Followers

Friday, November 28, 2008

ചിത്രങ്ങള്‍

നിശ്ശബ്ദത ഒരു വലിയ ജീവിതമാണ്‌.
എന്നാല്‍ ഈ ജീവിതത്തില്‍
നമ്മള്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്‌.
ഒറ്റപ്പെടല്‍ ഒരു കാവ്യ ഭാവനയാണ്‌.
കുറേ ചെറിയ കാര്യങ്ങളെ
വലുതാക്കി ഷോകേസ്‌ ചെയ്യാനുള്ള വഴി.
എന്നാല്‍ ഏത്‌ കവി വിചാരിച്ചാലും
ജീവിതം നന്നാവില്ല.
അതിന്‌ ആരിലും ഒന്നും പ്രതീക്ഷിക്കാനില്ല.
ജീവിതം എത്രയോ മുമ്പേ
എല്ലാം എഴുതുന്നു ,മായ്ക്കുന്നു.
ആര്‍ക്കും മനസ്സിലാകാത്ത
ചിത്രങ്ങള്‍ ജീവിതത്തിനുള്ളതാണ്‌.

ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്

ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.
ഒരു പരമ്പരാഗത കവിക്ക്‌
അത്‌ കവിതയാണ്‌.
എന്നാല്‍ പക്ഷി ഒരു പാട്ട്‌
കേള്‍ക്കാന്‍ പോലും അശക്തമാണ്‌.
അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍
എയ്തുവിട്ട കല്ല് തറച്ച്‌ ചോരയിറ്റുന്നുണ്ട്‌.
ഇല്ല ,കവിതയൊന്നുമില്ല
ഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്
നിര്‍ബന്ധമുണ്ട്‌.
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍
കവികള്‍ വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന് അതിന്‌
ഇതിനോടകം മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപ്പോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല .

ഒരിക്കല്‍ നമുക്ക്‌

ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.