ഗുരുവിൻ്റെ
ദൈവസങ്കല്പം മനസ്സിലാക്കിയാലേ 'കുണ്ഡലിനിപ്പാട്ടി'ലെ പ്രാർത്ഥന
ഏതുദിശയിലേക്കാണെന്നു വ്യക്തമാവുകയുള്ളൂ. ഗുരുവിൻ്റെ ദൈവം ഒരു
പ്രത്യക്ഷമൂർത്തിയല്ല,ഒരു നാമധാരിയല്ല, വിഗ്രഹമല്ല.അത് സൗന്ദര്യാത്മകമാണ്.
സൗന്ദര്യാത്മകമായത് എന്നാൽ വൈകാരികവും മാനസികവുമായ അഭിരുചികളെ,
ഐന്ദ്രിയാനുഭവങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്നാണ് അർത്ഥം. ഒരു പൂവ് കണ്ടു
നാം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യാത്മകമാണ് .അതിൻ്റെയർത്ഥം അത്
എല്ലാവർക്കും സന്തോഷം നൽകും എന്നല്ല. അതിൽ സന്തോഷിക്കാനുള്ളത് കൃത്യമായി
നിക്ഷേപിച്ചിരിക്കുന്നു എന്നർത്ഥമില്ല .നാം അതു കാണുന്നതുകൊണ്ട്
സന്തോഷമുണ്ട്. അത് കാണാത്തിടത്തോളം സന്തോഷമില്ല .കാണുന്നതുകൊണ്ട്
സന്തോഷമുണ്ടാകുന്നത് നമ്മുടെ അവസ്ഥയാണ്. നമുക്ക് മാത്രമുള്ള അവസ്ഥയാണ്. നാം
കാണേണ്ടതുപോലെ കാണുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത് .ആ സിദ്ധി കടം
കൊള്ളുന്നതല്ല .അറിവിനും മാനസികാവസ്ഥയ്ക്കും
അനുസരിച്ചുണ്ടാകുന്നതാണ്.ഇതാകട്ടെ എല്ലാകാലത്തും ഒരുപോലെയല്ല. പതിനാറു
വയസ്സിൽ നാം എന്തിനെയാണോ ഇഷ്ടപ്പെട്ടത് അത് അമ്പതാം വയസ്സിൽ അങ്ങനെ തന്നെ
തുടരണമെന്നില്ല. നമ്മുടെ ബോധനിലവാരം അനുസരിച്ച് മാറുകയാണ്. ബോധനിലവാരം
മാറാൻ വിധിക്കപ്പെട്ടവരാണ് നാം. നമുക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്.
ഭാവിയിൽ എന്തു സംഭവിക്കുമെന്നു അറിയില്ല. നമ്മെക്കുറിച്ച് നമുക്ക് വലിയ വിവരമില്ല .അതുകൊണ്ടാണ് ഗുരു
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ"
ദൈവം ഭാവിയാണ്
ഇതിൽ
'നീ ഭാവിയാണ്' എന്ന സന്ദേശം വ്യക്തമായി നൽകിയിരിക്കുന്നു. ദൈവം ഭാവിയാണ്.
ഭാവിയിൽ എന്താണുള്ളതെന്നു നമുക്ക് അറിയില്ലല്ലോ. അത് ഇരുളടഞ്ഞ ലോകമാണ്.
നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അവിടേക്ക് പ്രവേശനമില്ല.ഇന്ദ്രിയങ്ങൾക്ക്
പ്രവേശനമില്ലാത്ത ഇടങ്ങൾ ഈ ഭൂമിയിലുണ്ട് .അവിടെ കയറാൻ ശാസ്ത്രം
വളർന്നിട്ടില്ല. അത് അപ്രകാശിതമായ ഇടമാണ്. അത് നമ്മുടെ മേഖലയല്ല .അത്
ദൈവത്തിൻ്റേതാണെന്നു പറയാം. ദൈവം എന്നാൽ ഒരു പേരിട്ടു വിളിക്കണമെന്നില്ല.
വിളിച്ചാലും കുഴപ്പമില്ല .അത് അപ്രകാശിതമായ ഒരു ലോകമാണ് .ആ ഭാഗം
ദൈവത്തിൻ്റേതാണ്. എന്നു പറഞ്ഞാൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തത്
എന്നാണർത്ഥം. ആ ഭാഗത്തെ നമുക്ക് എങ്ങനെ ഗുണകരമാക്കാമെന്നു ചിന്തിക്കുന്നത്
നല്ലതാണ് .
ഈ ദൈവവുമായുള്ള നമ്മുടെ ബന്ധം
പ്രതിപ്രവർത്തനം പോലെയാണ് .നാം എങ്ങനെ ചിന്തിക്കുന്നുവോ അതിനനുസരിച്ചാണ്
നമ്മുടെ ദൈവം രൂപപ്പെടുന്നത്. നാം ചോര പുരണ്ട കൈകൾ കൊണ്ട് പ്രാർത്ഥിച്ചാൽ
ദൈവം അതിനു ചേരുന്ന വിധത്തിൽ പ്രവർത്തിക്കും .പ്രാർത്ഥന ഏതു പ്രകാരമാണോ
അപ്രകാരമായിരിക്കും പ്രതികരണം. നാം ക്രൂരതയും പാപവുമാണ് പ്രാർത്ഥിക്കുമ്പോൾ
മനസിൽ സൂക്ഷിക്കുന്നതെങ്കിൽ നമ്മുടെ ദൈവത്തിനു അത് ഇഷ്ടപ്പെടാനേ കഴിയൂ.
കാരണം ,നാം അതാണ് ദൈവത്തിനു കൊടുക്കുന്നത്. നമ്മുടെ ദൈവം ചീത്തയായിപ്പോകും.
എന്നാൽ നാം വളരെ വിശുദ്ധവും നന്മയുള്ളതും സ്നേഹമുള്ളതും പരോപകാരപ്രദവുമായ
കാര്യങ്ങൾ ആലോചിക്കുകയാണെങ്കിൽ നമ്മുടെ ദൈവം അതിനോട് പ്രതികരിക്കും.ഇത്
സൗന്ദര്യാത്മക ദൈവം എന്ന ആശയത്തെ വിശദീകരിക്കും. നമുക്ക് ആന്തരികമായ
അഭിവൃദ്ധിയും പ്രതീക്ഷയുമുണ്ടെങ്കിൽ നമ്മുടെ ദൈവത്തിനു അതിന്റെ ഭാഗത്തേക്ക്
വരാനാവും.
ഗുരുവിൻ്റെ ഈ സൗന്ദര്യാത്മക ദൈവത്തെ
അറിയണമെങ്കിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. നമ്മുടെ ചിന്തയിൽ മാലിന്യം
കടന്നു വരാതെ ശ്രദ്ധിക്കണം. അപ്പോൾ ശുദ്ധമായ ദൈവം ഉണ്ടാകുന്നതാണ്. ഈ
ദൈവത്തോടു പ്രാർത്ഥിക്കുകയും ദൈവത്തെ അനുഭവിക്കുകയുമാണ് ചെയ്യുന്നത്
.നമ്മിൽ നിന്നു വേർപെട്ട ഒരു ദൈവമല്ല അത്. നമ്മിൽ തന്നെയുള്ള ,സദ്ചിന്തകൾ
കൊണ്ട് ആകർഷിക്കുന്ന ദൈവമാണത്. ഇതാണ് സൗന്ദര്യാത്മകദൈവം.
നല്ലൊരു ദൈവത്തെ കിട്ടാൻ
"പുള്ളിപ്പുലിത്തോൽപുതയ്ക്കും പൂമേനിയെ-
ന്നുള്ളിൽക്കളിക്കുമെന്നാടു പാമ്പേ "
എന്നു ഗുരു എഴുതുന്നു.
കാരണം
,ഈ പ്രാർത്ഥന നമ്മുടെ മനസിലെ തിന്മയെ മാറ്റാൻ ആഹ്വാനം ചെയ്യുകയാണ്.
ആസ്ട്രേലിയൻ തത്ത്വചിന്തകനായ ജെൽ മാക്കി(J.L. Mackie,1917-1981)Evil and
Omnipotence എന്ന ലേഖനത്തിൽ പറഞ്ഞു: "ദൈവം യുക്തിപരമായ ആവശ്യങ്ങളാൽ
ബന്ധിതമാണ്. എന്നാൽ പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു,
അപൂർണ്ണതയുടെ ദാർശനികമായ തിന്മ എന്ന നിലയിൽ .ദൈവം, അതുകൊണ്ട്
,സർവ്വശക്തനല്ല. എന്തെന്നാൽ യുക്തികൊണ്ട് അസാധ്യമായ കാര്യങ്ങൾ ദൈവത്തിനു
ചെയ്യാനാകില്ല .ദൈവം സ്വയം സൃഷ്ടിച്ച കാര്യകാരണ നിയമങ്ങൾക്കകത്താണുള്ളത്.
പ്രകൃതിദുരന്തങ്ങളെ സമയത്തിനു പിറകോട്ടു ചെന്നു നിർത്തലാക്കാനും
സാധിക്കുന്നില്ല. ദൈവം ചിലത് സൃഷ്ടിച്ചിരിക്കുന്നു. അത് ദൈവത്തിനു
നിയന്ത്രിക്കാനാവാത്തതാണ്. അതുകൊണ്ട് ദൈവം സർവശക്തനല്ല." ഇത്
ചൂണ്ടിക്കാണിക്കുന്നത് ദൈവം നമ്മുടെ ചിന്തയിൽ
അപൂർണ്ണമായിരിക്കുന്നതിനെയാണ്. ദൈവമാണ് പ്രകൃതിദുരന്തങ്ങൾ
ഉണ്ടാക്കുന്നതെന്നു പറയാറുണ്ട്. നാം ദൈവത്തെ നമ്മുടെ യുക്തിയിൽ
തളച്ചിട്ടിരിക്കുന്നു. ഈ യുക്തിക്കു പുറത്ത് ,നമ്മുടെ സരളവും നിർമ്മലവുമായ
ഒരു തലത്തിലാണ് ദൈവത്തെ ഉൾക്കൊള്ളേണ്ടതെന്നാണ് ഗുരു പറയുന്നത് .നല്ലൊരു
ദൈവത്തെ കിട്ടാൻ വേണ്ടി നാം കഠിനാദ്ധ്വാനം ചെയ്യണം .ഇതാണ് സൗന്ദര്യാത്മക
ദൈവത്തിൻ്റെ കാതൽ.
"പേയും പിണവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ "
പിശാചും
പ്രേതവുമുള്ള ചുടുകാട്ടിൽ ശിവൻ അലയുന്നു. അതറിഞ്ഞുവേണം ആടാനെന്നു ഗുരു
പ്രാർത്ഥിക്കുന്നു. സർവ്വതും നശിക്കുന്ന ലോകമാണിത്. ആ ലോകത്ത് എങ്ങനെ
സ്വന്തം ദൈവത്തെ കണ്ടെത്തി ,ജീവിതത്തെ പൊരുളിനു അഭിമുഖമാക്കാമെന്നാണ്
ആലോചിക്കേണ്ടത്. നശിപ്പിക്കാനും പാഴ് വാക്കുകൾ പറയാനും നമുക്ക് നേരമില്ല
.നാം വളരെ പരിമിതമായ ഒരു ജീവിതമുള്ളവരാണ്. ആ സമയം സത്യത്തെ അറിയാനായി
സ്വന്തം മനസ്സിലേക്ക് നോക്കുക. പ്രേതവും പിശാചും നമ്മുടെയുള്ളിലാണ് .നാം
എത്രയോ വലിയ അന്ധവിശ്വാസികളാണ്!. ഗുരുവിൻ്റെ ഉദ്ബോധനങ്ങൾ വന്നിട്ട്
പതിറ്റാണ്ടുകൾ എത്ര കഴിഞ്ഞു. ഇപ്പോഴും നാം കൂടോത്രത്തിലും ഇരുണ്ട പൂജകളിലും
വിശ്വസിക്കുന്നു. മനുഷ്യൻ ഈ കറുത്ത ചിന്തകളുടെ ഇരയായി തുടരുകയാണ്
.പ്രേതവും പിശാചും നാം സൃഷ്ടിക്കുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാനാണ്
.നമുക്ക് നമ്മിൽ നിന്നു നേരിട്ടു സുഖമുണ്ടാക്കാൻ കഴിയില്ലെന്നിരിക്കെ
പ്രേതത്തെയും പിശാചിനെയും മറ്റുള്ളവരെ നശിപ്പിക്കാൻ വിടുകയാണ്. നാം നമ്മുടെ
തന്നെ നരകം നിർമ്മിക്കുന്നത് ഇങ്ങനെയാണ് .
മനുഷ്യനിലെ പിശാചും പ്രേതവും കത്തിയമരുന്ന ചുടുകാട്
ഒരു
തുടക്കത്തിനു അതിൻ്റെ തുടർ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നാം
മറ്റുള്ളവരെ ഉപദ്രവിക്കാൻ പിശാചിനെ കണ്ടെത്തുമ്പോൾ നമുക്ക് അതിനെക്കുറിച്ച്
ചിന്തിച്ചുകൊണ്ടിരിക്കേണ്ടി വരും. മനസ്സിൽ മറ്റൊന്നിനും ഇടമില്ലാത്ത വിധം
കറുത്ത ചിന്തകൾ കടന്നു വരുകയാണ്! ഇത് നമ്മുടെ ബോധത്തിന്റെ താളം തെറ്റിക്കും
.ആരെയും സ്നേഹിക്കാനോ സഹായിക്കാനോ കഴിയാതെ വരും. ഇതൊരു ദുരന്തമാണ്.
നമ്മുടെ തന്നെ നാശമാണത്. അവിടെ വിശുദ്ധമായ ദൈവത്തിനു എങ്ങനെയാണ്
പ്രത്യക്ഷപ്പെടാനാവുന്നത്.?ദൈവത്തിനു വിശുദ്ധ ഭാവമേ ഉണ്ടാകാൻ പാടുള്ളൂ.
അല്ലാത്തതെല്ലാം നമ്മുടെ തന്നെ അപകടകരമായ ഭാവനയുടെ സൃഷ്ടിയാണ് .ദൈവം
ചിന്തയുടെ സന്താനമാണെന്നു ഗുരു 'സുബ്രഹ്മണ്യകീർത്തന'ത്തിൽ
പറഞ്ഞിട്ടുണ്ടല്ലോ.
"ചന്തച്ചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരനകറ്റിച്ചിന്താസന്താനമേ
" എന്നു ഗുരു എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ ചിന്തകൾ കൊണ്ടാണ്
ദുരിതം മാറേണ്ടത് .അതിനു പിശാചും പ്രേതവും നമ്മുടെയുള്ളിൽ തന്നെ
കത്തിയമരണം. അതാണ് ശിവൻ്റെ ചുടുകാട് .അത് വെറും ശ്മശാനമല്ല. അത് ശവങ്ങൾ
എരിഞ്ഞുണ്ടായതാണെന്നു പറയുമ്പോഴും അവിടെ എരിഞ്ഞത് നമ്മുടെ മനസിലെ അന്ധതയുടെ
കാടാണ്.
ചിന്തയിൽ നിന്നു പിറന്ന അസുഖകരവും
അപകടകരവുമായ ആലോചനകൾക്ക് അന്ത്യം സംഭവിക്കേണ്ടതുണ്ട് .നമ്മുടെ തന്നെ
അനാവശ്യമായ ആഗ്രഹങ്ങളുടെയും ആർത്തികളുടെയും തിന്മകളുടെയും
ചാരമാണവിടെയുള്ളത് .അതാണ് ചുടുകാട്. അവിടെ നമ്മൾ കൂടുതൽ മിഴിവോടെ
,ശുദ്ധിയോടെ ജീവിതത്തിൻ്റെ അർത്ഥത്തെ അന്വേഷിച്ചു തുടങ്ങും. ഒരർത്ഥം
കണ്ടെത്താനാണ് പലരും ജീവിക്കുന്നത്. മരണം ഉള്ളതുകൊണ്ടാണ്
അർത്ഥമുണ്ടാകുന്നത്. ഒരിടത്ത് അവസാനിക്കുന്നു എന്ന ചിന്ത ഒരു
വീണ്ടുവിചാരവും സമയത്തിന്റെ ഉചിതമായി വിനിയോഗവും പ്രതികരണക്ഷമതയും
ആവശ്യപ്പെടുന്നു. അന്ത്യം ഉള്ളതുകൊണ്ട് അന്ത്യത്തിനു മുമ്പുള്ള ജീവിതം
അർത്ഥപൂർണമാക്കാൻ ശ്രമിക്കണം. അവസാനമുള്ളതുകൊണ്ട് അതിനു മുമ്പുള്ള
പ്രവർത്തനം അർത്ഥരഹിതമാവുകയില്ല. ഒരു വാഹനം വാങ്ങിയാൽ അതിൻ്റെ ഉപയോഗത്തിനു
ഒരു കാലാവധിയുണ്ട്. എത്ര കിലോമീറ്റർ ഓടാൻ കഴിയുമെന്നു ഓരോ കാറിന്റെ മേലും
വിധിയുണ്ട്. അത് കഴിഞ്ഞാൽ ആ കാർ പൊളിച്ച് വിൽക്കുന്നു , അല്ലെങ്കിൽ
പുനരുപയോഗത്തിനായി രൂപമാറ്റം വരുത്തുന്നു .കാർ ഒരുകാലത്ത് ഇങ്ങനെ
ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടി വരുമെന്നും അതിന്റെ അന്ത്യം
സുനിശ്ചിതമാണെന്നും അറിയാവുന്നതുകൊണ്ട് ആരെങ്കിലും കാറിൽ സവാരി
ചെയ്യാതിരിക്കുമോ?. കാറിനു അനശ്വരതയില്ല. അതുകൊണ്ട് കാറിലെ യാത്ര
അർത്ഥരഹിതമാണെന്നു പറയാനൊക്കില്ല. നമ്മൾ ആവേശത്തോടെ കാറിൽ യാത്ര
ചെയ്യുന്നു.
ഇനി കാറിൻ്റെ കാര്യമെടുക്കാം.
നശ്വരമാണ് തൻ്റെ ജീവിതമെന്നു കാർ അറിയുകയാണെന്നു വിചാരിക്കുക.കാർ സവാരി
പോകേണ്ടെന്നു തീരുമാനിക്കുകയില്ല. എന്തെന്നാൽ കാർ ഓടാൻ വേണ്ടി
സൃഷ്ടിച്ചതാണ്. അത് ഓടാതിരുന്നാൽ വേഗം നശിക്കുമെന്നല്ലാതെ വേറൊന്നും
സംഭവിക്കുന്നില്ല .കുറെനാൾ ഓടുകയാണെങ്കിൽ 'ജീവനുള്ള' ആ കാറിനു ഐന്ദ്രിയമായ
സുഖം കിട്ടും. ഹ്രസ്വമായ ഈ ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവം ചെയ്യാതെ
ഐന്ദ്രിയസുഖം കിട്ടിയാൽ അത് നല്ലതാണ്. ഇതുതന്നെയാണ് മനുഷ്യനിലും
സംഭവിക്കുന്നത്. മനുഷ്യനു കിട്ടുന്ന ഐന്ദ്രിയസുഖത്തെ അപരൻ്റെ
ക്ഷേമത്തിനായി വഴിതിരിച്ചുവിടണമെന്നാണ് ഗുരു ഉപദേശിക്കുന്നത്
.മറ്റുള്ളവർക്ക് ക്ഷേമം ഉണ്ടാകുമ്പോൾ നമുക്കും അതിൽ പങ്കുണ്ടാകുകയാണ് .അത്
സന്തോഷമാണ് ,കലർപ്പില്ലാത്ത സന്തോഷം .
അവിടെ
ചുടലക്കാടിനെ അതിജീവിച്ചവരായി നാം മാറുന്നു. നമ്മുടെ ഇരുണ്ട മനോനില
അസ്തമിച്ചു കഴിഞ്ഞശേഷമാണല്ലോ നാം അന്യരുടെ സുഖത്തെക്കുറിച്ച് ഓർക്കുന്നത്
.ഒരു കാർ അന്യർക്ക് സുഖം പകരുന്നു. അതിനു ജീവനുണ്ടെങ്കിൽ അത് അങ്ങനെയാവും
ചിന്തിക്കുക. അതുപോലെ ജീവിതത്തിനു ഒരന്ത്യമുള്ളതുകൊണ്ട് നാം മറ്റുള്ളവർക്ക്
സുഖം നൽകി അർത്ഥമുണ്ടാക്കുന്നു. തൊഴിലുകൾ മറ്റുള്ളവർക്കാണ്
ഉപകരിക്കുന്നത്. ഒരു ആശാരി കട്ടിൽ പണിയുന്നത് അയാൾക്ക് കിടക്കാൻ
വേണ്ടിയല്ല; അയാൾക്ക് നാം പകരമായ് കൊടുക്കുന്നതു പണമാണ്. നമുക്ക് ആനന്ദം
ലഭിക്കുന്നു. ആശാരി നമുക്ക് ആനന്ദം തന്നു .ആശാരി തന്റെ സുഖത്തിനുവേണ്ടി
ചെയ്യുന്നത് മറ്റുള്ളവർക്ക് സുഖമായി മാറുന്നു. അതുപോലെ ഓരോരുത്തരും തൊഴിൽ
ചെയ്യണം. ചുടലക്കാട്ടിൽ അലയുന്ന ശിവൻ ഇരുണ്ടചിന്തകളെ ജയിച്ച
മഹാശയനാണെന്നോർക്കണം. അവിടത്തെ പ്രേതവും പിശാചും ശിവനെ ബാധിക്കുന്നില്ല.
ശിവൻ്റെ ചുടലക്കാട്ടിൽ അവയ്ക്ക് ഒന്നും ചെയ്യാനൊക്കില്ല .അതുപോലെ നമ്മുടെ
കത്തിത്തീർന്ന പകയുടെയും വിദ്വേഷത്തിന്റെയും ചുടലക്കാട്ടിൽ അതിൻ്റെയൊന്നും
അറിവില്ലാതെ, അതിനൊന്നും വില കൊടുക്കാതെ സ്വയം ശുദ്ധീകരിക്കണമെന്നാണ്
ഗുരുവിൻ്റെ പ്രാർത്ഥന.
No comments:
Post a Comment