എം.കെ.ഹരികുമാറിൻ്റെ
അക്ഷരജാലകം രജതജൂബിലിയിൽ
നവവിമർശനത്തെ
സൈദ്ധാന്തികവും തത്ത്വചിന്താപരവും കലാപരവുമായി വികസിപ്പിച്ച
എം.കെ.ഹരികുമാർ എഴുതുന്ന 'അക്ഷരജാലകം' ചരിത്രം കുറിച്ചിരിക്കുന്നു
.മലയാളഭാഷയുടെ അഭിമാനമായി കാണേണ്ട നിമിഷമാണിത്. ആയിരക്കണക്കിനു വായനക്കാർ
ഹൃദയത്തിലേറ്റിയ 'അക്ഷരജാലകം' ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു.
'അക്ഷരജാലക'ത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ (പേജ് 1600,സുജിലി
പബ്ളിക്കേഷൻസ്) പുറത്തു വന്നത് അടുത്തിടെയാണ്. 1998 ഫെബ്രുവരിയിൽ
'കേരളകൗമുദി'യിലാണ് പംക്തിയുടെ തുടക്കം. ഇപ്പോൾ മെട്രോവാർത്ത പത്രത്തിൽ.
ഇതിനിടെ കലാകൗമുദി,പ്രസാധകൻ,മലയാള സമീക്ഷ ഡോട്ട് കോം എന്നിവിടങ്ങളിലും
'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു. 'അക്ഷരജാലക'ത്തിൻ്റെ രജതജൂബിലി പ്രമാണിച്ച്
എം.കെ.ഹരികുമാറുമായി നടത്തിയ സംഭാഷണം .
ചോദ്യം:
ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ
, ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും ഉണ്ടാവില്ലേ
?
എം.കെ.ഹരികുമാർ: ഒരു കോളമിസ്റ്റിനു മാത്രമായി
പ്രത്യേക സമീപനമില്ല. ഒരു കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്.
എന്നിലെ കലാകാരനും തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്.
അതുകൊണ്ട് വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ
സഞ്ചരിച്ചുകൊണ്ടിരിക്കും. ഞാനൊരു വിമർശകനായിരുന്നില്ലെങ്കിൽ
കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ
വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ വിചാരാത്മകമാക്കുന്നത്,
സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ തത്ത്വചിന്താപരമായ ആലോചനകളാണ്.'ഒരു
പൂച്ചയും ഒറിജിനലല്ല' എന്ന പേരിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു .കലയോടുള്ള
എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ
സൃഷ്ടിക്കുകയാണ്. അതുകൊണ്ട് അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു
പൂച്ചയെ വരയ്ക്കുമ്പോൾ അത് ഒറിജിനലല്ലാതാകും. കലാകാരന്റെ പൂച്ചയാണ് അയാൾ
വരയ്ക്കുന്നത്. യാതൊരു വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്.
ഓരോ മനുഷ്യനും കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ
ആയിരം കണ്ണുകൾ നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം
പ്രതിഛായകളാണ് ഉണ്ടാകുന്നത്.
എഴുതുമ്പോൾ
യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ സൃഷ്ടിക്കുകയുമാണ്. എൻ്റെ
വീക്ഷണത്തിൽ, പ്രകൃതിയിലെ കാഴ്ചകൾ -മേഘങ്ങൾ ,നദികൾ, സമുദ്രങ്ങൾ,
വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ, സൂര്യോദയം ,അസ്തമയം
,രാത്രി തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ സൗന്ദര്യവുമായി നമുക്ക്
ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും സംരക്ഷിക്കുന്നില്ല.
പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരാൾ
സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ കലാകാരൻ്റേത് ഒരു
കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത, തന്നെ എങ്ങനെ
ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .
കലാകാരന്
പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ്
തേടുന്നത്. എന്നാൽ അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം
കണ്ടെത്താനാവുന്നില്ല. ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു
തീർത്തിരുന്നില്ല. എപ്പോഴും വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ
വരയുടെ അവസാന ഘട്ടത്തിൽ ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു
പതിവ്.
വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത്
സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും. പുതിയ
അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ
ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ
തീരുമാനത്തിലെത്താനാവില്ല.
ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ 'അക്ഷരജാലകം' എഴുതുന്നു. ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?
എം.കെ.ഹരികുമാർ:
എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി.
എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും
ഉൽപാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത്
കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് ഞാൻ കടം കൊള്ളാറില്ല. എൻ്റെ ചിന്ത
ലോക നിലവാരത്തിലുള്ളതാണ്. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില പാശ്ചാത്യ
എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട് ഞെട്ടിയിട്ടുണ്ട്. എൻ്റെ
ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു വരും. 'നവാദ്വൈതം' തുടങ്ങിയ
ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു
കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത്
പുതിയൊരു ചിന്തയാണ് .നമ്മൾ എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന്
അവർക്ക് തോന്നണം. ഹൃദയത്തോട് ഹൃദയം സത്യം പറയണം. സത്യം നമ്മെ
മോചിപ്പിക്കും.
ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?
എം.കെ.ഹരികുമാർ:
വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക്
തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ
കാണാൻ വന്ന ഒരു വായനക്കാരൻ 'അക്ഷരജാലക'ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത്
ഒരു ഫയലാക്കി കൊണ്ടുവന്നത് എന്നെ അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക്
മുൻപ് ഒരു യുവാവ്, ഞാൻ എഴുതിയ പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ
വാട്സപ്പിൽ അയച്ചുതന്നത് അതിശയിപ്പിച്ചു. 'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു
വരുന്നതിൻ്റെ തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് 'അക്ഷരജാലക'ത്തിൽ
എഴുതിയിരിക്കുന്നതെന്ന് തിരക്കിയ കുറെ വായനക്കാരുണ്ട്.
ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനുഷ്ടമുള്ളതായി അറിയാമോ ?
എം.കെ.ഹരികുമാർ:
തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ
സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും
അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി പരസ്പരം പുകഴ്ത്തുന്ന
അവരെ ഗൗരവത്തിലെടുക്കാൻ തോന്നുന്നില്ല.എനിക്ക് എഴുതാനും പ്രസംഗിക്കാനും
ധാരാളം ഇടുമുണ്ട്. സമയക്കുറവാണ് പ്രശ്നം .
ചോദ്യം:താങ്കളുടെ
ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകൾ വേണ്ടത്ര
വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ ?
എം.കെ.ഹരികുമാർ :വായന നിശ്ചിത കാലയളവിൽ
പൂർത്തിയാക്കേണ്ടതല്ലല്ലോ. എന്നാൽ അത് നന്നായി വായിക്കപ്പെട്ടു. 'ജലഛായ'
പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത് ഇതിൻ്റെ കണക്കെടുത്ത്
കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ, എന്റെ നോവലുകൾ
മഹത്തായ സംഭാവനയാണ്. രൂപത്തിലും ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത്
സാധ്യമാക്കിയ വേറെ ഒരു കൃതി ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല.
അത്ര നൂതനമാണ് എൻ്റെ രചനകൾ . അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന
ഉണ്ടാവും.
ചോദ്യം: താങ്കൾ ഇപ്പോൾ എഴുതുന്ന കോളങ്ങൾ ഏതൊക്കെയാണ്?
എം.കെ.ഹരികുമാർ
:'അക്ഷരജാലകം'ഇരുപത്തിയാറാം വർഷത്തിലേക്ക് കടന്നു. ഇപ്പോൾ
'മെട്രോവാർത്ത'യിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുകയാണ്. 'ഗുരുദേവൻ'
മാസികയിൽ ഗുരുവിനെപ്പറ്റിയുള്ള ദാർശനികവിചാരം തുടങ്ങിയിട്ട് ആറ് വർഷം
കഴിഞ്ഞു. 'ആത്മാവിന്റെ രാഷ്ട്രീയം' എന്നാണ് പേര്. 'പച്ചമലയാളം' മാസികയിൽ
'അനുധാവനം' എന്ന ദീർഘകോളം മൂന്നുവർഷമായി എഴുതുന്നു. 'സഹോദരൻ' മാസികയിൽ
ഉത്തര- ഉത്തരാധുനികത എന്ന പംക്തി ഏഴ് ലക്കമായി .കോളമെഴുതാൻ ഇപ്പോഴും പല
പത്രങ്ങളും നിർബന്ധിക്കുന്നുണ്ട്. എന്നാൽ പുതിയ കോളം എഴുതാൻ
സമയമില്ല.ഇതിനു പുറമേ വേറെയും ലേഖനങ്ങൾ എഴുതേണ്ടി വരും;പ്രഭാഷണങ്ങളും
വേണമല്ലോ .
ചോദ്യം :നാല്പത്തിരണ്ടു വർഷമായി എഴുതി വരുന്ന താങ്കൾ സ്വന്തം പശ്ചാത്തലത്തിൽ എഴുത്തിനെ എങ്ങനെ കാണുന്നു ?
എം.കെ.ഹരികുമാർ
: ഞാൻ ഇപ്പോൾ മുപ്പതിലേറെ പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ
ലേഖനങ്ങളുണ്ട്. നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ
തകർക്കാനുള്ള ചിന്തയാണ് പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട്
എഴുതുന്നത് വ്യർത്ഥമാണ്. തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ്
കാണുന്നത്. എന്നാൽ 'ആത്മായനങ്ങളുടെ ഖസാക്ക് ' പോലുള്ള കൃതികൾ എഴുതുമ്പോൾ
പലരും അകലും. .കാരണം, ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം
മിക്കവർക്കുമില്ല. ഇവിടെ സ്വന്തമായി ഒരു ആസ്വാദനം ,വിധി തീർപ്പ്
സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട്
സാഹിത്യം വായിക്കുന്നവരാണ് ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ
യാത്രയിൽ പല മതിലുകൾ ഇടിഞ്ഞു വീഴും .അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ
കുറയും.യാഥാസ്ഥിതിക എഴുത്തുകാർ നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും.
അവർ ഭീരുത്വത്തിൻ്റെ ഫലമായ കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു
കൃതിയെങ്കിലും, വല്ലപ്പോഴും പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും.
അവരുടെ കുശുമ്പും ഭീരുത്വവും പരിധിയില്ലാതെ വളരും. അവരെ വിറളി
പിടിപ്പിക്കാൻ വേണ്ടി ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തും
.'ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,' 'വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ'
തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ അസ്വസ്ഥരാക്കും .
ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?
എം.കെ.ഹരികുമാർ:
ഞാൽ 2012 ൽ 'ഉത്തര -ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ
അതിനു മുന്നേ തന്നെ 'അക്ഷരജാലക'ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ
ചൂണ്ടിക്കാണിച്ചിരുന്നു. ഉത്തര- ഉത്തരാധുനിക ചിന്തകരായ അലൻ കിർബി ,റയോൾ
ഇഷെൽമാൻ ,നിക്കോളാസ് ബോറിയ ,സാമുവൽ റോബർട്സ് തുടങ്ങിയവരുമായി ഞാൻ നടത്തിയ
അഭിമുഖങ്ങൾ എൻ്റെ പുസ്തകത്തിൽ ചേർത്തിരുന്നു .
ചോദ്യം:
ഉത്തരാധുനികത മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും ചില
യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച്
ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .
എം.കെ.
ഹരികുമാർ:നമ്മുടെ അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല
ഗദ്യമെഴുതുന്ന ഒരാൾ പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന
നിലയിൽ അറിയുന്നവർ ആ മേഖലയിലില്ല .അവർ ഗവേഷണം ചെയ്ത ഉത്തരാധുനിക വിഷയങ്ങളിൽ
തന്നെ കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാല പഠനങ്ങളല്ലാതെ വേറെ ഒന്നും
ചെയ്യാനില്ല .
No comments:
Post a Comment