രമണ
മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു:
"ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക്
ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ
മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ
ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ്
.ചിലരുടെ ശേഖരത്തിൽ നിന്ന് സമീപകാലത്ത് മാത്രം പുറത്തുവന്ന ഗുരുവിൻ്റെ ചില
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കാണാനിടയായി.ഗുരു ഉടുത്തിരിക്കുന്നത് ഒരു
സാധാരണ വെള്ള മുണ്ടാണ്. യാത്ര ചെയ്ത് ഉലഞ്ഞതിൻ്റെ പാടുകൾ അതിൽ കാണാം. ആ
ഫോട്ടോയിൽ യഥാർത്ഥ ഗുരുവിനെ കാണാം. .ഒരു ഫോട്ടോ ചില പ്രമുഖരായ
വ്യക്തികളോടൊപ്പമാണ്. അവർ പാൻ്റ്സും കോട്ടും ധരിച്ചതുകൊണ്ട് ഡോക്ടർമാരോ
നിയമജ്ഞരോ ആകാനാണ് സാധ്യത. അതോടൊപ്പം സാധാരണക്കാരുമുണ്ട്. മറ്റൊരു
ഫോട്ടോയിൽ ഗുരു ഒരു പഴയ ചുമരിനോട് ചേർന്ന് കസേരയിൽ ഒറ്റയ്ക്ക്
ഇരിക്കുന്നതാണ് കണ്ടത്.
രണ്ടിലും ഗുരുവിന്റെ
പ്രായാധിക്യവും ജ്ഞാനത്താൽ തീക്ഷ്ണമായ കണ്ണുകളും ആത്മീയമായ പരിവ്റാകത്വവും
പരിത്യാഗം മനോഭാവവും തെളിഞ്ഞു കാണാം.ഗുരുവിനെ പിൻപറ്റി വന്ന ഒരു
സന്യാസിയെന്ന നിലയിൽ അവ്യയാനന്ദ സ്വാമിക്കും ഇതേക്കുറിച്ച് പലതും
പറയാനുണ്ടാകും എന്നറിയാം. സ്വാമിയുടെ 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം' എന്ന
പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.
പാരിജാതത്തിൻ്റെ സന്ധ്യകൾ
സ്വാമി
ഇടവേളകളിൽ നിശ്ശബ്ദതയിലേക്ക് ആണ്ടു പോകാറുണ്ട് .ചിലപ്പോൾ ധ്യാനാത്മകമായ
നിശബ്ദതയാകാം. പ്രാർത്ഥനയുടെ അനുരണനങ്ങൾ ഉള്ളിലേക്ക് തന്നെ
ചൂഴ്ന്നിറങ്ങുന്നുണ്ടാവാം. പ്രപഞ്ചത്തിന് അനേകം സ്പന്ദനങ്ങളുണ്ട് .അതിൽ
എവിടെയോ നമ്മളുമുണ്ട് .സ്വാമിയുടെ നിശ്ശബ്ദതകളിൽ പൊതുവേ ആരെയും
വിളിക്കുകയോ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. അത് മൗനത്തിനും
വാക്കുകളുടെ സംഗീതത്തിനുമിടയിലുള്ള രൂപാന്തരപ്പെടലാണ്. ആ നിശ്ശബ്ദതയിലേക്ക്
പ്രവേശനമില്ല .ഞാൻ ചിലപ്പോൾ വിളിക്കാറുണ്ട് .അപ്പോൾ സംഭാഷണങ്ങൾക്ക് ഊർജ്ജം
ഉണ്ടാവാറില്ല. ഒരു വിമുഖത അനുഭവപ്പെടും .എഴുതാനോ വായിക്കാനോ തോന്നാത്ത
ഒരവസ്ഥയാണത്രേ അത്. ചിലപ്പോൾ ഈ അവസ്ഥ വർഷങ്ങൾ നീണ്ടു പോയേക്കാം.
പഴഞ്ഞി
ഗുരുപ്രഭാവാശ്രമത്തിൽ സ്വാമി ചുമതലകൾ നിർവഹിച്ചിരുന്ന കാലത്ത് ഞാൻ
വല്ലപ്പോഴും പോകാറുണ്ടായിരുന്നു. അവിടെ നിറഞ്ഞു കായ്ക്കുന്ന
പ്ലാവുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോഴൊക്കെ സ്വാമി എനിക്ക് രുചികരമായ
ചക്കപ്പുഴുക്ക് നൽകി സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഊണു കഴിഞ്ഞാൽ ഞങ്ങൾ
ക്ഷേത്രത്തിനോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ് വിശ്രമിക്കുക. അവിടെയാണല്ലോ
സ്വാമിയുടെ താമസം. അവിടെ സ്വാമിയുടെ മുറിക്കകത്ത് പുസ്തകങ്ങൾ അടക്കി
വച്ചിരുന്നു. അതിലേക്ക് നമ്മൾ നോക്കുന്നത് കണ്ടാൽ സ്വാമി വാചാലനാകാൻ
തുടങ്ങും .ശാശ്വതികാനന്ദ സ്വാമി, നിത്യചൈതന്യയതി ,സുകുമാർ അഴീക്കോട് ,സി.
രാധാകൃഷ്ണൻ ... സ്വാമി വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും .
ലളിതമായാണ്
സംസാരിക്കുക. സംസാരത്തിനിടയിൽ ആസ്വദിക്കുന്ന മട്ടിൽ ചിരിക്കുകയും ചെയ്യും.
ആ കൊച്ചു വീടിൻ്റെ മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു .അത് വിശുദ്ധവും
സുവർണ്ണവുമായ ഒരു ജീവിതത്തിന്റെ പ്രചീനമായ സാന്നിധ്യത്തെക്കുറിച്ച്
ഓർമ്മപ്പെടുത്തുകയാണ്. പാരിജാതത്തിൻ്റെ ഇലകൾ മുട്ടിയുരുമ്മുന്ന ശബ്ദത്തിൽ
ഗുരുഭാവമോ? അവിടെയാണ് അവ്യയാനന്ദ സ്വാമി സാഹിതീയമായ പ്രസാദസൗഖ്യം
അനുഭവിച്ചത്. സന്ധ്യകളിൽ ആ മരത്തിന്റെ കൊമ്പുകളിൽ പറ്റിക്കൂടുന്ന ചെറിയ
പക്ഷികൾക്കൊപ്പം രാത്രിയുടെ സംഗീതവും കേൾക്കുന്നുണ്ടാവും. സ്വാമി അതിനെ
പദാത്മകമായ അഭിവാഞ്ചകളായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കും.ജീവിതത്തിൽ
പദവിയോ ധനമോ മറ്റു ലാഭങ്ങളോ വേണ്ടെന്ന് വെച്ചവർക്ക് പാരിജാതത്തിന്റെ
സാന്ത്വനം പ്രധാനമാണ് .ഒരു മരച്ചുട്ടിൽ ഇരുന്നാൽ മതി; ചിലപ്പോൾ
ബോധത്തിനടിയിൽ നിന്ന് രഹസ്യങ്ങളുടെ കുമിളകൾ മുകളിലോട്ട് വരാൻ തുടങ്ങും.
ആത്മീയതയിൽ സൗഹൃദം
റോസ്
നിറത്തിലുള്ള വേഷം ധരിച്ച ശാശ്വതികാനന്ദ സ്വാമിയാണ് എന്നോട് ശിവഗിരിയിൽ
പ്രഭാഷണം ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അത്
രണ്ടായിരാമാണ്ടിലാണെന്നു തോന്നുന്നു. ഒരു ദിവസം രാവിലെ അഞ്ചുമണിക്ക്
എനിക്ക് ഒരു കോൾ വന്നു.ഞാൻ തൃപ്പൂണിത്തുറയിലാണ് അന്ന് താമസിച്ചിരുന്നത്.
ഫോണെടുത്തപ്പോൾ കേട്ടത് ശാശ്വതികാനന്ദ സ്വാമിയുടെ ശബ്ദമാണ്. സ്വാമി എന്നെ
ക്ഷണിച്ചു. എന്നാൽ ആ സംഭാഷണം കഴിഞ്ഞ ഉടനെ ശാശ്വതികാനന്ദ സ്വാമി ഫോൺ
അവ്യയാനന്ദ സ്വാമിക്ക് കൈമാറി.
ഞങ്ങൾ തമ്മിൽ
നേരത്തെ തന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. സൂക്ഷ്മാനന്ദ
സ്വാമിയുടെ ഒരു പുസ്തകത്തെക്കുറിച്ച് ഞാൻ 'കർപ്പൂരം' മാസികയിലെഴുതിയ ഒരു
ലേഖനത്തിന്റെ പേര് 'ബദാം മരത്തിൻ്റെ ആത്മീയത' എന്നായിരുന്നു. അത്
വായിച്ചിട്ടാണ് സ്വാമി വന്നത്. കേരളകൗമുദി കൊച്ചി ഓഫീസിൽ വന്നപ്പോൾ സ്വാമി,
എന്തുകൊണ്ടാണ് ഞാൻ ആ ടൈറ്റിൽ തിരഞ്ഞെടുത്തത് തുടങ്ങിയ കാര്യങ്ങൾ
ചോദിച്ചറിഞ്ഞു .എനിക്ക് പറ്റിയ കക്ഷിയാണ് ഈ സ്വാമി എന്ന് അന്നാണ് ഞാൻ
തിരിച്ചറിഞ്ഞത്.
പിന്നീട് ഞങ്ങൾ തമ്മിൽ
നിരന്തരമായ സ്നേഹഭാഷണം തുടർന്നു. സ്വാമി എൻ്റെ രചനകളോടും പുസ്തകങ്ങളാടും
ഒപ്പം സഞ്ചരിച്ചു. എൻ്റെ പംക്തികൾ വായിച്ച് പ്രതികരിച്ചു. ഇതൊക്കെ എനിക്ക്
പ്രചോദനമാണ് .എനിക്ക് ആത്മീയമായ ഒരു സുഹൃത്താണ് സ്വാമി ; ആദരവോടെയാണ് ഞാൻ ആ
സൗഹൃദത്തെ കാണുന്നത്.
സ്വാമിക്ക് എഴുത്തും
വായനയുമില്ലാത്ത ഘട്ടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ ലേഖനങ്ങൾ എഴുതാൻ
ആവശ്യപ്പെടാറുണ്ട്. പലപ്പോഴും നിരാശപ്പെടുത്തുന്ന മറുപടിയാണ് ഉണ്ടാവുക
.നിശ്ശബ്ദതയെ പ്രേമിച്ച സന്യാസിയാണ് അവ്യയാനന്ദ സ്വാമി.സ്വാമി
സപ്തതിയിലെത്തുമ്പോൾ അത് ജീവിതത്തിലെ കാഴ്ചകൾക്കെല്ലാം മനോഹാരിത നൽകുന്നു.
പോൾ ബ്രണ്ടൻ ഇങ്ങനെ പറഞ്ഞു :"The deep silence has a melody of its own,a
sweetness unknown amid the harsh discords of the world's sounds."ഈ
ലോകത്തിലെ അസുഖകരമായ അപസ്വരങ്ങൾക്കിടയിൽ അറിയപ്പെടാത്ത ഒരു മാധുര്യമാണ്,
തനിമയാർന്ന ഒരു രാഗഭാവമുള്ള അഗാധനിശ്ശബ്ദത."
ആരോടും
ഒന്നും പറയാതെ ജീവിച്ചവരുണ്ടായിരുന്നു, ചരിത്രത്തിൽ. മഹാനായ ജർമ്മൻ
ചിന്തകൻ ഫ്രെഡറിക് നിഷെ പത്തു വർഷക്കാലം ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി
ജീവിച്ചു. ഇക്കാലത്ത് രോഗം വന്നപ്പോൾ ഡോക്ടർമാരെ കാണാനും അദ്ദേഹത്തിനു
മടിയായിരുന്നു. മനുഷ്യനെ അദ്ദേഹം വെറുക്കുകയാണ് ചെയ്തത്.ഇവിടെ അവ്യയാനന്ദ
സ്വാമി മനുഷ്യനെ വെറുക്കുന്നില്ല. പകരം പ്രാർത്ഥനയിലും ഏകാന്തമനനത്തിലും
മുഴുകുകയാണ് .
പ്രഭാതങ്ങളോട് പ്രേമം
ഏതാനും
മാസങ്ങൾക്കു മുൻപ് ഞാൻ സ്വാമിയുടെ ആത്മകഥയെക്കുറിച്ച് ഒരു റിവ്യൂ
എഴുതിയിരുന്നു, ഇംപ്രസിയോ ഡോട് കോമിൽ. സ്വാമിക്ക് അത് വളരെ ഇഷ്ടപ്പെട്ടതായി
പറഞ്ഞു.എന്തുകൊണ്ടെന്ന് അറിയില്ല, അധികം താമസിക്കാതെ സ്വാമി ലേഖനങ്ങൾ
വീണ്ടും എഴുതാൻ തുടങ്ങി. മനസ്സിനെ മൂടിയിരുന്ന കറുത്ത പുറംതോടുകൾ പൊട്ടി
സൂര്യന്റെ യഥാർത്ഥ കിരണങ്ങൾ പ്രവേശിച്ചു .പ്രഭാതങ്ങളെക്കുറിച്ച് എഴുതിയ
വരികൾ മനഃപാഠമാക്കുന്ന സ്വാമി ഒരു പുലർകാലപ്രേമിയാണ്. ദിവസത്തിൻ്റെ
ശുഭപ്രതീക്ഷയാണ് ഉദയ സൂര്യൻ. ആ സൂര്യനിൽ വിശ്വസിക്കുക. എല്ലാ സൗന്ദര്യവും
അവിടെയാണ്. ആ ഒഴുക്കിൽ സ്വാമി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ശിവഗിരി
നമ്മുടെ പുണ്യതീർത്ഥം.'
ദൈവപ്രസാദത്തെ വിട്ട്
സ്വാമി എഴുതുകയോ ഗ്രന്ഥനാമങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല .
'മൗനനിലയത്തിൽ മൊഴിയഴകിന്റെ ദേവത' എന്ന ലേഖനത്തിൽ (ശിവഗിരി നമ്മുടെ
പുണ്യതീർത്ഥം) സ്വാമി ഇങ്ങനെ എഴുതുന്നു: " മുനിമാരുടെ തലയിലെഴുന്നള്ളി
മൂളുന്നത് നീയാണ്. അറിവിൻ്റെ നിശ്ശബ്മധുരമായ മുഴക്കമാണത്. അത്
വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും ചിറകൊച്ചയാണ്. പനിയുണ്ടിടും കൃമി -
ഈർപ്പം തിന്നു ജീവിക്കുന്ന കൃമി -തുടങ്ങി എല്ലാം നിൻ്റെ ഇനമാണ്.
സർവ്വത്തിലും മൗനനില പൂണ്ടിരുന്നു മുഴങ്ങുന്ന മൊഴി നീയാണ്. മഹേശ്വരനും
മുനിമാർ തൊട്ട് കൃമിവരെയുള്ള എല്ലാം ഏകമായ നീയാണ് എന്ന അറിവ് എനിക്ക് തന്ന്
നീ നിലകൊണ്ടാലും. ഇടയിലിരുന്ന് കാണുന്ന ജനനത്തിനും മരണത്തിനും മധ്യേ
പൊടി(മണ്ണ്)കൊണ്ട് നിർമ്മിതമായ ഈ ഉടലിനു തടവില്ല. അതിൻ്റെ നാശം തടുത്തു
നിർത്താൻ ആവില്ല എന്ന്. അതുകൊണ്ട് നിൻ്റെ നാശമില്ലാത്ത ,നിത്യമായ,
നിരാമയമായ ഉടലെനിക്ക് തരിക. അറിവിന് നാശമില്ല. അതാണ് ജീവിതത്തെ
രചിക്കുന്നതും പരിണമിപ്പിക്കുന്നതും മാറ്റത്തിൻ്റെ അനശ്വരതയിലേക്ക് അതിനെ
നയിച്ചുകൊണ്ടിരിക്കുന്നതും .അതിനു ഉടൽ ഉണ്ടോ ?ഉണ്ടെങ്കിലെങ്ങനെ ?ഗുരുദേവൻ
അതൊന്നും പറയുന്നില്ല. "
ഗുരുവിൻ്റെ ചിന്തകളെ
ഇത്രയും ഹൃദ്യമായി ,ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവ് ശ്രദ്ധേയമാണ്.
ഏതൊരു സാധാരണ വായനക്കാരനും ഇത് പ്രചോദനവും മാർഗദർശനവുമാണ്. സ്വാമി സ്വയം
വ്യാഖ്യാനിച്ചു ബോധ്യപ്പെടുന്നതാണ് എഴുതുന്നത് .ആ സത്യസന്ധത പ്രധാനമാണ്
.ഗുരുവിൻ്റെ വാക്കുകളുടെയിടയിലെ മൗനങ്ങളെ നല്ലപോലെ മനനം ചെയ്യുകയാണിവിടെ
.ഇത് അവ്യയാനന്ദ സ്വാമിയുടെ രചനകളുടെ ഒരു പ്രതിനിധാനമായി കാണാവുന്നതാണ്
.ആനുകാലികങ്ങൾ വായിക്കുന്ന, എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന ഒരു
വ്യക്തിത്വമാണ് സ്വാമി. സ്വാമിക്ക് സാഹിത്യത്തിൽ കാഴ്ചപ്പാടുണ്ട്. ഏത്
ചവറും സ്വാമി വായിക്കുകയില്ല. ഉൽകൃഷ്ടമായ ആശയങ്ങളുള്ളവരെ ശ്രദ്ധിക്കുകയും
നിരീക്ഷിക്കുകക്കുകയും ചെയ്യും.
ഇന്ന്
ശിവഗിരിയിൽ പുസ്തകങ്ങളെ പ്രേമിക്കുന്ന ,ആശയങ്ങളിൽ ജീവിക്കുന്ന
സന്യാസിമാരുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ പ്രൗഢമായ ലേഖനങ്ങൾ ,വിശേഷിച്ച്
'ഗുരുസ്തവവായന'യും മറ്റും, മഹത്തരമാണ് .സ്വാമിക്ക് എപ്പോഴും എഴുതാൻ കഴിയും.
ഒരു വിചാര ജീവിയുടെ ലക്ഷണമാണിത്.ശുഭാംഗാനന്ദ സ്വാമിയുടെ പ്രസംഗങ്ങൾ
കേൾക്കാതിരിക്കാതാവില്ല. എറണാകുളത്ത് സഹോദരൻ സൗധത്തിൽ ,അവ്യയാനന്ദ
സ്വാമിയുടെ ദൈവദശകം വ്യാഖ്യാനത്തിൻ്റെ പുതിയ പതിപ്പ് പ്രകാശിപ്പിക്കുന്ന
ചടങ്ങിലാണ് ഞാൻ ഒടുവിൽ സ്വാമിയോടൊപ്പം പ്രസംഗിച്ചത്. അന്ന് സ്വാമിയുടെ
പ്രസംഗം പതിവുപോലെ ഉഗ്രമായി.ആശയങ്ങൾ അടുക്കോടെ ഒഴുകി വന്നു. ഗുരുവിൻ്റെ
തത്ത്വങ്ങളിലധിഷ്ഠിതമായ ദൈവികതയും മതേതരത്വവും എല്ലാ പ്രസംഗങ്ങളിലും
തുടിച്ചു നിൽക്കും. സൂക്ഷ്മാനന്ദ സ്വാമിയുടെ പുതിയ പുസ്തകം What We are All
About പുറത്തിറങ്ങിയിട്ട് അധികകാലമായില്ല. ഈ സന്യാസസംഘമാണ് അവ്യയാനന്ദ
സ്വാമിക്ക് കൂട്ടായിട്ടുള്ളത്. സ്വാമിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ഇപ്പോൾ
ശിവഗിരിയുടെ താഴ്വരയിൽ ഭദ്രമാണ്.
സ്വാമി ഇനിയും
എഴുതണം .ആത്മീയമായ സാഹോദര്യത്തെക്കുറിച്ചും മതങ്ങൾക്കപ്പുറത്തുള്ള
ദൈവികതയെക്കുറിച്ചും സ്വാമിക്ക് എഴുതാനുണ്ടെന്നറിയാം. നമ്മുടെ നാട്
ഇപ്പോഴും അപരിഷ്കൃതമായ ആത്മീയാചാരങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ഒരു
ആഗോള ഏകാത്മക സമന്വയത്തിൻ്റെ പ്രസക്തി എത്രയോ വലുതാണ്.
No comments:
Post a Comment