ഇന്ത്യയിലെ എല്ലാ ദരിദ്രരും വസ്ത്രം ധരിക്കുന്ന സമയം വരട്ടെ, അപ്പോൾ താൻ ഷർട്ടിടാം എന്നു പറഞ്ഞ ഗാന്ധിജി നമുക്ക് ഒരു പ്രചോദനമാകാൻ പോകുന്നില്ല. കാരണം ,ഗാന്ധിജിയെ പോലെ സുഖം ത്യജിക്കാൻ സാധാരണക്കാരായ നമുക്കു കഴിയില്ല .നമ്മളൊക്കെ സാധാരണ രാഷ്ട്രീയക്കാരും സാമൂഹ്യജീവികളുമാണ്. നമുക്ക് ഗാന്ധിജിയിൽ നിന്ന് പ്രചോദനം കിട്ടണമെന്നില്ല. ഗാന്ധിജി നമ്മെ പ്രലോഭിപ്പിച്ചുകൊണ്ട് എവിടെയോ ഉണ്ട്.നമുക്ക് സ്വന്തം പ്രചോദനമാണ് വേണ്ടത് .അവനവനിൽ നിന്ന് പ്രചോദനം വേണം. ഏതൊരു സൃഷ്ടി പ്രക്രിയയിലും അല്ലെങ്കിൽ സർഗാത്മക ചോദനയിലും തുടർ പ്രചോദനം ഉണ്ടാകണം .അതാണ് ബുദ്ധിയുടെ അരണിയിൽ നിന്ന് തീയുണ്ടാക്കുന്ന വിദ്യ .ഒരു പൂന്തോട്ടം വേണ്ട, ഒരു വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നു തോന്നണമെങ്കിൽ, ഒരു പൂ പറിച്ച് തലയിൽ ചൂടണമെങ്കിൽ, മുറ്റമടിക്കണമെങ്കിൽ ,സന്ധ്യാദീപം തെളിക്കണമെങ്കിൽ, ആരാധനാലയത്തിൽ പോകണമെങ്കിൽ, ഒരു പുതുവസ്ത്രം ധരിക്കണമെങ്കിൽ ,ദാനം ചെയ്യണമെങ്കിൽ ,ദയ കാണിക്കണമെങ്കിൽ ,പ്രേമിക്കണമെങ്കിൽ അസാധാരണമായ പ്രചോദനം വേണം. സ്ഥിരമായ ഒരു വാശിയുണ്ടാകണമെങ്കിൽ അതിനുള്ള ആത്മീയ ഇന്ധനം ഉണ്ടായിരിക്കണം. വർഷങ്ങളോളം ഒരു ചോദന നിലനിർത്തണമെങ്കിൽ സ്ഥിരമായ പ്രചോദനം വേണം ;അല്ലെങ്കിൽ രസച്ചരട് പൊട്ടിപ്പോകും .ഏതൊരു പ്രചോദനജന്യമായ കർമ്മവും ഒഴുക്കിനെതിരെയുള്ള നീന്തലാണ്. ലോകം നിർവികാരമായി കടന്നുപോകാനാണ് നമ്മെ നിർബന്ധിക്കുന്നത് .നിസ്സഹായരെ ശക്തന്മാർ കൊല്ലുന്നു. ആ കരച്ചിൽ കേൾക്കാതെ പോകാനാണ് ജനാധിപത്യവും സോഷ്യലിസവും മുതലാളിത്തവും നിർദ്ദേശിക്കുന്നത്. ആക്രന്ദനങ്ങൾ തെരുവിൽ മുഴങ്ങിക്കൊണ്ടിരിക്കും. കോടിക്കണക്കിനു ജീവികൾ ഒരു രക്ഷകനില്ലാതെ തങ്ങൾ അനാഥരാണെന്നു വിളിച്ചു പറയുന്നത് കേൾക്കാം, രാത്രിയിൽ കാതോർത്താൽ .ഒരു മനുഷ്യജീവിയെങ്ങാനും ഈ ഭൂമിയിലുണ്ടോ എന്നു അശരണരായ, അഭയാർത്ഥികളായ കോടിക്കണക്കിനു പ്രാണികൾ ദീനരായി വിളിച്ചു ചോദിക്കുകയാണ്. എന്നാൽ ഈ പ്രകൃതിയാകട്ടെ അതൊന്നും നമ്മെ അറിയിക്കാതെ സീൽ ചെയ്ത് വച്ചിരിക്കുകയാണ് .അതെല്ലാം അറിഞ്ഞാൽ നമ്മുടെ സമാധാനം നഷ്ടപ്പെടും. നാം പരതന്ത്രരായി പല വഴിക്ക് തിരിയും .നമ്മുടെ മാനസിക നില തകരും. ദൈവമില്ലാതാകും. ഒരു കരച്ചിൽ അവഗണിക്കാൻ കഴിഞ്ഞേക്കും ;എന്നാൽ ഒരു കോടി ജീവികളുടെ കരച്ചിൽ അസഹനീയമായിരിക്കും. അത് ഏകാഗ്രത നശിപ്പിക്കും. ഒന്നും ശ്രദ്ധിക്കാനാവില്ല .എഴുതാനുള്ള ശക്തി ചോർത്തിക്കളയും. അതുകൊണ്ട് ദൈവം നമുക്ക് വ്യാജമായ ഒരു സമാധാനം തന്നിരിക്കുകയാണ്. യാതൊന്നും അറിയാതെ ജീവിക്കുക. അതരാക്സിയ എന്നു പറഞ്ഞത് ഇതിനെ ഉദ്ദേശിച്ചാണ്.
ഈ ഏകാന്തത വ്യാജം
വലിയൊരു ജീവശാസ്ത്ര പ്രവർത്തനം നമ്മുടെയുള്ളിൽ സംഭവിക്കുകയാണ്. ചുറ്റിനുമുള്ള ജീവികളുടെ കദനം നമ്മളിലേക്ക് എത്താത്ത വിധത്തിൽ നാം സുരക്ഷിതരായിരിക്കുന്നു. എല്ലാ വേദനകളിൽ നിന്നുമുള്ള വിച്ഛേദം നേടിയ ശേഷം അവനവൻ്റെ വേദനയുടെ വെള്ളം ചൂടാക്കുകയാണ്. ഇല്ലാത്തതിനു വേണ്ടി കലഹിക്കുന്നു. മനുഷ്യരാശി ഒരു കുട്ടിയുടെ ശാഠ്യത്തിനു പിന്നാലെയാണ് .ഏത് കളിപ്പാട്ടവും വേണമെന്നു പറയുന്ന കുട്ടിയെപ്പോലെ, മനുഷ്യരാശി കേഴുകയാണ്. കളിപ്പാട്ടങ്ങൾക്ക് പകരം ഉഗ്രസ്ഫോടന ശേഷിയുള്ള ആയുധങ്ങളും സ്വപ്നങ്ങളുമാണ് നേടുന്നത്. അതിനു ശേഷം കലഹിക്കുകയാണ് .രണ്ടുപേർ തമ്മിൽ പോരടിച്ചാൽ അടുത്ത് നിൽക്കുന്നവർ പേടിക്കണം. അവർ തൊടുക്കുന്ന അസ്ത്രങ്ങൾ നമ്മളിലേക്ക് തിരിച്ചു വരുമോ എന്ന ഭയാശങ്ക നിലനിൽക്കുന്നു. അതുകൊണ്ട് യുദ്ധം ചെയ്യുന്നവർക്ക് മാത്രമല്ല, കണ്ടുനിൽക്കുന്നവർക്കും സമാധാനം നഷ്ടപ്പെടും .ചാർലി ചാപ്ലിന്റെ 'ദ് ഗോൾഡ് റഷ്' എന്ന സിനിമയിൽ ഇതിനു സമാനമായ ഒരു രംഗമുണ്ട്. രണ്ടുപേർ തമ്മിൽ തോക്കെടുത്ത് പെരുമാറുന്നതിനിടയിൽപ്പെട്ട കഥാപാത്രത്തിന്റെ ആശങ്ക ചിത്രീകരിക്കുന്നുണ്ട്. മൽപ്പിടിത്തത്തിനിടയിൽ അവരുടെ തോക്ക് എപ്പോഴും ചാർളി ചാപ്ളിൻ്റെ കഥാപാത്രത്തിനു നേർക്കായിരിക്കും. അവനവൻ്റ പ്രചോദനത്തിനു വേണ്ടി വ്യാജമായി കിട്ടിയ ഏകാഗ്രത, സമാധാനം എന്നിവയാണ് നമുക്കുള്ളത്. അന്യജീവികളുടെ ദീനവിലാപം കേൾക്കാൻ കഴിയാത്തതുകൊണ്ടു ലഭിച്ച സമാധാനവും ഏകാന്തതയും ഏകാഗ്രതയുമാണ് നമ്മുടേത്. അത് വ്യാജമാണ് .അത് യഥാർത്ഥത്തിൽ ഉണ്ടാകേണ്ടതല്ല. ജീവശാസ്ത്രപരമായ രാസപ്രക്രിയയുടെ ഫലമാണ്.
എന്നാൽ അമെരിക്കൻ അതീന്ദിയവാദിയും പരിസ്ഥിതിവാദിയുമായ തോറോ പറഞ്ഞു, ബഹുഭൂരിപക്ഷം പേരും പൂർണമായ നിരാശയിലാണ് ജീവിക്കുന്നതെന്ന്. അവർ പിൻവാങ്ങുന്നത് ഈ നിരാശ മൂലമാണത്രേ.എന്നാൽ തോറോയുടെ പത്തൊൻപതാം നൂറ്റാണ്ടല്ല ഇത് ;ഇന്നു ഓരോ പൗരനും സ്വതന്ത്രനാണ്, അവൻ ഡിജിറ്റലാണ് ,വൈറലാണ്. അവനു സ്വതന്ത്രമായ നിമിഷങ്ങളുണ്ട്; ഇടവേളകൾ സ്വന്തമായുണ്ട് .യാത്ര ചെയ്യുമ്പോഴോ ,മുറിയിൽ തനിച്ചിരിക്കുമ്പോഴോ അവൻ ഫോണിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു .സ്വന്തമായ ഒരിടം , പ്രതീതിയാണെങ്കിൽ പോലും, അവൻ ആർജിച്ചിരിക്കുന്നു. അവനു വ്യക്തിയോ ശരീരമോ ആകാതെ തന്നെ തന്റെ മാനസികനില ഏറെക്കുറെ വെളിപ്പെടുത്താനും സ്വതന്ത്രമായ മാനസിക വിചാരങ്ങൾ പറത്തി വിടാനും കഴിയുന്നു .
ജീവിക്കുന്നത് ആഘോഷിക്കാം
സ്വന്തം ഫോട്ടോ പതിച്ച ഇൻറർനെറ്റ് മാധ്യമപ്പേജിൽ തനിക്ക് ഒരു സ്നേഹിതനെ വേണമെന്നു പരസ്യമായി അഭ്യർത്ഥിക്കാൻ കഴിയുന്ന തരത്തിലേക്ക് ആ സ്വാതന്ത്ര്യം വളർന്നിരിക്കുന്നു. സ്വകാര്യതയും സ്വാതന്ത്ര്യവും ഒരുമിക്കുകയാണ്. സ്വകാര്യതയും പ്രണയവും ഒരുമിക്കുകയാണ് .സ്വാതന്ത്ര്യവും ധിക്കാരവും ഒരുമിക്കുകയാണ്. നിഷേധവും സ്വകാര്യതയും ഒരുമിക്കുകയാണ്. സ്വാതന്ത്ര്യവും ഏകാന്തതയും ഒരുമിക്കുകയാണ്. വിശ്രമവേളയും നിഷേധവാസനയും ഒരുമിക്കുകയാണ്. ജീവിതത്തിൽ ആഘോഷിക്കാൻ ഏറെയുണ്ടെന്ന വലിയൊരു പാഠമാണ് ഇതിലൂടെ പുറത്തുവരുന്നത് .
ആഘോഷിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക. ഇന്ത്യൻ പ്രഭാഷകനായ മഹാത്രിയ പറഞ്ഞ ഒരു കഥ ഓർക്കുകയാണ്. ഒരു വലിയ സ്ഥാപനത്തിൻ്റെ ഹെഡ് രാവിലെ ഓഫീസിൽ വന്ന് എല്ലാവർക്കും ലഡു വിതരണം ചെയ്യുകയാണ് .അയാൾ തൻ്റെ സന്തോഷം വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും വിളിച്ചുപറയുന്നുണ്ട്. എല്ലാവരോടും ആഹ്ലാദിക്കുവിൻ എന്നു അഭ്യർത്ഥിക്കുന്നുണ്ട്. എന്താണ് ഇന്നു ഇത്ര ആഹ്ലാദിക്കാൻ കാരണമെന്നു സഹപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:"ഞാൻ ഓഫീസിലേക്ക് എൻ്റെ ബെൻസ് കാറിൽ വരുമ്പോൾ വലിയൊരു അപകടമുണ്ടായി. എതിരെ വന്ന ഒരു വാഹനത്തിലിടിച്ച് കാർ മറിഞ്ഞു. കാറിനു സാരമായ കേടുപറ്റി." ഇത് കേട്ട് സഹപ്രവർത്തകർ വല്ലാതെ വിഷമിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു: 'ആഹ്ളാദിക്കുവിൻ. ലഡു കഴിക്കുവിൻ.' അപ്പോഴും അവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഇതിൽ ആഹ്ലാദിക്കുന്നത് എങ്ങനെ?- ഒരാൾ ചോദിച്ചു. അപ്പോൾ അയാൾ അറിയിച്ചത് ഇതാണ്: 'പ്രിയ സഹപ്രവർത്തകരേ ,എൻ്റെ ബെൻസ് തകർന്നത് ശരിയാണ് .ആ കാറിൽ യാത്ര ചെയ്തിരുന്ന എനിക്ക് കാര്യമായി ഒരു പരിക്കും ഉണ്ടാകാതെ രക്ഷപ്പെട്ടു. ഞാൻ ഉറപ്പായും രക്ഷപ്പെട്ടിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നു. ഇത് ആഘോഷിക്കാനുള്ളതല്ലേ? '
അപ്പോഴാണ് അയാളുടെ ചിരിയുടെ അർത്ഥം അവർക്കു മനസ്സിലായത്. കാർ വീണ്ടും വാങ്ങാൻ കഴിയും.എന്നാൽ അയാൾക്ക് ഗുരുതരമായ പരിക്കു പറ്റിയിരുന്നെങ്കിലോ? ശാരീരികമായി വലിയ ക്ഷതമുണ്ടായിരുന്നെങ്കിലോ? അതിൻ്റെ ഫലം തിക്തമായിരിക്കും. അതിൽ നിന്നു ജീവിതകാലത്ത് രക്ഷപ്പെടാൻ കഴിയണമെന്നില്ല. എന്താണ് ഇവിടെ മനസ്സിലാക്കേണ്ടത്? പല കാരണങ്ങളാൽ സ്വയം പഴിക്കുകയും വിധിയെ അധിക്ഷേപിക്കുകയും ചെയ്യുമ്പോഴെല്ലാം ഒരു കാര്യമോർക്കണം .നാം നന്ദി പറയേണ്ടേ? ജീവിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പ്രണമിക്കേണ്ട ഒരു ഘടകം അതിലുണ്ട്. ദാരിദ്യത്തെ സ്നേഹിക്കരുത് ; സമുദ്ധിയെയാണ് സ്നേഹിക്കേണ്ടത്.
ശുചിമുറിയിൽ പോകാൻ കഴിയുന്നത്
ഒരിക്കൽ ഒരു ഡോക്ടർ ഒരാളോടു പറഞ്ഞു:'ജീവിതത്തിൽ പല തിരിച്ചടികളും നഷ്ടങ്ങളും ഉണ്ടായെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾ ഭാഗ്യവാനാണ്. പരസഹായമില്ലാതെ ശുചിമുറിയിൽ പോകാൻ കഴിയുന്നുണ്ടല്ലോ. എന്തെന്നാൽ ലക്ഷക്കണക്കിനാളുകൾ ജീവിതവിജയം നേടിയിട്ടും ,ധനം സമ്പാദിച്ചിട്ടും തനിയെ ശുചിമുറിയിൽ പോകാനാകാതെ കഷ്ടപ്പെടുകയാണ്.'
ഒരു വലിയ അരി വ്യാപാരിയെക്കുറിച്ച് ഒരു കഥയുണ്ട് .അയാൾ ദരിദ്രനായിരുന്നു. കച്ചവടത്തിൽ വളരെ കഷ്ടപ്പെട്ട് പടിപടിയായി ഉയർന്നു. നല്ലപോലെ അധ്വാനിച്ചു. ഒടുവിൽ വലിയൊരു അരിക്കച്ചവടക്കാരനായിത്തീർന്നു. അപ്പോൾ അയാൾ ഭൗതികമായി വിജയിച്ചതായി സന്തോഷിച്ചു.ആ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അയാളെ പലവിധ രോഗങ്ങളും ആക്രമിച്ചു .കണ്ണിനു കാഴ്ച കുറഞ്ഞു.പ്രമേഹം പിടിപെട്ടു .കാലുകൾക്ക് വേദനയുണ്ടായി. തുടർന്ന് അയാൾക്ക് അരിഭക്ഷണം പൂർണമായി ഒഴിവാക്കേണ്ടി വന്നു. വലിയ അരിക്കച്ചവടക്കാരനായിട്ടും അരിഭക്ഷണം ഉപേക്ഷിക്കേണ്ടിവന്നത് അയാളെ വലച്ചു.ഈ സന്ദർഭത്തിൽ അയാളോടു ഒരു സുഹൃത്ത് പറഞ്ഞതാണ് ശ്രദ്ധേയം.'താങ്കൾക്ക് രോഗം വന്നതും ഭക്ഷണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതും വിധിയുടെ കുഴപ്പമല്ല .യാതൊരു ജോലിയും ചെയ്യാതെ തെണ്ടി നടന്നാലും ഈ അസുഖങ്ങളെല്ലാം വന്നേക്കാം. അപ്പോൾ കാതലായ പ്രശ്നമെന്താണ്? താങ്കൾക്ക് ആരുടെയും പിന്നാലെ നടന്ന് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കേണ്ടി വരുന്നില്ല. വലിയൊരു സൗഭാഗ്യമാണത്. നല്ല കുടുംബമുള്ളതുകൊണ്ട് എപ്പോഴും ശ്രദ്ധ കിട്ടുന്നു. പണം സമ്പാദിച്ചിട്ടുള്ളത് കൊണ്ട് ബന്ധുക്കൾ ഒന്നൊഴിയാതെ വന്നു സുഖവിവരം അന്വേഷിക്കുന്നു. ഇതല്ലേ ആഘോഷിക്കേണ്ടത് ?
ജീവിതത്തിൽ ആഘോഷിക്കാൻ ധാരാളം അവസരങ്ങൾ വന്നുകൊണ്ടിരിക്കും. ഒന്നുപോലും നഷ്ടപ്പെടുത്തരുത്. നന്നായി ആഘോഷിക്കാനുള്ള അവസരം വരുമ്പോൾ, ആഗ്രഹിച്ച മറ്റേതെങ്കിലും കാര്യം സഫലമായില്ലല്ലോ എന്നോർത്ത് അത് നഷ്ടപ്പെടുത്തരുത് .അത് അപരിഹാര്യമായ നഷ്ടമായിരിക്കും. ഉണരുക ,ഓരോ നിമിഷത്തിലും ഉണരുക .ഞാൻ എന്ന വ്യക്തി ഉണ്ടായിരിക്കുന്നത് എൻ്റെ മാത്രം വിജയമല്ല; എന്റെ പൂർവ്വപിതാക്കളുടെയും പൂർവമാതാക്കളുടെയും വലിയ പരമ്പരയുടെ വിജയമാണത് ;അവർ സഹിച്ചതിനുള്ള വിലയാണ്. അവരിലൂടെ ഇവിടെ വരെ അതിജീവിച്ച് എത്തിയെന്നത് ,ഏതൊരു മനുഷ്യനും ഏതൊരു ജീവിക്കും ആഘോഷിക്കാനുള്ള വകയാണ്. ബിൽ ബ്രൈസൺ പറഞ്ഞതുപോലെ ,ഒരു ഈച്ചയായിരിക്കുന്നതു പോലും ഒരു വലിയ നേട്ടമാണ്.
രജതരേഖകൾ
1)ഇന്ത്യൻ ചിത്രകലയുടെ കൊളോണിയൽ കാലഘട്ടത്തെക്കുറിച്ച് ഡോ.ഷാജു നെല്ലായി എഴുതിയ
ലേഖനം (പ്രഭാവം ,മെയ് ) വസ്തുസ്ഥിതി വിവരണത്തിനപ്പുറത്തേക്ക് ഒരു വിശകലനമാകുന്നുണ്ട്. പക്ഷേ ചിത്രകലയെ ദേശ, രാഷ്ട്ര സങ്കൽപ്പത്തിനകത്തു വെച്ച്, കൊളോണിയൽ ബോധജ്വരങ്ങളിൽ അപഗ്രഥിക്കുന്നതിൻ്റെ പ്രസക്തി എന്താണ്?
2)നിത്യചൈതന്യയതി കലയെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങളും അതിലെ മന:ശാസ്ത്രവും ചർച്ച ചെയ്യുകയാണ് പ്രമോദ് കൂരമ്പാല (പ്രഭാവം ,മെയ്). കല പ്രാപഞ്ചികമായ ഒരു സത്യസാക്ഷാത്കാരമാണെന്ന കാഴ്ചപ്പാടാണ് യതിക്കുണ്ടായിരുന്നതെന്നു ലേഖകൻ സമർത്ഥിക്കുന്നു.
3)ഇസ്രയേലിൻ്റെ ബോംബാക്രമണത്തിൽ മരിച്ച ഇറാനിയൻ കവി വർണിയ അബ്ബാസിയുടെ 'അണഞ്ഞുപോയ നക്ഷത്രം'(പച്ചമലയാളം ,ജൂലൈ, പരിഭാഷ: ഉണ്ണി സദാശിവൻ)എന്ന കവിത ഓർമ്മകളുടെ മുറിപ്പാടുകൾ കൊണ്ട് സ്മാരകം നിർമ്മിക്കുകയാണ് .കവിതയ്ക്കെതിരായ ബോംബാണ് അവിടെ വീണത്. അത് മുൻകൂട്ടി കണ്ടപോലെ അവൾ എഴുതി:
'ലോകത്തിലെ ഏറ്റവും
മനോഹരമായ കവിതയും
നിശ്ശബ്ദമാകുന്നിടത്ത്
നീയും ഞാനും അവസാനിക്കും.'
കവിത നിശ്ശബ്ദമാകുന്നത് ബോംബിൻ്റെ മുന്നിലും മരണത്തിലുമാണ്. പിന്നീട് കവി എഴുതുന്നത് ഇതാണ്:
'നിൻ്റെ ആകാശത്തിലെ
അണഞ്ഞ നക്ഷത്രമാകും ഞാൻ,
ധൂമം പോലെ.'
അറം പറ്റുക എന്നത് ഒരു യാഥാസ്ഥിതിക വിശ്വാസമാണ്. എന്നാൽ ചില വരികൾ വായിക്കുമ്പോൾ അങ്ങനെ ചിന്തിച്ചു പോകും.
4)വള്ളത്തോൾ നമ്മുടെ ഭാഷയിലെ മഹാകവി മാത്രമല്ല, ലോകനിലവാരത്തിലുള്ള പരിഭാഷകനുമാണ്.വാത്മീകി രാമായണം, പുരാണങ്ങൾ, ഭാസനാടകങ്ങൾ ,ഋഗ്വേദം തുടങ്ങിയ മഹാസാഹിത്യസർവ്വസ്വം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വള്ളത്തോളിന്റെ പാദങ്ങൾക്ക് മുന്നിൽ പുഷ്പങ്ങളർപ്പിക്കുന്നു.സംസ്കൃത നാടകങ്ങളിലെ പണ്ഡിതാർത്ഥങ്ങളായ പ്രയോഗങ്ങൾ അതേ പാകത്തിൽ മലയാളത്തിലേക്ക് കൈമാറി കിട്ടണമെങ്കിൽ പരിഭാഷകൻ വള്ളത്തോളിനെ പോലെ കൃതഹസ്തനായിരിക്കണമെന്നു മുണ്ടശ്ശേരി അഭിപ്രായപ്പെടുന്നുണ്ട്.
5)പ്രമുഖ ഇന്ത്യൻ കവിയും നാടകകൃത്തുമായ പ്രൊഫ. സുരേഷ് ഋതുപർണയുടെ 'ഹിരോഷിമാസ്മൃതി' എന്ന കവിത പ്രഭാവർമ്മ (പ്രഭാതരശ്മി, ജൂലൈ) പരിഭാഷപ്പെടുത്തിയിരിക്കുന്നു. പ്രഭാവർമ്മയുടെ പരിഭാഷയിൽ അത് മലയാളത്തിന്റെ സംവേദനമണ്ഡലമായി ഉയർത്തപ്പെടുകയാണ്.
'കേവലം വാക്കായ് നാഗസാക്കിയും ഹിരോഷിമ
തന്നെയും മാറിപ്പോവാ, മേറെവൈകിടാതെന്നാൽ
സഞ്ജയൻ; സമ്പൂർണ്ണ നാശത്തിന്റെ കഥ പണ്ടേ
പറഞ്ഞ മഹാൻ മൃതിയടഞ്ഞിട്ടുമിന്നും നാം
അറിയുന്നിതന്നത്തെ മൃതിതൻ മഹാവർഷം.'
6)പി.എ.നാസിമുദ്ദീൻ എഴുതിയ 'പൂജ്യർ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂൺ 1 -7)ഇന്നത്തെ കവിതയുടെ ബലഹീനതയാണ് പ്രദർശിപ്പിക്കുന്നത്. വസ്തുജ്ഞാനമില്ല. ഒരു വസ്തു കവിതയിൽ വരുമ്പോൾ അത് കാവ്യവസ്തുവായി മാറണം. അപ്പോൾ ഒളിഞ്ഞിരിക്കുന്ന ജീവിതത്ത്വപരമായ അർത്ഥം വായനക്കാർക്ക് ലഭ്യമാകണം. ഇതൊന്നും ഈ കവിതയിലില്ല. വരികൾ നോക്കുക:
'നാല്പതാണ്ട് ഞങ്ങളീ പുഴയെ നോക്കിയിരുന്നു
അതിനിടയിൽ സോവിയറ്റ് യൂണിയൻ വീണു,
ബാബറിപ്പള്ളി വീണു.
ഭൂകമ്പങ്ങളും പ്രളയങ്ങളും
വന്നുപോയി.
കുരുവിള ഒന്നുമറിഞ്ഞില്ല;
അവനു അക്ഷരങ്ങൾ
അലർജി രോഗം പോലെ.'
7)വൈക്കം മുഹമ്മദ് ബഷീർ ഒരു കഥയിൽ 'അന്തിമകാഹളം' എന്നെഴുതിയത് വല്ലാതെ ചിന്തിപ്പിച്ചു, അസ്വസ്ഥനാക്കി എന്നറിയിക്കട്ടെ.ബഷീർ അതീന്ദ്രിയ ജ്ഞാനിയായിരുന്നു. അദ്ദേഹം തൻ്റെ ഹൃദയത്തിൻ്റെ അന്തരാളത്തിൽ ലോകഗതിയെ ദീർഘദർശനം ചെയ്തു. ലോകജീവിതം ശൂന്യതയിലേക്ക് അപ്രതിരോധ്യമായ വിധം ഓടിപ്പോവുകയാണെന്നു അദ്ദേഹം അറിഞ്ഞു .അവസാനകാലത്ത് ആ കാഹളം കേട്ടു .മനുഷ്യൻ മിഥ്യകൾ കൊണ്ട് കാട്ടിക്കൂട്ടുന്ന ദൈവനിന്ദയും മനുഷ്യവിരുദ്ധതയും ബഷീർ അനുഭവിച്ചു .മനുഷ്യനു ദയയില്ല ;എന്നാൽ ചിലപ്പോൾ അവൻ ദൈവവുമായി സംസാരിക്കുമെന്നു പറയുന്നു!. ദയ ഇല്ലാത്തവൻ മനുഷ്യൻ്റെ രൂപം കൊണ്ട് ചെയ്യുന്നത് ക്രൂരത മാത്രം. അന്തിമകാഹളം കേട്ട ബഷീർ പിന്നീട് എഴുതാതിരുന്നു; തൊടിയിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഉറുദു പാട്ടുകൾ കേട്ടു വിശ്രമിച്ചു.ആ മൗനത്തിൻ്റെ അർത്ഥമതാണ്.
8)നിങ്ങൾക്ക് നേരെ വരുന്ന സംഭവങ്ങളെ പൂർണമായി നിയന്ത്രിക്കാൻ കഴിയണമെന്നില്ല. എന്നാൽ അതിൻ്റെ പേരിൽ ജീവിതം ചുരുങ്ങിപ്പോകാതിരിക്കണമെന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ് - അമെരിക്കൻ കവി മായാ ആഞ്ജലോയുടെ വാക്കുകളാണിത് .വലിയൊരു പ്രബോധനമാണിത് .ലോകം നമ്മെ എപ്പോഴും ഉപേക്ഷിക്കും , ഉപേക്ഷിച്ചുകൊണ്ടിരിക്കും. എന്നാൽ നാം നമ്മെ ഉപേക്ഷിക്കരുത്; നമുക്കു നമ്മെ ആവശ്യമുണ്ട്.

No comments:
Post a Comment