Followers

Monday, July 21, 2025

നടൻ്റെ ,നടിയുടെ ശരീരത്തിൻ്റെ രഹസ്യം/അക്ഷരജാലകം /എം.കെ.ഹരികുമാർ (may 19)

 

അക്ഷരജാലകം
എം.കെ.ഹരികുമാർ 






സിനിമയിൽ ഒരു നടനു അല്ലെങ്കിൽ നടിക്ക് യഥാത്ഥജീവിതവും പ്രതീതിജീവിതവുമാണുള്ളത്.  അഭിനയിക്കുന്നത് ശരീരമാണ്. ശരീരത്തിനു പിറകിലാണ് മനസുള്ളത്. ശരീരത്തെ ആദ്യം കാണുന്നത് സംവിധായകനാണ്. സംവിധായകൻ കാണുന്ന ശരീരത്തെ അയാൾ നിർവ്വചിക്കുന്നു ;അത് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു.സംവിധായകൻ  ഒരു നടൻ്റെ ,നടിയുടെ ശരീരത്തിൽ കണ്ടെത്തിയ മറ്റൊരാളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ആ വ്യക്തി നടന്റേതല്ല, നടിയുടേതല്ല. അത് സംവിധായകൻ്റേതാണ്. നടൻ ആ വേഷം ചെയ്തു കഴിയുന്നതോടെ ഒഴിഞ്ഞ കക്ക പോലെയായിത്തീരുന്നു.  അയാൾക്ക് വേറൊരാളെ സ്വീകരിക്കാൻ സമയമായിട്ടുണ്ടാവും . ദീർഘകാലം പല വേഷങ്ങൾ ചെയ്തു ഒരു നടിക്കോ നടനോ യഥാർത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും ആ വേഷങ്ങളുമായി ബന്ധപ്പെടാനാവില്ല. വേഷങ്ങൾ പ്രതീതിയാണ്. വേഷങ്ങളെ കൂടെ കൊണ്ടുനടക്കാനാവില്ല .

സത്യൻ ഏറ്റവും നന്നായി അഭിനയിച്ച ചിത്രമാണല്ലോ 'അനുഭവങ്ങൾ പാളിച്ചകൾ.' അത് എത്രമാത്രം വ്യത്യസ്തമാകുന്നുവോ അതിനനുസരിച്ച് സത്യൻ എന്ന വ്യക്തിയിൽനിന്നു അകന്നിട്ടുണ്ടാവും. സത്യനു ജീവിതത്തിൽ ഒരിക്കലും 'അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പനാകാൻ കഴിയില്ല. അത് സത്യന്റെ അപരജീവിതം പോലുമല്ല;
മറിച്ച് പ്രതീതിജീവിതമാണ്. സത്യൻ തന്റെ സർഗാത്മകശക്തികൊണ്ട് മറ്റൊരാളെ ആ ശരീരത്തിലൂടെ പ്രത്യക്ഷവത്ക്കാൻ കഴിഞ്ഞതിന്റെ അടയാളമാണത്. സിനിമയിൽ ഒരു നടൻ്റെ ശരീരം അയാളുടേതല്ല .അത്  ആത്യന്തികമായി പ്രേക്ഷകരുടേതാണ്. പ്രേക്ഷകർ ആ ശരീരത്തിൽ ഭാവന ചെയ്യുന്നു. ശരീരം നടനിലൂടെ അന്യവത്ക്കപ്പെടുകയാണ് .ഒരു നടനു വ്യക്തി എന്ന നിലയിൽ അയാളുടെ ശരീരം അന്യമാണ്. നടൻ ദീർഘിച്ച കാലയളവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം മറ്റൊരു പ്ലാനറ്റു പോലെ അന്യമാണ്. അത് അയാളുടെ ശരീരം പോലുമായിരുന്നില്ല. അയാൾ സംവിധായകനു വേണ്ടി മറ്റൊന്നായി മാറുകയാണ് ചെയ്തത്. ഒരു നടനു അല്ലെങ്കിൽ നടിക്കു സിനിമയിൽ മുഴുവൻ സമയവും ശവമായി കിടന്നു 'അഭിനയിക്കാൻ' പറ്റും. ശവത്തിനു 'അഭിനയം' വേണ്ട;ശവമാണെന്നു തോന്നിപ്പിച്ചാൽ മതി. പ്രേക്ഷകൻ ആ നടനെ ശവമായി കാണുകയാണ്. ആ ശവം ആ നടനല്ല ,അയാളുടെ ശരീരമാണ് .ആ ശരീരം അയാളുടേതല്ല ,പ്രേക്ഷകരുടേതാണ്. പ്രേക്ഷകർക്ക് ഭാവന ചെയ്യാൻ ഒരു ശവം വേണം .ശവമായി അഭിനയിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല .അനങ്ങാതെ കിടന്നാൽ മതി .ഇങ്ങനെ ജീവിതത്തിൽ കിടക്കാനൊക്കില്ല. അതുകൊണ്ട് അയഥാർത്ഥമാണത്. അയഥാർത്ഥമായ ജീവിതമാണ് നടനുള്ളത്. വ്യക്തിജീവിതത്തിൽ  യഥാർത്ഥമായിരിക്കുന്നതുപോലെയല്ല  അഭിനയിക്കുന്ന ശവം എന്ന കഥാപാത്രം .ജീവിതത്തിൽ ഒരിക്കൽപോലും ഇങ്ങനെ ശവമായി മാറാൻ ജീവിക്കുന്ന വ്യക്തിക്ക് സാധ്യമല്ല, യഥാർത്ഥത്തിൽ മരിക്കുമ്പോൾ ഒഴികെ. 

രാജാ രവിവർമ്മ ,സിൽക്ക് സ്മിത 

സിനിമയിലെ നടനു അല്ലെങ്കിൽ നടിക്ക് മാത്രമാണ് ഇങ്ങനെ പ്രതീതിയാഥാർത്ഥ്യമുള്ളത്. സിൽക്ക് സ്മിത ഒരു കാമബിംബമായി സിനിമയിൽ ആഘോഷിക്കപ്പെടുകയാണ് ചെയ്തത്. സിനിമയിൽ ആ ശരീരം ഒരു പൊതുവായ ഉത്പന്നമാണ് .അത് പ്രേക്ഷകരുടെ സ്വപ്നവും ആവേശവുമായിരുന്നു .എന്നാൽ ആ സ്വപ്നവും ആവേശവും സിൽക്ക് സ്മിതയുടേതായിരുന്നില്ല. സ്മിതയുടെ ശരീരം സിനിമയ്ക്കു വേണ്ടി 'നിർമ്മിക്കപ്പെട്ട'താണ്. അതുകൊണ്ട് അതിൻ്റെ പേരിൽ സ്മിതയ്ക്ക് സങ്കോചപ്പെടേണ്ടതില്ല .സ്ക്രീനിൽ കാണിക്കുന്ന ശരീരം സ്മിതയുടെതാണെന്നു പറയാൻ സാധിക്കാത്ത വിധം അത് അന്യവത്ക്കപ്പെട്ടതാണ്. അത് പ്രീതീതിയാണ് .അത് വെള്ളിത്തിരയിൽ മാത്രമാണുള്ളത്. അത് ക്യാമറയുടെ കലയിൽ പുന:സൃഷ്ടിക്കപ്പെട്ടതാണ്. ആ ശരീരം ഒരു കലാവസ്തുവായി മാറുകയാണ്.

രവിവർമ്മയുടെ പെയിൻറിംഗുകളിലെ സ്ത്രീ ഒരു മോഡലാണ് എന്നറിയാം. എന്നാൽ ആ മോഡൽ ആരാണെന്നു മനസ്സിലാക്കിയല്ല പ്രേക്ഷകർ ചിത്രം കാണുന്നത്. അവനു അതിൻ്റെ ആവശ്യമില്ല .ആ മോഡൽ യഥാർത്ഥത്തിൽ എങ്ങനെയാണോ അതുപോലെയല്ല രവിവർമ്മ ചിത്രത്തിൽ ഉപയോഗിക്കുന്നത്. രവിവർമ്മ തൻ്റെ മോഡലിനെ കലയ്ക്കു വേണ്ടി വികാരങ്ങളുടെ അനുരണനങ്ങളുള്ള ഒരു ശരീരമാക്കി, ചേഷ്ടയാക്കി പരിവർത്തനം ചെയ്യുകയാണ്. ഇതിനു സമാനമായാണ് സിനിമയിലെ സ്ത്രീശരീരങ്ങൾ വർത്തിക്കുന്നത്. രവിവർമ്മയുടെ ചിത്രത്തിൽ സമൂർത്തമായ, അസാധാരണമായ, പ്രകടനവത്ക്കരിക്കപ്പെട്ട, വ്യാജമാക്കപ്പെട്ട ഒരു നിമിഷമാണ് കാലാവസ്തുവാകുന്നത്. ആ മോഡൽ യഥാർത്ഥജീവിതത്തിൽ അത്തരം ചേഷ്ടകൾ കാണിക്കുകയില്ല. രവിവർമ്മയാകട്ടെ ഒരു മോഡലിനെ കണ്ടെത്തുകയും അവളുടെ ചേഷ്ടകളെ ബുദ്ധിപരമായി രൂപാന്തരപ്പെടുത്തി ഒരു വാണിജ്യവിജയമാക്കുകയും ചെയ്യുന്നു. ഒരു പ്രതീതിനിമിഷം ജീവിതത്തിന്റെ മൂല്യവത്തായ പരിപ്രേക്ഷ്യമാവുകയും അർത്ഥവത്തായ കാഴ്ചയായിത്തീരുകയും ചെയ്യുന്നു. ഇതിനു സമാനമായി ഒരു നടി വെള്ളിത്തിരയിൽ ദീർഘനേരം ജീവിച്ച ഒരു കലാവസ്തുവായി രൂപാന്തരപ്പെടുന്നു. അവൾ യഥാർത്ഥത്തിൽ പെരുമാറുന്നതിൽ നിന്നു വിഭിന്നമാണ് ക്യാമറയ്ക്ക് മുന്നിൽ .അവൾ ഒരു  പ്രതീതിയായി സ്വയം മാറുകയാണ്. നടത്തവും നോട്ടവും കൈകാലുകളുടെ ചലനങ്ങളും ഇരിപ്പും വർത്തമാനവുമെല്ലാം പ്രേക്ഷകർക്ക് വേണ്ടിയാണെന്നു തീരുമാനിക്കപ്പെടുന്നു. ഒരു നടി സിനിമയ്ക്ക് വേണ്ടി മറ്റൊരു ശരീരഭാഷ അവലംബിക്കുകയാണ്.

അജ്ഞാതമായ ഒരു വ്യക്തിയുടെ ഏകദേശചലനങ്ങൾ, ശരീരഭാഷ അവൾ സങ്കൽപ്പിക്കുകയാണ്.അതോടെ ആ കഥാപാത്രം വേറൊരു മേഖലയിലാവുകയാണ്. അത് ജീവിതമല്ല ;ജീവിതത്തെക്കുറിച്ചുള്ള ഭാവനയാണ് .ഈ ഭാവനയാണ് പ്രേക്ഷകർ ആസ്വദിക്കുന്നത്. എന്നാൽ  എല്ലാ പ്രേക്ഷകരും ഒരുപോലെയല്ല ചിന്തിക്കുന്നത്. അവർ ഭാവനയിൽ, ചിലപ്പോൾ ഭ്രാന്തുള്ളവരായിരിക്കും. അല്ലെങ്കിൽ വിഷാദരോഗമുള്ളവരായിരിക്കും. ക്രൂരകൃത്യങ്ങളും ദാക്ഷിണ്യമില്ലാത്ത  മർദ്ദനങ്ങളും കാണാൻ താല്പര്യമുള്ളവരായിരിക്കും. സ്ക്രീനിൽ  കാണുന്നത്,ആൾക്കൂട്ടത്തിനിടയിലായാലും ഏകാന്തമാണ്. കാണിയുടെ ഭാവന മറ്റാരും അറിയുന്നില്ല.അവർ കലാവസ്തുവിനെ പ്രേമിക്കുകയോ കാമിക്കുകയോ വെറുക്കുകയോ ചെയ്തേക്കാം. അത് അവരുടെ പ്രലോഭനമോ, സ്വപ്നമോ ആയേക്കാം. അവർ നടൻ്റയും നടിയുടെയും ശരീരത്തിൽ തങ്ങൾ തിയേറ്ററിൽ കണ്ടത് ആസ്വദിച്ചുകൊണ്ടിരിക്കും .ഇതാണ് ഒരു നടന്റെ, നടിയുടെ ശരീരത്തിന്റെ മാജിക്ക്.

സത്യനും കെ.പി. അപ്പനും 

യഥാർത്ഥ നടൻ ഒരു വ്യക്തിയാണല്ലോ. അയാൾ ജീവിതത്തിൽ സിനിമയേക്കാൾ വലിയ സംഘട്ടനത്തിൽ ഏർപ്പെടുന്നയാളാണെങ്കിലോ? സിനിമാനടൻ സത്യൻ ഒരു പോലീസ് സബ് ഇൻസ്പെക്ടറായിരുന്നു. വഴിവക്കിൽ നിന്ന ഒരു തൊഴിലാളിയെ യൂണിഫോമിട്ട സത്യൻ അതിക്രൂരമായി മർദ്ദിക്കുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നു കെ.പി. അപ്പൻ എഴുതിയിട്ടുണ്ട്. ഈ കാഴ്ച അദ്ദേഹത്തിൻ്റെ മനസ്സിൽ നിന്നു മാഞ്ഞുപോയിരുന്നില്ല. അതുകൊണ്ട് സത്യൻ്റെ സിനിമകൾ കാണുമ്പോഴും  ഈ കാഴ്ച അദ്ദേഹത്തെ ചിതറിച്ചുകൊണ്ടിരുന്നു. പ്രേക്ഷകൻ്റെ വ്യത്യസ്ത മനോഭാവം  കാണിക്കാനാണ് ഇത് പറഞ്ഞത്. പ്രേക്ഷകൻ എല്ലായ്പ്പോഴും ഒരേപോലെ ചിന്തിക്കുകയോ പിന്താങ്ങുകയോ ചെയ്യുന്നില്ല .അവർ നടനെ വെല്ലുവിളിക്കുകയാണ് .നടൻ അഭിനയിച്ച വേഷങ്ങളേക്കാൾ  മികച്ചത് വേണമെന്നു അവർ മുറവിളികൂട്ടിക്കൊണ്ടിരിക്കും .അത് ഒരു കാല്പനികമായ പ്രവാസമാണ്. അവരുടെ പ്രതീക്ഷകൾക്കൊത്ത് ചലിക്കാൻ നടന്മാർ കഷ്ടപ്പെടണം. വ്യത്യസ്ത വേഷങ്ങളുണ്ടെങ്കിലേ നടനു തൻ്റെ ശരീരത്തെ പരീക്ഷണശാലയാക്കാൻ കഴിയൂ. ശരീരം ഒരു പരീക്ഷണശാലയാണ് .ഡിജിറ്റൽ സിനിമാട്ടോഗ്രാഫിയുടെ ഒരു അസംസ്കൃതവസ്തുവാണത്. പ്രേക്ഷകൻ്റെ പ്രിയപ്പെട്ട കലാവസ്തുവാകുന്നതിനു  വേണ്ടിയാണ് പ്രമുഖ നടന്മാരെല്ലാം പരിശ്രമിക്കുന്നത് .

തരുൺ മൂർത്തിയുടെ തുടരും, അമൽ നീരദിൻ്റെ ഭീഷ്മപർവ്വം എന്നീ സിനിമകളിൽ നടന്മാരെ ഏറ്റവും തീവ്രവികാരങ്ങളോടെ എങ്ങനെ പ്രിയപ്പെട്ട കലാശരീരങ്ങളാക്കാമെന്നാണ് ആലോചിച്ചിട്ടുള്ളത്.നടൻ ഒരു കഥാപാത്രമാകുമ്പോൾ അത് കലയ്ക്ക് വേണ്ടിയുള്ള ശരീരമാണ് .കലയാകുമ്പോൾ അതിൽ മാന്ത്രികലാവണ്യമുണ്ടാവും. അതിശയിപ്പിക്കുന്ന യാഥാർത്ഥ്യമാണ് കലയുടെ രഹസ്യം . അവിശ്വസനീയമായി അതിശയിപ്പിക്കുന്നതാകണം കല .അത് സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്നതല്ല .സ്വപ്നം പോലെ വിചിത്രമാണത്. ജീവിതം ജീവിച്ചതല്ല, ഒരുവൻ ഓർക്കുന്നതാണെന്നു ഗബ്രിയേൽ ഗാർസിയ മാർകേസ്  എഴുതിയത് കലയുടെ എല്ലാ തലങ്ങളിലും പ്രസക്തമാണ്.

ചുംബനത്തിൻ്റെ അമിട്ട് 

കലയിലുള്ളത് വേറൊരിടത്തും സാധുവാകില്ല. വെള്ളിത്തിരയിൽ കാമുകനും കാമുകിയും ചുംബിക്കുന്നത് ,ഓസ്കാർ വൈൽഡ് പറഞ്ഞതുപോലെ കലയുടെയുള്ളിലാണ് പൂർണത നേടുന്നത്, അതിനു പുറത്തല്ല. ആ ചുംബനത്തെ യഥാർത്ഥ ജീവിതത്തിലുള്ളവർ വിമർശിക്കുന്നത് വ്യർത്ഥമാണ്. എന്തെന്നാൽ ചുംബിക്കുന്ന ശരീരങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സജ്ജീകരിച്ചതാണ് .'ആലപ്പുഴ ജിംഘാന' എന്ന സിനിമയിൽ ഒരു പെൺകുട്ടി തൻ്റെ ബോയ്ഫ്രണ്ടിനോട് ചുംബിക്കാൻ ആവശ്യപ്പെടുന്നതും ഫ്രഞ്ച് ശൈലിയിലുള്ള ചുംബനം വേണോ എന്നു ചോദിക്കുന്നതും കാണാം. പ്രേക്ഷകൻ്റെ ലോകത്താണ് ആ ചുംബനത്തിൻ്റെ അമിട്ട് പൊട്ടുന്നത്. അവർ ആ രംഗത്ത് ചുംബിക്കുന്നില്ല .എന്നാൽ ആ ചുംബനം ഒരു സ്ഫോടനമായി തീയറ്ററിലെ ആൾക്കൂട്ടത്തിൽ ചിതറി വീഴുന്നു. ഇങ്ങനെ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ളതാണ് കല. അതിനുവേണ്ടി വാക്കുകളും ശരീരവും ഉപയോഗപ്പെടുത്തുന്നവനാണ് കലാകാരൻ .

പഴയ കാലഘട്ടത്തിലെ കുടുംബകഥകൾ പറഞ്ഞ സിനിമകൾക്ക് കലയുടെ മാജിക് നേടാനായിട്ടുണ്ടോ എന്നു സംശയമാണ്. അവർ യഥാർത്ഥജീവിതത്തിൽ കാണുന്ന മനുഷ്യരെ തന്നെ കഥാപാത്രങ്ങളാക്കുന്നു. പ്രേക്ഷകൻ്റെ പരിചയവൃത്തത്തിലുള്ള ജീവിതത്തിൻ്റെ കാഴ്ചയ്ക്കകത്താണ് അത് ഭാവന ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകൻ മുൻകൂട്ടി കണ്ടത് മാത്രമാവും ചിത്രീകരിക്കുക.പ്രേക്ഷകൻ്റെ  യഥാർത്ഥജീവിതം തന്നെ അവൻ്റെ മുന്നിലേക്ക് കൊണ്ടുവരുന്നു. ഇതാണ് സത്യം എന്നുപറഞ്ഞ് അവൻ കൈയടിക്കുകയാണ്.എന്നാൽ 'തുടരും' സിനിമയിൽ പ്രകാശ് വർമ്മ, ജോർജ് സാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ പല നടന്മാർക്കും തോന്നിക്കാണും ഇനി വില്ലനായി അഭിനയിച്ചാൽ മതിയെന്ന്!. വില്ലൻ വേഷം ചെയ്യാൻ കൊതിപ്പിച്ച നടനാണ് പ്രകാശ് വർമ്മ. അദ്ദേഹം വില്ലനെക്കുറിച്ചുള്ള മുൻധാരണകൾ തിരുത്തുകയാണ് ചെയ്യുന്നത്. 'ഇതാ ഇവിടെ വരെ'യിൽ സോമൻ നായകനായിരുന്നെങ്കിൽ വില്ലനുമായിരുന്നു .നായികയെ ഗർഭിണിയാക്കി ചതിക്കാൻ നായകനു കഴിയില്ലല്ലോ.നായകനും പ്രതിനായകനും ഒരാളിൽ കേന്ദ്രീകരിക്കുന്ന അനുഭവം. സത്യസന്ധനായ നായകനെ നിഗ്രഹിക്കുകയാണ് തിരക്കഥാകൃത്തായ പത്മരാജൻ ചെയ്തത്. 

പ്രകാശ് വർമ്മയുടെ വേഷം 

നായകനിൽ പ്രതിനായകത്വവുമുണ്ട്. അവൻ്റെ സഞ്ചാരപഥങ്ങളിൽ ഹിംസ ഒരു പ്രധാന ഘടകമാണ്. പ്രകാശ് വർമ്മ തൻ്റെ കഥാപാത്രത്തിലെ പ്രതിനായകസ്വഭാവത്തെ വളരെ മാന്യമായി ,ഉദ്യോഗസ്ഥ പരിപ്രേക്ഷ്യത്തിനകത്ത് ,വ്യക്തിപരമായ പ്രതിഛായകൾക്കകത്ത്, സാമ്പത്തികമായ സുസ്ഥിരതയ്ക്കകത്ത് ഒളിപ്പിച്ചു വയ്ക്കുകയാണ്. അയാൾ  അപ്രതീക്ഷിതമായി സർപ്പത്തെ പോലെ ഫണമുയർത്തുകയാണ് .ഇത് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിൽ പ്രകാശവർമ്മ ചെയ്ത ജോർജ് സാറിൻ്റെ വേഷം ശരീരഭാഷയിലൂടെ വിജയിക്കുകയാണ്. നായകനു മേൽ  അയാൾക്കുള്ള മേധാശക്തി പ്രേക്ഷകൻ പ്രതീക്ഷിച്ചതായിരുന്നില്ല. അത് ആ നടൻ കൂട്ടിച്ചേർത്തതാണ്. വെറൊരു പരിചിതമുഖമാണ് ആ  കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കിൽ പ്രേക്ഷകൻ ആ മേധാശക്തിയെ സംശയിക്കുമായിരുന്നു. മുമ്പ് അഭിനയിക്കാത്ത ,പുതിയ മുഖത്തിന്റെ സംവേദനപരമായ ആനുകൂല്യം ഇതാണ്. പ്രതിനായകൻ്റെ സ്വഭാവം ഒട്ടും പ്രകടമാക്കാതെ നീങ്ങിയ അയാളെ പ്രേക്ഷകർ വിശ്വസിക്കുകയാണ് ചെയ്യുന്നത്.

ലാറ്റിനമേരിക്കൻ എഴുത്തുകാരനായ കാർലോസ് ഫ്യുവൻ്റിസ് പറഞ്ഞു: "ചീത്ത പുസ്തകങ്ങളിൽ, എഴുതുന്നതിനു മുമ്പ് തന്നെ എഴുത്തുകാരനറിയാവുന്ന വിവരങ്ങളാണ് ഉണ്ടാവുക. എന്നാൽ ഒരു നല്ല പുസ്തകം ഒരിക്കലും വസ്തുതകളുടെ അടിസ്ഥാനത്തിൽ എഴുതുന്നതായിരിക്കില്ല." ഇത് ഇവിടെയും ബാധകമാണ്. പ്രേക്ഷകനെ അമ്പരിപ്പിക്കുമ്പോൾ കലയുണ്ടാവുന്നു. അത് വെറും വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കില്ല. 

രജതരേഖകൾ

1)പത്രങ്ങളിൽ കള്ളവാർത്ത വരാറില്ല. അതിനു ഒരു എഡിറ്റർ ഉണ്ടെന്നതാണ് സവിശേഷത. എന്നാൽ ചില യൂട്യൂബ് രാഷ്ട്രീയ ചാനലുകളിൽ എഡിറ്ററില്ല.  എന്ത് നുണയും തട്ടവിടുകയാണ്. ഒരു വീഡിയോയുടെ വ്യാജവിജയത്തിനു വേണ്ടി ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നത് .ഒരു തരത്തിൽ ആത്മഹത്യ തന്നെയാണിത്. 

2)ശരിയായ വാർത്തകൾക്ക് വേണ്ടി അക്ഷമരാകുന്ന നല്ല വായനക്കാരെ പോലെ തന്നെ വ്യാജവാർത്തകൾ വായിച്ചു 'ആസ്വദിക്കാനും' ധാരാളം  പേർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

3)ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി നല്ലൊരു ഇന്ത്യൻ ക്ലാസിക്കാണ്. ഷാജി ഒരു കലാരൂപം എന്ന നിലയിൽ ചലച്ചിത്രത്തെ സമീപിക്കാൻ ശ്രമിച്ചത് രണ്ടിടത്താണ് വിജയിച്ചത് - പിറവിയും വാനപ്രസ്ഥവും. പിറവി ഒരു നോവു പടർത്തുന്ന സാന്ത്വനമാണ്; വാനപ്രസ്ഥം ചുഴി പോലെ ആഴത്തിലേക്ക് പോകുന്ന മന:ശാസ്ത്രമാണ്. മധു ഇറവങ്കര എഴുതിയ ലേഖനത്തിൽ (മുദ്രപതിച്ച കാഴ്ചകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 11) ഇങ്ങനെ വായിക്കാം: 'മഴയെപ്പോലെ പിറവിയിൽ സംഗീതവും ഒരു കഥാപാത്രമാണ്. മഴയ്ക്കൊപ്പം ,ചിലപ്പോൾ സ്വരം താഴ്ത്തിയും അല്ലെങ്കിൽ ചിലമ്പിച്ച സ്വരത്തോടെയും സംഗീതം ദൃശ്യബിംബങ്ങളുടെ ഭാവത്തെ അനാഡംബരമായി ഉണർത്തുന്നു.' ഇങ്ങനെയാണ് സിനിമയിൽ ക്ലാസിക് ഉണ്ടാകുന്നത്. അതിൻ്റെ അഭിവാജ്യ ഘടകമാണ് ചായാഗ്രഹണം. അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ എന്ന നിലയിൽ ഷാജിയുടെ പങ്കിനെ അനുസ്മരിക്കാതെ മലയാള സിനിമയുടെ ചരിത്രമില്ല.

4)എസ്.ആർ.ലാലിൻ്റെ കഥകളെക്കുറിച്ച് രതീഷ് ഇളമാട് 'അകംകഥകൾ ഭ്രമാത്മക ലോകത്തിലേക്ക്  പ്രവേശിക്കുന്ന ഏകജാലകം'(മനോരമ ഓൺലൈൻ, മെയ് 1) എന്ന ലേഖനത്തിൽ സൗന്ദര്യവും ഉള്ളടക്കവും കണ്ടെത്തുകയാണ്. ലാലിൻ്റെ കഥനകലയെക്കുറിച്ച് ലേഖകൻ ഉന്നയിക്കുന്ന അഭിപ്രായം  ശ്രദ്ധേയമാണ്.'കഥാപാത്രങ്ങളുടെ  അനുഭൂതികളും അനുഭവങ്ങളും ആവിഷ്ക്കരിക്കാൻ എഴുത്തുകാരനു വാക്യങ്ങൾ അനിവാര്യമാകുന്നില്ല. വാക്കുകൾ മാത്രം മതി .എന്നു മാത്രമല്ല വാക്കുകളിൽ പ്രത്യയങ്ങളും  ശബ്ദങ്ങളും കൂട്ടിച്ചേർത്ത് അവയെ ദീർഘമാക്കുന്നതും ഇല്ല .പലപ്പോഴും ദുഃഖസാന്ദ്രമായ മൗനങ്ങളെ സ്പേസ് കൊണ്ട് ഈണം നൽകുന്നത് കാണാം.'
ഒരു കഥയെ എങ്ങനെ സമീപിക്കണമെന്നു ലേഖകനറിയാം. 

5)സുധാകരൻ ചന്തവിള എഴുതിയ 'സംസാരിക്കുന്ന മെതിയടികൾ (ഗ്രന്ഥാലോകം ,മെയ്)വസ്തുവിന്റെ ജീവതത്ത്വപരമായ അർത്ഥം തേടുകയാണ്. ഗാന്ധിജിയുടെ മെതിയടികൾക്ക് എന്തെല്ലാം പറയാന ണ്ട് ! അത് കണ്ടപ്പോൾ തോന്നിയ ചിന്തകളാണ്. അത് എന്തെല്ലാം സഹിക്കുന്നു. എന്തെല്ലാം ഓർമ്മകൾ തികട്ടി വരുന്നു. അത് സംസാരിക്കുന്നുണ്ട് ,കേൾക്കാൻ കാതുള്ളവർക്ക് വേണ്ടി.

'തീരെ പഴയതാണെങ്കിലും ജ്വലിക്കുന്നുണ്ടതിൻ കണ്ണുകൾ
സഹനത്തിന്റെ പര്യായപദമായി സത്യാഗ്രഹത്തിന്റെ നാനാർത്ഥമായി നിസ്സഹകരണത്തിന്റെ നിറകുടമായി മെതിയടികൾ
നിതാന്ത നിശ്ചലതയിലാണ്.'
ഓരോ വസ്തുവും കവിക്ക് ഓരോ ലോകമാണ്.അതിലെല്ലാം കവിത അടങ്ങിയിരിക്കുന്നു.

6)വാണിജ്യവൽക്കരണം നല്ലതാണ്. സംസ്കാരം പോലും  വാണിജ്യവൽക്കരണത്തിലാണ് നിലനിൽക്കുന്നത്. മനുഷ്യബന്ധങ്ങളെയും വാണിജ്യവൽക്കരണം സ്വാധീനിച്ചിട്ടുണ്ട്. വസ്തുക്കളുടെയും സേവനങ്ങളുടെയും പേരിലാണ് മനുഷ്യർ കൂടുതലായി അടുക്കുന്നത് .ഓർമ്മകൾ എവിടെയുമില്ല.ഓർമ്മകളില്ലാതാവുന്നത് സ്വാതന്ത്ര്യമാണത്രേ.

7)കെ.ജയകുമാറിൻ്റെ കവിതകളിലെ സ്ത്രീപക്ഷത്തെക്കുറിച്ച് ഡോ. ബി. ആർ. പ്രസന്നകുമാർ എഴുതിയ ലേഖനത്തിൽ (ഗ്രന്ഥാലോകം, മെയ്) 'അധമവികാരങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഓരോ പുരുഷന്റെയും ഉപബോധമനസിന്റെ പടിവാതിൽക്കൽ സ്ത്രീനീതിബോധവുമായി നിൽക്കുകയാണ് 'പിങ്ഗളകേശിനി 'യിലെ ആ സ്ത്രീരൂപം എന്നു കാണാം.' പുരുഷന്റെ മിഥ്യാഭിമാനത്തെ തകർക്കുന്ന കവിതയാണ് 'പിങ്ഗളകേശിനി'.

8)വ്യവസായ, വാണിജ്യലോകത്തെ പ്രതിരോധിച്ചുകൊണ്ട് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു എഴുതി:നിങ്ങൾക്ക് അനുഭവം സൃഷ്ടിക്കാനാവില്ല ;നിങ്ങൾ അതിനു വിധേയനാവുകയേ തരമുള്ളൂ'.എന്നാൽ ഇന്നു ഒരു ഷോപ്പിംഗ് മാളിലെ ഫുഡ്കോർട്ടിൽ ചെന്നു പരിഷ്കൃതമായ ഇരിപ്പിടങ്ങൾ ഉപയോഗിച്ചുകൊണ്ട്, ശീതീകരിച്ച അന്തരീക്ഷത്തിൽ ,വിലയേറിയ ഭക്ഷണം കഴിക്കുന്നവൻ അനുഭവം അല്ലെങ്കിൽ സംസ്കാരം വിലയ്ക്കു വാങ്ങുകയാണ്.

9)നിശ്ശബ്ദതയാണ് പ്രപഞ്ചത്തിൽ ഗാഢമായി ,അഗാധമായി വ്യാപിച്ചിരിക്കുന്നത്.എല്ലാ വസ്തുക്കളിലും നിശ്ശബ്ദത ഉറഞ്ഞുകൂടിക്കിടക്കുന്നു .അതിൽ ശബ്ദമുണ്ടാകുന്നതിന്റെ ആവൃത്തിയും  ഇടവേളകളുമാണ് അർത്ഥവും സംഗീതവുമായി പരിണമിക്കുന്നത്.  നിശ്ശബ്ദതയുടെ ആഴത്തിൽ നിന്നാണ് സംഗീതം ഉയരേണ്ടത് .

No comments: