Followers

Monday, November 13, 2023

അവ്യയാനന്ദ സ്വാമിയുടെ ഓർമ്മകൾ : ആശ്രമജീവിതത്തിൽ നിന്നു ബാല്യത്തിലേക്ക് /എം.കെ.ഹരികുമാർ






'ശിവഗിരിയുടെ താഴ്വരയിൽ'(1993) എന്ന കൃതിയിലൂടെയാണ് അവ്യയാനന്ദ സ്വാമി സാഹിത്യരംഗത്തേക്ക് കടന്നു വരുന്നത്. ഭാഷയോടും ദർശനത്തോടും എന്നും പ്രത്യേകമായ ഒരു താത്പര്യം സ്വാമിക്കുണ്ടായിരുന്നു .സാഹിത്യത്തോടും എഴുത്തുകാരോടും ബന്ധം പുലർത്തുന്നതിൽ ശിവഗിരി സന്യാസിമാരിൽ പ്രഥമസ്ഥാനം അവ്യയാനന്ദ സ്വാമിക്കാണ്. അദ്ദേഹം ആനുകാലികങ്ങളും പത്രങ്ങളും വായിക്കുകയും സമകാലിക സംഭവങ്ങളെപ്പറ്റി വിമർശനാത്മകമായി പ്രതികരിക്കുകയും ചെയ്യാറുണ്ട്. ആത്മീയചിന്തകളിൽ നിന്നു സാഹിത്യകൃതികളിലെ  വൈകാരികലോകത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ സ്വാമിക്ക് പ്രയാസമില്ല. അദ്ദേഹത്തിൻ്റെ ചിന്താരീതിയാണത്.  അദ്ദേഹം സന്യാസിയുടെ വിഷയങ്ങളെ സൗന്ദര്യാത്മകമായി നവീകരിക്കാൻ എപ്പോഴും ശ്രമിക്കുന്നു. പുതിയ അറിവുകൾ നേടുന്നു.

ആത്മീയത ,ധ്യാനം ,പ്രാർത്ഥന ,തപസ്സ് തുടങ്ങിയ വിഷയങ്ങളെ സമീപിക്കുമ്പോൾ അതിൽ സൗന്ദര്യബോധം ഉണ്ടാകുന്നത് പുതിയൊരു മാനം നൽകും .സ്വാമി അതിനാണ് ശ്രമിക്കുന്നത്. എന്റെ 'ശ്രീനാരായണായ' എന്ന നോവൽ പുറത്തുവന്നപ്പോൾ സ്വാമി ദിവസവും അതിരാവിലെ ഓരോ ഭാഗം വായിച്ച ശേഷം എന്നെ വിളിക്കുമായിരുന്നു. വായിച്ചതിന്റെ അനുഭവം വിവരിക്കാനായിരുന്നു വിളിച്ചിരുന്നത്.  വായിച്ചഭാഗങ്ങളിൽ ആകർഷകമായി തോന്നുന്നത് അടിവരയിട്ട് പോകുന്നതാണ് സ്വാമിയുടെ രീതി. വായന തീർന്നപ്പോൾ സ്വാമി എന്നോട് പറഞ്ഞത് ,അടിവരിയിടാത്തതായി ഒരു വാചകം പോലുമില്ല എന്നാണ്!. ഇതെന്നെ പ്രചോദിപ്പിച്ചു .നിത്യവും ഗുരുവിനെക്കുറിച്ചും ഗുരുകൃതികളെക്കുറിച്ചും ചിന്തിച്ചും മനനം ചെയ്തും ജീവിക്കുന്ന ഒരു സന്യാസി ,ലൗകികജീവിയായ എൻ്റെ നോവലിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. 'ശ്രീനാരായണായ' ശ്രീനാരായണഗുരുവിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ റിയലിസ്റ്റിക് നോവലല്ല ;അത് നവസാഹിത്യത്തിൻ്റെ  ആവിഷ്കാരസ്വാതന്ത്ര്യത്തിലും സൗന്ദര്യാത്മകമായ സ്വതന്ത്ര സഞ്ചാരത്തിലും അധിഷ്ഠിതമാണ്. ഒരു പുതിയ ഗുരു അനുഭവമാണ് അത് ആരായുന്നത്. ഗുരുകൃതികളുടെ വിവരണമോ ഗുരുചരിതത്തിലെ സന്ദർഭങ്ങളോ അതേപടി ആ  നോവലിലില്ല. അത് ഗുരുവിൻ്റെ  ആത്മീയലോകത്തേക്ക് ഒരു കലാകാരൻ നിസ്വനായി, അതേസമയം സ്വതന്ത്രനായി ധ്യാനാത്മകമായ ഭാഷയോടെ പ്രവേശിച്ചതിന്റെ ഫലമാണ്.സർഗാത്മകമായ ഒരു മാറിനടപ്പായിരുന്നു അത്. അവ്യയാനന്ദ സ്വാമി അത് ഉൾക്കൊള്ളുകയും അതിനെ പ്രശംസിക്കുകയും ചെയ്തത് ഓർക്കുകയാണ്. 

അവ്യയാനന്ദ സ്വാമി



അവ്യയാനന്ദ സ്വാമി എഴുതിയ 'എൻ്റെ ബാല്യം'(2016)എന്ന കൃതിയെപ്പറ്റി എഴുതണമെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഒത്തുവന്നത്. ഒരു വിഷയത്തെക്കുറിച്ച് എഴുതാൻ ഒരു സമയമുണ്ട് എന്ന കാര്യം തള്ളിക്കളയാനാവില്ല. നമ്മൾ വിചാരിച്ചാൽ പോലും അത് സംഭവിക്കണമെന്നില്ല .എന്നാൽ കാലം അതാവശ്യപ്പെടുന്നു, ചിലപ്പോൾ .ഒരു ഘട്ടത്തിൽ നമ്മെക്കൊണ്ട് എഴുതിക്കുന്നു. 'ശ്രീനാരായണായ' അങ്ങനെയുണ്ടായ നോവലാണ്. അതിനു ഒരു അനിവാര്യസമയമേയുള്ളൂ. അതുപോലെയാണ് 'എൻ്റെ ബാല്യം' എന്ന കൃതിയെക്കുറിച്ചുള്ള ഈ കുറിപ്പും. ഭൗതികജീവിതത്തിന്റെ പ്രലോഭനങ്ങളെല്ലാം ഉപേക്ഷിച്ചു ഗുരുവിന്റെ ഏകലോകദർശനത്തിലും  ഏകാത്മകതയിലും സാർവദേശീയമായ സർവമതസാരം എന്ന മതത്തിലും ആകൃഷ്ടനായി ജീവിക്കുന്ന സ്വാമി ബാല്യത്തെക്കുറിച്ച് എന്തുകൊണ്ട് ഇങ്ങനെയൊരു പുസ്തകമെഴുതി?.
ഒരു സന്യാസിയായിട്ടും അദ്ദേഹത്തെ ബാല്യകാലജീവിതത്തിന്റെ ഓർമ്മകൾ സ്വാധീനിക്കുന്നത് എന്തുകൊണ്ടാണ്?. അദ്ദേഹം ബാല്യത്തെ പൂർണമായി ജീവിച്ചുതീർക്കാത്തതാണോ കാരണം?. അല്ലെങ്കിൽ ബാല്യം എന്ന കാലത്തെ അതിജീവിച്ചതിന്റെ അത്യത്ഭുതകരമായ അനുഭവങ്ങൾ പിന്തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചതാണോ ? പഴയ ജീവിതചിത്രങ്ങളിൽ സ്നേഹവും അനുകമ്പയും അറിവും നൽകിയ പലരുണ്ട്. സന്യാസജീവിതം തിരഞ്ഞെടുത്തതുകൊണ്ട് ആ കടപ്പാടുകൾ ഇല്ലാതാകുന്നില്ല. സ്നേഹം എങ്ങനെയാണ് മരിക്കുന്നത് ? ഓർമ്മകൾ എവിടെയൊളിക്കും ?

സന്യാസിയും മനുഷ്യനാണ്. ഗുരുവിന്റെ ചിന്തയിലും ഈ 'മനുഷ്യൻ' ഉണ്ടായിരുന്നു. അനുകമ്പയുള്ളവനാണല്ലോ മനുഷ്യൻ.
ഗുരു 'അനുകമ്പാദശക'ത്തിൽ എഴുതി:
"അരുളില്ലയതെങ്കിലസ്ഥിതോൽ
സിരനാറുന്നൊരുടമ്പു താനവൻ ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം ."
സ്നേഹമില്ലാത്തവൻ നാറുന്ന ഒരു ഉടൽ മാത്രമാണെന്ന് .അതുകൊണ്ട് സന്യാസിക്ക് സ്നേഹവും ഓർമ്മയും ഒഴിവാക്കാനാവില്ല. മനുഷ്യൻ നന്നായാൽ മതി എന്ന ആത്യന്തികമായ സൗഖ്യസന്ദേശമാണ് ഗുരു ചൂണ്ടിക്കാണിച്ചത്. ജീവിതത്തിൻ്റെ യാദൃശ്ചികതയിൽ കണ്ണുനട്ട് വിസ്മയഭരിതനായിരിക്കുന്ന ഒരു കുട്ടിയെ അവ്യയാനന്ദ സ്വാമിയുടെ കുറിപ്പുകളിൽ കാണാം.

സ്വാമി അതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു: "പല കോടിജന്മങ്ങൾ നീർക്കുമിളകളായി ഉണർന്ന് ഉടയുന്ന ഈ സംസാരസാഗരത്തിന്റെ ജലരാശിയിൽ കുറെ കാര്യങ്ങൾ ഞാൻ എഴുതി. കുറെ വികാരങ്ങൾ പങ്കിട്ടു. കുറച്ചു സങ്കടങ്ങൾ ,അല്പം സന്തോഷങ്ങൾ. ഇനിയും ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടാകും."
പോയകാലത്തെ ശൂന്യതയായി കാണാതെ ,അതിൽ നിന്ന് ഓർമ്മച്ചിത്രങ്ങൾ നെയ്തെടുക്കുകയാണ് ഗ്രന്ഥകാരൻ .ഭൂതകാലം, വേറൊരു അർത്ഥത്തിൽ ,വിളിക്കുകയാണ് കൂടുതൽ നിഷ്കളങ്കവും സ്വാഭാവികവുമായ ഒരു ആവാസ വ്യവസ്ഥയിലേക്ക്. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും ഇടറിയ കാൽവയ്പുകളും സ്വാമി മറന്നിട്ടില്ല .താൻ ആന്തരികതയിൽ പടം പൊഴിച്ച് എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു എന്നു പരിശോധിക്കുകയാണ് .ഇളയച്ഛൻ എം. കെ. വാസുവും അമ്മയും അച്ഛനും ആ ബാലന്റെ മനസ്സിൽ വലിയ സാന്നിധ്യങ്ങളായിരുന്നു.




കുട്ടിക്കാലത്ത് തന്നെ സ്വാമി വായനാശീലം നേടിയിരുന്നു.അത് ആത്മീയമായ അഭയമായിരുന്നു. തന്നിൽ നിന്നു പുറത്തെ ലോകത്തേക്കുള്ള യാത്രയായിരുന്നു അത്. വായിച്ചപുസ്തകത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ സ്വാമിക്ക് സ്വസ്ഥത കിട്ടില്ല. ഇപ്പോഴും ആ ശീലമുണ്ടത്രേ. "ഇന്നു നല്ല ഒരു പുസ്തകം വായിച്ചു കഴിഞ്ഞാൽ സമാനസ്വഭാവമുള്ള സഹോദരസന്യാസിമാരെ കൂടി വായിച്ചു കേൾപ്പിക്കാനുള്ള ഒരു ത്വരയുണ്ടാകും. ലോകേശാനന്ദ സ്വാമിജിയും സുഗുണാനന്ദ സ്വാമിജിയും പരാനന്ദ സ്വാമിജിയും ഈ പീഡനത്തിനു പലപ്പോഴും ഇരയായിട്ടുള്ളത് ഞാനോർക്കുന്നു "-സ്വാമി എഴുതുന്നു.

വായനയില്ലാത്തവന്റെ മനസ്സ് വാതായനമില്ലാത്ത വീടു പോലെയാണെന്നു സ്വാമി അഭിപ്രായപ്പെടുന്നു. കുട്ടിക്കാലത്തു തന്നെ ആത്മീയതയും സൗന്ദര്യാനുഭവവും കൂടിക്കലർന്ന അനുഭൂതി അവ്യയാനന്ദയ്ക്കുണ്ടായിരുന്നു.  സന്താനഗോപാലം കഥകളി വല്യമ്മയോടൊപ്പം നേരം പുലരുവോളം  കണ്ടതിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്:
"പുത്രനഷ്ടത്താൽ തേങ്ങുന്ന ബ്രാഹ്മണമുഖം ഇന്നും ചമയങ്ങളില്ലാതെ മുന്നിൽ. ഉത്സവപ്പറമ്പുകളിൽ ഒറ്റയ്ക്കലയുന്നത്  ഒരാനന്ദമാണ്. ക്ഷണികമെങ്കിലും ഓർമ്മകളിലെന്നും ഓടിവരുന്ന  ഒരനുഭവം. അത് പലപ്പോഴും ആനച്ചന്ത മൊരുക്കിയ സന്ധ്യകളുടെ വരദാനമാവാമെന്നതാണ് വസ്തവം. അച്ഛൻ്റെ ചുമലിലിരുന്ന് ആറാട്ടു കണ്ട ഒരനുഭവം ഇന്നലെ എന്നപോലെ തിടമ്പേറ്റി വരുന്നു. അനുഭവങ്ങളെ ഞാനൊരു മഷിപ്പാത്രമാക്കുകയായിരുന്നു.  അതിൽ മുക്കിയാണല്ലോ ഞാനിത്രയും കുറിച്ചുപോയത് എന്നോർക്കുമ്പോൾ ആ എഴുത്തുമഷിയുടെ നീലിമ കടലാസുകളിൽ നിന്ന് ഉയിരിട്ടുണരും പോലെ. "ബാല്യം ഒരനാഥമായ അവസ്ഥയാണെന്ന് സ്വാമി തിരിച്ചറിയുന്നുണ്ട്. സമപ്രായക്കാരായ കുട്ടികളെപ്പോലെ കളികളിലോ തമാശകളിലോ മുഴുകാൻ അവസരം ലഭിച്ചിട്ടില്ല. എൻ്റെ ബാല്യം മൗനത്തിൻ്റേതായിരുന്നു. ആത്മീയതയുടെ മൗനമായിരുന്നില്ല. വേദനകൊണ്ട് മരവിച്ച മനസ്സിന്റെ മിണ്ടാട്ടമില്ലായ്മ. അങ്ങനെ വലിയ കൂട്ടുകാരൊന്നുമില്ല. എന്നാൽ ഉണ്ടു താനും. ശരിക്കും, പുസ്തകങ്ങളായിരുന്നു എൻ്റെ കൂട്ടുകാർ. വീട്ടിൽ ഒറ്റപ്പെട്ട ഞാൻ വീടിൻ്റെ മുക്കിലും മൂലയിലും തിരഞ്ഞു. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കസ്തൂർബാഗാന്ധിയെ വായിച്ചു. സഹോദരിമാരുടെ ഏതോ ഉപപാഠപുസ്തകമായിരുന്നു അത്. "

ഓരോ ജീവിതവും അതിൻ്റേതായ ഓർമ്മകൾ കൊണ്ടു ദുർഗ്രഹമാണ്; അതേസമയം സുന്ദരവുമാണ്. ഓർമ്മകൾ വീണ്ടും ഓർക്കാനുള്ളതാണ് .വീണ്ടും ഓർക്കുമ്പോൾ ഓർമ്മകൾക്ക് രൂപാന്തരം സംഭവിക്കുന്നു. ഓർമ്മകളിലൂടെ ഓരോ വ്യക്തിയും അയാളെ തന്നെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു .ഓർമ്മകൾ ജീവിതത്തെക്കുറിച്ചുള്ള അറിവിനനുസരിച്ച് വിപുലീകരിക്കപ്പെടുകയും പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.സ്വാമിയുടെ ഓർമ്മകൾ ആത്മീയവഴികളിലേക്ക് പ്രകാശം ചൊരിയുകയാണ്. പരിത്യാഗത്തിന്റെയും ഏകാന്ത ധ്യാനത്തിന്റെയും പാതകളിൽ ഈ ഓർമ്മകളുടെ ഗാഢസ്പർശമുണ്ട്. ജ്ഞാനത്തിനും സത്യത്തിനും പിന്നാലെ അലയാൻ, ജീവിതം ചൂണ്ടുപലകകളായി വിഭജിക്കപ്പെട്ടതിന്റെ പശ്ചാത്തലമാണ്  ഈ കൃതിയിൽ കാണാനാകുന്നത്.

മേടമാസത്തിലെ പൂജപ്പാടങ്ങളും പൂജയപ്പവും സൂര്യപൂജയും സ്വാമിയുടെ മനസ്സിൽ എല്ലാ വിശദാംശങ്ങളോടെയും  ജ്വലിച്ചു നിൽക്കുകയാണ്. പൂജപ്പാടങ്ങളിലെ സന്ധ്യകളും ഭക്തിഗീതങ്ങളും ആർപ്പുവിളികളും  ആ മനസ്സിനെ ഓർമ്മകളുടെ വസന്തകാലത്തേക്ക് കൊണ്ടു പോവുകയാണ്.സ്വാമി എഴുതുന്നു :"പാതിരാവ് കഴിഞ്ഞ് നേരം പ്രഭാതവുമായി സംഗമിക്കുമ്പോൾ നിലാവ് സാക്ഷിയായി അപ്പത്താലങ്ങൾ ഉയരും .പൂജക്കാരൻ ഇരുകൈകളിലും നിറയെ അപ്പങ്ങളും കത്തുന്ന കോൽത്തിരിയും കവുങ്ങിൻ പൂക്കുലയും കൊണ്ടലംകൃതമായ  താലക്കിണ്ണങ്ങൾ മെല്ലെ ഉയരുമ്പോൾ നിലാസ്തോത്രങ്ങൾ അകമ്പടിയാകും.  കാണാൻ നല്ല ചേലുള്ളതാണീ നിലാപ്പൂജ .കത്തുന്ന കോൽത്തിരികൾ കിണ്ണത്തിൻ്റെ വൃത്തത്തിൽ കുത്തി നിർത്തും .ഒത്ത നടുക്ക് പാതി മുറിച്ച  നാളികേരമുറിയിൽ - നാന്താമുറി - നെയ്ത്തിരി കത്തുന്നുണ്ടാവും. നക്ഷത്രങ്ങളെ വെല്ലുന്ന നക്ഷത്രത്തിളക്കമാവും പൂജപ്പാടം നിറയെ ."

അവ്യയാനന്ദ സ്വാമിയുടെ വഴിയിൽ ഇളയച്ഛൻ അറിവിന്റെ തണൽ മരവും ആശ്വാസവുമായിരുന്നു .ശ്രീനാരായണഗുരുവിൻ്റെ കളവങ്കോടം പ്രതിഷ്ഠയെപ്പറ്റി ഇളയച്ഛൻ പറഞ്ഞത് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കളവങ്കോടത്തെ യുവജനങ്ങൾ ക്ഷേത്ര പ്രതിഷ്ഠയെ എതിർത്തുവത്രേ . അപ്പോൾ ഗുരു കണ്ണാടി വാങ്ങി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എറണാകുളത്തുള്ള നിന്നാണ് കണ്ണാടി വാങ്ങിയത്. അതിൻ്റെ രസം ചുരണ്ടിക്കളഞ്ഞ് ഓം എന്ന് എഴുതാനാണ് ഗുരു അവരോട് നിർദ്ദേശിച്ചത്. എഴുതിക്കൊണ്ടു വന്നത് ഒ0എന്നാണ്. പുതിയ കണ്ണാടി വാങ്ങി ഓം എന്ന് വീണ്ടും എഴുതാമെന്നു പറഞ്ഞപ്പോൾ ഗുരു വിലക്കി,ഒ0 എന്നതും ശരിയാണെന്ന് പറഞ്ഞു. ഈ സംഭവത്തെപ്പറ്റി അവ്യയാനന്ദ സ്വാമി എഴുതുന്നത് ഇപ്രകാരമാണ്: "ഇതിനകം  കണ്ണാടിയാണ് ഗുരു പ്രതിഷ്ഠിക്കാൻ പോകുന്നതെന്ന് എല്ലാവരും അറിഞ്ഞു. യാഥാസ്ഥിതികർക്കും യുവജനങ്ങൾക്കും ഒരുപോലെ തൃപ്തിയായി .യാഥാസ്ഥിതികർ അതിനെ അദ്വൈതത്തിന്റെ പ്രതീകമായി വ്യാഖ്യാനിച്ചു. യുവജനങ്ങൾ അതിനെ ഒരു വിപ്ലവമായി കണ്ടു. വിഗ്രഹത്തിനു പകരം കണ്ണാടി. എന്നാൽ ഗുരുവിനു അതൊരു ഒത്തുതീർപ്പായിരുന്നു. സമൂഹത്തിലെ കാലുഷ്യമകറ്റാനുള്ള ഒരു വഴി."

ആശ്രമത്തിലെത്തുന്നതു വരെ സ്വാമിയെ നയിച്ചത് ഇളയച്ഛനായിരുന്നു. ആ ഓർമ്മകളിൽ സ്വാമി ജീവിതത്തിന്റെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുന്നു. "മനുഷ്യനിലേക്ക് ഊന്നിയ ഗുരുദർശനത്തിന്റെ വലിയ ചുവടുകൾക്ക് അളക്കാനാവാത്ത ഇടങ്ങളില്ലെന്ന് എനിക്ക് തോന്നി. മണ്ണിൻ്റെ മനസ്സറിഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്റെ സ്നേഹനൊമ്പരങ്ങൾ എൻ്റെ വരുംകാല പ്രഭാതങ്ങൾക്ക് ദിശാബോധം നൽകും, തീർച്ച."ഈ പുസ്തകത്തിൽ ഒരു സന്യാസി പൂർവ്വാശ്രമത്തെ അനുഭൂതികളുടെയും മനുഷ്യത്വത്തിന്റെയും വ്യാമിശ്രതലങ്ങളിൽ വ്യാഖ്യാനിക്കുകയാണ്. ചിതറിപ്പോയ വേദനകളുടെയും അറിവുകളുടെയും  പൂർവ്വകാലത്തെ നന്ദിയുടെയും സ്നേഹത്തിന്റെയും നൂലുകൾ കൊണ്ട് കൊർത്തെടുക്കുകയാണ് .സന്യാസം ഓർമ്മകളുടെ നാശമല്ല ,ഓർമ്മകളുടെ ആശ്രമജീവിതമാണ്.

എൻ്റെ ബാല്യം 
(ഓർമ്മ)
സ്വാമി അവ്യയാനന്ദ 
ചിന്ത പബ്ളിഷേഴ്സ് 
തിരുവനന്തപുരം 
വില 80 / 




No comments: