ഗാന്ധിജിയുടെ
ചിന്തകളോ ജീവിതമോ ഒരു രാഷ്ട്രീയനേതാവിനും പിന്തുടരാനാകില്ല. അത്
ഗാന്ധിജിക്ക് മാത്രമുള്ളതാണ്. അദ്ദേഹം സത്യം സ്ഥാപിച്ചുകിട്ടുന്നതിന്
വേണ്ടി ആഹാരം ഉപേക്ഷിച്ച് സമരം ചെയ്തു. അത് സമരമല്ല, പ്രാർത്ഥനയും ത്യാഗവും
ധ്യാനവുമാണ് .സത്യത്തെ കാലുഷ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഗ്രഹിക്കാൻ
തന്റെ നിസ്സംഗമായ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും കഴിയുമെന്നാണ് അദ്ദേഹം
പ്രത്യാശിച്ചത്. ആഹാരം കഴിക്കാതെ, സത്യത്തിനു വേണ്ടി നിശ്ശബ്ദനായി വെറുതെ
കിടക്കുകയോ ഇരിക്കുകയോ ചെയ്യന്നത് എതിരാളികളുടെ മനസ്സുമാറ്റുമെന്നു
ഗാന്ധിജി ചിന്തിച്ചു. ഈ നിരാഹാരാനുഷ്ഠാനം കണ്ട് എതിരാളികൾ വിറളി പിടിച്ച്
ആക്രമിക്കാൻ വന്നാൽ അത് ഏറ്റുവാങ്ങിക്കൊള്ളണമെന്നാണ് അദ്ദേഹത്തിൻ്റെ
വാദം.അത് മറ്റു സമൂഹങ്ങൾക്ക് മാതൃകയാകുമെന്നും പറയുന്നു. ഇത് പ്രായോഗികമായ
കാര്യമാണ്. ആക്രമിക്കാൻ വരുന്നവരെ നിരായുധരായി നിന്ന് അഭിമുഖീകരിക്കുകയോ
അവർക്ക് കീഴടങ്ങുകയോ വേണം, സത്യത്തിനുവേണ്ടി!.ഇതിനിടയിൽ സത്യം ആരാണ്
ഗ്രഹിക്കുന്നത് ,ആരുടെ കൈയിലാണ് അതുണ്ടാവുന്നത്? ആക്രമിക്കപ്പെട്ട്
കരയുന്നവന്റെ കൈയിൽ നിന്ന് അവൻ്റെ ദുർവഹമായ സത്യം താഴേക്ക്
പതിക്കുകയായിരിക്കും ഫലം.
നിരായുധനാകുന്നത്
,നിരാഹാരമിരിക്കുന്നത് ,ത്യജിക്കുന്നത് ഗാന്ധിജിയുടെ ജീവിതരീതി തന്നെയായി
മാറുന്നതാണ് നാം കണ്ടത്. എന്നാൽ ഇത് ഒരു സാധാരണക്കാരന്റെ മന:ശാസ്ത്രത്തിൽ
ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളുളവാക്കും. അവൻ സത്യത്തിന് വേണ്ടി
നിരാഹാരമനുഷ്ഠിക്കും.എന്നു പറഞ്ഞാൽ ആഹാരം മാത്രമാണ് ഉപേക്ഷിക്കാൻ
എളുപ്പമെന്നതുകൊണ്ട് നിരാഹാരത്തിലിരിക്കുന്നത് അവൻ്റെ മഹിമയും സദ്ബുദ്ധിയും
ഇരട്ടിപ്പിക്കുമെന്ന് അവൻ കണക്കുകൂട്ടാൻ തുടങ്ങുന്നു.അത് അവനെ
ഭൗതികസ്വത്തിൽ നിന്ന്, എന്തെങ്കിലും സ്വന്തമാക്കാനുള്ള ചോദനയിൽ നിന്ന്
പിന്തിരിപ്പിക്കുകയും ചെയ്യും.ഇത് ദാരിദ്ര്യത്തിന്റെ ഉപാസനയാണ്
.ദാരിദ്ര്യത്തെ സ്വയം നിറഞ്ഞ ഒരവസ്ഥയായി കാണുന്നു എന്നാണ് ഇതിൽ നിന്ന്
മനസ്സിലാക്കേണ്ടത് .ലോകത്തിലെ നല്ല ഭക്ഷണത്തെയും പാർപ്പിടത്തെയും
വസ്ത്രത്തെയും ആളുകൾ വെറുക്കുന്നതും ഏറ്റവും ചെറിയ ചുറ്റുപാടിൽ ഒതുങ്ങാൻ
സഹായിക്കുന്നതും ഇതാണ്.
ആഗ്രഹം കുറയ്ക്കണമെന്നാണ്
ഗാന്ധിജി ഉപദേശിക്കുന്നത്. അതിനു ഉപോദ്ബലകമായി അദ്ദേഹം
ചൂണ്ടിക്കാട്ടുന്നത് അതിലൂടെയാണ് നാഗരികത ഉരുത്തിരിയുന്നതെന്നാണ്. ഇത്
ഗാന്ധിജിക്കു മാത്രം സ്വീകാര്യമായതാണ്. ഒരു വലിയ രാജ്യത്തിൻ്റെ
സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിക്ക് ആഗ്രഹം
ഉപേക്ഷിക്കാം .അദ്ദേഹത്തിനു മറ്റ് ആഗ്രഹങ്ങൾ ഇല്ലാതാകുന്നതു കൊണ്ടാണ്
രാഷ്ട്രത്തിൻ്റെ വിമോചനത്തിനു വേണ്ടി മുഴുവൻ സമയവും
പ്രവർത്തിക്കാനാവുന്നത്. എന്നാൽ സാധാരണക്കാരന് ആഗ്രഹങ്ങളുണ്ട് .അവന്റെ
ജീവിതം താപസൻ്റെയോ സന്യാസിയുടെയോ അലഞ്ഞു തിരിയുന്നവൻ്റെയോ
തത്ത്വശാസ്ത്രവുമായി കൂട്ടിക്കെട്ടാൻ പാടുള്ളതല്ല. ഒരു താപസനു ആശ്രമത്തിൽ
കഴിഞ്ഞാൽ മതി. സന്യാസിക്ക് സ്വയം തീർത്ത മഠങ്ങളോ സ്ഥാപനങ്ങളോ
ഉണ്ടായിരിക്കും. അലഞ്ഞുതിരിയുന്നവന് സത്രങ്ങളും ക്ഷേത്രങ്ങളുമാണ് അഭയം.
അവനു ആഗ്രഹങ്ങൾ ഉപേക്ഷിക്കാം. അവനു ആഗ്രഹമില്ലാതിരിക്കുന്നത് സ്വരക്ഷയ്ക്ക്
വേണ്ടിയാണ്. ഒന്നും സ്വന്തമാക്കാനുള്ള ജീവിതസാഹചര്യം അത്തരക്കാർക്കില്ല .
ഒരു
കുടുംബമുള്ളവന് വീട് അത്യാവശ്യമാണ്. വീട് എന്നാൽ, ആധുനികകാലത്താണെങ്കിൽ
സാങ്കേതിക സൗകര്യങ്ങൾ വേണം. മക്കൾക്ക് പഠിക്കാൻ വൈഫൈ വേണം. ഒരു വാഹനം
അത്യാവശ്യമാണ്. കുട്ടികളെ ദാരിദ്ര്യത്തിന്റെ ഉപാസകരാക്കി വളർത്താനാവില്ല.
സമൂഹത്തിലെ സാമ്പത്തികമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും.
ഡെമോൺസ്ട്രേഷൻ എഫക്ട് ഉണ്ടാകും. അയൽ വീട്ടിൽ മീൻ വറുത്താൽ നമുക്കും
വറുക്കാൻ തോന്നും. ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന്റെ പേരിലും,
സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിലും ആത്മഹത്യ ചെയ്ത എത്രയോ
കുട്ടികളുണ്ട് ഈ നാട്ടിൽ !ആധുനിക വിദ്യാഭ്യാസത്തിൽ ഒരു സ്മാർട്ട് ഫോണിന്റെ
റോൾ എത്ര വലുതാണെന്ന് ഓർക്കണം. മറ്റു കുട്ടികളുടെയിടയിൽ അവർക്കൊപ്പം
മാന്യമായി വേഷം ധരിക്കാനായില്ലെങ്കിൽ അത് ദുസ്സഹമായിരിക്കും. ഫോൺ
ഇല്ലാതായാൽ മാനസികമായി അത് പ്രഹരമേല്പിക്കും. അതുകൊണ്ട് നാഗരികത വളരാൻ
അല്ലെങ്കിൽ വികസിക്കാൻ ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്ന ഗാന്ധിജിയുടെ ആശയം
അപ്രസക്തമാണ്. ഗാന്ധിജി വ്യക്തി എന്ന നിലയിൽ
രാഷ്ട്രീയപ്രവർത്തനത്തിനപ്പുറത് തേക്ക് പോവുകയും തൻ്റെ തന്നെ പ്രകൃതത്തിൽ
തളച്ചിടപ്പെടുകയുമാണ് ചെയ്തത് .രാഷ്ട്രീയത്തിലെ നിസ്വാർത്ഥതയും ത്യാഗവും
സമഭാവനയും അച്ചടക്കവും പാലിക്കാൻ വേണ്ടി അദ്ദേഹം ഇന്ദ്രിയങ്ങളെ
അടയ്ക്കുകയും സ്വയം ഹിംസിക്കുകയുമാണ് ചെയ്തത്.ഒരാൾ സ്വന്തം അപ്പം ജോലി
ചെയ്തു ഉണ്ടാക്കിയാൽ ലോകത്ത് പട്ടിണിയുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്
.എല്ലാവരും അവരവരുടെ അപ്പം മാത്രമുണ്ടാക്കിയാൽ രോഗികൾക്കും വയോധികൾക്കും
ആര് ഭക്ഷണം കൊടുക്കും?എന്നാൽ ഒരാൾ കൂടുതൽ ഭക്ഷണം ഉല്പാദിപ്പിക്കണം; അവനവന്
വേണ്ടി മാത്രം പോരാ .സ്വന്തം ഭക്ഷണത്തിനുവേണ്ടി മാത്രം ജോലി ചെയ്താൽ എന്ത്
സംഭവിക്കും? ഗാന്ധിജി പറയുന്നു:
"If we did so,our wants would be minimised ,our food would be simple.we should then eat to live not live to eat.
ഇത്
കച്ചവടത്തിന്റെയും വികാസത്തിന്റെയും കൂമ്പ് നുള്ളുകയാണ് ചെയ്യുന്നത്.
നമ്മൾ നാമമാത്രമായി ഭക്ഷണം കഴിച്ച്, പറയാത്തക്ക ആഗ്രഹങ്ങളൊന്നുമില്ലാതെ
കഴിയണമെന്ന് പറയുന്നത് ഒരു യുദ്ധസാഹചര്യത്തിലാണ് ഇണങ്ങുക. സാധാരണ
ജീവിതത്തിൽ ഇത് പ്രാകൃതമായ ഏർപ്പാടാണ് .നമ്മൾ എന്തിനാണ് ഭക്ഷണം ,രുചി
എന്നിവ വർജിക്കുന്നത്? പതിറ്റാണ്ടുകളായി ,നല്ല പാത്രത്തിൽ
വിളമ്പിക്കഴിക്കാൻ പോലും കഴിയാതിരുന്ന എത്രയോ സമുദായങ്ങളുണ്ടായിരുന്നു
ഇന്ത്യയിൽ !.അവർക്ക് മേൽത്തരം രുചികൾ നിഷിദ്ധമായിരുന്നു.വരേണ്യരുടെ
പാത്രങ്ങളിലെ രുചികൾ അവർ മാത്രം അനുഭവിച്ചാൽ മതിയെന്ന ധ്വനി ഇതിലുണ്ട്.
ഗാന്ധിജി ഇന്ത്യയിലെ സാധാരണക്കാരനോട് ,താഴ്ന്നജാതിക്കാരനോട് പറഞ്ഞതായി
ഇതിനെ കണ്ടാൽ മതി .നിങ്ങൾ അധികമൊന്നും ഭയക്കണ്ട. ആഗ്രഹങ്ങൾ ഒന്നുതന്നെ
വേണ്ട. ജീവിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചു എന്നു വരുത്തിയാൽ മതി. ഈ
നിലപാട് ദാരിദ്ര്യത്തെ ഉപാസിക്കാനുള്ള 'പവിത്ര'മായ ആഹ്വാനമാണ്.
ദാരിദ്ര്യത്തിന്റെ
ഉപാസകർ നല്ല ഷർട്ട് ധരിക്കുകയില്ല. ഒരാൾ നിറമുള്ള ഷർട്ട് വാങ്ങി
കൊടുത്താലും അവർ ധരിക്കുകയില്ല; അല്ലെങ്കിൽ നിറം മങ്ങിയ ശേഷം ഉപയോഗിക്കും.
അവരെ നിറം ഭയപ്പെടുത്തും. നിറം സമ്പന്നതയുടെ അടയാളമാണെന്നു
തെറ്റിദ്ധരിച്ചവരുണ്ട്. അവർ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമില്ലാതെ
ജീവിക്കും .രുചി വേണ്ടെന്ന് വയ്ക്കും .നല്ല പാർപ്പിടമുണ്ടാക്കണമെന്ന്
തോന്നുകയില്ല. എവിടെയെങ്കിലും കിടന്നാൽ മതിയെന്നു വിചാരിക്കും . ഇങ്ങനെ
ചെയ്യുമ്പോൾ നാഗരികത നശിക്കുകയല്ലേ ചെയ്യുന്നത് ? ഒരു നാഗരികതയ്ക്ക് വികാസം
വേണം. വൻതോതിൽ ഉത്പാദിപ്പിച്ചാലേ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ.
അപ്പോഴാണ് പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത്. ഓരോ ഉപഭോക്താവും തൊഴിൽ
സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .ഒരു ടൗണിൽ നല്ല ഭക്ഷണം കൊടുക്കുന്ന
റസ്റ്റോറൻറ് വിജയിച്ചാൽ അവർ മറ്റു ടൗണുകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ
യൂണിറ്റുകൾ തുടങ്ങും. അതോടെ കൂടുതൽ ഉപഭോക്താക്കളെത്തും. അത് കൂടുതൽ പേർക്ക്
തൊഴിൽ നൽകും. അങ്ങനെ ജീവിതനിലവാരം ഉയരും. ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ
ഇതൊന്നും സാധ്യമല്ല. ഗാന്ധിജിയുടെ തത്ത്വങ്ങൾ അദ്ദേഹത്തിന് മാത്രമാണ്
ഇണങ്ങുക.അത് മറ്റൊരാൾക്ക് പ്രായോഗികമാക്കാൻ കഴിയില്ല.
ഗാന്ധിജിയെക്കുറിച്ച്
ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിൽ ഗാന്ധിജിയുടെ
മനുഷ്യത്വവിരുദ്ധമായ കടംപിടുത്തങ്ങളിൽ താൻ സൗന്ദര്യാത്മകമായ
അരുചി(aesthetic distaste)അനുഭവിക്കുകയാണെന്നു തുറന്നുപറയുന്നുണ്ട്.
എന്നാൽ ഗാന്ധിജി എല്ലാ രാഷ്ട്രീയക്കാർക്കും മുകളിലാണ്. ഔപനിഷദികവും
ബ്രാഹ്മണിക പാരമ്പര്യത്തിൽ അധിഷ്ഠിതവുമായ ചില മൂല്യങ്ങൾ രാഷ്ട്രീയ
പ്രവർത്തനത്തിൻ്റെ ഔന്നത്യത്തിനു അനിവാര്യമെന്ന മട്ടിലാണ് ഗാന്ധിജി
സമീപിച്ചത്. തനിക്ക് ആവശ്യമില്ലാത്തതെല്ലാം മോഷ്ടിച്ചതായി കരുതണമെന്ന ചിന്ത
ഉപനിഷത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വീകരിച്ചതാണ്. വെജിറ്റേറിയനിസം
ബ്രാഹ്മണിക് വേറിടലിൻ്റെ ഭാഗമാണ്. ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനുള്ള
മുന്നൊരുക്കമായാണ് ഈ ചിന്തയെ കാണേണ്ടത്.
ടി.പത്മനാഭൻ്റെ
'ഗസ്സയിലെ കുട്ടികൾ' എന്ന കഥയിൽ ദാരിദ്ര്യത്തെ മുഖ്യമായി കാണുന്ന ഒരു
സന്ദർഭമുണ്ട്. ഒരു യൂണിവേഴ്സിറ്റി സെമിനാർ ഉദ്ഘാടനം ചെയ്യാൻ വന്ന
കഥാനായകൻ്റെ മേൽ അസുഖകരമായ ചില ചിന്തകളാണ് വൈസ് ചാൻസിലർ വർഷിച്ചത്.താനൊരു
പഴഞ്ചനാണെന്നും തനിക്ക് ആധുനികകാല സാഹിത്യത്തെക്കുറിച്ച്
ഒന്നുമറിയില്ലെന്നും സിൻഡിക്കേറ്റിൽ ഒരു വിഭാഗം വാദിച്ചത് വൈസ് ചാൻസിലർ
അറിയിച്ചതാണ് കാരണം. എന്നാൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന
ഗവേഷണത്തെക്കുറിച്ച് കഥാനായകൻ ചിന്തിക്കുന്നത് വലിയ സത്യമാണ്."ഇനി
ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ
ഇത്തരമൊരു നാറിയ ഇടപാട് ! അർത്ഥശൂന്യമായ വിഷയങ്ങൾ, അവയെപ്പറ്റി ആഴത്തിൽ
ചിന്തിക്കുകയും ഗവേഷിക്കുകയും ചെയ്യന്ന വിദ്യാർത്ഥികൾ." പിന്നീട്
പ്രസംഗവേദിയിൽ എത്തിയെങ്കിലും അദ്ദേഹം വിഷയത്തിലേക്ക് കടന്നില്ല. ഗസയിലെ
കുട്ടികൾ ഭക്ഷണപ്പൊതിക്കു വേണ്ടി കൈകൾ ഉയർത്തിയപ്പോൾ കിട്ടിയത്
ബോംബാന്നെന്ന് പറഞ്ഞ് ആകുലതകളോടെ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.
ഓരോരുത്തരും അവരവർക്ക് വേണ്ടി മാത്രം ,സ്വന്തം അപ്പത്തിന് വേണ്ടി മാത്രം
അധ്വാനിച്ചാൽ മതിയെങ്കിൽ ഗസയിലെ കുട്ടികളെ ആരു നോക്കും? ഗാന്ധിജി പറഞ്ഞത്
ഇവിടെ ഫലിക്കില്ല.പത്മനാഭൻ്റെ കഥാപാത്രം മനുഷ്യർ ദാരിദ്ര്യത്തെ
ഉപാസിക്കുന്നതിനെ നിശ്ശബ്ദമായി ശകാരിക്കുകയും അതിൻ്റെ പേരിൽ
ദു:ഖിക്കുകയുമാണ് ചെയ്യുന്നത്.തെറ്റു ചെയ്യാത്ത കുട്ടികൾ ഭക്ഷണത്തിൻ്റെ
പേരിൽ പീഡിപ്പിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല .
published in THANMA IN DECEMBER, 2025
