Followers

Friday, July 29, 2016

സാഹിത്യത്തിന്റെ പുതിയ മുഖം


ഇരവി
എം.കെ.ഹരികുമാറിന്റെ 'ജലഛായ' എന്ന നോവൽ ഒരു പുതിയ അനുഭവമാണ്
  വായന കഴിഞ്ഞ്‌ പുസ്തകം താഴെവച്ചപ്പോൾ ഈ നോവൽ എന്റെ മനസ്സിന്റെ സംവേദനതലങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന്‌ അറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എം.കെ.ഹരികുമാർ ഈ സൃഷ്ടിയിൽ തിരിതെളിക്കുന്ന സൗന്ദര്യദർശനം എന്റെ ആസ്വാദക തലങ്ങളെ എങ്ങനെ സ്പർശിച്ചുവെന്ന് നോക്കി. ജീവിതദർശനമെന്ന്‌ പറയാതെ ഇവിടെ സൗന്ദര്യദർശനമെന്ന്‌ പറഞ്ഞത്‌ കല സൗന്ദര്യാധിഷ്ഠിതമാണെന്ന്‌ വിശ്വസിക്കുന്നതുകൊണ്ടും ഈ കൃതി സൗന്ദര്യസങ്കൽപ്പങ്ങളുടെ ആകെത്തുകയാണെന്ന്‌ തോന്നിയതുകൊണ്ടുമാണ്‌.
    മൗലികസ്വഭാവത്തോടെയുള്ള ഒരു ഇതരജീവിതം ഹരികുമാർ ഈ നോവലിൽ സൃഷ്ടിച്ചിരിക്കുന്നു.  ജലഛായപോലെ അവ്യക്തമായിക്കിടക്കുന്ന യഥാർത്ഥജീവിതം. ഇതാണ്‌ ഈ നോവലിന്റെ അപൂർവ്വതയും പുതുമയും. ദൈവം അല്ലെങ്കിൽ പ്രകൃതി സൃഷ്ടിച്ച പ്രപഞ്ച ജീവിതത്തിന്‌ തൊട്ടടുത്ത്‌ കഥാകൃത്ത്‌ ഒരു ഇരട്ടയെ പണിതുവച്ചിരിക്കുന്നു. പ്രകൃതിയോടും മുൻനോവലുകളോടുമുള്ള വെല്ലുവിളി. ഈ കൃത്രിമജീവിതം അകൃത്രിമമാകുന്നത്‌ രുചിച്ചുനോക്കുമ്പോൾ കിട്ടുന്ന യഥാർത്ഥ ജീവിതത്തിന്റെ ഉപ്പുരസമാണ്‌.
    ചരിത്രജീർണ്ണതയായിക്കിടക്കുന്ന സാമൂഹിക നിഷ്ഠൂരതകളും സദാചാരമാലിന്യങ്ങളും സാംസ്കാരികവൈകല്യങ്ങളും ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ശാസ്ത്രീയസംഗീതം നേർത്ത്‌ നേർത്ത്‌ ലളിതഗാനമാകുന്നതുപോലെ. ചരിത്രത്തെ അസ്വസ്ഥമാക്കുന്ന സാമൂഹികനീതിശാസ്ത്രങ്ങൾക്കെതിരേ
യുള്ള രോഷം സംയമനസീമകളിലൊതുങ്ങി ആളിക്കത്താതെ നിസംഗമായി നിൽക്കുന്നത്‌ ഈ കഥപറച്ചിലിനെ ഉദാത്തമാക്കുന്നു. ചാതുർവർണ്ണ്യത്തിന്‌ അധീനമാകുന്ന ദൈന്യതകളുടെ സാമൂഹ്യനിസ്സഹായതകളെ ഈ നോവൽ ഒന്നു തൊട്ടുനോക്കുന്നത്‌ അതിന്റെ വന്യസ്മൃതികളുണർത്തി ഹിസ്റ്റീരിക്കാകാനല്ല. മറിച്ച്‌ നോവലിന്റെ ശിൽപ്പഘടനയ്ക്ക്‌ യോജിച്ച ഒരു സ്വരൂപസൃഷ്ടിക്ക്‌ ഇഴചേർക്കാനാണ്‌. ഇവിടെ കഥാകൃത്ത്‌ താൻ നിർമ്മിക്കുന്ന കലാശിൽപ്പത്തെക്കുറിച്ചേ വേവലാതിപ്പെടുന്നുള്ളൂ. ധർമ്മരോഷം അദ്ദേഹത്തിന്റെ വിഷയമല്ല. സാമൂഹ്യപരിഷ്കരണവും അതുപോലെ.
    എന്താണ്‌ ഈ നോവലിന്റെ പുതുമ? ക്രമാനുഗതമായി വികസിക്കുന്ന ഒരു കഥയില്ല എന്ന്‌ ഒറ്റയടിക്കു പറയാം. ഒന്നുകൂടി നോക്കിയാൽ കഥയേ ഇല്ല എന്നുകാണാം. അല്ലെങ്കിൽ കഥയെക്കുറിച്ചുള്ള അഴിച്ചുപണിഞ്ഞ സങ്കൽപമാണിതെന്ന്‌. ചില സങ്കൽപ്പനങ്ങളുടെ രാസസംയോഗ ചാരുതയാണീ കൃതി. വായനക്കാരന്‌ ഇന്നും അന്യമായിക്കിടക്കുന്ന ആസ്വാദനത്തിന്റെ അനാഘ്രാത തടങ്ങളെ  ഉത്തേജിപ്പിക്കുന്ന മായികാനുഭൂതി ഈ കൃതി പകരുന്നു. ആനുകാലിക നോവൽസാഹിത്യം, കഥാ സാഹിത്യം അനുഷ്ഠിച്ചുപോരുന്ന നാടകീയത, ധർമ്മരോഷം, വികാരവിവശതകൾ, വാദമുഖങ്ങൾ, സംഘർഷങ്ങൾ, ധർമ്മസങ്കടങ്ങൾ, സദാചാര പേക്കൂത്തുകൾ, ബന്ധങ്ങളുടെ ഊഷ്മളത, കാൽപനികത, ഇസങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ ഇവയെ ധീരമായി കഥാകൃത്ത്‌ അകറ്റി നിർത്തുന്നു. വ്രതശുഷ്കമായ തപസ്വിനിയെ ഓർമ്മിപ്പിക്കും വിധം. ഇന്നലെവരെ അന്യമായിരുന്ന ഒരു കഥാസങ്കൽപ്പം.
    ഉറുമ്പുകളുടെ സുവിശേഷം എന്ന അധ്യായം പ്രദാനം ചെയ്യുന്ന ഉറുമ്പുകളുടെ അപൂർവ്വജീവിതത്തിന്റെ ഐതിഹാസികത അനുഭൂതി ദായകമാണ്‌. ഉറുമ്പുകൾക്ക്‌ കഥാകൃത്ത്‌ സമ്മാനിക്കുന്ന ഒരു വിചിത്രജീവിതമാണത്‌. ജന്തുശാസ്ത്രത്തിനും നിഗൂൂഢ പ്രകൃതിയുടെ അറിവിനും അർത്ഥങ്ങൾക്കും അപ്പുറത്താണിതിന്റെ അസ്തിത്വം.
    മുലകളെ അലങ്കരിക്കുന്ന ഫ്യൂഡലിസ വൈകല്യങ്ങളെ പരിഹാസവിധേയമാക്കുന്നതുപോലും സൗന്ദര്യോപാസകനായ ഒരു കവിയായി മാറിനിന്നുകൊണ്ടാണ്‌ ദൃശ്യകലകളുടെ സാധ്യതയ്ക്കാണിവിടെ ഊന്നൽ നൽകുന്നത്‌. കുരുമുളക്‌ മരണങ്ങളിൽ കീഴാളപീഡനം പ്രകടനപരതയോടെ ഉയർത്തിക്കാട്ടാനൊന്നും നോക്കാത്തത്‌ നോവലിന്റെ കാര്യഭംഗിയോടുള്ള, താളാത്മകതയോടുള്ള കരുതൽകൊണ്ടാണ്‌. വേണമെങ്കിൽ വായനക്കാരൻ ആ കറുത്തമുത്ത്‌ ഒന്ന്‌ കടിച്ചുടച്ച്‌ എരിവറിഞ്ഞോട്ടെ എന്ന നിസംഗത. കുരുമുളക്‌ എന്ന പ്രതീകത്തിലേക്ക്‌  ആ പ്രതിഷേധവഹ്നി ഒതുക്കിയതും സ്തുത്യർഹമാണ്‌.
    ഈ നോവലിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ്‌ ലൈംഗികതയുടെ മതം. ദൈവത്തിന്‌ മനുഷ്യരൂപമാണെന്ന വിശ്വാസത്തെ ഖണ്ഡിക്കുന്നത്‌ യുക്തിയുക്തമാണ്‌: "ദൈവത്തിന്‌ എല്ലാ ജീവജാലങ്ങളെയും അചേതന വസ്തുക്കളെയും ഉൾക്കൊള്ളേണ്ടതുണ്ട്‌. അതുകൊണ്ട്‌ കേവലരൂപം ദൈവത്തിന്‌ നിഷിദ്ധമാണ്‌. മനുഷ്യന്റെ രൂപമാണ്‌ ദൈവത്തിനെങ്കിൽ മറ്റുമൃഗങ്ങൾക്കും ജീവികൾക്കും അത്‌ അനീതിയായി മാറും."
മറ്റൊരുഭാഗം:
"ദൈവം നേരിടുന്ന പ്രശ്നം പരസ്പര വൈരത്തിന്റെയും പരസ്പരം ആഹരിക്കുന്നതിന്റെയും അന്ധമായ മേഖലയിൽ എല്ലാവർക്കുമായി രക്ഷകഭാവം കൈക്കൊള്ളുന്നതിന്റെ അർത്ഥശൂന്യതയാണ്‌."
"അട്ടകൾ ഒറ്റയ്ക്ക്‌ സഞ്ചരിക്കുന്നു. അവ ഇണ ചേരാനായി മാത്രമാണ്‌ ഒന്നിക്കുന്നത്‌ .എന്തിനാണ്‌ പ്രണയത്തെയും ലൈംഗികതയെയും ജീവിതകാലം മുഴുവൻ ചുമന്നുകൊണ്ടു നടക്കുന്നത്‌..."
എത്ര ആലോചനാമൃതം!
സുപ്രസിദ്ധ സിനിമ ജോഡികളായിരുന്ന നസീറിനും ഷീലയ്ക്കും ഒരു വ്യത്യസ്ത ജീവിതം മോർഫുചെയ്ത്‌ കൊടുക്കുന്നുണ്ടീ നോവലിൽ. ഈ നോവലിന്റെ പൊതുസ്വഭാവത്തിന്‌ ഇണങ്ങുന്നതാണ്‌ ഈ കഥാകഥനം. ഈ നോവലിൽ കഥയില്ലെങ്കിലും ഒരു സ്വഭാവമുണ്ട്‌. ഈ സവിശേഷസ്വഭാവഘടന ആദ്യന്തം കടുകിട തെന്നിമാറാതെ ഏകാഗ്രമായി മുന്നോട്ടുപോകുന്നു. അടുക്കും ചിട്ടയുമില്ലാത്ത കിറുക്കുകളായി പ്രഥമദൃഷ്ട്യാ തോന്നുന്ന ഈ കഥപറച്ചിലിൽ,  സൂക്ഷ്മാപഗ്രഥനത്തിൽ ഒരു മേജിക്പോലെ ഓടിവന്ന്‌ ഒന്നായി ക്രമനിബദ്ധമായി കയ്യടക്കം സമ്പാദിക്കുന്നു.
     എടുത്തുപറയാവുന്ന ഒരു സവിശേഷത ഈ നോവലിൽ അനാവൃതമാകുന്ന ചിന്തകളാണ്‌ ;നമ്മുടെ ആനുകാലിക സൃഷ്ടികളിൽ തീരെ ഇല്ലാത്തത്‌. ആർജ്ജിത വിവരങ്ങൾ അതേപടി കുത്തിനിറയ്ക്കുന്ന ഒരു പ്രവണതതന്നെ ഇന്നുണ്ട്‌. അത്തരം ഇട്ടിക്കോരമാർ കഥാസാഹിത്യം കയ്യടക്കുന്നുമുണ്ട്‌. ഒരു ഫാഷൻ ഭ്രമംപോലെ അതിനെ താലോലിക്കാൻ മാധ്യമങ്ങളും. ചിന്തകൾ കടഞ്ഞെടുക്കുന്നത്‌ ആശയങ്ങളുടെ ചന്ദ്രബിംബങ്ങളെയാണ്‌. ഈ ആശയസമ്പത്താണ്‌ ബൈബിളിനെയും ഗീതയെയും ഇതിഹാസമാക്കിയത്‌. കഥാരചന ലാഘവമാക്കി എടുക്കുന്നവർക്ക്‌ അത്‌ കഴിയില്ല. കഥപറയാൻ വേണ്ടി കഥ എഴുതുന്നവർക്കും. ഈ നോവൽ എഴുതാൻ വേണ്ടി ഹരികുമാർ അനുഷ്ഠിച്ച തപസ്‌ സൂക്ഷ്മഗ്രാഹിയായ ഒരു വായനക്കാരന്‌ മനസ്സിലാകും. മലയാള നോവൽ സാഹിത്യത്തിന്‌ ദിശാമാറ്റത്തിന്റെ ഒരു നാമ്പ്‌ കിളിർത്തിരിക്കുന്നു. അതിന്റെ പേര്‌ 'ജലഛായ'!

ജലഛായ
(നോവൽ)
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
വില . 210