Followers

Saturday, March 22, 2008

ഈ കടുവകള്‍



ആ കടുവകള്‍
കൂട്ടത്തോടെയാണ്‌ ആറ്റിലേക്ക്
പോവുക.
അവര്‍ ഒരേ സമയം
വെള്ളം കുടിക്കും.
തലപൊക്കുന്നതും ഒരുമിച്ച് തന്നെ.
വല്ലതും തിന്നാന്‍ കിട്ടിയാല്‍
ഒരുമിച്ച് കഴിക്കും.
അതിനു മുമ്പ്
ഏതോ ഓട്ട മല്‍സരത്തിന്‌
തയ്യാറെടുക്കുമ്പോലെ അവ
പരസ്പരം നോക്കും.
എല്ലാവരും ഒരുമിച്ചായിരിക്കും
വിസര്‍ജിക്കുക.
എന്നലോ അവയ്ക്ക് തിന്നാന്‍ അറിയില്ല.
യജമാനന്‍ എല്ലാം സ്പൂണിലെന്നപോലെ
എടുത്തു കൊടുക്കണം.
ഒരുമിച്ച് അമറി ,ഒരുമിച്ച് ഇണചേര്‍ന്ന്,
ഒരുമിച്ച് പ്രസവിച്ച്
അവര്‍ വലിയ തത്വങ്ങള്‍ പറഞ്ഞ്
സ്വയം രസിച്ചുകൊണ്ടിരുന്നു.
ഒരു അടഞ്ഞ ലോകം എങ്ങനെ
ഉണ്ടാക്കാമെന്നും വന്ധ്യംകരണത്തിനും
പ്രസവാനുകൂല്യത്തിനും
ആണും പെണ്ണും ഒരുമിച്ച് സമ്മതിക്കുന്നത്
എങ്ങനെയെന്നും
പഠിക്കുന്നതിനു നിയോഗിക്കപ്പെട്ട
ആഗോള കമ്മിറ്റി
ഈ കടുവകളെത്തന്നെ തിരഞ്ഞു വന്നു.
കടുവകള്‍ തങ്ങളുടെ വിലപ്പെട്ട വന്ധ്യതയും
നപുംസകമായ വിധേയത്വവും
വലിയ നേട്ടമെന്ന മട്ടില്‍
തട്ടിവിട്ട് ചിരിച്ചു.
ആ ചിരിയിലൂടെ പുറത്തേക്ക് വന്നദുര്‍ഗന്ധം
അവിടമാകെ ഉണര്‍വ്വു പടര്‍ത്തി.
ഏത് വിധേനയും
ഒരു പാഠപുസ്തകത്തില്‍
കയറിക്കൂടിയാല്‍ മതിയെന്ന്
അവ ചിന്തിച്ചു.
എങ്കില്‍ പിന്നെ ആരെയും പേടിക്കണ്ട.
ഒന്നും മിണ്ടാതെ എല്ലാ വാര്‍ത്തകളും വായിച്ച്
സുഖമായി കിടന്നുറങ്ങുന്നതാണ്‌
എല്ലാത്തരം 'ചെങ്ങറ'കളെയും അതിജീവിക്കാനുള്ള വഴി.
അവ തീരുമാനിച്ചു.