Followers

Tuesday, July 22, 2025

കരുണ: ആശാൻ്റെ മതനിഷേധം എം.കെ.ഹരികുമാർ



ശതാബ്ദി പിന്നിടുന്ന 'കരുണ ' കാവ്യത്തെ മതവത്ക്കരിക്കാനുള്ള തുടർശ്രമങ്ങളെ നിരാകരിച്ചു കൊണ്ടു ആശാൻ്റെ പ്രക്ഷുബ്ധമായ മതനിഷേധവാസനകൾ തിരഞ്ഞു ചെല്ലുകയാണ് ഈ ലേഖനത്തിൽ .




കുമാരനാശാൻ്റെ 'കരുണ' വായിച്ച് അത് ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടി എഴുതിയതാണെന്നു വാദിക്കുന്നത് ചിന്തിക്കാനറിയാത്തവരാണ്. ഇക്കൂട്ടർ ഒരു കൃതിയുടെ ഉപരിതലത്തിൽ ചുറ്റിക്കറങ്ങുകയാണ് .പലർ  ചേർന്നുള്ള വായനയാണിത്. ഒരാൾ വെറുതെയൊരു നിഗമനം അവതരിപ്പിച്ചാൽ പിന്നെ അത് ഏറ്റുപാടുന്നവരുണ്ട്. അവർ ആലോചിക്കാൻ വിസമ്മതിക്കുകയാണ്. ഉപഗുപ്തൻ മോക്ഷം കൊടുത്തുവെന്നു പറയുന്നവരും ബുദ്ധമതത്തിന്റെ കാരുണ്യം പ്രചരിപ്പിക്കാനാണ് ഈ കാവ്യം എഴുതിയതെന്നു പറയുന്നവരും ചീത്ത അഭിരുചിയുടെ ലോകം സൃഷ്ടിക്കുക മാത്രമല്ല, ഒരു കാവ്യത്തെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രധാനമായി നാം പരിശോധിക്കേണ്ടത് ആശാനു ബുദ്ധമതത്തോടുള്ള സമീപനമാണ്. എന്തുകൊണ്ട് ആശാൻ ഉപഗുപ്തൻ്റെയും വേശ്യയുടെയും കഥ തിരഞ്ഞെടുത്തു? ലഭ്യമായ ഒരു കഥ ആ കാവ്യപ്രതിഭയ്ക്ക് സഞ്ചരിക്കാനുള്ള ഒരു പ്രമേയമാണെന്നു കണ്ടു കൗതുകത്തിനുവേണ്ടി എഴുതുന്നതല്ല. ഇത് നമ്മുടെ സമൂഹത്തിന്റെ വളരെ ആഴത്തിലുള്ള ഒരു അനുഭവമായി കവി പരിവർത്തനപ്പെടുത്തുകയാണ്. ആശാൻ ബുദ്ധമതാനുയായി അല്ല; ബുദ്ധമതത്തോടു ആദരവുള്ളപ്പോൾ തന്നെ അതിൽ വന്നുപെട്ടിരിക്കുന്ന ദുര്യോഗങ്ങളെ കാണാതിരിക്കുന്നില്ല. ബുദ്ധമതത്തിന്റെ വിമർശകനാണ് ആശാൻ .'മിതവാദി' മാസികയിൽ പ്രസിദ്ധീകരിക്കുന്നതിനായി സി.കൃഷ്ണൻ വക്കീലിനു ആശാൻ അയച്ച 'മതപരിവർത്തനരസവാദം' എന്ന കത്താണ് ഇക്കാര്യത്തിലുള്ള ഏറ്റവും ആധികാരികമായ രേഖ. ആശാനു ബുദ്ധമതത്തോടു പ്രത്യേകിച്ച് ഒരു അടുപ്പമില്ല. ബുദ്ധമതത്തിലെ ആശയങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അതിനെ വിമർശിക്കുകയും ചെയ്യുന്നതാണ് ഈ കത്ത്.

ഈഴവരെയും തീയ്യരെയും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതിനു കൃഷ്ണൻ വക്കീൽ ചെയ്തുവന്ന പ്രവർത്തനങ്ങളെ വിശദമായ വാദങ്ങളുന്നയിച്ചു എതിർക്കുകയാണ് ഈ കത്തിൽ. തന്നെ ബുദ്ധമതവിശ്വാസിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെപ്പറ്റി ആശാൻ എഴുതുന്നത് ഇങ്ങനെയാണ്: "ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എൻ്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ച് ഞാൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും നിഷ്കർഷിച്ചു വായിച്ചു നോക്കുന്ന ആർക്കും അറിയാമെന്നാണ് എൻ്റെ ധാരണ .പരിഷ്ക്കരണത്തിൽ എൻ്റെ  ആദർശം മുൻപ് പറഞ്ഞിട്ടുള്ള 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നുള്ള ശ്രീനാരായണമതം ആണെന്നു ഞാൻ ഒരിക്കൽ കൂടി പറഞ്ഞേക്കാം. നിങ്ങളുടെ തൃശ്ശൂർ ലേഖകൻ ,ശ്രീമാൻ കുഞ്ഞുണ്ണി , ഞാൻ ആറ്റിങ്ങൽ വച്ച് ഈയിടെ ചെയ്ത ഒരു പ്രസംഗത്തിൽ എൻ്റെ മതം ബുദ്ധമതമാണെന്നു പ്രസ്താവിച്ചതായി പറഞ്ഞുകാണുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല .എനിക്ക് ബുദ്ധഭഗവാനിലും ബുദ്ധമതത്തിലും ഭക്തിബഹുമാനങ്ങൾ ഉണ്ടെന്നുള്ളത് ശരിതന്നെ. അത് എന്റെ ഇപ്പോഴത്തെ ആദർശത്തിനു വിരുദ്ധമല്ലായ്കയാൽ  തുടർന്നുകൊണ്ടിരിക്കുമെന്നുള്ളതാകുന്നു."

ശുദ്ധമായ ബുദ്ധമതം എവിടെയുമില്ല 

ഇതിൽനിന്നു ആശാൻ ബുദ്ധമതത്തിന്റെ അനുയായിയോ പ്രചാരകനോ അല്ലെന്നു കൃത്യമായി വ്യക്തമാക്കപ്പെടുകയാണ്. ഇത് മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം ചിലർ ആശാൻകൃതികൾ വായിച്ച് അദ്ദേഹത്തിൻ്റെ 'ബുദ്ധമതബന്ധം' ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആശാൻ ബുദ്ധമതത്തിന്റെ വിമർശകനാകുന്നതിനു കാരണമുണ്ട്. ബുദ്ധതത്ത്വങ്ങളല്ല പിന്നീട് ബുദ്ധമതത്തിൽ നാം കാണുന്നത്. ആശാൻ്റെ നിരീക്ഷണം ഇതാണ്: "ഉത്തരദേശ ബുദ്ധമതം അല്ലെങ്കിൽ മഹായാന ബുദ്ധമതം മന്ത്രങ്ങൾ, തന്ത്രങ്ങൾ ,കൂടപത്രങ്ങൾ, ജന്തുബലികൾ എന്നു വേണ്ട, ദുഷിച്ച ഹിന്ദുമതത്തിലുള്ളതിൽ പതിന്മടങ്ങ്  ഭയങ്കരമായ അനവധി ദുരാചാരങ്ങൾക്ക് അട്ടിപ്പേറു സിദ്ധിച്ച തറവാടാണെന്നുള്ളത് പ്രസിദ്ധമാണ്. ഹീനയാന ബുദ്ധമതവും അതിൻ്റെ ആദിസിദ്ധാന്തങ്ങളിൽ നിഷ്കർഷയോടുകൂടിയല്ല ഇന്നു ദക്ഷിണദേശങ്ങളിൽ അനുഷ്ഠിച്ചു വരുന്നത്. അതുകൊണ്ട് ആ സങ്കല്പവും ശരിയല്ല. ഇവിടെ ഒന്നുകൂടി പറയാനുണ്ട്. ബുദ്ധമതത്തെപ്പറ്റി നിങ്ങൾ പറയുമ്പോഴൊക്കെ അതിൻ്റെ  നിർദോഷ ഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോൾ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു."

ബുദ്ധമതത്തെപ്പറ്റി, അവിടെ തലപൊക്കിയിരിക്കുന്ന ദുരാചാരങ്ങളെപ്പറ്റി ബോധവാനായ ആശാൻ ഒരിക്കലും അതിനോടു പ്രതിപത്തി കാണിക്കുകയില്ല. ബുദ്ധതത്ത്വം വേറെ മതം വേറെ എന്ന കാഴ്ചപ്പാടാണ് പ്രധാനം. കുമാരനാശാൻ്റെ മതം എന്നു പറയുന്നത് നിലവിലുള്ള ഏതെങ്കിലും മതമല്ല; അത് ശ്രീനാരായണഗുരുവിൻ്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തത്ത്വമാകുന്നു. ശ്രീനാരായണധർമ്മപരിപാലന യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിലും ഒരു രചയിതാവ് എന്ന നിലയിലും അദ്ദേഹം പിന്തുടർന്ന മതമാണിത്. "ശ്രീനാരായണധർമ്മം എന്ന പദം ശ്രീനാരായണഗുരുവിൻ്റെ മതം എന്ന അർത്ഥത്തെയാണ് വിവക്ഷിക്കുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ളതാണ് ആ മതം എന്നു നിങ്ങൾക്കും അറിയാമല്ലോ." ഇതാണ് ആശാൻ സുവ്യക്തമായി പ്രതിപാദിക്കുന്ന തൻ്റെ വീക്ഷണം. ഈ വീക്ഷണവുമായി യോജിക്കാത്തതാണ് ബുദ്ധമതം എന്നും ഈ കത്തിൽ വിവരിക്കുന്നുണ്ട്. ഗുരു ഒരു ദൈവം എന്നു പറയുന്നത് ബുദ്ധമതത്തിനു എതിരാണെന്നു ആശാൻ വ്യാഖ്യാനിക്കുന്നുണ്ട്. "ഒരു ദൈവം എന്ന ശബ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈശ്വരനു ബുദ്ധമതത്തിൽ യാതൊരു സ്ഥാനവുമില്ല" എന്നാണ് ആശാൻ സൂചിപ്പിക്കുന്നത്. ശുദ്ധമായ ബുദ്ധമതം ഒരിടത്തും കാണാനില്ല എന്നും അറിയിക്കുന്നുണ്ട്. "അവർ വിശ്വസിച്ചു വരുന്നത് നമ്മൾ പറയുന്ന ശുദ്ധമായ ബുദ്ധമതമല്ല, അതിൻ്റെ പുറത്ത് പടർന്നുകേറിയിരിക്കുന്ന കാടും പടർപ്പുകളും ആകുന്നു. അവർ ബുദ്ധമുനിയെത്തന്നെ ഈശ്വരനിർവിശേഷമായി ആരാധിക്കുകയും അവതാരങ്ങളിലും അത്ഭുതകഥകളിലും ദേവന്മാരിലും യക്ഷന്മാരിലും പിശാചുക്കളിലും വിശ്വസിക്കുകയും എല്ലാ പ്രകാരത്തിലുള്ള അന്ധപാരമ്പര്യത്തെയും അബദ്ധവിശ്വാസത്തെയും പുലർത്തുകയും ചെയ്യുന്നു."ഇതാണ് ആശാൻ്റെ ബുദ്ധമതവിമർശനത്തിന്റെ കാതൽ.

ആശാൻ അദ്വൈതി 

ആത്മാവും ഈശ്വരനുമില്ലാത്ത ഒരു മതത്തെ യോഗീന്ദ്രന്മാർക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ലെന്നും ആശാൻ അഭിപ്രായപ്പെടുന്നു .ഈ പശ്ചാത്തലത്തിൽ നിന്നു നോക്കിയാൽ 'കരുണ'യിലെ ഉപഗുപ്തനെ ആശാൻ എങ്ങനെയാണ് വീക്ഷിച്ചിരുന്നതെന്നു വ്യക്തമാകുന്നു.

"ശരിശരി! പരദു:ഖശമനമോർത്തല്ലോ മറ്റും
ശരണത്രയീധനന്മാർ ഭിക്ഷ തെണ്ടുന്നു .

തിരിഞ്ഞു രക്ഷ നൽകുന്ന ദേവതകളല്ലോ സാക്ഷാൽ 
ധരണിയിൽ നടക്കുമിദ്ധർമ്മദൂതന്മാർ."

എന്ന നിരീക്ഷണം ഉപഗുപ്തനെതിരെയുള്ളതാണ്. ഉപഗുപ്തൻ പരദു:ഖശമനത്തിനായി ഒന്നും ചെയ്തില്ലല്ലോ .സ്നേഹം ദുഃഖമാണെന്നു വാസവദത്തയെ ചൂണ്ടി കവി പറയുകയാണ്. സ്നേഹം ദുഃഖമായി പരിണമിച്ചതിനുമപ്പുറം അവൾ ഇപ്പോൾ ചോരക്കളമായിരിക്കുകയാണ്. അപേക്ഷിച്ചാൽ തിരിച്ചു രക്ഷനൽകുന്ന ഉപഗുപ്തനെ കാണാനില്ലായിരുന്നല്ലോ. 

ഹാ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ 
ത്രാസു പൊങ്ങുന്നതും താനേ താണുപോവതും."

ജീവിതം മിഥ്യയാണെന്ന സങ്കല്പം ബുദ്ധമതത്തിലില്ല. ബുദ്ധമതം  മനുഷ്യശക്തിയിലാണ് വിശ്വസിക്കുന്നത്. അത് മനുഷ്യമഹത്വത്തിന്റെ യാത്രയിലാണ് നിർവ്വാണത്തെ കാണുന്നത്.വാസവദത്തയുടെ മരണം നിർവ്വാണമല്ലല്ലോ. പാപത്തിന്റെ ഓഹരിയാണ്. മറ്റൊരിടത്ത്  ഹൈന്ദവമായ ഒരു കല്പനയെ കാവ്യപരമായ ശോഭയിലേക്ക് ഉയർത്തുകയാണ് ആശാൻ .

"തടിയനരയാലത് തലയിൽത്തീകാളും  നെടും
ചുടലബ്ഭൂതം കണക്കേ ചലിച്ചു നില്പൂ."

ചുടലബ്ഭൂതമെന്ന മിത്ത് ബുദ്ധമതത്തിൻ്റേതല്ല .

"ഉടഞ്ഞ ശംഖ്യപോലെയുമുരിച്ചു മുറിച്ച വാഴത്തട പോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ."

ഈ ബിംബങ്ങളൊന്നും ബുദ്ധമതവുമായി ബന്ധമുള്ളതല്ല.  ആശാനിലെ അദ്വൈതിയാണ് ജീവിതത്തെ നിശൂന്യതയായി കാണുന്നത്. ഈ ബിംബകല്പനകളെല്ലാം ഉത്ഭവിക്കുന്നതിനു ആധാരമായ പ്രജ്ഞ ആശാൻ തന്നെ  വ്യക്തമാക്കിയിട്ടുണ്ട്. 'ആത്മോപദേശശതക'ത്തിൻ്റെ ആദ്യശ്ളോകത്തിന്റെ വ്യാഖ്യാനത്തിൽ എഴുതുന്നു :
"സ്ഥൂലദൃഷ്ടിയിൽ അദൃശ്യങ്ങളായ പരമാണുക്കൾ സൂക്ഷ്മബുദ്ധിയിൽ പർവ്വതങ്ങൾ പോലെ മഹത്തുക്കളായിരിക്കും .അവ അദൃശ്യങ്ങളാകുന്നതുവരെ ബുദ്ധി പരിശോധിക്കുകയും ചെയ്യും. ഒടുവിൽ ബുദ്ധിയിൽ അവയുടെ അഭാവം കാണപ്പെടും. അഭാവം അധികരണത്തെ വിട്ട് അന്യമല്ല. അതുകൊണ്ടും (ബുദ്ധിയിൽ കാണപ്പെട്ട സകല പദാർത്ഥങ്ങളുടെയും)അഭാവം ബുദ്ധി തന്നെയാകുന്നു. ഇങ്ങനെ സകല പദാർത്ഥങ്ങളും ബുദ്ധിയിൽ നിന്നു വിഷയരൂപമായുണ്ടായി തത്ത്വപരിശോധനയിൽ അതിൽത്തന്നെ അന്തർദ്ധാന ആകാശത്തിൽ ഉണ്ടാകുന്ന ഒരു മന്ദമായ ചലനം ശബ്ദമായും തീവ്രചലനം പ്രകാശമായും തീവ്രതരചലനം വൈദ്യുതശക്തിയായും തീരുന്നു എന്നും മറ്റുമുള്ള പ്രകൃതിശാസ്ത്രസിദ്ധാന്തവും ഒരു പദാർത്ഥംതന്നെ നാനാപദാർത്ഥങ്ങളായിത്തീരുന്നു എന്നുള്ളതിനെ തെളിയിക്കുന്നുണ്ട്. "

" ഈ ഭുവനം മുഴുവനും ആ അറിവാകുന്ന ഒന്നിൽ തന്നെ നാനാപ്രകാരേണ തോന്നുന്ന തോന്നലാകയാൽ എല്ലാം അറിവ് അല്ലെങ്കിൽ ചിന്മാത്രമാകുന്നു" എന്നാണ് ആശാൻ ചിന്തിക്കുന്നത്. ആശാൻ ബുദ്ധമതത്തെ വിമർശിക്കാനാണ് 'കരുണ' എഴുതിയത്; ചിലർ പറയുന്നതുപോലെ പതിതയായ ഒരു സ്ത്രീക്ക് മോക്ഷം കൊടുക്കുന്നത് വിവരിക്കാനല്ല. ഒരു സന്യാസിക്ക് പോലും അയാൾ നിശ്ചയിച്ച ഒരു അതിർവരമ്പുണ്ടെന്നു വ്യക്തമാക്കുകയാണ് ആശാൻ. അവിടെ ആശയവും ആദർശവും ചേർന്നു ഒരു സാങ്കല്പിക ആകാശമാണ് സൃഷ്ടിക്കുന്നത്. അതിനുള്ളിൽ മന:സമാധാനവും ശാന്തിയും തേടുന്നത് ,ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കുന്നവർക്ക്, പൊള്ളത്തരമാണ്. ഇതിൽ മതമല്ല ,മത നിഷേധമാണുള്ളത്. ഒരു സ്ത്രീയോടു കരുണ കാണിക്കാൻ വൈകിയ ഒരു ഉപഗുപ്തൻ്റെ മതത്തിനു എന്ത് പ്രസക്തി എന്ന ചോദ്യമാണ് ഈ കാവ്യത്തിനടിയിൽ മുഴങ്ങുന്നത്. 

ശുചിത്വത്തെ സ്പർശിക്കാത്ത ശുദ്ധി എന്താണ് ?

ആശാൻ മതപരിവർത്തനത്തെ ഒരു ഘട്ടത്തിലും പിന്തുണയ്ക്കുന്നില്ല. ജാതീയമായി അപമാനിക്കപ്പെടുന്നവർ  മതം മാറി എവിടെച്ചെന്നാലും ആ വേർതിരിവും നിന്ദയും തുടരുക തന്നെ ചെയ്യുമെന്നാണ് ആശാൻ്റെ വാദം. മാത്രമല്ല, ആ പരിശ്രമങ്ങൾ ഗുരുവിനെ തന്നെ മതം മാറ്റാൻ ശ്രമിക്കുന്നതു പോലെ ഗുരുത്വമില്ലാത്ത പ്രവൃത്തിയിരിക്കുമെന്നും ആശാൻ  സൂചിപ്പിക്കുന്നുണ്ട് .ബുദ്ധമതത്തോടു ആദരവുണ്ട്. ബുദ്ധനോടു ബഹുമാനമുണ്ട് .സത്യാന്വേഷികളായ മനുഷ്യരോടു തോന്നുന്ന അടുപ്പമാണത്. അത് പരീക്ഷിക്കാനുള്ള അവസരമാണ് 'കരുണ'യിൽ ഒരുക്കുന്നത്. ഉപഗുപ്തൻ്റെ മുന്നിലെ ഏറ്റവും  ദുർഘടമായ ഒരു സന്ദർഭമാണ് വാസവദത്തയുടെ സാമീപ്യം. വാസവദത്തയുടെ കഥയിൽ ഒരു ബുദ്ധസന്യാസിക്ക് സ്വയം പരിശോധന ചെയ്യാനാവശ്യമായ നിമിഷങ്ങളാണുള്ളത്. നാം കൊണ്ടുനടക്കുന്ന പരിശുദ്ധി അല്ലെങ്കിൽ അസ്പൃശ്യത എന്ന  പൗരോഹിത്യവീക്ഷണം എത്രമാത്രം ആപൽക്കരമാണെന്നു കാണണം. പുരോഹിതന്മാർ, പൂജാരിമാര്‍ തുടങ്ങിയവർ ഭക്തരോടു ഒരകൽച്ച സൂക്ഷിക്കുന്നുണ്ട്. ഭക്തന്മാർ എത്ര ശുചിത്വത്തോടെയാണ് ചെന്നിട്ടുള്ളതെങ്കിലും പുരോഹിതന്മാരും പൂജാരിമാരും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഇത് ഏതുതരം  ശുദ്ധിയാണെന്നു മനസ്സിലാകുന്നില്ല. ശുചിത്വമുള്ള ഒരാളെ സ്പർശിച്ചാൽ  നഷ്ടപ്പെടുന്ന ശുദ്ധി എന്താണ്? ശ്രീകോവിലിനുള്ളിലെ ദൈവം  അസ്പൃശ്യതയിലല്ല നിലനിൽക്കുന്നത്. അത് സർവചരാചരസ്പർശയോഗ്യമാണ്.വനത്തിനുള്ളിൽ ഒരു കല്ലിൽ ഒരില വെച്ച് അതിൽ ഒരു തിരി കത്തിച്ചാൽ നമ്മുടെ ദൈവമായി. ദൈവം എവിടെയുമുണ്ടല്ലോ. ഇതാണ് നശ്വരതയുടെ പ്രാണൻ. എല്ലാം നശിക്കുന്ന ഈ ലോകത്ത് നാം തന്നെ ദൈവികതയുടെ പ്രതിനിധാനവും ആവിഷ്ക്കർത്താവും ആകുകയാണ്. ദൈവം അവിടെ നമ്മുടെ ഭാവനയാണ്. ആ ഭാവനയിൽ എത്രയും വിശുദ്ധി നിറയ്ക്കുകയാണ് ഉദ്ദേശശുദ്ധിയായി മാറുന്നത്. എന്നാൽ അസ്പൃശ്യത ദൈവത്തിനെതിരെയുള്ള  കലാപമാണ്. അകന്നു നിൽക്കുന്നതല്ല ദൈവികത .എന്തെന്നാൽ ദൈവം നമ്മളിൽ തന്നെയാണുള്ളത്. നാം പരമാവധി ശുദ്ധി പാലിക്കുമ്പോൾ നമ്മുടെ ദൈവവും ശുദ്ധി പാലിക്കുന്നു.  നാം രക്തദാഹിയാകുമ്പോൾ ദൈവവും രക്തദാഹിയാകുന്നു. അത് നമ്മുടെ തിരഞ്ഞെടുപ്പാണ് .നാം കർമ്മങ്ങളിലൂടെ ദൈവികത ആർജിക്കേണ്ടിയിരിക്കുന്നു. ദൈവികതയെന്നാൽ ശുദ്ധിയും  നേരായി മാർഗവും സദാചാരവും സദ്ചിന്തയും നന്മയുമാകുന്നു. അത് വേണമോ വേണ്ടയോ എന്നു നമുക്ക് തീരുമാനിക്കാം .

വാസവദത്തയുടെ ക്ഷണം ലഭിക്കുമ്പോൾ ഉപഗുപ്തൻ തൻ്റെ  സന്യാസത്തിലുള്ള വിഭിന്നത , അകൽച്ച ,അസ്പൃശ്യത പുറത്തെടുക്കുന്നു. അയാൾ മുൻവിധികളോടെ എല്ലാറ്റിനെയും കാണുകയാണ് .അനുഭവിക്കുമ്പോൾ ഉണ്ടാകേണ്ട ബോധ്യവും തിരഞ്ഞെടുപ്പും അയാൾ പരീക്ഷിക്കുന്നില്ല. അയാൾ സ്വയം കരുതുന്നത് ,താനാണ് ഈ ലോകത്തിൻ്റെ സകല ശുദ്ധിയും  സംഭരിച്ചുവച്ചിരിക്കുന്നത് എന്നാണ്. അതുകൊണ്ട് അയാൾക്ക് ചലിക്കാനാവുകയില്ല .ഏതൊരു ചലനവും തന്നേക്കാൾ ശുദ്ധി കുറഞ്ഞ മറ്റൊന്നുമായുള്ള അടുപ്പത്തിനോ സ്പർശത്തിനോ കാരണമാകുമെന്നയാൾ ചിന്തിക്കുന്നു. അതുകൊണ്ട് അയാൾ മാനവികത മാറ്റിവെച്ച് അസ്പൃശ്യതയെ മുറുക്കിപ്പിടിക്കുന്നു. അയാൾ തൻ്റെ  സാങ്കല്പികശുദ്ധിയുടെ വത്മീകത്തിൽ ഭദ്രമാണെന്നു വിചാരിക്കുന്നു.

പൗരോഹിത്യത്തെ ആക്രമിക്കുന്നു 

യഥാർത്ഥത്തിൽ നമ്മുടെ ഏകാന്തതയും സമാധാനവുമെല്ലാം അപരനിന്ദയിൽ അധിഷ്ഠിതമാണ്.  മറ്റുള്ള ദീനസ്വരങ്ങൾ കേൾക്കാനുള്ള കാതുകൾ നമുക്കില്ല. ആരുടെയും ദുഃഖം മനസ്സിലാക്കാനുള്ള ഹൃദയമില്ല. അതുകൊണ്ട് നാം ശാന്തരം കഠിനഹൃദയരുമായിരിക്കുന്നു.ഈ വ്യാജത്വമാണ് ഉപഗുപ്തനെ  അകറ്റുന്നത് .ആശാൻ ഈ മതസങ്കൽപ്പത്തെ, കൃത്രിമബോധ്യത്തെ ,പൗരോഹിത്യത്തെയാണ് ആക്രമിക്കുന്നത് .ഇത്തരം ആക്രമണങ്ങൾ വളരെ പ്രകടമാകാതെ നോക്കേണ്ടതുണ്ട്. അത് മതവികാരങ്ങളെ ചീത്തയാക്കാതെ ശ്രദ്ധിക്കണം. അതുകൊണ്ട് ആശാൻ ഉപഗുപ്തനെ പ്രത്യക്ഷത്തിൽ ആദരിക്കുന്നു.എന്നാൽ വാസവദത്തയ്ക്ക് ഉപഗുപ്തൻ്റെ മിഥ്യാപ്രേരിതമായ  ശുദ്ധിയെക്കുറിച്ചുള്ള സങ്കല്പം മനസ്സിലാകുന്നില്ല. അവൾക്ക് ക്ഷമ നശിക്കുകയാണ് .അവൾ ഒരു 'മനുഷ്യനെ'യാണ് തേടുന്നത്. അവൾ ജീവിതമാകുന്ന സത്യത്തിലാണുള്ളത്.ആദർശത്തെക്കാൾ അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. തൻ്റെ കൈയിൽ പണമില്ലാത്തതുകൊണ്ടാവാം ആ ഉപഗുപ്തൻ വരാത്തതെന്നു വാസവദത്ത അനുമാനിക്കുന്നു. കാരണം അവൾ ഒരു വേശ്യയാണല്ലോ. വേശ്യയായ ഒരുവൾ ക്ഷണിക്കുമ്പോൾ ഉപഗുപ്തനു തോന്നാനിടയുള്ളത്  അത് ലൈംഗികവൃത്തിക്കുവേണ്ടിയാ
യിരിക്കുമെന്നാണ്.

"ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ " ഇതാണ് യഥാർത്ഥ വാസവദത്ത .അവൾ മനുഷ്യത്വത്തിലേക്കുയരാൻ ഒരവസരം തേടുന്നു .ഉപഗുപ്തനാകട്ടെ തൻ്റെ അസ്പൃശ്യതയെ ദിവ്യമാക്കി കൊണ്ടുനടക്കുന്നു. അതുകൊണ്ട് ആശാൻ കരുണ എഴുതിയത് താൻ ബുദ്ധമതക്കാരനാണെന്നു സ്ഥാപിക്കാനല്ല ,മറിച്ച് ബുദ്ധപൗരോഹിത്യത്തെയും മനഷ്യത്വമില്ലാത്ത വിശ്വാസങ്ങളെയും അപലപിക്കാനാണ്. 

No comments: