Followers

Tuesday, July 9, 2019

മാധവിക്കുട്ടിയുടെ സ്വകാര്യം/എം.കെ. ഹരികുമാർ




ഒരു സാഹിത്യകാരി പ്രണയത്തിനുവേണ്ടി മതം മാറിയത്‌, അതും എഴുപതുവയസുള്ളപ്പോൾ, ഒരു നൂറ്റാണ്ടിലെ സാഹിത്യ സംഭവമായി. കാരണം അതേപോലെ വേറൊന്നു ചൂണ്ടിക്കാണിക്കാനില്ല. മതം മാറാൻ വേണ്ടി അവർ നേരത്തേ തീരുമാനിച്ചതല്ല; സ്വാഭാവികമായി സംഭവിച്ചതാണ്‌. മാധവിക്കുട്ടി എന്ന പേരുമാറ്റി അവർ താൻ ഇനിമുതൽ കമല സുരയ്യ ആണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. അവർ ഇംഗ്ലീഷിൽ കവിതകൾ എഴുതിയിരുന്നത്‌ കമലാദാസ്‌ എന്ന പേരിലായിരുന്നു. കുറെ പ്രണയ കവിതകൾ എഴുതിയിട്ടുണ്ട്‌. പ്രണയത്തിലൂടെ തന്റെ മറഞ്ഞുകിടന്ന സ്ത്രീവ്യക്തിത്വത്തെ തേടിപ്പിടിക്കുകയാണ്‌ ചെയ്തത്‌. ഇംഗ്ലീഷിൽ എഴുതിയ 'ഘനശ്യാം' എന്ന കവിത പ്രസിദ്ധമാണ്‌. അതിലെ കാമുകി നിത്യപരവശയാണ്‌. അവൾ മറ്റെന്തിലുമുപരി പ്രേമിക്കാനും പ്രേമിക്കപ്പെടാനും ആഗ്രഹിക്കുന്നു. അതിനായി അവൾ എന്തും വലിച്ചെറിയും.
"ഞാനിന്നുവരെ അറിയാത്ത
വഴിയിലൂടെ
നീയെന്നെ നയിക്കുന്നു
എന്നാൽ ഞാനെത്തുമ്പോഴേക്കും
നീ മറയുകയാണ്‌"
എന്നെഴുതിയ കവി മരണം വരെ ഈ മാന്ത്രികമാനസത്വരകൾ സൂക്ഷിച്ചു. ജീവിതം എന്താണെന്ന്‌ ഈ കവിതയിൽ ചോദിക്കുന്നുണ്ട്‌. അതിന്‌ അവർ മനുഷ്യവ്യക്തിത്വത്തിന്റെ ആകെത്തുകപോലെ ഇങ്ങനെ എഴുതുന്നു:
ജീവിതം വെള്ളമാണ്‌, ശുക്ലമാണ്‌, രക്തമാണ്‌.
മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന ആത്മകഥാപരമായ കുറിപ്പുകൾ ഏറെ വിവാദമായല്ലോ. ഒരു മലയാളി സാഹിത്യകാരി സ്വന്തം പ്രണയവും ലൈംഗികതയുമൊന്നും പുറത്തുപറയരുതെന്ന വിലക്ക്‌ ലംഘിക്കുകയാണ്‌ അവർ ചെയ്തത്‌. കഥകളിൽ എഴുതാം; എന്നാൽ അതിലെ യാഥാർത്ഥ്യങ്ങൾ വ്യക്തിപരമായി അനുഭവിച്ചതാകരുത്‌. ഈ കപടസാഹിത്യ സമീപനം ചീന്തിയെറിഞ്ഞ അവർക്ക്‌ പൂമാലകൾ കിട്ടിയില്ല. ഉള്ളതു തുറന്നുപറയുന്നത്‌ അവർ ശീലിച്ചിരുന്നല്ലോ. 'എന്റെ കഥ'യിലെ ചില ദാഹങ്ങൾ നുണയായിരുന്നെന്ന്‌ പിന്നീട്‌ പറഞ്ഞത്‌, ശുദ്ധാത്മക്കളായ ദുഷ്ടന്മാരെ തണുപ്പിക്കാനായിരുന്നു. പിന്നെയും അതുപോലുള്ള ആത്മകഥാപരമായ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്നു. തന്നെ വിഷമിപ്പിച്ച വ്യക്തികളുടെ പേരു പോലും പറഞ്ഞില്ല. കാരണം അവർ നൂറു ശതമാനം പെണ്ണായിരുന്നു. 'എന്റെ ലോകം' എന്ന പേരിൽ സമീപകാലത്ത്‌ പുറത്തുവന്ന പുസ്തകം, ഒരു സ്ത്രീയുടെ മനോഹരവും ദീപ്തവുമായ ആന്തരലോകം എത്ര നൈസർഗികമായ വിചാരങ്ങൾകൊണ്ട്‌ പ്രത്യാശാഭരിതമാണെന്ന്‌ അറിയിക്കുന്നുണ്ട്‌.
മാധവിക്കുട്ടിയിൽ ഒരു തത്ത്വജ്ഞാനഭാവം ഉണ്ടായിരുന്നു. എഴുതിയതിലെല്ലാം സ്വന്തമായ ഒരു തത്ത്വചിന്തയുണ്ട്‌. ലോകനിലവാരത്തിലുള്ള വിചാരരീതിയാണ്‌ ഈ എഴുത്തുകാരിയെ  വ്യത്യസ്തയാക്കുന്നത്‌. എന്നാൽ മാധവിക്കുട്ടി അങ്ങനെ ഭാവിക്കുന്നില്ല. ഒരു അക്കാദമിക്‌ തലം തന്റെ രചനകളിൽ കടന്നുവരരുതെന്ന്‌ നിർബന്ധമുണ്ടായിരുന്നു. ഹൃദയം ഹൃദയത്തോട്‌ സംവദിക്കുകയാണെന്ന പ്രതീതിയുളവാക്കുന്ന വാക്കുകളാണ്‌ ഈ പുസ്തകത്തിലുള്ളത്‌. എഴുത്തുകാരിയുടെ ഹൃദയവികാരങ്ങൾ നാവിലേക്ക്‌ നേരിട്ടെത്തുന്നു. ഇടനിലക്കാരില്ലല്ലോ. വളരെയടുത്ത്‌ നിന്ന്‌ കാണുന്നതുപോലെയോ, സ്വകാര്യമായി പറയുന്നതുപോലെയോ ആണ്‌  എഴുതുന്നത്‌. താൻ ഒരിക്കലും സ്വയം മറച്ചിട്ടില്ലെന്ന്‌ മാധവിക്കുട്ടി ഏറ്റുപറയുന്നു. അതേസമയം ജീവിതത്തിലെ പ്രച്ഛന്നവേഷ മത്സരത്തിൽ ഒരിക്കലും തൃപ്തയല്ലായിരുന്നു. പ്രച്ഛന്നവേഷ മത്സരത്തിൽ മുഖംമൂടിയില്ലാത്തവർക്ക്‌ സമ്മാനം കിട്ടുമോ? മാധവിക്കുട്ടി പറയുന്നത്‌ ശ്രവിക്കാം:
"ഈ വേഷം എനിക്ക്‌ ഊരിവയ്ക്കാൻ സാധ്യമല്ല. ഈ വേഷം തന്നെയാണ്‌ യഥാർത്ഥത്തിൽ എന്നെ ഞാനാക്കുന്നത്‌ എന്നൊന്നും അവർക്കറിയില്ല. ഈ വസ്ത്രം തയ്യൽക്കാർ തുന്നിത്തന്നതല്ല. എന്റെ മാംസത്തെയും എല്ലിനെയും മൂടുന്ന തൊലിയാണ്‌ എന്റെ എത്രയും നേർത്തതും നിഷ്പ്രയോജനവുമായ ഏകകവചം."
വൈയക്തികമായ ജീവിതത്തെ മായം ചേർക്കാതെ ആവിഷ്കരിക്കുമ്പോഴുള്ള സ്വാതന്ത്ര്യമായിരുന്ന മാധവിക്കുട്ടിയുടെ ലക്ഷ്യം. അവരത്ത്‌ നേടി. സാഹിത്യലോകത്തിന്റെ മുൻവിധികളെയും കപട ബൗദ്ധിക, സദാചാര മേൽക്കോയ്മയെയും ഈ സാഹിത്യകാരി എങ്ങനെ നിരാകരിച്ചു എന്ന്‌ കാണിച്ചുതരുന്ന പുസ്തകമാണ്‌ 'എന്റെ ലോകം'. തലവാചകം ഉദ്ദേശിക്കുന്ന അർത്ഥപൂർണിമ സ്വന്തമായി നേടിയ എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി.
മനുഷ്യനു ഉയർന്ന്‌ ചിന്തിക്കാനാവും. എന്നാൽ അവൻ ഒരു വ്യക്തിയായി നിൽക്കുമ്പോഴെല്ലാം ഈ ഔന്നത്യം ഉണ്ടാകണമെന്നില്ല. അവന്റെ നിസ്സാരത ഒരു കെട്ടുകഥയല്ലെന്ന്‌, വളരെ ദീനവും ദുഃഖഭരിതവുമായ വാക്കുകളിലൂടെ സംസാരിക്കുകയാണ്‌. എല്ലാ  ചായം പൂശലുകൾക്കും ശേഷം, നമുക്ക്‌ നമ്മളിലേക്ക്‌ തന്നെ തിരിച്ചുവരേണ്ടിവരും.
ലോകസാഹിത്യത്തിൽ വിർജിനിയ വുൾഫ്‌, മാർഗരറ്റ്‌ അറ്റ്‌വുഡ്‌ തുടങ്ങിയവർക്കൊക്കെ ഒരു ബൗദ്ധിക മേൽക്കൈ കിട്ടിയിട്ടുണ്ട്‌. ഗദ്യത്തിൽ ബുദ്ധിയുടെ പൗരുഷം പ്രകടിപ്പിക്കുന്ന പുല്ലിംഗ സാഹിത്യപ്രതിഭകൾക്ക്‌ തുല്യം നിൽക്കുകയാണ്‌ തങ്ങളെന്ന്‌ അവരൊക്കെ ധ്വനിപ്പിക്കാറുണ്ട്‌. എന്നാൽ മാധവിക്കുട്ടി ആ പാതയിൽ നിന്ന്‌ മാറിനടക്കുകയായിരുന്നു. അവർ തന്റെ ധിഷണാപരമായ സിദ്ധികൾ സ്വയം സംസാരിക്കുന്നതുപോലെ, സ്വയം കണ്ടെത്താനാണ്‌ ഉപയോഗിച്ചതു. അവർ പെണ്ണുവാദിയായിരുന്നില്ല. ആണു കൂടെയുണ്ടെങ്കിലേ പെണ്ണിന്റെ പ്രേമകാമങ്ങൾക്ക്‌ മഴവില്ലിന്റെ ശോഭയുണ്ടാകൂവേന്ന്‌ വിശ്വസിക്കാനുള്ള സൗന്ദര്യബോധം അവർക്കുണ്ടായിരുന്നു. ലിംഗപരമായി ഒറ്റപ്പെടുന്ന പെൺമനസായല്ല മാധവിക്കുട്ടിയെ നിർമ്മിച്ചതു.  സ്വന്തം മനസിന്റെ ഭൂപടം വികസിപ്പിച്ചതു ആണിനെകൂടി തന്റെ ഭാവനകളിൽ പങ്കാളിയാക്കിക്കൊണ്ടാണ്‌.
വിവേകവും കരുത്തുമുണ്ടെങ്കിലും നമുക്ക്‌ കുട്ടിയായി മാറാൻ കഴിയണം. സാഹിത്യാനുഭവത്തിന്റെ ആത്മാവിലേക്ക്‌ കയറാൻ കലർപ്പില്ലാത്ത ശിശുബോധം അനിവാര്യമാണ്‌. പലരും ചുമന്നുകൊണ്ടുവച്ചിരിക്കുന്ന മാനദണ്ഡങ്ങളും ശീലങ്ങളും മനസിനെ തടവിലാക്കുകയാണല്ലോ ചെയ്യുന്നത്‌.
തന്റെ ദുഃഖത്തിൽ പ്രസിദ്ധ സാഹിത്യകാരനായ മുൽക്ക്‌രാജ്‌ ആനന്ദും പത്നി ഷറീൻ വാജിഫ്ദാറും ആശ്വസിപ്പിച്ച കാര്യം എഴുതുന്നുണ്ട്‌. "കലാകാരന്മാരുടെ വർഗത്തിൽ നിന്ന്‌ മാത്രമേ കലാകാരന്‌ യഥാർത്ഥ സ്നേഹം ലഭിക്കുകയുള്ളൂ.  മറ്റുള്ളവർ, സാധാരണക്കാർ എന്ന പദത്താൽ വിശേഷിപ്പിക്കപ്പെട്ടവർ, ഉള്ളുകൊണ്ട്‌ സന്തോഷിക്കും നമ്മുടെ ദുഃഖത്തിൽ" - ഇത്‌ സ്വാനുഭവത്തിൽ നിന്നുണ്ടായ ബോധ്യമാകാം.
സ്വയം പിച്ചിപ്പറിച്ച്‌ രസിക്കാനും ആത്മാവിന്റെ ഒരു തുണ്ട്‌ എടുത്തുവച്ച്‌ വിചാരണ ചെയ്യാനും ശ്രമിക്കുന്നുണ്ട്‌. "എന്റെ ഇടത്തെ കയ്യിൽ എല്ലായ്പോഴും ഞാൻ ധരിക്കുന്ന അറംഗസീബ്‌ മോതിരത്തിന്‌, എന്റെ മരണശേഷം ആരായിരിക്കും അവകാശി? എന്റെ മൂന്നിഴച്ചങ്ങല ഏത്‌ കഴുത്തിൽച്ചെന്നു വീഴും? ആനത്തലയുള്ള തടിയൻ വളകൾ?  ഏതായാലും ഇവയെല്ലാം മറ്റൊരാൾക്ക്‌ പോവുകയാണെങ്കിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഇവ എല്ലാവർക്കും പങ്കിടുകയല്ലേ നല്ലത്‌. എന്നാൽ ആ ആഭരണങ്ങൾ ധരിക്കുന്നവർക്ക്‌ ചേർച്ചയുണ്ടോ എന്ന്‌ എനിക്ക്‌ മനസിലാക്കാൻ കഴിയുകയും ചെയ്യും"
മരിച്ചതിനുശേഷം വീട്ടിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്നറിയാൻ ആ വീട്‌ ഇപ്പോൾതന്നെ മറ്റൊരാൾക്ക്‌ കൊടുക്കുകയാണ്‌ നല്ലതെന്ന്‌ മാധവിക്കുട്ടി ചിന്തിക്കുന്നുണ്ട്‌. ഭാവനകൊണ്ടാണ്‌ ജീവിതം അർത്ഥപൂർണമാക്കുന്നതെന്ന വാദമാണിതിനു പിന്നിൽ.
തന്നെ കഥാകാരി കാതറിൻ മാൻസ്ഫീൽഡിനോട്‌ തുല്യപ്പെടുത്തുന്നുണ്ട്‌ മാധവിക്കുട്ടി. കാതറിൻ നാൽപതു കഥകളേ എഴുതിയിട്ടുള്ളൂ. ശരീരത്തോടൊപ്പം കലയും പ്രേമവും രോഗത്തിനു അടിപ്പെടുമെന്ന്‌ ഭയന്ന്‌ ഫൊൺടാൻബ്ലോ എന്ന സ്ഥലത്തുള്ള ഒരാശ്രമത്തിലേക്ക്‌ കറുത്ത വസ്ത്രങ്ങളണിഞ്ഞു ഓടിപ്പോയ കാതറിൻ ഒരു നിഷ്കളങ്ക പ്രലോഭനമായി അവരെ സ്വാധീനിച്ചിരുന്നു.
മനസിന്റെ നഗ്നത തേടി അവർ ഓരോ വസ്തുവിലും ചെന്നുമുട്ടുകയാണ്‌. ഒരു വെളിപാടുമായി തിരിച്ചുവരുന്നു. സദാ സംവേദനക്ഷമമായ ഒരു മനസിന്റെ ഏറ്റവും ധീരവും കലാപരവുമായ പ്രതികരണങ്ങളാണ്‌ നമുക്ക്‌ കാട്ടിയത്‌.
എന്താണ്‌ ഈ കടൽ പ്രതീക്ഷിക്കുന്നതെന്ന്‌ ഒരു ലേഖനത്തിൽ ചോദിക്കുന്നു. ജീർണിച്ച മണം കാരണം ശരീരങ്ങളെ താൻ പുറത്തേക്ക്‌ വലിച്ചെറിയുകയാണ്‌ പതിവേന്ന്‌ കടൽ പറഞ്ഞു. ഉടനെ അതിന്റെ അർത്ഥമുൾക്കൊണ്ട്‌ മാധവിക്കുട്ടി എഴുതുന്നത്‌ ചിന്താസൗന്ദര്യത്തിന്റെ മാറ്റ്‌ വർദ്ധിപ്പിക്കുന്നു.
"ജീവിതത്തിന്റെ പടഹധ്വനി കേട്ടുമടുത്ത്‌ കടലിന്റെ മൗനമല്ലാത്ത മൗനത്തിലേക്ക്‌ ഞാൻ ഒരിക്കൽ കുതിച്ചുചാടും. നരവീണു തുടങ്ങിയതെങ്കിലും സമൃദ്ധമായ എന്റെ മുടിയെ കടൽത്തിരകൾ ചീകി വൃത്തിയാക്കും. ചുംബനങ്ങൾ പേറുന്ന കൈകാലുകളെ അവ മാറോടണയ്ക്കും. ഒടുവിൽ വെളുത്ത പടക്കുതിര വഹിച്ചുകൊണ്ട്‌ പായുന്ന യോദ്ധാവിന്റെ ശവത്തെപ്പോലെ എന്റെ ശരീരത്തെ അവ കരയിലേക്ക്‌ എത്തിക്കും. എന്റെ പാവം ശരീരം. മറ്റുള്ളവർ അതിൽ സൗന്ദര്യം കാണുമോ?"
മരണം വല്ലാത്തൊരു തിരശ്ശീലയാണെന്ന ചിന്ത അലട്ടിയിരുന്നു. താൻ മരിച്ചാൽ ഈ ലോകം ഉണ്ടാവുമെന്ന്‌ എന്തിനു വിശ്വസിക്കണമെന്ന ഒരു ചോദ്യം തൊടുത്തുവിടുകയാണ്‌. 
മാധവിക്കുട്ടിയുടെ ആത്മകഥാകുറിപ്പുകൾ ഒരു സാഹിത്യകൃതിപോലെ അർത്ഥസാന്ദ്രവും കരവിരുതും ചേർന്നതാണ്‌. നാലപ്പാട്ടെ കുടുംബാംഗമാണെങ്കിലും, കവിയെന്ന നിലയിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും യാഥാർത്ഥ്യം ഒതുങ്ങിനിൽക്കുന്നില്ല എന്ന തിരിച്ചറിവ്‌ ബാക്കിയാവുന്നു. സ്വകാര്യജീവിതം ഇരുണ്ടുപോയ ദിനങ്ങളിൽ അവർ നിശബ്ദയായി നിലവിളിച്ചു.
"എന്റെ ഭർത്താവിനു യാതൊരു ശാരീരിക സുഖവും നേടിക്കൊടുക്കുവാൻ എന്റെ രോഗഗ്രസ്തമായ ശരീരത്തിനു കഴിവില്ലാതായി. കാഴ്ചയിൽ ഞാൻ ആരോഗ്യവതിയാണ്‌. പക്ഷേ, അദ്ധ്വാനത്തിൽ തികച്ചും ബോധംവിട്ടും നിസ്സഹായയായിത്തീരും. അതുകൊണ്ട്‌ നാലപ്പാട്ടെ കമല എന്ന പേരിന്റെ വ്യാജാഭിമാനത്തിനുവേണ്ടി ഞാൻ രാത്രിയിൽ കൂടുതൽ നേരം ഇരുന്ന്‌ ലേഖനങ്ങൾ എഴുതി, അവ മാസികകൾക്ക്‌ വിറ്റ്‌ പണമുണ്ടാക്കി, അത്‌ അദ്ദേഹത്തിനു കൊടുക്കുവാൻ. എനിക്ക്‌ ആരുടെയും ഭാരമായിത്തീരുവാൻ ആഗ്രഹമില്ലായിരുന്നു."  എഴുതാൻ വയ്യാതായ അവസരങ്ങളിൽ, അതിന്റെ കുറ്റബോധവും മാനസികഭീതിയും അകറ്റാൻ അവർ അടുക്കളയിൽ കയറി പാചകം ചെയ്തു.
'എന്റെ കഥ' പ്രസിദ്ധീകരിച്ച കാലത്ത്‌ ബന്ധുക്കളിൽ കുറെ പഴഞ്ചൻ ചിന്താഗതിയുള്ള സ്ത്രീകൾ മാധവിക്കുട്ടിയിൽ നിന്ന്‌ അകന്നു. എന്നാൽ തന്റെ പ്രണയാനുഭവങ്ങളിലും സ്വതന്ത്രചര്യകളിലും നിറഞ്ഞു തുളുമ്പിനിന്ന്‌, സംതൃപ്തിയോടെ അതിനെയെല്ലാം നേരിട്ടു. "ഭർത്താക്കന്മാരുടെ ജീവിതത്തിൽനിന്ന്‌ നർമ്മബോധത്തെ കുറ്റിച്ചൂലുകൊണ്ട്‌ ഓടിപ്പിച്ച്‌, അവരെ കിടുകിടെ വിറപ്പിച്ച്‌ നപുംസകങ്ങളാക്കുന്ന ഈ പതിവ്രതമാർ എന്നെപ്പറ്റി തമ്മിൽത്തമ്മിൽ കുശുകുശുക്കുകയും വിദ്വേഷത്താൽ തരളിതരാവുകയും ചെയ്തു." എന്നാണ്‌ അവർ എഴുതുന്നത്‌.
വായനക്കാരോടുള്ള ബന്ധമാണ്‌ എഴുത്തുകാർക്ക്‌ പ്രധാനമെന്ന്‌ പറഞ്ഞുകൊടുത്ത ഓബ്രിമേനോന്റെ വാക്കുകൾ ഈ ഒറ്റപ്പെടൽ നാളുകളിൽ അവർക്ക്‌ തുണയായി. അവർ എഴുതിയതെല്ലാം ഈ കരുത്തിലായിരുന്നു. വായനക്കാരുള്ള കാലത്തോളം എഴുതാൻ വിധിക്കപ്പെട്ട ആത്മാവുള്ള ഒരു യന്ത്രമാണ്‌ എഴുത്തുകാരിയെന്ന്‌ മാധവിക്കുട്ടി പറഞ്ഞതിന്‌ ഇപ്പോൾ കൂടുതൽ പ്രസക്തിയുണ്ട്‌.


No comments: