Followers

Sunday, May 27, 2012

ജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ


ദിപിൻ മാനന്തവാടി

എം.കെ.ഹരികുമാറിന്റെ 'ജ്ഞാനമുകുളങ്ങളെ'ക്കുറിച്ച്


       തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്ന
ഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്ന
നിലയിൽ പൊതുവെ നമുക്ക്‌ വായിച്ചെടുക്കാവുന്നതാണ്‌. തലമുറകളിൽ നിന്ന്‌
കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി മുത്തുകളെ പൗരാണിക കാലം മുതലെ
നമ്മുടെ ജീവിത പരിസരത്ത്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പഞ്ചതന്ത്ര കഥകൾ
തുടങ്ങി ഈയൊരു മൊഴിശേഖരത്തിലേയ്ക്ക്‌ സ്വരൂക്കൂട്ടാൻ സാധിക്കുന്ന പലതും
നമുക്ക്‌ കൈമാറിക്കിട്ടിയിട്ടുണ്ട്‌. ഒരനുഷഠാനം പോലെ നമ്മൾ സ്വീകരിച്ച്‌
നമ്മുടെ അനുഭവങ്ങളെക്കൂടി ചേർത്ത്‌ കൈമാറ്റം ചെയ്യപ്പെടുന്ന
സാരവാക്യങ്ങളെക്കുറിച്ച്‌ ഗഹനമായ ഒരാലോചന ആരും നടത്തിയിട്ടുണ്ടാകില്ല. ആ
അർത്ഥത്തിൽ ചിന്തിക്കുമ്പോൾ നമ്മുടെ വാക്കുകളിലൂടെ അടയാളപ്പെടുത്തിയ
സാരോപദേശങ്ങളെക്കുറിച്ച്‌ നമുക്ക്‌ തിരിച്ചറിവില്ലാതെ പോയി എന്നത്‌
സത്യമാണ്‌.
       ലോകം തന്നെ മാറുകയും നന്മയെന്ന ബിംബത്തിന്‌ അർത്ഥഭേദങ്ങളും
നാനാർത്ഥങ്ങളും വരികയും ചെയ്തിരിക്കുന്ന ഈ വർത്തമാനകാലത്ത്‌
സാരവാക്യങ്ങളുടെ സാധ്യതകളെ ആധിയോടെ മാത്രമെ കാണാനാകൂ. ഇത്തരത്തിൽ
ചിന്തിക്കുമ്പോൾ ജീവിതാസക്തിയുടെ വറുതിയിൽ കരിഞ്ഞില്ലാതായ നന്മയുടെ
സൂക്ഷമഭാവങ്ങളുടെ സംരക്ഷിതജൈവമേഖലയായി ഹരികുമാറിന്റെ 'എന്റെ
ജ്ഞാനമുകുളങ്ങൾ' മാറുന്നു.
       നന്മയുടെ ജൈവീകമായ ഭാവങ്ങളെ സൂക്ഷമാർത്ഥത്തിൽ വിശകലനം ചെയ്യുന്ന ഈ
പുസ്തകത്തിലെ ഉറുമ്പിൻ കൂട്ടങ്ങളെ അന്യമായികൊണ്ടിരിക്കുന്ന ജീവഘടനയുടെ
പ്രതിനിധികൾ എന്ന രീതിയിൽ വായിക്കേണ്ടതാണ്‌. പരമമായ അർത്ഥത്തിൽ
സാരവാക്യങ്ങൾ എന്ന തലത്തിൽ മാത്രം കാണേണ്ട അക്ഷരക്കൂട്ടുകളല്ല ഈ
പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്‌. വായനയുടെ ഏറ്റവും ലളിതമായ
തലങ്ങളെപ്പോലും സ്വാധീനിക്കുന്ന നാനാർത്ഥങ്ങളുടെ നിർമ്മിതി ഈ പുസ്തകത്തെ
വ്യത്യസ്തമാക്കുന്നു. ആശയങ്ങളുടെ ബഹുസ്വരതയെ പ്രകൃതിയുടെ
സൂക്ഷമാംശങ്ങളുമായി കൂട്ടിയിണക്കുന്ന ഈ പുസ്തകം പ്രകൃതി സ്നേഹത്തിന്റെ
ഉന്നതമായ ഒരു കർത്തവ്യം കൂടി ഭംഗിയായി നിർവ്വഹിക്കുന്നു.
       സാരവാക്യങ്ങൾ എന്ന നിലയിൽ മാത്രം വിലയിരുത്തി പോകേണ്ടതല്ല ഹരികുമാർ
ഉപയോഗിച്ചിരിക്കുന്ന ബിംബകൽപ്പനകൾ. പൊതുവെ നമ്മൾ പരിചയപ്പെട്ടിരിക്കുന്ന
സാരവാക്യങ്ങളുമായി ബന്ധപ്പെടുത്തി വായിക്കുമ്പോൾ അന്യാപദേശത്തിന്റെ
അനന്തമായ സാധ്യതകളെ ഹരികുമാർ ?എന്റെ ജ്ഞാനമുകുളുങ്ങ'ളിൽ
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന്
എന്റെ ജ്ഞാനമുകുളങ്ങൾ
സൂക്തങ്ങൾ
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്,തൃശൂർ
വില 80/
കാണാൻ സാധിക്കും. പഞ്ചതന്ത്രകഥകളിലും
മറ്റും ബോധപൂർവ്വമായി തന്നെ ഉപയോഗിച്ചിരിരിക്കുന്ന ഈ അന്യാപദേശത്തിന്റെ
സാധ്യതകളെ തത്വചിന്തയുടെ മൂർത്തമായ ആശയതലത്തിലേയ്ക്ക്‌
ബന്ധിപ്പിക്കുന്നതിന്‌ ഹരികുമാറിന്‌ സാധിച്ചിട്ടുണ്ട്‌. ഇസോപ്പ്‌
കഥകളിലെല്ലാം സാദൃശ്യപ്പെടുന്ന ഈ അന്യാപദേശത്തിന്റെ പരമ്പരാഗത
രീതിശാസ്ത്രങ്ങളെ ആധുനിക സാഹിത്യ സങ്കേതം എന്ന നിലയിലേയ്ക്ക്‌
പരിണമിപ്പിക്കാനുള്ള ഒരു ബോധപൂർവ്വമായ ശ്രമം ഈ പുസ്തകത്തിനുണ്ട്‌.
അന്യാപദേശത്തിന്റെ സാധ്യതകളെ പ്രകൃതിയുടെ ഏറ്റവും സൂക്ഷമായ
ജീവാംശങ്ങളുമായി കൂട്ടിയിണക്കി വലിയൊരു ജീവിത വീക്ഷണത്തിന്റെ
തത്വസംഹിതകളാണ്‌ 'എന്റെ ജ്ഞാനമുകുളുങ്ങ'ളിൽ
അടയാളപ്പെടുത്തിയിരിക്കുന്നത്‌. അന്യാപദേശത്തിന്റെ ആധുനീക സങ്കേതങ്ങളെ
മലയാളി പരിചയപ്പെട്ടിരിക്കുന്നത്‌ സച്ചിദാനന്ദന്റെ 'കാക്കകുളിച്ചാൽ
കൊക്കാകുമോ', കെ.ജി.ശങ്കരപിള്ളയുടെ 'തീരസ്കാരം' മുതലായ കൃതികളിലൂടെയാണ്‌.
സക്കറിയയും അന്യാപദേശ ആഖ്യാനങ്ങളുടെ വക്താവേന്ന നിലയിൽ
അടയാളപ്പെടുത്താവുന്ന എഴുത്തുകാരനാണ്‌. മനുഷ്യന്റെ ജീവിതപരിസരവുമായി
ബന്ധിപ്പിക്കാവുന്ന ആശയപ്രപഞ്ചങ്ങളെ അന്യാപദേശത്തിന്റെ സാധ്യതകളെ
ഉപയോഗപ്പെടുത്തി സാരവാക്യങ്ങളുടെ രീതിയിൽ ക്രമപ്പെടുത്താനുള്ള
ശ്രമകരമായൊരു പ്രയത്നമാണ്‌ ഹരികുമാർ നടത്തിയിരിക്കുന്നത്‌. അതിൽ
തത്വചിന്തയുടെ വിശാലമായൊരു പ്രപഞ്ചത്തേയും ചിന്തനീയമായ രീതിയിൽ
സന്നിവേശിപ്പിച്ചിട്ടുണ്ട്‌.
       കാഴ്ചയിൽ ചെറുതെങ്കിലും ആശയങ്ങളുടെ മഹാവിസ്ഫോടനം നമ്മുടെ ബോധതലത്തിൽ
നടത്താനുതകുന്ന ആക്ഷരസംഘാടനമാണ്‌ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നത്‌.
വായനയുടെ ഏറ്റവും ഏകാഗ്രമായ അവസ്ഥയിൽ ധ്യാനത്തിലെന്നവണ്ണം വായിക്കേണ്ട ഈ
പുസ്തകം നമ്മുടെ ബോധതലങ്ങളിൽ ഉണ്ടാക്കുന്ന ഏറ്റവും സൂക്ഷമായ ചലനങ്ങൾ
പോലും അതിശക്തമായിരിക്കുമെന്ന്‌ ഉറപ്പാണ്‌.
       വായനയുടെ ഭിന്നാഭുരിചികളെ ഈ പുസ്തകം എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക
ഇതിന്റെ പേജുകളിലൂടെ കടന്ന്‌ പോകുമ്പോൾ മനസ്സിൽ ഉയർന്നിരുന്നു.
വായനയെന്നത്‌ തീർത്തും വ്യക്തിപരമായ ഒരു ശീലമാണെന്ന്‌ തർക്കിക്കാൻ
ഇഷ്ടപ്പെടുന്ന ഒരാളാണ്‌ ഞാൻ. ആ അർത്ഥത്തിൽ ഓരോ വ്യക്തിയുടെയും വായന
അയാളുടെ നിലവാരത്തിനനുസരിച്ച്‌ ഉദ്പാദിപ്പിക്കുന്ന അർത്ഥങ്ങളുടെയും
ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ സമ്പന്നമാകുന്നത്‌. വായന എല്ലായിപ്പോഴും
ഒരാളുടെ അറിവ്‌, വിദ്യാഭ്യാസം, ജീവിതവീക്ഷണം തുടങ്ങി പല
ഘടകങ്ങളനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. ഏറ്റവും ലളിതമായ അർത്ഥത്തിൽ
അത്രയ്ക്ക്‌ ഗഹനമല്ലാത്ത വിധത്തിൽ വരികൾ മാത്രം വായിച്ച്‌ ഈ
പുസ്കത്തിലൂടെ സഞ്ചരിക്കുന്ന ഏറ്റവും സാധാരണ വായനക്കാരനെപോലും പിടിച്ച്‌
നിറുത്താൻ ഈ പുസ്തകത്തിന്‌ സാധിക്കും.
       എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്നു കഴിഞ്ഞാൽ ഒരു പക്ഷിയുടെ
ശബ്ദമെങ്കിലും കേട്ടെന്ന്‌ ഉറപ്പുവരുത്തുകയെന്ന്‌ ഹരികുമാർ പറയുമ്പോൾ ഈ
പുസ്തകം വായിക്കുന്ന സാധാരണക്കാരനായ വായനാക്കാരന്റെ  കണ്ണുകളെ
പ്രകൃതിയിലേയ്ക്ക്‌ തുറന്നു വയ്ക്കാൻ പ്രേരിപ്പിക്കുക കൂടി
ചെയ്യുന്നുണ്ട്‌. ഉറക്കത്തിനും ഉണർവിനുമിടയിൽ തിരക്കുകളുടെ ജീവിതക്രമം
സന്നിവേശിപ്പിച്ചിരിക്കുന്ന നമ്മളോട്‌ പ്രകൃതിയുടെ സാന്നിധ്യത്തെ
അവഗണിക്കരുതെന്നും അതിന്റെ ജൈവികതയെ നിത്യേന ഓർമ്മിക്കണമെന്നും
ഉപദേശിക്കുകയാണ്‌.
       പ്രകൃതിയിലെ സൂക്ഷമങ്ങളായ ജീവികളെ ഒരു വ്യക്തി ഏറ്റവും കൗതുകത്തോടെ
കണ്ടിരുന്ന ബാല്യത്തിന്റെ ചില കൗതുകകാഴ്ചകളെ വീണ്ടുമൊരിക്കൽ കൂടി
ആവർത്തിക്കാനുള്ള പ്രേരണ ഈ പുസ്തകം അവനു പകർന്നു നൽകും. അട്ടയെ തോണ്ടി
ചുരുക്കാനും, മണ്ണിരയെ ഈർപ്പത്തിൽ നിന്ന്‌ ഊഷരതയിലേയ്ക്ക്‌ വലിച്ചിടാനും,
പൊഴിയുന്ന തൂവലുകൾക്ക്‌ പിറകെ പായാനുമെല്ലാം കൗതുകം കാണിച്ചിരുന്ന
ബാല്യകാലത്തെ ഓർമ്മപ്പെടുത്താൻ ഈ പുസ്കത്തിന്‌ സാധിക്കുന്നുണ്ട്‌.
ഏറ്റവും ലളിതമായ അർത്ഥത്തിൽ ഈയൊരു കർത്തവ്യം നിർവ്വഹിക്കുന്നതിലൂടെ
തിരക്കേറിയ ജീവിതപ്പാച്ചിലിനിടയിൽ പ്രകൃതിയെ കൗതുകപൂർവ്വം ഒരിക്കൽ കൂടി
ശ്രദ്ധിക്കാനുള്ള ഒരു പ്രേരണയാകാൻ ഇതിലെ സാരവാക്യങ്ങൾക്ക്‌ സാധിക്കുന്നു.
ഏറ്റവും ലളിതമായ അർത്ഥത്തിൽ സാരവാക്യങ്ങളുടെ കടമ നിർവ്വിഹിക്കുന്ന ഈ
പുസ്കതം സങ്കീർണ്ണമായ ആനുകാലിക ജീവിത പ്രശ്നങ്ങളുടെ തത്വചിന്താപരമായ
വിശകലനം കൂടി നടത്തുന്നുണ്ട്‌.
       "മണ്ണിന്റെ ഗന്ധം ശരിക്കറിഞ്ഞാൽ മണ്ണിരയാകാം" എന്ന വരികൾ ലളിതമായ
അർത്ഥത്തിൽ മണ്ണിന്റെ മണവും രുചിയും അറിഞ്ഞ്‌ ജീവിച്ചിരുന്ന ഒരു
ജീവിതഘട്ടത്തിന്റെ സ്മരണകൾ തരുന്നുണ്ട്‌. തത്വചിന്തയുടെ ഉദാത്തമായ
തലത്തിൽ നിന്ന്‌ ആധുനിക ജീവിതക്രമത്തിൽ മണ്ണി​‍െൻ മണമറിയാതെ പോകുന്ന
മനഷ്യന്റെ നിസ്സഹായതയും മണ്ണിന്റെ മണമറിഞ്ഞ്‌ മണ്ണിരയാകേണ്ടതിന്റെയും
ആവശ്യകതയെയും ഈ വരികൾ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല മണ്ണെന്ന ഭൗതീകമായ
സത്തയുമായി മണ്ണിരയെന്ന ജൈവീകസത്ത പരസ്പരപൂരകമാകുന്നു എന്ന തിരിച്ചറിവും
നമുക്ക്‌ ലഭിക്കുന്നു. മണ്ണെന്ന ഭൗതീക സത്തയുടെ നാശം മണ്ണിരയെന്ന
ജൈവീകസത്തയുടെ നാശം കൂടിയാണെന്ന്‌ അതു നമ്മെ ജാഗ്രതപ്പെടുത്തുന്നു.
"മണ്ണിൽ നിന്ന്‌ മണ്ണിരയിലേയ്ക്കുള്ള ദൂരം ഒരു ജീവിതമാണ്‌" എന്ന വരികൾ
മുൻ വരികളെ കൂടുതൽ ജീവിതവുമായി അടുപ്പിച്ച്‌ നിർത്തുകയാണ്‌. ഒ.എൻ.വി
ഭൂമിക്കൊരു ചരമഗീതത്തിൽ പറഞ്ഞ വിശാലമായ അർത്ഥങ്ങളെ മൂന്നുവരിയിലൊതുക്കി
തത്വചിന്തയുടെ  നവമുകുളങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു.
       ഇതിലെ സാരവാക്യങ്ങളെ നമ്മുടെ കാലിക രാഷ്ട്രീയ-സാമൂഹ്യ സമസ്യകളുമായി
ബന്ധപ്പെടുത്തി വായിക്കുമ്പോഴാണ്‌ നേരത്തെ സൂചിപ്പിച്ച അന്യാപദേശത്തിന്റെ
സാന്നിധ്യം നമുക്ക്‌ അനുഭവേദ്യമാകുന്നത്‌.
       "അട്ടകൾ ഇണചേരുമ്പോൾ ശല്യപ്പെടുത്താതിരിക്കാനുള്ള മര്യാദ മനുഷ്യർക്ക്‌
നഷ്ടപ്പെട്ടു ,അത്‌ വീണ്ടെടുക്കണം" എന്ന വരികളിലെ സാമൂഹ്യ വിമർശനത്തിന്റെ
സാധ്യതകൾ വായിച്ചെടുക്കാതെ പോകാൻ സാധിക്കുമോ? അന്യന്റെ
സ്വകാര്യതയിലേയ്ക്ക്‌ താക്കോൽപഴുതിന്റെ കാഴ്ച തുറന്നു
പിടിക്കാനാഗ്രഹിക്കുന്ന മാനസിക നില മലയാളി സ്വന്തമാക്കി കഴിഞ്ഞു. ഒളിഞ്ഞു
നോട്ടമെന്ന വൈകൃതം മലയാളിയുടെ മാനസിക  നിലതെറ്റിച്ചെന്ന്‌ ശങ്കിക്കേണ്ട
സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. ഇങ്ങനെ ചിന്തിമ്പോൾ  സ്വയമൊരു സദാചാര
പാലകൻ എന്ന നിലയിലേയ്ക്ക്‌ മാറി അന്യന്റെ സ്വാതന്ത്രത്തെയും
അവകാശങ്ങളെയും ഫാസിസ്റ്റ്‌ കാഴ്ചകൊണ്ടു കീഴപ്പെടുത്തുന്ന സാമൂഹ്യബോധം
മലയാളി സ്വായത്തമാക്കി കഴിഞ്ഞു എന്നു വിലയിരുത്തേണ്ടി വരും. ഈ വരികൾ
അത്തരത്തിലൊരു തിരിച്ചറിവിന്റെ തത്വശാസ്ത്രം മുന്നോട്ടു വയ്ക്കുകയാണ്‌.
തിരസ്കരിക്കപ്പെടുന്ന സാമൂഹ്യബോധങ്ങൾക്ക്‌ നേരെ പിടിച്ച തിരിച്ചറിവിന്റെ
കണ്ണാടിയെന്ന നിലയിൽ ഈ വരികൾക്കുള്ള സാധ്യതയെ അവഗണിക്കാൻ സാധിക്കില്ല.
       "കമഴ്ത്തിവച്ച കുടം പോലെയുള്ള ജൈവീകതയാണ്‌ നമ്മുടേത്‌. അവിടെ
മറ്റുപ്രാണികളുടെ വേദപുസ്തകങ്ങൾക്ക്‌ സ്ഥാനമില്ലാതാകുന്നത്‌ കഷ്ടമാണ്‌"
എന്ന വരികളുടെ തത്വശാസ്ത്രം സുവ്യക്തമാണ്‌. വർത്തമാന കാലത്ത്‌ അന്യന്റെ
വാക്കുകളെ സംഗീതം പോലെ ആസ്വദിക്കണമെന്ന്‌ വാശി പിടിച്ച
പ്രത്യയശാസ്ത്രങ്ങൾക്ക്‌ സംഭവിച്ച അപചയത്തെ ഈ വരികൾ എന്താണ്‌
ഓർമ്മപ്പെടുത്തുന്നത്‌. വ്യക്തിയും പ്രസ്ഥാനങ്ങളും ഏറ്റവും മൂർത്തമായ
സ്വാർത്ഥതയുടെ തലത്തിലേക്ക്‌ പ്രവർത്തനത്തെയും ജീവിതത്തെയും ചുരുക്കി
നിർവ്വചിക്കുമ്പോൾ ഈ വരികളുടെ പ്രസക്തി വർദ്ധിക്കുകയാണ്‌. സമൂഹം
ശീലിക്കേണ്ട ജനാധിപത്യ ബോധത്തിന്റേതായ തത്വചിന്തകളുടെ ഏറ്റവും മൂർത്തമായ
ആശയപ്രപഞ്ചത്തെയാണ്‌ ഈ വരികൾ മുന്നോട്ട്‌ വയ്ക്കുന്നത്‌. ഇതിനോട്‌
ചേർത്ത്‌ വായിക്കാവുന്ന വരികളാണ്‌ "നമ്മുടെ കാൽപ്പാടുകൾ ഒട്ടും
സ്വതന്ത്രമല്ല. അതിൽ ആരുടെയൊക്കെയോ ദീനതയുടെ ചിത്രങ്ങൾ ആലേഖനം
ചെയ്തിരിക്കുന്നു" എന്നത്‌. വർത്തമാന കാല രാഷ്ട്രീയ സാഹചര്യത്തിലെ
ഭീകരതയെയും അത്‌ ചിലരിൽ സൃഷ്ടിച്ച ദൈന്യതയെയും ഇതുമായി ബന്ധിപ്പിച്ച്‌
വായിക്കാൻ സാധിക്കും. ആ അർത്ഥത്തിൽ ഈ സാരവാക്യങ്ങൾ ശരിയായ അർത്ഥത്തിൽ
വായിക്കപ്പെടേണ്ടത്‌ സമൂഹത്തിന്റെ ആവശ്യകതയാണ്‌.
       "തൂവലുകൾ നല്ല സംസ്കാര ഓർമ്മയാണെ"ന്ന്‌ പറയുന്നതിലൂടെ അറിവിന്റെ
മേഖലയിലെ ബൗദ്ധീക കടന്നു കയറ്റങ്ങളെയും അക്ഷരങ്ങളെപ്പോലും
തൂക്കിവിൽക്കുന്ന വർത്തമാന ജീവിത പ്രപഞ്ചത്തിന്റെ ചരിത്രം
ഓർമ്മപ്പെടുത്തുകയാണ്‌ ഹരികുമാർ ചെയ്യുന്നത്‌. അതിനെ വ്യക്തമായി
ഉറപ്പിക്കാനാൺ​‍്‌ "പക്ഷിയിൽ നിന്ന്‌ വേർപ്പെട്ടാലും തൂവലുകൾക്ക്‌ സ്വയം
സംസാരിക്കാനറിയാമെന്ന്‌" ആവർത്തിച്ചിരിക്കുന്നത്‌. അക്ഷരങ്ങളുടെ
പിൻബലമുണ്ടെങ്കിൽ ഒരു വ്യക്തിക്ക്‌ സ്വന്തമായി അസ്ഥിത്വമുണ്ടെന്ന്‌ ഈ
വരികളിലൂടെ ഹരികുമാർ ഓർമ്മപ്പെടുത്തുന്നതാരെയാണ്‌. തീർച്ചയായും
പക്ഷികളുടെ പിൻബലത്തിലേ തൂവലുകൾക്ക്‌ അസ്ഥിത്വമുള്ളു എന്ന്‌ ധരിച്ച്‌
വച്ചിരിക്കുന്ന ചില സാഹിത്യ ജീവികളെക്കൂടി ചിലതെല്ലാം ഹരികുമാർ
ഓർമ്മപ്പെടുത്തുന്നില്ലേ?
       "ഏറ്റവും കുറച്ച്‌ യാത്ര ചെയ്താൽ ഒരു ലോകമുണ്ടാക്കാമെന്ന്‌
അട്ടകൾക്കറിയാം" ഈ വരികളിലെ ജ്ഞാനമുകുളുങ്ങൾ ആധുനീക മനുഷ്യൻ അവന്റെ
ടെറസ്സിലെ പച്ചക്കറി തോട്ടത്തിലെങ്കിലും ശ്രദ്ധയോടെ പാകി
മുളപ്പിക്കേണ്ടതാണ്‌. ജീവിത ദാർശനീകതയുടെ ഏറ്റവും ഗൗരവമായ ആശങ്കയാണ്‌
ഹരികുമാർ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്‌. ഈ അന്യാപദേശത്തിന്റെ വലിയ
സാരവാക്യം പിടികിട്ടാതെ ജീവിതത്തിന്റെ സൂക്ഷമായ ഒരു തലങ്ങളും
ആസ്വദിക്കാതെ ഏതു ലോകം കീഴടക്കാനാണ്‌ മനുഷ്യൻ പായുന്നത്‌. കേവലാർത്ഥത്തിൽ
ഈ വരികൾ നിരർത്ഥകമായ നമ്മുടെ ജീവിത വേഗത്തെയാണ്‌ പരിഹസിക്കുന്നത്‌.

       മനുഷ്യൻ ജീവിതത്തിൽ ഏറ്റവും ഉദാത്തവും നിഷ്കളങ്കവുമായി ആസ്വദിക്കേണ്ട
ഭാവമാണ്‌ രതിയെന്ന കാഴ്ചപ്പാട്‌ ഈ പുസ്തകത്തിൽ ദാർശനീക തലത്തിൽ തന്നെ
മുന്നോട്ട്‌ വയ്ക്കുന്നുണ്ട്‌. കാമസൂത്രമെന്ന ഭാരതീയ സങ്കൽപ്പത്തിൽ
രതിയ്ക്കുള്ള പ്രധാന്യവും അതനുഷ്ഠിക്കേണ്ട മാനസീക ഭാവങ്ങളെപ്പറ്റിയും
കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്‌. പരമമായി ആസ്വദിച്ച്‌ ചെയ്യേണ്ട
ആവിഷ്കാര സ്വാതന്ത്രത്തിന്റെ ഏറ്റവും വ്യക്തി നിഷ്ഠമായ ഭാവമാണ്‌ രതിയെന്ന
ഓർമ്മപ്പെടുത്തലാണ്‌ കാമസൂത്ര. ഭാരതീയ രതി സങ്കൽപ്പത്തിന്റെ ദാർശനീക
പ്രപഞ്ചം ഈ പുസ്കതത്തിൽ പ്രകൃതിയുടെ ഏറ്റവും സൂക്ഷമായ തലത്തിൽ നിന്ന്‌
എന്റെ ജ്ഞാനമുകുളങ്ങളിൽ അടയാളപ്പെടത്തിയിട്ടുണ്ട്‌. മനുഷ്യൻ നിഷ്കളങ്കമായ
രതിയെ മറക്കുകയോ തിരസ്കരിക്കുകയോ കാമത്തിന്റെ സ്വാർത്ഥതയിലേയ്ക്ക്‌ അതിനെ
പരിണമിപ്പിക്കുയോ ചെയ്തിരിക്കുന്നു എന്ന വർത്തമാന കാല യാഥാർത്ഥ്യങ്ങളെ
അംഗീകരിച്ചു കൊണ്ടു വേണം ഈ പുസ്കത്തൊ സമീപിക്കാൻ. പുരുഷകേന്ദ്രീകൃമായ രതി
ശീലങ്ങളിൽ ഇണയ്ക്ക്‌ പരിഗണയോ പങ്കോ ഇല്ലാതായി തീർന്ന നമ്മുടെ രതികാമനകളെ
പ്രകൃതിയുടെ സൂക്ഷമാണുക്കളുമായി ബന്ധപ്പെടുത്തി വിമർശിക്കുകയോ തിരുത്താൻ
ശ്രമിക്കുകയോ ചെയ്യുന്നുണ്ട്‌ ഹരികുമാർ. പ്രകൃതിയിൽ ബൗദ്ധീകമായും
വൈകാരികമായും ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ജീവി മനുഷ്യനാണ്‌.
അതിനാൽ തന്നെ ഏറ്റവും ആസ്വാദ്യമായും ക്രിയാത്മകമായും രതി
അനുഭവവേദ്യമാക്കാൻ സാധിക്കുന്നതും മനുഷ്യനായിരിക്കും. എന്നാൽ പ്രകൃതിയിൽ
രതി ഏറ്റവും വൈകാരികമായി ആസ്വദിക്കുന്ന ജീവി മനുഷ്യനല്ലായെന്ന്‌ ഹരികുമാർ
പറഞ്ഞു വയ്ക്കുന്നു. അതിന്‌ കാരണമായി വിലയിരുത്തപ്പെടേണ്ടത്‌ രതിയിൽ
മനുഷ്യൻ(വിശിഷ്യാ പരുഷൻ പുലർത്തുന്ന) സ്വാർത്ഥതയും
സത്യസന്ധയില്ലായ്മയാണെന്നും ഹരികുമാർ സ്ഥാപിക്കുന്നുണ്ട്‌. "അട്ടകൾ എത്ര
നേരത്തേയ്ക്കും ധ്യാനമിരിക്കും ഇണയുടെ മുകളിലാണെങ്കിൽ സന്തോഷം". "ഇണയുടെ
മുകളിൽ അട്ട നിർമ്മിച്ച മൗനങ്ങൾ മഹാവേഗങ്ങളാ"ണെന്ന്‌ ഹരികുമാർ പറയുമ്പോൾ
മനുഷ്യന്റെ രതിയെന്ന സങ്കൽപ്പം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു.
       ഇത്തരത്തിൽ ഓരോ സാരവാക്യവും പ്രത്യേകം എടുത്ത്‌ ദാർശനീകമായി
വ്യാഖ്യാനിച്ചാൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യക്തവും ശക്തമായി
ഇടപെടാൻ ഈ പുസ്തകത്തിന്‌ സധിച്ചിട്ടുണ്ടെന്ന്‌ മനസ്സിലാക്കാം.
       'എന്റെ ജ്ഞാനമുകുളങ്ങൾ' ചിന്തയിലേയ്ക്ക്‌ പായിക്കുന്ന ആശയങ്ങളുടെ
കരുത്തുള്ള അക്ഷരങ്ങൾ നമ്മുടെ  ചിന്തകളിൽ തിരിച്ചറിവ്‌ സൃഷ്ടിക്കാൻ
കഴിവുള്ളവയാണ്‌. ഇവ നമ്മുടെ ബോധമണ്ഡലത്തിൽ ഉദ്പാദിപ്പിക്കുന്ന
പ്രതികരണങ്ങൾ വ്യക്തിപരമായി തീർത്തും വ്യത്യസ്തമായിരിക്കും. എന്നാലും
ലളിതമായ അർത്ഥത്തിൽ ജീവിതത്തിന്റെ ദാർശനീക ചുറ്റുപാടുകളെ സ്വാധീനിക്കാൻ
സാദിക്കുന്ന തത്വചിന്തകാളാണ്‌ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നത്‌.
നമുക്കതിനെ വായനയുടെ നിലവാരത്തിനനുസരിച്ച്‌ ജീവിത സാഹചര്യവുമായി
ബന്ധപ്പെടുത്തി വായിക്കാൻ സാധിക്കുന്നു എന്നത്‌ ഈ പുസ്തകത്തിന്റെ
ലാളിത്യത്തെയാണ്‌ കാണിക്കുന്നത്‌. മറിച്ച്‌ ജീവശാസ്ത്രപരമായും,
സാംസ്കാരികമായും, രാഷ്ട്രീയമായും, ദാർശനീകമായും ഒരു വിശാലമായ
വായനയ്ക്കുള്ള സാധ്യതയും ഈ പുസ്കം അവശേഷിപ്പിക്കുന്നു.

       ഖലീൽ ജിബ്രാന്റെ സാരവാക്യങ്ങളുടെ ആസ്വാദകരായ മലയാളികൾക്ക്‌ പ്രകൃതിയുടെ
ഏറ്റവും സൂക്ഷമഭാവങ്ങളെ ദാർശനീകമായി വ്യാഖ്യാനിക്കുന്ന ഈ സാരവാക്യങ്ങൾ
പുതിയൊരു വായനാനുഭവമാണ്‌ പകർന്ന്‌ നൽകുന്നതെന്ന്‌ നിസംശയം പറയാം.
       ഈ വായന നിങ്ങളുടെ വായനയെ സ്വാധീനിക്കാനല്ല മറിച്ച്‌ എന്റെ ലളിതമായ
വായനയ്ക്ക്‌ ഇത്രയും സാധ്യതകളേ ഉള്ളു എന്ന പരിമിതിയെ ബോധ്യപ്പെടുത്താൻ
കൂടിയാണ്‌. ഓരോ വായനയും ഈ പുസ്കത്തിന്‌  കൂടുതൽ അർത്ഥ സമ്പുഷ്ടിയും
ദാർശനീക ആഴവും നൽകുമെന്ന്‌ തീർച്ചയാണ്‌. അത്തരത്തിലുള്ള വായനയുടെ
ക്രോഡീകരണം ഈ പുസ്കത്തിന്‌ നൂറായിരം സാധ്യതകളെ
അവശേഷിപ്പിച്ചിട്ടുണ്ടെന്ന്‌ ഓർമ്മപ്പെടുത്തുക മാത്രം ചെയ്യുന്നു.