Followers

Wednesday, January 1, 2025

പിതൃപുരുഷബീജാങ്കുരങ്ങളുടെ യാത്രയ്ക്ക് നന്ദി /എം.കെ.ഹരികുമാർ

 





  • എല്ലാ മഹാന്മാരായ ചിന്തകന്മാരും മതപ്രബോധകന്മാരും മനുഷ്യൻ്റെ
    നടപ്പാതയ്ക്ക് മുന്നിൽ ഒരു പുതിയ സ്വപ്നം കണ്ടു .സമ്പൂർണമായ ഒരു മനുഷ്യഭാവത്തിനായി അവർ സ്വയം പരിതപിച്ചു. വിമർശനങ്ങൾക്ക് കണക്കില്ല. എല്ലാ വിമർശനങ്ങളും  തന്നിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് അറിയാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവില്ല.എന്നാൽ സ്വന്തം തെറ്റുകളെ ആത്മാർത്ഥമായി വിലയിരുത്തുന്ന നിമിഷം എന്നാണ് വരുക ?ശുദ്ധമായ ഒരാത്മവിമലീകരണം ഉണ്ടാവുമോ ?മതങ്ങളുടെയോ പൗരോഹിത്യത്തിൻ്റെയോ പശ്ചാത്തലത്തിൽ ഒരു ആത്മതാപവിചാരണ എന്നുണ്ടാകും? . ചെയ്ത ദ്രോഹങ്ങളുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞ് ആത്മശുദ്ധത നേടാനാകുമോ ?ഷേക്സ്പിയറിൻ്റെ നാടകത്തിൽ പറയുന്നു: The fault ,dear Brutus,is not in our stars,but in ourselves .നക്ഷത്രങ്ങളെ പഴിക്കേണ്ട.  തെറ്റുകളുടെ ഉത്തരവാദിത്തം നമ്മളിൽ തന്നെയാണ്. തെറ്റുകളുടെ പ്രഭവകേന്ദ്രം തന്നെ നമ്മളായിരിക്കെ ആരോടു പരാതി പറയും ?.വലിയ സേവനവും ത്യാഗവും ചെയ്യുന്നവരിൽ പോലും അഹന്തയും ദുരഭിമാനവും ഹിംസാവാസനയും നിലനിൽക്കുകയാണ്. തീർത്തും നിസ്വനായ ഒരു പരിവ്റാജകനെ  സങ്കൽപ്പിക്കേണ്ടതുണ്ട്. സ്വന്തം ആത്മാവിൽ അഗ്നിയുമായി ശാശ്വതമായ സത്യത്തെ തേടി നടന്ന ഗുരു ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് നാം യാതൊരു പ്രാണികൾക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികൾ ചെയ്തു സന്മാർഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധദൈവങ്ങളെ ഭജിച്ചു പ്രസാദിപ്പിക്കണം. അപ്പോൾ ഇവരുടെ അനുഗ്രഹംകൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹിക ഭോഗങ്ങൾ സകലവും ന്യായമായി അനുഭവിച്ച് തൃപ്തി വന്ന്  ഭോഗങ്ങളിൽ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു."

    നല്ല മനുഷ്യനായാൽ സ്വന്തം പാപശ്രംഖലയിൽ നിന്ന് മോചിതനാകാമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നാം ശുദ്ധരായാലേ  ശുദ്ധദൈവങ്ങളെ ലഭിക്കൂ എന്നു ഗുരു എഴുതിയിരിക്കുന്നു.നമ്മുടെ പ്രാർത്ഥനയിൽ നല്ല ചിന്തയും മൂല്യവും ഉണ്ടാകണമെങ്കിൽ പ്രവൃത്തിയിലും അത് പ്രതിഫലിച്ചിരിക്കണം .സ്വന്തമെന്നു കരുതുന്നതെല്ലാം അഴിഞ്ഞു പോകാനുള്ളതാണ്. സ്വന്തത്തെക്കുറിച്ചുള്ള മിഥ്യാധാരണകളിൽ നിന്നു ഇടയ്ക്കെങ്കിലും വിമോചനം ആവശ്യമാണ്. അപ്പോൾ എന്താണ് യഥാർത്ഥ 'ഞാൻ' എന്നു ചിന്തിക്കാൻ കഴിയും .എല്ലാ പൊങ്ങച്ചങ്ങളും  അവകാശവാദങ്ങളും മിഥ്യയാണെന്നു മനസ്സിലാക്കാൻ അവസരമുണ്ടാകണമെങ്കിൽ അനാവശ്യമായത് ഉപേക്ഷിക്കാൻ സ്വയം പരിശീലിക്കണം. നമുക്ക് ആവശ്യമില്ലാത്തത് സ്വന്തമാക്കാനുള്ള വെമ്പൽ എവിടെയും പ്രകടമായിരിക്കയാണ്. 

    ഒരു ക്രൂര മൃഗമാവരുത്

    "നാശോന്മുഖമായ ഒരു സാഹചര്യമാണിത്. ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാകുമ്പോൾ ബ്രഹ്മജ്ഞാനികളാകുന്നു" എന്നു ഗുരു പറയുന്നത് ശ്രദ്ധിച്ചു നോക്കിയാൽ അത് സത്യത്തെ തേടുന്ന മനസ്സിന്റെ ഒരു വഴിയാണെന്ന് ബോധ്യപ്പെടും." ബ്രഹ്മജ്ഞാനമെന്നാൽ  സത്യജ്ഞാനമാണ്. കളവിൽ നിന്നു  നമ്മെ തന്നെ മോചിപ്പിക്കണം. എന്തുകൊണ്ടാണ് കളവ് ആവശ്യമായി വരുന്നത്?. കളവ് കൈവശമുണ്ടെങ്കിൽ ഭൗതികജീവിതത്തിൽ രഹസ്യമായി വിജയിക്കാം എന്ന ചിന്തയാണിത് .എല്ലാ വ്യാജത്വത്തെയും  മനുഷ്യൻ കൂട്ടുപിടിക്കുന്നത് ജീവിതാസക്തി മൂലമാണ്. ജീവിതാസക്തി എന്നാൽ ക്രൂരമായ ഒരു നായാട്ടാണ്. മുന്നിൽ വരുന്നതിനെ യെല്ലാം തിന്നു മുന്നേറുന്ന ക്രൂരമൃഗങ്ങളുടെ സ്വഭാവം അതിൽ  അന്തർഭവിച്ചിരിക്കുന്നു. സ്വതന്ത്രനാവുക എന്ന മോഹം അവിടെയില്ല. ക്രൂരവും നാശോന്മുഖവുമായ ചിന്തകൾ കൊണ്ട് സ്വാതന്ത്ര്യത്തെ ഭയചകിതമാക്കുകയാണവിടെ. സ്വതന്ത്രനാകുന്നതിനു പകരം എല്ലാറ്റിന്റെയും പ്രലോഭനങ്ങൾക്ക് അടിമപ്പെടുന്നു .അങ്ങനെ സത്യം മറന്നു പോകുന്നു.ഗുരു പറയുന്നത്, ഇത് തിരുത്തി സത്യത്തെ തെളിച്ചെടുക്കണമെന്നാണ്. അതിനു ദ്രോഹചിന്തകൾ ഉപേക്ഷിക്കണം.

    ഇന്നത്തെ മനുഷ്യരുടെ കാതുകളിൽ ഇത് പ്രവേശിക്കുമോ? ദ്രോഹിക്കാൻ എത്ര ഉത്സാഹമാണ്. രണ്ടുപേർക്കു യാത്ര ചെയ്യാവുന്ന സർക്കാർ ബസിൽ പോലും സമാധാനത്തോടെ, അമിത അഹന്തയില്ലാതെ ഇരുന്ന് യാത്ര ചെയ്യാൻ പോലും കഴിയാത്തവരാണ് അധികവും. സ്വന്തം ആവശ്യം നിറവേറിയാലും അതിൽ സംതൃപ്തി നേടാൻ കഴിയുന്നില്ല. അന്യനെ എങ്ങനെ വെറുക്കാമെന്നാണ് ആലോചിക്കുന്നത് .എന്തൊരു ഗതികേടാണ്!. ഇങ്ങനെയുള്ളവർക്ക് ശുദ്ധദൈവത്തെ ശുദ്ധമനസ്സോടെ സമീപിക്കാനാവില്ല. അവർ ദൈവങ്ങളെ തങ്ങളുടെ ദുരാഗ്രഹങ്ങൾകൊണ്ട് ചീത്തയാക്കി കൊണ്ടിരിക്കും.അങ്ങനെ അവർ തന്നെ ബന്ധിതരും സത്യത്തോട് വിമുഖതയുള്ളവരുമായിരിക്കും. ജ്ഞാനം കൊണ്ട് മാത്രമേ സ്വാതന്ത്യം ലഭിക്കൂ.അതാണ് ഗുരു ഭോഗത്തിൽ വൈരാഗ്യമുണ്ടാവണമെന്ന് പറഞ്ഞത്. 

    അമിത സുഖാസക്തി വേണ്ട 

    ഭോഗം എന്നാൽ ലൈംഗികസുഖം എന്നു പരിമിതപ്പെടുത്തേണ്ട. ഭോഗം  അമിതമായ ആഗ്രഹങ്ങളോടുള്ള ആസക്തിയാണ്. സുഖം തേടാനുള്ള അത്യുൽസാഹമാണ്. അത് നമ്മെ മറ്റുള്ളവരിൽ നിന്നകറ്റും. സ്വന്തം സുഖം  മാത്രമല്ല ലോകം. മറ്റുള്ളവരുടെയും  സുഖം പ്രധാനമാണ്. നമ്മുടെ സുഖാസക്തി ലഘൂകരിച്ചിട്ട് നോക്കിയാൽ മറ്റുള്ളവരുടെ ജീവിതക്ളേശം ബോധ്യമാകും. അതും  ജ്ഞാനമാണ്. ജീവിതത്തെക്കുറിച്ചുള്ള അറിവ് അപ്പോൾ വർദ്ധിക്കും. അത് നമ്മെ കൂടുതൽ സത്യം കാണാൻ പ്രേരിപ്പിക്കും. അങ്ങനെ നമ്മൾ സ്വതന്ത്രരാകും. അപ്പോഴാണ് ബ്രഹ്മജ്ഞാനത്തിലേക്ക് പ്രവേശിക്കാനാവുന്നത്.

    ബ്രഹ്മം നമ്മുടെ ഓരോ നിമിഷത്തിലും, സ്പന്ദനത്തിലും ,കാഴ്ചയിലും അനുഭവത്തിലുമുണ്ട് .പക്ഷേ, ഒരു നിഴൽ കൊണ്ട് മറച്ചിരിക്കുകയാണ്. ആ നിഴലിനെ മാറ്റണമെങ്കിൽ നമ്മുടെയുള്ളിൽ ശുദ്ധദൈവങ്ങൾ കണ്ണു തുറക്കണം. അശുദ്ധ വാസനകളാൽ നാം ദൈവങ്ങളുടെ കണ്ണ് കെട്ടിയിരിക്കുന്നത് കൊണ്ട് അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല. നമ്മളിലെ ഉന്നതമായ നവമാനവചേതന താഴെ വീണു കിടക്കുമ്പോൾ തെറ്റുകളിലേക്ക് തന്നെ സഞ്ചരിക്കാതെ നിർത്തിയില്ലല്ലോ. "കയ്യിലിരിക്കുന്ന കൽപ്പക വൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ചു വിഷം കൊണ്ടു മരിക്കുന്നു" എന്ന്  ഗുരു പറയുന്നത് ശ്രദ്ധിക്കണം. നമ്മൾ നമ്മളിലുള്ള ശുദ്ധാത്മകതയെ കളഞ്ഞതിന്റെ ഫലമായി കയ്പേറിയ അനുഭവങ്ങളെ തന്നെ പിൻപറ്റേണ്ടി വരുന്നു. അതിൻ്റെ അറിവിലാണ്  ഷേക്സ്പിയറിൻ്റെ നാടകത്തിൽ ഇങ്ങനെ കാണുന്നത്:
    "Hell is empty and all the devil's are here"." നരകത്തിൽ ആരുമില്ല. അവിടെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പിശാചുക്കൾ ഇവിടെത്തന്നെയുണ്ട്. എത്രയോ ഉദാത്തമായി ജീവിക്കാൻ, ചിന്തിക്കാൻ അവസരം കിട്ടിയിട്ടും  അതെല്ലാം തല്ലിക്കൊഴിച്ച പിശാച് തന്നെയല്ലേ മനുഷ്യൻ ?മനുഷ്യനു മനുഷ്യത്വമില്ല. ഒരു പശുവിനു പശു ത്വവും പൂച്ചയ്ക്ക് പൂച്ചത്വവുമുണ്ട്.  പശു ഇറച്ചി കഴിക്കില്ല ;എന്തെന്നാൽ അതിന്റെ സ്വഭാവത്തിൽ പശുത്വമാണുള്ളത്. അതിൻ്റെ സ്വഭാവത്തിൽ നിന്ന് അത് വ്യതിചലിക്കുകയില്ല .എന്നാൽ മനുഷ്യനോ?. അവനു സ്വഭാവം തന്നെയില്ല. അവൻ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. അവനു ഒരു നിശ്ചിത പ്രകൃതിയോ പ്രകൃതമോ ഇല്ല .അവൻ എങ്ങനെയും പ്രവർത്തിക്കും. എല്ലാ ജീവികളിൽ നിന്നും വ്യത്യസ്തനായ മനുഷ്യനു  മനുഷ്യത്വം എന്ന ഗുണമില്ല. ഇതാണ് അവന്റെ ദുരന്തം .

    മനുഷ്യൻ മനുഷ്യത്വത്തെ ചിന്തയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ ബലത്തിൽ അവൻ മനുഷ്യത്വമുള്ളവനാണെന്നു തെറ്റിദ്ധരിക്കുന്നു ."പുത്രന് തള്ളയുടെ സ്തനത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല" - ഗുരു പറയുന്നു.മനുഷ്യത്വത്തെക്കുറിച്ച് സൂചന നൽകുകയാണ്. അമ്മയുടെ പാൽ കുടിക്കാനേ നമുക്ക് അവകാശമുള്ളു. അമ്മയെ കൊന്നു മാംസം ഭക്ഷിക്കാൻ അനുവാദമില്ല .ഈ മനുഷ്യത്വമാണ് നാം മനസ്സിലാക്കേണ്ടത് .എന്നാൽ മനുഷ്യർ ചെയ്യുന്നതെന്താണ് ?

    സ്നേഹത്തിനു മുന്നിൽ അവർ തലകുനിക്കും

    ആരോടും ബന്ധമോ സ്നേഹമോ ഇല്ലാത്ത ഏകാന്തജീവികളായി അവർ മാറിയിരിക്കുന്നു. സാർവത്രികമായ തിന്മയുടെ ആധിക്യത്തിൽ നിന്ന് രക്ഷനേടാനാണ് മനസ്സിൽ സ്നേഹമുണ്ടാകണമെന്നു മഹാഗുരുക്കന്മാർ ഉദ്ബോധിപ്പിച്ചത്. സ്നേഹം പ്രകൃതിയിലും ജീവികളിലുമുണ്ട്. ജീവികൾ തമ്മിൽ പോലും അത് പ്രകടമാണ്.ഒരു കാക്കയ്ക്ക് ,പൂച്ചയ്ക്ക് സ്നേഹം മനസിലാകും. സ്നേഹമുള്ളിടത്ത് അവർ തലകുനിക്കുന്നു. സ്നേഹം തങ്ങളെ സാർത്ഥകമായി  ബന്ധിപ്പിക്കുന്നതായി ആ ജീവികൾ ഉൾക്കൊള്ളുന്നു .എന്നാൽ മനുഷ്യർക്ക് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കേണ്ടി വരുന്നു. സ്നേഹം മഹത്താണെന്ന് കവികൾ എഴുതേണ്ടി വരുന്നു .കവികൾ എഴുതിയത് വായിക്കാതെ തന്നെ നമുക്ക് സ്നേഹം എന്താണെന്ന് തോന്നേണ്ടതല്ലേ?

    There are a thousand ways to kneel and kiss the  ground; there are a thousand ways to go home again എന്നു ജലാലുദ്ദീൻ റൂമി എഴുതുന്നു. ഈ മണ്ണിൽ മുട്ടുകുത്തി ചുംബിക്കാൻ നമുക്ക് വഴികളുണ്ട്. വീട്ടിലേക്ക് തിരികെ ചെല്ലാൻ ഒരായിരം വഴികളുണ്ട് .എന്താണിതിൻ്റെ  അർത്ഥം? ഈ ലോകത്തിൻ്റെ അനേകമനേകം ഗുരുസാന്നിധ്യങ്ങൾക്ക് ചെവിയോർക്കുകയേ വേണ്ടൂ നമുക്ക് മുട്ടുകുത്താനാവും .പ്രപഞ്ചം നമ്മെ സൃഷ്ടിക്കാൻ എത്ര നൂറ്റാണ്ടുകളെടുത്തു? എത്രയോ  പൂർവ്വപിതാക്കന്മാരിലൂടെ കൈമാറി വന്ന ബീജാങ്കുരങ്ങളാണ് നമ്മളിലേക്ക് എത്തിയത്? ഏതെല്ലാം കാലഘട്ടങ്ങളിലെ പ്രകൃതിക്ഷോഭത്തിലും യുദ്ധത്തിലും നാശത്തിലും നമ്മുടെ പൂർവികർ ഇല്ലാതായി പോകേണ്ടതായിരുന്നു, നമ്മെ ജനിപ്പിക്കുന്നതിനു ആധാരമായ പിതൃപുരുഷബീജാങ്കുരങ്ങളെ അതിജീവിക്കാൻ അനുവദിക്കാത്ത വിധം .

    പ്രകൃതി നല്കിയ അർഹത 

    എത്രയോ അതിജീവനത്തിന്റെ കഥകളാണ് നമ്മൾ ജനിപ്പിച്ച ബീജത്തിന്റെ യാത്രയ്ക്ക് പറയാനുള്ളത് !.നമ്മൾ ജനിച്ചത് പിതാവിന്റെ ബീജവും മാതാവിൻ്റെ അണ്ഡവുമാണല്ലോ കൊണ്ടാണല്ലോ. എന്നാൽ അത് അങ്ങനെ തന്നെ ഭദ്രമായി നിലനിന്നതിനു പ്രകൃതിയിൽ നൂറു നൂറു കാരണങ്ങളുണ്ട്. നാം എങ്ങനെ അതിജീവിക്കപ്പെട്ടു? കോടിക്കണക്കിനു വർഷങ്ങളുടെ അതിജീവനത്തിന്റെ കഥയാണത്. അവിടെ നമ്മുടെ സ്വന്തം പരിശുദ്ധിയും അർഹതയും തിരിച്ചറിയണം.പ്രകൃതി നൽകിയ ആ അർഹതയ്ക്ക് നാം എന്ത് പ്രതിഫലമായി കൊടുത്തു എന്നു ചിന്തിക്കണം .പ്രപഞ്ചത്തിന്റെ സാരസ്വതമായ സത്യത്തിൻ്റെയും സ്നേഹത്തിന്റെയും നൂലുകളിൽ നാം എന്നെങ്കിലും കോർത്തെടുക്കപ്പെട്ടുവോ ? അതിനായി നാം പരിശ്രമിച്ചോ? നമ്മെ പ്രതീക്ഷിച്ചയോടെ നോക്കിയ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും നാം എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ ? എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോയത്? നാം ക്രൂരവും അന്ധവുമായ ഒരു നായാട്ടിൽ പങ്കെടുക്കുകയായിരുന്നു.നമ്മുടെ സഹജീവികളുടെയും പ്രകൃതിയുടെ തന്നെയും മാംസളമായ  അനുഭവങ്ങളെ ആർത്തിയോടെ ഭക്ഷിച്ചു തീർക്കുകയെന്ന ഭ്രാന്തായിരുന്നു അത് .അവിടെയാണ് ഗുരു പറയുന്നത്, ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാവണമെന്ന്. ആ വൈരാഗ്യം വളരെ അർത്ഥസാന്ദ്രമാണ്. അത് നമ്മെ ചിന്തിപ്പിക്കും. നമ്മുടെ  അതിജീവനത്തിന്റെയും അതിനു പകരമായി കൊടുക്കേണ്ട നന്ദിയുടെയും പ്രാർത്ഥനയുടെയും  തലമാണത്. അതാണ് ഗുരു 'പിണ്ഡനന്ദി'യിൽ വിവരിക്കുന്നത് .നമുക്ക് തലകുനിക്കാൻ ആയിരം വഴികളുണ്ട്. നമ്മുടെ തന്നെ വീടുകളിലേക്ക്, മാതൃഗേഹലേക്ക്, സത്യത്തിലേക്ക് തിരിച്ചെത്താൻ അനേകം വഴികൾ ഇനിയും അവശേഷിക്കുന്നു. അശുദ്ധ ദൈവങ്ങളല്ല ,ശുദ്ധദൈവങ്ങളാണ് വേണ്ടത്.

No comments: