Followers

Showing posts with label എം.കെ.ഹരികുമാർ. Show all posts
Showing posts with label എം.കെ.ഹരികുമാർ. Show all posts

Saturday, September 5, 2026

അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രം/എം.കെ.ഹരികുമാർ


 
ഭാരതീയചിന്തകളിൽ, മനുഷ്യന് ഒരു അന്തിമവിശ്രാന്തി(ultimate peace) യുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത് അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെകൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുന്നു.എങ്ങോട്ടും വേർപെട്ടു പോകാനില്ല.ജനിയുടെ അർത്ഥമറിയില്ല ,മൃതിയുടെയും അറിയില്ല.
ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാഋഷികളും കലാകാരവ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്തത്. അർത്ഥമില്ലെന്ന് വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും ശാരീരികവേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല ശരീരം എല്ലാവർക്കും ഒരുപോലെയാണ്.ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം ,നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതുകൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്റെ സാഹസികത അശരീരിക്കില്ല. ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവകരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല.അതുകൊണ്ട് അദ്വൈതത്തിന് അർത്ഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.
മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്. മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ് ;അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.കഠോപനിഷത്തിൽ പറയുന്നു:
 
"ന ജായ മ്രിയതേ വാ വിപശ്ചിന്നായം
കുതച്ശിന്ന ബദൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോടയം പുരാണ
ന ഹന്യതേ ഹന്യമാനേ ശരീരേ ."
 
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്. എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യൻ്റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്. പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമ്മങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ.ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാൻ എന്ന് ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല .ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്.ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച് ബുദ്ധിപരമായി മനസ്സിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല .
 
മനസ്സ് ഒരു വ്യാജരൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ്സ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ്സ് ഒരു അപര(other)നാണ്. ആ അപരനെ നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തരമനസ് പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസ്സിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം.
അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച് , ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് കിട്ടാവുന്ന പരമാവധി ശാന്തതയാണ്. ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം ,ഈ ആത്മാവ് ഒരു അന്തിമവിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ. 
 
പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണ്ണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിദ്ധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർത്ഥത്തിൽ അന്തിമവിശ്രാന്തിയല്ല ,പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി ,ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്. ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിൻ്റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു .അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.
 
നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാം അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ് .നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം .സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിൻ്റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല ,ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ ജോൺ ലെനൻ പറഞ്ഞു ,നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർത്ഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.
 
 




 
adwaitha, eternal journy, god, brahma, seeking, buddha, m k harikumar, truth, body , mind  

Wednesday, August 19, 2026

പദായനങ്ങൾ {1 }/എം.കെ.ഹരികുമാർ /സത്യത്തിൻ്റെ ഒഴുക്കുചാൽ

 




എഴുത്തുകാർ ചെറിയ മോഹങ്ങളുടെ പേരിൽ രാഷ്ട്രീയനേതാക്കളുടെ പിന്നാലെ നടന്ന് പ്രീതി പിടിച്ചു പറ്റാൻ  അനവസരത്തിലും അബദ്ധത്തിലും പക്ഷം പിടിച്ചതിന്റെ ഫലമായി സമൂഹത്തിൽ അവരെക്കുറിച്ച് വലിയ അളവിൽ വെറുപ്പുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ തുറന്നു നോക്കിയാൽ അത് മനസ്സിലാകും.പതിറ്റാണ്ടുകൾ  എഴുതിയതിനൊന്നും ഒരു വിലയുമില്ല. എഴുത്തുകാരെ ആകെ പുച്ഛിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഈ പ്രവണത മാറിയിരിക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇങ്ങനെ സ്വയം നഗ്നരായ ഈ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ അന്തസ്സും ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. അവസരവാദവും പറ്റിക്കൂടലുമാണ് അവരെ ഈ നിലയിലേക്ക് അധ:പതിപ്പിക്കുന്നത്. സ്വതന്ത്രമായി എഴുതണമെങ്കിൽ സത്യത്തെക്കുറിച്ചുള്ള ആധി ഉണ്ടായിരിക്കണം. സത്യം നമ്മുടെ കൈയിലില്ല. അത് അന്വേഷിച്ചുകൊണ്ടിരിക്കണം. സത്യത്തിനു വേണ്ടി ആത്മാവിൽ നഗ്നമാകണം. അതിന് രാഷ്ട്രീയപക്ഷപാതം തടസ്സമാണ്.അപ്പോഴാണ് ആത്മാവിൽ ദരിദ്രമാകുന്നത്. അപ്പോൾ മാത്രമാണ് ശരിയായ ജ്ഞാനത്തിലേക്ക് നമുക്ക് എത്താനാവുകയുള്ളൂ. 

വലിയ പ്രതിഭകൾ സത്യത്തെ ഉൾക്കൊണ്ടത് ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു നദി കണ്ടെത്തുന്നതു പോലെയാണ്. എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടുകയില്ല. എന്നാൽ വെള്ളം ഭൂമിക്കടിയിൽ ഉറവയായി ഒഴുകുന്നു. അവിടെ എത്തിയാൽ വെള്ളം കിട്ടും. അത് പോലെയാണ് സത്യവും. അത് മണ്ണിനടിയിലുണ്ട്. എന്നാൽ നാം പാറയിൽ കിളച്ചാൽ സത്യം തെളിയുകയില്ല. അതിന് പാറ തുരക്കുകയോ കൂടുതൽ മണ്ണിളക്കുകയോ വേണം. മണ്ണിളക്കി  ഒരു അഴത്തിലെത്തുമ്പോൾ വെള്ളത്തിൻ്റെ ചാൽ ദൃശ്യമാകും. സത്യത്തെ സ്പർശിച്ചവരെല്ലാം മണ്ണിളക്കി പാറ തുരന്ന് ഈ പ്രത്യേക നിലയിൽ എത്തിയവരാണ്. അവർ ഒരിടത്ത് ഒന്നിക്കുന്നു. അവരുടെ ഭാഷണങ്ങൾക്കു സമാനത തോന്നുന്നത് അപ്പോഴാണ്.

മഹാനായ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകെ ഒരു യുവകവിക്ക് എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: "ഏറ്റവും പ്രധാന കാര്യം ഏകാന്തതയെ അറിയുകയാണ്. അതിനെ ആലിംഗനം ചെയ്യുക. അത് ഉള്ളിലെ മഹത്തായ അവസ്ഥയാണ്. ഇതിനായി മണിക്കൂറുകളോളം അദ്ധ്വാനിക്കുക. അതിന് വേണ്ടതായ വേദന സഹിക്കുക. അതിന്റെ ഗാനാത്മകതയിൽ അലിഞ്ഞുചേരുക. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളുണ്ട് .അതിനെല്ലാം വേണ്ടി ക്ഷമയോടെയിരിക്കുക.ആ പ്രശ്നങ്ങളെ തന്നെ സ്നേഹിക്കുക - അടച്ചിട്ട മുറി പോലെയോ ,നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ എഴുതിയ പുസ്തകം പോലെയോ കണ്ട്. ഉത്തരങ്ങൾക്ക് വേണ്ടി അലയരുത്. നിങ്ങൾക്ക് ആ ഉത്തരങ്ങൾ നൽകാത്തത്, അത് നിങ്ങൾ ജീവിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അത് എന്തും അനുഭവിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നമാണ്. ഇപ്പോൾ നിങ്ങൾ ആ പ്രശ്നത്തോടൊപ്പം ജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ ,ക്രമേണ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നിങ്ങൾ പോലും ശ്രദ്ധിക്കാത്ത അവസരത്തിൽ ആ ഉത്തരം നിങ്ങളെ തേടിവരും."

ഇവിടെ റിൽകെ പറയുന്ന ക്ഷമയും കാത്തിരിപ്പും സ്വന്തം അവസ്ഥയോടുള്ള മമതയും പല എഴുത്തുകാർക്കും  തിരിച്ചറിയാനാവാത്ത വിധം അകലെയാണെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സ്വന്തം പ്രമോഷനും പ്രശസ്തിയും മാത്രമാണ് ഭൂരിപക്ഷവും നോക്കുന്നത്. മറ്റുള്ളവരെ  വായിക്കുകയില്ല ,അതിനെക്കുറിച്ച് എഴുതുകയുമില്ല.റിവ്യൂ എഴുതുന്ന എഴുത്തുകാരില്ലാത്ത ഭാഷയാണ് മലയാളം. സൽമാൻ റുഷ്ദി ,മാർഗരറ്റ് അറ്റ്വുഡ്, വിർജിനിയ വുൾഫ് തുടങ്ങിയ വലിയ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ രചനകളെക്കുറിച്ച് ആവേശത്തോടെ എഴുതിയിട്ടുണ്ട്. റുഷ്ദി എത്രയോ പുസ്തകനിരൂപണങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഓർക്കണം. നമ്മൾ മാത്രമായിട്ട് ഒരു നിലനില്പില്ല. ഒരു എഴുത്തുകാരനും അങ്ങനെ ചിന്തിക്കരുത്. നാം ഒരു ചരിത്രത്തിലാണ്. നമുക്ക് ഒരു പാരമ്പര്യമുണ്ട് .ജോസഫ് മുണ്ടശ്ശേരിയും സി.ജെ. തോമസും  ഇല്ലാതെ കെ.പി.അപ്പനോ എം.എൻ. വിജയനോ ഇല്ല. ആശാനും  വള്ളത്തോളും ഇല്ലാതെ ഒരു ചങ്ങമ്പുഴയോ എ. അയ്യപ്പനോ ഇല്ല. ഈ നൈരന്തര്യം പ്രധാനമാണ്. എഴുത്തുകാർ പൂർവ്വകാല എഴുത്തുകാരെ വായിക്കുകയും എഴുതുകയും വേണം. നമ്മുടെ ഭാഷയിൽ നടക്കുന്ന സാഹിത്യക്യാമ്പുകളിൽ പോലും ബഷീർ അല്ലെങ്കിൽ പൊൻകുന്നം വർക്കി പരാമർശിക്കപ്പെടുന്നില്ല. ചില കഥാകൃത്തുക്കൾ വന്ന് അവരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഓരോ പ്രസംഗവും സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ്. ഇത് നല്ലതല്ല.

റിൽകെ ചൂണ്ടിക്കാട്ടിയത് വലിയ ഒരു മാനത്തെക്കുറിച്ചാണ്. നാം എങ്ങനെയാണ് സത്യത്തെ മെരുക്കാൻ സ്വയം ഒരുങ്ങേണ്ടതെന്ന പാഠമാണത്.  നാം അഭിമുഖീകരിക്കുന്ന സൗന്ദര്യം ഭയാനകമാണ്. അത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ചില കലാകാരന്മാർ രചന നിർവഹിച്ച ശേഷം തൃപ്തി വരാതെ അത് നശിപ്പിക്കുന്നത്. ഡാവിഞ്ചിയുടെ പ്രത്യേകത ഈ തൃപ്തിക്കുറവായിരുന്നു. അദ്ദേഹം ഒരു ചിത്രവും മതിയാവോളം വരച്ചു പൂർത്തിയാക്കിയിട്ടില്ല. ഓർഡർ പ്രകാരം പള്ളിയിൽ നിന്ന് ചിത്രം എടുത്തുകൊണ്ടു പോകാൻ പലപ്പോഴും വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം മിനുക്കിക്കൊണ്ടിരിക്കുകയായിരിക്കും. ഒടുവിൽ പള്ളി അധികൃതർ ആ ചിത്രം ബലമായി എടുത്തുകൊണ്ടു പോവുകയാണ് പതിവ്. 'മോണാലിസ'ലോകപ്രശസ്തമാണല്ലോ. എന്നാൽ അതും ഡാവിഞ്ചി വരച്ച് തീർത്തത് എന്ന് പറയാനാവില്ല. കാരണം അദ്ദേഹത്തിന് വരച്ചു പൂർത്തിയാക്കാനാവില്ല. സൗന്ദര്യത്തെ തന്നെക്കാൾ വലിയ പ്രതിച്ഛായയായി ഉൾക്കൊള്ളുന്ന കലാകാരന്മാരുടെ വിധിയാണിത്.സത്യത്തെ തേടുന്നതിന് മനുഷ്യരുടെ പൊതുവായ ഇടത്തിനപ്പുറത്ത് ,പാറ തുരന്ന് ഒരു നിലത്ത് എത്തണമെന്ന് പറഞ്ഞല്ലോ. അതുപോലെ വലിയ കലാകാരന്മാർ കഷ്ടപ്പെട്ട് ആ ചാലിൽ എത്തുന്നു. അവിടെ അവർ സമാന ഹൃദയമുള്ളവരെ കാണുന്നു.

റിൽകെ പറഞ്ഞ താദാത്മ്യം  മനുഷ്യൻ്റെ അസ്തിത്വപരമായ അറിവാണ്. ചിലപ്പോൾ നമ്മെക്കുറിച്ച് തന്നെ ഓർത്ത് അസ്വസ്ഥനാകേണ്ടിവരും. അത് സൃഷ്ടിപരമായ ആവശ്യമാണ്. ഉത്തരങ്ങൾ നമ്മെ തേടി വരികതന്നെ ചെയ്യും. നമ്മുടെ മനസ്സ് നാം തേടുന്ന ഉന്നതമായ അവസ്ഥയിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്നതിൽ സർഗ്ഗാത്മകത അന്തർഭവിച്ചിരിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് സംഗീതകാരനും ഗീതികാരനുമായിരുന്ന ജോൺ ലെന്നൻ പറഞ്ഞു: "എപ്പോഴും പ്രചോദിപ്പിക്കുന്ന രണ്ട് ശക്തികളുണ്ട് - ഭയവും സ്നേഹവും. ഭയപ്പെട്ടാൽ നാം ജീവിതത്തിൽ നിന്ന് പിന്തള്ളപ്പെടും. നമ്മൾ സ്നേഹത്തിലാണെങ്കിൽ ജീവിതം നല്കുന്ന അഭിനിവേശത്തിലേക്കും അതിശയത്തിലേക്കും  സ്വീകാര്യതയിലേക്കും എത്തിച്ചേരും. പ്രാഥമികമായി ,നാം നമ്മെ തന്നെ സ്നേഹിക്കണം .നമ്മുടെ നേട്ടങ്ങളിലും പരിമിതികളിലും ഒരുപോലെ നമുക്ക് സ്വയം സ്നേഹിക്കാനാവുന്നില്ലെങ്കിൽ, മറ്റുള്ളവരെ സ്നേഹിക്കാനുള്ള പൂർണസിദ്ധിയിലേക്കോ സൃഷ്ടിപരമായ ഔന്നത്യത്തിലേക്കോ  എത്തിച്ചേരനാവില്ല .ജീവിതത്തിന്റെ ഉന്നതിയും പ്രതീക്ഷയുമായിരിക്കുന്നത്  എല്ലാറ്റിനെയും ആലിംഗനം ചെയ്യാൻ പാകത്തിലുള്ള ഭയരാഹിത്യത്തിലും തുറന്ന മനസ്സിലുമാണ്."

ലെന്നൻ അറിയിക്കുന്ന തുറന്ന സ്നേഹവും റിൽകെ ചൂണ്ടിക്കാണിച്ച പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്കുള്ള ഉത്തരവും എത്തിച്ചേരുന്നത് ഒരേ സത്യത്തിലാണ്. രണ്ടു വലിയ മനസ്സുകൾ സത്യത്തിന്റെ നീരൊഴുക്കിൽ യാദൃശ്ചികമായി ഒത്തുചേരുന്നു.വലിയ സിദ്ധിയുടെ അടയാളമാണത്. അവർ സാധാരണ ജീവിതത്തിൻ്റെ ഭൂമിക്കടിയിൽ ശുദ്ധമായി ഒഴുകുന്ന നീർച്ചാലിൽ വന്നു നിൽക്കുന്നു. ദൈവം അവരെ അവിടെ  എത്തിച്ചതാണ്. ലെന്നൻ  സർവാശ്ളേഷിയായ മനസ്സിനെ വാഴ്ത്തുന്നു .റിൽകെ ഉത്തരങ്ങൾ തേടിപ്പോകുന്നതിന് പകരം ഏകാന്തതയിൽ അലട്ടുന്ന പ്രശ്നത്തെ  സ്നേഹിക്കാൻ പറയുന്നു. ഈ സർവ്വമമത ,ഗാനാത്മകത ,ലയം, സത്യത്തോടുള്ള പ്രതിബദ്ധത മഹത്തായ സർഗാത്മകതയിൽ ഉണർവായി വർത്തിക്കുന്നു.



Thursday, July 16, 2026

ഗോവർധൻ്റെ യാത്രകൾ നാഴികക്കല്ല് / എം.കെ.ഹരികുമാർ





'ഖസാക്കിൻ്റെ ഇതിഹാസ'ത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) മലയാളനോവലിൻ്റെ പുതിയൊരു ദിശ ചൂണ്ടിക്കാണിച്ച കൃതി എന്ന നിലയിലാണ് എഴുതിയത്. അതിന് ഇന്നും പ്രസക്തിയുണ്ട്. പിന്നീട്  പുതിയൊരു ഭാഷയും ശൈലിയും സൃഷ്ടിക്കാൻ ശ്രമിച്ച ചിലരൊക്കെ ഖസാക്കിനെ അനുകരിക്കുകയാണ് ചെയ്തത്. ആർക്കും അനുകരിച്ചാൽ കിട്ടുന്നതല്ല 'ഖസാക്കിൻ്റെ ഇതിഹാസം'.അത് എഴുത്തുകാരൻ കലയുടെ അനാസക്തിയിലേക്ക് ,അപാരതയിലേക്ക് ,ധ്യാനത്തിലേക്ക് നിരുപാധികം നടത്തിയ യാത്രയായിരുന്നു. അതേസമയം ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകൾ '(1995) പ്രസിദ്ധീകരിച്ചിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള എഴുത്തുകാരുടെ സംവേദനക്ഷമതയെ ഈ കൃതി സ്പർശിച്ചില്ല എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.മാർകേസ് ,കാഫ്ക ,ബോർഹസ് തുടങ്ങിയവരെപ്പറ്റി പത്രങ്ങളിലെഴുതുന്നവർ കേരളത്തിലുണ്ട്. ഇത് വെറും കാപട്യമാണ്. യഥാർത്ഥത്തിൽ അവരുടെ കൃതികൾ ആസ്വദിച്ചതുകൊണ്ടല്ല എഴുതുന്നത്; അവർക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ളതുകൊണ്ടാണ് .ഈ മലയാളലേഖകർക്ക് ശരിയായ സാഹിത്യഭാവുകത്വം ഉണ്ടായിരുന്നെങ്കിൽ അവർ ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' വായിക്കുമായിരുന്നു, എഴുതുമായിരുന്നു.

ഇതുപോലൊരു നോവൽ പിന്നീട് ഇവിടെ എഴുതപ്പെട്ടിട്ടില്ല.വളരെ ഉന്നതമായ ഒരു ക്രാഫ്റ്റും ശൈലിയും ഭാഷയുമാണ് ആനന്ദ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ എഴുത്തിന്റെ വർത്തമാന മുഖമാണിത്.  ഇത് പുരാതനവും സമകാലികവുമായ ഇന്ത്യയുടെ ആഴത്തിലുള്ള അന്വേഷണമാണ്. നീതിയുടെ വഴിയിൽ സഞ്ചരിച്ച് ,ഉടുവസ്ത്രം നഷ്ടപ്പെട്ട്  അനാഥനായി നിൽക്കുന്ന കഥാപാത്രമാണ് ഇതിലുള്ളത് .ഗോവർധൻ എന്ന ആ കഥാപാത്രം ഇന്ത്യൻ ആത്മാവിൻ്റെ പ്രാചീനമായ മുറിവുകൾ ഏറ്റെടുക്കുന്നു. മാധ്യമങ്ങളും വ്യവഹാര സ്ഥാപനങ്ങളും സൃഷ്ടിച്ച പുറംമോടിയുള്ള ഇന്ത്യയ്ക്ക്  വിരുദ്ധമായി നിസ്സഹായന്റെ ദുഃഖം നിറഞ്ഞൊഴുകുന്ന കൃതിയാണ് 'ഗോവർധൻ്റെ യാത്രകൾ'.

നീതി ഒരിടത്തും ലഭിക്കുന്നില്ല എന്നതിനപ്പുറത്ത് അനീതി നിരുപാധികമായി വന്നു പതിക്കുകയാണ്. അനീതിയെക്കുറിച്ച് പറയാൻ ഒരിടവുമില്ല .നീതി നടപ്പാക്കുമെന്ന് വിശേഷിപ്പിപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും പരാതിക്കാരനെ ശിക്ഷിക്കാൻ എന്താണ് വഴിയെന്ന് അന്വേഷിക്കുകയാണ് .പരാതി പറയാൻ ചെല്ലുന്നവൻ കുറ്റവാളിയാവുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന അവസരമാണ് നോവലിലുള്ളത്. കുറ്റകൃത്യങ്ങൾ കണ്ട് നിസ്സംഗനാവുകയും അതിൻ്റെ പേരിലുള്ള വേദനയും നിരാശയും ഒറ്റയ്ക്ക് അനുഭവിക്കുകയും ചെയ്യുന്നു. ഒരുവനിൽ ബാക്കിയാവുന്നത് ഭൂമിയുടെ അടിയിലേക്ക് വരെ തുളച്ചു കയറാൻ ശേഷിയുള്ള നിശബ്ദത മാത്രമാണ്.

ഈ കഥാപാത്രത്തെ സൃഷ്ടിച്ച ഭാരതേന്ദു ഹരിച്ഛന്ദ്ര ,താൻ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് അയാളെ പാർപ്പിച്ചിരിക്കുന്ന തടവറയിൽ ചെന്ന് തുറന്നു വിടുന്നു.ഒരു നാടകമെഴുതിയത് കൊണ്ട് തെറ്റുകളോട് സമരം ചെയ്തു എന്ന് കരുതേണ്ട .നിരപരാധിയെ കൊലയ്ക്ക് കൊടുത്താൽ അതിൻ്റെ പേരിൽ കുറ്റബോധമുണ്ടാകും. നാടകകൃത്തിന് കഥാകൃത്തിനെ കൈയൊഴിയാനാവില്ല .കഥാപാത്രവും ജീവിക്കുകയാണ്. അവർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അതുകൊണ്ടാണ് ഭാരതേന്ദു  ഗോവർദ്ധനെ മോചിപ്പിക്കുന്നത്. തൻ്റെ നാടകത്തിൽ നിന്ന്  ദുരന്തവാഹകനായ ഒരു കഥാപാത്രത്തെ മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നാടകത്തിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്. നാടകത്തിൻ്റെ സാങ്കല്പികലോകത്ത് നിന്ന് ഗോവർധൻ യഥാർത്ഥ ലോകത്തിലേക്കാണ് എത്തിച്ചേരുന്നത്.എന്നാൽ പിന്നീട് അയാൾക്ക് ആരാണ് തുണയായുള്ളത്? അയാൾക്ക് ആരെയും സ്വയം പരിചയപ്പെടുത്താൻ പോലുമാവില്ല .അതിനു വിശ്വസനീയതയുണ്ടാവില്ല. നമ്മളും ആരുടെയെങ്കിലുമൊക്കെ കഥാപാത്രമാണെന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടും. ഒരു കഥാപാത്രമാവുകയെന്ന വിധിയാണ് നമുക്കുള്ളതെങ്കിൽ ,അതിൽ നാമെന്ത് മാറ്റം വരുത്തിയാലും അതിൻ്റെ ആത്യന്തികമായ വിധിയിൽ നിന്ന് മോചനം കിട്ടുകയില്ല.നമ്മൾ നാടകകൃത്തിനോട് കയർത്താലും രക്ഷയില്ല. അപ്പോൾ നാടകകൃത്തിന് നമ്മെ രക്ഷിക്കാനാവില്ല. നാടകകൃത്തിൻ്റെ കഥയ്ക്കുള്ളിൽ നാം എന്നന്നേക്കുമായി തളച്ചിടപ്പെടുകയാണ് ചെയ്യുന്നത് .വല്ലാത്തൊരു ശൂന്യതയാണ് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരതേന്ദുവിൻ്റെ കഥാപാത്രത്തിന്റെ പിന്നാലെ അലയുന്ന ആനന്ദ് നോവലിൽ എഴുതുന്നത് ഇതാണ്:" ഭയാനകമായ ഒരു ശൂന്യത ഭാരതേന്ദുവിനെ വലയം ചെയ്തു. അദ്ദേഹം ജനലിൽ ചെന്ന് കമ്പികൾ പിടിച്ചു പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടും തണുപ്പും കൂടിക്കലർന്ന് ഉറയ്ക്കുകയാണ്.കോഠിയിൽ ഭാരതേന്ദുവിൻ്റെയൊഴിച്ച് എല്ലാ മുറികളിലും വിളക്ക് അണഞ്ഞിരിക്കുന്നു.വീട്ടുകാരും വേലക്കാരും ഉറങ്ങിയിരിക്കുന്നു. വിശാലവും കട്ടിയുള്ളതുമായ ഉറക്കം എല്ലാവരുടെയും മേൽ വീണു കിടക്കുന്നു. മനുഷ്യൻ, മൃഗങ്ങൾ, മരങ്ങൾ എല്ലാത്തിന്റെയും. ഒന്നു മാത്രം ഉണർന്നിരിക്കുന്നു :നിയമം. നിരപരാധികളെ ശിക്ഷിക്കുന്ന നിയമം. തണുപ്പും ഇരുട്ടും അതിനെ ബാധിക്കുന്നില്ല. അഥവാ, അതുതന്നെയല്ലേ തണുപ്പും ഇരുട്ടും?"

എല്ലാത്തിന്റെയും മേൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്രൂരമായ നിയമം നോട്ടമയച്ച് കാത്തുനിൽക്കുകയാണ്. ഒന്ന് അനങ്ങുകയേ വേണ്ടൂ,നിയമം ചാടി വീണിരിക്കും. നിയമത്തിന്റെ ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതിനനുസരിച്ച് വിധിയും ആളുകളുടെ മുഖമനുസരിച്ച് മാറുന്നതാകരുതെന്നാണ് രാജാവിൻ്റെ ശാസന. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ നിരപരാധിയാണോ എന്നീ വിഷയങ്ങൾ നിയമത്തിൻ്റെ നിഷ്പക്ഷതയുടെ മുന്നിൽ നിലനിൽക്കുന്നില്ല എന്നാണ് രാജാവ് പറയുന്നത് .നിയമത്തിന് ഒരു ഇരയെയാണ് വേണ്ടത്. അയാളെ ശിക്ഷിക്കുകയാണ് ആത്യന്തികമായ കർത്തവ്യം. ഇതിനിടയിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട ഗോവർധനെ അന്വേഷിച്ച് മഹംത് എത്തുന്നുണ്ട്, ഭാരതേന്ദുവിൻ്റെ ബംഗ്ലാവിൽ.

എന്നാൽ ഭാരതേന്ദു ഒരു നാടകകൃത്ത് മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചത് കൊണ്ട് അവരെ എന്തും ചെയ്യാമെന്ന് കരുതരുത് .ഒരാളുടെ നീതിയെക്കുറിച്ചുള്ള ബോധമാണ് കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നാടകകൃത്തു തൻ്റെ മാനുഷികതയെ ഒരു പരീക്ഷണ വസ്തുവാക്കുകയാണ്. അപ്പോൾ ഭാരതേന്ദുവിന് നിരപരാധിയായ ഗോവർധനെ നീതിപീഠത്തിന്റെ ക്രൂരതയ്ക്ക് എറിഞ്ഞ് കൊടുക്കേണ്ടി വന്നു .നീതിക്ക് കണ്ണില്ല. അതുകൊണ്ട് ആരാണോ കുറ്റവാളിയായി മുന്നിൽ വരുന്നത്, അവനെ അത് ശിക്ഷിക്കും! .നാടകകൃത്തിന് തന്റെയുള്ളിലെ മുറിവായി കഥാപാത്രം മാറുകയാണ്. അതുകൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായി. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:ഗോവർധനെ എന്റെ പേനയിൽ നിന്ന് ഞാൻ ഇറക്കി വിട്ടു. എൻ്റെ പേനയുടെ മഷിയിൽ നിന്നെന്നപോലെ, സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി, എവിടത്തെയും എക്കാലത്തെയും ഗോവർദ്ധനാണ് ഇന്ന് അവൻ. അവൻ  നിങ്ങളുടെ സഹായം ചോദിച്ച് കരഞ്ഞു കൊണ്ടിരിക്കും ,തീർച്ച. നിങ്ങളുടെ ധർമ്മം അവനെ രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടുമിരിക്കും. പക്ഷേ നിങ്ങൾ കണ്ടുമുട്ടുകയില്ല."

ഭാരതേന്ദു പറയുന്നതിൽ നിന്ന് വ്യക്തമാവുന്നത് ഗോവർധൻ കേവലം ഒരു കഥാപാത്രമല്ലെന്നും നിരപരാധിയാണെങ്കിലും ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു മനുഷ്യനാണെന്നുമാണ്. അയാൾ പല പേരുകളുള്ള മനുഷ്യരായി പലയിടത്തും കാണും. സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി എന്ന പ്രസ്താവം  സാർവകാലികകമായ ഒരു മനുഷ്യാവസ്ഥയെയാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യാസ്തിത്വത്തെക്കുറിച്ച് സനാതനമായ ഒരു വെളിപ്പെടുത്തൽ നടത്താനാണ് ഭാരതേന്ദു ആലോചിച്ചത്. വിധിയെ ഒരു സർവതലസ്പർശിയായ അനുഭവമായി പരിഗണിക്കണം. അതിൻ്റെ പൊരുൾ വ്യക്തമല്ല. വിധിയുടെ യുക്തി,വിന്യാസം, നീതി എന്നീ കാര്യങ്ങൾ എല്ലാവർക്കും അജ്ഞാതമാണ് .എവിടത്തെയും എക്കാലത്തെയും ഗോവർധനാണ് അവൻ എന്ന് പറയുന്നതോടെ ഭാരതേന്ദുവിൻ്റെ കഥാപാത്രത്തെ ഏതുകാലത്തും ഏതു സമയത്തും പ്രതീക്ഷിക്കാം. അവൻ നമ്മുടെ മുന്നിൽ യാദൃശ്ചികമായി പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ ഉണ്ടായിരിക്കും. ഗോവർധൻ ഓരോ  വാതിലിലും വന്നു മുട്ടുന്നുണ്ടാവണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതിന്റെ ദുരന്തം അയാൾ ആരോടൊക്കെയോ പറയാൻ ഓടുകയാണ്. അയാൾ തന്നെയാണ് പലരിലുമുള്ളത്. അയാളെപ്പോലെ അനേകം പേരുണ്ട്. അങ്ങനെ അത് മനുഷ്യാവസ്ഥയുടെ കേന്ദ്ര അനുഭവമായിത്തീരുന്നു. അവൻ്റെ കരച്ചിലും അനാഥമായ യാത്രയും ഒരുവശത്ത് അനന്തമായി നീങ്ങുന്നു. അവൻ ഒരു വലിയ ശ്രംഖലയിലെ കണ്ണിയാണ് .അവല്ലെങ്കിൽ മറ്റൊരാൾ അവൻ്റെ വിധി ഏറ്റെടുത്ത്  നീങ്ങുന്നുണ്ടാവും.

ധർമ്മം ഒരു സ്ഥാപനത്തെ പോലെയാണ് .അത് സ്ഥാപനത്തിൻ്റെ ഔപചാരികതകളാണ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും അവിടങ്ങളിലേക്ക് വരുന്ന മനുഷ്യർക്ക് നീതി കൊടുക്കുക എന്നതിനപ്പുറത്ത് അവയുടെ നിയമപരവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും അത് ക്രമപ്പെടുത്തി വയ്ക്കാനുമാണ് തിടുക്കപ്പെടുക. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നതോടെ ധർമ്മത്തിന്റെ ജോലി മിക്കവാറും അവസാനിക്കും. ധർമ്മത്തിന് രക്ഷിക്കാനൊന്നുമില്ല. ധർമ്മത്തിന്റെ മുന്നിൽ വരുന്നവൻ യോഗ്യനാണോ എന്ന് മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയാണ് മുഖ്യമായി ചെയ്യുക. ധർമ്മം കിട്ടാതെ ഒരാൾ മടങ്ങുന്നത് യാതൊരു വ്യസനവുമുണ്ടാക്കുന്നില്ല. അയാൾ അതിന് അർഹനല്ലെന്ന കുറിപ്പ് എഴുതിയാൽ ധർമ്മം ഭാവി പ്രവചിക്കുന്നയാളുടെ തത്തയെപ്പോലെ തിരിച്ചു കൂട്ടിൽ കയറിക്കൊള്ളും. 

നമുക്ക് യുക്തിയിൽ വിശ്വസിക്കാം; എന്നാൽ യുക്തിക്ക് നമ്മളിൽ വിശ്വാസമുണ്ടാവുകയില്ല .കാരണം യുക്തി നമ്മെ തന്നെ റദ്ദാക്കി കളയും. യുക്തിയോടെ തിരഞ്ഞാലും യുക്തി തന്നെ നമ്മെ പുറത്താക്കി കൊണ്ടിരിക്കും. എന്തിനാണ് നാം പീഡിപ്പിക്കപ്പെടുന്നതെന്ന് ആരും പറഞ്ഞുതരികയില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ അത് നമുക്ക് മനസ്സിലാവുകയില്ല .യുദ്ധം ചെയ്യുന്നതുപോലും എന്തിനെന്ന് ഭടന്മാർ അറിയണമെന്നില്ല. അവർ തല വെട്ടുന്നതും ബലാത്സംഗം ചെയ്യുന്നതും യുക്തിപൂർവ്വമായാണ്. തല വെട്ടാൻ കൈ ഉയർത്തണമെന്നും തല വേർപെണമെന്നും യോദ്ധാവിന് നിശ്ചയമുണ്ട്. എന്നാൽ എന്തിനാണ് ഒരു കുറ്റം ചെയ്തുവെന്ന് ബോധ്യമില്ലാത്ത ഒരാളെ കൊല്ലുന്നതെന്നോ, അയാളെ കൊന്നശേഷം തനിക്ക് എന്താണ് അതിൽ നിന്ന് കിട്ടുന്നതെന്നോ ചിന്തിച്ചാൽ പിടികിട്ടുകയില്ല .ഒരു യുക്തിക്ക് തല വെട്ടാം; എന്നാൽ അത് എന്തിനാണെന്ന് ബോധ്യപ്പെടാനാണ്  പ്രയാസം. ഗോവർധന്റെ സഹോദരനായ അലിദോസ്ത് യുദ്ധം ചെയ്തത് എന്തിനെന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് അത് പരമാവധി വൃത്തിയായി ചെയ്തു.

അലിദോസ്ത് ഒരു പട്ടാളക്കാരനായി മാറിയതോടെ അയാളുടെ മുൻഗണനാക്രമങ്ങൾക്ക് മാറ്റം സംഭവിച്ചു.അയാൾ സ്വാതന്ത്ര്യമാണ് ആഘോഷിച്ചത് .അങ്ങനെയേ അയാൾക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുമുമ്പ് അയാൾ മാലിക്കിന്റെ അടിമയായിരുന്നു .അയാൾ തൻ്റെ ചക്രവർത്തിയെ ആദരിച്ചു. യുദ്ധത്തിൽ  പങ്കെടുക്കുക മാത്രമല്ല, അത് കഴിഞ്ഞ് അവിടെ കുടുംബമുണ്ടാക്കി താമസിക്കുകയും ചെയ്യുമായിരുന്നു.മറ്റൊരു യുദ്ധം വരെയാണ് അയാളുടെ പാർപ്പ് .ഗുജറാത്തിലെ ഒരു സുൽത്താൻ, അലിയുടെ ഹൃദയത്തിലെ 'വികാരരഹിതമായ നൈർമല്യം' കണ്ടെത്തി. എന്താണ് ആ നൈർമല്യം?പടക്കളത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി വാളേന്തിയ ഒരു സാധാരണ ഭടനല്ല അലിദോസ്ത്; അയാൾ തനിക്ക് ഒരു ദ്രോഹവും ചെയ്യാത്തവനെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് കിടന്നവനെയും കൊന്നുതള്ളി. അതാണ് സുൽത്താന് അയാളോട് താൽപര്യം തോന്നാൻ കാരണം .അലിദോസ്തിന് സ്ഥാനക്കയറ്റം കിട്ടാൻ അത് കാരണമായി .അലിദോസ്തിന് സുൽത്താൻ്റെ കൊട്ടാരത്തിൽ വേറൊരു ജോലിയുണ്ടായിരുന്നു. "യുദ്ധത്തിൽ പിടിച്ചുകെട്ടി കൊണ്ടുവന്ന പ്രധാന വ്യക്തികളുടെ തലകൾ അറുത്തു കളയുവാനും കൈകാലുകൾ ഛേദിച്ചുകളയുവാനും വരിയുടയ്ക്കുവാനും അവരെ കുന്തത്തിൽ കയറ്റുവാനും തൂണിൽ കെട്ടി കത്തിക്കുവാനും ഒക്കെ നിയുക്തനായി അയാൾ."

ഇവിടെ അയാളെ രക്ഷിച്ചത് യുക്തിയാണ്. അയാൾ ഒരു ഭടനാണത്രേ.ഭടന് കൊല്ലാതിരിക്കാനാവില്ലല്ലോ. കൊന്നാലും ആരും അത്ഭുതപ്പെടില്ല .തന്റെ മുന്നിൽ എത്തിയ ഇരകൾ ആരാണെന്ന് അയാൾ അന്വേഷിക്കാറില്ലായിരുന്നു. ഇതായിരുന്നു അയാളുടെ വികാരരഹിതമായ നൈർമല്യം! .എന്താണ് കുറ്റമെന്ന് അയാൾ തിരക്കാതിരിക്കുന്നതും അതുകൊണ്ടാണ് .അവർ നിരപരാധിയോ കുറ്റവാളിയോ ആയിരുന്നാലും അലിദോസ്തിന് ഒരുപോലെയാണ്. നിരപരാധിയാവുക എന്നത് വെല്ലുവിളിയാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനാകില്ല എന്ന പ്രശ്നമാണതിലുള്ളത് .



ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ /എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ 

അക്ഷരജാലകം 

പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!


Sunday, May 17, 2026

പ്രഭാഷകൻ്റെ മൂല്യം നിശ്ചയിക്കുന്നത് അനീതിയോടുള്ള എതിർപ്പ്: എം.കെ.ഹരികുമാർ


ശിവഗിരി മഠവും മാവേലിക്കര ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച  സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനത്തിൽ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു. സച്ചിദാനന്ദ സ്വാമി ,അവ്യയാനന്ദ സ്വാമി ,ജോർജ് തഴക്കര ,അജയൻ പനയറ, ബാബു പാക്കനാർ ,സന്തോഷ് കുമാർ എന്നിവർ സമീപം .




സുകുമാർ അഴീക്കോട് ജന്മശതാബ്ദിയിൽ ശിവഗിരിയിൽ ചെയ്ത പ്രസംഗം 



ശിവഗിരി: അനീതിയെ എതിർക്കാൻ വേണ്ടിയാണ് സുകുമാർ അഴീക്കോട് പ്രസംഗിച്ചതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി മഠവും മാവേലിക്കരയിലെ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരിയിൽ  സംഘടിപ്പിച്ച സുകുമാർ അഴീക്കോട്  ജന്മശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: അഴീക്കോടിൻ്റെ പ്രഭാഷണത്തിന് മൂല്യമുണ്ടാകുന്നത് അദ്ദേഹം കൂടുതൽ നേരം പ്രസംഗിച്ചത് കൊണ്ടല്ല; കൂടുതൽ വേദികളിൽ പ്രസംഗിച്ചത് കൊണ്ടല്ല ;കൂടുതൽ കാലം പ്രസംഗിച്ചതുകൊണ്ടുമല്ല. അഴീക്കോടിൻ്റെ പ്രസംഗം പ്രസക്തമാകുന്നത് അദ്ദേഹം നമ്മുടെ മനസ്സാക്ഷിയെ പ്രകാശനം ചെയ്യുന്നതു കൊണ്ടാണ് .നമ്മൾ പറയേണ്ടത് അദ്ദേഹം പറയുകയാണ്. നമുക്ക് പറയണമെന്നുണ്ടായിരുന്നു.അത്  അദ്ദേഹം പറയുകയാണ് .നമ്മളിൽ ഉണ്ടായിരുന്ന നേര് ,അദ്ദേഹം പറയുമ്പോഴാണ് നാം തിരിച്ചറിയുന്നത്. അതുകൊണ്ട് അത് സമൂഹത്തിന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന പ്രഭാഷണമാണ്. അത് കാലത്തിൻ്റെ ആത്മാവായി മാറുന്നു. അനീതിയെ എതിർക്കുക എന്ന ആശയമാണ് അദ്ദേഹം മുറുകെ പിടിച്ചത്. തെറ്റിനെ മൂടിവയ്ക്കുന്നവൻ പ്രഭാഷകനല്ല. 

1991 ൽ എനിക്ക് 'അങ്കണം' അവാർഡ് ലഭിച്ച സന്ദർഭത്തിലാണ്  അഴീക്കോടിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ ആ അവസരത്തിൽ വീട്ടിൽ പോയി കണ്ടു. എനിക്ക് അന്ന് അവാർഡ് തന്നത് അഴീക്കോടായിരുന്നു. ആ പ്രസംഗത്തിൽ അദ്ദേഹം അവാർഡിനർഹമായ എൻ്റെ കൃതി 'മനുഷ്യാംബരാന്തങ്ങളെ'പ്പറ്റി ഉണ്ടായ ബഹളങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. 'മനുഷ്യാംബരാന്തങ്ങൾ' എന്ന ഗ്രന്ഥനാമം ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു പ്രൊഫസറെ അമ്പരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തിൽ നിന്നുള്ള കുറിപ്പുകൾ എഴുതി തൻ്റെ ജബയുടെ പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വന്നത്. പുസ്തകത്തിലെ ഒരു വാചകം ഉദ്ധരിച്ചത് ഓർക്കുന്നു: "മനുഷ്യജീവിതം പ്രലോഭനങ്ങളുടെ കൂടാണ്"- തുടർന്ന്   ഇതാണ് സാഹിത്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴീക്കോട് അദ്വൈതത്തിന്റെ ഉദ്ഘോഷകനായിരുന്നു. ഈ പ്രപഞ്ചവുമായി മനുഷ്യാത്മാവിന് യാതൊരു ഭേദവുമില്ല എന്ന ഉപനിഷത്  ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു.

ശ്രീനാരായണഗുരുവിനെക്കുറിച്ച് രണ്ട് സന്ദർഭങ്ങളിലായി അദ്ദേഹം എന്നോട് പറഞ്ഞ ആ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്. ഒന്നാമത്തേത് , ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനത്തെക്കുറിച്ചാണ്. ഇങ്ങനെ ഒരു പ്രസ്താവന ചെയ്യാൻ ഹൃദയത്തിൽ അദ്വൈതാനുഭൂതി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം അറിയിച്ചു .മറ്റൊരു നിരീക്ഷണം അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചാണ്. അരുവിപ്പുറത്ത് നടന്ന പ്രതിഷ്ഠ പാരമ്പര്യത്തെ ധിക്കരിക്കുന്നതായിരുന്നു. ആറ്റിൽ നിന്ന് ഒരു കല്ലെടുത്ത് വച്ച ശേഷം അത് ശിവനാണെന്ന് പ്രഖ്യാപിക്കുന്നു. ആ ശിവപ്രതിഷ്ഠ പല പ്രമാണിമാരെയും ചൊടിപ്പിച്ചു. ചിലർ  ചോദ്യം ചെയ്തു .അപ്പോൾ അവരോട് ഗുരു പറയുന്നു: ഇത് നമ്മുടെ ശിവനാണെന്ന്! ശിവനെ ഗുരു മോചിപ്പിക്കുകയാണ് .സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു.അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യവത്ക്കരിക്കുന്നു. 
ഗുരുവിൻ്റെ ഈ പ്രസ്താവന ചരിത്രത്തിൽ ആദ്യത്തേതാണ്.  ചരിത്രത്തിൽ ഒരിക്കലും ഇതുപോലൊരു സന്ദർഭം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആ മറുപടി സർഗാത്മകമാണ്. മറ്റാരും അതുപോലൊരു മറുപടി നൽകുകയില്ല. സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു. അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യപരമാക്കുന്നു. ജനാധിപത്യം  എന്നാൽ തുല്യത വരുത്തുക എന്നാണർത്ഥം. എല്ലാവർക്കും ഒരുപോലെ അവകാശമുള്ളതാക്കുക . ദൈവത്തിൻ്റെ കാര്യത്തിലുള്ള ഈ ജനാധിപത്യവൽക്കരണം ജാതിചിന്തകൾ കൊണ്ട് കളങ്കിതമായ ഒരു സമൂഹത്തിൽ വളരെ പ്രധാനമാണ്. 

ഒരു വിമർശകനെന്ന നിലയിൽ അഴീക്കോട് പുനർമൂല്യനിർണയം എന്ന ആശയത്തിന്റെ വക്താവായിരുന്നു. എഫ്. ആർ. ലിവിസ് എഴുതിയ Revaluation : Tradition and Development in English Poetry എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു. ഒരു കൃതിയെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള ആസ്വാദനചിന്തകൾ അതേപടി ഏറ്റുപാടരുത് .യുക്തിയെ പുനർമൂല്യവിചാരണ നടത്തണം.  പുതിയ മൂല്യം അന്വേഷിക്കണം .ഒരു കൃതിയെ ഇങ്ങനെ പുനർമൂല്യവിചാരം ചെയ്യുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്ന് അഴീക്കോട് വാദിച്ചു. ഭാവുകത്വം മലിനമായിത്തീരും. അതിനെ നവീകരിക്കേണ്ട ഉത്തരവാദിത്വം വിമർശകനുള്ളതാണ്.ടി.എസ്.എലിയറ്റിൻ്റെ ഒരു നിരീക്ഷണം കൂടി കാണണം. വായനക്കാർക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് എല്ലാം ശരിയാകണമെന്നില്ല. അവരുടെ വീക്ഷണത്തിൽ തകരാർ സംഭവിക്കുമ്പോൾ അത് തിരുത്താൻ വിമർശിക്കാൻ തയ്യാറാവണം .

അഴീക്കോടും മുണ്ടശ്ശേരിയും മാരാരും ചേർന്ന വിമർശകത്രയമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ വിമർശനത്തിലെ ഒരു പ്രധാന ആകർഷണം. മുണ്ടശ്ശേരിയും മാരാരും അഴീക്കോടും എഴുത്തച്ഛൻ്റെ കാര്യത്തിൽ മൗനം പാലിച്ചു. എന്നാൽ ഇവർ മൂന്നു പേരും ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയെ  വിമർശിക്കുകയാണ് ചെയ്തത്.ശങ്കരക്കുറുപ്പിൻ്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ  മുണ്ടശ്ശേരി അദേഹത്തിൻ്റെ കവിതയെ  വിമർശിച്ചപ്പോൾ തകഴി അദ്ധ്യക്ഷനായിരുന്നു. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടേണ്ട കവിയാണെന്ന  നിലപാടായിരുന്നു മാരാർക്കുമുണ്ടായിരുന്നത്.  അദ്ദേഹമാണ് അഴീക്കോടിൻ്റെ പുസ്തകത്തിന് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന പേര് നിർദ്ദേശിച്ചത്.

അഴീക്കോടിൻ്റെ ജന്മശതാബ്ദി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയോട് ആദരവ് പ്രകടിപ്പിക്കാൻ ഈ നാട്ടിൽ വിപുലമായ ഒരു ഒരുക്കം നടന്നില്ല എന്നത് ഖേദകരമാണ്- ഹരികുമാർ പറഞ്ഞു. സച്ചിദാനന്ദ സ്വാമി,അവ്യയാനന്ദ സ്വാമി, ജോർജ് തഴക്കര ,ഡോ. അജയൻ പനയറ ,ബാബു  പാക്കനാർ ,സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


Monday, September 1, 2025

മഴയുടെ ആന്തരരാഗം /എം.കെ.ഹരികുമാർ

 

അക്ഷരജാലകം
m k harikumar 

 


 


വർഷത്തിൽ എട്ടുമാസം മഴ ലഭിക്കുന്ന കേരളത്തിൽ മഴ ഒരാത്മീയ, സാംസ്കാരിക  അനുഭവമായിട്ടില്ല .മൺസൂൺ ടൂറിസം എന്നൊക്കെ പറയാൻ സമീപകാലത്ത് ചില റിസോർട്ട് ഉടമകളാണ് മുന്നോട്ടുവന്നത്. മഴ നമുക്ക് ദുഃഖവും സന്തോഷവുമാണ്.മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിൻ്റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.  മഴയുടെ ഫലമായി ഉണ്ടാകുന്ന ഉരുൾപൊട്ടൽ ,നദി കരകവിയിൽ, ഒഴുകിപ്പോകൽ, വെള്ളപ്പൊക്കം തുടങ്ങി എത്രയോ ദുരനുഭവങ്ങൾ കണ്ടവരാണ് നാം. അതെല്ലാം പ്രകൃതിയുടെ സങ്കടമായിരുന്നു. പ്രകൃതിയോട് നമുക്ക് നേരെയാകാൻ പ്രാർത്ഥിക്കാനേ പറ്റൂ. എന്നാൽ മഴയുടെ നല്ല അനുഭവത്തെ അതിൽ മുക്കി കൊല്ലേണ്ടതില്ല. മഹാസമുദ്രം പോലെയുള്ള വെള്ളത്തിൻ്റെ ബൃഹത്തായ സാന്നിധ്യത്തിൽ ഒരു തുള്ളി എന്ന ഹൃദ്യമായ സാന്ത്വനം അടങ്ങിയിരിക്കുന്നു .

ജീവിതത്തിനു അർത്ഥം 

ഒരു തുള്ളി വെള്ളത്തിനു എത്രയോ  പ്രാധാന്യമുണ്ട്. രോഗികൾക്ക് മാത്രമല്ല, കടുത്ത വേനലിൽ കഴിയുന്നവർക്കും ഒരു തുള്ളി വെള്ളത്തിൻ്റെ വിലയറിയാം. ഒരു കടലിൽ ,മഴയിൽ അന്തർലീനമായ ദൈവബിന്ദുവാണ്  ഒരു തുള്ളി .അത് കവിതയാണ്. പുൽക്കൊടിയിൽ താഴേക്ക് വീഴാനായി തങ്ങിനിൽക്കുന്ന ഒരു തുള്ളിയെ താൻ കണ്ടിട്ടില്ലെന്നും അത് മനസ്സിലാക്കാൻ വൈകിയെന്നും പരിതപിച്ചത് മഹാസംവിധായകനായ സത്യജിത് റായിയാണ് .ലോകത്ത് ധാരാളം സഞ്ചരിച്ചതുകൊണ്ട് വീടിനു തൊട്ടടുത്തുള്ള വിസ്മയകരമായ കാഴ്ചയെക്കുറിച്ച് അറിയണമെന്നില്ല. ലോകപ്രശസ്തമായ മൃഗസങ്കേതങ്ങളും കാഴ്ചബംഗ്ളാവുകളും സന്ദർശിച്ചതുകൊണ്ട്, ഒരു പൂച്ചക്കുട്ടി സ്നേഹത്തോടെ നമ്മുടെ നെഞ്ചിലേക്ക് കയറി വന്ന് എന്താണ് പറയുന്നതെന്ന് അറിയണമെന്നില്ല .സ്നേഹത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും അർത്ഥം അതിലുണ്ട്. സ്നേഹിച്ച ഒരു പൂച്ചക്കുട്ടിയെ നഷ്ടപ്പെടുമ്പോൾ എത്രയോ വിലയേറിയ ഓർമ്മകൾ ശേഷിക്കുന്നുണ്ടാവും. അത് അഗ്നിയിൽ കത്തിയെരിയുന്ന വിറകു പോലെ മനസ്സിലുണ്ടാവും. അതാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്. ശോകാത്മകമായ ഒരു ബിന്ദുവിൽ, ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുപോലെ  മനസ്സ് ആയിത്തീരുന്ന അവസ്ഥ. മറ്റൊന്നിനോടുള്ള സ്നേഹമാണ് അതിനു കാരണം. അതാകട്ടെ മനുഷ്യമനസിന്റെ അടിത്തട്ടിൽ ഒഴിഞ്ഞു കിടക്കുന്നതായിരുന്നു; ആരാലും ഉണർത്തിയതല്ല. ഒരു നിമിഷത്തിൽ ജീവിതത്തിൻ്റെ ചൂടും നഷ്ടവും വേവും സങ്കടവും അറിയിക്കാനായി പ്രപഞ്ചം ഒരുക്കിയ ഒരു പദ്ധതിയാണത്.

മഴ മനസ്സിൽ 

മനുഷ്യർക്ക് വെട്ടിയിട്ട തടി പോലെയോ, കെട്ടിക്കിടക്കുന്ന വെള്ളം പോലെയോ ജീവിക്കാം .അപ്പോൾ ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണെന്നു ചിന്തിച്ചാൽ  ഒന്നും പിടികിട്ടില്ല .സ്വയം ആരായുന്നതാണ് മഹത്തരമായത്. സ്നേഹത്താൽ ബന്ധിച്ചത് എന്തിനായിരുന്നുവെന്നു തീവ്രമായി ആലോചിക്കാം. യാദൃശ്ചികമായി  കണ്ടുമുട്ടിയ ഒരു ജീവിയെ നഷ്ടപ്പെടുമ്പോൾ അതിൻ്റെ സ്നേഹത്തീയിൽ, ഓർമ്മയിൽ വെന്തുരുകുമ്പോഴാണ് നാം ജീവിച്ചത് ജീവിതമാണെന്നു അറിയുന്നത്.

ഒരു വലിയ ശബ്ദം എത്ര ഭയാനകമാണ്. അത് കർണപുടങ്ങളെ തകർത്തേക്കാം. എന്നാൽ ആ ശബ്ദത്തിന്റെ പ്രപഞ്ചത്തിന്റെ കനത്തിനുള്ളിലാണ് ഓങ്കാരം  ചേർന്നിരിക്കുന്നത്. ഓങ്കാരത്തെ വേർതിരിച്ച് മനസ്സിലാക്കണമെങ്കിൽ പ്രാണസൗഖ്യത്തോടെ അതിൻ്റെ പിന്നാലെ അലയണം .എപ്പോഴെങ്കിലും ഒരു ഒറ്റപ്പെട്ട നിമിഷത്തിൽ, ശബ്ദത്തിന്റെ ആരോഹണത്തിൽ നിന്നുത്ഭൂതമാകുന്ന ലയത്തിൽ ഓങ്കാരം എന്ന ശാബ്ദികബ്രഹ്മത്തിന്റെ സർവാതിശായിയായ സൗഖ്യം അനുഭവിക്കാനായേക്കും. അതുപോലെയാണ് മഴയും. കോരിച്ചൊരിയുന്ന മഴ നമുക്ക് അപരിചിതമല്ല. ന്യൂനമർദ്ദവും കാലവർഷവും നാം അനുഭവിക്കുന്നു. മഴയുടെ ഇടവേളകളിൽ കട്ടിയുള്ള  വെയിൽ പരപ്പുകൾ കാണാറാകുന്നതാണ് ആഗസ്തിന്റെ പ്രത്യേകത. മഴ പെയ്തും വെയിൽ വിരിഞ്ഞും വീണ്ടും മഴ പെയ്തും ഒരു താളത്തിൽ പോവുകയാണ് ആഗസ്ത്. മഴയെ അറിയുന്നവരും കേൾക്കുന്നവരും തൊടുന്നവരും സ്വപ്നം കാണുന്നവരുമുണ്ട്. മഴ ആകാശത്തിലല്ല മനസ്സിലാണ് പെയ്യുന്നതെന്ന് ചിന്തിക്കുന്നവരുണ്ട്. മഴയ്ക്ക് വേറെയും മാനങ്ങളുണ്ട് . കലാകാരന്മാരുടെയും കവികളുടെയും വിമർശകരുടെയും വ്യാഖ്യാനങ്ങളിൽ ,മനസുകളിൽ പെയ്യുന്ന മഴയുണ്ട്. ഇപ്പോഴും നമുക്ക് ഒരു മഴ ഉത്സവമില്ല. മഴയെ നാം കുടയും കാറ്റും വെള്ളവും മറ്റുമായാണ് അറിയാൻ ശ്രമിക്കുന്നത് .മഴ നൽകിയ അനുഭൂതിയെ മറക്കുകയാണ്. ഇന്ന് ഭൂരിപക്ഷം കുട്ടികൾക്കും മഴയിൽ ,കാറ്റിൽ താഴെ വീണ മാങ്ങ പെറുക്കിയെടുത്ത അനുഭവമുണ്ടാകില്ല .ആലിപ്പഴം ശേഖരിച്ച ഒരു തലമുറയുണ്ടായിരുന്നു. പെട്ടെന്ന് അലിഞ്ഞുപോകുന്ന ആലിപ്പഴത്തിൽ അവർ കവിത കണ്ടു. അതാണ് സ്വപ്നാത്മകമായ കാവ്യഭാവനയുടെ ലൗകികവും പ്രായോഗികമായ തലം. 

അമെരിക്കൻ സോഷ്യലിസ്റ്റ് എഴുത്തുകാരനായ ആഷ്ലി സ്മിത്ത് എഴുതി:'ജീവിതം എത്ര സുന്ദരമാണ്!.അത് നോക്കൂ. മൂളുന്ന തേനീച്ചകളെ ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണം. മഴയുടെ മണം പിടിക്കണം. കാറ്റിനെ അറിയണം. ജീവിതത്തെ അതിൻ്റെ പൂർണതയിൽ ,പരമാവധി സാധ്യതയിൽ അനുഭവിക്കുക. അങ്ങനെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുക.' ഭൗതികജീവിതത്തിന്റെ മെച്ചപ്പെടൽ കൊണ്ടുമാത്രം എല്ലാം പൂർണമാകില്ല. കുറേക്കൂടി നമുക്ക് ജീവിക്കാം .നമുക്ക് സാധ്യമായ എല്ലാ വഴികളിലും സാഹസികതകളിലും രുചികളിലും നിറങ്ങളിലും ഇഴുകിച്ചേർന്നുകൊണ്ട്.

മഴക്കാലം 

2005 ൽ പത്രപ്രവർത്തകൻ  ടോം ജെ മങ്ങാട്ട് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഈ സന്ദർഭത്തിൽ എഴുതാതിരിക്കുന്നത് ശരിയല്ല. ഒരു മഴയാത്രയില്ലാത്ത ,മഴഗാലറിയില്ലാത്ത ,മഴസാഹിത്യമില്ലാത്ത, മഴനോവലില്ലാത്ത മലയാളത്തിനു ഒരു മഴ ആസ്വാദനം ,മഴവിമർശനം ,മഴഛന്ദസ്സ് ഉണ്ടെന്നു തെളിയിച്ച ആദ്യപുസ്തകമാണിത് .'മഴക്കാലം' (ഡിസി)എന്നാണ് പുസ്തകത്തിൻ്റെ പേര്. മഴയെ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്ത കവികളുടെയും എഴുത്തുകാരുടെയും മഴക്കുറിപ്പുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാൻഗോഗിൻ്റെ 'ബ്രിഡ്ജ് ഇൻ ദ് റെയിൻ' എന്ന പെയിൻ്റിംഗാണ് കവർ ചിത്രമായി ഉപയോഗിച്ചത് .ആറ്റിൽ മഴ പെയ്യുന്നത് നോക്കി പാലത്തിൽ നിൽക്കുന്നവരുടെ ചിത്രമാണ് ആദ്യ പേജിലുണ്ടായിരുന്നത്. അതോടൊപ്പം ഇടശ്ശേരിയുടെ ഈ വരികളുമുണ്ടായിരുന്നു:
'ഇടവപ്പാതിപ്പാതിരയാണിടിയും
മഴയും പൊടിപൂരം 
പുരമുറ്റത്തെപ്പുളിമാവിൻ മേലൊരു ഗന്ധർവ്വൻ പാടുന്നു,
അറബിക്കടലിൻ മുറുകും തന്ത്രികളാരോ മീട്ടുവതോടൊപ്പം.'

ഈ പുസ്തകത്തിൽ മൂന്നു ഭാഗങ്ങളുണ്ട്. ഒന്ന് ,ഋശ്യശൃംഗൻ്റെ പുസ്തകം .രണ്ട് ,മഴപുരാണം.മൂന്ന് ,മഴയുടെ രഹസ്യങ്ങൾ .മഴപുരാണം  എന്ന് ഭാഗത്ത് എൻ്റെ ലേഖനവും ചേർത്തിരിക്കുന്നു.'മഴ: അറിയത്തക്കതല്ലാത്ത ആവിർഭാവം ' എന്ന പേരിൽ എഴുതിയ ആ ലേഖനത്തിൽ ഇങ്ങനെ വായിക്കാം:  'മാനവികമായ പുരാതനത്വത്തിന്റെ വഴിയിലൂടെ നടന്ന് മഴ പുരാതനരുടെ  സംഭാഷണങ്ങളെ നമുക്ക് കേൾപ്പിച്ചു തരുന്നു. ഭൂമി തുറക്കുമ്പോൾ നമ്മുടെ ഓർമ്മകൾക്ക് അലയാൻ ഒരു വഴിയും നിഷിദ്ധമല്ല. അതുപോലെ, മഴയുടെ പ്രത്യേകമായ സ്തോത്രാലപനം, മനുഷ്യർക്ക് പരേതരെക്കുറിച്ചുള്ളതാണ്. പരേതർക്ക് സംസാരിക്കാനുള്ള മാധ്യമമായി മഴയ്ക്കേ മാറാനാകൂ. മഴയിൽ ,നമ്മെ എന്നോ മറന്ന, ഉപേക്ഷിച്ച ,അതേസമയം നമ്മെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആരോ ഒരു കൂട്ടം പേർ വന്ന് വിഹരിക്കുന്നുണ്ട്. മഴയുടെ പ്രത്യക്ഷതയ്ക്കപ്പുറമുള്ള അദൃശ്യതയുടെ ലോകമാണത്.'

മഴ കലാകാരൻ ഉൾക്കൊള്ളുന്നത് അതിൻ്റെ വൈകാരികവും കലാപരവുമായ പ്രാതിഭാസിക തലത്തിലാണ്.'മഴയുടെ ജ്വാലകൾ' എന്ന പേരിൽ കാക്കനാടൻ എഴുതിയ കഥ ഓർക്കണം .മഴ ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടുകയാണ്. മനുഷ്യാസ്തിത്വത്തിൻ്റെ  കണ്ടെത്തലാണത്. എഡിറ്റർ ടോം ജെ. മങ്ങാട്ട് എഴുതിയ കുറിപ്പിൽ നിന്ന്: 'മൺസൂൺ ഒരു മഹാത്ഭുതമാണ്. പ്രവചനാതീതമായ ഒരു പ്രതിഭാസം .അത് സുന്ദരമാണ് ,വശ്യമാണ്. ഒപ്പം ഭീകരവും. അതിനായി നമ്മൾ ഒരു വേനൽക്കാലം മുഴുവൻ കാത്തിരിക്കുന്നു.മൺസൂൺ പോയി മറയുമ്പോൾ വീണ്ടും നമ്മൾ കാത്തിരിക്കുന്നു, മഴ പെയ്യുന്ന ദിനങ്ങളെ സ്വപ്നം കാണുന്നു. പേക്കാച്ചി തവളകളുടെ രാപ്പാട്ടുകൾക്ക് കാതോർക്കുന്നു.കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയ ദിനങ്ങളെ സ്നേഹിക്കുന്നു.മൺസൂൺ പിന്നെ തുലാവർഷമായി മാറുന്നു.'

മഴയുടെ നാനാവർണങ്ങൾ 

തകഴി 'അന്നത്തെ മഴ' എന്ന ലേഖനത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:' മിഥുനം, കർക്കടകം മാസങ്ങളിൽ ഘോരമഴ പെയ്തിരുന്നു. പേമാരി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. ഉറങ്ങാൻ സുഖമാണ് .ചിങ്ങം ആവുമ്പോൾ ഒട്ടൊരു ശാന്തത അനുഭവപ്പെടും.' മഴയുടെ അനുഭവം ബഹുസ്വരമാണ്, നാനാവർണങ്ങൾ അതിലടങ്ങിയിരിക്കുന്നു. അത് ഓരോരുത്തരെയും ഓരോ തരത്തിൽ ഈ ലോകത്തോട് ബന്ധിപ്പിക്കുന്നു. സുഗതകുമാരി എഴുതുന്നത് ഇങ്ങനെയാണ്:'രാത്രിയിൽ മുറ്റത്ത് വന്നിരുന്ന് അഴിച്ചിട്ട മുടിയുമായി തേങ്ങിത്തേക്കിക്കരയുന്ന രാത്രിമഴയാണ് എനിക്കേറെ പരിചിതം.'

മഴ അതീതമാണ്. അത് സറിയലിസമാണ്. എന്നു പറഞ്ഞാൽ ,മനസിൽ എന്തു തോന്നുന്നുവോ അതിനോടുള്ള പ്രതികരണമാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ മനസിൽ പതിയുന്ന ബിംബത്തെ ഓർത്തെടുക്കുന്ന കലയാണത് . എന്നാൽ ദുഃഖിതരെ മഴ സാന്ത്വനിപ്പിക്കുന്നുണ്ട്. ആരോടും കടപ്പെടാതെ മഴ നനയാം. മഴവെള്ളം ശേഖരിക്കാം. അത് ആകാശം തരുന്നതാണ്. 'മഴയത്ത് നടക്കാനാണ് എനിക്കിഷ്ടം .എന്തെന്നാൽ അപ്പോൾ ഞാൻ കരയുന്നത് ആരും കാണുകയില്ലല്ലോ' എന്ന പറഞ്ഞ ചാർളി ചാപ്ലിന്റെ മനസ്സിൽ മഴ അമ്മയായിരുന്നിരിക്കണം.മാറോട് ആശ്ളേഷിച്ച് എല്ലാ സങ്കടങ്ങളെയും സാന്ത്വനിപ്പിക്കാൻ ആരുമില്ലാത്തവർക്ക് മഴയുണ്ട് ; കാരുണ്യവർഷം. അതിൽ നിറയാം, ഉൾവലിയാം ,സ്വയം ഒളിക്കാം, പരിതപിക്കാം ,മറക്കാം. മഴയോട് ദേഷ്യപ്പെടരുതെന്നാണ് റഷ്യൻ - അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോക്കോവിൻ്റെ അഭിപ്രായം. അതിനു നിർബാധം താഴേക്ക് പതിക്കാനേ അറിയൂ, മുകളിലേക്ക് പോകാനറിയില്ല .

ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ വായിച്ച വരികൾ ഓർക്കുകയാണ് .ഇത് എഴുതിയത് ആരാണെന്നറിയില്ല.
'ഒരു വെള്ള മന്ദാരം,
ഒരു ചാറ്റൽ മഴ. അടർന്ന ഹൃദയത്തിൻ അടിത്തട്ടിൽ നിന്ന് 
എന്നാ മറന്നുപോയ
ഒരു ചെറു പുഞ്ചിരി.
നീയാമാത്രയിൽ എൻ്റെ നീർമിഴികളിലെ
ശിശിരം. 
ഇവയ്ക്കിന്നൊരു ദ്വയാർത്ഥമില്ല.
ഒരർത്ഥം മാത്രം
ഞാൻ നിന്നെ ഇന്നും 
അഗാധമായ് പ്രണയിക്കുന്നു.'

പ്രണയിക്കുമ്പോൾ മഴയും ഒപ്പമുണ്ടാകുന്നുവെന്ന ചിന്തയാണിത്. പ്രണയം വിരഹികൾക്കും കമിതാക്കൾക്കും ഓർമ്മകളാണ് കുടഞ്ഞിടുന്നത്.ദൂരെ നിന്നു ഇരച്ചെത്തുന്ന മഴയുടെ ശബ്ദം ആരെയാണ് പ്രലോഭിക്കാത്തത്? ഗ്രാമങ്ങളിലാണ് അത് ആസ്വദിക്കാനാവുക.നഗരങ്ങളിൽ പലതരം ശബ്ദങ്ങൾ കൂടിച്ചേർന്ന് ഒരു രമ്യതയിൽ എത്തിച്ചേരാനാകാതെ പോകുന്നു .ദൂരെ നിന്നു വരുന്ന മഴയുടെ ശബ്ദം അതിഭൗതിക ലോകത്തിൻ്റെ ആരവം പോലെ തോന്നും. പിറവിയിലേക്ക് പാഞ്ഞെത്തുന്ന അനേകം ജീവികളുടെ സംഘാരവമോ?

മഴ നനഞ്ഞു ,സ്നേഹത്തിൽ അലിഞ്ഞു നടക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. യാന്ത്രികമായ ജീവിതത്തിന്റെ മുരൾച്ചയിൽ നിന്ന് അകന്നു മാറി സ്വച്ഛമായ ഒരിടം തേടുന്നവർ ഇന്നുമുണ്ട്. എല്ലാവരും യാന്ത്രികജീവിതത്തിലേക്കും നഗരവൽക്കരണത്തിൻ്റെ സുഖങ്ങളിലേക്കും എത്തിച്ചേർന്നിട്ടില്ല. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വിജനതകളിലേക്കും പോകുന്നവരുണ്ട്. അമെരിക്കൻ കവി ഇ.വി. കമ്മിംഗ്സിൻ്റെ ഒരു സറിയലിസ്റ്റ് കവിത ഇങ്ങനെയാണ്:
'നിൻ്റെ കണ്ണുകളുടെ ശബ്ദം 
എല്ലാ റോസാപ്പൂക്കളേക്കാൾ അഗാധമാണെന്നു 
എൻ്റെയുള്ളിലിരുന്നു ആരോ മന്ത്രിക്കുന്നുണ്ട് .
മഴയ്ക്ക് പോലും ഇത്രയും ചെറിയ കരങ്ങളില്ല.'

എല്ലാ നിശ്ശബ്ദതകളുടെയും അടിയിലുള്ള ശബ്ദം പ്രേമമാണെന്നറിഞ്ഞ കവിയാണദ്ദേഹം . മൗനമായിരിക്കുന്നിടത്തെല്ലാം വിശുദ്ധവും വിവേകിയുമായ പ്രേമം സ്പന്ദിക്കുന്നു. പ്രേമമുണ്ട് എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്നത്. പ്രേമത്തിനു പകരം ഒന്നും കൊടുക്കേണ്ടതില്ല; പണത്തിനും സേവനത്തിനും പകരം കൊടുക്കണം. അതുപോലെയാണ് മഴയിൽ അലഞ്ഞ, ആർത്തിരമ്പിയ സ്നേഹങ്ങളും. അത് മഴയുടെ ഓർമ്മകളോടൊപ്പം, മരണമില്ലാതെ രാത്രിയിൽ സംഗീതമാലപിക്കുന്ന ചെറുപ്രാണികൾക്കൊപ്പം സഞ്ചരിക്കുന്നു.


രജതരേഖകൾ 

1)അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുണിനെ എം.സി. രാജനാരായണൻ അനുസ്മരിക്കുന്നു - 'സിനിമ ജീവിതം തന്നെയായിരുന്നു'(കലാപൂര്‍ണ, ഓഗസ്റ്റ്) എന്ന ലേഖനത്തിൽ .ഷാജിക്ക് പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ്, ഷാജിയുടെ 'പിറവി' എന്ന സിനിമ ഒരു   ചരിത്രസംഭവമാണ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട് .

2)ഇന്ത്യൻ സിനിമയിൽ നിശ്ശബ്ദത അപ്രത്യക്ഷമായിരിക്കുകയാണ്. സത്യജിത് റായി ,അടൂർ ഗോപാലകൃഷ്ണൻ ,അരവിന്ദൻ , ഷാജി എൻ കരുൺ തുടങ്ങിയവരുടെ ചിത്രങ്ങളിലെ പ്രധാന പ്രമേയം നിശ്ശബ്ദതയായിരുന്നു .മനുഷ്യൻ അവനിലേക്ക് തിരിയുന്ന നിമിഷങ്ങൾ പകർത്തുക എളുപ്പമല്ല. അതിനാണ് ആ സംവിധായകർ ക്യാമറയ്ക്ക് വെളിയിൽനിന്ന് വസ്തുക്കൾ ശേഖരിച്ച് ക്യാമറയ്ക്കുള്ളിലേക്ക് പോയത്. 

3)മലയാളകവിതയിൽ ഉന്നതമായ ആശയവും ഭാവനയും കുറയുമെന്നു കണ്ടാൽ വിദേശരചനകളിൽ അഭയം തേടാം. നല്ല പരിഭാഷകളും വായിക്കാം. രവികുമാർ പരിഭാഷപ്പെടുത്തിയ 'എന്തിന് നക്ഷത്രങ്ങൾ'(കലാപൂർണ ,ഓഗസ്റ്റ് ) ബംഗാളി കവി ജീബനാനന്ദദാസ് രചിച്ചതാണ്. ജീവതത്ത്വപരമായ ,വസ്തുവിൻ്റെ ഉണ്മയെ സംബന്ധിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുകയാണ് ഒരു കവിയുടെ ധർമ്മം. ഈ വരികൾ അത് സ്പഷ്ടമാക്കുന്നു.

'എന്തിന് പുതുമഴ പൊടിയെ ചുംബിക്കുമ്പോൾ
മണ്ണിൻ്റെ മണമതിൽ നിന്നുയരണം,
എന്തിന് കാശപ്പൂവുകൾ 
കൂട്ടത്തോടെ പൂക്കണം ?
എന്തിനു വാലാട്ടിക്കിളികൾ നൃത്തച്ചുവടുവയ്ക്കണം ?
ബുൾബുളും തുന്നാരവും 
കാടുകൾ ചുറ്റിപ്പറക്കണം?
നമുക്കഭിവൃദ്ധിപ്പെടാൻ നഗരങ്ങളും തുറമുഖങ്ങളും മതിയെങ്കിൽ
നമ്മുടെ കാലടിയിലമരാൻ
മാത്രമുള്ളതാണ് പുല്ലെങ്കിൽ ,
എന്തിന് വാലാട്ടിക്കിളികൾ 
നൃത്തം വയ്ക്കണം?
എന്തിന് ബുൾബുളുകൾ കാടുകളിൽ പറന്നു നടക്കണം?'

4)ജെ.കെ. റൗളിങ്ങിന്റെ പ്രശസ്തമായ 'ഹാരി പോട്ടർ' എന്ന കൃതി പന്ത്രണ്ട് പ്രസാധകർ തള്ളിക്കളഞ്ഞതാണ്.  പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കാനും തള്ളിക്കളയാനുമുള്ളവരാണ്. 

5) രാജീവ് ജി. ഇടവയുടെ 'ആനന്ദച്ചാവ് '(ഗ്രന്ഥാലോകം ,ആഗസ്റ്റ് )എന്ന കൃതി ഈ കാലത്തിൻ്റെ ഗതികേടും വൈപരീത്യവും തുറന്നു കാട്ടുകയാണ്.  അമ്മയുടെ പേര് മറന്നു പോകുന്ന മകൻ്റെ കഥയാണിത്. എന്തൊരു വിധിയാണ്! മനുഷ്യൻ പാപം ചെയ്യാൻ വിധിക്കപ്പെടുന്നവനാണെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ കഥ.

6)അന്തരിച്ച കഥാകത്ത് ടി.ആർ ഏകാകിയും ആവിഷ്ക്കാരത്തിൽ നിഷേധിമായിരുന്നു. തൻ്റെ കഥകൾ തനിക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ടി.ആർ പറഞ്ഞാലും അത്ഭുതപ്പെടാനില്ല .'ജാസക്കിനെ കൊല്ലരുത്' എന്ന കഥ ഇന്നത്തെ നിലയ്ക്ക് വളരെ സ്വതന്ത്രമാണ്. കെ. എൻ .ഷാജി എഴുതിയ ലേഖനത്തിൽ (മൗലികമായ ഒരു പതാക, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ്‌ 2) ഇങ്ങനെ വായിക്കാം:
'മലയാളകഥയുടെ പ്രസക്തവും ചൈതന്യവത്തുമായ പൈതൃകം ,ടി ആറിനെ പോലെ ധിക്കാരികളും സർഗധനരുമായ എഴുത്തുകാർ സൃഷ്ടിച്ച ഭാവുകത്വം കൂടിയാണെന്ന് കാലം വിലയിരുത്തും.'

7)സാഹിത്യത്തിലും കലയിലും സിനിമയിലും സ്വന്തം നിലയിൽ പൊരുതുകയും വ്യവസ്ഥകളെ എതിരിട്ട് മൗലികമായ ശബ്ദം കേൾപ്പിക്കുകയും ചെയ്ത ഒരു കൂട്ടം എഴുപതുകളിലും എൺപതുകളിലുമാണുണ്ടായിരുന്നത്.  കലയുടെ പേരിൽ അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പോകാത്തവരെ കാണാനും  ആ കാലത്തേക്ക് നോക്കണം. അക്കിത്തം ,അയ്യപ്പപ്പണിക്കർ തുടങ്ങിയവരെ ഓർക്കുകയാണ്. 

8)ഈ ലോകത്തെ ഞെട്ടിക്കുന്ന ഒരു പ്രസ്താവന ചെയ്തത് 2004 ൽ നോബൽ സമ്മാനം നേടിയ ഓസ്ട്രിയൻ എഴുത്തുകാരി യെൽഫ്രീഡ് യെൽനക് ആണ്. അവർ എഴുതി:
'ഓരോ ദിവസവും ഒരു സംഗീതശില്പം, ഒരു കഥ ,ഒരു കവിത ഇവിടെ മരിക്കുന്നു. എന്തുകൊണ്ടെന്നാൽ  ഇവയുടെ അസ്തിത്വം ഈ കാലത്ത് ഒട്ടും നീതീകരിക്കപ്പെടുന്നില്ല. അനശ്വരമെന്ന് കരുതിയിരുന്നത് ഇന്ന് നശ്വരമായിരിക്കുന്നു; ആരും തന്നെ അതൊന്നും ശ്രദ്ധിക്കുന്നില്ല. അത് ജീവിക്കേണ്ടതാണെങ്കിൽ പോലും.'

9)സിനിമയ്ക്ക് വേണ്ടി നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ ഭരതൻ്റെ ബുദ്ധിയാണ് അപാരം .ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭരതൻ ഒരാളെ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകരെ ഞെട്ടിക്കും .ഒരു കണ്ടെത്തലും അത്ഭുതവുമായിരിക്കും അത്. ജയഭാരതി (സന്ധ്യമയങ്ങും നേരം ,മാധവി (ഓർമ്മയ്ക്കായി), പ്രേംനസീർ (പാർവ്വതി),സോമൻ (അണിയറ)മമ്മൂട്ടി(കാതോടു കാതോരം), മോഹൻലാൽ (താഴ്വാരം),ഗോപി, ശ്രീവിദ്യ (കാറ്റത്തെ കിളിക്കൂട് )അരവിന്ദ് സ്വാമി (ദേവരാഗം),നെടുമുടി വേണു (മർമ്മരം). ഇതുപോലെ കൃത്യമായ കാസ്റ്റിംഗ് നടത്താൻ ഭരതനെ പോലെ കഴിവുള്ളവർ തീരെ കുറവാണ് .


aksharajalakam

Monday, August 25, 2025

കലാശാലകളിലെ സാഹിത്യചർച്ച/എം.കെ.ഹരികുമാർ

 

അക്ഷരജാലകം 



യൂണിവേഴ്സിറ്റികളിലെ  സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ  സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു

കലാശാലകളിലെ സാഹിത്യം  പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ  ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു. 
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.

സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി 

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില  സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.

ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്.  താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ  ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു  നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി  ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്.  അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്.  ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്. 

ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല 

കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ  ചെയ്യുകയാണ്.

കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന്  പിഴുത് മാറ്റുന്ന പ്രക്രിയയാണ്  അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്. 

ഇതെല്ലാം അദ്ദേഹത്തിൻ്റേതായ  അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ  അതിജീവനമാണത്. അങ്ങനെയാണ്  സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ  കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന  നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി  കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.

എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത് 

അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.  

പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്.  പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ  കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.

നമ്മുടെ കാലത്ത് കലാശാലകളിൽ  എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല  പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്. 

പ്രചാരണത്തിനു പോകുന്നവർ 

എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത്  സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.

സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു  പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി.  ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി  അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം  മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്.  സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്. 

എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ  തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.

രജതരേഖകൾ 

1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ  സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി  തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ  ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ  പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .

2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്. 

3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.

'അഴിഞ്ഞുപോയ 
സീബ്രാവരകൾ 
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ 
കൂട്ടിയിടിച്ചവർ 
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട 
തർക്കങ്ങൾ.'

4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ  രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ  വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി  ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .

5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി. 

'മിക്സി പോലുള്ള 
അധികാരയന്ത്രങ്ങളിൽ 
അരഞ്ഞുകൊണ്ടിരിക്കണം. 
വേവിൻ്റെ നൊമ്പരങ്ങളിൽ 
തിളച്ചു മറിയണം.
മുളകു ചിന്തകൾ 
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ 
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ 
ഫ്രിഡ്ജിൽ മനമൊന്നു 
തണുപ്പിക്കണം.'

എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ് 
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി . 

6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'


ദു:ഖിതർക്ക് വേണ്ടി നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു/എം.കെ.ഹരികുമാർ

 

അക്ഷരജാലകം


 

നക്ഷത്രങ്ങൾ ദു:ഖിതർക്ക് ജീവിതത്തിൻ്റെ ഇരുട്ടിൽ വഴികാണിച്ചു കൊടുക്കുമോ? തീർച്ചയായും വഴി കാണിക്കും. ഡച്ച് പെയിൻ്റർ വാൻഗോഗി (1853-1890)ൻ്റെ ഒരു ചിത്രത്തിൻ്റെ രഹസ്യം, റഷ്യൻ കവി വ്ളാഡിമിർ മയക്കോവ്സ്കി (1893-1930)യുടെ ഒരു കവിത വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തിയതിൻ്റെ കൗതുകകരമായ ചില ഏടുകൾ പരിശോധിക്കുന്നത് രസകരമായിരിക്കും. 
വാൻഗോഗ് വരച്ച 'ദ് സ്റ്റാറി നൈറ്റ്'(നക്ഷത്രാങ്കിതമായ രാത്രി,1889) എന്ന ചിത്രം ചരിത്രപ്രസിദ്ധമാണ്; കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ചരിത്രത്തിലെ ഒരു മഹാത്ഭുതമാണ്. 

ചിത്രകലയിലെ ഒരു ദുരന്തമായിരുന്നു  വാൻഗോഗ് എന്നോർക്കണം. അദ്ദേഹം രണ്ടായിരത്തിനടുത്ത് ചിത്രങ്ങൾ വരച്ചെങ്കിലും ,ജീവിച്ചിരുന്നപ്പോൾ ഒരേയൊരു ചിത്രമാണ് വിറ്റഴിഞ്ഞത്.  ഏതാനും ചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. പാരീസിലെ ചില നവതരംഗവാദികളായ കലാകാരന്മാരോടൊപ്പമായിരുന്നു ആ പ്രദർശനം. എന്നാൽ അന്നത്തെ ചിത്രകലാനിരൂപകരും കച്ചവടക്കാരും വൻഗോഗിനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.പ്രകൃതിയായാലും വീട്ടുപകരണമായാലും വാൻഗോഗ് വരയ്ക്കുമ്പോൾ സംഭവിക്കുന്ന നിറപ്പകർച്ച, വൈകാരികമായ ഭാവുകത്വത്തിന്റെ മൂർച്ച അന്നത്തെ കലാവിമർശനത്തിൻ്റെ പരിധിക്കപ്പുറത്തായിരുന്നു. അതുകൊണ്ട് അവർ അദ്ദേഹത്തെ അവഗണിച്ചു. ഇപ്പോൾ അവഗണനയ്ക്ക് ലോകം ക്ഷമാപണം നടത്തുകയാണ്. കൊടുക്കാത്ത ആദരവ് കുടഞ്ഞിടുകയാണ്.വാൻഗോഗിൻ്റെ ഓരോ ചിത്രവും ആഘോഷിക്കപ്പെടുകയാണ് .

'ദ് സ്റ്റാറ്റി നൈറ്റ്' എന്ന ചിത്രം വരച്ചത് അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനു ഒരു വർഷം മുമ്പായിരുന്നു .പട്ടിണിയും കലാപരമായ മാനസികാവസ്ഥയുടെ ഉന്മത്തജ്വരവും മൂലം വാൻഗോഗിൻ്റെ  അവസ്ഥ ദുർബലമായിരുന്നു. അദ്ദേഹം രോഗിയും കലാകാരനുമായിരിക്കുന്നതിൻ്റെ  അനിവാര്യമായ ചുറ്റുപാടിലായിരുന്നു.  ദാരിദ്ര്യവും അരാജകത്വവും ഉൾവലിയലും അദ്ദേഹത്തിൻ്റെ കലാനിർമ്മാണത്തിനു അത്യാവശ്യ ഘടകങ്ങളായിരുന്നു .ഇത് അദ്ദേഹം തന്നെ അറിഞ്ഞിട്ടുണ്ടാവണം. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ , ദുർഗത്തിലകപ്പെട്ട ഒരുവനെ പോലെ തൻ്റെ അരക്ഷിത  മാനസികാവസ്ഥയുടെ കാട്ടിനുള്ളിൽ അകപ്പെടുകയായിരുന്നു.വാൻഗോഗ്  വായിക്കുന്നതും കത്തുകളിൽ കുറിക്കുന്നതും വരയ്ക്കുന്നത്യം ഏറെക്കുറെ സമാനമായിരുന്നു. നവീനമായ അഭിരുചിയുള്ളതുകൊണ്ട് ഗതാനുഗതികത്വത്തിൻ്റെ പരിചിതമായ സാഹചര്യങ്ങളോട് മമത പുലർത്താനായില്ല.അദ്ദേഹത്തിൻ്റെ  വര പ്രകൃതിയെ പുതുതായി ആവിഷ്കരിക്കുകയായിരുന്നു.

സത്യസന്ധത തീവ്രം

ഓരോ വസ്തുവിനെയും കലയിലും കാഴ്ചയിലും നവീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.അതിൽ നിന്ന് മാറി ഒത്തുതീർപ്പിലെത്താൻ കഴിയാത്ത വിധം മാനസികനില മറ്റൊരു മാർഗം അവലംബിക്കുകയായിരുന്നു. രോഗഭീതിയും ആശങ്കയും ഉൾക്കണ്ഠയും മൂർധന്യാവസ്ഥയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു. കലാപ്രവർത്തനത്തെ വിശുദ്ധമായ ഒരാചാരമോ, സ്വപ്നാത്മകമായ സഞ്ചാരമോ, പ്രാർത്ഥനയോ വെളിപാടോ ആയി കാണുന്ന വാൻഗോഗിന് മറ്റൊരു ജീവിതം അസാധ്യമായിരുന്നു. വാൻഗോഗ് എന്ന കലാകാരൻ തന്നിൽ എങ്ങനെയാണോ ജീവിച്ചത് അതിനു സമാനമായ പ്രതിച്ഛായയാണ് മറ്റുള്ളവരിലും സൃഷ്ടിച്ചത്.അദ്ദേഹത്തിൻ്റെ സത്യസന്ധത അത്ര തീവ്രമായിരുന്നു. ഒരു മുഖപടം തുന്നിപ്പിടിപ്പിച്ചു ജീവിക്കാത്ത ആ ചിത്രകാരൻ സ്വയം തെളിയിക്കാനല്ല ,സ്വയം അറിയാനാണ് വരച്ചത്. പൊട്ടറ്റോ ഈറ്റേഴ്സ് ,വീറ്റ് ഫീൽഡ് വിത്ത്  ക്രൗസ് ,ആൽമണ്ട് ബ്ളോസംസ് ,കേഫ് ടെറസ് അറ്റ് നൈറ്റ് ,സ്റ്റാറി നൈറ്റ് ഓവർ ദ് റോൺ ,എ പെയർ ഓഫ് ഷൂസ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ  ജീവിതാനുഭവം, ജ്ഞാനം, പ്രബോധനാത്മകത, ദിവ്യദർശനം  തുടങ്ങിയവ വെളിപ്പെടുത്തുന്നു.

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ വാൻഗോഗും മയക്കോവ്സ്കിയും തമ്മിൽ നാം കാണുന്ന  വൈകാരികമായ ,ആശയപരമായ ഐക്യം എങ്ങനെ രൂപപ്പെട്ടു എന്ന് അന്വേഷിക്കാം. ഇവർ തമ്മിൽ കണ്ടിട്ടില്ല .വാൻഗോഗിൻ്റെ വിടവാങ്ങലിനു ശേഷമാണ് മയക്കോവ്സ്കി ജനിക്കുന്നത്. ഡച്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്ററായ വാൻഗോഗ് കടുത്ത വികാരക്കൂട്ടാണ് കലയിൽ പ്രയോഗിച്ചത്. ഒരു വസ്തുവിനെ വെറുതെ പ്രതിനിധാനം ചെയ്യുന്നതിനു പകരം അതിനോട് വരയ്ക്കുന്നയാളിനുള്ള ഇഷ്ടം ,ബന്ധം, വികാരം തുടങ്ങിയവ സന്നിവേശിപ്പിച്ചു .മങ്ങിയും അലസമായും കിടന്ന നിറങ്ങളെ പ്രോജ്വലിപ്പിക്കുകയാണ് വാൻഗോഗ് ചെയ്തത് .അനുവാചകരെ ഞെട്ടലോടെ ഉണർത്താൻ ശ്രമിച്ചു. ഒരു രാത്രിയോ പകലോ പൂവോ മരമോ നദിയോ തന്നെ ഉന്മാദത്തിലേക്ക് തള്ളിവിടുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിലൂടെ ചിത്രകാരൻ പ്രബോധകനാകുന്നു. 

മനുഷ്യൻ്റെ വൈകാരിക ബന്ധം മറയ്ക്കാനല്ല ,വെളിപ്പെടുത്താനാണ് ഇവിടെ ബ്രഷ് അന്വേഷിക്കുന്നത്.മനുഷ്യൻ വികാരങ്ങൾ കൊണ്ട് ജീവിക്കുന്നു. അവൻ ഉറങ്ങുകയല്ല ,ഉണർന്നു ജീവിക്കുകയാണ്. പ്രകടമായ ചിത്രണമാണത്. ഹൃദയത്തിൽ ഒരു സംവാദം ഉണ്ടാവുകയാണ്. അത് ആത്മീയമായ ഉണർവായിത്തീരുന്നു. ഈ ലോകജീവിതത്തെയും കടന്ന് മറ്റ് പലയിടങ്ങളിലേക്കും ഒരു സ്വപ്നാടകനെ പോലെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു .ഒരു വികാരം വെറുതെ പ്രകടിപ്പിക്കുകയല്ല, അത് ബോധോദയമായിത്തീരുകയാണ്.'ദ് സ്റ്റാറി നൈറ്റ്' വരച്ചത് മാനസികരോഗാശുപത്രിയിൽ കഴിഞ്ഞ കാലത്താണല്ലോ. പാരീസിലെ സെയിൻ്റ് പോൾ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്. ഉറക്കമില്ലാത്ത ഒരു രാത്രിയിൽ വാൻഗോഗ് ജനാലയിൽ കൂടി പുറത്തേക്ക് നോക്കി. നക്ഷത്രങ്ങൾ ഹതാശരായ മനുഷ്യരെ ആശ്വസിപ്പിക്കാനായി ആഭിചാര കർമ്മത്തിലേർപ്പെടുന്ന രാത്രിയായിരുന്നു അത്. ജീവിതത്തിൽ ഓരോന്നും വേദനിപ്പിച്ചും ശാസിച്ചും കടന്നുപോകുമ്പോൾ അശരണരെ നോക്കാൻ ആകാശത്ത് നക്ഷത്രങ്ങളുണ്ടെന്നത് വലിയ ആശ്വാസമാണ് .ഒരു ഏകാധിപതിക്കും അത് തടയാനാവില്ല. തടവറയിൽ കിടക്കുന്നവനും തരം കിട്ടിയാൽ നക്ഷത്രങ്ങളെ നോക്കാം. നക്ഷത്രങ്ങൾ ആശ്വസിപ്പിക്കുമെന്നാണ് വാൻഗോഗിൻ്റെ ചിത്രം സൂചിപ്പിക്കുന്നത്.ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കണം.അത് യഥാർത്ഥത്തിലുള്ള ഒരു ഭൂവിഭാഗമല്ല . മാനസികാരോഗ്യകേന്ദ്രത്തിന്റെ ജനാലയിൽ കൂടി നോക്കിയാൽ ചിത്രത്തിൽ കാണുന്ന ഒരു കാഴ്ച കിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അത് ചിത്രകാരൻ തന്റെ അന്തരംഗത്തിന്റെ വ്യാമിശ്രമായ ലോകത്തെ ആവിഷ്കരിക്കാൻ വേണ്ടി സൃഷ്ടിച്ചതാണ്. സൈപ്രസ് മരങ്ങൾ ആ ചിത്രകാരന്റെ മനോനിലയെക്കുറിച്ച് മാത്രമല്ല ചിന്തകളെക്കുറിച്ചും അറിവ് പകരുകയാണ്. 

രാത്രിയെ സ്നേഹിച്ചു

സൈപ്രസ് മരങ്ങൾക്ക് മതപരമായ  വിശുദ്ധി കൽപ്പിക്കപ്പെട്ടിട്ടുണ്ട് .അത് സെമിത്തേരികളിൽ വളരുന്നതായി കാണാം. അതുകൊണ്ട് ബോധപൂർവ്വമാണ് ആ മരങ്ങളെ കാൻവാസിൽ ഉൾപ്പെടുത്തിയതെന്നു മനസിലാക്കാം. താൻ രോഗിയും വിവശനുമാകയാൽ മരണത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരിക്കില്ല. ജീവിതത്തിൽ ഹതാശനായ ഒരുവനു മരണമല്ലാതെ മറ്റെന്താണുള്ളത് ?

രാത്രിയെ സ്നേഹിച്ച ചിത്രകാരനാണ് വാൻഗോഗ്. പകലിനേക്കാൾ മനോഹാരിതയും വശ്യതയും രാത്രിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ യാതൊന്നിനെക്കുറിച്ചും തനിക്ക് കൃത്യമായി ഒന്നും പറയാനില്ലെങ്കിലും ഈ നക്ഷത്രങ്ങളെ കാണുമ്പോൾ ഞാനറിയാതെ സ്വപ്നാടകനായി  മാറുമെന്നു ഒരു കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നക്ഷത്രങ്ങൾ അനൈഹികമായ ഒരു ആലംബമായിരുന്നു. ജീവിതം പിടിതരാത്തതും ചതിക്കുന്നതുമാണെങ്കിലും അവിടെ സാന്ത്വനത്തിനു വകയുണ്ട്. അത് രാത്രിയിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ്. അളവറ്റ കാരുണ്യമാണ് അതിൽ ദർശിച്ചത്. 

'ദി സ്റ്റാറി നൈറ്റി'ലെ നക്ഷത്രങ്ങൾ ആകാശത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ ഉത്സുകരാണെന്നു തോന്നിപ്പിക്കുകയാണ്. ആ നക്ഷത്രങ്ങൾ വികാരാവേശത്താൽ എവിടേക്കോ പുറപ്പെടാനായി, പരിസരം മറന്ന പോലെ ,കുതറുകയാണ്. അവ ആകാശത്ത് വല്ലാത്ത സമ്മർദ്ദം അനുഭവിക്കുകയാണ്. അവയ്ക്ക് എന്തോ പറയാനുണ്ട്. ആ നക്ഷത്രങ്ങൾ ഭൂമിയിലെ ജീവിതവുമായി ഭാവുകത്വപരമായ ബന്ധത്തിലാണ്. എന്തിനാണ് ഈ നക്ഷത്രങ്ങൾ അമിതമായ വികാരവായ്പോടെ ,ശബ്ദമുണ്ടാക്കുന്ന വിധം, പെരുമാറുന്നതെന്ന്  വർഷങ്ങളോളം ആലോചിച്ചു.ഒരു കലാകാരൻ്റെ ലോകത്തേക്ക് പ്രവേശനം കിട്ടുന്നതിനു അയാളുടെ കലാസൃഷ്ടി മാത്രം മതിയാവുകയില്ല എന്ന തോന്നലിലാണ് അത് കൊണ്ടെത്തിച്ചത്. 

ഒരുപക്ഷേ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ വിഷമതകൾ നേരിട്ടതുകൊണ്ട് വാൻഗോഗിന്  നക്ഷത്രങ്ങളെ വരയ്ക്കുന്നതിൽ അമിതമായ ഒരു ഉത്സാഹം വന്നതാകാം. നക്ഷത്രങ്ങൾ ഒരു കലാവസ്തുവായി പരിണമിച്ചതാകാമെന്നു വിചാരിച്ചു. എന്നാൽ കാലാന്തരത്തിൽ റഷ്യൻ വിപ്ലവകവി മയക്കോവ്സ്കിയുടെ 'ലിസൺ' എന്ന കവിത വായിക്കാനിടവന്നപ്പോൾ പൂർവ്വകാലത്ത് കുഴപ്പിച്ച വാൻഗോഗ് ചിത്രത്തിൻ്റെ പൂട്ടു തുറക്കാൻ അത് സഹായകമായി. കലാസൃഷ്ടിയുമായുള്ള പാരസ്പര്യത്തിന്റെ ഒരു പുതിയ അധ്യായമായി അത് രൂപം കൊണ്ടു. ഒരു കലാസൃഷ്ടിയുമായി, ഒന്നിലധികം കലാസൃഷ്ടികളുമായി അസ്വാദകൻ അല്ലെങ്കിൽ വിമർശകൻ സ്ഥാപിക്കുന്ന പാരസ്പര്യം എന്ന ആശയമായി അത് രൂപാന്തരപ്പെടുകയായിരുന്നു. ഒരു ചിത്രം നാം കാണുന്നു, അത് അവിടെ തീരുന്നില്ല. അത് നമ്മെ അലട്ടുകയാണ്.അത് കാഴ്ചക്കപ്പുറത്ത് പല ഘട്ടങ്ങളിലൂടെ നമ്മെ  വളർത്തുന്നു. ആ ചിത്രവുമായി ആശയപരമായ കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു .അത് നമ്മെ വൈകാരികമായി നിലനിർത്തുന്നു. ചിലപ്പോഴൊക്കെ ജീവിപ്പിക്കുന്നു, ഓർമ്മകളായി പുനർജനിക്കുന്നു. ജീവദായകമായ സൃഷ്ടിയായി മാറുന്നു; തുടരെ അർത്ഥങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു .മാത്രമല്ല, വിമർശകൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുന്നു. 

മയക്കോവ്സ്കിയുടെ കവിത 

ഈ ഘട്ടത്തിലാണ് മയക്കോവ്സ്കിയുടെ 'ലിസൺ'(കേൾക്കുക)വായിക്കുന്നത്.
ആ കവിത ഇങ്ങനെയാണ് :

'കേൾക്കുക! ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അത് ആവശ്യമുള്ള ആരോ ഒരാൾ ഉണ്ടെന്നാണർത്ഥം .
ആരെങ്കിലുമത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ 
ആ തീപ്പൊരികളെ മഹത്തരമായി കരുതുന്നവരുണ്ടെന്നാണർത്ഥം.
ഉച്ചകഴിഞ്ഞുള്ള പൊടിയുടെ ചുഴിയിൽ ചുറ്റിത്തിരിഞ്ഞ്
അവൻ ദൈവത്തിലേക്ക് കുതിക്കുകയാണ്,
വൈകിപ്പോയെന്ന് ഭയന്ന് .
കണ്ണുനീരിൽ, അവൻ ദൈവത്തിൻ്റെ ബലിഷ്ഠമായ കൈയിൽ ചുംബിക്കുന്നു.
ഒരു നക്ഷത്രം, തനിക്ക് ആശ്വാസം പകരാൻ ഉണ്ടാകുമെന്ന ഉറപ്പ് തരണമെന്ന് അപേക്ഷിക്കുന്നു.
അവൻ ശപഥം ചെയ്യുന്നു,
നക്ഷത്രരഹിതമായ 
ആ അഗ്നിപരീക്ഷയിൽ പിടിച്ചുനിൽക്കാൻ തനിക്കാവില്ല. പിന്നീട് അവൻ അത്ഭുതപരതന്ത്രനായി,
വിവശനായി;
എന്നാൽ പുറമേ ശാന്തനായിരുന്നു. അവൻ എല്ലാവരോടുമായി പറയുന്നു:
എല്ലാം ശരിയല്ലേ ?
നിങ്ങൾ പേടിക്കേണ്ടതില്ല ,അല്ലേ ?
ശ്രദ്ധിക്കുക ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അതാവശ്യമുള്ള 
ഒരുവനുണ്ടെന്നാണർത്ഥം. 
അത് ഇങ്ങനെ വിശദമാക്കാം:
എല്ലാ സായംസന്ധ്യകളിലും,
ഒരു നക്ഷത്രമെങ്കിലും
നമ്മുടെ വീടിനു മുകളിലേക്ക് 
ഇറങ്ങി വന്നിട്ടുണ്ടാകണം .'

ഈ കവിത വായിച്ചപ്പോഴാണ്, യഥാർത്ഥത്തിൽ, വാൻഗോഗിൻ്റെ 'ദ് സ്റ്റാറി നൈറ്റ്'എന്താണെന്നു അറിഞ്ഞത് .യാദൃച്ഛികമാണിത് ;വല്ലാത്ത ഒരു ആഘാതം പോലെയാണ് ഇ കവിത മനസ്സിലേക്ക് വന്നത്. ഒരു ഉൽക്ക പോലെ തോന്നി. അതുവരെ അജ്ഞാതമായിരുന്ന ഒരു സമുദ്രത്തിലേക്ക് തോണി തുഴയാനുള്ള മാർഗമാണ് കവിത തന്നത്. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ വിഭ്രാമകമായി ,ഭൂമിയിലേക്ക് കുതിച്ചുചാടാൻ വെമ്പൽ കൊള്ളുന്നത് ഭൂമിയിലെ പതിതർക്ക്, അനാഥർക്ക്, ദു:ഖിതർക്ക് വെളിച്ചം കൊടുക്കാൻ വേണ്ടിയാണ് .അല്ലെങ്കിൽ എന്തിന് ഈ പ്രകാശം ?പാവങ്ങൾക്ക് ഇരുട്ടിൽ ഒരു തിരി കത്തിച്ചുകൊടുക്കുന്നതുപോലെയാണ്. ദരിദ്രർക്കും ദുഃഖിതർക്കും കൈത്താങ്ങായി നക്ഷത്രങ്ങളുണ്ടെന്ന മഹത്തായ ആശയമാണ് വാൻഗോഗ്  വരച്ചത്. അത് മയക്കോവ്സ്കിയുടെ കവിതയിലൂടെ വെളിവാക്കപ്പെടുകയാണ്.

ഈ കവിത വാൻഗോഗിനെ ഉദ്ദേശിച്ച് എഴുതിയതല്ല ;അങ്ങനെ ഒരു സൂചനയുമില്ല. സാധാരണക്കാർക്ക് വേണ്ടി ശബ്ദിച്ച കവിയാണ് അദ്ദേഹം. തീർച്ചയായും നിരാലംബരെ മനസിൽ  കാണാതിരിക്കില്ല .സാഹിത്യകലയിൽ നവീനതയുടെ അവശ്യകതയെക്കുറിച്ച് സംസാരിച്ച കവിയാണ്. അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി നക്ഷത്രങ്ങൾ പാടുപെടുന്നത് കാണാതിരിക്കില്ല. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ പ്രകാശിക്കുന്നതിൻ്റെ അർത്ഥം മയക്കോവ്സ്കിയുടെ കവിതയിൽ നിന്ന് കണ്ടെടുക്കുന്നത് സാഹിത്യവിമർശനത്തിൻ്റെ ആശയപരവും വൈകാരികവുമായ പുരാവസ്തു ഖനനത്തിൻ്റെ, മനസുകളുടെ പാരസ്പര്യത്തിൻ്റെ അസുലഭനിമിഷമാണ്. ഇക്കാര്യം  മയ്ക്കോവ്സ്കി ചിന്തിച്ചിട്ടില്ല എന്നതാണ് വൈകാരിക സംവേദനത്തിൻ്റെ ലോകത്ത് ജീവിക്കുന്നവനെ പ്രചോദിപ്പിക്കുന്നത് 

  
രജതരേഖകൾ 

1)കവിത ഇന്ന് ഒരു പൊതുമാധ്യമമാണ്.പൊതുവൃത്താന്തമാണ് .ജനാധിപത്യവത്ക്കരിക്കപ്പെട്ട ഒരിടമാണ്. അവിടെ എല്ലാവരും സ്വതന്ത്രരാണ് .കവിതയുടെ അവാർഡ് ആർക്കുവേണമെങ്കിലും കൊടുക്കാം .ആരും വിമർശിക്കാൻ പോവു .കാരണം ,അത് എല്ലാ കവികളുടെയും അവകാശമാണ്.

2)രമ്യ തുറവൂർ എഴുതിയ 'ജനലരികിലെ കുട്ടി'(പച്ചക്കുതിര ഓഗസ്റ്റ്) എങ്ങനെയാണ് കവിത ഒരു പൊതുസ്വരമായി, ഓരോരുത്തരുടെയും ഭാവനയുടെ ഓഹരിയായി മാറുന്നതെന്ന് കാണിച്ചുതരുന്നു. പാദങ്ങളില്ലാത്ത ഒരു സ്ത്രീ ജനലിലൂടെ നോക്കുകയാണ്. കുട്ടികൾ അകലെ തോട്ടിൽ നിന്ന് മീൻ പിടിക്കുകയാണ് .

'അന്തിയാകുമ്പോൾ 
എൻ്റെ കാൽവിരിലുകൾക്കിടയിലെ
മീൻകുഞ്ഞുങ്ങൾ
തോട്ടുകടവത്തേക്കൊരു പോക്കുണ്ട്. 
കാട്ടുപൊന്തയ്ക്കിടയിലൊളിപ്പിച്ച ഉമ്മകൾ ചുണ്ടിൽ കൊരുത്ത്  കൂട്ടത്തിലിളയമീൻ കയറിവരും. കളഞ്ഞുപോയ കൊലുസും മുറിഞ്ഞുപോയ കഥകളുമായി 
മറ്റുള്ളവ പിന്നാലെയും.'

3)റഷീദ് പാനൂർ എഴുതിയ ഒരു കത്തിൽ (പച്ചമലയാളം,ആഗസ്റ്റ്) ചോദിക്കുന്നത് ഇങ്ങനെ: 'വിശ്വസാഹിത്യത്തിനുള്ള ആദ്യ നോബൽ സമ്മാനം കിട്ടിയത് 1901 ൽ സളളി പ്രൂദോം എന്ന ഒരിടത്തരം ഫ്രഞ്ച് കവിക്കാണ്. ഇന്ന് പ്രൂദോം എവിടെ ? ടോൾസ്റ്റോയ് വിശ്വസാഹിത്യത്തിൻ്റെ വിശാലമായ രാജവീഥിയിൽ മങ്ങാതെ നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ വിശ്വസാഹിത്യത്തെ ഏറ്റവും സ്വാധീനിച്ച കാഫ്ക ,ജോയ്സ്, കസാൻദ്സാക്കിസ്, ഖലിൽ ജിബ്രാൻ   തുടങ്ങിയ മഹാരഥന്മാർക്ക് നോബൽ  നൽകിയിട്ടില്ല.'അവാർഡ് മുതലാളിമാരുണ്ടെന്നു ചെമ്മനം ചാക്കോ പറഞ്ഞത് ഓർക്കുകയാണ്. 

4)ചവറ കെ.എസ്. പിള്ളയെക്കുറിച്ച് സുഹൃത്തുക്കൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം നല്ലൊരു ആദരവായി. ഒരു കവിയെ ആദരിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്നതാണ് 'കെ.എസ്. ജീവിതം കാലം എഴുത്ത്'(പച്ചമലയാളം) എന്ന പുസ്തകം. ജയൻ മഠത്തിൽ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഒഎൻവി, പ്രഭാവർമ്മ ,പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, മലയത്ത് അപ്പുണ്ണി ,ചേപ്പാട് ഭാസ്കരൻ നായർ, സരോജിനി ഉണ്ണിത്താൻ ,എൻ.എസ്. സുമേഷ് കൃഷ്ണൻ, പ്രൊഫ.എസ്. ശിവദാസ് തുടങ്ങി വലിയൊരു നിര അണിനിരക്കുന്നുണ്ട്.ഒ.എൻ.വി  എഴുതിയത് ഇങ്ങനെയാണ്:'പൂവില്ലാക്കാലത്തെ പൂവിളി പോലെ ,ഇരുണ്ട നിശാമുഖത്ത് മെല്ലെ വിരിയുന്ന നിലാക്കതിരുകൾ  പോലെ, ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന മിന്നാമിന്നികൾ പോലെ ,എല്ലാ ദുഃഖദുരിതങ്ങൾക്കിടയിലും  സാന്ത്വനവാക്കുകൾ പോലെ ചവറ കെ.എസ്. പിള്ളയുടെ കവിതകൾ നമ്മെ തേടിവരുന്നു.' 

ചവറ കെ.എസ്. പിള്ള എല്ലാ തലമുറകളിൽ ഉൾപ്പെട്ട എഴുത്തുകാരോടു സമഭാവനയോടെ പെരുമാറുന്ന ഉന്നത വ്യക്തിത്വമാണ്. കവിതയുടെ നനവും നന്മയും അദ്ദേഹം സ്വന്തം ശരീരത്തിലും മനസ്സിലും ഏറ്റെടുത്തിരിക്കുന്നു .നമ്മുടെ കാലത്തെ ഏറ്റവും അനാസക്തനായ കവിയാണ് കെ.എസ്.

5)യു.പി. ജയരാജ് മലയാളകഥയിലെ ഏകാന്തസൗന്ദര്യമാണ്,നിത്യപ്രചോദനമാണ്. ചൂഷിതരുടെ ഭാഗത്തുനിന്നുകൊണ്ട് ചൂഷകരെ എതിർക്കുന്ന സ്വരമാണ് മിക്ക കഥകളിലുമുള്ളത്. സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയും സ്വയം തിരിച്ചറിവ് നേടുമ്പോഴാണ് ജയരാജിൻ്റെ കഥകൾ ആസ്വദിക്കപ്പെടുക .'അഭിനവകഥകൾ'(ഡിസി) എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ജയരാജന്റെ കഥകളുടെ സമ്പൂർണ്ണ പതിപ്പാണ്. ബിഹാർ , മഞ്ഞ്, നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്, ഓക്കിനാവയിലെ പതിവ്രതകൾ ,ഇന്ത്യൻ തെരുവുകളെപ്പറ്റി ചില രഹസ്യങ്ങൾ തുടങ്ങിയ കഥകൾ വായിക്കണം. സിരകളിലേക്ക് അഗ്നി പ്രവഹിക്കുന്നതുപോലെ തോന്നും.

6)പി.കെ. ഗോപിയുടെ കവിതകളോടുള്ള ആദരസൂചകമായി 'ഒരുമ' ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ജലാത്മകം ജന്മാവകാശം'. പി.കെ.ഗോപി തന്നെയാണ് ലേഖനങ്ങൾ സമാഹരിച്ചിരിക്കുന്നത്. പോൾ മണലിൽ ,സുധാകരൻ ചന്തവിള ,ഡോ. എം.ഡി. മനോജ്, ഡോ.റോഷ്നി സ്വപ്ന, പ്രീത് ചന്ദനപ്പിളളി, ഡോ. ആര്യ ഗോപി, കൂടൽ ഷാജി ,അജീഷ് ജി ദത്തൻ ,ജി.സതീശൻ തുടങ്ങിയവരുടെ ലേഖനങ്ങൾ ചേർത്തിരിക്കുന്നു. കവി തൻ്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു:'ഓരോ നിമിഷവും അക്ഷരങ്ങളിങ്ങനെ തെളിഞ്ഞു കത്തുമ്പോൾ ഇരുട്ട് അകന്നകന്നു പോകുന്നതായി എനിക്കനുഭവപ്പെടുന്നു. ഞാനോ ഉടമയും അടിമയുമല്ലാത്ത കാവ്യസ്വാതന്ത്ര്യത്തിന്റെ മഹാവിഹായസിലെ ചിറകുറയ്ക്കാത്ത ചെറിയൊരു ദേശാടനക്കിളി.'

7)ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് തൻ്റെ നേര് വെട്ടിത്തുറന്നു പറഞ്ഞു: 'സ്നേഹിക്കുക എന്നു പറയുന്നത് പരസ്പരമുള്ള പീഡനമാണ്.'