സാഹിത്യവിമർശനത്തിൽ സ്വന്തം ആശയസംവേദനങ്ങളും ദാർശനികപദ്ധതികളും ചിന്തകളും അകന്നു പോവുകയാണെന്നു തോന്നുന്നു. മുമ്പ് ഒരു വിമർശകൻ പറഞ്ഞു ,വിമർശനം എന്നാൽ യുക്തിയാണെന്ന്.ടി.എസ്. എലിയറ്റ് പറഞ്ഞത് എത്രയോക്കെ പഠിച്ചാലും ,ഏതൊക്കെ ഊന്നുവടികൾ അവലംബിച്ചാലും അടിസ്ഥാനപരമായി വിമർശകനു ബുദ്ധിയില്ലെങ്കിൽ പ്രയോജനമില്ലെന്നാണ് .വിമർശകൻ്റെ ബുദ്ധിക്ക് എലിയറ്റ് ഒന്നാം സ്ഥാനം കൊടുത്തു. വിമർശനം ഒരു പ്രതികരണമെന്ന നിലയിലാണ് പൂർവ്വകാലത്ത് പലരും സമീപിച്ചത്. മാരാര് ലീലാകാവ്യത്തിലെ യുക്തിയാണ് ചർച്ച ചെയ്തത്. മുണ്ടശ്ശേരിയാകട്ടെ, ആശാൻ കവിതയിലെ പ്രമേയപരമായ വൈവിധ്യവും ദാർശനികമായ ചിന്തകളും പിന്തുടരുകയായിരുന്നു. കവികളുടെ കവി എന്ന് ആശാനെ അദ്ദേഹം വിശേഷിപ്പിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു:'കാളിദാസന്റെ അനന്തരകാലത്തെ പരിപക്വത തികഞ്ഞ വൈദർഭിക്കൊരു മലയാളപ്പതിപ്പുണ്ടെങ്കിൽ അത് സംസ്കൃതഛന്ദസ്സുസുകളിൽ ആശാൻ വിരചിച്ച കൃതികളിലൊന്നാണെന്നു അന്നത്തെ കവിതാമർമ്മജ്ഞരിൽ പ്രാമാണികനായിരുന്ന രാജരാജൻ പറഞ്ഞത്, സമകാലികരിൽ പലരെയും ക്ഷോഭിപ്പിച്ചന്നാലും, വളരെ അർത്ഥവത്താണ്.'
അതായത് കവിയുടെ ഉല്പതിഷ്ണുത്വമാണ് മുണ്ടശ്ശേരിയെ ആകർഷിച്ചത്. വീണപൂവിനെക്കുറിച്ച് പറയുമ്പോഴും ഈ വാദത്തിനു സദൃശ്യമായ ഒരു നിലപാടാണ് അദ്ദേഹം അനുവർത്തിക്കുന്നത്.'വീണടിഞ്ഞ ഒരു വെറും പൂവിനെ ചൊല്ലി അദ്ദേഹം എന്തെല്ലാമോ എഴുതിക്കൂട്ടി'എന്നു പറഞ്ഞുകൊണ്ട് മുണ്ടശ്ശേരി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്: 'അതിൽ ഉൾക്കൊള്ളിച്ചിരുന്ന കവിത്വത്തിൻ്റെ മാറ്റുരസിനോക്കുവാൻ പറ്റിയ ചാണക്കല്ല് അധികം പേരുടെയും കൈയിലുണ്ടായിരുന്നില്ല. എത്രനാൾ കഴിഞ്ഞിട്ടാണ് അതൊരു ഉത്തമകവിതയാണെന്നു കേരളത്തിലെ സഹൃദയന്മാർ സമ്മതിച്ചത്!'ഈ കാവ്യപരമായ ഉല്പതിഷ്ണുത്വം, നൂതനത്വമാണ് മുണ്ടശ്ശേരി വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. സുകുമാർ അഴീക്കോട് എഫ്.ആർ. ലിവിസിൻ്റെ ആശയമായ 'ക്ലോസ് റീഡിംഗ് '(സൂക്ഷ്മമായ വായനയാണ്) പിന്തുടർന്നത് .ഒരു സാഹിത്യവിമർശകർ തൻ്റെ മുന്നിൽ വരുന്ന കൃതിയെ സമൂലമായി വ്യാഖ്യാനിക്കണമെന്ന വാദമാണത്.
ആധുനികതയുടെ വിമർശകർ വ്യക്തിനിഷ്ഠമായ തലങ്ങളിലാണ് കൃതിയെ സമീപിച്ചത്. ഒരു വാക്കിൻ്റെ ചുവടുപിടിച്ച് സാഹിത്യകൃതിയിലേക്ക് പ്രവേശിക്കുന്നത് അവരുടെ ഒരു രീതിയാണ് .ഉദാഹരണത്തിനു ,അറിഞ്ഞു എന്ന പദം ഒരു കൃതിയിൽ കണ്ടാൽ പൗരാണിക ക്ലാസിക് കൃതികളിലോ മതഗ്രന്ഥങ്ങളിലോ എങ്ങനെയെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു പരിശോധിക്കുന്നു. ആ വാക്കിൻ്റെ വിപുലവും വ്യത്യസ്തവുമായ അർത്ഥങ്ങളിൽനിന്നു ഒന്നു കണ്ടെടുത്ത് അത് വിമർശനത്തിലെ ആശയമായി, നിരീക്ഷണമായി കൊണ്ടുവരുന്നു.ചരിത്രമോ മിത്തോ മൂല്യമോ അല്ല ആധുനിക വിമർശകരെ നയിച്ചത്. സ്വാതന്ത്ര്യങ്ങളാണ് ,സ്വന്തം ഇഷ്ടങ്ങളാണ്. കലയെ വൈകാരികമായി, സൗന്ദര്യാത്മകമായി സമീപിക്കുന്ന ഒരാൾ എവിടെയാണോ എത്തിച്ചേരുന്നത് അവിടെയായിരിക്കും ആധുനികവിമർശകനും എത്തിച്ചേരുന്നത്.
വായന ഒരു സ്ഥാപനത്തെയും അംഗീകരിക്കുന്നില്ല
എന്നാൽ വിമർശകൻ എന്ന കലാകാരനെ ഉപേക്ഷിക്കാതെ തന്നെ വായനയിൽ വിപ്ളവം സൃഷ്ടിക്കാനാണ് പുതിയ വിമർശകൻ ശ്രമിക്കുന്നത്. വായന ഒരു വിപ്ളവമാണ്. വായിക്കുന്നതോടെ നാം മാറുകയാണ്. വായനയുടെ പരിവർത്തനം വായനക്കാരനിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു നവലോകത്തിൻ്റെ സുവിശേഷം എവിടെയോ പറയപ്പെടുന്നുണ്ടെന്ന പ്രതീക്ഷയിലാണ് വായിക്കുന്നത് .വായിക്കുന്നവൻ തൻ്റെ മനസിൽ കൃതിക്ക് അന്യമായതും വിരുദ്ധവുമായ പാഠങ്ങൾ നിർമ്മിക്കുന്നുണ്ട്. വായനയുടെ കർത്താവാണവൻ. അവൻ അതാണ് വായിക്കാൻ പ്രയത്നിക്കുന്നത്.ഇരുളിലാണ്ട ലിപികൾ തെളിച്ചെടുക്കാൻ അവനെ സഹായിക്കുകയാണ് പ്രസ്തുത കൃതി. ഉദാഹരണത്തിന്, 'ധർമ്മപുരാണം' വായിക്കുമ്പോൾ മറ്റൊരു കൃതി മനസ്സിൽ തെളിയുകയാണ്. ആ കൃതിക്കു പേരില്ല ,ഭാഷയില്ല. അത് മനസ്സിന്റെ ഇരുട്ടിൽ മറയ്ക്കപ്പെട്ടതാണ്. അതിനു ജീവൻ വയ്പിക്കേണ്ടതുണ്ട്. അതിനു ഊർജ്ജം ആവശ്യമാണ്. മനസ്സിൻ്റെ അടിത്തട്ടിൽ കിടക്കുന്ന ബിംബങ്ങൾ ഒരർത്ഥം തേടി പുറത്തേക്ക് വരികയാണ് .അത് വിമർശകൻ്റെ സ്വതന്ത്രജീവിതമാണ്. കലാസങ്കല്പമാണ് ,കലാനുഭൂതിയാണ്. അന്തർമുഖതയാണ് ,സറിയലസമാണ്. വായനക്കാരനു താൻ ഉള്ളിൽ രചിക്കുന്ന കൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് വെളിപാട് കിട്ടുകയാണ്.
അവൻ ആ ലോകത്തേക്ക് സഞ്ചരിക്കുന്നു. മനസ്സിന്റെ പൂർവകാലങ്ങളിൽനിന്നും മിത്തുകൾ രൂപപ്പെടുന്നു. ഭാഷയുണ്ടാകുന്നു. ഈ ലേഖകൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക്','വീണപൂവ് കാവ്യങ്ങൾക്കു മുൻപേ','നവാദ്വൈതം വിജയൻ്റെ നോവലുകളിലൂടെ' എന്നീ പുസ്തകങ്ങളിലൂടെ ആവിഷ്ക്കരിച്ചത് സംവേദനാത്മക വിമർശനം എന്ന ആശയമാണ്. ഇത് ഒരു സിദ്ധാന്തം തന്നെയാണ്. സാഹിത്യകൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. ഒരു പാരസ്പര്യമുണ്ടാകുന്നു. അത് പരസ്പരം ആഴ്ന്നിറങ്ങുന്ന അനുഭവമാണ്. വായനയുടെ വേളയിലാണ് ഇത് സംഭവിക്കുന്നത് .ഇത് ബോധത്തിന്റെ അടിയിൽനിന്നുദ്ഭവിക്കുന്ന ഒരു ആശയധാരയാണ്,സൗന്ദര്യാനുഭവമാണ്. ധ്യാനാത്മകമായ വായനയിൽ, അടഞ്ഞുകിടക്കുന്ന അഗാധതകൾ തുറക്കുന്നു. ക്ലാസ് മുറികളിലോ പ്രഭാഷണങ്ങളിലോ ഇത് സംഭവിക്കുന്നില്ല. വായന ഏകാന്തവും വ്യക്തിപരവുമാണ്. ഇത് ഒരു സ്ഥാപനത്തെയും അംഗീകരിക്കുന്നില്ല. ഒരു കലാസൃഷ്ടിക്ക് തുല്യമായ ഒരു ആവിഷ്കാരം, ആവിർഭാവം എന്നീ തലങ്ങളിലാണതിനു പ്രസക്തി.
അതുവരെ മനസ്സിൽ ഇല്ലാതിരുന്ന ഒരാശയം പെട്ടെന്നുണ്ടാകുന്നു. ആസ്വാദനമെഴുതുമ്പോൾ വിപുലീകരിക്കപ്പെടുന്നു.ആത്മാവിൽ സ്വതന്ത്രമാകാനുള്ള ഒരവസരമായി വായനയും എഴുത്തും മാറുകയാണ്. അത് വിമർശകൻ്റെ സർഗാത്മകമായ തിരിച്ചറിവുകളുടെ നിമിഷമാണ്. പുറമേ കാണുന്ന വിമർശകൻ എന്ന വ്യക്തിയുടെ ഉല്പന്നമല്ല വിമർശനരചന. അത് വായനയുടെ വേളയിൽ, എഴുത്തിന്റെ വേളയിൽ മാത്രം സംഭവിക്കുന്നതാണ്. അത് വേറൊരു വ്യക്തിയുടെ വിളയാട്ടമാണ്.അതിനു ഉപാധികളില്ല .
വായിച്ചതിൽനിന്നു വിഭിന്നമായ ചിലത് എഴുതുമ്പോൾ ഉണ്ടാകുന്നു. അവിടെ പൂർവ്വകാലത്തിൽ നിന്നുള്ള വിടുതൽ ആരംഭിക്കുകയാണ്. ഓർമ്മകളുടെയും ചിന്തകളുടെയും ഒരു ഭൂതകാലമുണ്ടല്ലോ. അതിൽനിന്നു അപരിചിതമായ ചിലതെല്ലാം പുറത്തേക്കു വന്ന് പുതിയ പദസംയോജനങ്ങൾക്കും ആശയരൂപീകരണങ്ങൾക്കും നിമിത്തമാകുന്നു. വളരെ സർഗാത്മകമായ ഒരു മേഖലയാണത്. റിച്ചാർഡ് ബാക് എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' എന്ന നോവലിൽ 'കണ്ണുകൾ പറയുന്നത് വിശ്വസിക്കുരുത്. അത് കാണിക്കുന്നത് പരിമിതിയാണ്. നിങ്ങൾ ചിന്തിക്കുക. നിങ്ങൾ എന്താണ് ഉൾക്കൊണ്ടതെന്നു ചിന്തിക്കുക.അതിലൂടെ ദുരേക്ക് പറക്കാനാവും' എന്നു എഴുതിയത് ഓർക്കുകയാണ്.
പദാർത്ഥം ,പദത്തിൻ്റെ അർത്ഥം
ഈ ലേഖകൻ 'ഭാരതീയ ദർശനമഞ്ജരി' എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയപ്പോൾ സംവേദനാത്മക വിമർശനത്തിന്റെ ഒരു മുഹൂർത്തം വീണുകിട്ടി.ആകസ്മികമാണത്.നിലവിലുള്ള വിചാരധാരയിൽനിന്ന് ഒരുപടി മുകളിലേക്ക് നമ്മെ വലിച്ചുകയറ്റുന്ന സന്ദർഭമാണത് .ഭാരതീയ ദർശനമഞ്ജരിയിൽ വ്യാസൻ ,കപില മഹർഷി, കണാദ മഹർഷി, പതഞ്ജലി, ചാർവാകൻ, ക്ഷേമരാജൻ, അഭിനവഗുപ്തൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ദർശനങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത് .എന്നാൽ ഇത് വായിച്ചപ്പോൾ ഈ ദർശനങ്ങളെക്കുറിച്ച് ചുരുക്കിപ്പറയുന്നതിൽനിന്ന് വ്യതിചലിച്ച് പുതിയൊരു ആശയ സ്ഫുലിംഗത്തിലേക്ക് സഞ്ചരിക്കാനിടവന്നു. ഒരു ഭാരതീയന്റെ ആത്മാവിൽ രണ്ടു ധാരകളുണ്ടെന്ന അറിവാണത്. അത് ചാർവാക ദർശനവും യോഗദർശനവും തമ്മിലുള്ള സംഘട്ടനമാണ്. മനസ്സിന്റെ മജ്ജയിൽ, കോശസ്തകീട(പ്യൂപ്പ)ത്തിൽ ഈ രണ്ടു ധാരകളും പരസ്പരം ഏറ്റുമുട്ടുകയാണ്. ഒരു വ്യക്തി ആരായിത്തീരണമെന്നു തീരുമാനിക്കുന്നത് ഈ ഏറ്റുമുട്ടലിൻ്റെ ഒടുവിലാണ്. ചാർവാകദർശനം നാസ്തികമാണ്; ദൈവത്തെ വിട്ട് അത് യുക്തിയും സുഖചിന്തകളും ഭൗതികമായ ആസക്തികളുമായി ശക്തിപ്രാപിച്ച് ആ വഴിയെ നീങ്ങാൻ പ്രേരണയാകുന്നു. യോഗദർശനമാണ് ആധിപത്യം ചെലുത്തുന്നതെങ്കിൽ ആത്മാവിലും ശുദ്ധിയിലും ത്യാഗത്തിലും സത്യത്തിലും ജീവിക്കണമെന്നു ആഗ്രഹം തോന്നും. സാത്വികമായി ജീവിക്കാൻ ശ്രമിക്കും. തിന്മകളിൽനിന്നു ഒഴിഞ്ഞു നിൽക്കാനുള്ള ആവേഗം സിരകളിലുണ്ടാവും .മനുഷ്യർ ഏറിയോ കുറഞ്ഞോ ഈ രണ്ടു വിഭാഗങ്ങളിലാണ് വരിക. ജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പിലും ഇത് നിർണായകമാകുന്നുണ്ട്. നാം ഏതു മാർഗം സ്വീകരിക്കണമെന്നു ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൻ്റെ പ്യൂപ്പയിൽ ആരാണ് ജയിച്ചതെന്നത് സൂചകമായിത്തീരുന്നു .ഇതാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. 'ദർശനമഞ്ജരി' വായിക്കുന്നതുവരെ എന്റെ മനസ്സിൽ ഈ സംഘട്ടനത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഈ പുസ്തകത്തിൽ ഓരോ ദർശനത്തിൻ്റെയും സംക്ഷിപ്ത വിവരം നൽകുന്നതല്ലാതെ ഇങ്ങനെയൊരു താരതമ്യമോ ആത്മീയ പ്രതിസന്ധിയിൽ ഉഴലുന്ന ഒരുവന്റെ ആകുലതയോ മനുഷ്യമനസിനെക്കുറിച്ചുള്ള അപഗ്രഥനമോ സ്പർശിക്കുന്നില്ല. അതിൻ്റെ ആവശ്യവുമില്ല. ഓരോ ദർശനത്തെയും പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആ പുസ്തകം അതിനുള്ളതാണ്. എന്നാൽ ദർശനങ്ങളെക്കുറിച്ച് വായിച്ച് എഴുതാനിരുന്നപ്പോൾ മനസ്സിൽ മറ്റൊരു ജാലകം തുറന്നു.
എഴുത്ത് വായന തന്നെ
ഒരു രാസപ്രവർത്തനം എന്നപോലെ പുതിയൊരു പദാർത്ഥം ,പദത്തിന്റെ അർത്ഥം ഉണ്ടാകുന്നു. മനുഷ്യമനസ്സിലേക്കുള്ള ദാർശനികമായ ഒരു പര്യവേക്ഷണമായി അത് രൂപാന്തരപ്പെട്ടു. ഇതാണ് സംവേദനാത്മക വിമർശനത്തിൻ്റെ സ്വഭാവം. ഇങ്ങനെയാണ് വിമർശകൻ തൻ്റെ കല കണ്ടെടുക്കുന്നത്. വാസ്തവത്തിൽ ഇത് സമീപനമല്ല, സംഭവിക്കലാണ്. കാരണമില്ലാതെ സംഭവിക്കുകയാണ്. വിമർശകൻ നേരത്തെ തന്നെ കരുതിക്കൂട്ടിവച്ച ഒരാശയത്തിന്റെ പ്രായോഗിക വിജയമല്ല ഇത് ;എഴുതുമ്പോൾ സംഭവിച്ചതാണ് .എഴുത്ത് വായനയുടെ മറ്റൊരു ഭാവമാണ് .എഴുതുമ്പോഴും വിമർശകൻ വായിക്കുകയാണ് .ആ വായന മനസ്സിലാണ് .വായന സൃഷ്ടിച്ച ഓർമ്മകളിലൂടെ വീണ്ടും വായിക്കുകയാണ്.
ഇതുപോലെയാണ് 'കുലപതികൾ' എന്ന നോവൽ വായിച്ചപ്പോൾ സംവേദനാത്മക പ്രക്രിയയിലേക്ക് വിമർശനം എത്തിച്ചേർന്നത്. ഈ നോവൽ ബൈബിൾ പഴയനിയമത്തിലെ പൂർവ്വ പിതാക്കന്മാരിലൂടെ സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര ആഖ്യാനമാണ്.
മൂല്യങ്ങൾക്കു ക്ഷയം സംഭവിച്ചത് നോവലിസ്റ്റ് ആരായുന്നു. അത് സമകാലിക ജീവിതത്തിലും തെളിഞ്ഞു കാണാം. മനുഷ്യൻ വ്യർത്ഥതയിൽ പരസ്പരം പോരടിക്കുകയാണ്. ആരെയാണ് സ്നേഹിക്കുന്നതെന്ന ചോദ്യം ശൂന്യതയിൽ എത്തുന്നു.നോവലിനെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ സംവേദനാത്മകമായ പ്രതിപ്രവർത്തനത്തിന്റെ ഉജ്വലമായ ഒരു തലം പെട്ടെന്നു വെളിപ്പെട്ടു. അത് ദൈവത്തിൻ്റെ ചിന്തയിൽ മനുഷ്യൻ മരിച്ചു എന്ന ആശയമായിരുന്നു .ദൈവചിന്തയെക്കുറിച്ചോ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ പ്രത്യക്ഷത്തിൽ ഒരു നിരീക്ഷണവും നോവലിലില്ല .പഴയ നിയമത്തിലെ കഥാപാത്രങ്ങളിലൂടെ ആധുനിക മനുഷ്യരുടെ മൂല്യത്തകർച്ചയാണ് വിവരിക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് എഴുതിയ വേളയിൽ മനസ്സിൽ എന്തുകൊണ്ടാണ് സ്വയം അന്യവത്ക്കരിക്കുന്നതെന്നും ദൈവത്തിൽനിന്നു എങ്ങനെയാണ് അവൻ അകന്നുപോയിരിക്കുന്നതെന്നും ചിന്തിക്കുകയും അതിനു സർഗാത്മക ചിന്തയിൽ പ്രസക്തമായ ഒരു ഉത്തരം ലഭിക്കുകയും ചെയ്തു .
ദൈവചിന്തയിൽ മനുഷ്യൻ ഇല്ലാതായി. മനുഷ്യൻ ക്രൂരതയിലും താന്തോന്നിത്തരത്തിലും ഏതറ്റം വരെയും പോകുമെന്നു തെളിയിച്ചിരിക്കുന്നു. ദൈവം ആവിഷ്ക്കരിച്ച സ്നേഹം ,സാഹോദര്യം ,തുല്യത തുടങ്ങിയ ആശയങ്ങൾ മനുഷ്യൻ വർജിച്ചു;പകരം അവൻ ഹീനമായ എന്തും ചെയ്ത് തന്റെ ദൈവവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പുതിയ ചിന്ത കൈവരിച്ചിരിക്കുന്നു. അവൻ ജീവികളെ ജീവനോടെ തൊലിയുരിച്ച് വേവിക്കുന്നു. പാപത്തിന്റെ നിർവ്വചനത്തിൽ ഒതുങ്ങാത്ത വിധം പാപം വർദ്ധിച്ചിരിക്കുന്നു. ഈ മനുഷ്യനോട് ആശയ വിനിമയം നടത്താനുള്ള ഭാഷ ദൈവത്തിനു നഷ്ടമായി.
ദൈവചിന്തയിൽ മനുഷ്യനില്ല.മനുഷ്യനെ ദൈവം മറന്നു .അതുകൊണ്ട് മനുഷ്യൻ സ്വന്തം ദൈവികതയ്ക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു .സ്വന്തം പാപങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അതാണ് ആത്മീയത. അതിലാണ് പരിവർത്തനം .ഇത് നോവലിൽ നിന്നു ലഭിച്ച ആശയമല്ല. എഴുതുന്ന വേളയിൽ എത്തിച്ചേർന്നതാണ്. ഇങ്ങനെയാണ് സംവേദനാത്മക വിമർശനം സഞ്ചരിക്കുന്നത്.
രജതരേഖകൾ
1)കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പതിവുപോലെ സമൂഹമാധ്യമങ്ങളിൽ എതിർപ്പും വിമതസ്വരവുമുണ്ടായി. ഇതൊക്കെ സ്വാഭാവികം അല്ലെങ്കിൽ കിട്ടാത്തവർക്കുണ്ടായ അസൂയ എന്നൊക്കെപ്പറഞ്ഞ് അധികൃതർക്ക് രക്ഷപ്പെടാം. ഒരാൾക്ക് തന്നെ രണ്ടു വർഷം തുടർച്ചയായി അക്കാദമി അവാർഡ് കൊടുത്തതായി ഒരു ഫെയ്സ്ബുക്കർ എഴുതിക്കണ്ടു. അതും സ്വാഭാവികം. മിക്കപ്പോഴും രാഷ്ട്രീയ അനുകൂലികൾക്ക് അല്ലെങ്കിൽ വളരെ അടുത്ത സഹയാത്രികൾക്ക് ,അവരുടെ മക്കൾക്ക് ,പ്രിയപ്പെട്ട പ്രസാധകരുടെ നോമിനികൾക്ക് തുടങ്ങിയവർക്കാണ് അവാർഡ് കൊടുക്കുന്നതെന്നു പറഞ്ഞുനടക്കുന്ന ദോഷൈകദൃക്കുകൾക്കു മറുപടി പറയാൻ പോകരുത് ;ദോഷം ചെയ്യും.
അക്കാദമി അദ്ധ്യക്ഷനായതോടെ സച്ചിദാനന്ദൻ്റെ യശ്ശസിനും ക്ഷീണം സംഭവിച്ചു.അക്കാദമി അദ്ധ്യക്ഷന്മാരുടെ വിധിയാണിത്.അദ്ധ്യക്ഷനാകുന്നതോടെ ആ വ്യക്തിയുടെ രചനകളോടുണ്ടായിരുന്ന താത്പര്യം ,ആവേശം വായനക്കാരിൽ കെട്ടടങ്ങുന്നതായാണ് കണ്ടുവരുന്നത്. ഒ.വി.വിജയനും ആനന്ദുമൊക്കെ രക്ഷപ്പെട്ടത് അക്കാദമി പദവിയിലെത്താതിരുന്നതുകൊണ്ടാണ്. പല എഴുത്തുകാരെയും എരപ്പാളികളാക്കി എന്ന പേരുദോഷമാണ് അക്കാദമി ഭാരവാഹിയെ കാത്തിരിക്കുന്നത്.
2)കെ. പി. അപ്പനു അവാർഡ് ഉണ്ടെന്നുപറഞ്ഞ് അക്കാദമിയിൽനിന്നു വിളിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ചോദിച്ചു :'നിങ്ങൾ വാർത്ത പത്രങ്ങൾക്ക് കൊടുത്തോ?'
കൊടുത്തു എന്നു മറുപടി.അപ്പോൾ അപ്പൻ പറഞ്ഞു: 'ഞാൻ ഇത് വാങ്ങാൻ വരില്ല. എനിക്ക് ഇത് വേണ്ട. നിങ്ങൾ ഇത് എന്നോടു നേരത്തെ ചോദിക്കണമായിരുന്നു. എന്തായാലും പറഞ്ഞത് പറഞ്ഞു. ഇനി ഇതാരോടും പറയരുത്.' അപ്പൻ അവാർഡ് വാങ്ങിയില്ല. അദ്ദേഹം നിരസിച്ചു എന്ന വാർത്ത വന്നതുമില്ല.
3)പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ 'ഴാങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 8)അല്പം പോലും 'കവിത'യില്ലാത്ത കവിതയാണ്. ഒരു കവിത എഴുതേണ്ടത് ഗുരുതരമായ ഒരാവശ്യമായിരിക്കണം. കവിത എഴുതാതിരിക്കാനാവില്ല എന്നു തോന്നണം.'പാവങ്ങളി'ലെ നായകനെ പുന്നയൂർക്കുളത്ത് കണ്ട കാര്യമാണ് പറയുന്നത്. അയാൾ മോഡേൺ ബ്രഡ് വാങ്ങാൻ പുന്നയൂർക്കുളത്ത് വന്നിരിക്കയാണത്രേ!അസംബന്ധം എഴുതുകയാണ് കവി. ഴാങ് ,വിക്ടർ യൂഗോയുടെ കഥാപാത്രമാണ്. അയാൾ ജീവിതകാലമത്രയും തെണ്ടിത്തിരിയുകയായിരുന്നുവെന്ന അർത്ഥത്തിൽ എഴുതിയത് മര്യാദകേടാണ്. അയാളുടെ മഞ്ഞ പാസ്പോർട്ട് കവിയെ ഏൽപ്പിച്ചുവെന്ന്! അതും അസംബന്ധം .ഇതുപോലെ വികാരമില്ലാത്ത, വരണ്ട ,കവിതയില്ലാത്ത വരികൾ കൊണ്ട് ഒരു പ്രയോജനവുമില്ല; കൃത്രിമമാണിത്.
4)ദസ്തയെവ്സ്കിയുടെ 'നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട്' എന്ന നോവലിലെ കഥാപാത്രം ഒരു അന്തർമുഖനാണ്, സംശയാലുവാണ് .അയാൾ ഒന്നിലും വിശ്വസിക്കുന്നില്ല. താൻ വെറുമൊരു ആത്മവഞ്ചകനാണെന്നു അയാൾ ഓരോ നിമിഷവും മന്ത്രിച്ചുകൊണ്ടിരിക്കുന്നതു പോലെ തോന്നും. ഒരു സന്ദർഭത്തിൽ അയാൾ പറയുന്നുണ്ട് ,അർത്ഥശൂന്യമായ ഒച്ചവയ്ക്കലും ബോധപൂർവമായ നിഷ്ക്രിയത്വവും എല്ലാ
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Monday, July 21, 2025
വായനക്കാരൻ്റെ ബോധോദയം / അക്ഷരജാലകം /എം.കെ ഹരികുമാർ (june 29, 2025)
Subscribe to:
Post Comments (Atom)
No comments:
Post a Comment