അവതാരിക
നവദർശനത്തിന്റെ നവനീതം
ഫാ. ഡോ.കെ.എം.ജോർജ്ജ്
ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ് ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ് ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ 'ശാസ്ത്രീയരീതി'യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് നാച്ചുറൽ സയൻസിന്റെ 'രീതിശാസ്ത്രം' ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത് മനുഷ്യരുടെ അനുദിനാവശ്യത്തിന് ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്. മറ്റേത് മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും പുതിയ വീക്ഷണങ്ങളും നമുക്ക് നൽകുന്നവയാണ്. അത് താത്ത്വികവിചിന്തനമാണ്. അതിന് പ്രായോഗിക പ്രയോജനമൊന്നും പെട്ടെന്ന് കാണുകയില്ല. പക്ഷേ അത് മനോമണ്ഡലത്തെ പ്രകാശിപ്പിക്കുന്നു. ആ പ്രകാശം ആത്യന്തികമായി പ്രായോഗികഫലങ്ങൾ ഉളവാക്കുന്നു.
പുരാതനകാലം തൊട്ട് എല്ലാ ദാർശനിക വിചിന്തനങ്ങളും നമ്മുടെ ബോധത്തെ ഓരോ തരത്തിൽ പ്രകാശിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യുന്നതാണ്.
പ്രശസ്ത സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ.എം.കെ.ഹരികുമാർ കുലീനമായ ഈ വിചാരധാരയിലാണ് നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ സാഹിതീ മനനങ്ങൾക്ക് സവിശേഷാർത്ഥം നൽകുന്നത് തന്റെ ദാർശനിക പരിപ്രേക്ഷ്യമാണ്. മനുഷ്യാസ്തിത്വത്തെ അതിന്റെ ആകെത്തുകയിലും ആഴമായ തലങ്ങളിലും സ്പർശിക്കുന്നതാണ് നല്ല സാഹിത്യമെങ്കിൽ, സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ വിചാരങ്ങൾ അസ്തിത്വസമസ്യയുടെ അന്തരാഗാരത്തിലേക്ക് നമ്മെ നയിക്കുമെന്ന യുക്തിയാണ് ഹരികുമാറിന്റെ സൗന്ദര്യ ശാസ്ത്രപരമായ ചിന്തകളിൽ കാണുന്നത്. ഇവിടെ സാഹിത്യാസ്വാദനവും സൗന്ദര്യശാസ്ത്രവിചാരവും സവിശേഷമായ ദാർശനിക വീക്ഷണങ്ങളും ഒരു സമ്യഗ്സംശ്ളേഷത്തിൽ പരസ്പരപൂരകങ്ങളായിത്തീരുന്നു.
നമുക്ക് അനുഭവേദ്യമാകുന്ന യാഥാർത്ഥ്യത്തിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ചുള്ള വിചിന്തനവും വിശകലനവുമാണ് പാശ്ചാത്യർക്ക് തത്ത്വചിന്ത. സർവ്വത്തിന്റെയും ആദികന്ദം അഥവാ സ്രോതസ്സ് [principium) ആയി വർത്തിക്കുന്ന തത്ത്വങ്ങൾ [principles)നിർദ്ധാരണം ചെയ്തെടുക്കുന്ന സങ്കീർണ്ണമായ ധൈഷണിക പ്രക്രിയയുടെ ഫലമായി ഉരുത്തിരിയുന്നതാണ് ജ്ഞാനം (Sophia). ആ ജ്ഞാനത്തെ സ്നേഹിക്കുന്നവനാണ് ഫിലോസഫർ അഥവാ 'ജ്ഞാനപ്രിയൻ'. തർക്കവും വിതർക്കവും സംവാദവും സമവായവും ഖണ്ഡനവും മണ്ഡനവും മനനവും ധ്യാനവും എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ സത്യാന്വേഷണ പ്രക്രിയ.
ഏതാണ്ട് സമാനമായ ശൈലി തന്നെയാണ് ഭാരതീയ തത്ത്വചിന്താപാരമ്പര്യത്തിലും ഉണ്ടായിരുന്നത്. അടുത്തകാലത്ത് നൊബേൽ ജേതാവായ അമർത്യാസെൻ തന്റെ പുസ്തകത്തിൽ (The Argumentative Indian ) വ്യക്തമാക്കിയതുപോലെ നമ്മുടെ ദർശനധാരകൾ രൂപമെടുത്തതിനുപുറകിൽ സജീവമായൊരു സംവാദശൈലി ഉണ്ടായിരുന്നു. സകല വിജ്ഞാനത്തിന്റെയും ചെങ്കോലേന്തിയ യാജ്ഞവൽക്യനോട് സംവദിക്കുന്ന വിദുഷികളായ ഗാർഗിയും മൈത്രേയിയും മറ്റും തെളിയിക്കുന്നത് സ്ത്രീ-പുരുഷ ഭേദമില്ലാതെ പണ്ഡിതസദസ്സുകളിൽ തത്ത്വനിർദ്ധാരണ പ്രക്രിയ നടന്നു എന്നാണ്.
പുരാതന ഗ്രീസിലും ഭാരതത്തിലും ഈ പ്രക്രിയ 'ദർശന'മായി മാറുന്നുണ്ട്. സത്യദർശനമാണിത്. ഏകമായ സത്യത്തെ, വിവിധ കാഴ്ചപ്പാടുകളിലൂടെ ഷഡ്ദർശനങ്ങൾ വ്യാഖ്യാനിക്കുന്നു എന്നു പറയാമല്ലോ. പക്ഷേ ഭൗതികപ്രയോജനം എന്ന ഏക മാനദണ്ഡത്തിൽ ഊന്നിയ യാന്ത്രിക സംസ്കാരം മേൽക്കോയ്മ പ്രാപിച്ച ആധുനിക കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറും ദാർശനികപാരമ്പര്യത്തിനു മങ്ങലേറ്റു. എന്നാൽ ഇപ്പോൾ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റേയും സൂചനകൾ പാശ്ചാത്യ ചിന്തയിൽ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. ആത്യന്തിക സത്യത്തെക്കുറിച്ചുള്ള താത്ത്വിക വിചിന്തനങ്ങൾ, ചിലപ്പോൾ കുറെ അമൂർത്തമാണെങ്കിൽപ്പോലും, പ്രകാശദായകമാണെന്നുള്ള തിരിച്ചറിവ് പുതിയൊരു മൂല്യവ്യവസ്ഥയ്ക്കും സാമൂഹിക ക്രമത്തിനും വഴിതെളിച്ചേക്കാം. ഹരികുമാറിന്റെ ദാർശനിക മനനങ്ങൾ ഇത്തരുണത്തിലും വളരെ സംഗതമാണ്. മലയാളത്തിൽ, മനശ്ശാസ്ത്രത്തിന്റെയും പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലുള്ള സാഹിത്യവിമർശനം കുറച്ചൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഏതെങ്കിലുമൊരു ദാർശനിക പദ്ധതിയുടെ പിൻബലത്തിലുള്ള വിമർശനം കാര്യമായി ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. (മാർക്ക്സിസ്റ്റ് സൗന്ദര്യശാസ്ത്രചിന്തകളെ മറക്കുന്നില്ല)
ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ തന്റെ സാഹിത്യമാനിഫെസ്റ്റോ ആവിഷ്കരിക്കാനുള്ള ശ്രമം ഹരികുമാർ നടത്തുന്നുണ്ട് ചില ലേഖനങ്ങളിൽ . ഈ ശ്രമത്തിന്റെ ഭാഗമായാണ് മറ്റു ലേഖനങ്ങളും തന്റെ തിരഞ്ഞെടുത്ത മൊഴികളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
ഏതൊരു ഉദാത്തമായ ആശയവും മൗലികവാദമായി മാറാനുള്ള ഭീഷണ്യമായ സാധ്യത നിലനിൽക്കുന്നതുകൊണ്ട്, സ്വയം നിരാസത്തിലൂടെ മാത്രമേ ആശയങ്ങൾക്ക് സ്നേഹസാക്ഷാത്ക്കാരമുണ്ടായി, 'വലിയ ലോകങ്ങളുടെ പൊരുളുകൾ' തേടാൻ കഴിയൂ എന്നാണ് ഹരികുമാർ വാദിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസ' ത്തിൽ ഏതെങ്കിലും ഒരാശയം മറ്റുള്ളവയെക്കാൾ പ്രസക്തമാവാൻ നോവലിസ്റ്റ് അനുവദിക്കുന്നില്ല. കാരണം ഓരോ ആശയവും അതിന്റെ ആന്തരികവൈരുദ്ധ്യം കൊണ്ടും, അതിനെതിരെ നിൽക്കുന്ന ബദലുകളുടെ ബാഹുല്യം കൊണ്ടും അസ്തവീര്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഒരാശയത്തിനും മൗലികവാദമായിത്തീരാനുള്ള സാദ്ധ്യത ഇല്ലാതാവുന്നു.
സാഹിത്യകൃതികൾ ഈ സ്വയംനിരാസത്തിന്റെ മാർഗ്ഗം സ്വീകരിക്കുമ്പോൾ, അവയ്ക്കുമുൻപിൽ അർത്ഥങ്ങളുടെ പ്രപഞ്ചം തുറക്കപ്പെടുകയായി. സൗന്ദര്യാത്മകമായ അതീന്ദ്രിയതയിലേക്കും മതാതീതമായ ആത്മീയതയിലേക്കും അവ വായനക്കാരെ ആനയിക്കുന്നു എന്നാണ് ഹരികുമാറിന്റെ വാദം. ഇത് എല്ലാ സ്വത്വവാദങ്ങളെയും നിഷേധിക്കുന്നു. അതിരുകവിഞ്ഞ സ്വത്വബോധം ചലനരഹിതമായ ജഡതയിലേക്കാണ് നമ്മെ നയിക്കുന്നത്. മൗലികവാദം അതിന്റെ എല്ലാ ഭീകരതയോടും കൂടി അതിൽ കുടിയേറും. എന്നാൽ സ്വയംനിരാസം നിരന്തരമായ സ്വയം നവീകരണത്തിലൂടെ ആത്മവിമർശനത്തിലൂടെ, സർഗ്ഗപ്രവണമായ കർമ്മമാർഗ്ഗങ്ങൾ കണ്ടെത്തുന്നു.
ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്ന മനോഹരമായ മനനമാണ് വെള്ളത്തെക്കുറിച്ച് ഹരികുമാർ നടത്തുന്നത്. (ജലാത്മകത). വെള്ളത്തിന്റെ സ്വത്വം എന്നത് ഒഴുക്കാണ്. ഒഴുക്കിലൂടെ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും ജലം തുടർച്ചയായി നിഷേധിക്കുന്നു. വെള്ളത്തിന്റെ അതിജീവന മന്ത്രമാണ് ഒഴുക്ക്.
ഒഴുക്ക് നിരാസമാണ്. നിശ്ചലതയെ നിരസിച്ചുകൊണ്ട്, ഭാവിയിലേക്കാണ് വെള്ളം ഒഴുകുന്നത്. ചരിത്രമുണ്ടെങ്കിലും ആ "ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട് ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും" ഒഴുകുന്ന ജലം എന്നാണ് ഹരികുമാറിന്റെ നിലപാട്.
ഇത് മറ്റൊരു തരത്തിൽ വിശദമാക്കുകയാണ് 'പത്രം ഒരൊഴുക്ക്', 'വഴികൾ' എന്നീ സുന്ദരമായ ലഘുലേഖനങ്ങൾ. നാം ദിവസവും നിവർത്തിവായിക്കുന്ന പത്രവും, അനുദിനം നടക്കുന്ന വഴികളും പെട്ടെന്നൊരു അർത്ഥദീപ്തിയിൽ തിളങ്ങിനിന്ന് നമ്മുടെ ബോധത്തിന്റെ അന്തർമണ്ഡലങ്ങളിൽ ചൂടും വെളിച്ചവും പകരുന്നു. വാർത്തകളോടും വായനക്കാരോടും അവരുടെ ഇഷ്ടാനിഷ്ടങ്ങളോടും ഒരേസമയം വിശ്വസ്തതയും നിസ്സംഗതയും പുലർത്തുന്ന പത്രവും ഒരു പ്രവാഹമാണ്. വെള്ളം അതിരിക്കുന്ന പത്രത്തോട് രൂപപരമായി കാണിക്കുന്ന വിശ്വസ്തതയും, പാത്രം തകർന്നാൽ ഒഴുകിപ്പോകുന്ന വെള്ളം അതിനോടു കാണിക്കുന്ന നിസ്സംഗതയും ,പത്രത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. "പത്രവും വെള്ളവും ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയും മറ്റൊന്നായി മാറുകയും ചെയ്യുന്നു."
വഴിയും ഇതുപോലെത്തന്നെ. വാക്കു സൂചിപ്പിക്കുന്നതുപോലെത്തന്നെ, വഴി വഴി മാത്രം. അത് നമുക്കൊരു ലക്ഷ്യമല്ല. വഴികൾ ഉണ്ടാകുന്നതു തന്നെ വഴിക്കുവേണ്ടിയല്ല. വഴിക്ക് അതിൽത്തന്നെ സ്ഥായീഭാവമോ സ്ഥിര സ്വത്വമോ ഇല്ല. നാം യാത്രചെയ്യുമ്പോഴെ വഴി വഴിയാകുന്നുള്ളൂ. യാത്രതന്നെയാണ് വഴി, വഴി തന്നെയാണ് യാത്ര. ഇതാണു വഴിയുടെ മിഥ്യ എന്നു ഹരികുമാർ എഴുതുമ്പോൾ നാം ഇതുവരെ താണ്ടിയ എണ്ണമറ്റ വഴികൾ അതിസങ്കീർണ്ണമായ യാത്രകളായി. ചിദാകാശപര്യവേഷണങ്ങളായി, ആത്മാവിന്റെ തീർത്ഥാടനങ്ങളായി, ജീവന്റെയും മരണത്തിന്റെയും നിഗൂഢ സ്ഥലികളിലേക്കുള്ള നിരന്തര പ്രയാണമായി നമുക്കു മുൻപിൽ തെളിയുന്നു. നമ്മെ ഒരുനിമിഷം വിശ്വപഥികരാക്കാൻ പോന്ന ചിന്തകളാണ് അവ.
പ്രകൃതിയിൽ അനുനിമിഷം നടക്കുന്ന മാറ്റങ്ങളെ കലയിലും സാഹിത്യത്തിലും ഉചിതമായി സന്നിവേശിപ്പിക്കുമ്പോഴാണ് അവയ്ക്ക് രസാനുഭൂതി ഉണർത്തുന്ന ചലനാത്മകത കൈവരുന്നത്. ഈ സത്യത്തെ 'ഓരോ വസ്തുവും പുതുതായി ജനിക്കുന്നു' എന്നു ചെറുലേഖനത്തിൽ ഹരികുമാർ വ്യക്തമാക്കുന്നു. എഴുത്തുകാരൻ ഏതുവസ്തുവിനെയും രൂപാന്തരപ്പെടുത്തുന്നു. വസ്തുവിനെ അതിൽ നിന്ന് തന്നെ മോചിപ്പിക്കുക എന്ന 'കലാപ'ത്തിലാണ് എഴുത്തുകാർ ഏർപ്പെടുന്നത്. മൗലികവാദത്തിൽ നിന്നും വ്യാജസ്വത്വത്തിൽ നിന്നുമാണ് ഈ വിമോചനം. "ഏത് വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റി, അതിനു പ്രത്യക്ഷത്തിൽ പരിചിതമല്ലാത്ത വിതാനത്തിലേക്ക് ഉയർത്തുമ്പോഴാണ് കലയുണ്ടാകുന്നത്".
ഇങ്ങനെ പ്രകൃതിവസ്തുക്കളെ നിരന്തരം പുനർജനിപ്പിക്കാനും, ആന്തരികമായി പരിവർത്തനം ചെയ്യാനും സഹായിക്കുന്ന പ്രക്രിയയെ "നവാദ്വൈതം" എന്നാണ് ഹരികുമാർ വിശേഷിപ്പിക്കുന്നത്. അദ്വൈതചിന്ത അതിന്റെ പരമ്പരാഗതമായ അർത്ഥത്തിൽ, വിശ്വത്തിൽ വിവിധങ്ങളായ നാമരൂപങ്ങൾ ഉള്ള സകലത്തെയും ഒന്നായി കണ്ട് 'ഏകം ഏവം അദ്വിതീയം' എന്ന ഏകതത്ത്വത്തിൽ വിലയിപ്പിക്കുകയാണല്ലോ. അതിൽനിന്ന് വ്യത്യസ്തമായി ഓരോന്നും അതാതിന്റെ വ്യക്തിഗതമായ സ്വത്വം വിട്ട്, നിരന്തരം പരിവർത്തനവിധേയമായി, അനുസ്യൂതമായ കർമ്മധാരയിൽ സഹപ്രയാണം ചെയ്യുകയും പുതിയ സാഹചര്യങ്ങളും വലിയ ലോകങ്ങളുമായി താദാത്മ്യം പ്രാപിക്കയും അതേസമയം, മുൻനിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്വത്വത്തിൽ അതിന്റെ പ്രയാണം അവസാനിപ്പിക്കാതിരിക്കയും ചെയ്യുന്ന പ്രക്രയയെയാണ് നവാദ്വൈതം എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നതെന്ന് തോന്നുന്നു. ഈ പ്രക്രിയ പുനർനിർമ്മാണമാണ്. പുതിയ അർത്ഥങ്ങളുടെ പ്രകാശനമാണ്. പുതിയ പ്രപഞ്ചോൽപ്പത്തിയുടെ മഹാവിസ്ഫോടനമാണ്.
ഹരികുമാറിന്റെ നവാദ്വൈതത്തിലും സാക്ഷാത്ക്കാരമുണ്ട്. ഏകീഭാവമുണ്ട്. ഇല്ലെങ്കിൽ അദ്വൈതം എന്ന വാക്കുപയോഗിക്കാനാവില്ലല്ലോ. പക്ഷേ അത് കർമ്മത്തെയും വ്യാവഹാരികലോകത്തെയും അവഗണിച്ചുകൊണ്ടല്ല, ആയിത്തീരലിന്റെ അനന്തസാധ്യതകൾ അനാവരണം ചെയ്തുകൊണ്ടാണ് അനുസ്യൂതമായ സ്വത്വനിരാസത്തിലൂടെ ജനിമൃതികളെ ഒന്നാക്കുന്ന പ്രക്രിയയാകുന്നത്.
ഹരികുമാറിന്റെ നിരാസവാദം പ്രകൃതിയിലെ സ്വാഭാവികമായ പരിണാമ ഭാവവുമായി താരതമ്യം ചെയ്യാവുന്നതാണ്. ജീവജാലങ്ങളുടെ വളർച്ചയിൽ ഒരേസമയം നിരാസവും സ്വീകരണവുമുണ്ട്. പഴയകോശങ്ങളെ പുറന്തള്ളിയും പുതിയ കോശങ്ങളെ ഉൾക്കൊണ്ടുമാണല്ലോ ജീവൻ പരിണമിക്കുന്നത്. ഒരു മനുഷ്യശിശു പൂർണ്ണവളർച്ചയിലെത്തുമ്പോഴേക്കും എത്രയോ വട്ടം അതിന്റെ കോടാനുകോടി കോശങ്ങൾ മാറിക്കഴിഞ്ഞിരിക്കും. ഇത് ജീവന്റെ മഹാരഹസ്യമാണ്. ജീവചൈതന്യമില്ലാത്തിടത്ത് ഈ തള്ളലും കൊള്ളലും ഉണ്ടാവുകയില്ല. പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രക്രിയ നടക്കുന്നത്. സവിശേഷമായ ഒരു രൂപം അഥവാ ഡിസൈൻ പ്രാപിക്കാനുള്ള ലക്ഷ്യബോധം ജീവിക്കുള്ളിൽ അനന്തശയനം കൊള്ളുന്നതുകൊണ്ടാണല്ലോ ആ രൂപമാതൃകയിലേക്ക് അത് പരിണമിക്കുന്നത്. ഇവിടെ സ്വത്വബോധത്തിന് പരിവർത്തനം വരുന്നുണ്ടെങ്കിലും അന്തർലീനമായ സ്വത്വത്തിന്റെ അനുസ്യൂതത നഷ്ടപ്പെടുന്നില്ല. ശിശു യൗവ്വനയുക്തനായാലും വൃദ്ധനായാലും ആൾ ഒന്നുതന്നെയാണല്ലോ. ജീവജാലങ്ങളുടെയും വസ്തുക്കളുടെയും വൈയക്തികസ്വത്വത്തെ പ്രപഞ്ചക്രമത്തിന്റെ അനിഷേധ്യഭാഗമായി കണക്കാക്കിയാൽ വളർച്ചയ്ക്കുവേണ്ടി അതിലുണ്ടാകുന്ന നിരാസ-സ്വീകരണങ്ങളെ സമഷ്ടിബോധവുമായി ബന്ധപ്പെടുത്താനാവും. വലയിലെ കണ്ണികൾ പോലെ, ജീവന്റെ വ്യക്തിസ്വത്വവും വിശ്വത്തിന്റെ സമഗ്രബോധവും ചേതനയുടെ ഒരു മഹാപാരസ്പര്യത്തിൽ സംസർഗ്ഗം ചെയ്യുന്നു. ഭൗതികശാസ്ത്രജ്ഞനും ദാർശനികനുമായ ഫ്രിറ്റ്ജോഫ് കാപ്രയുടെ Web of Life തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ വഴിക്ക് ചിന്തിപ്പിക്കുന്നവയാണ്. ആധുനിക ഹൈ എനർജി ഫിസിക്സിലും, 'കണികകൾ' (particles) എന്ന് ദ്രവ്യമാത്രകളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, അവയ്ക്ക് ഒറ്റതിരിഞ്ഞ് സ്വത്വമില്ല. അനിർവചനീയമായ, അപ്രവചനീയമായ പരിഭ്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന കണികകളുടെ പരസ്പരബന്ധത്തിലാണ് ഊർജ്ജസംബന്ധിയായ ധർമ്മങ്ങൾ നടക്കുന്നത്. തലച്ചോറിലെ ന്യൂറോൺ കോശങ്ങളാണെങ്കിലും, അവയുടെ ബന്ധങ്ങൾ [synapses)ആണ് മസ്തിഷ്ക്കധർമ്മത്തിന് ആധാരം. ഇത്തരമൊരു ആന്തരിക ബാന്ധവബോധം ബയോളജിയിലും ഫിസിക്സിലും മറ്റു ശാസ്ത്രങ്ങളിലും അടുത്തകാലത്തുണ്ടായതിനു സമാന്തരമായിട്ടാണ് web,net,global തുടങ്ങിയ പ്രയോഗങ്ങൾ ഉരുത്തിരിഞ്ഞത്. മനുഷ്യന്റെ സാധാരണ ഭാഷയിൽ ശാസ്ത്രങ്ങൾക്ക് പ്രകടിപ്പിക്കാൻ ആവാത്ത ചിലബോധത്തെയും അറിവുകളെയുമാണ്, അറിഞ്ഞോ അറിയാതെയോ എട്ടുകാലിയുടെ മാറാലയും മുക്കുവന്റെ വലയും കളിക്കാരുടെ പന്തുമെല്ലാം പ്രകടിപ്പിക്കുന്നത്.
ഈ പുതിയ ബോധത്തെ സാഹിത്യവിമർശനത്തിലേക്കും സൗന്ദര്യശാസ്ത്ര വിചിന്തനത്തിലേക്കും എങ്ങിനെ ആവാഹിക്കാം എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. കവിത, നോവൽ, ചെറുകഥ, നാടകം, തുടങ്ങിയ പാരമ്പര്യ സാഹിത്യരൂപങ്ങളും, ചിത്രകല, ശിൽപ്പകല, നൃത്തം തുടങ്ങിയ സാമ്പ്രദായിക സുകുമാരകലകളും പുതിയ സിനിമയും ഇലക്ട്രോണിക് മാധ്യമവും ഇന്റർനെറ്റും തുറന്നുതരുന്ന വിസ്മയകരമായ സൗന്ദര്യാനുഭൂതികളും എല്ലാം തമ്മിലുള്ള ബാന്ധവങ്ങളും സംഗമസംഘാതങ്ങളും സുപ്രധാനമാണ്. അവയെ പുതിയ ഭാവുകത്വത്തിന്റെ ഭാഗമായി പലരും സ്വീകരിച്ചു തുടങ്ങി. എങ്കിലും സാഹിത്യവിമർശനത്തിന്റെ മുഖ്യധാരയിൽ ഈ പുതിയ ബാന്ധവവിചാരം എത്തിയിട്ടില്ല എന്നുതോന്നുന്നു.
ഭാരതീയ കാവ്യശാസ്ത്രത്തിൽ സ്ഥായിഭാവവും സഞ്ചാരി (വ്യഭിചാരി) ഭാവങ്ങളും തമ്മിൽ വേർതിരിക്കുന്നുണ്ടല്ലോ .ഒന്നിലും സ്ഥായീഭാവമില്ല എന്ന നിലപാടെടുത്താൽ സഞ്ചാരി ഭാവങ്ങൾക്ക് പ്രസക്തിയില്ലാതാവുകയും സൗന്ദര്യഭംഗം വരികയും ചെയ്യും. അതുപോലെ തന്നെ സ്ഥായീഭാവം അതിൽത്തന്നെ ചലനാത്മകമല്ലെങ്കിൽ ഭാവമേളനം അസാദ്ധ്യമായിത്തീരും. സഞ്ചാരിഭാവങ്ങളെ എത്രയും വിശാലമായ അർത്ഥത്തിലും സ്വാതന്ത്ര്യത്തിലും കണക്കിലെടുത്താൽ മേൽപ്പറഞ്ഞ വിവിധ മാധ്യമങ്ങളെയും ഭാവുകത്വങ്ങളെയും അവയുടെ സ്വകീയത നഷ്ടപ്പെടാതെ തന്നെ സർഗ്ഗസമന്വയത്തിലേക്ക് നയിക്കാൻ കഴിയും. സൂര്യൻ സ്ഥായിയായി നിൽക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്നു എന്നാണല്ലോ കോപ്പർനിക്കസിനുശേഷം നാം പഠിച്ച പുതിയ ശാസ്ത്രം. എന്നാൽ ഇതൊരു താൽക്കാലിക സങ്കൽപമാണെന്ന് ഇപ്പോൾ നമുക്കറിയാം. സൂര്യനും സൗരയൂഥവും അതുൾപ്പെടുന്ന ഗാലക്സിയും എല്ലാംതന്നെ പ്രപഞ്ചത്തിന്റെ വികസ്വരചലനത്തിന് വിധേയമാണ്. ഏതെല്ലാം ആന്ദോളനങ്ങൾക്കും വികാസ-വികേന്ദ്രീകരണങ്ങൾക്കും അവ വിധേയമാണ് എന്ന് പൂർണ്ണമായും നമുക്കറിഞ്ഞുകൂടാ. അപ്പോൾ സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ആകെത്തുകയിലുള്ള ചലനത്തിന് വിധേയമാക്കുമ്പോൾ, നമ്മുടെ സൗന്ദര്യശാസ്ത്രത്തിന് പുതിയ മാനങ്ങൾ കൈവരും. ഹരികുമാറിന്റെ നവാദ്വൈതചിന്തയും അനസ്യൂതനിരാസ-നവീകരണവാദവും ഇക്കാര്യങ്ങളെ കണക്കിലെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഹരികുമാറിന്റെ സാഹിതീ ദർശനത്തെ ചൂഴ്‌ന്ന് നിൽക്കുന്നത് ഒരു പ്രവാഹബോധമാണ്. നിരന്തരമായ ഈ ധാരാത്മകത എല്ലാ സ്ഥാപനവൽക്കരണങ്ങളെയും സിദ്ധാന്തവാശികളെയും കടപുഴക്കിയെറിയുന്നു. ഈ പ്രവാഹത്തിന്റെ ഭാഗമായിട്ടാണ് ആത്മികതയും സൗന്ദര്യവും സർഗ്ഗാത്മകതയും അദ്ദേഹം കാണുന്നത്. ഇത് ഒരളവിൽ സോക്രട്ടീസിനും മുൻപുള്ള ആദിയവന ദാർശനികരിൽ ഒരാളായ ഹെറാക്ലീറ്റസിന്റെ ചിന്തയെ ഓർമ്മിപ്പിക്കുന്നു. " ആർക്കും ഒരേ നദിയിൽ രണ്ടുപ്രാവശ്യം കാൽവയ്ക്കാനാവില്ല" എന്നവാക്യം പ്രസിദ്ധമാണല്ലോ. ഭൗതിക യാഥാർത്ഥ്യത്തെ പ്രവാഹമായി (flux) കാണുന്ന ഈ വീക്ഷണം വളരെ ആധുനികവുമാണ്. 20-നൂറ്റാണ്ടിൽ ബ്രട്ടീഷ് ദാർശനികനും ഗണിതജ്ഞനുമായിരുന്ന ആൽഫ്രഡ് നോർത്ത് വൈറ്റ് ഹെഡ് (1861-1947) രൂപം കൊടുത്ത 'പ്രോസ്സസ് ഫിലോസഫി' ധാരാവാദത്തിന്റെ വളരെ പരിഷ്കൃതമായ രൂപമാണെന്ന് പറയാം. അനുനിമിഷമുള്ള ആയിത്തീരലുകളുടെ ആകെത്തുകയാണ് പ്രപഞ്ചം. ഓരോ ആയിത്തീരൽ സംഭവവും ഒറ്റപ്പെട്ട് നിൽക്കാതെ തുടർച്ചയായ മാറ്റത്തിന്റെയും പുതുമയുടെയും ഭാഗമായി നമുക്ക് അനുഭവവേദ്യമാകുന്നു. പാശ്ചാത്യ തത്ത്വവിചാരത്തിൽ പ്രബലമായിരുന്ന സത്ത. സ്ഥിരത, ഏകതാനത എന്നിവയെ എല്ലാം നിഷേധിച്ച് ഈ ദർശനം ചരിത്രപരമായിത്തന്നെ ഭൂതകാലത്തിൽ നിന്ന് പുതിയ ഭാവയിലേക്ക് നിരന്തരം പരിണമിക്കുന്ന യാഥാർത്ഥ്യത്തെയാണ് ഊന്നിപ്പറഞ്ഞത്. ഈ പ്രക്രിയയുടെ ചലനാത്മകതമൂലം, പരമ്പരാഗതവും സ്ഥാവരവുമായ മാനദണ്ഡങ്ങൾ കൊണ്ട് ഇതിനെ അളക്കാനും അറിയാനും ആവില്ല എന്നായിരുന്നു വൈറ്റ്‍ഹെഡിന്റെ പക്ഷം.
പാശ്ചാത്യ ദർശനത്തിലും വേദശാസ്ത്രത്തിലുമെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ച ഈ ദാർശനിക വീക്ഷണത്തെ, ഹരികുമാറിന്റെ പ്രവാഹവാദവുമായി ബന്ധിപ്പിച്ച് കാണുന്നത് പ്രയോജനപ്രദമാണ്.
നിരന്തരചലനം നമ്മെ വിഭ്രമിപ്പിക്കും. നമ്മുടെ പരിചിതമായ ദിഗ്ബോധങ്ങളെ അത് മായിച്ചുകളയും. സ്ഥലജലഭ്രമത്തിന് വിധേയരാകും നാം. അതുകൊണ്ടാണ് മനുഷ്യർ ഇളകാത്ത കുറ്റികൾ സ്ഥാപിക്കുന്നത്. അതിർക്കല്ലുകളിടുന്നത്. കാലത്തെ മണിക്കൂറായും മിനിറ്റായും സെക്കൻഡായും കീറിമുറിച്ച് അടയാളപ്പെടുത്തി കൈത്തണ്ടയിൽ കൊണ്ടുനടക്കുന്നത്. സ്ഥലത്തെ അളന്ന്, അറകളായി തിരിച്ച് കെട്ടിടം പണിത് അതിൽ കയറി വാതിലടച്ച് പാർക്കുന്നത്, എങ്കിലും ധൈര്യമുള്ളവർ ഇടയ്ക്കിടെ, അറകൾ തുറന്ന്, അടയാളങ്ങൾ പറിച്ചെറിഞ്ഞ്, വസ്ത്രമുരിഞ്ഞ് സ്ഥലകാലങ്ങളുടെ അനന്തവിസ്തൃതികളിൽ നഗ്നരായി അലയുന്നു. അനുച്ചരണീയമാണ് അവരുടെ അനുഭവം.
കപടവേഷങ്ങളണിഞ്ഞ നമ്മെ ഹരികുമാറിന്റെ ചിന്താസ്ഫുലിംഗങ്ങൾ വിവസ്ത്രരാക്കുന്നു. നമ്മുടെ ആടയാഭരണങ്ങൾക്ക് തീ കൊളുത്തുന്നു. കലയിലും സാഹിത്യത്തിലും പുതിയൊരു സൗന്ദര്യ ചിന്താസരണിയുടെ സമാരംഭമാവട്ടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദർശനസുകൃതം.