സുകുമാർ അഴീക്കോട് ജന്മശതാബ്ദിയിൽ ശിവഗിരിയിൽ ചെയ്ത പ്രസംഗം
ശിവഗിരി: അനീതിയെ എതിർക്കാൻ വേണ്ടിയാണ് സുകുമാർ അഴീക്കോട് പ്രസംഗിച്ചതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
ശിവഗിരി
മഠവും മാവേലിക്കരയിലെ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന്
ശിവഗിരിയിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനത്തിൽ
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ഹരികുമാറിൻ്റെ
പ്രഭാഷണത്തിൽ നിന്ന്: അഴീക്കോടിൻ്റെ പ്രഭാഷണത്തിന് മൂല്യമുണ്ടാകുന്നത്
അദ്ദേഹം കൂടുതൽ നേരം പ്രസംഗിച്ചത് കൊണ്ടല്ല; കൂടുതൽ വേദികളിൽ പ്രസംഗിച്ചത്
കൊണ്ടല്ല ;കൂടുതൽ കാലം പ്രസംഗിച്ചതുകൊണ്ടുമല്ല. അഴീക്കോടിൻ്റെ പ്രസംഗം
പ്രസക്തമാകുന്നത് അദ്ദേഹം നമ്മുടെ മനസ്സാക്ഷിയെ പ്രകാശനം ചെയ്യുന്നതു
കൊണ്ടാണ് .നമ്മൾ പറയേണ്ടത് അദ്ദേഹം പറയുകയാണ്. നമുക്ക്
പറയണമെന്നുണ്ടായിരുന്നു.അത് അദ്ദേഹം പറയുകയാണ് .നമ്മളിൽ ഉണ്ടായിരുന്ന നേര്
,അദ്ദേഹം പറയുമ്പോഴാണ് നാം തിരിച്ചറിയുന്നത്. അതുകൊണ്ട് അത് സമൂഹത്തിന്റെ
ഹൃദയത്തിൽ നിന്നുണ്ടാകുന്ന പ്രഭാഷണമാണ്. അത് കാലത്തിൻ്റെ ആത്മാവായി
മാറുന്നു. അനീതിയെ എതിർക്കുക എന്ന ആശയമാണ് അദ്ദേഹം മുറുകെ പിടിച്ചത്.
തെറ്റിനെ മൂടിവയ്ക്കുന്നവൻ പ്രഭാഷകനല്ല.
1991 ൽ
എനിക്ക് 'അങ്കണം' അവാർഡ് ലഭിച്ച സന്ദർഭത്തിലാണ് അഴീക്കോടിനെ
പരിചയപ്പെടുന്നത്. അദ്ദേഹത്തെ ആ അവസരത്തിൽ വീട്ടിൽ പോയി കണ്ടു. എനിക്ക്
അന്ന് അവാർഡ് തന്നത് അഴീക്കോടായിരുന്നു. ആ പ്രസംഗത്തിൽ അദ്ദേഹം
അവാർഡിനർഹമായ എൻ്റെ കൃതി 'മനുഷ്യാംബരാന്തങ്ങളെ'പ്പറ്റി ഉണ്ടായ
ബഹളങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. 'മനുഷ്യാംബരാന്തങ്ങൾ' എന്ന ഗ്രന്ഥനാമം
ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു പ്രൊഫസറെ അമ്പരിപ്പിച്ചു എന്ന്
അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തിൽ നിന്നുള്ള കുറിപ്പുകൾ എഴുതി തൻ്റെ ജബയുടെ
പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വന്നത്. പുസ്തകത്തിലെ ഒരു വാചകം
ഉദ്ധരിച്ചത് ഓർക്കുന്നു: "മനുഷ്യജീവിതം പ്രലോഭനങ്ങളുടെ കൂടാണ്"- തുടർന്ന്
ഇതാണ് സാഹിത്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴീക്കോട് അദ്വൈതത്തിന്റെ
ഉദ്ഘോഷകനായിരുന്നു. ഈ പ്രപഞ്ചവുമായി മനുഷ്യാത്മാവിന് യാതൊരു ഭേദവുമില്ല
എന്ന ഉപനിഷത് ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം
ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു.
ശ്രീനാരായണഗുരുവിനെക്കുറിച്ച്
രണ്ട് സന്ദർഭങ്ങളിലായി അദ്ദേഹം എന്നോട് പറഞ്ഞ ആ കാര്യങ്ങൾ ഇവിടെ
സൂചിപ്പിക്കുകയാണ്. ഒന്നാമത്തേത് , ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ദർശനത്തെക്കുറിച്ചാണ്. ഇങ്ങനെ ഒരു പ്രസ്താവന ചെയ്യാൻ ഹൃദയത്തിൽ
അദ്വൈതാനുഭൂതി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരാൾക്ക് മാത്രമേ കഴിയൂ എന്ന്
അദ്ദേഹം അറിയിച്ചു .മറ്റൊരു നിരീക്ഷണം അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചാണ്.
അരുവിപ്പുറത്ത് നടന്ന പ്രതിഷ്ഠ പാരമ്പര്യത്തെ ധിക്കരിക്കുന്നതായിരുന്നു.
ആറ്റിൽ നിന്ന് ഒരു കല്ലെടുത്ത് വച്ച ശേഷം അത് ശിവനാണെന്ന്
പ്രഖ്യാപിക്കുന്നു. ആ ശിവപ്രതിഷ്ഠ പല പ്രമാണിമാരെയും ചൊടിപ്പിച്ചു. ചിലർ
ചോദ്യം ചെയ്തു .അപ്പോൾ അവരോട് ഗുരു പറയുന്നു: ഇത് നമ്മുടെ ശിവനാണെന്ന്!
ശിവനെ ഗുരു മോചിപ്പിക്കുകയാണ് .സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ
ഗുരു കണ്ടെത്തുന്നു.അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യവത്ക്കരിക്കുന്നു.
ഗുരുവിൻ്റെ
ഈ പ്രസ്താവന ചരിത്രത്തിൽ ആദ്യത്തേതാണ്. ചരിത്രത്തിൽ ഒരിക്കലും ഇതുപോലൊരു
സന്ദർഭം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആ മറുപടി സർഗാത്മകമാണ്. മറ്റാരും
അതുപോലൊരു മറുപടി നൽകുകയില്ല. സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ
ഗുരു കണ്ടെത്തുന്നു. അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യപരമാക്കുന്നു.
ജനാധിപത്യം എന്നാൽ തുല്യത വരുത്തുക എന്നാണർത്ഥം. എല്ലാവർക്കും ഒരുപോലെ
അവകാശമുള്ളതാക്കുക . ദൈവത്തിൻ്റെ കാര്യത്തിലുള്ള ഈ ജനാധിപത്യവൽക്കരണം
ജാതിചിന്തകൾ കൊണ്ട് കളങ്കിതമായ ഒരു സമൂഹത്തിൽ വളരെ പ്രധാനമാണ്.
ഒരു
വിമർശകനെന്ന നിലയിൽ അഴീക്കോട് പുനർമൂല്യനിർണയം എന്ന ആശയത്തിന്റെ
വക്താവായിരുന്നു. എഫ്. ആർ. ലിവിസ് എഴുതിയ Revaluation : Tradition and
Development in English Poetry എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹം
ഉദ്ധരിക്കുന്നു. ഒരു കൃതിയെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള
ആസ്വാദനചിന്തകൾ അതേപടി ഏറ്റുപാടരുത് .യുക്തിയെ പുനർമൂല്യവിചാരണ നടത്തണം.
പുതിയ മൂല്യം അന്വേഷിക്കണം .ഒരു കൃതിയെ ഇങ്ങനെ പുനർമൂല്യവിചാരം
ചെയ്യുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്ന് അഴീക്കോട് വാദിച്ചു. ഭാവുകത്വം
മലിനമായിത്തീരും. അതിനെ നവീകരിക്കേണ്ട ഉത്തരവാദിത്വം
വിമർശകനുള്ളതാണ്.ടി.എസ്.എലിയറ്റിൻ്റെ ഒരു നിരീക്ഷണം കൂടി കാണണം.
വായനക്കാർക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് എല്ലാം ശരിയാകണമെന്നില്ല. അവരുടെ
വീക്ഷണത്തിൽ തകരാർ സംഭവിക്കുമ്പോൾ അത് തിരുത്താൻ വിമർശിക്കാൻ തയ്യാറാവണം .
അഴീക്കോടും
മുണ്ടശ്ശേരിയും മാരാരും ചേർന്ന വിമർശകത്രയമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ
വിമർശനത്തിലെ ഒരു പ്രധാന ആകർഷണം. മുണ്ടശ്ശേരിയും മാരാരും അഴീക്കോടും
എഴുത്തച്ഛൻ്റെ കാര്യത്തിൽ മൗനം പാലിച്ചു. എന്നാൽ ഇവർ മൂന്നു പേരും ജി.
ശങ്കരക്കുറുപ്പിൻ്റെ കവിതയെ വിമർശിക്കുകയാണ് ചെയ്തത്.ശങ്കരക്കുറുപ്പിൻ്റെ
ഷഷ്ഠിപൂർത്തി ആഘോഷത്തിൽ മുണ്ടശ്ശേരി അദേഹത്തിൻ്റെ കവിതയെ വിമർശിച്ചപ്പോൾ
തകഴി അദ്ധ്യക്ഷനായിരുന്നു. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടേണ്ട കവിയാണെന്ന
നിലപാടായിരുന്നു മാരാർക്കുമുണ്ടായിരുന്നത്. അദ്ദേഹമാണ് അഴീക്കോടിൻ്റെ
പുസ്തകത്തിന് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന പേര്
നിർദ്ദേശിച്ചത്.
അഴീക്കോടിൻ്റെ ജന്മശതാബ്ദി
സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയോട് ആദരവ്
പ്രകടിപ്പിക്കാൻ ഈ നാട്ടിൽ വിപുലമായ ഒരു ഒരുക്കം നടന്നില്ല എന്നത്
ഖേദകരമാണ്- ഹരികുമാർ പറഞ്ഞു. സച്ചിദാനന്ദ സ്വാമി,അവ്യയാനന്ദ സ്വാമി, ജോർജ്
തഴക്കര ,ഡോ. അജയൻ പനയറ ,ബാബു പാക്കനാർ ,സന്തോഷ്കുമാർ തുടങ്ങിയവർ
പ്രസംഗിച്ചു.

No comments:
Post a Comment