Followers

Thursday, October 29, 2009

പ്രാണയാനങ്ങളുടെ സുരത സംഗീതം












aathmaayanangalude khasak/ m k harikumar


പ്രാണയാനങ്ങളുടെ സുരത സംഗീതം -6

പ്രാണയാനങ്ങളുടെ സുരത സംഗീതം -6
പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്‌. പൗരാണികമായ ഏതോ വിഷാദമാണ്‌ സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന്‌ പ്രസരിക്കുന്നത്‌. മുഖം നമുക്ക്‌ മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ വനഗർഭങ്ങളുടേ തണലുകളിലേക്ക്‌ യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടേ അവശിഷ്‌ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്‌. ആരാമങ്ങളുടെ ചോലകളിൽ നിന്ന്‌ നിഷ്‌ക്കാസിതനായ മനുഷ്യന്റെ പുരോപ്രയാണം നമ്മെ വ്യഥിമായ സംയമനത്തിന്റെ ഹൃദയവികാരങ്ങളിലെത്തിക്കുന്നു.
സ്നേഹത്തിന്റേയോ, വെറുപ്പിന്റേയോ നുകം പേറിക്കൊണ്ട്‌ മനുഷ്യന്റെ മനസ്സിനെ വാഴ്‌ത്താം. എന്നാൽ ആകസ്മികമായുണ്ടാകുന്ന രസച്ചേർച്ചകളുടേ ഭാവിയിൽ നിന്ന്‌ വംശത്തിന്റെ വേരുകൾ പിഴുതെടുക്കാനാകുമോ? എമേഴ്‌സന്റെ വിഷാദം ഒരു പൂർണ്ണശ്വസനമാക്കിമാറ്റികൊണ്ട്‌ അകന്നുപോയ വഴിത്താരകളെക്കുറിച്ചും നഷ്‌ടപ്പെട്ടുപോയ മെതിയടികളെക്കുറിച്ചും വിജയൻ ഖിന്നനാകുന്നു. സരളതയുടെ രേതസ്സ്‌ ഭക്ഷിച്ചുകൊണ്ട്‌ വളരുന്ന മനസ്സ്‌ വിശ്രാന്തികളാണ്‌. സ്വച്ഛതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രകൃതിയുടെ ഇലത്തട്ടുകളിൽ സ്നാനം ചെയ്യുമ്പോഴാണ്‌ മനുഷ്യനാകാനും ഐഹികപൂർണ്ണതയുടെ ജ്വരം സഫലമാകാനുമുള്ള ഉദ്യമങ്ങൾ കണ്ണുതുറക്കുന്നത്‌. വൃക്ഷച്ചോലകളിലേക്ക്‌ മടങ്ങുമ്പോഴും നരനിലെ ആദിമമായ ശിലകളെ തൃഷ്ണക്കഭിമുഖമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്‌.

ഖസാക്കിലെ കുട്ടികൾക്ക്‌ ദുഃഖത്തിന്റെ ആലസ്യം വീണ അന്തരീക്ഷത്തിൽ രവി ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുന്നു. ജീവ ബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ കർമ്മ നൈരന്തര്യങ്ങളുടെ സ്നേഹരഹിതമായ കഥയായിരുന്നു അത്‌.ചമ്പകത്തെ തിരിച്ചറിയാതെ പെൺകുട്ടി പൂ നുള്ളിയപ്പോൾ നരന്റെ പൊയ്‌കയിൽ വളർന്നിരുന്ന താമരകൾ എവിടെയാണ്‌ മറഞ്ഞുപോയത്‌ നീർച്ചോലകളിലൂടെ ഒഴുകിയിറങ്ങുന്ന ജലാസക്തികൾ. ഏതോ തീരത്ത്‌ ചമ്പകമായി പുഷ്പിച്ചിട്ടുണ്ട്‌. നിലയ്ക്കാത്ത നിശ്ശബ്‌ദതയുടേ വ്രണിതസുഖവും പേറി സന്ധ്യകൾ തോറും അത്‌ വിലപിക്കുന്നു. , അമർത്തപ്പെട്ട പുരാതനമായ മനസ്സിന്റെ ഏതോ നക്ഷത്രം വീണ്ടും തിരിച്ചു കിട്ടുന്നു. മനുഷ്യന്റെ ധാരണയുടെ ജൈവപരമായ അന്തർദ്ധാരകൾ മൺമറഞ്ഞവരുടെ പുരാവൃത്തങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. ഊഷരമായ വിങ്ങലുകളും അവ്യ്ക്തമായിത്തീര്‍ന്ന ഇച്ഛാശക്തിയും മേളിച്ചിരിക്കുന്ന കളിസ്ഥലത്ത്‌ ബിംബാരാധനകൾ ഭഗ്നമാവുകയാണ്‌ . ഖസാക്കിനെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർദ്ധാരകളുടെ അരങ്ങാക്കി മാറ്റിക്കൊണ്ട്‌ ആത്മാവിന്റെ ഉൾപ്പിരിവുകളുടെ , സ്മൃതി ഇവിടെ അനാവൃതമാവുന്നു.

പായലിലൂടെ കാലത്തിലൂടെ ഗതമോഹങ്ങളുടെ ആഴത്തിലേക്ക്‌ പ്രജ്ഞ കടന്നുചെല്ലുന്നു. ബാല്യത്തിന്റെ ഇടിഞ്ഞ ഭിത്തികൾ ,പ്രാർത്ഥനയുടെ ദ്രവിച്ച ഓലകൾ, എന്നോ ജീവിച്ചിരുന്നവരുടെ വംശകഥ പറയുന്ന പഴയ ഏടുകൾ ... വിസ്മൃതിയുടേ ജഡം നിറയെ വിഷാദത്തിന്റെ പ്രാണികൾ അരിച്ചുനടക്കുന്നു. ഓർമ്മകളുടെ വാതായനങ്ങളിലെവിടേയോ ലോകത്തിന്റെ ശിരസ്സ്‌ കത്തുന്നു. വിചാരങ്ങളുടെ പൂർണ്ണമായ തണുപ്പറിയുമ്പോൾ ഓർമ്മത്തെറ്റുകളുടെ സാരള്യത പ്രകടമാവുന്നു. മനസ്സിന്റെ ജീവിതം നിശ്ച്ചലമായൊരു ദൃശ്യമാകുന്നതിങ്ങനെയാണ്‌. ആ ദൃശ്യത്തിൽ മണ്ണും മനുഷ്യനും ,വിത്തും, കൊയ്ത്തും, പ്രഭാതവും. സൃഷ്ടിയും, ഗണിതവും, ലയിച്ചുകിടപ്പുണ്ട്‌. ഒമർഖയ്യാമിന്റെ ഒരു ദൃശ്യവൽക്കരണത്തിന്റെ ധ്വനി ഇപ്പോൾ ഓർമ്മയിൽ വിടരുകയാണ്‌. ഭൂമിയുടെ ആദ്യത്തെ മണ്ണുമായി അവർ അവസാനത്തെ മനുഷ്യന്റെ മാവ്‌ കുഴച്ചു. അവസാനത്തെ കൊയ്ത്താണ്‌` വിത്ത്‌ വിതച്ചതു്‌.അതെ, ബോധത്തിന്റെ അവസാനത്തെ പുലരി എന്താണ്‌` വായിക്കാൻ പോകുന്നതെന്ന്‌ സൃഷ്ടിയുടെ ആദ്യത്തെ പ്രഭാതം എഴുതുക്കഴിഞ്ഞു. വിച്ഛേദങ്ങളുടെ ക്രമഭംഗങ്ങളിൽ നിന്ന്‌ ലയത്തിന്റെ ലക്ഷ്യനിർവ്വച്ചനങ്ങൾ വേർതിർച്ചെടുക്കുന്ന ദൃശ്യബോധമാണിവിടെ പ്രകാശിതമാകുന്നത്‌.

സ്മൃതിയും, വിസ്മൃതിയും, ഏത്‌ സ്പർശിനിയിലാണ്‌ ബോദ്ധ്യങ്ങളുടെ കെട്ടറിഞ്ഞത്‌? ആത്മമോഹങ്ങളുടെ ഉയിരു നഷ്ടപ്പെട്ട ഈ അവസ്ഥ സന്താപമാണോ, സന്തോഷമാണോ? ഖസാക്കിലെ ദുഃഖമുഹൂർത്തങ്ങൾ കാലത്തിന്റെ പടവുകളിലാണ്‌. കഥ കേൾക്കാനെത്തുന്ന കുട്ടികൾ പ്രകൃതിയുടെ വൃക്ഷച്ചുവട്ടിലിരുനു. ബാല്യത്തിന്റെ ഓർമ്മകൾ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥിലസ്മരണകളിലൂടെ എന്നോ വാർന്നുപോയ കിനാവിന്റെ കാമുകി , ക്ഷണനേരത്തേക്ക്‌ തിരിച്ചെത്തുകയാണ്‌. പെൺകുട്ടിയുടെ ഉദരത്തിൽ മണ്ണിന്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിന്റെ തുമ്പികൾ കൊണ്ട്‌ അവളെ കൊത്തിവലിച്ചതും മുഖത്തിന്റെ മൊട്ടുകളിൽ കല്ലിന്‍റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിന്റെ ക്രോധം കൊണ്ട്‌ ആശ്വാസം പകർന്നതും പ്രാണായാനങ്ങളിലൂടെ മടങ്ങിവരുന്നു. ചമ്പകത്തെ തിരിച്ചറിയാനും ഉദരത്തിലൂടെ അവളെ മോചിപ്പിക്കാനും മനസ്സിന്റെ കൂട്ടിൽ നിന്ന്‌ വ്യഥിത യാത്രകളുടെ മാൻപേട ഓടിയിറങ്ങുകയാണ്‌. ഖസാക്കിന്‍റെ മതിഭ്രമങ്ങളിലും അയഥാർത്ഥ്യത്തിന്റെ കൊച്ചരുവികളിലും ചമ്പകത്തെ വീണ്ടെടുക്കാനും ചുംബിക്കാനും ജൈവധാരകളുടെ ഒരാത്മാവ്‌ പതിയിരിക്കുന്നത്‌ നാമറിയുന്നു. ഫ്രഞ്ച്‌ പ്രബോധകനായിരുന്ന" റോച്ചേ ഫൗക്കോ "ബോധിപ്പിക്കുന്നുണ്ട്‌. സ്നേഹവും, കരുണയും ദയയും ധൈര്യവും താന്താങ്ങളുടെ ലൗകികയാത്രകളിലൂടെ , തിരിച്ചറിയപ്പെടാതെപോകുന്ന ആത്മ പ്രേരണകളെയാണ്‌ ബന്ധനമാക്കുന്നതെന്ന്‌ .

വികാരത്തിന്റേയോ പ്രവർത്തനത്തിന്റേയോ ഏതൊരു നിമിഷവും പ്രാണപ്രേരണയുടെ കാന്തി നിറഞ്ഞിരിക്കുന്നു. എങ്കിലും അത്‌ വിസ്മൃതമായിരിക്കുന്നു. ഖസാക്കിന്റെ മതിഭ്രമങ്ങളിൽ പ്രപഞ്ചത്തിലെ ജൈവാംശങ്ങളുടെ സ്വാംശീകരണമാണുള്ളത്‌. ഓന്തിനെക്കുറിച്ച്‌ കുട്ടികൾ പറയുന്ന കഥയിലൂടേ ഖസാക്കിന്റെ വിശ്വാസസംബന്ധമായ ഉൾഭ്രമങ്ങൾ വെളിവാക്കുന്നു. ആ ഗ്രാമത്തിന്റെ സ്വഭാവരീതിയിലുള്ള ഭ്രമങ്ങൾ വിശ്വാസവും അവിശ്വാസവും ലയിച്ച്‌ ചേർന്നുണ്ടാകുന്ന ജീവിതം ചിത്രീകരിക്കുന്നുണ്ട്‌. മനുഷ്യന്റെ നിഴലുകളോടുള്ള പോരാട്ടത്തിലെ അലൗകിക ഭാവം ഗ്രാമ്യസാഹചര്യത്തിന്റെ ഹൃദയത്തിൽ നിത്യയാഥാർത്ഥ്യമാകുന്നു.
അങ്ങനെ മനുഷ്യന്റെ ശാശ്വതവർണ്ണങ്ങൾ തെളിഞ്ഞുകിട്ടുന്നു. വിശ്വാസത്തിന്റേയും അവിശ്വാസത്തിന്‍റെയും നൂൽപ്പാലത്തിലൂടെ അധോമുഖിയായി അജ്ഞതയുടേ ജീവിതത്തിലേക്ക്‌ കടന്നുചെല്ലുന്നു. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ്‌ ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു. ടെന്നിസൻ ഓർമ്മിപ്പിക്കുന്നതുപോലെ ഇപ്പോഴിതാ ദൈവം എല്ലാത്തിനെയും വീണ്ടും ജനിപ്പിച്ചിരിക്കുന്നു. വസന്തംകൊണ്ട്‌ തണുപ്പിന്റെ തൂവൽ വിരിക്കുന്നു. മഞ്ഞുകൊണ്ട്‌ പുഷ്പ്പങ്ങളെ അലങ്കരിക്കുന്നു. കറുത്ത പക്ഷികൾക്കും ഗായകർക്കും മനസ്സ്‌ തിരിച്ചുകിട്ടിയിരിക്കുന്നു.

ഖസാക്കിന്റെ പ്രാണയാനങ്ങളുടെ സുരത സംഗീതം പുതുമഴയിലൂടേയും വിദ്യാലയത്തിലെ കുട്ടികളിലൂടേയുമാണ്‌ വിജയൻ ആവിഷ്ക്കരിക്കുന്നത്‌. പ്രാണയാനങ്ങളുടെ വഴിയമ്പലങ്ങളിൽ ജന്മത്തിന്റെ പൊരുളറിയാതെ ഗ്രാമവാസികൾ നിന്നു. കാലവർഷത്തിന്റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്ര നിമിഷങ്ങളാണ്‌ തുറന്നിടുന്നത്‌. ഓലകളുമേന്തി കുട്ടികൾ വരിവെള്ളത്തിൽ ചവുട്ടിയും തേവിയും പോകുമ്പോൾ ബാല്യത്തിന്റെ നിഗൂഢമായ രതിവേഗങ്ങളിലേക്ക്‌ ഖസാക്ക്‌ ഉണരുന്നു.

വഴിയാത്രക്കാരുടെ ഉദാസീനമായ സന്ദർശനം പോലേയോ , വൃക്ഷശിഖരത്തിൽ നിന്ന്‌ ഒരില കൊഴിയുന്നതുപോലേയോ അവർ രവിയുടെ സ്ക്കൂളിൽ ചേർന്നു. ഗതിഭംഗങ്ങളുടെ ആത്മയാനങ്ങളെ അവതരിപ്പിക്കേണ്ടി വന്നപ്പോൾ മനസ്സിനിണങ്ങുന്ന നിരങ്ങളിലൂടെ വിജയൻ ഭൂമിയെ കണ്ടെത്തി. ഭൂമിയുടെ മാഞ്ഞുപോയ നിരങ്ങളുടെ സ്ഥലങ്ങളിൽ പ്രാണയാത്രകളുടെ ദുഃഖസ്വപ്നവേളകളെ തിരുകി വെച്ചു. ഖസാക്കിലെ മനുഷ്യരുടെ കാലത്തെത്തേടി വിജയൻ അനിശ്ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി .
പഠിപ്പു നിർത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടേ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ഛന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ, കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്ദഹൃദയത്തിലൂടെ , വിജയൻ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്പഷ്ടമായ ചോദനകളും തേടുകയായിരുന്നു. ഇരുള്‍വീഴുവാൻ പോകുമ്പോൾ സ്നേഹത്തിന്റെ സ്പർശവും ഗന്ധവുമുണ്ടായിരുന്നു. . മനസ്സ്‌ നിയന്ത്രണമില്ലാതെ അനിശ്ചയങ്ങളുടെ ആതുരതകളിലേക്ക്‌ വീഴുന്നു. രൂപങ്ങളിലൂടേ ഖസാക്കിന്റെ സന്തതികൾ വെവ്വേറെ സഞ്ചരിച്ചു. മാധവൻ നായർ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി.ദിവ്യരൂപങ്ങളുടെ ഉൾപ്രേരണകൾ ഐഹിക തീർത്ഥത്തിൽ ലക്ഷ്യങ്ങളുടെ പാതയന്വേഷിച്ച്‌ അലഞ്ഞു നടക്കുന്നു. ഓർമ്മകൾ ഓർമ്മത്തെറ്റുകളായി ഭൂമിയുടെ മാറിൽ കുതിർന്നിറങ്ങുന്നു. കരിമ്പനയുടെ ആയുസ്സിൽ നിറയെ മുറിവേറ്റ ഋതുക്കളും പുതിയ ഫലങ്ങളും പൊഴിഞ്ഞുകിടക്കുന്നു. സാന്ദ്രമായ സൗഹൃദങ്ങളിലൂടെ , അലിവുള്ള സുഖാന്വേഷണങ്ങളിലൂടെ തണൽ വിരിച്ച പാതയിൽ മനുഷ്യമനസ്സുകൾ കൃഷിചെയ്‌തു. വസ്തുക്കളുടെ സാന്നിധ്യം ഹൃദയത്തിൽ കുരുങ്ങിമരിച്ച കാമനകളെ ഓർമ്മിപ്പിക്കുകയാണ്‌. അത്‌` ഭൂമി തുലച്ച്‌ മൃതി തേടുന്ന ആസക്തികളെ വെളിച്ചത്തുകൊണ്ടുവരുന്നു. കൈത്തലത്തിൽ നിന്ന്‌ വിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു. പേരക്കൊമ്പിൽ വന്നിരിക്കാറുള്ള മൈമൂനയുടെ പാട്ടിൽ പ്രാണയാനങ്ങളുടെ അലിവു ള്ള സ്നേഹസ്മരണകൾ മുളച്ചിരിക്കുന്നു.

ചിങ്ങപാറ്റകൾ പൊന്തിയിരിക്കുന്ന, കാറ്റിനെ ഉദരത്തിൽ വഹിക്കുന്ന , ചെതലിയുടെ നേർക്ക്‌ നടന്നുപോകുന്ന കുട്ടികൾക്കിടയിലൂടെ വായുവേഗത്തിൽ മിന്നിമറയുന്ന ഖസാക്കിന്റെ പാരവശ്യങ്ങളിൽ ആത്മയാനങ്ങളുടെ സ്നേഹപ്രസരങ്ങളും ദുഃഖവേളകളും ഇണചേർന്നു കിടക്കുകയാണ്‌`. പദാർത്ഥങ്ങളുടെ മാതാവാകാൻ രവിയുടെ മനസ്സ്‌ വീണ്ടും സ്നേഹസ്പർശങ്ങളുടെ ഉലയിൽ വീഴുന്നു. പൂവിറുത്തു നടക്കുന്ന കുട്ടികൾ കുന്നിൻചെരുവിലെ മഞ്ഞിലേക്കും കാട്ടുപ്പൂക്കളിലേക്കും വൃഥാ ആസക്തരാവുന്നു.
ജീവിതത്തിന്റെ പ്രാണയാനം നടക്കുമ്പോൾ കാലത്തിന്റെ കളിമുറ്റത്ത്‌ വിരിയുന്ന ഓർമ്മകൾ ഭൗതികപ്രപഞ്ചത്തിന്റെ ദിവ്യപദാർത്ഥങ്ങളാണ്‌. സാങ്കൽപ്പികമായ കുറ്റകൃത്യങ്ങൾ ഭയാനകങ്ങളെങ്കിലും അവ ആന്തരികമാണെന്ന്‌ ഓർവ്വെല്ലിന്റെ കഥാപാത്രം പറയുന്നുണ്ട്‌. സ്വയം അറിയുന്നതിനുമുമ്പ്‌ നമ്മെ ക്രൂരമായി കൈയ്യടക്കുന്ന പരിതഃസ്ഥിതി ഉണ്ടാകുന്നു. ദിവ്യമായി മാറുന്ന വേദനയും ഭീതിയും മനുഷ്യനെ വിശുദ്ധനാക്കുന്നു. സാത്വികനായി ബന്ധിച്ചു നിർത്തുന്നു. ഇവിടെയാണ്‌ പ്രാചീനമായ സ്മൃതികളിലൂടെ വർത്തമാനത്തിന്റെ നിമ്നോന്നതങ്ങളെ അതിജീവിക്കുന്ന ജൈവസംയുക്തങ്ങളെ അനുഭവിക്കുന്നത്‌ . രവിയുടേയും മൊല്ലാക്കയുടേയും മറ്റും പ്രാണയാനങ്ങൾ
ഖസാക്കിന്റെ ആത്മയാത്രയുടെ സംഗീതത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കല്ലുകൾ വാകയിലകൾ പോലെ സ്നിഗ്ദ്ധമാകുന്നു. വൻവൃക്ഷങ്ങൾ ഇളം തളിരുകളുടേ സ്വകാര്യതയിലേക്ക്‌ ഇറ്റുവീഴുകയാണ്‌. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളിൽ വിരഹത്തിന്റെ ആദ്യ നാഗരികത ഇഴുകിച്ചേർന്നിട്ടുണ്ട്‌. നിരാശ്രയമായ ഉന്മാദം പോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു. തനുവിൽ നിന്നു പൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങളുടെ വിശുദ്ധരൂപങ്ങൾ , ഓർമ്മകളുടെ എല്ലിൻകഷണങ്ങളിൽ നിന്ന്‌ വമിക്കുന്ന പ്രകൃതി-സ്മൃതികൾ -ഭൂമി കിളച്ചെടുത്തു കിട്ടിയ നാഴികയുടെ അന്തർധാര. പിന്നെ, ഗ്രാമത്തിന്റെ ഉന്മാദങ്ങളിലൂടെ ജീവിതത്തെ സ്പർശിക്കുന്ന ചില അസന്നിഗ്ദ്ധതകളും പ്രാർത്ഥനകളും ആവിഷ്ക്കരിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌. അതിനായി പ്രപഞ്ചത്തിന്റെ തൂവല്‍ പോലും ഈ എഴുത്തുകാരൻ സൂക്ഷ്മമായി പരിശോധിക്കുന്നു. ദുഃഖം ആത്യന്തികമായി ഉള്ളിന്റെ മഥനമാണോ? അതിനെ ലൗകികസ്മൃതിയുടെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ നിശ്ശബ്ദതയുടെ അമ്മ മോഷ്ടിച്ചതു്‌ എന്നാണ്‌? കാലത്തിന്റെ അനുഭവം വ്യസനമായി മാറുമ്പോൾ മനുഷ്യന്‌ ബോധത്തിന്റെ യഥാർത്ഥ സ്ഥിതിയിലേക്ക്‌ മടങ്ങാതെ വയ്യ. .വിശ്വാസങ്ങളുടെ ഉത്തോലകങ്ങൾ നഷ്ടപ്പെട്ട പരിതഃസ്ഥിതിയും ധാരണയുടെ ത്രസിക്കുന്ന കൊമ്പുകളും വിശ്രമം കൊള്ളുന്ന മനുഷ്യന്റെ ഗ്രാമം , വാസ്തവത്തിൽ നിത്യജീവിതത്തിന്റെ സ്മൃതിയല്ല പങ്കിടുന്നത്‌ . ഏതോ മഹാധാരയുടെ ഭാഗമായിരുന്നുകൊണ്ട്‌ അനുഭവിച്ചറിയുന്ന വർത്തമാന സത്യത്തേക്കാൾ ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദമാണ്‌ മുറ്റിനിൽക്കുന്നത്‌ .വീണ്ടുവിചാരങ്ങളുടെ ഈ കറുത്ത മണ്ണിൽ വിഷാദത്തിന്റെ വഴികൾ അവസാനിക്കുന്നില്ല. രാത്രിക്കപ്പുറത്ത്‌ ,മറ്റൊരു വഴിയുടെ ശൃംഖല തുടങ്ങുന്നതേയുള്ളൂ.
കർമ്മപരമ്പരകളെന്നും, ജനിമൃതികളെന്നും മാറി മാറി വിളിക്കുമ്പോഴും അസ്പഷ്ടമായ ഓർമ്മകളിലൂടെ ജൈവബന്ധം അന്വേഷിക്കുകയാണ്‌ . യുക്തിയുടെ ഏത്‌ കോണിലാണ്‌ പ്രാണയാനങ്ങളുടെ രഹസ്യം നിലയുറപ്പിച്ചിരിക്കുന്നത്‌? സ്നേഹരഹിതമായ ആരോഹണത്തിന്‍റെ അവശിഷ്ടങ്ങളിലെ ആ ദിവ്യബോധം എവിടെ നിന്നാണ്‌ ലഭിക്കുക?

No comments: