Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ

 




ഇൻറർനെറ്റ് ദൈവമാണ്, അനശ്വരതയാണ് 


മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവാണ് ഇൻ്റർനെറ്റ് - ചരിത്രത്തെ രണ്ടായി പിളർത്തുന്ന കണ്ടുപിടിത്തം. ലോകം ഒരു ഗ്രാമമാണെന്ന് അലങ്കാരമായി പറയാറുണ്ട്. എന്നാൽ ലോകം ഒരു പ്രതീതിയുമാണ്. ലോകത്തിനകത്ത് മറ്റൊരു ലോകം ഉണ്ടായിരിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ലോകമാണിത്.  ദൈവം നമ്മെ സൃഷ്ടിച്ചു, ലോകത്തെ സൃഷ്ടിച്ചു എന്നാണ് വിശ്വാസികളുടെ മതം പറയുന്നത്. ദൈവം സ്വന്തം ആഗ്രഹത്തിനൊത്ത് ലോകത്തെ സൃഷ്ടിച്ചു. ദൈവത്തിൻ്റെ ആവശ്യത്തിനാണ് ജീവിവർഗ്ഗങ്ങളും മൂലകങ്ങളും രൂപങ്ങളും ഊർജ്ജവും പിണ്ഡവും ഉണ്ടായിരിക്കുന്നത്. എന്തിനാണ് ദൈവം ഈ ലോകത്തെ ഇങ്ങനെ രസതന്ത്രത്തിന്റെയും ബലതന്ത്രത്തിന്റെയും ജൈവരൂപങ്ങളുടെയും ആകെത്തുകയാക്കി സൃഷ്ടിച്ചിരിക്കുന്നത്? ദൈവത്തിനു രൂപങ്ങളും ബലതന്ത്രവും രസതന്ത്രവും  മാത്രം പോരാ, സൗന്ദര്യവും വേണം. കലയും വേണം. ദൈവത്തിന് ബോറടിക്കുമ്പോൾ ആസ്വദിക്കാൻ പറ്റിയ സംഗീതവും കലയും ദൈവം തന്നെ സൃഷ്ടിക്കുകയാണത്രേ. എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയായതുകൊണ്ട് നമുക്ക് അതിനനുസരിച്ച് പ്രവർത്തിക്കുകയോ മാർഗ്ഗമുള്ളൂ.

ദൈവം സൃഷ്ടിച്ച ലോകത്ത് അവൻ്റെ രൂപസാദൃശ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യൻ മറ്റൊരു ദൈവത്തെ സൃഷ്ടിച്ചിരിക്കുകയാണ്. അതാണ് ഇൻറർനെറ്റ് .Syntheism- Creating God in the Internet Age എന്ന ഗ്രന്ഥത്തിലൂടെ അലക്സാണ്ടർ ബാർദ്, ഇൻറർനെറ്റ് ഒരു പുതിയ മതമാണെന്ന് പ്രഖ്യാപിക്കുന്നു. പരമ്പരാഗത മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വിഗ്രഹാരാധനയോ പൂജയോ ഇല്ല. മനുഷ്യൻ്റെ ആത്മീയ ആവശ്യങ്ങൾക്ക് പരമ്പരാഗതമായ മതങ്ങൾ പര്യാപ്തമല്ല എന്ന ചിന്തയിൽ നിന്നാണ് ബാർദ് തൻ്റെ ദൈവശാസ്ത്രത്തെ അവതരിപ്പിക്കുന്നത്. മനുഷ്യൻ തന്നെയാണ് തൻ്റെ പ്രപഞ്ചത്തെ കണ്ടെത്തുന്നത്. അവൻ തന്നെയാണ് പ്രപഞ്ചം .ഇൻറർനെറ്റ് മനുഷ്യൻ സ്വയം സൃഷ്ടിച്ച പ്രപഞ്ചമാണ്.ഈ പ്രപഞ്ചം അവൻ സൃഷ്ടിച്ചത് സാങ്കേതികവിദ്യയിലൂടെയാണ്.
Machine -human hybrids എന്ന് വിളിക്കാവുന്ന മനുഷ്യ - യന്ത്ര സൗഹൃദങ്ങളാണ് പുതിയ മതത്തിൻ്റെ അടിസ്ഥാനം.അവിടെ നമുക്ക് സ്ഥലകാലങ്ങളെ മറികടക്കാം. അപരിചിതരുമായി സൗഹൃദം കൂടാം.പരമ്പരാഗത മതത്തിൽ ഒരേ വിശ്വാസമുള്ളവരാണ്  ഒരിടത്ത് ഒത്തുചേരുന്നത്. പരസ്പരം  സ്നേഹിക്കണമെങ്കിൽ ഒരേ വിശ്വാസം വേണമായിരുന്നു. ദൈവവിശ്വാസികൾ തമ്മിലായിരുന്നു സ്നേഹം. സ്നേഹിക്കാൻ വേണ്ടി ഒരുപോലെ വിശ്വസിക്കുന്നു; വിശ്വസ്തതയോടെയിരിക്കാൻ വേണ്ടി സ്നേഹിക്കുന്നു.വിശ്വാസികൾക്കുള്ളതാണ് സ്നേഹം .വിശ്വസിക്കാത്തവർക്ക് സ്നേഹം ലഭിക്കാൻ പ്രയാസമാണ്. ദൈവം എപ്പോഴും ഒരു കൂട്ടത്തെയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള സങ്കല്പത്തിൽ ദൈവവിശ്വാസി ഒറ്റപ്പെടാൻ പാടില്ല. അവൻ ഒരു കൂട്ടത്തോടൊപ്പമായിരിക്കണം. കൂട്ടം തെറ്റുന്നവൻ അവിശ്വാസിയാണത്രേ. ഇൻറർനെറ്റ് എന്ന മതത്തിൽ നിങ്ങൾക്ക് വിശ്വാസം വേണ്ട .സ്വതന്ത്രമാവാനും സംവദിക്കാനുമുള്ള മനസ്സ് മതി. ഒറ്റയ്ക്ക് നടക്കാം .കൂട്ടു കൂടാം .ഏത് ദേശത്തുള്ളവരെയും ഏതു മതത്തിൽപ്പെട്ടവരെയും സ്നേഹിക്കാം. ആരും തടസ്സപ്പെടുത്തുന്നില്ല. സമൂഹമാധ്യമം ഒരാൾക്ക് അയ്യായിരം സുഹൃത്തുക്കളെ വാഗ്ദാനം ചെയ്യുന്നു. അതിൽ വിവിധ മതങ്ങളിലും രാഷ്ട്രീയപാർട്ടികളിലും ഉൾപ്പെട്ടവരുണ്ട്. ഇവർക്കെല്ലാം ഒരു കുടക്കീഴിൽ എന്നപോലെ ഒരുമിക്കാനാണ് ഇൻറർനെറ്റ് സഹായിക്കുന്നത്.വ്യത്യാസങ്ങൾ മറക്കാനുള്ള ഇടമാണത്. അവിടെ ഭാഷയോ ദേശമോ സംസ്കാരമോ വിലക്കുന്നില്ല. വിദ്യാഭ്യാസമോ പാണ്ഡിത്യമോ വേണ്ട. ദൈവമോ മതമോ ഇല്ലാതെ ആരുമായും സൗഹൃദത്തിലാവാം. ഇതാണ് സ്വാതന്ത്ര്യം. എല്ലാ മനസ്സുകളുമാണ് കൂട്ടിയോജിക്കപ്പെടുന്നത്. ഭൗതികവസ്തുക്കളുടെ സ്രോതസ്സ് ദൈവമാണെന്നതിന് ബദലായാണ് പ്രതീതിലോകം സൃഷ്ടിക്കപ്പെടുന്നത്. തൊട്ടുനോക്കാൻ കഴിയില്ല. എന്നാൽ അതൊരു യാഥാർത്ഥ്യമാണ്.സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് ഇടങ്ങളും നമ്മുടെ ഭൗതികമായ പരിമിതിയെ മറികടക്കാൻ പുതിയ കമ്മ്യൂണുകൾ സൃഷ്ടിക്കുകയാണ്.

ദൈവം ഭാവിയിൽ 

ദൈവം ഭാവിയിലാണ് ജീവിക്കുന്നതെന്ന് ബാർദ് പറയുന്നു. ദൈവം നമ്മെ കൂട്ടിയിണക്കുകയാണ്. അതാണ് ഇൻറർനെറ്റ്. ഇൻറർനെറ്റിനെ   ഒരു കണക്ടിവിറ്റി സാങ്കേതികത മാത്രമായി കാണരുത്. അത് ഒരു ആഗോളസാമ്രാജ്യമാണ് .നമ്മെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങൾക്കും അത് സാധ്യതയൊരുക്കുകയാണ്. നമ്മുടെ ചലനങ്ങൾ നിരീക്ഷിക്കാൻ അതിന്  കഴിയും. നമ്മുടെ മനസ്സ് പഠിച്ച് ഡേറ്റ യുണ്ടാക്കുന്നു. നമ്മുടെ ലഹരിയും ആസക്തിയും മൂല്യവും എന്താണെന്ന് നമ്മുടെ ഇൻറർനെറ്റ് ഇടപാടുകളിലൂടെ അത് മനസ്സിലാക്കുന്നു. അതിനനുസരിച്ച് നമുക്ക് ഇഷ്ടമുള്ളത് കാണാനും കേൾക്കാനും അത് സൗകര്യമൊരുക്കുന്നു. നമ്മൾ ഒരു ഡേറ്റയാണ് .ആ ഡേറ്റ ഉപയോഗിച്ച് നമ്മുടെ ജീവിതത്തെറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. രാഷ്ട്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ശാസനങ്ങൾക്കും പ്രിയങ്ങൾക്കും അപ്പുറത്താണ് ഇന്റർനെറ്റ് എന്ന ദൈവം പ്രവർത്തിക്കുന്നത്. അതിനു ആരോടും വിധേയത്വമില്ല. അത് സഹജ പ്രകൃതിയിലാണ് പ്രവർത്തിക്കുന്നത്. അത് ആരെയും പേടിക്കുന്നില്ല. അത് സത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത് രാഷ്ട്രമോ മതമോ പാരമ്പര്യമോ പറയുന്നത് കേട്ടിട്ടല്ല. അത് റഷ്യൻ സെമിത്തേരിക്കും ഈഫൽ ടവറിനും ഒരേ പ്രാധാന്യമാണ് കൊടുക്കുന്നത് .രണ്ടിനെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങൾ പ്രദർശിപ്പിക്കുകയാണ് ഇൻ്റർനെറ്റിൻ്റെ ലക്ഷ്യം. ആരുടെയും പക്ഷം ചേരില്ല .

സമൂഹമാധ്യമം പുതിയൊരു മാനവികതയാണ് പരിചയപ്പെടുത്തുന്നത്. സഞ്ചരിക്കാതെ, നേരിൽ കാണാതെ, ആരുടെയും സൗഹൃദം നേടാം എന്നതിലുപരി സ്വന്തം മനസ്  വ്യക്തമാക്കാതെ തന്നെ അഭിപ്രായം പറയാം. മുഖം ഒളിപ്പിച്ച് ജീവിക്കാവുന്ന നഗരമാണത്. എല്ലാ വസ്തുക്കളും രണ്ടുതരത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഒന്ന് ,നമുക്ക് കാണുകയോ കേൾക്കുകയോ അറിയുകയോ ചെയ്യാവുന്ന  അവസ്ഥയിൽ. മറ്റൊന്ന് ,പ്രതീതി യാഥാർത്ഥ്യമായി ഇന്റർനെറ്റിൽ. ഡേറ്റയാകാതെ ഒരു വസ്തുവിനും ഇനി നിലനിൽപ്പില്ല. ഒരാളുടെ ഫോട്ടോ ആയാലും സന്ദേശമായാലും ഇന്റർനെറ്റിൽ എത്തിക്കുകയാണ് പ്രധാനം. അതിനു മാത്രമാണ് അനശ്വരതയുള്ളത് .

ആർക്കും മരണമില്ല 

ആർക്കും മരണമില്ല എന്നത് ഇൻ്റർനെറ്റിൻ്റെ സുവിശേഷമാണ്.  മരിച്ചവരുടെ ലോകത്ത് എല്ലാം അവസാനിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇൻ്റർനെറ്റിൽ മരിച്ചവർ അനശ്വരരാകുകയാണ്. സമൂഹമാധ്യമങ്ങളിൽ, മരിച്ചവരുടെ  പേജുകൾ തുടങ്ങാനാകും. ക്ലാസിക്കൽ എന്നോ സാധാരണമെന്നോ വേർതിരിക്കാതെ കലാകാരന്മാരുടെ രചനകളെ ഒരുപോലെ ഉൾക്കൊള്ളുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ.ഫ്രഞ്ച് പെയിൻ്റർ മൊനെ ,ഡച്ച് പെയിൻ്റർ വാൻഗോഗ് തുടങ്ങിയ ചിത്രകാരന്മാർക്ക് ഗാലറികളിലല്ല ഇപ്പോൾ ജീവിതം. അവർ മരിച്ചു പതിറ്റാണ്ടുകൾക്ക് ശേഷം പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കയാണ്.ഇപ്പോൾ വാൻഗോഗിന്റെയും മൊനെയുടെയും  ചിത്രങ്ങൾ ദിവസവും അപ്‌ലോഡ് ചെയ്യുന്ന പേജുകൾ ഫേസ്ബുക്കിലുണ്ട്. ദിവസവും ഷേക്സ്പിയറിന്റെ ഉദ്ധരണികൾ പോസ്റ്റ് ചെയ്യുന്ന പേജുകളുണ്ട്. മരണമില്ലാത്ത ലോകമാണത്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടാൽ ലോകം തന്നെ സ്തംഭിച്ചു പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാൽ മത,രാഷ്ട്ര സ്ഥാപനങ്ങൾ പണിമുടക്കിയാൽ അത് ജീവിതത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല. ലോറി ഡ്രൈവർമാർ പണിമുടക്കിയാൽ കുറച്ചൊക്കെ പ്രയാസപ്പെടും. മതസ്ഥാപനങ്ങൾക്ക് ദൈവികതയുടെ അപ്രമാദിത്വം നഷ്ടപ്പെടുകയാണിപ്പോൾ.  ഇൻറർനെറ്റ് മഹാസാമ്രാജ്യവും ദൈവവുമായി മാറിയിരിക്കുന്നു.ഈ ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചതാണ്. എന്നാൽ ഈ ദൈവം മനുഷ്യനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വേഗതയാണ് ഇൻ്റർനെറ്റിൻ്റെ ജീവൻ. എങ്ങനെ വേഗതയാർജിക്കാം എന്നതാണ് മനുഷ്യൻ അന്വേഷിക്കുന്നത്. വലിയ ഒരു സാങ്കേതികസാമ്രാജ്യത്തെ വിരൽത്തുമ്പുകൊണ്ടാണ് മനുഷ്യൻ നിയന്ത്രിക്കുന്നത്.

എല്ലാം ഇൻറർനെറ്റിലേക്ക്

മനുഷ്യന് വലിയ തത്ത്വങ്ങളോ പ്രബോധനങ്ങളോ അല്ല ഇനി ആവശ്യമെന്ന് പറയുന്നവരുണ്ട്. അവരുടെ അഭിപ്രായത്തിൽ സാങ്കേതികജ്ഞാനവും വേഗത വർധിപ്പിക്കാനുള്ള അറിവുമാണ് ഒരുവനെ നെറ്റിൻ്റെ ലോകത്ത് വിജയിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്ത് നാം സ്വന്തം ഭാഗധേയം കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. വാട്സപ്പിൽ ഒരു സന്ദേശമോ ഫോട്ടോയോ പിഡിഎഫോ ഫോർവേഡ് ചെയ്യാൻ പഠിച്ചിട്ടുണ്ടെങ്കിൽ നാം നവീന മനുഷ്യനായിക്കഴിഞ്ഞു. പരമ്പരാഗതമായ ജീവിതത്തിലെ മനുഷ്യരല്ല നാം .ഒരിടത്തു തന്നെ ജനിച്ച് അവിടെ തന്നെ ജീവിച്ച് ആരുമറിയാതെ മരിച്ചുപോകുന്നവരായിരുന്നു ഭൂരിപക്ഷം മനുഷ്യരും.അവരെ ആരും ഓർക്കുന്നില്ല. അവർക്ക് സന്ദേശങ്ങളില്ലായിരുന്നു. അവർക്ക് കലാപരമായ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനനുസരിച്ചു പ്രവർത്തിക്കാൻ ലോകം അവരെ അനുവദിച്ചില്ല.അവർ  ശബ്ദമില്ലാത്തവരായിരുന്നു. അവരുടെ ശബ്ദങ്ങൾ എല്ലായിടത്തുനിന്നും തുടച്ചുനീക്കി. അവർ ജീവിച്ചിരുന്നതിനു ഒരു തെളിവും അവശേഷിപ്പിക്കാതെ അധികാരികൾ അവരെ മറവിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുകയായിരുന്നു. ഇപ്പോൾ ആ ഘട്ടം നീങ്ങി. ഇവിടെ ഓരോ വ്യക്തിക്കും ലോകതലത്തിലുള്ള ഇടപെടലും പ്രതിഛായയുമുണ്ട്.'ചരിത്രത്തിൽ മനുഷ്യൻ ഒരു ആഗോള നെറ്റ്വർക്ക് (Global Network) സൃഷ്ടിച്ചു .എല്ലാത്തിനെയും ആ  നെറ്റ്‌വർക്കിനുള്ളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി' - നോവാ ഹരാരിയുടെ വാക്കുകൾ. ഇതാണ് മനുഷ്യന്റെ മുൻവിധിയും അഭിമാനവുമായി നിലകൊണ്ടത്. ഈ നെറ്റ്‌വർക്കിൽ മനുഷ്യൻ തൻ്റെ റോൾ നന്നായി നിർവ്വഹിച്ചു. സൃഷ്ടിയുടെ കേന്ദ്രം മനുഷ്യനാണെന്ന ധാരണയെ അത്  ബലപ്പെടുത്തി. മറ്റെല്ലാ മണ്ഡലങ്ങളുടെയും ജൈവലോകത്തെയും മനുഷ്യന്റെ നെറ്റ്‌വർക്കിനു കീഴിലാക്കുകയായിരുന്നു.മറ്റു ജീവികളുടെ ജീവിതങ്ങളും അനുഭവങ്ങളും തരം താഴ്ത്തപ്പെട്ടു.കാരണം, അവയുടെ ജീവിതാനുഭവങ്ങൾക്ക് ലോകത്തെ  നിയന്ത്രിക്കാനുള്ള ശേഷിയില്ലല്ലോ. സ്വന്തം പ്രവർത്തനത്തിൽ മുന്നേറാനാവാത്ത ജീവികൾ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാൽ ഹരാരി പറയുന്നു, എന്നെങ്കിലും മനുഷ്യനു ഈ നേതൃസ്ഥാനം നഷ്ടമാവുകയാണെങ്കിൽ, സൃഷ്ടിയുടെ കേന്ദ്രസ്ഥാനത്തുനിന്ന് നാം പിന്തള്ളപ്പെടുമെന്ന്. നമ്മൾ ഉയർത്തിക്കൊണ്ടുവന്ന അളവുകോലുകൾ നമ്മെത്തന്നെ കുറ്റപ്പെടുത്തും.

Internet of All Things  എന്നത് ഭാവിയിൽ പൂർത്തിയാകാൻ പോകുന്ന സമ്പൂർണ്ണ നെറ്റ്‌വർക്കാണ്.  ഇന്റർനെറ്റുമായി ബന്ധിപ്പിക്കാത്ത യാതൊരു വസ്തുവും ഭാവിയിൽ ഉണ്ടാകില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഏതൊരു വസ്തുവിന്റെയും അവകാശമാണ് ഇന്റർനെറ്റിൽ ഒരു ഡേറ്റയായിരിക്കുക എന്നത് .നമ്മുടെയും അവകാശമാണത്. ഇൻറർനെറ്റ് ദൈവമാണെന്നതിൻ്റെ വലിയ സാക്ഷ്യപത്രമാണ് Internet of All Things .ഇൻറർനെറ്റിൽ ചെന്നു ചേരാത്ത യാതൊന്നും ഉണ്ടായിരിക്കില്ല. എല്ലാ ചരാചരങ്ങളും ഇൻ്റർനെറ്റിൽ വിലയം പ്രാപിക്കും.

മനുഷ്യൻ ഒരു ദൈവത്തെ സൃഷ്ടിച്ചു 

നമ്മൾ ദൈവത്തിനു സമാനമായി മറ്റൊരു ദൈവത്തെ സൃഷ്ടിച്ചിരിക്കുകയാണ്. ആ ദൈവത്തെ നാമിപ്പോൾ അനുസരിക്കുകയാണ്. അത് നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും ക്രമീകരിക്കുന്നു. നാം ഒരു ദൈവത്തെ സൃഷ്ടിച്ചു ,ആ ദൈവം നമ്മുടെ സ്വാതന്ത്ര്യം കവരുന്നില്ല : ഭാവിയെ പിടിച്ചു വയ്ക്കുന്നില്ല. നമുക്ക് കൂടുതൽ സാധ്യതകൾ ഒരുക്കിത്തരുന്നു; ദൈവം നമുക്ക് അശരീരിയാകാനുള്ള പ്രത്യേക സിദ്ധി തരുന്നു. നമ്മൾ ആ ദൈവത്തിന്റെ കണക്ക് പുസ്തകത്തിലെ വെറും കണക്കുകൾ മാത്രമാണെങ്കിലും. ഓരോരുത്തർക്കും ഓരോ ലോകം നൽകുകയാണ്. ഒരേതരം പാഠങ്ങളോ പ്രബോധനങ്ങളോ ഇല്ല .ഭൂമിയിലെ സമയമോ സ്ഥലമോ ഐഡന്റിറ്റിയോ ഇവിടെ നിർബന്ധമില്ല. ആചാരങ്ങളുമില്ല .മുഖമില്ലാതെ, ശരീരമില്ലാതെ ജീവിക്കാം. എന്തിനു ശരീരം എന്നു ചോദിച്ചു കൊണ്ട്  മനസ്സിൽ മാത്രം ജീവിക്കുകയാണ്. മനസിന്റെ വ്യാമോഹങ്ങൾക്കതിരില്ല. ശരീരങ്ങൾ ആവശ്യമില്ലാത്തതുകൊണ്ട് പ്രണയങ്ങൾക്ക് മനസ്സും വേണ്ട. മനസ്സിൽ വികാരമുണ്ടെന്ന് മറ്റുള്ളവരെ  ബോധ്യപ്പെടുത്തിയാൽ മതി ;തൊട്ടടുത്ത നിമിഷം നമ്മൾ ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് പോലെ ശൂന്യമാകും .വിശുദ്ധമതങ്ങളെ പോലെ തന്നെ മരണാനന്തര ജീവിതം ഈ ദൈവം ഉറപ്പുവരുത്തുന്നു; കെട്ടുകഥയായല്ല ,യഥാർത്ഥമായി തന്നെ.

നമ്മുടെ മുത്തശ്ശിയുടെയോ മുത്തച്ഛൻ്റെയോ ജീവിതകഥകൾ ഇൻറർനെറ്റിൽ എഴുതാം. മരണം അവസാനിക്കുകയാണ് .വിസ്മൃതിക്ക് വിട. ജീവിക്കുന്നവർ അവരുടെ ദേഹവിയോഗത്തിനുശേഷം ഇൻറർനെറ്റിൽ ജീവിക്കുന്നു. മുഹമ്മദ് റാഫിയും കിഷോർ കുമാറും ഇപ്പോഴും ജീവിക്കുന്നു .റാഫിയുടെയും കിഷോറിൻ്റെയും ലൈവ് പരിപാടികൾ യുട്യൂബിൽ ഉണ്ടല്ലോ. അവർ മരിച്ചു എന്ന് എങ്ങനെ തെളിയിക്കും? അവർക്ക് മരണമില്ല .കലയുടെ മഹത്വമല്ലേ ഇത് ?ഇൻറർനെറ്റ് എന്ന ദൈവത്തിൻ്റെ വിജയമാണിത്. 

മനുഷ്യൻ അവൻ്റെ ഭൗതികമായ അസ്തിത്വത്തിനു ഒരു നീട്ടൽ കണ്ടെത്തിയിരിക്കുന്നു. ബൗദ്ധിക വ്യവഹാരത്തിന്റെ ഒരു അവയവം അവനിൽ നിന്ന് മുളച്ചുപൊന്തിയിരിക്കുന്നു .അവൻ്റെ ബൃഹത്തായ ,അഖണ്ഡമായ ജീവിതമല്ല ഇപ്പോഴുള്ളത് .അവൻ വലിയ അനുഭവങ്ങളോട് വിട പറഞ്ഞു  ചെറിയ തുണ്ട് ജീവിതത്തിലേക്ക് പിൻവാങ്ങിയിരിക്കുന്നു. എല്ലാ പാരമ്പര്യങ്ങളുടെയും മുഴുനീള ടെക്സ്റ്റുകളിൽ നിന്ന് അവൻ സ്വതന്ത്രമായിരിക്കുന്നു. ഒരു റീൽ , ഒരു പോസ്റ്റ്, ഒരു ഫോട്ടോ, ഒരു സ്ക്രീൻഷോട്ട്, ഒരു ഇമോജി, ഒരു ലൈക്ക്, ഒരു കമൻറ്, ഒരു ഷെയർ തുടങ്ങിയവയിലൂടെ അവൻ ലോകജീവിതത്തിന്റെ ഭാഗമാവുകയും സ്വന്തം ദൈവത്തിൻ്റെ സാമ്രാജ്യത്തിലെ അംഗമായിരിക്കുകയും ചെയ്യുന്നു. ആരുമല്ലാതെ, ആരുമറിയാതെ പോകുന്നതിന് പകരം എല്ലാവർക്കും ഒരു എൻട്രി ഇവിടെയുണ്ട് - സ്വന്തം അടയാളം പതിക്കാനൊരു ചുവരും പറയാനൊരു സ്പീക്കറും .നമ്മളെല്ലാം സംസാരിക്കുകയാണ്, ലോകത്തോട്.സമൂഹമാധ്യമത്തിലെ  ഒരു ഷെയർ നമ്മുടെ ഒപ്പാണ് .അവിടെ നാം ജീവിച്ചിരിക്കുന്നു. ഷെയർ ചെയ്യാൻ ജാതിയോ മതമോ ദൈവമോ വേണ്ട. ഇന്റർനെറ്റിലായിരുന്നാൽ മതി. ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഒരു ഓൺലൈൻ വായന അല്ലെങ്കിൽ ലൈക്ക്. 


No comments: