Followers

Tuesday, January 30, 2024

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 

രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:

"പതിറ്റാണ്ടുകൾക്ക് മുൻപ്, ഇരുപത്തിനാല് മണിക്കൂർ കുടുമ്പോഴാണ് നാം ലോകത്തെ വീണ്ടും കാണാൻ ശ്രമിച്ചത്. പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് രാവിലെയാണല്ലോ .ഒരാൾ പത്രം വായിക്കാനായി പുലർകാലം നീക്കിവയ്ക്കുന്നു. തലേ ദിവസത്തെ വാർത്തകൾ അയാൾക്ക് പിറ്റേ ദിവസം അറിഞ്ഞാൽ മതി. അതൊരു കാലബോധമായിരുന്നു.കാലം അത്ര മന്ദഗതിയിലായിരുന്നു .24 മണിക്കൂർ കൂടുമ്പോഴാണ് ലോകം പുതുക്കപ്പെടുന്നത് എന്നായിരുന്നു ധാരണ. ഇപ്പോൾ 24 മണിക്കൂർ വരെ ഒരാളും കാത്തുനിൽക്കുന്നില്ല. ലോകം അവൻ്റെ കൺമുന്നിലേക്ക് വന്നിരിക്കുന്നു. അവൻ എപ്പോഴും പുതുക്കപ്പെടുകയാണ്. ലോകം ലൈവാണ് .ഇപ്പോൾ ഓരോ നിമിഷവും നമുക്ക് ലോകത്തെ അറിയണം. അല്ലെങ്കിൽ നമ്മൾ അസ്വസ്ഥരാകും. സ്ഥലത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണവും തകിടംമറിഞ്ഞു. മുമ്പ്, ഒരു കത്തയച്ച് മറുപടി വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അമേരിക്കയിൽ കത്ത് പോയി മറുപടി വരാനെടുക്കുന്ന സമയം പോലെ അങ്ങോട്ടുള്ള ദൂരവും പ്രധാനമാണ്. ഇപ്പോൾ ഒരു ദൂരം ഇല്ലാതായി. ഒരു വാട്സപ്പ് സന്ദേശം ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ കേൾപ്പിക്കാം. ഒരു സന്ദേശമല്ല ആയിരം സന്ദേശങ്ങൾ. വിവിധ രാജ്യങ്ങളിൽ ,വിവിധ ഇടങ്ങളിലുള്ളവർക്കെത്തിക്കാം, ഒരു നിമിഷം മതി.വിവിധ ഇടങ്ങളിലേക്കുള്ള ദൂരം ഒരു നിമിഷത്തിലേക്ക് ചുരുങ്ങി. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ വേഗമാണ് കാണിക്കുന്നത്. കുട്ടികൾ ഈ വേഗത്തിനൊപ്പമാണ്. അവർക്ക് മുതിർന്നവരേക്കാൾ ഊർജ്ജമുണ്ട്. അതുകൊണ്ടാണ് കുസൃതി ഉണ്ടാകുന്നത്. കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ട് .കുട്ടികൾക്കായി പ്രത്യേക സാഹിത്യം വേണ്ട എന്നാണ് എൻ്റെ നിലപാട് .ഞാൻ കുട്ടികൾക്ക് മാത്രമായി ഒന്നും എഴുതിയിട്ടില്ല. മുതിർന്നവരേപ്പോലെ തന്നെ കുട്ടികളെയും കാണണം. അവർ പെട്ടെന്ന് തന്നെ ലോകത്ത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. കുട്ടികളോട് ചോദിച്ചിട്ടാണ് മാതാപിതാക്കൾ ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പഠിക്കുന്നത് .കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ കുട്ടികൾക്ക് പ്രത്യേക സാമർത്ഥ്യമുണ്ട് .അവർ അത് വേഗം പഠിക്കുന്നു. എന്നാൽ അതിവേഗത നമ്മെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് വരുന്നത് .അതിസുന്ദരമാണ് മിക്ക ഫോട്ടോകളും. പക്ഷേ ,എവിടെയും സൂക്ഷിക്കാനാവില്ല. ഫോണിൽ കുറച്ചു പടങ്ങളേ സൂക്ഷിക്കാനാവൂ. അതിനേക്കാൾ മികച്ചത് കാണുമ്പോൾ പുതിയത് ഡിലീറ്റ് ചെയ്യും .പുതിയതും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടിവരും. പുതിയ ഫോട്ടോകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എവിടെയും ഇവ സൂക്ഷിക്കാനാവില്ല. ഇഷ്ടപ്പെട്ടതിനെ നിരാശയോടെ ഡിലീറ്റ് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ .ഓർക്കാനുള്ള ശേഷിക്ക് അപ്പുറത്താണ് കാര്യങ്ങൾ. അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്നത് നമ്മുടെ സ്വഭാവമായി തീർന്നിട്ടുണ്ട്. ഈമെയിലിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന ഡിലീറ്റ് സമ്പ്രദായം വ്യക്തിജീവിതത്തിലേക്ക് സംക്രമിക്കുകയാണ്. അതാണ് ഭയാനകം. ആളുകൾ ഓർമ്മകൾ ഇല്ലാത്തവരായി മാറുന്നു. പൂർവ്വകാലത്തിന്റെ ഓർമ്മകൾ ഭാരമായിരിക്കുന്നു. ഭൂതകാലത്തിലെ സംഭവങ്ങളോ രചനകളോ പോലും ആരും ഓർക്കാതായി.നമ്മുടെ ബന്ധങ്ങൾ ഡിലീറ്റ് ചെയ്യപ്പെടാതെ നോക്കുകയാണ് ഇന്നത്തെ വെല്ലുവിളി. സമയം പണത്തേക്കാൾ മൂല്യമുള്ളതാകയാൽ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് നാം ശീലിക്കേണ്ടത് .സമയത്തെക്കുറിച്ച് പുതിയൊരു അവബോധം ആവശ്യമാണ് .സമയം നഷ്ടപ്പെടുന്നത് എങ്ങനെ നികത്താനൊക്കും.? കൂടുതൽ വേഗത്തിൽ ജീവിക്കുന്ന നമുക്ക് സമയത്തെ തോൽപ്പിക്കാനാവണം. കൂടുതൽ പ്രവർത്തിക്കുകയാണ് അതിനുള്ള വഴി .ഒന്നിനും ഗ്യാരണ്ടിയില്ല .കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക."

രമ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.ഡി. ദിവാകരൻ, ശ്രീകുമാർ ,കൗൺസിലർ ഷിബി ബേബി ,ജമ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

No comments: