ഇംഗ്ലീഷ്
സാഹിത്യകാരി വിർജിനിയ വുൾഫ് (1882-1942)എഴുതിയ 'എ റൂം ഓഫ് വൺസ്
ഓൺ'(ഒരുവളുടെ സ്വന്തം മുറി ,1929)എന്ന കൃതി എഴുത്തുകാരികളുടെ ആഭ്യന്തരവും
ചരിത്രപരവുമായ അതിജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.ഇംഗ്ലീഷ്
സാഹിത്യത്തിൽ കഴിഞ്ഞ 200 വർഷത്തിനിടയ്ക്ക് ,ഒരു കവിക്ക് ഒരു അടിമയെക്കാൾ
ഒട്ടും പരിഗണന ലഭിച്ചിട്ടില്ലെന്ന് അവർ എഴുതുന്നത് നടുക്കമുണ്ടാക്കുന്നതാണ്
.200 വർഷങ്ങൾക്കിടയിൽ ഒരു സ്ത്രീക്ക് സാഹിത്യരംഗത്ത് പട്ടിയുടെ വില പോലും
കിട്ടിയില്ലെന്നാണ് അവർ തെളിവ് നിരത്തി സ്ഥാപിക്കുന്നത്. ബുദ്ധിപരമായ
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാത്രമേ എഴുതാനാവൂ.
ജനാധിപത്യപ്രക്രിയയിൽ
എല്ലാവരും സ്വതന്ത്രരല്ല. ചിലർക്ക് മാന്യമായ തൊഴിലുണ്ടാകാം. എന്നാൽ ആ
തൊഴിലിൽ അവർ വല്ലാത്ത പാരതന്ത്ര്യം അനുഭവിക്കുന്നുണ്ട്. തൊഴിലിൻ്റെ അലിഖിത
നിയമങ്ങൾ അവരെ ചിന്താസ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ നിന്ന് വിലക്കുന്നു.
ഒരു
സിനിമ കാണാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ തിയേറ്ററിൽ ഇരിക്കുമ്പോൾ അതിൻ്റെ
നിയമങ്ങൾ പാലിക്കണം. അതുകൊണ്ട് സിനിമ ആസ്വദിച്ചു എന്ന് സ്വയം പറയുകയേ
നിവൃത്തിയുള്ളൂ. ഉന്നത പദവിയിലിരിക്കുന്നവർക്കും വിദ്യാഭ്യാസപരമായി
ഉയർന്നവർക്കും ജീവിതകാലമത്രയും ഈ 'തീയേറ്റർ' ചട്ടക്കൂടിൽ നിന്ന്
പുറത്തുവരാനാകില്ല.അവർ സിനിമ ആസ്വദിക്കുകയാവാം ,അല്ലെങ്കിൽ
ബോറടിക്കുകയാവാം. പക്ഷേ ,മിണ്ടാൻ സാധിക്കില്ല. അതുകൊണ്ട് പ്രതിഭയുണ്ടായാലും
രക്ഷയില്ല. അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല .മനസ്സിൽ നൂറുകണക്കിന്
വിവരങ്ങൾ വന്നടിയുകയാണ് .ദിവസേന ആ ഭാരം കൂടുകയാണ്. പുതിയത് വരുമ്പോൾ പഴയത്
കളയാനൊക്കില്ലല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കവിയെ പോലെയല്ല
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവി.അയാൾ കഴിഞ്ഞ 200 വർഷത്തെ അധികചരിത്രവും
കൂടി ചുമക്കുന്നു. ഷേക്സ്പിയർക്ക് ഉണ്ടായിരുന്നതിനേക്കാൾ ലോകവിജ്ഞാനം
ഇന്നത്തെ ഒരു നാടകപ്രവർത്തകനോ രചയിതാവിനോ ഉണ്ടായിരിക്കാം .എന്നാൽ
ഷേക്സ്പിയറിന്റെ പ്രതിഭയില്ല. ഷേക്സ്പിയർ എഴുതിയ പോലെ ,അല്ലെങ്കിൽ അതിനും
മുകളിൽ ഒരു വാക്യമെഴുതാൻ അറിയില്ല.
സംയുക്തമായ അവബോധം
അറിവ്
കൂടിയതുകൊണ്ട് കലയിൽ നേട്ടമുണ്ടാക്കാൻ കഴിയണമെന്നില്ല. കലാപരമായ ബുദ്ധി
അനിവാര്യമാണ്. ഷേക്സ്പിയറേക്കാൾ അറിവുള്ളവർ ആ അറിവ് കൊണ്ട് എന്ത് ചെയ്തു
എന്ന് സ്വയം ആലോചിക്കണം. ഷേക്സ്പിയർ സ്വന്തം കഥകൾ പോലുമല്ല നാടകങ്ങൾക്ക്
വേണ്ടി ഉപയോഗപ്പെടുത്തിയത്. ഫ്രഞ്ച് നാടോടി കഥകളും മറ്റുമാണ് അദ്ദേഹം
സ്വീകരിച്ചത്. രണ്ടു വ്യക്തികൾക്കിടയിലെ ശൈഥില്യവും തകർച്ചയും മാനസികമായ
യുദ്ധങ്ങളും നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ മാക്ബത്ത് ,ഒഥെല്ലോ
തുടങ്ങിയ നാടകങ്ങൾ എഴുതാൻ കഴിയൂ.
ഷേക്സ്പിയർ
ഗ്രീക്ക് ,റോമൻ പാരമ്പര്യങ്ങളെ മനസ്സിലാക്കാതെ ,നിയമങ്ങൾ ശ്രദ്ധിക്കാതെയാണ്
നാടകമെഴുതിയതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. വിമർശകനായ ജോസഫ് വാർട്ടൺ
((1722-1800) ഈ നിലപാടിൽ നിന്നു കൊണ്ടാണ് ടെംപസ്റ്റ്, കിംഗ് ലിയർ എന്നീ
നാടകങ്ങളെ സമീപിക്കുന്നത്.
എന്നാൽ
നിയമങ്ങളനുസരിച്ച് എഴുതുന്നതല്ല സാഹിത്യം; ലക്ഷണയുക്തമായ നാടകമോ കാവ്യമോ
വേണ്ട .പുതിയ രൂപം സൃഷ്ടിക്കുകയാണ് വേണ്ടത് .അതിനെക്കുറിച്ചാണ്
പഠനങ്ങളുണ്ടാകുന്നത്. അതാണ് നിലനിൽക്കുന്നത്. ഇതിനു അറിവുകൾ സമാഹരിച്ചതിൽ
പോരാ .കലാപരമായ ജിജ്ഞാസയോടെ വസ്തുതകളെ സമീപിക്കണം.കോളജിൽ പോയതുകൊണ്ട്
ശരിയായ അറിവ് കിട്ടണമെന്നില്ലെന്ന് വിർജിനിയ വുൾഫ് പറയുന്നുണ്ട്.
വിദ്യാഭ്യാസത്തിൻ്റെ ഒരു ഭാഗികവീക്ഷണംകൊണ്ട് മഹത്തായ സൃഷ്ടി
-ദസ്തയെവ്സ്കിയുടെ കരമസോവ് സഹോദരന്മാർ ,ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും
പോലുള്ളത് - നടത്താനാവില്ല. വുൾഫ് വനിതാ എഴുത്തുകാരോട് പറയുന്നത് വിവിധതരം
കൃതികൾ എഴുതണമെന്നാണ്. എങ്കിൽ മാത്രമേ പാരമ്പര്യം സൃഷ്ടിക്കാനാവൂ.അതിനായി
പണം സ്വരൂപിക്കണം. ഒരു സംയുക്തമായ ജീവിതവീക്ഷണത്തിലൂടെ മാത്രമേ സാകല്യമായ
ലോകത്തെ അനുഭവിക്കാൻ കഴിയുകയുള്ളൂ. യാതൊരു ഭാരവുമില്ലാതെ യാത്രചെയ്യാനും
സ്വപ്നം കാണാനും ചരിത്രത്തെ അവലോകനം ചെയ്യാനും നിങ്ങളുടെ കൈയിൽ പണവും
സമയവും വേണം.സ്വസ്ഥതയില്ലെങ്കിൽ എങ്ങനെ എഴുതാനൊക്കും? വിവിധ തരം
പുസ്തകങ്ങൾ ,പല ശാഖകളിൽ പെട്ടത് ,എഴുതുകയാണെങ്കിൽ അതിൻ്റെ സമഗ്രമായ അറിവ്
ഒരു മികച്ച കഥയെഴുതാൻ ചിലപ്പോൾ സഹായിക്കും .
യാഥാർത്ഥ്യം തൊട്ടരികെ
അതാണ്
വുൾഫ് ഉദ്ദേശിക്കുന്നത്. എഴുതാനുള്ള വിഷയത്തിന് വേണ്ടി കാത്തിരിക്കുന്നതിൽ
പോലും തെറ്റ് പറ്റാം.ഉദാഹരണത്തിന്, എന്താണ് യാഥാർത്ഥ്യമെന്നു ചിന്തിച്ചു
അലയേണ്ട. അത് കണ്ടുപിടിക്കാനുള്ള വൈഭവമാണ് പ്രധാനം .യാഥാർത്ഥ്യം നിങ്ങൾ
നടക്കുന്ന വഴിയിൽ കാണും. ചിലപ്പോൾ ഒരു ദിനപത്രത്തിന്റെ ആരും ശ്രദ്ധിക്കാത്ത
ഒരു പേജിലായിരിക്കും അതുണ്ടാവുക. ഒരു പൂവ് നിങ്ങളിൽ യാഥാർത്ഥ്യബോധം
ഉണ്ടാക്കാവുന്നതാണ്. വീണു കിടക്കുന്ന പൂവ് കവിക്ക് ഒരു പുതിയ ലോകം തന്നെ
കാണിച്ചു കൊടുത്തേക്കാം. ഏതു സംഭവവും വസ്തുവും നിങ്ങളെ ഉണർത്താൻ
പര്യാപ്തമാണ് .ഒരു സാഹിത്യകാരിയെ കൊണ്ട്, സാഹിത്യകാരനെ കൊണ്ട് സമൂഹത്തിന്
വളരെ പ്രയോജനമുണ്ട്. പക്ഷേ ,സമൂഹം ഒന്നടങ്കം യു ട്യൂബ് ചാനലുകളിലെ നുണകൾ
കേട്ട് അതിൽ മുഴുകുന്ന കാലത്ത് തീവ്രമായ സത്യാന്വേഷണം ആവശ്യമായിരിക്കുന്നു
.ഏതാനും മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോകളിലൂടെ ചിലർ നടത്തുന്ന
രാഷ്ട്രീയ, മത പ്രസംഗങ്ങളും ചർച്ചകളും അഭിപ്രായ രൂപീകരണം ഉണ്ടാക്കുകയല്ല,
ശാന്തമായ അന്തരീക്ഷത്തെ തകർക്കുകയാണ് ചെയ്യുന്നത്. തെറ്റായ വിവരങ്ങൾ
ശരിയാണെന്ന നാട്യത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കഥാകാരന്മാർ
ഇതിനെതിരെ ഒന്നും എഴുതുന്നില്ല. ജീവിതം തുറന്നുകാണിക്കാൻ കിട്ടുന്ന അവസരം
പാഴാക്കുന്നതാണ് ഇന്നത്തെ ദുരന്തം.
കെ.വി.പ്രവീണിന്റെ
'ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല '(ഡിസി)എന്ന കഥാസമാഹാരം
ഇപ്പോൾ വായിച്ചു പൂർത്തിയാക്കിയതേയുള്ളു. ഈ സമാഹാരത്തിലെ ടൈറ്റിൽ കഥ പോലെ
തന്നെ പ്രധാനമാണ് 'മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം' എന്ന കഥയും.
വൃദ്ധൻമാർക്ക് വൈകുന്നേരങ്ങളിൽ ഒരുമിച്ചിരിക്കാനല്ലാതെ വേറൊന്നും
ചെയ്യാനില്ല.അവർ സ്വന്തം ഏകാന്തതയും വിരക്തിയും ഭക്ഷിക്കുകയാണ്. എന്നാൽ
അതുപോലും സാവധാനം ഇല്ലാതാകുന്നതിനെക്കുറിച്ചാണ് ഈ കഥ. ലോകത്തെ
താൽപര്യത്തോടെ കഥാകൃത്ത് പ്രവീൺ നോക്കിയതുകൊണ്ടാണ് ഈ കഥ എഴുതപ്പെട്ടത്.
നിങ്ങൾക്ക്
യാഥാർഥ്യം വേണമെങ്കിൽ അത് പ്രത്യക്ഷപ്പെടും. വുൾഫ് പറഞ്ഞതുപോലെ
എഴുത്തിൻ്റെ വിവിധ രൂപങ്ങൾ പരീക്ഷിച്ചയാളാണ് നിത്യചൈത്യയതി. അദ്ദേഹം ഒരു
സന്യാസിയല്ലായിരുന്നു. കവിയും മന:ശാസ്ത്രജ്ഞനും പരിഭാഷകനും അധ്യാപകനും
ഗ്രന്ഥകാരനുമായിരുന്നു. യതി ഭാഷയുടെ വിവിധ രൂപങ്ങളെ ഒരുപോലെ ചലിപ്പിച്ചു
.ഒരു വേദാന്ത വ്യാഖ്യാതാവ് എന്ന നിലയിൽ നിന്ന് കലാസ്വാദകൻ എന്ന
നിലയിലേക്കുള്ള യാത്രയാണ് യതിയെ മറ്റുള്ളവരിലേക്ക് ആകർഷിച്ചത് .
മനുഷ്യർക്ക് വേണ്ടി
യതിയുടെ
'മരണമെന്ന വാതിലിനപ്പുറം' എന്ന ഗ്രന്ഥത്തിൽ 'ജീവിതസായാഹ്നം' എന്നൊരു
ലേഖനമുണ്ട്. അതിൽ ഇങ്ങനെ വായിക്കാം:'നമ്മുടെ ശരീരം വെറും കുറെ
ജഡപദാർത്ഥമല്ല.നിത്യശുദ്ധമുക്തമായ ആത്മാവ് മാത്രമല്ല ,അനേക ജന്മത്തെ
വളർച്ചയും തളർച്ചയും ,ഉദയാസ്തമയങ്ങളും കൊണ്ട് വിലയുറ്റതാക്കിത്തീർത്ത ഒരു
മഹാസംഭവമാണ്. അതിലെ ഓരോ നിമിഷവും അർത്ഥഗർഭമാണ്. മഹാസിദ്ധികളുടെ വിളനിലമാണ്.
ജനിക്കുമ്പോൾ തന്നെ മരണവും നമുക്ക് സഹയാത്രികനായി വരുന്നു.
രാഗദ്വേഷവിമുക്തമായ സമാധാനമാണ് ആരോഗ്യം. രാഗദോഷങ്ങളുടെ കാലുഷ്യമാണ്
രോഗം.രോഗഗ്രസ്തമാക്കുന്ന രാഗദ്വേഷങ്ങൾ കൊണ്ട് നാം തരളിതരാകുന്നത് ഈ
ജീവസംഘാതത്തിന് പോഷണം നൽകുവാൻ ആഹാരമില്ലാതെ വരുമ്പോഴാണ് ,ജീവിതയാത്രയ്ക്ക്
ലഭിച്ചിരിക്കുന്നതായ ഈ ഭൂതഭൗതികമായ വാഹനം നശിച്ചു പോകുമോ എന്നു
ഭീതിയുണ്ടാവുമ്പോഴാണ്, നമ്മുടെ വംശ വർദ്ധനവിനായി ഒരിണയെ കണ്ടെത്തുന്നവൻ
കഴിയാതെ പോകുമ്പോഴാണ്, ഈ ജീവിതത്തിൽ ആദ്യന്തം അതിന്
സാരള്യമുണ്ടാക്കികൊടുക്കുവാൻ അതിൽ നിരന്തരമായി പ്രവർത്തിക്കേണ്ടതായ
സ്നേഹമകരന്ദം ലഭിക്കാതിരിക്കുമ്പോഴാണ്.'
യതിയുടെ
സമ്മിശ്രവും സംയുക്തവും വ്യാമിശ്രവുമായ അവബോധത്തിന്റെ അടിസ്ഥാനം ഇതാണ്.
അദ്ദേഹം ഇംഗ്ലീഷിൽ കവിതകളെഴുതി. മലയാളത്തിൽ സാഹിത്യവിമർശനം എഴുതി.ചിലിയൻ
കവി പാബ്ളോ നെരൂദയുടെ ആത്മകഥ 'മെമോയിർസ്' പരിഭാഷപ്പെടുത്തി. യതി ഒരു ശാഖയിൽ
ഒതുങ്ങി നിന്നില്ല .അതേസമയം യതി ഒരു പാരമ്പര്യം സൃഷ്ടിച്ചു.യതി കവിതകൾ
മാത്രമാണ് എഴുതിയിരുന്നതെങ്കിൽ ഏറ്റവും വലിയ കവികളിൽ
ഒരാളാകുമായിരുന്നു.കാരണം ,കവിക്ക് വേണ്ട സഹജമായ ദർശനശേഷി
യതിക്കുണ്ടായിരുന്നു. സമഗ്രവും വിപുലവുമായ അറിവ് നേടിയതിനൊപ്പം യതി ഒരു
ശാഖയിൽ തന്റെ മാസ്റ്റർപീസ് രചിച്ചില്ല. ഇത് ഏതൊരു എഴുത്തുകാരനും
ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ശാഖകളിലും കൃതികൾ എഴുതുന്നത് തെറ്റല്ല ;പക്ഷേ,
ഒരു മാസ്റ്റർപീസ് ഉണ്ടായിരിക്കണം. ടാഗോർ എല്ലാ ശാഖകളിലും പ്രവർത്തിച്ചു
.എന്നാൽ കവിതയിൽ 'ഗീതാഞ്ജലി' എന്ന അതിമഹത്തായ കാവ്യം രചിച്ചു. ഇന്ത്യയുടെ
മിസ്റ്റിക് പാരമ്പര്യത്തെ അഗാധമായി, നൂറ്റാണ്ടുകളിലൂടെ ,പിന്തുടർന്ന
ഒരാളുടെ ആത്മഭാഷണമാണത്. ഒരാൾ ഒരു കവിത എഴുതുന്നത് ദൈവത്തിനു വായിക്കാൻ
വേണ്ടിയാണെന്ന് ടാഗോർ സൂചിപ്പിക്കുന്നുണ്ട്.
ഇതേ
വിഷയം യതിയും എഴുതിയിട്ടുണ്ട് .എന്നാൽ അത് ഒരു ലേഖനത്തിലാണ് കണ്ടത്.
'കാലത്തിൻ്റെ നിഗൂഢത' എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു
:'കാലപ്രവാഹത്തെ അവധാനതയോടെ നിരീക്ഷണം ചെയ്യുന്ന ഒരാൾക്ക് തീർച്ചയായും
തൻ്റെ ഹൃദയമിടിപ്പിൽ തന്നെ കാലപ്രവാഹവും ബോധപ്രവാഹവും ഏകീകരിക്കുന്നതായി
അനുഭവപ്പെടും. നമ്മുടെ ശ്വാസോച്ഛ്വാസഗതി ശ്രദ്ധിച്ചാൽ ഇത് മനസിലാക്കാം.
ഉള്ളിലേക്ക് ശ്വാസം എടുക്കുന്നതും ശ്വാസം പുറത്തേക്ക് കളയുന്നതും
വ്യത്യസ്തമായ പ്രക്രിയകളാണെങ്കിലും അവയ്ക്ക് തമ്മിൽ ഒരു ഉഭയസംബന്ധമുണ്ട്.
പുറത്തേക്ക് കളയുന്ന ശ്വാസം ജീവനെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കും. അകത്തേക്ക്
എടുക്കുന്നത് ജീവനെ പുനരുദ്ധരിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് വേദമന്ത്രമായ
'ഓം' പ്രണവമായിത്തീരുന്നത്. ശരീരത്തിലെ ഓരോ കോശവും അക്ഷരാർത്ഥത്തിൽ തന്നെ
ജീവൻ്റെ ശോണിമയോടു കൂടിയതാണ്. താളനിബദ്ധമായ ശ്വാസോച്ഛ്വാസത്തിന് ഒരു
സംഗീതാത്മകതയുണ്ട് .അത് നമ്മെ ഒരു മോഹനനിദ്രയിലാഴ്ത്തി വിസ്മൃതിയിലേക്ക്
കൊണ്ടുപോകുന്നു. ഒരു ജീവൻ ആദ്യശ്വാസം എടുത്തതു മുതൽ അതിൻ്റെ അവസാനശ്വാസം
വരേക്കും ജീവനെ ഇടമുറിയാതെ നിലനിർത്തുന്നത് ഹൃദയസ്പന്ദനത്തിന്റെ
ആവർത്തനമാണ്.'യതിയുടെ ശാരീരികശാസ്ത്രപരവുമായ അറിവ് എത്ര മൗലികമാണെന്ന്
നോക്കുക. ശ്വാസോച്ഛ്വാസത്തിൻ്റെ സംസീതം പോലും തിരിച്ചറിഞ്ഞ യതി
സാഹിത്യകലയിലല്ല, ജ്ഞാനമേഖലയിലാണ് കൂടുതൽ പ്രവർത്തിച്ചത്.സംയുക്തമായ അവബോധം
നേടിയ യതി മനുഷ്യർക്ക് വേണ്ടി ചിന്തിച്ചതുകൊണ്ടാണ് പ്രൊഫഷണലാകാതിരുന്നത്.
ഉത്തരരേഖകൾ
1)ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതത്തെ എങ്ങനെയാണ് സ്നേഹിച്ചത്?
ഉത്തരം:
ഒരു കവിക്ക് മാത്രം കഴിയുന്ന ഭ്രാന്തുപിടിച്ച സ്നേഹമായിരുന്നു അത്.
തീവ്രമായ ആത്മാർത്ഥതയുള്ളപ്പോൾ ദുഃഖം ഇരട്ടിക്കും. തന്നെ മലയാളസാഹിത്യം
ചതിച്ചു എന്ന് തോന്നിയപ്പോൾ വേദനിച്ച് 'പാടുന്ന പിശാച് ' എന്ന കവിത
എഴുതേണ്ടി വന്നത് അതുകൊണ്ടാണ്.
2)എഴുത്തുകാർ കാലത്തിനൊത്തു മാറേണ്ടതുണ്ടോ ?
ഉത്തരം:
പുതിയ കാലത്തെ മനുഷ്യരുടെ മനോഭാവവും അറിവും മാറിയിരിക്കുകയാണ്.
ഇതിനെക്കുറിച്ച് എം.പി .നാരായണപിള്ള പറഞ്ഞത് ഇതാണ്: 'അനുദിനം വികസിച്ചു
വരുന്ന വായനക്കാരന്റെ സംവേദനക്ഷമതയ്ക്കൊപ്പം വളരാൻ, അല്ലെങ്കിൽ അതിനേക്കാൾ
ഒരുപടി മുന്നിൽ നിൽക്കാൻ കഴിയാത്ത എഴുത്തുകാർ സ്വയം പൈങ്കിളിയായി
മാറുന്നു.'കെ .സുരേന്ദ്രന്റെ 'സീതായനം' ഈ അവസ്ഥയ്ക്ക് ഉദാഹരണമാണെന്ന്
നാരായണപിള്ള തുടർന്നു എഴുതുന്നുണ്ട്.
3)ഒരു കൃതി വായിക്കുമ്പോൾ അനുഭവപ്പെടുന്നത് എന്താണ് ?
ഉത്തരം:നമ്മുടെ അഭിരുചിയുമായി ഇണങ്ങാത്ത പുസ്തകങ്ങൾ വായിക്കുന്നത് ശിക്ഷയായി തോന്നും.
4)പി.അയ്യനേത്ത് ,പാറപ്പുറത്ത്, പോഞ്ഞിക്കര റാഫി എന്നിവരെ ഇപ്പോൾ ഓർക്കാൻ സംവിധാനം ഒന്നുമില്ലല്ലോ?
ഉത്തരം:
അവർ ജീവിച്ചിരിക്ക തന്നെ സ്വന്തമായി ഒരു പ്രസ്ഥാനമോ സ്ഥാപനമോ തുടങ്ങിയില്ല
.എഴുത്തുകാർ എഴുതിയാൽ പോരാ; സ്വന്തം ഭാവി കൂടി ശരിയാക്കണം എന്നതാണ്
ഇന്നത്തെ നിയമം .
5)തിരഞ്ഞെടുപ്പിനു ശേഷം ഫലം വരുമ്പോൾ എന്തു തോന്നും ?
ഉത്തരം:
ഞാൻ വോട്ട് ചെയ്ത ആൾ ജയിക്കുകയാണെങ്കിൽ തോറ്റു പോയ സ്ഥാനാർത്ഥിയെ എങ്ങനെ
അഭിമുഖീകരിക്കുമെന്ന് ചിന്തിക്കും. തോറ്റയാൾ ജയിക്കേണ്ടതായിരുന്നു എന്ന്
അപ്പോൾ തോന്നും.
6)നോവൽ ഒരു സമൂഹത്തെ തുറന്നു കാണിക്കുകയാണോ? അതോ, എഴുത്തുകാരന്റെ ആന്തരദുഃഖമോ?
ഉത്തരം:
കന്നഡയിലെ പ്രമുഖ സാഹിത്യകാരനായ വിവേക് ശാൻഭാഗ് എഴുതിയ 'ഒരു വശത്ത് കടൽ'
എന്ന നോവൽ (പരിഭാഷ :സുധാകരൻ രാമന്തളി, ബ്ളൂ ഇങ്ക് ബുക്സ് , കണ്ണൂർ)
വായിച്ചത് നല്ല അനുഭവമായി. കന്നഡ ഭാഷയിലെ നോവലാണെന്ന് തോന്നാത്തവിധം
സുധാകരൻ രാമന്തളി അത് മലയാളമാക്കി മാറ്റിയിരിക്കുന്നു. ഒരു മലയാളനോവലിന്റെ
നവീനതയും വൈചിത്ര്യവും ഇതിലുണ്ട് .ഗ്രാമങ്ങളിലെ ജീവിതത്തിന് സാഹിത്യത്തിൽ
എന്നും ഒരു സ്ഥാനം ഉണ്ടായിരുന്നു. കർണാടകത്തിന്റെ ഭൂമിശാസ്ത്രവും ജീവിതവും
അടുത്തുനിന്ന് കാണുന്ന പ്രതീതിയാണ് നോവൽ തന്നത്.രാമന്തളിയുടേത് ആകർഷകമായ
ഭാഷയാണ്.
കൊടുവഴങ്ങ ബാലകൃഷ്ണൻ എഴുതിയ
'താമ്രപുരം'(പ്രിൻ്റ് ഹൗസ് പബ്ലിക്കേഷൻസ്, മതിലകം) താമ്രപുരം എന്ന
ഗ്രാമത്തിന്റെ പുരാവൃത്തം തിരയുകയാണ്. ഓരോ ദേശവും ഓരോ ചരിത്രത്തെ
അന്തർവഹിക്കുന്നുണ്ട്. മനുഷ്യൻ്റെ സ്പർശമുള്ളതെല്ലാം സ്പന്ദിക്കുന്നു. ആ
സ്പന്ദനം എഴുത്തുകാരൻ നമുക്ക് പകരുന്നു.താമ്രപുരം ഗതകാലത്തിലും
ജീവിക്കുന്നു. മനുഷ്യരുടെ മരിച്ച സ്വപ്നങ്ങൾ ജീവിക്കുന്നവരിലൂടെ
പുനർജനിക്കുന്നു.
7)ആർട്ട് ഹൗസ് സിനിമകൾക്ക് ഭാവി ഇല്ലേ ?
ഉത്തരം:
ആർട്ട് സിനിമകൾക്ക് ഇവിടെ ഇടമില്ലെന്നാണ് ഒരു സംവിധായകൻ പറഞ്ഞത് .ഒരു
റിലീസ് പോലും കിട്ടണമെന്നില്ല. ആകെയുള്ളത് സർക്കാരിൻ്റെ ഒ ടി ടി
പ്ലാറ്റ്ഫോം മാത്രമാണ്. വ്യക്തിഗത സിനിമ എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ
ഇപ്പോൾ പത്രങ്ങളുമില്ല.
8)കരുണാകരൻ എഴുതിയ 'ആട്ടക്കാരി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 28)എന്ന കഥ വായിച്ചോ?
ഉത്തരം:
വായിച്ചു, പക്ഷേ ഒന്നും മനസ്സിലായില്ല. കരുണാകരന് കഥ പറയാനുള്ള
സാമർത്ഥ്യമില്ലെന്ന് മനസ്സിലായി. മരിച്ച രണ്ടുപേരാണ് കഥാപാത്രങ്ങൾ. അവർ
ഇടയ്ക്ക് ജീവിക്കുകയാണെന്ന് പറയുന്നു. ദിവാനെ വെട്ടിയ കാര്യമൊക്കെ
പറയുന്നുണ്ട്. ആകെ കുഴഞ്ഞുമറിഞ്ഞിരിക്കയാണ്.
,