Followers

Tuesday, December 31, 2024

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം

 

 a

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. 'ശ്രീനാരായണായ' എന്ന നോവലിനാണ് പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു



 

a
shubhamgananda swami , m k harikumar, avyayananda swami at siagiri mutt



കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -4 / എം.കെ.ഹരികുമാർ

 




ഗുരുവിൻ്റെ ദൈവസങ്കല്പം മനസ്സിലാക്കിയാലേ 'കുണ്ഡലിനിപ്പാട്ടി'ലെ പ്രാർത്ഥന ഏതുദിശയിലേക്കാണെന്നു വ്യക്തമാവുകയുള്ളൂ. ഗുരുവിൻ്റെ ദൈവം ഒരു പ്രത്യക്ഷമൂർത്തിയല്ല,ഒരു നാമധാരിയല്ല, വിഗ്രഹമല്ല.അത് സൗന്ദര്യാത്മകമാണ്. സൗന്ദര്യാത്മകമായത് എന്നാൽ  വൈകാരികവും മാനസികവുമായ അഭിരുചികളെ, ഐന്ദ്രിയാനുഭവങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്നാണ് അർത്ഥം. ഒരു പൂവ് കണ്ടു നാം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യാത്മകമാണ് .അതിൻ്റെയർത്ഥം അത് എല്ലാവർക്കും സന്തോഷം നൽകും എന്നല്ല. അതിൽ  സന്തോഷിക്കാനുള്ളത് കൃത്യമായി നിക്ഷേപിച്ചിരിക്കുന്നു എന്നർത്ഥമില്ല .നാം അതു കാണുന്നതുകൊണ്ട് സന്തോഷമുണ്ട്. അത് കാണാത്തിടത്തോളം  സന്തോഷമില്ല .കാണുന്നതുകൊണ്ട് സന്തോഷമുണ്ടാകുന്നത് നമ്മുടെ അവസ്ഥയാണ്. നമുക്ക് മാത്രമുള്ള അവസ്ഥയാണ്. നാം കാണേണ്ടതുപോലെ കാണുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത് .ആ സിദ്ധി കടം കൊള്ളുന്നതല്ല .അറിവിനും മാനസികാവസ്ഥയ്ക്കും അനുസരിച്ചുണ്ടാകുന്നതാണ്.ഇതാകട്ടെ എല്ലാകാലത്തും ഒരുപോലെയല്ല. പതിനാറു വയസ്സിൽ നാം എന്തിനെയാണോ ഇഷ്ടപ്പെട്ടത് അത് അമ്പതാം വയസ്സിൽ അങ്ങനെ തന്നെ തുടരണമെന്നില്ല. നമ്മുടെ ബോധനിലവാരം അനുസരിച്ച് മാറുകയാണ്. ബോധനിലവാരം മാറാൻ വിധിക്കപ്പെട്ടവരാണ് നാം. നമുക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. 

ഭാവിയിൽ എന്തു സംഭവിക്കുമെന്നു അറിയില്ല. നമ്മെക്കുറിച്ച് നമുക്ക് വലിയ വിവരമില്ല .അതുകൊണ്ടാണ് ഗുരു 
"നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ"

ദൈവം ഭാവിയാണ് 

ഇതിൽ 'നീ ഭാവിയാണ്' എന്ന സന്ദേശം വ്യക്തമായി നൽകിയിരിക്കുന്നു. ദൈവം ഭാവിയാണ്. ഭാവിയിൽ എന്താണുള്ളതെന്നു നമുക്ക് അറിയില്ലല്ലോ. അത് ഇരുളടഞ്ഞ ലോകമാണ്. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അവിടേക്ക് പ്രവേശനമില്ല.ഇന്ദ്രിയങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങൾ ഈ ഭൂമിയിലുണ്ട് .അവിടെ കയറാൻ ശാസ്ത്രം വളർന്നിട്ടില്ല. അത് അപ്രകാശിതമായ ഇടമാണ്. അത് നമ്മുടെ മേഖലയല്ല .അത് ദൈവത്തിൻ്റേതാണെന്നു പറയാം. ദൈവം എന്നാൽ ഒരു പേരിട്ടു വിളിക്കണമെന്നില്ല. വിളിച്ചാലും കുഴപ്പമില്ല .അത് അപ്രകാശിതമായ ഒരു ലോകമാണ് .ആ ഭാഗം ദൈവത്തിൻ്റേതാണ്. എന്നു പറഞ്ഞാൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തത് എന്നാണർത്ഥം. ആ ഭാഗത്തെ നമുക്ക് എങ്ങനെ ഗുണകരമാക്കാമെന്നു ചിന്തിക്കുന്നത് നല്ലതാണ് .

ഈ ദൈവവുമായുള്ള നമ്മുടെ ബന്ധം പ്രതിപ്രവർത്തനം പോലെയാണ് .നാം എങ്ങനെ ചിന്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ ദൈവം രൂപപ്പെടുന്നത്. നാം ചോര പുരണ്ട കൈകൾ കൊണ്ട് പ്രാർത്ഥിച്ചാൽ ദൈവം അതിനു ചേരുന്ന വിധത്തിൽ പ്രവർത്തിക്കും .പ്രാർത്ഥന ഏതു പ്രകാരമാണോ അപ്രകാരമായിരിക്കും പ്രതികരണം. നാം ക്രൂരതയും പാപവുമാണ് പ്രാർത്ഥിക്കുമ്പോൾ മനസിൽ സൂക്ഷിക്കുന്നതെങ്കിൽ നമ്മുടെ ദൈവത്തിനു അത് ഇഷ്ടപ്പെടാനേ കഴിയൂ. കാരണം ,നാം അതാണ് ദൈവത്തിനു കൊടുക്കുന്നത്. നമ്മുടെ ദൈവം ചീത്തയായിപ്പോകും. എന്നാൽ നാം വളരെ വിശുദ്ധവും നന്മയുള്ളതും സ്നേഹമുള്ളതും  പരോപകാരപ്രദവുമായ കാര്യങ്ങൾ ആലോചിക്കുകയാണെങ്കിൽ നമ്മുടെ ദൈവം അതിനോട് പ്രതികരിക്കും.ഇത് സൗന്ദര്യാത്മക ദൈവം എന്ന ആശയത്തെ വിശദീകരിക്കും. നമുക്ക് ആന്തരികമായ അഭിവൃദ്ധിയും പ്രതീക്ഷയുമുണ്ടെങ്കിൽ നമ്മുടെ ദൈവത്തിനു അതിന്റെ ഭാഗത്തേക്ക് വരാനാവും.

ഗുരുവിൻ്റെ ഈ സൗന്ദര്യാത്മക ദൈവത്തെ അറിയണമെങ്കിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. നമ്മുടെ ചിന്തയിൽ മാലിന്യം കടന്നു വരാതെ ശ്രദ്ധിക്കണം. അപ്പോൾ ശുദ്ധമായ ദൈവം ഉണ്ടാകുന്നതാണ്. ഈ ദൈവത്തോടു പ്രാർത്ഥിക്കുകയും ദൈവത്തെ അനുഭവിക്കുകയുമാണ് ചെയ്യുന്നത് .നമ്മിൽ നിന്നു വേർപെട്ട ഒരു ദൈവമല്ല അത്. നമ്മിൽ തന്നെയുള്ള ,സദ്ചിന്തകൾ കൊണ്ട് ആകർഷിക്കുന്ന ദൈവമാണത്. ഇതാണ് സൗന്ദര്യാത്മകദൈവം.

നല്ലൊരു ദൈവത്തെ കിട്ടാൻ 

"പുള്ളിപ്പുലിത്തോൽപുതയ്ക്കും പൂമേനിയെ- 
ന്നുള്ളിൽക്കളിക്കുമെന്നാടു പാമ്പേ "
എന്നു ഗുരു എഴുതുന്നു.

കാരണം ,ഈ പ്രാർത്ഥന നമ്മുടെ മനസിലെ തിന്മയെ മാറ്റാൻ ആഹ്വാനം ചെയ്യുകയാണ്. ആസ്ട്രേലിയൻ തത്ത്വചിന്തകനായ ജെൽ മാക്കി(J.L. Mackie,1917-1981)Evil and Omnipotence എന്ന ലേഖനത്തിൽ പറഞ്ഞു: "ദൈവം യുക്തിപരമായ ആവശ്യങ്ങളാൽ ബന്ധിതമാണ്.  എന്നാൽ പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു, അപൂർണ്ണതയുടെ ദാർശനികമായ തിന്മ എന്ന നിലയിൽ .ദൈവം, അതുകൊണ്ട് ,സർവ്വശക്തനല്ല. എന്തെന്നാൽ യുക്തികൊണ്ട് അസാധ്യമായ കാര്യങ്ങൾ ദൈവത്തിനു ചെയ്യാനാകില്ല .ദൈവം സ്വയം സൃഷ്ടിച്ച കാര്യകാരണ നിയമങ്ങൾക്കകത്താണുള്ളത്. പ്രകൃതിദുരന്തങ്ങളെ സമയത്തിനു പിറകോട്ടു ചെന്നു നിർത്തലാക്കാനും സാധിക്കുന്നില്ല. ദൈവം ചിലത് സൃഷ്ടിച്ചിരിക്കുന്നു. അത് ദൈവത്തിനു നിയന്ത്രിക്കാനാവാത്തതാണ്. അതുകൊണ്ട് ദൈവം സർവശക്തനല്ല." ഇത് ചൂണ്ടിക്കാണിക്കുന്നത് ദൈവം നമ്മുടെ ചിന്തയിൽ അപൂർണ്ണമായിരിക്കുന്നതിനെയാണ്. ദൈവമാണ് പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കുന്നതെന്നു പറയാറുണ്ട്. നാം ദൈവത്തെ നമ്മുടെ യുക്തിയിൽ തളച്ചിട്ടിരിക്കുന്നു. ഈ യുക്തിക്കു പുറത്ത് ,നമ്മുടെ സരളവും നിർമ്മലവുമായ ഒരു തലത്തിലാണ് ദൈവത്തെ ഉൾക്കൊള്ളേണ്ടതെന്നാണ് ഗുരു പറയുന്നത് .നല്ലൊരു ദൈവത്തെ കിട്ടാൻ വേണ്ടി നാം കഠിനാദ്ധ്വാനം ചെയ്യണം .ഇതാണ് സൗന്ദര്യാത്മക ദൈവത്തിൻ്റെ കാതൽ.

"പേയും പിണവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ "

പിശാചും പ്രേതവുമുള്ള ചുടുകാട്ടിൽ ശിവൻ അലയുന്നു. അതറിഞ്ഞുവേണം ആടാനെന്നു ഗുരു പ്രാർത്ഥിക്കുന്നു. സർവ്വതും നശിക്കുന്ന ലോകമാണിത്. ആ ലോകത്ത് എങ്ങനെ സ്വന്തം ദൈവത്തെ കണ്ടെത്തി ,ജീവിതത്തെ പൊരുളിനു അഭിമുഖമാക്കാമെന്നാണ് ആലോചിക്കേണ്ടത്. നശിപ്പിക്കാനും പാഴ് വാക്കുകൾ പറയാനും നമുക്ക് നേരമില്ല .നാം വളരെ പരിമിതമായ ഒരു ജീവിതമുള്ളവരാണ്. ആ സമയം സത്യത്തെ അറിയാനായി സ്വന്തം മനസ്സിലേക്ക് നോക്കുക. പ്രേതവും പിശാചും നമ്മുടെയുള്ളിലാണ് .നാം എത്രയോ വലിയ അന്ധവിശ്വാസികളാണ്!. ഗുരുവിൻ്റെ ഉദ്ബോധനങ്ങൾ വന്നിട്ട് പതിറ്റാണ്ടുകൾ എത്ര കഴിഞ്ഞു. ഇപ്പോഴും നാം കൂടോത്രത്തിലും ഇരുണ്ട പൂജകളിലും വിശ്വസിക്കുന്നു. മനുഷ്യൻ ഈ കറുത്ത ചിന്തകളുടെ ഇരയായി  തുടരുകയാണ് .പ്രേതവും പിശാചും നാം സൃഷ്ടിക്കുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാനാണ് .നമുക്ക് നമ്മിൽ നിന്നു നേരിട്ടു സുഖമുണ്ടാക്കാൻ കഴിയില്ലെന്നിരിക്കെ പ്രേതത്തെയും പിശാചിനെയും മറ്റുള്ളവരെ നശിപ്പിക്കാൻ വിടുകയാണ്. നാം നമ്മുടെ തന്നെ നരകം നിർമ്മിക്കുന്നത് ഇങ്ങനെയാണ് .

മനുഷ്യനിലെ പിശാചും പ്രേതവും കത്തിയമരുന്ന ചുടുകാട് 

ഒരു തുടക്കത്തിനു അതിൻ്റെ തുടർ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നാം മറ്റുള്ളവരെ ഉപദ്രവിക്കാൻ പിശാചിനെ കണ്ടെത്തുമ്പോൾ നമുക്ക് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേണ്ടി വരും. മനസ്സിൽ മറ്റൊന്നിനും ഇടമില്ലാത്ത വിധം കറുത്ത ചിന്തകൾ കടന്നു വരുകയാണ്! ഇത് നമ്മുടെ ബോധത്തിന്റെ താളം തെറ്റിക്കും .ആരെയും സ്നേഹിക്കാനോ സഹായിക്കാനോ കഴിയാതെ വരും. ഇതൊരു ദുരന്തമാണ്. നമ്മുടെ തന്നെ നാശമാണത്. അവിടെ വിശുദ്ധമായ ദൈവത്തിനു എങ്ങനെയാണ് പ്രത്യക്ഷപ്പെടാനാവുന്നത്.?ദൈവത്തിനു വിശുദ്ധ ഭാവമേ ഉണ്ടാകാൻ പാടുള്ളൂ. അല്ലാത്തതെല്ലാം നമ്മുടെ തന്നെ അപകടകരമായ ഭാവനയുടെ സൃഷ്ടിയാണ് .ദൈവം ചിന്തയുടെ സന്താനമാണെന്നു ഗുരു  'സുബ്രഹ്മണ്യകീർത്തന'ത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.

"ചന്തച്ചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരനകറ്റിച്ചിന്താസന്താനമേ " എന്നു ഗുരു എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ ചിന്തകൾ കൊണ്ടാണ് ദുരിതം മാറേണ്ടത് .അതിനു പിശാചും പ്രേതവും നമ്മുടെയുള്ളിൽ തന്നെ കത്തിയമരണം. അതാണ് ശിവൻ്റെ ചുടുകാട് .അത് വെറും ശ്മശാനമല്ല. അത് ശവങ്ങൾ എരിഞ്ഞുണ്ടായതാണെന്നു പറയുമ്പോഴും അവിടെ എരിഞ്ഞത് നമ്മുടെ മനസിലെ അന്ധതയുടെ കാടാണ്.

ചിന്തയിൽ നിന്നു പിറന്ന അസുഖകരവും അപകടകരവുമായ ആലോചനകൾക്ക് അന്ത്യം സംഭവിക്കേണ്ടതുണ്ട് .നമ്മുടെ തന്നെ അനാവശ്യമായ ആഗ്രഹങ്ങളുടെയും ആർത്തികളുടെയും തിന്മകളുടെയും ചാരമാണവിടെയുള്ളത് .അതാണ് ചുടുകാട്. അവിടെ നമ്മൾ കൂടുതൽ മിഴിവോടെ ,ശുദ്ധിയോടെ ജീവിതത്തിൻ്റെ അർത്ഥത്തെ അന്വേഷിച്ചു തുടങ്ങും. ഒരർത്ഥം കണ്ടെത്താനാണ് പലരും ജീവിക്കുന്നത്.  മരണം ഉള്ളതുകൊണ്ടാണ് അർത്ഥമുണ്ടാകുന്നത്. ഒരിടത്ത്  അവസാനിക്കുന്നു എന്ന ചിന്ത ഒരു വീണ്ടുവിചാരവും സമയത്തിന്റെ ഉചിതമായി വിനിയോഗവും പ്രതികരണക്ഷമതയും ആവശ്യപ്പെടുന്നു. അന്ത്യം ഉള്ളതുകൊണ്ട് അന്ത്യത്തിനു മുമ്പുള്ള ജീവിതം അർത്ഥപൂർണമാക്കാൻ ശ്രമിക്കണം. അവസാനമുള്ളതുകൊണ്ട് അതിനു മുമ്പുള്ള പ്രവർത്തനം അർത്ഥരഹിതമാവുകയില്ല. ഒരു വാഹനം വാങ്ങിയാൽ അതിൻ്റെ ഉപയോഗത്തിനു ഒരു കാലാവധിയുണ്ട്. എത്ര കിലോമീറ്റർ ഓടാൻ കഴിയുമെന്നു ഓരോ കാറിന്റെ മേലും വിധിയുണ്ട്. അത് കഴിഞ്ഞാൽ ആ കാർ പൊളിച്ച് വിൽക്കുന്നു , അല്ലെങ്കിൽ പുനരുപയോഗത്തിനായി രൂപമാറ്റം വരുത്തുന്നു .കാർ ഒരുകാലത്ത് ഇങ്ങനെ ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടി വരുമെന്നും അതിന്റെ അന്ത്യം സുനിശ്ചിതമാണെന്നും അറിയാവുന്നതുകൊണ്ട് ആരെങ്കിലും കാറിൽ സവാരി ചെയ്യാതിരിക്കുമോ?. കാറിനു അനശ്വരതയില്ല. അതുകൊണ്ട് കാറിലെ യാത്ര അർത്ഥരഹിതമാണെന്നു പറയാനൊക്കില്ല. നമ്മൾ ആവേശത്തോടെ കാറിൽ യാത്ര ചെയ്യുന്നു.

ഇനി കാറിൻ്റെ കാര്യമെടുക്കാം. നശ്വരമാണ് തൻ്റെ ജീവിതമെന്നു കാർ  അറിയുകയാണെന്നു വിചാരിക്കുക.കാർ സവാരി പോകേണ്ടെന്നു തീരുമാനിക്കുകയില്ല. എന്തെന്നാൽ കാർ ഓടാൻ വേണ്ടി സൃഷ്ടിച്ചതാണ്. അത് ഓടാതിരുന്നാൽ വേഗം നശിക്കുമെന്നല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല .കുറെനാൾ ഓടുകയാണെങ്കിൽ 'ജീവനുള്ള' ആ കാറിനു ഐന്ദ്രിയമായ സുഖം കിട്ടും. ഹ്രസ്വമായ ഈ ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവം ചെയ്യാതെ ഐന്ദ്രിയസുഖം കിട്ടിയാൽ അത് നല്ലതാണ്. ഇതുതന്നെയാണ് മനുഷ്യനിലും സംഭവിക്കുന്നത്. മനുഷ്യനു കിട്ടുന്ന ഐന്ദ്രിയസുഖത്തെ  അപരൻ്റെ ക്ഷേമത്തിനായി വഴിതിരിച്ചുവിടണമെന്നാണ് ഗുരു ഉപദേശിക്കുന്നത് .മറ്റുള്ളവർക്ക് ക്ഷേമം ഉണ്ടാകുമ്പോൾ നമുക്കും അതിൽ പങ്കുണ്ടാകുകയാണ് .അത് സന്തോഷമാണ് ,കലർപ്പില്ലാത്ത സന്തോഷം .

അവിടെ ചുടലക്കാടിനെ  അതിജീവിച്ചവരായി നാം മാറുന്നു. നമ്മുടെ ഇരുണ്ട മനോനില അസ്തമിച്ചു കഴിഞ്ഞശേഷമാണല്ലോ നാം അന്യരുടെ സുഖത്തെക്കുറിച്ച്  ഓർക്കുന്നത് .ഒരു കാർ അന്യർക്ക് സുഖം പകരുന്നു. അതിനു  ജീവനുണ്ടെങ്കിൽ അത് അങ്ങനെയാവും ചിന്തിക്കുക. അതുപോലെ ജീവിതത്തിനു ഒരന്ത്യമുള്ളതുകൊണ്ട് നാം മറ്റുള്ളവർക്ക് സുഖം നൽകി അർത്ഥമുണ്ടാക്കുന്നു. തൊഴിലുകൾ മറ്റുള്ളവർക്കാണ് ഉപകരിക്കുന്നത്. ഒരു ആശാരി കട്ടിൽ പണിയുന്നത് അയാൾക്ക് കിടക്കാൻ വേണ്ടിയല്ല; അയാൾക്ക് നാം പകരമായ് കൊടുക്കുന്നതു പണമാണ്. നമുക്ക് ആനന്ദം ലഭിക്കുന്നു. ആശാരി നമുക്ക് ആനന്ദം തന്നു .ആശാരി തന്റെ സുഖത്തിനുവേണ്ടി ചെയ്യുന്നത് മറ്റുള്ളവർക്ക് സുഖമായി മാറുന്നു. അതുപോലെ ഓരോരുത്തരും തൊഴിൽ ചെയ്യണം. ചുടലക്കാട്ടിൽ അലയുന്ന ശിവൻ ഇരുണ്ടചിന്തകളെ ജയിച്ച മഹാശയനാണെന്നോർക്കണം. അവിടത്തെ പ്രേതവും പിശാചും ശിവനെ ബാധിക്കുന്നില്ല. ശിവൻ്റെ ചുടലക്കാട്ടിൽ അവയ്ക്ക് ഒന്നും ചെയ്യാനൊക്കില്ല .അതുപോലെ നമ്മുടെ കത്തിത്തീർന്ന പകയുടെയും വിദ്വേഷത്തിന്റെയും ചുടലക്കാട്ടിൽ അതിൻ്റെയൊന്നും അറിവില്ലാതെ, അതിനൊന്നും വില കൊടുക്കാതെ സ്വയം ശുദ്ധീകരിക്കണമെന്നാണ് ഗുരുവിൻ്റെ പ്രാർത്ഥന.

vangoginu , novel, m k harikumar

 


മറ്റൊരു രാഗം /എം.കെ.ഹരികുമാർ

 a




മറ്റൊരു രാഗം  /എം.കെ.ഹരികുമാർ

 

സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത  എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ ഉൾക്കൊള്ളുക എളുപ്പമല്ല. അത് വായനയിലൂടെയാണ് അദ്ദേഹം   കണ്ടെത്തിയത്. മറ്റുള്ളവരുടെ കൃതികൾ വായിക്കാത്ത എഴുത്തുകാരെ കണ്ടിട്ടുണ്ട്. ചിലർ മലയാളം എഴുത്തുകാരുടെ കൃതികൾ വായിക്കില്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നുവെന്നു വെറുതെ പറയും. മലയാളസാഹിത്യത്തോടു ,അതിൻ്റെ ഭൂതകാലത്തോടു വലിയ താല്പര്യം കാണിക്കാതെ സ്വയം ഒരു അസംബന്ധ ലോകത്തിൽ കഴിയുന്നവരുണ്ട്. എന്നാൽ എംടി ഈ നിരയിലല്ല നിൽക്കുന്നത് .അദ്ദേഹം തൻ്റെ കാലഘട്ടത്തിനു മുമ്പുള്ള  എഴുത്തുകാരെയും നന്നായി വായിച്ചു. അത് വ്യക്തിപരമായ ഒരു ആനന്ദമായിരുന്നു .ഇന്നത്തെ പല യുവകഥാകൃത്തുക്കൾക്കും തങ്ങളുടെ തൊട്ടുമുമ്പുള്ള കഥാകാരന്മാരുടെ രചനകളെക്കുറിച്ച് വിവരമില്ല.

പഠിക്കുന്ന കാലത്തെ വായനയെക്കുറിച്ച് എം.ടി പറയുന്നത് ശ്രദ്ധിക്കുക :'എനിക്ക് അന്നു വായിക്കാൻ താല്പര്യം കവിതയായിരുന്നു .എല്ലാവരോടും വലിയ ആരാധനയായിരുന്നു.പതിനെട്ടു വയസ്സായപ്പോഴേക്കും, എന്റെ വീട്ടിൽ പൊറ്റെക്കാട്ടിന്റെ കഥകൾക്കായി കാത്തിരിക്കുന്നവരുണ്ടായിരുന്നു. പൊറ്റെക്കാട്ട്, തകഴി ,ബഷീർ ,ഉറൂബ്, കേശവദേവ്, കാരൂർ, ലളിതാംബിക അന്തർജനം തുടങ്ങിയവരെ കഥാസമാഹാരങ്ങളിലുടെ ഞാൻ അക്കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്. എല്ലാവരുമായിട്ടും മാനസികമായ ഒരു ബന്ധമുണ്ടായി. മറുവശത്ത് ജിയുടെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ അക്കാലത്ത് വായിച്ചു. വൈലോപ്പിള്ളിയുടെ കവിതകൾ വായിച്ച് അദ്ദേഹത്തിന്റെ രചനകളിൽ എനിക്ക് എന്തോ അവകാശമുള്ളതുപോലെ തോന്നിയിട്ടുണ്ട്.' ഇതാണ് എംടിയുടെ ഒരിക്കലും നശിക്കാത്ത സാഹിത്യപ്രേമം. അദ്ദേഹം  അക്ഷരങ്ങളെയും ഭാഷയും കഥാപാത്രങ്ങളെയും സ്നേഹിച്ചു. സാഹിത്യകാരന്റെ പ്രശസ്തിയോ പദവിയോ ഒന്നുമല്ല അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. സാഹിത്യരചനകളിൽ നിരുപാധികമായി അഭിരമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 'സാഹിത്യത്തിനോടുള്ള പരമമായ ആരാധനയാണ്'എം. ടി യെ  സൃഷ്ടിച്ചത്. അദ്ദേഹം സ്വയം കണ്ടെത്തിയ വഴിയാണത്. മഹാപ്രതിഭകൾ നിറഞ്ഞുനിന്ന  മലയാളസാഹിത്യത്തിൽ തന്റെ അർപ്പണബുദ്ധികൊണ്ട്, ഗ്രഹണശക്തി കൊണ്ട് ,നിസീമമായ വായനകൊണ്ട് സ്വന്തം ഇടം അദ്ദേഹം കണ്ടുപിടിച്ചു.

വായനയിൽ പാശ്ചാത്യമെന്നോ, പൗരസ്ത്യമെന്നോ വേർതിരിവില്ലായിരുന്നു. പാശ്ചാത്യകൃതികൾ നിരന്തരമായി വായിച്ചുകൊണ്ട് ലോകസാഹിത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എം.ടി. അപ്ഡേറ്റ് ചെയ്യുമായിരുന്നു. പൊറ്റെക്കാടിൻ്റെയും തകഴിയുടെയും വഴിയേ പോകാതെ എം. ടി തന്റെ യൗവനകാലത്തിൻ്റെ മുറിവുകളിൽ നിന്നു ജീവിതാനുഭവങ്ങളും കവിതയും സൃഷ്ടിച്ചു.

കുടിയൊഴിക്കൽ എത്ര തവണ വായിച്ചു ?

'ഒരു പുസ്തകം കിട്ടുന്ന പോലെ വലിയൊരു കാര്യമില്ല' എന്നു എം.ടി.പറഞ്ഞതോർക്കുകയാണ്. ചിന്തിച്ചുകൊണ്ട് മുന്നേറിയ യൗവനമായിരുന്നു അത്. ഏറ്റവും ഇഷ്ടപ്പെട്ട കവിതയേതെന്ന ചോദ്യത്തിനു എം.ടി എന്നോടു പറഞ്ഞത് വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്നാണ്. 'കുടിയൊഴിക്കൽ' എത്ര തവണ വായിച്ചുവെന്നു തനിക്കറിയില്ലായില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .എംടിയുടെ അടിത്തറയാണിത് .ജീവിതം നമ്മുടെ കൈപ്പിടിയിലാണെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. എപ്പോഴും വഴുതിപ്പോകും. മനുഷ്യമനസ്സ് പ്രവചനാതീതമായ ഒരവസ്ഥയാണ്. മറ്റുള്ളവർക്ക് നമ്മുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല എന്നത് എപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ് .എന്നാൽ നമുക്കു പോലും നമ്മുടെ തന്നെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല. മനസ്സ് പലതരം വണ്ടുകളെപ്പോലെ പല ദിശകളിലേക്ക് നീങ്ങുകയാണ്. അതിൻ്റെ പിന്നാലെ പോയി മനുഷ്യരെ അറിയുന്നവർക്കാണ് ആഴമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവുന്നത്.

ഒരു മനുഷ്യൻ്റെ ദുഃഖത്തെ, സുരക്ഷിതത്വരാഹിത്യത്തെ പുറമേ നിന്നു നോക്കുകയല്ല , അത് തന്നിലേക്ക് ആവാഹിച്ച് ,ആന്തരികമായ യാത്രകളിലൂടെ സത്യം കണ്ടെത്തുകയാണ് എംടിയുടെ രീതി. കഥാപാത്രത്തിന്റെയുള്ളിൽ എന്ത് സംഭവിക്കുവെന്നു ആരായണം. അതാണ് നാം 'രണ്ടാമൂഴ'ത്തിൽ കണ്ടത്. ഭീമനെ കൂടുതൽ യഥാർത്ഥമായി കാണുകയാണ്. മഹാഭാരതകഥയിലെ അമാനുഷുമായ ശക്തിപ്രവാഹത്തിന്റെയും കടങ്കഥകളിൽ മാത്രം കാണുന്ന മാന്ത്രികതയുടെയും ചട്ടക്കൂടിൽ നിന്നു ഭീമനെ അടർത്തിയെടുക്കുകയാണ്. ഇത് സൃഷ്ടിപരമായ ആവശ്യമാണ്. താൻ സൃഷ്ടിക്കുന്ന ഒരു കഥാപാത്രം തന്റേതായിരിക്കണമെന്ന നിർബന്ധമാണിത്. പരിചയമുള്ള ഒരാളെ കഥാപാത്രമാക്കുമ്പോഴും വലിയ എഴുത്തുകാർ ഈ മാർഗ്ഗമാണ് അവലംബിക്കുന്നത്.

ഒറ്റപ്പെട്ട യുവാവ്

വിഷാദത്തെയും ഒറ്റപ്പെടലിനെയും എം. ടി ഒരിക്കലും സ്ഥൂലമായി ആവിഷ്കരിച്ചില്ല. അതെല്ലാം തൻ്റെ പശ്ചാത്തലമാക്കി പുതിയതായി  കാണുകയാണ് ചെയ്തത് .'ദുഃഖത്തിന്റെ താഴ്വരകൾ' എന്ന കഥയിൽ എം.ടിയുടെ വിഖ്യാതമായ ആ ഒറ്റപ്പെട്ട യുവാവ് തൻ്റെ സ്നേഹിതയുടെ ഓർമ്മകൾക്ക് പിന്നാലെ വ്രണിതഹൃദയനായി നടന്നുവരുന്നത് കാണാം. എഴുതുന്നതിലെല്ലാം ആത്മാംശമുള്ളതുകൊണ്ട് ഈ യുവാവ് എം.ടി തന്നെയാണോ എന്നു സംശയിച്ചു പോകും .

എംടിയുടെ ശൈലി ദേവിൻ്റെയോ  ബഷീറിൻ്റെയോ തകഴിയുടേയോ ശൈലിയിൽ നിന്നു വ്യത്യസ്തമാകാൻ കാരണം അദ്ദേഹം ജീവിതത്തോടു പുലർത്തിയ സൗന്ദര്യബോധമുള്ള സമീപനമാണ് .എം.ടി ഒരു സൗന്ദര്യവാദിയാണ് .'മഞ്ഞ്' എന്ന നോവൽ മനുഷ്യമഹത്വമാണ് പ്രതിപാദിക്കുന്നത്. മനുഷ്യനു കാത്തിരിക്കാനറിയാം ,സ്നേഹമുണ്ടെങ്കിൽ. അത് ഒരു വലിയ മൂല്യമാണ്. എം.ടി എന്തെഴുതുമ്പോഴും അതിൻ്റെ സൗന്ദര്യം പ്രധാനമായിരിക്കും. 'രമണീയം ഒരു കാലം' എന്ന ലേഖന സമാഹാരം ഇത് ബോധ്യമാക്കിത്തരും . കഥകളിൽ മറ്റു വിഷയങ്ങളെല്ലാം പിന്നിലേക്ക് മറയും. എംടി ഒരു റിയലിസ്റ്റ് എഴുത്തുകാരനല്ല .എന്നാൽ യഥാർത്ഥമായ സാഹചര്യങ്ങളാണ് അദ്ദേഹം അവലംബിച്ചത്. യുക്തിവിചാരത്തെ ഒരു കഥയിലും, അദ്ദേഹം കൈവിട്ടില്ല. ആധുനികതയുടെ ഭാഗമായ ഫാന്റസിയിലോ ,അതിഭൗതികതയിലോ വിശ്വസിച്ചില്ല. തൻ്റെ ചിന്താമണ്ഡലത്തിൽ അനുവദനീയമായ സംസ്കാരമാണ് എം.ടി തേടിയത്. അതിനെ അപരിചിതമാക്കുകയല്ല , ഭാവനകൊണ്ട് സുന്ദരമാക്കുകയാണ്. യാഥാർത്ഥ്യത്തിനു സുകുമാരകലയുടെ ലാവണ്യം ലഭിക്കുകയാണ്.'രണ്ടാമൂഴ'ത്തിൽ  ഭീമനെ സാധാരണ വികാരദൗർബ്ബല്യങ്ങളോടെ കാണുന്നു. എന്നാൽ അയാളുടെ ചേഷ്ടകളിൽ, എം.ടിയുടേതു മാത്രമായ സുകുമാരകല സന്നിവേശിപ്പിച്ചിരിക്കുന്നു .ഭീമൻ സ്വന്തം ചിതറലിനെ അഭിമുഖീകരിക്കുന്നു. താൻ വലിയ വംശത്തിന്റെ ഭാഗമാണെങ്കിലും എത്ര നിസ്വനാണെന്നു ചിന്തിക്കുന്ന ഒരു ഭീമനെ ആദ്യമായിട്ടാണ് നാം കണ്ടത്.

മനസിൽ ഒരു താളം

സിനിമയിൽ എം.ടി ഒരു പ്രത്യേക ഭൂവിഭാഗം സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ  വള്ളുവനാടൻ ടച്ചുള്ള സംഭാഷണങ്ങൾ എത്ര ഹൃദ്യമാണ്!. അത് തിരശ്ശീലയിൽ പ്രത്യക്ഷമാകുമ്പോൾ ഏതൊരു ദേശത്തുള്ളവനും സ്വീകാര്യമാകുന്ന ഉത്കൃഷ്ടത ലഭിക്കുന്നുണ്ട്. വള്ളുവനാടൻ സംഭാഷണത്തിലെ താളം മലയാളക്കരയാകെ പരന്നു. അത് പല സിനിമകളെയും സ്വാധീനിച്ചു. എങ്ങനെയാണ് ഇത്ര എഡിറ്റ് ചെയ്ത സംഭാഷണങ്ങളുണ്ടാകുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്: 'ഞാൻ ഡയലോഗുകൾ പലതവണ മനസ്സിൽ പറഞ്ഞു നോക്കും. സ്വീകാര്യമായ ഒരു താളത്തിൽ അത് എഴുതുകയാണ് ചെയ്യുന്നത്.' എം.ടി മനസ്സിൽ കൊണ്ടുനടക്കുന്ന താളമാണത്. കലാകാരന്റെ മനസ്സിനൊരു താളമുണ്ട്. അതാണ് ശൈലിയായി മാറുന്നത്.  അത് യാന്ത്രികമല്ല. അത് മറ്റൊരു രാഗമാണ്. ഭൗതികലോകത്തിൻ്റെ ഒടുങ്ങാത്ത അസ്വസ്ഥതകളെയും അനീതികളെയും അപര്യാപ്തതകളെയും മാറ്റി നിർത്തിയിട്ട്, മനസ്സിൽ തനിയെ രൂപപ്പെടുന്ന ഒരു താളമാണത്. ഈ താളം ജീവിതത്തിന്റെ അതിജീവനതാളമാണ്. കവിതയുടെ ആന്തരികതാളമാണത്. അതാണ് എം. ടി കാത്തു സൂക്ഷിച്ചത്.

പത്രവാർത്തകളോടോ ,നൈമിഷികമായ പ്രശ്നങ്ങളോടോ  പ്രതികരിച്ചുകൊണ്ട് എം.ടി എഴുതിയിട്ടില്ല. ആ സർഗാത്മക മനസ് അങ്ങനെയല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നത്. തന്നെ ആഴത്തിൽ പിടിച്ചുലയ്ക്കുന്ന  തിന്മകളെ അദ്ദേഹം അടിത്തട്ടിൽ നിന്നു മാന്തിയെടുത്ത് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. 'അക്കൽദാമയിൽ വിരിഞ്ഞ പൂക്കൾ' എന്ന കഥയിൽ സമൂഹത്തിൻ്റെ കപടമുഖത്തെ വലിച്ചു കീറുകയാണ്. 'സദയം' എന്ന സിനിമയിലും ഇതു കാണാം.ഷെർലക് എന്ന കഥയിൽ എം.ടി ഒരു പൂച്ചയുടെ ജീവിതമാണ് പരിശോധിച്ചത്.അത് നാഗരിക ജീവിതത്തിന്റെ അടിക്കുറിപ്പായി മാറുകയാണ് .

ഈ പ്രതിച്ഛായകൾ

കേരളീയജീവിതത്തിൻ്റെ സ്വരഭേദങ്ങളുടെ വിഭിന്ന  പ്രതിച്ഛായകളാണ് എംടിയുടെ മിക്കവാറും തിരക്കഥകൾ .ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ,ആരണ്യകം ,അമൃതംഗമയ,അനുബന്ധം ,ഉയരങ്ങളിൽ ,മിഥ്യ തുടങ്ങിയ സിനിമകൾ ഓർക്കുക. അത് എം.ടി കണ്ടറിഞ്ഞ ,വിശകലനം ചെയ്ത് കണ്ടെത്തിയ പ്രതിച്ഛായകളാണ്.

അറുപതുകളിലും എഴുപതുകളിലും സാമൂഹ്യസ്ഥാപനങ്ങളും സാംസ്കാരിക അടിയൊഴുക്കുകളും വ്യക്തിയെ അടിത്തട്ടിലേക്ക് തള്ളുന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. അതിൻ്റെ പലതരം ചിത്രങ്ങൾ എം.ടി കൃതികളിലുണ്ട്. അദ്ദേഹം അതിനോടു കലഹിക്കുന്നത് കാണാം .അസുരവിത്ത് ,നാലുകെട്ട് ,കാലം തുടങ്ങിയ കൃതികളിൽ ഈ പ്രശ്നങ്ങളുണ്ട്.

എം. ടി ഒരു കാലഘട്ടം സൃഷ്ടിച്ചു എന്നു പറയുന്നതായിരിക്കും ശരി. അദ്ദേഹത്തിനു അനുകർത്താക്കളുണ്ടായി. അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ധാരാളം ലേഖനങ്ങളും പഠനങ്ങളും ഉണ്ടായി;പുസ്തകങ്ങൾ എഴുതപ്പെട്ടു. അദ്ദേഹം ഒരു ഗവേഷണ വിഷയമായി .വലിയ സാഹിത്യകാരന്മാരുടെ കാലത്ത് പ്രവർത്തിച്ച എം.ടി. സ്വന്തം സ്ഥാനം കൈവരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാഷ സാഹിത്യരംഗത്ത് പ്രത്യേകമായ സ്ഥാനം നേടി. അത് പല എഴുത്തുകാരെയും പ്രലോഭിപ്പിച്ചു

വിദ്യാസമ്പന്നരുടെ അന്ധതമസ്സുകൾ /എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ




മതങ്ങൾ തമ്മിൽ തർക്കിക്കേണ്ട; ആരും ജയിക്കാൻ പോകുന്നില്ല. കാരണം ,തർക്കിക്കുന്നവൻ സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് തർക്കിക്കുന്നതിനേക്കാൾ നല്ലത് വായിക്കുകയും പഠിക്കുകയും  ചെയ്യുന്നതാണ്. വായിച്ചവർ എഴുതുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവും.സ്വന്തം പരിമിതികളെക്കുറിച്ച് നന്നായി പഠിക്കുക. ആ പരിമിതികളെ മറന്ന് പ്രാപഞ്ചികമായ ഉയരങ്ങളിൽ എങ്ങനെ എത്താമെന്ന് ആലോചിക്കുക .ഈ ആലോചനയ്ക്ക് ഒരു പ്രാപഞ്ചിക മാനമുണ്ട്. അതാണ് ആലുവയിലെ സർവമതസമ്മേളനത്തിലൂടെ നൂറ് വർഷങ്ങൾക്കു മുമ്പ്(1924) ഗുരു ആവിഷ്ക്കരിച്ചത്. കേരളത്തിലെ ബൗദ്ധികമേഖലയെ ബാധിച്ച അന്ധതമസ്സിനു ഒരു ചികിത്സയായിരുന്നു അത്. പുതിയൊരു സംവാദത്തിൻ്റെ വാതിൽപ്പുറങ്ങൾ കാണാറായി. പരിമിതവൃത്തത്തിൽ കഴിഞ്ഞവരെ ബോധോദയത്തിലേക്ക് നയിക്കുകയായിരുന്നു. വീക്ഷണപരമായ അന്ധതയാണ് ചോദ്യം ചെയ്യപ്പെട്ടത്. വിദ്യാസമ്പന്നരുടെ ആത്മീയമായ അഹങ്കാരം ,ശാഠ്യം ,ഭാഗിക വീക്ഷണം ,അന്ധത ,മന്ദത ,ദുര തുടങ്ങിയവയാണ് ആ സമ്മേളനത്തിലൂടെ ഇടിഞ്ഞു വീണത്. ഇവിടെ രാജാക്കന്മാർ പോലും ജാതി വെറിയാണ് നടപ്പാക്കിയത്. അതു കൊണ്ടാണല്ലോ വൈക്കം സത്യാഗ്രഹം വേണ്ടി വന്നത്. 

നാഥൻ്റെ റോൾ കളി 

ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ഗുരുവിൻ്റെ  നിർദ്ദേശപ്രകാരം എഴുതിവെച്ചത്  'വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനുമാണ്' എന്നാണ്‌.ഈ വാക്യം ഒരു വിപ്ളവമാണ്. വെറുതെ തർക്കിക്കാൻ വന്ന് തോൽക്കരുതെന്നാണ് അതിൻ്റെയർത്ഥം. ഇന്ന് ഏതെങ്കിലും വിദ്യാസമ്പന്നനോട് സംസാരിക്കാൻ പറ്റുമോ ?അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കയല്ലേ .ഗുരുവിൻ്റെ വാക്യം  കാലങ്ങളെയും കടന്ന് പായുന്ന കുതിരയാണ്.ആരാണ് അതിനെ പിടിച്ചുകെട്ടാൻ വരുക? ആരും വരില്ല .ഇന്ന് പല പണ്ഡിതന്മാരും പ്രമുഖരും സർവ്വമതമൈത്രി, ജാതിരഹിത ജീവിതം എന്നെല്ലാം  പറയുന്നുണ്ടെങ്കിലും അതെല്ലാം വാക്കുകളിൽ മാത്രമാണ് ജീവിക്കുന്നത്. താഴ്ന്നജാതിൽപ്പെട്ടവരെ  ദ്രോഹിക്കാനാണ് ഇക്കൂട്ടർ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലംപതിഞ്ഞവൻ പരാതി പറയാൻ പാടില്ല. പറഞ്ഞാൽ അവൻ ഒരു ലഹള തുടങ്ങി വയ്ക്കുകയാണത്രേ!. 

ഏതാനും നാൾ മുമ്പ് യാത്രികനും സാഹിത്യകാരനുമായ പി.ആർ.നാഥൻ 'എൻ്റെ ഉത്തരവാദിത്വം'(ഹംസധ്വനി, മാർച്ച്) എന്ന ലേഖനത്തിൽ എഴുതിയത് പരാജയത്തെ നേരിടുന്ന വ്യക്തി ഒന്നിനെക്കുറിച്ചും പരാതി പറയാൻ പാടില്ലെന്നാണ്. മറ്റുള്ളവർ ബോധപൂർവ്വം കരുക്കൾ നീക്കി ഒരാളെ പലയിടങ്ങളിൽ നിന്ന് താഴെ ഇറക്കുന്നത് ബോധ്യപ്പെട്ടാലും മിണ്ടാൻ പാടില്ലത്രേ. അനീതിയെന്ന് ഉറപ്പുള്ള കാര്യങ്ങളെക്കുറിച്ച് മിണ്ടരുതെന്നാണ് അദ്ദേഹത്തിൻ്റെ ഉപദേശം. അഫ്ഗാനിസ്ഥാൻ ആക്രമിക്കാൻ വന്നാലും അതിനെക്കുറിച്ച് പരാതി പറയാൻ പാടില്ല .അഫ്ഗാനിസ്ഥാൻ ആക്രമിച്ചത് നമ്മുടെ കുഴപ്പം കൊണ്ടാണെന്ന് കരുതിക്കൊള്ളണമെന്ന് ! അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്: "നമുക്ക് പരാജയങ്ങൾ സംഭവിക്കുന്നു .വിചാരിച്ച പലതും നടക്കുന്നില്ല. മറ്റുള്ളവർ നമ്മെ വെറുക്കുന്നു. അതിനുള്ള കാരണങ്ങൾ നാം കണ്ടുപിടിക്കുന്നു. എന്നേക്കാൾ മോശക്കാരായവർ ജീവിതത്തിൽ വിജയിക്കുന്നുണ്ടല്ലോ.? എൻ്റെ ജാതിയാണ് എൻ്റെ ശത്രു. ഇവിടം വർഗീയത കൊടികുത്തി വാഴുന്നു.  സകലർക്കും എന്നോട് അസൂയയാണ്. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്? നമ്മിൽ പലരും വാസ്തവ ത്തെ അന്വേഷിച്ചു പോകാറില്ല. പരാജയത്തിന്റെ ഉത്തരവാദി നാം തന്നെയാണ്. നമുക്കെല്ലാം അതിൽ ഒരു റോൾ അഭിനയിക്കേണ്ടിയിരിക്കുന്നു. എനിക്ക് എഴുത്തുകാരന്റെയും പ്രഭാഷകൻ്റെയും   റോൾ അഭിനയിക്കണം. വീട്ടിലെത്തിയാൽ ഭർത്താവാകണം. എൻ്റെ റോൾ ഭംഗിയായി നിർവഹിക്കുന്നതിനു പകരം ഞാൻ ശ്രദ്ധിക്കുന്നത് ചുറ്റുമുള്ളവർ അവരുടെ ഭാഗം ഭംഗിയായി അഭിനയിക്കുന്നുണ്ടോ എന്നാണ് .സ്വന്തം സംഭാഷണം വ്യക്തമായി വേണ്ടുന്ന സമയത്ത് പറയുന്നതിന് പകരം ഞാൻ മറ്റുള്ളവരുടെ സംഭാഷണം ശ്രദ്ധിക്കുന്നു. അവർക്ക് തെറ്റ് പറ്റുമ്പോൾ അവരെ പരിഹസിക്കുന്നു.  ഈ കഥ ഇങ്ങനെയല്ലല്ലോ എഴുതേണ്ടത് എന്നാലോചിക്കുന്നു. അതിൽ അവരുടെ ധർമ്മം ശരിയാംവണ്ണം നിർവഹിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്നു. ഇവിടെ മറന്നു പോകുന്നത് സ്വന്തം കർത്തവ്യങ്ങളാണ്. "

പി.ആർ. നാഥൻ ഒരു എഴുത്തുകാരനെന്ന നിലയിൽ പരാജയപ്പെടാൻ കാരണമെന്താണെന്ന് ഇതിൽ നിന്ന് മനസിലാക്കാം. വീട്ടിൽ റോൾ അഭിനയിക്കുകയാണെന്ന് ! അവനവനോടെങ്കിലും ആത്മാർത്ഥത കാണിക്കുക. ആരെ ബോധ്യപ്പെടുത്താനാണ് ഈ റോളുകളി. ?നാഥൻ്റെ വാക്കുകൾ സത്യഭാമമാർക്ക് പ്രോത്സാഹനവും അർഹതപ്പെട്ട രാമകൃഷ്ണൻമാർക്കൊരു ചവിട്ടുമാണ്.  സ്വന്തം കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണമെന്ന് . വിമർശിക്കാൻ വരരുതെന്നാണ് നാഥൻ്റെ താക്കീത്. നാഥനെയൊക്കെ ആര് വിമർശിക്കുന്നു.? ഒരു നല്ല കൃതി എഴുതിയിട്ടുണ്ടോ നിങ്ങൾ ? നിലം പതിഞ്ഞവരെ ഏമാൻമാർക്ക് ചവിട്ടിക്കൊണ്ടിരിക്കാമല്ലോ എന്ന ചിന്തയിൽ നിന്നാണ് നാഥൻ്റെ വാക്കുകൾ. മറ്റുള്ളവരുടെ പരിഹാസത്തെയും അനീതികളെയും വിമർശിക്കാൻ പാടില്ല .നാഥൻ്റെ മനസിലിരുപ്പ് വ്യക്തമാണ്. നാഥൻ സ്റ്റാറ്റസ്സ്കോ നിലനിർത്താൻ ആഗ്രഹിക്കുന്നു. ഇപ്പോൾ സാമൂഹികമായ അധികാരങ്ങളും പദവികളും കൈയ്യടക്കി വച്ചിരിക്കുന്നവരെ വിമർശിക്കരുത്; പകരം അവർ തരുന്നത് വാങ്ങി തൃപ്തിപ്പെട്ട് അനുസരണയോടെ കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണം .

നാഥനെ പോലുള്ളവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാ അനീതികളും ചോദ്യം ചെയ്യപ്പെടാതെ തന്നെ നിലനിന്നുകൊള്ളണം എന്നാണ്.  അഭിനേതാവ് സ്വന്തം സംഭാഷണം നന്നായി പറഞ്ഞ് വീട്ടിൽ വന്നു കിടന്നുറങ്ങിയാൽ മതി. ഇത്രയും ജീർണമായ, ജുഗുപ്സാവഹമായ 'സാരോപദേശം' കേട്ടിട്ടേയില്ല. കൗരവസഭയിൽ പാഞ്ചാലിയുടെ വസ്ത്രം വലിച്ചു പറിച്ചപ്പോൾ അവരോട് അരുത് എന്ന് പറയാൻ ഒരു പണ്ഡിതനെയും കണ്ടില്ല .ഒരു നാഥനും അവിടെയില്ലായിരുന്നു. ഭീഷ്മരുടെ നാവ് പൊന്തിയില്ല .ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചു പറിക്കുന്നത് തുടരട്ടെ, അയാൾ കർത്തവ്യം ചെയ്യുകയാണല്ലോ.  അയാളെ ചോദ്യം ചെയ്യരുത്! കാരണം ,അതിൻ്റെ കാരണക്കാർ നമ്മളാണല്ലോ ! ചോദ്യം ചെയ്യുന്നവനാണ് തെറ്റ് ചെയ്യുന്നത്.ആ സഭയിൽ യുയുത്സുവാണ് വസ്ത്രം പിടിച്ചു പറിക്കരുതെന്ന് പറഞ്ഞത്.യുയുത്സുവിനു ധർമ്മമുണ്ട്. അവന് അനീതി കണ്ടാൽ എതിർക്കണം. ആ എതിർപ്പിലാണ് അവൻ ജീവിക്കുന്നത്.ഈ ഭൂമിയെ തൊട്ട് അത് സ്പന്ദിക്കുന്നുണ്ടെന്ന് അവൻ തിരിച്ചറിയുന്നത് ഇങ്ങനെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നതുകൊണ്ടാണ്. ജാതി ഒരുവൻ്റെ ശത്രുവാണെന്ന് തോന്നിയെങ്കിൽ അത് അവൻ്റെ കുറ്റമല്ല; സമൂഹത്തിലെ ഒരു പ്രബല വിഭാഗം അവനെ ജാതിയുടെ പേരിൽ, നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് തുടരുകയാണല്ലോ. അപ്പോൾ മേൽപ്പറഞ്ഞ മാന്യൻ പറയും ,താഴ്ന്ന ജാതിക്കാരനല്ലേ അതുകൊണ്ട് എതിർക്കേണ്ട ,കർത്തവ്യം ചെയ്ത് വീട്ടിൽ പോവുക .ഇതിൻ്റെ തുടർച്ചയാണ് സത്യഭാമയിലുടെ കേട്ടത്. ഇത്തരം ഭാമമാർ അദൃശ്യരായി  എവിടെയും ജീവിക്കുന്നു, ആർക്കും പിടികൊടുക്കാതെ .

മനുഷ്യമനസിലെ അഴുക്ക് നീക്കാൻ 

ഗുരു സർവമത സമ്മേളനം സംഘടിപ്പിച്ചത് മനുഷ്യമനസ്സിലെ ഈ അഴുക്ക് നീക്കാനാണ്. എത്ര നീക്കിയാലും പിന്നെയും വെറുപ്പിൻ്റെ ആഫ്രിക്കൻ പായൽ മാത്രം ബാക്കിയാവുമെന്ന് അറിയാം .എത്ര പഠിപ്പിച്ചാലും പഠിക്കില്ല എന്നറിയാം. എത്ര വിദ്യാഭ്യാസം നേടിയാലും ചിലരുടെ ഉള്ള് തെളിയില്ല. ഒളിയമ്പ് എയ്യുന്നതാണല്ലോ ശീലം.  പക്ഷേ, വേറെ എന്താണ് വഴി? ഈ ഉദ്ബോധനങ്ങൾ തന്നെ. എത്ര വായിച്ചാലും ചിലർ മനസ്സിൽ സൂക്ഷിക്കുന്നു. ആരു പറഞ്ഞാലും അത് ഉപേക്ഷിക്കില്ല. മനുഷ്യൻ ഒരു ദൈവമാകേണ്ടവനായിരുന്നു. എന്നാൽ അവൻ ദുഷ്ടബുദ്ധികൊണ്ട്, വകതിരിവില്ലാത്തതുകൊണ്ട്, അമിതമായ അഹങ്കാരം കൊണ്ട്  എല്ലാം നശിപ്പിച്ചു. അവൻ എങ്ങുമെത്തിയില്ല. മറ്റൊരുവനെ ജാതിയുടെ പേരിൽ വെറുക്കുന്നത് വരെയേ അവന് വളരാൻ കഴിഞ്ഞിട്ടുള്ളൂ.ഇതാണ് നിത്യമായ അന്ധകാരം. 

ചിലർ പ്രഭാഷണങ്ങളിലൂടെ ഗുരുവിനെ പൊക്കിയടിക്കും. എന്നാൽ അവരുടെ മനസ്സിൽ വൃത്തികെട്ട വിവേചന ബുദ്ധി പ്രവർത്തിക്കുകയാണ്, രാക്ഷസനെ പോലെ. സർവ്വമതസമ്മേളനത്തിൽ സ്വാഗതപ്രസംഗം ചെയ്തത് പ്രഗത്ഭനായ സത്യവ്രത സ്വാമിയാണ് . ജാതിയുടെ സകല അടയാളങ്ങളും ദൂരേക്ക് വലിച്ചെറിഞ്ഞ ആ മനീഷി  ഇങ്ങനെ പറഞ്ഞു: "ഓരോ മതത്തിന്റെയും പേരും പറഞ്ഞു നടക്കുന്നവരിൽ വലിയ ഭൂരിഭാഗവും അവരുടെ വലിയച്ഛൻ്റെ മതത്തിൻ്റെ പേര് പറയുകയല്ലാതെ തങ്ങളുടെ മതത്തിന്റെ പേര് പറയുകയല്ല ചെയ്യുന്നത്. ആത്മജ്ഞാനവർദ്ധനയ്ക്ക് അധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാർ അവരുടെ ബുദ്ധിയെയും ശക്തിയെയും ധനത്തെയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അധ്വാനത്തിൽ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് നാം ഈ കാണുന്നത്. "

സ്വന്തം മതം കണ്ടെത്തണമെന്നാണ് സ്വാമി ആഹ്വാനം ചെയ്യുന്നത്. അവനവൻ ആത്മരക്ഷാർത്ഥം സത്യം തേടണമെന്ന് .അതിലൂടെ ആനന്ദത്തെക്കുറിച്ച് അറിവ് ലഭിക്കും. പൊരുൾ മറ്റൊരാൾ പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിലെ കഥാപാത്രം ഇത്  തിരിച്ചറിയുന്നുണ്ട്. അവൻ ഗുരുക്കന്മാ രിൽ നിന്ന് കേട്ടതൊന്നും ഉൾക്കൊണ്ടില്ല. അവന്റെ അനുഭവത്തിൽനിന്ന് നേരിട്ട് ഗ്രഹിക്കാൻ വേണ്ടി അലഞ്ഞു. അവസാനം പ്രകൃതിയിൽ നിന്നാണ് ആ വലിയ സത്യം ഗ്രഹിച്ചത്. ഈ പ്രപഞ്ചം വലുതിനെയും ചെറുതിനെയും ദൃശ്യമായതിനെയും അദൃശ്യമായതിനെയും ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും എല്ലാം കൂട്ടിക്കുഴച്ചിരിക്കുകയാണെന്നും അന്തിമമായി യാതൊന്നും മറ്റൊന്നിൽ നിന്ന് ഭിന്നമല്ലെന്നും അവൻ ഉൾക്കൊള്ളുകയാണ്. ഈ സത്യം ഏത് പുസ്തകത്തിനു തരാൻ  കഴിയും?

പ്രത്യയശാസ്ത്രവൽക്കരണം 

ലോകം ആഗ്രഹിക്കുന്നത് ശാന്തിയാണ്. പലരും അത് സമ്മതിക്കുകയില്ല. കാരണം, സംഘട്ടനവും ചോരയും കണ്ണീരുമാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. മനുഷ്യമനസ് ഹിംസയിലേക്ക് തിരിഞ്ഞിരിക്കയാണ്. ഒന്നിന് മറ്റൊന്നിനെ എതിർക്കാതെ ജീവിക്കാനാവില്ല .എന്നാൽ ഗുരു ജീവിച്ചത്, പ്രവർത്തിച്ചത് എല്ലാവരുടെയും ഭിന്നതകളെ ഒഴിവാക്കി ഒരിടത്തേക്ക് കൂട്ടിയോജിപ്പിക്കുന്നതിനാണ്. ഇത് മനസിലാക്കാത്തവരുണ്ട്. ബി.രാജീവൻ ഒരു ലേഖനത്തിൽ എഴുതിയിരിക്കുകയാണ് ശ്രീനാരായണ ഗുരു മുതലാളിത്തത്തിനു അനുകൂലമായ നിലയിൽ ചിന്തിച്ചു എന്ന് .എന്താണ് മുതലാളിത്തം ? രാജീവന് എന്തിനെയും പ്രത്യയശാസ്ത്രവൽക്കരിച്ച് പ്രാകൃതമായ ചില വിഭജനങ്ങളിലേക്ക് എത്തിക്കാനാണ് ആഗ്രഹം. കാലഹരണപ്പെട്ട ഈ വിഭജനങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുക. ഗുരുവിൻ്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്.  അതിനായി ഗുരു കഷ്ടപ്പെട്ടു. ശാരീരികമായി അത്യധ്വാനം ചെയ്തു. നിരന്തരം സഞ്ചരിച്ചും ഉദ്ബോധിപ്പിച്ചും  എഴുതിയും പ്രസംഗിച്ചും ഗുരു ഈ കേരളത്തെ ഒരു കർമ്മചൈതന്യ വിഹാരമാക്കി.അതിനാണ് സന്യാസി സംഘം പോലും രൂപീകരിച്ചത്.  സന്യാസിസംഘത്തിൻ്റെ ലക്ഷ്യം  കുമാരനാശാൻ വിശദീകരിക്കുന്നുണ്ട്: "വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും  അനുമാനിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന പാവനമായ അഭിപ്രായം തൻ്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേക സംഘം സ്ഥാപിച്ചതുമൂലം ജാതിഭേദം കൂടാതെ പൊതുവിൽ നാടിനും ജനങ്ങൾക്കും ഒരുപോലെ ആധ്യാത്മികമായ ശ്രേയസ്സും സദാചാര സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും ഉള്ള അഭിവൃത്തി ഉണ്ടാകുന്നതിന് വേണ്ടി യത്നിപ്പാൻ വേണ്ട ഏർപ്പാടുകൾ  ചെയ്യണമെന്നുള്ളതായിരുന്നു."

സന്യാസികൾ നാടിനു അഭിവൃദ്ധിയുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഇതാണ് ഗുരുവിൻ്റെ സന്യാസസങ്കല്പം.ആ സങ്കല്പത്തിൽ നിന്നുണ്ടാകുന്നതാണ് സർവമതമൈത്രിയും സഹോദര്യവും ഏകാത്മകതയും .
മതങ്ങളെ ഉപജീവിച്ചു കബളിപ്പിക്കൽ സംഘങ്ങൾ വളർന്നു വന്നതിനെക്കുറിച്ച് സത്യവ്രതസ്വാമികൾ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്: " മതസ്ഥാപകൻമാരായ മഹാത്മാക്കളുടെ അധ്യാത്മസിദ്ധാന്തങ്ങൾ സമ്മതങ്ങളായിത്തീർന്നുവെന്ന് കണ്ടപ്പോൾ ആ സിദ്ധാന്തങ്ങളെ ജനങ്ങൾക്കുപദേശിക്കുവാനുള്ള പാവനമായ ജോലി കൈയേറ്റ പുരോഹിതന്മാർ, ആ ജോലി അത്യന്തം ആദായകരമായ ഒരു ഉത്തമം കുശലം വിദ്യയെന്ന് അനായാസേന മനസിലാക്കി. ഇങ്ങനെയുള്ള ഏർപ്പാടുകൾ എല്ലാം ഉണ്ടാക്കിയാൽ ആ ജോലി അധികം ആദായകരമാക്കിത്തീർക്കാമോ അങ്ങനെയുള്ള ഏർപ്പാടുകളെല്ലാം അവർ ഉണ്ടാക്കിത്തീർത്തു. മതങ്ങളോടനുബന്ധിച്ചു ഉണ്ടായിട്ടുള്ള മിക്ക തന്ത്രമന്ത്രവാദികളുടെയും വിശ്വാസാചാരങ്ങളുടെയും എല്ലാം ആഗമം ഇങ്ങനെയാകുന്നു."

മതത്തിൻ്റെ നടത്തിപ്പിൽ പലതും ലാഭേച്ഛയോടെ കടന്നുകയറി പ്രവർത്തിക്കുന്നതുമൂലം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുടക്കമില്ലാതെ സമൂഹത്തിൽ നിലനിൽക്കുന്നു. തങ്ങൾ ജനിച്ച സമുദായത്തെയോ മതത്തെയോ പൂർവ്വകല്പിതമായി കാണുന്നുത് അതുകൊണ്ടാണ്. ജനിക്കുന്നതിന് മുമ്പ് തന്നെ മതം തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. മതം മനുഷ്യന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടിയാണെന്ന് പലർക്കും ഉറപ്പില്ല.  എല്ലാ മതത്തിങ്ങളിമുള്ള സാരം ഒരു ബിന്ദുവിൽ തന്നെ വന്നു ചേരുകയാണ്. ഗുരു 'ആത്മോപദേശശതക'ത്തിൽ എഴുതി:
" പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ പലവിധം യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം."

പല മതവിശ്വാസികൾ അവരവരുടെ മതത്തെപ്പറ്റി പറയുന്നത് ഒരു വമ്പ് പറച്ചിലാകരുത്. ആനയെ അന്ധന്മാർ വിവരിക്കുന്നത് പോലെയാവരുത് .അപ്പോൾ സമ്പൂർണ്ണമായ കാഴ്ചയുടെ അനുഭവമുണ്ടാകില്ല. മതത്തിൽ ഏകമായ പ്രാപഞ്ചിക സാരം തേടുക . സമഗ്രമായി അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. അവിടെ ദൈവത്തിൻ്റെ ഹൃദയം എന്ന പോലെ മനുഷ്യന്റെ ഹൃദയവും കാണാനാകും.

അഭിമുഖം /എം.കെ.ഹരികുമാർ / സ്റ്റാഫ് റിപ്പോർട്ടർ (ORUMA)

 

എ.അയ്യപ്പൻ :ജീവിതത്തിൻ്റെ അനന്യതയെക്കുറിച്ച് ഒരു പക്ഷി പാടുന്നു /എം.കെ.ഹരികുമാർ

 






കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും ആഗ്രഹങ്ങളെയും സത്യമാക്കി വിലയിരുത്തിക്കൊണ്ടിരിക്കും. അസത്യം പറയാൻ ധാരാളം പേർ ക്യൂ നിൽക്കുമ്പോൾ കവി അതിനെതിരെയാണ് പൊരുതേണ്ടത്. കവി അയാളുടെ വ്യക്തി ജീവിതത്തിന്റെ ഇരയല്ല ;അയാളിലൂടെ മറ്റുള്ളവർ സംസാരിക്കണം. അയാൾ സ്വയം ഒരു വീണ്ടെടുപ്പാണ്. ചിലപ്പോൾ അയാൾ വ്യക്തിയല്ല, നഗ്നവും ഭീകരവുമായ ഒരനുഭവമാണ് .അയാൾക്കു പോലും നിയന്ത്രിക്കാനാവാത്തതും നിർവ്വചിക്കാനാവാത്തതും. ജീവിതം തന്നിലുടെ പടരുകയാണ് ,അതിൻ്റെ തനി സ്വാതന്ത്യങ്ങളിൽ; അതാണ് അയാളെ അപാരമായ ലഘുത്വത്തിലേക്ക് നയിക്കുന്നത്.അതിനെ മറ്റുള്ളവർ വിശ്വസിക്കണമെന്നില്ല. അവിശ്വസനീയമായതെല്ലാം അയാൾ സ്വയം എറിഞ്ഞുടച്ചതിൻ്റെ  ഫലമായുണ്ടായതാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയല്ല ,കഴിയുന്നിടത്തോളം അവനവനോട് സ്വയം വെളിപ്പെടുത്താനാണ് കവി എഴുതുന്നത് .എ.അയ്യപ്പൻ തന്നെ ഉപേക്ഷിച്ച് തൻ്റെ കവിതയെ അന്വേഷിച്ചു നടന്ന കവിയാകുന്നത് ഇവിടെയാണ്. 

നിലവിലുള്ള ഒരു പ്രസ്ഥാനത്തിനും തന്റെ കവിതയെ ഒതുക്കാനാവില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് അയ്യപ്പനു വ്യവസ്ഥാപിത ജീവിതം തന്നെ അസാധ്യമായത്. ഒരു തൊഴിലിലോ സംഘടനയിലോ ചേർന്നു നിൽക്കാൻ പറ്റാത്ത വിധം ദുസ്സഹമായ ഒരു അസ്തിത്വപ്രതിസന്ധിയായി കവിത അയ്യപ്പനിൽ രൂപാന്തരപ്പെട്ടു. കവിതയാകട്ടെ ജീവിതത്തിൽ നിന്നു വേർപെടുത്താനാവാതെ തുടരുകയും ചെയ്തു. 

കവിതയുടെ പരിപ്രേക്ഷ്യങ്ങളെ ഉപേക്ഷിക്കുമ്പോൾ 

'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ അയ്യപ്പൻ ഇങ്ങനെ എഴുതുന്നു: "
മധുരത്തെക്കുറിച്ചോർക്കുമ്പോൾ
നാവിലൂറുന്ന ഉമിനീരു പോലുമിറക്കരുത് .
ഒരു നിശാശലഭം 
എൻ്റെ ശിരസ്സിനുമുകളിൽ 
പറക്കുന്നു
വാക്കറ്റ പക്ഷി പാടുന്നേയില്ല
കാലിൽത്തടഞ്ഞ തുരുമ്പിച്ച തോക്കിനു
പരിചിതമായ കൈകളുടെ ഗന്ധം
പാതയിൽ രുധിരവർണ്ണത്തിന്റെ പൂക്കൾ 
പൊഴിഞ്ഞുകൊണ്ടിരിക്കുന്നു."

ഈ വരികളുടെ അർത്ഥം പറയുന്നത് സദാചാരവിരുദ്ധമാണ് .കാരണം ,ഒരു കവിത വെറുതെ അർത്ഥമല്ല ഉത്പാദിപ്പിച്ചു വയ്ക്കുന്നത് .അത് മനസിനു പോലും അപരിചിതമായ ഒരു ലോകത്തെ മാനുഷികമാക്കുകയാണ്.  വിവിധ മനസ്സുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ഈ വരികൾ പ്രതിപാദിക്കുന്നത്. പല ജീവിതങ്ങൾ ഇവിടെ തളം കെട്ടി നിൽക്കുകയാണ്. തൻ്റെ ദു:ഖത്തിനു കവി വ്യാപ്തി നല്കുകയാണ്. തനിക്കു ദുഃഖിക്കാൻ തൻ്റെ ജീവിതം മതിയാകില്ലെന്ന് പ്രഖ്യാപിക്കാൻ ഇതുപോലുള്ള വരികളുടെ സാക്ഷ്യം  വേണം .മധുരം എല്ലാവരുടെയും മധുരമല്ല; അതിന് ആ പേരുണ്ടെന്നേയുള്ളു. അത് വിശ്വസിച്ചു ഉപഭോഗം ചെയ്യാനുള്ളതുമല്ല. മധുരം മധുരമായി വെറുതെ നിൽക്കുകയാണ്. അത് അടയാളമാണ്. എന്നാൽ അതിൽ ധാരാളം പതനങ്ങളും വഞ്ചനകളും അടങ്ങിയിരിക്കുന്നു .മധുരം നുണയുമ്പോൾ കയ്പായി മാറാം. കയ്പാണെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വിലപ്പെട്ടതെന്ന് കരുതുന്നതോ ആഹ്ലാദകരമെന്ന് വാഴ്ത്തപ്പെട്ടതോ നമ്മെ എപ്പോഴാണ് ക്രൂരമായി ചതിക്കുകയെന്നറിയില്ല .ലോകം സ്ഥിരമായി ,വ്യവസ്ഥാപിതമായി നിർത്തുന്നതിനെയാണ് കവി അട്ടിമറിക്കുന്നത്. കവിതകൾ സൃഷ്ടിച്ച പരിപ്രേക്ഷ്യങ്ങളിൽ നിന്നു പോലും വ്യതിചലിച്ചു കൊണ്ടു വേണം ഒരു യഥാർത്ഥ കവിക്ക് എഴുതാൻ. കാരണം ,യാഥാർത്ഥ്യം എവിടെയാണ് ? വസ്തു ഇല്ലല്ലോ ;വ്യാഖ്യാനങ്ങളും വർണനകളും വിലയിരുത്തലുകളും മാത്രമാണുള്ളത്. ഒരു പൂവ് ,ഒരു കടൽ ,ഒരു നക്ഷത്രം എല്ലാം മനുഷ്യ മനസിൽ ഭാവനകളും സാഹിത്യ പരിപ്രേക്ഷ്യങ്ങളുമായി വിഘടിക്കപ്പെടുകയാണ്. യാതൊന്നിൻ്റെയും അനന്യത എവിടെയുമില്ല. പ്രപഞ്ചം വീക്ഷണങ്ങളും വിചിന്തനങ്ങളുമായി വേർപിരിയുകയാണ്. അവിടെയാണ് യഥാർത്ഥമായ യാഥാർത്ഥ്യത്തെ തേടേണ്ടി വരുന്നത് .ഒരിടത്തും കാവ്യപരമായി പൊതിഞ്ഞു വയ്ക്കപ്പെടാത്ത ഒരു വസ്തുവുമില്ല. 

ശലഭം പുതുതായി പറക്കുകയാണ് 

ലോകം പണിതുവെച്ച മനോഹര രുചികൾ തനിക്ക് വേണ്ടിയുള്ളതല്ലെന്നു കവി സൂചിപ്പിക്കുകയാണ്. തൊട്ടടുത്ത വരി മറ്റൊരു അടയാളത്തെക്കുറിച്ചാണ്. അത് നിശാശലഭമാണ്. സുന്ദരവും ക്ഷണികവുമായ ആ ശലഭത്തിന്റെ പറക്കൽ ഒരു ദുർഗ്രഹതയാണ് .അത് കവിയുടെ ശിരസ്സിനു മുകളിൽ എന്തോ പരതുകയാണ് .വാസ്തവത്തിൽ അത് അയ്യപ്പൻ എന്ന കവിയാകണമെന്നില്ല. മഹാസൗന്ദര്യവുമായി അവതരിച്ച ശലഭം എന്താവും അശരണനും നിരാശനുമായ ഒരു കവിയിൽ നിന്നു പ്രതീക്ഷിക്കുന്നത്? ഒരു കാര്യം വ്യക്തമാണ്: ശലഭത്തെക്കുറിച്ച് കവികൾ എഴുതി ഉറപ്പിച്ചെടുത്തതൊന്നും ഇനിമേൽ യഥാർത്ഥ്യമല്ല എന്ന ആശയമാണ് അത് സംവേദനം ചെയ്യുന്നത്.അത് ഒരു ശലഭമായിരിക്കുന്നതിന്റെ നിശ്ചിതവും ആശയങ്ങളാൽ നിക്ഷിപ്തവുമായ  ഭാവുകത്വത്തെ വഹിക്കാൻ ഇഷ്ടപ്പെടുന്നില്ല .ശലഭം പുതുതായി പറക്കുകയാണ്. പൂർവ്വകാലങ്ങളിൽ പറന്ന ശലഭങ്ങളിൽ നിന്ന് വേറിട്ടു പറക്കാൻ ആ ശലഭത്തിനു ആഗ്രഹിക്കാമല്ലോ .അവിടെയാണ് കവിതയുള്ളത്. അങ്ങനെയുള്ള ഉദ്യമത്തിൽ അതിനു ഒരു കവിയുടെ ശിരസ്സ് പ്രിയങ്കരമാവും. കാരണം ,അർത്ഥത്തിന്റെ നിലവാരപ്പെടൽ ,ഉറപ്പിക്കൽ പ്രക്രിയകളിൽ നിന്ന് അകന്ന് ദുർഗ്രഹമായ ഒരു സ്ഥലരാശിയിലൂടെ അത് സ്വതന്ത്രമായി പറക്കുകയാണ്, ഏതോ അനന്യതകളിലേക്ക്.അത് പുതിയ ഒരു വൃത്തം ചമയ്ക്കുകയാണ് .ഇതല്ലേ സൗന്ദര്യം? ജീവിതത്തെ അറിയാനായി പുതിയൊരു മിത്ത് സൃഷ്ടിക്കുകയാണിവിടെ .എന്നിട്ടും അത് അസംബന്ധമോ അർത്ഥശൂന്യമോ ആയി  അവശേഷിക്കുന്നു.

വാക്കറ്റ പക്ഷി പാടുന്നേയില്ല എന്ന് പറഞ്ഞതിൽ നിന്നു നമുക്ക് അനുമാനിക്കാവുന്നത് നമ്മൾ ഓരോരുത്തരും ഓരോ തരം പക്ഷിയാണെന്നാണ്. എവിടേക്കോ  പറക്കുന്നു .ചിറകടിച്ച് കരഞ്ഞു പറക്കുന്ന നമ്മൾ ചിലപ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നു. അല്ലെങ്കിൽ പറന്നു ദൂരേക്ക് പോകുന്നു. മിക്കപ്പോഴും നമ്മൾ പറന്നു തളർന്ന പക്ഷികളാണ് .നമുക്ക് ദൂരേക്ക് പോകാനാവില്ല .അതിനാൽ നാം പാട്ടു നിർത്തിയവരാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയത് പ്രകാരം മൗനമായിരുന്നു നമ്മുടെ ഭക്ഷണം. സഹനങ്ങളിൽ നാം പഠിച്ചത് നിശ്ശബ്ദതയുടെ ഭാഷയാണ്. 

എല്ലാ സാഹചര്യങ്ങളും എതിരാകുമ്പോൾ നമുക്ക് നിശ്ശബ്ദതയിൽ അഭയം തേടാം. നിശ്ശബ്ദത ആരുടെയും അധീനതയിലുള്ള ഭൂമിയല്ല .അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ പരിത്യക്തരും വിമുഖരും പരാധീനരും അവിടേക്ക് പോയി മറയുന്നു. പറക്കാൻ കഴിയുന്ന പക്ഷികൾ പെട്ടെന്ന് നിശ്ശബ്ദരായിരിക്കുന്നു.അവർ കണ്ട കാഴ്ചകളാകാം അതിനു കാരണമായത്. പക്ഷികൾക്ക് വാക്കുകൾ നഷ്ടപ്പെടാറുണ്ടെന്ന്  അയ്യപ്പൻ പറയുന്നതിൽ ഒരു സൂക്ഷ്മ നിരീക്ഷണമുണ്ട്. മനുഷ്യനും പറക്കാൻ കഴിയും, അവൻ്റെ മനസ്സിനുള്ളിലൂടെ.

ഐറിഷ് കവി സീമസ് ഹീനെ (Seamus Heaney) ഇങ്ങനെ അഭിപ്രായപ്പെടുന്നു :"I think that self forgetfulness ,self entrancement ,is part of the action of writing ,certainly of writing verse .To dwell silently on something within yourself ,to forget that you are there watching yourself in action that is the achievement and that is the desire."
ആത്മവിസ്മൃതി ,ആത്മപ്രവേശനം എന്നിവ കവിതയെഴുത്തിൽ ഒഴിവാക്കാനാവില്ല. നിശ്ശബ്ദമായി  നിങ്ങളുടെയുള്ളിലുള്ള ഏതോ കേന്ദ്രത്തിലേക്ക് പോയി നിങ്ങളെത്തന്നെ വിസ്മരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടം .കവിയുടെ രചനാപ്രക്രിയ ഇതാവശ്യപ്പെടുന്നു.അയ്യപ്പൻ തന്നിലേക്ക് തന്നെ സഞ്ചരിക്കുന്നത് ,ഏറ്റവും അനന്യമായ അറിവുകൾക്ക് വേണ്ടിയാണ് .

അവ്യക്തത സൗന്ദര്യമാണ് 

പിന്നീട് തുരുമ്പിച്ച തോക്കിന്റെ കഥ പറയുന്നു. ആ തോക്ക് വെടിയുതിർത്ത കാര്യമല്ല കവിയെ വേട്ടയാടുന്നത്; അത് പരിചിതമായ ആരുടെയോ സ്പർശത്തെ ഓർമ്മിപ്പിക്കുന്നു. ആ  കൈകളുടെ ഗന്ധം തോക്കിലുണ്ട്. ആരായിരിക്കും ആ  തോക്ക് ഉപയോഗിച്ചിരിക്കുക?. എന്നാൽ അതിൽ തന്നെ മറ്റൊരു വസ്തുതയുമുണ്ട് .ആ തോക്ക് സമീപത്തെങ്ങും ഉപയോഗിച്ചിട്ടില്ല.
അതുകൊണ്ടാണ് അത് തുരുമ്പിച്ചു താഴെ വീണു കിടന്നത്.യാദൃശ്ചികമായി, അത് പഥികൻ്റെ കാലിൽ തടഞ്ഞതാണ്. ആരെയോ വെടിവെച്ചു കൊന്നശേഷം തോക്ക് ഉപേക്ഷിച്ച് കൊലയാളി കടന്നു കളഞ്ഞതാകാം. കൈകളുടെ ബന്ധം പഥികനു പരിചയമുള്ളതാണ് എന്ന പ്രസ്താവന ഏറ്റവും ഉദ്വേഗമുണ്ടാക്കുന്നതാണ്. 

ഇന്നലെ നമ്മുടെ സുഹൃത്തായിരുന്നവൻ ആരെയോ കൊന്നിരിക്കുന്നു .അവൻ ഒളിച്ചു പോയിരിക്കുകയാണ്. കവിയുടെ സുഹൃത്തുക്കൾ സൗഹൃദങ്ങൾ ഉപേക്ഷിച്ചു കൊല്ലാൻ കെല്പുള്ളവരായി വളർന്നിരിക്കുന്നു. കൊന്നും മറഞ്ഞും ജീവിക്കുന്നവർക്കിടയിൽ തൻ്റെ പ്രസക്തി എന്താണെന്ന് ,അവനവനെ പോലും കൊണ്ടുനടക്കാൻ ശേഷിയില്ലാത്തവനു ചിന്തിക്കാവുന്നതാണ് .പിന്നെ എഴുതുന്നത് ,പാതയിലെ രുധിര വർണ്ണപ്പൂക്കളെക്കുറിച്ചാണ്. രക്ത നിറമുള്ള പൂക്കൾ പാതയിൽ രക്തസാക്ഷികളെ പോലെ ചിതറിക്കിടക്കുന്നു. ഈ കവിതയിലെ ബിംബങ്ങളെല്ലാം പരസ്പരം വിഘടിച്ചും അകന്നും കഴിയുകയാണ്. പലതരം ബിംബങ്ങൾ ഏതോ ആന്തരിക പൊരുത്തത്താൽ കവിതയിലേക്ക് വന്ന് താളമുണ്ടാക്കുന്നു .
മധുരം, നിശാശലഭം, പക്ഷി, തോക്ക്, രക്തശോഭമാർന്ന പൂക്കൾ ഇവയെല്ലാം കവിയിൽ പല കാലങ്ങളും പല മനുഷ്യരുമായി പിരിയുന്നു.

അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ പോലെ അവ പുതിയൊരു പിറവിക്കായി പ്രതീക്ഷിക്കുകയാണ്. യുക്തിയും ക്രമവും ഇല്ലാതായ ഈ ലോകത്ത് തനിക്ക് ഓരോന്നും പുതിയ ഭയമാണ് തരുന്നത്. എല്ലാത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു .അവ്യക്തമായ ഒരു ഭാഷയായി കവിത പരിണമിക്കുകയാണ്.ഇത് കവിതയെ അനുഭവിക്കുന്നതിനു തടസ്സമല്ല .ഈ അവ്യക്തത സൗന്ദര്യമാണ്. ഇത്  വാസ്തവത്തിൽ കവിതയുടേതല്ല;  ജീവിതത്തിൻ്റേതാണ് .ജീവിതം നൽകുമെന്ന് കരുതിയിരുന്ന യുക്തിയും ക്രമവും ഇല്ലാതായിരിക്കുന്നു ;പകരം ലഭിക്കുന്നതാകട്ടെ ഭ്രാന്തും വൈരുദ്ധ്യവും പലായനവുമാണ്. ഭയമാണ് ആകെയുള്ള ബോധം. 

"നിലാവിനെ തിന്നു തീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
കശാപ്പുകാരന്റെ അശരീരി."

ഈ വരികളിലുള്ളത് ആ ഭയമാണ്. അതാകട്ടെ യുക്തിരഹിതവുമാണ്. കവിക്ക് മാത്രം മനസ്സിലാകുന്ന ഭയമാണത്. തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഈ ഭയം മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതിൻ്റെ തെളിവ് എന്ന് കവി തിരിച്ചറിയുന്നു. അത് 'മൊഴിയിൽ തെളിവ് പാടില്ല 'എന്ന കവിതയിൽ ഇങ്ങനെ വ്യക്തമാക്കുന്നു :

"തൊണ്ടയില്ലാത്ത ഒരു 
കരച്ചിലായിരുന്നു രാത്രി 
അവനിനിപ്പാടുകയില്ല 
പെങ്ങളുടെ മടിയിലുറങ്ങുകയില്ല 
ഒറ്റച്ചവിട്ടിനാണ് 
അവൻ്റെ ഓടക്കുഴൽ തകർത്തത് ."

പേടിസ്വപ്നത്തിലെന്ന പോലെ  ജീവിതം സ്നേഹശൂന്യമാവുകയും പരിചിതമായതെല്ലാം  അപരിചിതമാവുകയും ചെയ്യുന്നു. ഉപരിതലത്തിലെ കാഴ്ചകൾ കണ്ട് അതിനോട് സൗമ്യമായി പ്രതികരിച്ചു കടന്നുപോയ കവിയല്ല എ .അയ്യപ്പൻ .അദ്ദേഹം കോൺക്രീറ്റ് ചെയ്ത് മൂടിവച്ച് നഗ്നസത്യങ്ങൾ പുറത്തെടുക്കാൻ രാത്രിയും പകലും  അധ്വാനിച്ചവനാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ അതിന്റെ സ്ഥാനവും സമയവും നോക്കി ,ഈ ലോകജീവിതത്തിൽ അതിനുള്ള സ്ഥാനമെന്താണെന്നു പ്രവചിക്കാൻ കഴിഞ്ഞ അപൂർവ രചയിതാക്കളിൽ ഒരാളാണ് അയ്യപ്പൻ. അദ്ദേഹം കവിതയെ സമൂലം മാറ്റിമറിച്ചു .കവിതയുടെ എല്ലാ വരേണ്യതയും നശിപ്പിക്കുകയും അതിനു ഏറ്റവും പതിതനായ മനുഷ്യൻ്റെ ,അലഞ്ഞ ജീവിയുടെ അന്തരംഗത്തിൻ്റെ സ്വരം നൽകുകയും  ചെയ്തു. അതേസമയം ,അയ്യപ്പൻ്റെ കവിതയിൽ വികാരങ്ങൾ കുത്തിയൊഴുകുന്നില്ല. ഭാഷയുടെ ഉന്നതമായ സംസ്കാരം ഓരോ വരിയിലുമുണ്ട് .വാക്കുകളെ പൊട്ടിക്കരയാൻ അനുവദിക്കാതെ, അദ്ദേഹം പ്രബുദ്ധമായ ഒരു വിതാനം നൽകുന്നു .വാക്കുകളെ ബുദ്ധൻ്റെ ബോധിവൃക്ഷച്ചുവട്ടിലേക്കാണ് അയ്യപ്പൻ ആട്ടിത്തെളിച്ചത്. വാക്കുകളുടെ ആട്ടിടയനാണ് കവി. ഓരോ വാക്കും ലക്ഷ്യത്തിലെത്തണം. ഒന്നും വഴിമാറിപ്പോകരുത്. 

കവിതയുടെ അസംസ്കൃത വസ്തുക്കൾ 

'ജയിൽ മുറ്റത്തെ പൂക്കൾ' എന്ന് ഒരു കവിതാസമാഹാരത്തിനു പേരിടുന്നത് എത്രയോ ആഴത്തിലുള്ള ഒരു ചിന്തയുണർത്തുന്നു. ജയിലിനുള്ളിൽ ഏകാന്തതയും വേർപെടലും ദുഃഖവുമാണുള്ളത്. എന്നാൽ ആ പൂക്കൾ ചിരിക്കുകയാണ്; പ്രകൃതിയനുവദിച്ച സമയം പരമാവധി ലഹരിയിൽ ആവാഹിക്കാൻ അവ പാടുപെടുന്നു.പ്രതീക്ഷയുടെ കണ്ണുകൾ പൂക്കൾക്ക് ഉപേക്ഷിക്കാനാവില്ല.  സൗന്ദര്യത്തെ ഇങ്ങനെയാണ് പിന്തുടരേണ്ടത് .

"റോസിനു ഒരുമ്മ കൊടുത്തു. അഴികളിലൂടെ നോക്കിയാൽ നിലാവത്ത് ചിരിക്കും
വെളുത്ത മൊസാൻ്റ .
................
മോചിതനാകേണ്ട നാൾ വന്നു.
എൻ്റെ പേർ വിളിക്കപ്പെട്ടു .
ചെടികൾ കാറ്റത്താടി 
എല്ലാ പൂക്കളും എന്നെ നോക്കി
ഹായ് 
എൻ്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി"

ആധുനികകവിതയുടെ വ്യർത്ഥചിന്തയോ അന്യതാബോധമോ ഒന്നും കവി അതേപടി ഇവിടെ ആവിഷ്കരിക്കുന്നില്ല. അയ്യപ്പൻ തന്റെ സാഹസികവും ക്രമം തെറ്റിയതുമായ യാത്രകളിലൂടെ കവിതയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുകയാണ് .അദ്ദേഹം സ്വന്തം വ്യസനത്തിന്റെയും തകർച്ചയുടെയും നിസ്സഹായതയുടെയും വഴികളിലൂടെ നടന്ന് തൻ്റേതായ സൗന്ദര്യം സൃഷ്ടിക്കുകയാണ്. ഓരോ വസ്തുവിലും കവി തൻ്റെ ആത്മാവിനോട് ഏതോ ഭാഷയിൽ സംവദിക്കുന്ന പല ജീവികളെ കണ്ടുമുട്ടുന്നു. 

ഒരാൾ കവിതയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ, കവിതയെ അത്രയ്ക്കങ്ങു ആശ്രയിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഏത് യാഥാസ്ഥിതിക സമൂഹത്തിലും ഉയരാവുന്നതാണ്. മല്ലാർമെ ,ബോദ്ലേർ തുടങ്ങിയ കവികളെപ്പോലെ കവിതയുടെ അന്ത:ക്ഷോഭങ്ങൾ സ്വശരീരത്തിലേക്കും അസ്തിത്വത്തിലേക്കും  ഇറക്കിക്കൊണ്ടുവരുന്നത് ആപത്തല്ലേ എന്നു പ്രായോഗികമതികളായ അധ്യാപകർക്കൊക്കെ ചോദിക്കാവുന്നതാണ്. അതിനുള്ള കാരണങ്ങൾ ആലോചനയ്ക്ക് വിഷയമാണ്. മനുഷ്യൻ ഇതൊന്നുമില്ലാതെ ജീവിച്ചാൽ തനിയെ അർത്ഥം കൈവരുമോ? മനുഷ്യാസ്തിത്വം നിത്യമായ ദുർഗ്രഹതയിലാണുള്ളത് .ഓരോ നിമിഷവും അത് അനാവരണം ചെയ്യേണ്ടിയിരിക്കുന്നു .വളരെ നാളുകൾക്ക് മുൻപ് സംഭവിച്ചതും വ്യക്തതയുള്ളതുമായ കാര്യങ്ങൾ പോലും കുറേക്കാലം കഴിയുമ്പോൾ അവ്യക്തവും അസാധാരണവുമായ വിധം ദുർഗ്രഹമായിത്തീരുന്നു. മനസ്സിലേക്ക് വീണ ഒരു കനലാണത്; അറിയത്തക്കതല്ലാത്ത അസ്തിത്വത്തെയും കാലത്തെയും അത് എരിക്കുന്നു.

കവി ചിതലിനെ പോലെയാണ് ചിലപ്പോൾ .അയാൾ ഭൂതകാലത്തെ ഒരു കടലാസു തുണ്ടു പോലെ മുറിച്ചു മുറിച്ച് ഭക്ഷിക്കുകയാണ്. അതിൽ മതി വരാത്തപ്പോൾ അയാൾ തനിക്ക് പറ്റിയ വസ്തുക്കൾ അന്വേഷിച്ചു നീങ്ങുന്നു .എന്നാൽ ഒരു വ്യത്യാസമുണ്ട് ;കവി ഒറ്റയ്ക്കാണ് യാത്ര. അയാളുടെ ഉള്ളിലാണ് മറ്റു സഹയാത്രികരുള്ളത് .അയാൾ ദ്രവിക്കാൻ തയ്യാറായി അവശേഷിക്കുന്നതെല്ലാം പരിശോധിക്കുന്നു.സകല സംസ്കാരങ്ങളോടും ചിതലിന് എന്താണ് ചെയ്യാനുള്ളതെന്ന് ഓർക്കാതെ ,അതിനു സമാനമായി കവി പ്രവർത്തിക്കുന്നു. എല്ലാറ്റിലും  തന്നെക്കുറിച്ചുള്ള ഏതോ വിവരങ്ങൾ അടക്കം ചെയ്തിരിക്കുന്നു എന്ന അറിവാണ് കവിയെ പ്രചോദിപ്പിക്കുന്നത്.

അയാൾ വ്യക്തി എന്ന നിലയിൽ ഏകാന്തനായിരിക്കുമ്പോഴും, നൂറുകണക്കിനു ഭൂതകാല സ്മൃതികളും കാലങ്ങളും പ്രകൃതിയും അയാളിലേക്ക് കിതച്ചെത്തി പലതായി ചിതറുന്നു.  ഓരോന്നിന്റെയും സ്ഥാനവും അർത്ഥവും അയാളെ അസ്വസ്ഥനാക്കുന്നു.ജീവിച്ചിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു നീതികരണം വേണം .ചിലപ്പോൾ യുക്തി തന്നെ പൊട്ടിപ്പോകുന്നു. ബിംബങ്ങൾ മാത്രമായി പലതും ഉപേക്ഷിക്കപ്പെടുകയാണ് മനസ്സിന്റെ അനാഥമായ മണ്ണിൽ .ജീവിച്ചിരിക്കാൻ വേണ്ടി എഴുതേണ്ടി വരുന്നു .എഴുതുന്നതിലൂടെ  ജീവിതത്തിലെ അവിശ്വാസങ്ങളും മിഥ്യകളും മറ്റൊരു മാനത്തിലേക്ക് വളരുന്നു .എഴുത്തുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന കാര്യം അവനവനെക്കുറിച്ചുള്ള മിഥ്യകളെ കുറേക്കൂടി അഗാധമായി സമീപിക്കാമെന്നതാണ് .

എന്തല്ല ഞാൻ ?

എന്താണ് ഞാൻ എന്നു ചോദിക്കുന്നതിന് പകരമായി എന്തല്ല ഞാൻ എന്നു പറയുന്നത് എളുപ്പമാണെന്നു അയ്യപ്പൻ്റെ കവിതകൾ കാണിച്ചുതരുന്നത് ഇങ്ങനെയാണ് :

"വേരുകൾ പൊട്ടി 
മരമായ്
ശാഖികൾ വീശി
തളിരിടും 
പൂമരമല്ല 
എൻ്റെ പ്രേമം 
എൻ്റെ പ്രേമത്തിനു 
നെല്ലിമരത്തിന്റെ ചിഹ്നം 
നെല്ലിപ്പഴത്തിൻ്റെ രുചിഭേദങ്ങൾ;
പെട്ടെന്നു നിശ്ചലമാകുന്ന കാട്ടാറ്
വീണ്ടും ഒറ്റക്കുതിപ്പിലൊഴുകുന്ന പോലെ 
കയ്പിൽ നിന്നും 
മധുരത്തിന്റെ മോക്ഷഗാനം 
ജന്മനാ ചിരിച്ച കുഞ്ഞുറങ്ങുമ്പോൾ
കരതലാമലകം 
കയ്പിലേയുപേക്ഷിച്ച 
പരാജിത കാമുകന്റെ ഗൃഹത്യാഗം."
(പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)

പ്രേമവും നെല്ലി മരവും തമ്മിൽ ഒരു ബന്ധം കവി കാണുകയാണ് .ഇത് തന്റെ മാത്രം പ്രേമമല്ല ,തന്നെപ്പോലെ പ്രേമിച്ചവരുടെ എല്ലാ പ്രേമമാണെന്ന് കവിക്കറിയാം. ആദ്യം കയ്പാണ്, പിന്നെ മധുരവും.മോക്ഷം എപ്പോഴും ഒറ്റയ്ക്കാണ്. ഒരാളെ കൂടെ കൊണ്ടുവരാൻ ഒരു ദൈവവും അനുവദിക്കില്ല. ഏകവ്യക്തിയുടെ കാര്യകാരണങ്ങൾക്കൊടുവിലാണ് മോക്ഷത്തിന്റെ സാധ്യതയുള്ളത്. കയ്പ് മാത്രമായ ജീവിതം പിന്നീട് മധുരിക്കുന്നത് ,ഒരു മിസ്റ്റിക് ഭാവം മനസ്സിലുള്ളതുകൊണ്ടാണ് .ഒന്നും തന്നെ നേടാനുമില്ല, നഷ്ടപ്പെടാനുമില്ല എന്നറിയുന്നത് ശാന്തത നൽകും.

അയ്യപ്പൻ തൻ്റെ അത്യപാരമായ ദർശനേന്ദ്രിയം കൊണ്ട് ഭൗതികജീവിതത്തിന്റെ അരികുകൾ ഭേദിച്ച് മഹാരഹസ്യങ്ങൾ ചൂഴ്ന്നെടുക്കുകയാണ്. വിചിത്രമായ കാഴ്ചകൾ അദ്ദേഹത്തെ തേടിയെത്തുന്നു. ഉള്ളിൽ ഈ കവി മറ്റൊരു മനുഷ്യനായിരുന്നു. വേറൊരു ആത്മകഥയുള്ള കവി .അഭിമുഖീകരിക്കേണ്ടി വന്ന ഓരോ വസ്തുവിലേക്കും നോക്കി  കവി അപരിചിതമായ കാഴ്ചകൾ ദർശിക്കുന്നു. നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദർശനം.

"ദൈവമെനിക്ക്
ഉൽപതിഷ്ണുവിൻ്റെ 
കാലിൽ കൊത്തുന്ന
സർപ്പം;
കലമാനിനെ കടിച്ചുകൊണ്ടോടുന്ന
കടുവയാകുന്നു കാലം."

ഈ കാഴ്ച ഉള്ളിലെ അപരൻ്റെ ഇളക്കങ്ങളാണ്. ഒരു പമ്പരമാക്കി തന്നെ തെരുവിലേക്കിറക്കി വിട്ടത് ദൈവമല്ലേ? ?എങ്കിലും കവി  പൂർണമായി സ്വതന്ത്രനാകാൻ ശ്രമിക്കുന്നു .അവനു സത്യം വിളിച്ചു പറയാതിരിക്കാനാവില്ല. അയ്യപ്പൻ വായിച്ചതോ പഠിച്ചതോ ഒന്നുമല്ല അദ്ദേഹത്തിൻ്റെ കവിത. അത് വേറൊരു ഗ്രഹം പോലെ വ്യത്യസ്തമാണ്. ലോകം സറിയലിസ്റ്റ് ബിംബങ്ങളായും അർത്ഥരഹിത സ്വപ്നങ്ങളായും ഈ കവിയിൽ പുതുതായി പിറക്കുന്നു. ജ്ഞാനമാണ് കവിതയായി മാറുന്നത്. 

"പാറകൊണ്ടൊരു ദൈവമുണ്ടാക്കൂ 
ചോരകൊണ്ടൊരു ഭൂപടമുണ്ടാക്കൂ 
വേദനകളെ ഭൂപാളമാക്കൂ."
എന്ന് എഴുതുന്നത് മറ്റൊരു  സുവിശേഷമാണ് ,വേറൊരു ഭാഷയിലാണ് അത്  സംവദിക്കുന്നത്.

മലയാളകവിതയിൽ വാക്കുകൾ കൊണ്ട് അപരിചിത അർത്ഥങ്ങളും സംവേദനങ്ങളുമാണ് അയ്യപ്പൻ തേടിയത്. അദ്ദേഹം ബോധപൂർവ്വം ഒരു പരീക്ഷണവും കൊണ്ടു വന്നില്ല.എന്നാൽ അർത്ഥങ്ങളുടെ വ്യാകരണം കണ്ടെത്താൻ കവി ഒരു അന്യനാകുന്നു ,അനിവാര്യത പോലെ .

ടി.എസ്. എലിയറ്റ് ഇങ്ങനെ പറഞ്ഞത് ഓർമ്മിക്കണം:I don't think one was constantly trying to reject things ,but just trying to find out what was right for oneself .I don't think good poetry can be produced in a kind of political attempt to overthrow some existing form.എലിയറ്റ് പറയുന്നത് ഒരു കവി തൻ്റെ ആവശ്യമെന്ന നിലയിലാണ് പുതിയ രൂപം തേടുന്നത്. അത് ഒഴിവാക്കാനാവില്ല. ചില വ്യവസ്ഥകളെ എതിർക്കണം എന്ന പൂർവ്വ നിശ്ചിത പദ്ധതിയല്ല അത്. കവിതയുടെ ആവശ്യത്തിനു ഒരു പുതിയ നിഷേധവും രുപവും ഭാവനയും ഭാഷയും ഉണ്ടാകുകയാണ്. അയ്യപ്പൻ്റെ വഴിയും ഇതായിരുന്നു. 


നിലംപതിഞ്ഞവർ പേരിനൊപ്പം ജാതിനാമങ്ങൾ ചേർക്കേണ്ടി വരുമോ ? /എം.കെ.ഹരികുമാർ





നവോത്ഥാനം എന്ന വാക്ക് പോലും ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് അറിയില്ല. യാതൊരുവിധ നവോത്ഥാനത്തെയും അംഗീകരിക്കുകയില്ലെന്ന നിലപാടാണ് മലയാളത്തിലെ ഒരു വിഭാഗം  എഴുത്തുകാർക്കുള്ളത് .അവരുടെ കൃതികളിൽ അങ്ങനെയുള്ള സ്വരമാണ് മുഴങ്ങുന്നത് .നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മോചിപ്പിക്കുന്നതിന് പ്രത്യക്ഷമായ സമരമാർഗങ്ങൾ - ഭൗതികമായും പ്രായോഗികയുമായും -അവലംബിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. അവരുടെ പ്രവർത്തനം പരിവർത്തനോന്മുഖമായിരുന്നു. അവർ പഴയ പല സ്ഥാപനങ്ങളെയും വിചാരണ ചെയ്തു; പുതിയ ഉള്ളടക്കം നൽകി .അന്നത്തെ എഴുത്തുകാർ മനുഷ്യൻ എന്ന ഒരു പുതിയ വർഗ്ഗത്തെ കണ്ടെത്തി; അനുകമ്പയും ആദർശവും സത്യവുമുള്ള മനുഷ്യൻ. സർഗ്ഗാത്മകമായ കഴിവുകൾക്കപ്പുറം ഈ കാര്യത്തിൽ അവർക്ക് ഒന്നിക്കാനായി .അവർ പുതിയൊരു സമൂഹത്തെ സ്വപ്നം കണ്ടു. ഏതെങ്കിലും ഒരു ജാതിക്കും മതത്തിനും ഔദ്യോഗികമായ ആധിപത്യമില്ലാത്ത ഒരു സമൂഹത്തെ ശ്രീനാരായണഗുരു സ്വപ്നം കണ്ടതിന് സമാനമായി എഴുത്തുകാർ ഒരു മനുഷ്യജാതി എന്ന തത്ത്വത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചു. 

ചണ്ഡാലികയും ബുദ്ധസന്യാസിയും ഒരു 'ജാതി'യിൽപ്പെട്ടവരാണെന്നു സ്ഥാപിക്കാൻ വെള്ളം എന്ന രൂപകത്തെ കുമാരനാശാൻ ഉപയോഗിച്ചു. വെള്ളത്തിനു ജാതിയില്ലല്ലോ. ലോകം കൂടുതൽ മനുഷ്യനന്മയിലും സഹജീവിസ്നേഹത്തിലും അടിയുറച്ചു നിന്ന് എല്ലാവരെയും ഒരു ജാതിയായി കണ്ടുകൊണ്ട് സർഗാത്മകതയിലേക്കുയരുമെന്ന്  ചിന്തിച്ചവരാണ് നവോത്ഥാനവാദികൾ. അവർ കുറ്റിയറ്റു പോയിരിക്കുന്നു. അവർ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കുറെ നാൾ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു കഥയിൽ കെ. പി. രാമനുണ്ണി ശ്രീനാരായണഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിച്ചത് ഓർക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന് പൊതുവേ അറിയപ്പെടുന്ന രാമനുണ്ണിക്ക് ഈ കഥയെഴുതാൻ എങ്ങനെ ധൈര്യം വന്നു ?ഈ സമൂഹത്തിൽ ആദ്യം എതിർക്കപ്പെടേണ്ട വ്യക്തികളാണോ ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും?ഇത്തരമൊരു കഥയെഴുതിയാൽ ,തന്നെ പിന്തുണയ്ക്കുന്നവരുണ്ടാകുമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ അത് എത്രമാത്രം ആപത്ക്കരമായിരിക്കും?.

ഒരൊറ്റച്ചാട്ടം പോരാതെ വരും 

ഈ സമൂഹത്തിൻ്റെ സർവ്വതലസ്പർശിയായ പിന്നോക്കാവസ്ഥയ്ക്ക് ചികിത്സ നിശ്ചയിച്ച ഗുരുവിനെ ബൗദ്ധികമായി തരം താഴ്ത്താൻ ആഷാമേനോൻ ശ്രമിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു ലേഖനത്തിലൂടെയാണ്.അദ്ദേഹം 'ആത്മോപദേശശതകം' മുഴുവനായി വായിച്ചിട്ടില്ലെന്ന് ലജ്ജയില്ലാതെ സൂചിപ്പിച്ചുകൊണ്ട് അത് ചട്ടമ്പിസ്വാമികൾ പറഞ്ഞു കൊടുത്തതാണെന്ന വിഡ്ഢിത്തം എഴുതി വയ്ക്കാൻ തയ്യാറായത് മനസിനു തീരെ വലിപ്പമില്ലാത്തതു കൊണ്ടാണെന്ന് വ്യക്തമാണ്. ആഷാമേനോന് ഇങ്ങനെയൊക്കെ എഴുതുന്നതിലും ചിന്തിക്കുന്നതിലും യാതൊരു ചമ്മലുമില്ലെന്ന് വരുന്നത് അദ്ദേഹത്തിനു സമകാല സാഹിത്യത്തിൽ എഴുതാനുള്ള സാംസ്കാരികമഹിമയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
അദ്ദേഹം തന്നിൽ നിന്നു തന്നെ സ്വതന്ത്രനായിട്ടില്ല .തൻ്റെ പേരിൻ്റെയൊപ്പം മേനോൻ എന്ന് ചേർത്തഴുതി കൊണ്ടുനടക്കുന്നതിൽ ആഹ്ലാദിക്കുന്ന അദ്ദേഹം ജാതി ചിന്തയിൽ അഭിമാനിക്കുന്നയാളാണെന്ന് വ്യക്തമാവുകയാണ് .അപ്പോൾ എങ്ങനെയാണ് അദ്ദേഹം മിസ്റ്റിസിസം ,ആത്മീയത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന ലേഖനങ്ങൾ ശുദ്ധമാകുന്നത് ?ഫ്യൂഡലിസത്തിൽ നിന്ന് ഒരൊറ്റച്ചാട്ടം കൊണ്ട് ഒരാൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന് ജോസഫ് മുണ്ടശ്ശേരി  'പ്രയാണം' എന്ന ചെറിയ പുസ്തകത്തിൽ സി.ജെ. തോമസിനെ  ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടതിനു വലിയ അർത്ഥങ്ങളുണ്ട്. ഇന്നും അത് പ്രസക്തമാണ്. പലരും പുരോഗമനം പറയുന്നു ,എന്നാൽ പ്രവൃത്തിയിൽ ഫ്യൂഡലായി തന്നെ തുടരുകയാണ്. നവോത്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന സാഹിത്യകാരന്മാരും വിമർശകരും കേരളത്തിൽ ധീരമായി മുന്നോട്ട് വന്നിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മലയാളസാഹിത്യത്തിൽ എഴുപതുകളിൽ അവതരിച്ച ആധുനികത എന്ന പ്രവണത ജാതി,മത ചിന്തകളെ കൗശലത്തോടെ മറച്ചുവച്ച് ഗൗരവമേറിയ സാമൂഹ്യപ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കുകയായിരുന്നു.
അവർ യഥാർത്ഥ ചരിത്രത്തെ തമസ്കരിച്ചു. ആധുനികതയുടെ ഭാഗമായ എഴുത്തുകാരിൽ ഭൂരിപക്ഷവും ഉയർന്ന സമുദായത്തിൽ പിറന്നവരാണെന്നത് ഒരു അപരാധമല്ല; എന്നാൽ അവർ ഒരേപോലെ കേരളത്തെ മറച്ചു പിടിക്കുന്നതിൽ ഒരുമിച്ചു എന്നു പറയുന്നത് ഒരു ദൗർഭാഗ്യമാണ് .ആനന്ദ് എത്രയോ ചരിത്രാവലോകനങ്ങളിൽ ഏർപ്പെട്ടു! . ആനന്ദിന്റെ 'അഭയാർത്ഥികൾ' തുടങ്ങിയ നോവലുകൾ ,ഗംഗയിലെ പാലം തുടങ്ങിയ കഥകൾ, മറ്റു ലേഖനങ്ങൾ എല്ലാം നോക്കുക. അതിലൊന്നും കേരളത്തിലെ നാണംകെട്ട, ഭീകരമായ, അധ:പതിച്ച, വൈക്കത്തെ ദളവാക്കുളത്തെ  പരാമർശിക്കുന്നില്ല. കേരളചരിത്രം ആനന്ദിനു നിഷിദ്ധമാണോ ?എന്തുകൊണ്ടാണ് അദ്ദേഹം 'ഗംഗയിലെ പാല'ത്തിന് പകരം വൈക്കത്തെ കുളം എന്ന കഥ എഴുതാതിരുന്നത് ?ഏതെങ്കിലും ഒരു ആധുനിക സാഹിത്യകാരനു ധൈര്യമുണ്ടോ 'ദളവാക്കുളം' എന്നൊരു കഥയെഴുതാൻ?

ളവാക്കുളത്തെ മറന്ന എഴുത്തുകാർ 

കേരളം അത്രയൊന്നും മികച്ചതായിരുന്നില്ല എന്നല്ലേ ദളവാക്കുളം നൽകുന്ന അർത്ഥം? വൈക്കത്തെ ക്ഷേത്രത്തിനുള്ളിൽ കയറാനല്ല ,സമീപത്തുള്ള വഴിയിലൂടെ നടക്കാൻ ശ്രമിച്ചതിന് ഇരുനൂറോളം താഴ്ന്ന ജാതിക്കാരെ, നിലംപതിഞ്ഞവരെ വെട്ടിക്കൊന്ന് കുളത്തിൽ കഴിച്ചുമൂടിയ കേരളഗർവ്വിൻ്റെ പേരാണ് ദളവാക്കുളം .ഇന്ന് ആ സ്ഥലം പ്രൈവറ്റ് ബസ്സ്റ്റാൻഡാണ്. ഈ ചരിത്രമൊക്കെ മറന്നവരാണ് ഇവിടത്തെ സമീപകാല കവികൾ. അവർ വൈക്കത്ത് വന്ന് കായലിൽ ഓളം തള്ളുന്നതും അഷ്ടമി നാളിൽ മിഥുനങ്ങൾ സ്വപ്നം കാണുന്നതും എഴുതി തൃപ്തിപ്പെടുന്നു. ആധുനികതയുടെ ഭാഗമായ സാഹിത്യകാരന്മാരും കവികളും നമ്മുടെ നാടിൻ്റെ അനീതി നിറഞ്ഞ ചരിത്രത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? 

മലയാളകവിതയിലെ ആധുനികത മലയാളിയുടെ യഥാർത്ഥ ഭാവുകത്വത്തെ ചതിക്കുകയാണ് ചെയ്തത്. എം.എൻ. പാലൂരിനെ പോലെയോ ,ആറ്റൂരിനെ പോലെയോ സ്വന്തം മാളത്തിൽ ഒതുങ്ങി ജീവിച്ച കവികളിൽ നിന്ന് കേരളചരിത്രത്തിലെ നിലംപതിഞ്ഞവരോട് മമത കാണിക്കുന്ന ഒരു കവിത പ്രതീക്ഷിക്കുന്നില്ല. എന്നാൽ പൊതുവേദിയിൽ വന്ന് വിവിധ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച അയ്യപ്പപ്പണിക്കർ ,കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർക്ക് ആ ചുമതല നിറവേറ്റാമായിരുന്നു .അയ്യപ്പപ്പണിക്കർ കണിക്കൊന്നയെ നോക്കി പൂക്കാതിരിക്കാനാവതില്ല എന്നെഴുതുമ്പോൾ അത് കേരളത്തിൻ്റെ  തമസ്കരണമാണ്. എന്തുകൊണ്ടാണ് വിഷുപ്പൂക്കളെ കേരളീയ മനസാക്ഷിയുമായി കവിക്ക് ബന്ധിപ്പിക്കാനാവാത്തത് ? വർഷത്തിലൊരിക്കൽ മുക്തി കിട്ടുന്ന ഒരു മരത്തെ, കവിക്ക് നിലംപതിഞ്ഞവരുടെ ജീവിതവുമായി ചേർത്തുവച്ചു നിരീക്ഷിക്കാവുന്നതായിരുന്നു .എങ്കിൽ അതിൽ നിന്ന് സൗന്ദര്യം ഉണ്ടാകുമായിരുന്നു .അയ്യപ്പപ്പണിക്കർ പതിതൻ്റെ രാഷ്ട്രീയത്തെ മൂടിവെച്ച് അമൂർത്തവും അരാഷ്ട്രീയവുമായ കല്പനകളിൽ സ്വയം മറയുകയായിരുന്നു. കടമ്മനിട്ട രാമകൃഷ്ണൻ ഒരു പൊതുപ്രവർത്തകനായിരുന്നു .എന്നിട്ടും അദ്ദേഹത്തിൻ്റെ കവിതകളിൽ മലയാളിയുടെ ആധുനികത കടന്നുവന്നില്ല .കുറത്തിയെക്കുറിച്ചൊക്കെ എഴുതിയത് ഒരു അനുഷ്ഠാനമെന്നതിൽ കവിഞ്ഞ് കവിയുടെ പക്ഷമായി കാണാനാവില്ല. അദ്ദേഹം കേരളത്തിലെ നിലം പതിഞ്ഞവരുടെ തിരിച്ചടികളെ അറിഞ്ഞിട്ടേയില്ല. അദ്ദേഹം അധികാരത്തിന്റെ ചെറിയ ചെറിയ ആനുകൂല്യങ്ങൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടിയോടൊപ്പം ചേരുകയും എംഎൽഎ ആവുകയും ചെയ്തു .അത് സ്വന്തം കവിതയോടുള്ള നീതിയോ നീതികേടോ ?അദ്ദേഹത്തിൻ്റെ വലിയ സ്വർണ്ണമാല, മുറുക്ക് ,ശരീരഭാഷ തുടങ്ങിയവ സമൂഹത്തിലെ അലസവും വരേണ്യവുമായ ഒരു വൈകാരിക സവിശേഷതയുടെ ഭാഗമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കും ?

കവിതയുടെ ആധുനികത എവിടെ ?

പൂച്ചയാണിന്നെൻ്റെ ദു:ഖമെന്ന് എഴുതി അദ്ദേഹം മലയാളിയുടെ അതിജീവനസമരങ്ങളെ മണ്ണിട്ടുമൂടുകയും അമൂർത്ത ദുഃഖത്തെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വമോ ,സമരാവേശമോ, വിമോചനത്വരയോ ഇല്ലാത്ത ഒരാളുടെ കവിതയായി അതിനെ കാണാവുന്നതാണ്. ഒരു വലിയ കവി ഏതൊരു വസ്തുവിലൂടെയും തന്നെയും  ലോകത്തെയും സമന്വയിപ്പിച്ച് അഭിദർശിക്കണം. കാരണം ,ആ കാവ്യവസ്തുവിനു പ്രമുക്തി കിട്ടുന്ന സമയമാണത്. കാവ്യവസ്തുവിനെ ലോകത്ത് കവി നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഡബ്ളിയു. ബി.യേറ്റ്സ് A terrible beauty is born എന്ന് എഴുതിയത്. സംഘർഷങ്ങളിൽ നിന്ന് കവി സൗന്ദര്യം സൃഷ്ടിക്കണം. അങ്ങനെയൊരു അവസരം വരുമ്പോൾ അതിൻ്റെ പരിപ്രേക്ഷ്യവും സാംസ്കാരിക പശ്ചാത്തലവും കവി  കണ്ടെത്തേണ്ടതാണ്. കടമ്മനിട്ട അങ്ങനെ ചെയ്യുന്നില്ല. അതേസമയം എം.ഗോവിന്ദൻ ,പുനലൂർ ബാലൻ ,കെടാമംഗലം പപ്പുക്കുട്ടി  തുടങ്ങിയവർ കടമ്മനിട്ടയെക്കാൾ രാഷ്ട്രീയബോധം പ്രകടിപ്പിച്ചു.പുനലൂർ ബാലനെയും പപ്പുക്കുട്ടിയെയും സമ്പൂർണ്ണമായി മറക്കാനാണ് ചില മുൻനിര പത്രാധിപന്മാരും വിമർശകരും കരാറെടുത്തത്.അവർക്ക് അത്  ആവശ്യമായിരുന്നു.

ഇവിടുത്തെ സമാന്തര സിനിമയ്ക്ക് ഫ്യൂഡൽ കാലത്തിൻ്റെ അവശിഷ്ടമായ തറവാട് തകർന്നതിലുള്ള ദുഃഖമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്. സമാന്തര സിനിമയ്ക്ക് അണുകുടുംബം എന്താണെന്ന് പോലും അറിയില്ല.സമാന്തര സിനിമയുടെ മന്ദഗതിയിലുള്ള സഞ്ചാരം തന്നെ അത് സാമൂഹ്യബോധത്തിൻ്റെ മുന്നേറ്റ യാത്രകൾക്ക് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് ധ്വനിപ്പിക്കുന്നു. കെ.ആർ.മോഹനൻ്റെയും മറ്റും  സിനിമകളിൽ തറവാടുകളാണല്ലോ പ്രശ്നം. ലോകം കേരളത്തിലെ ഒരു തറവാട്ടിൽ വച്ച് അവസാനിച്ചു എന്നാണ് വിലപിക്കുന്നത്. പി .എ. ബക്കറുടെ മണിമുഴക്കം, സംഘഗാനം, രവിയുടെ അസ്തി തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ, നിലം പതിഞ്ഞവരുടെ രാഷ്ട്രീയം കാണാം .എന്നാൽ ബക്കറിനെയും രവിയെയും മറ്റും നമ്മുടെ സാംസ്കാരിക ലോകം ഏതാണ്ട് പൂർണമായും ഉന്മൂലനം ചെയ്തു കഴിഞ്ഞു .ഈ ചോദ്യങ്ങളെയെല്ലാം ഭാവിയിൽ നേരിടേണ്ടി വരും. പാശ്ചാത്യ നാടുകളിലെ ആധുനികർ അത് ചെയ്തിട്ടുണ്ട്. സാർത്രിൻ്റെ what is Literature എന്ന പുസ്തകം വായിച്ചാൽ അത് മനസിലാകും. നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പക്വതയോടെയും നീതിയോടെയും ചിന്തിക്കാനറിയാത്തവർ എഴുതേണ്ടതുണ്ടോ ?സിനിമയെടുക്കേണ്ടതുണ്ടോ ?

എം. മുകുന്ദന് ഇവിടുത്തെ അയിത്തോച്ചാടനസമരങ്ങളെക്കുറിച്ച് വല്ലതും അറിയാമോ? അദ്ദേഹം ഇപ്പോഴും എഴുതുന്നത് എംബസി ദിനങ്ങളെക്കുറിച്ചാണ്!. എന്തൊരു ദുരന്തമാണ് ഇവരുടെയൊക്കെ ആത്മകഥകൾ! .ചിന്തിക്കാതെ ജീവിച്ചത് ആഘോഷിക്കുകയാണോ ഇവർ ? സ്വന്തം ജീവിതത്തിന്റെ ഭീരുത്വം നിറഞ്ഞ ഇടവഴികളെ മഹാവീരഗാഥകളുടെ ഇടങ്ങളാക്കി അവതരിപ്പിക്കുന്നതിലെ അനൗചിത്യം വൈകാരികക്ഷമതയുള്ള ആർക്കും  മനസ്സിലാക്കാവുന്നതേയുള്ളൂ. തൊഴിലിടങ്ങളിലെ ഒഴിവുവേളകളിൽ  ചായകുടിച്ചതും സുഹൃത്തിൻ്റെ വീട്ടിൽ പോയി ഊണു കഴിച്ചതും പഴയ, തീരെ പഴയ ഫോട്ടോകൾ തേടിപ്പിടിച്ചു കൊണ്ടുവരുന്നതും അർത്ഥമാക്കുന്നത്, തങ്ങൾ എല്ലാ കാലത്തും ജീവിക്കാൻ സർവ്വഥാ യോഗ്യരായിരുന്നു എന്നാണോ ?എങ്കിൽ അത് " ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി " എന്ന് വയലാർ കഥയില്ലാതെ എഴുതിയതുപോലെ അല്ലേ? എന്തെങ്കിലും അർത്ഥമുണ്ടോ ഇതിനു ? നിങ്ങൾ സഞ്ചരിച്ച കാറും ,നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡഡ് വസ്ത്രങ്ങളും, നിങ്ങളുടെ ഹോട്ടൽ ഭക്ഷണവും ,എത്ര വില കൂടിയതാണെങ്കിലും, അതിനൊക്കെ ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ ?ചിന്തിച്ചു നോക്കൂ. ഇതൊക്കെ അർത്ഥശൂന്യമാണെന്ന് അറിഞ്ഞുകൊണ്ടാണ് രമണമഹർഷി  വസ്ത്രങ്ങൾ ഉപേക്ഷിച്ച്  കൗപീനത്തിലേക്ക് പിൻവാങ്ങിയത് .

ജാതിവാൽ എന്ന സമസ്യ

ഹിന്ദുമതത്തിലെ ഉയർന്ന സമുദായക്കാരായ ചില വ്യദ്യാസമ്പന്നർ  തങ്ങളുടെ ജാതിവാലുകൾ ഫേസ്ബുക്കിലും മറ്റും യഥാർത്ഥ നാമത്തോടൊപ്പം കൂട്ടിച്ചേർത്ത് പ്രദർശിപ്പിക്കുന്നത് നവോത്ഥാനത്തിന്റെ റിവേഴ്സ് ഗിയറായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നവോത്ഥാനത്തിന് തങ്ങൾ എതിരാണെന്ന് ,അവർ  പുനരുദ്ധരിച്ച ജാതിവാലിലൂടെ പ്രഖ്യാപിക്കുകയാണ്.ഒരു വരേണ്യൻ ഗതികെട്ട അവർണന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴാണ് ദൈവം സന്തോഷിക്കുന്നത്. മനുഷ്യന് ലഭിച്ച സ്വാതന്ത്ര്യം കൊണ്ട് അവൻ എന്ത് ചെയ്തു എന്ന് അറിയാൻ ദൈവം കാത്തിരിക്കുകയാണെന്ന് റഷ്യൻ ദൈവശാസ്ത്രജ്ഞനായ നികോളൈ ബെർദ്യേവ് (Nikolai Berdyaev) എഴുതിയത് എത്ര അർത്ഥവത്താണ്! 
"God demands newness from humanity ;God awaits the works of human freedom ". കാരണം ,സ്വാതന്ത്ര്യം ശൂന്യതയിൽ നിന്നു കണ്ടെത്തേണ്ടതാണ്. അത് ഒരാൾ തന്നതു കൊണ്ടു മാത്രമായില്ല .അത് ഉപയോഗിക്കാനറിയണം. ഉയർന്ന ഹിന്ദു വിഭാഗങ്ങൾ സ്വന്തം ജാതിനാമങ്ങൾ  ഉപയോഗിച്ച് സവിശേഷ ശ്രദ്ധ നേടാൻ ശ്രമിക്കുമ്പോൾ താഴ്ന്നവിഭാഗക്കാർക്കും അവരുടെ ജാതിനാമങ്ങൾ പേരിനൊപ്പം ചേർക്കാൻ ക്രൂരമായ പ്രചോദനമുണ്ടാവും. അത് ചരിത്രത്തിന്റെ ആസക്തിയാണ്. 

എല്ലാ നിലംപതിഞ്ഞ വിഭാഗങ്ങളും - കുടുംബൻ ,പള്ളൻ, പാണൻ, പറയൻ, സാംബവൻ, പുലയൻ, ചെമ്മാൻ, ആശാരി, വേടൻ, തീയ്യൻ ,ഈഴവൻ തുടങ്ങിയവർ  - അവരുടെ ജാതിനാമം സ്വന്തം പേരിനൊപ്പം ചേർത്ത് ഒരു പ്രതിരോധം സൃഷ്ടിക്കാൻ സാധ്യത ഏറെയാണ്. ജാതി ഉപേക്ഷിച്ച അവരെ ജാതിചിന്തയിലേക്ക് തള്ളിവിടുന്നതിനു കാരണം ഉയർന്ന വിഭാഗങ്ങളുടെ ജാതിപ്രേമമാകുന്നത് ആപത്താണ്. എല്ലാ ജാതിപ്പേരുകാരും ഒരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ എല്ലാവർക്കും തോന്നണം ജാതിപ്പേര് അർത്ഥശൂന്യമാണെന്ന് .ചരിത്രം ചിലപ്പോൾ ഇങ്ങനെയും പ്രതിരോധം  തീർക്കാവുന്നതാണ്. ചരിത്രത്തിനു ഒരു വിഭാഗത്തിനോടും പ്രത്യേക താല്പര്യമില്ല. അത് അനുഭവങ്ങളുടെ ബലാബലങ്ങൾ അനുസരിച്ചു ഒഴുകുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ വൃത്തിയും ശുദ്ധിയും പക്വതയുള്ള മനുഷ്യൻ ചരിത്രത്തിനു സാർത്ഥകമായ പുതിയൊരു ക്രമം നൽകുന്നു. To see the object as in itself it really is എന്ന് മാത്യു ആർനോൾഡ് പറഞ്ഞത് ശ്രദ്ധിക്കണം. വസ്തുവിനെ വസ്തുവിൽ തന്നെ കണ്ടെത്തുമ്പോൾ ഒരു നീതി സംഭവിക്കുന്നു.

മേൽജാതിയുടെ അധിനിവേശം 

മലയാളസാഹിത്യത്തെ മേൽജാതി മാനിയ പിടിപെട്ടിരിക്കുകയാണെന്നതിനു പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് സാഹിത്യസ്ഥാപനങ്ങളുടെ ഭരണരീതിയും അവർ നൽകുന്ന പുരസ്കാരങ്ങളും. പുരസ്കാരങ്ങൾ വാങ്ങാൻ വരേണ്യ വിഭാഗങ്ങളിലുള്ള എഴുത്തുകാർക്ക് മാത്രമാണ് അർഹത എന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. നിലംപതിഞ്ഞവരുടെ കൃതികൾ ഒരിടത്തും റിവ്യു ചെയ്യപ്പെടുന്നില്ല. കൈപ്പറ്റി എന്നു പോലും കൊടുക്കാൻ മാധ്യമങ്ങൾക്ക് മടിയാണ് .സാഹിത്യ അക്കാദമിയൊക്കെ സർക്കാർ സ്ഥാപനമാണെങ്കിലും അതിൻ്റെ സൗന്ദര്യശാസ്ത്രവും ജീവിതവീക്ഷണവും മേൽജാതിബോധത്തെ ചുറ്റിപ്പിണയുകയാണ്. സമസ്തകേരള സാഹിത്യപരിഷത്തിനെ നോക്കൂ .അതിന്റെ എല്ലാ പുരസ്കാരങ്ങളും വരേണ്യർക്കാണ് പോകുന്നത്. വരേണ്യർ മാത്രം എഴുതിയാൽ മതിയെന്ന നിയമമുണ്ടോ എന്നറിയില്ല. ഏതാണ്ട് ഒരു വരേണ്യ സമുദായ സംഘടന പോലെയാണ് പരിഷത്ത് പ്രവർത്തിക്കുന്നത്. അവിടേക്ക് ഒരു നിലംപതിഞ്ഞവന് എത്തിനോക്കാൻ പോലുമാവില്ല. പാവപ്പെട്ട ദളിത്, പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട എഴുത്തുകാർ സാഹിത്യരചനയിലേർപ്പെടേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട കാലമാണിത് .കാരണം, അവർക്ക് എഴുത്തുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. ഒരു വി.ടി.ഭട്ടതിരിപ്പാടിനെ പോലെയോ ,കേശവദേവിനെപോലെയോ ഉയർന്ന സാമൂഹ്യബോധമുള്ള എഴുത്തുകാർ ഇനി ഉണ്ടായേക്കില്ല. ഇതിന് പരിഹാരമായി നിലംപതിഞ്ഞവർ വലിയ സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് സൃഷ്ടിക്കണം.  അതിനുള്ള സംഘടനാ ബോധം അവർക്കുണ്ടോ എന്നറിയില്ല. ഇനിയും സമയമുണ്ട്. വരേണ്യസ്ഥാപനങ്ങളിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ വേണ്ട. കുറച്ചൊക്കെ പ്രശസ്തി നേടിയ വയലാർ അവാർഡ് വരേണ്യ സമുദായങ്ങളിൽപ്പെട്ട എഴുത്തുകാർക്കുള്ളതാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെയാണ് മറ്റു പലതും. മറ്റുള്ളവർ എഴുതുന്നത് അവർ കാണുന്നതായി തോന്നിയിട്ടില്ല. കാലം ഒരു മാർഗം കാണാതിരിക്കില്ല. 


എ .അയ്യപ്പൻ - നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു /എം.കെ. ഹരികുമാർ








വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസ വ്യവസ്ഥകളിലും നിത്യവും അന്യനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്കു പോയ അയ്യപ്പനെ നിരന്തരമായ കലാപത്തിലേക്കും ചെറുത്തുനില്പിലേക്കും കൊണ്ടുപോയത് കവിതയാണ്.എല്ലാ മിഥ്യകളെയും തഴഞ്ഞു മുന്നോട്ടുപോയ അയ്യപ്പനെ അതിനു സഹായിച്ചത് കവിതയാണ്. അദ്ദേഹത്തെ മലയാളികൾ അഗാധമായി വായിച്ചില്ല. അല്ലെങ്കിൽ അലഞ്ഞു തിരിഞ്ഞ അയ്യപ്പനെയാണ് പലരും വായിച്ചത്. അദ്ദേഹത്തിൻ്റെ മുറിഞ്ഞ കൂട്ടുകെട്ടുകളെയും ഭഗ്നബിംബങ്ങളെയും ചേർത്തുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ സമീപിക്കാവുന്ന വിധം നിസ്സാരമാണ് കവിതകൾ എന്ന മുൻവിധിയുണ്ടായി. അതിനു കാരണം ആ ജീവിതത്തിൻ്റെ തുറന്ന പ്രകൃതമാണ്. അയ്യപ്പൻ എഴുതിയത് തൻ്റെ വേരറ്റ ജീവിതപ്രകതിയെ തന്നെയാണെന്ന് ധരിച്ചവരുണ്ട് .ആ രീതിയിൽ ഒരു വായന ഇവിടെയുണ്ടായി. 

എന്നാൽ ഇപ്പോൾ അയ്യപ്പൻ്റെ കവിതകൾ പുനർവായിക്കുകയാണ്. സമീപകാല യുവകവിതയുടെ തരത്തിലോ മലയാളത്തിലെ ആധുനികകവിതയുടെ (1960 നും 1990 നും ഇടയിൽ പ്രത്യക്ഷപ്പെട്ട കവിത)പശ്ചാത്തലത്തിലോ ഒതുങ്ങുന്നതല്ല അയ്യപ്പൻകവിത. അതിനു സാമൂഹിക വീക്ഷണവും പരിവർത്തനത്വരയുമുണ്ട്. 
ആധുനിക കവിതയുടെ പൊതുസ്വഭാവത്തിൽ അയ്യപ്പൻ വ്യത്യസ്തനായി നിൽക്കുന്നത് മനസിലാക്കേണ്ടതുണ്ട്.അതിവാചാലത ,അതിവൈകാരികത ,വൈദിക കാലത്തിൻ്റെ മഹത്വവൽക്കരണം ,രൗദ്രത തുടങ്ങിയ സ്വഭാവവിശേഷങ്ങളായിരുന്നു ആധുനിക കവിതയ്ക്കുണ്ടായിരുന്നതെങ്കിൽ, അയ്യപ്പൻ ആ കാലത്ത് ജീവിച്ചുകൊണ്ട് അതിനെയെല്ലാം കബളിപ്പിക്കുകയും വഴിമാറി നടക്കുകയും ചെയ്തു. 

ആത്മാവിൽ നഗ്നമാകുമ്പോൾ 

പ്രൊഫസർമാരും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ജീവിതം ശൂന്യമാണെന്നും തങ്ങൾ മഹാദു:ഖം പേറുന്നവരാണെന്നും കപടമായി പാടി നടന്നത് കണ്ട് വിഷണ്ണനായ അയ്യപ്പൻ അതിനെ മറികടക്കാനാണ് ഒരു ഉദ്യോഗത്തിലും ഒതുങ്ങാതെ സ്വന്തം ജീവിതംകൊണ്ടു തന്നെ ആത്മാവിന്റെ നഗ്നത കോരിയെടുത്തത്. വലിയ ശമ്പളം പറ്റുന്നവർ തങ്ങളുടെ ജീവിതം ഭദ്രമാക്കിയ ശേഷം അശാന്തിയെക്കുറിച്ച് പാടിയതിൽ ഒരു ഏങ്കോണിപ്പ് ഈ കവിക്ക് തോന്നിയിരിക്കണം. തങ്ങൾ കാട്ടാളന്മാർക്ക് വേണ്ടി പാടുന്നുവെന്നു പറഞ്ഞവർ തന്നെ നിയമസഭാ സാമാജികന്മാരും സർക്കാർ ഗുണഭോക്താക്കളുമായി!. ചിലരുടെ അയഥാർത്ഥവും കപടവുമായ ഒരു മനോഭാവം കവിതയിൽ പതഞ്ഞുയരുന്നതും അത് ബൗദ്ധികമായ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നതും അയ്യപ്പനെ ഞെട്ടിക്കുകയോ തകർക്കുകയോ ചെയ്തിരിക്കണം .സർക്കാരിൻ്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞുകൊണ്ട്, ഭൗതികസമ്പത്തിൻ്റെ സുഖത്തിൽ അമർന്നു കൊണ്ട് അശരണരെ പാടിയുറക്കുന്നതിൽ അസുഖകരമായ ഒരു ശീലം രൂപപ്പെടുന്നത് കാണാമായിരുന്നു. 

കവിത ജീവിതത്തിന്റെ തനത് നിസ്സഹായതകളിൽ നിന്നും ധർമ്മങ്ങളിൽ നിന്നുമാണ് ഉണ്ടാകേണ്ടത്. ആശാനും മറ്റും എഴുതിയത് നമ്മുടെ മുന്നിലുണ്ട്. 'ദുരവസ്ഥ' എഴുതുമ്പോൾ ആ കവിത തന്നെക്കൂടി ബാധിക്കുന്നതാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നാൽ ആധുനിക കവിതയിലെ ജീവിതവിചാരങ്ങളിൽ അതെഴുതിയവർക്ക് വ്യക്തിപരമായ പങ്കില്ല. അവർ വ്യസനങ്ങൾ അനുഭവിക്കാതെ, ചിന്തകൊണ്ടു വ്യസനങ്ങൾ വ്യാജമായി  അവതരിപ്പിക്കുകയായിരുന്നു. അയ്യപ്പൻ ഇവിടെയാണ് ,തന്റെ സത്യസന്ധതയുടെ ആഴം ലോകത്തിനു  കാണിച്ചു കൊടുക്കാൻ വേണ്ടി സ്വയം അനാവരണം ചെയ്യാൻ തീരുമാനിച്ചത്.

എപ്പോഴും അദ്ദേഹത്തിനു ചിന്തേരിട്ട പോലെ മിനുസപ്പെട്ട് ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ആരെയും വശീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഒരു മികച്ച പ്രതിച്ഛായയ്ക്ക് വേണ്ടി അഭിനയിക്കേണ്ട കാര്യവുമില്ലായിരുന്നു. സൗഹൃദങ്ങൾ, അതുകൊണ്ടുതന്നെ അനിവാര്യമായി മുറിഞ്ഞു കൊണ്ടിരുന്നു.മേൽവിലാസമില്ലാത്തതിന്റെ യാതൊരു ഉൽക്കണ്ഠയും അദ്ദേഹത്തിനില്ലായിരുന്നു .താൻ ജീവിച്ചത് കവിതയ്ക്ക് വേണ്ടി മാത്രമാണെന്നു പറയാവുന്ന തരത്തിൽ ആഴത്തിൽ ചിന്തിച്ച ഒരു കവിയെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാതിയിൽ അയ്യപ്പനിലൂടെ  നമുക്ക് കാണാനായത്.

ഈ പ്രശ്നവും അതിനു വ്യാപ്തി നൽകിയ കവിതയുമാണ് ഇനി വിശകലനം ചെയ്യേണ്ടത്. അയ്യപ്പൻ്റെ കവിതകൾക്കുള്ള നൈസർഗികശക്തി ആ കാലഘട്ടത്തിലെ മറ്റാർക്കുമില്ല.  കാരണം ,അദ്ദേഹം നടന്നുപോയ വഴിയാണത് .ആ കവിതകളിൽ നിന്ന് വേറിട്ട ഒരാത്മകഥ അദ്ദേഹത്തിനുണ്ടാകില്ല.ഒരാൾ അയാളുടെ ആത്മാവിൻ്റെ കണ്ടുപിടിത്തങ്ങളാണല്ലോ കവിതയായും കഥയായും ആവിഷ്കരിക്കുന്നത്. ഇതുതന്നെ പ്രത്യേക തരത്തിലുള്ള ആത്മകഥയുമാണ്. വേറൊരു ആത്മകഥ ഉണ്ടാവുക അസാധ്യമാണ്. കവിക്ക് താൻ നടന്നതും ഭക്ഷണം കഴിച്ചതും കുടുംബജീവിതം നയിച്ചതുമൊക്കെ എഴുതാം. പക്ഷേ, അതിൽ ആത്മകഥ എന്ന അനുഭവത്തിനു ഇടമുണ്ടാവില്ല. കവിതയാണ് ആത്മകഥ. അതാകട്ടെ വ്യക്തി എന്ന കർത്തൃത്വത്തെ പേറുന്നുമില്ല .

കാല് വെന്ത് നടന്ന കവി 

വെറും വ്യക്തിയുടെ കഥയല്ല അത്. കവിത എഴുതുന്നയാൾ  വ്യക്തിയെക്കാൾ ഉയർന്നതും ശുദ്ധവും  തീക്ഷ്ണവുമായ ഒരു പ്രതിനിധാനമാണ്. തനിക്ക് പോലും അജ്ഞാതമായ ഒരു ജ്ഞാന മണ്ഡലത്തിലേക്ക് ഉയരുന്നത് കവി കാണുകയാണ് .അത് മറഞ്ഞിരിക്കുന്ന അപാരതയുടെ വെളിപ്പെടലാണ്. അയ്യപ്പൻ എന്ന കവിയിൽ രണ്ടു തരത്തിലുള്ള വെളിപാട് അന്തർഭവിച്ചിട്ടുണ്ട്. കാല് വെന്തു നടന്ന വഴികളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞ ഏറ്റവും താഴ്ന്ന മനുഷ്യസമൂഹങ്ങളുടെ ഒറ്റപ്പെടലിന്റെയും നിത്യമായ നരകത്തിന്റെയും ബലാബലങ്ങളാണ് ഒന്ന് .രണ്ടാമത്തേത്, ഒരാൾ ഒറ്റയ്ക്ക് സ്വതന്ത്രമാക്കുന്നതിന്റെ, നീക്കിയിരിപ്പുകൾക്കായി കാത്തിരിക്കാത്തതിൻ്റെ ,ഒന്നിലും ഭ്രമിക്കാതെ സ്വയം നിരുപാധികമായ അസ്തിത്വമാകുന്നതിന്റെ വെളിപാടാണ്. 

അതുല്യവും ഉൽകൃഷ്ടവുമായ കവിവ്യക്തിത്വമാണ് അയ്യപ്പനുണ്ടായിരുന്നത്. ഒരു പക്ഷേ ,യാഥാസ്ഥിതികരും സ്വാർത്ഥരുമായ ചിലരെങ്കിലും ,പ്രതിഛായ  നോക്കാതെ ചുറ്റിത്തിരിയുന്ന അയ്യപ്പനിൽ നിന്ന് അകലം പാലിച്ചു കാണും .അത് ആ കാലഘട്ടത്തിന്റെ ഒരു ചേഷ്ടയായി കണ്ടാൽ മതി .ഒരു യഥാർത്ഥ ജീനിയസ് ഏതു മേഖലയിൽ വന്നാലും ഉപരിവർഗ്ഗ ബുദ്ധിജീവികളും സമ്പന്നരും പ്രതാപികളുമായ ചിലർ അവനിൽ നിന്നു അകന്നുനിൽക്കാൻ നോക്കും .ഇത് സർഗാത്മക ഭീരുത്വമാണ്.തങ്ങളുടെ അവസരവാദത്തെയും ലാഭക്കൊതിയെയും അറപ്പുളവാക്കുന്ന ഭോഗേച്ഛയെയും ഈ ജീനിയസ് അപകടപ്പെടുത്തുമോ എന്ന ശങ്കയാണ് ഇതിന് പിന്നിലുള്ളത്. സ്വയം കഴുതയാണെന്നു ബോധ്യമുള്ളവർക്ക് ചുമലിൽ കൂടുതൽ ഭാരം കയറ്റുന്നതിനോട് എതിർപ്പുണ്ടായിരിക്കും .എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളും അവരുടെ കപടമൂല്യങ്ങളുടെ കാവൽക്കാരാകാൻ നോക്കും. 
അല്ലെങ്കിൽ അങ്ങനെ ഭാവിക്കും .ഒരു കവിക്ക് ഇതിനെതിരെ പോരാടാൻ വലിയ ആയുധങ്ങളൊന്നുമില്ല. സ്വകവിതയുടെ വക്താക്കളെ ഒരു രാഷ്ട്രീയ പാർട്ടി പോലും അംഗീകരിക്കുകയില്ല. വ്യവസ്ഥിതിയുടെ ജോലിക്കാരായി നിന്നുകൊണ്ട് വ്യവസ്ഥാപിതമല്ലാത്ത ആത്മാകുലതകൾ പ്രചരിപ്പിക്കാൻ ധാരാളം പേർ മുന്നോട്ടു വരുന്നുണ്ട്.  മറ്റു കവികളെല്ലാം സമൂഹത്തിൽ പേരും അംഗീകാരവും നേടിയെടുത്തത് അവരുടെ തൊഴിലിൻ്റെയും ജനിച്ച സാമൂഹിക ശ്രേണിയുടെയും വിദ്യാഭ്യാസത്തിൻ്റെയും കൂടി ഫലമായാണ് .ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പ്രൊഫസർമാർക്കും ധാരാളം സുഹൃത്തുക്കളെ അനായാസുമായി ലഭിക്കും. അവരെ സഹായിക്കാനും സ്നേഹിക്കാനും പലരും മുന്നോട്ടുവരും. എന്നാൽ ഇതൊന്നുമില്ലാത്ത അയ്യപ്പൻ ഒരു അംഗീകൃത സ്ഥാപനമാവുകയില്ല. അദ്ദേഹം ഒരാളിൽ നിന്ന് പണം വാങ്ങിയാൽ അത് ദാനമോ ഔദാര്യമോ ആയി നിർവ്വചിക്കപ്പെടും.എന്നാൽ വലിയ ഉദ്യോഗത്തിലിരിക്കുന്നവനു പണത്തിന്റെ ആവശ്യമുണ്ടായാൽ സഹായവുമായി അതുപോലെയുള്ളവർ അങ്ങോട്ടെത്തും. അതിനെ വേണമെങ്കിൽ കടം എന്നു വിളിക്കാം.

എല്ലാറ്റിൻ്റെയും പേരാണ് കവിത 

എല്ലാ പലായനങ്ങളും പ്രേമഭംഗങ്ങളും വഴിപിരിയലുകളും അയ്യപ്പനിലേക്ക് കവിതയായി ഇരച്ചെത്തിക്കൊണ്ടിരുന്നു. കവിതയ്ക്കല്ലാതെ മറ്റൊന്നിനും ആ പണിശാലയിൽ ഇടമില്ലായിരുന്നു. എല്ലാ അസംസ്കൃത വസ്തുക്കളും കൊണ്ടുവരുന്നു ;എന്നാൽ അതെല്ലാം അവിടെ നിന്നും തിരിച്ചിറങ്ങുന്നത് കവിതയായാണ്. എല്ലാം ഒരേ കണ്ണിലൂടെ പുനർനിർണയിക്കപ്പെടുന്നു.അയ്യപ്പൻ  എന്ന വ്യക്തി ഇവിടെ പലതായി മുറിച്ചു മാറ്റപ്പെടുന്നു.എന്നാൽ എല്ലാറ്റിൻ്റെയും  പേര് കവിതയെന്നാണ് .അയ്യപ്പൻ്റെ കവിത ഇപ്പോൾ പ്രലോഭിപ്പിക്കുകയാണ്; പ്രചോദിപ്പിക്കുകയാണ്. ഈ രചനകൾ ചരിത്രപരമായ ഒരു പുതിയ വായന ആവശ്യപ്പെടുന്നുണ്ട് .പരമ്പരാഗതമായ കാവ്യാത്മകതയുടെ ചതുപ്പ് നിലങ്ങളിൽ നിന്ന് അകന്ന കവിയാണദ്ദേഹം. അയ്യപ്പൻ മനുഷ്യൻ്റെ ബോധത്തിലും പെരുമാറ്റത്തിലും സൗന്ദര്യസങ്കല്പത്തിലും ഒട്ടിപ്പിടിച്ചിരിക്കുന്ന ഫ്യൂഡൽ ,ബൂർഷ്വാ, വരേണ്യ ജീവിതഘടകങ്ങളെയാണ് എതിർത്തത്. വ്യക്തിയിൽ കരുത്താർജിച്ച അഹന്ത എന്ന വിചാരം മനുഷ്യൻ്റെ എല്ലാ വ്യവഹാരങ്ങളിലേക്കും പടർന്നിരിക്കുന്നു. ഓരോ വ്യക്തിയും നാടുവാഴിയാണെന്നു വിചാരിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുകയാണ്. സാഹിത്യത്തിലും കലയിലുമെല്ലാം വരേണ്യ മന:ശാസ്ത്രമാണ് വാഴുന്നത്. പുരുഷനെ ഈ നാടുവാഴിത്ത അഹന്തയുടെ പര്യായമായി കാണാവുന്നതാണ്. പുരുഷൻ സ്വയം ഒരധികാരമാണ്. അവൻ കീഴടക്കാനായി പായുകയാണ്. സഹജീവികളോടും പ്രകൃതിയോടും അവൻ നിരന്തരം സംഘർഷത്തിലാണ്.  ഏതിനെയും കൊല്ലുകയാണ് പുരുഷൻ. മധ്യകാലഘട്ടത്തിലെ കിരാതമായ അധികാരഗർവ്വിൻ്റെ പ്രതീകമായി പുരുഷനെ സങ്കൽപ്പിക്കാവുന്നതാണ്. അവനിൽ അടിഞ്ഞുകൂടിയിരിക്കുന്ന ആസക്തികൾ നാനാവിധമാണ് .അത് എപ്പോഴും അടിച്ചമർത്താൻ വെമ്പു കയാണ്. സാമൂഹ്യശ്രേണിയിൽ വരേണ്യന്റെ അഹന്തയും പെരുമാറ്റ രീതികളും ഇന്ന് മനുഷ്യവംശത്തെയാകെ  സ്വാധീനിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് മനുഷ്യനെയും അവന്റെ സൗന്ദര്യാനുഭവത്തെയും വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പൻ എഴുതിയത്. നിശ്ചയമായും, ഇവിടെ മുന്നോട്ട് പോകണമെങ്കിൽ സ്വയം ഒരു വിമോചിത വ്യക്തിയാകണം. അതിനായി അയ്യപ്പൻ സിവിൾ  സമൂഹത്തിന്റെ അധികാര ഘടകങ്ങളായ കുടുംബം ,പദവി തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നു. കുടുംബത്തിനുള്ളിൽ ,അതിൻ്റെ  നിലനിൽപ്പിനു വേണ്ടി മനുഷ്യനു അധാർമ്മികതയിലേക്ക് പതിക്കേണ്ടി വരുന്നു. കുടുംബം നിലനിർത്തുന്നത് ഒരപായക്കളിയായി മാറുന്നുണ്ട് .സത്യം വിളിച്ചു പറയാൻ കഴിയാത്ത വിധത്തിൽ അത് അകമേ  പലരീതിയിൽ ദുഷിക്കുന്നു. സ്നേഹത്തിനു പകരം സാമ്പത്തിൻ്റെയും പദവിയുടെയും നടത്തിപ്പിനുള്ള ഒരിടമായി അത് മാറുന്നു. കുടുംബത്തിനുവേണ്ടി ഏത് കുറ്റവും ചെയ്യാമെന്ന ചിന്ത ജനാധിപത്യപരമായി തീർന്നിരിക്കുകയാണ്. വലിയ പലിശയ്ക്ക് ലോണെടുക്കാതെ ഇന്ന് ഒരു കുടുംബത്തിനും മുന്നോട്ട് പോകാനാവില്ല. സ്ഥിരവരുമാനമില്ലാത്തവരുടെ ജീവിതം വളരെ ആപത്സന്ധിയിലാണ്. ലോണുകൾ അടച്ചു തീർക്കാനുള്ളതുകൊണ്ട് എങ്ങോട്ടും  പോകാനാവില്ല .കാലിൽ വീണ ചങ്ങലയാണത്.തൊഴിൽ ,പദവി,സമ്പത്ത് എന്നിവയുടെ വാഴ്വിന് വേണ്ടി പലതിനോട്ടം അകലം പാലിക്കേണ്ടി വരുന്നു. ഒരിടത്തും പ്രതിഷേധം ഉണ്ടാവില്ല. വരേണ്യ സമൂഹത്തിൻ്റെ തുടർച്ചയായ അധികാരമേലാളത്തത്തിൽ നിലംപതിഞ്ഞവനും അവൻ്റെ കവിതയും ഇരുട്ടിൽ തന്നെ നിൽക്കുകയാണ്. രാജഭരണ കാലത്തെ സൗന്ദര്യബോധം ഭാഷയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. അയ്യപ്പൻ നിശിതവും ബൗദ്ധവുമായ ജീവിതത്തിലൂടെ കണ്ടെത്തിയ ബിംബങ്ങൾ പതിറ്റാണ്ടുകളായുള്ള  ഈ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയാണ് .കുമാരനാശാനു ശേഷം ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമാണ് പതിതൻ്റെ വേദനയും പ്രതിഷേധവും പകർന്നത്. അയ്യപ്പനിലെത്തുമ്പോൾ അത് കൂടുതൽ സമകാലികവും ആധുനികവും ശൈലിപരവും ഭാഷയുടെ ആവിർഭാവവുമായി രൂപാന്തരപ്പെടുന്നു. 

അഗ്നി 

നൂറ്റാണ്ടുകളായി നിലത്തു പതിഞ്ഞു കിടന്നവന്റെ ജീവിതത്തിൽ പടർന്നു നിൽക്കുന്ന ഇരുട്ടിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു അയ്യപ്പൻ. ചിലപ്പോഴൊക്കെ ആ യുദ്ധം പ്രാകൃതമാണ്; അതിനു ഉപചാരങ്ങളോ ,മര്യാദകളോ ഉണ്ടാകണമെന്നില്ല .അത് കവിയുടെ  മനസ്സിൽ നിന്നുവരുന്ന അഗ്നിയാണ്. ചിലപ്പോൾ അത് കവിയുടെ ആശയക്കുഴപ്പവും സംഘർഷവും മുറിപ്പെടുത്തലുമാണ്.

കാടുപിടിച്ചു കിടക്കുന്ന നഗരങ്ങളാണ് കവി കാണുന്നത്. ഒരുകാലത്ത്  നഗരങ്ങളായിരുന്ന പ്രദേശങ്ങൾ പിന്നീട് നശിച്ചു പോയതായാലും മതി. നഷ്ടപ്പെട്ട സംസ്കാരങ്ങളിൽ തനിക്ക് ഓഹരി ഉണ്ടായിരുന്നില്ലല്ലോ എന്ന ദു:ഖം ബാക്കിയാവുന്നു. സന്ധ്യ അവസാനിക്കുന്നിടത്തുനിന്ന് കവി ഇരുട്ടിലൂടെ ഒറ്റയ്ക്ക് നടക്കുകയാണ്. ആ വഴി ഇടുങ്ങിയതും ആളുകൾ ഉപേക്ഷിച്ചതുമാണ്. എന്നാൽ കവിക്ക് അതിലേ സഞ്ചരിച്ചേ പറ്റൂ.കവിതയുടെ രചന ,തുടർച്ച, ചിന്ത,കർത്തൃത്വം എന്നീ വിഷയങ്ങളിൽ ഒരു പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുകയാണ്. പരമ്പരാഗതമായ കവിതകളല്ല ഇവിടെ കാണുന്നത്.നമ്മുടെ സാഹിത്യചരിത്രത്തെ വേറിടൽ കൊണ്ട് നിറയ്ക്കാൻ അയ്യപ്പൻ കവിതകൾക്ക് കഴിയും. ഗതാനുഗതികത്വത്തിൽ നിന്നു ആത്മാവിന്റെ ശൈഥില്യത്തിലേക്കും ചിതറലിൻ്റെ രഹസ്യത്തിലേക്കും അത് വായനക്കാരനെ നയിക്കുന്നു.

"അവന് ആകാശത്തിൽ 
മഴവില്ലൊന്നുണ്ടായി
അവനെയ്ത അമ്പേറ്റ് 
ആ വില്ല് മുറിഞ്ഞുപോയി. "

ഇങ്ങനെ സ്വന്തം മഴവില്ല് പൊട്ടിച്ചു കളയാൻ സ്വാതന്ത്ര്യത്തിൻ്റെ മത്ത് പിടിച്ച കവിക്ക് പ്രയാസമില്ല .നിലംപതിഞ്ഞ യുവാവ് കണ്ട സ്വപ്നങ്ങൾ അവനെ കൊണ്ടു നശിപ്പിച്ചു കളയാൻ പ്രേരിപ്പിക്കുന്ന വരേണ്യ അധികാരവ്യവസ്ഥയെയാണ് കവി ഓർമ്മിപ്പിക്കുന്നത്.  അറിഞ്ഞിടത്തോളം വച്ച് ചരിത്രത്തെ പിന്നിൽ ഉപേക്ഷിക്കുകയാണ്. സ്വയം എന്തെങ്കിലുമാണെന്നു സ്ഥാപിക്കാനല്ല, താൻ എന്തല്ല എന്നു വിളിച്ചു പറയാനും ത്രാണിവേണം. മറ്റുള്ളവരുടെ വിജ്ഞാനവും ഭാരവും ചുമന്ന്  കുനിഞ്ഞ ശിരസുമായി നിൽക്കുന്ന വരേണ്യ കവികൾക്കിടയിലൂടെ, തനിക്കിഷ്ടമുള്ളതെല്ലാം യുക്തിയില്ലാതെ വിളിച്ചുപറഞ്ഞു ഒരു ഭ്രാന്തനെ പോലെ അയ്യപ്പൻ നീങ്ങുകയാണ് .അയ്യപ്പനു  പുറംലോകത്തിന്റെ യുക്തികൊണ്ട് ഒന്നും പരിഹരിക്കാനില്ല.എന്നാൽ  ആന്തരികയുക്തി ഒരു മരിചികയായിരിക്കുന്നു. 

"ആകാശത്തിലേക്ക് പറക്കുന്ന പോത്തിൻ്റെ പുറകെ നടക്കുക
ജീവിതത്തിലേക്ക്
തിരിഞ്ഞു നോക്കരുത്." 

ഇത് മാർക് ഷഗ്ഗാലിനെയോ സാൽവദോർ ദാലിയെയോ ഓർമ്മിപ്പിക്കാതിരിക്കില്ല. ഒരു ചിത്രകാരനു യഥാർത്ഥ വസ്തുവല്ല പ്രചോദനം. ആ വസ്തുവിൽ താൻ കണ്ടതാണ് പ്രധാനം. ഈ കവിയും വസ്തുക്കളിൽ മറ്റെന്തോ ആണ് തിരഞ്ഞത്;അത് തകർന്ന സ്വപ്നങ്ങളായിരുന്നു.ആകാശത്തിലേക്ക് പറക്കുന്ന പോത്ത് തൻ്റെ അന്തരംഗത്തിൻ്റെ ചായക്കൂട്ടാണ്.  അത് മിഥ്യയായാൽ എന്താണ്? അതിൻ്റെ പിന്നാലെ നടക്കുന്നതോടെ  അതൊരു സാരവത്തായ യാത്രയായി മാറുന്നു .

തുടർച്ചയുടെ ഭംഗം 

അമൂർത്തവും അപൂർണവുമെന്ന്  തോന്നുന്ന ചില കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ് .അത് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ രണ്ടു ഭാഷകളിൽ അറിവ് നേടിയിരുന്നു. അതിലൊന്ന് ഗദ്യവും മറ്റേത് പദ്യവുമായിരുന്നു.ഗദ്യത്തിൽ  എഴുതണമെങ്കിൽ പദ്യത്തിൻ്റെ ദൗർബല്യം കൂടി അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ മിക്കപ്പോഴും പദ്യത്തിൻ്റെ ജോലി. ഏത് തല പോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത് ഈണമുണ്ടാക്കിയാൽ മതിയെന്നു പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ ആലപിക്കപ്പെടുന്ന ചില വരികളുടെ ഈണങ്ങളെയാണ് അത് പിന്തുടരുന്നത്. അതിനു ഉള്ള് പൊള്ളി നിൽക്കുന്ന കവിയെ ആവശ്യമില്ല ;അയാളുടെ ജീവിതത്തെയും .പദ്യം ഉള്ള് പൊള്ളയായ വെറും ഈണമാണെന്നു മനസ്സിലാക്കി അതിൽ നിന്നു ജീവൻ  രക്ഷിക്കാനായി ഓടുന്നവനാണ് ഗദ്യത്തിൽ അഭയം തേടുന്നത്.ഗദ്യമാകട്ടെ മറ്റൊരു ഈണം നൽകി അവനെ അനുഗ്രഹിക്കുന്നു. വൈകാരികതയുടെ കുറേക്കൂടി സത്യസന്ധമായ ഒരു ഉച്ചാരണം സാധ്യമാകുകയാണ് .അയ്യപ്പനു ഈ രണ്ടു ഭാഷകളിലും സ്വാധീനമുണ്ടായിരുന്നതുകൊണ്ട്, രണ്ടിന്റെയും ഓജസ്സ് ഊറ്റിക്കുടിച്ച് അദ്ദേഹം വളർന്നു .

നാട്ടുവഴക്കങ്ങളല്ല ,തൻ്റെ വന്യവും അനാഥവുമായ യാത്രകളുടെ കാടും പടലുമാണ് അതിൽ നിറഞ്ഞത്. ആരെയും പ്രീതിപ്പെടുത്താൻ അദ്ദേഹം  ഒന്നുമെഴുതിയില്ല .എന്നാൽ തന്റെ ഉൾക്കണ്ണിൽ കണ്ടതെല്ലാം വലിച്ചു പുറത്തിടുകയും ചെയ്തു .ഭാഷ പേ പിടിച്ച ഒരു നായയെപ്പോലെ ഓടിക്കിതച്ച് ചെന്ന് കവിതയിലെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ മണ്ണ് മാന്തി ശവം വലിച്ചെടുക്കുന്നു. അപ്പോൾ ആ നായ എങ്ങോട്ടൊക്കെയോ നോക്കി കുരയ്ക്കും. പക്ഷേ, ആ കുര ഒരാക്രമണവും തകർക്കലുമാണ് .
അതിൽ പ്രാചീനമായ ചില ത്വരകൾ  സംഭരിച്ചിരിക്കുന്നു.

"മണ്ണു പിളർന്നു പോയ 
പ്രേമമേ 
മണക്കുന്ന ഒരു കരിമ്പനയാകുക ."
(പ്രേമം നിശ്ശബ്ദമായതുകൊണ്ട്)

''ബധിരനായതുകൊണ്ട് 
അവനത് കേൾക്കാനാവില്ല
മനുഷ്യനുമായുള്ള അഭിമുഖം."
(മനുഷ്യനും മൃഗവുമായുള്ള അഭിമുഖം)

നമ്മുടെ കോളജ് മലയാളം ക്ലാസുകളിലെ മലയാളത്തെ അടക്കം ചെയ്ത ശേഷം അതിനു മുകളിലാണ് അയ്യപ്പൻ തൻ്റെ അനാവൃതമായ ഭാഷയുടെ ചെടികൾ നട്ടത്. 

"കിണറിനെ സ്നേഹിക്കണം 
മരിച്ച പ്രണയം 
ഈ ആഴത്തിലാണ് ."
(ഇടവേളകൾ)

"വസന്തം കാണാൻ 
വാതിൽ തുറക്കുമ്പോൾ 
വെറ്റിലയ്ക്ക് ചുണ്ണാമ്പ് കിട്ടാതെ
മുത്തശ്ശി മരിച്ച
മുറിയുടെ ഗന്ധം."
(ശ്രാദ്ധം)

ഒരു അക്കാദമിക് എലിപ്പെട്ടിക്കുള്ളിൽ ഭാഷയെ ഞെരുക്കാൻ സമ്മതിക്കാത്ത ഈ കവി വാക്കുകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു.പഠിപ്പിക്കുന്ന ഭാഷയിൽ തൻ്റെ കവിത ഒരുങ്ങില്ലെന്നു അദ്ദേഹം എന്നേ അറിഞ്ഞതാണ്. എവിടെയും വിലക്കില്ലാത്തവനു മാത്രമേ ഇതുപോലെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞവൻ്റെ കവിത സൃഷ്ടിക്കാനാവൂ .അയ്യപ്പനു വേണ്ടിയാണ് ആ കവിത ചുറ്റിത്തിരിഞ്ഞത്. കാരണം, അയ്യപ്പനിലൂടെ മാത്രം പുറത്തു വരേണ്ട കവിതയാണല്ലോ അത്. നിക്കാനോർ പാർറ പറഞ്ഞതുപോലെ അത് ശൂന്യമായ പേജാണ്. "A poem should improve on the blank page ."


എല്ലാ പ്രേമങ്ങളും തകരുമെന്നു മുൻകൂട്ടി കണ്ടു പ്രേമിക്കുന്നവന്റെ മുകളിൽ ഒരു വാളുണ്ട്.പ്രേമിക്കുമ്പോൾ അവൻ ആ വാളിനെയും നോക്കും. ചുംബിക്കുമ്പോൾ അവൻ്റെ ചുണ്ടുകൾ പാതി ആ വാളിൻ്റെ വായ്ത്തലയിലും ഉരുമ്മും.അയ്യപ്പൻ്റെ കവിതകൾ വായിച്ചപ്പോൾ, ആ രചനാരീതിയിൽ അപൂർവമായ ചില പദ്ധതികൾ കാണാനിടയായി. അതിലൊന്നാണ് തുടർച്ചയുടെ ഭംഗം. പിന്തുടർച്ച ഇല്ലാതിരിക്കുക എന്ന ഗുണമാണിത്(Discontinuity).അതായത്, എഴുതിവരുന്ന മുറയ്ക്ക് കവിക്ക് തന്റെ വരികളുടെ തുടർച്ച  നഷ്ടമാവുകയാണ്;താൻ എന്താണ് എഴുതുന്നതെന്നു കവി മറന്നു പോകുന്ന പോലെ. ഒരു വരി എഴുതിക്കഴിയുമ്പോൾ അതിനു പിന്നെ തുടർച്ച ലഭിക്കാതെ വരുന്നു . അടുത്ത വരി മറ്റൊരു കവിതയിലെ ഏതോ വരിയുടെ തുടർച്ചയായി തോന്നാം.ഈ പ്രവണതയെ സൈദ്ധാന്തികമായി  കാണാവുന്നതാണ് .കവിത തന്റെ മനസ്സിന്റെ ഒരു ക്രമമാണെന്ന് കവിക്ക്   വാദിക്കാവുന്നതാണ്. അത് വായനക്കാരൻ്റെ തുടർച്ചയല്ല . കവിയുടെ മനസ്സിൽ പല കവിതകളുമുണ്ട് .അതിൽ നിന്നാണ് ഒരു കവിത നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു ഫലമോ സ്ഥലമോ രൂപമോ ഒന്നുമല്ല കവിതയിലൂടെ കവി ആവിഷ്കരിക്കുന്നത്. വളരെ വ്യക്തിനിഷ്ടവും തനിക്ക് മാത്രം ബോധ്യപ്പെട്ടതുമായ ചില വികാരങ്ങളാണ്.അത് പ്രമേയത്തിൻ്റെ ആന്തരികമായ സംഗീതമാണ് .അത് യഥാർത്ഥമായ വസ്തുവിനെക്കുറിച്ചാണെന്നു പറയാൻ പോലും കവി അശക്തനാണ്. ഭൗതികലോകത്തിൻ്റെ നിർദ്ദയമായ നോട്ടത്താൽ പലവഴിക്ക് തെറിച്ചുപോയ തൻ്റെ ഏകാന്തമായ സത്യങ്ങളെ  പെറുക്കിക്കൂട്ടാനാണ് കവി  ശ്രമിക്കുന്നത്.അതിൻ്റെ അന്തർമുഖതയും അപ്രത്യക്ഷതയുമാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്. 'പുര' എന്ന കവിതയിൽ തുടർച്ചയുടെ ഭംഗം കാണാം .

"തീ പിടിച്ചത്
പുരയ്ക്കോ തലയ്ക്കോ

ഋതുഭംഗത്താൽ 
ക്ഷയിച്ചു പോയ് സൂര്യൻ 
രശ്മിയെ പൊട്ടിച്ചു തിന്നുന്നു 
പച്ചില 

വേണ്ടാത്ത പുസ്തകം 
വലിച്ചെറിയുന്നു കടലിൽ 
കടൽ കൊണ്ടുപോയ് 
കവിതയെ പാടുമിന്നു കടൽ 
പാതിരാക്കവിത 

പഥികനില്ല 
നിഴലില്ലാതെ 
പൊള്ളുന്നു ഭൂമി 

ഇതിൽ ഓരോ ഖണ്ഡത്തിലും വേറിട്ട ധ്വനികളും ആശയങ്ങളുമുണ്ട്. ഒന്ന് മറ്റൊന്നിൻ്റെ തുടർച്ചയല്ല .അത് പല കവിതകളുടെ ഭാഗമായി നിരീക്ഷിക്കാവുന്നതാണ്. എന്നാൽ പരസ്പരം ചേരാത്ത ഈ ഖണ്ഡങ്ങൾ  അയ്യപ്പനു ഒരു ചേർച്ചയാണ്. തന്റെ കവിത ഒരു യാഥാർത്ഥ്യമല്ലെന്നും അത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിതറിയ സന്ദേശങ്ങളാണെന്നും കവി കരുതുന്നുണ്ടാവണം. നവകവിതയുടെ ഒരു പൊതുഘടനയാണിത്.

എന്താണ് എഴുതുന്നതെന്ന് ചോദിച്ചാൽ ആശാനും വള്ളത്തോളിനുമൊക്കെ ഒരു പ്രമേയം ഉത്തരമായി തരാനുണ്ടായിരുന്നു. അവർ ആ പ്രമേയത്തെ വികസിപ്പിക്കുകയാണ്. അതാണ് അവരുടെ ധൈഷണികമായ ഉത്തരവാദിത്വം.ആ  ഉത്തരവാദിത്വത്തിൽ ഒതുങ്ങി നിന്നുകൊണ്ടാണ് അവർ തങ്ങളുടെ ഛന്ദസ് അവതരിപ്പിക്കുന്നത്.അയ്യപ്പൻ്റെയോ പിന്നിടു വന്ന നവകവികളുടെയോ കാര്യത്തിൽ മറ്റൊരു താളക്രമമാണുള്ളത്. അവർ ഒരു പ്രമേയത്തെ തന്നെ സംശയിക്കുന്നു .ഏതു വസ്തുവും പ്രമേയവും വഞ്ചിക്കുമെന്ന് അവർ ചിന്തിക്കുന്നു;അല്ലെങ്കിൽ തങ്ങൾ ഒരു പ്രമേയമായി പരിഗണിക്കുമ്പോൾ തന്നെ അത് ശിഥിലമായി തുടങ്ങുന്നു. യാഥാർത്ഥ്യം തന്നെ മായികമായി തീരുന്നു. അത് അവിശ്വസനീയമാണ്. അതുകൊണ്ട് അതിൻ്റെ പിടിതരാത്ത സ്വഭാവത്തെയാണ് കവി എന്ന നിലയിൽ ഒരാൾ പിന്തുടരുന്നത്.

അതുകൊണ്ട് അയ്യപ്പൻ്റെ 'ചുവന്ന വട്ടം' എന്ന കവിത വായിക്കുന്നതിന് മുൻപ് അത് ഒരു കുട്ടി പറത്തിയ പട്ടമാണെന്നോ ,അതിനു ചുവന്ന നിറമാണെന്നോ അനുമാനിക്കരുത്. ആ പട്ടത്തിനു പിന്നാലെ പോയതിന് കുട്ടിയുടെ അമ്മ ശാസിച്ചതോ പട്ടം  ഇനി പറത്തി വിടരുതെന്ന് ആജ്ഞാപിച്ചതോ പ്രതീക്ഷിക്കരുത്. 
ഇങ്ങനെയുള്ള പ്രതീക്ഷകളെയും അനുമാനങ്ങളെയും നിരാകരിക്കുന്നതു കൊണ്ടാണ് ഈ കവിതയ്ക്ക് നവീന മനുഷ്യൻ്റെ അനുഭവസങ്കീർണതകൾക്കിടയിലേക്ക് കയറി പേടിസ്വപ്നം പോലെ ഒരു  ഇടപെടൽ നടത്താനാകുന്നത്. ചുവന്ന പട്ടം എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:

''ഇന്ന് സന്ധ്യയ്ക്ക്
നൂല് പൊട്ടിയ ഒരു ചുവന്ന പട്ടം
നിൻ്റെ മുന്നിൽ പറന്നുവീണു .
വൈദ്യുതിയേറ്റു വീണ 
കാക്കയുടെ ചാക്കാലയ്ക്ക് 
ഗ്രാമത്തിലെ എല്ലാ കാക്കുകളുമെത്തിയിരുന്നു 
പുലർച്ചെ കേട്ടത് ഇവരുടെ കൂട്ടക്കരച്ചിലായിരുന്നു.
കൂട്ടിലെ പക്ഷിയുടെ നേത്രം
രണ്ടായി പിളരുന്നു. 
ഒറ്റക്കണ്ണുകൊണ്ട് 
എന്റെ സ്വാതന്ത്ര്യത്തെ തുറിച്ച് 
നോക്കുന്നു
ത്രിവർണ്ണക്കൊടി മുഷിഞ്ഞപ്പോൾ
വെളുത്തേടനു കൊടുത്തിരുന്നു.
ഇന്നത് തിരിച്ചു വന്നപ്പോൾ 
വെളുത്തൊരു മുണ്ട് .
പക്ഷിക്കെതിരെ ഞാൻ 
വെള്ളക്കൊടി കാട്ടി 
അപ്പോൾ ഒളിപ്പോരാളിയുടെ
കാലൊച്ചകളിൽ 
ഒലീവിലകൾ ."

വായനക്കാരൻ ഭ്രമിക്കേണ്ട .ഇത് അയ്യപ്പൻ എന്ന കവി മനസ്സിൽ കൊണ്ടു നടന്ന വിഭ്രാമകമായ ഒരു കുട്ടിക്കാലം തന്നെയാണ്. വ്രണിതമായി  തിരിച്ചറിയപ്പെട്ട കുട്ടിക്കാലം അജ്ഞാതമായ ഒരു വൻകര പോലെയാണ്. അവിടെയെത്താൻ ഇപ്പോൾ ഒരു വഴിയുമില്ല .പട്ടം പറന്നുവീണ കാര്യം സൂചിപ്പിച്ച കവി പിന്നീട് എഴുതുന്നത് കാക്കകളെക്കുറിച്ചും കൂട്ടിലെ പക്ഷിയെക്കുറിച്ചും ഒലീവിലകളെക്കുറിച്ചുമാണ്. തുടർച്ച നഷ്ടപ്പെട്ടത് ബാഹ്യമായാണെങ്കിലും ,  ഒരു കൊളാഷിനെ ഓർമ്മിപ്പിച്ചുകൊണ്ട് പല കാലങ്ങളെയും പല യാഥാർത്ഥ്യങ്ങളെയും ചേർത്ത് വയ്ക്കാൻ നോക്കുന്നത് കാണാം .കവി സമീപിക്കുന്ന വിഷയം അദ്ദേഹത്തെ കബളിപ്പിച്ചുകൊണ്ട് അങ്ങേയറ്റം കുഴഞ്ഞുമറിയുകയും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളായി പിരിയുകയുമാണ്. 

പലതരം കവികൾ 

ഒരു കവിതയിൽ തന്നെ പല കവികൾ, പല കർത്താക്കൾ പ്രത്യക്ഷമാകുകയാണ് .കവിതയുടെ ഏക കേന്ദ്രീകൃതമായ അസ്തിത്വം ഇന്നു ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പല കേന്ദ്രങ്ങൾ ഉണ്ടാവുകയാണ്. ഒക്ടാവിയോ പാസ് പറഞ്ഞത് ഇതാണ്:A simultaneous plurality of time and presence .ഒരു മൂർത്തമായ ,യുക്തിപൂർണമായ അനുഭവമല്ല കവിത .അത് നാം സ്വയം  ചോദിക്കുന്നതുപോലെ ഓരോ ആത്മാന്വേഷണമാണ്. അത് ചിലപ്പോൾ അസംബന്ധങ്ങൾ കൊണ്ട് യുക്തിയുണ്ടാക്കാൻ പരിശ്രമിക്കുന്നു.അല്ലെങ്കിൽ മതിഭ്രമങ്ങളിലൂടെ ഒഴുകിയൊഴുകി ഒരു കരയിലെത്താമോ എന്നാലോചിക്കുന്നു. ജീവിതം ഒരു മൂർത്തവസ്തുവല്ല; അത് വ്യക്തിപരമായ ഒരു നിർമ്മിതിയുമല്ല. അത് സമസ്യയാണ് .ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അതിനെ സജീവമാക്കി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.

'വാക്കും പ്രയോഗം' എന്ന കവിതയിൽ പല കവികൾ ഒരുമിച്ചു വന്ന് സമ്മേളിക്കുന്നത് കാണാം.

"ഈ കഠാരം
കൊലയ്ക്ക് കൊണ്ടുപോകേണ്ട 
ഒരു കോമ്പൻ പല്ല് 
ഇപ്പോൾ എന്ത് പ്രകാശം 
ഇരുട്ടിൽ ചിരിക്കില്ല
ചുവക്കും. 
അവൻ വെളിച്ചത്തോട് 
നീതി പുലർത്തിയില്ല 
ഭൂതം ചുരത്തിലോടിച്ചവനു
ഭാവിയുടെ കയം അഭയം നൽകി
ജലപ്പിശാച് 
വർത്തമാനത്തിന്റെ 
കെട്ടുപോയ വഴിവിളക്കിൻ്റെ ചുവട്ടിൽ
പ്രത്യക്ഷനാക്കുന്നു ."

ഭ്രഷ്ടരാക്കപ്പെട്ടവരുടെ മനസുകളിൽ രൂപപ്പെട്ട ദു:സ്വപ്നങ്ങൾ ഇങ്ങനെയൊക്കെയാണ്.ഈ കവിതയിൽ പല കവികളാണ് സംസാരിക്കുന്നത്. വേറെ വേറെ ജീവചരിത്രമുള്ളവരെ പോലെ ആ കവികൾ സംസാരിക്കുന്നു. അവരെയെല്ലാം തന്നിൽ ജീവിപ്പിക്കുക എന്ന വലിയ ഭാരമാണ് ഇവിടെ കവി ഏറ്റെടുക്കുന്നത്. എങ്ങനെയാണ് വ്യത്യസ്ത മാനങ്ങളുള്ള അപരകവികൾ ഒരാളിൽ തന്നെ കൂടുകൂട്ടി സ്വരവ്യതിയാനങ്ങൾ തീർക്കുന്നത് .അത് ഈ കാലത്തിൻ്റെ  പ്രത്യേകതയാണ്. യാതൊരു വ്യക്തിക്കും ഒരു നിശ്ചിതമായ ഐഡന്റിറ്റിയിൽ ജീവിക്കാനാവില്ല. പുറംലോകത്തിന്റെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഓരോ വ്യക്തിയേയും മാറ്റുന്നു. അയാൾ എങ്ങനെ പുറമേനിന്നു വരുന്ന ആവേഗങ്ങളെ മെരുക്കാമെന്നാണ് ചിന്തിക്കുന്നത്. അതിൻ്റെ തള്ളലിൽ അയാൾ വീണു പോകുകയേയുള്ളൂ. തൻ്റെ യുക്തി കൈമോശം വന്നുവെന്ന തിരിച്ചറിവ് അയാളെ കോപാകുലനും   സംശയാലുവുമാക്കുന്നു. കവിയിൽ ഇത് നേരത്തെ സംഭവിക്കുന്നത്, കാലത്തിന്റെ സൂക്ഷ്മ ചലനങ്ങൾ അയാൾക്ക് നേരത്തെ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ് .

'നദി കരയുന്നതെന്തിനു?' എന്ന കവിതയിലും ഇതുപോലെ പല കവികൾ കടന്നുവരുന്നു.

"അഞ്ചുവയസ്സുകാരൻ 
വള്ളമുണ്ടാക്കി 
നദിയിലൊഴുക്കി"
എന്ന ആദ്യ ഖണ്ഡത്തിനു ശേഷം വരുന്ന ചില ഖണ്ഡങ്ങൾ ഇവിടെ കുറിക്കുകയാണ് .

"പ്രത്യയശാസ്ത്രങ്ങളെയും പ്രതീക്ഷകളെയും തകർത്ത
കൊടിയുമായ് 
നദിയൊഴുകി. "

"ഒഴുകിത്തുടങ്ങിയതു മുതൽ 
ഒടുവിലെത്തിച്ചേരും വരെ 
ഓരോ ദുരന്തങ്ങളുമാർത്തോർത്ത് 
നദി കരയുന്നു
കരഞ്ഞുകൊണ്ടേയൊഴുകുന്നു."

നദി എന്ന പ്രമേയത്തെക്കുറിച്ച് ആലോചിച്ച് പല രീതിയിൽ ദുഃഖിതരായ കവികളെ ഇവിടെ കാണാം .അവർക്ക് നദികളെക്കുറിച്ച് ഓർക്കാൻ പല കാരണങ്ങളുണ്ട്. അവർ നദികളെക്കുറിച്ചുള്ള വിഷാദാർദ്രമായ സ്മൃതികൾ  തങ്ങളാലാവും വിധം ഇവിടെ പങ്കുവയ്ക്കുന്നു. എല്ലായിടത്തു നിന്നും ആട്ടിയോടിക്കപ്പെട്ടവരുടെ അവസാനിക്കാത്ത പലായനം നിസ്സഹായമായി ആ നദി നോക്കി കാണുകയായിരുന്നു. ആ കർത്തൃത്വങ്ങളെല്ലാം അയ്യപ്പനിൽ പല കാലങ്ങളിലായി രൂപം പ്രാപിച്ചതുമാണ്. 

ശ്രദ്ധയുടെ വിച്ഛേദം

സ്വസ്ഥമായ ഒരു ചിന്തനം അസാധ്യമാകും വിധം വാർത്തകളും സംഭവങ്ങളും ദുരന്തങ്ങളും  വരികയാണല്ലോ. മനുഷ്യൻ ഒരു ആഗോള ജീവിയായെങ്കിലും അവൻ്റെ സ്വകാര്യ ഇടം തീരെ ചുരുങ്ങിയിരിക്കുന്നു .അവനു സ്വയം  ബോധ്യപ്പെടാനാവാത്ത വിധം ലൗകിക പുകമറ രൂപപ്പെട്ടിരിക്കുന്നു.അതുകൊണ്ട് അവൻ്റെ കവിത തന്നെ നഷ്ടപ്പെടുന്നു. എന്തുതന്നെയാണെങ്കിലും ഒന്നേ കവിക്ക് നോക്കാനുള്ളു; പോൾ വലേറി പറഞ്ഞതുപോലെ ഒന്നിനെ കാണണമെങ്കിൽ അതിൻ്റെ പേര് മറന്നേക്കണം. അതിനുള്ളിലെ ലോകവുമായാണ് കവി സംവദിക്കുന്നത്.

'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
"സമയം തെറ്റിയ വണ്ടിയിലാണ്
ഞാനും സഞ്ചരിച്ചത് 
എനിക്കെല്ലാം നഷ്ടപ്പെട്ടു."

ഈ കവിതയിൽ തന്നെ മറ്റൊരിടത്ത് , ഇതെല്ലാം മറന്ന് കവി ഇങ്ങനെ വിവരിക്കുന്നു:
"നിലാവിനെ തിന്നുതീർത്ത പക്ഷി 
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
കശാപ്പുകാരന്റെ അശരീരി ."

അയ്യപ്പൻ എങ്ങനെ ജീവിച്ചാലും അതിനേക്കാൾ വലിയ യാഥാർത്ഥ്യമാണ് ആ കവിതകൾ .ഡെറക് വാൽക്കോട്ട് എഴുതി: "Ted Hughes is dead .That's a fact ,OK .Then there's something called the poetry of Ted Hughes.The poetry of Ted Hughes is more real ,very soon ,than the myth that Ted Hughes existed - because that can't be proven ." ഒരു കവിതയുടെ ആകെ ശരീരം തന്നെ പലരുടെ ജീവിതങ്ങൾ കൊണ്ട് നിറയുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ,ഒരു കവി തന്നെ പല ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതത്തിൻ്റെ ഗതിഭ്രംശങ്ങളും മറവികളും ഭ്രാന്തൻ ഓട്ടങ്ങളും കവിതയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു. മനുഷ്യനെ പോലെ കവിതയ്ക്കും മറവിരോഗം ബാധിക്കുന്നു. നിലം പതിഞ്ഞവരുടെ ഉള്ളിൽ അമർത്തി വച്ച സ്വപ്നവും പ്രതിഷേധവും പോരാട്ടവുമാണ് അയ്യപ്പൻ ഏറ്റെടുത്തത്.  ഇതാണ് എ.അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾ.