Followers

Tuesday, March 2, 2010

എന്റെ സാഹിത്യ മാനിഫെസ്റ്റോ -2

അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത -2
എം. കെ. ഹരികുമാര്‍


ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ എന്റെ സാഹിത്യമാനിഫെസ്റ്റോയും വിശദമാക്കാമെന്ന്‌ കരുതുന്നു. ലോകത്ത്‌ ഓരോ നിമിഷവും, ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. എന്തിനാണ്‌ ഇങ്ങനെ പുതുതായി ജനിക്കുന്നത്‌? അത്‌ പ്രകൃതിയുടെ ആവശ്യമാണ്‌. ഒരേ തരം ആശയമോ, ഭാവനയോ ചിന്തയോ പ്രകൃതി നീട്ടുന്നില്ല. പ്രകൃതി കലയോടോ, തത്വചിന്തയോടോ ഒത്തുചേർന്നുള്ള കലാപരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ല. പ്രകൃതിയിൽ, ഒന്നിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത അനേകം ഇമേജുകളുണ്ട്‌. നമ്മൾ കാണുന്ന പ്രതിഛായ ഒന്നാണെങ്കിലും, അത്‌ അതു മാത്രമല്ല. മറ്റനേകം പ്രതിച്ഛായകളുടെ മുഖംമാത്രമാണത്‌.
മനുഷ്യനും ആ രീതിയിലാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. മനുഷ്യന്റെ മുഖം വെറുമൊരു മുഖമാണ്‌. അത്‌ കവാടമാണ്‌; പ്രതിനിധാനമല്ല. മുഖം ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല. അത്‌ ഒന്നിന്റെയും അടയാളമല്ല. അതിനു ഒരാശയത്തെയോ പ്രസ്ഥാനത്തെയോ ചിന്തയെയോ ഭാവത്തെയോ ശാശ്വതീകരിക്കാനാവില്ല. മുഖത്തിനു ദർശനമാകാൻ പറ്റില്ല. മുഖം വെറും മുഖഭാവമാണ്‌. അത്‌ അതിനുള്ളിലെ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളെപ്പറ്റി അറിയുന്നില്ല; അറിയുന്നതായി ഭാവിക്കുന്നില്ല.
'ഖസാക്കിന്റെ ഇതിഹാസം' ഈ വീക്ഷണത്തോടെ ജീവിതത്തെ സമീപിക്കുകയാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഒരാശയവും പ്രസക്തിനേടണമെന്ന്‌ നോവലിസ്റ്റ്‌ വിചാരിക്കുന്നില്ല. ഏതൊന്നാണോ പ്രസക്തി നേടേണ്ടത്‌, അതിനുള്ളിൽ തന്നെ അതിനെ എതിർക്കുന്ന, കളിയാക്കുന്ന അനേകം ഘടകങ്ങളുണ്ടായിരിക്കും. പകരം അത്‌ പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്‌, വികാരങ്ങളുടെയും അനുഭൂതികളുടേയും രസതന്ത്രമാണ്‌. ആ രസതന്ത്രം നമുക്കൊരു പ്രകൃതിദൃശ്യമാണ്‌.

മുദ്രവാക്യമോ ലക്ഷ്യത്തിലേക്ക്‌ കുതിയ്ക്കുന്ന ആശയ മുനയോ അല്ല.
ഒന്നിനൊന്ന്‌ ഭിന്നമായ ലോകം ഏത്‌ ആശയത്തിന്റെയും അടിയിലുണ്ട്‌. എല്ലാം നിരത്തി കാണിക്കുന്ന വഴിവാണിഭക്കാരനെ ഓർമ്മയില്ലേ, വാണിഭക്കാരന്‌ പ്രത്യേകിച്ച്‌ ഏതിനോടെങ്കിലും താത്പര്യമില്ല. നമുക്ക്‌ തിരഞ്ഞെടുക്കാം. അത്‌ നമ്മുടെയിഷ്ടം. നമ്മൾ ഏത്‌ തിരഞ്ഞെടുത്താലും അത്‌ നമ്മുടെ തത്വവും പ്രയോഗവുമാണ്‌. നമ്മുടെ തത്വവും പ്രയോഗവുമല്ല വഴിവാണിഭക്കാരനുള്ളത്‌. അവൻ തത്വങ്ങളും പ്രയോഗങ്ങളുംകൊണ്ട്‌ പൊറുതിമുട്ടി കഴിയുകയാണ്‌. അതുകൊണ്ട്‌ എല്ലാ തത്വങ്ങളെയും പ്രയോഗങ്ങളെയും ഒരു വണ്ടിയിൽ പുറത്തുവിടാനാണ്‌ അവന്റെ ശ്രമം. അവന്റെ കൈവശമുള്ള പാവങ്ങളും മാലകളും വളകളും കൺമഷിയും മറ്റും വെറുതെയിരിക്കുന്നില്ല. അവയ്ക്കും സ്വന്തമായ തത്വവും പ്രയോഗവും ഉണ്ട്. നിശ്ചലവും നിശ്ശബ്ദവുമായ അവയുടെ നിലനിൽപ്പിനുള്ളിൽ തന്നെ അനേകം ആശയസംഘട്ടനങ്ങളുണ്ട്‌. അവയെല്ലാം അവയുടെ വഴിക്ക്‌ വിട്ടിട്ട്‌, സ്വതന്ത്രമാകാൻ ഓരോ പദവും മോഹിക്കുന്നു. ഇതാണ്‌ പ്രകൃതി.

നിശ്ചലയായ പാവയും പ്രകൃതിയാണ്‌. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ഈ പ്രകൃതിയാണുള്ളത്‌. അല്ലാതെ കേവല ഭൗതികതയോ ആത്മീയതയോ അല്ല ഉള്ളത്‌. അസ്തിത്വവാദമോ നിരീശ്വരവാദമോ ഒന്നും അവിടെ പ്രാമുഖ്യം നേടുന്നില്ല. അവയെല്ലാം മിന്നിമിന്നിപ്പോവുന്നതേയുള്ളു.
'ആദി പാഠങ്ങൾ' എന്ന അദ്ധ്യായത്തിൽ ഈ പ്രകൃതിയെ നോവലിസ്റ്റ്‌ പരിചയപ്പെടുത്തുന്നുണ്ട്‌. അപ്പുക്കിളിയെ വിദ്യാലയത്തിൽ കൊണ്ടുവരുന്ന സന്ദർഭമാണത്‌. അപ്പുക്കിളിക്ക്‌ പ്രത്യേക രൂപഭാവമാണുള്ളത്‌. പൊക്കം തീരെ കുറവാണ്‌. ചുണ്ടുകൾ ഉന്തിയതാണ്‌. കണ്ണുകൾ മങ്ങിയതാണ്‌. കൈകാലുകൾ മുരടിച്ചുപോയിരിക്കുന്നു. ബാല്യ യൗവ്വന വാർദ്ധക്യങ്ങൾക്ക്‌ അതീതമാണ്‌ അവന്റെ ശരീരം. എന്നാൽ അവന്‌ മാധവൻനായർ തുന്നിക്കൊടുത്ത കുപ്പായത്തിലൂടെ ഖസാക്കിലെ പ്രകൃതിയിലേക്ക്‌ നോവലിസ്റ്റ്‌ ശ്രദ്ധയാകർഷിക്കുന്നു. വെട്ടുതുണികൾ ചേര്‍ത്ത് തുന്നി കണങ്കാലോളം വരുന്ന അങ്കിക്കുപ്പായമായിരുന്നു അത്‌. മുൻവശത്ത്‌ അരിവാളും ചുറ്റികയും ത്രിശൂലവുമുണ്ടായിരുന്നു. പിന്നിൽ തുണിസഞ്ചിയിൽ നിന്ന്‌ വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിയുടെയും ചിത്രങ്ങളും.
അരിവാളും ചുറ്റികയും ത്രിശൂലവും തമ്മിൽ ചേരുകയില്ല. ഓരോന്നും വ്യത്യസ്ത തത്വങ്ങളും പ്രയോഗങ്ങളുമാണ്‌. എന്നാൽ അത്‌ അപ്പുക്കിളിക്ക്‌ ചേരും. അവന്റെ ഉയരം കുറഞ്ഞ ,വളർച്ച മുരടിച്ച ശരീരത്തിന്‌, അരിവാൾ ചുറ്റികയുടെയും ,ത്രിശൂലത്തിന്റെയും വിഭിന്നമായ രാഷ്ട്രീയസൂചനകള്‍ ഒന്നുചേർന്ന്‌ വല്ലാത്തൊരു നിഷ്കളങ്ക ഭാവം സമ്മാനിക്കുന്നു. നമുക്ക്‌ ഏത്‌ വേണമെങ്കിലും തിരഞ്ഞെടുക്കാം. അത്‌ നമ്മുടെ തത്വപ്രയോഗങ്ങളാണ്‌.

മയിലും ഗാന്ധിയും രണ്ട്‌ ധാരകളാണ്‌. മയിൽ എണ്ണ വൈദ്യന്മാരുടെയും ശ്രീകൃഷ്ണന്റേയും ഓർമ്മയുണർത്തുന്നു. തമിഴ്‌നാട്ടിൽ നിന്ന്‌ വരുന്ന ചില വൈദ്യന്മാർ റോഡ്‌ വക്കിൽ മയിൽബോമ്മയെ വച്ച്‌ ചെറിയ ബിസിനസ്‌ നടത്താറുണ്ട്‌. ഗാന്ധിജിയാകട്ടെ അംഹിസയുടെ പ്രതീകമാണ്‌. ഇത്തരം പ്രകൃതി രസതന്ത്രങ്ങളിലൂടെ നമ്മളെ ഉറച്ച തത്വചിന്തയിൽ, ലക്ഷ്യമുള്ള പ്രയാണത്തിൽ എത്തിക്കുകയല്ല നോവലിസ്റ്റ്‌ ചെയ്യുന്നത്‌. അതിൽ നിന്ന്‌ പിന്തിരിപ്പിച്ച്, വ്യവഹാരത്തിന്റെയും മുഖ്യധാരയുടെയും അടിയിലുള്ള വൈരുദ്ധ്യങ്ങളുടെ പ്രകൃതിയെ കാണിച്ചുതരുകയാണ്‌. പ്രകൃതിയിൽ വൈരുദ്ധ്യമുണ്ട്‌. അത്‌ എല്ലാത്തിനെയും ലയിപ്പിച്ചാണ്‌ നിൽക്കുന്നത്‌. തിരഞ്ഞെടുക്കാൻ ഒന്നുമില്ലാത്തവർക്ക്‌ സൗന്ദര്യംപോലും ഇല്ല. അവർ എവിടെയും സൗന്ദര്യം കാണുന്നു.

ഓന്തുകളെപ്പറ്റിയുള്ള വർത്തമാനങ്ങളും ഇങ്ങനെയാണ്‌. ഓന്തുകൾ സാധുജീവിയായല്ല നോവലിൽ പ്രത്യക്ഷപ്പെടുന്നത്‌. അവ മനുഷ്യന്റെ ചോര കുടിക്കുന്നു; മരിച്ചവരുടെ ഓർമ്മകളായ തുമ്പികളെയും പിടിച്ചു തിന്നുന്നു. അതുകൊണ്ട്‌ ഖസാക്കിലെ കുട്ടികൾ ഓന്തിന്‌ ആവണക്കിന്റെ കറ കൊടുത്ത്‌ പൂസാക്കുന്നു.
ഓന്തുകളുടെ കഥയിലൂടെ ഏറ്റവും പ്രാചീനമായ ജീവബിന്ദുക്കളുടെ കഥയിലേക്ക്‌ രവി നീങ്ങുന്നു. രണ്ട്‌ ജീവബിന്ദുക്കളിൽ ഒന്ന്‌ മനുഷ്യജന്മമായി, പരമ്പരകളായി നീങ്ങി. മറ്റേത്‌ സസ്യങ്ങളുടെ വംശത്തിൽ ചേർന്നു. അവൾ ചമ്പകമായി നിന്നു. അനുജത്തി ഒരിക്കൽവന്ന്‌ ചേട്ടത്തിയെന്ന ചമ്പകത്തിന്റെ പൂവിറുത്തു. അപ്പോൾ ചേട്ടത്തിക്ക്‌ അനുജത്തിയെ തിരിച്ചറിയാൻ കഴിഞ്ഞു. അവൾ ചോദിച്ചു, അനുജത്തി, നീയെന്നെ അറിയില്ലേ എന്ന്‌.

ഖസാക്കിലെ പരീക്ഷണ വസ്തുക്കളാണ്‌ ഇത്തരം ചിന്തകൾ. എവിടെയെങ്കിലും സ്ഥാപിക്കാനോ തെളിയിക്കാനോ പറ്റാത്ത ഇത്തരം സങ്കൽപങ്ങൾ സൗന്ദര്യാത്മകമാണ്‌. നോവലിലാകട്ടെ, ഇവയൊന്നും ശാശ്വതീകരിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. പലതരം കൂട്ടുകളുടെ വിൽപനക്കാരനായാണ്‌ നോവലിസ്റ്റ്‌ പ്രത്യക്ഷപ്പെടുന്നത്‌. എല്ലാത്തരം ഒഴുക്കുകളും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്‌. ഒന്നിലും പൂർണ്ണ തൃപ്തിയുമില്ല. രവിയാകട്ടെ, വല്ലാതെ ഉൾവലിഞ്ഞുപോയ മനുഷ്യനാണ്‌. ഫിസിക്സിലും തത്വചിന്തയിലുമൊക്കെയുള്ള അയാളുടെ താത്പര്യം അന്തർമുഖമാണ്‌. അയാൾക്ക്‌ അതൊന്നും വേണ്ട. എല്ലാം ഉപേക്ഷിച്ച്‌ കുഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലാണ്‌ അയാൾ എത്തുന്നത്‌.

അത്യന്തം ദുരിതം നിറഞ്ഞ, അപരിഷ്കൃതമായ ജീവിതവളയത്തിനകത്ത്‌ അകപ്പെട്ടവരാണ്‌ ഖസാക്കിലുള്ളത്‌. കിണറ്റിൽ വീണ സാധനങ്ങൾ തപ്പി നടന്ന്‌, ഒടുവിൽ മുങ്ങിമരിക്കുന്ന മുങ്ങാങ്കോഴിയെപ്പോലുള്ളവർ. അവർക്ക്‌ ജീവിതം മറ്റൊന്നിനും വേണ്ടിയല്ല. അവിടെ അക്ഷരങ്ങൾ പഠിപ്പിക്കാനെത്തുന്ന രവിയും താൻ പഠിച്ചതിൽ നിന്ന്‌ മാറിനടക്കുകയാണ്‌. അയാൾക്കും ഒന്നും വേണ്ട. അയാൾ തന്നിൽ നിന്നുതന്നെ ഓടിയൊളിച്ചവനാണ്‌. അല്ലെങ്കിൽ ഓടിയൊളിക്കാൻ ശ്രമിക്കുന്നവനാണ്‌. ജീവിതം വെറുതെ ജീവിച്ചുതീർക്കുക എന്ന വിധിയാണത്‌. അവിടെ അയാൾ പലവിധത്തിലുള്ള സാധൂകരണങ്ങൾ തേടുന്നുണ്ട്‌. ചിലപ്പോൾ അയാൾ പുനർജന്മത്തിൽ വിശ്വസിച്ചതുപോലെ തോന്നും. ചിലപ്പോൾ അയാൾ പറയുന്നത്‌, ഒരിടത്തും നാം എത്താൻ പോകുന്നില്ലെന്നാണ്‌.
എനിക്കു തോന്നുന്നത്‌, രവിയുടെ മനസ്സിലെ ആശങ്കകളെ അയാൾക്ക്‌ തന്നെ പിടികിട്ടുന്നില്ല എന്നാണ്‌. അയാൾ പലമാതിരി സംശയങ്ങളിലൂടെ കടന്നുപോകുകയാണ്‌. രവിക്ക്‌ പ്രത്യേകമായ വൈകാരിക ലോകമില്ല. അയാൾ ഉണർത്തിയെടുക്കാൻ ശ്രമിക്കുന്ന ചിന്തകൾക്കൊന്നും ആയുസ്സില്ല. പ്രകൃതിയെ പശ്ചാത്തലമാക്കി അയാൾ നിൽക്കുന്നു.


ഓരോ വാക്കും നിശ്ശബ്ദതയുടെ മേലുള്ള അനാവശ്യമായ കറയും ശൂന്യതയുമാണെന്ന സാമുവൽ ബെക്കറ്റിന്റെ വാക്യം ഓർത്തുപോവുകയാണ്‌. വാക്കുകൾക്കൊന്നും സ്ഥാപിക്കാൻ കഴിയില്ല. അത്‌ നിശ്ശബ്ദതയെ വെറുതെ ശല്യപ്പെടുത്തികൊണ്ടിരിക്കും. ശൂന്യതയുടെ മഹാസമുദ്രത്തിൽ അത്‌ കാര്യമായ അനക്കങ്ങളൊന്നുമുണ്ടാക്കുന്നില്ല. വാക്കുകളും അർത്ഥങ്ങളും ചേർന്നുണ്ടാക്കുന്ന ഒരു ശൂന്യത എപ്പോഴുമുണ്ട്‌. വളരെ ശ്രമകരമായി, യുക്തിയോടെ ഘടിപ്പിച്ചെടുക്കുന്ന വാക്കുകളുടെ ആശയങ്ങൾ നമുക്ക്‌ ഈ നോവലിൽ കാണാം. എന്നാൽ ആ ആശയങ്ങൾ ചേർന്നുണ്ടാകുന്ന ശൂന്യതയുമുണ്ട്‌. നോവൽ നമുക്കായി തെളിഞ്ഞപാത ചൂണ്ടിക്കാണിച്ചു തരുന്നില്ല. നമുക്ക്‌ ഏത്‌ വേണമെങ്കിലും തിരഞ്ഞെടുക്കാം. പ്രത്യേക വൈകാരിക ജീവിതമുള്ളവർക്ക്‌ മാത്രമായി നിർമ്മിച്ചതല്ല 'ഖസാക്കിന്റെ ഇതിഹാസം'.


ഖസാക്കിലെ ഓരോ വരിയും സ്വതന്ത്രമാവാൻ മോഹിക്കുന്നു. കടുത്ത ജീവിതപരാധീനതകളാണ്‌ ഖസാക്കിലുള്ളത്‌. ഇന്ത്യൻ ജീവിതത്തിന്റെ ദുരിതം മുഴുവൻ അവിടെ കാണാം. അതിനു പരിഹാരമോ, തുടർച്ചയോ നോവലിസ്റ്റ്‌ നിർദ്ദേശിക്കുന്നില്ല. പ്രകൃതിയാണത്‌. ഖസാക്കിന്റെ ആ പ്രകൃതിയിൽ ശബ്ദംകൊണ്ട്‌ ചില ഓളങ്ങൾ ഉണ്ടാക്കുകയാണ്‌ നോവലിസ്റ്റ്‌.


രവിയാകട്ടെ, ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല; നോവൽപോലെ അയാൾ ചിന്തയിൽ ആരുമില്ല; സംശയാലുവും ഭീരുവുമാണ്‌. ഭാവനയിൽ അയാൾ സ്വയമൊളിപ്പിക്കുന്നു. അയാൾ സ്വയം നിർമ്മിക്കുന്നത്‌ പരസ്പരബന്ധമില്ലാത്തതും അയഞ്ഞതുമായ യുക്തിചരടുകൾ കൊണ്ടാണ്‌. എന്തൊക്കെ
അയാൾ നിർമ്മിക്കുന്നുവോ അതെല്ലാം, ക്ഷണ മാത്രയിൽ തകർന്നുപോകും. അയാൾ വായിക്കുന്നതും സ്വയം അന്വേഷിക്കുന്ന ഒരാളെപ്പോലെയാണ്‌. ഭഗവത്ഗീത, പ്രിൻസ്‌ തിരുവാങ്കുളം, മുട്ടത്തുവർക്കി, റിൽക്കെ, ബോദ്‌ലേര്‍ തുടങ്ങിയവരെയൊക്കെ രവി അന്വേഷിക്കുന്നു. അതായത്‌, ഇവരിലൊന്നും അയാൾക്ക്‌ വിശ്വാസമില്ല. പരസ്പരബന്ധമില്ലാത്തവയാണെങ്കിലും മേൽപ്പറഞ്ഞ പുസ്തങ്ങളും എഴുത്തുകാരുമെല്ലാം ഓരോ യുക്തിചിഹ്നങ്ങളാണ്‌. അതേ സമയം, അവയെല്ലാം ചേർന്നുണ്ടാക്കുന്ന ഒഴിഞ്ഞ ഇടം അഥവാ ശൂന്യത തള്ളിക്കളയാനുമാവില്ല.


ചിന്തകനും അനുഭൂതികളെ അറിയുന്നവനെന്ന്‌ സ്വയംഭാവിക്കുന്നവനുമായ രവിക്ക്‌ പക്ഷേ, ഒന്നിനെയും ആദരിക്കണമെന്നില്ല. അതേസമയം എല്ലാറ്റിനേയും പരിഹസിക്കുന്നുമുണ്ട്‌. ബോധാനന്ദസ്വാമികളുടെ ആശ്രമത്തെ അയാൾ നിന്ദിച്ചതു അവിടത്തെ ഒരു സ്വാമിനിയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടതുവഴിയാണ്‌ .വിദ്യാഭ്യാസമുള്ള രവി ആ സ്വാമിനിയുടെ ഉടുവസ്ത്രംപോലും മോഷ്ടിക്കുന്നു. അയാൾ പ്രഭാതത്തിൽ ആശ്രമം വിടുന്നതുതന്നെ സ്വാമിനിയുടെ കാവിക്കച്ച ധരിച്ചുകൊണ്ടായിരുന്നു. ചിന്തകനായ അയാൾക്ക്‌ ഇതിനൊരു ക്ഷമാപണമുണ്ട്‌. 'ധൃതിയിൽ പറ്റിയ അബദ്ധം'. ചിന്താശീലമുള്ള രവിക്ക്‌ ഇതൊക്കെ നിസ്സാരമായ തെറ്റുകളാണ്‌. സ്വാമിനിക്ക്‌ ആശ്രമത്തിൽ എന്ത്‌ സംഭവിച്ചാലും അയാൾക്കൊന്നുമില്ല.

എന്നാൽ ബസ്‌ വരുന്ന വഴിയിലേക്ക്‌ നടന്നതോടെ രവിയുടെ മട്ടുമാറി. അയാൾ മനസ്സിൽ നിന്ന്‌ സൂക്ഷ്മനിരീക്ഷണത്തിന്റെ വില്ലും ശരവും പുറത്തെടുത്തു. 'മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്തു രൂപം കൊള്ളുകയായിരുന്നു'. ഈ കാഴ്ച അപൂർവ്വമാണ്‌. ഈ കാഴ്ചയുള്ളയാൾക്ക്‌ സ്വാമിനിയെ എങ്ങനെ വിസ്മരിക്കാൻ കഴിയുന്നു? അല്ലെങ്കിൽ, ഈ കാഴ്ച അയാളെ എല്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്നുവോ? എന്തായാലും അർത്ഥവത്തായ അയാളുടെ പ്രവൃത്തികൾ കൂടിച്ചേർന്നുണ്ടാകുന്ന ശൂന്യത പതഞ്ഞുപൊങ്ങുന്ന അസ്വസ്ഥതയാണ്‌ നൽകുന്നത്‌.

ജീവിതം, ഈ ശൂന്യതയല്ലേ? ഇത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അസംബന്ധങ്ങളുടെ ശൂന്യതയല്ല. ശരിക്കും ഇഴപാകിയ, എഞ്ചിനീയർഡ്‌ ആയ ചിന്തകൾ ഉണ്ടാക്കുന്ന സ്വാഭാവികമായ ശൂന്യതയാണ്‌.

No comments: