Followers

Wednesday, February 5, 2025

സ്വന്തം ചെവി മുറിച്ചിട്ടില്ലാത്ത വാൻഗോഗിനെക്കുറിച്ച്/സുധ മാര്യങ്ങാട്ട്

 




എം.കെ.ഹരികുമാർ എഴുതിയ ‘വാൻഗോഗിന് ‘ എന്ന നോവലിൻ്റെ വായന

കലാകാരൻ്റെ ജീവിതത്തെയും കലയെയും അപഗ്രഥിക്കാനും നിർവ്വചിക്കാനും വിലയിരുത്താനും പല കാലങ്ങളിൽ പല സിദ്ധാന്തങ്ങളുടെ പിൻബലത്തിൽ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത് ഇന്നും തുടരുന്നു . ലോകപ്രശസ്ത ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗിൻ്റെ ജീവിതചിത്രത്തെ കടുത്ത ചായക്കൂട്ടിൽ വരയ്ക്കാനും വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് എം. കെ. ഹരികുമാറിൻ്റെ ‘വാൻഗോഗിന് ‘ എന്ന നോവൽ. ജീവിച്ചിരിക്കുമ്പോൾ വെറുക്കപ്പെട്ടവനും മരണാനന്തരം വാഴ്ത്തപ്പെട്ടവനുമാകുന്ന ലോകനീതിയുടെ നീതിരാഹിത്യത്തെ പൊളിച്ചെഴുതുക, അവനവനോട് കൂടുതൽ സത്യസന്ധത പുലർത്തുന്ന കലാകാരൻ എങ്ങിനെയാണ് വ്യവസ്ഥാപിത കൗശലങ്ങൾക്ക് പുറത്താക്കപ്പെടുന്നത്, സ്വന്തം ചെവി മുറിച്ചു കാമുകിക്ക് നല്കിയ മാനസികവിഭ്രാന്തിയ്ക്കുടമ എന്ന വിശ്വാസത്തെ പുനർവിചിന്തനം നടത്തുക എന്നിങ്ങനെ നോവൽ അഭിസംബോധന ചെയ്യുന്ന പ്രശ്നങ്ങൾ നിരവധിയാണ് .

പുതിയ ഘടന ,ആഖ്യാനം

നോവലിൻ്റെ ഘടന ,ആഖ്യാനം എന്നീ തലങ്ങളിൽ വളരെ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വാൻഗോഗിൻ്റെ യഥാർത്ഥ ജീവചരിത്രമല്ല ഇത് .നോവലിസ്റ്റ് യഥാർത്ഥ വാൻഗോഗിൽ കുറേക്കൂടി അടുത്തു നിന്നു കാണാവുന്ന ,വിശ്വസനീയമായ ,മനന പ്രധാനമായ മറ്റൊരു വാൻഗോഗിനെ സൃഷ്ടിക്കുകയാണ്. ആ വലിയ കലാകാരനെക്കുറിച്ചുള്ള ചരിത്ര വസ്തുതകൾ പശ്ചാത്തലത്തിലുണ്ടെങ്കിലും നോവലിസ്റ്റ് അതിൽനിന്നു മുന്നോട്ടു പോകുന്നു. വാൻഗോഗ് കൂടുതൽ ഏകാകിയായത് എങ്ങനെയെല്ലാമാണെന്ന് അന്വേഷിക്കപ്പെടുന്നു.ഇത് സാമ്പ്രദായികമായല്ല പറയുന്നത്. പത്രവാർത്തകളെയും റിപ്പോർട്ടുകളെയുമാണ് ഉദ്ധരിക്കുന്നത്. എന്നാൽ ഈ പത്രവാർത്തകളും പത്ര റിപ്പോർട്ടുകളും വ്യാജമാണ്.ഫിക്ഷൻ യഥാർത്ഥമല്ല, യാഥാർത്ഥ്യത്തിൻ്റെ ഭാവന മാത്രമാണെന്ന് ഈ നോവൽ സ്ഥാപിക്കുന്നു. നോവലിലെ പല സന്ദർഭങ്ങളും സാങ്കല്പികമാണ്. ജീവിച്ചിരുന്ന വാൻഗോഗിനെ നോവലിസ്റ്റ് സങ്കല്പ്പിക്കുകയാണ്. അങ്ങനെ ജീവിതം ഫിക്ഷനായി മാറുന്നു. ഇതിനെ ഹരികുമാർ സ്യൂഡോ റിയലിസം എന്നാണ് വിളിക്കുന്നത്. ഇതും നോവലിസ്റ്റിൻ്റെ സ്വന്തം സങ്കേതമാണ്. കഥ പറയാൻ യാഥാർത്ഥ്യം മതിയാവാതെ വരുകയാണ്. അതുകൊണ്ട് ഫിക്ഷ്നെ യാഥാർത്ഥ്യമാക്കുന്നു. വാൻഗോഗ് തൻ്റെ ചെവി മുറിച്ചിട്ടില്ല എന്നാണ് ഈ നോവൽ സ്ഥാപിക്കുന്നത്. അത് പോൾ ഗോഗിനുമായുള്ള സംഘട്ടനത്തിൽ സംഭവിച്ചതാണ്.പോളിൻ്റെ വാൾകൊണ്ട് ചെവി മുറിഞ്ഞു വീഴുകയായിരുന്നു. ഈ സംഭവം തെളിയിക്കുന്നതിനാധാരമായ ചില വസ്തുതകളും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഇതാണ് ‘വാൻഗോഗിന് ‘ എന്ന നോവലിനെ പ്രസക്തമാക്കുന്നത്.

തിയോഡോർ എന്ന നോവലിസ്റ്റിൻ്റെ ഉൾക്കാഴ്ചയിലൂടെ വാൻഗോഗിൻ്റെ കലാജീവിതത്തെയും വ്യക്തിജീവിതത്തെയും അന്വേഷണാത്മകമായി പുനരവതരിപ്പിക്കപ്പെടുന്നു. അതിന് ദിശാബോധം നല്കുന്നതാകട്ടെ നിക്കോളാസ് വിൽഹെം, സ്റ്റാൻലി പയസ്, എന്നിവരുടെ പത്രറിപ്പോർട്ടുകൾ, മാർസൽ യൂബേയുടെ ജീവിതചരിത്രവിവരണം, പോൾ ഗോഗിൻ്റെ ഡയറിക്കുറിപ്പുകൾ ,പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ്റെ റിപ്പോർട്ടുകൾ എന്നിവയാണ്. ഇതിലൂടെ അനാവരണം ചെയ്യുന്ന വാൻഗോഗിൻ്റെ വ്യക്തി ജീവിതത്തിലെ സ്ഫോടനങ്ങളും ഉരുൾപൊട്ടലും ഉൾച്ചേർന്ന് അപരവ്യക്തിത്വമെന്നോ തകർന്ന വ്യക്തിത്വമെന്നോ വിശേഷിപ്പിക്കാവുന്ന പ്രക്ഷുബ്ധതകളെ ഇഴവിടർത്തി പരിശോധിക്കുമ്പോൾ അദ്ദേഹത്തിൻ്റെ  ചിത്രങ്ങളെക്കാൾ സങ്കീർണ്ണമായ ജീവിതചിത്രത്തെ, വർണ്ണവിന്യാസങ്ങളെ ആത്മാവിൻ്റെ സൂക്ഷ്മതയുള്ള കണ്ണുകളോടെ  കണ്ടെത്തുകയാണ് ഈ രചന.

കലയുടെ ഉന്മാദം

പ്രകൃതിയെന്ന പ്രണയഭൂമികയെ ആഗ്രഹിക്കുകയും ഉപാസിക്കുകയും സ്വപ്നം കാണുകയും ചെയ്ത വാൻഗോഗിന് മുന്നിൽ ഒരിക്കലും അനാവരണം ചെയ്യപ്പെടാത്ത മരീചികയായിരുന്നു പ്രകൃതിയും പ്രണയവും. തന്നിൽ നിന്ന് വേറിട്ട ഒന്നായിരുന്നില്ല വാൻഗോഗിന് പ്രകൃതി. പ്രണയവും അങ്ങിനെ തന്നെ. വരയ്ക്കാൻ വേണ്ടി മാത്രമാണ് താൻ ജീവിക്കുന്നതെന്നും തനിക്ക് അതേ കഴിയൂ എന്നുമുള്ള ചിന്തയിൽ കലയെ ഉന്മാദമാക്കി മാറ്റി ,ഭ്രാന്തമായി, നിസ്വാർത്ഥമായി വരച്ചുകൊണ്ടേയിരുന്നു. സർഗാത്മകമായ വേദനകളുടെ വെളിപ്പെടുത്തലായിരുന്നു അവയിലേറെയും .വാൻഗോഗ് വരയക്കുന്നതെന്തെന്ന് തിരക്കാത്ത ഒരു സമൂഹത്തിൻ്റെ ഒത്ത നടുവിൽ നിന്നുകൊണ്ട്  വെളിച്ചം കാണാത്ത, പുറംലോകത്തിൻ്റെ അംഗീകാരം നേടാത്ത ചിത്രങ്ങൾക്കിടയിൽ നിന്ന് കലയുടെ ഉന്മാദലഹരിയിൽ അദ്ദേഹം ജീവിച്ചു.’ “കീ “യോടുള്ള പ്രണയവും പ്രണയാഭ്യർത്ഥന സൃഷ്ടിച്ച അവഗണനയും അവഹേളനവും ഒറ്റപ്പെടലും ദുരന്തവും തോൽവിയുമാണ് ഉന്മാദവും അന്തർമുഖത്വവും അയാൾക്ക് സമ്മാനിച്ചത്. ഒരേ സമയം വിരക്തിയും തൃഷ്ണയും ഉൾച്ചേർന്ന ബോധാബോധമണ്ഡലത്തിൽ സഞ്ചരിക്കുക വഴി താൻ ഏറ്റവും മോശക്കാരനാണെന്നും താനീ ലോകത്തിന് പാകമല്ലെന്നുമുള്ള ചിന്തകൾ വാൻഗോഗിൽ ഉടലെടുത്തു.

സമൂഹത്തിൻ്റെ അനുതാപമോ,  സ്നേഹമോ കിട്ടാതെ തന്നിലേക്ക് തന്നെ ചുരുങ്ങുകയും അതുവഴി അന്തർമുഖത്വത്തിലേക്കും അന്യവൽക്കരണത്തിലേക്കും നടന്നു കയറുകയും ചെയതു. ഒരിക്കലും തിരിച്ചുവരാത്ത സൂര്യവെളിച്ചമായി ,ഓർമ്മയായി പ്രണയനിരാസത്തെ മാറ്റുമ്പേഴും അതെല്ലാം കലയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു. സമൂഹത്തിൽനിന്ന് പുറംതിരിഞ്ഞു നടക്കാനും തനിക്ക് വഴങ്ങാത്ത യുക്തിയും  ഗർവ്വും പുലർത്തിയ ലോകത്തെ നിരാകരിക്കാനും മനനത്തിലൂടെ പ്രബുദ്ധനായി അന്യനാകാനുമാണ് വാൻഗോഗ് ശ്രമിച്ചത് .മറ്റുള്ളവരുടെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ അനുസരിച്ച് മാനകമായി ജീവിക്കാൻ കഴിയാതിരുന്ന ,പ്രണയ നഷ്ടത്തിൽ സ്വയം അവഹേളിതനായ ,മോഹാന്ധതയിൽ കൂപ്പുകുത്തിയ ജീവിതചിത്രമായിരുന്നു Three pairs of Shoe പോലുള്ള കലാസൃഷ്ടി അടയാളപ്പെടുത്തിയത്.
ചിത്രകാരനെ സംബന്ധിച്ചിടത്തോളം രചന ഒരു വിമലീകരണമാണ്. ഉള്ളിലുറഞ്ഞു കൂടിയ വ്യഥകളെ പുറന്തള്ളുന്ന ആത്മബലി കൂടിയാണവ.

കിഴങ്ങുകളാകാൻ വിധിക്കപ്പെട്ടവർ

മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാന പ്രേരണ ലൈംഗികതയാണ് എന്നത് ഫ്രോയിഡിൻ്റെ ആശയമാണ് . സാമൂഹികനിയമങ്ങൾ പലപ്പോഴും വ്യക്തിയുടെ ലൈംഗികതൃഷ്ണകളെ പരിമിതപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്യാറുണ്ട്. ഇത് വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും വ്യക്തിത്വം നശിപ്പിച്ച് വിഷാദത്തിലേക്കോ,വിഭ്രാന്തിയിലേക്കോമനോ രോഗത്തിലേക്കോ എത്താറുമുണ്ട്. വാൻഗോഗിൻ്റെ ചിത്രവായനയിലുടനീളം ഈ യഥാർത്ഥ്യമുണ്ട്. കലാകാരനാകുക എന്ന അനിവാര്യതയിൽ നിന്ന് ഒരിക്കലും വാൻഗോഗിന് രക്ഷപെടാൻ കഴിയാത്തതുപോലെ അടിസ്ഥാന ചോദനകളിൽ നിന്ന് മുകതനാകാനും കഴിഞ്ഞില്ല. ഇതിനെ മറികടക്കാനുള്ള ശ്രമം still life with BasKet of Apple പോലുള്ള ചിത്രങ്ങളിൽ കാണാം.

ജീവിച്ചിരിക്കുമ്പോൾ ആശയങ്ങളുടെയോ ചിന്തകളുടെയോ ചോദനകളുടെയോ സമൂഹ നിയമത്തിൻ്റെയോ പേരിൽ ഒരുമിക്കാനാവാത്തവർക്ക് വ്യവസ്ഥാപിതജീവിതത്തിൽനിന്നുള്ള മോചനമാണ് മരണം .ബാസ്കറ്റിലെ ഉരുളക്കിഴങ്ങ് പോലെ ഭിന്നതകളില്ലാതെ ഒത്തുചേരാൻ തലയോട്ടികളായി മാറണം എന്ന ചിന്തയും ഇത് മുന്നോട്ടു വെയ്ക്കുന്നു. മനുഷ്യർക്ക് കൂടുതൽ  ഐക്യവും സമ്പർക്കവും സഹജഭാഷണവും നടത്താൻ കഴിയുന്നത് ശവശരീരങ്ങളാവുമ്പോഴോണ് .സങ്കുചിതവും സ്വാർത്ഥതയും ഹിംസാത്മകവുമായ വികാരങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ജീവിതഭാഷണമാണ് തലയോട്ടികളായി മാറുമ്പോൾ ഉണ്ടാകുന്നത്. വ്യവസ്ഥാപിത സമൂഹങ്ങൾക്കിടയിൽ കിഴങ്ങുകളാകാൻ വിധിക്കപ്പെട്ട മനുഷ്യരെ വാൻഗോഗ്‌ വരയ്ക്കുന്നു.

മാർസൽ യൂബേയുടെ ജീവചരിത്രക്കുറിപ്പിലൂടെയാണ് ഹൂർണിക് എന്ന വാൻഗോഗിൻ്റെ കൂട്ടുകാരിയെ നാം പരിചയപ്പെടുന്നത്.  വാൻഗോഗിന് ആശ്രയവും അഭയവുമായിരുന്നു അവർ. തൻ്റെ ജീവിതത്തിൽ സംഭവിച്ചതും പോൾ ഗോഗിനുമായുള്ള സൗഹൃദത്തിലെ നിഗൂഢതകളുടെ ചുരുളഴിയുന്നതും ഹുർണികിനോടുള്ള വെളിപ്പെടുത്തലിലൂടെയാണ്. അഭിസാരിക എന്ന കർമ്മമണ്ഡലത്തിൽ നിന്നും വാർഗോഗിൻ്റെ ചിത്രങ്ങൾക്ക് മോഡലാവുക എന്ന ആദർശ പദവിയിലേക്ക് നോവലിസ്റ്റ് ഹുർണിക്കിനെ ഉയർത്തുന്നു. യേശുവിൻ്റെ മുന്നിലെത്തുന്ന മഗ്ദലന മറിയത്തിൻ്റെ വിശുദ്ധപദവിയിലേക്ക് നീട്ടിവെയ്ക്കപ്പെടുന്ന കഥാപാത്രമാണ് ഹുർണിക്.

വർണ്ണങ്ങളുടെ വ്യാഖ്യാനം

ചെവി മുറിച്ചു കാമുകിക്ക് നല്കിയ ഉന്മാദപ്രണയത്തിനുടമയായിരുന്നു വാൻഗോഗ് എന്ന കഥയുടെ ചുരുളഴിയുന്നത് ഗോഗിൻ്റെ ഡയറിക്കുറിപ്പിലൂടെയാണ്. ചിത്രകാരൻ്റെ ജീവിതം വരച്ചു ചേർക്കുമ്പോൾ എഴുത്തുകാരൻ്റെ ചായക്കൂട്ട് വർണ്ണ വ്യാഖ്യാനാധിഷ്ഠിതമായ ഭാഷ തന്നെ. ആറ് അടിസ്ഥാനവർണ്ണങ്ങളെ വാൻഗോഗിൻ്റെ ജീവിതപശ്ചാത്തലത്തിൽ നോവലിസ്റ്റ് അപഗ്രഥിക്കുന്നു. ചുവപ്പ് അപകടകരമായ ആസക്തിയും മഞ്ഞ ലാഭനഷ്ടങ്ങളില്ലാത്ത നിഷ്ക്രിയത്വവും പച്ച ദു:ഖങ്ങൾക്കിടയിലെ ഹരിതാഭ ശാന്തിയും നീല ബന്ധങ്ങളുടെ ആഴവും പരപ്പും ഓറഞ്ച് സ്മൃതിനാശവും വയലറ്റ് അവശേഷിപ്പിച്ച നന്മയും ദൈവികത്വവും ഒക്കെയായി വാൻഗോഗിൻ്റെ ജീവിതപാഠത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. 

ഇന്ന് വിൻസൻ്റ് വാൻഗോഗിന് ഒരു മിത്തിക്കൽ പദവിയുണ്ട്. മാനസിക, ലൈംഗിക രോഗങ്ങൾക്കടിപ്പെട്ട് ജീവിതം ഹോമിച്ച ഒരു കലാകാരൻ്റെ ജീവിതാന്വേഷണത്തിൽ നോവലിസ്റ്റ് പാലിക്കുന്ന ഒതുക്കം ഭാഷയിലും കാണാം. അലങ്കാരക്കൂട്ടുകളില്ലാത്ത പച്ചയായ യാഥാർഥ്യമായിരുന്നു വാൻഗോഗിൻ്റെ ജീവിതമെങ്കിൽ ഭാഷയുടെ ആലങ്കാരികതയെ തിരസ്കരിച്ചുകൊണ്ട് ,തനിമ നഷ്ടപ്പെടാതെ ,സ്വാഭാവിക ചിത്രീകരണമാണ് നോവലിലും പാലിച്ചത്.  നോവൽശില്പത്തിൽ വിലയം പ്രാപിച്ച ആശയത്തെയും ഭാഷയെയും വേർതിരിക്കുക ദുഷ്കരം,.അത് ക്രമാനുഗതമാണ് .

No comments: