ബോർഹസ്യൻ ഊരാക്കുടക്ക്
പഴയനിയമത്തിലെ
ബാബേൽ ഗോപുരം സാഹിത്യരചനകളിലും അർത്ഥപരമായ ഉൾക്കാഴ്ചകൾക്ക്
പ്രേരകമായിട്ടുണ്ട്. പ്രളയത്തിനുശേഷം ലോകത്തിലെ ജനങ്ങൾ ഒരുമിച്ച്
താമസിക്കുന്നതിനിടയിൽ അവർ ഒരു നൂതനാശയത്തെക്കുറിച്ച് ചിന്തിച്ചു.
അവർക്കെല്ലാം ഒരേയൊരു ഭാഷയാണ് അറിയാമായിരുന്നത്. അതുകൊണ്ട് എല്ലാവർക്കും
ഒരുമിച്ചുനിൽക്കാൻ എളുപ്പമായിരുന്നു. അവരുടെ നൂതനാശയം ഒരു നഗരം
നിർമിക്കണമെന്നതായിരുന്നു. അതിൻ്റെ ഭാഗമായി വളരെ ഉയരമുള്ള ഒരു ഗോപുരം
നിർമ്മിക്കാനും തീരുമാനിച്ചു. അത് തങ്ങളുടെ നാടിനു അഭിമാനമാകുമെന്നും
അതിലൂടെ തങ്ങളുടെ വാസ്തുശില്പകലയിലുള്ള വൈദഗ്ദ്ധ്യം അനശ്വരമായി
നിലനിൽക്കുമെന്നും അവർ ചിന്തിച്ചു. അവർ ഉത്സാഹത്തോടെ നിർമ്മാണം തുടങ്ങി.
അത് പൂർത്തിയാക്കാനായില്ല. എന്നാൽ ഈ പ്രവൃത്തിയെ യഹോവ ഇഷ്ടപ്പെട്ടില്ല.
മനുഷ്യർ സ്വന്തം നിലയിൽ ഇതുപോലുള്ള ഉഗ്രമായ നിർമിതികളിലേർപ്പെടുന്നത്
ശരിയല്ലെന്നു യഹോവ ആലോചിച്ചു. യഹോവ അത് തടയാനായി ഒരു ഉപായം പ്രയോഗിച്ചു.
അതിനായി അവരുടെ ഏകഭാഷ എന്ന സൗകര്യം ഇല്ലാതാക്കി. അവർക്കിടയിൽ യഹോവ പല
ഭാഷകൾ സൃഷ്ടിച്ചു ആശയപ്രകാശനം അസാധ്യമാക്കി. ഒരാൾ പറയുന്നത് മറ്റൊരാൾക്ക്
മനസ്സിലാകാതെ വന്നാൽ നിർമ്മാണത്തിനു തടസ്സങ്ങൾ ഉണ്ടാകുമല്ലോ. ആ
നഗരനിർമ്മാണം ഒരു സ്വപ്നമായി അവശേഷിച്ചു. ബാബേൽ എന്നാൽ കുഴപ്പിക്കുക
എന്നാണർത്ഥം .പിന്നീട് ,പൂർത്തിയാക്കാൻ കഴിയാത്ത ആ ഗോപുരത്തിനു ബാബേൽ എന്നു
പേര് ലഭിക്കുകയായിരുന്നു.
ബാബേൽ ഗോപുരം
മനുഷ്യൻ്റെ സ്വപ്നത്തകർച്ചയെയാണ് ഉദാഹരിക്കുന്നത്. സഫലമാകാതെ പോയ
ഉദ്യമങ്ങൾ ബാബേൽ മാതൃകയിലാണ് കാണേണ്ടത്. മനുഷ്യൻ നേരിട്ട ആശയവിനിമയത്തിൻ്റെ
അസാധ്യതകളെ കാല്പനികവൽക്കരിക്കാൻ ഈ പേര് ധാരാളമാണ്. നമ്മെ ഇന്നും
ഭാഷാപരമായ ഈ പ്രതിസന്ധി പിന്തുടരുന്നു. എല്ലാവർക്കും അറിയാവുന്ന
ഭാഷയില്ലല്ലോ. കൂടുതൽ പേർക്ക് അറിയാവുന്ന ഭാഷ ഉണ്ടായേക്കാം. ഭാഷാപരമായ
അസാധ്യതകൾ നമ്മെ പരസ്പരം അകറ്റിക്കളയുന്നു. മനസ്സിനും ഒരു ഭാഷയുണ്ട്.
മനസ്സിന്റെ ഭാഷ തികച്ചും സ്വകാര്യമാണ് .ഒരാളുടെ ഭാഷ മറ്റൊരാൾക്ക് അറിയില്ല.
ഓരോരുത്തരും സ്വന്തം സ്വകാര്യഭാഷയുടെ അസാധ്യതകളിൽ, അതാര്യതകളിൽ
ഉരുകിത്തീരുകയാണ്. ഓരോരുത്തരും സ്വന്തം ഭാഷകൊണ്ട് സ്വയം പറഞ്ഞു
മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. അത് ഒരു യജ്ഞമാണ്. അത് ഒരു അനുഷ്ഠാനമായി
ജീർണിക്കുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനു മുമ്പ് സ്വന്തം ഭാഷ
കൊണ്ട് സ്വയം ബോധ്യപ്പെടുന്നത് മറ്റൊന്നാണ്. ഇതാണ് ഭാഷാപരമായ തകർച്ച .ഒരു
സത്യത്തെ നുണയാക്കാൻ വേണ്ടി നാം നമ്മുടെ മനസ്സിൻ്റെ അപൂർവ്വമായ ഭാഷയിൽ
സ്വയം മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. അങ്ങനെ സ്വയം കളവ് സൃഷ്ടിച്ചെടുക്കുന്നു.
അതിൻ്റെ യുക്തിയിൽ സ്വയം ജയിക്കുന്നു. എന്നാൽ മറ്റൊരാൾക്ക് ആ ജയം
വ്യക്തമാവുകയില്ല. സ്വന്തം ഭാഷയിലൂടെ അപരനെ അറിയേണ്ടതുണ്ട്. അവനു പക്ഷേ,
അവന്റെ മനസ്സിന്റെ ഭാഷ മാത്രമാണ് വശമുള്ളത്. നാം ആന്തരികതയിലാണ് ഭാഷയെ
വളർത്തുന്നത്. വാക്കിലാണ് ജീവിക്കുന്നത്.
സ്നേഹം ഓർമ്മകളുടെ കൂട്
ബർട്രാൻഡ്
റസ്സലിൻ്റെ 'ഹ്യൂമൻ നോളജ്' എന്ന ഗ്രന്ഥത്തിൽ എട്ടാം അധ്യായത്തിൽ 'ട്രൂത്ത്
എലിമെൻററി ഫോംസ്' എന്ന ഭാഗത്ത് വിശ്വാസം, അർത്ഥം, വാക്ക്
എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട് .അത് ഇങ്ങനെ സംഗ്രഹിക്കാം:
'ഓർമ്മകളുടെ ബന്ധങ്ങളുള്ളപ്പോഴാണ് വാക്കുകൾക്ക് അർത്ഥമുണ്ടാകുന്നത്.
നോക്കൂ ,ഒരു കുറുക്കൻ അവിടെയുണ്ട് എന്നു പറഞ്ഞാൽ ഉടനെ ഒരു കുറുക്കൻ്റെ മണം
പിടിച്ചതുപോലെ നിങ്ങൾ പെരുമാറാൻ തുടങ്ങും. ഒരു കുറുക്കനെ കണ്ടപോലെയാണ്
കുറുക്കൻ എന്നു പറയുന്നത്. എന്തെന്നാൽ കുറുക്കൻ, കുറുക്കൻ എന്ന
പദത്തിലേക്കും തിരിച്ചും നമ്മെ കൊണ്ടുപോകുന്നു .നിങ്ങൾ ഒരിക്കലും കുറുക്കനെ
കണ്ടിട്ടില്ലെങ്കിൽ ആ വാക്ക് നിർവ്വചിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഒരു
ബോധം സ്വരൂപിക്കും. അവിടെ വാക്ക് ഒരു വിശ്വാസമാണ്.ഇത് നമ്മുടെ ശരീരത്തിലും
പ്രതിഫലിക്കും.' ഈ ഭാഷ എല്ലാവർക്കും അറിയാവുന്നതാകയാൽ പെരുമാറ്റത്തിലും
പുറത്തുവരുന്നു. ഇതാണ് ഓർമ്മകൾ തമ്മിലുള്ള ബന്ധം.
ഇത്
ഒരു വ്യക്തിയുടെ കാര്യമാണ്. ഓരോരുത്തരുടെയും മനസിൽ ദൈവം ഓരോ ഭാഷ
സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് അന്യോന്യം മനസ്സിലാക്കാനാവുന്നില്ല .
സ്നേഹിക്കാനാകുന്നില്ല .സ്നേഹത്തിനുവേണ്ടി ജീവിക്കാനാകുന്നില്ല.വെറുതെ
സ്നേഹിച്ചാൽ പോരാ.
ഒരു ടിക്കറ്റെടുത്ത് സിനിമ
കാണുന്നതുപോലെയാകരുത് സ്നേഹം. സിനിമ തീരുന്നതോടെ ആ ടിക്കറ്റ്
ഉപേക്ഷിക്കുന്നു .സ്നേഹം മനസിൻ്റേതാണ്. മനസ്സിനെ ഉപേക്ഷിച്ചാലേ
സ്നേഹമില്ലാതാകൂ. സ്നേഹത്തിനുവേണ്ടി ജീവിക്കുന്നത് സ്നേഹം എന്ന വികാരം
ഉള്ളിലുള്ളതുകൊണ്ടാണ്. സ്നേഹം ഓർമ്മകളുടെ കൂടാണ്. അത് ഒന്നിൽ നിന്നു
തൊടുത്ത് ആയിരമായി പടരുന്നു. ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ് അർജൻ്റൈൻ
എഴുത്തുകാരനായ ലൂയി ബോർഹസിൻ്റെ 'ദ് ലൈബ്രറി ഓഫ് ബാബേൽ' എന്ന കഥ .ഒരു
അമാനുഷികമായ ഭാവനയാണത്. ഭാവന എന്ന വാക്ക് മനസ്സിൻ്റേതാണ്. എന്നാൽ ബോർഹസ് ആ
വാക്കിനു മനുഷ്യാതീതമായ ഒരു തലം നൽകുന്നു. മനുഷ്യന്റെ ഭാവനയുടെ
അപാരതയിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഒരു വലിയ ലൈബ്രറി
സങ്കല്പിക്കുന്നു. ഷഡ്ഭുജാകൃതിയിലുള്ള അറകളാണ് അതിന്റെ പ്രത്യേകത .അതിൻ്റെ
ഇടനാഴിയിൽ ഒരു കണ്ണാടി വച്ചിട്ടുണ്ട്. ആ ലൈബ്രറിയാകെ നിഗൂഢതയാണ്. അവിടെ
നിരത്തിയിരിക്കുന്ന പുസ്തകങ്ങൾക്ക് ഒരു പ്രഹേളികാസ്വഭാവമാണുളളത്. അത്
വായനക്കാരനെ കബളിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു .ചില
ഗ്രന്ഥങ്ങൾ ഉള്ളടക്കം വെളിപ്പെടുത്താത്ത വിധം ദുർഗ്രഹമാണത്രേ. ഓരോ
വാചകത്തിനും ഒറ്റയ്ക്ക് അർത്ഥമില്ലാത്ത, എന്നാൽ അതിൻ്റെ അനുബന്ധം നോക്കിയാൽ
വല്ലതും പിടികിട്ടിയേക്കാവുന്ന പുസ്തകങ്ങളും അവിടെയുണ്ട്. അവിടെ ഒരു
ലൈബ്രേറിയനുണ്ട്. അയാൾക്ക് ഇരിക്കാൻ ഒരു പ്രതീതി ഇരിപ്പിടമാണുള്ളത്.
നിരർത്ഥകത പോത്തിൻ്റെ കൊമ്പുപോലെ
ലൈബ്രറി
ഒരു വൈരുദ്ധ്യമാണ് .അവിടെ വിവിധ തരം പുസ്തകങ്ങൾ പരസ്പരം പോരടിക്കുകയാണ്.
ലോകത്ത് ഭൂരിപക്ഷവും തെറ്റുകൾ ചെയ്യുന്നവരാണ് .ആ തെറ്റുകളെ എന്നേക്കുമായി
ന്യായീകരിക്കാൻ ശ്രമിക്കുന്ന പുസ്തകങ്ങളും ആ കൂട്ടത്തിലുണ്ട് .ന്യായവാദങ്ങൾ
ഒരു തുടർക്കഥയാണ്. എല്ലാറ്റിനെയും ന്യായീകരിക്കാനാവും. എന്നാൽ
സത്യാന്വേഷികൾ ഇത്തരം ന്യായവാദങ്ങളെ അനുബന്ധമായി കാണും. അതിൽ യുക്തിയോ
ധർമ്മമോ ഇല്ലെന്നു അവർ പ്രഖ്യാപിക്കും. അതേസമയം ബോർഹസിൻ്റെ ലൈബ്രറിയിലെ ചില
പുസ്തകങ്ങൾക്ക് പുറംചട്ടയും ഉള്ളടക്കവും തമ്മിൽ ബന്ധമില്ല. എഴുതപ്പെട്ട
എല്ലാ പുസ്തകങ്ങളും ആ ലൈബ്രറിയിലുണ്ടെന്നത് ഒരു അനുമാനമാണ്. എല്ലാ
പുസ്തകങ്ങളുടെയും എല്ലാ ഭാഷകളിലുമുള്ള പരിഭാഷകളും അവിടെയുണ്ട്. അതൊക്കെ
ആരാണ് വായിക്കുന്നതെന്നു വ്യക്തമല്ല. ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ
ചോദിച്ചുവാങ്ങുന്നവരെ കാണുന്നില്ല. പുസ്തകങ്ങളെപ്പറ്റിയും
ഉള്ളടക്കങ്ങളെപ്പറ്റിയുമുള്ള അനുമാനങ്ങളാണ് ഏറെയും .ചില ഗ്രന്ഥങ്ങളിൽ ഒരേ
വാചകങ്ങൾ തന്നെ ആവർത്തിക്കുകയാണ്. എന്തിനാണ് ഇത്തരം പുസ്തകങ്ങൾ
പടച്ചുണ്ടാക്കുന്നതെന്നു ചോദിക്കരുത്. അതെല്ലാം ഈ അർത്ഥരഹിതമായ ലോകത്ത്,
സന്ദിഗ്ദ്ധമായ ലോകത്ത് സാധ്യമാണ്.
പതിനൊന്നു
പേരെ വെട്ടിക്കൊന്നവൻ അതിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാൽ ഉടനെ അത്
കലാശാലയിൽ പാഠപുസ്തകമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ ബോർഹസ്യൻ
ഊരാക്കുടുക്ക് എന്നു വിശേഷിപ്പിക്കാവുന്നതാണ്. ബോർഹസ്യൻ എന്നാൽ ബോർഹസിൻ്റെ
കഥകളിൽ കാണുന്നതു പോലെയുള്ള ഭ്രമിപ്പിക്കുന്ന ,കുഴയ്ക്കുന്ന, അനിശ്ചിതമായ
,ആകുലപ്പെടുത്തുന്ന സംഭവങ്ങൾ എന്നർത്ഥം. നിരർത്ഥകത പോത്തിന്റെ കൊമ്പു പോലെ
എഴുന്നു നിൽക്കുന്ന ജീവിതത്തിൽ ബോർഹസ്യൻ ഊരാക്കുടുക്ക് സർവസാധാരണമാണ്.
നിയതമായ
രൂപമില്ലാത്ത പുസ്തകങ്ങളെക്കുറിച്ചും ബോർഹസ് എഴുതുന്നുണ്ട്. എന്തിനാണ്
ഇത്തരം പുസ്തകങ്ങൾ? എന്നാൽ ഒരു സ്വപ്നത്തിൽ ഇത്തരം പുസ്തകങ്ങൾക്ക്
സാധ്യതയുണ്ട്. ഒരു പുസ്തകം ഒരിടത്ത് അവസാനിക്കുന്നു; എന്നാൽ ലോകം
അവസാനിക്കുന്നില്ല. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ആവർത്തിക്കുകയാണ്
ചെയ്യുന്നത്. പലരും എഴുതി വച്ച വിഷയങ്ങൾ പരിഷ്കരിച്ച് വീണ്ടും
എഴുതുന്നതിനേയും പുസ്തകം എന്നു വിളിക്കാം. മൗലികമായ ഗ്രന്ഥങ്ങളില്ല. റോമാ
ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്', പഴയനിയമത്തിലെ
'സഭാപ്രസംഗകൻ', ഭഗവത്ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ പല രൂപത്തിൽ ആവർത്തിക്കുന്നത്
കാണാം. കമ്യുവിൻ്റെ 'സിസിഫസ് പുരാണം' ഗ്രീക്ക് പുരാണത്തിൽ
നിന്നെടുത്തതാണ്. എന്തുകൊണ്ടാണ് സിസിഫസിനു വലിയ ഒരു പാറ കുന്നിൻ്റെ
മുകളിലേക്കു ഉയർത്തേണ്ടി വന്നത് ? അയാൾ മരണദേവനെ ചങ്ങലയിൽ ബന്ധിച്ചു
മരണത്തെ തടഞ്ഞ രാജാവയിരുന്നു. അതിനുള്ള ശിക്ഷയാണ് ദൈവം കൊടുത്തത് .
ഈ ലോകം എന്ന ലൈബ്രറി
ഒരു
പുസ്തകം കാണാൻ മറ്റൊരു പുസ്തകം നോക്കണമെന്ന വിചിത്രമായ വാദം ബോർഹസിൻ്റെ
കഥയിൽ കാണാം. യഥാർത്ഥത്തിൽ ഈ പുസ്തകം അദ്ദേഹത്തിൻ്റെ ഭാവനയിൽ നിന്നുദിച്ച്
മനുഷ്യാസ്തിത്വത്തിൻ്റെ സങ്കീർണമായ ദുരവസ്ഥകളെ ചൂണ്ടിക്കാണിക്കുകയാണ്
ചെയ്യുന്നത്. ഇവിടെ ലൈബ്രറി ഈ ലോകം തന്നെയാണ് .അവിടെ നാം ഓരോരുത്തരും
ലൈബ്രേറിയന്മാരാണ്. എന്നാൽ ലൈബ്രേറിയൻ ചിന്താക്കുഴപ്പത്തിലാണ്. ഈ
ലൈബ്രറിയുടെ വ്യാപ്തിയെക്കുറിച്ചോ അതിൽ ഉൾപ്പെട്ടിട്ടുള്ള
പുസ്തകങ്ങളെക്കുറിച്ചോ വ്യക്തമായ ഒരു ധാരണ അയാൾക്കില്ല. അയാൾ തന്റെ
പരിമിതികൾക്കകത്ത് ഒരു വിഭ്രമത്തിനു അടിമപ്പടുകയാണ് ചെയ്യുന്നത്. ഒരു
അനുഭവത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്നു നമുക്കറിയില്ല. നാം പലതരം
വ്യാഖ്യാനങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയാണ് .ഈ വ്യാഖ്യാനങ്ങൾക്ക് അന്തമില്ല, ഈ
ലൈബ്രറിക്ക് അന്തമില്ലാത്തതുപോലെ. നാം ഒരു പുസ്തകശേഖരമാണ് . അതിൻ്റെ
തുടക്കവും ഒടുക്കവും ക്രമീകരിക്കുന്നത് തന്നെ മൗഢ്യമാണ്. മനസ്സിലെ
എണ്ണമറ്റ പുസ്തകങ്ങൾ നാം അടുക്കി വയ്ക്കാറില്ല. എന്നാൽ പരസ്പരഭിന്നമായ
ചിന്താഗതികളാണ് ആ പുസ്തകങ്ങൾ. നിലവിലിരിക്കുന്ന വ്യവസ്ഥയെ നിരാകരിച്ച്
പൂർവകാലത്തെ ഏതോ വ്യവസ്ഥയെ അന്ധമായി പിന്തുടരുന്ന അനേകം പുസ്തകങ്ങളുണ്ട്. ആ
പുസ്തകങ്ങൾ നമ്മോട് സംവദിക്കുന്നില്ലെന്നു കഥയിൽ ബോർഹസ്
അറിയിക്കുന്നുണ്ട് .മനസ്സിനു ഉൾക്കൊള്ളാനാവാത്ത വിധം പുസ്തകങ്ങൾ
പെരുകുകയാണ്. ആരാണ് വായിക്കുന്നത്? ശരിയായ ഒരു വായനക്കാരനെ പോലും
കാണാനില്ല. തനിക്ക് ഏഴ് വായനക്കാർ ധാരാളം മതിയെന്നു ബോർഹസ് പറഞ്ഞത്
ഓർക്കണം. തൻ്റെ ഊരാക്കുടുക്കുകൾ പോലെ സംഭ്രമിക്കുന്ന മാനസികാവസ്ഥ അറിയുന്ന
ഒരു വായനക്കാരനെ ബോർഹസ് പ്രതീക്ഷിക്കുന്നില്ല. ഒരു വായനക്കാരനും തൻ്റെ
പുസ്തകം ഭേദിക്കുകയില്ലെന്നു അറിയാവുന്നതുകൊണ്ട് മൗനിയാകുന്നതാണ് നല്ലത് .
അതുകൊണ്ടാണ് ഈ കഥയിൽ വായിക്കാനറിയാത്ത വായനക്കാരെക്കുറിച്ച്
സൂചിപ്പിക്കുന്നത്.
അവർ ഏതു പുസ്തകവുമെടുത്ത് മണത്തുനോക്കുകയോ
പ്രണമിക്കുകയോ ചെയ്യും .പുസ്തകം എന്ന ഉൽപ്പന്നത്തെയാണ് അവർ
ഇഷ്ടപ്പെടുന്നത്.വായിക്കാവുന്നതെന്തും മഹത്തരമാണെന്നു അവർ വൃഥാ
വിചാരിക്കുന്നു .എഴുതപ്പെട്ട ആശയങ്ങൾ ഒരിക്കലും മടുക്കാത്ത
യോദ്ധാക്കളാണെന്നു അവർ ചിന്തിക്കാത്തത് വെറുതെയല്ല. അങ്ങനെയുള്ള
യോദ്ധാക്കളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലല്ലോ.
മറ്റൊരു
ശ്രദ്ധേയമായ നിരീക്ഷണമുണ്ട്; മനുഷ്യൻ നശിച്ചാലും ഈ ലൈബ്രറി
നിലനിൽക്കണമെന്നതാണത്. ഏതാണ് ആ ലൈബ്രറി ?അത് ഒരു യാഥാർത്ഥ്യമല്ല .അത്
മനുഷ്യന്റെ അസ്തിത്വലോകത്ത് പല രൂപങ്ങളിൽ ,കാലങ്ങളിൽ, ചിന്തകളിൽ,
നിരാകരണങ്ങളിൽ, പോരാട്ടങ്ങളിൽ നിലനിൽക്കുന്ന വിചാരങ്ങളും അസംബന്ധങ്ങളുമാണ്.
മനുഷ്യൻ മരിച്ചാലും ആ പോരാട്ടങ്ങൾ വായനക്കാർക്ക് വേണ്ടി എഴുതപ്പെട്ട
പുസ്തകങ്ങളെ പോലെ അവശേഷിക്കുന്നു.
രജതരേഖകൾ
1)അന്തരിച്ച
കഥാകൃത്ത് ഇ.വി.ശ്രീധരൻ ശാന്തപ്രകൃതിയ്ക്കുള്ളിലെ ഗംഭീരമായ ചിന്തകളുടെ
പ്രകമ്പനമായിരുന്നു. മലയാളഭാഷയിൽ ആദ്യമായി റഷ്യൻ മിസ്റ്റിക്ക്
ഗുർജിഫിനെക്കുറിച്ച് ലേഖനമെഴുതിയത് ശ്രീധരനാണ്. അദ്ദേഹത്തിനു
സാഹിത്യത്തെയും കലയെയും കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു .അത് വളരെ
നവീനവുമായിരുന്നു .അദ്ദേഹം എഡിറ്റു ചെയ്ത എം. ഗോവിന്ദൻ സ്മരണിക അഗാധവും
പ്രൗഢവുമാണ്. പദവികളോ ഇരിപ്പിടങ്ങളോ പ്രശസ്തിയോ ചാടിപ്പിടിച്ച്
മുന്നേറുന്നവരുടെ ഈ കാലഘട്ടത്തിൽ ശ്രീധരൻ ചിന്താശീലമുള്ള
മലയാളിപാരമ്പര്യത്തെയാണ് പ്രതീകവത്ക്കരിക്കുന്നത് .ശ്രീധരൻ്റെ 'ഏതോ
പ്രാവുകൾ' എന്ന നോവലും 'ലബോറട്ടറിയിലെ പൂക്കൾ' എന്ന കഥയും നമ്മെ
സൗന്ദര്യാത്മകമായി പുതുക്കാതിരിക്കില്ല.വളരെ അകൃത്രിമവും നനവുള്ളതും
പ്രസന്നവുമായ ഒരു ഗദ്യശൈലിയാണ് ശ്രീധരൻ്റെ കഥകളെ സമ്പന്നമാക്കുന്നത്. അത്
യാഥാർത്ഥ്യത്തോടുള്ള ഒരു മൃദുസമീപനമായിരുന്നു. ജീവിതത്തെ മമതയില്ലാതെ
നോക്കികണ്ട അദ്ദേഹം അനുഭവങ്ങളെ അകാല്പനികമായാണ് സമീപിച്ചത്.
2)നല്ലൊരു
ഗായകനും സംഗീത സംവിധായകനും ഗ്രന്ഥകാരനുമായ വി.ടി. മുരളി എഴുതിയ 'കണ്ണീരും
സ്വപ്നങ്ങളും'(ലോഗോസ് ബുക്സ്) മലയാള ഗാനശാഖയെക്കുറിച്ച് അറിയാൻ
ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു കൃതിയാണ്. പി.ഭാസ്കരൻ്റെ
ഗാനങ്ങളിലെ ലാവണ്യതലങ്ങൾ തിരയുന്ന ഈ കൃതി ഒരു കാലഘട്ടത്തിലെ
ഗാനസംസ്കാരത്തിലേക്ക് നമ്മെ നടത്തിക്കുകയാണ്. പാട്ടെഴുത്തിൻ്റെ
പി.ഭാസ്ക്കരൻവഴികൾ ഇഴപിരിച്ചു പരിശോധിക്കുകയാണ്. അതിൽ ചരിത്രവും
സൗഹൃദങ്ങളും ഒത്തുചേരലുകളും ഓർക്കസ്ട്രയായി വർത്തിക്കുന്നു. ഭാസ്ക്കരൻ എന്ന
കവിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഇവിടെ അനാവൃതമാകുന്നത്. വി.ടി.മുരളി
ഓർമ്മകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മനുഷ്യനാണെന്നു തോന്നിപ്പോയി, ഇത്
വായിക്കുന്ന വേളയിൽ .
3)കെടാമംഗലം പപ്പുക്കുട്ടി,
പുനലൂർ ബാലൻ ,എം. ഗോവിന്ദൻ ,കടമ്മനിട്ട, കടവനാട് കുട്ടികൃഷ്ണൻ എന്നിവർ
മലയാളത്തിന്റെ ഔഷധവേരുകൾ തേടിയ കവികളാണ് .പുനലൂർ ബാലൻ്റെ 'ഇരുളിൽപൊതിഞ്ഞ
തിരിനാളം' എന്ന കവിത ശ്രീകാന്ത് താമരശേരി ചൊല്ലിയത് യുട്യൂബിൽ കേട്ടു
.എന്തിനാണ് വി. മധുസൂദനൻ നായർ ചൊല്ലന്ന രീതി കടമെടുക്കുന്നത് ? ഓരോ
കവിതയും ആവശ്യപ്പെടുന്ന ഈണമാണ് വേണ്ടത്. ബാലൻ്റെ വരികൾ എത്ര ശക്തമാണ്.
അതിൽ തന്നെ ഒരു വികാരമുണ്ട്.
'ഓർമ്മയുടെ ശവപേടകം പോലെ ഗതകാല -
ജീർണ്ണതകൾ നൽകിടും ക്ഷതവുമായി നിൽക്കുമീ സത്രം
തെരുവിലുറയൂരുന്ന മതവൈരസർപ്പമീ
വഴിയമ്പലത്തിന്റെ മതിലുകൾ തകർക്കുന്നു.'
4)മനോജ്
എഴുതിയ 'മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ' എന്ന നോവൽ നല്ലൊരു അനുഭവമാണ്
തന്നത് .2022 ലാണ് മനോജ് അന്തരിച്ചത് .മരണാനന്തരം, ഒടുവിൽ പ്രസിദ്ധീകരിച്ച
പുസ്തകമാണ് 'ബ്രഹ്മവിചാരത്തിന്റെ ഗൂഢാർത്ഥങ്ങൾ'(മൈത്രി ബുക്സ്) എന്ന
ലേഖനസമാഹാരം. ഇന്ത്യൻ ജീവിതത്തിലെ ജാതിതട്ടുകളെയും സാംസ്കാരിക
പ്രതിസന്ധികളെയും പഠനവിഷയമാക്കുന്ന ഈ കൃതിയിൽ ജാതിക്കല്യാണം, ഫ്യൂഡൽ
ജ്വരബാധിതസിനിമ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 14 ലേഖനങ്ങൾ ഇതിൽ
ഉൾക്കൊള്ളിച്ചിട്ടുണ്ട്.
5)ശ്രീജിത്ത്
പെരുന്തച്ചൻ കവിത എന്ന പേരിൽ എന്തൊക്കെയോ എഴുതിയിരിക്കുകയാണ്. കവിതയുടെ
പേര് വിചിത്രമാണ് 'സി.വി. ബാലകൃഷ്ണൻ എഴുതിയത്'(കലാപൂർണ, ഏപ്രിൽ). ബാലകൃഷ്ണൻ
എന്തായിരിക്കും എഴുതിയതെന്നറിയാൻ കവിതയിലേക്ക് തിരിയുന്ന വായനക്കാരനെ കവി
ഓടയിൽ തള്ളുന്നു.'ജീവിതമേ നീ എന്ത്' എന്നാണത്രേ ബാലകൃഷ്ണൻ എഴുതിയത്!
വായനക്കാരെ ഇതിൽ കൂടുതൽ എങ്ങനെയാണ് വഞ്ചിക്കുക ? കവിതയിലെ ബാക്കി ഭാഗം
വസ്തുവും പുസ്തകവും തമ്മിലുള്ള താരതമ്യമാണ്. വസ്തു കുറഞ്ഞ വിലയ്ക്ക്
വിറ്റു, പുസ്തകങ്ങൾ ചീളു പ്രസാധകർക്കു വിറ്റു ,നല്ല കറികൾ ഒരുക്കിയിട്ടും
സ്വാസ്ഥ്യത്തോടെ കഴിക്കാനായില്ല എന്നൊക്കെ എഴുതിയിരിക്കുന്നു. വാലും
തലയുമില്ലാത്ത ഇത്തരം ഏങ്കോണിപ്പുകളെ കവിതയെന്നു വിളിക്കുന്നത് ശരിയല്ല
.ഭാവനയില്ലാത്ത,ചിന്തയില്ലാത്ത കവിയാണ് ശ്രീജിത്ത് എന്നു ഇത്
ബോധ്യപ്പെടുത്തി തരും.
6)ഇടശ്ശേരിയുടെ
'സൗന്ദര്യാരാധന' എന്ന കവിതയെക്കുറിച്ച് കെ. വി. രാമകൃഷ്ണൻ എഴുതിയ 'മർത്ത്യൻ
സുന്ദരനാണ്'എന്ന ലേഖനം (കലാപൂർണ്ണ, ഏപ്രിൽ) വിരസവും ആധുനികസംസ്കാരം
ഉൾക്കൊള്ളാത്തതുമാണ്. സാഹിത്യവിമർശനം ആവശ്യപ്പെടുന്ന സമകാലികത ഇതിൽ
കണ്ടില്ല. ഈ രചനാരീതി തന്നെ കാലഹരണപ്പെട്ടതാണ്.ഉപപത്തി,പ്രകരണം എന്നൊക്കെ
ആരെങ്കിലും എഴുതുമോ? കവിതയിൽ നിന്നു ലഭിച്ച അറിവിനെ ആധുനികമായ
സൗന്ദര്യാനുഭവമായി പുനർനിർമ്മിക്കുകയാണ് വിമർശകൻ ചെയ്യേണ്ടത് .അത് അവിടെ
കണ്ടില്ല. രാമകൃഷ്ണന്റെ ഭാഷയും സമീപനവും അരനൂറ്റാണ്ട് പിറകിലാണ്.
No comments:
Post a Comment