Followers

Wednesday, December 25, 2024

ഉത്തര -ഉത്തരാധുനികത 3 /എം.കെ.ഹരികുമാർ


മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന ശൂന്യത 

യഥേഷ്ടം ഒരു വ്യക്തിക്ക് ഡിജിറ്റലാകാവുന്ന കാലമാണല്ലോ ഉത്തര-ഉത്തരാധുനികതയുടേത്. ഇലക്ട്രോണിക് ടെക്നോളജിയുടെ ഭാഗമായി ഒരു ഡേറ്റയാകാതെ മനുഷ്യനു ജീവിതമില്ല. കർത്തൃത്വം അല്ലെങ്കിൽ ഏകാന്തമായ സൃഷ്ടികർത്തൃപദവി(Authoriality) ക്ക് അപ്പുറം മനുഷ്യൻ സ്വയമൊരു ഡിജിറ്റൽ മാധ്യമമാകുകയാണ്. ഒരു പത്രാധിപർക്ക് കവിത അയച്ചു കൊടുത്ത് ,അത് അച്ചടിച്ചുവരുന്നത് നോക്കി മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന രീതി എൺപതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്നു.എന്നാൽ രണ്ടായിരാമാണ്ടോടെ സമൂഹമാധ്യമങ്ങളും ഗൂഗിൾ സെർച്ച് എഞ്ചിനും ബ്ലോഗുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടതിനെ തുടർന്ന്  ആർക്കും സ്വന്തം രചനകൾ പ്രസിദ്ധികരിക്കാം. ഒരു എഡിറ്ററുടെ സഹായം ആവശ്യമില്ല.  ഓൺലൈനിൽ സ്ഥലത്തിനു പരിധിയില്ലല്ലോ. ആയിരം പേജുള്ള പുസ്തകം എഴുതി നമുക്ക് ഇഷ്ടാനുസരണം അത് ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. വെബ്സൈറ്റുകൾ തുടങ്ങാം ,അതിൽ ചേർക്കാം.
എഡിറ്റർ ഇല്ല. സമൂഹമാധ്യമങ്ങളിലോ ടെലിവിഷൻ തൽസമയ പ്രോഗ്രാമുകളിലോ എഡിറ്റർ ഇല്ല .കാണികൾ ,ചർച്ചയിൽ പങ്കെടുക്കുന്നവർ തന്നെയാണ് ഉള്ളടക്കം നൽകുന്നത്. 

ഇന്ന് എഴുത്തുകാരൻ തന്നെയാണ് എഡിറ്റർ .അയാൾ തന്നെയാണ് പ്രസാധകൻ. എന്തെഴുതണമെന്ന്  തീരുമാനിക്കാൻ എഴുത്തുകാരന് സ്വാതന്ത്ര്യം ലഭിച്ച കാലമാണിത്. അയാളുടെ പേജുകൾ ഓൺലൈനിലാണുള്ളത്. പക്ഷേ ,എഴുതാനുള്ള കൗശലം ഇനിയും കണ്ടെത്താനുണ്ട്.എഴുത്തുകാരൻ തന്നെയാണ് മാധ്യമം ;അയാൾ സ്വന്തം ഇടവുമാണ് .അയാൾ ഒരു ചുവരാണ്. അയാൾക്ക് അതിൽ എഴുതി പ്രദർശിപ്പിക്കാം. അതുകൊണ്ട് എന്തും എഴുതാം.ഏതു വസ്തുവും അറിയാനുള്ളതാണ് .ഏത് വസ്തുവും നമുക്ക് പ്രതികരിക്കാനുള്ളതാണ്. എന്തിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടണം. അല്ലെങ്കിൽ ഏതു വസ്തുവും ഏത് സംഭവവും ഉൽക്കണ്ഠപ്പെടാനുള്ളതാണ്. എല്ലാറ്റിലും ചിന്താപരമായി വ്യവഹരിക്കുക എന്നതാണ് ജീവിതത്തിൻ്റെ അർത്ഥമെന്ന ഒരു സദാചാരം എവിടെ നിന്നോ മുളച്ചുപൊന്തിയിരിക്കുന്നു.ഏതു വസ്തുവിനും നമ്മുടെ ചിന്തയിലൂടെ ഒരസ്തിത്വം കൊടുക്കുകയാണ്  നമ്മുടെ ധർമ്മം എന്ന് നവമാധ്യമങ്ങളും നവരസങ്ങളും ഉറപ്പിച്ചിരിക്കുകയാണ്.

യുക്തിയുടെ ലഹരി  

മനുഷ്യൻ ഒരു ശാന്തതയോ അനുധ്യാനമോ അല്ല; ഒരു ഭീകരമായ നായാട്ടാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. മനുഷ്യൻ സകലതിൻ്റെയും യുക്തിയാണത്രെ. എല്ലാം ചെന്ന് അവസാനിക്കുന്നത് അവൻ്റെ തർക്കത്തിലും ജയത്തിലുമാണ് .രണ്ടു മനുഷ്യർ തമ്മിലുള്ള സംഭാഷണമോ സ്നേഹമോ ബന്ധമോ ഒരു കോടതിയിലോ ജഡ്ജിയുടെ മുന്നിലോ എത്തിച്ചേരാനുള്ളതാണ്. കാരണം, മനുഷ്യൻ യുക്തിയുടെ കളിയിൽ വിശ്വസിക്കുന്നു. യുക്തിയിൽ അവനു ജയിച്ചേ പറ്റൂ. അവന്റെ ഇടനില വേണ്ടി വരുന്നത് യുക്തിക്കാണ് .യുക്തി തന്നെ യുക്തിയുടെ ഒരു തുടർതർക്കവും സമസ്യയുമാണ് .യുക്തി കേവലമായി സകലതിൻ്റെയും അന്തിമവിധിയാണെന്നിരിക്കെ ,അതു തന്നെ ഇപ്പോൾ സങ്കീർണമായ എതിർപ്പിനും വഴിപിരിയലിനും കലഹത്തിനുമുള്ള ഉപാധിയായിരിക്കുന്നു. മനുഷ്യൻ യുക്തി ഉപയോഗിക്കുന്നത് മറ്റൊരുവൻ്റെ മേൽ വിജയം നേടാനാണ് .യുക്തി നമുക്ക് പരസ്പരം വേർപെടാനുള്ള ഇന്ധനമാണ്. നമ്മൾ യുക്തിയിൽ ജീവിക്കുന്നു, കലഹിക്കുന്നു ,മരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ എത്ര മണിക്കൂർ ചെലവിട്ടാലും പൂർണ്ണതയില്ല; അത് പിന്നെയും അനന്തമായി നീളുകയാണ്.

സമൂഹമാധ്യമത്തിനു ആദിയോ അന്ത മോ ഇല്ല. എന്നാൽ മനുഷ്യായുസ്സിനു ആദിയും അന്തവുമുണ്ട്. ഒരു  പുസ്തകത്തിനു ആദിയും അന്തവുമുണ്ട്. എഴുത്തുകാരനു ആദിയും അന്തവുമുണ്ട് .അതേസമയം ഗൂഗിൾ സെർച്ചിനു ആദിയും അന്തവുമില്ല.അത് എവിടെനിന്നും തുടങ്ങാം. എവിടെയും അവസാനിക്കുന്നില്ല. ലിങ്കുകളും ഹൈപ്പർ ലിങ്കുകളുമായി സേർച്ച് നീണ്ടു നീണ്ടുപോകും. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളിലും സംഭവിക്കുന്നത്.  ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ നമുക്ക് എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. ആ മാധ്യമത്തിനു ഒരു അവസാന പേജില്ല .നമ്മുടെ മുഖം അവിടെ പ്രസക്തമല്ല. നമ്മുടെ സമയത്തിനും പരിമിതിയുള്ളതുകൊണ്ട്  മാധ്യമങ്ങൾ ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ (aLarger than Life)നേടുകയാണ്. നമ്മെ നിരാശപ്പെടുത്തുന്നതും ഇതാണ്.ഒന്നിൽ നിന്നും നമുക്ക് സന്തോഷം ലഭിക്കുന്നില്ല .

നിരാശ ,വിദ്വേഷം

ജീവിതം അതിൻ്റെ മുന്നിൽ ഒന്നുമല്ല. ജീവിതം രോഗവും ആശ്ചര്യകരമായ ആസക്തിയും ഒളിച്ചുനോട്ടവും അശാന്തിയുമാണ് ,ഏതൊരാൾക്കും . അത് ദ്രവിച്ച ഓലയുടെ അറ്റത്ത് പറ്റിപ്പിടിച്ചുണരുന്ന തീയാണ്. അതിന് എപ്പോഴും മൃത്യുവിനെ സമീപത്ത് തന്നെ കാണേണ്ടി വരും. അത് അനിശ്ചിതമാണ് ,അലക്ഷ്യമാണ്, സർവത്ര അവ്യക്തമാണ്. എന്നാൽ സമൂഹമാധ്യമത്തിൽ ചെലവിടുന്ന  ഓരോ മണിക്കൂറും ഊർജമാണ് ചെലവിടേണ്ടത്. മനുഷ്യയുക്തിയുടെ ജീവിക്കാനുള്ള ഊർജ്ജമാണ് അവിടെ കുടഞ്ഞിടുന്നത്. കാമ്യവും
ആസക്തവുമായ ഓർമ്മകളാൽ ബന്ധിതമായി ഈ മാധ്യമങ്ങളിൽ നുഴഞ്ഞു നീങ്ങുന്ന ഓരോ വ്യക്തിയും മോഹാവേശത്താൽ ഊർജം നഷ്ടപ്പെട്ടവരായിത്തീരുന്നു, തകരുന്നു. ഭാവിയിലെ ഊർജ്ജമാണ് മാധ്യമ ജീവിതത്തോടുള്ള ആവേശത്തിൽ നശിപ്പിച്ചു കളയുന്നത്. ഇത് വ്യക്തിയെ ക്രമേണ നിരാശനും പരിക്ഷീണിതനുമാക്കുന്നു. അവൻ്റെ സ്വഭാവഘടനയിൽ വിള്ളലുണ്ടാക്കുന്നു.  പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ആഗ്രഹം കത്തിയായി മനസ്സിലൊളിപ്പിച്ചവർ വിദ്വേഷത്തിലേക്കാണ് ചെന്നു വീഴുന്നത് .അതുകൊണ്ടാണ് ഡോ. പത്മാ സുബ്രഹ്മണ്യത്തിൻ്റെ മനോഹരമായ നൃത്തം കണ്ടിട്ട് അതിനു നിലവാരമില്ലെന്ന് കമൻ്റ് എഴുതിയിടുന്നത് .ഒരു പ്രതിഷേധം, അത് അർത്ഥശൂന്യമാണെങ്കിലും പ്രകടിപ്പിക്കേണ്ടതുണ്ട്, സ്വന്തം ജീവിതത്തിനുള്ളിൽ ചുട്ടുപതഞ്ഞു പൊങ്ങിയ ആത്മനിന്ദയെ വെള്ളമൊഴിച്ചു കെടുത്താൻ! .

ജീവിതത്തിൻ്റെ നൈമിഷികത മുമ്പെന്നത്തേക്കാൾ വ്യക്തിയെ മരവിപ്പിക്കുന്നു. ആയിരമായിരം ധവളാഭമായ അനുഭവച്ചുമരുകൾ നമ്മെ വിളിക്കുമ്പോൾ എങ്ങനെയും അത് സ്വന്തമാക്കാൻ വ്യക്തിക്ക് വേഗം കൈവരിച്ചേ മതിയാകൂ. അവൻ വേഗ ജീവിയായി മാറുന്നു .അവനു മുന്നിൽ, വേഗതയില്ലാത്തതെല്ലാം മലിനവും അസംബന്ധവുമായി തീരുന്നു. സ്വന്തം വേഗതയ്ക്ക് വേണ്ടി അവൻ ക്രുദ്ധമൃഗമാവുന്നു. അവൻ ഉറ്റബന്ധുക്കളെയോ മക്കളെയോ സുഹൃത്തുക്കളെയോ തള്ളിക്കളഞ്ഞ് ഉള്ളിൽ തോന്നിയ ഭ്രമങ്ങൾക്ക് പിന്നാലെ പായുന്നു, പേ പിടിച്ച നായയെപ്പോലെ. സ്വന്തം കുഞ്ഞിനെ ജെസിബി ഉപയോഗിച്ച് മണ്ണിൽ താഴ്ത്താൻ കാമുകനെ സഹായിക്കുന്ന സ്ത്രീയെ പിടികൂടിയത് ഈ സാങ്കല്പിക സ്വർഗമാണ്.അവളുടെ തൊട്ടടുത്ത് ആ  സ്വർഗ്ഗം പ്രലോഭിപ്പിക്കുകയാണ്. അവൾക്ക് മറ്റൊന്നും ആലോചിക്കാനില്ല. കാമുകനുമൊത്തുള്ള ജീവിതം അവൾക്ക് പ്രിയപ്പെട്ടതാകാൻ കാരണം ജീവിതം വളരെ ചെറുതും പെട്ടെന്ന് തീർന്നു പോകുന്നതുമാണെന്ന തിരിച്ചറിവാണ് .താൻ പിന്തുടരുന്ന  ജീവിതം പഴകിയതും തന്റെ മോഹങ്ങൾക്ക് ആഴം നൽകാത്തതുമാണെന്ന അറിവിൽ നിന്ന് അവൾ ടേക്ക് ഓഫ് ചെയ്യുകയാണ്. 

ഈ വേഗവും ഭ്രമവും അവൾക്ക് സമ്മാനിച്ചത് ഉത്തര- ഉത്തരാധുനികമായ ജീവിത സമീപനമാണ് ,ഡിജിറ്റൽ ഓവർ ലോഡാണ് .മനുഷ്യൻ അവൻ്റെ തന്നെ കളിയുടെ ഇരയാകുകയാണ്.അത് വെയിൽ പോലെ എല്ലാവരിലേക്കും വന്നെത്തുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ മാത്രമല്ല, ഉപയോഗിക്കാത്തവരും അതിൻ്റെ  സ്വാധീനത്തിലാവുന്നു. മനുഷ്യന്റെ പെരുമാറ്റം സമൂഹത്തിലേക്കാണ് വ്യാപിക്കുന്നത്. ഒരാൾ മറ്റൊരാളോട് പറയുന്നത് ലോകത്തിൽ അപ്പോൾ തന്നെ കലരുകയാണ്. ഓരോ വ്യക്തിയും മാധ്യമമാണല്ലോ. മനസ്സുകൾ അത് സ്വാഭാവികമായി സ്വാംശീകരിക്കുന്നു. രണ്ടുപേർ തമ്മിലുള്ള ജീവിതത്തെക്കുറിച്ച്, ബന്ധത്തെക്കുറിച്ച് നമ്മൾ അറിയാൻ ഇടവരുന്ന നിമിഷം അത് പലതരത്തിൽ നമ്മെയും  സ്വാധീനിക്കുന്നു. കാരണം ,അത് സമൂഹ സ്വാധീനത്തിൻ്റെ പ്രത്യേകതയാണ്. 

സ്ഥലകാലങ്ങൾ അപ്രസക്തമായി 

സ്വയമൊരു മാധ്യമമാകയാൽ സമൂഹ മാധ്യമ അക്കൗണ്ടിൽ ഒരാൾക്ക് തന്നെക്കുറിച്ച് എന്തും എഴുതി പോസ്റ്റ് ചെയ്യാമല്ലോ.മറ്റൊരു മാധ്യമത്തിന്റെ ആവശ്യമില്ല.പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നെങ്കിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു കാര്യം പറയാൻ നേരിൽ കാണണം ,അല്ലെങ്കിൽ കത്തെഴുതണം. ഓരോരുത്തർക്കും പ്രത്യേകം കത്തെഴുതണം. ഇന്ന് അതിൻ്റെ ആവശ്യമില്ല. സമയം പലതിനുമായി വിഭജിച്ചുപോയതുകൊണ്ട്, സ്ഥലവും കാലവും അപ്രത്യക്ഷമായതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സംവദിക്കാം. ഒരേ സമയം ആയിരത്തിലധികം പേരോട് ആശയവിനിമയം നടത്താം ;ആരെയും നേരിൽ കാണാതെ. ഇത് ഉത്തര- ഉത്തരാധുനികതയുടെ പ്രത്യേകതയാണ്. സ്ഥലവും കാലവും അപ്രത്യക്ഷമായിരിക്കുന്നു .പ്രത്യേക സ്ഥലത്തിനകത്തിരുന്ന് ഒരു നിശ്ചിത സമയത്തിനുള്ളിൽ ജോലി ചെയ്യുക എന്ന നിബന്ധനയില്ല. ഒരു ജോലി ചെയ്യുന്നതിനിടയിൽ പലതരം വ്യക്തി ബന്ധങ്ങളും ആത്മബന്ധങ്ങളും കണ്ടെത്താം; തുടരാം, അവസാനിപ്പിക്കാം. ഒരു ബന്ധം തുടങ്ങുന്നത് തന്നെ അവസാനിപ്പിക്കാനുള്ളതാണെന്നതാണ് സോഷ്യൽ മീഡിയ നൽകുന്ന സന്ദേശം.
ഇത് തെറ്റായ സന്ദേശമാണ്. ദീർഘിച്ച ഒരു ബന്ധം ജീവിതത്തിന്റെ വേഗത്തിന് അസഹനീയമാണത്രേ. 

അശരീരിയായി ജീവിക്കുന്ന മനുഷ്യനു എല്ലാത്തിലും ഇടപെടാം , പിന്മാറാം,ഒളിച്ചിരിക്കാം. അമിതമായ ആവേശം കാണിച്ചു ഒന്നിനോടു പ്രതികരിച്ച ശേഷം ,തൊട്ടടുത്ത നിമിഷം മറ്റൊരു വിഷയത്തിനു വേണ്ടി പരതുന്നു. പ്രശ്നങ്ങളിൽ മൗലികതയോ ശരീരമോ ഇല്ലാതെ ജീവിച്ചതിന്റെ ഫലമായി ഉണ്ടാകുന്നത് ക്രൂരമായ ഒരു മന്ദഹാസമാണ്.ഇത് ആത്മശൂന്യതയാണ്. എല്ലാത്തിനോടു മുള്ള വെറുപ്പും അവജ്ഞയുമാണ്.  അതാണ് ഇന്നു ചിലരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്നു നിറയുന്ന ടൺ കണക്കിന് തെറികൾ.പതിറ്റാണ്ടുകൾക്കു മുൻപായിരുന്നെങ്കിൽ മൗലികതയായിരുന്നു ലക്ഷ്യം. ഇന്നു മൗലികതയില്ലാതിരിക്കാനാണ്  ആളുകൾ ഇടപെടുന്നത്. ഒരു വഷളനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനാവശ്യമായ ഭാഷയാണ് ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ഉപയോഗിക്കുന്നത്. അതിലാണ് അവരുടെ വിജയം .

തെറി പറയാൻ ഒരാളെ കിട്ടാത്തതിൻ്റെ അമർഷം മിക്ക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രകടമാണ്. ഉള്ളിൽ നിമിഷം തോറും ഫണം നിവർത്തുന്ന വെറുപ്പ് പടർന്നു പന്തലിക്കാൻ അഹന്തയുടെയും ആൾമാറാട്ടത്തിൻ്റെയും ഒളിഞ്ഞിരുപ്പിൻ്റെയും ഇടങ്ങളാണ്  വേണ്ടത് .മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തെ ചികഞ്ഞു ചികഞ്ഞു കുത്തി പുറത്തെടുത്തിരിക്കുകയാണ്. ഇരുട്ട് ചിലപ്പോൾ നല്ലതാണ്, തെറി പറയാനും നഗ്നമാവാനും .ഓരോരുത്തരും അവരവരുടെ ഇരുട്ടുമുറികൾ ,ഇരുട്ട് ഇടവഴികൾ കണ്ടെത്തുമ്പോൾ അതൊരു ആഘോഷമാകുന്നു.

ഓർമ്മകൾ ഭാരം 

ഒരു പ്രതികരണമോ സംഭാഷണമോ എന്നും നിലനിൽക്കാനുള്ളതല്ല .അത് നിമിഷത്തെ ജയിക്കാനുള്ളതാണ്. പുതിയൊരു മന:ശാസ്ത്ര പാഠം പിറവിയെടുക്കുകയാണ്. മനുഷ്യർ അവരുടെ നിത്യതയുടെയും, ഓർമ്മയുടെയും പുരാതനത്വത്തിന്റെയും ഉടയാടകൾ വലിച്ചെറിഞ്ഞു നൈമിഷികമായ ഉപഭോഗത്തിന്റെയും സ്വയം വഞ്ചനയുടെയും പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.ഓർമ്മകൾ ഭാരമാവുകയാണ്.ആത്മബന്ധങ്ങളല്ല ,ആത്മ ശൂന്യതയാണ് ഉണ്ടാകുന്നത്. മനുഷ്യൻ്റേതു മാത്രമായ ഒരു ശൂന്യത (Human emptiness)യാണ്  സൃഷ്ടിക്കപ്പെടുന്നത്. ആ ശൂന്യത  മനുഷ്യരാഹിത്യമാണ്. മനുഷ്യൻ ശാരീരികമായി ജീവിച്ചിരിക്കെ തന്നെ അവൻ അശരീരിയായി മറ്റൊരു ജീവിതം നയിക്കുന്നു. രണ്ടു ജീവിതമാണ് കൈവരുന്നത്. ഓഫീസിലും പണിശാലയിലും പോകുന്നവർക്ക് ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഒരു ലോകം, ലൗകിക ജീവിതത്തിലെ പ്രവൃത്തികളുടെ ഒരു ലോകം കിട്ടുന്നു.എന്നാൽ അവന്റെ സമൂഹമാധ്യമങ്ങളിലെ ജീവിതത്തിനു ശരീരം വേണ്ട. അവനെ കാണാത്ത ,അവൻ അറിയാത്ത നൂറുകണക്കിനാളുകളുമായി ആശയവിനിമയം നടത്താം, വഴക്കിടാം ,പ്രേമിക്കാം, വേർപിരിയാം , മറക്കാം .ഒന്നിനും നിലനിൽപ്പില്ല. ഇതൊരു ആഡംബരമാണ് .മനുഷ്യനു ഇതൊഴിവാക്കാനാവില്ല .ഫ്രഞ്ച് സോഷ്യോളജിസ്റ്റായ ഷാങ് ബോദ്രിയാർ  പറഞ്ഞതുപോലെ, അവന്റേത് ഒരു യാഥാർത്ഥ്യമല്ല ,യാഥാർത്ഥ്യത്തിന്റെ അനുകരണമാണ്. യഥാർത്ഥ റോസാപ്പൂവിനു പകരം പ്ളാസ്റ്റിക്  റോസാപ്പൂ കൊണ്ട് അവനു തൃപ്തിപ്പെടേണ്ടി വരുന്നു. 

അശരീരികയായിരിക്കുന്നത് അസ്തിത്വത്തിനു ഒരു മറ നൽകുന്നുണ്ട് .സ്വന്തം ജീവിതത്തെ ഒരു വിളിപ്പാടകലേക്ക് മാറ്റിനിർത്താനുള്ള സാധ്യതയാണ് ഇതിലൂടെ കൈവരുന്നത്. നേരിട്ടുള്ള ഒരു സംസാരവുമില്ല ,എല്ലാം മാധ്യമത്തിലൂടെയാണ്. ഈ മാധ്യമത്തിൽ സ്വന്തം ശരീരവും മനസ്സും മറച്ചുവയ്ക്കാം. നമുക്കില്ലാത്ത ഒരു വ്യക്തിത്വം ഉണ്ടെന്ന് സങ്കൽപ്പിക്കാം.  സ്വഭാവവും വ്യക്തിത്വവും  ഇല്ലാത്തവരായി ജീവിക്കാം. ഇന്ന് വ്യക്തിത്വം ആവശ്യമില്ല .

ഓരോരുത്തരും ഓരോ സമയമാണ്. ആ സമയത്തിന്റെ ആവശ്യകതയനുസരിച്ച് ഓരോ സ്വഭാവം കൈവരിക്കുകയാണ്. അശരീരിയായതുകൊണ്ട് ആരോടും ഒരു ബന്ധവും വേണ്ട. പഴുതുകളിലൂടെയുള്ള നോട്ടമാണ് എവിടെയും. ഇന്നത്തെ സാഹിത്യത്തെയും കലയെയും , ഭാഗികവും അപൂർണ്ണവും താൽക്കാലികവും സ്വയം വഞ്ചിക്കുന്നതുമായ ഈ നോട്ടം സ്വാധീനിച്ചിരിക്കുന്നു. ആ നോട്ടത്തിലൂടെ മനുഷ്യനിർമ്മിതവും എന്നാൽ മനുഷ്യത്വരഹിതവുമായ ഒരു ശൂന്യതയാണ് പ്രവഹിക്കുന്നത്.
മനുഷ്യർക്ക് ദീർഘകാലം ഇങ്ങനെ സന്ദേശങ്ങളും ഇമോജികളും  ചിത്രങ്ങളും അയച്ചുകൊണ്ട് അശരീരിയായി  ജീവിക്കാനൊക്കുമോ ?യാതൊരു ആത്മബന്ധവും ഇല്ലാതിരിക്കുന്നതിൻ്റെ  ഈഗോയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക്, മാനുഷികവും സഹാനുഭൂതിയാൽ ത്രസിക്കുന്നതുമായ ഒരു സർഗാത്മക ലോകം സൃഷ്ടിക്കാനാകുമോ?

അശരീരിയായി പ്രണയിക്കാം 

വാസ്തവത്തിൽ ,മനുഷ്യന്റെ നോട്ടങ്ങളും സമീപനങ്ങളും അങ്ങേയറ്റം നിർവ്യക്തീകരിക്ക (No Person)പ്പെടുകയും അതേസമയം അത്  മനുഷ്യരുടെ ലോകത്തിലെ സജീവമായ വർത്തമാനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശരീരമില്ലാതെ പ്രണയിക്കുന്നതുകൊണ്ട് ആർക്കും നഷ്ടമുണ്ടാകില്ലായിരിക്കാം.   പ്രേമിക്കുന്നവർക്ക് അവരുടെ പ്രേമത്തെ എവിടെ വച്ചും ഉപേക്ഷിക്കാൻ കഴിയുമായിരിക്കും. നമ്മുടെ തന്നെ വികാരങ്ങൾ കൂടെ കൊണ്ടുനടക്കാവുന്ന (Portable)ഉപകരണങ്ങൾ പോലെയായിരിക്കുന്നു. എപ്പോഴാണ് ആവശ്യം വരുകയെന്ന്  അറിയാവുന്നതുകൊണ്ട് അത് കൈയിലെടുക്കുന്നു .എന്നാൽ ഉപയോഗശേഷം വലിച്ചെറിയാൻ സൗകര്യമാണ്.വികാരങ്ങൾ ശരീരത്തിൽ തിരുകി വയ്ക്കാവുന്ന വസ്തുക്കളാണ്. ആ വികാരങ്ങളുമായി ആർക്കും ആത്മബന്ധമില്ല .കാപ്പി കുടിച്ച ശേഷം വലിച്ചെറിയുന്ന കപ്പ് പോലെയാണ് മനുഷ്യവികാരങ്ങൾ.

മനുഷ്യൻ അവൻ്റെ ശരീരം മാത്രമാണ്. അതാണ് ഉത്തര- ഉത്തരാധുനികതയുടെ ഭിന്ന മാനങ്ങളിലൊന്ന്. അവൻ്റെ ദീർഘിച്ചതും സജീവവുമായ മാധ്യമ ഇടപാടുകളിൽ അവനു ഒന്നിനോടും ഹൃദയബന്ധമില്ല .എല്ലാറ്റിനെയും തള്ളി പറയാനും എല്ലാറ്റിനെക്കുറിച്ചും അഭിപ്രായം പറയാനും അവൻ വിധിക്കപ്പെട്ടിരിക്കുന്നു .ഒന്നും തന്നെ - ഓർമ്മകളോ ,സന്ദേശങ്ങളോ, ചിത്രങ്ങളോ, പുസ്തകങ്ങളോ, പാട്ടുകളോ -സൂക്ഷിച്ച വയ്ക്കാൻ പറ്റുന്നില്ല .സമയം പരിമിതമാകയാൽ സൂക്ഷിച്ചു വയ്ക്കപ്പെട്ട മൂല്യങ്ങളിലേക്ക് പിന്തിരിഞ്ഞു ചെല്ലാനാവില്ല. ജീവിതം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.പുതിയ  അർത്ഥരഹിത വർത്തമാനങ്ങൾ പ്രളയ സമാനമായി പ്രത്യക്ഷമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ  ലക്ഷക്കണക്കിന് ഫോട്ടോകൾ പോസ്റ്റ് ചെയ്യപ്പെടുന്നു.ഫേസ്ബുക്കിൽ കോടിക്കണക്കിനു സന്ദേശങ്ങൾ ,പോസ്റ്റുകൾ വന്നു മറിയുകയാണ്.ഇതെല്ലാം തൻ്റെ തലയിലേക്ക് കയറ്റാനായി അവൻ ഉറക്കമൊഴിക്കുന്നു. അവൻ്റെ തലയിൽ നിറയ്ക്കുന്ന സമയത്തു തന്നെ അത് അപ്രത്യക്ഷമാകുന്നു. അവനു ഉൾക്കൊള്ളാനും ശേഖരിക്കാനും പരിമിതിയുണ്ട്. അവൻ നിരാശയാൽ എല്ലാറ്റിനെയും കൈവിട്ടു കളയുന്നു. തൻ്റെ ആത്മശൂന്യതയെ ഒരു കാലാവസ്തുവായി നോക്കി കാണാൻ തുടങ്ങുന്നു. അതുകൊണ്ടാണ് അവനു കാമുകിയുടെ ശരീരം വെട്ടി നുറുക്കി ഒരു പെട്ടിയിലാക്കി കൊണ്ടുനടക്കാൻ തോന്നുന്നത്. ആളുകൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ദേവാലയത്തിലേക്ക് കടന്നു ചെന്നു വെടിവച്ച ശേഷം ,അതിൻ്റെ  ഫേസ്ബുക്ക് ലൈവ് കൊടുക്കുന്നത്. 
സ്വന്തം ശരീരത്തെ ചരിത്രത്തിൽ നിന്നും ഓർമ്മയിൽ നിന്നും മാറ്റി മൗലികതയിൽ നിന്നു ഓടി രക്ഷപ്പെടുകയാണ് ഈ കാലം . 




  • No comments: