Followers

Friday, October 5, 2018

സകലവായനയും ശകലവായനയും/എം.കെ. ഹരികുമാര്‍


ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല. അത് രണ്ടാമതൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും. നാമെല്ലാം മഹാക്ലാസിക്കായി ഇപ്പോഴും കരുതുന്ന ദസ്തയെവ്സ്കിയുടെ \'കരമസോവ് സഹോദരډാര്‍\' എന്ന നോവലിനെപ്പറ്റി പ്രമുഖ നോവലിസ്റ്റ് വ്ളാഡിമിര്‍ നബോക്കോവ് പറഞ്ഞത് ഇതാണ്: ഞാന്‍ ശരിക്കും കരമസോവ് സഹോദരډാരെ ഇഷ്ടപ്പെടുന്നില്ല. അതുപോലെ ക്രൈം ആന്‍ഡ് പണീഷ്മെന്‍റിനെയും. ആത്മന്വേഷണത്തെയോ ആത്മാവിന്‍റെ വെളിപ്പെടുത്തലുകളെയോ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ കൃതികളിലെ പാപം, അതിവൈകാരികത, റിപ്പോര്‍ട്ടിംഗ് സ്വഭാവത്തോടെയുള്ള അമിതാഖ്യാനം തുടങ്ങിയവ വായനയെ തടസ്സപ്പെടുത്തുന്നു.


ഇതിന്‍റെയര്‍ത്ഥം, ദസ്തയെവ്സ്കി ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഉറപ്പുതരുന്നില്ല എന്നാണ്. അത് ഭാഗികമായ ഒരവതരണമാണ്. ആ ആഖ്യാനം ഒന്നിനെയും വിവരിച്ച് അവസാനിപ്പിക്കുന്നില്ല. ഇതുപോലെയാണ് എല്ലാ കൃതികളും. വായന എന്ന പ്രക്രിയ കേവലമായിട്ടെടുത്താല്‍, ഓരോരുത്തരുടെയും വായനയാണ്. എന്നാല്‍ അത് വളരെ ഭാഗികമാണ്. അസ്തിത്വത്തിന്‍റെ ചെറിയ ഒരു കണം മാത്രമേ അതിലൂടെ ലഭിക്കുന്നുള്ളൂ. സാഹിത്യകൃതികള്‍ ഒറ്റയ്ക്ക് എടുത്താല്‍, ഇതുപോലുള്ള ശകലഭാവനയാണ് തരുന്നത്. മനുഷ്യരാശി നൂറ്റാണ്ടുകളിലൂടെയാണ് ഒരു സകലവായന പൂര്‍ത്തിയാക്കുന്നത്; രചനയും അങ്ങനെതന്നെ. സാഹിത്യരചനയേക്കാള്‍, അതിനെക്കുറിച്ച് നൂറ്റാണ്ടുകളിലൂടെ ഉണ്ടാകുന്ന ചര്‍ച്ചയാണ് സകലവായനയെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഒരിടത്തും അത് അവസാനിക്കുകയില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കൃതികളും കളഞ്ഞുപോയ കൃതികളും ചേര്‍ന്ന് സമഗ്രവും സാധ്യവുമായ ഒരാലോചനതരുന്നു. അവ തമ്മില്‍ പരസ്പരം ഐക്യമില്ലെങ്കില്‍പ്പോലും സമഗ്രത അവിടെയാണുള്ളത്. കാലങ്ങളിലൂടെയാണ് സകലവായന രൂപപ്പെടുന്നത്. പലതരം സര്‍ഗാത്മക പ്രവണതകളുടെയും ആവിഷ്കാരങ്ങളുടെയും കൂടിച്ചേരലിലൂടെ ഒരു നവമാനവന്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥ മനുഷ്യന് അങ്ങോട്ട് പരിണമിക്കാന്‍ പ്രയാസമാണ്. അത് വിദൂരമായ ഏതോ മാനവികതയുടെ മുഖമാണ്. കളങ്കങ്ങളില്‍ നിന്ന് കടഞ്ഞെടുത്ത നډകള്‍ മനുഷ്യത്വത്തിന്‍റെ അതീതലോകമായി അവതരിക്കുകയാണ്.

കഥാപാത്രങ്ങള്‍ മാത്രമല്ല, സാഹിത്യകൃതികളുടെ ഭാഷ, വിവരണം എന്നിവയിലെല്ലാം ഈ സകലവായന ചിതറിക്കിടക്കുന്നു. അത് അടുത്ത ഘട്ടത്തിലെ മാനവികതയാണ്. ക്രൂദ്ധനും ദയാരഹിതനുമായ യഥാര്‍ത്ഥ മനുഷ്യന് എത്തിപ്പിടിക്കാനാവാത്ത ഒരു മേഖലയാണത്. സാഹിത്യരചയിതാക്കള്‍ കൃതികളില്‍ അവതരിപ്പിച്ചു എന്നതുകൊണ്ട് അത് അവരുടെയും സ്വന്തമല്ല. ഭാവനയായി അവശേഷിക്കുകയാണ്. എന്നാല്‍ ഈ സമ്പാദ്യം മാനവരാശിയുടെ വലിയ സംഭാവനയാണ്. മനുഷ്യന്‍ എങ്ങനെയെല്ലാമാണ് മുന്നേറേണ്ടതെന്ന് ഇത് വ്യക്തമാക്കിതരും. സകലവായന ഒരു പ്രലോഭനമാണ്. അത് പൂര്‍ണതയുടെ ഒരു സാങ്കല്പിക പ്രപഞ്ചമാണ്. അത് യഥാര്‍ത്ഥത്തിലുള്ളതുമാണ്. രചനകളില്‍ വിന്യസിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ ഒരു വ്യക്തിക്ക് അത് പൂര്‍ണമായി കീഴടക്കാനാവില്ല. അവന്‍റെ സമയോ അഭിരുചിയോ അതിനനുവദിക്കില്ല. അതുകൊണ്ട് വ്യക്തി ശകലവായനയിലേക്ക് ചുരുക്കപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ശകലവായന എന്നാല്‍ ഒരു വ്യക്തിയുടെ പരിമിതമായ അഭിരുചിയും സമയവും ചേരുന്നതാണ്. ഒരാള്‍ തന്‍റെ ജീവിതകാലത്ത് അറിയുന്ന കലകളും കൃതികളും വളരെ കുറച്ചുമാത്രമാണ്. അതെല്ലാം ചേര്‍ന്നാല്‍ അയാളുടെ വായനയായി. അതുപക്ഷേ ശകലവായനയാണ്. അതിന് സമഗ്രതയില്ല. അതേ സാധ്യമാവുകയുള്ളൂ. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരാള്‍ വിമര്‍ശനത്തിന്‍റെ വായന സൃഷ്ടിക്കുന്നത്. പലയിടത്തുനിന്നും വായിച്ചത് കൂട്ടിച്ചേര്‍ക്കുന്നു. ചുവരെഴുത്തുകള്‍, നഗരനിര്‍മ്മാണ രീതികള്‍, പാട്ടുകള്‍, പരസ്യബോര്‍ഡുകള്‍ കലാശില്പങ്ങള്‍, യാത്രകള്‍ എല്ലാം ചേര്‍ന്നാണ് വിമര്‍ശകന്‍റെ വായന ഉണ്ടാകുന്നത്. ശകലവായനകള്‍ അയാളെ പരിമിതമായ ഒരു സകലവായനയിലെത്തിക്കുന്നു.

വിമര്‍ശകന്‍ പലയിടങ്ങളില്‍ നിന്ന് വായിക്കുന്നത്, ഒരു രചനയായിത്തീരുന്നു. അത് പലവിധത്തില്‍ തുടരുകയും ചെയ്യുന്നു. പല വിഷയങ്ങളും ആശയങ്ങളും അറിവുകളും വിമര്‍ശകരചനയില്‍ ഒരു ശരീരമായി രൂപാന്തരപ്പെടുന്നു. വിരുദ്ധമായ ആശയങ്ങള്‍പോലും വിമര്‍ശനത്തില്‍ ഉദ്ധരിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് വൈരുദ്ധ്യത്തിനതീതമായ രമ്യതയിലെത്തുന്നു. ഇതിന്‍റെ സംയുക്താനുഭവമാണ് വിമര്‍ശകന്‍റെ സകലവായന.

നുറുങ്ങുകളോ, പുസ്തകങ്ങളോ, ചെറുകവിതകളോ, ലേഖനങ്ങളോ വായിക്കുമ്പോള്‍ വിമര്‍ശകന്‍ അയാളുടെ ശകലവായനയാണ് ഉണ്ടാക്കുന്നത്. ഇത് അനുഭൂതിക്ക് ആവശ്യമായ തലത്തില്‍ സംയോജിപ്പിച്ച് വേറൊന്ന് ആലോചിക്കുകയാണ്. അതിന്‍റെ ഫലമായി സകലവായന ഉണ്ടാവുന്നു. ഇതാകട്ടെ വ്യക്തിപരമായ സകലവായനയാണ്. വിമര്‍ശകന്‍ ഒരേസമയം ശകലവായനയിലും സകലവായനയിലുമാണെന്ന് പറയാവുന്നതാണ്.

Leave a Comments

No comments: