Followers

Thursday, January 9, 2025

എന്താണ് സാഹിത്യം,കല - 5 /എം.കെ.ഹരികുമാർ

 


എം.കെ.ഹരികുമാർ




ടോൾസ്റ്റോയിയൻ സിദ്ധാന്തം: സഹനവും സംക്രമണവും 


ടോൾസ്റ്റോയ് എക്കാലത്തെയും മഹാനായ റഷ്യൻ കഥാകൃത്തും നോവലിസ്റ്റുമാണല്ലോ. അതുപോലെ തന്നെ വലിയൊരു കലാചിന്തകനുമായിരുന്നു.കലയുടെ കാര്യത്തിൽ മാത്രമല്ല ,തത്ത്വചിന്തകനെന്ന നിലയിലും അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നുണ്ട് .അദ്ദേഹം  ചിന്തയുടെ കാമ്പ് അന്വേഷിക്കുന്ന സ്വഭാവക്കാരനായിരുന്നു.  അദ്ദേഹത്തിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങൾ വളരെ പ്രസിദ്ധമാണ്; ചർച്ച ചെയ്യപ്പെട്ടതുമാണ്. അദ്ദേഹം അമൂർത്തകലയിലോ ആധുനികകലയിലോ രൂപപരീക്ഷണങ്ങളിലോ  വിശ്വസിച്ചിരുന്നില്ല. What is Art എന്ന പുസ്തകത്തിൽ ആധുനികതയുടെയും അമൂർത്തതയുടെയും അനുഭവ ദാതാക്കളായി അറിയപ്പെട്ടിരുന്ന ബോദ്ലേർ, മല്ലാർമേ തുടങ്ങിയ കവികളെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ബോദ്ലേർ നൂറ്റാണ്ടുകളായി മഹാകവിയായി തുടരുകയാണ്. അദ്ദേഹം ജീവിതത്തിൻ്റെ ഇരുണ്ട പാർശ്വങ്ങളിലേക്ക് ആകൃഷ്ടനായി, തീരെ അപരിചിതമായ വശങ്ങളെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. പ്രകൃതിയിലെ യഥാർത്ഥ വൃക്ഷങ്ങളേക്കാൾ ബോദ്ലേറിനു കൃത്രിമമാതൃകകൾ മതിയെന്നു വരെ ടോൾസ്റ്റോയിയുടെ വിമർശനം കടന്നു ചെല്ലുന്നു. കവിത ഉന്നതമായ ഒരു സമൂഹത്തിനു വേണ്ടിയാണെന്ന ചിലരുടെ വാദത്തെ ടോൾസ്റ്റോയ് നിരാകരിക്കുന്നു. കലയിൽ ഉന്നതരെന്നും സാധാരണക്കാരെന്നും പറയുന്നത് വൈകാരികസംവേദനത്തിന്റെ കാര്യത്തിലാണ്. മനസ്സിൽ അനുഭൂതിയുളവാക്കാത്തവരോട് കലയെക്കുറിച്ച് പറയാനാവില്ല .കലയിൽ അതുല്യമായ ഒരു വികാരമുണ്ട്. ഈ വികാരത്തെ ആഴത്തിൽ അറിയണം. അത് അതേ അളവിൽ അനുവാചകനു കൊടുക്കുന്നതാണ് കലാവിരുത്. അതിൽ വിജയിക്കുന്നതാണ് സർഗാത്മകതയുടെ ഉരകല്ല്.  അനുവാചകൻ അതേ അളവിൽ അതറിയുന്നത് സവിശേഷമായ ഒരു നിമിഷമാണ്. ഉന്നതമായ ടോൾസ്റ്റോയി യൻ പാരമ്പര്യമാണത് .

ടോൾസ്റ്റോയ് എഴുതുന്നു: "കല, ചില ദാർശനികമാർ പറയുന്നതുപോലെ, സൗന്ദര്യത്തിന്റെയോ ദൈവത്തിന്റെയോ നിഗൂഢമായ ഒരാശയത്തിന്റെ പ്രകാശനമല്ല .ചില സൗന്ദര്യശാസ്ത്രവാദികളായ ശരീരശാസ്ത്രകാരന്മാർ പറയുന്നതുപോലെ മനുഷ്യൻ അവൻ്റെ അധികമായുള്ള ഊർജ്ജം ചെലവഴിക്കുന്ന കളിയുമല്ല. ബാഹ്യമായ അടയാളങ്ങളിലൂടെയുള്ള മനുഷ്യവികാരങ്ങളുടെ പ്രകടനവുമല്ല. സന്തോഷിപ്പിക്കുന്ന വസ്തുക്കളുടെ ഉത്പാദനവുമല്ല. എല്ലാത്തിലുമുപരി ഇത് സന്തോഷമല്ല .ഇത് മനുഷ്യർക്കിടയിലെ രമ്യതയുടെ ഒരു മാർഗ്ഗമാണ്. അവരെ ഒരേ  വികാരത്തിൽ കൂട്ടിച്ചേർക്കുകയാണ്. വ്യക്തികളുടെയും മാനവസമൂഹത്തിന്റെയും ഉന്നമനത്തിനു ഇത് അനിവാര്യമാണ്. " ഇതാണ് ടോൾസ്റ്റോയിയുടെ കലാസിദ്ധാന്തത്തിന്റെ അടിവേര്. അദ്ദേഹം കലയെ സൗന്ദര്യമോ, ദൈവമോ, സന്തോഷമോ എന്നിങ്ങനെ കാണുന്നില്ല. ഇതൊക്കെ കൃത്യമായി അർത്ഥം പറയാവുന്ന വാക്കുകളല്ലല്ലോ.എല്ലാ വാക്കുകളിലും കബളിപ്പിക്കലുണ്ട്. വാക്കുകൾക്ക് അർത്ഥമോ അനുഭവമോ ഇല്ല; സങ്കല്പങ്ങളാണുള്ളത്. മനുഷ്യർ സംസാരിക്കുന്നത് സങ്കല്പങ്ങളിലൂടെയാണ്. സങ്കല്പങ്ങളെ  നിർവചിക്കുന്നതിലാണ് മനുഷ്യരുടെ ശ്രദ്ധ.അതുകൊണ്ടുതന്നെ സംസാരത്തിനു ശേഷം സങ്കൽപ്പങ്ങൾ തകർന്നു പോകുകയും ചെയ്യുന്നു.

ഒരു ആന്തരവികാരം 

സൗന്ദര്യാത്മകമായ ഒരു വീക്ഷണം പകരാനല്ല ഒരാൾ വരയ്ക്കുന്നത്, എഴുതുന്നത് എന്നാണ് ടോൾസ്റ്റോയിയുടെ നിലപാട്. മനുഷ്യനിൽ അമിതമായ ഊർജ്ജമുള്ളതുകൊണ്ട് ഒരു കർമ്മത്തിൽ ഏർപ്പെടുകയുമല്ല.  അദമ്യമായ ആവശ്യം എന്ന ആശയത്തോടു ടോൾസ്റ്റോയി  യോജിക്കുന്നില്ല. മറ്റെന്തെങ്കിലും ബാഹ്യമായ ആവശ്യങ്ങൾക്കു വേണ്ടി നിർമ്മിക്കുന്നതല്ല കല. ഒരു കൈത്തൊഴിലോ യാന്ത്രികമായ രൂപനിർമാണമോ അല്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി വരയ്ക്കുകയും എഴുതുകയും  ചെയ്യുന്നവരുണ്ട് .ഇപ്പോൾ അത്തരക്കാരാണല്ലോ കൂടുതൽ. വിനോദത്തിന്റെ കച്ചവടക്കാരാണവർ. പണത്തിനു വേണ്ടി കലയെ ഈ രീതിയിൽ സമീപിക്കുന്നവരുണ്ട്. വിനോദത്തിനുവേണ്ടിയുള്ള കലയിൽ ഒരധ:പതനമുണ്ട്. എന്നാൽ ടോൾസ്റ്റോയി ഊന്നി പറയുന്ന ഒരു കാര്യം നാം എന്തെങ്കിലും ഗൗരവത്തിൽ വരയ്ക്കുകയോ എഴുതുകയോ ചെയ്യുകയാണെങ്കിൽ അത് നമുക്ക് വേണ്ടി മാത്രമല്ല, ആശയ,വികാര വിനിമയത്തിനു വേണ്ടിയാണ്. തന്നെപ്പോലെയുള്ളവരോടല്ല , എല്ലാവരോടും വിനിമയം ചെയ്യാവുന്ന ചില വസ്തുതകൾ, ചിന്തകൾ വികാരങ്ങൾ തന്നിലുണ്ട്. അത് സത്യസന്ധമായി പകർത്തുകയാണ് ലക്ഷ്യം. ഒരേ വികാരത്തിന്റെ കൂട്ടിയിണക്കലാണ് കലയിൽ സംഭവിക്കുന്നത് .അത് സാധാരണവും ഉപരിപ്ളവവുമായ വികാരമല്ല. 

ടോൾസ്റ്റോയ് 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിൽ സാമൂഹ്യജീവിതത്തിന്റെ അടിയിലുള്ള നിർദ്ദയമായ സ്വാർത്ഥതയുടെയും വഞ്ചനയുടെയും ചിത്രങ്ങളാണ് തരുന്നത്. ഒരാൾ മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ കൂടെയുള്ളവരുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്നു അദ്ദേഹം പരിശോധിക്കുന്നു. മനുഷ്യൻ സ്നേഹത്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്നു ഒരു കഥയിൽ പറഞ്ഞ അദ്ദേഹം ഈ കഥയിൽ ആ സ്നേഹം കപടമാണെന്നു തിരിച്ചറിയുന്നു. ഇവാൻ ഇല്ലിച്ച്  മരിക്കാൻ പോവുകയാണ്. അതുകൊണ്ട് അയാൾ അനുഭവിച്ച പദവിയും സമ്പത്തും തങ്ങളിലേക്ക് വന്നുചേരുന്നതിനെക്കുറിച്ചാണ് പലരും ആലോചിക്കുന്നത്. മനുഷ്യൻ സ്നേഹത്തിൽ ജീവിക്കുന്നു ;എന്നാൽ അവൻ സ്വാർത്ഥതയിലാണ് അതിജീവിക്കുന്നത് എന്ന ആശയമാണ് ഈ കഥ നല്കുന്നത്. 

ഈ വികാരം ടോൾസ്റ്റോയിയുടെ  മനസ്സിനുള്ളിൽ വിരിഞ്ഞ സത്യസന്ധതയുടെ ഒരു പൂവാണ്. അതിന്റെ പരിമളം അല്പം പോലും ചോർന്നു പോകാതെ അനുവാചകനു  കിട്ടുന്നു. ഇതാണ് ടോൾസ്റ്റോയിയുടെ സാഹിത്യദർശനത്തിൻ്റെ കാതൽ.ടോൾസ്റ്റോയ് ഇതാണു ലക്ഷ്യം വയ്ക്കുന്നത് .അദ്ദേഹം സൗന്ദര്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും സൗന്ദര്യം എന്നത് അദ്ദേഹത്തിനു ഈ സുതാര്യമായ, കൃത്യമായ, സത്യമായ വികാരസംവേദനമാണ്. എഴുത്തുകാരൻ അനുഭവിച്ച വികാരം അതേയളവിൽ വായനക്കാരനു കിട്ടണമെന്ന തത്ത്വമാണ് അദ്ദേഹത്തിനുള്ളത്. സൗന്ദര്യം എന്ന ആശയത്തിന്റെ  മൂർത്തമായ ഒരു പരിഭാഷയായി ഇതിനെ കാണാം.

സ്കൂളുകൾ പരാജയപ്പെടുന്നു

മനുഷ്യർക്ക് എല്ലാവർക്കും പങ്കുപറ്റാവുന്ന വികാരങ്ങളുണ്ട്; വികാരവിനിമയങ്ങളുണ്ട്. എല്ലാവരും എത്തിച്ചേരുന്ന ഒരു ബിന്ദുവുണ്ട്. എന്നാൽ അത് മനസ്സിനുള്ളിലെ ആഴമുള്ള സത്യമായിരിക്കണം.ഒരിക്കൽ നാം അനുഭവിച്ച വികാരത്തെ മറ്റൊരവസരത്തിൽ നാം സമീപിക്കുന്നതാണ് എഴുത്തിൽ സംഭവിക്കുന്നത്. എഴുതാനുള്ള വിഷയം ജീവിതത്തിൻ്റെ നേര് എന്ന നിലയിൽ മനസ്സിലേക്ക് വന്നത് വളരെ മുമ്പായിരിക്കും. എന്നാൽ എഴുതാൻ തുടങ്ങുമ്പോൾ അത് എഴുത്തുകാരനു അറിയാനുള്ള ഒരാശയമായി മാറി കഴിഞ്ഞിട്ടുണ്ടാവും. അതിനടിയിൽ താൻ പരിപാവനമായി കാണുന്ന ഒരു സത്യത്തോടായിരിക്കും അടുപ്പം.അത് അതേ തീവ്രതയോടെ എഴുതുകയാണ് വെല്ലുവിളി. ആത്മാവിൽ സത്യസന്ധമായിരിക്കുകയാണ് പ്രധാനം. ഈ സത്യത്തെ സുതാര്യമായി ആവിഷ്കരിക്കുന്നതിലാണ് കല. അനുവാചകന്റെയുള്ളിലേക്ക് ആ തീവ്രത സന്നിവേശിപ്പിക്കപ്പെടുന്നു. അപ്പോൾ ആവിഷ്കാരത്തിന്റെ, ജ്ഞാനത്തിന്റെ പാരമ്പര്യമുള്ളവരായി മാറുന്നു അനുവാചകർ.

ഒരു കലാസൃഷ്ടിയുടെ രൂപത്തിലല്ല പ്രാധാന്യമെന്നാണ് ടോൾസ്റ്റോയി പറയുന്നത് .കലാകാരൻ അത് സൃഷ്ടിക്കാൻ ചെലവഴിക്കുന്ന ഒരു പ്രയത്നമുണ്ട് -labour of his soul - ഇതാണ് മൂല്യം. ഇത് സഹനമാണ്. സത്യാഭിമുഖ്യത്തിൻ്റെ സഹനം . കലയിൽ ഈ മൂല്യം കണ്ടുപിടിക്കാൻ ഒരു സ്കൂളിനും കഴിയില്ല .സ്കൂളിൽ കലയും അതിൻ്റെ പിന്നിലെ യഥാർത്ഥപ്രവർത്തനവുമല്ല  പഠിപ്പിക്കുന്നത് ;എന്താണ് നാം കാണുന്നത് എന്നു മാത്രമാണ് .ഒരു വ്യക്തിയിൽ കലാപരമായ സത്യത്തിന്റെ വികാരം ജനിപ്പിക്കാൻ ഒരു സ്കൂളിനും കഴിയില്ലെന്നു ടോൾസ്റ്റോയി അഭിപ്രായപ്പെടുന്നുണ്ട്. ഒരാൾ കഥയെഴുതുന്ന ശൈലി അയാൾ തിരഞ്ഞെടുക്കുന്നതാണ്. ചെക്കോവ് ,മാക്സിം ഗോർക്കി തുടങ്ങിയ കഥാകാരന്മാരുടെ ശൈലി അവർ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ചിന്തകളിൽ നിന്നുണ്ടാകുന്നതാണ് .അത് ഒട്ടും യാന്ത്രികമല്ല .ആ ശൈലിയിൽ വ്യക്തി അലിഞ്ഞുചേർന്നിരിക്കുന്നു. അത് മറ്റൊരാൾക്ക് സൃഷ്ടിക്കാനാവില്ല. സ്കൂളുകളിൽ പഠിപ്പിക്കുന്നത് കലാകാരന്മാർ ആവിഷ്കരിച്ച വികാരങ്ങളെ അവർ എങ്ങനെ വിനിമയം ചെയ്തു എന്നാണ്. ഇതാണ്  കലാപഠനത്തിന്റെ ഉള്ളടക്കം. അവർക്ക് ഇതിനപ്പുറം ഒന്നും സാധ്യമല്ല. സ്കൂളുകളിൽ കലാകാരനു ഒരിടമില്ല .ഇത് ശരിയായ കലയുടെ അന്തർമണ്ഡലവും അതിൻ്റെ പിന്നിലെ ക്ലേശവും മനസ്സിലാക്കാൻ സഹായകമല്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

കല എങ്ങനെ അനുകരിക്കാൻ പര്യാപ്തമാണെന്നാണ് മിക്ക അദ്ധ്യാപകരും പഠിപ്പിക്കുന്നത്. കാരണം, അവർ കലയിലെ വികാരങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചാണ് പറയുന്നത് .ടോൾസ്റ്റോയ് കലാഭ്യാസനത്തെക്കുറിച്ച് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഇവയാണ് :അത് കലയുടെ അനുകരണങ്ങളിലേക്ക് ആകർഷിക്കുന്നു .കലാപരിശീലനരംഗത്ത് പ്രവർത്തിക്കുന്നവരെപോലെ അരസികന്മാർ വേറെയില്ല. സ്കൂളുകളിൽ വ്യാജകലയാണ് സൃഷ്ടിക്കുന്നത്. മതപാഠങ്ങൾ പഠിപ്പിക്കുന്ന ഇടങ്ങളിലെ വ്യാജമായ പെരുമാറ്റം പോലെയാണിത്.കല പഠിക്കാൻ പോകുന്നവർ ഏഴോ എട്ടോ വർഷം ചെലവഴിച്ചു കഴിയുമ്പോൾ അവർ യഥാർത്ഥ കല സൃഷ്ടിക്കാൻ കഴിവില്ലാത്തവരായി മാറുന്നു .കലയുടെ വ്യാജരൂപങ്ങളെ അമിതമായി പ്രോത്സാഹിപ്പിക്കുന്നു.

രുപം മാത്രം പോരാ 

കല വികാരങ്ങളുടെ സംക്രമണമാണെന്നു പറഞ്ഞതുകൊണ്ട് നമുക്ക് ചുറ്റും സർവ്വത്ര കലാനുഭവത്തിന്റെ ഔന്നിത്യമാണുള്ളതെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ടോൾസ്റ്റോയ് ഇതു വിശദീകരിക്കുന്നുണ്ട്. "നമ്മൾ  കലയെക്കുറിച്ച് പൊതുവേ മനസ്സിലാക്കുന്നത് ,നമുക്ക് ചുറ്റിനുമുള്ള നാടകങ്ങളും സംഗീതമേളകളും കലാപ്രവർത്തനങ്ങളും പ്രതിമകളും ശില്പങ്ങളും കവിതകളും നോവലുകളും മുഖേനയാണ് .ഇതെല്ലാം നാം വിനിമയം ചെയ്യുന്ന കലയുടെ ഏറ്റവും ചെറിയ ഒരു ഭാഗമാണ്. മനുഷ്യജീവിതത്തിൽ പല തലങ്ങളിൽ കലയുടെ ഇടപെടലുണ്ട് .തൊട്ടിലാട്ടുന്ന ഗാനം മുതൽ കെട്ടിടങ്ങളും മഹാഘോഷയാത്രകളും വരെ ആ അനുഭവങ്ങൾ നീണ്ടുകിടക്കുന്നു. ഇതെല്ലാം കലാപ്രവർത്തനമാണ്.  അതുകൊണ്ട് കല എന്ന വാക്കിൻ്റെ പരിമിതമായ അർത്ഥത്തിൽ എല്ലാ മാനുഷികപ്രവർത്തനങ്ങളും വികാരങ്ങൾ സംക്രമണം ചെയ്യുകയാണെന്നു അർത്ഥമാക്കേണ്ട. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നമ്മെ ആകർഷിക്കുന്ന  ചിലതുണ്ട്. അത് നാം തിരഞ്ഞെടുക്കുകയാണ്. അതിനോട് നാം കൂടുതൽ ബന്ധിക്കപ്പെടുന്നു."

ടോൾസ്റ്റോയ് സുചിന്തിതമായ വീക്ഷണം അവതരിപ്പിക്കുന്നതോടൊപ്പം പല വിഗ്രഹങ്ങളെയും തച്ചുടക്കുകയും ചെയ്തു .ഷേക്സ്പിയർ ,ദാന്തെ തുടങ്ങിയ പ്രതിഭകളെ അദ്ദേഹം അംഗീകരിച്ചിട്ടില്ല. ഷേക്സ്പിയർ മോശം നാടകകൃത്താണെന്നു പറയുന്നുണ്ട് .എന്താണോ ഒരു കലാസൃഷ്ടിയിൽ താൻ കാണുന്നത് അത് എങ്ങനെ സ്വയം അവതരിപ്പിക്കാമെന്നു ആലോചിച്ച  എഴുത്തുകാരനാണ് ടോൾസ്റ്റോയ് . അദ്ദേഹത്തിൻ്റെ കലാവീക്ഷണം ഒരു സൗന്ദര്യശാസ്ത്രചർച്ചയായി ഒതുങ്ങുന്നില്ല. അത് കൃതികളിൽ വിന്യസിച്ചിരിക്കുന്നു. എന്താണ്  ചിന്തിക്കുന്നതെന്നത് പ്രായോഗികമായി അവതരിപ്പിച്ച ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് ടോൾസ്റ്റോയ് .ജോർജ് ഓർവെൽ ഒരു ലേഖനത്തിൽ ടോൾസ്റ്റോയിയുടെ കലാസങ്കല്പം വ്യർത്ഥമാണെന്നു പറഞ്ഞതിനോടു വിയോജിക്കുകയാണ്. ടോൾസ്റ്റോയ് സൂചിപ്പിച്ച ആത്മാർത്ഥത ,സദാചാരം തുടങ്ങിയ വാക്കുകളുടെ പരിമിതിയാണ് ഓർവെൽ ചൂണ്ടിക്കാട്ടുന്നത് .എന്നാൽ ഈ വാക്കുകളിലൂടെയാണ് ടോൾസ്റ്റോയിയുടെ കലാവീക്ഷണം  സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ വാക്കുകൾ കലാകാരൻ സ്വയം പാലിക്കേണ്ട അച്ചടക്കവും തീക്ഷ്ണമായ സത്യസന്ധതയും പ്രകടമാക്കാൻ ഉപയോഗിക്കുന്നതാണ്.

വെളിപാടിൻ്റെ കല

കലാകാരൻ്റെ ആന്തരികമായ അധ്വാനത്തെ അദ്ദേഹം ഉയർത്തിക്കാണിക്കുന്നത് അഗാധമായ അറിവുകളോടു ദൃഢമായ ഐക്യം നിലനിർത്തുന്നതിനു വേണ്ടിയാണ്. ഒരു ശില്പമുണ്ടാക്കിയതുകൊണ്ട് ഒരു സാഹിത്യരചനയും  വിജയിക്കുന്നില്ലെന്ന ടോൾസ്റ്റോയിയുടെ നിലപാട് ശരിയാണെന്നു പിൽക്കാലത്ത് ഉത്തരാധുനിക നോവലുകളുടെ കാര്യത്തിൽ തെളിഞ്ഞു.ഉത്തരാധുനിക നോവലുകൾ intertextuality തുടങ്ങിയ മാർഗങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടെങ്കിലും അതിൻ്റെയുള്ളിൽ കലാസ്വാദനത്തിനുള്ള സാമഗ്രികളില്ലായിരുന്നു. ഒരു കനമുള്ള അനുഭവം അനുവാചകനിലേക്ക് കടത്തിവിടുന്നതിൽ പലരും പരാജയപ്പെട്ടു.രൂപം അല്ലെങ്കിൽ ശില്പം മാത്രം ഒരു എടുപ്പുപോലെ പ്രകടമായി കാണാം. അതിനുള്ളിൽ ചിന്തിക്കാനോ വികാരം കൊള്ളാനോ യാതൊന്നുമില്ലെന്നു പല കൃതികളുടെയും പശ്ചാത്തലത്തിൽ പറയാനാവും. അവിടെയാണ് ടോൾസ്റ്റോയ് സ്വാനുഭവത്തിൽ അടിയുറച്ചു നിന്നു ഒരു സാർവലൗകിക കലാസിദ്ധാന്തം മുന്നോട്ടു കൊണ്ടുവരുന്നത് .ടോൾസ്റ്റോയിയുടെ കലാസിദ്ധാന്തം എന്ന പേരിൽ അദ്ദേഹം എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു കലാസിദ്ധാന്തമായിട്ടല്ല, വീക്ഷണമായിട്ടാണ് അദ്ദേഹം ഇതു പറയുന്നത് .എന്നാൽ ആ ചിന്തകൾ അപഗ്രഥിക്കുമ്പോൾ നമുക്ക് ഒരു സിദ്ധാന്തം രൂപീകരിക്കാൻ കഴിയും. ഇവിടെ പരിചയപ്പെടുത്തുന്ന സംക്രമണ സിദ്ധാന്തം ഒരു പുസ്തകത്തിലും കാണുകയില്ല. അതേസമയം ടോൾസ്റ്റോയിയെ വായിക്കുന്ന ഒരാളെന്ന നിലയിൽ എൻ്റെ മനസ്സിൽ ഉയർന്നു വന്ന സിദ്ധാന്തമാണിവിടെ എഴുതുന്നത്. അതിനു അടിസ്ഥാനമായിട്ടുള്ളത് ടോൾസ്റ്റോയിയുടെ വാക്കുകളാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
''A true work of art is the revelation of a new conception of life arising in the artist's soul which,when expressed ,lights up the path along with humanity progresses."

കലാകാരൻ്റെ മനസ്സിൽ പ്രത്യക്ഷപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള ഒരു വെളിപാടാണ് കലാസൃഷ്ടിയെ അർത്ഥപൂർണ്ണമാക്കുന്നതെന്നു അദ്ദേഹം എഴുതുകയാണ് .അത്  വെളിപാടാണ്. എത്രയോ വലിയ ആശയമാണത്. സാമാന്യജനത്തിനോട് വൈകാരികമായ സംക്രമണം  സാധ്യമാക്കണമെന്നു പറയുമ്പോഴും അതൊരു വെളിപാടയിരിക്കണമെന്നു നിഷ്കർഷിക്കുന്നു. വികാരം വെളിപാടിന്റെ തലത്തിലേക്ക് ഉയരുകയാണ് .അത് ജ്ഞാനമാണ്. അതുകൊണ്ട് കലയിലെ വികാരം ആധിയായി മാറുന്നു. അത് കേവലം വ്യക്തിയിൽ ഒതുങ്ങുന്നതല്ല. അത് വ്യക്തിനിഷ്ഠവുമല്ല. എല്ലാ മനുഷ്യരെയും ബാധിക്കുന്നതാണ്. എഴുത്തുകാരൻ്റെയുള്ളിലെ വെളിപാട് പ്രാപഞ്ചികമായ അർത്ഥം കൈവരിക്കുന്നു. ഈ വെളിപാട് മാനവരാശിക്കു പ്രകാശമാനമായ ഒരു പാത കാണിച്ചു കൊടുക്കുകയാണെന്നു എഴുതുന്നു. അതിനർത്ഥം, മാനവരാശി അതുവരെ അറിയാത്ത ഒരു സത്യമാണത് എന്നാണ്. അതൊരു പൊളിച്ചെഴുത്തായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ ഒരു കണ്ടെത്തൽ പോലെ വിസ്മയകരമാണത്. കൈവിട്ടുപോയ ഒരു സത്യബോധത്തെ തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണിത്. ടോൾസ്റ്റോയിയുടെ ഭാഷയിൽ എഴുത്തുകാരൻ്റെ ആത്മാവിലെ അദ്ധ്വാനം.

ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ 'ഡയറി ഓഫ് എ ലുനാറ്റിക്' എന്ന കഥയിൽ ഈ വെളിപാടും സംക്രമണവും കാണാം.ഇതിലെ പ്രധാന കഥാപാത്രം ഒരു ധനികനായ ബിസിനസുകാരനാണ്. അയാൾ എസ്റ്റേറ്റു വിലയ്ക്ക് വാങ്ങി വിൽക്കുന്നവനാണ് .അവിടെ തൊഴിലാളികളെ താമസിപ്പിച്ചു പണിയെടുപ്പിക്കാറുണ്ട്. കൂലി കൊടുക്കുന്നതിൽ നിന്നു വാടക ഈടാക്കി അവരെ ചൂഷണം ചെയ്യുന്ന ശീലമാണ് അയാൾക്കുള്ളത്. എന്നാൽ ഇങ്ങനെയെല്ലാം ധനലബ്ധിയിൽ സന്തോഷിച്ചു ജീവിക്കാമായിരുന്നു എന്ന പ്രതീക്ഷയ്ക്ക് പെട്ടെന്നു  മങ്ങലേൽക്കുകയാണ്. തന്നെ ഒരു അകാരണമായ ഭയം പിടികൂടിയിരിക്കുന്നതായി അയാൾ മനസ്സിലാക്കുന്നു. അത് ഭ്രാന്താണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ സൂക്ഷ്മവിചിന്തനത്തിൽ മരണഭയമാണെന്നു ബോധ്യപ്പെടുന്നു. 

അയാൾ വേദപുസ്തകത്തിലൂടെ  വെറുതെ വായിച്ചു മുന്നേറിയപ്പോൾ ഒരാശയം മനസിൽ തടഞ്ഞു. സങ്കീർത്തനത്തിലെ അബലർക്കും ദുർബ്ബലർക്കുമായി നിലകൊള്ളുക ,ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക എന്നീ ചിന്തകൾ അയാളെ ഉണർത്തി. എല്ലാവരും ദൈവത്തിൻ്റെ മക്കളാണ്. ചൂഷണം ചെയ്യരുത് എന്ന  ആശയമായിരുന്നു അത്.ആൾക്കാരുടെയിടയിൽ തൻ്റെ ഭ്രാന്ത് ഒളിപ്പിച്ചുകൊണ്ട് നടക്കുന്നതിന്റെ പ്രയാസം അനുഭവിക്കുകയായിരുന്നു അയാൾ. ഈ ആശയം കിട്ടിയതോടെ അയാളുടെ മനോനില പെട്ടെന്നു മെച്ചപ്പെട്ടു .ഭയം സാവധാനം ഒഴിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു .ഭ്രാന്തിൽ നിന്നു മോചനം നേടുന്നതിൻ്റെ ആഹ്ലാദത്തിൽ അയാൾ ചുറ്റുമുള്ളവരിലേക്ക് തൻ്റെ സ്നേഹം പ്രചരിപ്പിക്കാൻ ആഗ്രഹിച്ചു. പതിവായി അയാൾ പള്ളിയിൽ പോകാറുള്ളതാണ്. മനസിനു ഉണർവ്വ്  വന്നശേഷം പള്ളിയിൽ പോയ അയാൾ പതിവില്ലാതെ ഗേറ്റിനു പുറത്ത് ഭിക്ഷ യാചിക്കുന്നവരെ ശ്രദ്ധിച്ചു. അവർ ദൈവത്തിൻ്റെ മക്കളാണല്ലോ എന്ന ചിന്തയിൽ തൻ്റെ കൈയിലുണ്ടായിരുന്ന 35 റൂബിൾ അവർക്ക് വീതിച്ചു കൊടുത്തു. തന്നിലെ ഭ്രാന്തിനെ അയാൾ തന്നെ ചികിത്സിച്ചു ഭേദമാക്കിയ പ്രവർത്തനമായിരുന്നു അത്.

ആസ്വാദനക്ഷമത നഷ്ടപ്പെട്ടവർ എഴുതരുത്

ഈ കഥയിൽ വിശദീകരിക്കുന്നത് പ്രാപഞ്ചികമായ മനുഷ്യത്വത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ്. പക്ഷേ അതറിയാൻ വളരെ വൈകിയിരുന്നു.  പ്രതീക്ഷയുള്ളതും നന്മയുള്ളതുമായ  ഒരു ജീവിതത്തിലേക്ക് ഉയർത്തുന്ന ആശയമാണ് അയാളിൽ വികാരമായി പ്രവർത്തിച്ചത്. കഥ വായിക്കുന്നവർക്ക് ഇത് മനസ്സിലാവും. മനുഷ്യൻ കാണാത്ത ജീവിതത്തിൻ്റെ ഒരു വശം ടോൾസ്റ്റോയി ആവിഷ്കരിക്കുകയാണ്. കലാവിമർശനത്തിൽ തത്ത്വചിന്തയെക്കുറിച്ച് എഴുതുമ്പോൾ തന്റെ കാലത്ത് എങ്ങനെയാണ് ഉന്നതമായ കലയിൽ നിന്നു ആളുകൾ താഴെ വീഴുന്നതെന്നു വെളിവാക്കുന്നുണ്ട് .രണ്ടു പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഒന്ന് ,വിനോദത്തിനും ദുഷിപ്പിക്കാനും വേണ്ടി നിർമ്മിക്കുന്ന കലയുടെ കപടമുഖം. രണ്ട്, ഉൽകൃഷ്ടമെന്നു മുദ്രകുത്തപ്പെട്ട കലാവസ്തുക്കളുടെ മേധാവിത്വം. ഈ രണ്ടു ഘടകങ്ങളുടെ സ്വാധീനം ഒരു സമൂഹത്തിൽ യഥാർത്ഥവും ഉന്നതവുമായ കല ആസ്വദിക്കാനുള്ള ശേഷി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ആസ്വാദനക്ഷമത നഷ്ടപ്പെടുന്നത് കലാകാരന്മാർക്ക് പോലും വ്യക്തമാവാതെ വരും.  അപ്പോൾ സാധാരണ ജനങ്ങളുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും. ആസ്വാദനക്ഷമതയില്ലാത്തവർ കല സൃഷ്ടിക്കാൻ മെനക്കെടുന്നത് കാപട്യത്തിൻ്റെ തോത് വർധിപ്പിക്കുന്നു. കലയുടെ മേഖലയിൽ ഏറ്റവും മഹത്തായത് സംഭവിക്കുമ്പോൾ അത് തിരിച്ചറിയാനുള്ള സിദ്ധി നഷ്ടപ്പെടുന്നു എന്നതാണ് ഇതിൻ്റെ ഫലം. അത് ഈ കാലഘട്ടത്തിലും നമുക്ക് കാണാനാവും. ആഴം കുറഞ്ഞതും കപടവും വികാരരഹിതവുമായ രചനകളെ മഹത്തായത് എന്ന നിലയിൽ വിലയിരുത്തുന്നത് ഒരു വിപത്തായി മാറിയിട്ടുണ്ട് .ടോൾസ്റ്റോയ് അത് തിരിച്ചറിഞ്ഞിരുന്നു. 

ആസ്വാദനക്ഷമത നഷ്ടപ്പെട്ടവർ എത്ര വിദ്യാഭ്യാസമുള്ളവരായാലും അവർക്ക് മഹത്തായ കലയുടെ സ്വാധീനിശക്തി മനസ്സിലാവുകയില്ല .അവരുടെയുള്ളിൽ കല വിഭാവന ചെയ്യുന്ന, അനുഭവിപ്പിക്കുന്ന ആർദ്രതയോ ജ്ഞാനമോ വിനിമയം ചെയ്യുന്നില്ല. നാഗരികതയുടെ പ്രകടനപരതയിൽ  അഭിരമിക്കുന്ന അവർ കൂടുതൽ മനുഷ്യവിമുഖരായി മാറുകയാണ് ചെയ്യുന്നത്. 




  • ജാതി വൃക്ഷങ്ങൾ, മതം കാറ്റ് , ദൈവം സൂര്യൻ

     


    'അക്ഷരജാലകം' പംക്തിയെഴുത്ത് ഇരുപത്തിയെട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ എം.കെ.ഹരികുമാറിനു ജനനിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിൽ ജനനി പ്രസിഡൻ്റും റിട്ടയേർഡ് അദ്ധ്യാപികയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിക്കുന്നു.




    കൂത്താട്ടുകുളം :ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം തിരിച്ചറിയുന്ന നിമിഷമാണ് ജീവിതം തുടങ്ങുന്നതെന്നും എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .

    കൂത്താട്ടുകുളത്തെ മുതിർന്ന വനിതകളുടെയും വനിതാപെൻഷൻകാരുടെയും സംഘടനയായ ജനനി സീനിയർ സിറ്റിസൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു ഹരികുമാർ .ഹരികുമാറിനു ജനനി പ്രസിഡൻ്റ് എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിച്ചു.

    ജീവിതം ഒരുതവണ മാത്രം സംഭവിക്കുന്നു. ഒരു കൂട്ടം പൊടിയാണ് മനുഷ്യൻ. അത് ഓരോ മനുഷ്യന്റെയും പ്രത്യേക രൂപത്തിൽ കാണപ്പെടുന്നത് ഈ പ്രപഞ്ചത്തിൻ്റെ യാത്രയിൽ ഒരു തവണ മാത്രമാണ്. നമുക്ക് ഇനിയൊരു ആവർത്തനമില്ല .ഈ നിമിഷത്തിൽ നമ്മൾ ആയിരിക്കുന്നു എന്നു പറയുന്നത് അതുല്യമാണ്.കാരണം ,മുമ്പ് ഇല്ലാത്ത ഒരു അസ്തിത്വമാണിത്. ഇനി ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഇത് അനന്യമാണ് -ഹരികുമാർ പറഞ്ഞു

    ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:  പുനർജന്മത്തിൽ വിശ്വസിക്കുന്നവരുണ്ടാകും. എന്നാൽ അങ്ങനെ വിശ്വസിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് മനുഷ്യൻ്റെ രൂപത്തിൽ തന്നെ ഇനിയും ജനിക്കാൻ കഴിയുമെന്നു പറയാൻ കഴിയില്ല. 'യോഗവാസിഷ്ട'ത്തിൽ പറയുന്നുണ്ട് ,പല ജീവികളായി  വീണ്ടും വീണ്ടും ജനിക്കേണ്ടിവരുമെന്ന് .അതുകൊണ്ട് നമ്മളുടെ ഈ മനുഷ്യരൂപം ഒരേയൊരു പ്രാവശ്യം മാത്രമുള്ളതാണ്. അതുകൊണ്ട് അതിനു മൂല്യമുണ്ട്.

    ഞാൻ സർക്കാർ രേഖകൾ പ്രകാരം ഒരു ജാതിയിലോ മതത്തിലോ ആയിരിക്കാം. എന്നാൽ ഒരു കലാകാരനായ എനിക്ക് ജാതിയോ മതമോ ഇല്ല .എന്റെ ജാതി വൃക്ഷങ്ങളാണ് .കാറ്റാണ് എൻ്റെ മതം. സൂര്യനാണ് എൻ്റെ ദൈവം .വൃക്ഷങ്ങൾ മനുഷ്യവംശത്തിന്റെ ആശ്രമങ്ങളാണെന്നു വിഖ്യാത എഴുത്തുകാരൻ ഹെർമൻ ഹെസ്സെ പറഞ്ഞിട്ടുണ്ട്. ആരോടും വിദ്വേഷമോ പകയോ ഇല്ലാതെയാണ് വൃക്ഷങ്ങൾ  ജീവിക്കുന്നത്. മഹനീയമാണ് അതിൻ്റെ  അസ്തിത്വം. അത് അവാച്യമായ ഒരു സുഖം അനുഭവിക്കുന്നു. എൻ്റെ മതം കാറ്റാണ് .കാറ്റിനു വേർതിരിവില്ല. ഏതെങ്കിലും ഒരു വിഭാഗത്തോടു കാറ്റിനു പ്രത്യേക താല്പര്യമില്ല. കാറ്റ് പ്രാണനാണ്. എല്ലാവർക്കും ജീവൻ നിലനിർത്തിക്കൊടുക്കുന്നത് വായുവാണ്. അതുകൊണ്ട് വായു എല്ലാവർക്കും ഒരുപോലെയാണ്. വായു എല്ലാവരുടേതുമാണ്. അതാണ് യഥാർത്ഥ മതം .എൻ്റെ ദൈവം സൂര്യനാണ്. സൂര്യൻ ആരോടും പ്രത്യേക പരിഗണന കാണിക്കുന്നില്ല. സൂര്യൻ ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.സൂര്യൻ ഒരു പ്രത്യേക വിഭാഗത്തിനു അനുകൂല്യം പ്രഖ്യാപിക്കുന്നില്ല .ഓരോ ജീവിയുടെയും നിലനില്പ് ഈ കാരണം കൊണ്ട് തന്നെ പ്രധാനമാണ്.യാതൊന്നിനും ഒരു മേൽക്കൈ ഇല്ല. ഒന്നും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ല.

    എന്നാൽ മനുഷ്യൻ എല്ലാ ഭൂതങ്ങളെയും മലിനമാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ ജീവിതം എങ്ങനെ തുടരുമെന്ന ആശങ്ക പരക്കുകയാണ്. മനുഷ്യൻ എല്ലാം മലിനമാക്കി .ഒരു ജീവിയെയും  വെറുതെ വിടുന്നില്ല.എല്ലാറ്റിനെയും കൊന്നു തിന്നുകയാണ്. എന്നാൽ ഒരു നായ കടൽ ചീത്തയാക്കുന്നില്ല. ഒരു പാറ്റ പരിസ്ഥിതി നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവയ്ക്ക് മഹത്വമുണ്ട്. ഓരോ ജീവിയുടെയും അസ്തിത്വം അനന്യമാണ്. ഏതൊരു ജീവിയായിരിക്കുന്നതും ഒരു വലിയ നേട്ടമാണ്. ഒരു പ്രാണിയായിരിക്കുന്നതുപോലും വലിയ നേട്ടമാണ് .കാരണം ,അത് ആയിരക്കണക്കിനു വർഷങ്ങളായുള്ള പ്രതിബന്ധങ്ങളെ, കാലാവസ്ഥാമാറ്റങ്ങളെ ,ഭൂകമ്പങ്ങളെ അതിജീവിച്ചുവന്നിരിക്കുന്ന ഒരു ജീവൻ്റെ കണമാണ്. അതുകൊണ്ട് അതിൻ്റെ അതിജീവനത്തിനു സൗന്ദര്യമേറുന്നു .

    എൻ്റെ സാഹിത്യരചനയാരംഭിച്ചിട്ട് നാല്പത്തിരണ്ടു വർഷം പിന്നിട്ടു. അക്ഷരജാലകം പംക്തി തുടങ്ങിയിട്ട് ഇരുപത്തിയേഴ് വർഷം പിന്നിടുകയാണ്. മുപ്പത്തഞ്ചു പുസ്തകങ്ങളെഴുതി. പെട്ടെന്നു തന്നെ എല്ലാവരും പരവതാനി വിരിച്ചു തരുമെന്നു ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു ചോദനയല്ലാതെ മറ്റൊന്നും മനസിനെ ഭരിച്ചിട്ടില്ല .പുതിയ വായനക്കാരെ എനിക്കു മിക്ക ദിവസങ്ങളിലും ലഭിക്കുന്നുണ്ട്. അതാണ് പ്രചോദനം.