Thursday, September 6, 2012

എന്റെ മാനിഫെസ്റ്റോ -അവതാരിക

അദ്വൈതത്തിന്റെ ആകാശംചാത്തനാത്ത്‌ അച്യുതനുണ്ണി
[എൻടെ മാനിഫെസ്റ്റോ എന്ന കൃതിക്കു ഡോ ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ അവതാരിക.]
ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ലെന്നും മുൻപില്ലാത്ത ഒന്നിന്‌ പുതിയ അവതാരം അസാധ്യമാണെന്നും ജ്ഞാനസ്വരൂപവും മൗലികവും അമൂർത്തവുമായ ബ്രഹ്മത്തിന്റെ വിവർത്തനമാണ്‌ പ്രാതിഭാസികപ്രപഞ്ചമെന്നും അദ്വൈതവേദാന്തം അനുശാസിക്കുന്നു. അനാദിയായ ഒരു സനാതനവ്യവസ്ഥയുടെ സാന്നിധ്യം എല്ലാ പദാർത്ഥങ്ങളുടെയും സത്തയിലുണ്ട്‌ എന്ന സാമാന്യതത്ത്വം വ്യത്യസ്തവീക്ഷണങ്ങൾക്കു വേരുപിടിയ്ക്കാനാവാത്തവിധം എല്ലാ ഭാരതീയദർശനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്‌. പാശ്ചാത്യമായ ആധ്യാത്മികതത്ത്വചിന്തകളും ഏറെക്കുറെ ഇതേ വചനകേന്ദ്രിതവാദവും ശബ്ദകേന്ദ്രീതവാദവും ആവിഷ്കരിക്കുന്നു. ഈ സാന്നിധ്യത്തിന്റെ അതിഭൗതികത്തെ തകർക്കുന്നതാണ്‌ നീഷേയിൽനിന്നും ഹെയ്ഡഗറിൽനിന്നും പ്രചോദനം നേടിയ ദെറിദ, ഫൂക്കോ, ലകൻ, ദെല്യൂസ്‌ തുടങ്ങിയ ഉത്തരാധുനികരായ തത്ത്വചിന്തകരുടെ വിചാരപദ്ധതികൾ.

ദലവിഭജനം ചെയ്ത്‌ പരമാർത്ഥമന്വേഷിക്കുന്ന തീക്ഷ്ണധാരമായ ജ്ഞാനശാസ്ത്രത്തിന്റെ വിവാദഭുമികളിൽ ബുദ്ധിയും ഭാവനയും മനനവും ധ്യാനവും പരസ്പരം കലഹിച്ചും സമന്വയിച്ചും നൂറ്റാണ്ടുകളിലൂടെ സഞ്ചയിച്ച സത്താവിജ്ഞാനപരമായ ദർശനങ്ങൾ ദുരവഗാഹമായ വൈവിധ്യവും വൈപുല്യവുമാർന്നതത്രേ. അവയിൽ ഏറെക്കാലം ആണ്ടുമുങ്ങിയും നീന്തിത്തുടിച്ചും അനാസക്തിയോഗത്തിന്റെ വെളിച്ചം നിറഞ്ഞ മറുകരയെത്തുക എത്രയോ ദുഷ്കരമാണ്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിൽക്കടന്നു വന്നുപരിണമിക്കുന്ന പ്രപഞ്ചാവബോധത്തെ സ്വാത്മായതനവിശ്രാന്തമായ നിദിധ്യാസത്തിലൂടെ നവീകരിക്കുക അതിലേറെ ആയാസകരമാണ്‌. ത്രികാലാതിവർത്തിയായ പ്രതിഭയുടെ മൂന്നാം കണ്ണ്‌ കലാകാരനെന്നതുപോലെ തത്ത്വചിന്തകനും ആവശ്യമാകുന്നു. സർഗ്ഗാത്മകവും അസുലഭവുമായ ഈ ഉപലബ്ധികൊണ്ട്‌ അനുഗൃഹീതനായ ഒരു സത്യാന്വേഷകന്റെ ജീവിതദർശനമാണ്‌ എം.കെ.ഹരികുമാറിന്റെ ലഘുനിബന്ധങ്ങളിൽ തെളിഞ്ഞുവരുന്നത്‌.

'എന്റെ മാനിഫെസ്റ്റോ' - പ്രതിജ്ഞാപത്രം എന്ന പേരുതന്നെ സുദീർഘമായ മനനമഥനത്തിൽനിന്നുയർന്നുവന്ന ആത്മാവിഷ്കാരത്തിന്റെ സത്യസന്ധതയുടെ സാക്ഷ്യപത്രമാകുന്നു. പത്തൊൻപത് ലഘുപ്രബന്ധങ്ങളും സൂത്രരൂപമായ നൂറ്റൊന്ന് ലഘു വാക്യങ്ങളുമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 'ലഘു'വെങ്കിലും ഇവ ഓരോന്നും ഗുരുവാണ്‌. പ്രജ്ഞയുടെ അരണി കടഞ്ഞു ചിതറുന്ന ദീപ്രസ്ഫുലിംഗങ്ങളുടെ ദീപ്തിവലയത്തിൽ ഭൂതപ്രകൃതിയും ആത്മീയതയും മാനവികതയും സംസ്കൃതിയും ഭാഷയും സാഹിത്യവുമെല്ലാം ഉരുകിച്ചേർന്ന്‌ നവീനമായ ഒരദ്വൈതാനുഭവമായി തിളങ്ങിനിൽക്കുന്നു.

'നവാദ്വൈത'മെന്നു ഹരികുമാർ വ്യപദേശിക്കുന്ന ഈ തത്ത്വവിജ്ഞാനം അദ്ദേഹത്തിന്റെ സ്വകീയമായ സത്താദർശനം തന്നെയാകുന്നു. അതിന്റെ ഉറവിടം തീർച്ചയായും പ്രാചീനരായ ഭാരതീയമനീഷികളുടെയും ആധുനികരായ പാശ്ചാത്യചിന്തകരുടെയും പ്രപഞ്ചവ്യാഖ്യാനങ്ങളിൽ കണ്ടെത്താം. എന്നാൽ, ആ പൂർവസൂരികളുടെ വാക്കുകളെയോ വീക്ഷണങ്ങളെയോ അതുപടി ആവർത്തിക്കുവാനോ അനുവർത്തിക്കാനോ ഹരികുമാർ മുതിർന്നിട്ടില്ല. അവരുടെ ചിന്താപദ്ധതികളിൽനിന്നു പ്രചോദനമുൾക്കൊണ്ട്‌ യുക്തിഭദ്രവും വ്യതിരിക്തവുമായ ഒരു നവദർശനം ആവിഷ്കരിക്കുകയും വ്യത്യസ്തപ്രതിഭാസങ്ങളിൽ അതിനെ സമന്വയിക്കുകയാണ്‌ ചെയ്യുന്നത്‌. അദൃഷ്ടപൂർവ്വവും അശ്രുതപൂർവ്വവുമായ വസ്തുതകൾ ഉൾക്കൊള്ളുക ഏറെ പ്രയാസമാണ്‌. അപരിചിതമായതിനെ മനസ്സ്‌ പ്രതിരോധിക്കുക സ്വാഭാവികമാണ്‌. അതുകൊണ്ട്‌ ഈ പ്രബന്ധങ്ങളിൽ പ്രകാശിക്കുന്ന കേന്ദ്രഭൂതമായ ദർശനത്തിന്‌ സാമാന്യവായനക്കാരന്റെ അവബോധത്തിലേക്ക്‌ അനായാസം കടന്നുചെല്ലാൻ കഴിഞ്ഞുവെന്ന്‌ വരില്ല. എന്നാൽ, ധാരണയും ധ്യാനവുംകൊണ്ട്‌ മൂന്നാംമിഴി തുറക്കുവാൻ കഴിയുന്നവന്റെ ഹൃദയാകാശത്തിൽ അത്‌ സ്വാനുഭവത്തിന്റെ വെളിച്ചമായിപ്പരക്കും.

സ്വത്വനിരാസമാണ്‌ വ്യക്തിയുടെ വികാസത്തിന്നാസ്പദമെന്ന ഋജുവായ തത്ത്വമാണ്‌ ഈ നവാദ്വൈതദർശനത്തിന്റെ കേന്ദ്രം. 'ഋജുവായ' എന്ന വിശേഷണം സ്വയം നിരസിക്കും; കാരണം, കേൾക്കുന്നമാത്രയിൽ തോന്നുന്നതു മാത്രമാണ്‌ അതിന്റെ ആർജവം. ദുർഗ്രഹവും സങ്കീർണ്ണവുമാണ്‌ അതിന്റെ പൊരുൾ. സത്യം, ശിവം, സൗന്ദര്യം മുതലായ ചില സങ്കൽപങ്ങൾ അടിസ്ഥാനപരമായ മൂല്യങ്ങളെന്നു ചിരകാലമായി നാം മാനിച്ചുപോരുന്നുണ്ടല്ലോ. അവ പരമാർത്ഥത്തിൽ വൈയക്തികവും സാമൂഹികവും പാരമ്പര്യബദ്ധവുമായ പലതരം അതിരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട്‌ വികസിക്കുവാനാകാത്ത അമൂർത്തഭാവങ്ങളാണ്‌. സ്വയം ആയിരിയ്ക്കുക എന്ന യാഥാസ്ഥിതികമായ മൗലികവാദത്തിനു വിഷയങ്ങളാണ്‌ ഇവയെന്ന്‌ ഹരികുമാർ നിരീക്ഷിക്കുന്നതിൽ യുക്തിയുണ്ട്‌. ഏത്‌ ആശയവും സ്വയം നിരസിക്കുമ്പോൾ മാത്രമേ അതിരുകൾ മറികടന്ന്‌, സ്ഥലകാലങ്ങളുടെ കെട്ടുകൾ പൊട്ടിച്ച്‌ അനന്തതയിലേക്ക് സർഗ്ഗാത്മകമായ പ്രയാണമാരംഭിക്കുകയുള്ളൂ. 'ഊഴിയിൽ അഖിലസാര' മെന്നു മാനിയ്ക്കപ്പെടുന്ന സ്നേഹത്തിന്റെ സാരം സ്വത്വനിരാസമാണല്ലോ. അഹംബോധപരതന്ത്രമായ ജീവാത്മാവിനെ നിരസിച്ച്‌ സർവതന്ത്രസ്വതന്ത്രമായ പരമാത്മാവിനെ സാക്ഷാത്കരിക്കണമെന്ന്‌ ഭാരതീയമായ ആർഷജ്ഞാനം പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. 'ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്ന്‌ ഹരിനാമകീർത്തനം ഉദ്ഘോഷിച്ചിട്ടുണ്ട്‌. ഇതുതന്നെയല്ലേ സ്വയംനിരാസമെന്ന നവാദ്വൈതം എന്നു ന്യായമായും സംശയിക്കാം. എന്നാൽ, പ്രാചീനമായ അദ്വൈതദർശനവും ഹരികുമാർ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മിൽ അടിസ്ഥാനപരമായ അന്തരമുണ്ട്‌. പ്രാചീനമായ അദ്വൈതത്തിൽ അമൂർത്തവും സർവ്വവ്യാപിയുമെന്നു പരികല്‍പ്പിക്കപ്പെടുന്ന പരമാത്മാവ്‌ അന്തിമവിശ്രാന്തിസ്ഥാനമാണ്‌. 'വിശ്രാന്തിസതത്വേന ഭോഗേന ഭുജ്യതേ' എന്ന്‌ പരമാത്മസ്ഥാനീയമായ രസത്തിന്റെ ആസ്വാദത്തെ നാട്യശാസ്ത്രവ്യാഖ്യാതാവായ ഭട്ടനായകൻ വിവരിക്കുന്നതു നോക്കുക. പരമപദമാണ്‌, ആവൃത്തിരഹിതമാണ്‌, അന്തിമവിലയസ്ഥാനമാണ്‌ പരമാത്മചൈതന്യം. അതിൽ വിലയംപ്രാപിച്ചുകഴിയുമ്പോൾ ജീവാത്മാവിനു പിന്നെ സ്വയംനിരാസമില്ല, യാത്ര അറുതിയിലെത്തുന്നു; വികാസം സ്തംഭിക്കുന്നു. ഏത്‌ വസ്തുവും അങ്ങനെ ജഡീഭാവതുല്യമായ പാര്യന്തികവിശ്രാന്തിപദം പ്രാപിക്കുന്നു എന്ന അധ്യാത്മവാദത്തിനു വിരുദ്ധമാണ്‌ നവാദ്വൈതം. "അദ്വൈതത്തിൽ വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളുമില്ലെന്നും എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷ്പിതമാണെന്നും പറയുന്നു. ഇത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌, നാം പിറവിയിൽത്തന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടൂ, അതേ സമയം നവാദ്വൈതത്തിൽ അറിവിനുവേണ്ടിയല്ല പോരാട്ടം" എന്ന്‌ 'സ്വത്വനിരാസ'മെന്ന ആദ്യപ്രബന്ധത്തിലും തുടർന്ന്‌ പലപ്രബന്ധങ്ങളിലും ഹരികുമാർ തന്റെ അദ്വൈതസങ്കൽപം വിശദമാക്കുന്നുണ്ട്‌. കർമ്മങ്ങളിലൂടെ തുടർച്ചയായി സ്വയം നിരസിച്ച്‌ വികസിക്കുകയത്രേ നവാദ്വൈതത്തിന്റെ ധർമ്മം. കാഫ്കയുടെ കഥാപാത്രങ്ങൾ സ്വയം നിരാകരിച്ചുകൊണ്ട്‌ ഏതാണ്‌ യാഥാർത്ഥ്യം എന്നു യുക്തിയിലൂടെ തിരയുകയും യുക്തിരാഹിത്യം നിർമ്മിക്കുകയും പുതിയൊരു യുക്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈവിധം സ്വയംനിരാസത്തിന്റെ അനുസ്യുതിയത്രേ സാഹിത്യം. അത്‌ ഉറച്ചുപോയ ആശയങ്ങളെയും മൂല്യങ്ങളെയും നിരസിച്ചുകൊണ്ട്‌ ഓരോ വായനയിലും പുതിയ രൂപംപൂണ്ട്‌ ബൃഹത്തായ പ്രാപഞ്ചികാവസ്ഥകളിലേക്ക്‌ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു എന്ന ഹരികുമാറിന്റെ ജ്ഞാനശാസ്ത്രം പ്രപഞ്ചാനുഭവങ്ങളിലേക്കും കാവ്യാനുഭൂതിയിലേക്കും നമ്മുടെ അന്തർലോചനം തുറന്നുവെയ്ക്കുന്നു.

'അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത' 'ഭഗവദ്ഗീതയുടെ പുനരവലോകനം' എന്നീ പ്രബന്ധങ്ങളിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പുനർവായനയ്ക്കു വിധേയമാക്കുന്നു. സ്വതന്ത്രമാവാൻ മോഹിക്കുന്ന പ്രകൃതിയത്രേ ഖസാക്കിലെ ഓരോ വരിയും. ഈ സ്വാതന്ത്ര്യമോഹമാകട്ടെ, പ്രകൃതിയിലെ ഓരോ വസ്തുവിലും ആശയത്തിലും പരസ്പരം നിരസിക്കുകയും സ്വയം നിരാകരിക്കുകയും ചെയ്യുന്ന അനേകം ഘടകങ്ങളുടെ സംഘർഷമാണ്‌. നോവലിലെ നായകനായ രവി ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. തനതായ അന്തഃസത്തയോ തത്ത്വശാസ്ത്രമോ അയാൾക്കില്ല. സംശയാലുവും ഭീരുവും ഭാവനാശാലിയുമായ അയാൾ ഭൗതികശാസ്ത്രത്തിലും തത്ത്വചിന്തയിലുമുള്ള താത്പര്യമുപേക്ഷിച്ച്‌ ഒരു കുഗ്രാമത്തിലെ വിദ്യാലയത്തിലാണ്‌ എത്തുന്നത്‌. അയാൾ തന്നിൽനിന്നുതന്നെ ഓടിയൊളിക്കുകയാണ്‌. പരസ്പരബന്ധമില്ലാത്ത പുസ്തകങ്ങൾ വായിക്കുന്ന അയാൾ പരസ്പരബന്ധമില്ലാത്ത യുക്തികൾ കൊണ്ട്‌ നിർമ്മിച്ചെടുക്കുന്നതെല്ലാം ഉത്തരക്ഷണത്തിൽ തകർന്നുപോകുന്നു, അർത്ഥവത്തായ കർമ്മങ്ങൾ ചേർന്നിണങ്ങി നിരർത്ഥകമായ ശൂന്യതയായീത്തീരുന്നു. 'ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്നു ബോധ്യപ്പെടുത്തുന്ന' കൃതിയാണ്‌ ഖസാക്കിന്റെ ഇതിഹാസമെന്ന നിരീക്ഷണത്തിന്റെ സാംഗത്യമിതാണ്‌. മിത്തും കൽപിതകഥയും യാഥാർത്ഥ്യവും ചരിത്രവും അധ്യാത്മവിദ്യയും രാഷ്ട്രീയവും കൂട്ടിക്കലർത്തി പുതിയ കാലത്തിലെ മനുഷ്യന്റെ ശിഥിലമായ അന്തർലോകങ്ങളെ പ്രശ്നവൽക്കരിക്കുകയും തുറന്നുകാണിക്കുകയുമത്രെ ഇതിഹാസത്തിന്റെ ലക്ഷ്യം. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്കു കുറുകെ ഭഗവദ്ഗീതയോടു കലഹിക്കുകയും അതിനെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന ഇതുപോലുള്ള മറ്റൊരു കൃതി ഇന്ത്യൻ ഭാഷകളിലില്ലെന്ന ഹരികുമാറിന്റെ നിഗമനം യുക്തിഭദ്രമാകുന്നു. സ്വന്തം ഭാരതീയതയാണ്‌ വിജയൻ കണ്ടെത്തുന്നത്‌. അസ്തിത്വവാദത്തിലെ അന്യവൽക്കരണത്തിന്റെ നിസ്സാഹായതയല്ല ഇതിഹാസത്തിലെ നിരർത്ഥകത. ശ്രീകൃഷ്ണന്റെ അദ്വൈതത്തോടു കലഹിച്ചും സമരസപ്പെട്ടും വിജയൻ സ്വന്തം ഉള്ളിൽനിന്ന്‌ ഭാരതീയത വീണ്ടെടുക്കുകയത്രെ. ഔപനിഷദമായ ആത്യന്തികരമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരത ഇതിൽകണ്ടെത്തുന്നുവെന്ന നിഗമനം ശൂന്യതയെ മഹായാനബുദ്ധമതത്തിലെ ശൂന്യവാദത്തിൽ നിന്നു വ്യതിരിക്തമാകുന്നു.

അസ്തിത്വത്തിന്റെ പരിമിതികളിൽ നിന്ന്‌ ആത്മനിരാസത്തിലൂടെ മോചനം തേടി അനേകം ജന്മവാസനകളുമായി നിരന്തരം രൂപാന്തരങ്ങളിലേക്കു സഞ്ചരിക്കുന്ന വസ്തുപ്രതിഭാസത്തിനു നിദർശനമത്രേ ജലം (ജലാത്മകത). മറ്റൊന്നായി മാറാനുള്ള ഉൽഭ്രാന്തമായ ആവേഗമാണ്‌ അതിന്റെ ഒഴുക്ക്‌, സ്ഥിരമായ രൂപമോ ആശയമോ ഇല്ലെന്നതാണ്‌ അതിന്റെ മോചനം, മൗലികവാദങ്ങളോട്‌, ചരിത്രത്തോട്‌, ജഡീഭവിച്ച ചിന്തകളോട്‌ കലഹിച്ച്‌ നിത്യപരിവർത്തനത്തിന്‌ വിധേയമാകുന്ന ലോകാവസ്ഥകളിലൂടെ യാത്രചെയ്ത്‌ അപരിചിതവും അനാവൃതവുമായ മണ്ഡലങ്ങളിൽ എണ്ണമറ്റ സാധ്യതകളായി പരിണമിക്കുന്ന ജലം നവാദ്വൈതത്തിന്റെ രൂപകമാകുന്നു.

വെള്ളംപോലെയാണ്‌ പത്രവും. പ്രസിദ്ധീകരിക്കുന്ന വാർത്തകളൊന്നും സ്വന്തമാണെന്നു കരുതാതെ പത്രം ഓരോനിമിഷവും സ്വയം തള്ളിക്കളയുകയും മറ്റൊന്നായി മാറുകയും ചെയ്തുകൊണ്ട്‌ വൈരുദ്ധ്യങ്ങളിലൂടെതന്നെ വൈരുധ്യങ്ങളെ മറികടക്കുകയാണ്‌ (ഇത്‌ നവാദ്വൈതത്തിന്റെ ആന്തരികതത്ത്വമാണ്‌. 'പത്രം ഒരൊഴുക്ക്‌')
ഓരോ പദാർത്ഥത്തിലും പരസ്പരം പൊരുത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളുണ്ട്‌. പൂർണ്ണമായ യാഥാർത്ഥ്യമെന്തെന്നറിയില്ല. നാം തിരിച്ചറിയുന്ന യാഥാർത്ഥ്യംതന്നെ അവ്യക്തമോ സന്ദേഹാസ്പദമോ ആണ്‌. കാരണം, ഓരോ വസ്തുവും പ്രതീതിഗോചരമാകുമ്പോൾതന്നെ മറ്റൊന്നായി മാറുകയാണ്‌. അതുകൊണ്ട്‌, സാഹിത്യകാരന്റെ കടമ താൻ ജീവിക്കുന്ന ലോകത്തെ പുനർനിർമ്മിക്കുകയാണ്‌. ഏതു വസ്തുവിനെയും അതിൽനിന്നു മോചിപ്പിച്ച്‌ ആന്തരികപരിവൃത്തിയിലേക്ക്‌, നവാദ്വൈതത്തിലേക്ക്‌ അഭിസംക്രമിപ്പിക്കുകയാണ്‌ കവികർമ്മം (ഓരോ വസ്തുവും പുതുതായി ജനിക്കുന്നു)
യാഥാർത്ഥ്യംതന്നെ ബഹുസ്വരമായിത്തീരുന്ന പിൽക്കാലമുതലാളിത്തത്തിന്റെ ഉപഭോഗസംസ്കാരത്തിൽ ഭാഷയ്ക്ക്‌ ആത്യന്തികമായ ഹരിതസമൃദ്ധി നഷ്ടപ്പെട്ടു പോകുന്നു. അനുഭവങ്ങൾ അനേകം ശകലങ്ങളായിച്ചിതറുമ്പോൾ വ്യക്തിയുടെ സ്വാച്ഛന്ദ്യത്തിന്‌ ശിഥിലീകരണവും അർത്ഥത്തിനു ശോഷണവും സംഭവിക്കുന്നു. ഇത്‌ ഭാഷയുടെ മരണത്തിനു വഴിവെയ്ക്കുന്നു. അർത്ഥസാംഗത്യം പ്രശ്നവൽകൃതമാകുന്ന ഉത്തരാധുനികതയിൽ വാക്കുകൾ പ്രദർശനവസ്തുക്കളാകുന്നു. വർത്തമാനസമൂഹത്തിൽ ടെലിവിഷനും സിനിമയും സാഹിത്യവും പത്രവും ശകലീകൃതമായ സംവേദനംകൊണ്ട്‌ ആന്തരികമായ അർത്ഥരാഹിത്യം ബോധിപ്പിക്കുന്നു. ഈ സ്ഥിതിയിൽ നിരൂപകന്റെ ധർമ്മം പാഠത്തിലെ ചിഹ്നങ്ങളുപയോഗിച്ച്‌ ഭാഷയ്ക്കതീതമായ തലങ്ങളിൽ ഭാവനചെയ്യുകമാത്രമാണെന്നും നവാദ്വൈതത്തിന്റെ അനന്തവ്യാഖ്യേതയിലേയ്ക്കുള്ള ഭാഷയുടെ ഒഴുക്കാണിതെന്നുമാകുന്നു ഹരികുമാറിന്റെ പക്ഷം (ഭാഷ മരിച്ചു).

ജീവിതാവബോധത്തിന്റെ വാതിലുകൾ തുറക്കുന്നതിൽ ഭാവനയ്ക്കുള്ള പങ്ക്‌ സുപ്രധാനമാണ്‌. വൈരുദ്ധ്യങ്ങളെ സമാകലനം ചെയ്ത്‌ നഗരവൽകൃതമായ ആധുനികതയിൽ നഷ്ടപ്പെടുന്ന വ്യക്തിയെയും ഭാഷയേയും അതു കണ്ടെത്തുന്നു; ചിന്തയെ ഭരിയ്ക്കുന്ന ക്ഷണികമായ പലതരം ആവേഗങ്ങൾ അടയാളപ്പെടുത്തുന്നു. വ്യാമിശ്രിമായിത്തീരുന്ന അവബോധം ഗുണിതങ്ങളായിപ്പെരുകുന്നു(അവബോധത്തിന്റെ ഗുണിതങ്ങൾ). ഈ വ്യാമിശ്രണം സാഹിത്യത്തിന്റെ ആത്മീയതയിലും സംഭവിക്കുന്നുണ്ടെന്ന്‌ ഹരികുമാർ നിരീക്ഷിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ഭൗതികതയും ആത്മീയതയും തമ്മിൽ വേർതിരിവില്ല. എല്ലാം പലതായിരിയ്ക്കെത്തന്നെ ഭേദങ്ങളെ മറികടന്ന്‌ സാക്ഷാൽക്കരിക്കുന്ന മതാത്മകമല്ലാത്ത സമന്വയദർശനമാണ്‌ ആത്മീയത. നിർവ്യക്തികമായ, അതിരുകളില്ലാത്ത നവീനമായ അദ്വൈതാവബോധം നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്നു. (ബദൽ ആത്മീയത).

ഈ നിരന്തരനവീകരണത്തിന്റെ സങ്കീർണ്ണത സാഹിത്യത്തിൽ പ്രതിഫലിക്കുന്നത്‌ ജീവിതാനുഭവങ്ങളിൽനിന്നുതന്നെയാണ്‌. പ്രകാശത്തേക്കാൾ വേഗംകൂടിയ മാനസികയാത്രകളിൽ മനുഷ്യൻ എപ്പോഴും വ്യാപരിക്കുന്നുണ്ട്‌. അവിടെ വഴികൾ മാഞ്ഞുപോകുന്നു, ലക്ഷ്യങ്ങൾ മാറിമറിയുന്നു. യാത്രതന്നെ വഴിയാകുന്നു. യാത്രയുടെ പരമലക്ഷ്യത്തെക്കുറിച്ച്‌ ഇതുവരെയുണ്ടായിരുന്ന വിശ്വാസങ്ങൾ അസ്തമിച്ചിരിക്കുന്നു. വർത്തമാനത്തെ നിരാകരിച്ചുകൊണ്ട്‌ നിർവഹിക്കുന്ന അറുതിയില്ലാത്ത, തിരിച്ചുവരവില്ലാത്ത യാത്ര എന്ന സങ്കൽപനത്തിൽ നവാദ്വൈതത്തിന്റെ കേന്ദ്രതത്ത്വം നിഹിതമാകുന്നു. (വഴികൾ).

നവാദ്വൈതത്തിൽ പരമപദവും പ്രതിഷ്ഠയുമില്ല. വെള്ളമൊഴുകുന്നതുപോലെ മനുഷ്യൻ സ്വയം നിരാകരിച്ചുകൊണ്ട്‌ കർമ്മപരമ്പരയിലൂടെ മാറിക്കൊണ്ടേയിരിക്കയാണ്‌. അപ്പോൾ വൃഷ്ടിയും സമഷ്ടിയും രണ്ടല്ലെന്നുവരും. ഭൗതികതയും ആത്മീയതയും രണ്ടല്ലെന്നുവരും. ഈ അദ്വൈതാനുഭൂതി വെളിച്ചം നിറഞ്ഞ അനന്തവിശാലമായ ആകാശമാണ്‌. അവിടെ സ്വാതന്ത്ര്യത്തിനു പരിമിതിയില്ല. സുഖം-ദുഃഖം, രാഗം-ദ്വേഷം, സ്വാർത്ഥം-ത്യാഗം, ജീവിതം-മരണം മുതലായ ദ്വന്ദ്വങ്ങളില്ല. അതാണ്‌ പ്രപഞ്ചാവസ്ഥയെന്ന അവബോധം .ഇത് പ്രാപഞ്ചികമെന്നു നാം കരുതുന്ന പ്രാതിഭാസികമായ സങ്കീർണ്ണതകളിൽ നിന്നു മോചനമരുളുന്നു. അതാണ്‌ ആത്മനിരാസത്തിന്റെ ആത്മസാക്ഷാത്കാരം. ഈ തത്ത്വം ഹരികുമാർ പല പ്രബന്ധങ്ങളിൽ പല ബിംബങ്ങളിലൂടെ പ്രപഞ്ചനംചെയ്തിട്ടുണ്ട്‌. ദുരവഗാഹമായ ഒരു വിഷയം ഇത്രയും ഋജുവും ലളിതവും ആകർഷകവുമായ ശൈലിയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത്‌ ചിന്തയിലും എഴുത്തിലുമുള്ള സമാധികൊണ്ടുതന്നെയാണ്‌.

ചിദാകാശത്തിലെ നക്ഷത്രസ്ഫുലിംഗങ്ങൾപോലെ നൂറ്റിയൊന്ന് സൂത്രവാക്യങ്ങൾ ഈ പുസ്തകത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നുണ്ട്‌. സങ്കേതബദ്ധമായ ചിന്താപാരമ്പര്യത്തിന്റെ അതിരുകൾക്കപ്പുറത്തുള്ള വികസ്വരമായ ചക്രവാളത്തിലേക്ക്‌ അവ നമുക്കു വഴി കാണിച്ചുതരുന്നു. മനുഷ്യാവസ്ഥയുടെ ദുഷ്പരിഹാര്യമായ പ്രശ്നങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. 'അൽപാക്ഷരമസന്ദിഗ്ധം സാരവദ്‌വിശ്വതോമുഖം' എന്ന സൂത്രസ്വഭാവം കൊണ്ടു സാന്ദ്രമായ അവയുടെ ഘടന പ്രജ്ഞയും കവിതയുമിടകലർന്ന ശിൽപചാതുരിയാൽ സമാകർഷകമാണ്‌.

നാം ഇതുവരെ നേടിവെച്ച അർത്ഥങ്ങളെയെല്ലാം മറികടന്ന്‌ നിരന്തരം പുതിയ അർത്ഥങ്ങളന്വേഷിച്ച്‌ അനന്തതയിലേക്ക് യാത്രചെയ്യുവാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു.

No comments: