റിപ്പോർട്ട്: എൻ.രവി
ശിവഗിരി :ഒരു കവിയായി ശ്രീനാരായണഗുരുവിനെ താഴ്ത്താനാവില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .
തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുനുവദിച്ചു നടന്ന സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന് :
ശ്രീനാരായണഗുരു വെറുമൊരു വികാരജീവിയായ കവിയല്ല.അങ്ങനെയുള്ള കവിതകളല്ല ഗുരുവിൻ്റേത്. വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ കവികളെ പോലെ അതിവൈകാരികത തുടിക്കുന്ന കവിതകൾ ഗുരു എഴുതിയിട്ടില്ല. കവിത വികാരത്തിൻ്റെ നിരീക്ഷണവും നൈസർഗികമായ ആവിഷ്കാരവുമാണെന്ന് വേർഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്.
വയലാറിൻ്റെ 'ആത്മാവിൽ ഒരു ചിത' നോക്കൂ .ഒരു കുട്ടിയുടെ അച്ഛൻ്റെ മരണം വിവരിക്കുകയാണ്. വികാരം കുത്തിയൊഴുകുകയാണ്.ഇത് കുട്ടികൾ സ്‌റ്റേജിൽ ചൊല്ലാനേ പാടുള്ളതല്ല. കവിതയിൽ അതിവൈകാരികത പാടില്ല .ഔചിത്യവും ധ്വനിയുമാണ് കവിതയുടെ സത്ത. എല്ലാം ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ കവിതയില്ലാതാകും .ചങ്ങമ്പുഴയുടെ 'രമണനി'ലെ പ്രേമം ഗുരുവിന്റെ രചനകളിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുതിയത് തങ്ങളുടെ വിഷാദത്തിന്റെ പ്രകമ്പനങ്ങളാണ്.
ഗുരുവിന്റെ കവിതകളെ വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയവരുടെ കവിതകളുമായി താരതമ്യം ചെയ്താൽ അത് സാഹിത്യവിമർശനത്തിൻ്റെ ആത്മഹത്യയായിരിക്കും.കവികളുടെ അതിവൈകാരിക ജീവിതം അവർക്ക് തന്നെ വിനയാവുകയാണ്. ഇടപ്പള്ളി ആത്മഹത്യ ചെയ്തത് ഓർക്കുക. വൈകാരിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കവികൾ .അതുകൊണ്ട് ഗുരുവിന്റെ കവിതകളെ ഈ ഗണത്തിലേക്ക് വലിച്ച് താഴ്ത്തരുത്.ഗുരു കവിയാകാൻ വേണ്ടി ജീവിച്ചിട്ടില്ല. ഗുരുവിൻ്റെ കവിതകൾക്ക് കവിതയുടെ രൂപം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ വൃത്തം ,അലങ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണോ ഗുരുവിന്റെ കവിതകളുടെ മഹത്വം വിലയിരുത്തുന്നത് ?സമകാലിക ലോകകവിതയിൽ ഛന്ദസ്സിനു ഒരു പ്രാധാന്യവുമില്ല. നോബൽ സമ്മാനം നേടിയ കവികൾ പോലും ഛന്ദസ്സ് ഉപയോഗിക്കുന്നില്ല.
ഗദ്യം ഒരു കലാരൂപം
ഛന്ദസ്സിനു പകരം കവികൾ സ്വതന്ത്രമായ ഗദ്യമാണ് ഉപയോഗിക്കുന്നത്. എന്തിനാണ് ഗദ്യം ഉപയോഗിക്കുന്നത്? ഗദ്യം പുതിയ കാലത്ത് ഒരു കലാരൂപമാവുകയാണ്.ഗദ്യം പ്രതിഭയുള്ളവരുടെ കൈയിൽ മറ്റൊരു രാഗമാണ് -other harmony .അത് സംഗീതാത്മകമാണ്. അത് ഗദ്യം എഴുതുന്നയാളിൻ്റെ ആന്തരിക താളമാണ്.പദ്യം എഴുതാൻ താരതമ്യേന എളുപ്പമാണ്. പദ്യത്തിൽ വൃത്തം ഉപയോഗിക്കുകയാണെങ്കിൽ അതിൻ്റെ താളത്തിലേക്ക് വാക്കുകൾ ഇണങ്ങി നിന്നുകൊള്ളും .ആ താളത്തിനൊപ്പിച്ച് എഴുതിയാൽ മതി. എന്നാൽ ഗദ്യത്തിനു അതു പോരാ. ഒരു ഗദ്യകാരന് പൂർവ്വമാതൃകയില്ല. ഗദ്യമെഴുതുന്നയാൾ അതിനായി സ്വന്തം താളം കണ്ടുപിടിക്കണം. അയാൾ അതിൽ കൊണ്ടുവരുന്ന വാസ്തുശില്പഭംഗി പൂർവ്വകാലത്ത് നിന്ന് സംഘടിപ്പിക്കാനാവില്ല. അയാൾക്ക് മാത്രമേ അത് സൃഷ്ടിക്കാനാവൂ.ഈ ഗദ്യത്തിന്റെ സൗന്ദര്യത്തിനു വേണ്ടിയാണ് പുതിയ കവികൾ ഗദ്യം ഉപയോഗിക്കുന്നത്. പത്രങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഗദ്യമല്ല; അത് ഒരു ടെക്നിക്കാണ്. അത് പരിശീലനം കൊണ്ട് നേടാവുന്നതാണ് .അച്ഛന്റെ പീഡനം മൂലം കാലൊടിഞ്ഞു ആശുപത്രിയിൽ കിടന്നു നരകിച്ച്, വല്ലവരുടെയും സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരു കുട്ടി പിന്നീട് കവിതയെഴുതുമ്പോൾ കാകളി ഉപയോഗിക്കണമെന്ന് ശഠിക്കുന്നത് എന്തിനാണ് ?അവന് കാകളി ഉപയോഗിക്കാൻ സൗകര്യമില്ല. കാകളി അവന്റെ താളമല്ല; അവൻ കണ്ട ജീവിതത്തിന്റെ ആന്തരികമായ അറിവാണ് അവൻ്റെ ഭാഷയുടെ താളമായി മാറുന്നത് .അവൻ ഗദ്യത്തിൽ എഴുതുന്നത് അതിൻ്റെ സൂക്ഷ്മതയും പുതുമയും കൊണ്ടുവരാനാണ്.ഒരു പൂവിനെ വരയ്ക്കാൻ താൻ ഏറ്റവും പ്രയാസപ്പെടുകയാണെന്ന് ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് പറഞ്ഞത് ഓർക്കുകയാണ്. മറ്റുള്ളവർ വരച്ച പൂവുകളിൽ നിന്ന് വ്യത്യസ്തമായാണ് വരയ്ക്കേണ്ടത്. അവിടെയാണ് മൗലികത . അതുകൊണ്ട് അതിനായി കൂടുതൽ കഷ്ടപ്പെടണം. ഒരു നല്ല എഴുത്തുകാരൻ മറ്റുള്ളവർ എഴുതിയതു മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. അത് ക്ളീൻ സ്ളേറ്റാണ്. പുതിയത് സൃഷ്ടിക്കുകയാണ് അയാൾ .ഗദ്യം നവീന സാഹിത്യ വിമർശനത്തിലും വ്യവഹാരത്തിലും ഒരു കലാസൃഷ്ടിയാണ്. അതിൻ്റെ പിന്നിൽ ആവിഷ്കാരത്തിന്റെ മൗലികതയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് കാണുക .
ഒരേ ആകാശം
നമ്മളെല്ലാം ഒരേ ആകാശത്തിന് കീഴിലാണ്. നമുക്ക് വ്യത്യസ്ത ആകാശമില്ല .അതുകൊണ്ട് നമ്മൾ ഒന്നാണ്. ഇതാണ് അദ്വൈതത്തിൻ്റെ ലളിതമായ പരിഭാഷ. എന്നാൽ സകല ജീവജാലങ്ങളെയും സ്നേഹം എന്ന ചരടുകൊണ്ട് ബന്ധിച്ചിരിക്കുകയാണ്.അതാണ് സംവേദനം .ഒരു പുസ്തകം വായിച്ചാൽ അദ്വൈതത്തെക്കുറിച്ച് അറിയാനാകില്ല. സ്നേഹവും അങ്ങനെയാണ്.ഒരു പുസ്തകം വായിച്ചാൽ സ്നേഹത്തെക്കുറിച്ച് ഒന്നും മനസിലാക്കാനാവില്ല .അതിനു നമ്മൾ ഉള്ളറിഞ്ഞ് സ്നേഹിക്കണം. അതിൻ്റെ മുറിവുകൾ നമ്മെ സ്നേഹം എന്താണെന്ന് അറിയിക്കും. സ്നേഹത്തിൻ്റെ ഈ സംവേദനത്തെ ബ്രഹ്മത്തിൻ്റെ അറിവുകൊണ്ട് വിപുലമാക്കുകയാണ് ഗുരു ചെയ്തത്.
സമൂഹബ്രഹ്മമഠം
ഗുരുവിൻ്റേത് സമൂഹബ്രഹ്മമഠമാണ്.ബ്രഹ്മജ്ഞാനത്തെ സാമൂഹികമാക്കി പ്രായോഗികതയിൽ വിജയിപ്പിക്കുന്നു. പ്രായോഗികമായ അദ്വൈതമാണത്. മനുഷ്യർക്കിടയിലെ ഭിന്നത നീക്കാൻ പ്രവൃത്തിയിലൂടെ പലതും കാണിച്ചുകൊടുത്തു. അദ്വൈതിയാണെന്ന് പറയുന്നവർ തങ്ങളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ക്ളാസ് ഫോർ ജീവനക്കാരുമായി ബന്ധം സൃഷ്ടിക്കില്ല .സാമ്പത്തികമായ ഭിന്നതയ്ക്കപ്പുറത്ത് ഒരുമ കാണേണ്ടതുണ്ട്. ഇത് പരിഹരിക്കാൻ ഗുരുവല്ലാതെ ഒരു സന്യാസിയും ഒന്നും ചെയ്തിട്ടില്ല. ഗുരു ഏകാന്തമോക്ഷം തേടിയില്ല. സമൂഹത്തെ ബ്രഹ്മത്തിന്റെ അറിവിലേക്ക് ഉയർത്താനാണ് ഗുരു പ്രയത്നിച്ചത് .ദൈവികമായ അറിവിന് വേണ്ടി നാം ശ്രമിക്കുമ്പോൾ അവിടെ ശാശ്വത സത്യം കണ്ടില്ലെന്നു വരാം. പിന്നീടാണ് പലതും സത്യമല്ലെന്ന് മനസ്സിലാക്കുന്നത്.വാർദ്ധക്യം ജീവിതത്തെക്കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന ധാരണയാണ് തരുന്നത്. അതുവരെ നിഷേധിച്ചതെല്ലാം അപ്പോഴാണ് സത്യമായി മാറുന്നത്.വാർദ്ധക്യത്തിൽ രോഗിയായി കിടക്കുമ്പോൾ ചുറ്റും നിൽക്കുന്ന സ്വന്തക്കാരെല്ലാം അയാൾ മരിക്കാനായി ആഗ്രഹിക്കുന്നുവെന്നറിയുന്നത് നടുക്കും. ഇങ്ങനെ സത്യം ഒന്നൊന്നായി ,എണ്ണിയെണ്ണി തൊട്ടെണ്ണും ,ഇല്ലാതാകുമ്പോൾ നമ്മൾ അവിശ്വാസിയായി മാറാം. എന്നാൽ നിരീശ്വരനായാലോ? അപ്പോഴും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. സൽപ്രവൃത്തികളിലൂടെ നിരീശ്വരത്വത്തെ ജയിക്കേണ്ടതുണ്ട്.സൽപ്രവൃത്തി നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. സഹോദരൻ അയ്യപ്പൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന് ഗുരു പറഞ്ഞത് ഓർക്കണം. പ്രവൃത്തി തന്നെ ദൈവമാണ്. പ്രവൃത്തിയിലൂടെ സാവധാനം വീണ്ടും ദൈവികതയെ അറിയുന്നു. ഈ അറിവ് വളർന്ന് മുന്നോട്ടു പോകുമ്പോൾ പിന്നെയും പലതും സത്യമല്ലെന്ന് ബോധ്യമാകും.
അപ്പോൾ നമ്മൾ അവിശ്വാസിയാകും. ഈ ചംക്രമണം തുടർന്നേ പറ്റൂ .ഇതൊരു തുടർപ്രകിയയാണ്.ഇത് മനസിലാക്കാത്തവരാണ് ഗുരുവിനെ യുക്തിവാദിയായി അവതരിപ്പിച്ച് ലേഖനമെഴുതിയത്.
ഗുരുവിൻ്റെ ദൈവശാസ്ത്രം
ഗുരു എല്ലാ കവിതകളിലും ദൈവത്തെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. ദൈവശാസ്ത്രമാണത്. ദൈവശാസ്ത്രത്തെ പലരീതിയിൽ അവതരിപ്പിച്ചു ,പുനരവതരിപ്പിച്ചു, വിലയിരുത്തി, വീണ്ടും വിലയിരുത്തി, ആവിഷ്കരിച്ചു .ഓരോ കവിതയിലും ദൈവത്തെ വ്യാഖ്യാനിക്കുന്നു. ശിവശതകം ,സുബ്രഹ്മണ്യ കീർത്തനം, ജനനീനവരത്ന മഞ്ജരി, ദൈവദശകം തുടങ്ങിയ കവിതകൾ ദൈവമെന്താണെന്ന് അന്വേഷിക്കുന്നു. ഗുരുവിൻ്റെ ദൈവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് ഒരു കവി 'ദൈവദശകം' അന്ധവിശ്വാസമാണെന്ന് പറഞ്ഞത്. 'ദൈവദശക'ത്തിൽ ദൈവത്തെ നിർവ്വചിച്ചിട്ടുണ്ട്.
"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ ,സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "
നമ്മളൊക്കെ സൃഷ്ടിയാണ്. നമ്മൾ സ്രഷ്ടാവുമാണ്. എല്ലാ ജീവികളും ചേർന്നാൽ സൃഷ്ടിജാലമാണ്. പഞ്ചഭൂതങ്ങളാണ് സൃഷ്ടിയുടെ സാമഗ്രികൾ. ഇതെല്ലാം ദൈവികമാണ്. എന്നാൽ ആ ദൈവത്തെ എങ്ങനെ അറിയും ?അതിനാണ് നമ്മോട് സ്വയം പരിശോധിക്കാൻ പറഞ്ഞത്. മനുഷ്യമനസ് നിറയെ അഴുക്കാണ്. പായൽ നിറഞ്ഞ ജലാശയത്തിൽ കുളിക്കാനിറങ്ങിയാൽ പായൽ മാറ്റണം .എന്നാൽ കുളി കഴിഞ്ഞാലുടനെ പായൽ വന്നു നിറയും .ആരാധനാലയത്തിൽ കയറി തൊഴുമ്പോൾ മനസ് അല്പം താഴും .പുറത്തിറങ്ങിയാൽ ഉടനെ അതിനെ വിമർശിക്കും .അതുകൊണ്ട് നമ്മളിലെ മാലിന്യം പോകണം. അതിനാണ് പഞ്ചശുദ്ധി വേണമെന്ന് ഗുരു പറയുന്നത്. പഞ്ചശുദ്ധിയിലൂടെ നമ്മുടെ ദൈവത്തെ നമുക്ക് പാപത്തിൽ നിന്ന്, കളങ്കത്തിൽ നിന്ന് രക്ഷിക്കാം. നാം തെറ്റു ചെയ്യുമ്പോൾ ,പാപം ചെയ്യുമ്പോൾ നമ്മുടെ ദൈവത്തെയും നമ്മൾ കൂട്ടുപിടിക്കും. ആ ദൈവം നമ്മുടെ പാപങ്ങൾക്ക് താഴെ ഒപ്പുവച്ചു തരും .അതിനു ഒത്താശ ചെയ്യാതെ തരമില്ലല്ലോ. ഇങ്ങനെ ദൈവത്തെ ദുഷിപ്പിക്കരുതെന്നും ദൈവത്തെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് ഗുരുവിന്റെ വീക്ഷണം. അതിനാണ് ജീവിതരീതിയിൽ ശ്രദ്ധിക്കാൻ പറയുന്നത്. ശുദ്ധമായ ഒരു ദൈവമുണ്ടായാൽ നമ്മളും ശുദ്ധമായി.ശരീരത്തിൻ്റെ പ്രതിബന്ധങ്ങളിൽ നിന്ന് ആനന്ദത്തിലേക്കാണ് യാത്ര.'പിണ്ഡനന്ദി'യിൽ അത് സൂചിപ്പിക്കുന്നു .'പിണ്ഡത്തിനു അമൃത് നൽകി' എന്നാണ് വിശദീകരണം. പിണ്ഡത്തിനു സ്വയം പ്രതിരോധിക്കാൻ ശേഷിയില്ല. അത് പലതിനെയും ആശ്രയിച്ചാണ് അതിജീവിക്കുന്നത്. അവിടെയാണ് പിണ്ഡത്തിൽ അമൂല്യമായ ഒരു സിദ്ധി അടക്കം ചെയ്തിട്ടുള്ളതായി ഗുരു കാണുന്നത്. അത് പരമമായ അനുഭവം നേടാനുള്ള സിദ്ധിയാണ്. അവിടെ ദൈവികതയുടെ സ്പർശം കാണുകയാണ്. ദൈവം അപ്രത്യക്ഷതയിലാണുള്ളത്. ദൈവത്തിനു ദൃശ്യമായിരിക്കാനാവില്ല. 'ഇന്ദ്രിയവൈരാഗ്യ'ത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട് .ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള അദൃശ്യതയാണ് ദൈവം .ഒരു പൂ വിരിയുന്നത് നമുക്ക് കാണാനാവില്ല. ആ അദൃശ്യതയിൽ ദൈവമുണ്ട്. നമ്മുടെ തന്നെ തൊട്ടടുത്തുള്ള ഭാവി നമുക്കറിയില്ല. അവിടെയാണ് ദൈവം.ആ അദൃശ്യതയിലേക്ക് മനസ്സ് തുറക്കാനാണ് പ്രാർത്ഥന.
ഏകാന്തതയോ ?
എന്തുകൊണ്ടാണ് നമുക്ക് ഏകാന്തനായിരിക്കാനാവുന്നത് ?നമ്മുടെ ഏകാന്തത സത്യമല്ല. കവികൾ ഹാ ഏകാന്തതേ എന്നു പറഞ്ഞ് കവിതയെഴുതും. നമുക്ക് ചുറ്റിനുമുള്ള കോടിക്കണക്കിനു ജീവികൾ അവയുടെ ജീവനു വേണ്ടി പെടാപ്പാട് പെടുന്നത് നമ്മൾ അറിയുന്നില്ല .അതുകൊണ്ടാണ് നമുക്ക് ഏകാന്തതയുള്ളത്, മനസമാധാനമുള്ളത്. സഹജീവികളുടെ വേദനയെക്കുറിച്ചോർക്കാത്ത ശാലാഹൃദയർക്ക് ഏകാന്തനായിരിക്കാം ,മന:ശാന്തി നേടാം. എന്നാൽ ഗുരു മറ്റുള്ളവരുടെ വേദന അറിഞ്ഞു;ശിലാഹൃദയമായിരുന്നില്ല.
സച്ചിദാനന്ദ സ്വാമി, അവ്യയാനന്ദ സ്വാമി ,ശുഭാംഗാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി ,പ്രഭാവർമ്മ, സുനിൽ പി. ഇളയിടം, സജയ് കെ. വി, ലക്ഷ്മി രാജീവ് ,അജയൻ പനയറ, ഋതംബരാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment