Followers

Wednesday, February 5, 2025

എം.കെ.ഹരികുമാറിൻ്റെ കൃതികൾ



എം.കെ.ഹരികുമാറിൻ്റെ കൃതികൾ 

1)ആത്മായനങ്ങളുടെ ഖസാക്ക്
2)മനുഷ്യാംബരാന്തങ്ങൾ
3)അഹംബോധത്തിൻ്റെ സർഗാത്മകത
4)കഥ ആധുനികതയ്ക്ക് ശേഷം
5)വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ
6)പുതിയ കവിതയുടെ ദർശനം
7)അക്ഷരജാലകം 
8)നവാദ്വൈതം -വിജയൻ്റെ നോവലുകളിലൂടെ
9)എൻ്റെ മാനിഫെസ്റ്റോ
10)ചിന്തകൾക്കിടയിലെ ശലഭം
11)പ്രണയാഗ്നിയുമായി കാഫ്ക
12)ബഷീറിൻ്റെ പ്രയോജനം 
13)മറവിയുടെ നിർമ്മാണം
14)എൻ്റെ ജ്ഞാനമുകുളങ്ങൾ
15)ഉത്തര- ഉത്തരാധുനികത
16)ഓർമ്മയുടെ ശാകുന്തളം
17)സാഹിത്യത്തിൻ്റെ നവാദ്വൈതം 
18))ജലഛായ(നോവൽ)
19)സാഹിത്യത്തിൻ്റെ മതം
20)ദൈവദശകത്തിലെ ദൈവം 
21)ശ്രീനാരായണായ (നോവൽ)
22)വാൻഗോഗിന് (നോവൽ)
23)ക്ലോദ് മോനെ
24)ജലം എന്ന സുവിശേഷം (കവിത)
25)യേശുവിൻ്റെ നിറം (കവിത)
26)എം കെ ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ 
27)കുറ്റിപ്പുഴ കൃഷ്ണപിള്ള
28)ഫംഗസ് (കഥ)
29)സർവ്വസ്വ: ആത്മന(കവിത)
30)അക്ഷരജാലകം - വാല്യം 1
31)അക്ഷരജാലകം -വാല്യം 2 
32)ബുദ്ധിസ്റ്റ് നീലാകാശങ്ങൾ
33)ആത്മായനങ്ങളുടെ ജനിതകം
34)ഒ.വി.വിജയൻ സമസ്യകൾ
35)അനുധാവനം


  • ഡോ.എം.കെ ഹരികുമാർ

     


    ഡോ.എം.കെ ഹരികുമാർ 

    സ്വദേശം കൂത്താട്ടുകുളം .അച്ഛൻ എം. കെ. കൃഷ്ണൻ .അമ്മ സരോജിനി കൃഷ്ണൻ .കൂത്താട്ടുകുളം ഗവൺമെൻറ് യുപിഎസ്, കൂത്താട്ടുകുളം ഹൈസ്കൂൾ, കുറവിലങ്ങാട്  ദേവമാതാകോളജ് ,മൂവാറ്റുപുഴ നിർമ്മലാകോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ പത്രാധിപസമിതിയംഗമായിരുന്നു. ആദ്യ ലേഖനം 'സംക്രമണം' മാസികയിൽ (തിരുവനന്തപുരം) അച്ചടിച്ചു.

    കേരളസർക്കാരിൻ്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയംഗമാണ്. മലയാളസമീക്ഷ.കോം എന്ന മാസികയുടെ എഡിറ്ററായിരുന്നു. ഇപ്പോൾ മൈ ഇംപ്രസിയോ ഡോട്ട് കോം എന്ന ഓൺലൈൻ പോർട്ടലിൻ്റെ എഡിറ്ററാണ്.കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരികവകുപ്പിൻ്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. 1998 ൽ കേരളകൗമുദിയിൽ 'അക്ഷരജാലകം എന്ന പ്രതിവാര സാഹിത്യപംക്തി ആരംഭിച്ചു .പിന്നീട് കലാകൗമുദിയിൽ അക്ഷരജാലകം വർഷങ്ങളോളം തുടർന്നു. 26 വർഷം പിന്നിട്ട അക്ഷരജാലകം ഇപ്പോൾ 'മെട്രോവാർത്ത'യിൽ തുടരുന്നു. അക്ഷരജാലകത്തിനു (രണ്ടു വാല്യങ്ങൾ) അബുദാബി ശക്തി അവാർഡ് ലഭിച്ചു.ശിവഗിരി മഠത്തിൻ്റെ പുരസ്കാരം 'ശ്രീനാരായണായ'യ്ക്ക് ലഭിച്ചു. 

    ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്നു ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
    ഇപ്പോൾ പച്ചമലയാളം (അനുധാവനം), ഗുരുദേവൻ(ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും),സഹോദരൻ(എന്താണ് സാഹിത്യം ,കല?)പംക്തികൾ എഴുതുന്നു.

    നവാദ്വൈതം - വിജയൻ്റെ നോവലുകളുടെ എന്ന പുസ്തകത്തിനു കേരള സാഹിത്യഅക്കാദമിയുടെ വിലാസിനി പുരസ്കാരം ലഭിച്ചു. അങ്കണം അവാർഡ് ,ദുബായ് എക്സലൻസ് അവാർഡ്, ലണ്ടൻ ബൂലോക അവാർഡ് ,മുംബൈ രാഗസുധ അവാർഡ് ,പൂനെ പ്രവാസിശബ്ദം അവാർഡ് ,കേരള സാഹിത്യഅക്കാഡമി സ്കോളർഷിപ്പ്, ഒരുമ അവാർഡ് ,ഡോ.എം. ലീലാവതി ഏർപ്പെടുത്തിയ സി.പി. മേനോൻ അവാർഡ് ,മലയാളത്തിലെ ഏറ്റവും  മികച്ച കോളമിസ്റ്റിനുള്ള എക്സ്പ്രസ് ഹെറാൾഡ് അവാർഡ് (അമേരിക്ക),സ്വാതി അവാർഡ് ,സമകാലികകേരളം അവാർഡ് ,തൃശൂർ സഹൃദയവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചു. ആദ്യകൃതിയായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ൻ്റെ പേരിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം വിവിധ ശാഖകളിൽപ്പെട്ട കൃതികൾക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്  അവാർഡ്' സമ്മാനിച്ചിരുന്നു .35 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.



  • സ്വന്തം ചെവി മുറിച്ചിട്ടില്ലാത്ത വാൻഗോഗിനെക്കുറിച്ച്/സുധ മാര്യങ്ങാട്ട്

     




    എം.കെ.ഹരികുമാർ എഴുതിയ ‘വാൻഗോഗിന് ‘ എന്ന നോവലിൻ്റെ വായന

    കലാകാരൻ്റെ ജീവിതത്തെയും കലയെയും അപഗ്രഥിക്കാനും നിർവ്വചിക്കാനും വിലയിരുത്താനും പല കാലങ്ങളിൽ പല സിദ്ധാന്തങ്ങളുടെ പിൻബലത്തിൽ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത് ഇന്നും തുടരുന്നു . ലോകപ്രശസ്ത ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗിൻ്റെ ജീവിതചിത്രത്തെ കടുത്ത ചായക്കൂട്ടിൽ വരയ്ക്കാനും വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് എം. കെ. ഹരികുമാറിൻ്റെ ‘വാൻഗോഗിന് ‘ എന്ന നോവൽ. ജീവിച്ചിരിക്കുമ്പോൾ വെറുക്കപ്പെട്ടവനും മരണാനന്തരം വാഴ്ത്തപ്പെട്ടവനുമാകുന്ന ലോകനീതിയുടെ നീതിരാഹിത്യത്തെ പൊളിച്ചെഴുതുക, അവനവനോട് കൂടുതൽ സത്യസന്ധത പുലർത്തുന്ന കലാകാരൻ എങ്ങിനെയാണ് വ്യവസ്ഥാപിത കൗശലങ്ങൾക്ക് പുറത്താക്കപ്പെടുന്നത്, സ്വന്തം ചെവി മുറിച്ചു കാമുകിക്ക് നല്കിയ മാനസികവിഭ്രാന്തിയ്ക്കുടമ എന്ന വിശ്വാസത്തെ പുനർവിചിന്തനം നടത്തുക എന്നിങ്ങനെ നോവൽ അഭിസംബോധന ചെയ്യുന്ന പ്രശ്നങ്ങൾ നിരവധിയാണ് .

    പുതിയ ഘടന ,ആഖ്യാനം

    നോവലിൻ്റെ ഘടന ,ആഖ്യാനം എന്നീ തലങ്ങളിൽ വളരെ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വാൻഗോഗിൻ്റെ യഥാർത്ഥ ജീവചരിത്രമല്ല ഇത് .നോവലിസ്റ്റ് യഥാർത്ഥ വാൻഗോഗിൽ കുറേക്കൂടി അടുത്തു നിന്നു കാണാവുന്ന ,വിശ്വസനീയമായ ,മനന പ്രധാനമായ മറ്റൊരു വാൻഗോഗിനെ സൃഷ്ടിക്കുകയാണ്. ആ വലിയ കലാകാരനെക്കുറിച്ചുള്ള ചരിത്ര വസ്തുതകൾ പശ്ചാത്തലത്തിലുണ്ടെങ്കിലും നോവലിസ്റ്റ് അതിൽനിന്നു മുന്നോട്ടു പോകുന്നു. വാൻഗോഗ് കൂടുതൽ ഏകാകിയായത് എങ്ങനെയെല്ലാമാണെന്ന് അന്വേഷിക്കപ്പെടുന്നു.ഇത് സാമ്പ്രദായികമായല്ല പറയുന്നത്. പത്രവാർത്തകളെയും റിപ്പോർട്ടുകളെയുമാണ് ഉദ്ധരിക്കുന്നത്. എന്നാൽ ഈ പത്രവാർത്തകളും പത്ര റിപ്പോർട്ടുകളും വ്യാജമാണ്.ഫിക്ഷൻ യഥാർത്ഥമല്ല, യാഥാർത്ഥ്യത്തിൻ്റെ ഭാവന മാത്രമാണെന്ന് ഈ നോവൽ സ്ഥാപിക്കുന്നു. നോവലിലെ പല സന്ദർഭങ്ങളും സാങ്കല്പികമാണ്. ജീവിച്ചിരുന്ന വാൻഗോഗിനെ നോവലിസ്റ്റ് സങ്കല്പ്പിക്കുകയാണ്. അങ്ങനെ ജീവിതം ഫിക്ഷനായി മാറുന്നു. ഇതിനെ ഹരികുമാർ സ്യൂഡോ റിയലിസം എന്നാണ് വിളിക്കുന്നത്. ഇതും നോവലിസ്റ്റിൻ്റെ സ്വന്തം സങ്കേതമാണ്. കഥ പറയാൻ യാഥാർത്ഥ്യം മതിയാവാതെ വരുകയാണ്. അതുകൊണ്ട് ഫിക്ഷ്നെ യാഥാർത്ഥ്യമാക്കുന്നു. വാൻഗോഗ് തൻ്റെ ചെവി മുറിച്ചിട്ടില്ല എന്നാണ് ഈ നോവൽ സ്ഥാപിക്കുന്നത്. അത് പോൾ ഗോഗിനുമായുള്ള സംഘട്ടനത്തിൽ സംഭവിച്ചതാണ്.പോളിൻ്റെ വാൾകൊണ്ട് ചെവി മുറിഞ്ഞു വീഴുകയായിരുന്നു. ഈ സംഭവം തെളിയിക്കുന്നതിനാധാരമായ ചില വസ്തുതകളും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഇതാണ് ‘വാൻഗോഗിന് ‘ എന്ന നോവലിനെ പ്രസക്തമാക്കുന്നത്.

    തിയോഡോർ എന്ന നോവലിസ്റ്റിൻ്റെ ഉൾക്കാഴ്ചയിലൂടെ വാൻഗോഗിൻ്റെ കലാജീവിതത്തെയും വ്യക്തിജീവിതത്തെയും അന്വേഷണാത്മകമായി പുനരവതരിപ്പിക്കപ്പെടുന്നു. അതിന് ദിശാബോധം നല്കുന്നതാകട്ടെ നിക്കോളാസ് വിൽഹെം, സ്റ്റാൻലി പയസ്, എന്നിവരുടെ പത്രറിപ്പോർട്ടുകൾ, മാർസൽ യൂബേയുടെ ജീവിതചരിത്രവിവരണം, പോൾ ഗോഗിൻ്റെ ഡയറിക്കുറിപ്പുകൾ ,പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ്റെ റിപ്പോർട്ടുകൾ എന്നിവയാണ്. ഇതിലൂടെ അനാവരണം ചെയ്യുന്ന വാൻഗോഗിൻ്റെ വ്യക്തി ജീവിതത്തിലെ സ്ഫോടനങ്ങളും ഉരുൾപൊട്ടലും ഉൾച്ചേർന്ന് അപരവ്യക്തിത്വമെന്നോ തകർന്ന വ്യക്തിത്വമെന്നോ വിശേഷിപ്പിക്കാവുന്ന പ്രക്ഷുബ്ധതകളെ ഇഴവിടർത്തി പരിശോധിക്കുമ്പോൾ അദ്ദേഹത്തിൻ്റെ  ചിത്രങ്ങളെക്കാൾ സങ്കീർണ്ണമായ ജീവിതചിത്രത്തെ, വർണ്ണവിന്യാസങ്ങളെ ആത്മാവിൻ്റെ സൂക്ഷ്മതയുള്ള കണ്ണുകളോടെ  കണ്ടെത്തുകയാണ് ഈ രചന.

    കലയുടെ ഉന്മാദം

    പ്രകൃതിയെന്ന പ്രണയഭൂമികയെ ആഗ്രഹിക്കുകയും ഉപാസിക്കുകയും സ്വപ്നം കാണുകയും ചെയ്ത വാൻഗോഗിന് മുന്നിൽ ഒരിക്കലും അനാവരണം ചെയ്യപ്പെടാത്ത മരീചികയായിരുന്നു പ്രകൃതിയും പ്രണയവും. തന്നിൽ നിന്ന് വേറിട്ട ഒന്നായിരുന്നില്ല വാൻഗോഗിന് പ്രകൃതി. പ്രണയവും അങ്ങിനെ തന്നെ. വരയ്ക്കാൻ വേണ്ടി മാത്രമാണ് താൻ ജീവിക്കുന്നതെന്നും തനിക്ക് അതേ കഴിയൂ എന്നുമുള്ള ചിന്തയിൽ കലയെ ഉന്മാദമാക്കി മാറ്റി ,ഭ്രാന്തമായി, നിസ്വാർത്ഥമായി വരച്ചുകൊണ്ടേയിരുന്നു. സർഗാത്മകമായ വേദനകളുടെ വെളിപ്പെടുത്തലായിരുന്നു അവയിലേറെയും .വാൻഗോഗ് വരയക്കുന്നതെന്തെന്ന് തിരക്കാത്ത ഒരു സമൂഹത്തിൻ്റെ ഒത്ത നടുവിൽ നിന്നുകൊണ്ട്  വെളിച്ചം കാണാത്ത, പുറംലോകത്തിൻ്റെ അംഗീകാരം നേടാത്ത ചിത്രങ്ങൾക്കിടയിൽ നിന്ന് കലയുടെ ഉന്മാദലഹരിയിൽ അദ്ദേഹം ജീവിച്ചു.’ “കീ “യോടുള്ള പ്രണയവും പ്രണയാഭ്യർത്ഥന സൃഷ്ടിച്ച അവഗണനയും അവഹേളനവും ഒറ്റപ്പെടലും ദുരന്തവും തോൽവിയുമാണ് ഉന്മാദവും അന്തർമുഖത്വവും അയാൾക്ക് സമ്മാനിച്ചത്. ഒരേ സമയം വിരക്തിയും തൃഷ്ണയും ഉൾച്ചേർന്ന ബോധാബോധമണ്ഡലത്തിൽ സഞ്ചരിക്കുക വഴി താൻ ഏറ്റവും മോശക്കാരനാണെന്നും താനീ ലോകത്തിന് പാകമല്ലെന്നുമുള്ള ചിന്തകൾ വാൻഗോഗിൽ ഉടലെടുത്തു.

    സമൂഹത്തിൻ്റെ അനുതാപമോ,  സ്നേഹമോ കിട്ടാതെ തന്നിലേക്ക് തന്നെ ചുരുങ്ങുകയും അതുവഴി അന്തർമുഖത്വത്തിലേക്കും അന്യവൽക്കരണത്തിലേക്കും നടന്നു കയറുകയും ചെയതു. ഒരിക്കലും തിരിച്ചുവരാത്ത സൂര്യവെളിച്ചമായി ,ഓർമ്മയായി പ്രണയനിരാസത്തെ മാറ്റുമ്പേഴും അതെല്ലാം കലയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു. സമൂഹത്തിൽനിന്ന് പുറംതിരിഞ്ഞു നടക്കാനും തനിക്ക് വഴങ്ങാത്ത യുക്തിയും  ഗർവ്വും പുലർത്തിയ ലോകത്തെ നിരാകരിക്കാനും മനനത്തിലൂടെ പ്രബുദ്ധനായി അന്യനാകാനുമാണ് വാൻഗോഗ് ശ്രമിച്ചത് .മറ്റുള്ളവരുടെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ അനുസരിച്ച് മാനകമായി ജീവിക്കാൻ കഴിയാതിരുന്ന ,പ്രണയ നഷ്ടത്തിൽ സ്വയം അവഹേളിതനായ ,മോഹാന്ധതയിൽ കൂപ്പുകുത്തിയ ജീവിതചിത്രമായിരുന്നു Three pairs of Shoe പോലുള്ള കലാസൃഷ്ടി അടയാളപ്പെടുത്തിയത്.
    ചിത്രകാരനെ സംബന്ധിച്ചിടത്തോളം രചന ഒരു വിമലീകരണമാണ്. ഉള്ളിലുറഞ്ഞു കൂടിയ വ്യഥകളെ പുറന്തള്ളുന്ന ആത്മബലി കൂടിയാണവ.

    കിഴങ്ങുകളാകാൻ വിധിക്കപ്പെട്ടവർ

    മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാന പ്രേരണ ലൈംഗികതയാണ് എന്നത് ഫ്രോയിഡിൻ്റെ ആശയമാണ് . സാമൂഹികനിയമങ്ങൾ പലപ്പോഴും വ്യക്തിയുടെ ലൈംഗികതൃഷ്ണകളെ പരിമിതപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്യാറുണ്ട്. ഇത് വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും വ്യക്തിത്വം നശിപ്പിച്ച് വിഷാദത്തിലേക്കോ,വിഭ്രാന്തിയിലേക്കോമനോ രോഗത്തിലേക്കോ എത്താറുമുണ്ട്. വാൻഗോഗിൻ്റെ ചിത്രവായനയിലുടനീളം ഈ യഥാർത്ഥ്യമുണ്ട്. കലാകാരനാകുക എന്ന അനിവാര്യതയിൽ നിന്ന് ഒരിക്കലും വാൻഗോഗിന് രക്ഷപെടാൻ കഴിയാത്തതുപോലെ അടിസ്ഥാന ചോദനകളിൽ നിന്ന് മുകതനാകാനും കഴിഞ്ഞില്ല. ഇതിനെ മറികടക്കാനുള്ള ശ്രമം still life with BasKet of Apple പോലുള്ള ചിത്രങ്ങളിൽ കാണാം.

    ജീവിച്ചിരിക്കുമ്പോൾ ആശയങ്ങളുടെയോ ചിന്തകളുടെയോ ചോദനകളുടെയോ സമൂഹ നിയമത്തിൻ്റെയോ പേരിൽ ഒരുമിക്കാനാവാത്തവർക്ക് വ്യവസ്ഥാപിതജീവിതത്തിൽനിന്നുള്ള മോചനമാണ് മരണം .ബാസ്കറ്റിലെ ഉരുളക്കിഴങ്ങ് പോലെ ഭിന്നതകളില്ലാതെ ഒത്തുചേരാൻ തലയോട്ടികളായി മാറണം എന്ന ചിന്തയും ഇത് മുന്നോട്ടു വെയ്ക്കുന്നു. മനുഷ്യർക്ക് കൂടുതൽ  ഐക്യവും സമ്പർക്കവും സഹജഭാഷണവും നടത്താൻ കഴിയുന്നത് ശവശരീരങ്ങളാവുമ്പോഴോണ് .സങ്കുചിതവും സ്വാർത്ഥതയും ഹിംസാത്മകവുമായ വികാരങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ജീവിതഭാഷണമാണ് തലയോട്ടികളായി മാറുമ്പോൾ ഉണ്ടാകുന്നത്. വ്യവസ്ഥാപിത സമൂഹങ്ങൾക്കിടയിൽ കിഴങ്ങുകളാകാൻ വിധിക്കപ്പെട്ട മനുഷ്യരെ വാൻഗോഗ്‌ വരയ്ക്കുന്നു.

    മാർസൽ യൂബേയുടെ ജീവചരിത്രക്കുറിപ്പിലൂടെയാണ് ഹൂർണിക് എന്ന വാൻഗോഗിൻ്റെ കൂട്ടുകാരിയെ നാം പരിചയപ്പെടുന്നത്.  വാൻഗോഗിന് ആശ്രയവും അഭയവുമായിരുന്നു അവർ. തൻ്റെ ജീവിതത്തിൽ സംഭവിച്ചതും പോൾ ഗോഗിനുമായുള്ള സൗഹൃദത്തിലെ നിഗൂഢതകളുടെ ചുരുളഴിയുന്നതും ഹുർണികിനോടുള്ള വെളിപ്പെടുത്തലിലൂടെയാണ്. അഭിസാരിക എന്ന കർമ്മമണ്ഡലത്തിൽ നിന്നും വാർഗോഗിൻ്റെ ചിത്രങ്ങൾക്ക് മോഡലാവുക എന്ന ആദർശ പദവിയിലേക്ക് നോവലിസ്റ്റ് ഹുർണിക്കിനെ ഉയർത്തുന്നു. യേശുവിൻ്റെ മുന്നിലെത്തുന്ന മഗ്ദലന മറിയത്തിൻ്റെ വിശുദ്ധപദവിയിലേക്ക് നീട്ടിവെയ്ക്കപ്പെടുന്ന കഥാപാത്രമാണ് ഹുർണിക്.

    വർണ്ണങ്ങളുടെ വ്യാഖ്യാനം

    ചെവി മുറിച്ചു കാമുകിക്ക് നല്കിയ ഉന്മാദപ്രണയത്തിനുടമയായിരുന്നു വാൻഗോഗ് എന്ന കഥയുടെ ചുരുളഴിയുന്നത് ഗോഗിൻ്റെ ഡയറിക്കുറിപ്പിലൂടെയാണ്. ചിത്രകാരൻ്റെ ജീവിതം വരച്ചു ചേർക്കുമ്പോൾ എഴുത്തുകാരൻ്റെ ചായക്കൂട്ട് വർണ്ണ വ്യാഖ്യാനാധിഷ്ഠിതമായ ഭാഷ തന്നെ. ആറ് അടിസ്ഥാനവർണ്ണങ്ങളെ വാൻഗോഗിൻ്റെ ജീവിതപശ്ചാത്തലത്തിൽ നോവലിസ്റ്റ് അപഗ്രഥിക്കുന്നു. ചുവപ്പ് അപകടകരമായ ആസക്തിയും മഞ്ഞ ലാഭനഷ്ടങ്ങളില്ലാത്ത നിഷ്ക്രിയത്വവും പച്ച ദു:ഖങ്ങൾക്കിടയിലെ ഹരിതാഭ ശാന്തിയും നീല ബന്ധങ്ങളുടെ ആഴവും പരപ്പും ഓറഞ്ച് സ്മൃതിനാശവും വയലറ്റ് അവശേഷിപ്പിച്ച നന്മയും ദൈവികത്വവും ഒക്കെയായി വാൻഗോഗിൻ്റെ ജീവിതപാഠത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. 

    ഇന്ന് വിൻസൻ്റ് വാൻഗോഗിന് ഒരു മിത്തിക്കൽ പദവിയുണ്ട്. മാനസിക, ലൈംഗിക രോഗങ്ങൾക്കടിപ്പെട്ട് ജീവിതം ഹോമിച്ച ഒരു കലാകാരൻ്റെ ജീവിതാന്വേഷണത്തിൽ നോവലിസ്റ്റ് പാലിക്കുന്ന ഒതുക്കം ഭാഷയിലും കാണാം. അലങ്കാരക്കൂട്ടുകളില്ലാത്ത പച്ചയായ യാഥാർഥ്യമായിരുന്നു വാൻഗോഗിൻ്റെ ജീവിതമെങ്കിൽ ഭാഷയുടെ ആലങ്കാരികതയെ തിരസ്കരിച്ചുകൊണ്ട് ,തനിമ നഷ്ടപ്പെടാതെ ,സ്വാഭാവിക ചിത്രീകരണമാണ് നോവലിലും പാലിച്ചത്.  നോവൽശില്പത്തിൽ വിലയം പ്രാപിച്ച ആശയത്തെയും ഭാഷയെയും വേർതിരിക്കുക ദുഷ്കരം,.അത് ക്രമാനുഗതമാണ് .

    വൃക്ഷങ്ങൾ /എം.കെ.ഹരികുമാർ

      ഞങ്ങൾ തലമുറകളായി
    വൃക്ഷങ്ങളാണ്
    മഴയും വെയിലുമേറ്റ്
    വേരുകളാഴ്ത്തി
    ആകാശത്തേക്ക്
    വേരുകളാഴ്ത്തി
    മുഖമുയർത്തി ഒറ്റനില്പ്.
    ചിലപ്പോൾ ഞങ്ങളുടെ കൈകൾ
    ശിഖരങ്ങൾക്കപ്പുറത്താണ്
    അവാച്യമായ അതീതങ്ങ
    ളെഎത്തിപ്പിടിക്കാനാഞ്ഞ്…


    സൂര്യനുദിക്കുന്നതിനു
    മണിക്കൂറുകൾക്ക് മുമ്പേ
    ഞങ്ങൾ ഉപവാസം തുടങ്ങും
    ധ്യാനവും ഏകാന്തതയുമാണ് ഭക്ഷണം
    അപ്പോൾ കാറ്റുകൾ പോലും
    വ്രതത്തിലാണ്.
    പക്ഷികൾ പിന്നെയാണ് ഉണരുന്നത് .
    അപ്പോഴേക്കും ഇലകളുരുമ്മി ,
    ഇലകളിൽ ഇലകൾ ചേർത്ത്
    ഞങ്ങൾ സത്സംഗം ആരംഭിച്ചുണ്ടാവും .

    പ്രകാശം/എം.കെ.ഹരികുമാർ

     

    പ്രകാശത്തിൽ
    പ്രകാശം മാത്രമേയുള്ളു.
    പ്രകാശമല്ലാത്തതെല്ലാം
    പുറത്തുകളഞ്ഞശേഷമുള്ളതാണ്
    ആ വെട്ടം

    ആ വെട്ടത്തിൽ
    മനുഷ്യൻ്റേതായി യാതൊന്നുമില്ല.
    മനുഷ്യന് വേണമെങ്കിൽ
    പ്രകാശത്തെ അതിൽനിന്നു
    മോചിപ്പിച്ച്
    മറ്റൊന്നാക്കാം;
    ഇരുട്ടിലൂടെ കുതിരയോട്ടം നടത്തി
    പ്രകാശത്തെ സവാരിക്കാരിയാക്കാം. ഇരുട്ടിൻ്റെ ഒരു ഭൂഖണ്ഡത്തെ
    കൂർത്തചുണ്ടുകൊണ്ടു
    ദൂരേയ്ക്ക് തള്ളിക്കൊണ്ടുപോകുന്ന
    സൂചിമുഖിപ്പക്ഷിയാക്കാം.
    അല്ലെങ്കിൽ അസ്ത്രമാക്കി
    രാത്രിയെ ഛിന്നഭിന്നമാക്കാം.
    രാത്രിയെ തുണ്ടുതുണ്ടാക്കി
    ഇരുട്ടിൻ്റെ രക്തം
    ചിതറിക്കാം.

    എത്ര വലിയ ഇരുട്ടാണെങ്കിലും
    അതിനെ വിഴുങ്ങാൻ
    പ്രകാശത്തിനാവില്ല.
    കാരണം അത് നിർമ്മമതയാണ് .
    നിർവ്വേദമാണ്.
    അതിനു മനുഷ്യൻ്റെ
    നന്മയോ തിന്മയോ ഇല്ല .

    ആയിരം കണങ്ങളായി
    ചിതറുന്ന പ്രകാശം
    ഓരോന്നും ഏകാന്തമാണ്
    എവിടേക്കാണ് പോകേണ്ടതെന്ന്
    അറിയാത്ത ഏകാന്തത

    ഒരു ചെറിയ കണമായി
    ചുരുങ്ങാൻ കൊതിക്കുന്ന പ്രകാശം
    ഇരുട്ടിൻ്റെ അന്തഃകരണത്തിൻ്റെ
    അടിത്തട്ടിലുള്ള ആത്മാവിൽ
    ഒരു കുഞ്ഞിനെപ്പോലെ
    ശാന്തിതേടുകയാണ്.

    മണ്ണ്/ എം.കെ.ഹരികുമാർ

     

    മണ്ണിനു മരണമില്ല
    അത് പരേതരെ
    ചിതലുകളായും മണ്ണിരകളായും
    പ്രാണികളായും
    ഈയാംപാറ്റകളായും
    പുനർജനിപ്പിച്ചു വിടുന്നു
    ജീവിക്കാത്ത ജീവിതങ്ങളുടെ
    ആകാശവും ഭൂമിയും
    സർവ്വ ഇന്ദ്രിയങ്ങളുമുപയോഗിച്ച്
    തുരന്നു ചെല്ലാൻ.

    കാടിനകത്ത് തീയാണ് ,
    മായാരൂപത്തിൽ.
    ഒരു നാരങ്ങാ രണ്ടായി
    പിളരുമ്പോൾ അഗ്നി.
    സംവത്സരങ്ങളോളം
    അണയാതെ ,
    നിർവ്വേദാത്മകമായി
    മണ്ണിനടിയിൽ
    തപസ്സ് ചെയ്യുന്ന അഗ്നി

    മണ്ണ് അഗ്നിയെ
    പൂവായും പ്രണയമായും
    സൗന്ദര്യമായും
    ശബ്ദമായും നിശ്ശബ്ദതയായും
    ഉയിർപ്പിക്കുന്നു.

    മണ്ണ് ജീവിതമാണ് ,അതീതമാണ്
    കാലമാണ് ,രഹസ്യമാണ് ;
    അഗ്നിയെ ഭ്രാന്തമായി ചുംബിക്കുന്ന
    ശലഭത്തെപ്പോലെ


    എൻ്റെ ഭാഷ/ എം.കെ.ഹരികുമാർ

     
    എന്നും രാവിലെ,
    സൂര്യൻ മലയാളത്തിലാണ് സംസാരിക്കുന്നത്.

    ഞാൻ എന്നും കുടിച്ച വെള്ളത്തിനു
    ഒരു ഭാഷയേ അറിയൂ:
    അത് മലയാളമാണ്.

    എന്റെ വെള്ളം നാവിലൂടെ തൊണ്ടയിലേക്ക്
    അലിയിപ്പിച്ച രുചി
    മലയാളമാണ്.

    എല്ലാ ജലാശയങ്ങളിലും
    എന്റെ ഭാഷയുടെ ഛന്ദസ്സ്.
    എല്ലാ ഛന്ദസ്സുകളിലും
    എന്റെ ഭാഷയുടെ കവിത.

    എല്ലാ നവജാത ശിശുക്കളുടെയും
    കരച്ചിൽ
    മലയാളഭാഷയിലെ
    ഒരു പ്രാചീന സ്തോത്രമാണ്.

    എല്ലാ കുട്ടികളുടെയും
    കളിപ്പാട്ടങ്ങൾക്ക് മലയാളമറിയാം.

    കുട്ടിയായിരുന്നപ്പോൾ
    തൊട്ടിൽ കാതിലോതി തന്ന
    മലയാളം പാട്ട്
    വീണ്ടെടുക്കാനായി
    ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .

    മന:സാക്ഷിയാണ് എന്റെ ഭാഷ.
    രാത്രിസ്വപ്നമാണത്.
    ഏകാന്തയാത്രകളിലെ പ്രതീക്ഷയാണത്.

    എൻ്റെ ചിന്തയിൽ
    മലയാളം പ്രകൃതിയാണ് ,
    ആണും പെണ്ണുമാണ് .

    പാലമരത്തിൽ മലയാളം
    യക്ഷിയാണ്,
    ആകാശത്തിൽ അനന്തനീലിമയും.

    ചെമ്പരത്തിയിൽ ചുവപ്പായും
    പാരിജാതത്തിൽ ഗന്ധമായും
    അതെന്നെ ആശ്ലേഷിക്കുന്നു.

    ചന്ദ്രക്കല/എം.കെ.ഹരികുമാർ




    ആകാശത്തിലെ മീനുകൾ
    ഒരു പൂർണ ചന്ദ്രബിംബത്തെ
    കാർന്നുതിന്നുകൊണ്ടിരിക്കുന്നു
    അങ്ങനെ കൊത്തിത്തിന്നതിൻ്റെ
    ബാക്കിയായ ഒരു ചന്ദ്രക്കല
    ദൂരെ നിന്നു നോക്കി
    സാക്ഷ്യപ്പെടുത്തുന്നു


    ചന്ദ്രക്കല ഇപ്പോൾ വ്രണിതമല്ലെങ്കിലും
    ദുർബ്ബലമാണ്‌.
    അത് പൂർണതയിലേക്ക്
    കുതിക്കുകയാണ് ,
    മുറിഞ്ഞുപോയ ഭാഗങ്ങളിൽനിന്ന് .
    മീനുകളെ കബളിപ്പിച്ചുംഒളിച്ചും.

    എം.കെ.ഹരികുമാറുമായിഅഭിമുഖം

     


    എം.കെ. ഹരികുമാർ

    അനന്തതയും ഊരാക്കുടുക്കുകളും
    അറ്റകുറ്റപ്പണികളും

    അഭിമുഖം/തുളസീധരൻ ഭോപ്പാൽ

    താങ്കൾ സാഹിത്യരംഗത്തും ദാർശനികരംഗത്തും വിവിധ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചല്ലോ ?വിമർശനത്തിൽ സിദ്ധാന്തം അനിവാര്യമാണോ ?

    എം.കെ. ഹരികുമാർ :നമ്മുടെ ചിന്തകൾക്ക് തത്ത്വചിന്താപരമായ ദിശാബോധം ഉണ്ടാകുമ്പോഴാണ് സിദ്ധാന്തങ്ങൾക്ക് സാധ്യത തെളിയുന്നത് .സിദ്ധാന്തങ്ങൾ നമ്മുടെ അറിവിൻ്റെ പാകപ്പെടലാണ്. ക്ലാസ് റൂമുകളിൽ പഠിച്ചതുകൊണ്ട് നമുക്ക് സൃഷ്ടികർത്താവാനാവില്ല .അവിടെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുന്നില്ലല്ലോ .പലരുടെയും  ചിന്തകൾ, അതും പതിറ്റാണ്ടുകൾക്ക് മുൻപുള്ളത് ,പഠിക്കുന്നു. ചരിത്രത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്. പക്ഷെ ,എന്താണ് നമ്മൾ ചിന്തിക്കേണ്ടതെന്ന്  അതിലൊന്നും ആരും പറഞ്ഞിട്ടുണ്ടാകില്ല. നമ്മൾ ചിന്തിക്കേണ്ട ഒരാശയം തെളിഞ്ഞു കിട്ടുമ്പോഴാണ് വിദ്യാഭ്യാസത്തിന് അർത്ഥമുണ്ടാകുന്നത്‌.

    എൻ്റെ സിദ്ധാന്തങ്ങൾ ഇവിടെ വല്ലാതെ എതിർക്കപ്പെട്ടു. കലാശാലകളിലുള്ളവർക്ക് ആ പുസ്തകത്തിൻ്റെ നേരെ നോക്കുന്നതു പോലും അസ്വാസ്ഥ്യജനകമാണ്. ധാരാളം സിദ്ധാന്തങ്ങൾ പഠിക്കാനുള്ളപ്പോൾ പുതിയതിൻ്റെ ആവശ്യമെന്താണ് എന്നാണ് പലരും  ചോദിക്കുന്നത്.ഞാൻ സൈദ്ധാന്തികനിർമ്മിതിയിലേക്ക് തിരിഞ്ഞതോടെ എൻ്റെ  പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പറ്റാതായി. സംഘടിത ഭൂരിപക്ഷത്തിൻ്റെ മുന്നിൽ ഞാനൊറ്റപ്പെടുകയായിരുന്നു.എന്നാൽ ഞാൻ ഇങ്ങനെ തന്നെ എഴുതണമെന്ന് പറഞ്ഞ് എന്നെ നിരന്തരം വായിക്കുന്നവരെയും എനിക്കറിയാം. ഇപ്പോൾ ‘എം.കെ.ഹരികുമാറിൻ്റെ  സിദ്ധാന്തങ്ങൾ ‘ അന്വേഷിച്ചു നടക്കുന്നവരുണ്ട് .അതു പക്ഷേ, കലാശാലാ അധ്യാപകരോ അവരുടെ പിന്നാലെ നടക്കുന്നവരോ അല്ല.  സ്വതന്ത്രവായനക്കാരാണ്.സിദ്ധാന്തമില്ലാതെയും എഴുതാം ;വല്ലവരുടെയും ഉപകരണങ്ങളും ചിന്തകളും കടമെടുത്ത് വിമർശനം എഴുതുന്നവരുണ്ടല്ലോ.

    മലയാളത്തിൽ ഉത്തരാധുനികതയുടെ മരണം താങ്കളാണല്ലോ പ്രഖ്യാപിച്ചത് ? അതിൻ്റെ പ്രസക്തി എന്താണ് ?

    എം.കെ.ഹരികുമാർ :ഉത്തരാധുനികതയുടെ മരണം രണ്ടായിരാമാണ്ടോടെ സംഭവിച്ചു.അതിൻ്റെ  പ്രാദേശിക ,സ്വത്വ, ഫെമിനിസ്റ്റ് വാദങ്ങളൊക്കെ ആഗോള, ഡിജിറ്റൽ, സമൂഹമാധ്യമരംഗങ്ങളിൽ  പിന്തള്ളപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ ഫെമിനിസവും സ്വത്വവുമില്ലല്ലോ.

    എന്നാൽ ഉത്തര- ഉത്തരാധുനികത ഇനിയും കലാശാലകളിൽ പഠിക്കാൻ എടുത്തിട്ടില്ല. അതുകൊണ്ട് അദ്ധ്യാപകർക്ക് അതിനെക്കുറിച്ചു പറയാൻ നിവൃത്തിയില്ല. അവർ അത് പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ ‘ഉത്തര- ഉത്തരാധുനികത’ എന്ന പുസ്തകമെഴുതിയിട്ട് പത്തു വർഷമായി. പലരും ഇതു കണ്ടു ഭയന്നു മാറിനില്ക്കുകയാണ്. ഉത്തര – ഉത്തരാധുനികത എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ വന്നതെന്ന് അറിയാത്ത പലരും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ലേഖനമെഴുതി കാലം കഴിക്കുകയാണ്.

    സംസ്കാരപഠനങ്ങൾ ഉത്തരാധുനികതയുടേതാണ്. ആ  കാലഘട്ടം അവസാനിച്ചു. ഇപ്പോൾ സംസ്കാരം ഒരു ഉപകരണപ്പെട്ടി  മാത്രമാണ്. അത് ഒരു വർഗത്തിൻ്റെയോ ദേശത്തിൻ്റെയോ കുത്തകയല്ല ;പൊതുസ്വത്താണ് . സാംസ്കാരികചിഹ്നങ്ങൾ  കലാകാരന്മാർക്കും വ്യവസായസംരംഭകർക്കും വാസ്തുശില്പികൾക്കുമെല്ലാം  ആവശ്യമാണ്. മനുഷ്യവർഗ്ഗം ഒരിടത്ത്  സ്ഥിരമായി താമസിക്കുന്നവർ എന്ന സങ്കല്പം ഇപ്പോഴില്ല. മനുഷ്യവംശം യാത്രയിലാണ്; ഒരു ദേശത്തു നിന്നു  മറ്റൊരിടത്തേക്ക്.

    വായനക്കാരൻ്റെ കൃതി എന്നൊരു പുതിയ ആശയം താങ്കൾ അവതരിപ്പിച്ചത് ഓർക്കുന്നു. അതൊന്നു വിശദീകരിക്കാമോ ?

    എം.കെ.ഹരികുമാർ:എഴുത്തുകാരൻ എഴുതുന്നത് അയാളുടെ സാങ്കല്പികലോകമാണ്. ശരിക്കും അതൊരു അടഞ്ഞലോകമാണ്. വായിച്ചാലേ തുറക്കു .ഒരാൾ വായിക്കുന്നതോടെ അതയാൾക്ക് മാത്രമായി തുറക്കുന്നു. വായിക്കുന്ന വേളയിൽ അയാൾ വീണ്ടും ജനിക്കുകയോ ചിന്താപരമായി രൂപാന്തരപ്പെടുകയോ ചെയ്യും. യേറ്റ്‌സിൻ്റെ കവിതകൾ വായിച്ചപ്പോൾ ബർണാഡ് ഷാ സസ്യഭുക്കായതുപോലെ .

    വായനക്കാരൻ മറ്റൊരു കൃതി എഴുതുന്നുണ്ട്. അത് വായനയ്ക്കിടയിൽ സംഭവിക്കുന്നതാണ്. അതിൻ്റെ  ഹാർഡ് കോപ്പി ഇല്ല. അത് അയാളുടെ മനസ്സിലുണ്ടാകും. അയാൾ അതിനെയാണ് ആസ്വദിക്കുന്നതും  വിമർശിക്കുന്നതും .അതുകൊണ്ട് ഒരു സാഹിത്യകൃതി എപ്പോഴും അതിൻ്റെ  നിഷ്കളങ്കതയിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ്. അതിൻ്റെ ടെക്സ്റ്റ് അതേപടിയല്ല വായനക്കാരൻ സ്വീകരിക്കുന്നത്. അവൻ അതിൽ  ഭാവനയുടെ അംശം കലർത്തുന്നു. എൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്ക്  ‘ (1984)അങ്ങനെയുണ്ടായതാണ്.

    വൈദികദർശനവും താങ്കളുടെ നവാദ്വൈതവും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസ്സിലാക്കാം ?

    എം.കെ.ഹരികുമാർ :ഒരു ദർശനവും അതിൻ്റെ മൗലികാവകാവസ്ഥയിൽ തുടരാൻ വിധിക്കപ്പെടുന്നില്ല. അനുഭൂതിയാണ് നമ്മെ നയിക്കുന്നത്. വേദാന്തരഹസ്യം ഒരു പഠനശാഖയായി  ഞാൻ പിന്തുടർന്നിട്ടില്ല. എന്നാൽ കുറെ വായിച്ചിട്ടുണ്ട്. വേദാന്തത്തെ ഒരു ചിട്ടയായ ശാസ്ത്രമായല്ല ,അനുഭൂതിയായാണ്  ഞാൻ തേടുന്നത്.

    പ്രാപഞ്ചികമായ ഒരു രമ്യതയെക്കുറിച്ചുള്ള ജ്ഞാനം എനിക്കുണ്ട്. ഒരില ചലിക്കുന്നതു മുതൽ നക്ഷത്രസമൂഹം വരെയുള്ള പ്രപഞ്ചഘടനയുമായി ഒരു മനുഷ്യവ്യക്തി എങ്ങനെയാണ് രമ്യതയിലെത്തുന്നത് ? അത് അനുഭൂതിയിൽ അറിയണം. എൻ്റെ വേദാന്തം ഇതാണ്. ഈ ലോകവുമായി നമുക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന  തത്ത്വം എന്നെ സ്വാധീനിച്ചിട്ടുണ്ട്.

    എന്നാൽ നവാദ്വൈതം മറ്റൊരു തത്ത്വമാണ്. നവാദ്വൈതത്തിൽ ആത്യന്തികമായ സത്യമോ ബ്രഹ്മമോ കുണ്ഡലിനിയോ ആറു പടികളോ ഇല്ല. ഓരോ വസ്തുവും അതിൻ്റെ ആന്തരികാവസ്ഥയെ നിഷേധിച്ച് മറ്റൊന്നാകുകയാണവിടെ.അത് അനന്തമായ പ്രക്രിയയാണ്.

    ഹെർമ്മൻ ഹെസ്സെ ,ദസ്തയെവ്സ്കി എന്നീ എഴുത്തുകാരെ താരതമ്യം ചെയ്യാനൊക്കുമോ ?

    എം.കെ.ഹരികുമാർ :ഹെർമ്മൻ ഹെസ്സെ ഭാരതീയ തത്ത്വചിന്തയെ അനുഭൂതിയിലൂടെ തേടിയ എഴുത്തുകാരനാണ് .’സിദ്ധാർത്ഥ ‘ എന്ന നോവലും ചില കഥകളും ആത്മീയമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മാനവനെ കാണിച്ചുതരുന്നു. ഈ പ്രപഞ്ചവുമായി മനുഷ്യനുള്ള സ്വരൈക്യം ഹെസ്സെയുടെ കൃതികളിലുണ്ട്. നദി ഒഴുകുന്ന ശബ്ദത്തിൽ ഓങ്കാരം കേൾക്കുന്ന അനുഭവമാണ് സിദ്ധാർത്ഥയിലുള്ളത്.
    മാത്രമല്ല ,ഹെസ്സെ പ്രകൃതിയുമായി സാത്മ്യം അന്വേഷിച്ച എഴുത്തുകാരനാണ്.

    ദസ്തയെവ്സ്കിയുടെ വഴി അതല്ല. അദ്ദേഹത്തിൽ ഭാരതീയദർശനമൊന്നുമില്ല .അദ്ദേഹം ക്രൈസ്തവമായ സത്യത്തെ തേടുന്നതോടൊപ്പം മനുഷ്യൻ അതിലെത്തിച്ചേരാൻ അശക്തനാണെന്ന്  പ്രഖ്യാപിക്കുകയാണ് ചെയ്തത്.മനുഷ്യൻ പാപിയാണ് ,അവനെത്തന്നെ നിന്ദിക്കുന്നവനാണ്. അവൻ സത്യത്തിനുമുന്നിൽ കപടവേഷമാടുകയാണ്.മനുഷ്യൻ ഒരു നരകമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല. കാഫ്കയും ദസ്തയെവ്സ്കിയും തമ്മിൽ താരതമ്യം സാധ്യമാണ് .

    താങ്കളുടെ പംക്തി ‘അക്ഷരജാലകം’ ഇരുപത്തിനാലാം വർഷത്തിൽ പ്രവേശിച്ചതായറിഞ്ഞു.

    എം.കെ.ഹരികുമാർ :എൻ്റെ വീക്ക്ലി കോളം ‘അക്ഷരജാലകം’ 1998 ഫെബ്രുവരിയിൽ ‘കേരളകൗമുദി’യിലാണ് തുടങ്ങിയത്.2005 ൽ കലാകൗമുദിയിൽ ആരംഭിച്ചു. ഇപ്പോൾ ‘മെട്രോവാർത്ത’ പത്രത്തിൽ ആഴ്ചതോറും എഴുതുന്നു.

    അക്ഷരജാലകം ഇപ്പോൾ ഇരുപത്തിനാലാം വർഷത്തിൽ പ്രവേശിച്ചിരിക്കുന്നു .ഇത്രയും ദീർഘമായി തുടരുന്ന സാഹിത്യപംക്‌തി ഇന്ന് വേറെയില്ല. എല്ലാവരും സ്വീകരിച്ചു കോളമാണത്. അക്ഷരജാലകം എന്ന പേരുപോലും പലരെയും മോഹിപ്പിക്കുന്നു. ഇതുമായി സാമ്യമുള്ള പേരുണ്ടാക്കി എഴുതുന്നവരുണ്ട്. ജാലകം എന്ന വാക്ക് ചേർക്കാതെ ഒരു കോളം ആലോചിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി.

    മുനി നാരായണപ്രസാദിനൊപ്പം എം കെ ഹരികുമാർ

    അക്ഷരജാലകം എന്ന പേരിൽ തന്നെ ചിലർ സമീപകാലത്ത് കോളമെഴുതി. ഈ കോളത്തിൻ്റെ സ്വീകാര്യതയാണ് ഇതു കാണിക്കുന്നത്. അക്ഷരജാലകം എന്ന പേരിട്ടാൽ രക്ഷപ്പെട്ടു എന്നാണ് പലരുടെയും വിചാരം.

    നമ്മുടെ സാഹിത്യരംഗത്ത് കാതലായ പരിവർത്തനങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടോ ?

    സാഹിത്യചർച്ചകൾക്ക് ആധികാരികത പൂർണമായി നഷ്ടപ്പെട്ട കാലമാണിത്. ഏതു പുസ്തകവും ലക്ഷക്കണക്കിന് കോപ്പിയടിച്ചു വില്ക്കാം ,പ്രസാധകൻ തയ്യാറാകുമെങ്കിൽ .മൂല്യത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു. പദവിയും പണവുമാണ് ഘടകങ്ങളായി വരുന്നത്. ഫിസിക്സ് ക്ലാസിലിരുന്ന് പാഠങ്ങൾ പഠിക്കുന്ന കുട്ടികൾ ഫിസിക്സിനെപ്പറ്റി  പറയുന്നത് കേട്ടിട്ടുണ്ട്. അവർ പഠിച്ച പാഠങ്ങൾ ഏകദേശം മനസ്സിലാക്കി പറയുന്നു.എന്നാൽ അതല്ല ഒരു ഫിസി സിസ്റ്റിൻ്റെ ചിന്താലോകം. അവിടേക്കെത്താൻ അവർക്കാവുന്നില്ല. സാഹിത്യചർച്ചകൾക്ക് ഈ നിലവാരമേയുള്ളു.

    അത്മകഥകൾ എഴുതുന്നതിൽ കഴമ്പില്ലെന്നു പറഞ്ഞല്ലോ ?എന്താണ് എഴുതേണ്ടത് ?

    എം.കെ.ഹരികുമാർ :അവനവനെക്കുറിച്ചു മാത്രം പറയുന്നവരുണ്ട്. അവർക്ക് ലോകം തന്നെ അറിയില്ല .അവനവൻ്റെ  അനുഭവം മാത്രമാണ് അവർ കാണുന്നത്. എന്താണ് അവനവനെക്കുറിച്ച് ഇത്ര പൊക്കിപ്പറയാനുള്ളത് ? ഇത്തരം പൊള്ളയായ ആത്മകഥകൾ അസുഖകരമായ രുചിയാണ് തരുന്നത്. പകരം, ലോകം നമ്മളിലേക്ക് വരണം. ലോകത്തിൻ്റെ സമസ്ത, നാനാതരത്തിലുള്ള വിഷാദത്തെയും സമസ്യകളെയും ജ്ഞാനത്തെയും നേരിടണം .നമുക്ക് അജ്ഞാതമായതിനെ അന്വേഷിക്കാനാവണം. അവിടെയാണ് സർഗാത്മകസാഹിത്യമുള്ളത്.

    നോവലിസ്റ്റ് അയാളുടെ നോവലിലെ കഥാപാത്രമാണെന്ന ദർശനം താങ്കളാണ് മുന്നോട്ടുവച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

    എം.കെ.ഹരികുമാർ:എഴുത്തുകാരൻ കഥാപാത്രമാണെന്ന സങ്കൽപ്പത്തിൽ വിമർശനം എഴുതിതുടങ്ങിയ ആളാണ് ഞാൻ .അങ്ങനെയൊരു സമീപനം മലയാള സാഹിത്യത്തിൽ ഞാനാണ് അവതരിപ്പിച്ചത്. എൻ്റെയൊരു സിദ്ധാന്തമായി ഞാനത്  വികസിപ്പിച്ചതും പ്രയോഗിച്ചതും ‘ആത്മായനങ്ങളുടെ ഖസാക്കി’ലാണ്. അതിൽ വിജയൻ മറ്റു കഥാപാത്രങ്ങളായ രവി, നൈസാമലി ,മൈമുന തുടങ്ങിയവരോടൊപ്പമാണുള്ളത്. വിജയനെ ഞാനതിൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വിജയൻ ചിന്തിച്ചതൊക്കെ ഞാൻ വിളിച്ചുപറയുന്ന രീതിയാണുള്ളത്. ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തിൻ്റെ ഓരോ പേജിലും, ഓരോ സന്ദർഭത്തിലും വിജയൻ അദൃശ്യനായി  ഇടപെടുന്നതായി ഞാൻ മനസ്സിലാക്കി. ആ നോവലിൽ ജീവിക്കുന്ന വിജയൻ എന്ന കഥാപാത്രം പത്രപ്രവർത്തകനായ ഒ.വി.വിജയനല്ല ;വിജയനിലെ മറ്റൊരാളാണ്.

    ആ വ്യക്തിയാണ് നോവലിനു  കാരണമാകുന്നത്. നോവൽ കല്പനകളുടെ ഭൂമിയാണ്. ആ ഭൂമിയിൽ നോവലിസ്റ്റ് തന്നെ തൻ്റെ മറ്റൊരു രൂപത്തെ ഉള്ളടക്കം ചെയ്തിരിക്കുകയാണ്. യഥാർത്ഥ വിജയൻ്റെ തന്നെ കല്പിതരൂപമാണ് നോവലിലെ കഥാപാത്രമായി മാറുന്നത്. ആ കഥാപാത്രം വിചാരഭാവനകളുടെ ഒരു കൂട്ടമാണ്.

    എല്ലാം സാഹിത്യമാണെന്ന വിചിത്രമായ വാദം താങ്കൾ ഉയർത്തിയതോർക്കുന്നു ? അത് എങ്ങനെ വിശദീകരിക്കാം ?അതിൻ്റെ  ആശയപരമായ പ്രസക്തി എന്താണ് ?

    എം.കെ.ഹരികുമാർ :സാഹിത്യം സർവ്വവ്യാപിയാണ്. എല്ലാം സാഹിത്യമാണ്. ഒരു പോത്തു നോക്കുന്നതുപോലും സാഹിത്യമാണ്. വീണുകിടക്കുന്ന പൂവ് സാഹിത്യമല്ലേ ? കാരണം ,ഓരോ ചലനവും വസ്തുവും അസ്തിത്വവും ഉല്പാദിപ്പിക്കുന്നത് ,പരസ്പര വിരുദ്ധവും സമ്മിശ്രവും അനന്തവുമായ  ചർച്ചകളാണ്, ചിന്തകളാണ്. ഭാവനകളുടെ ഒരു കൂടാണ് എല്ലാ ശബ്ദങ്ങളും നോട്ടങ്ങളും ഗന്ധങ്ങളും. ഘടനയിൽതന്നെ അതെല്ലാം  ആഖ്യാനമാണ്.

    ആഖ്യാനത്തിനു ഏകതാന സ്വഭാവമല്ല ഉള്ളത്. അത് ഓരോ വ്യക്തിയുടെയും  സ്വഭാവംപോലെ മാറിക്കൊണ്ടിരിക്കും. ആഖ്യാനമാണ് സാഹിത്യം ; രചനയിലെ ശൈലിയും സ്വരഭേദവും സാഹിത്യമാണ് . മുൻധാരണകളനുസരിച്ചല്ല ,അത്  പ്രവർത്തിക്കുന്നത്. നോട്ടവും ചലനവും ആഖ്യാനം ആകുന്നതോടൊപ്പം അർത്ഥങ്ങളാണ്,ആശയങ്ങളാണ്. അർത്ഥങ്ങൾ വികാരപരമായി വീക്ഷിക്കപ്പെടേണ്ടതുണ്ട്. അതിൽ മനുഷ്യനും പ്രകൃതിയുമുണ്ട്.

    എന്താണ് താങ്കളെ അസ്വസ്ഥപ്പെടുത്തുന്നത് ?

    എംകെ.ഹരികുമാർ: ഓരോ വസ്തുവിലെയും അനന്തമായ സ്വയം നിരാസങ്ങളും സ്വയം നിർമ്മാണങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തുന്നു. പ്രപഞ്ചം ഓരോ നിമിഷവും ആശയങ്ങളിലും സ്വപ്നങ്ങളിലും അറ്റകുറ്റപ്പണി നടത്തുകയാണ്. കാലം അതിൻ്റെ ഉപകരണമാണ്. ഇന്നലെത്തെ ഞാനല്ല ഇന്നത്തെ ഞാൻ .ഇന്നലത്തെ സൂര്യനല്ല ഇന്നുള്ളത്. കഴിഞ്ഞ കാലം പോലും അറ്റകുറ്റപ്പണിക്കു വിധേയമാണ്.

    കഥ/ക്രിസ്തുവിനെ തേടുന്ന പൂമ്പാറ്റകൾ/എം.കെ.ഹരികുമാർ

     


    അതൊരു വിചിത്രനോവലായിരുന്നു. പ്രധാനകഥാപാത്രം മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായിരിക്കുന്നു. നോവൽ പകുതിയിലെത്തിയപ്പോഴാണ് ഈ പിന്മാറ്റം .അതിനെക്കുറിച്ച് നോവലിസ്റ്റിനു കൂടുതലൊന്നും അറിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു മറവിയുടെ തണുത്ത കാലമാണ്, വായനക്കാരനായ ഇമ്മുവിൽ അതു സൃഷ്ടിച്ചത്. അവനു പൂർണമായി വായിക്കാൻ കൈയിൽ കിട്ടിയില്ലെങ്കിലും, പലയിടങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങൾ നോക്കി ഈ കഥാപാത്രത്തെ അവൻ അറിയാൻ ശ്രമിക്കുകയാണ്.

    ആ നോവൽ പൂർണരൂപത്തിൽ കാണണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല. കിട്ടിയതാകട്ടെ അദ്ധ്യായങ്ങളുടെ ഭാഗങ്ങളും. എന്നാൽ നോവൽ പൂർണമായി വായിച്ച ചിലരെങ്കിലുമുണ്ട്. ചില അച്ചന്മാരുടെ വർത്തമാനങ്ങളിൽനിന്നാണ് അത് പ്രചരിച്ചത്. പക്ഷേ, അവർ ആരെല്ലാമാണെന്ന് വ്യക്തമല്ല.

    അച്ചന്മാർ വേദപാഠ ക്ലാസുകളുടെ ഇടവേളയിൽ ഈ നോവലിനെക്കുറിച്ച് പറയാറുള്ളതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ ,അവർ വായിച്ച വളരെക്കുറച്ച് പുസ്തകങ്ങളിൽ ,ഇത് മനസിൽ നിന്ന് മാഞ്ഞുപോകാതെ നിന്നതാവാം.

    ‘ക്രിസ്തുവിനെ തേടിയ പൂമ്പാറ്റകൾ’ എന്നാണ് ആ നോവലിൻ്റെ പേര്. അതിലെ പ്രധാന കഥാപാത്രം ഒരു  ചിത്രകാരനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിലാണ് അയാൾ കൂടുതൽ വരച്ചത്. അയാൾ ഇരുപതാം നൂറ്റാണ്ട് കണ്ടിട്ടില്ല. ജീവിതാവസാനം വരെ വരച്ചിട്ടും, നാല്പത് വയസിനടുത്ത് ,അയാൾക്ക് പണമോ പ്രശസ്തിയോ നേടാനായില്ല. കലാകാരന്മാരുടെ ജീവിതത്തിൽ , പൗരോഹിത്യവും വലിയ സ്ഥാപനങ്ങളും അമിതമായി ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. ഓരോ കലാകാരൻ്റെയും വിധി നിശ്ചയിക്കാൻ അധികാരിവർഗത്തിൻ്റെ പ്രതിനിധികൾ അവതരിക്കുകയാണ്.

    ഓരോ ഗാലറിയും സത്യത്തെ അന്വേഷിക്കുകയാണ്. അവിടെ അവസാനത്തെ അത്താഴവും ഒറ്റിക്കൊടുക്കലും നിത്യേന സംഭവിക്കുന്നു .കുരിശേറ്റുന്നതിനായി ഒരു ക്രിസ്തുവിനെ കൊണ്ടുപോകുന്നത് കണ്ടാലും, നിത്യമായി മൗനികളായിപ്പോയ മനുഷ്യർ അത് നിർവികാരമായി നോക്കി നില്ക്കാൻ ശീലിച്ചിരിക്കുന്നു.

    എല്ലാകാലത്തും കാഴ്ചയിൽ ലഹരിയുണ്ടായിരുന്നു. എന്തും കാണുന്നതിൽ ആളുകൾ മത്തുപിടിക്കുന്നു .കാഴ്ചകളോട് ലൈംഗികാഭിനിവേശമാണ്. ഏത് കാഴ്ചയിലൂടെയും ലൈംഗിക സംതൃപ്തി നേടുന്നവരുണ്ട്. അവർക്ക് എല്ലാം ലക്ഷ്യവും മാർഗവുമാകുന്നു. കണ്ടാൽ മതി; അതിൽതന്നെ എല്ലാറ്റിനും ഉത്തരം ലഭിക്കുമായിരുന്നു.

    ഈ കാഴ്ചയിൽ തങ്ങൾ കാണിയല്ല ,വികാരങ്ങളുടെ ഉപയോക്താവാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ക്രിസ്തുവിനെ കൊണ്ടുപോയപ്പോൾ ആ കാണൽ സംഭവിച്ചു. അതിപ്പോഴും ആവർത്തിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി ധാരാളം സ്ഥാപനങ്ങൾ ഉണ്ടായെങ്കിലും, ഇപ്പോഴും ,നിമിഷംതോറും ക്രിസ്തുവിനെ വിചാരണചെയ്യുകയാണ്, ശിക്ഷ വിധിക്കുകയാണ് ,കുരിശിലേറ്റുകയാണ് .രണ്ടു ചിന്തകൾക്കിടയിലെ സമയത്ത് ക്രിസ്തു കുരിശിലേറുന്നു.

    നോവലിലെ കഥാപാത്രത്തിൻ്റെ പേര് ക്രിസ്റ്റഫർ എന്നായിരുന്നു. നോവലിസ്റ്റ് ക്രിസ്റ്റഫറിൻ്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി പോകുകയാണെന്ന വികാരം നോവലിൻ്റെ ആദ്യഭാഗങ്ങളിലുണ്ടെന്നാണ് ഒരാൾ പറഞ്ഞത്. എന്നാൽ ആ ഭാഗം പൂർണമായി വായിക്കാൻ ഇമ്മുവിനായില്ല. അത് കണ്ടുകിട്ടിയിട്ടില്ല. പലരിലൂടെ കൈമാറി വന്ന കുറച്ചു പേജുകളാണ് കിട്ടിയത്.
    അവൻ അത് നിധിപോലെ സൂക്ഷിച്ചു വായിച്ചു.

    ഒടുവിലെത്തുമ്പോൾ ക്രിസ്റ്റഫറിൻ്റെ കഥ സ്തംഭിച്ചുനില്ക്കുകയും പകരം ആ സ്ഥാനത്ത് മറ്റൊരാൾ വരികയും ചെയ്യുന്നു. ക്രിസ്റ്റഫറിനു  ആധികാരികതയുണ്ടോ?  തുടക്കം മുതലേ അല്ലെങ്കിൽ അതിനു മുന്നേ നിർമ്മിച്ചെടുത്ത ഒരു മൂശയിൽ എപ്പോഴും ആ കഥാപാത്രം സുരക്ഷിതനായിരിക്കുമോ ?യാദൃച്ഛികമായ പ്രചോദനങ്ങളുടെയോ വീഴ്ചകളുടെയോ പേരിൽ ആ  കഥാപാത്രത്തെ തന്നെ നഷ്ടപ്പെടാം.കാരണം, കഥാപാത്രത്തിൻ്റേത് വല്ലാത്ത ഒരു ഏകാന്തതയാണ് .ഒരാൾ സൃഷ്ടിക്കുന്നതാകയാൽ പാരതന്ത്ര്യമാണ് മുഖ്യം. പാരതന്ത്ര്യത്തെ ,എല്ലാ മനുഷ്യരെയും പോലെ സ്വാതന്ത്ര്യമാണെന്ന്  തെറ്റിദ്ധരിക്കാനും അതിൻപ്രകാരം പ്രചരിപ്പിക്കാനും ഒരു കഥാപാത്രത്തിനു നിയോഗമുണ്ട്.

    പക്ഷേ ,ഇതിനൊക്കെ പരിധിയുണ്ടെന്നാർക്കണം. കഥാപാത്രങ്ങൾക്ക് ആത്മഹത്യാ പ്രേരണയുണ്ടാകാം.ഇത്  എഴുത്തുകാരൻ കൊടുക്കുന്ന പ്രേരണയാകണമെന്നില്ല. കഥാപാത്രത്തിൻ്റെ ഏകാന്തത എങ്ങനെയോ രൂപപ്പെടുന്നതാണ്.  അയാൾ സജീവമല്ലാത്ത ഒരു ലോകത്ത് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ നിയോഗിക്കപ്പെട്ടവനാണ്. റോബോട്ടുകൾപോലും ആത്മഹത്യ ചെയ്യുന്നത് നാം കാണുന്നു. ഒരേ ജോലിയിൽ ഒരേ വികാരത്തോടെ ജീവിച്ചുകൊണ്ടിരിക്കാൻ യന്ത്രങ്ങൾക്ക്പോലും അസാധ്യമാകുകയാണ്. ഏകാന്തതയിൽ ഉള്ള് അടർന്നു  ചിതറിവീഴുമ്പോൾ ,കഥാപാത്രങ്ങൾ എവിടെപോകാനാണ്? അവരുടെ ലോകം ആവിഷ്കാരത്തിൻ്റെയും  അധികാരത്തിൻ്റെയും  കടന്നാക്രമണങ്ങളാൽ മുഖരിതമാണ്.

    അതുകൊണ്ട് ക്രിസ്റ്റഫറിനേപോലൊരാൾക്ക്  അവനോടുള്ള നീതിയുടെ പേരിലെങ്കിലും ഒരു ഒഴിഞ്ഞോടൽ  ആവശ്യമാണ്. സ്വയം നിഷ്കാസനം ചെയ്യുന്നതിൻ്റെ അതിരുവിട്ട കളിക്ക് കിസ്റ്റഫറിനു തയ്യാറാവേണ്ടി വന്നുവെന്ന് അനുമാനിക്കാം. അയാളുടെ മുന്നിൽ  വേറെ വഴിയില്ലായിരുന്നുവെന്നും  ആത്മഹത്യയിൽ അഭയം തേടുകയായിരുന്നുവെന്നും  സമാധാനിക്കുന്നതിൽ കാമ്പുണ്ട്. ക്രിസ്റ്റഫർ ഏത് പ്രശ്നത്തെയും സ്വന്തം ബുദ്ധികൊണ്ടും നീതിബോധംകൊണ്ടും നേരിട്ടു.

    ഒരാൾ തൻ്റെ തന്നെ യഥാർത്ഥജീവിതത്തിനപ്പുറത്ത് മറ്റെന്തെങ്കിലും ആകേണ്ടതില്ലെന്ന ആദർശം ക്രിസ്റ്റഫറിൻ്റേതായിരുന്നു. ക്രിസ്തുവിൽ അതു കണ്ടതിൻ്റെ  വിശ്വാസത്തിലാണ് അയാൾ വര തിരഞ്ഞെടുത്തത്. എന്നാൽ ക്രിസ്റ്റഫർ വരച്ച വരകൾ കാൻവാസിൻ്റെ നാലതിരുകൾക്കുള്ളിൽ നിറങ്ങളെ ആവാഹിച്ചു നിന്നെങ്കിലും അത് പ്രകോപനപരമായി ഫ്രെയിമിനെ  അതിലംഘിച്ചു കടക്കുന്നതായ ഒരു ചിന്ത അനുവാചകനിൽ ജനിപ്പിച്ചു .

    യഥാർത്ഥത്തിൽ അനുവാചകൻ്റെ  സൗന്ദര്യബോധത്തെ തന്നെ നിരാകരിച്ചുകൊണ്ട് കുതറിയോടുന്ന വരകളാണ് ക്രിസ്റ്റഫറിൻ്റേതെന്ന് വിമർശകർ പ്രചരിപ്പിച്ചു. ഒരു കാൻവാസ് സങ്കല്പിക്കുമ്പോൾ തന്നെ അതയാൾക്ക് അപര്യാപ്തവും  പരിമിതവും അസുഖകരവുമായ വിധം  പ്രകോപനമുണ്ടാക്കുമായിരുന്നു.

    ക്രിസ്റ്റഫറിൻ്റെ കാണികൾ മറ്റാർക്കോ വേണ്ടി കാണാൻ വന്നപോലെയായിരുന്നു. അവർ അയാളുടെ ചിത്രങ്ങൾ കാണുകയായിരുന്നില്ല . വേണ്ടപ്പെട്ട പലരുടെയും ചിത്രങ്ങളെ  കൂടുതൽ വിലമതിക്കുന്നതിനു വേണ്ടി  ക്രിസ്റ്റഫറിനെ  നിരാകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ നോക്കിയത് വേറെ ചിത്രകാരന്മാരുടെ കണ്ണിലൂടെയായിരുന്നു

    ഇത്തരം പ്രേക്ഷകരെ ക്രിസ്റ്റഫറിനു  കാണുന്നതു തന്നെ ഇഷ്ടമല്ലായിരുന്നു. അവരുടെ മുഖത്ത് കണ്ട കളങ്കിതമായ അതിശയവും അടക്കിയ ചിരിയും  അയാളെ വല്ലാതെ കീറി മുറിക്കുമായിരുന്നു. കാണികളിൽനിന്നു രക്ഷനേടാൻ അയാൾ അടുത്തുള്ള ഏതെങ്കിലും ഷോപ്പിലോ ബാത്റൂമിലോ  ബസ്റ്റോപ്പിലോ പോകുമായിരുന്നു.

    നോവലിസ്റ്റിനു ക്രിസ്റ്റഫറിനെ ഇങ്ങനെ വിടാൻ ഭാവമില്ലായിരുന്നുവെന്നാണ് അനുമാനിക്കേണ്ടതെന്ന് വായനക്കാരായ ചില പ്രബുദ്ധമതികൾ  അഭിപ്രായപ്പെട്ടു. നോവലിൻ്റെ പല ഭാഗങ്ങൾ തേടിപ്പിടിച്ച് വായിച്ച ഫാ. ഗ്രിഗോറിയസ് പറഞ്ഞത് ഇമ്മു ഓർത്തു:

    ” ഈ നോവൽ ഉണ്ടെന്നറിഞ്ഞ് , കഷ്ടപ്പെട്ടാണ് അത് തേടിപ്പിടിച്ചു  വായിച്ചത് .പക്ഷേ, എൻ്റെ പക്കൽ  ഒരിക്കലും നോവൽ പൂർണരൂപത്തിലുണ്ടായിരുന്നില്ല .വിവിധ ഘട്ടങ്ങളിലായി ഞാനത് വായിച്ചു. ഒരിടത്തു നിന്നല്ല ,പലയിടങ്ങളിൽ നിന്ന് പല ഭാഗങ്ങൾ. ഇതിനായി ഞാൻ അഞ്ചുവർഷങ്ങൾ ചെലവാക്കി.

    ഗ്രിഗോറിയോസ് അച്ചനു  അഞ്ചുവർഷങ്ങൾ നിസ്സാരമാണ്. കാലം അച്ഛൻ്റെ മുന്നിൽ പരന്നു കിടക്കുകയാണ്. ഇമ്മുവിൻ്റെ അവസ്ഥ അതുപോലെയല്ല. അവനു ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ജീവിക്കുന്നതു തന്നെ അതിനാണ്. ഒരുരുള ചോറുപോലും, ഈ ആഗ്രഹത്തെ വെടിഞ്ഞ് അവൻ ഉള്ളിലോട്ടു ഇറക്കിയിട്ടില്ല. വിശപ്പ് അറിയുന്നതിനു പകരം അവൻ മറ്റുള്ളവരുടെ വിഷമങ്ങളും  തെറ്റുകളും എങ്ങനെ തന്നിലേക്ക് ഉൾക്കൊള്ളാനാവുമെന്നാണ്  ആലോചിച്ചത്.

    അവൻ്റെ മുന്നിൽ അപരദു:ഖങ്ങൾ  അഴിച്ചെടുക്കാനാവാത്ത കുരുക്കായി തീർന്നു .അതുകൊണ്ട് അവനു സമയം പാഴാക്കാനില്ല. കിട്ടിയ ഭാഗം വായിച്ചതോടെ അവന് ക്രിസ്തീയ  അസ്തിത്വത്തെക്കുറിച്ചുള്ള ഒരു വെളിപാടുപോലെ ക്രിസ്റ്റഫിൻ്റെ  തിരോധനം അനുഭവപ്പെട്ടു.

    കഥാഖ്യാനത്തിനിടയിൽ പ്രധാന കഥാപാത്രമായ ചിത്രകാരൻ ക്രിസ്റ്റഫർ എങ്ങനെയോ ഉൾവലിഞ്ഞിരിക്കുന്നു. അയാളുടെ അസ്തിത്വം ആ സാങ്കല്പിക കഥയിൽ മാത്രമാണ് ഉണ്ടായിരുന്നത്. അയാൾക്കുവേണ്ടി സാമൂഹിക സ്ഥാപനങ്ങൾ വിലപിക്കുകയോ ശബ്ദിക്കുകയോ ചെയ്തില്ല .അതേസമയം  സാങ്കല്പികമായ വിധം ക്രിസ്റ്റഫറിൻ്റെ ജീവിതസത്യങ്ങൾ തെളിഞ്ഞുനില്ക്കുകയാണ്. എഴുത്തുകാരൻ്റെ ഭാവനയിൽനിന്ന് ഉദിച്ച വ്യക്തിയാണെങ്കിലും ,പിന്നീട് അയാൾ സ്വന്തം ചിത്രകലാ ആദർശങ്ങളും ത്യാഗത്തിൻ്റെ മനോഹരമായ മാനസികജീവിതവും ഉയർത്തിപ്പിടിക്കുന്ന ഒരു വൻമരമായി  തീരുകയായിരുന്നു.

    എന്നാൽ ക്രിസ്റ്റഫറിൻ്റെ തിരോധാനത്തെക്കുറിച്ച് നോവലിസ്റ്റ്  ഒന്നും മിണ്ടുന്നില്ല .കാരണം, അദ്ദേഹത്തിന് ക്രിസ്റ്റഫർ എന്ന വ്യക്തിയെക്കുറിച്ച് ഇനി എന്ത് പറയണമെന്നറിയില്ല. എഴുതിയ വിവരങ്ങൾ മാത്രമേ ഉള്ളൂ. കൂടുതലൊന്നും ആരായാനാവുന്നില്ല . ഒരു വിരക്തിയാണ് അവിടെ രക്തം പോലെ തളം കെട്ടി കിടക്കുന്നത്. എങ്ങോട്ട് പോകണമെന്നറിയാതെ എഴുത്തുകാരൻ പകച്ചു നിന്നിട്ടുന്നുണ്ടാവും .നോവലിസ്റ്റിനു തീർച്ചയായും ക്രിസ്റ്റഫറിനെകൊണ്ട്  കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം സമാപ്തിയായി .ഇത് ക്രിസ്റ്റഫറിൻ്റെ മാത്രം വിധിയാണ്. അയാളുടെ പ്രതീതിജീവിതം ഒരു നോവലിലെ ഏതാനും അദ്ധ്യായങ്ങളിൽ  മാത്രമാണുണ്ടായിരുന്നത്. അതിനുശേഷം അയാൾ ജീവിതം മതിയാക്കി, ലോകത്തെ തിരസ്കരിച്ച്‌ മടങ്ങി.

    പിന്നീട് നോവലിസ്റ്റ് വാൻഗോഗിനെ അതിൻ്റെ തുടർച്ചയിൽ  കഥാപാത്രമായി പ്രവേശിപ്പിക്കുന്നതാണ് നാം കാണുന്നത്‌. ഇമ്മുവിനു വാൻഗോഗിനെ വലിയ പിടിയില്ലായിരുന്നു. അവന് ആ ഡച്ച്‌ ചിത്രകാരൻ ആരുമല്ലായിരുന്നു. എന്നാൽ ഈ വിദേശ നോവലിൽ ഒരു പ്രത്യേക ഘട്ടത്തിൽ, മനുഷ്യാസ്തിത്വത്തിൻ്റെ മറവിയിലും വിരക്തിയിലും അന്തർധാനത്തിലും  ഉത്തരമില്ലാതെ ഒരെഴുത്തുകാരൻ നില്ക്കുമ്പോൾ അവിടെ വാൻഗോഗ്  അല്ലാതെ വേറെ ആരു വരും ? ക്രിസ്റ്റഫറിനും വാൻഗോഗിനും തമ്മിൽ  സാമ്യമുണ്ടായിരുന്നുവെന്ന് നോവൽ സൂചന നല്കുന്നുണ്ട്.

    നോവൽ വായിക്കുന്ന ഒരാളുടെ പ്രശ്നമായി നോവലിസ്റ്റ് വാൻഗോഗിനെ നിർത്തുന്നു. അദ്ദേഹം വായനക്കാർക്ക് വേണ്ടി വാൻഗോഗിനോടു കുറെ ചോദ്യങ്ങൾ ചോദിക്കാൻ  തുടങ്ങുമ്പോഴേക്ക് വാൻഗോഗ് തിരിച്ചു ചോദിക്കുകയാണ്.

    “നിങ്ങൾ ആ ചിത്രകാരനെ എന്തുചെയ്തു ” ? വാൻഗോഗ്  ആരാഞ്ഞു.

    “ഞാൻ അയാളെ ഒരു സ്വതന്ത്രചിത്രകാരനും യഥാർത്ഥ ക്രിസ്തീയ ത്യാഗിയുമാക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഇടയ്ക്ക് വച്ച് എൻ്റെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ തോന്നുന്നു .എനിക്ക് അയാളുടെ മേലുള്ള സകല ഓർമ്മകളും  നഷ്ടപ്പെട്ടു .ഞാനിപ്പോൾ നിസ്സഹായനാണ് ” .നോവലിസ്റ്റ് പറഞ്ഞു.

    “അയാൾ എത്ര ചിത്രങ്ങൾ വരച്ചു?”
    “വരയ്ക്കുമായിരുന്നു, എത്രയെണ്ണമെന്ന് അറിയില്ല ” .

    “അതെന്താ?”

    “ഓർക്കുന്നില്ല” .

    “അയാളുടെ കലാദർശനം എന്തിനാണ് താങ്കൾ പരിപാലിച്ചത്?”

    അയാളെ സ്വതന്ത്രനാക്കുവാനാണ്  ഞാൻ ആഗ്രഹിച്ചത്”.

    ” എന്നിട്ട് ?”

    “അയാളെ സ്വതന്ത്രനാക്കുവാനാണ് ഞാൻ ആഗ്രഹിച്ചത് ” .

    “എന്നിട്ട്?”

    “അയാൾ എന്നെയും കടന്ന് കൂടുതൽ ധിക്കാരിയും ഉത്തരങ്ങൾ തരാത്ത, ആകുലതകളുടെ വക്താവുമായി “.
    “എന്താണ് അയാളുടെ പേര്?”

    “ഓർമ്മയില്ല” .

    “അയാളെ താങ്കൾ ക്രൂരമായി  കൊല്ലുകയായിരുന്നില്ലേ” .

    “അല്ല ,ഒരിക്കലുമല്ല ” .

    “അതെ. നിങ്ങൾ കൊന്നു .കാരണം നിങ്ങൾ ഒരു മുതലാളി ഗാലറി ഉടമയോ പൊങ്ങച്ച കലയുടെ ആസ്വാദകനോ ആണ്. അതിനു കഥാപാത്രം  കൂട്ടുനിൽക്കാതെ വന്നതോടെ നിങ്ങൾ അയാളെ നിഗ്രഹിക്കാൻ ശ്രമിച്ചു. എല്ലാകാലത്തും മൗലികമായ കാഴ്ചകളിൽ സ്വയം കണ്ടെത്തുന്നവനും സൂക്ഷ്മമായി ചിന്തിച്ചു കയറുന്നവനും  ഇതുപോലുള്ള അനുഭവമുണ്ടാകും. എപ്പോഴും മുതലാളിത്തകലയുടെ  ഗുണഭോക്താക്കളും സംഘങ്ങളും ഒന്നിനും പിടികൊടുക്കാത്ത കലാകാരന്മാരെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും ” .

    “ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. ധാരാളംപേർ ഒരുപോലെ ചിന്തിക്കുന്നിടത്ത് ഒരാൾ തൻ്റെ  പ്രക്ഷുബ്ധമായ ഏകാന്തതയുമായി  വന്നാലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഞാൻ വിശകലനം ചെയ്തത് “.

    “പിന്നെ എന്താണ് ആ കഥാപാത്രത്തിന് പറ്റിയത് ?”

    “അതെനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് എവിടെയോ തകർച്ചയുണ്ടായി. എൻ്റെ  വിശ്വാസപ്രമാണങ്ങൾ തകർന്നില്ല. ഞാൻ ഏതോ വീണ്ടുവിചാര സാധ്യതയിലാണ് “.

    “വ്യക്തമാക്കൂ” .

    “ഞാൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സത്യങ്ങളുടെ പേരിൽ ആ കഥാപാത്രം ഒരുപാട് സഹിച്ചുകഴിഞ്ഞു .എനിക്ക് ഇനി അയാളെ സമീപിക്കാൻപോലും കഴിയില്ല .എൻ്റെ മനസ്സിൽ ഏറെ സംഭവങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ആ കഥാപാത്രത്തിൻ്റെ സഹനത്തിൽ എനിക്ക് സഹതപിക്കാൻ വാക്കുകളില്ല. അത് തോന്നിതുടങ്ങിയശേഷം എൻ്റെ  എഴുത്ത് മന്ദഗതിയിലായിരുന്നു. ചിലപ്പോഴൊക്കെ ,ആ ചിത്രകാരനുമായി ഞാൻ കലഹിച്ചു”.

    “എന്തിനു?” വാൻഗോഗ് ആവേശത്തിൽ ചോദിച്ചു.

    “അവൻ പറഞ്ഞു ,മനുഷ്യർ കുറ്റവാളികളാണെന്ന് സമർത്ഥിക്കുന്നത് അവരെ മർദ്ദിക്കാനും ശിക്ഷിക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് .കുറ്റവാളികളാക്കി നിലനിർത്തുന്നത് സമൂഹമാണ്. അവർക്ക് അവരുടെ മർദ്ദനോപകരണങ്ങൾ കണ്ടുപിടിക്കാനും മർദ്ദനങ്ങൾ തുടരാനും അതിനു വേണ്ടതായ തത്ത്വചിന്തയും ധാർമ്മികതയും നിലനിർത്താനും ഇങ്ങനെയുള്ളവർ   വേണം. അതുകൊണ്ടു മറ്റുള്ളവർ തെറ്റ് ചെയ്യാത്തവരായി വേർതിരിക്കപ്പെടുകയും അവർക്ക് കാപട്യത്തിൻ്റെയും മിഥ്യയുടെയും ആനുകൂല്യത്തിലൂടെ മേൽക്കൈ കിട്ടുകയും ചെയ്യുന്നു. ഇതു ക്രൂരവും  ബധിരവുമായ ഒരു യുദ്ധമാണ്.പാപികളെ എങ്ങനെയാണ് നാം വിശുദ്ധരാക്കേണ്ടതെന്നല്ല, പാപികൾ അങ്ങനെ തന്നെയായിരിക്കുന്നതാണ് നല്ലതെന്ന് പറയാൻ ശ്രമിക്കുകയാണ്. എന്നിൽ അത് ആശയക്കുഴപ്പമുണ്ടാക്കി. മറ്റൊന്നും എഴുതാൻ പറ്റാത്ത വിധം  ഞാൻ നിശ്ശൂന്യനായതുപോലെ തോന്നി “.

    ” ആ യുവാവ് പറഞ്ഞതിൻ്റെ പൊരുൾ  എന്താണെന്ന് താങ്കൾ പരിശോധിക്കാതിരുന്നത് ശരിയായില്ല . എന്തെങ്കിലും താങ്കൾ അതിൽ നിന്നു ഗ്രഹിച്ചോ? ” .

    ” അയാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു :ഈ ലോകത്ത് പാപികളേ വരൂ എന്ന് ക്രിസ്തു പറഞ്ഞത് വലിയൊരു കുട നിവർത്തലാണ്. അതിനാൽ ഞാൻ കുടയില്ലാത്തവരുടെ  അടുത്തേക്ക് പോകുന്നു” .

    “ഇത് കുറേക്കൂടി അർത്ഥവ്യാപ്തിയുള്ളതാണ് “.

    വാൻഗോഗ് പ്രതികരിച്ചു .അദ്ദേഹം തുടർന്നു: ” ആ ചിത്രകാരനു ഞാൻ   സമുന്നതമായ സ്ഥാനം നല്കുകയാണ്. അയാൾ പോയപ്പോൾ താങ്കൾ എന്നെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് , താങ്കളിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു സത്യാഭിമുഖ്യത്തെ കാണിക്കുന്നു. താങ്കൾ ധനമുള്ളവരുടെ   കൂടെ പ്രവർത്തിക്കാനിഷ്ടപ്പെടുന്നുണ്ടെങ്കിലും ,താങ്കളിൽ സദാസമയവും  നിസ്സഹായമാകുന്ന, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഒരു സത്യാന്വേഷിയുമുണ്ട്. നിസ്സാരമായി തള്ളിക്കളയാനാവാത്ത വിധം അത് താങ്കളെ ഞെരുക്കുന്നുണ്ട്. അതുകൊണ്ടാണ് പകരക്കാരൻ കഥാപാത്രം എന്ന നിലയിൽ ഞാൻ വരേണ്ടി വന്നത് ” .

    “താങ്കൾ എന്താണ് ഇതിൽനിന്ന് അനുമാനിക്കുന്നത് ” – നോവലിസ്റ്റ് ചോദിച്ചു.

    വാൻഗോഗ് പറഞ്ഞു :” പാപം ചെയ്യുന്നവരുണ്ടെന്നും അവർ പുറംപോക്കിലുള്ളവരാണെന്നും പറഞ്ഞ് ദുർബ്ബലരെയെല്ലാം ഇപ്പോഴും അധികാരികൾ ദ്രോഹിക്കുന്നു. പാപികളാക്കുക എന്നത് ഒരു ഭരണസംവിധാനമാണ്; അങ്ങനെയുള്ളവർക്ക് സ്വതന്ത്രമായ ആവിഷ്കാരമോ ചിന്തയോ അസാധ്യമായി വരും. മനസ്സിനെ ഒരു പ്രത്യേകരീതിയിൽ അടിമയാക്കിവയ്ക്കാം. അടിമത്തമാണ് ഏറ്റവും വലിയ സൗകര്യമെന്ന് ധരിച്ചു തുടങ്ങും. അവിടെയാണ് ക്രിസ്തു വരുന്നത്. ക്രിസ്തു എല്ലാ പാപികളെയും തന്നിലേക്ക് ആകർഷിച്ചു. എന്താണ് കാരണം ? പാപം ചെയ്തവർക്ക് വീണ്ടും ജീവിക്കാൻ ;സാർത്ഥകമായ  സംക്രമണം പൂർണ്ണമാക്കാൻ അവസരമുണ്ടെന്നർത്ഥം .അവർക്ക് വീണ്ടും ജനിക്കാം. അവരെ സമാശ്വസിപ്പിക്കാനുള്ള അവസാനത്തെ താവളമാണ് യേശു .മറ്റെല്ലാവരും തള്ളിക്കളഞ്ഞാലും യേശു അവരെ വിടില്ല. ഏത് അധികാരി ശിക്ഷിച്ചാലും യേശു അവനു സമാധാനം നല്കും. അവനെ എല്ലാ സങ്കുചിതമായ വേലിക്കെട്ടുകൾക്കും അപ്പുറം സ്വതന്ത്രവും നീലനിറമാർന്നതുമായ ആകാശത്തിൻ്റെ പുഷ്പസദൃശമായ മാർദ്ദവം അനുഭവിപ്പിക്കാൻ സഹായിക്കുന്നു. അവനെ സംരക്ഷിക്കാൻ ഒരാൾ ഉണ്ടാകുന്നത് എല്ലാ കോട്ടകൊത്തളങ്ങളും തകരുന്നതിനും ഇടയാക്കും .പാപികളല്ലാത്ത ആരുമില്ല എന്നും യേശു പറഞ്ഞു. അതോടെ ഉന്നതമാക്കപ്പെട്ടതും വരേണ്യവുമായ എല്ലാ ആത്മീയവ്യവഹാരങ്ങളും റദ്ദാവുകയും യേശുവിൻ്റെ  സ്നേഹത്തിൻ്റെ അനന്തമായ കടൽ  പരക്കുകയും ചെയ്യുന്നു. ആരെയും പുറത്താക്കാൻ യേശു അനുവദിക്കില്ല. ഇതാണ് അപാരമായ മനുഷ്യത്വത്തിൻ്റെ കാതൽ ,എക്കാലത്തും ” .

    “താങ്കൾ വരച്ച ചിത്രങ്ങളിൽ ഈ യേശുവുണ്ടോ? “

    “ആരാണ് താങ്കളോട് ഇതെല്ലാം പറഞ്ഞത്?. ഞാൻ താങ്കൾ ഉദ്ദേശിക്കുന്ന ആളല്ല .ഞാൻ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് എങ്ങനെ അറിഞ്ഞു ?”

    “താങ്കളല്ലേ ‘നക്ഷത്രാങ്കിത രാത്രി ‘ വരച്ചത്?”

    “ഇല്ല ഞാൻ ചെയ്തിട്ടില്ല. നിങ്ങൾ ഉദ്ദേശിക്കുന്ന വാൻഗോഗ് ഞാനല്ല. അത് വേറൊരാളാണ് .അദ്ദേഹമാണ് നക്ഷത്രങ്ങൾ പതിതരുടെ പ്രിയത്തിനുവേണ്ടി പ്രകാശിക്കുന്നു എന്നർത്ഥം വരുന്ന രീതിയിൽ ആ ചിത്രം വരച്ചത് ” .

    ” അപ്പോൾ താങ്കൾ ആരാണ് ? താങ്കൾ ചിത്രകാരനാണോ ” .

    “അതെ ,ഞാൻ കലാകാരനാണ് .പക്ഷേ ,ആ  വാൻഗോഗല്ല; പേര് വാൻഗോഗ് എന്നു തന്നെ ” .

    താങ്കളെ കണ്ടുമുട്ടിയതു നന്നായി. താങ്കൾക്ക് ഒരു കാര്യത്തിലെങ്കിലും ആ പഴയ ഡച്ചു ചിത്രകാരനുമായി  ബന്ധമുണ്ടല്ലോ ,രണ്ടു പേരും ചിത്രകാരന്മാരാണല്ലോ “.

    “അതു ശരിയാണ്. പക്ഷേ ,ഞാൻ വാൻഗോഗിനെപോലെ നിഷേധവാസനയോടെ വരയ്ക്കുന്നില്ല .എനിക്കു വേണ്ടത് എൻ്റെ തന്നെ ഇനിയും ജീവിക്കാത്ത  അനുഭവമാണ് ,ചിത്രമാണ് ” .

    “ഒന്നും വ്യക്തമാകുന്നില്ല” .

    “അതായത്, ഞാൻ എന്നെ പൂർണമായി അറിഞ്ഞ് ഒന്നും വരച്ചിട്ടില്ല. ഓരോ സമയത്ത് വെളിപ്പെടുന്നത് ,ഞാൻ സത്യമെന്നു  കരുതി വരയ്ക്കുകയാണ്. അത് എന്നെ പ്രതിനിധീകരിച്ചു എന്നു  പറയാനാവില്ല. എന്നിലൂടെ എന്തൊക്കെയോ ഒഴുകിക്കടന്നു പോകുന്നുണ്ട്. പ്രേക്ഷകർ എന്നെ അറിയാൻ ശ്രമിക്കുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. അവർ വ്യാഖ്യാനിക്കുമ്പോൾ ഞാൻ തെളിഞ്ഞുവരും. എന്നാൽ അത് വളരെ നൈമിഷികമായ ഒരു തലമാണ്. ഞാൻ വരച്ച സമയത്ത് എന്നെ ദൈവം നോക്കിയപ്പോഴുണ്ടായ കാഴ്ചയാണ്  ചിത്രത്തിനാധാരമായിട്ടുള്ളത്. നിഷ്കളങ്കരായ കാണികൾക്ക് അതു മതി. അവർ ശുദ്ധതയ്ക്കുവേണ്ടി, എൻ്റെ നൈമിഷികതയുടെ വിളികളെ ശാശ്വതമാക്കുന്നു .എനിക്കത്  ആലോചിക്കാനേ വയ്യ .ഞാൻ എന്തുകൊണ്ട് ഹതാശമായ നിമിഷങ്ങളെ ഒരു ചിത്രത്തിലൂടെ  പിടിച്ചുനിർത്തിയെന്നു ചിന്തിക്കാനുള്ള സാവകാശം അവർ തരുന്നില്ല” .

    “എന്നാൽ താങ്കൾക്ക് ആ ചിത്രങ്ങൾ പിൻവലിച്ചുകൂടെ ” – നോവലിസ്റ്റ് ചോദിച്ചു .

    “അത് പ്രയാസമാണ് .ഞാൻ ജലച്ചായത്തിൽ വരച്ച ചിത്രങ്ങളാണ്  കൂടുതലും എന്നെ തൃപ്തിപ്പെടുത്തിയിട്ടുള്ളത്. ജലച്ചായത്തിൻ്റെ യഥാർത്ഥ രൂപമല്ല എനിക്കു വേണ്ടിയിരുന്നത്. കുറേക്കൂടി അസ്പഷ്ടവും സന്ദിഗ്ദ്ധവുമായ  ജലച്ചായമാണ് ഞാൻ പിന്തുടർന്നത്. നിറങ്ങൾ പെയിൻ്റ് ചെയ്യാനുള്ളതല്ല എന്ന വിശ്വാസം എന്നെ പിടികൂടിയിട്ടുണ്ട് .നിറങ്ങൾ  യഥാർത്ഥമായി എവിടെയെങ്കിലുമുണ്ടെങ്കിൽ അങ്ങനെതന്നെയിരിക്കട്ടെ. ചിത്രകാരന്മാർക്ക് അവയിൽ എന്തു കാര്യം?”

    “അതെന്താണ് ?”

    “കലാകാരന്മാർ അവരുടെ നിറങ്ങൾ കണ്ടെത്തുക തന്നെ വേണം .നിറങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മനുഷ്യൻ്റെ ജീവിതത്തിനു യഥാർത്ഥത്തിൽ ആവിഷ്കരിക്കാനാവാത്ത സൂക്ഷ്മ സംവേദനങ്ങൾ ഉണ്ടാകുന്നു” .

    “ഇതു വളരെ രസകരമായിരിക്കുന്നു”.

    “ഞാൻ ‘വിശ്വസ്തരായിരിക്കുന്നവർ ‘  എന്നൊരു ചിത്രം വരച്ചിട്ടുണ്ട് .അത് എന്നിലെ വിശ്വസ്തനെ ,
    മറ്റുള്ളവരോടും സത്യത്തോടുമുള്ള വിശ്വസ്തതയെയാണ് ഉന്നം വയ്ക്കുന്നത്. എൻ്റെ മനസ്സിൽ  സന്ദേഹങ്ങളും കലാപങ്ങളുമുണ്ട്. പക്ഷേ ,ഞാൻ എൻ്റേതായ നിലയിൽ ചിലതിൽ ഉറച്ചുനിൽക്കാൻ മോഹിക്കുന്നു .ഒരു ഫാക്ടറിയിലെ തൊഴിലാളികൾ വൈകിട്ട് വീടുകളിലേക്ക് മടങ്ങുകയാണ്. അവർ ഒരു നാൽക്കവലയിൽ വന്ന് പലവഴിക്കായി പോവുകയാണ്. അതിലെ ഒരു സംഘത്തെയാണ് ഞാൻ അന്വേഷിക്കുക. അന്വേഷിക്കുക എന്നു പറഞ്ഞാൽ പിന്തുടരുക. പക്ഷേ, എൻ്റെ ചിത്രത്തിൽ ആ യാത്രയൊന്നുമില്ല. അവർ ഒരു മരത്തിൻ്റെ ചുവട്ടിലിരുന്ന് വർത്തമാനം പറയുകയാണ്. ഒരാളുടെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പിയുണ്ട്. അതു പഴക്കം ചെന്നതും ഗ്ലാസുകൊണ്ട് ഉണ്ടാക്കിയതുമാണ്. അതിൻ്റെ അടപ്പിലെ മഞ്ഞനിറം മങ്ങിയതാണ്. അതിൽ കറുത്ത പാടുകളുണ്ട്. എങ്കിലും അതിലെ ശൂന്യത ദൃഢമാണ്. ഒരു വികാരവും ജനിപ്പിക്കാത്ത ആ ശൂന്യത ഒരു ഖരവസ്തുപോലെ ഗാഢമാണ്. അവർ അഞ്ചുപേരുണ്ട്. രണ്ടുപേർ സ്ത്രീകളാണ്.അതിൽ ഒരുവൾ തലയിൽ ഒരു തുണിയിട്ടിട്ടുണ്ട്. അതിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നു വ്യക്തം.ആ തുണികൊണ്ടു മറയ്ക്കാവുന്നതൊന്നും തലയിലില്ല. സൂര്യൻ ചാഞ്ഞു കിടക്കുകയാണ് .ഉറക്കത്തിനു  തയ്യാറെടുക്കുന്ന ഒരു മഹാപ്രഭുവിൻ്റെ ആലസ്യവും വിമുഖതയും ആ മുഖത്ത് പ്രകടമാണ്. ദിനാന്ത്യവേലകൾ ഇങ്ങനെയൊക്കെയാണ് അവസാനിക്കുന്നതെന്ന ധ്വനി  ഉള്ളതുപോലെയോ, അത് താൻ   മുൻകൂട്ടി കണ്ടിട്ട് മടങ്ങുകയാണെന്ന് ഭാവിക്കുന്നപോലെയോ ചില വികാരങ്ങൾ സൂര്യൻ്റെ മുഖത്തു നിന്നും വായിച്ചെടുക്കാം .സൂര്യൻ ഒരു കീഴടങ്ങലിനോ പ്രായാധിക്യത്തിൻ്റെ അവശത പേറാനോ തയ്യാറല്ലാത്ത വിധം പ്രൗഢമായിരുന്നു .സൂര്യബിംബത്തിൻ്റെ നഗ്നവും പ്രലോഭിപ്പിക്കുന്നതുമായ വശ്യത വീര്യം പകർന്നു .അതിൻ്റെ  പഴകിയതും ശാന്തവുമായ കിരണങ്ങൾ ആ പഞ്ചസംഘത്തിൻ്റെ നേർക്ക് പാഞ്ഞുവന്നുകൊണ്ടിരുന്നു.  ഒരു സ്ത്രീ എന്തോ പറഞ്ഞു ചിരിക്കുകയാണ്. മൂന്നു പുരുഷന്മാരിൽ  ഒരാൾ താരതമ്യേന തടിച്ചവനും നരച്ച മീശയുള്ളവനുമാണ് .അവൻ്റെ പകുതി കഷണ്ടിയായ തല സൂര്യപ്രകാശത്തിൽ തിളങ്ങുകയാണ്. അയാൾ ധരിച്ചിട്ടുള്ള നരച്ച ഷർട്ടിൻ്റെ മുകളിലത്തെ രണ്ട് ബട്ടൺ ഇട്ടിട്ടില്ല. ആ മരിച്ചുവീട്ടിലെ ബലിഷ്ഠമായ വേരുകളിലാണ് അവരുടെ ഇരിപ്പ് .രണ്ടുപുരുഷന്മാർ ,വെറുതെ എന്ന് തോന്നിപ്പിക്കുന്നപോലെ ദൂരെയെവിടെയോ നോക്കുന്നുണ്ട്. വയസ്സായവനെ കൂടാതെയുള്ള രണ്ടുപേരും യുവത്വം പിന്നിട്ടവരാണ്. എന്നാൽ അധികനേരം അവിടെ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആ ഇരിപ്പു കണ്ടാൽ തോന്നും. ആരോ വരാൻ കാത്തിരിക്കുന്നപോലെ ആ വയസ്സൻ മറ്റൊരു ദിക്കിലേക്ക് നോക്കുകയാണ് .ഒരു സ്ത്രീ അയാളെ  ശ്രദ്ധിക്കുന്നുണ്ട്. ഇരുട്ടിനെതിരെയുള്ള സായാഹ്നസൂര്യൻ്റെ പോരാട്ടം എന്നപോലെ പ്രകാശം സമീപത്തുള്ള രാത്രിയിലേക്ക് മെല്ലെ ചായുകയാണ്.ഇവർ വളരെ പാവപ്പെട്ടവരാണ്. അന്നന്ന് പണിതു ജീവിക്കുന്നവർ. അവർക്ക്  ലോകത്തിൻ്റെ ഗതിയോ നാളത്തെ കുട്ടികളുടെ ഭാവിയോ ഒന്നും ഊഹിക്കാനാകില്ല. അതുകൊണ്ട് അവർ സൗമ്യമായി ഇടപെടുന്നു. അവർക്ക് ചിന്താക്കുഴപ്പമില്ല. അവർ വിശ്വസ്തരാണ് .അവരിൽ മഹാവിശ്വാസത്തിൻ്റെ പ്രകാശം സപ്തവർണ്ണങ്ങളായി പിരിഞ്ഞു സമാധികൊള്ളുകയാണ്. പ്രാചീനവും വേദനിപ്പിക്കുന്നതുമായ ഉണ്മകൾ അവരിലേക്ക് വന്ന് സമാധാനത്തിൻ്റെ  കലാമൂല്യമായി പരിണമിക്കുന്നു. ആ അഞ്ചുപേർ വല്ലാത്ത ഏകാന്തതയിലുമാണ്. ഏകാന്തതയുടെ ആവിഷ്കാരംപോലെ ശരീരങ്ങൾ അന്തരീക്ഷവുമായി പിണക്കത്തിലാണ്.ഞാൻ ഈ ചിത്രം വരയ്ക്കാനായി  അവരെ നേരിൽ കണ്ടിട്ടുണ്ട്. അവർ പോകുന്നത് നിരീക്ഷിക്കാൻ ഏഴു ദിവസം ചെലവഴിച്ചു. അവരുടെ പിന്നാലെ നടന്നുകൊണ്ട് ഞാൻ ഒരു യജ്ഞം പൂർത്തിയാക്കി.എന്നാൽ ഒരിക്കൽപോലും അവർ എന്നെ ശ്രദ്ധിക്കുകയുണ്ടായില്ല.  അപരിചിതനായ ഒരാൾ പതിവായി ആ വഴി നടന്നുപോകുന്നത് സംശയത്തോടെ അവർ എന്തുകൊണ്ട് നോക്കിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവർ വിശ്വസ്തരാണ്, അത്രതന്നെ. മറ്റാരിലുമെന്നപോലെ അവരിൽ തന്നെയും ഒരോരുത്തരും വിശ്വസ്തരാണ്. ആ വിശ്വാസം ഒരു കച്ചവടമോ ലാഭമോ അല്ല . അതിലൂടെ അവർക്ക് എത്തിപ്പിടിക്കാവുന്ന ഭൗതികതാല്പര്യങ്ങളൊന്നുമില്ല. എങ്കിലും അവർ ഏകാന്തരായി. ദാരിദ്ര്യത്തിൻ്റെയും ദുരിതത്തിൻ്റെയും ഗാനം അവർക്കിടയിലൂടെ അലയടിച്ച് ഒഴുകുകയാണ്. ഞാനപ്പോൾ ദൈവം പ്രസാദിച്ചെങ്കിലെന്നോർത്തു.  അവരുടെ തമാശകളും കളികളും കിട്ടുന്ന കൂലിയിലുള്ള വിശ്വാസവും  എന്നെ ജീവിതത്തിൻ്റെ അത്യുന്നതമായ ഒരു ശ്രംഗത്തിലെത്തിച്ചു. എനിക്ക് ശരിക്കും അവരെപോലെ ജീവിക്കാനാകില്ല. അവർ എന്തുകൊണ്ട് ഈ ലോകത്തെ വിശ്വസിക്കുന്നുവെന്ന് ഞാൻ പലവട്ടം സ്വയം ചോദിച്ചു. അതിന് എൻ്റെയുള്ളിൽ നിന്ന് അവർ മറുപടി പറഞ്ഞു .

    “നിങ്ങൾക്കു ഒരു ധൃതിയുമില്ലല്ലോ. ആരെയാണ് പ്രതീക്ഷിക്കുന്നത് ?”
    ഞാൻ ചോദിച്ചു .
    അവരുടെ സംഘത്തെ പ്രതിനിധീകരിച്ച്  വയസ്സൻ മറുപടി പറഞ്ഞു: “ഞങ്ങൾ രാത്രി ഡ്യൂട്ടിക്ക് വരുന്ന സെലിൻ്റെ  മകനെ കാത്തിരിക്കുകയാണ് ” . “നിങ്ങൾ പൊതുവെ സന്തുഷ്ടരായി കാണപ്പെടുന്നു ” .
    ” ഞങ്ങൾ അസന്തുഷ്ടിക്കു കാരണമായതൊന്നും ചെയ്യുന്നില്ല” .
    “അതെന്താ ?”
    “ദു:ഖിച്ചിരിക്കാൻ സമയം കിട്ടാറില്ല. ഭക്ഷണം തേടുന്നതും ദൈവത്തെ ഓർക്കുന്നതും മനസ്സിനാവശ്യമായ വിചാരങ്ങളിൽ മുഴുകുന്നതും വേറെ വേറെ കാര്യങ്ങളായി തോന്നുന്നില്ല ” .

    “വിശദമാക്കാമോ?”

    “ജോലി ചെയ്യണമെങ്കിൽ ജോലിയിൽ വിശ്വസിക്കണം .ജോലി ചെയ്താൽ ജീവിക്കാം. ജീവിക്കണമെങ്കിൽ ദുഃഖം അറിയണം. ദു:ഖം അറിഞ്ഞാൽ ദൈവത്തെ അറിയാം” .

    “വ്യക്തിപരമായി ദുഃഖങ്ങളില്ലേ?”

    “അതുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കൊന്നും ചെയ്യാനില്ല” .

    “ഏതൊരു കഠിനമായ കാലത്തിലൂടെ കടന്നുപോകുന്നവൻ്റെയും ഉള്ളിൽ ശാന്തതയെ തേടുകയാണ് ഞാൻ ചെയ്യാറുള്ളത് .ഒരുപക്ഷേ, ആ വ്യക്തി പോലും അത് തിരിച്ചറിയണമെന്നില്ല.  നമ്മൾ ഒരു വിപരീതാനുഭവത്തിന് വിധേയരാകുമ്പോൾ, അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണല്ലോ  ആലോചിക്കുന്നത്. അതിനാൽ നാം ഏതു വിധത്തിലാണ് ആ പ്രശ്നത്തെ  ഉൾക്കൊള്ളുന്നതെന്ന് ,അത് നമ്മളിൽ  എന്തു പരിവർത്തനമാണ് വരുത്തന്നതെന്ന് ചിന്തിക്കാനാവില്ല. ചിന്ത വേറൊരു മാനമാണ് .ചിന്ത നമ്മെ ഒരു ചിഹ്നംപോലെയാക്കും. നമ്മൾ അതാണ് എന്ന് നിശ്ചയിക്കാനാവും .എന്നാൽ  ചിന്തിക്കാതിരിക്കുമ്പോഴോ ? ചിന്തിക്കുക എന്നാൽ വേർതിരിച്ചെടുക്കുക എന്നുകൂടിയാണ് അർത്ഥം .ചിലപ്പോൾ മനുഷ്യർക്ക് അവരുടെ ജീവിതകാമനകളെ ,പ്രതിസന്ധികളെ വേർതിരിക്കാനും വിശകലനം  ചെയ്യാനും സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് മനുഷ്യൻ്റെ അജ്ഞാത ഭൂഖണ്ഡമായി അത് അവശേഷിക്കുന്നു. അവനു ഏറ്റവും പ്രിയപ്പെട്ടതായേക്കാവുന്ന ആ മേഖലയാണ് ഞാൻ ചിത്രങ്ങളിലൂടെ പകരാൻ ശ്രമിക്കുന്നത്. വിശ്വസ്തത ഒരു മോക്ഷമാണ്. അതിലൂടെയേ മോക്ഷം സാക്ഷാത്ക്കരിക്കാനാകൂ. അസ്തമിക്കുന്ന സൂര്യനിലും നമുക്ക് വിശ്വസ്തതയുണ്ടാവണം. ഇന്ന് മരിച്ച് നാളെ ഉയിർക്കാനുള്ള സൂര്യനാണത് .കുറച്ചു നേരത്തേക്ക് സൂര്യൻ മാറുകയാണ്. മനുഷിൻ്റെയുള്ളിലും സൂര്യൻ മാറിനിൽക്കും. ഇരുട്ടിൻ്റെയും  രാത്രിയുടെയും മഹാസൗന്ദര്യം നമ്മുടെ അടുത്തുതന്നെയുണ്ടല്ലോ. സൂര്യൻ്റെ  പ്രഭാവം മാറിയാലേ അതു  നേടാനാകൂ .സൂര്യനിലുള്ള വിശ്വസ്തത ഒരു വാഴ്വാണ്. സൂര്യരശ്മിയിൽ വിശ്വസിക്കാനുള്ള സൗമനസ്യവും ദൈവികതയുമാണ് കൈവരിക്കേണ്ടത്.വിശ്വസ്തതയിൽ ഒരു മഹത്വമുണ്ട്. ‘അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ (ജീവിച്ചിരിക്കുമ്പോൾ ) നല്ലതു ചെയ്താലും തെറ്റ് ചെയ്താലും അതിൻ്റെ തക്കവണ്ണം പ്രാർഥിക്കേണ്ടതിനു (ലഭിക്കേണ്ടതിന്) നാമെല്ലാവരും ക്രിസ്തുവിൻ്റെ  ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു (കൊറി 5:10). വിശ്വസിക്കുന്നത് ഓരോ വസ്തുവിലുമാണ്. അതിൻ്റെ  ആകെത്തുകയാണ് ക്രിസ്തു .ഒരാൾക്ക് ഏകാന്തത വിട്ടു  സംഘസത്തയിലേക്ക് വരാനും അവനവനിൽ തന്നെ തുടരാനും  വിശ്വസ്തത വേണം .അത് ഒരു കാതലായ തത്ത്വമാണ്. എൻ്റെ പഞ്ചസംഘത്തിൻ്റെ ചിത്രം അതിനോടു വിശ്വസ്തത പുലർത്തുന്നു. അതു ഭൗതികലോകം കാണാൻ കൂട്ടാക്കാത്ത വിഷാദശീലത്തിൻ്റെയും അതിനോട് ദൈവം പുലർത്തുന്ന നിസ്സീമമായ ഗാനാത്മകതയുടെയും അവസ്ഥയാണ്. ഒരാൾ എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ലെങ്കിലും ,അയാളുടെ നഗ്നമായ അവസ്ഥ ഈ പ്രകൃതിക്ക് മുമ്പാകെ തുറന്നുകാണിക്കപ്പെടുന്നുണ്ട്. അതാണ് വരയ്ക്കേണ്ടത് .അതു  പുതിയൊരു യാഥാർത്ഥ്യമാണ്.

    അഞ്ചുപേർക്ക് തണൽ വിരിച്ചുനിന്ന മരം ശാഖകൾകൊണ്ട് ആകാശത്തെ നോവിക്കാത്ത വിധം പ്രാർത്ഥനാനിരതമാണ്. വളരെ അലിവുള്ള ആകാശം അവരെ എപ്പോഴും കുട്ടികളെപ്പോലെ സംരക്ഷിക്കുകയാണ്. ആ സമയത്ത് ആകാശം അങ്ങനെയാണ്.അതു  സൂര്യനിൽനിന്ന് വേർപെട്ട് മനുഷ്യലോകത്തിലെ ദുരിതങ്ങളിലേക്ക് ഇറങ്ങിവന്ന് രക്ഷകഭാവമുള്ള ജ്ഞാനവ്യൂഹമായി രൂപാന്തരം പ്രാപിക്കുന്നു.

    അവരുടെ സഹനത്തിൻ്റെയും  ജീവിതവേദനയുടെയും പുകമഞ്ഞ് എവിടേക്കോ  പോകകയാണ് .അവരുടെ മനസ്സിൻ്റെ അടിത്തട്ടിൽനിന്ന് കൂടുതൽ ശക്തിയുള്ള പ്രശാന്തത പ്രത്യക്ഷമാകുന്നു .അത് ആ വൃക്ഷത്തിൻ്റെ ശിഖരങ്ങളിലും ,അതിനും അപ്പുറത്ത്  മറ്റൊരു മതാനുഷ്ഠാനത്തിൽ എന്നപോലെ വഴി മാറി പരക്കുന്ന ആകാശത്തിലും ദൃശ്യമാണ്. ആ മനുഷ്യർ എന്നെ വിളിക്കുന്നപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കി. അല്ല ,അവർ എന്നെ വിളിക്കുകയായിരുന്നില്ല. വിടുതൽ നേടിയ ഒരു സായാഹ്നത്തിൻ്റെ തലോടലിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഏതോ ഒരു ഫലിതം അവരെ തൊട്ടു കടന്നുപോയി. അവരുടെ ശരീരം ഒന്ന് കുലുങ്ങിയുണർന്നു. ആ കൈകൾ ഉയരുകയും എങ്ങോട്ടോ നീളുകയും  ചെയ്തു. അവർ അലിവാർന്ന ആകാശത്തിൻ്റെ മൃദുലമായ പദവിനിമയങ്ങൾ സ്വായത്തമാക്കാനായി മുകളിലേക്ക് നോക്കി “.

    വാണിജ്യവിജയവും ആശയദാരിദ്യവും /feb. 5, 2025, metrovartha

     




    അക്ഷരജാലകം
    എം.കെ.ഹരികുമാർ


    അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരുകാലത്ത് ഇൻഫർമേഷൻ - അല്ലെങ്കിൽ പൊതുവിവരമാണ് ചർച്ചയാകുന്നത്. ചാനലുകളിലും  ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അതിനെക്കുറിച്ച് ചർച്ചയുമുണ്ട്. ഒരു വസ്തുതയുണ്ടെന്നു പോലും ചിന്തിക്കേണ്ടതില്ല. ചാനലുകളും മറ്റു ലിങ്കുകളും അതിനക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഒരു ചർച്ച കൊണ്ട്  അവസാനിക്കുന്നില്ല. ചില യൂട്യൂബ് ലിങ്കുകൾ ഒരേ വിഷയത്തിൽ മണിക്കൂറുകൾ ഇടവിട്ട് വീഡിയോകൾ ചെയ്യുകയാണ് .എന്നാൽ ഒരു വീഡിയോയിലും സത്യമില്ല. ടെലിവിഷനിൽ നിന്നും സത്യം കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.  തിരുവനന്തപുരത്ത് ഒരു സ്വാമി സമാധിയായതിനെപ്പറ്റിയുണ്ടായ വിവാദത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി കൊണ്ടുപോയ ഉടനെ ഒരു ചാനൽ  ആ മരണത്തിൽ അസ്വാഭാവികതയുള്ളതായി വാർത്ത നിർമ്മിച്ചെടുത്തു. ഒരു മണിക്കൂറോ ഒരു ദിവസമോ മാത്രം വാർത്തയ്ക്ക് ആയുസുണ്ടായാൽ മതിയത്രേ. വെറും  നുണ പ്രചരിപ്പിച്ചാലും യൂട്യൂബിൽ നിന്നു പണം കിട്ടും. ആരായാലും വേണ്ടില്ല യൂട്യൂബിൽ സന്ദർശനം നിർത്തിയാൽ യൂട്യൂബർക്ക് ആദായമാണ്. ചിലർ 5 ലക്ഷം രൂപയ്ക്ക് നല്ല വീടുണ്ടാക്കാമെന്നു അവകാശപ്പെട്ടുകൊണ്ട് തരക്കേടില്ലാത്ത വീടിൻ്റെ ഫോട്ടോ സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റിടാറുണ്ട്. അത് സത്യമായിരിക്കില്ലെന്നു എല്ലാവർക്കുമറിയാം. ഒരു കൗതുകത്തിനു വേണ്ടി ആളുകൾ അത് നോക്കാറുണ്ട്. ഭൂരിപക്ഷം പേരും അതിനെ ചീത്ത പറയുകയാണ്.  ഇങ്ങനെ ചീത്ത പറയിപ്പിക്കുകയാണ് ആ പോസ്റ്റിട്ടവരുടെ ലക്ഷ്യം. ആയിരക്കണക്കിനാളുകൾ കണ്ടശേഷം പ്രതികരിക്കുന്നത് പോസ്റ്റുടമയ്ക്ക് പണം നേടിക്കൊടുക്കും. ഫേസ്ബുക്കിന്റെ ഉപയോഗത്തിന്റെ ഒരു സാധ്യതയാണത്. ഇതുതന്നെയാണ്  വാർത്താചാനലുകളുടെയും യൂട്യൂബ് വാർത്താലിങ്കുകളുടെയും ലക്ഷ്യം. വാർത്ത വ്യവസായവത്കരിക്കപ്പെടുകയാണ് .വ്യവസായമായില്ലെങ്കിൽ ഒന്നിനും നിലനില്പില്ല എന്ന യാഥാർത്ഥ്യമാണു നമ്മുടെ മുന്നിലുള്ളത്.

    നുണ വിൽക്കുന്നവർ

    പക്ഷേ ഒരു കാര്യം പറയണം. ഇന്നു  വാർത്തയുടെ നിജസ്ഥിതി അറിയണമെങ്കിൽ പത്രം തന്നെ വായിക്കണം. പത്രത്തിൽ നുണ വരാറില്ല. ഒരാൾ മരിച്ചെന്നോ കുറ്റം ചെയ്തെന്നോ കളവു പറയാൻ ഒരു പത്രവും ഇന്നുവരെ തയ്യാറായിട്ടില്ല.  അതിവേഗം വേഷപ്രച്ഛന്നമായിരിക്കുന്ന ഒരു ലോകത്ത് പത്രങ്ങൾ മാത്രമാണ് തനിമയും സത്യവും കാത്തു സൂക്ഷിക്കുന്നത്. പത്രത്തെ ഇനിയും മുതലാളിത്തം വിഴുങ്ങിയിട്ടില്ല. പത്രത്തെ ഇനിയും  സമൂഹമാധ്യമങ്ങളോ എഐ മാധ്യമങ്ങളോ സ്വാധീനിച്ചിട്ടില്ല. വാണിജ്യവിജയം മാത്രമല്ല ജീവിതത്തിനുള്ളതെന്നു പത്രം അതിൻ്റെ വാർത്തകൾക്കിടയിൽ ഓർമിപ്പിക്കുന്നുണ്ട്. ഇത് പൊതുവിലുള്ള ഒരു നോട്ടത്തിന്റെ ഫലമായി പറയുന്നതാണ്. ചില പ്രത്യേക കാര്യങ്ങളിൽ പത്രമാധ്യമങ്ങൾ  പുലർത്തുന്ന ഉദാസീനതയും സാഹിത്യവിരുദ്ധമായ സമീപനവും  വിമർശിക്കപ്പെടേണ്ടതാണെന്നു കൂടി രേഖപ്പെടുത്തുകയാണ്.

    ഈ കാലം വാണിജ്യവിജയങ്ങളുടേതാണ്. ഉത്തര- ഉത്തരാധുനികമായ ക്രൂരതയാണ് ഇപ്പോൾ നാടൊട്ടുക്കു നാം കാണുന്നത് .രണ്ടര വയസുകാരിക്കു പോലും രക്ഷയില്ല. അയൽപക്കങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദം എവിടെ പോയി ?ഇപ്പോൾ അടുത്ത വീട്ടിൽ താമസിക്കുന്നവനെ ഭയപ്പെടാതെ കഴിയാനൊക്കുമോ എന്നു ഒരു സുഹൃത്ത് ചോദിച്ചത് ഓർക്കുകയാണ്.   സർക്കാർ എല്ലാ വിഭാഗങ്ങൾക്കും മന:ശാസ്ത്ര കൗൺസിലിംഗ് കൊടുക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. വിദ്യാഭ്യാസം ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ തന്നെ മനഃശാസ്ത്ര കൗൺസിലിംഗ് കൊടുക്കേണ്ടതുണ്ട് .പ്രി മാര്യേജ് കൗൺസിലിംഗ് പോലെ എല്ലാ വിഭാഗം ആളുകൾക്കും കൗൺസിലിംഗ് നിർബന്ധമാക്കണം. സ്കൂളുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് മാനസികാരോഗ്യത്തെക്കുറിച്ച്  പഠിപ്പിക്കണം. എല്ലാത്തരം തൊഴിലാളികളെയും കൗൺസിലിംഗിനു വിധേയമാക്കണം. മനസിനു ആരോഗ്യം നേടേണ്ടത് എങ്ങനെയെന്ന കടമ്പ കടന്നതിന്റെ സർട്ടിഫിക്കറ്റ് എല്ലാവർക്കും കൊടുക്കണം. മാനസികാരോഗ്യമുള്ള ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. നമ്മൾ ഗൾഫിലും മറ്റും വിദേശരാജ്യങ്ങളിലും പോയി പലതും കണ്ടു .എല്ലാവരും ഔപചാരിക വിദ്യാഭ്യാസം നേടി.സമ്പത്തും ആർജിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അന്യനായ ഒരാളുമായി ഇടപെടാനുള്ള മാനസിക പക്വത പലർക്കുമില്ല. ക്ഷോഭം എല്ലാം നശിപ്പിക്കുകയാണ് .

    നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്

    ജപ്പാനിലെ 'ഇക്കിഗൈ' എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ വായിക്കാൻ കിട്ടും. ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണോ അതാണ് ഇക്കിഗൈ.ജപ്പാനിൽ എങ്ങനെയാണ്  ദീർഘായുസ്സ് സാധ്യമാക്കുന്നതെന്ന വിഷയത്തിലുള്ള പഠനമാണ് 'ഇക്കിഗൈ - ദ് ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആൻഡ് ഹാപ്പി ലൈഫ്' എന്ന  ഗ്രന്ഥം. ഫ്രാൻസസ് മിറാലസ് ,ഹെക്റ്റർ ഗാർസിയ എന്നീ രണ്ടു പത്രപ്രവർത്തകരാണ് ഈ പുസ്തകമെഴുതിയത്. ഇത് ധാരാളം പേർ വായിച്ചു എന്നതാണ് സത്യം.ജീവിതത്തിൽ സുരക്ഷിതമായിരിക്കാൻ , സന്തോഷത്തോടെയിരിക്കാൻ, അനാവശ്യകാര്യങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കാൻ ഒരു പരിശീലനം വേണമെന്നാണ് ഈ പുസ്തകം പറയുന്നത്. പലർക്കും ഈ രഹസ്യമറിയില്ല.അനാവശ്യകാര്യങ്ങളിൽ തലയിട്ടിരിക്കുന്നതുകൊണ്ട് അവനവനിൽ രൂപപ്പെടേണ്ട സന്തോഷത്തിന്റെ നിമിഷങ്ങൾ നഷ്ടപ്പെടുന്നു. ഈ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ദീർഘകാലം ജീവിച്ചിരിക്കുന്നവരിൽ പൊതുവായി കാണുന്ന രണ്ടു സ്വഭാവവിശേഷങ്ങളുണ്ട്: ഒരു പോസിറ്റീവ് മനോഭാവവും വൈകാരികമായ അവബോധവും.'

    ഏത് പ്രശ്നം മുന്നിൽ വരുമ്പോഴും പെട്ടെന്നു അതിവൈകാരിക പ്രതികരണങ്ങളിലേക്ക് പോകാതെ സമചിത്തതയോടെ നേരിടുക എന്ന ഗുണമാണ് ഇതിൽ പ്രധാനം. എല്ലാറ്റിനോടും പോസിറ്റീവാകുന്നത് എങ്ങനെയാണ്? പരാജയങ്ങളായിരിക്കും കൂടുതലും നേരിടേണ്ടി വരുക. ചീത്ത ചിന്തകളുള്ളവർ നമ്മൾ നന്മ ചെയ്താലും ദുഷിച്ചുകൊണ്ടിരിക്കും. വിശേഷപ്പെട്ട ഗുണങ്ങൾ ഉള്ളതുകൊണ്ടു മാത്രം ചിലർക്കു തടസ്സങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. എന്നാൽ അതിനെയും നേരിടാനാവും. നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്. ചീത്ത ചിന്തകളുള്ളവർ അത് ഉല്പാദിപ്പിക്കുന്ന വൃത്തികെട്ട സന്ദേശങ്ങളുടെ ഇരയായി  വീണ്ടും ദുഷിക്കും. അവരെ കാത്തിരിക്കുന്നത് ചീത്ത ഭാഷയാണ്. നിലവാരമില്ലാത്ത പ്രതികരണങ്ങളായിരിക്കും അവരിൽ നിന്നു പുറപ്പെടുക .

    അമിതമായ നഗരവൽക്കരണത്തിന്റെയും വാണിജ്യവിജയത്തിന്റെയും കാലത്ത് ഒരു നല്ല എഴുത്തുകാരനു പ്രതിബന്ധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.വാണിജ്യവ്യവസ്ഥയുടെ ഭാഗമാകാൻ വിസമ്മതിക്കുന്ന എത്രയോ എഴുത്തുകാരുണ്ട് .അവർ തങ്ങളുടെ കൃതികൾ അച്ചടിക്കാൻ പോലും വിമുഖതയുള്ളവരാണ്. അവർ പ്രശസ്തിയെ പോലും ഗൗനിക്കുന്നില്ല.  ആരുടെയെങ്കിലും സമ്മർദ്ദത്തിൻ്റെ ഫലമായി ഇത്തരക്കാർ തങ്ങളുടെ ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസാധകരെ സമീപിച്ചാൽ  നിരാശയായിരിക്കും ഫലം. പ്രസാധകർ  നേരത്തെ തന്നെ 'സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം' നീന്തുന്ന എഴുത്തുകാരുടെ കൃതികൾ വാങ്ങി പ്രസിദ്ധീകരിക്കാൻ വെച്ചിരിക്കുന്നത് കൊണ്ട് അവർ കൈമലർത്തുകയേയുള്ളു. വാണിജ്യവിജയത്തിൻ്റെ കാലത്ത് എഴുത്തുകാരൻ സാഹിത്യോത്സവ നടത്തിപ്പുകാരനായി മാറുകയാണ്.  രണ്ടുലക്ഷം കോപ്പി വിറ്റഴിക്കുന്നവനാണ് എഴുത്തുകാരൻ എന്ന പരസ്യം പലയിടത്തും ഒട്ടിച്ചു കാണുന്നുണ്ട് .ഇങ്ങനെയുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും അങ്ങനെ തങ്ങളെക്കൂടി വാണിജ്യവിജയത്തിലേക്ക് കൈപിടിച്ചു ഉയർത്തണമെന്നു അഭ്യർത്ഥിക്കാനും 'സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം' നീങ്ങുന്ന എഴുത്തുകാർ ക്യൂവിലാണ്.

    സാഹിത്യോത്സവത്തിലെ ചർച്ചകൾ ക്ലീഷേ

    സാഹിത്യോത്സവങ്ങൾ ഒരു നഗരിയാണല്ലോ സൃഷ്ടിക്കുന്നത്. അനേകം എഴുത്തുകാർ ,പ്രസാധകർ ഒരിടത്ത് സമ്മേളിക്കുകയാണ്.  ഒരേസമയത്ത് ധാരാളം സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഒരാൾക്ക് സംസാരിക്കാൻ പതിനഞ്ച് മിനിറ്റു മാത്രം. പതിനഞ്ച് മിനിറ്റാണെങ്കിലും വേണ്ടില്ല, വണ്ടിക്കാശ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, അവിടെയൊന്നു പ്രത്യക്ഷപ്പെട്ടാൽ മതിയെന്നു  വിചാരിക്കുന്നവർ ഏറുകയാണ്.  അതിവേഗം വാണിജ്യവിജയം നേടാൻ  കുതികൊള്ളുന്ന മനസ്സാണല്ലോ ഇപ്പോഴത്തെ ട്രേഡ് മാർക്ക് .ഈ ലോകം എതിർത്താലും സത്യം വിളിച്ചു പറയാൻ ശേഷിയുള്ള എഴുത്തുകാരനെ ഇന്നു കാണാനൊക്കില്ല .അമെരിക്കയിൽ പൊതുവേദിയിൽ പരസ്യമായി ഒരു  ബിഷപ്പ് പ്രസിഡൻറ് ഡോണൾഡ് ട്രമ്പിനോടു പ്രതികരിച്ചതും പ്രതിഷേധിച്ചതും വേദപുസ്തകത്തിലെ വാക്കുകൾ ഓർമ്മിപ്പിച്ചതും ഓർക്കുമല്ലോ. സത്യങ്ങൾ ഇങ്ങനെയാണ് ആവിഷ്ക്കരിക്കേണ്ടത്.

    സത്യം പ്രസംഗത്തിലായാലും കടലാസിലായാലും സത്യം തന്നെയാണ്. സാഹിത്യോത്സവങ്ങളിൽ ചർച്ചയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ക്ളീഷേ(അർത്ഥശൂന്യമായ ആവർത്തനം)യാണ്. എന്തെങ്കിലുമൊരു വിഷയം ,അത്രയും മതിയാകും അവിടെ .അവിടെനിന്നു ഒരു നല്ല വാചകം പോലും പുറത്തുവരുന്നില്ല. ഒരു പത്രത്തിലോ ടിവിയിലോ സാഹിത്യോത്സവവാർത്തകൾ കാണാറില്ല. ചിന്തിപ്പിക്കുന്ന ഒരു ചർച്ചയുമില്ല .എന്നാൽ സാഹിത്യോത്സവ നടത്തിപ്പുകാർ  വാണിജ്യവിജയത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ ഒരു ദുരന്തം സംഭവിക്കുന്നു .ഉള്ളടക്കത്തിലും ചിന്തയിലും ക്രാഫ്റ്റിലും പരീക്ഷണം നടത്തുന്ന എഴുത്തുകാരെ അകറ്റി നിർത്തുന്നതും ശ്രദ്ധിക്കാറുണ്ട്.പുതിയ എഴുത്തുകാർക്ക് മാത്രമല്ല മുതിർന്നവർക്കും പ്രസാധകരെ കിട്ടാത്ത കാലമാണിത്.

    ചീഞ്ഞഴുകൽ എങ്ങനെ സംഭവിക്കുന്നു ?

    ഒരു സാഹിത്യോത്സവത്തിൽ ,അതിനു എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ, ആവശ്യം വേണ്ട കാര്യം പ്രസാധകരെ കിട്ടാത്തവർക്ക് അത് ലഭ്യമാക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുകയാണ്. ഒരു ജാലകം അതിനായി തുറക്കണം.പ്രധാന പ്രസാധകരുടെ പ്രതിനിധികളെ  ഉൾപ്പെടുത്തി എല്ലാദിവസങ്ങളിലും സാഹിത്യോത്സവ പവിലിയനിൽ ഒരു ഓഫീസ് പ്രവർത്തിക്കണം .അവിടെ പ്രസാധകരെ കിട്ടാത്ത പുതിയ എഴുത്തുകാരുടെ കൃതികളുടെ  പിഡിഎഫ് ഫോർമാറ്റ് സ്വീകരിക്കണം. അത് മണിക്കൂറുകൾക്കുള്ളിൽ വിലയിരുത്തി യോഗ്യമാണോ എന്നു നോക്കി പ്രസാധകനുമായി കരാറിൽ ഏർപ്പെടാൻ സൗകര്യമുണ്ടാവണം. വേണമെങ്കിൽ പ്രിൻ്റ് ഓൺ ഡിമാൻഡ് രീതിയിൽ അമ്പതോ നൂറോ കോപ്പി പ്രിൻ്റ് ചെയ്ത് വിൽക്കാനും സാധിക്കണം. റോയൽറ്റി അപ്പോൾ തന്നെ കൈമാറണം .ഇത് വലിയ ഒരു ദൗത്യമാകണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കപടമായ വരേണ്യ മൂല്യങ്ങളുടെ ചീഞ്ഞഴുകലായി മാത്രമേ സാഹിത്യോത്സവചർച്ചകളെ കാണാനൊക്കൂ -പണത്തിൻ്റെയും അധികാരത്തിൻ്റെയും ശക്തികൊണ്ടുള്ള ചീഞ്ഞഴുകൽ .

    പ്രസാധകരുടെ സ്റ്റാളുകൾ അണിനിരത്താനാണെങ്കിൽ ലൈബ്രറി പുസ്തകമേളകൾ മതിയല്ലോ. ഏതു വലിയ മാമാങ്കമായാലും അതിൻ്റെയെല്ലാം മഹത്വമിരിക്കുന്നത് ദുർബ്ബലനും ദരിദ്രനുമായ ഒരുവനെ  എങ്ങനെ സഹായിക്കുന്നു എന്നതിലാണ്. വാണിജ്യവിജയം നേടിയ നോവലുകൾ പലതും വായിച്ചു നിരാശപ്പെട്ട ഒരാളാണ് ഈ കോളം എഴുതുന്നത് .പ്രസാധകർ തിരഞ്ഞെടുക്കുന്ന വിപണന തന്ത്രമാണ് ഒരു നോവലിൻ്റെ വാണിജ്യവിജയം നിശ്ചയിക്കുന്നത്. ഏത് ചവറും നല്ലപോലെ വിൽക്കാനാവും.

    വായനക്കാരുടെ അല്ലെങ്കിൽ പ്രേക്ഷകരുടെ ബോധമണ്ഡലത്തിൽ ബോംബിട്ടതു പോലുള്ള വിപണന തന്ത്രങ്ങൾ ഇപ്പോഴുണ്ട്. വാണിജ്യവിജയങ്ങളുടെ അട്ടഹാസത്തിന്റെ കാലത്ത് മഹാഗായകനായ മുഹമ്മദ് റാഫി വന്നാൽ പോലും പിടിച്ചുനിൽക്കാനാവില്ല; കാരണം മെലഡിയില്ലാത്ത മനസ്സുകളാണല്ലോ അധികവും.സംഗീത സംവിധായകർക്കു പോലും മെലഡിയില്ല. അതുകൊണ്ടു സാഹിത്യോത്സവങ്ങളിലെ  ചർച്ചകളെക്കുറിച്ച് വലിയ പ്രതീക്ഷ പുലർത്തേണ്ടതില്ല. അമെരിക്കൻ ചിന്തകനായ നോം ചോംസ്കി പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കുന്നത് പ്രസക്തമാണ്: 'ആളുകളെ നിഷ്ക്രിയരും അടിമകളുമാക്കാൻ എറ്റവും നല്ല മാർഗ്ഗം ,സ്വീകരിക്കാവുന്ന അഭിപ്രായങ്ങളുടെ പട്ടിക ലഘൂകരിക്കുക എന്നതാണ്: ആ പട്ടികയ്ക്കകത്തു നിന്നു 'സജീവ'  ചർച്ച നടത്താൻ അനുവദിച്ചാൽ മതി.'
    ഇതാണ് ഇന്നു പല ചർച്ചകളിലും കാണുന്നത്. എല്ലാവർക്കും സ്വീകാര്യമായ, നിഷ്ക്രിയമായ ,യാതൊരു കണ്ടെത്തലുമില്ലാത്ത ,ചിന്തയിൽ ദരിദ്രമായ, ഉപരിപ്ളവ ആശയങ്ങളാണ് ചർച്ച ചെയ്യുന്നത്!. അതുകൊണ്ടാണ് നോം ചോംസ്കി പറഞ്ഞത് ,നമുക്ക് വേണ്ടത് ഹീറോകളല്ല ആശയങ്ങളാണെന്ന് .

    രജത രേഖകൾ വേണുപഴവീട് തന്റെ ഫേസ്ബുക്ക് പേജിൽ ഓർമ്മ സാക്ഷി ബുക്സ് പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു ഷെൽവി അസാധുനികതയുടെ പ്രസാധനായിരുന്നു ഇത് പുസ്തകങ്ങളെ കാലാവസ്ഥ കണ്ടു ആശയങ്ങൾ ആയിട്ട് കണ്ടു ഇന്ന് അങ്ങനെ ഒരു ഫീൽ കിട്ടുന്ന സ്ഥാപനങ്ങളില്ല അകാലത്തിലുള്ള വേർപാട് ഓർമ്മിക്കുമല്ലോ വളരുന്ന ഘട്ടത്തിൽ ചില എഴുത്തുകാർ അദ്ദേഹത്തെ ഒരു കൂട്ടുകെട്ടിൽ അകപ്പെടുകയും നൽകുകയാണ് അങ്ങേയറ്റത്തെ സഹോ പ്രഖ്യാപിക്കുന്ന വ്യക്തി ജീവിതത്തിൽ അല്പം പോലും അവധിയില്ലാത്തവരാണ്

    ബാംഗ്ലൂരിൽ താമസിക്കുന്ന പ്രമുഖ പത്രപ്രവർത്തകനായ വീര കുമാറിന് ജോസഫ് നേരിയ സാഹിത്യം ലഭിച്ച വാർത്ത പരിഭാഷകൻ നോവലിസ്റ്റ് പേജിലൂടെ അറിയിച്ചിരിക്കുന്നു ദീർഘകാലമായുള്ള റിപ്പോർട്ടിങ്ങും എഴുത്തും അദ്ദേഹത്തിൻറെ സ്വന്തമായ ഒരു ശൈലി കൊടുത്തിരിക്കുകയാണ് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറും സ്ഥാപക സെക്രട്ടറിയായിരുന്നു ജോസഫ് വന്നിരുന്നു കുമാറിനെ സ്നേഹസ്വാതന്ത്ര്യം എന്ന നോവലിലാണ്

    റാഫി ദാർശനികമായ അവബോധമുള്ള നോവലിസ്റ്റും കഥാകൃത്തുമായിരുന്നു എന്നാൽ ഒരു സാഹിത്യ ഉത്സവത്തിൽ ക്യാമ്പിലും റാഫിയുടെ പേര് കേൾക്കാറില്ല റാഫിയെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം പോലുണ്ടാകുന്നില്ല റാഫി അനുസ്മരണം എന്നതൊക്കെ സാഹിത്യ സ്ഥാപനങ്ങൾക്ക് ബാലികയറാൻ മലയാളം സ്വർഗ്ഗ ദൂതൻ കാനായിലെ കല്യാണം ഓഫീസ് എന്തെങ്കിലും പൂക്കുല തുടങ്ങിയ പ്രമുഖമായ നോവലിച്ച റാഫിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയാൽ തല പോകും 7 കഥാസമാഹാരങ്ങളും റാഫിയുടെതായി വന്നിട്ടുണ്ട് ചരിത്രവും തത്വചിന്തയും കലർന്ന കലികാലം കലിയുഗം എന്ന ബഹദ് കൃതി ഒന്ന് അച്ചടിക്കാൻ പോലും ആരുമില്ല പ്രിയ റാഫി പുറത്തുക മലയാളം ഇങ്ങനെയാണ് നന്ദിയില്ല

    വന്നതോടെ ലൈഫ് ഏതാണ്ട് എന്നൊക്കെ ഏതാണ് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ നടക്കുന്ന ചിരിക്കുന്നതും ഒരു വീഡിയോയിൽ കണ്ടു. ചരിത്രം അട്ടിമറിക്കപ്പെടുകയാണ് കബളിപ്പിക്കപ്പെടുകയാണ് മാറ്റിമറിക്കപ്പെടുകയാണ് എഐയിലൂടെ ഏതാണ് ചരിത്രം വ്യാജം എന്ന് അറിയാൻ പറ്റാത്ത നൂറ്റാണ്ടുകൾ വരാൻ പോകുന്നു

    ജയപ്രകാശ് എഴുതിയ സാമ്യത ആഴ്ചപ്പതിനായി ജനുവരി ഉദ്ഘാടനം പോസ്റ്റ്മോർട്ടം ടേബിളിലെ ടേബിളാണ് ഒരു തുന്നൽക്കാരന്റെ ഒഴുകുന്ന കവിത ഒരു തുന്നൽക്കാരന്റെ ജീവിതത്തെ അളന്നു മുറിക്കുന്നു എൻറെ മനസ്സ് പാവം പുന്നൽക്കാരനിലേക്ക് ദാക്ഷണ്യമില്ലാതെ കടന്നുചെന്നു ഹെസ്കോപ്പിന് പകരം നീളം ടൈപ്പ് കഴുത്തിലാണ് ഇതെല്ലാം യാന്ത്രികമായി ജനിക്കുന്നുണ്ട് തീർന്നതെല്ലാം മാറ്റിവെക്കുന്നുണ്ട് ചില സാമ്യങ്ങളിൽ നിന്ന് പോസ്റ്റ്മോർട്ടം പ്രിയമുള്ള ഒന്നുതന്നെയല്ലേ എന്ന് മനസ്സു വീണ്ടും വീണ്ടും എന്നോട് പറയുന്നുണ്ട്. തുന്നൽക്കാരനും വെട്ടിമുറിക്കരുത് വെട്ടി മുറിക്കുന്നുണ്ട് പിന്നീട് കൂട്ടി യോജിപ്പിക്കുന്നുണ്ട് ഒരു ശരീരമാണെങ്കിൽ മറ്റ് തുണിയാണെന്ന് മനുഷ്യ ശരീരവും ഒരു തുണി പോലെയാണ്

    പറഞ്ഞു മനുഷ്യർക്ക് അവരുടെ പരാധീനതകളും പരാജയങ്ങളും നോക്കാം ജീവിതത്തിൽ എന്ത് കിട്ടി എന്ന് സന്തോഷിപ്പിക്കുന്ന ദിവസങ്ങൾ അവർ എണ്ണയില്ല

    ആൻറി വാറോ ഒരു നേരത്തെ നേരെ അനുഭവത്തെ മറയില്ലാതെ പറഞ്ഞു അതിശയിപ്പിക്കും നോവലുകളിലെ സെക്സ്



  • on aksharajalakam

     


    on edassery -2

     



    m k harikumar/ on vangoginu


     


    Monday, February 3, 2025

    ആശാൻകവിതയുടെ വായന - സച്ചിദാനന്ദ സ്വാമിയുടെ പുസ്തകം പുതിയ പാത തുറക്കുന്നു /എം.കെ.ഹരികുമാർ

     




    കുമാരനാശാൻ്റെ  സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യായമാണ് ശ്രീനാരായണഗുരു. ഒരു  വിശ്വാസിയായിരുന്ന ആശാൻ തൻ്റെ  പ്രബുദ്ധവും അന്വേഷണാത്മകവും ദാർശനികവുമായ പ്രജ്ഞയിലൂടെ  വേർതിരിവുകളുടെയും സങ്കുചിത സങ്കൽപ്പങ്ങളുടെയും മതിൽക്കെട്ടുകൾ ചാടിക്കടന്നു വലിയൊരു മാനവിക യാഥാർത്ഥ്യത്തിലേക്ക് ഉയരുകയാണ് ചെയ്തത്. മലയാളകവിതയിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് ആശാനെക്കുറിച്ചാണ്. ആശാൻ്റെ വരികളിൽ അർത്ഥവും അതീതമായ അർത്ഥവുമുണ്ട് .അത് വിഭിന്നതലങ്ങളിൽ വ്യാഖ്യാനിക്കാൻ കഴിയും. ജോസഫ് മുണ്ടശ്ശേരി ,മാരാര് ,സുകുമാർ അഴീക്കോട് ,പി.കെ.ബാലകൃഷ്ണൻ ,തുടങ്ങിയവർ വിഭിന്നങ്ങളായ പദ്ധതികളിലൂടെ ആശാൻകവിതയെ സമീപിച്ചിട്ടുള്ളത് ഓർക്കുമല്ലോ.മതം, ദൈവം, സത്യം, ദർശനം തുടങ്ങിയ ആശയസംഹിതകളുടെ സങ്കീർണമായ ആവിഷ്കാരവും വ്യക്തിഗതവും പ്രാപഞ്ചികവുമായ നോട്ടങ്ങളുടെ സമന്വയവുമാണ് ആശാൻകവിതകളെ കൂടുതൽ വ്യാഖ്യാനത്തിനും അന്വേഷണത്തിനും ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.

    ആശാനെക്കുറിച്ച് ഇവിടെ എഴുതാനും ചിന്തിക്കാനും കാരണമായത് ,സച്ചിദാനന്ദ സ്വാമി എഴുതിയ 'കുമാരനാശാൻ കണ്ട ഗുരുദേവൻ'*എന്ന പുസ്തകമാണ്. യാദൃച്ഛികമായി ലഭിച്ച ഈ പുസ്തകം അതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ആശാനും ഗുരുദേവനും അടങ്ങിയ ലോകമാണ് ഉൾക്കൊള്ളുന്നത്.കുമാരനാശാൻ  എങ്ങനെയാണ് ഗുരുവിനെ മനസ്സിലാക്കിയത്, പിന്തുടർന്നത് എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്.  ആശാൻ ഗുരുവിനെക്കുറിച്ച് എഴുതിയ കവിതകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും വ്യാഖ്യാനങ്ങളുമാണ് സച്ചിദാനന്ദ സ്വാമി സമാഹരിച്ചിരിക്കുന്നത്.വളരെ വിലപ്പെട്ട ഒരു രേഖയാണിത്. ആശാൻ സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന ഈ രചനകളെ വളരെ സൂക്ഷ്മമായി കോർത്തെടുക്കുകയാണ് സ്വാമി. ഗുരുവിനെ അറിയാൻ  സാധിക്കുന്നതുപോലെ തന്നെ ഈ കൃതി ആശാനെയും നന്നായി മനസ്സിലാക്കാൻ ഉപകരിക്കും. എന്തുകൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നതിനു സ്വാമി ഇങ്ങനെ ഉത്തരം നൽകുന്നു:"സർവതിനും ആധാരമായ പരബ്രഹ്മമൂർത്തി തന്നെയാണ് ശ്രീനാരായണഗുരുവെന്ന് ഇത്രയും സുവ്യക്തമായി മറ്റൊരു ശിഷ്യനും പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു. അത്രയും അഗാധമായ ബോധത്തിൻ്റെ തികവിലാണ് കുമാര മഹാകവി ഗുരുസ്വരൂപത്തെ ലോകത്തിനു പകർന്നു നൽകിയത്.ഭക്തികൊണ്ടും വിശ്വാസംകൊണ്ടുമല്ല കവി ഇപ്രകാരം എഴുതുന്നത് .അനുഭവജ്ഞാനത്തിൻ്റെയും വേദാന്തശാസ്ത്രത്തിൻ്റെയും അവബോധത്തിലുള്ള പിൻബലം കൊണ്ടുമാണ് ഗുരുദേവസ്വരൂപത്തെ കുമാരനാശാൻ അവതരിപ്പിക്കുന്ന്."

    വിശ്വദർശനം

    കുമാരനാശാൻ രചിച്ച 'ഗുരുസ്തവം', 'ഗുരുപാദദശകം' എന്നീ കവിതകളിൽ അസാമാന്യമായവിധം ഗഹനവും പ്രസാദാത്മകവുമായി ഗുരു നിറഞ്ഞു നിൽക്കുകയാണ്. ഗുരുദർശനത്തിന്റെ സാമാന്യവും സാംസ്കാരികവും പ്രാപഞ്ചികവുമായ അർത്ഥവ്യാപ്തി ഈ കവിതകളിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനേക്കാൾ മികവോടെ മറ്റാരും ഗുരുവിനെക്കുറിച്ച് എഴുതിയിട്ടില്ല. ആശാൻ്റെ ഭാഷാപരമായ തുളച്ചിറങ്ങൽ ,പദഭംഗിയിലൂടെയുള്ള സത്യസാക്ഷാത്കാരം, ഗ്രഹണശക്തി മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ഈ കൃതികളിൽ തത്ത്വചിന്തയും മനനവും മാത്രമല്ല , വൈകാരികമായ സൂചനകളും അടങ്ങിയിരിക്കുന്നു. 'കുമാരനാശാൻ കണ്ട ഗുരുദേവൻ' എന്ന കൃതിയിൽ  സച്ചിദാനന്ദസ്വാമിയുടെ വ്യാഖ്യാനവും അടങ്ങിയിട്ടുണ്ട്. 'കുമാരനാശാൻ്റെ  ഗുരുദർശനം' എന്ന ലേഖനത്തിൽ സച്ചിദാനന്ദസ്വാമി ഇങ്ങനെ കുറിക്കുന്നു: " ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണ് ആ  വിശ്വദർശനത്തിന്റെ അടിസ്ഥാനതത്ത്വം. ഈ  വിശ്വദർശനത്തെ ചാലിച്ചെടുക്കുന്നതാണ് കുമാരനാശാൻ്റെ വിശ്വപ്രതിഭ എന്നു കാണാനാവും. ആശാൻകൃതികളെ അനുപമേയമാക്കുന്നത് ഗുരുദേവന്റെ ഈ വിശ്വദർശനമാണ്.ഗുരുദേവദർശനത്തിന്റെ അടിസ്ഥാനതത്ത്വം ഒരേ അറിവ് പലതായി പ്രകാശിക്കുന്നു എന്നതാണ്. അറിവ് ,അറിയുന്നവൻ, അറിയപ്പെടുന്ന വസ്തു എന്ന ത്രിപുടിയാണീ പ്രപഞ്ചം."

    സച്ചിദാനന്ദ സ്വാമിയുടെ ഈ വീക്ഷണം ആശാൻകവിതയുടെ പാരായണത്തെ ഒരു പുതിയ ദിശയിലേക്ക് നയിച്ചുകൊണ്ട് പോവുകയാണ്. ആശാൻകവിതയിൽ ഗുരുവിൻ്റെ സ്വാധീനമുണ്ടെന്നത് പരക്കെ അംഗീകരിച്ച വസ്തുതയാണ്. എന്നാൽ ആശാന്റെ കൃതികളിൽ വേറെയും അടിത്തട്ടുകളുണ്ട് .വേദാന്തത്തിന്റെ മാത്രം തലമല്ല ആ കവിതകളിലുള്ളത്. അത് സാമൂഹികമായ അനാചാരങ്ങൾക്കെതിരെ പോരാടുന്നു. ആത്മീയപ്രശ്നങ്ങളിൽപ്പെട്ട് അലയുന്നു. മനുഷ്യരുടെയുള്ളിൽ പരിശുദ്ധമായ സ്നേഹം അലയടിക്കുന്നത് വിവരിക്കുന്നു. മനുഷ്യത്വത്തിന്റെ പരമമായ സ്ഥാനം എവിടെയാണെന്നു തിരയുന്നു. ബുദ്ധമതവിശ്വാസിയല്ലാത്ത ആശാൻ 'കരുണ'യിൽ ഉപഗുപ്തനെ പരോക്ഷമായി വിമർശിക്കുകയാണ് ചെയ്യുന്നത്. ഒരു ബുദ്ധിസന്യാസിക്ക് മനുഷ്യരുടെ സ്നേഹത്തിനു വേണ്ടിയുള്ള വിളി കേൾക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം ഉയരുന്നുണ്ട് .




    സച്ചിദാനന്ദ സ്വാമി ഉറച്ചുപോയ ഒരു  ചിന്താധാരയെ മറികടന്നു മറ്റൊരു ദിക്കിലേക്കു ആശാൻകവിതയുടെ ഭാവി വായനയെ വഴിതെളിക്കുകയാണ് .ആശാൻകൃതികളെ അനുഭവവേദ്യമാക്കുന്നത് ഗുരുവിൻ്റെ വിശ്വദർശനമാണെന്ന സ്വാമിയുടെ അഭിപ്രായം കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ പുസ്തകം ആ വഴിക്കുള്ള തിരച്ചിലിനു  മാർഗ്ഗനിർദേശം നൽകുകയാണ്. ഗുരു  ദൈവത്തെ ചിന്താസന്താനമായി വിലയിരുത്തുമ്പോൾ ആശാൻ ചിന്തയുടെ മണിമന്ദിരത്തിൽ  വിളങ്ങുമീശനായി കാണുന്നുവെന്ന നിരീക്ഷണം ഈ പുതിയ പന്ഥാവിലേക്കുള്ള ചൂണ്ടുപലകയാണ്.ഇതിനോടനുബന്ധിച്ചാണ് ആശാൻ 'ആത്മോപദേശശതക'ത്തിലെ ആദ്യശ്ളോകത്തിനെഴുതിയ വ്യാഖ്യാനത്തെ കാണേണ്ടത്. ഈ  കൃതിയിൽ അത് ചേർത്തിട്ടുണ്ട്. ഈ വ്യാഖ്യാനത്തിൻ്റെ ആദ്യവാക്യത്തിൽ തന്നെ ആശാൻ സൂചിപ്പിക്കുന്നത് ഗുരുവിൻ്റെ അന്യാദൃശമായ സരസ്വതീവിലാസത്തെക്കുറിച്ചാണ്. ഒരു വിഷയത്തെക്കുറിച്ച് എഴുതുമ്പോൾ അതിൽ ശബ്ദങ്ങളുടെ ഗുണദോഷങ്ങളുടെ പ്രാധാന്യമുണ്ടെന്നാണ് ആശാന്റെ അഭിപ്രായം. ആത്മോപദേശശതകം  അച്ചടിക്കുന്നതിനു മുമ്പ് ഭക്തന്മാരും ആസ്വാദകരും അത് പല സ്ഥലങ്ങളിൽ ചൊല്ലുന്ന കാലമായിരുന്നു. ഇതിൻ്റെ വിഷയഗഹനത സാധാരണ വായനക്കാർക്ക് ക്ളേശകരമാവാനിടയുണ്ട് എന്നറിഞ്ഞുകൊണ്ടാണ് ആശാൻ വ്യാഖ്യാനം എഴുതാൻ തയ്യാറായതെന്നറിയിക്കുന്നുണ്ട്.ഈ വ്യാഖ്യാനം വായിക്കുന്ന ശ്രദ്ധാലുവായ ഒരാൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വസ്തുത ഗുരുവിന്റെ പ്രപഞ്ചജ്ഞാനം ആശാന്റെയും ദാർശനിക പദ്ധതികളുടെ ഭാഗമായിരുന്നു എന്നതാണ്. എല്ലാം അറിവ് മാത്രമാണ് എന്ന മന്ത്രത്തിലേക്ക് ചുരുങ്ങുകയാണ്.  ആശാനും അതാണ് അന്വേഷിച്ചത്.'ചണ്ഡാലഭിക്ഷുകി'യിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരു പെണ്ണിൽ നിന്നു വെള്ളം ചോദിക്കുന്ന ബുദ്ധഭിക്ഷുവിനെ കാണാം .ബുദ്ധഭിക്ഷുവിനു വെള്ളം കൊടുക്കാൻ സമുദായമര്യാദ അനുവദിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്. എന്നാൽ വെള്ളത്തിനു ജാതിയില്ല. മനുഷ്യർക്കാണ് ജാതി. വെള്ളം ആർക്ക് കൊടുക്കുന്നുവെന്നതാണ് പ്രശ്നം. ഇത് അന്ധതയാണ്. ഇതിനെതിരെയാണ് ആ കാവ്യം നീങ്ങുന്നത്. ഒടുവിൽ അവർക്ക് അറിവ് ലഭിക്കുന്നു. അവർ ലോകതത്ത്വം തിരിച്ചറിയുന്നു .ഇത് തന്നെയാണ് ഗുരുവിൻ്റ തത്ത്വവും. മനഷ്യർക്ക് ഒരു ജാതിയേയുള്ളു ,അത് അൻപാണെന്ന ദർശനമാണ്.

    ഏതോ വിസ്മയചിഹ്നങ്ങൾ

    ആശാൻ എഴുതുന്നു: "അറിയുന്നവൻ, അറിയപ്പെടുന്നത് ,അറിവ് എന്നു പദാർത്ഥങ്ങൾ മൂന്നാകുന്നു. സംസ്കൃതത്തിൽ ഇവയ്ക്ക് ക്രമേണ ജ്ഞാതാവ് ,ജ്ഞാനം ,ജ്ഞേയം ഇങ്ങനെ പേർ പറയുന്നു. ഇവയല്ലാതെ നാലാമതായിട്ട് ഒരു പദാർത്ഥം ഉണ്ടാവാൻ പാടില്ല .ഈ മൂന്നിനെയും തന്നെ അറിയുന്നത്, അറിയപ്പെടുന്നത് (അല്ലെങ്കിൽ ദൃക്ക് ,ദൃശ്യം എന്ന രണ്ടു പദാർത്ഥമായിട്ടും ചിലർ വിഭജിക്കുന്നു. തന്നെ (അല്ലെങ്കിൽ) അറിയുന്നതിനെ ഒഴിച്ച് മറ്റെല്ലാവും അറിയപ്പെടുന്നതാകുന്നു. അറിവ് (അറിയുന്ന)ദൃക്കിനെക്കാൾ അന്യമല്ല. അറിയപ്പെടുന്നതും അറിവിനേക്കാൾ അന്യമല്ല .അപ്പോൾ എല്ലാം അറിവാകുന്ന ഒന്നുമാത്രം ആകുന്നു." ഈ ദർശനം ആശാൻ്റെ കലയെയും ആവിഷ്കാരത്തെയും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട് .കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉപയോഗിച്ച് ആശാൻ തൻ്റെ കൃതികളിൽ സൃഷ്ടിച്ചത് ഈ  ദർശനമാണ്. വേദാന്തവും ജീവിതപ്പൊരുളും ഒരു മനസ്സിനെ ആവേശിക്കുകയാണ് .അത് മുൻകൂട്ടി തീരുമാനിച്ചതിന്റെ ഫലമല്ല .മനസ്സിലേക്ക് വന്നുചേരുകയാണ്. മനസ്സിൻ്റെ വാതിലുകൾ താനേ തുറക്കുകയാണ്. ആകാശവും നക്ഷത്രങ്ങളുമെല്ലാം  അതിവിദൂരമായ, എന്നാൽ നമ്മുടേതായിരിക്കുന്ന ഏതോ ഒന്നിന്റെ വിസ്മയചിഹ്നങ്ങളാണെന്ന അറിവ് ഒരു പുസ്തകത്തിൽ നിന്നു കിട്ടുകയില്ല. അതുകൊണ്ട് ആശാൻ്റെ ആനന്ദം അലൗകികമാണ്. പല വിമർശകർക്കും ഈ ആനന്ദം എന്താണെന്നു പിടികിട്ടിയില്ല .

    "ഒരു വഴി തിരിയുമ്പോഴോമലാൾക്ക
    ങ്ങുരുതരചമ്പകഗന്ധമോടുമുളളം
    പരിചിലഥഹരിച്ചു 'നർമ്മദോ'ർമ്മീ
    പരിചയശൈത്യമിയന്നമന്ദവായു

    സുഖദമയി! വരുന്നിതെങ്ങു നിന്നോ
    സഖി,യിതചമ്പകഗന്ധ,മെന്തു ചിത്രം !
    മുഖരസമിതുമാറ്റി മിന്നുകല്ലീ
    നിഖിലവനാവലി നിദ്രവിട്ട പോലെ."

    എന്നു 'ലീല'യിൽ എഴുതിയിരിക്കുന്നത് ലൗകികാതീതമായ ആനന്ദത്തെയാണ് സൂചിപ്പിക്കുന്നത് .സ്വാർത്ഥ മോഹങ്ങ ളും ലക്ഷ്യങ്ങളും മനസ്സിൽ കട്ടപിടിച്ചു കിടക്കുന്ന ഒരാൾക്ക് ഈ ചമ്പക ഗന്ധം അനുഭവപ്പെടുകയില്ല. മനസ്സിൻ്റെ അടിത്തട്ടിൽ നിന്നു പ്രപഞ്ചരചനകളുടെ വിസ്തൃതയിലേക്ക് ഉയർന്നുവരുന്ന ഒരു പൂവാണ് അപ്പോൾ മനസ് .

    'വീണപൂവി'ൽ "ഒന്നല്ലി നാമയി സഹോദരരല്ലി ?പൂവേ ഒന്നല്ലി കൈയിഹ രചിച്ചത് നമ്മെയെല്ലാം." എന്നെഴുതിയതും അന്തിമമായ ഒരു വിശ്രാന്തിസ്ഥാനത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എത്തിച്ചേരാൻ ഒരിടമുള്ളതുകൊണ്ട് സുഖദുഃഖങ്ങളെ  സമചിത്തതയോടെ കാണണം. എല്ലാവരും ഒരിടത്തു നിന്നു വന്നവരാണ്; ഒരിടത്തേക്ക് പോകുന്നവരാണ്. ഗുരുവിൻ്റെ പ്രപഞ്ചതത്ത്വം ആശാൻ ലൗകികപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സാക്ഷാത്കരിക്കുന്നു. ആശാന്റെ സ്നേഹം ലൗകികമായ ഒരു ശപഥമായി വെട്ടിച്ചുരുക്കിയവരുണ്ട്.'വീണപൂവി'ൽ തൻ്റെ കാമുകിയെക്കുറിച്ചാണ് ആശാൻ വിവരിക്കുന്നതെന്നു പറയുന്നത് ഈ വെട്ടിച്ചുരുക്കലിൻ്റെ തെളിവാണ്. മറ്റുള്ളവരെ സ്നേഹിക്കുക എന്ന ആഹ്വാനമാണ് ആശാൻ്റെ സ്നേഹസങ്കല്പത്തിൽ തുടിക്കുന്നതെന്നും എഴുതിക്കാണാറുണ്ട്. ദൈവത്തെ സ്നേഹമായി കണ്ടവരുണ്ട്. എന്നാൽ ആശാൻ സ്നേഹത്തെ കുറെക്കൂടി ഉയർത്തുന്നു. അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത അർത്ഥമായി സ്നേഹത്തെ പരിവർത്തനപ്പെടുത്തുകയാണ്. വ്യക്തികൾ തമ്മിലുള്ള സ്നേഹമല്ല പരിചയപ്പെടുത്തുന്നത്. അത് തൻ്റെയുള്ളിൽ കവിഞ്ഞൊഴുകുന്ന അലൗകികസ്നേഹമാണെന്നു കവി അറിയിക്കുന്നത് ഇങ്ങനെയാണ്:

    "സ്നേഹത്തിൽ നിന്നുദിക്കുന്നു -ലോകം
    സ്നേഹത്താൽ വൃദ്ധി നേടുന്നു
    സ്നേഹം താൻ ശക്തി ജഗത്തിൽ - സ്വയം
    സ്നേഹം താനാനന്ദമാർക്കും
    സ്നേഹം താൻ ജീവിതം ശ്രീമാൻ -
    സ്നേഹ
    വ്യാഹതി തന്നെ മരണം."

    ഈ സ്നേഹം കേവല മർത്യസ്നേഹമല്ല. സകല ചരാചരങ്ങളെയും ഒരു ചരടിൽ കോർക്കുന്ന സ്നേഹമാണ് .സ്നേഹം മാത്രമാണ് ജീവികൾക്കിടയിൽ നല്ലപോലെ മനസ്സിലാക്കാവുന്ന വികാരം. ഒരു നായയെയോ പൂച്ചയെയോ കാക്കയെയോ സ്നേഹിക്കുക .അത് സ്നേഹമെന്ന ചരടിലേക്ക് കോർക്കപ്പെടും. അവ തിരിച്ചു സ്നേഹിക്കും. എന്തെന്നാൽ അവയ്ക്ക് ആ വികാരം ബോധ്യപ്പെടും.  ജീവനുള്ള വസ്തുക്കൾക്കെല്ലാം സ്നേഹം ഏറിയോ കുറഞ്ഞോ  അനുഭവപ്പെടും.അചേതന വസ്തുക്കൾക്ക് സ്നേഹം അറിയാം. നിരന്തരം നാം ഉപയോഗിക്കുന്ന വസ്തുവിനോട് നമുക്ക് സ്നേഹമുണ്ട്. നാം അത് തുടച്ചു വൃത്തിയാക്കും. പ്രധാനപ്പെട്ട ഇടം നല്കും .അതിന്മേൽ ഒരു ശ്രദ്ധയുണ്ടാകും .നമ്മുടെ മനസ്സിൻ്റെ ശക്തിയിൽ നിന്നു അതിലേക്ക് പ്രവഹിക്കുന്ന ഊർജമുണ്ട്. എന്നാൽ അതിനെ ഒരു മാസമോ രണ്ടുമാസമോ അതിലും കൂടുതൽ കാലമോ പരിഗണിക്കാതെ, ഉപേക്ഷിക്കുകയാണെങ്കിലോ? തീർച്ചയായും അത് പ്രാപഞ്ചികമായ ഒരു ശൂന്യത സൃഷ്ടിക്കും. ആ വസ്തു താനേ പിൻവാങ്ങും. എങ്ങും പോകാനില്ലാത്തതുകൊണ്ട് ആ വസ്തു സ്വയം സൃഷ്ടിച്ച കാരാഗൃഹത്തിലാകും. അതിനു പഴയ ഭംഗിയോ നിലനിൽപ്പോ ഉണ്ടാവുകയില്ല. അത് സ്വയം സ്വീകരിച്ച ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. കാലത്തിൻ്റെ ക്രുദ്ധമായ പാടുകൾ അതേറ്റു വാങ്ങും. മരിക്കാൻ തയ്യാറെടുക്കുകയാണെന്നു തോന്നുമെങ്കിലും അത് ആത്മഹത്യ ചെയ്യുകയാണ് .എല്ലാം സ്നേഹത്തിൽ ബന്ധിതമാണെന്നു ആശാൻ സൂചിപ്പിക്കുന്നത് ഈ അർത്ഥത്തിലാണ്.

    ക്ഷണികത ലീലയെ പ്രോത്സാഹിപ്പിക്കുന്നു

    "പോകുന്നിതു മാറിമാറിപ്പല പാകത്തിലേകബീജം താൻ!" എന്നെഴുതുന്നതും വിശ്വതത്ത്വത്തിൻ്റെ  പ്രഘോഷണമാണ്. ഏത് ജന്മമെടുത്താലും അതിനെല്ലാം കാരണമായ ബീജം ഒന്നുതന്നെ. പല രൂപങ്ങളിലായിരിക്കുന്നത് ഭൗതികജീവിതത്തിന്റെ ഒരു ലീലയാണ്. പ്രതിപ്രവർത്തനവും സംഭാഷണവും ഭാവനയുമുണ്ടാകുന്നത് ജീവിതത്തിനു ഒരു വനഭംഗി നൽകുന്നു .എന്നാൽ സത്ത് മറഞ്ഞിരിക്കുകയാണ്. അബദ്ധ ലീലകളിൽപ്പെടാനാണ് നമ്മുടെ വിധി. കാരണം നാം ലൗകികജീവികളാണ്. നാം അനശ്വരരല്ല;നമുക്ക് ക്ഷണികജീവിതം തന്നിരിക്കുന്നതിൽ പോലും ഈ അർത്ഥമുണ്ട് .ക്ഷണികത ലീലയെ പ്രോത്സാഹിപ്പിക്കുന്നു. കണ്ണുകെട്ടി നടക്കുന്നവർ തട്ടിവീഴുന്നത് സ്വാഭാവികമാണ് .നമ്മളും കണ്ണുകൾ കെട്ടിയിരിക്കുന്നു .അത് ആരാണെന്നു  കണ്ടുപിടിക്കാൻ ശേഷിയുള്ള ഒരു കവിക്കാണ് 'പലപാകത്തിലേക ബീജം താൻ' എന്നെഴുതാൻ പറ്റുകയുള്ളൂ .ഇങ്ങനെ ആശാൻകവിതകളിലാകെ ഈ തത്ത്വം നിറഞ്ഞു നിൽക്കുകയാണ്.ഭൗതികരംഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ നേർക്കുനേർ കണ്ട കവിയാണല്ലോ  കുമാരനാശാൻ. ജാതിമതാന്ധതയുടെ കാലത്ത് സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാതിരിക്കാനാവില്ല. സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ജീവിതത്തിനു അർത്ഥമുള്ളൂ. ആത്മഹത്യ ചെയ്യാനാവാത്തതുകൊണ്ട് ജീവിച്ചേ മതിയാകൂ.ജീവിക്കണമെങ്കിൽ അനീതിയെ എതിർക്കണം. അനീതിയെ എതിർക്കുകമ്പോഴാണ് സ്വാതന്ത്ര്യം പുലരുന്നത്. മനുഷ്യർ തമ്മിലുള്ള ഭിന്നതകൾ മാറണമെന്നു പറയുന്നത് വിശ്വസ്നേഹത്തിലേക്ക് ഉയരാനുള്ള പ്രധാന ചവിട്ടുപടിയാണ്. മനുഷ്യർ തമ്മിൽ വ്യത്യാസമില്ലെന്നു അറിയുന്നവനു അടുത്ത പടിയായി ഇതര ജീവജാലങ്ങളിലേക്ക് സ്നേഹത്തോടെ നോക്കാം. അത് വിശ്വപ്രേമമാണ്. സകല ജീവികളെയും സസ്യജാലങ്ങളെയും നമ്മുടെ തന്നെ അംശമായി കാണുക.പാരസ്പര്യവും സമന്വയവുമാണ് പ്രധാനം. അതിനപ്പുറം എവിടെയാണ് സാഹിത്യം? പരമമായ മൈത്രിയിൽ ലയിക്കുന്ന ആനന്ദമാണ് കുമാരനാശാൻ തന്റെ കൃതികളിലൂടെ പകർത്തിയത്.

    'ആത്മോപദേശശതക'
    ത്തിൻ്റെ ആദ്യശ്ളോകത്തിൻ്റെ വ്യാഖ്യാനത്തിൽ ആശാൻ ഇങ്ങനെ കുറിക്കുന്നു: "ഒരു കർപ്പൂരഖണ്ടം എടുക്കുക. അത് വെളുപ്പും സൗരഭ്യവും മറ്റുമുള്ള ഒരു വസ്തുവായി കാണുന്നു. അതിനെ കത്തിക്കുക .ധൂമവും ജ്വാലയുമായി അത് വായുവിൽ മറഞ്ഞു പോകുന്നു .ഒരു വസ്തു ഏതായി മറയുന്നുവോ അതാണ് അതിൻ്റെ പരമാർത്ഥം. ഇത് സാർവത്രികമായ ന്യായമാണ്.ആകയാൽ കർപ്പൂരം സ്ഥൂലദൃഷ്ടിയിൽ തന്നെ കേവലം വായുവാകുന്നു. ഇതുപോലെ കരിമരുന്ന് മുതലായതും അതിൻ്റെ രൂപവും ഗന്ധവും വെടിഞ്ഞു കാരണമായ വായുവിൽ അഴിയുകയാൽ എല്ലാം വായു തന്നെ. കരകം അല്ലെങ്കിൽ മഞ്ഞുകട്ടിയെ  എടുക്കുക .അത് സ്ഫടികം പോലെ ധവളമായും കഠിനമായുമിരിക്കുന്നു."ആത്മീയചിന്തയിൽ ഗാഢമായ അനുഭവമില്ലാത്തയാൾക്ക് ഇതുപോലെ വിലയിരുത്താനാവില്ല. ആത്യന്തിക വസ്തുവിനെക്കുറിച്ചാണ് ആശാൻ എഴുതുന്നത്. അദ്ദേഹം തുടർന്നു എഴുതുന്നു: "രസതന്ത്രപ്രകാരം കരിക്കട്ടയും വൈരക്കല്ലും ഒന്നാകുന്നു. ഇവയ്ക്ക് തമ്മിലുള്ള അത്ഭുതകരമായ ഭേദം സ്ഥിതിഭേദം മാത്രമാണ് .വൈരം പാകത്തിൽ കരിക്കട്ടയായും അത് അതിനു കാരണമായ വായു വിശേഷമായും വായുവിൽ തന്നെ അഴിഞ്ഞു പോവുകയും ചെയ്യും. ഇങ്ങനെ പര്യാലോചിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ വിചാരാഗ്നിയിൽപ്പെട്ട്  കർപ്പൂരമലപോലെയെരിഞ്ഞ് വായു മാത്രമായി ശേഷിച്ചു നിൽക്കുന്നതു കാ
    ണാം.ഈ വായു അണുക്കളാകുന്നു."

    ഇതിനു മറ്റൊരു വ്യാഖ്യാനം കൊടുക്കാവുന്നതാണ്. നാം ഒരു പ്രത്യേക അനുപാതത്തിൽ സമ്മേളിച്ചിരിക്കുന്ന കണികകളാണ്. ഓരോ വ്യക്തിയും അയാളുടെ രൂപത്തിൽ കൂടിയിരിക്കുന്ന കണികകളാണ്. അങ്ങനെ കണികകൾ രൂപവ്യതിരക്തതയോടെ സമ്മേളിക്കുന്നത് ഒരിക്കൽ മാത്രമാണ്. എയും ബിയും രണ്ടു മനുഷ്യരാണെന്നു  സങ്കല്പിക്കുക .എ എന്ന കണികാസമുച്ചയം  പ്രപഞ്ചചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് എ ആയിരിക്കുന്നത് .അതിനു മുമ്പും ശേഷവും അത് കണികകളായി വിഘടിക്കപ്പെട്ടിരിക്കും .ബിയും അങ്ങനെ തന്നെയാണ്. അമേരിക്കൻ ഗ്രന്ഥകാരനും ചരിത്രകാരനുമായ ബിൽ ബ്രൈസൺ(Bill Bryson) എഴുതുന്നു: "നിങ്ങൾ സ്വന്തമാക്കിയിരിക്കുന്ന ഓരോ കണികയും നിശ്ചയമായും ഇതിനോടകം പല നക്ഷത്രങ്ങളിലൂടെ കടന്നുവന്നതാണ്. നിങ്ങൾ ആയിത്തീരാൻ വേണ്ടി ആ കണികകൾ ദശലക്ഷക്കണക്കിനു ജീവരൂപങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്. നമ്മൾ എന്ന ജീവി കണികകളുടെ തലത്തിൽ അസംഖ്യമാണ്, അത്  മരണത്തോടെ കഠിനമായി പുന:ചംക്രമണം ചെയ്യുന്നതാണ്." നമ്മൾ എന്നു പറയുന്നത് ഒരു സ്വതന്ത്രമായ വസ്തുവല്ല; അതിലെ കണികകൾക്ക് ആരോടെല്ലാം ബന്ധമുണ്ടെന്നു പറയാനാവില്ല. പലതരം ജീവികളിലൂടെ കടന്നുവന്ന കണികകൾ നമ്മളായി രൂപംകൊള്ളാൻ, താൽക്കാലികമായി സഹായിച്ചിരിക്കുന്നു. കണികകൾ മാത്രമാണ് എല്ലാകാലത്തേക്കുമായി നിലനിൽക്കുന്നത്. "So we are all reincarnations -though shortlived ones." നമ്മൾ പുനരവതാരങ്ങളാണ് ,ഹ്രസ്വകാലജീവികളാണെങ്കിലും .നമ്മൾ മരിക്കുമ്പോൾ നമ്മൾ എന്ന കണികാസമുച്ചയം ചിതറുന്നു. മറ്റു ഉപയോഗങ്ങൾക്കായി അത് പലയിടത്തേക്കു മാറുന്നു - ഒരിലയുടെയോ, മനുഷ്യജീവിയുടെയോ, മഞ്ഞുതുള്ളിയുടെയോ ഭാഗമാകാൻ .

    വൃഥാ ചലിക്കുന്ന അണുക്കൾ

    ഈ തത്ത്വം ആശാൻ എത്രയോ വർഷം മുമ്പ് ഉൾക്കൊണ്ടു!. അദ്ദേഹം പറയുന്നത് 'ഈ വായു അണുക്കളാകുന്നു' എന്നാണ്. ഏതാണ് ഈ വായു? വസ്തുക്കൾ വായുവിൽ ലയിച്ച ശേഷമുള്ളതാണത്. ആശാൻ അത് കുറേക്കൂടി സ്പഷ്ടമാക്കുന്നു: "ഈ അഖണ്ഡ ചിന്മാത്രവ്യാപ്തിയിൽ ,അതിൻ്റെ അവാങ്മനസഗോചരമായ വൈഭവത്താൽ ഈ വിചിത്രമായ നാമരൂപപ്രപഞ്ചം മുഴുവൻ സമുദ്രത്തിൽ തരംഗാദികൾപോലെയും മരുഭൂമിയിലെ സൂര്യപ്രകാശ വ്യാപ്തിയിൽ ജലപ്രവാഹംപോലെയും കല്പിതമാകുന്നു. അതുകൊണ്ട് എല്ലാം ചിന്മാത്രം തന്നെ .ഈ മഹാതത്ത്വത്തെയാകുന്നു ബ്രഹ്മം എന്നും പരമാത്മാവ് എന്നും അദ്വൈതികൾ പറയുന്നത്." ഈ ആശയത്തിന്റെ ഏറ്റവും ഉന്നതമായ കാവ്യസന്നിവേശമാണ് നളിനിയിലെ വരികളിൽ നാം കാണുന്നത്.

    "സ്വന്തകർമ്മവശരായ് തിരിഞ്ഞിടു - ന്നന്തമറ്റ ബഹുജീവകോടികൾ,
    അന്തരാളഗതി തന്നിലൊന്നൊടൊ-
    ന്നന്തരാപെടുമണുക്കളാണു നാം .

    സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
    സാഹസങ്ങൾ തുടരുന്നു സന്തതം
    ദേഹി ,ഈശകൃപയാലെ തന്മഹാ- മോഹിനിദ്രയുണരുന്ന നാൾവരെ."

    ഏതോ കർമ്മത്തിന്റെ ബന്ധത്തിൽ വന്നുപെട്ടിരിക്കുന്ന നമുക്ക് പൊരുൾ ഇനിയും വ്യക്തമായിട്ടില്ല. പൊരുളുകൾ വരികയും മങ്ങുകയുമാണ് .എത്രയോ കോടി ജീവികൾ ജീവിതത്തിൻ്റെ പൊരുളറിയാതെ ചുറ്റിത്തിരിയുന്നു. പ്രപഞ്ചത്തിനുള്ളിലെ നിയോഗത്തിനനുസരിച്ച് വൃഥാ ചലിക്കുന്ന അണുക്കളാണ് നാം എന്നു വീണ്ടും എഴുതിയിരിക്കുന്നു .ഇവിടെയും ആശാൻ അണു എന്ന ആത്യന്തിക അവസ്ഥയെ വിടുന്നില്ല.നമ്മൾ ഏതോ സ്വപ്നത്തിലാണ്. നിദ്ര വിട്ടുണരുമ്പോൾ സത്യം ഗ്രഹിക്കാം.ഭൗതികജീവിതത്തിനുള്ളിൽ പൊരുളായി എന്തെങ്കിലുമുണ്ടോ എന്ന   അന്വേഷണം കവിതയിൽ സാധ്യമാണ്.അതേസമയം വ്യക്തിഗതമായി യാതൊന്നും സമ്പാദിക്കാനാവില്ല. കാരണം നമ്മൾ മോഹനിദ്രയിലാണല്ലോ.



    സച്ചിദാനന്ദ സ്വാമി

    ഉപനിഷത്തിന്റെ സാരം എന്താണെന്നു കുമാരനാശാൻ എഴുതിയിട്ടുണ്ട്, 'ആത്മോപദേശശതക'ത്തിൻ്റെ ആദ്യശ്ലോക വ്യാഖ്യാനത്തിൽ. അത് ഇപ്രകാരമാണ് :"ഭേദം ശരീരാദികളായ ഉപാധികളാൽ കൽപിക്കപ്പെട്ടതും ഉപാധികൾ തത്ത്വചിന്തയിൽ മിഥ്യയും ആകയാൽ നാം നിർവികാരവും പ്രശാന്തവും അത് ഹേതുവായിട്ട് പരമാനന്ദ രൂപവുമായ അദ്വൈതാഖണ്ഡചിന്മാത്ര ബ്രഹ്മമാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ രഹസ്യം. ഇതാണ് ലോകത്തിന്റെ തത്ത്വം. ഇതാണ് ആത്മാവിൻ്റെ പരമാർത്ഥം. ഇത്രയും വ്യക്തമായ ബോധമുണ്ടായിരുന്ന ആശാൻ ഇതു വിട്ടു മറ്റേതെങ്കിലും തത്ത്വം സ്വീകരിക്കുമെന്നു കരുതുന്നതിൽ അർത്ഥമില്ല.കുറേക്കൂടി ഇത് വിശദീകരിക്കുന്നുണ്ട് ,തുടർന്നുള്ള ഭാഗത്ത്. "ഇപ്രകാരമുള്ള തത്ത്വചിന്തനയെക്കൊണ്ട് നമ്മുടെ ആത്മാവും പരമാത്മാവും ഒന്നാണെന്നും കല്പിതമായ പ്രപഞ്ചം മുഴുവനും പരമാർത്ഥത്തിൽ ആ പരമധാമംതന്നെയാണെന്നുമുള്ള സ്വാനുഭവസിദ്ധമായ നിശ്ചയത്തോടുകൂടി ജീവിക്കുന്നതിനു അദ്വൈതികൾ ജീവന്മുക്തി എന്നും ആ സ്ഥിതിയിൽ ശരീരതാപം സംഭവിക്കുന്നതിനു വിദേഹമുക്തി എന്നും പറയുന്നു. അതാണ് പരമപുരുഷാർത്ഥം." ഇതാണ് ആശാൻ സ്വായത്തമാക്കിയ ദർശനം. ജീവിതം ഒരു പ്രയാണമാണല്ലോ. എന്നാൽ അതിൻ്റെ ആരംഭത്തിനു മുൻപും  അവസാനത്തിനു ശേഷവും ശൂന്യമാണ്. വ്യക്തതയില്ലാത്തതുകൊണ്ട് ഒരു അസഹനീയത, പരാജയഭീതി മനുഷ്യനിൽ എപ്പോഴുമുണ്ട്. ഇതിനെ അതിജീവിക്കുമ്പോഴാണ് ആത്മീയമായ സൗഖ്യമുണ്ടാകുന്നത്.പലവിധ വിഷയങ്ങളാൽ നാം ബന്ധിതരാണ്. ഒരു കീറു വെളിച്ചത്തിനു വേണ്ടി എല്ലായിടത്തേക്ക് നോക്കുകയാണ് മനുഷ്യാത്മാവ്. വിദ്യാഭ്യാസം, കല, സൗന്ദര്യബോധം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ആരായപ്പെടാനുള്ളതാണ്.  മഹാപ്രപഞ്ചത്തിന്റെ രഹസ്യത്തിലേക്ക് കടന്നു ചെല്ലാൻ ഒരു ചെറുവാതിൽ എവിടെ ലഭിക്കും? പഠിച്ച അറിവുകൾ പോരാതെ വരുമ്പോൾ ,സ്വാഭാവികമായി ഒരിക്കലും നശിച്ചിട്ടില്ലാത്ത, പൂർണമായി ആരും കണ്ടെത്തിയിട്ടില്ലാത്ത സ്വന്തം മനസ്സിനുള്ളിലേക്ക് തന്നെ സഞ്ചരിക്കാൻ തോന്നും. എന്നാൽ മനസ്സ് സത്യമാണോ? മനസ്സിനു സ്ഥിരഭാവമില്ലല്ലോ. അപ്പോൾ മനസ്സിൻ്റെ അർത്ഥരഹിതമായ ഓളങ്ങളെ നിയന്ത്രിക്കേണ്ടിവരും. മനസ്സിന്റെ അലങ്കോലങ്ങളിൽ നിന്നു മറ്റൊരു ശുദ്ധമായ മനസ്സ് കണ്ടെടുക്കേണ്ടതുണ്ട്. അതിനാണ് ജ്ഞാനികൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

    മാലിന്യവും പാപവും തെറ്റും അബദ്ധവും മിഥ്യയും ഏതെല്ലാമാണെന്നറിഞ്ഞാൽ അതിനെയെല്ലാം ഒഴിവാക്കാൻ സർവ്വശക്തിയുമാർജിച്ച് പ്രയത്നിക്കാം.അവിടെയാണ് ആശാൻ ശൂന്യതകളെ എങ്ങനെ ചാടിക്കടക്കാമെന്നു ആലോചിക്കുന്നത് .അദ്ദേഹത്തിൻ്റെ വാക്കുകൾ:"വിഷയപിണ്ഡങ്ങളുടെ അവയവ വിവേചനദിശയിൽ അണുപര്യന്തങ്ങളായ എല്ലാ അവയവങ്ങളെയും വിട്ടു ദൃങ്മാത്രമായി വിഷയപിണ്ഡം ശേഷിക്കുന്നതു കാണാം. അതുകൊണ്ടു ദൃശ്യം മുഴുവൻ മായോപാധിരഹിതമായി ശേഷിക്കുന്ന ദൃക് അല്ലെങ്കിൽ ചിത്താണെന്നു ദർശിക്കുന്നു." ഇവിടെ സൂചിപ്പിച്ച 'ശേഷിക്കുന്ന ദൃക് ,ശ്രീനാരായണഗുരുവിൻ്റെ 'ദൈവദശക'ത്തിൽ നാം കാണുന്നുണ്ട്.

    "ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
    നിന്നിടും ദൃക്കു പോലുള്ളം
    നിന്നിലസ്പന്ദമാകണം."

    കണ്ണുകൾ എവിടെ നിശ്ചലമാകുന്നുവെന്നു കാണിച്ചുതരുന്നു. ഇനി എണ്ണാൻ  പൊരുളില്ലാതാകുന്ന അവസ്ഥയാണത്. അതിനർത്ഥം നമ്മുടെ മനസ്സിനും ഇനി മുന്നോട്ടുപോകാൻ ഇടമില്ലെന്നാണ്. അതാണ് പരംപൊരുൾ .ആശാൻ പിന്നീട് എഴുതുന്നത് 'ചിത്തു തന്നെ സ്ഫുരിക്കുന്നു. ചിത്തിനു ഭിന്നമായ യാതൊന്നും സ്ഫുരിക്കുന്നില്ല' എന്നാണ് .അതുകൊണ്ട് ചിത്തല്ലാതെ മറ്റൊന്നുമില്ല. ഈ ചിത്ത് മാലിന്യങ്ങൾ ഒഴിഞ്ഞ ചിത്താണ്. ശ്രീനാരായണഗുരുവിനെക്കുറിച്ച് കുമാരനാശാൻ എഴുതിയ കൃതികൾ ഈ ഗ്രന്ഥത്തിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി തിരുനാൾ വഞ്ചിപ്പാട്ട് ,ഗുരുപാദദശകം, ഗുരുസമാജസ്തുതി, ഗുരുദേവ ജയന്തി മംഗളാശംസകൾ, ഗുരുവന്ദനങ്ങൾ, നിജാനന്ദവിലാസത്തിൽ നിന്നും ഭക്തിവിലാസത്തിൽ നിന്നും ഷഷ്ഠിപൂർത്തി മംഗളം എന്നീ സ്തുതികൾ ചേർത്തിട്ടുണ്ട്.

    സർവസനാതനമായ ഒരുണ്മയുടെ സഹവർത്തിത്വം

    ഗുരുവിനെക്കുറിച്ച് ആശാൻ പുലർത്തിയ സങ്കല്പവും പ്രയോഗത്തിലുള്ള സാക്ഷാത്കാരവും ഒന്നു തന്നെയായിരുന്നു. ആശാൻ്റെ ഗുരുസങ്കല്പം സർവസനാതനമായ ഒരു ഉണ്മയുടെ സഹവർത്തിത്വവും നിരന്തരമായ അസ്തിത്വവുമാണ്. 'ഗുരുപാദദശക'ത്തിൽ അത് വ്യക്തമാക്കുന്നു:

    "മാതാവെപ്പോൽ മനസ്സിൽക്കരുണ, ജനകനെപ്പോലവേ ക്ഷേമചിന്താ
    ഭ്രാതാവെപ്പോലെ യേന്തുന്നിതു ഹൃദിസഹജ
    സ്നേഹവും മോഹമെന്യേ,
    വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
    പ്പോലെ പാലിച്ചിടുന്നി-
    ന്നേതല്ലോർത്താലെനിക്കെൻ ഗുരുപാദമതിനെ -
    സ്സന്തതം ഞാൻ തൊഴുന്നേൻ ."

    ഈ കാലഘട്ടം ഗുരുവിനെക്കുറിച്ച് ഉൾക്കൊണ്ടതിലപ്പുറമാണ് ആശാൻ അറിഞ്ഞത് .മാതാവിനെപ്പോലെ കരുണയുണ്ടായിരുന്ന ഗുരു ,ജനകരാജാവിനെ പോലെ ക്ഷേമകാര്യങ്ങൾ നോക്കുന്ന ഗുരു, ഭ്രാതാവിനെ പോലെ യാതൊരു വ്യക്തിഗത മോഹങ്ങളുമില്ലാതെ സ്നേഹിക്കുന്ന ഗുരു, വേദത്തെ പോലെ അറിവു നൽകുന്ന ഗുരു, രാജാവിനെ പോലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്ന ഗുരു- ഈ ഗുരുവിനെയാണ് താൻ വന്ദിക്കുന്നതെന്നു ആശാൻ പറയുന്നു .ആശാനു മുമ്പോ അതിനുശേഷമോ ഇതുപോലെ സത്യത്തിനു മുന്നിൽ ആരാധനയോടെ നിന്ന ഒരു കവിയെ കാണാനാവില്ല. ഗുരുവിലുള്ള വിശ്വാസം, ഗുരുവിനോടുള്ള ഭക്തി ആശാനെപ്പോലെ നിലനിർത്തിയ വേറൊരു കവിയില്ല.ഈ മഹത്വമാണ് ആശാനു മരണാനന്തരജീവിതത്തിൽ കാവ്യാസ്വാദകരുടെ പ്രീതിയായി തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നത്. 




    പുലയക്കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ ഈഴവസമുദായത്തിലെ ചിലർ തടസ്സം നിന്നതായുള്ള വാർത്തയോട് ആശാൻ തീക്ഷ്ണമായി പ്രതികരിക്കുന്നത് 'വിവേകോദയം' മാസിക(1080 മിഥുനം) യിലെഴുതിയ മുഖപ്രസംഗത്തിലാണ്: "പത്തു പ്രസവിച്ച ഒരമ്മയ്ക്ക് തൻ്റെ ഇളയ സഹോദരിയുടെ പ്രസവവേദനയിൽ അനുകമ്പയല്ല കൗതുകമാണ്. ഉയർന്ന ജാതിക്കാർ നിങ്ങളുടെ മുതുകിൽ ചവിട്ടിച്ചതച്ച വ്രണം ഇനിയും ഉണങ്ങാൻ കാലമായില്ലല്ലോ. അതിനിടയിൽ നിങ്ങൾ അതെല്ലാം മറന്നു അവരെ സഹായിക്കുകയും നിങ്ങളേക്കാൾ കഷ്ടപ്പെടുന്ന ഈ സാധുക്കളെ വീണ്ടും ദ്വേഷിക്കുകയും ചെയ്വാനാണ് ഒരുങ്ങുന്നതെങ്കിൽ നിങ്ങൾക്ക് തിരിച്ചറിവുണ്ടോ, ഈശ്വരഭയമുണ്ടോ? വിശേഷിച്ചും ബ്രഹ്മശ്രീ നാരായണഗുരു സ്വാമി തൃപ്പാദങ്ങൾക്കു പുലയരോടും  ഉയർന്നതോ താണതോ ആയ സർവ്വവർഗ്ഗക്കാരോടുമുള്ള തുല്യമായ മമതയെയും അനുകമ്പയെയും പറ്റി നിങ്ങൾ അറിയുന്നില്ലേ ?വിശേഷിച്ചു നിങ്ങളുടെ യോഗക്ഷേമത്തിനായി രാപ്പകൽ അധ്വാനിക്കുന്ന സമുദായസ്നേഹികളായ യോഗം പ്രവർത്തകന്മാർ എല്ലാവരുടെയും ഞങ്ങളുടെയും ഉദ്ദേശം പാടുള്ളപ്പോളെല്ലാം നമ്മേക്കാൾ സാധുക്കളായവർക്ക് കഴിയുന്ന സഹായം ചെയ്യുകയാണെന്നുള്ള പരമാർത്ഥവും നിങ്ങൾ അറിഞ്ഞിട്ടുള്ളതല്ലേ? പ്രിയ സഹോദരരേ നിങ്ങളിൽ താഴ്ന്നവരെ നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഉയർന്നവരുടെ സഹായത്തിനു നിങ്ങൾ ഒരിക്കലും അർഹരാകുന്നതല്ല." കുമാരനാശാൻ സകലവിഭാഗങ്ങളോടും അനുകമ്പയുള്ള കവിയായിരുന്നു. ആശാന് സാമൂഹിക വീക്ഷണത്തിന്റെ ഭാഗമായി മാത്രമേ വസ്തുതകൾ നിരത്താൻ കഴിയൂ. ആശാൻ സമൂഹത്തിലെ അധ:സ്ഥിതർക്ക് നീതി ലഭിക്കണമെന്നു വാദിക്കുകയാണ് ചെയ്തത് .അതിനായി എഴുതുക മാത്രമല്ല ,പ്രവർത്തിക്കുകയും ചെയ്തു. ഉന്നതമായ കലാവബോധം നേടിയ ആശാൻ ആഗോളതലത്തിൽ ഉന്നതമായ കാവ്യരചനയിൽ ഏർപ്പെടുമ്പോഴും സാധുക്കളായ മനുഷ്യരോടു കാരുണ്യം കാണിച്ചു.

    ഈ പുസ്തകത്തെ ആകർഷകമാക്കുന്ന രണ്ടു ഖണ്ഡങ്ങൾ  സച്ചിദാനന്ദ സ്വാമിയുടെ  ആഭിമുഖ്യങ്ങളാണ്. ഒന്ന്, ഗുരുവിനു നേർക്കുള്ള ചിന്താപരവും ആത്മീയവുമായ അനുധാവനമാണ്. രണ്ട് ,കുമാരനാശാനെക്കുറിച്ചുള്ള ചിന്തകളാണ്. സച്ചിദാനന്ദ സ്വാമിയുടെ ഗുരുദർശനം ഈ വാക്കുകളിൽ പ്രകടമാണ്: "ഗുരുവിനു എല്ലാം ആത്മഭാവമാണ്. അതിനാൽ എല്ലാവർക്കുമായി പുരോഗതിക്ക് വേണ്ടി ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയർപ്പിച്ചു ഗുരുദേവൻ ലോകസേവ ചെയ്യുന്നു .ഗുരുവിനു വേണമെങ്കിൽ ഒരു സവർണ്ണ ഗുരുവായി ജീവിക്കാമായിരുന്നു. സാമൂഹിക സേവനങ്ങൾക്കിറങ്ങാതെ അരുവിപ്പുറം പ്രതിഷ്ഠയോ, എസ്എൻഡിപി യോഗ സ്ഥാപനമോ കൂടാതെ ആത്മീയഗുരുവായി മാത്രം ജീവിക്കാമായിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന അടിച്ചമർത്തപ്പെട്ട ഈഴവ, പറയ ,പുലയ അധ:സ്ഥിതരായ ജനകോടികളെ സമുദ്ധരിക്കുവാൻ ഗുരുദേവൻ കാരുണ്യം കാട്ടി. അത് യേശുക്രിസ്തുവിന്റെ കുരിശാരോഹണം പോലെയുള്ള ബലിയർപ്പണമായിരുന്നു." ഗുരുവിന്റെ കൃതികളിലെ പ്രബോധനാത്മക സൂക്തങ്ങളും ആ കർമ്മമണ്ഡലത്തിലെ അമൂല്യമായ നിമിഷങ്ങളും നല്ലപോലെ വ്യാഖ്യാനിക്കുന്നതിൽ സച്ചിദാനന്ദ സ്വാമി മുൻനിരയിലാണ്.സ്വാമി എപ്പോഴും ചിന്തിക്കുന്നു, എഴുതുന്നു. സ്വാമി ഇന്നു തിരക്കുള്ള ജീവിതമാണ് നയിക്കുന്നത്. വ്യക്തിഗതമായ യാതൊരു ലക്ഷ്യവും ഇല്ലാതെതന്നെ സ്വാമി ഗുരുവിനെക്കുറിച്ചും ഗുരുശിഷ്യന്മാരെക്കുറിച്ചും പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു; പ്രഭാഷണങ്ങൾ ചെയ്യുന്നു.പതിറ്റാണ്ടുകളായി ഈ പ്രവൃത്തികളിൽ ഏർപ്പെടുന്നതുമൂലം സ്വാമിക്ക് ശാരീരിക പ്രയാസങ്ങളുണ്ട്.എങ്കിലും കഠിനമായ ദിനചര്യകൊണ്ടും പ്രാർത്ഥനകൊണ്ടും സദുദ്ദേശപരമായ പ്രവർത്തനങ്ങൾകൊണ്ടും സ്വാമി അവയെയെല്ലാം അതിജീവിച്ച് നമുക്കിടയിൽ സഞ്ചരിക്കുന്നു. അത് വളരെ സന്തോഷമുള്ള കാര്യമാണ്.

    ആശാൻ ബുദ്ധമതക്കാരനെന്ന പ്രചാരണം അവസാനിപ്പിക്കണം

    ഈ പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് അവ്യയാനന്ദ സ്വാമി എഴുതിയ ലേഖനത്തിൽ (ആശാൻ കണ്ട ഗുരുദേവൻ സച്ചിദാനന്ദത്തിൽ , ശിവഗിരി മാസിക,നവംബർ,2024) സച്ചിദാനന്ദസ്വാമിയുടെ അന്വേഷണത്വരയെ പ്രശംസിച്ചുകൊണ്ട്, ഗുരുശിഷ്യബന്ധത്തിൻ്റെ അത്യപൂർവമായ വായനാനുഭവമാണ് ഇത് പകരുന്നതെന്നു പ്രസ്താവിക്കുന്നുണ്ട്. ആശാനെക്കുറിച്ച് സച്ചിദാനന്ദ സ്വാമി എഴുതുന്നത് വലിയ ആദരവോടെയാണ്. നൂറ്റാണ്ടിനെ കീഴടക്കിയ കവിയാണ് ആശാൻ. കടലിനൊപ്പം മത്സ്യങ്ങൾ എന്ന പോലെയാണ് സാഹിത്യത്തിൽ ആശാൻ്റെ സ്ഥാനം. ആശാൻ  കവിതകൾക്ക് ചുറ്റും ഭ്രമണം ചെയ്യുകയാണ് മലയാളം കാവ്യലോകം. ആശാൻ്റെ ഓരോ രചനയും  പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ അധ്യാപകരും വിമർശകരും വിദ്യാർത്ഥികളും ഗവേഷകരും ഇന്നു മുഴുകിക്കഴിയുകയാണ്.ഗുരുദർശനത്തിൽ ഉറച്ചു നിന്ന് അതിൽ നിന്നു ജലം സ്വീകരിച്ച് ആശാനെഴുതിയ കൃതികളിൽ ഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണുള്ളതെന്ന ചിന്തയാണ് സച്ചിദാനന്ദ സ്വാമിയുടെ ഈ പുസ്തകത്തിൽ പ്രസക്തി. സ്വാമി എഴുതുന്നു: "ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഗുരുദേവന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ'ന്ന വിശ്വദർശനത്തിൻ്റെ വിജയവൈജയന്തി പാറിക്കളിക്കുന്ന രണ്ടു രചനകളാണ്.കുമാരനാശാൻ എന്ന ദാർശനിക മഹാകവിയെ ജനകീയവിപ്ളവ മഹാകവിയാക്കുന്നതാണ് ഈ രണ്ടു രചനകളും. 'ചണ്ഡാലഭിക്ഷുകി ' യിലൂടെ 'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി' എന്നത് ഗുരുവിൻ്റെ ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന ദർശനത്തെ സാന്ദർഭികമായി അവതരിപ്പിക്കുന്നു."

    ആശാനെ വായിക്കുന്നവർ ഇനി ഗുരുദർശനവുമായുള്ള ബന്ധമാവും പരിശോധിക്കേണ്ടി വരുക .ആശാൻ ബുദ്ധമതക്കാരനാണെന്നുള്ള വ്യാജ പ്രസ്താവങ്ങൾ അവസാനിപ്പിക്കണം.  കേവലം ഒരു വിഷാദകവിയല്ല ആശാനെന്നറിയുക. ആശാൻ പ്രാപഞ്ചികജ്ഞാനത്തിലേക്കാണ് കവിതയെ കൊണ്ടുവരുന്നത്. അജ്ഞേയമായ പൊരുളിനു നേർക്കുള്ള മനുഷ്യാത്മാവിൻ്റെ  നിസ്സഹായമായ നോട്ടവും ആരോഹണവുമാണ് അതിൽ നിറയുന്നത്. സച്ചിദാനന്ദ സ്വാമി അത് വേറൊരു ഭാഷയിൽ പറഞ്ഞിരിക്കുന്നു. ഒരു മഹർഷിയുടെയും കവിയുടെയും ഒരേ ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തെ രണ്ടു ധാരകളിലൂടെ പിന്തുടർന്നു ചെന്നു സ്വാമി കണ്ടെത്തുകയാണ്.

    * കുമാരനാശാൻ കണ്ട ഗുരുദേവൻ

    ഗുരുപ്രണാമം ബുക്സ്
    ഗായത്രി ആശ്രമം ,ചാലക്കുടി
    ഫോൺ :9447409973
    8848274729
    പേജ് 276
    വില 250