല, ശാസ്ത്രമില്ല, സംഗീതമില്ല .പൂവുണ്ടാകുന്നു ,കായുണ്ടാകുന്നു .സൂര്യപ്രകാശത്തിന്റെ രസതന്ത്രം പഴങ്ങളിലെ പഞ്ചസാരയ്ക്ക് കാരണമാകുന്നു. അതാണ് മൃഗങ്ങൾ  ഭക്ഷിക്കുന്നത്. അത് പ്രോട്ടീനുണ്ടാക്കുന്നു. അങ്ങനെ ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ജീവിവർഗങ്ങളുടെ  സ്നേഹസഹവർത്തിത്വം ഉണ്ടായി. " പൂക്കൾ നമ്മെ നേർവഴിക്കു നയിച്ചു എന്നാണ് പറയേണ്ടത്. ഡാർവിൻ ഇതിനെയാണ് വെറുപ്പിക്കുന്ന നിഗൂഢത എന്നു വിളിക്കുന്നത്. എന്നാൽ നിഗൂഢതയിൽ നിന്ന് പുതിയൊരു ലോകം ഉണ്ടാവുകയായിരുന്നുവെന്ന് പൊപോവ് അഭിപ്രായപ്പെടുന്നു.

സങ്കീർണമായ പരസ്പരാശ്രിതത്വത്തിൻ്റെ ലോകമാണ് പിറന്നത്. അതുകൊണ്ടാണ് എമിലി ഡിക്കിൻസൺ Bloom എന്ന കവിതയിൽ 'ഒരു പൂവായിരിക്കുന്നത് ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന്' , അപൂർണതയിൽ നിർത്തിക്കൊണ്ട്, എഴുതിയത്. പൂക്കളെക്കുറിച്ചു പറയാൻ കാരണം, എം.സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വായിച്ചതുകൊണ്ടാണ് .റിവ്യു വായിച്ചും  അഭിപ്രായങ്ങൾ കേട്ടുമാണ് ഞാൻ ഈ പുസ്തകത്തിലെത്തിച്ചേർന്നത്. ഇങ്ങനെയൊരു പുസ്തകം  ഇതിനുമുമ്പ് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ഹെർമൻ ഹെസ്സെയുടെ Trees വായിച്ചതോർക്കുന്നു .മരങ്ങളെ ദേവാലയങ്ങളായി കാണണമെന്നു വായിച്ചത് ഇതിലാണ്. പ്രകൃതിയെ വായിക്കുന്നത് സാഹിത്യകലയുടെ പ്രാഥമികമായ അറിവാണ് .റേച്ചൽ കഴ്സൺ സമുദ്രത്തെക്കുറിച്ച് എഴുതിയ മൂന്നു പുസ്തകങ്ങൾ -Under the Sea-Wind,The Sea Around us ,The Edge of the Sea - മാനവരാശിയെ ആന്തരികമായി എത്രമാത്രം ഉയർത്തി !എം.സ്വരാജിൻ്റെ പുസ്തകം, മനുഷ്യൻ പലപ്പോഴായി പാർശ്വവത്ക്കരിച്ച ,എന്നാൽ വളരെ ഭംഗിയുള്ള ,ചില സ്വപ്നങ്ങളെ , കാഴ്ചകളെ പിന്തുടരുന്നതിൻ്റെ അനുഭവം പകരുകയാണ്. സാഹിത്യവും വിജ്ഞാനവും ഒരുമിച്ച് വരുകയാണിവിടെ. 

പൂവിനു മുന്നിൽ മൃദുല ഹൃദയനായി 

പൂക്കൾക്ക് പിറകെ ഒരു കുട്ടിയുടെ ജിജ്ഞാസയോടെ എന്നു പറഞ്ഞാൽ പോരാ, ഭ്രാന്തെടുത്ത് പൂക്കളെ തേടിയെ ,പ്രകൃതിയുടെ ആസ്വാദകനാണ് ഗ്രന്ഥകാരൻ. അദ്ദേഹം ചില പൂക്കളെ പിന്തുടർന്നു ചെല്ലുന്നത് മാനവരാശിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും കലാപരമായ ആവിഷ്ക്കാരത്തിൻ്റെ അവബോധത്തിലുമാണ് .90 കാരനായ അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് സോവിയറ്റ് യൂണിയൻ സന്ദർശിച്ച വേളയിൽ ഒരു ചെറിയ ചെടിയിൽ കണ്ട പൂവിൻ്റെ മുമ്പിൽ മൃദുലഹൃദയനായി, ഒരു കുട്ടിയെ പോലെ കൗതുകം പൂണ്ട് നിന്നത് ഗ്രന്ഥകാരൻ കുറിക്കുന്നുണ്ട്.പൂവ് മനുഷ്യൻ്റെ ഒരു തിന്മയും കൈപ്പറ്റാതെ പരിലസിക്കുകയാണ്, അതിൻ്റെ അനന്യമായ സത്യത്തിലും നന്മയിലും.   അത് പ്രകൃതിയെ ശരിക്കും പ്രതിനിധീകരിക്കുന്നു, പ്രതിബിംബിപ്പിക്കുന്നു. ഇതിലെ ആദ്യ ലേഖനം മേന്തോന്നി പൂവിനെക്കുറിച്ചാണ്. പൂവിൻ്റെ പടം മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവറിൽ കണ്ട് അറിയാനുള്ള ആഗ്രഹത്തോടെ പിന്തുടർന്നതിന്റെ ഫലമാണ് അത് മേന്തോന്നിയാണെന്നു തിരിച്ചറിഞ്ഞത്. തമിഴ്നാടിന്റെ സംസ്ഥാന പദവിയുള്ള പൂവാണിത്, നമ്മുടെ കണിക്കൊന്നപോലെ. മേന്തോന്നി അവിടെ കാർത്തിക പൂവാണ്. മേന്തോന്നിയിൽ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 34 ഘടകങ്ങളുള്ളതായി സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷിൽ ഗ്ളോറിയോസ എന്ന് അറിയപ്പെടുന്നു. 

ശ്രീലങ്കൻ തമിഴ് വംശജരുടെ ദേശീയ പുഷ്പം ഗ്ലോറിയോസയാണെന്നു  അറിയിച്ചുകൊണ്ട് ഗ്രന്ഥകാരൻ എഴുതുന്നു :"സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി ജീവൻ നൽകിയ എല്ലാ രക്തസാക്ഷികളുടെയും ഓർമ്മദിനമായാണ് നവംബർ 27 ആചരിക്കുന്നത്. മാവീരാർ ദിനത്തിൻ്റെ പ്രതീകം ഗ്ളോറിയോസയെന്ന തമിഴൻ്റെ കാർത്തികപ്പൂവാണ്. "

ഈ പൂവ് അഗ്നിയെ ഓർമിപ്പിക്കുന്നു. ഒരു പൊരുതലിനുള്ള ഇന്ധനം നമ്മളിൽ നിറയ്ക്കാൻ ഇതിനു ശേഷിയുണ്ട്.നിർവ്വികാരതയോടെ ഇരിക്കാനുള്ളതല്ല ജീവിതമെന്ന താക്കീത് അതിൽ പ്രതിധ്വനിക്കുന്നു.   "ഏതാണ്ടൊരു ഗോളാകൃതിയിൽ തീനാളങ്ങൾ പോലെയുള്ള ഇതളുകൾ. നീളമുള്ള വർണ്ണാഭമായ ഇതളുകളിൽ കയറ്റിറക്കങ്ങൾ .തീത്തിരമാലകൾ പോലെ ."

രണ്ടാമത്തെ അധ്യായത്തിൽ ഏറ്റവും പ്രിയപ്പെട്ട റോസാപ്പൂവിനെപ്പറ്റിയാണ് വിവരിക്കുന്നത്. റോസ എല്ലാകാലത്തിന്റെയും പൂവാണ്. പൂവുകളുടെ തന്നെ പ്രതിനിധാനമാണ്. അസീസിയിലെ ദേവാലയത്തിന് പുറത്തുള്ള റോസ് ഗാർഡനെ പരിചയപ്പെടുത്തുന്നത് കൗതുകമുണർത്തും. അവിടെ മൂന്ന് പുഷ്പകുരിശികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് .ആ കുരിശുകളിൽ റോസാപുഷ്പങ്ങൾ നിറച്ചിരിക്കുകയാണ്."ആദ്യത്തേതിൽ വെള്ള റോസാപുഷ്പങ്ങളാണ്. സെൻറ് ഫ്രാൻസിസിൻ്റെ പരിശുദ്ധിയാണിത് പ്രതിനിധാനം ചെയ്യുന്നത്. മഞ്ഞനിറമുള്ള റോസാപ്പൂക്കൾ കൊണ്ടാണ് രണ്ടാമത്തെ കുരിശ് നിറച്ചിരിക്കുന്നത്. അതാവട്ടെ ആത്മീയജീവിതത്തിൻ്റെ  പ്രചോദനത്തെ സൂചിപ്പിക്കുന്നു. മൂന്നാമത്തെ കുരിശ് കടും ചുവപ്പ് റോസാപ്പൂക്കളുടേതാണ്. പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളോടും വിശുദ്ധ ഫ്രാൻസിസിനുണ്ടായിരുന്ന അനല്പമായ സ്നേഹത്തെയാണ് ചുവപ്പു പൂക്കൾ അടയാളപ്പെടുത്തുന്നത്."

നിരുപാധികമായ സന്തോഷവും സൗന്ദര്യവും 

റോസ സോഷ്യലിസത്തിനു , കമ്മ്യൂണിസത്തിനു അടയാളപുഷ്പമാണെന്നു ഓർമ്മിപ്പിക്കുന്ന ഗ്രന്ഥകാരൻ പാരീസ് കമ്യൂണിൻ്റെ കാലത്ത് കമ്മ്യൂണിസ്റ്റുകൾ വസ്ത്രത്തിൽ ചുവന്ന റോസാപ്പൂവ് ധരിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു.തുടർന്ന്, കാർസേനിയ എന്ന പൂവിനെക്കുറിച്ച് എഴുതുന്നു .പൂവ് മനസ്സിൽ നിറച്ച അത്ഭുതത്തെ അളക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. പൂക്കൾക്കെന്ത് ഇത്ര സൗന്ദര്യം എന്ന് ചോദിക്കുന്നതും അർത്ഥവത്താണ്.ലോകം വളരെ നെഗറ്റീവും വിമുഖവുമാണല്ലോ. കണ്ണു തുറന്നാൽ എതിർപ്പാണ് കാണുക. എല്ലായിടത്തും നോ എന്ന് ആരോ എഴുതിവച്ചിരിക്കുന്നതു പോലെ തോന്നും .മനുഷ്യൻ സ്വയം നരകം സൃഷ്ടിക്കുന്നവനാണ്. എന്നിട്ട് അവൻ  സ്വർഗ്ഗത്തിൽ പോകുന്നത് സ്വപ്നം കാണുകയും ചെയ്യും. മനുഷ്യരുടെ തിന്മയും ചിന്തകളിലെ വിനാശകരമായ വൈരൂപ്യവും നിറഞ്ഞ ഈ ലോകത്തിന് ബദലായി നിരുപാധികമായ സന്തോഷവും സൗന്ദര്യവും പൂക്കളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു .എന്നാൽ എല്ലാവർക്കും പൂക്കളെ മനസ്സിലാകണമെന്നില്ല. ചിലർ അത് കണ്ടെത്താൻ വൈകും. വിഖ്യാത ഫ്രഞ്ച് ചിത്രകാരനായ ഹെൻട്രി മാറ്റിസ് പറഞ്ഞു: "There are always flowers for those who want to see them."പൂവും അത് അർഹിക്കുന്ന കണ്ണുകളെ തേടുകയാണ് .പൂവിൻ്റെ സൗന്ദര്യവും അതറിയുന്നവനിലാണ് അർത്ഥമുള്ളതായിത്തീരുന്നത് .ഓരോ  പൂവും നമ്മെക്കുറിച്ചുള്ള ഒരു ഫാന്റസിയാണ്. നാം എന്തല്ല എന്ന് നമ്മെത്തന്നെ ഓർമ്മപ്പെടുത്താനുള്ള അവസരമാണ് അത് സൃഷ്ടിക്കുന്നത് .പൂവിനെപ്പോലെ ഭാരം കുറയാൻ നമുക്ക് വിധിയില്ല. പൂവിലിരിക്കണമെങ്കിൽ ഭാരം കുറയണം. ഒരു ശലഭത്തിനു മന്ദാരപ്പൂവിൽ യഥേഷ്ടം ഇരിക്കാം. എന്നാൽ അഹങ്കാരിയായ മനുഷ്യനു അതിനു കഴിയില്ലല്ലോ. അതുകൊണ്ട് അഹങ്കാരത്തിന്റെ പേരിലുള്ള മത്സരത്തിൽ മനുഷ്യൻ തോറ്റിരിക്കയാണ്, ജീവിതത്തിൽ .

കാർനേഷൻ പൂവിനു  ക്രിസ്തുമതവുമായി ബന്ധമുണ്ട്." മുൾക്കിരീടവും മരക്കുരിശുമേന്തിയുള്ള   യേശുവിൻ്റെ കാൽവരിയിലെ പീഡാനുഭവയാത്ര കണ്ടപ്പോൾ ഹൃദയം തകർന്ന കന്യാമറിയത്തിന്റെ കണ്ണുനീർത്തുള്ളികൾ ഇറ്റുവീണിടത്താണ് കാർനേഷൻ  മുളച്ചുപൊന്തിയത്."ഈ മിത്ത് യഥാർത്ഥമായാലും അല്ലെങ്കിലും അത് ക്രിസ്തുമത വിശ്വാസികളെ സ്വാധീനിച്ചിട്ടുണ്ട്. കാർനേഷൻ ഒരു രാഷ്ട്രീയ ചരിത്രം എഴുതുകയാണ് .റഷ്യൻ വിപ്ളവത്തിനു ശേഷം നടന്ന മെയ്ദിന സമ്മേളനത്തിൽ ബോൾഷെവിക്കുകൾ  ചുവപ്പു കാർനേഷൻ അണിഞ്ഞത് രാഷ്ട്രീയ വിവക്ഷ സൂചിപ്പിക്കുകയാണ്. ഫ്രഞ്ച് വിപ്ലവത്തിലും കാർനേഷൻ  ബാഡ്ജായി പ്രത്യക്ഷപ്പെട്ടിരുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തെയും സൗന്ദര്യത്തെയും സ്നേഹിക്കുന്നു. വിപ്ലവത്തിന് സൗന്ദര്യത്തെ ആവശ്യം വരുന്ന ഒരു ദിനമണ്ടെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞത് ഇതിൻ്റെ ഭാഗമായി
കാണാവുന്നതാണ്.

സ്വാതന്ത്ര്യം കൊണ്ട് മാത്രം നമുക്ക് ജീവിക്കാനാവില്ല. സ്വാതന്ത്ര്യം മാത്രം മതിയായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ ശേഷം നമ്മൾ സൽസ്വഭാവികളായേനെ. നമുക്ക്  സൗന്ദര്യവും വേണം. ഷേക്സ്പിയർ ഇല്ലെങ്കിൽ മനുഷ്യജീവിതം നരക തുല്യമാകുമായിരുന്നുവെന്ന് ദസ്തയെവ്സ്കി പറഞ്ഞത് ഇതിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു .കാർനേഷൻ  വിപ്ലവത്തെക്കുറിച്ച് സ്വരാജ് രേഖപ്പെടുത്തുന്നത് നോക്കുക: " 1974 ൽ പോർച്ചുഗലിൽ ഭരണകൂടത്തിന്റെ കിരാതവാഴ്ചയ്ക്കെതിരായി പട്ടാളവും ജനങ്ങളും ഒരുമിച്ച് പൊരുതിയത് അപൂർവമായൊരു മുന്നേറ്റമായിരുന്നു.എല്ലാ ഏകാധിപതികളെയും പോലെ കെയ്റ്റാനേയും ഒളിച്ചോടി ,അരനൂറ്റാണ്ടോളം നീണ്ട പോർച്ചുഗലിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച 1974 ഏപ്രിൽ 25 ൻ്റെ മുന്നേറ്റം ചരിത്രത്തിൽ കാർനേഷൻ വിപ്ളവം എന്നറിയപ്പെട്ടു."

ചെടിയിൽ നിന്ന് ഇറുത്തെടുത്താലും വാടാത്ത ഊട്ടിപ്പൂവിനെക്കുറിച്ച് പറയുമ്പോൾ ഗ്രന്ഥകാരൻ അത്യാഹ്ലാദം അനുഭവിക്കുന്നതു പോലെ തോന്നും. ഊട്ടിയിൽ ഈ പൂവ് തേടി ഒരു പകൽ മുഴുവൻ അലഞ്ഞ കഥ വിവരിക്കുന്നുണ്ട്. "അതിശൈത്യവും കൊടും വേനലുമൊക്കെ മാറിമാറി കടന്നുപോയാലും തലകുനിക്കാത്ത ജീവസ്സുറ്റ പൂക്കൾ "എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഊട്ടിപ്പൂവിൻ്റെ സ്വദേശം ഓസ്ട്രേലിയയാണ്."ചെടിയിൽ നിന്നു മുറിച്ചെടുക്കുന്ന എവർ ലാസ്റ്റിംഗ്‌ ഫ്ലവർ വർഷങ്ങളോളം കേടുകൂടാതിരിക്കും. പൂവിൻ്റെ തണ്ട് ദ്രവിച്ചു തീരുവോളം കാലം വിസ്മയമായി പൂവ് വിടർന്നു ചിരിച്ചു തന്നെ നിൽക്കും. ജീവൻ തുടിക്കുന്ന പൂവിലേക്ക് ഒരു തുള്ളി വെള്ളമിറ്റിച്ചാൽ ഉടനടി ആ പൂവ് കൂമ്പിയടഞ്ഞൊരു മൊട്ടായി മാറുന്നത് കാണാം. ജലാംശം വറ്റി പൂവ് വരണ്ടു തുടങ്ങുമ്പോൾ വീണ്ടും മൊട്ടു വിടർന്ന് പൂവായി പൂർവ്വസ്ഥിതിയിലെത്തും."

നമ്മുടെ ശൂന്യത പരിഹരിക്കുന്നു

പൂവ് ഒരാവിർഭാവമാണ്. അതിൻ്റെ കാല്പനികതയും നൈസർഗികതയും മനസ്സിലേക്ക് ഒരുമിച്ചാണ് പ്രവേശിക്കുന്നത്. പൂക്കളുടെ സംസ്കാരം മനുഷ്യരുടെ അതീത മേഖലയാണ്. അവിടെ എത്താൻ നമുക്ക് കഴിയാത്തതുകൊണ്ട് ,നാം പൂക്കളെ പ്രശംസിച്ചു കൊണ്ട് ജീവിക്കുന്നു.പൂവ് സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട് ജീവിക്കുന്ന കവികളും എഴുത്തുകാരും സ്വന്തം ലോകത്തിലെ ആശയപരമായ, വൈകാരിമായ നിശ്ശബ്ദതകളെ പൂരിപ്പിക്കാനാണ് പൂക്കളെ പ്രശംസിക്കുന്നത്. ഒരർത്ഥത്തിൽ ,പൂവ് നമ്മുടെ ശൂന്യത പരിഹരിക്കുകയാണ് .നമുക്ക് പുഷ്പിക്കാനാവില്ലല്ലോ. ചെടികൾക്കത് നിഷ്പ്രയാസം സാധിക്കുന്നു. പൂവിനു സമാനമായ ഒരു സാംസ്കാരിക പാതയുടെ അനുഭവം രൂപീകരിക്കാൻ  നമുക്കാവില്ല .പൂക്കളെ നമ്മൾ സൃഷ്ടിക്കുകയാണ് നമ്മുടെയുള്ളിൽ. സച്ചിദാനന്ദൻ്റെ 'അതിജീവനം' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

"ചെമ്പരത്തിച്ചെടികൾ തലയിൽ 
പൂ ചൂടി കുണുങ്ങി നിൽക്കുന്നത്
തെരുവ് സുന്ദരികളുടെ 
ആത്മാവ് 
അതിൽ കയറിക്കൂടുമ്പോഴാണ്
.......
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ ആത്മാക്കൾ 
കളകളായി മുളയ്ക്കുകയും മഞ്ഞപ്പൂക്കൾ വിടർത്തി
വാടിവീഴുകയും ചെയ്യുന്നവ."
ഈ കവിതയിൽ കവി പൂവ് സ്വയം ആവിഷ്ക്കരിക്കുന്നതിനെക്കുറിപ്പാണ് പറയുന്നത്. എന്നാൽ ആ സംസ്കാരം മനുഷ്യർക്ക് വേണമെന്ന് സൂചിപ്പിക്കുന്നു. ചുറ്റിനുമുള്ള ലോകം നമ്മെ സംവേദനക്ഷമമാക്കുകയാണ് .അതിൽ പൂക്കൾക്കും ഒരു റോളുണ്ട്. 

ഈ പുസ്തകത്തിൽ മാമ്പൂവിനെ ഉൾപ്പെടുത്തിയത് നന്നായി. മാമ്പൂവിന്റെ സ്ഥാനം മറ്റൊന്നാണ്. മാമ്പൂവ് താഴെ വീണു പോകാതിരിക്കാനാണ് നാം ശ്രദ്ധിക്കാറുള്ളത് .ഇന്ത്യയുടെ ദേശീയ ഫലമാണ് മാമ്പഴമെങ്കിൽ മാവ് ബംഗ്ലാദേശിൻ്റെ ദേശീയ വൃക്ഷമാണ്.
"മാമ്പഴത്തിന്റെ പേരിലറിയപ്പെടുന്ന ഒരു  നഗരകേന്ദ്രമുണ്ട് - ബംഗ്ലാദേശിൽ. അവിടെ മികച്ച മാമ്പഴത്തിന്റെ പേരിൽ പ്രശസ്തമായ നഗരമാണ് രാജശാഹി. രാജശാഹിയുടെ നഗരഹൃദയത്തിലാണ് പ്രശസ്തമായ 'മാംഗോ റൗണ്ട് എബൗട്ട്' സ്ഥിതി ചെയ്യുന്നത്. റൗണ്ട് എബൗട്ടിന്റെ മധ്യത്തിൽ മൂന്ന് പടുകൂറ്റൻ മാങ്ങകളുടെ മനോഹരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. നഗര മധ്യത്തിൽ ഒരു കുട്ടയിൽ മൂന്ന് മാമ്പഴങ്ങൾ വച്ചത് പോലെ തോന്നിക്കുന്നു. ഇത്തരമൊരു മാമ്പഴ ശില്പം ലോകത്തിൽ മറ്റെവിടെയും ഉള്ളതായി അറിയില്ല."പാകിസ്ഥാനിൽ നിന്നാണ് ചൈനയിൽ മാമ്പഴമെത്തിയത്. ആ മാമ്പഴങ്ങൾ  മവോ സേ തുങ്ങ് തൊഴിലാളികൾക്ക് സമ്മാനമായി കൊടുക്കുകയായിരുന്നത്രേ .അവിടുത്തെ തൊഴിലാളികൾ അന്ന് മാമ്പഴം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 

പ്രണയത്തിൻ്റെ പൂവ്

പോപ്പി എന്ന ഒപ്പിയത്തെക്കുറിച്ച് എഴുതുന്നുണ്ട്. "പോപ്പിച്ചെടിയുടെ മൂപ്പെത്താത്ത കായയുടെ കറ ഉണങ്ങിയതാണ് കറുപ്പ്." പോപ്പി തന്നെ വശീകരിച്ചിരിക്കുകയായിരുന്നുവെന്നും  ഡൽഹിയിൽ കേരള ഹൗസിൻ്റെ മുറ്റത്താണ് ആ പൂക്കളെ ആദ്യമായി കണ്ടതെന്നും ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. മരണമടഞ്ഞവരോട് ആദരമർപ്പിക്കാൻ, ഗ്രീക്ക് -റോമൻ മിത്തുകളിൽ പോപ്പിയാണ് ഉപയോഗിക്കുന്നത്.യുദ്ധ സ്മാരകങ്ങളിൽ പോപ്പി അർപ്പിക്കുന്നു. വൈറ്റ് പോപ്പി മൂവ്മെൻ്റുണ്ട്. വെള്ള പോപ്പി പൂക്കൾ സമർപ്പിക്കുന്നത് ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നവരാണത്രേ.

അശോകപുഷ്പത്തെ ആഹ്ലാദത്തിന്റെ പുഷ്പം എന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. അശോകത്തെ ശിംശപാവൃക്ഷമായി ചിലർ തെറ്റിദ്ധരിക്കുന്നുണ്ട്. സിസാൽ പിനേസിയ എന്ന കുടുംബത്തിൽപ്പെട്ട വൃക്ഷങ്ങളാണ് ഇവ രണ്ടും. അശോക വൃക്ഷത്തിൻ്റെ ചുവട്ടിലല്ല ,അശോക വനിയിലെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലാണ് രാവണൻ സീതയെ കൊണ്ടുപോയി ഇരുത്തിയത് . രാമായണത്തിലെ വരികൾ ഉദ്ധരിച്ച് ഇക്കാര്യം സമർത്ഥിക്കുന്നുണ്ട്. അശോക വൃക്ഷം പ്രേമത്തിന്റെയും പൂവാണ്. കാമദേവനായ മദനൻ്റെ വില്ലിലെ ഒരു പൂവ് അശോകമാണ് .
"സിദ്ധാർത്ഥന് ബോധോദയമുണ്ടായി ശ്രീബുദ്ധനായത് ആൽമരച്ചുവട്ടിലാണെങ്കിൽ അദ്ദേഹത്തിൻ്റെ ജനനം ഒരു അശോകമരച്ചുവട്ടിലായിരുന്നു. ബുദ്ധൻ ജനിച്ചത് അശോകമരച്ചുവട്ടിലായതിനാൽ ബുദ്ധമതക്കാരും അശോകത്തെ പുണ്യവൃക്ഷമായി കണക്കാക്കുന്നുണ്ട്. "

കവിതയിൽ അർത്ഥസാംഗത്യത്തോടെ  പ്രകാശിപ്പിക്കപ്പെട്ട പൂവാണ് സൂര്യകാന്തി. ജി. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി' പ്രസിദ്ധമാണല്ലോ .സൂര്യകാന്തിയുടെ ചരിത്രത്തെ, മലയാളമനസ്സിൽ രണ്ടായി വിഭജിക്കാൻ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. സൂര്യനെ പ്രണയിക്കുന്ന പൂവായിട്ടാണ് കവി സൂര്യകാന്തിയെ ഈ കവിതയിൽ  അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ പ്രണയം പരാജയപ്പെടുകയാണ്. സൂര്യനിലേക്ക് ആർക്കും അടുക്കാൻ സാധിക്കാത്തതുകൊണ്ട് സൂര്യകാന്തിയുടേത് തപ്തപ്രണയമാണ്, സന്താപപ്രണയമാണ്. സൂര്യകാന്തിയെ വരച്ച വിഷാദചിത്രകാരനായ വാൻഗോഗിനെ ഇവിടെ ഓർക്കുന്നുണ്ട്.  വാൻഗോഗിൻ്റെ സൂര്യകാന്തി വൈകാരികക്ഷോഭത്തിൽപ്പെട്ടിരിക്കുകയാണ് .അതിനു മാനുഷികമായ ഒരു സംവേദനപാതയുണ്ട്. ആ പൂവ് വാൻഗോഗിനെതന്നെ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നു.വാൻഗോഗിൻ്റെ ഈ പൂവ് സ്നേഹത്തിൻ്റെ അടയാളമാണ്. സ്വരാജ് ഇങ്ങനെ കുറിക്കുന്നു: ''മനുഷ്യനെ സ്നേഹിക്കുക എന്നതിനേക്കാൾ കലാപരമായ മറ്റൊന്നുമില്ല എന്നായിരുന്നു വാൻഗോഗിന്‍റെ വാക്കുകൾ. അദ്ദേഹത്തിൻ്റെ സൂര്യകാന്തിപ്പൂക്കൾ മനുഷ്യസ്നേഹത്തിന്റെ കൂടി പൂക്കളാണ് .സുഹൃത്ത് പോൾ ഗോഗിനെ കാത്തിരിക്കുമ്പോൾ മനസ്സിൽ നിറയുന്ന സ്നേഹവും പ്രതീക്ഷയും കൂടി ചായത്തിനൊപ്പം ചാലിച്ചാണ് സൂര്യകാന്തിപ്പൂക്കളെ വാൻഗോഗ് സൃഷ്ടിച്ചത്. അതെ ,സൂര്യകാന്തി പ്രണയത്തിൻ്റെ പൂവാണ് .സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ,പ്രതീക്ഷയുടെ പൂവാണ് .

തായ്വാനിലെ സൂര്യകാന്തി പ്രക്ഷോഭം  2014 ൽ ആയിരുന്നു. അത് വിദ്യാർത്ഥികളുടെ സമരമായിരുന്നു. ചൈനയുമായി തായ്‌വാൻ സർക്കാർ അടുക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച സമരം 23 ദിവസം തുടർന്നു. ചിതറിക്കിടന്ന വിവരരേഖകൾ ഗവേഷണം ചെയ്ത് അടുക്കി ,പൂക്കളുടെ വിപ്ലവത്തിനും ചരിത്രത്തിനും വേണ്ടി സമാഹരിച്ചു വയ്ക്കുകയാണ് ഇവിടെ.അയർലണ്ടിൻ്റെ ഹൃദയത്തിൽ ഒരു പച്ചയുണ്ട് .പ്രകൃതിയുടെ പച്ച. മനുഷ്യത്വത്തിന്റെ പച്ച. സെന്റ് പാട്രിക് ദിനാഘോഷത്തിൽ ഉദിച്ചുയരുന്ന പച്ചയെ അയർലണ്ടിൽനിന്ന് കടം കൊണ്ട ചിക്കാഗോ അതിനു പുതിയ മാനം നൽകി. അവിശ്വസനീയവും  മനോഹരവുമായ വിസ്മയക്കാഴ്ചയ്ക്കാണ് ചിക്കാഗോ സെൻറ് പാട്രിക് ദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്. അന്നേ ദിവസം ചിക്കാഗോ നദി പച്ചനിറമണിയും .1962 ലാണ് നദിയെ ഹരിതാഭമാക്കാൻ ആരംഭിച്ചത്. ടൺ കണക്കിനു സസ്യങ്ങൾ ഉപയോഗിച്ചാണ് ചിക്കാഗോ നദിയിലെ വെള്ളം മുഴുവൻ ഒരു ദിവസത്തേക്ക് പച്ചനിറമാക്കി മാറ്റുന്നത്. "

ചരിത്രത്തിനു പൂക്കളെ വേണം

ഈ കൃതി വായിച്ചാൽ മാനവരാശി പൂക്കൾക്ക് വേണ്ടി അനുഷ്ഠിച്ച കരുതലും ത്യാഗവും മനസ്സിലാകും. പൂക്കൾക്ക് വേണ്ടി മനുഷ്യർ ജീവിക്കുന്നത് പോലെ തോന്നും. ഓരോ വ്യക്തിക്കും മറ്റുള്ളവരോടും ജീവജാലത്തോടും എന്നപോലെ പൂക്കളോടും സ്നേഹമുണ്ട്. സംസ്കാരങ്ങൾ പൂക്കളുടെ നിറം കൊണ്ടു കൂടിയാണ്  കരുത്താർജിക്കുന്നത്. ചരിത്രത്തിനു പൂക്കളെ വേണം. മനുഷ്യർക്ക് പ്രേമിക്കാൻ ഒരു പൂവിനെയെങ്കിലും  മനസ്സിൽ പ്രതിഷ്ഠിക്കണം.

"ഒരു പുഷ്പം മാത്രമെൻ 
പൂങ്കുലയിൽ നിർത്താം ഞാൻ 
അരികിൽ നീ എത്തുമ്പോൾ 
ചൂടിക്കുവാൻ ." എന്നു പി.ഭാസ്ക്കരൻ എഴുതിയത്(ചിത്രം :പരീക്ഷ ,സംഗീതം ബാബുരാജ്)ഓർക്കുക .പ്രേമിക്കാൻ ഒരു പൂവ് വേണം. പ്രേമത്തെ ആ പൂവ് വഹിക്കുകയാണ്. അത് പ്രേമത്തിൻ്റെ പ്രത്യക്ഷതയായി മാറുന്നു. 

മനുഷ്യൻ ഏകാകിയാണ്, പ്രാഥമികമായി. എന്നാൽ അവൻ അതിൽ നിന്നു ഒഴിഞ്ഞു പോകാൻ ചുറ്റുമുള്ള വസ്തുക്കളിലേക്കും മറ്റു മനുഷ്യരിലേക്കും ജീവജാലങ്ങളിലേക്കും ആകർഷിക്കപ്പെടുന്നു. പൂക്കൾ അങ്ങനെയൊരു സുഗമപാത  തരുന്നുണ്ട്.
ബുദ്ധൻ പറഞ്ഞു:
"If we could see the miracle of a single flower clearly ,our whole life would change."ഒരു പൂവിനെ അറിയുകയാണെങ്കിൽ ഈ പ്രപഞ്ചരഹസ്യത്തിന്റെ ,അറിവിന്റെ ഒരു അണു എങ്കിലും ലഭിക്കാതിരിക്കില്ല. പൂക്കൾ വിടരുന്നത് നാം കാണുന്നില്ല. പുലർച്ചെ നോക്കുമ്പോൾ പൂവ് വിടർന്ന് നിൽക്കുന്നത് കാണാം. അദൃശ്യതയെ ദൈവമെന്നു വിളിക്കാം .

ഡാഫോഡിൽ പൂക്കളെപ്പറ്റി ഗ്രന്ഥകാരൻ എഴുതുന്നു: പ്രപഞ്ചത്തിന്റെയാകെ സൗന്ദര്യത്തെ  ഡാഫോഡിൽ പൂക്കളിൽ ആവാഹിക്കുകയാണ് കവിതയിലൂടെ വേർഡ്സ്വർത്ത് ചെയ്തത്. എന്നാൽ അതിനുമേറെക്കാലം മുമ്പേ പല എഴുത്തുകാരുടെയും ഭാവനയെ ഉദ്ദീപിപ്പിച്ച പൂവായിരുന്നു ഡാഫോഡിൽ .2000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന റോമൻ കവി ഓവിഡിൻ്റെ (Publius Ovidius Naso) രചനകളിൽ  ഡാഫോഡിൽ പൂക്കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഹോമറും ഡാഫോഡിലിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഷേക്സ്പിയറും കീറ്റ്സും ഷെല്ലിയുമെല്ലാം അക്ഷരങ്ങളിൽ ആവാഹിച്ച് ഹൃദയത്തോട് ചേർത്ത പൂവാണ് ഡാഫോഡിൽ." ഒരു കലാകാരന്റെ പ്രതിഭ സംഭവിക്കുന്നതാണ് .അതിന് പ്രത്യേകമായ യുക്തിയോ കാരണമോ ഇല്ല. പിക്കാസോയുടെ ചിത്രരചനയെക്കുറിച്ച് സൂചിപ്പിക്കുന്നതിനിടയിൽ ഹുഗ് ന്യുവെൽ ജേക്കബ്സൺ പറയുന്നു: ഒരു ഡാഫോഡിൽ എന്താണെന്ന് ഒരാൾക്കും വിശദീകരിച്ചു കൊടുക്കേണ്ടന്നാണ് പിക്കാസോ പറഞ്ഞത്. നല്ലൊരു ഡിസൈൻ, അത് ആർക്കും മനസ്സിലാവും; എന്തുകൊണ്ട് എന്ന് ഒരിക്കലും ചോദിക്കേണ്ടതില്ല."

ആഹ്ളാദത്തിൻ്റെ പൂവ് 

പൂവ് ദേശത്തിന്റെ പ്രതീകമാകുന്നതിനെ വൈകാരികമായി നോക്കിക്കാണണമെന്നാണ് ഈ പുസ്തകത്തിൽ കണ്ട മറ്റൊരു വീക്ഷണം ."ഓരോ പൂവിനെയും പ്രതീകമായി കണക്കാക്കുന്നതിൽ ദേശഭേദങ്ങളുണ്ട്. സമൂഹവും രാജ്യവുമൊക്കെ മാറുന്നതിനനുസരിച്ച് ചില്ലറ മാറ്റങ്ങളൊക്കെ പൂക്കളെ പ്രതീകവൽക്കരിക്കുന്നതിലും സംഭവിക്കാറുണ്ട്. അമേരിക്കയിൽ ആഹ്ലാദത്തിന്റെ പൂവായി കണക്കാക്കപ്പെടുന്ന ക്രിസാന്തിമം ഫ്രാൻസിലും മറ്റും മരണത്തിൻ്റെ പൂവായാണ് അറിയപ്പെടുന്നതെന്ന് മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ."

ചിനാർ മരങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്.  കാശ്മീരിൽ ,എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിൽക്കുമ്പോഴാണ് ഉയരമുള്ള ആ വൃക്ഷത്തെ കാണാനിടയായതെന്ന്  കൂട്ടിച്ചേർക്കുന്നു.പേർഷ്യയിൽനിന്നു  മുഗളന്മാർ കൊണ്ടുവന്നതാണത്രേ ചിനാർ മരങ്ങൾ .മുഗൾ ഭരണകാലം ചിനാർ മരങ്ങളുടെ സുവർണ്ണകാലമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ കാശ്മീരിലുണ്ടായ വൻ തീപിടിത്തത്തെപ്പറ്റി ഔറംഗസീബ് ഉത്ക്കണ്ഠപ്പെട്ടത് ചിനാർ വൃക്ഷങ്ങൾ കത്തിനശിച്ചോ എന്നായിരുന്നുവത്രേ."ചിനാർ ബുക്സ് എന്നൊരു പ്രസാധനശാല പൂനയിലുണ്ട്.

വൃക്ഷങ്ങൾ നമ്മുടെ കൂടെയാണ്; നമ്മോടൊപ്പം അവ സഞ്ചരിക്കുന്നു. എവിടെപ്പോകുമ്പോഴും നമ്മുടെ വൃക്ഷങ്ങളും നമ്മോടൊപ്പം പോരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ബദാം മരങ്ങളോടായിരുന്നു പ്രേമം. ആ ഇലകൾ പുരാതനമായ സ്നേഹം തരും. അതുകൊണ്ട് ഒരില പറിച്ച് പുസ്തകത്താളുകൾക്കിടയിൽ വയ്ക്കുന്നത് മിക്കപ്പോഴും ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. മരങ്ങളെയും പൂക്കളെയും തേടി നടക്കുന്ന ഒരു സഹൃദയനെ ഇപ്പോൾ കണ്ടുമുട്ടിയതിൽ സന്തോഷിക്കുന്നു. 'പൂക്കളുടെ പുസ്തകം' (ഡി.സി.ബുക്സ്) വായിച്ചത് ഒരു പ്രചോദനമാണ്. ഈ  പുസ്തകത്തിൻ്റെ പിന്നിൽ അഭിരുചിയും താത്പര്യവും അർപ്പണവുമുണ്ട്. പരസ്യം കണ്ടപ്പോൾ തന്നെ അത് വായിക്കണമെന്നും പറ്റിയാൽ എഴുതണമെന്നും കരുതിയിരുന്നു. അതിപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സൗന്ദര്യത്തെയും പൂക്കളെയും അക്ഷരങ്ങളെയും പിന്തുടരുന്നതിൽ ഒരു വിലക്കുമില്ലല്ലോ.






  •  or 

  • മൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

     


    രമണ മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു: "ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക് ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ് .ചിലരുടെ ശേഖരത്തിൽ നിന്ന് സമീപകാലത്ത് മാത്രം പുറത്തുവന്ന ഗുരുവിൻ്റെ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കാണാനിടയായി.ഗുരു ഉടുത്തിരിക്കുന്നത് ഒരു സാധാരണ വെള്ള മുണ്ടാണ്. യാത്ര ചെയ്ത് ഉലഞ്ഞതിൻ്റെ പാടുകൾ അതിൽ കാണാം. ആ ഫോട്ടോയിൽ യഥാർത്ഥ ഗുരുവിനെ കാണാം. .ഒരു ഫോട്ടോ ചില പ്രമുഖരായ വ്യക്തികളോടൊപ്പമാണ്. അവർ പാൻ്റ്സും കോട്ടും ധരിച്ചതുകൊണ്ട് ഡോക്ടർമാരോ നിയമജ്ഞരോ ആകാനാണ് സാധ്യത. അതോടൊപ്പം സാധാരണക്കാരുമുണ്ട്. മറ്റൊരു ഫോട്ടോയിൽ ഗുരു ഒരു പഴയ ചുമരിനോട് ചേർന്ന് കസേരയിൽ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് കണ്ടത്.

    രണ്ടിലും ഗുരുവിന്റെ പ്രായാധിക്യവും  ജ്ഞാനത്താൽ തീക്ഷ്ണമായ കണ്ണുകളും ആത്മീയമായ പരിവ്റാകത്വവും പരിത്യാഗം മനോഭാവവും തെളിഞ്ഞു കാണാം.ഗുരുവിനെ പിൻപറ്റി വന്ന ഒരു സന്യാസിയെന്ന നിലയിൽ അവ്യയാനന്ദ സ്വാമിക്കും ഇതേക്കുറിച്ച് പലതും പറയാനുണ്ടാകും എന്നറിയാം. സ്വാമിയുടെ 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം' എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.

    പാരിജാതത്തിൻ്റെ സന്ധ്യകൾ 

    സ്വാമി ഇടവേളകളിൽ നിശ്ശബ്ദതയിലേക്ക് ആണ്ടു പോകാറുണ്ട് .ചിലപ്പോൾ ധ്യാനാത്മകമായ നിശബ്ദതയാകാം. പ്രാർത്ഥനയുടെ അനുരണനങ്ങൾ ഉള്ളിലേക്ക് തന്നെ ചൂഴ്ന്നിറങ്ങുന്നുണ്ടാവാം. പ്രപഞ്ചത്തിന് അനേകം സ്പന്ദനങ്ങളുണ്ട് .അതിൽ എവിടെയോ നമ്മളുമുണ്ട് .സ്വാമിയുടെ നിശ്ശബ്ദതകളിൽ പൊതുവേ  ആരെയും വിളിക്കുകയോ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. അത് മൗനത്തിനും വാക്കുകളുടെ സംഗീതത്തിനുമിടയിലുള്ള രൂപാന്തരപ്പെടലാണ്. ആ നിശ്ശബ്ദതയിലേക്ക് പ്രവേശനമില്ല .ഞാൻ ചിലപ്പോൾ വിളിക്കാറുണ്ട് .അപ്പോൾ സംഭാഷണങ്ങൾക്ക് ഊർജ്ജം ഉണ്ടാവാറില്ല. ഒരു വിമുഖത അനുഭവപ്പെടും .എഴുതാനോ വായിക്കാനോ തോന്നാത്ത ഒരവസ്ഥയാണത്രേ അത്. ചിലപ്പോൾ ഈ അവസ്ഥ വർഷങ്ങൾ നീണ്ടു പോയേക്കാം.

    പഴഞ്ഞി ഗുരുപ്രഭാവാശ്രമത്തിൽ സ്വാമി ചുമതലകൾ നിർവഹിച്ചിരുന്ന കാലത്ത് ഞാൻ വല്ലപ്പോഴും പോകാറുണ്ടായിരുന്നു. അവിടെ നിറഞ്ഞു കായ്ക്കുന്ന പ്ലാവുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോഴൊക്കെ സ്വാമി എനിക്ക് രുചികരമായ ചക്കപ്പുഴുക്ക് നൽകി  സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഊണു കഴിഞ്ഞാൽ ഞങ്ങൾ ക്ഷേത്രത്തിനോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ് വിശ്രമിക്കുക. അവിടെയാണല്ലോ സ്വാമിയുടെ താമസം. അവിടെ സ്വാമിയുടെ മുറിക്കകത്ത് പുസ്തകങ്ങൾ അടക്കി വച്ചിരുന്നു. അതിലേക്ക് നമ്മൾ നോക്കുന്നത് കണ്ടാൽ സ്വാമി വാചാലനാകാൻ തുടങ്ങും .ശാശ്വതികാനന്ദ സ്വാമി, നിത്യചൈതന്യയതി ,സുകുമാർ അഴീക്കോട് ,സി. രാധാകൃഷ്ണൻ ... സ്വാമി വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും .

    ലളിതമായാണ് സംസാരിക്കുക. സംസാരത്തിനിടയിൽ ആസ്വദിക്കുന്ന മട്ടിൽ ചിരിക്കുകയും ചെയ്യും. ആ കൊച്ചു വീടിൻ്റെ മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു .അത് വിശുദ്ധവും സുവർണ്ണവുമായ ഒരു ജീവിതത്തിന്റെ പ്രചീനമായ സാന്നിധ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്. പാരിജാതത്തിൻ്റെ ഇലകൾ മുട്ടിയുരുമ്മുന്ന ശബ്ദത്തിൽ ഗുരുഭാവമോ? അവിടെയാണ് അവ്യയാനന്ദ സ്വാമി സാഹിതീയമായ പ്രസാദസൗഖ്യം അനുഭവിച്ചത്. സന്ധ്യകളിൽ ആ മരത്തിന്റെ കൊമ്പുകളിൽ പറ്റിക്കൂടുന്ന ചെറിയ പക്ഷികൾക്കൊപ്പം രാത്രിയുടെ സംഗീതവും കേൾക്കുന്നുണ്ടാവും. സ്വാമി അതിനെ പദാത്മകമായ അഭിവാഞ്ചകളായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കും.ജീവിതത്തിൽ പദവിയോ ധനമോ മറ്റു ലാഭങ്ങളോ വേണ്ടെന്ന് വെച്ചവർക്ക് പാരിജാതത്തിന്റെ സാന്ത്വനം പ്രധാനമാണ് .ഒരു മരച്ചുട്ടിൽ ഇരുന്നാൽ മതി; ചിലപ്പോൾ ബോധത്തിനടിയിൽ നിന്ന് രഹസ്യങ്ങളുടെ കുമിളകൾ മുകളിലോട്ട് വരാൻ തുടങ്ങും.

    ആത്മീയതയിൽ സൗഹൃദം

    റോസ് നിറത്തിലുള്ള വേഷം ധരിച്ച ശാശ്വതികാനന്ദ സ്വാമിയാണ് എന്നോട് ശിവഗിരിയിൽ പ്രഭാഷണം ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അത് രണ്ടായിരാമാണ്ടിലാണെന്നു തോന്നുന്നു. ഒരു ദിവസം രാവിലെ അഞ്ചുമണിക്ക് എനിക്ക് ഒരു കോൾ വന്നു.ഞാൻ തൃപ്പൂണിത്തുറയിലാണ് അന്ന് താമസിച്ചിരുന്നത്. ഫോണെടുത്തപ്പോൾ കേട്ടത് ശാശ്വതികാനന്ദ സ്വാമിയുടെ ശബ്ദമാണ്. സ്വാമി എന്നെ ക്ഷണിച്ചു. എന്നാൽ ആ സംഭാഷണം കഴിഞ്ഞ ഉടനെ ശാശ്വതികാനന്ദ സ്വാമി ഫോൺ അവ്യയാനന്ദ സ്വാമിക്ക് കൈമാറി.

    ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. സൂക്ഷ്മാനന്ദ സ്വാമിയുടെ ഒരു പുസ്തകത്തെക്കുറിച്ച് ഞാൻ 'കർപ്പൂരം' മാസികയിലെഴുതിയ ഒരു ലേഖനത്തിന്റെ പേര് 'ബദാം മരത്തിൻ്റെ ആത്മീയത' എന്നായിരുന്നു. അത് വായിച്ചിട്ടാണ് സ്വാമി വന്നത്. കേരളകൗമുദി കൊച്ചി ഓഫീസിൽ വന്നപ്പോൾ സ്വാമി, എന്തുകൊണ്ടാണ് ഞാൻ ആ ടൈറ്റിൽ തിരഞ്ഞെടുത്തത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു .എനിക്ക് പറ്റിയ കക്ഷിയാണ് ഈ സ്വാമി എന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. 

    പിന്നീട് ഞങ്ങൾ തമ്മിൽ നിരന്തരമായ സ്നേഹഭാഷണം തുടർന്നു. സ്വാമി എൻ്റെ രചനകളോടും പുസ്തകങ്ങളാടും ഒപ്പം സഞ്ചരിച്ചു. എൻ്റെ പംക്തികൾ വായിച്ച് പ്രതികരിച്ചു. ഇതൊക്കെ എനിക്ക് പ്രചോദനമാണ് .എനിക്ക് ആത്മീയമായ ഒരു സുഹൃത്താണ് സ്വാമി ; ആദരവോടെയാണ് ഞാൻ ആ സൗഹൃദത്തെ കാണുന്നത്.

    സ്വാമിക്ക് എഴുത്തും വായനയുമില്ലാത്ത ഘട്ടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ ലേഖനങ്ങൾ എഴുതാൻ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും നിരാശപ്പെടുത്തുന്ന മറുപടിയാണ് ഉണ്ടാവുക .നിശ്ശബ്ദതയെ പ്രേമിച്ച സന്യാസിയാണ് അവ്യയാനന്ദ സ്വാമി.സ്വാമി സപ്തതിയിലെത്തുമ്പോൾ അത് ജീവിതത്തിലെ കാഴ്ചകൾക്കെല്ലാം മനോഹാരിത നൽകുന്നു. പോൾ ബ്രണ്ടൻ ഇങ്ങനെ പറഞ്ഞു :"The deep silence has a melody of its own,a sweetness unknown amid the harsh discords of the world's sounds."ഈ ലോകത്തിലെ അസുഖകരമായ അപസ്വരങ്ങൾക്കിടയിൽ അറിയപ്പെടാത്ത ഒരു മാധുര്യമാണ്, തനിമയാർന്ന ഒരു രാഗഭാവമുള്ള അഗാധനിശ്ശബ്ദത." 

    ആരോടും ഒന്നും പറയാതെ ജീവിച്ചവരുണ്ടായിരുന്നു, ചരിത്രത്തിൽ.  മഹാനായ ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നിഷെ പത്തു വർഷക്കാലം ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി ജീവിച്ചു. ഇക്കാലത്ത് രോഗം വന്നപ്പോൾ ഡോക്ടർമാരെ കാണാനും അദ്ദേഹത്തിനു മടിയായിരുന്നു. മനുഷ്യനെ അദ്ദേഹം വെറുക്കുകയാണ് ചെയ്തത്.ഇവിടെ അവ്യയാനന്ദ സ്വാമി മനുഷ്യനെ വെറുക്കുന്നില്ല. പകരം  പ്രാർത്ഥനയിലും ഏകാന്തമനനത്തിലും മുഴുകുകയാണ് .

    പ്രഭാതങ്ങളോട് പ്രേമം

    ഏതാനും മാസങ്ങൾക്കു മുൻപ് ഞാൻ സ്വാമിയുടെ ആത്മകഥയെക്കുറിച്ച് ഒരു  റിവ്യൂ എഴുതിയിരുന്നു, ഇംപ്രസിയോ ഡോട് കോമിൽ. സ്വാമിക്ക് അത് വളരെ ഇഷ്ടപ്പെട്ടതായി പറഞ്ഞു.എന്തുകൊണ്ടെന്ന് അറിയില്ല, അധികം താമസിക്കാതെ സ്വാമി ലേഖനങ്ങൾ വീണ്ടും എഴുതാൻ തുടങ്ങി. മനസ്സിനെ മൂടിയിരുന്ന കറുത്ത പുറംതോടുകൾ പൊട്ടി സൂര്യന്റെ യഥാർത്ഥ കിരണങ്ങൾ പ്രവേശിച്ചു .പ്രഭാതങ്ങളെക്കുറിച്ച് എഴുതിയ വരികൾ മനഃപാഠമാക്കുന്ന സ്വാമി ഒരു പുലർകാലപ്രേമിയാണ്. ദിവസത്തിൻ്റെ ശുഭപ്രതീക്ഷയാണ് ഉദയ സൂര്യൻ. ആ സൂര്യനിൽ വിശ്വസിക്കുക. എല്ലാ സൗന്ദര്യവും അവിടെയാണ്. ആ ഒഴുക്കിൽ സ്വാമി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം.'

    ദൈവപ്രസാദത്തെ വിട്ട് സ്വാമി എഴുതുകയോ ഗ്രന്ഥനാമങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല . 'മൗനനിലയത്തിൽ മൊഴിയഴകിന്റെ ദേവത' എന്ന ലേഖനത്തിൽ (ശിവഗിരി നമ്മുടെ പുണ്യതീർത്ഥം) സ്വാമി ഇങ്ങനെ എഴുതുന്നു: " മുനിമാരുടെ തലയിലെഴുന്നള്ളി മൂളുന്നത് നീയാണ്. അറിവിൻ്റെ നിശ്ശബ്മധുരമായ മുഴക്കമാണത്. അത് വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും ചിറകൊച്ചയാണ്. പനിയുണ്ടിടും കൃമി - ഈർപ്പം തിന്നു ജീവിക്കുന്ന കൃമി -തുടങ്ങി എല്ലാം നിൻ്റെ ഇനമാണ്. സർവ്വത്തിലും മൗനനില പൂണ്ടിരുന്നു മുഴങ്ങുന്ന മൊഴി നീയാണ്. മഹേശ്വരനും മുനിമാർ തൊട്ട് കൃമിവരെയുള്ള എല്ലാം ഏകമായ നീയാണ് എന്ന അറിവ് എനിക്ക് തന്ന് നീ നിലകൊണ്ടാലും. ഇടയിലിരുന്ന് കാണുന്ന ജനനത്തിനും മരണത്തിനും മധ്യേ പൊടി(മണ്ണ്)കൊണ്ട് നിർമ്മിതമായ ഈ ഉടലിനു തടവില്ല. അതിൻ്റെ നാശം തടുത്തു നിർത്താൻ ആവില്ല എന്ന്. അതുകൊണ്ട് നിൻ്റെ നാശമില്ലാത്ത ,നിത്യമായ, നിരാമയമായ ഉടലെനിക്ക് തരിക. അറിവിന് നാശമില്ല. അതാണ്  ജീവിതത്തെ രചിക്കുന്നതും പരിണമിപ്പിക്കുന്നതും മാറ്റത്തിൻ്റെ അനശ്വരതയിലേക്ക് അതിനെ നയിച്ചുകൊണ്ടിരിക്കുന്നതും .അതിനു ഉടൽ ഉണ്ടോ ?ഉണ്ടെങ്കിലെങ്ങനെ ?ഗുരുദേവൻ അതൊന്നും പറയുന്നില്ല. "

    ഗുരുവിൻ്റെ ചിന്തകളെ ഇത്രയും ഹൃദ്യമായി ,ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവ് ശ്രദ്ധേയമാണ്. ഏതൊരു സാധാരണ വായനക്കാരനും ഇത് പ്രചോദനവും മാർഗദർശനവുമാണ്. സ്വാമി സ്വയം വ്യാഖ്യാനിച്ചു ബോധ്യപ്പെടുന്നതാണ് എഴുതുന്നത് .ആ സത്യസന്ധത പ്രധാനമാണ് .ഗുരുവിൻ്റെ വാക്കുകളുടെയിടയിലെ മൗനങ്ങളെ നല്ലപോലെ മനനം ചെയ്യുകയാണിവിടെ .ഇത് അവ്യയാനന്ദ സ്വാമിയുടെ രചനകളുടെ ഒരു പ്രതിനിധാനമായി കാണാവുന്നതാണ് .ആനുകാലികങ്ങൾ വായിക്കുന്ന, എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് സ്വാമി. സ്വാമിക്ക് സാഹിത്യത്തിൽ കാഴ്ചപ്പാടുണ്ട്. ഏത് ചവറും സ്വാമി വായിക്കുകയില്ല. ഉൽകൃഷ്ടമായ  ആശയങ്ങളുള്ളവരെ ശ്രദ്ധിക്കുകയും  നിരീക്ഷിക്കുകക്കുകയും ചെയ്യും.

    ഇന്ന് ശിവഗിരിയിൽ പുസ്തകങ്ങളെ പ്രേമിക്കുന്ന ,ആശയങ്ങളിൽ  ജീവിക്കുന്ന സന്യാസിമാരുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ പ്രൗഢമായ ലേഖനങ്ങൾ ,വിശേഷിച്ച് 'ഗുരുസ്തവവായന'യും മറ്റും, മഹത്തരമാണ് .സ്വാമിക്ക് എപ്പോഴും എഴുതാൻ കഴിയും. ഒരു വിചാര ജീവിയുടെ ലക്ഷണമാണിത്.ശുഭാംഗാനന്ദ സ്വാമിയുടെ പ്രസംഗങ്ങൾ കേൾക്കാതിരിക്കാതാവില്ല. എറണാകുളത്ത് സഹോദരൻ സൗധത്തിൽ ,അവ്യയാനന്ദ സ്വാമിയുടെ ദൈവദശകം വ്യാഖ്യാനത്തിൻ്റെ പുതിയ പതിപ്പ് പ്രകാശിപ്പിക്കുന്ന ചടങ്ങിലാണ് ഞാൻ ഒടുവിൽ സ്വാമിയോടൊപ്പം പ്രസംഗിച്ചത്. അന്ന് സ്വാമിയുടെ പ്രസംഗം പതിവുപോലെ ഉഗ്രമായി.ആശയങ്ങൾ അടുക്കോടെ ഒഴുകി വന്നു. ഗുരുവിൻ്റെ തത്ത്വങ്ങളിലധിഷ്ഠിതമായ ദൈവികതയും മതേതരത്വവും എല്ലാ പ്രസംഗങ്ങളിലും തുടിച്ചു നിൽക്കും. സൂക്ഷ്മാനന്ദ സ്വാമിയുടെ പുതിയ പുസ്തകം What We are All About പുറത്തിറങ്ങിയിട്ട് അധികകാലമായില്ല. ഈ സന്യാസസംഘമാണ് അവ്യയാനന്ദ സ്വാമിക്ക് കൂട്ടായിട്ടുള്ളത്. സ്വാമിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ഇപ്പോൾ ശിവഗിരിയുടെ താഴ്വരയിൽ ഭദ്രമാണ്.

    സ്വാമി ഇനിയും എഴുതണം .ആത്മീയമായ സാഹോദര്യത്തെക്കുറിച്ചും മതങ്ങൾക്കപ്പുറത്തുള്ള ദൈവികതയെക്കുറിച്ചും സ്വാമിക്ക് എഴുതാനുണ്ടെന്നറിയാം. നമ്മുടെ നാട് ഇപ്പോഴും അപരിഷ്കൃതമായ ആത്മീയാചാരങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ഒരു ആഗോള ഏകാത്മക സമന്വയത്തിൻ്റെ പ്രസക്തി എത്രയോ വലുതാണ്.





  • കവിതകൊണ്ട് ഒറ്റപ്പെട്ടവന് സ്നേഹ സാന്ത്വനം /എം.കെ.ഹരികുമാർ

     

    'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച കാലത്ത് തന്നെ ഞാൻ വായിച്ചതാണ്. ഇതിനെ പ്രശംസിച്ച് എഴുതുകയും ചെയ്തു. പ്രശംസിച്ചതിന് കാരണം ചരിത്രപരമായ ദൗത്യം  നിർവഹിച്ചതിനാണ്. അയ്യപ്പൻ ഒരു വരേണ്യ ബുദ്ധിജീവിയായിരുന്നില്ല. അദ്ദേഹം എന്നും സ്വയം ഒരു പതിതവർഗ്ഗ പ്രതിനിധിയാണെന്നു കരുതിയിരുന്നു.

    യാതൊന്നും അവകാശപ്പെടാനില്ലാത്തവർക്ക് മാത്രമേ ഏറ്റവും എളിമയിൽ, നിസ്വനായി നിൽക്കാനാവൂ.എല്ലാ  അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്ന അയ്യപ്പന് സ്വാതന്ത്ര്യം നേടാനായി. തന്നിൽ നിന്നു തന്നെയുള്ള സ്വാതന്ത്യമാണത്.കെട്ടുപാടുകൾ ചിന്തയെ മാത്രമല്ല ബാധിക്കുന്നത് ,ബുദ്ധിയെയുമാണ്; ജ്ഞാനത്തിനുപോലും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. എ.അയ്യപ്പൻ എന്ന കവിയെ എസ്.സുധീശൻ്റെ മാർഗ്ഗത്തിൽ തന്നെയാണ് ആദരിക്കേണ്ടത്. ഈ കവിയോട് എത്രയോ ആദരവ് തോന്നിയിട്ടാകണം സുധീശൻ ഒരു നോവലെഴുതിയത്.

    ഇത് ഒരു സമർപ്പണവും അർച്ചനയുമാണ്. എ .അയ്യപ്പനെ അലഞ്ഞു തിരിയുന്ന കവിയായി കണ്ടവർക്ക് മുന്നിലേക്ക് ഇതാ 'ഒരു പുണ്യാളൻ' എന്ന ആശയമാണ് സുധീശൻ ഈ നോവലിലൂടെ സ്ഥാപിക്കുന്നത് .അയ്യപ്പൻ ദേഹവിയോഗം സംഭവിച്ച ശേഷം സ്വന്തം കഥ ഓർത്തെടുക്കുകയാണ്. അവിടെയും അയ്യപ്പന് സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അനുഭവം നിലാവ് പോലെ പരക്കുന്നു. അയ്യപ്പൻ്റെ ബാല്യ, കൗമാരങ്ങളിലൂടെ പടരുന്ന നോവൽ ഇടയ്ക്ക് ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു.

    "അയ്യപ്പന് പട്ടികളെ പേടിയാണ്. അതുകളുടെ തേറ്റകൾ പുറത്ത് കാണിച്ചുള്ള ചീറ്റിലും തുറിച്ചുനോട്ടവും മൂളലും ഭയപ്പെടുത്തുന്നതാണ്. പട്ടിപിടുത്തക്കാരന്റെ കമ്പിനൂലിൽ കണ്ണ് തുറിച്ച് കിടക്കുന്ന പട്ടികളുടെ മുഖം ,അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ തികട്ടിക്കൊണ്ടിരിക്കും. ഓർമ്മകളായി വരുന്ന കറുത്ത പക്ഷിക്കൂട്ടത്തിൽ  എന്നും ആളുണ്ട്. "

    അയ്യപ്പൻ 'പല്ല്' എന്ന കവിതയിൽ എഴുതി:
    "അമ്പ് ഏത് നിമിഷവും 
    മുതുകിൽ തറയ്ക്കാം
    പ്രാണനും കൊണ്ട് ഓടുകയാണ്
    വേടൻ്റെ കൂര കഴിഞ്ഞ് റാന്തൽ
    വിളക്കുകൾ ചുറ്റും 
    എൻ്റെ രുചിയോർത്ത് 
    അഞ്ചെട്ടുപേർ 
    കൊതിയോടെ 
    ഒരു മരവും മറ തന്നില്ല 
    ഒരു പാതയുടെ വാതിൽ തുറന്ന്
    ഒരു ഗർജ്ജനം സ്വീകരിച്ചു 
    അവൻ്റെ വായ്ക്ക് ഞാനിരയായി ."

    ആർദ്രത വറ്റിയ കവിതയാണ് അയ്യപ്പൻ്റേത് .എന്നാൽ അയ്യപ്പൻ ആർദ്രതയായിരുന്നു.ഭൂമിക്ക് നോവുമെന്നോർത്താണ് അദ്ദേഹം നടന്നത്.അതിൽ കലർപ്പില്ലായിരുന്നു. പുരുഷാര്‍ത്ഥസങ്കൽപ്പങ്ങളുടെ മറുവശത്ത് ജീവിതായോധനത്തിന്റെ പൊരുൾ തേടിയ അയ്യപ്പൻ ഉന്മാദത്തിനും വിഷാദത്തിനുമിടയിൽ സഞ്ചരിച്ചു.

    "കുപ്പി അയ്യപ്പൻ പിടിച്ചു വാങ്ങി.ഒരു കവിൾ .പിന്നെ മുത്തലീഫിന്. റോഡിലൂടെ അപൂർവ്വം വാഹനങ്ങൾ പോകുന്നുണ്ട്. പ്രഭാത സവാരിക്കാരും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് .പക്ഷേ, മൂവർ സംഘത്തിൻ്റെ ലോകത്ത് അതൊന്നും തൽക്കാലം ഇല്ല.മുനിമാരുടെ തപസ്സു പോലെയാണ് പുലർച്ചയുള്ള മദ്യപാനം. സകല ഞരമ്പുകളെയും എഴുന്നേൽപ്പിച്ചു നിർത്തും. അയ്യപ്പൻ്റെ കണ്ടുപിടിത്തം. "ഈ അനുഭൂതി ആർക്കു കിട്ടുമെടാ?' ജോൺ ആസ്വദിച്ചുകൊണ്ട് പിറുപിറുത്തു. 
    മഞ്ഞുപെയ്യുന്ന വെളുപ്പാൻ കാലം . രാജവീഥിയിൽ മദ്യപാനം .പരമാനന്ദം.  ഇതാണെടാ സ്വർഗ്ഗം. "

    ജീവിതത്തിന്റെ ലഹരി എല്ലാത്തിൻ്റെയും ഉടമസ്ഥതയിലാണ്; അല്ലെങ്കിൽ ഒന്നിൻ്റെയും ഉടമസ്ഥത ഇല്ലാതിരിക്കുന്നതിലാണ്. രണ്ടും ഒന്നു തന്നെ .ഇങ്ങനെ വിശ്വസിക്കുന്ന കവികളും കലാകാരന്മാരുമുണ്ട്. അവരുടെ എക്സെൻറിസിറ്റിയാണ് ആഘോഷിക്കുന്നത്. നൂൽബന്ധം വേർപെട്ട പട്ടം പോലെ പറക്കുന്ന അനുഭവമാണത്.

    സുധീശൻ ഈ നോവലിൽ അയ്യപ്പൻ്റെ ബോധമനസ്സിലൂടെ സഞ്ചരിക്കുകയാണ്. ലോകത്തെ അറിയുന്നത് അങ്ങനെയാണ്. ഒരു കവിക്ക് എത്രമാത്രം ഈ ലോകം ഭാരമായി തോന്നും? അയ്യപ്പൻ കണ്ടത് വൈരുദ്ധ്യങ്ങളായിരുന്നു. നേർരേഖകൾ ഒന്നുമില്ലായിരുന്നു. എല്ലാം വക്രീകരിക്കപ്പെട്ടതായിരുന്നു . സ്നേഹമോ സാഹോദര്യമോ എവിടെയുമില്ലെന്ന് കണ്ട കവി  ഉപരിപ്ലവമായ പ്രേമത്തെക്കുറിച്ചെഴുതണോ ?

    വളയങ്ങൾ നിർമ്മിച്ചവർ അത് ഉപയോഗിച്ചാൽ മതി. വളയങ്ങൾ ഉപേക്ഷിച്ചവർക്ക് വേറെ പാതകളുണ്ട്. പ്രേമം സനാതനമായ വികാരമോ ധർമ്മമോ ആയിരിക്കാം. എന്നാൽ സ്നേഹത്തിൻ്റെ പേരിലുള്ള വേദനയും വഞ്ചനയും നേരിട്ടവർക്ക് അങ്ങനെയല്ല. വഞ്ചിക്കാനാണ് മനുഷ്യന് പ്രാഥമികമായ വാസന. പ്രേമിക്കുന്നത് ,പലപ്പോഴും, വഞ്ചിക്കാനാണ്. വഞ്ചന സുഖമുള്ള അനുഭവമാണത്രേ.ഒരു സാധാരണക്കാരന്റെ ജീവിതം പോലും അയ്യപ്പൻ മോഹിച്ചില്ല. തൻ്റെയുള്ളിലെ കവിത എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. ആ കവിത പുതിയൊരു വഴി വെട്ടുകയായിരുന്നല്ലോ. അപ്രാപ്യവും ജ്വലിക്കുന്നതുമായ ഒരു സൗന്ദര്യാനുഭവത്തെ താങ്ങി നിർത്താനുള്ള ബദ്ധപ്പാടിലാണ് അയ്യപ്പൻ മദ്യത്തിൽ അഭയം തേടുന്നത്; അല്ലെങ്കിൽ വീടില്ലാത്തവനായി അലയുന്നത്. യാതൊന്നിൻ്റെയും ഉടമസ്ഥാവകാശം തനിക്ക് ചേരില്ലെന്ന് കവി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നിലേക്ക് വരുന്ന ഉടമസ്ഥതകളെയെല്ലാം തട്ടിമാറ്റിക്കൊണ്ടിരുന്നു. അതിർത്തികൾ ഭേദിക്കുന്നവനും ആലോചനകളിൽ അമരുന്നവനും സ്വസ്ഥത ഉണ്ടാവില്ല. അവൻ അലഞ്ഞു കൊണ്ടിരിക്കും. അയ്യപ്പൻ ചെറിയ പരിചയങ്ങളെയും സൗഹൃദങ്ങളാക്കി.ആ സൗഹൃദങ്ങൾ കൊണ്ട് വലിയ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല, ഒന്നും ആഗ്രഹിച്ചുമില്ല. 

    അയ്യപ്പൻ്റെ ജീവിതം ആരും അനുകരിക്കേണ്ട ;കവിതയും. അത് രണ്ടും അയ്യപ്പനുള്ളതാണ് .അയ്യപ്പൻ സൃഷ്ടിച്ചതാണത്. ഒരാൾക്ക് മറ്റൊരാളാവാൻ കഴിയില്ല. ലോകത്തിൻ്റെ മാർഗത്തിലോ സമൂഹത്തിന്റെ ആശിർവാദത്തിലോ ഒരു കവിയുണ്ടാകുന്നില്ല .കവി തൻ്റെ മേലേ വീണു കിടക്കുന്ന ഭൂതകാലത്തിന്റെ ചങ്ങലകൾ മാറ്റുകയാണ് ചെയ്യുന്നത്. അയാൾ സ്വതന്ത്രനാവാൻ ശ്രമിക്കുമ്പോൾ മറ്റു അടിമകളെല്ലാം കുപിതരാവുന്നത്  സ്വാഭാവികമാണ് .

    അയ്യപ്പൻ കവിയാകാൻ വേണ്ടി (കവിതയാകാൻ വേണ്ടിയും) ജീവിതത്തെ കുടഞ്ഞു കളഞ്ഞവനാണ്. ആയിരമായിരം സെൽഫ് ഹെൽപ് പുസ്തകങ്ങളുള്ള ഈ നാട്ടിൽ ആ ജീവിതം ആരെയും സഹായിക്കില്ല .സുധീശൻ അതാണ്  കണ്ടെത്തുന്നത്. ഒന്നും മറച്ചുവയ്ക്കാതെ എഴുതാനുള്ള സുധീശൻ്റെ കഴിവ് പ്രശംസിക്കപ്പെടണം. അത് ഇങ്ങനെ നോവലിൽ വായിക്കാം:
    "എവിടെ താമസിക്കുന്നു"
    ശങ്കരഭായ് ചോദിച്ചു .
    പാമ്പുകൾക്ക് മാളമുണ്ട്.
    അയ്യപ്പൻ പാടി .
    "ബാബുരാജിന്റെ കൃപ .കാർ ഷെഡിൽ കഴിയുന്നു.!
    "അവിടെ എഴുതാനൊക്കെ കഴിയുമോ:
    ?"
    "ഈ ജന്ദർമന്ദിർ റോഡിലെ വിളക്കുകാലുകളുടെ വെളിച്ചത്തിലാണ് ഇന്നലെ ഒരു കവിത എഴുതിയത്. തെരുവുകളിലാണ് എൻ്റെ മിക്ക കവിതകളും പിറവികൊണ്ടത് ."
    "എൻ്റെ കൂടെ പോരുന്നോ?.
    ഞാൻ ഒറ്റയ്ക്കാണ് ;വലിയ സൗകര്യങ്ങളൊന്നുമില്ല."
    "ആരുടെ കാലിൽ ചുറ്റിപ്പിടിക്കണമെന്ന്  ഞാൻ ആലോചിക്കുകയായിരുന്നു. ഭാഗ്യം ."
    "ആരെയും ഞാൻ എൻ്റെ കൂടെ കൂട്ടാറില്ല. അതിനുള്ള സൗകര്യം ഇല്ല. അതാണ് ."
    "എനിക്ക് ഒരു കീറച്ചാക്ക് മതി ,ഉറങ്ങാൻ .പിന്നെ ഭക്ഷണം കിട്ടിയില്ലെങ്കിലും കുടിക്കാൻ കിട്ടണം . ഇല്ലെങ്കിൽ ഭ്രാന്ത് വരും ."

    ഇതാണ് സത്യസന്ധമായ എഴുത്ത്.ജീവിതത്തിൽ കവിതകൊണ്ട്  ഒറ്റയ്ക്കായി പോയവൻ്റെ ധർമ്മസങ്കടങ്ങൾ നന്നായി വിവരിച്ചിരിക്കുന്നു. മനസ്സിലെ അനാഥത്വം, ഒഴിഞ്ഞോടലിൻ്റെ വ്യഥ, എല്ലാം ഇതിലുണ്ട് .സ്വയം ഒരു ദുരന്തമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അയ്യപ്പനിലെ കവി തിളച്ചു തൂവിയത്. നിസ്സഹായതയുടെ തീജ്വാലകൾ ആ കവിതകളിൽ നിറയാൻ കാരണതാണ്.  സ്വയം മറയ്ക്കാൻ അറിയാത്തവന് ഇങ്ങനെയേ എഴുതാനൊക്കൂ. വിഭ്രാമകമായ ജീവിതാവസ്ഥകൾ അയ്യപ്പനായി മാത്രം ഉയിർകൊള്ളുകയായിരുന്നു.

    "അരുതരുതെന്നു നിലവിളിച്ചിട്ടും പ്രേമമേ നീയെൻ്റെ നിഴലിൽ ചവിട്ടുന്നു ."



    വ്യാജവസ്തുവാകാൻ ശ്രമിക്കുന്നവരുടെ അപായക്കളികൾ / എം.കെ.ഹരികുമാർ

     

    എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവം :എം.കെ.ഹരികുമാർ

     a



    റിപ്പോർട്ട് :എൻ.രവി 

    കൊല്ലം :ഒരു എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവമാണെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. 


    ഡോ.എസ്.സുഷമയുടെ 'ബോൺസായി'എന്ന നൂറ്റൊന്ന് ഹൈക്കു കവിതകളുടെ സമാഹാരം കൊല്ലം പ്രസ് ക്ലബ്ബിൽ വടക്കേവിള എസ് എൻ ടി സി പ്രിൻസിപ്പലും കൊല്ലം എസ് എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സി. അനിത ശങ്കറിന് നൽകി പ്രകാശനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം എം.ജി. യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ.കെ.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. റേയ്സ് സ്ഥാപക ചെയർമാൻ എം.സി.രാജിലൻ ആമുഖപ്രസംഗം നടത്തി. ലൈഫ് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.എൽ .സുശീലൻ, സുനിൽ പനയറ ,ഡോ.സി. അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു .ഡോ.എസ്.സുഷമയ്ക്ക് ഡോ.സി. അനിതാ ശങ്കർ ഉപഹാരം നൽകി. 

    എം.കെ.ഹരികുമാറിന്റെ പ്രഭാഷണത്തിൽ നിന്ന്:

    "ഒരാൾ എഴുതി തുടങ്ങുമ്പോൾ  പ്രോത്സാഹിപ്പിക്കാൻ ധാരാളം പേരുണ്ട്. ചില സ്കൂൾ അധ്യാപകരൊക്കെ അക്കൂട്ടത്തിൽ കാണും. എന്നാൽ നാം എഴുതി സ്വന്തം വഴി വെട്ടുന്നതോടെ , പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതോടെ തുടക്കകാലത്ത് പിന്തുണ തന്നവർ പിന്മാറാൻ തുടങ്ങും. അവർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരും. കാതലായ ചോദ്യങ്ങൾ ചോദിക്കുകയും ധീരമായി എഴുതുകയും ചെയ്യുന്നതോടെ ആദ്യം പ്രോത്സാഹിപ്പിച്ചവർ പിന്മാറാൻ തുടങ്ങും. പിന്നീട് എഴുതുന്നതിന് പിന്തുണ കിട്ടാൻ എഴുതുകയല്ലാതെ വേറെ മാർഗ്ഗമില്ല. എഴുത്തിന്റെ ശരിയായ പാതയിൽ നമുക്ക് എവിടെ നിന്നോ കുറെ നല്ല വായനക്കാരെ യാദൃച്ഛികമായി ലഭിക്കുകയാണ്. അവർ ഒരു കൃതിയെ ആഴത്തിൽ തേടുന്നവരാണ്. അവർക്ക് അഭിരുചിയുണ്ട്. അവർ ലക്ഷക്കണക്കിന് ഉണ്ടാകില്ല .വളരെ കുറച്ചു വായനക്കാരാണ് ഇങ്ങനെ ഉണരുന്നത്. അതാണ് യഥാർത്ഥമായത്. അംഗീകൃതമായ ആശയങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ നമുക്ക് ധാരാളം വായനക്കാരെ കിട്ടും. കാരണം, അത് സ്വീകാര്യമായ ആശയങ്ങളാണ് .അതിനോട് ചേരാൻ അവർക്ക് പ്രയാസമില്ല. അർത്ഥവത്തായ നിരീക്ഷണങ്ങളും വിമർശനങ്ങളും ഉണ്ടാകുമ്പോൾ യഥാർത്ഥ വായനക്കാർക്ക് മാത്രമേ അതിനൊപ്പം നീങ്ങാനാവുകയുള്ളൂ.കെ.പി. അപ്പൻ ഒരു സ്വകാര്യ സംഭാഷണത്തിൽ തനിക്ക് ഇരുനൂറ്റമ്പത് വായനക്കാർ ഉണ്ടായാൽ മതിയെന്ന് പറഞ്ഞു. എനിക്ക് കുറെ നല്ല വായനക്കാരുണ്ട്. അത് എനിക്ക് യാദൃച്ഛികമായി ലഭിച്ചതാണ്. ഞാൻ 'ശ്രീനാരായണായ' എന്ന നോവൽ എഴുതിയതിനെ തുടർന്ന്  ലഭിച്ച വായനക്കാരനാണ് തുളസീധരൻ ഭോപ്പാൽ .'ശ്രീനാരായണായ' എങ്ങനെയോ സംഘടിപ്പിച്ചു വായിച്ചിട്ട് എന്നെ വിളിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിൽ തട്ടി അദ്ദേഹം നോവലിനെയും എന്നെയും പ്രശംസിച്ചു കൊണ്ടിരുന്നു .അദ്ദേഹം നോവൽ ഓരോ ഭാഗവും ദിവസേന വായിച്ച്  ശബ്ദലേഖനം ചെയ്ത് വാട്സപ്പിലൂടെ ഇരുനൂറ്റമ്പത് ദിവസം തുടർച്ചയായി  പ്രചരിപ്പിച്ചത് ഓർക്കുകയാണ് .അദ്ദേഹത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതുപോലുള്ള കുറെ വായനക്കാരാണ് എനിക്ക് പലപ്പോഴും ലഭിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന വായനക്കാരെ ഇപ്പോൾ കാണാനില്ല. വായനക്കാർ പുതുതായി ഉണ്ടാകുകയും കൊഴിയുകയും  ചെയ്യുകയാണ്. ഇവിടെ പ്രകാശനം ചെയ്യുന്ന പുസ്തകം എഴുതിയ ഡോ. സുഷമയെ അനുമോദിക്കുകയാണ് .അവർ 101 *ഹൈക്കു കവിതകൾ (ബോൺസായ്) സമാഹരിച്ചിരിക്കുകയാണ് .ഹൈക്കു ജപ്പാനിൽ മാത്രമല്ല ലോകത്ത് എവിടെയും പ്രചാരം നേടി കഴിഞ്ഞിട്ടുണ്ട്. വളരെ സംക്ഷിപ്തമായി ആശയങ്ങളും ചിന്തകളും കാവ്യസൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതാണ് ഹൈക്കുവിനെ   ശ്രദ്ധേയമാക്കുന്നത് .സംക്ഷിപ്തമായി പറയാൻ ഗുരുക്കന്മാർക്ക് പ്രത്യേക കഴിവുണ്ട്. 'നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന് യേശുദേവൻ പറഞ്ഞത് എത്രയോ വലിയൊരു ആശയമാണ്. അത് എത്ര വിവരിച്ചാലും മതിയാവില്ല. അത്രയ്ക്ക് വിവരിക്കാനുണ്ട്. അയൽക്കാരൻ എന്നാൽ തൊട്ടടുത്ത്  താമസിക്കുന്നവൻ എന്നല്ല ഇവിടെ അർത്ഥം .ദൂരെ എവിടെയുള്ളവനും അയൽക്കാരനാണ് .ആത്മാവിൻ്റെ അയൽക്കാരനാണ് .സ്നേഹിക്കുന്നവന് ഏതൊരുവനും അയൽക്കാരനാണ്. അപ്പോൾ ലോകത്തെ പൂർണമായി  ആശ്ളേഷിക്കുന്ന ഒരവസ്ഥയാണിത്. ഇതാണ് യേശുദേവൻ ഒരു ചെറിയ വാക്യത്തിൽ പറഞ്ഞത്. ഹൈക്കുവിനും ആധുനികകവിതയ്ക്കും ഉപയോഗിക്കുന്ന ഗദ്യം മറ്റൊരു  കലാരൂപമായി കാണണം. പത്രത്തിലെ ഭാഷ ഒരു പൊതുവ്യവഹാരത്തിന്റെ സാങ്കേതികഭാഷയാണ്.അത് ഗദ്യമല്ല. പുതിയ കവിതയിലെ ഗദ്യം കലാരൂപമാണ്. അത് മറ്റൊരു ഭാഷയാണ്. സർഗാത്മകമാണത്.സർഗാത്മകത കേവലം ഒരു കവിതയോ കഥയോ എഴുതുമ്പോൾ സംഭവിക്കുന്നതല്ല. സർഗാത്മകമാകണമെങ്കിൽ എഴുതുന്നത് പുതിയതായിരിക്കണം;പുതിയ മൂല്യമുണ്ടായിരിക്കണം. പുതിയ ഭാഷ വേണം .ഇതെല്ലാം കവിതയിൽ എത്രയും പ്രധാനപ്പെട്ടതാണെന്ന് കുമാരനാശാൻ്റെ കവിതകൾ വായിച്ചാൽ മനസ്സിലാകും. ആശാൻ  കവിതയിൽ ഒരു ഉന്നതമായ ഭാഷ സൃഷ്ടിച്ചു. ആ ഭാഷ പുതിയൊരു മൂല്യത്തെയും ദർശനത്തെയും അവതരിപ്പിച്ചു.'വീണപൂവ്' എഴുതുന്നതിനു മുമ്പ് മലയാളകവിത വളരെ ആഴം കുറഞ്ഞ വിഷയങ്ങളിൽ അഭിരമിക്കുകയായിരുന്നു .ശ്രംഗാരവും ഭക്തിയുമൊക്കെയായിരുന്നു വിഷയങ്ങൾ. ആശാൻ 'വീണപൂവി'ലൂടെ ,ഏതൊരു പാഴ്വസ്തുവിനും കവിതയിൽ സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തി. അതുകൊണ്ടാണ് ദേഹവിയോഗം നടന്ന് നൂറ് വർഷം കഴിഞ്ഞിട്ടും ആശാന്റെ കവിതകൾ വായിക്കപ്പെടുന്നത്. ആശാൻ ഒരു മതത്തിൻ്റെയും തത്ത്വശാസ്ത്രത്തിൻ്റെയും വക്താവാകാതെ കവിതയുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു. സത്യത്തിനായി എല്ലാ വഴികളിലേക്കും നോക്കിയ ആശാൻ ശൂന്യതയെ നേരിൽ കണ്ടു. ജീവിതത്തിൻ്റെ  നിരർത്ഥകതയെക്കുറിച്ച് ആശാൻ എഴുതുന്നുണ്ട്. ആത്യന്തികമായ അന്വേഷണം. ഇതാണ് സർഗാത്മകതയുടെ പരമമായ ലക്ഷ്യം. കവിതയെഴുതാനുള്ള സ്വാഭാവികമായ നിർബന്ധം കുറഞ്ഞ കാലമാണിത് . തീവ്രമായ ആഭിമുഖ്യം ഇല്ലാതായി. പലർക്കും വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് പറയാനുള്ളത്. എന്നാൽ ഇവിടെ, ഈ ഹൈക്കു കവിതകളിൽ  സൂക്ഷ്മജീവിതസത്യങ്ങൾ ഏറ്റവും കുറച്ചു വാക്കുകളിൽ സന്നിവേശിപ്പിച്ചത് ഏതൊരു വായനക്കാരനെയും ആകർഷിക്കും. ജീവിതത്തെക്കുറിച്ച് ഗാഢമായ അറിവ് നേടിയാലേ അത് സംക്ഷിപ്തമാക്കാൻ സാധിക്കുകയുള്ളു. ഭാഷാപരമായ മേന്മ ഈ കൃതിയുടെ പ്രത്യേകതയാണ്.വായനക്കാരൻ്റെ ഊഴമാണ് ഇപ്പോൾ. എഴുത്തുകാരൻ മരിച്ചു എന്ന് ഫ്രഞ്ച് സൈദ്ധാന്തികനായ റൊളാങ് ബാർത്ത് പറഞ്ഞല്ലോ. ഒരാൾ വായിക്കുമ്പോൾ എഴുത്തുകാരന്റെ ലോകം അസ്തമിക്കുന്നു ,വായനക്കാരൻ്റെ ലോകം ആരംഭിക്കുന്നു. വായനക്കാരനാണ് കൃതിക്ക് അർത്ഥമുണ്ടാക്കുന്നത്. ഇവിടെ കവിതയിൽ വായനക്കാരൻ്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. ശ്രീനാരായണഗുരുവിൻ്റെ കവിതകളെക്കുറിച്ച് പഠനം ഉണ്ടാകുന്നില്ല എന്ന് പറഞ്ഞത് കേട്ടു. ഞാൻ വിനയത്തോടെ പറയട്ടെ, ഗുരുവിനെ ഒരു കവിയായി താഴ്ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഗുരുവിൻ്റെ കവിതകൾ മറ്റു കവികളുടേതുപോലെ വികാരപ്രകടനമല്ല. വേർഡ്സ്വർത്ത് പറഞ്ഞു:
    Poetry is spontaneous overflow of powerful feelings.It takes its origin from emotion recollected in tranquility.ശക്തമായ വികാരങ്ങളുടെ കുത്തൊഴുക്കാണ് കവിതയെന്ന്. ശാന്തതയിൽ ശേഖരിക്കപ്പെടുന്ന വികാരങ്ങളാണത്. എന്നാൽ ഗുരുവിന്റെ കവിതയിൽ വികാരങ്ങളല്ല പ്രതിഫലിക്കുന്നത് ,ജ്ഞാനമാണ്. ദൈവദശകവും മറ്റും വികാരങ്ങളുടെ പ്രകടനമല്ല. അത് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ്. ഗുരുവിൻ്റെ മനനമാണത്. ഗുരുവിൻ്റെ രചനകൾ  പുതിയ ഉപനിഷത്താണ്. തൈത്തിരിയോപനിഷത്ത് കവിതയെന്ന നിലയിൽ ആരെങ്കിലും വിലയിരുത്തുമോ? ഗുരുവിൻ്റെ കവിതകളെ ചങ്ങമ്പുഴയുടെയോ പി. കുഞ്ഞിരാമൻ നായരുടെയോ കവിതകളുമായി ആരെങ്കിലും താരതമ്യം ചെയ്താൽ അതോടെ സാഹിത്യവിമർശനം മരിക്കും .ഗുരുവിൻ്റെ പ്രവാചകതുല്യമായ ഇടപെടലുകൾ പഠിക്കുന്നതിനു പകരം ഗുരുവിൻ്റെ വൃത്തവും അലങ്കാരവുമാകും പഠിക്കുക. ഇത് അപകടകരമാണ്. ഗുരുവിൻ്റെ മഹത്വം അനുഷ്ഠിപ്പ് വൃത്തത്തിൽ കവിതയെഴുതിയതാണെന്ന് വാദിക്കാൻ തുടങ്ങിയാൽ അതിനേക്കാൾ ദയനീയമായി എന്താണുള്ളത് കൊല്ലത്തേക്കുള്ള എൻ്റെ ആദ്യ യാത്ര കെ.പി.അപ്പനെ തേടിയായിരുന്നു. അന്ന് കലാകൗമുദിയിൽ അപ്പൻ എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോൾ ഒന്നു കാണണമെന്നു തോന്നി.അന്ന് ഞാൻ കുറവിലങ്ങാട് ദേവമാതാ കോളജിൽ പ്രീ ഡിഗ്രിക്ക്  പഠിക്കുകയായിരുന്നു .വീട്ടിൽ കളവ് പറഞ്ഞു ഞാൻ കൊല്ലത്തേക്ക് വണ്ടി കയറി. കൊല്ലത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു .പലരോടും ചോദിച്ചു വഴി കണ്ടുപിടിച്ചു കൊല്ലം എസ്.എൻ .കോളജിലെത്തി. ഒരു  വിദ്യാർത്ഥി അപ്പൻസാറിനെ കാണിച്ചു തന്നു.ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം എന്താണ് കാര്യം എന്ന് തിരക്കി.ഞാൻ വെറുതെ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞു. അദ്ദേഹം എന്തോ ഗ്രഹിച്ചു എന്ന് ഉറപ്പാണ് .ഉച്ചനേരമായിരുന്നു. അദ്ദേഹം എന്നെ മലയാളം ഡിപ്പാർട്ട്മെൻറിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നോട് ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കുടയുമെടുത്ത് അദ്ദേഹം എന്നെയും കൂട്ടി നടക്കാൻ തുടങ്ങി. ആ കടുത്ത വെയിലിൽ ഞാൻ കുടയുടെ കീഴേ നടന്നു. അപ്പോൾ തന്നെ ഞങ്ങൾ ഡോ.വി.രാജകൃഷ്ണന്റെ ലേഖനങ്ങളെക്കുറിച്ചും വി.പി. ശിവകുമാറിൻ്റെ കഥകളെക്കുറിച്ചും  ചർച്ച തുടങ്ങി കഴിഞ്ഞിരുന്നു.ആദ്യമായി കാണുകയാണ്. ഞാനൊരു വിദ്യാർഥിയാണ്. വീട്ടിൽ ചെന്ന ഉടനെ അപ്പൻ സാർ ഊണ് കഴിക്കാൻ ക്ഷണിച്ചു. മീൻകറി കൂട്ടിയുള്ള രുചികരമായ ഊണ്. പിന്നെ ചർച്ച തുടങ്ങി.ഡോ.ജോൺസൺ ,ഷേക്സ്പിയർ... അങ്ങനെ പലരും ചർച്ചിൽ വന്നു. വീട്ടിൽ പറയാതെ വന്നതാണെന്ന് അറിഞ്ഞതോടെ സാർ എന്നെ മൂന്നു മണിയോടെ നാട്ടിലേക്ക് പറഞ്ഞയച്ചു. അതാണ് അപ്പൻ സാർ. കൊല്ലം എൻ്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. പിന്നീട് ഞാൻ പല ഘട്ടങ്ങളിൽ സാറിൻ്റെ അടുത്ത് വന്നിട്ടുണ്ട്. എൻ്റെ 'ശ്രീനാരായണായ' നോവൽ വായിച്ച് ഗ്രഹിക്കാത്തവരുണ്ട്. അവർ അസഹിഷ്ണുക്കളായിരിക്കാം. എൻ്റെ നോവലിൽ ഞാനൊരു പുതിയ ഗുരുവിനെ അവതരിപ്പിക്കുകയാണ് ചെയ്തത്. ഗുരുവിൻ്റെ ജീവചരിത്രം അതിലില്ല. ഗുരുവിൻ്റെ ആത്മാവിലൂടെ  സഞ്ചരിക്കുകയാണ് .ജീവചരിത്രം നോക്കി ഒരു കഥ സൃഷ്ടിക്കുകയല്ല ചെയ്തത് .ഇവിടെ ഒരു പുതിയ കലാനുഭവമാണുള്ളത്. പ്രഗൽഭനായ പണ്ഡിതനും എഴുത്തുകാരനുമായ തുളസി കോട്ടുക്കൽ 'ശ്രീനാരായണായ'യെക്കുറിച്ച് ഒരു ഗംഭീര ലേഖനമെഴുതി. വായനയുടെ  മഹത്വമാണ് ഞാൻ അതിൽ കണ്ടത്. ഇത് 'മെട്രോവാർത്ത' ഓൺലൈനിൽ വായിച്ച ചിലർ അസ്വസ്ഥരായി തുളസി സാറിനെ വിളിച്ചു പലതും ചോദിച്ചതായറിഞ്ഞു.ഇത്രയൊക്കെ എഴുതേണ്ടതുണ്ടോ എന്നാണ് ചോദ്യം.  തുളസി സാർ അവരോട് എല്ലാം വിശദീകരിച്ചു. താൻ എന്തിനു എഴുതി എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല .അതുപോലെ 'ശ്രീനാരായണായ'വായിച്ച് എഴുതിയവരിൽ പ്രധാനിയാണ് കഥാകൃത്ത് ഇരവി .അദ്ദേഹം  സവിസ്തരം നോവലിന്റെ ആന്തരികമായ ബോധം വിലയിരുത്തി കൊണ്ട് ദീർഘമായി എഴുതി .നോവലിലെ കഥാപാത്രം ദൈവം തന്നെയാണെന്ന് ഇരവി സമർത്ഥിച്ചു .ഇതുപോലുള്ള നല്ല വായനക്കാർ ഉണ്ടായാൽ മതി. അത് യാദൃച്ഛികമായി ലഭിക്കുന്നതാണ്. നമ്മൾ സത്യസന്ധമായി എഴുതിയാൽ ഇത് ലഭിക്കും."




    *ബോൺസായ് - 101 ഹൈക്കുകവിതകൾ
    ഡോ.എസ്. സുഷമ
    സുജിലി പബ്ളിക്കേഷൻസ് 
    കൊല്ലം 
    പേജ് 113 
    വില :180/

    എ.അയ്യപ്പൻ :സംസ്കാരങ്ങളോടു ചിതൽ ചെയ്തത് /എം.കെ.ഹരികുമാർ



    കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും ആഗ്രഹങ്ങളെയും സത്യമാക്കി വിലയിരുത്തിക്കൊണ്ടിരിക്കും. അസത്യം പറയാൻ ധാരാളം പേർ ക്യൂ നിൽക്കുമ്പോൾ കവി അതിനെതിരെയാണ് പൊരുതേണ്ടത്. കവി അയാളുടെ വ്യക്തി ജീവിതത്തിന്റെ ഇരയല്ല ;അയാളിലൂടെ മറ്റുള്ളവർ സംസാരിക്കണം. അയാൾ സ്വയം ഒരു വീണ്ടെടുപ്പാണ്. ചിലപ്പോൾ അയാൾ വ്യക്തിയല്ല, നഗ്നവും ഭീകരവുമായ ഒരനുഭവമാണ് .അയാൾക്കു പോലും നിയന്ത്രിക്കാനാവാത്തതും നിർവ്വചിക്കാനാവാത്തതും. ജീവിതം തന്നിലുടെ പടരുകയാണ് ,അതിൻ്റെ തനി സ്വാതന്ത്യങ്ങളിൽ; അതാണ് അയാളെ അപാരമായ ലഘുത്വത്തിലേക്ക് നയിക്കുന്നത്.അതിനെ മറ്റുള്ളവർ വിശ്വസിക്കണമെന്നില്ല. അവിശ്വസനീയമായതെല്ലാം അയാൾ സ്വയം എറിഞ്ഞുടച്ചതിൻ്റെ  ഫലമായുണ്ടായതാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയല്ല ,കഴിയുന്നിടത്തോളം അവനവനോട് സ്വയം വെളിപ്പെടുത്താനാണ് കവി എഴുതുന്നത് .എ.അയ്യപ്പൻ തന്നെ ഉപേക്ഷിച്ച് തൻ്റെ കവിതയെ അന്വേഷിച്ചു നടന്ന കവിയാകുന്നത് ഇവിടെയാണ്. 

    നിലവിലുള്ള ഒരു പ്രസ്ഥാനത്തിനും തന്റെ കവിതയെ ഒതുക്കാനാവില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് അയ്യപ്പനു വ്യവസ്ഥാപിത ജീവിതം തന്നെ അസാധ്യമായത്. ഒരു തൊഴിലിലോ സംഘടനയിലോ ചേർന്നു നിൽക്കാൻ പറ്റാത്ത വിധം ദുസ്സഹമായ ഒരു അസ്തിത്വപ്രതിസന്ധിയായി കവിത അയ്യപ്പനിൽ രൂപാന്തരപ്പെട്ടു. കവിതയാകട്ടെ ജീവിതത്തിൽ നിന്നു വേർപെടുത്താനാവാതെ തുടരുകയും ചെയ്തു. 

    കവിതയുടെ പരിപ്രേക്ഷ്യങ്ങളെ ഉപേക്ഷിക്കുമ്പോൾ 

    'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ അയ്യപ്പൻ ഇങ്ങനെ എഴുതുന്നു: "
    മധുരത്തെക്കുറിച്ചോർക്കുമ്പോൾ
    നാവിലൂറുന്ന ഉമിനീരു പോലുമിറക്കരുത് .
    ഒരു നിശാശലഭം 
    എൻ്റെ ശിരസ്സിനുമുകളിൽ 
    പറക്കുന്നു
    വാക്കറ്റ പക്ഷി പാടുന്നേയില്ല
    കാലിൽത്തടഞ്ഞ തുരുമ്പിച്ച തോക്കിനു
    പരിചിതമായ കൈകളുടെ ഗന്ധം
    പാതയിൽ രുധിരവർണ്ണത്തിന്റെ പൂക്കൾ 
    പൊഴിഞ്ഞുകൊണ്ടിരിക്കുന്നു."

    ഈ വരികളുടെ അർത്ഥം പറയുന്നത് സദാചാരവിരുദ്ധമാണ് .കാരണം ,ഒരു കവിത വെറുതെ അർത്ഥമല്ല ഉത്പാദിപ്പിച്ചു വയ്ക്കുന്നത് .അത് മനസിനു പോലും അപരിചിതമായ ഒരു ലോകത്തെ മാനുഷികമാക്കുകയാണ്.  വിവിധ മനസ്സുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ഈ വരികൾ പ്രതിപാദിക്കുന്നത്. പല ജീവിതങ്ങൾ ഇവിടെ തളം കെട്ടി നിൽക്കുകയാണ്. തൻ്റെ ദു:ഖത്തിനു കവി വ്യാപ്തി നല്കുകയാണ്. തനിക്കു ദുഃഖിക്കാൻ തൻ്റെ ജീവിതം മതിയാകില്ലെന്ന് പ്രഖ്യാപിക്കാൻ ഇതുപോലുള്ള വരികളുടെ സാക്ഷ്യം  വേണം .മധുരം എല്ലാവരുടെയും മധുരമല്ല; അതിന് ആ പേരുണ്ടെന്നേയുള്ളു. അത് വിശ്വസിച്ചു ഉപഭോഗം ചെയ്യാനുള്ളതുമല്ല. മധുരം മധുരമായി വെറുതെ നിൽക്കുകയാണ്. അത് അടയാളമാണ്. എന്നാൽ അതിൽ ധാരാളം പതനങ്ങളും വഞ്ചനകളും അടങ്ങിയിരിക്കുന്നു .മധുരം നുണയുമ്പോൾ കയ്പായി മാറാം. കയ്പാണെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വിലപ്പെട്ടതെന്ന് കരുതുന്നതോ ആഹ്ലാദകരമെന്ന് വാഴ്ത്തപ്പെട്ടതോ നമ്മെ എപ്പോഴാണ് ക്രൂരമായി ചതിക്കുകയെന്നറിയില്ല .ലോകം സ്ഥിരമായി ,വ്യവസ്ഥാപിതമായി നിർത്തുന്നതിനെയാണ് കവി അട്ടിമറിക്കുന്നത്. കവിതകൾ സൃഷ്ടിച്ച പരിപ്രേക്ഷ്യങ്ങളിൽ നിന്നു പോലും വ്യതിചലിച്ചു കൊണ്ടു വേണം ഒരു യഥാർത്ഥ കവിക്ക് എഴുതാൻ. കാരണം ,യാഥാർത്ഥ്യം എവിടെയാണ് ? വസ്തു ഇല്ലല്ലോ ;വ്യാഖ്യാനങ്ങളും വർണനകളും വിലയിരുത്തലുകളും മാത്രമാണുള്ളത്. ഒരു പൂവ് ,ഒരു കടൽ ,ഒരു നക്ഷത്രം എല്ലാം മനുഷ്യ മനസിൽ ഭാവനകളും സാഹിത്യ പരിപ്രേക്ഷ്യങ്ങളുമായി വിഘടിക്കപ്പെടുകയാണ്. യാതൊന്നിൻ്റെയും അനന്യത എവിടെയുമില്ല. പ്രപഞ്ചം വീക്ഷണങ്ങളും വിചിന്തനങ്ങളുമായി വേർപിരിയുകയാണ്. അവിടെയാണ് യഥാർത്ഥമായ യാഥാർത്ഥ്യത്തെ തേടേണ്ടി വരുന്നത് .ഒരിടത്തും കാവ്യപരമായി പൊതിഞ്ഞു വയ്ക്കപ്പെടാത്ത ഒരു വസ്തുവുമില്ല. 

    ശലഭം പുതുതായി പറക്കുകയാണ് 

    ലോകം പണിതുവെച്ച മനോഹര രുചികൾ തനിക്ക് വേണ്ടിയുള്ളതല്ലെന്നു കവി സൂചിപ്പിക്കുകയാണ്. തൊട്ടടുത്ത വരി മറ്റൊരു അടയാളത്തെക്കുറിച്ചാണ്. അത് നിശാശലഭമാണ്. സുന്ദരവും ക്ഷണികവുമായ ആ ശലഭത്തിന്റെ പറക്കൽ ഒരു ദുർഗ്രഹതയാണ് .അത് കവിയുടെ ശിരസ്സിനു മുകളിൽ എന്തോ പരതുകയാണ് .വാസ്തവത്തിൽ അത് അയ്യപ്പൻ എന്ന കവിയാകണമെന്നില്ല. മഹാസൗന്ദര്യവുമായി അവതരിച്ച ശലഭം എന്താവും അശരണനും നിരാശനുമായ ഒരു കവിയിൽ നിന്നു പ്രതീക്ഷിക്കുന്നത്? ഒരു കാര്യം വ്യക്തമാണ്: ശലഭത്തെക്കുറിച്ച് കവികൾ എഴുതി ഉറപ്പിച്ചെടുത്തതൊന്നും ഇനിമേൽ യഥാർത്ഥ്യമല്ല എന്ന ആശയമാണ് അത് സംവേദനം ചെയ്യുന്നത്.അത് ഒരു ശലഭമായിരിക്കുന്നതിന്റെ നിശ്ചിതവും ആശയങ്ങളാൽ നിക്ഷിപ്തവുമായ  ഭാവുകത്വത്തെ വഹിക്കാൻ ഇഷ്ടപ്പെടുന്നില്ല .ശലഭം പുതുതായി പറക്കുകയാണ്. പൂർവ്വകാലങ്ങളിൽ പറന്ന ശലഭങ്ങളിൽ നിന്ന് വേറിട്ടു പറക്കാൻ ആ ശലഭത്തിനു ആഗ്രഹിക്കാമല്ലോ .അവിടെയാണ് കവിതയുള്ളത്. അങ്ങനെയുള്ള ഉദ്യമത്തിൽ അതിനു ഒരു കവിയുടെ ശിരസ്സ് പ്രിയങ്കരമാവും. കാരണം ,അർത്ഥത്തിന്റെ നിലവാരപ്പെടൽ ,ഉറപ്പിക്കൽ പ്രക്രിയകളിൽ നിന്ന് അകന്ന് ദുർഗ്രഹമായ ഒരു സ്ഥലരാശിയിലൂടെ അത് സ്വതന്ത്രമായി പറക്കുകയാണ്, ഏതോ അനന്യതകളിലേക്ക്.അത് പുതിയ ഒരു വൃത്തം ചമയ്ക്കുകയാണ് .ഇതല്ലേ സൗന്ദര്യം? ജീവിതത്തെ അറിയാനായി പുതിയൊരു മിത്ത് സൃഷ്ടിക്കുകയാണിവിടെ .എന്നിട്ടും അത് അസംബന്ധമോ അർത്ഥശൂന്യമോ ആയി  അവശേഷിക്കുന്നു.

    വാക്കറ്റ പക്ഷി പാടുന്നേയില്ല എന്ന് പറഞ്ഞതിൽ നിന്നു നമുക്ക് അനുമാനിക്കാവുന്നത് നമ്മൾ ഓരോരുത്തരും ഓരോ തരം പക്ഷിയാണെന്നാണ്. എവിടേക്കോ  പറക്കുന്നു .ചിറകടിച്ച് കരഞ്ഞു പറക്കുന്ന നമ്മൾ ചിലപ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നു. അല്ലെങ്കിൽ പറന്നു ദൂരേക്ക് പോകുന്നു. മിക്കപ്പോഴും നമ്മൾ പറന്നു തളർന്ന പക്ഷികളാണ് .നമുക്ക് ദൂരേക്ക് പോകാനാവില്ല .അതിനാൽ നാം പാട്ടു നിർത്തിയവരാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയത് പ്രകാരം മൗനമായിരുന്നു നമ്മുടെ ഭക്ഷണം. സഹനങ്ങളിൽ നാം പഠിച്ചത് നിശ്ശബ്ദതയുടെ ഭാഷയാണ്. 

    എല്ലാ സാഹചര്യങ്ങളും എതിരാകുമ്പോൾ നമുക്ക് നിശ്ശബ്ദതയിൽ അഭയം തേടാം. നിശ്ശബ്ദത ആരുടെയും അധീനതയിലുള്ള ഭൂമിയല്ല .അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ പരിത്യക്തരും വിമുഖരും പരാധീനരും അവിടേക്ക് പോയി മറയുന്നു. പറക്കാൻ കഴിയുന്ന പക്ഷികൾ പെട്ടെന്ന് നിശ്ശബ്ദരായിരിക്കുന്നു.അവർ കണ്ട കാഴ്ചകളാകാം അതിനു കാരണമായത്. പക്ഷികൾക്ക് വാക്കുകൾ നഷ്ടപ്പെടാറുണ്ടെന്ന്  അയ്യപ്പൻ പറയുന്നതിൽ ഒരു സൂക്ഷ്മ നിരീക്ഷണമുണ്ട്. മനുഷ്യനും പറക്കാൻ കഴിയും, അവൻ്റെ മനസ്സിനുള്ളിലൂടെ.

    ഐറിഷ് കവി സീമസ് ഹീനെ (Seamus Heaney) ഇങ്ങനെ അഭിപ്രായപ്പെടുന്നു :"I think that self forgetfulness ,self entrancement ,is part of the action of writing ,certainly of writing verse .To dwell silently on something within yourself ,to forget that you are there watching yourself in action that is the achievement and that is the desire."
    ആത്മവിസ്മൃതി ,ആത്മപ്രവേശനം എന്നിവ കവിതയെഴുത്തിൽ ഒഴിവാക്കാനാവില്ല. നിശ്ശബ്ദമായി  നിങ്ങളുടെയുള്ളിലുള്ള ഏതോ കേന്ദ്രത്തിലേക്ക് പോയി നിങ്ങളെത്തന്നെ വിസ്മരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടം .കവിയുടെ രചനാപ്രക്രിയ ഇതാവശ്യപ്പെടുന്നു.അയ്യപ്പൻ തന്നിലേക്ക് തന്നെ സഞ്ചരിക്കുന്നത് ,ഏറ്റവും അനന്യമായ അറിവുകൾക്ക് വേണ്ടിയാണ് .

    അവ്യക്തത സൗന്ദര്യമാണ് 

    പിന്നീട് തുരുമ്പിച്ച തോക്കിന്റെ കഥ പറയുന്നു. ആ തോക്ക് വെടിയുതിർത്ത കാര്യമല്ല കവിയെ വേട്ടയാടുന്നത്; അത് പരിചിതമായ ആരുടെയോ സ്പർശത്തെ ഓർമ്മിപ്പിക്കുന്നു. ആ  കൈകളുടെ ഗന്ധം തോക്കിലുണ്ട്. ആരായിരിക്കും ആ  തോക്ക് ഉപയോഗിച്ചിരിക്കുക?. എന്നാൽ അതിൽ തന്നെ മറ്റൊരു വസ്തുതയുമുണ്ട് .ആ തോക്ക് സമീപത്തെങ്ങും ഉപയോഗിച്ചിട്ടില്ല.
    അതുകൊണ്ടാണ് അത് തുരുമ്പിച്ചു താഴെ വീണു കിടന്നത്.യാദൃശ്ചികമായി, അത് പഥികൻ്റെ കാലിൽ തടഞ്ഞതാണ്. ആരെയോ വെടിവെച്ചു കൊന്നശേഷം തോക്ക് ഉപേക്ഷിച്ച് കൊലയാളി കടന്നു കളഞ്ഞതാകാം. കൈകളുടെ ബന്ധം പഥികനു പരിചയമുള്ളതാണ് എന്ന പ്രസ്താവന ഏറ്റവും ഉദ്വേഗമുണ്ടാക്കുന്നതാണ്. 

    ഇന്നലെ നമ്മുടെ സുഹൃത്തായിരുന്നവൻ ആരെയോ കൊന്നിരിക്കുന്നു .അവൻ ഒളിച്ചു പോയിരിക്കുകയാണ്. കവിയുടെ സുഹൃത്തുക്കൾ സൗഹൃദങ്ങൾ ഉപേക്ഷിച്ചു കൊല്ലാൻ കെല്പുള്ളവരായി വളർന്നിരിക്കുന്നു. കൊന്നും മറഞ്ഞും ജീവിക്കുന്നവർക്കിടയിൽ തൻ്റെ പ്രസക്തി എന്താണെന്ന് ,അവനവനെ പോലും കൊണ്ടുനടക്കാൻ ശേഷിയില്ലാത്തവനു ചിന്തിക്കാവുന്നതാണ് .പിന്നെ എഴുതുന്നത് ,പാതയിലെ രുധിര വർണ്ണപ്പൂക്കളെക്കുറിച്ചാണ്. രക്ത നിറമുള്ള പൂക്കൾ പാതയിൽ രക്തസാക്ഷികളെ പോലെ ചിതറിക്കിടക്കുന്നു. ഈ കവിതയിലെ ബിംബങ്ങളെല്ലാം പരസ്പരം വിഘടിച്ചും അകന്നും കഴിയുകയാണ്. പലതരം ബിംബങ്ങൾ ഏതോ ആന്തരിക പൊരുത്തത്താൽ കവിതയിലേക്ക് വന്ന് താളമുണ്ടാക്കുന്നു .
    മധുരം, നിശാശലഭം, പക്ഷി, തോക്ക്, രക്തശോഭമാർന്ന പൂക്കൾ ഇവയെല്ലാം കവിയിൽ പല കാലങ്ങളും പല മനുഷ്യരുമായി പിരിയുന്നു.

    അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ പോലെ അവ പുതിയൊരു പിറവിക്കായി പ്രതീക്ഷിക്കുകയാണ്. യുക്തിയും ക്രമവും ഇല്ലാതായ ഈ ലോകത്ത് തനിക്ക് ഓരോന്നും പുതിയ ഭയമാണ് തരുന്നത്. എല്ലാത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു .അവ്യക്തമായ ഒരു ഭാഷയായി കവിത പരിണമിക്കുകയാണ്.ഇത് കവിതയെ അനുഭവിക്കുന്നതിനു തടസ്സമല്ല .ഈ അവ്യക്തത സൗന്ദര്യമാണ്. ഇത്  വാസ്തവത്തിൽ കവിതയുടേതല്ല;  ജീവിതത്തിൻ്റേതാണ് .ജീവിതം നൽകുമെന്ന് കരുതിയിരുന്ന യുക്തിയും ക്രമവും ഇല്ലാതായിരിക്കുന്നു ;പകരം ലഭിക്കുന്നതാകട്ടെ ഭ്രാന്തും വൈരുദ്ധ്യവും പലായനവുമാണ്. ഭയമാണ് ആകെയുള്ള ബോധം. 

    "നിലാവിനെ തിന്നു തീർത്ത പക്ഷി
    ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
    കശാപ്പുകാരന്റെ അശരീരി."

    ഈ വരികളിലുള്ളത് ആ ഭയമാണ്. അതാകട്ടെ യുക്തിരഹിതവുമാണ്. കവിക്ക് മാത്രം മനസ്സിലാകുന്ന ഭയമാണത്. തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഈ ഭയം മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതിൻ്റെ തെളിവ് എന്ന് കവി തിരിച്ചറിയുന്നു. അത് 'മൊഴിയിൽ തെളിവ് പാടില്ല 'എന്ന കവിതയിൽ ഇങ്ങനെ വ്യക്തമാക്കുന്നു :

    "തൊണ്ടയില്ലാത്ത ഒരു 
    കരച്ചിലായിരുന്നു രാത്രി 
    അവനിനിപ്പാടുകയില്ല 
    പെങ്ങളുടെ മടിയിലുറങ്ങുകയില്ല 
    ഒറ്റച്ചവിട്ടിനാണ് 
    അവൻ്റെ ഓടക്കുഴൽ തകർത്തത് ."

    പേടിസ്വപ്നത്തിലെന്ന പോലെ  ജീവിതം സ്നേഹശൂന്യമാവുകയും പരിചിതമായതെല്ലാം  അപരിചിതമാവുകയും ചെയ്യുന്നു. ഉപരിതലത്തിലെ കാഴ്ചകൾ കണ്ട് അതിനോട് സൗമ്യമായി പ്രതികരിച്ചു കടന്നുപോയ കവിയല്ല എ .അയ്യപ്പൻ .അദ്ദേഹം കോൺക്രീറ്റ് ചെയ്ത് മൂടിവച്ച് നഗ്നസത്യങ്ങൾ പുറത്തെടുക്കാൻ രാത്രിയും പകലും  അധ്വാനിച്ചവനാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ അതിന്റെ സ്ഥാനവും സമയവും നോക്കി ,ഈ ലോകജീവിതത്തിൽ അതിനുള്ള സ്ഥാനമെന്താണെന്നു പ്രവചിക്കാൻ കഴിഞ്ഞ അപൂർവ രചയിതാക്കളിൽ ഒരാളാണ് അയ്യപ്പൻ. അദ്ദേഹം കവിതയെ സമൂലം മാറ്റിമറിച്ചു .കവിതയുടെ എല്ലാ വരേണ്യതയും നശിപ്പിക്കുകയും അതിനു ഏറ്റവും പതിതനായ മനുഷ്യൻ്റെ ,അലഞ്ഞ ജീവിയുടെ അന്തരംഗത്തിൻ്റെ സ്വരം നൽകുകയും  ചെയ്തു. അതേസമയം ,അയ്യപ്പൻ്റെ കവിതയിൽ വികാരങ്ങൾ കുത്തിയൊഴുകുന്നില്ല. ഭാഷയുടെ ഉന്നതമായ സംസ്കാരം ഓരോ വരിയിലുമുണ്ട് .വാക്കുകളെ പൊട്ടിക്കരയാൻ അനുവദിക്കാതെ, അദ്ദേഹം പ്രബുദ്ധമായ ഒരു വിതാനം നൽകുന്നു .വാക്കുകളെ ബുദ്ധൻ്റെ ബോധിവൃക്ഷച്ചുവട്ടിലേക്കാണ് അയ്യപ്പൻ ആട്ടിത്തെളിച്ചത്. വാക്കുകളുടെ ആട്ടിടയനാണ് കവി. ഓരോ വാക്കും ലക്ഷ്യത്തിലെത്തണം. ഒന്നും വഴിമാറിപ്പോകരുത്. 

    കവിതയുടെ അസംസ്കൃത വസ്തുക്കൾ 

    'ജയിൽ മുറ്റത്തെ പൂക്കൾ' എന്ന് ഒരു കവിതാസമാഹാരത്തിനു പേരിടുന്നത് എത്രയോ ആഴത്തിലുള്ള ഒരു ചിന്തയുണർത്തുന്നു. ജയിലിനുള്ളിൽ ഏകാന്തതയും വേർപെടലും ദുഃഖവുമാണുള്ളത്. എന്നാൽ ആ പൂക്കൾ ചിരിക്കുകയാണ്; പ്രകൃതിയനുവദിച്ച സമയം പരമാവധി ലഹരിയിൽ ആവാഹിക്കാൻ അവ പാടുപെടുന്നു.പ്രതീക്ഷയുടെ കണ്ണുകൾ പൂക്കൾക്ക് ഉപേക്ഷിക്കാനാവില്ല.  സൗന്ദര്യത്തെ ഇങ്ങനെയാണ് പിന്തുടരേണ്ടത് .

    "റോസിനു ഒരുമ്മ കൊടുത്തു. അഴികളിലൂടെ നോക്കിയാൽ നിലാവത്ത് ചിരിക്കും
    വെളുത്ത മൊസാൻ്റ .
    ................
    മോചിതനാകേണ്ട നാൾ വന്നു.
    എൻ്റെ പേർ വിളിക്കപ്പെട്ടു .
    ചെടികൾ കാറ്റത്താടി 
    എല്ലാ പൂക്കളും എന്നെ നോക്കി
    ഹായ് 
    എൻ്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി"

    ആധുനികകവിതയുടെ വ്യർത്ഥചിന്തയോ അന്യതാബോധമോ ഒന്നും കവി അതേപടി ഇവിടെ ആവിഷ്കരിക്കുന്നില്ല. അയ്യപ്പൻ തന്റെ സാഹസികവും ക്രമം തെറ്റിയതുമായ യാത്രകളിലൂടെ കവിതയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുകയാണ് .അദ്ദേഹം സ്വന്തം വ്യസനത്തിന്റെയും തകർച്ചയുടെയും നിസ്സഹായതയുടെയും വഴികളിലൂടെ നടന്ന് തൻ്റേതായ സൗന്ദര്യം സൃഷ്ടിക്കുകയാണ്. ഓരോ വസ്തുവിലും കവി തൻ്റെ ആത്മാവിനോട് ഏതോ ഭാഷയിൽ സംവദിക്കുന്ന പല ജീവികളെ കണ്ടുമുട്ടുന്നു. 

    ഒരാൾ കവിതയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ, കവിതയെ അത്രയ്ക്കങ്ങു ആശ്രയിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഏത് യാഥാസ്ഥിതിക സമൂഹത്തിലും ഉയരാവുന്നതാണ്. മല്ലാർമെ ,ബോദ്ലേർ തുടങ്ങിയ കവികളെപ്പോലെ കവിതയുടെ അന്ത:ക്ഷോഭങ്ങൾ സ്വശരീരത്തിലേക്കും അസ്തിത്വത്തിലേക്കും  ഇറക്കിക്കൊണ്ടുവരുന്നത് ആപത്തല്ലേ എന്നു പ്രായോഗികമതികളായ അധ്യാപകർക്കൊക്കെ ചോദിക്കാവുന്നതാണ്. അതിനുള്ള കാരണങ്ങൾ ആലോചനയ്ക്ക് വിഷയമാണ്. മനുഷ്യൻ ഇതൊന്നുമില്ലാതെ ജീവിച്ചാൽ തനിയെ അർത്ഥം കൈവരുമോ? മനുഷ്യാസ്തിത്വം നിത്യമായ ദുർഗ്രഹതയിലാണുള്ളത് .ഓരോ നിമിഷവും അത് അനാവരണം ചെയ്യേണ്ടിയിരിക്കുന്നു .വളരെ നാളുകൾക്ക് മുൻപ് സംഭവിച്ചതും വ്യക്തതയുള്ളതുമായ കാര്യങ്ങൾ പോലും കുറേക്കാലം കഴിയുമ്പോൾ അവ്യക്തവും അസാധാരണവുമായ വിധം ദുർഗ്രഹമായിത്തീരുന്നു. മനസ്സിലേക്ക് വീണ ഒരു കനലാണത്; അറിയത്തക്കതല്ലാത്ത അസ്തിത്വത്തെയും കാലത്തെയും അത് എരിക്കുന്നു.

    കവി ചിതലിനെ പോലെയാണ് ചിലപ്പോൾ .അയാൾ ഭൂതകാലത്തെ ഒരു കടലാസു തുണ്ടു പോലെ മുറിച്ചു മുറിച്ച് ഭക്ഷിക്കുകയാണ്. അതിൽ മതി വരാത്തപ്പോൾ അയാൾ തനിക്ക് പറ്റിയ വസ്തുക്കൾ അന്വേഷിച്ചു നീങ്ങുന്നു .എന്നാൽ ഒരു വ്യത്യാസമുണ്ട് ;കവി ഒറ്റയ്ക്കാണ് യാത്ര. അയാളുടെ ഉള്ളിലാണ് മറ്റു സഹയാത്രികരുള്ളത് .അയാൾ ദ്രവിക്കാൻ തയ്യാറായി അവശേഷിക്കുന്നതെല്ലാം പരിശോധിക്കുന്നു.സകല സംസ്കാരങ്ങളോടും ചിതലിന് എന്താണ് ചെയ്യാനുള്ളതെന്ന് ഓർക്കാതെ ,അതിനു സമാനമായി കവി പ്രവർത്തിക്കുന്നു. എല്ലാറ്റിലും  തന്നെക്കുറിച്ചുള്ള ഏതോ വിവരങ്ങൾ അടക്കം ചെയ്തിരിക്കുന്നു എന്ന അറിവാണ് കവിയെ പ്രചോദിപ്പിക്കുന്നത്.

    അയാൾ വ്യക്തി എന്ന നിലയിൽ ഏകാന്തനായിരിക്കുമ്പോഴും, നൂറുകണക്കിനു ഭൂതകാല സ്മൃതികളും കാലങ്ങളും പ്രകൃതിയും അയാളിലേക്ക് കിതച്ചെത്തി പലതായി ചിതറുന്നു.  ഓരോന്നിന്റെയും സ്ഥാനവും അർത്ഥവും അയാളെ അസ്വസ്ഥനാക്കുന്നു.ജീവിച്ചിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു നീതികരണം വേണം .ചിലപ്പോൾ യുക്തി തന്നെ പൊട്ടിപ്പോകുന്നു. ബിംബങ്ങൾ മാത്രമായി പലതും ഉപേക്ഷിക്കപ്പെടുകയാണ് മനസ്സിന്റെ അനാഥമായ മണ്ണിൽ .ജീവിച്ചിരിക്കാൻ വേണ്ടി എഴുതേണ്ടി വരുന്നു .എഴുതുന്നതിലൂടെ  ജീവിതത്തിലെ അവിശ്വാസങ്ങളും മിഥ്യകളും മറ്റൊരു മാനത്തിലേക്ക് വളരുന്നു .എഴുത്തുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന കാര്യം അവനവനെക്കുറിച്ചുള്ള മിഥ്യകളെ കുറേക്കൂടി അഗാധമായി സമീപിക്കാമെന്നതാണ് .

    എന്തല്ല ഞാൻ ?

    എന്താണ് ഞാൻ എന്നു ചോദിക്കുന്നതിന് പകരമായി എന്തല്ല ഞാൻ എന്നു പറയുന്നത് എളുപ്പമാണെന്നു അയ്യപ്പൻ്റെ കവിതകൾ കാണിച്ചുതരുന്നത് ഇങ്ങനെയാണ് :

    "വേരുകൾ പൊട്ടി 
    മരമായ്
    ശാഖികൾ വീശി
    തളിരിടും 
    പൂമരമല്ല 
    എൻ്റെ പ്രേമം 
    എൻ്റെ പ്രേമത്തിനു 
    നെല്ലിമരത്തിന്റെ ചിഹ്നം 
    നെല്ലിപ്പഴത്തിൻ്റെ രുചിഭേദങ്ങൾ;
    പെട്ടെന്നു നിശ്ചലമാകുന്ന കാട്ടാറ്
    വീണ്ടും ഒറ്റക്കുതിപ്പിലൊഴുകുന്ന പോലെ 
    കയ്പിൽ നിന്നും 
    മധുരത്തിന്റെ മോക്ഷഗാനം 
    ജന്മനാ ചിരിച്ച കുഞ്ഞുറങ്ങുമ്പോൾ
    കരതലാമലകം 
    കയ്പിലേയുപേക്ഷിച്ച 
    പരാജിത കാമുകന്റെ ഗൃഹത്യാഗം."
    (പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)

    പ്രേമവും നെല്ലി മരവും തമ്മിൽ ഒരു ബന്ധം കവി കാണുകയാണ് .ഇത് തന്റെ മാത്രം പ്രേമമല്ല ,തന്നെപ്പോലെ പ്രേമിച്ചവരുടെ എല്ലാ പ്രേമമാണെന്ന് കവിക്കറിയാം. ആദ്യം കയ്പാണ്, പിന്നെ മധുരവും.മോക്ഷം എപ്പോഴും ഒറ്റയ്ക്കാണ്. ഒരാളെ കൂടെ കൊണ്ടുവരാൻ ഒരു ദൈവവും അനുവദിക്കില്ല. ഏകവ്യക്തിയുടെ കാര്യകാരണങ്ങൾക്കൊടുവിലാണ് മോക്ഷത്തിന്റെ സാധ്യതയുള്ളത്. കയ്പ് മാത്രമായ ജീവിതം പിന്നീട് മധുരിക്കുന്നത് ,ഒരു മിസ്റ്റിക് ഭാവം മനസ്സിലുള്ളതുകൊണ്ടാണ് .ഒന്നും തന്നെ നേടാനുമില്ല, നഷ്ടപ്പെടാനുമില്ല എന്നറിയുന്നത് ശാന്തത നൽകും.

    അയ്യപ്പൻ തൻ്റെ അത്യപാരമായ ദർശനേന്ദ്രിയം കൊണ്ട് ഭൗതികജീവിതത്തിന്റെ അരികുകൾ ഭേദിച്ച് മഹാരഹസ്യങ്ങൾ ചൂഴ്ന്നെടുക്കുകയാണ്. വിചിത്രമായ കാഴ്ചകൾ അദ്ദേഹത്തെ തേടിയെത്തുന്നു. ഉള്ളിൽ ഈ കവി മറ്റൊരു മനുഷ്യനായിരുന്നു. വേറൊരു ആത്മകഥയുള്ള കവി .അഭിമുഖീകരിക്കേണ്ടി വന്ന ഓരോ വസ്തുവിലേക്കും നോക്കി  കവി അപരിചിതമായ കാഴ്ചകൾ ദർശിക്കുന്നു. നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദർശനം.

    "ദൈവമെനിക്ക്
    ഉൽപതിഷ്ണുവിൻ്റെ 
    കാലിൽ കൊത്തുന്ന
    സർപ്പം;
    കലമാനിനെ കടിച്ചുകൊണ്ടോടുന്ന
    കടുവയാകുന്നു കാലം."

    ഈ കാഴ്ച ഉള്ളിലെ അപരൻ്റെ ഇളക്കങ്ങളാണ്. ഒരു പമ്പരമാക്കി തന്നെ തെരുവിലേക്കിറക്കി വിട്ടത് ദൈവമല്ലേ? ?എങ്കിലും കവി  പൂർണമായി സ്വതന്ത്രനാകാൻ ശ്രമിക്കുന്നു .അവനു സത്യം വിളിച്ചു പറയാതിരിക്കാനാവില്ല. അയ്യപ്പൻ വായിച്ചതോ പഠിച്ചതോ ഒന്നുമല്ല അദ്ദേഹത്തിൻ്റെ കവിത. അത് വേറൊരു ഗ്രഹം പോലെ വ്യത്യസ്തമാണ്. ലോകം സറിയലിസ്റ്റ് ബിംബങ്ങളായും അർത്ഥരഹിത സ്വപ്നങ്ങളായും ഈ കവിയിൽ പുതുതായി പിറക്കുന്നു. ജ്ഞാനമാണ് കവിതയായി മാറുന്നത്. 

    "പാറകൊണ്ടൊരു ദൈവമുണ്ടാക്കൂ 
    ചോരകൊണ്ടൊരു ഭൂപടമുണ്ടാക്കൂ 
    വേദനകളെ ഭൂപാളമാക്കൂ."
    എന്ന് എഴുതുന്നത് മറ്റൊരു  സുവിശേഷമാണ് ,വേറൊരു ഭാഷയിലാണ് അത്  സംവദിക്കുന്നത്.

    മലയാളകവിതയിൽ വാക്കുകൾ കൊണ്ട് അപരിചിത അർത്ഥങ്ങളും സംവേദനങ്ങളുമാണ് അയ്യപ്പൻ തേടിയത്. അദ്ദേഹം ബോധപൂർവ്വം ഒരു പരീക്ഷണവും കൊണ്ടു വന്നില്ല.എന്നാൽ അർത്ഥങ്ങളുടെ വ്യാകരണം കണ്ടെത്താൻ കവി ഒരു അന്യനാകുന്നു ,അനിവാര്യത പോലെ .

    ടി.എസ്. എലിയറ്റ് ഇങ്ങനെ പറഞ്ഞത് ഓർമ്മിക്കണം:I don't think one was constantly trying to reject things ,but just trying to find out what was right for oneself .I don't think good poetry can be produced in a kind of political attempt to overthrow some existing form.എലിയറ്റ് പറയുന്നത് ഒരു കവി തൻ്റെ ആവശ്യമെന്ന നിലയിലാണ് പുതിയ രൂപം തേടുന്നത്. അത് ഒഴിവാക്കാനാവില്ല. ചില വ്യവസ്ഥകളെ എതിർക്കണം എന്ന പൂർവ്വ നിശ്ചിത പദ്ധതിയല്ല അത്. കവിതയുടെ ആവശ്യത്തിനു ഒരു പുതിയ നിഷേധവും രുപവും ഭാവനയും ഭാഷയും ഉണ്ടാകുകയാണ്. അയ്യപ്പൻ്റെ വഴിയും ഇതായിരുന്നു. 




  •  or