Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 2/എം.കെ.ഹരികുമാർ

 




ജീവിതം തന്നെ മറ്റുള്ളതിൽ നിന്നെല്ലാം  വിഭിന്നമാണ് .ഒരു ജീവിതവും മറ്റൊന്ന് പോലെയല്ല. ഒരാളുടെ ജീവിതം അതിൻ്റെ എല്ലാ സംഘർഷങ്ങളോടെയും  വിഷാദങ്ങളുടെയും സന്തോഷങ്ങളോടെയും സമ്പൂർണ്ണമാണ്.കാരണം ,ജീവിതത്തിൽ നിന്ന് ആർക്കും ഒന്നുതന്നെ എടുത്തുമാറ്റാനാകില്ല. വേദനകളിലും  ജീവിതം അതിൻ്റെ തന്നെ പരിവർത്തന ദശയിലാണ്. അതിനാൽ അതിനു താരതമ്യമില്ല .ഓരോ മനുഷ്യനും വ്യത്യസ്ത കാലവും മനസ്സും ശരീരവുമാണുള്ളത്. അവൻ്റെ അനുഭവങ്ങൾ നിസ്തുലമാണ്. അത് പ്രചോദനം നേടുന്നതും ആകാശങ്ങളിൽ മനസ്സിനെ തേടുന്നതും അതിൽ നിന്നു തന്നെയാണ് .അതുകൊണ്ട് ജീവിതങ്ങൾ ഓരോന്നും വേറെയാണ്. ഇതുപോലെതന്നെ വിഭിന്നമാണ് ഓരോ ചെറിയ ജീവിയുടെയും അവസ്ഥ. ഒരു ചെറിയ വിട്ടിൽ ജീവിതത്തെ വീക്ഷിക്കുന്നത് അതിനുമാത്രം പര്യാപ്തമായ രീതിയിലാണ് .ഉയർച്ചയും താഴ്ചയും അതിൻ്റെ സംവേദനം എന്ന  ആകാശത്തിനകത്തു മാത്രമാണ് .അത് എങ്ങനെ ഇന്ദ്രിയങ്ങളുടെയും സാധ്യതകളുടെയും ലോകത്ത് അതിന്റേതായ സമ്പൂർണ്ണതയിൽ കഴിയുന്നു?

ലോകം ഓരോ ജീവിയെയും ഓരോ പ്രത്യേക വാസഗൃഹത്തിൽ നിലനിർത്തിയിരിക്കുകയാണ് .ഒരു ജീവിവർഗ്ഗം ആ വാസഗൃഹത്തിന്റെ വലിയ രൂപമാണെന്ന് മനസ്സിലാക്കുക. ഒരു ജീവിവർഗ്ഗത്തിന്റെ സംവേദനം വേറൊരു ജീവിവർഗ്ഗത്തിന് അജ്ഞാനമാണ്. ഒരു കുഴിയാനയുടെ സംവേദനം ആനയ്ക്ക് അജ്ഞാതമാണല്ലോ.രാത്രിയിൽ കാഴ്ചയുള്ള ജീവികളുടെ വ്യവസ്ഥ എത്രമാത്രം സ്വയം സമ്പൂർണ്ണമാണെന്ന് മനുഷ്യനു അറിയില്ല. ഇത് ലോകാവസ്ഥയുടെ ഒരു രഹസ്യമോ അതിശയമോ അജ്ഞാതത്വമോ ആണ്. ഗുരു പിണ്ഡനന്ദിയിൽ എഴുതുന്നു:

"കല്ലിനകത്ത് കുടിവാഴുമൊരല്പജന്തു
വൊന്നല്ല നിൻ്റെ കൃപയിന്നറിയിച്ചിടുന്നു!
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ- റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നു."

കല്ലുകൾ പാകിയ നിലത്തും ആരും കാണാതെ ജീവിക്കുന്ന പ്രാണികളുണ്ട്. മനുഷ്യർ കാണാതെ എത്രയോ ജീവികൾ അവയുടെ വാസഗൃഹത്തെ നല്ലപോലെ കൊണ്ടുനടക്കുന്നു. മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾ കൊണ്ട് കണ്ടുപിടിക്കാനാവാത്ത എന്തെല്ലാം വിനിമയങ്ങൾ ആ ജീവികൾക്കുണ്ടാവും!. അതെല്ലാം ബുദ്ധിക്കതീതമായ കാര്യങ്ങളാണ്. നമ്മൾ എന്തുകൊണ്ട് ഇതൊന്നും അറിയാതെ ,നമ്മുടേതായ ഒരു ക്ഷീരപഥത്തിൽ ,ക്ലിപ്തമായ വിനിമയങ്ങളുമായി ചുറ്റിത്തിരിയുന്നു? നമ്മുടെ പരാജയങ്ങൾ ,തിരിച്ചടികൾ, വിഷമങ്ങൾ തുടങ്ങിയവ നമ്മുടേതായ വിനിമയലോകത്ത് മാത്രം സംഭവിക്കുന്നതല്ലേ ? അത് മറ്റൊരു ജീവിക്കും അറിയില്ല.അവയ്ക്ക് അതൊന്നും അറിയേണ്ട ആവശ്യമില്ല. അവയെ ,അവയുടെ നിഷ്കളങ്കതയെ ,നമ്മുടെ  വൈഷമ്യങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരിക്കുന്നത് വലിയ അതിശയമാണ് .നമ്മുടെ ധർമ്മ സങ്കടങ്ങൾ യാതൊന്നും അറിയാതെ മൈനകൾ പാടുന്നു. പട്ടികൾ കുറയ്ക്കുന്നു. അതുകൊണ്ട് അവയ്ക്ക് യാതൊരു കുറവുമില്ല. നമ്മളിൽ നിന്ന് ഈ പ്രപഞ്ചത്തിന്റെ എണ്ണമറ്റ ജീവികളെയും അവയുടെ വിനിമയങ്ങളെയും അകറ്റി നിർത്തിയിരിക്കുന്നത് നമുക്കും അവയ്ക്കും നല്ലതാണ് .

സ്നേഹം മനസിലാകും

നിലനിൽപ്പ് അതാവശ്യപ്പെടുന്നു. അതിൻ്റെയർത്ഥം വിനിമയങ്ങൾ നമ്മുടേതായ ലോകത്ത് പരസ്പരം പകരാനുള്ളതാണ് എന്നാണ് .നമ്മുടേതല്ലാത്ത ഒന്നിനോട് വിനിമയം സാധ്യമാകുന്നത് അതിസൂക്ഷ്മമായ തലങ്ങളിൽ മാത്രമാണ്. ജീവികൾക്ക് സ്നേഹം മനസിലാകം. എന്നാൽ മറ്റു പല വിനിമയങ്ങളും പൂർണമായി വിശദീകരിക്കാനോ തെളിയിക്കാനോ സാധ്യമല്ല.

ബിൽ ബ്രൈസൻ്റെ വാക്കുകൾ ഇങ്ങനെയാണ്: "we live in a universe whose age we can't compute ,surrounded by stars whose distances we don't altogether know , filled with matter we can't identify operating in conformance with physical laws whose properties we don't truly understand."

നമുക്ക് ഈ പ്രപഞ്ചത്തിന്റെ വയസ്സ് അറിയില്ല. ആകാശം നിറയെ നക്ഷത്രങ്ങളാണ് .എന്നാൽ അവ തമ്മിലുള്ള അകലം നമുക്കറിയില്ല. നക്ഷത്രങ്ങളിലെ ദ്രവ്യം എന്താണെന്ന് നമുക്ക് പിടിയില്ല. ഈ പ്രപഞ്ചത്തിന്റെ പ്രവർത്തനത്തിന് ചില നിയമങ്ങളുണ്ട്. എന്നാൽ അതിൻ്റെ മൂല്യങ്ങൾ എന്താണെന്ന് നമുക്കറിയില്ല.ഈ പ്രപഞ്ചത്തിൽ നാം എങ്ങനെ ആവിർഭവിച്ചു ,ഈ പ്രപഞ്ചവും ചരാചരങ്ങളുമായി എന്താണ് ബന്ധം തുടങ്ങിയ കാര്യങ്ങളൊന്നും അറിയില്ല. നമുക്ക് വേണ്ടിയല്ല ഇതൊക്കെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .എന്നാൽ ബൃഹത്തായ ഒരു ശൂന്യതയിൽ നമ്മൾ ഒറ്റപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്ന് കരകയറാൻ നാം നിമിഷംതോറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .ചുറ്റും അന്ധകാരമാണ് - അറിയത്തക്കതല്ലാത്ത അവസ്ഥ. ആദിയും അന്തവുമില്ലാത്ത, അല്ലെങ്കിൽ അതൊന്നും വ്യക്തമല്ലാത്ത ഒരവസ്ഥയിൽ ബോധം എന്ന ആകാശത്തിൽ നമ്മൾ ഏകാകികളായിരിക്കുന്നു. ഗുരു ഒരു ദൈവസങ്കല്പത്തിലേക്ക് എത്തിച്ചേരുന്നത് പ്രത്യേക സാംഗത്യത്തോടെയാണ് .ചെറുപ്രാണികളെ, അത്യന്തം വിജനമായ ഇടങ്ങളിൽ ജീവിക്കാൻ സഹായിക്കുന്നതാണ് ആരാണ് ?എങ്ങനെയൊക്കെയോ ജീവിക്കുന്നു. അതിന് ഒരു കാരണമോ ലക്ഷ്യമോ ഇല്ല. എന്നാൽ ജീവിക്കുന്നതായി അനുഭവപ്പെടുന്നു. ദൈവമല്ലാതെ മറ്റാരാണ് അതിനു സഹായിക്കുന്നത്?. ഈ ബോധം നിലനിന്നു. അതുകൊണ്ടാണ് നമ്മൾ ജീവിക്കുന്നതായി മനസ്സിലാക്കിയത്. ഒരു തേനീച്ചയ്ക്ക് താനൊരു തേനീച്ചയാണെന്ന് അറിയാമെന്ന് ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടത് കൗതുകകരമായി തോന്നി. തന്റെ മുഖ്യമായ തൊഴിൽ തേൻ ശേഖരിക്കുകയാണെന്നും തൻ്റെ വലിപ്പം  മറ്റു പല ജീവികളെയും അപേക്ഷിച്ച് ചെറുതാണെന്നും ഒരു തേനീച്ച മനസ്സിലാക്കുന്നതിൽ സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് അത് ഉപാധിയോ വ്യവസ്ഥയോ മുന്നൊരുക്കമോ ഇല്ലാതെ പറയുന്നത്. പറന്നുകൊണ്ട് അത് തൻ്റെ സ്ഥാനവും അസ്തിത്വവും ഉറപ്പിക്കുന്നു.

വളരെ സ്വയം സമ്പൂർണ്ണമായ ഒരവസ്ഥയിൽ പ്രാണികളെ ജീവിക്കാൻ അനുവദിക്കുന്നതിന് നന്ദി വേണ്ടേ? നമ്മെ ചൂഴുന്ന അനാദിയായ കൃപയെ നാം തിരിച്ചറിയുന്നുണ്ടോ? ഇതര ജീവികൾ അറിയുന്നുണ്ടോ ?ആരും  അറിഞ്ഞില്ലെങ്കിലും പ്രകൃതിയിൽ അത് നിലനിൽക്കുന്നു.അല്ലിക്കുടത്തിൽ, അമൃതകുംഭത്തിൽ അമരുന്ന ദേവേന്ദ്രനും ഈ കൃപ വേണം. ദേവന്മാരായാലും ദൈവത്തിന്റെ കൃപയ്ക്കുള്ളിലാണ് അവരുടെ ജീവിതം. ആരാണ് ദേവേന്ദ്രൻ ? നമ്മുടെ അന്തര്യാമിയായ ചേതനയാണത്. അതിനു ഇളക്കം തട്ടാം .അത് പലതും ആഗ്രഹിക്കുന്നു. മരണത്തിൽ നിന്ന് എന്നെന്നേക്കും  രക്ഷിക്കുന്ന അമൃത് ഭക്ഷിച്ച ദേവന്മാർക്കും ഈ കൃപയില്ലാതെ ജീവിക്കാനാവില്ല. ഏത് വിജയം, നേട്ടം  ഉണ്ടായാലും അതെല്ലാം ഒരു വലിയ കൃപയുടെ ഫലമാണ്.

ഒരു ചെറുജീവിയായാൽ പോലും

എന്തെന്നാൽ വെറും പിണ്ഡമായിരുന്ന നമ്മെ ശരീരവും ഇന്ദ്രിയങ്ങളും നൽകി നിലനിർത്തിയതിനു നന്ദിയായി ചിലത് പ്രകാശിപ്പിക്കേണ്ടതുണ്ട്. ഈ ജന്മം യാദൃശ്ചികമായ ഒരത്ഭുതമാണ്. അതുകൊണ്ടാണ് ബ്രൈസൺ  പറഞ്ഞത് ഒരു ചെറു ജീവിയായിരിക്കുന്നത് പോലും മഹാസംഭവമാണെന്ന്. നമ്മൾ കോടാനുകോടി വർഷങ്ങളിലൂടെയാണല്ലോ യാത്രചെയ്ത് ഇവിടെ വരെ എത്തിയത്. ചെറുജീവികൾക്ക് പിന്നിൽ അതിജീവനത്തിൻ്റെ വലിയൊരു  കഥയുണ്ട്. 

അത് ആരുടെ സഹായം കൊണ്ടായിരുന്നു ?നമ്മുടെ ശരീരബലം കൊണ്ടോ ആത്മബലം കൊണ്ടോ ആയിരുന്നില്ല .എങ്ങനെയോ, ഏതോ കൃപ നമ്മളിൽ പ്രവർത്തിച്ചിരുന്നു. നമ്മുടേതല്ലാത്ത ഏതോ ഗണിതത്തിൻ്റെ ഫലമായിട്ടാകാം ഇതെല്ലാം സംഭവിച്ചത്. അത് വേറൊരു പദ്ധതിയാകാം. പ്രാപഞ്ചികമായ ഏതോ പദ്ധതിയുടെ ഭാഗമായി നമ്മൾ ഉയിർ കൊണ്ടതാകാം. നമുക്ക് പങ്കാളിത്തമില്ലാത്ത, നേരിട്ട് ഇടപെടാനാകാത്ത ഒരു ജന്മമാണിത്. ഇവിടെ എന്ത് നടന്നാലും അതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. യാതൊന്നും പ്രവചിക്കാനാവുകയില്ല. എന്നാൽ സംഭവിക്കുന്നത് നമ്മുടെ താല്പര്യത്തിനനുസരിച്ച് വരുന്ന സന്ദർഭങ്ങളുണ്ട് .നമ്മൾ ഒരു ഇരയാണോ ?അതോ ദിവ്യമായ സന്ദേശങ്ങളെ ഉൾക്കൊള്ളാനുള്ള ശരീരങ്ങളോ ?

എന്താണ് ദിവ്യമായ സന്ദേശങ്ങൾ? അത് ബോധത്തിലൂടെ കടന്നു പോകുന്ന വികാരങ്ങളും ചിന്തകളുമാണ്. യാതൊന്നിന്റെയും പ്രഭവം നമുക്കറിയില്ല.നമ്മുടെ ഈ അവസ്ഥ ദീർഘമായ പ്രപഞ്ചയാത്രയിൽ ഒരു ബിന്ദുവാണ്. വളരെ ചെറിയ ,സൂക്ഷ്മമായ ഒരു ഘട്ടമാണത്. എന്നാൽ അവിടെ നമ്മൾ പരമാവധി ആശകളും തീവ്രമായ വികാരങ്ങളും പുറത്തെടുക്കുന്നു. പരമാവധി ജീവിക്കണമെന്ന ചിന്തയുണ്ടാകുന്നു.

ആരാണെന്നറിയാതെ 

അതിൽ നിന്ന് പൂർണമായ ലഹരി  നേടാനാണ് നോട്ടം. ഈ ജീവിതത്തിന് സ്ഥായിയായ യാതൊന്നും തെളിയിക്കാനാകില്ല .മിഥ്യയെ തന്നെയാണ് അത് ആവിഷ്ക്കരിക്കുന്നത്. ഗർഭപാത്രത്തിൽ കിടക്കുന്നതിനു  സമാനമായ അവസ്ഥയാണ് ജീവിതത്തിന് എപ്പോഴുമുള്ളത്. ഗർഭപാത്രത്തിൽ വച്ച് നമുക്ക് ഒന്നുമറിയില്ല. ജീവിക്കുന്നു എന്ന് ഉറപ്പിക്കാനാവശ്യമായ ബോധമില്ല. എന്നാൽ പിറന്നതിനു ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാലും നാം ആരാണെന്ന് അറിയില്ല. എ എന്നോ ബി എന്നോ പേരുണ്ടാകാം. നമ്മെ വിളിക്കാൻ ഒരു പേര് ചാർത്തി തരുകയാണ് .എ എന്ന വ്യക്തിയിൽ എ എന്ന പേരിന് ആധാരമായതൊന്നുമില്ല. മാതാപിതാക്കളുടെ പേരുകൾ നമ്മുടെ പേരിനൊപ്പം ചേർത്തുവച്ചാലും നമ്മൾ ആരാണെന്ന് പറയാനൊക്കില്ല. എല്ലാവരും അവരവരുടെയുള്ളിൽ ഞാൻ എന്നു പറയുന്നു. എന്താണ് ഈ ഞാൻ ? ഗർഭപാത്രത്തിലെ അവസ്ഥയിൽ, നമ്മുടെ പിറവിക്കു മുൻപ് എന്തായിരുന്നു ?യാതൊരു അറിവുമില്ല. അജ്ഞാതമാണത്. അറിവിനും അപ്പുറത്തു നിന്ന് എന്തോ സംഭവിക്കുന്നു .ഇതിൽ ഒരു കൃപയില്ലേ ?

എന്തുകൊണ്ടാണ് നമ്മൾ ഈ സമയസന്ധിയിൽ പിറന്നത്? നമ്മുടെ  ജീവിതകാലത്തിനു ശേഷം എന്താണെന്നു നമുക്കറിയില്ല .ഈ രണ്ടു വലിയ അജ്ഞതകൾക്കിടയിൽ  നമുക്ക് എന്ത് ആത്മബോധമാണുള്ളത്? മൗനത്തിലൂടെ അസാധാരണമായ സ്പർശനികൾ ഉപയോഗിച്ചു ചില വിനിമയങ്ങൾ സൃഷ്ടിക്കുകയാണ്. അതാണ് ഗുരു പറയുന്നത് ,പിണ്ഡത്തിനു അമൃത് നൽകി എന്ന് .ആ അമൃത് ആത്മാവാണ്. ഭാഗികമായ ചില അറിവുകളും അനുഭൂതികളും ചേർന്ന ബോധമാണത്. ആരും തന്നെ സംരക്ഷിക്കാനും വളർത്താനും ഇല്ലെങ്കിലും എത്രയോ പ്രാണികൾ അവയുടെ ഉഗ്രമായ ജീവിതായോധനം സാധ്യമാക്കുന്നു. നശ്വരവും അപകടകരവുമായ ജീവിതത്തിനടിയിൽ ഒരു പാവനത്വം അല്ലെങ്കിൽ കൃപാകടാക്ഷം  സന്നിഹിതമാണെന്ന് ഗുരു പറയുന്നു .അത് നമ്മൾ അറിയണമെന്നില്ല. ഒരാൾ ഒഴുക്കുള്ള നദി മുറിച്ചു കിടക്കുമ്പോഴോ വളരെ ഉയരമുള്ള ഒരു വ്യക്ഷത്തിൽ കയറുമ്പോഴോ ആ കൃപ ലഭിച്ചിട്ടുണ്ടാവാം.ഏതോ കൃപയുടെ ആവശ്യം നേരിടുന്നുണ്ട്. യാദൃച്ഛികതകളുടെ തിരയേറ്റത്തെ  മറികടക്കുന്നതിനു അതാവശ്യമാണ്. എല്ലാം യുക്തികൊണ്ട് തടഞ്ഞു നിർത്താനാവില്ല .

ഒരു നിമിഷത്തിന്റെയുള്ളിലാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ .അത് ശരിയാകാം ,തെറ്റാകാം. രണ്ടിന്റെയും ഫലം നാം തന്നെ നേരിടണം. അതിനിടയിൽ കൃപയുടെ സമസ്യ സംഭൃതമായിരിക്കുന്നു. 




  • പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 6/എം.കെ.ഹരികുമാർ




    ജീവിതത്തിന്റെ രഹസ്യം അങ്ങ് ഭ്രൂണാവസ്ഥയിൽ തന്നെയുണ്ട്. സ്വയം അറിയാത്ത ഒരു കാലമായി അത് ഇപ്പോഴും പിന്നിലുണ്ട്. ഓർമ്മകൾ തീവണ്ടിയുടെ ബോഗി വേർപെട്ടുപോകുന്നതുപോലെ ബന്ധം വേർപെടുത്തി ഭൂതകാലത്തിലേക്ക് മറയുന്നു. എത്ര ഓർമ്മിച്ചാലും  നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ആ സുഷുപ്തിയുടെ കാലഘട്ടത്തിലേക്ക് കടക്കാനൊക്കില്ല .അത് നമ്മെ സംബന്ധിക്കുന്ന ഓർമ്മകളല്ലായിരിക്കാം. നമ്മുടെ ആയുസ്സിന്റെ ഒരു ഖണ്ഡം അവിടെ അവശേഷിക്കുന്നു. ഭ്രൂണം ഒരു ആയിത്തീരലാണ്. അതിനു ഈ ലോകത്തെ അറിയാനും സ്വീകരിക്കാനുമുള്ള ഉപകരണങ്ങൾ വേണമായിരുന്നു .അത് സ്വരൂപിക്കാൻ ഒരു കാലം ആവശ്യമാണ്. പിറവിക്ക് ഈ സാധ്യതയേയുള്ളൂ .ഒരു മുട്ടയ്ക്കുള്ളിൽ കുഞ്ഞുണ്ട്. എന്നാൽ  മുട്ട പൊട്ടിച്ചാൽ കാണാനാവുകയില്ല. കുഞ്ഞ് അതിൽ വളരണം .ഒരു മുട്ടയിൽ ഒരു ജീവൻ അന്തർഭവിച്ചിരിക്കുന്നു, ദുരൂഹമായി.  ഒരു സ്വഭാവവും പെരുമാറ്റവും മരണവും ചേർന്ന കുഞ്ഞ് അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുട്ടയ്ക്ക് ജീവനെ ഉൾക്കൊള്ളാനാവശ്യമായ കാലം പ്രകൃതി നൽകുകയാണ്. ഗർഭത്തിലിരിക്കുന്ന കുഞ്ഞിനും  മുട്ടയ്ക്കുള്ളിലെ കുഞ്ഞിനും ഓർമ്മകളുണ്ടെങ്കിൽ തന്നെ അത് സ്വപ്നത്തിലെ അനുഭവം പോലെയാണ്. സ്വപ്നത്തിലെ സംഭവങ്ങൾ പിന്നീട് ഓർക്കാതിരിക്കുന്നത്  സംഭവിക്കാറുണ്ടല്ലോ .ഓർമ്മകൾ അരുത് എന്നാണ് ഭ്രൂണം പറയുന്നത് .

    "അന്നുള്ള വേദന മറന്നതു നന്നുണർന്നാ
    ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
    പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു -
    തന്നിട്ടുതന്നെയിതുമിന്നറിയുന്നു ശംഭോ! "
    അന്നത്തെ വേദന, ഭ്രൂണാവസ്ഥയിൽ അനുഭവിച്ച വേദന ഇപ്പോൾ ഓർമ്മ വരികയാണെങ്കിൽ ദുസ്സഹമായിരിക്കും. ഒരുപക്ഷേ, അത് ഒരു ഷോക്കായിരിക്കും. ദൈവത്തിൻ്റെ പദ്ധതിയാണിത് .ജീവിതത്തിൻ്റെ നിസ്സഹായതയും പരാശ്രയത്വവും അറിയാതെ അഹങ്കാരത്തിന്റെ മിഥ്യയിൽ ജീവിക്കുന്നത് വിധിയാണ്.നമുക്കാർക്കും സ്വയം ആരാണെന്നു അറിയില്ലല്ലോ. പലരും വിചാരിക്കുന്നത് താൻ ഒരു ജാതിയിൽ, മതത്തിൽ പിറന്നുവെന്നാണ്. ചിലർ സമ്പന്നരാണെങ്കിൽ ആ തലത്തിൽ സ്വയം സങ്കൽപ്പിക്കും. സ്വയം  ആരാണ് എന്നു ചോദിച്ചാൽ കുഴയും .നമുക്ക് ഒരു പേരുണ്ടോ ?ഒരു പേരിട്ടു വിളിക്കുന്നു എന്നേയുള്ളൂ. നമ്മുടെയുള്ളിലെ 'ഞാൻ' ആരാണ്? അതിനു ഒരു തുടക്കമുണ്ടോ? അത് അവസാനിക്കുന്നത് മരണത്തിലാണോ ? എങ്കിൽ മരണത്തിനു ശേഷം ആ 'ഞാൻ' ഇല്ലാതാവുന്നതിന്റെ യുക്തി എന്താണ്? ശരീരം ക്ഷയിക്കുന്നത് മനസ്സിലാക്കാം.  രോഗങ്ങൾ ഉണ്ടാകുന്നതു തിരിച്ചറിയാം. എന്നാൽ ശരീരം നശിക്കുന്നതുകൊണ്ട് ഞാൻ നശിക്കണമെന്നുണ്ടോ? ശരീരത്തിൽ മാത്രം 'ഞാൻ' നിലനിൽക്കുകയാണെങ്കിൽ അത് എവിടെ നിന്നു വരുന്നു? ഞാൻ ജീവൻ തന്നെയാണോ? 

    ഞാൻ ചിന്തിക്കുന്നു 

    'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു'(I am thinking ,therefore I exist) എന്നു ഫ്രഞ്ച് തത്ത്വചിന്തകനായ ദെക്കാർത്ത് (Descartes) പറഞ്ഞത്, ശരീരമല്ല ഞാൻ എന്നു അർത്ഥമാക്കാനാണ് .ഒരു ശരീരം മാത്രമായി ഞാൻ നിലനിൽക്കുന്നില്ല. മൃതദേഹം  നിലനിൽക്കുന്നില്ല ,എന്തെന്നാൽ അത് ചിന്തിക്കുന്നില്ലല്ലോ.

    എന്നാൽ 'ഞാൻ' എന്നു   തോന്നുമ്പോഴൊക്കെ ജീവിക്കുന്നു. ഇതല്ലേ ശരിക്കും ചെസ്സ് കളി ? നാം  'ഞാൻ' എന്ന കരു നീക്കുന്നു. പ്രപഞ്ചം മറ്റൊരു കരു നീക്കുന്നു. ആ കളിയിൽ നമുക്ക് തോൽക്കാനാണ് വിധി .നമ്മൾ 'ഞാൻ' എന്നതിനെ അവിശുദ്ധ വികാരങ്ങളുടെ പടനായകനാക്കി ഉയർത്തിക്കൊണ്ടുവരുന്നു .അവിടെ നാം സ്വയം തെറ്റിദ്ധരിക്കുന്നു,തെറ്റുകൾ ആരോപിക്കുന്നു ,മിഥ്യകൾ യഥാർത്ഥമാണെന്നു സ്ഥാപിക്കുന്നു, കലഹിക്കുന്നു ,വേർപിരിയുന്നു.

    വികാരങ്ങൾ നൽകുന്ന സന്ദേശങ്ങൾക്കനുസരിച്ച് ഞാൻ മാറുന്നു. എന്നിലെ 'ഞാൻ' ഒരു അവ്യക്തതയാണ്. വലിയ പണ്ഡിതനായാലും പാമരനായാലും ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് നോക്കിയാൽ മനസ്സിലാക്കുന്നതിൽ  ചെറിയ വ്യതിയാനമേയുള്ളൂ .പണ്ഡിതനു സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം കാണുമായിരിക്കും. ആ വിജ്ഞാനം പലർക്കും അറിവുള്ളതാണ്. ആ അറിവുകൾക്കപ്പുറത്ത് അയാളും ഒരു നിരക്ഷരനാണ്. അയാൾക്കും ഗാലക്സികളിൽ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല.

    സ്വയമറിയാതെയുള്ള ആട്ടം

    സ്വയമറിയാതെയുള്ള ആട്ടമാണ് ജീവിതം .അതിൽ യുക്തിയോ അടിസ്ഥാനമോ ഇല്ല. മനസ്സ് തൻ്റെ നിയന്ത്രണത്തിലല്ല .എല്ലാം ഭ്രാന്തൻ സ്വപ്നങ്ങൾ.ഗുരു പറയുന്നത് ,ഭ്രൂണാവസ്ഥയിലുണ്ടായിരുന്ന വേദന പിന്നീട് ഓർമ്മിക്കാനിടവന്നാൽ അത് തീയിൽ വീഴുന്നതിനു സമമായിരിക്കുമെന്നാണ് .ഇന്ദ്രിയങ്ങളൊന്നുമില്ലാതെ, ഇരുട്ടിൽ കഴിഞ്ഞ ആ കാലത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വശാസ്ത്രവും വിലപ്പോയില്ലല്ലോ. മനുഷ്യൻ എന്ന ജീവിയുടെ ഒരു കഴിവും അവിടെ കാണാനായില്ല. തികച്ചും നിസ്വനായി, സഹായം അഭ്യർത്ഥിക്കുന്ന മട്ടിൽ ,സകല നിയമങ്ങൾക്കും കീഴടങ്ങി കഴിഞ്ഞ ഒരു കാലഘട്ടത്തെക്കുറിച്ചോർത്താൽ മനുഷ്യനു അഹങ്കാരത്തിൽ തലയുയർത്താനൊക്കുമോ ?സകല പ്രകൃതിശക്തികളോടും ഭക്തിയും ആദരവും തോന്നും. ഒരാളെ സ്നേഹിക്കുമ്പോൾ നമുക്കുണ്ടാകുന്ന വിനയവും മര്യാദയും അതിനു തെളിവാണ് .ഫ്രഞ്ച് കവി പോൾ എല്വാദി (Paul Eluard)ന്റെ 'A Woman in Love' എന്ന ചെറിയ കവിതയിൽ
    "she has the colour of my eyes,
    She dissolves in to my shadow
    Like a stone against the sky" എന്നു എഴുതിയിരിക്കുന്നു .

    അവൾക്ക് കണ്ണുകളുടെ നിറമാണ്. എൻ്റെ നിഴലിലേക്ക് അവൾ അലിഞ്ഞു ചേരുകയാണ് ,ആകാശത്തിലേക്ക് എറിഞ്ഞുവിടപ്പെട്ട കല്ല് എന്ന പോലെ. ഇത് മനുഷ്യന്റെ മഹത്വത്തിന്റെ സൂചനയാണ്. മറ്റൊരാളെ സ്നേഹിക്കുന്നതുപോലെ മഹത്തരമായത് എന്താണ് ഈ ഭൂമിയിലുള്ളത് ?ഏത് പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ഐന്ദ്രിയമായ അനുഭവങ്ങളും പരിശുദ്ധമായ സ്നേഹത്തിന്റെ മുന്നിൽ വളരെ ചെറുതാണ്. അത് അവാച്യമായ ആന്തരാനുഭൂതിയാണ്.

    ഭ്രൂണമായിരുന്നപ്പോൾ നമുക്ക് ലോകമില്ലായിരുന്നു. കാരണം, നാം ചിന്തിച്ചിരുന്നില്ലല്ലോ. ഭ്രൂണത്തിനു അഞ്ചു വാതിലുകൾ നൽകിയത് ആരാണ് ?സ്വാഭാവികമായി ഉണ്ടായി എന്നു ശരീരശാസ്ത്രവാദികൾ പറഞ്ഞേക്കാം. എന്നാൽ അതിലൊരു രഹസ്യം അടങ്ങിയിരിക്കുന്നു .ഈ ലോകത്തിലേക്കുള്ള ചവിട്ടുപടികളാണ് ആ അഞ്ചു വാതിലുകളായ ഇന്ദ്രിയങ്ങൾ. അതിലൂടെയാണ് പിറന്ന ശേഷം നാം ലോകത്തെ നേരായും തെറ്റായും അറിയുന്നത് .ഇന്ദ്രിയങ്ങൾ സത്യം കാണിച്ചു കൊള്ളാമെന്ന് ഒരു ഉറപ്പും നൽകുന്നില്ല. ഇന്ദ്രിയങ്ങളെ ഉപയോഗിക്കേണ്ടത് ,അതിലൂടെ സാരം ഗ്രഹിക്കേണ്ടത് നമ്മുടെ ആഗ്രഹത്തിൻ്റെ ഭാഗമാണ് .ജർമ്മൻ തത്ത്വജ്ഞാനി ഫ്രിഡ്റിച്ച് നിഷേ(Friedrich Nietzsche) പറയുന്ന Will - മനസ് - ഇതാണ്. നാം ഉന്നതമായതിനുവേണ്ടി ആഗ്രഹിക്കണം .അത് നമ്മളിൽ തന്നെ അജ്ഞാതമായ നിലയിൽ അവശേഷിച്ചതാണ്; ഗർഭപാത്രത്തിൽ നഷ്ടപ്പെട്ടതാണത്. അതിനെ ഉണർത്താനാണ് ശ്രമിക്കേണ്ടത്. കലാകാരനിൽ ഏറ്റവും രൂക്ഷമായ പോരാട്ടം ഈ മേഖല കണ്ടെത്തുന്നതിനാണ്. നിഷേ എഴുതുന്നു: "സൗന്ദര്യം ,കലാകാരന്റെ കാര്യത്തിൽ എല്ലാ ബാഹ്യമാനദണ്ഡങ്ങൾക്കും അപ്പുറത്താണ്. എന്തെന്നാൽ സൗന്ദര്യത്തിൽ, വിപരീതങ്ങളെല്ലാം മെരുക്കപ്പെടുന്നു. ശക്തിയുടെ ഏറ്റവും ഉന്നതമായ സൂചകം, അതായത് ,വിപരീതങ്ങളുടെ മേലുള്ള ശക്തി ,അതാണ് പ്രധാനം."

    ഓരോ പിറവിയിലും ആവർത്തിക്കുന്നു 

    കലാകാരന്റെ ആഗ്രഹശക്തി സൗന്ദര്യത്തെ അപാരമായി വശീകരിക്കുന്നു .അവിടെ യാതൊന്നിനെയും ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യേണ്ടതില്ല. എല്ലാം ആ ശക്തിക്ക് മുൻപിൽ അനുസരണയോടെ നിൽക്കുകയാണ്. ഒരു സുഗമപാതയാണ് അവിടെ തെളിയുന്നത് .അദൃശ്യമായ ആ പാതയിൽ, ആഗ്രഹിക്കുന്ന മനസ്സ്, സർഗാത്മകമായ മനസ്സ് പുതിയ ഉയരങ്ങൾ താണ്ടുന്നു.മനുഷ്യനു ഒരു ഉന്നതമായ ജീവിതകല (Highest art of living) അവകാശപ്പെട്ടതാണ്. അതിനായി പ്രയത്നിക്കണം. അത് നശിപ്പിക്കുന്നവർ, ഭ്രൂണകാലത്ത് അബോധമായി നേരിട്ട  പാരമ്പര്യത്തെക്കുറിച്ച് അറിയുന്നില്ല. ഒരു കലാപത്തിലോ കോപത്തിലോ തിന്മയിലോ ഒടുങ്ങാനുള്ളതല്ല ജീവിതം.ജീവിതം സാർത്ഥകമായ ചില ലക്ഷ്യങ്ങളിൽ എത്തുന്നതിനുള്ള അന്വേഷണമാണ്. അതുകൊണ്ടാണ് ഭ്രൂണാവസ്ഥയിൽ ആരും അറിയാതെ, നാടും വീടും പേരും ഇല്ലാതെ ,എല്ലാ പ്രാപഞ്ചികമായ വൈകാരിക ക്ഷമതയ്ക്കും മുമ്പ് അന്ധതയിൽ കഴിഞ്ഞത്.ഒരു അർത്ഥം കണ്ടെത്താൻ നാം വിധിക്കപ്പെടുകയാണ്. ഭ്രൂണം  ജീവിതമായിരുന്നില്ല ;എന്നാൽ അതിലായിരുന്നു ജീവിതത്തിന്റെ പ്രാചീനത. അത് എന്തിനു ഏറ്റെടുത്തു? നമ്മുടെ ഇച്ഛയാലല്ലാതെ നാം ആ  രൂപത്തിൽ വന്നു .അതുകൊണ്ട് നമുക്കുമേൽ ചൊരിഞ്ഞ ആ  വാതിലുകൾ പുതിയ കാഴ്ചകളെ , ഉന്നതമായ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള അവസരം നൽകുകയാണ്.അത് ഒരു വാഗ്ദാനം പാലിക്കലാണ്.അത് ജനിയിലൂടെ ആവർത്തിക്കപ്പെടുകയാണ്. സൂര്യോദയങ്ങൾ പോലെ ഇന്ദ്രിയകവാടങ്ങൾ ഓരോ പിറവിയിലും ആവർത്തിക്കുന്നു .ഇന്ദ്രിയങ്ങൾ കൊണ്ട് എന്ത് ചെയ്യണമെന്നു അറിയില്ല എന്ന ദുഃഖസത്യം നിലനിൽക്കുകയാണ്. എങ്ങനെ ചിന്തിക്കണമെന്നു ഭൂരിപക്ഷത്തിനും അറിയില്ല. പുതിയ ഒരു മാനം നൽകുന്ന ചിന്തയുണ്ടാകുന്നുണ്ടോ ? ഉണ്ടാകുന്നില്ലെങ്കിൽ അതിനർത്ഥം പിറവിയിൽ ലഭിച്ച സൂര്യകവാടങ്ങൾ വേണ്ടപോലെ ഉപയോഗിച്ചില്ല എന്നാണ്.

    സ്നേഹത്തിൻ്റെ അനന്തമായ ഒഴുക്ക്

    ഇറ്റാലിയൻ കവി ദാന്തെ എഴുതി: I ,too,was created by eternal love. എന്താണ് ഈ അനശ്വരമായ പ്രേമം? അത് ദൈവികമായ ഈ സ്നേഹമാണ്. അളവറ്റ, അനന്തമായ കൃപയുടെ ധാരാളിത്തമായ സ്നേഹം. അതാണ് അഞ്ച് ഇന്ദ്രിയങ്ങളും  ക്രമബുദ്ധിയുമായി നമ്മെ ഉയർത്തിക്കൊണ്ടു വന്നത്. ആ സ്നേഹം എങ്ങനെ ലഭിച്ചു? മാസങ്ങളോളം ഗർഭസ്ഥ ശിശുവായിരിക്കാനും ,അതിനുശേഷം ലോകത്തെ മനസ്സിലാക്കാനുള്ള സിദ്ധികളുമായി ജനിക്കാനും വേണ്ടി നാം ആർക്കെങ്കിലും സ്നേഹം കൊടുത്തോ ?ആരെയും അറിഞ്ഞിരുന്നില്ലല്ലോ .ഗർഭപാത്രത്തിൽ വച്ച് ആരെയും അറിഞ്ഞില്ല. അതു കൊണ്ടു പിന്നീടും അറിയേണ്ട എന്നു തീരുമാനിക്കരുത്. നമ്മൾ ഒന്നും ചെയ്യാതെ തന്നെ നമുക്ക് ഇതെല്ലാം കിട്ടിയിരിക്കുകയാണ് .എത്ര വിലയിട്ടാലും മതിവരാത്ത സിദ്ധികൾ ഒരു ശരീരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു .സകല കലകളും ശാസ്ത്രങ്ങളും അതിലൂടെയാണ് ആവിർഭവിക്കുന്നത്. ഈ eternal love ,ഗുരു പറയുന്ന 'പൊറിവാതിലൊരഞ്ചുമിട്ടു തന്നിട്ട്' മനുഷ്യരാശിക്ക് ഇനിയും ആഴത്തിൽ മനസ്സിലാക്കാനായിട്ടില്ല. വ്യക്തിനിരപേക്ഷമായ ,നിർവേദമായ ഇന്ദ്രിയങ്ങളുടെ പൊരുളെന്താണ് ?ഏത് വ്യക്തിയിലാണോ ഇന്ദ്രിയങ്ങളിരിക്കുന്നത് അയാളുമായി അവയ്ക്ക് പ്രത്യേക ബന്ധമില്ല .നമ്മെ ഒരു സത്യം ചൂണ്ടിക്കാണിച്ചു തരാൻ ഇന്ദ്രിയങ്ങൾ പ്രതിജ്ഞാബദ്ധമല്ലാത്തതു കൊണ്ട് തിരഞ്ഞെടുപ്പ് നമ്മുടേതാണ്.

    പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 8/എം.കെ.ഹരികുമാർ


    •  
       
      മനുഷ്യർക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടമായ ഓർമ്മകളുമാണല്ലോ കൂട്ട് .ഓർമ്മ എരിതീയാണ്. അത് ഭൂതകാലം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. നാം  ജീവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ നാം ഭൂതകാലത്തെ നിർമ്മിക്കുകയാണ്. ഒരിക്കൽ ഒരു ജീവിതാനുഭവമുണ്ടായാൽ ,അത് തന്നെ ഭൂതകാലത്തെ നിർമ്മിക്കുകയാണ്.ഒരിക്കലല്ല , പലപ്പോഴായി. ഓർക്കുന്ന വേളകളിലെല്ലാം ഭൂതകാലം നിർമ്മിക്കപ്പെടുന്നു.അതുകൊണ്ട് വികാരജീവികളായ നമുക്ക് സങ്കടങ്ങൾ ഒഴിയാനൊക്കില്ല. ജീവിതം വികാരമാണ്. എന്തെന്നാൽ നമുക്ക് ശരീരമുണ്ട്, മനസ്സുണ്ട്. ശരീരവും വേദനയറിയിക്കും, മനസ്സും വേദനയറിയിക്കും. ശരീരത്തിനും മനസ്സിനും അസുഖം വരാം. അസുഖം വന്നാൽ രണ്ടിനും മരുന്നുണ്ട്. എത്രയൊക്കെ വിഷമിച്ചാലും മനുഷ്യർക്ക് സുഖവുമുണ്ട് .സുഖം വിധിച്ചിരിക്കുകയാണ്. വൈകാരികാനുഭവങ്ങൾ കിളിവാതിലുകളാണ്. പുറത്തുള്ള സുഖത്തിന്റെ അറിവ് അതിലൂടെയാണ് വരുന്നത്. സങ്കടമുള്ളവരെല്ലാം ആത്മഹത്യ ചെയ്യുന്നില്ലല്ലോ. എത്രയോ പ്രയാസങ്ങൾ നേരിട്ടാലും മനുഷ്യൻ അതിനെ മറികടന്ന് സുഖം തേടാനാണ് ശ്രമിക്കുന്നത് .ഒരു അട്ടയും വണ്ടും മറ്റു പല ജീവികളും അങ്ങനെ തന്നെയാണ്. തിരിച്ചടികളുണ്ടായാലും വീണിടത്ത് നിന്നു എഴുന്നേറ്റ് അവ വീണ്ടും സഞ്ചരിക്കും. സുഖം അകലെയുണ്ട് എന്ന വിശ്വാസം എത്ര സുഖമുള്ളതാണ്!. സുഖം  സങ്കല്പമാണെന്ന് കരുതേണ്ട;ജീവിതം തന്നെയാണത്. സൗന്ദര്യബോധവും സൗന്ദര്യാന്വേഷണവും ഇന്ദ്രിയാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സുഖമാണ് തരുന്നത് .ഐഹികജീവികൾക്കെല്ലാം ലൈംഗികത അനുവദിച്ചിരിക്കുന്നു. അത് സുഖമെന്ന അറിവാണ്, അനുഭൂതിയാണ്. ഈ ലോകത്ത് പ്രകൃതി എല്ലാറ്റിനും ഒരു സമതുലിതാവസ്ഥ നൽകിയിരിക്കുകയാണ്. ഗുരു എഴുതുന്നു:

      "എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ ദുരിതമൊക്കെയകറ്റേണേ നീ 
      ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി -
      ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!"

      എല്ലാം അറിയുന്ന ഭഗവാനോട് ഓരോന്നും പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല .മനുഷ്യന്റെ ദുരിതങ്ങൾ അവൻ്റെ മനസ്സ് എങ്ങനെയാണോ വായിക്കുന്നത് അതാണ് ഭഗവാനിലേക്ക് ചെല്ലുന്നത്. കാരണം ,ഭഗവാൻ നമ്മുടേതാണല്ലോ. നാം സ്വന്തം കർമ്മങ്ങൾ കൊണ്ടാണ് ഭഗവാനെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് നമ്മുടെ ദോഷങ്ങൾ നമ്മുടെ ദൈവത്തിലും നാം ആരോപിക്കുന്നു. അവൻ സൃഷ്ടിച്ച ദൈവമാണത് .ആ ദൈവത്തെ തിന്മയെന്ന ചോര കൊടുത്ത് അവൻ ചീത്തയാക്കിയിട്ടുണ്ടെങ്കിൽ ,അവന്റെ കർമ്മങ്ങൾ ആ നിലയിൽ വഷളാവുകയേയുള്ളൂ .അതുകൊണ്ട് നമ്മുടെ ചിന്തകളും കർമ്മങ്ങളും യഥാർത്ഥമായ ശുദ്ധതയിൽ പുനക്രമീകരിക്കേണ്ടതുണ്ട് .അപ്പോഴാണ് ദൈവം എന്ന പരമമായ അനുഭവത്തെക്കുറിച്ച് ഒരു ബോധ കണമെങ്കിലും ലഭിക്കുകയുള്ളൂ. .ആ ദൈവത്തോട് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലെന്നാണ് ഗുരു പറയുന്നത്. പിണ്ഡത്തിന് ,അതുകൊണ്ടുതന്നെ പ്രാർത്ഥിക്കാൻ ഒന്നുമില്ല. അത് ദൈവത്തെയെന്നപോലെ തന്നെയും അറിയുന്നില്ല.

      അസ്തിത്വഭാരം 

      ഒരു പിണ്ഡമായിരിക്കാൻ കഴിഞ്ഞതിനും ഒരു ശിശുവായി  പിറക്കാൻ കഴിഞ്ഞതിനും അനന്തമായ നന്ദി വേണം .യാതൊന്നാണോ നമ്മളിലൂടെ ഊർജ്ജമായി പ്രവഹിച്ചത് ,ആ സിദ്ധി എങ്ങനെ നിശ്ചയിക്കപ്പെട്ടു? അതാണ് ഗുരു പറയുന്നത്,'ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ' എന്ന് .ദുരിതങ്ങൾ ഒഴിയണമെന്നാണ് പ്രാർത്ഥന. എന്നാൽ അത് ഭഗവാനോട് പറയേണ്ടതില്ല. ഭഗവാൻ എല്ലാം അറിയുന്നുണ്ടല്ലോ.

      ജീവിതസുഖം ഒരു പ്രലോഭനമാണ്. എല്ലാവർക്കും അത് വേണം. ഇന്ദ്രിയാതീതമായ സുഖമാണ് പരിവ്റാജകർക്ക് വേണ്ടത്. സാധാരണ മനുഷ്യർക്ക് ലൗകികജീവിതത്തിൽ ദുരിതങ്ങളില്ലാതെ കഴിഞ്ഞാൽ മതി. അവർക്ക് അനശ്വരത വേണ്ട ;നൈമിഷികത മതി .എല്ലാം ഈ നിമിഷത്തിൽ കിട്ടുകയാണെങ്കിൽ സന്തോഷിക്കും. കാത്തിരിക്കുന്നത് അവർക്ക് പീഡനമാണ്.എല്ലാ നല്ല അനുഭവങ്ങൾക്കും കാത്തിരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാൽ അത് സംഘർഷാത്മകവും അലട്ടൽ  ജനിപ്പിക്കുന്നതുമാണ്. ഒരു മനുഷ്യൻ ഇതെല്ലാം ഒറ്റയ്ക്ക് നേരിടണം. പല സ്ഥാപനങ്ങളും ധാരാളം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെങ്കിലും മനുഷ്യജീവിതം വളരെ ക്രൂരമായ വിധം ഒറ്റപ്പെട്ടതാണ്. ജീവിക്കുന്ന ഒരാൾക്ക് പോലും ആ ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാകണമെന്നില്ല. ഒരു ശവമായി കിടക്കുകയാണെങ്കിൽ തന്നിലെ ഏകാന്തത എഴുത്തിന് പ്രയോജനപ്പെടുമെന്ന് ജർമ്മൻ  എഴുത്തുകാർ ഫ്രാൻസ് കാഫ്ക പറഞ്ഞത് ശ്രദ്ധിക്കണം .എഴുതുമ്പോൾ ഏകാന്തതയാണ് വേണ്ടത്. മറ്റുള്ളവരുടെ ശബ്ദമോ ഇടപെടലോ ഏകാന്തത നശിപ്പിക്കും. ശവത്തിന് യാതൊന്നും അറിയേണ്ടല്ലോ.ഗുരു പറയുന്നു ,'ഇല്ലാരുമിങ്ങടിയന്' എന്ന്. ആരും തന്നെ തുണയില്ല.എല്ലാ  വേദനകളും ഒറ്റയ്ക്ക് അനുഭവിക്കണം.പിണ്ഡമായിരുന്നത് ഒറ്റയ്ക്കാണ്. ഗർഭപാത്രത്തിൽ നേരിട്ട പ്രതിസന്ധികൾ മറന്നത് നന്നായി.

      അതൊക്കെ ഓർത്താൽ ജീവിതം തീർന്നു പോകും.'അന്നുള്ള വേദന മറന്നത് നന്ന്' എന്ന് ഗുരു തന്നെ  എഴുതിയിട്ടുണ്ടല്ലോ.' എല്ലാം മറക്കുന്നതാണ് ജീവിതത്തിനു മുന്നോട്ടുപോകാനുള്ള ശക്തി തരുന്നത്. ചുറ്റുമുള്ള അനേകകോടി പ്രാണികളുടെ കരച്ചിലും ജീവനു വേണ്ടിയുള്ള ഓട്ടവും അനാഥത്വവും ദൈന്യതയും ദുഃഖവും എത്ര  ഭയപ്പെടുത്തുന്നതാണ്!. ഓരോ ജീവിയും അതിൻ്റെ അലംഘനീയമായ അസ്തിത്വഭാരം ചുമക്കുകയാണ്, ഉപാധിയൊന്നുമില്ലാതെ. ആരും വന്ന് ആ ഭാരം ഏറ്റെടുക്കില്ല .ഒറ്റപ്പെടലിന്റെ സുഖം ആരായുന്നവരുമുണ്ട്.അവരാണോ കലാകാരന്മാർ? സ്വന്തം മനസ്സ് വേദനിപ്പിച്ച് അതിൽ നിന്ന് സൗന്ദര്യം സൃഷ്ടിക്കുന്നവർ. അവർ എല്ലാം സഹിക്കും. അവർക്ക് അതിൽ നിന്ന് അർത്ഥങ്ങൾ ലഭിക്കുന്നു.

      മുൻകൂർ മാപ്പ് 

      ഭഗവാൻ്റെ തുണ വേണമെന്ന് ഗുരു പറയുന്നത്, ഈ അതിഭയങ്കരമായ ദൈന്യത,ഒറ്റപ്പെടൽ താങ്ങാനാവാത്തതുകൊണ്ടാണ്.  മനുഷ്യൻ അവനെക്കുറിച്ചോർക്കുന്നതു കൊണ്ട് എപ്പോഴും ഇത് തെളിഞ്ഞു വരും. ലൂയി മക്നീസിന്റെ 'Prayer before Birth എന്ന കവിതയിലെ ഒരു ഭാഗം കൂടി ഇവിടെ ചേർക്കുകയാണ്:
      "I am not yet born; forgive me 
      For the sins that in me the world shall commit ,my words
      when they speak me,my thoughts when they think me."

      ഞാൻ ഇനിയും ജനിച്ചിട്ടില്ല .എന്നോട് മുൻകൂറായി ക്ഷമിക്കുക .ഈ ലോകം എന്നെക്കൊണ്ട് ചെയ്യിക്കാൻ പോകുന്ന പാപത്തിന്റെ പേരിൽ ,ഞാൻ പറഞ്ഞേക്കാവുന്ന അസഹനീയമായ കാര്യങ്ങളുടെ പേരിൽ, ഞാൻ ചെയ്തേക്കാവുന്ന ഭീകരമായ കാര്യങ്ങളുടെ പേരിൽ എന്നോട് ക്ഷമിക്കുക. മറ്റുള്ളവരുടെ പ്രേരണയാൽ എനിക്ക് ചെയ്യേണ്ടിവരുന്ന വഞ്ചനകളുടെ പേരിൽ .മറ്റുള്ളവർ എന്നെക്കൊണ്ട് ചെയ്യിക്കാൻ പോകുന്ന കൊലപാതകങ്ങളുടെ പേരിൽ .എന്റെ ജീവിതം തലതിരിഞ്ഞു പോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ അതിൻ്റെ പേരിൽ.ഒരു പിണ്ഡം ഇവിടെ പ്രാർത്ഥിക്കുന്നത് ജനിച്ചതിനു ശേഷമുള്ള അലങ്കോലത്തെ ഓർത്തുകൊണ്ടാണ്. മറ്റുള്ളവർ പാപം ചെയ്യിക്കുമെന്ന് അത് മനസ്സിലാക്കുന്നു.അങ്ങനെയാണെങ്കിൽ അതിന്റെ പാപം തന്റെ തലയിലായിരിക്കും പേറേണ്ടിവരുക. മറ്റുള്ളവർ തന്നെക്കൊണ്ട് അരുതാത്തത് പറയിക്കും ,ചെയ്യിക്കും.  എങ്ങനെ അതിനെയൊക്കെ പ്രതിരോധിക്കും.? താൻ ഒറ്റയ്ക്കായിരിക്കുമല്ലോ. താൻ നിരായുധനാവുക തന്നെ ചെയ്യും. എല്ലാ തെറ്റുകളും മറ്റുള്ളവർക്ക് വേണ്ടി ചെയ്ത് അതിൻ്റെ ഭാരം ചുമക്കുക എന്ന വിധിയിൽ നിന്ന് ഒഴിവാകാനാവില്ലെന്നറിയാം. അതുകൊണ്ട് മുൻകൂറായി ക്ഷമ ചോദിക്കുകയാണ്. ഒരു പിണ്ഡമായിരിക്കുന്നതാണ് അതിനേക്കാൾ ഭേദം. ജനിക്കുന്നത് പാപത്തിലേക്കും അരുതായ്കകളിലേക്കുമാണ്. 

      ഈ അവസ്ഥ മനസ്സിലാക്കികൊണ്ടാണ് ഗുരു ഭഗവാന്റെ ഇടപെടലിന് വേണ്ടി തീവ്രമായി അപേക്ഷിക്കുന്നത്.  സംസാരലോകത്ത് മര്യാദയോ ധർമ്മമോ കിട്ടുക പ്രയാസമാണ്. അതിനെ 'ദുരിതം' എന്ന വാക്ക് കൊണ്ടാണ് ഗുരു  വിശദീകരിക്കുന്നത് .താൻ എന്തിനുവേണ്ടി ജനിച്ചു, എങ്ങനെയെല്ലാം അതിനുവേണ്ടി ഒരുക്കപ്പെട്ടു എന്നറിയാതെ തന്നെ മനുഷ്യർ അപരാധങ്ങളിലേക്ക് തല താഴ്ത്തിവയ്ക്കുന്നു .ഈ ദുരവസ്ഥയിൽ രക്ഷിക്കാൻ ഭഗവാനല്ലാതെ മറ്റാരുമില്ല. ഒരു അദൃശ്യത നമ്മെ ചൂഴുകയാണ്. അവിടെയിരുന്ന് രണ്ട് കണ്ണുകൾ നമ്മെ വീക്ഷിക്കുകയാണ്. ആ കണ്ണുകളിൽ നിർവ്വേദമാണ് ഉണ്ടാവുക. എന്നാൽ പ്രാർത്ഥനയിലൂടെ സ്വയം ശുദ്ധീകരിക്കുന്ന പക്ഷം, അപ്രാപ്യമായ ആ നിർവ്വേദത്തിന്റെ പാരസ്പര്യത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യനു ദൈവമാകാൻ യോഗമുണ്ട്; അവൻ അത് ആഗ്രഹിക്കുന്നില്ലെങ്കിലും.   ദൈവമാണെന്ന് ധരിക്കുന്ന മനുഷ്യരും  ജാതി ,മത വ്യത്യാസങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ്. അവർ ഉള്ളിൽ ദൈവത്തെക്കുറിച്ച് വിചാരിക്കുന്ന ആശയങ്ങളുണ്ടെന്ന് പറയുന്നു. അതേസമയം അതിനു വിരുദ്ധമായത് ചിന്തിക്കുന്നു. പ്രാർത്ഥനയിലും ബൗദ്ധികവ്യവഹാരങ്ങളിലും അവർ വലിയ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു, വാദിക്കുന്നു , സമർത്ഥിക്കുന്നു. ആത്മീയമായ ആലോചനകളെപ്പറ്റി, ജീവിതചര്യകളെപ്പറ്റി നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു .എന്നാൽ വ്യക്തിജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പിലും അയിത്തവും വിവേചനവും കാണിക്കാൻ അവരുടെ ശരീരം സ്വയം സജ്ജീകരിക്കുകയാണ്. ഈ വൈരുദ്ധ്യം ,പക്ഷേ ഒരിടത്തും ചർച്ച ചെയ്യപ്പെടുകയില്ല. എല്ലാവർക്കും വലിയ ഗ്രന്ഥങ്ങളിലെ വാചകങ്ങളും ഉദ്ധരണികളുമാണ് ആവശ്യം. ചർച്ചകൾ അവസാനിക്കുകയില്ല. തലനാരിഴ കീറി എല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ, അതൊന്നും ശരീരത്തിൽ കയറുന്നില്ല. മനുഷ്യശരീരത്തിലേക്ക് ഗുരുവിൻ്റെ പ്രാർത്ഥന എന്ന് കയറിച്ചെല്ലുമെന്നാണ് ഇനി നോക്കേണ്ടത് .നാം ധാരാളം വ്യാഖ്യാനിക്കുകയും തർക്കിക്കുകയും ചെയ്തു. ബുദ്ധിപരമായ വ്യായാമത്തിനുള്ളതല്ല ഗുരുതത്വങ്ങൾ, ആത്മീയചിന്തകൾ. അത് പ്രായോഗികമായ രമ്യതയിലും സഹവർത്തിത്വത്തിലുമാണ് വിജയം കാണേണ്ടത്. പരാജയപ്പെടാതിരിക്കാനാണ് ഗുരുതത്ത്വം പുലരേണ്ടത്. 

      "എല്ലാവരുമാത്മസഹോദരരെ
      ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം ? "
      കൊല്ലുന്നതുമെങ്ങനെ ജീവികളെ 
      ത്തെല്ലു കൃപയറ്റു ഭുജിക്കയതും "
      (ജീവകാരുണ്യപഞ്ചകം) 
      എന്ന് ഗുരു ചോദിക്കുന്നുണ്ട്. മനുഷ്യർക്ക് ഇതൊക്കെ ബാലികേറാമലയാവുകയാണ്. ഓരോ ജീവിക്കും ഒരു യുഗം പോലെ ജീവിക്കാനുള്ളതാണ് സമയം .എന്നാൽ നാം കൃപയില്ലാതെ കൊന്നൊടുക്കുന്നു. ഈ പാപത്തിൽനിന്ന് നമുക്ക് മോചനമില്ല .എത്ര സാത്വികനാകാൻ ശ്രമിച്ചാലും നമ്മെ പാപം വന്നു സ്പർശിക്കും.അതാണ് ജീവിതം. ജീവിതത്തിൽ ഒരു കെണിയുണ്ട്. ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കാതെ ,നോവിക്കാതെ നമുക്ക് ജീവിക്കാനാവില്ല. സ്വാർത്ഥത ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പുലിയെ പോലെ വാ പിളർന്നു നിൽക്കുകയാണ്. അത് എവിടെ കൊണ്ടുപോയി ഒളിപ്പിക്കും. ?ആരെയും ഉപദ്രവിക്കാതെ പരമസാത്വികതയിൽ ജീവിക്കാമെന്നത് മിഥ്യയാണ്. ആരെയെങ്കിലും നോവിക്കേണ്ടിവരും. നടന്നുപോകുമ്പോൾ ഉറുമ്പുകളെ കൊല്ലേണ്ടിവരും .

      കുഴഞ്ഞ ലോകത്ത് ഒരു ക്രമം 

      മനുഷ്യജീവിതത്തിലെ സദാമുഖരിതമായ തിന്മയുടെ വാക്കുകളിൽ നിന്ന് രക്ഷനേടാനാണ് ഗുരു ഭഗവാനോട് അപേക്ഷിക്കുന്നത്. എല്ലാ സത്യങ്ങളും ഭാവികാലങ്ങളും ഗുരു ഗ്രഹിച്ചു. അതുകൊണ്ട് ഭാവി എങ്ങനെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു.പിണ്ഡത്തിന് ഒരു നിയോഗമുണ്ടാകുന്നു. അത് ആരും ചോദിച്ചു വാങ്ങിയതല്ല .അപ്രതിരോധ്യമാണ് പിണ്ഡത്തിൻ്റെ രൂപീകരണം. അതുകൊണ്ട് പിണ്ഡത്തിന്റെ വാഴ്വിനു നന്ദി പറയേണ്ടതുണ്ട്. ഈ ലോകം ദുഃഖങ്ങളാൽ മനോഹരമായ ജീവിതാകാശങ്ങൾ നെയ്തെടുക്കുന്നു. ടാഗോർ 'ഗീതാഞ്ജലി'യിൽ പാടുന്നു:(കെ.ജയകുമാറിൻ്റെ പരിഭാഷ)
      "വിരഹത്തിന്റെ വേദനയത്രേ ലോകങ്ങളിൽ വ്യാപിക്കുന്നതും ആകാശങ്ങളിൽ അനന്തവൈചിത്ര്യമാർന്ന രൂപങ്ങൾ വിരചിക്കുന്നതും. ഈ വിരഹത്തിന്റെ വേദനയത്രേ, രാത്രിയിൽ നക്ഷത്രത്തിന്റെ നിശ്ശബ്ദകടാക്ഷമാവുന്നതും മഴക്കാല കാളിമയിൽ ദലമർമ്മരങ്ങളിൽ ഗാനമാകുന്നതും .സർവ്വവ്യാപിയായ ഈ വേദനയത്രേ സ്നേഹകാമങ്ങളായി തഴയ്ക്കുന്നതും. മനുഷ്യഗേഹങ്ങളിൽ യാതനകളും സന്തോഷങ്ങളുമായി മാറുന്നതും എൻ്റെ കവിഹൃദയത്തിലൂടെ  എപ്പോഴുമെപ്പോഴും ഗാനങ്ങളായി അലിഞ്ഞൊഴുകുന്നതും."

      ജീവിതവിഷാദത്തിന് ചമൽക്കാരം  വേണമെന്ന് കവി ആഗ്രഹിക്കുന്നു. അപ്പോൾ യാഥാർത്ഥ്യം കുറേക്കൂടി സുന്ദരമാകും .നമുക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ് .ആകെ കുഴഞ്ഞ ഒരു ലോകത്ത് ഒരു ക്രമമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷെ പറഞ്ഞു: "ഒരുവന്റെയുള്ളിൽ നൃത്തം ചെയ്യുന്ന ഒരു നക്ഷത്രത്തെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു അലങ്കോലമുണ്ടായിരിക്കണം."



    പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -7/എം.കെ.ഹരികുമാർ




    ഗർഭംകൊണ്ട മാതാവിനാണ് അതിൻ്റെ  ഭാരവും വേദനയും ഹർഷവും അറിയാനാവുന്നത്. ഗർഭവതിയായിരിക്കുന്നത്  പ്രാപഞ്ചികമായ ആനന്ദമാണ് ;അതിൽ ഇരട്ട ആനന്ദമുണ്ട്. ഉള്ളിൽ മറ്റൊരു ജീവനെ പേറുകയാണ്. ആ ജീവനുമായുള്ള പാരസ്പര്യം ,സവേദനങ്ങൾ പ്രബലമാണ്. ഒരു ജീവനിൽ തന്നെ മറ്റൊരു ജീവനും സഞ്ചരിക്കുന്നു.ഒരു ശരീരത്തിൽ രണ്ട് ട്രാക്കുകൾ പ്രവർത്തിക്കുന്നു. എന്തൊരു വിചിത്രമായ ദർശനമാണിത്. ഒരു കുഞ്ഞ് പിറക്കാൻ മറ്റൊരു ശരീരം തന്നെ വേണം. അതിന് നിശ്ചിതമായ കാലാവധി വേണം. ലോകത്ത് വന്നാൽ വേണ്ടിവരുന്നതായ സകല മുറകളും ആയുധങ്ങളും സഞ്ചമാക്കുന്നതിനാണ് ഈ കാലാവധി .ദൈവത്തിൻ്റെ കാലാവധിയാണിത്. ദൈവം നമുക്കാവശ്യമായ സാമഗ്രികൾ ഭ്രൂണത്തിൽ നിറയ്ക്കുകയാണ്. ഓരോ അവയവവും ഭ്രൂണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക പ്രാർത്ഥനയുണ്ടാകണം. പ്രാർത്ഥന അതിൽ നിലീനമാണ്. കാരണം ,അത് സദുദ്ദേശത്തോടെയാണല്ലോ സ്ഥാപിക്കുന്നത്. ഓരോ അവയവവും നിഷ്കളങ്കമാണ്. അതിന്റെ പ്രവർത്തനം തീവ്രവാദപരമോ കലാപകലുഷിതമോ അല്ല. അവയെ  അങ്ങനെയൊക്കെയാക്കുന്നത് നമ്മുടെ മനസ്സാണ്. നമുക്ക് വേണ്ടിയല്ല ദൈവം നമ്മുടെ അവയവങ്ങൾ ഭ്രൂണത്തിനുളളിൽ നിക്ഷേപിക്കുന്നത്; ദൈവത്തിനു വേണ്ടി തന്നെയാണ്. എന്തെന്നാൽ ,ദൈവം ഈ ലോകത്തോട് ,നമ്മളോട് സംസാരിക്കുന്നത് ഈ മാധ്യമങ്ങളിലൂടെയാണ്.

    അനൈഹികമായ പദ്ധതി 

    ശിശുവായിരിക്കുന്നതിന് മുമ്പ് ഭ്രൂണം ഉറക്കത്തിലാണ്. എന്തെല്ലാമാവും ആ ഉറക്കത്തിൽ സംഭവിക്കുന്നത്? കാല്പനികമായി പറഞ്ഞാൽ അതൊരു സ്വപ്നകാലമാണ്.സ്വപ്നം കൊണ്ട് നിർമ്മിക്കപ്പെട്ട ഉടലിനകത്ത് സ്വപ്നം തന്നെയായിത്തീരുന്ന അവസ്ഥ. ടാഗോർ 'ഗീതാഞ്ജലി'യിൽ എഴുതി: (കെ.ജയകുമാറിൻ്റെ പരിഭാഷയിൽ നിന്ന്).

    "ഒരു ശിശുവിന്റെ കൺപോളകളിൽ 
    തത്തിക്കളിക്കുന്ന നിദ്രയില്ലേ ,അതെവിടെ നിന്നാണ് വരുന്നതെന്നന്നറിയാമോ? മിന്നാമിനുങ്ങുകൾ അരണ്ടവെളിച്ചം പരത്തുന്ന മാലാഖമാരുടെ നാട്ടിലെ വനികാനിഴലുകൾക്കിടയിലെ രണ്ടു മായികാമുകളങ്ങളിലാണ് അത് നിവിസിക്കുന്നതത്രേ. അവിടെ നിന്നാണ് ശിശുവിൻ്റെ കൺപോളകളെ ചുംബിക്കാനണയുന്നതത്രേ .ഉറങ്ങുന്ന ശിശുവിൻ്റെ ചുണ്ടുകളിൽ മിന്നിമിന്നിത്തെളിയുന്ന പുഞ്ചിരിയില്ലേ, അതെവിടെയാണ് പിറന്നതെന്നറിയാമോ? ചന്ദ്രലേഖയുടെ ഒരു നേർത്ത കിരണം വിലോലമായ ഒരു ശരത്കാലമേഘത്തിന്റെ വിളുമ്പിൽ സ്പർശിച്ചത്രേ. അപ്പോൾ, ഒരു നീഹാരാർദ്രവിഭാതത്തിന്റെ സ്വപ്നത്തിലാണ് ആ പുഞ്ചിരി ആദ്യം പിറന്നതത്രേ .ശിശുവിൻ്റെ കൈകാലുകളിൽ വിരിയുന്ന ആ നറും മൃദുലതയില്ലേ ,അതിത്രകാലവും എവിടെയാണൊളിഞ്ഞിരുന്നതെന്നറിയാമോ? സ്നേഹത്തിൻ്റെ നിശ്ശബ്ദമായ തരളനിഗൂഢതയായി ,അമ്മയൊരു   പെൺകിടാവായിരുന്നപ്പോൾ മുതൽ അത് ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നതാണത്രേ. ശിശുവിൻ്റെ കൈകാലുകളിൽ വിരിയുന്ന നറും മൃദുലത."

    ശിശുവിന്റെ കൺപോളയിലെ ഉറക്കം മാലാഖമാരുടെ നാട്ടിൽ നിന്ന് വരുന്നതാണെന്ന് ടാഗോർ പറയുന്നതിൽ നിന്ന് എന്ത് മനസ്സിലാക്കണം? അത് അനൈഹികമായ ഒരു പദ്ധതിയാണ്. ശിശുവിൻ്റെ ചുണ്ടിലെ പുഞ്ചിരിയോ? അത് ചന്ദ്രകിരണത്തിന്റെ പ്രഭാവമാണ്. അവിടെയും അപാരത നിഴലിക്കുകയാണ്. അത് നമ്മുടേതല്ല. നമുക്ക് ആ നിഷ്കളങ്കവും വിലോലവുമായ ഭാവത്തിൽ ഒരു പങ്കുമില്ല.നമ്മുടെ ലോകത്തിലെ തിന്മകളിൽ സ്പർശിക്കാത്ത പുഞ്ചിരിയാണത്.ഗുരു എഴുതുന്നു: 
    "എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി 
    വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
    നൊന്തിങ്ങു പെറ്റു ,നരിപോലെ കിടന്നു കൂവു -
    ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭു!" 

    മാതാവ് തൻ്റെ ഗർഭപാത്രത്തിൽ ഒരു ചുമടായി കൊണ്ടുനടന്നത് എത്ര മാസമാണ്. അത്രയും കാലം മാതാവ് വേറൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല: പ്രാർത്ഥന മാത്രം.തൻ്റെ കുഞ്ഞിനു ഒന്നും സംഭവിക്കരുതേയെന്ന് മനസ്സ് നൊന്ത് അപേക്ഷിച്ചിട്ടുണ്ടാവും. ആ അപേക്ഷ കേൾക്കാൻ ആരുണ്ട്? ദൈവമായി നാം മനസ്സിലാക്കുന്ന പ്രപഞ്ചവ്യവസ്ഥയുണ്ട് .മാതാവ് ആ കാലമത്രയും വേദനിക്കുകയായിരുന്നു. ശാരീരികമായും മാനുഷികമായും.പ്രസവിക്കുമ്പോൾ വേദനയാണ്.ഒരു ശിശു ലോകം കാണുന്നത് അങ്ങനെ തന്നെ വേണം. ഈ ലോകത്തിൻ്റെ ചൂടിലേക്കും  അവ്യവസ്ഥകളിലേക്കും മിഥ്യകളിലേക്കും നിരുപാധികം പ്രവേശിക്കുമ്പോൾ അത് സുഗമമാകില്ലല്ലോ.മാതാവിൻ്റെ വേദനയ്ക്കൊപ്പം ശിശുവും കരയണം. ശിശുവിന്റെ പുത്തൻ ലോകമാണ് .പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യങ്ങളും പത്തിവിടർത്തിയാടുന്നു.  എല്ലാ ദൈവങ്ങളും ചെകുത്താന്മാരും നേർക്കുനേർ വരുന്ന ഈ ഇരുണ്ട ലോകത്ത് ആദ്യമായി കാൽ വെക്കുന്നത് മസ്തിഷ്കത്തെ തന്നെ മാറ്റും.വേദനിക്കുന്ന സന്ദർഭമാണത്. മാതാവ് കരയുന്നു ,ശിശു കരയുന്നു. ആര് രക്ഷിക്കും? ഇനിയുള്ള കാലം അത് വഴി നടത്തും. നേർവഴി കാണിക്കാനാരുണ്ട് ? ഭാഷയോ തിന്മയോ അറിയാത്ത ഒരു ശിശു എങ്ങനെ ഈ ലോകത്തിലെ കിരാത നീതിയോട് ഏറ്റുമുട്ടും ?ഇതെല്ലാം അറിഞ്ഞാൽ ശിശു വന്ന വഴിയേ പോകാൻ ആഗ്രഹിച്ചു പോകും. എന്നാൽ പോകാനാവില്ലല്ലോ.ഈ പിറവി അനശ്വരമാണ്. എങ്ങോട്ടും രക്ഷപ്പെടാനാവില്ലല്ലോ.

    ദൈവം മനുഷ്യനിൽ കാണാനാഗ്രഹിച്ചത് 

    പ്രതിരോധമില്ലാത്ത യാത്രയാണ് മുന്നിൽ. പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങാനാവില്ല. അത് ദൈവം ചിന്തിച്ചിട്ട് പോലുമില്ല .എന്തിനാണ് മാതാവ് വെപ്രാളപ്പെടുന്നതെന്ന് കുഞ്ഞു ചോദിക്കുകയാണ്. ദൈവത്തിൻ്റെ ഒരു മാതൃക സൃഷ്ടിച്ചതായിരിക്കുമോ? മനുഷ്യൻ ദൈവത്തെ കാണുന്നത് തൻ്റെ രൂപത്തിലാണല്ലോ. അതുകൊണ്ട് ദൈവം മനുഷ്യന്റെ രൂപത്തിൽ സ്വയം കാണാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിച്ചാലും തെറ്റില്ല.

    ടാഗോർ എഴുതുന്നു: "നിറഞ്ഞു തുളുമ്പുന്ന ജീവിതത്തിന്റെ ഈ പാനപാത്രത്തിൽ എന്ത് വിശിഷ്ടപാനീയമാണ് എൻ്റെ ദൈവമേ, അങ്ങേയ്ക്ക് വേണ്ടത്? എന്റെ കവീ, സ്വന്തം രചനകളെ എൻ്റെ കണ്ണുകളിലൂടെ കാണുകയും, അങ്ങയുടെ തന്നെ അനശ്വരസംഗീതം എൻ്റെ കർണങ്ങളിലൂടെ കേൾക്കുകയും ചെയ്യുകയെന്നതാണോ അങ്ങയുടെ ആഹ്ലാദം. അങ്ങയുടെ ലോകം എന്റെ ചിത്തത്തിൽ വാക്കുകൾ നെയ്യുകയും അങ്ങയുടെ സന്തുഷ്ടി അവയ്ക്ക് ഈണം പകരുകയും ചെയ്യുന്നു. അങ്ങയെത്തന്നെ ഈ പ്രേമത്തിലൂടെ എനിക്ക് നൽകുകയും ,എന്നിലൂടെ അങ്ങയുടെ തന്നെ മധുരിമ അറിയുകയും ചെയ്യുന്നുവല്ലോ."

    ദൈവം ഒരു ശിശുവിൻ്റെ രൂപത്തിലായിരിക്കുമോ സ്വയം കാണാനാഗ്രഹിക്കുന്നത്? എങ്കിൽ ആ നിഷ്കളങ്കതയും നൈർമല്യവും അപ്രതിരോധ്യതയും ദൈവം എങ്ങനെ സ്വീകരിക്കും? ദൈവം പകരം എന്താണ് നൽകുക? ജീവിതത്തിൻ്റെ നിത്യസങ്കടകരമായ പാനപാത്രമാണല്ലോ നമ്മുടേത്? അതിൽ നിന്ന് എന്താണ് ദൈവത്തിന് വേണ്ടത്? ഒരു ശിശുവായി ,ജീവനായി, മനുഷ്യരൂപമായി വളർന്ന നമ്മൾ ദൈവം നൽകിയ ഈ പാനപാത്രം ഇനിയെന്ത് ചെയ്യും? വല്ലാത്തൊരു ചോദ്യമാണിത്.

    അതിൽ നിന്ന് ദൈവത്തിന് എന്ത് കൊടുക്കും ?ദൈവം സ്വന്തം രചനകളെ കാണുന്നത് നമ്മുടെ കണ്ണുകളിലൂടെയാണെങ്കിൽ അതെത്ര മഹത്തരമാണ്!. ഞാൻ നോക്കുന്നത് ദൈവത്തിൻ്റെ നോട്ടമാണ്. എന്നിലൂടെ   ദൈവം ലോകത്തെ കാണുകയാണ്. എങ്കിൽ ആ നോട്ടം ഈ പ്രപഞ്ചത്തിൻ്റെ ഏറ്റവും മനോഹരമായ സ്വപ്നവും സാക്ഷാത്കാരവുമാകണം. അതിനായി നാം പ്രയത്നിക്കണം .നാം ദൈവത്തിൻ്റെ സാമഗ്രിയാണ്.ഗുരു എഴുതി:

    "നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ ,സൃഷ്ടി -
    ക്കുള്ള സാമഗ്രിയായതും ."

    ഗുരുവിന്റെ സങ്കല്പത്തിൽ ദൈവം സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമാണ് .സൃഷ്ടിയുടെ സാമഗ്രിയും ദൈവം തന്നെ. ഇതൊരു ശാസ്ത്രമാണ്. സൃഷ്ടിയും സാമഗ്രിയും ഒരാൾ തന്നെയാവുകയാണ് .നമ്മളും സൃഷ്ടിയാകയാൽ നാം തന്നെ ദൈവമാണ്. നമുക്ക് ചിലതെല്ലാം സൃഷ്ടിക്കാനാവും .നാം എത്രയോ കലകൾ സൃഷ്ടിച്ചു. എത്രയോ മഹത്തായ ചിത്രങ്ങൾ, കവിതകൾ, നാടകങ്ങൾ ,വാസ്തുശില്പങ്ങൾ, സംഗീതശില്പങ്ങൾ മനുഷ്യൻ സൃഷ്ടിച്ചു. അതു മാത്രമല്ല, ഓരോ മനുഷ്യനിലും  ഈ കലയുണ്ട്. അവൻ പല മാർഗങ്ങളിലൂടെ ഇത് പ്രകടമാക്കുകയാണ്. ഒരു സംരചന എന്ന് പറയുന്നത് ഏത് പ്രവൃത്തിയിലുമുണ്ട് .ഒരു കുട്ടിയെ കളിപ്പിക്കുന്നതിൽ പോലും കലയുണ്ട്. ഒരു വയൽ കൃഷിക്കായി സജ്ജീകരിക്കുന്നതിൽ കലയുണ്ട്. ഒരു കളിമൺപാത്രം രൂപകല്പന ചെയ്യുന്നത് കലയാണ്. ഒരാൾ നടക്കുന്നതിൽ കലയുണ്ട്. എല്ലായിടത്തും സൃഷ്ടിയുണ്ട്. നാം സൃഷ്ടി തന്നെയാണ്. നാം ഒരു ശിശുവായി  സൃഷ്ടിക്കപ്പെട്ടതാണ്. നാം മക്കളെ സൃഷ്ടിക്കുന്നു. അങ്ങനെ സ്രഷ്ടാവാകുന്നു. സൃഷ്ടിയുടെ സാമഗ്രികൾ എന്തെല്ലാമാണ്? പഞ്ചഭൂതങ്ങൾ എല്ലാം സാമഗ്രിയാണ്. ശരീരവും മനസ്സുമെല്ലാം അതിൽ ഉൾപ്പെടുന്നു. ശരീരം ദൈവത്തിൻ്റേതാണ്. മനസ്സും ദൈവത്തിൻ്റേതാണ്. കാരണം ,അത് സൃഷ്ടിയുടെ സാമഗ്രിയാണല്ലോ. ഇവിടെ നാം ദൈവമായിരിക്കുകയാണ്. എന്നാൽ ദൈവമായവൻ ദൈവത്തെപ്പോലെ ചിന്തിക്കണം, പ്രവർത്തിക്കണം. ദൈവമായ ശേഷം കുശുമ്പ് പറയരുത്; ദ്രോഹിക്കരുത്.ഈ ഭൂമുഖത്തുള്ള സകല ജീവികൾക്കും പേടിസ്വപ്നമായി മാറരുത് .നാം നമ്മെ തന്നെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും വേണം.

    അനശ്വരമായ പ്രേമം

    ദൈവത്തിന്റെ സംഗീതം നമ്മുടെ കാതുകളിലൂടെ കേൾക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് ടാഗോർ പറയുന്നതിൻ്റെ പൊരുൾ ഇതാണ്. ദൈവം നമുക്ക് ദൈവത്തെ തന്നെ നൽകിയിരിക്കുകയാണ്. ഇതാണ് അനശ്വരമായ പ്രേമം .ദൈവത്തിനു ജീവിതത്തിൻ്റെ മനോഹാരിതയും ഹൃദ്യതയും അറിയാനാണ് നമ്മെ സൃഷ്ടിച്ചത്. അതുകൊണ്ട് നാം ആ പാതയിൽ നിന്ന് വ്യതിചലിക്കരുത്. മഹത്തായ ആ ദാനത്തെ  ചീത്തയാക്കരുത്, നശിപ്പിക്കരുത് . കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ദാനവും അനുകമ്പയും ഔദാര്യവും പ്രേമവും സ്വീകരിച്ച ശേഷം അവയെയെല്ലാം തള്ളി പറയരുത്. ദൈവത്തിൻ്റെ മഹത്വത്തെ അറിയുന്നത് സ്വന്തം പ്രവൃത്തികളിലൂടെയാകണം.

    ടാഗോർ എഴുതുന്നു :"പരിത്യാഗത്തിലല്ല എൻ്റെ വിമുക്തി. ആനന്ദത്തിന്റെ ഒരായിരം ബന്ധനങ്ങളിലൂടെ ഞാൻ സ്വാതന്ത്ര്യത്തിന്റെ ആലിംഗനമറിയുന്നു.
    അനേകം വർണങ്ങളുടെയും സുഗന്ധങ്ങളുടെയും മധു പകർന്നു തന്ന് ഈ മൺപാത്രം എപ്പോഴുമെപ്പോഴും നിറഞ്ഞുതുളുമ്പുകയാണല്ലോ. അങ്ങയുടെ മന്ദിരത്തിന്റെ അൾത്താരയിൽ എന്റെ ലോകം അങ്ങയുടെ ദീപനാളത്തിൽ നിന്ന് കൊളുത്തിയ ഒരായിരം വിളക്കുകൾ വയ്ക്കും. ഇല്ല ,ഞാനെന്റെ ഇന്ദ്രിയവാതിലുകൾ അടയ്ക്കുകയില്ല. കാഴ്ചയുടെയും കേൾവിയുടെയും സ്പർശത്തിന്റെയും പ്രഹർഷങ്ങൾ. അങ്ങയുടെ ആനന്ദമാണല്ലോ സംവഹിക്കുന്നത്." 

    ഇന്ദ്രിയങ്ങൾ ലഭിച്ചത് നമുക്ക് കിട്ടിയ ഭാഗ്യങ്ങളിലൊന്നാണ്. അതിലൂടെ ദൈവത്തെ അറിയാനാണ് ശ്രമിക്കുന്നതെന്ന് ടാഗോർ എഴുതുന്നു. ഈ ആനന്ദം ബന്ധനമാണ് .എന്നാൽ അതിലാണ് സൗഖ്യം. ഒരു ഭ്രൂണത്തിന്റെ യാത്രയിൽ എത്തിച്ചേരേണ്ടത് ഈ സൗഖ്യത്തിലാണ് .ഗുരു അത് ഇങ്ങനെ  സൂചിപ്പിക്കുന്നു:
    "ആഴമേറും നിൻ മഹസ്സാ- 
    മാഴിയിൽ ഞങ്ങളാകവേ 
    ആഴണം വാഴണം നിത്യം 
    വാഴണം വാഴണം സുഖം."





  • പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -5/എം.കെ.ഹരികുമാർ




    സംയോഗത്തിൽ ഏർപ്പെടുന്നവർ ആരായിരുന്നാലും അവർ കുട്ടിയുടെ മാതാപിതാക്കളാണ്. സന്താനോല്പാദനം ,ഒരു ഫാക്ടറിയിൽ നിന്ന് ചെരിപ്പ് ഉണ്ടാക്കുന്ന പോലെയല്ലല്ലോ. കൃത്യമായി മെറ്റീരിയൽ ഇട്ടുകൊടുത്താൽ ഒരേ വലിപ്പത്തിൽ ചെരുപ്പുകൾ  ഉണ്ടാക്കിയെടുക്കാം. യന്ത്രം അത്  ചെയ്യും. യന്ത്രം ഒരു ചെരിപ്പിന്റെയും രൂപഭാവങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച രൂപത്തിൽ അതിൻ്റെ ജാതകവും ഭാവിയും അടങ്ങിയിരിക്കുന്നു. അത് നിമിഷം കൊണ്ട് നിർമ്മിക്കപ്പെടുകയാണ്. അന്തിമമായ ഫലത്തിനായുള്ള കാത്തിരിപ്പ് അവിടെയില്ല. എല്ലാം ഒരു യന്ത്രസാക്ഷരതയിൽ ഭദ്രമാണ്. എന്നാൽ ജീവൻ അങ്ങനെയല്ല. അത് പ്രപഞ്ചത്തിൽ എവിടെ നിന്നോ വരുന്നതാണ് .ഒരു ജീവനായി ആരുടെ ഉദരത്തിൽ രൂപം കൊള്ളണമെന്ന് മുൻകൂട്ടി നിശ്ചയിക്കാനാവില്ലല്ലോ. ഏതൊരു ശിശുവിന്റെയും സ്വന്തം  തിരഞ്ഞെടുപ്പല്ല അത്. പിതാവ് എന്ന സ്ഥാനത്ത് വരുന്ന ബീജത്തിനോ  മാതാവ് എന്ന സ്ഥാനത്ത് വരുന്ന അണ്ഡത്തിനോ തങ്ങളുടെ ശിശുവിനെപ്പറ്റി ഒന്നുമറിയില്ല .അതിന് ഉറപ്പോ ശാശ്വതത്വമോ ഇല്ല .അത്  പ്രാപഞ്ചികമായ ഒരു അവസരമാണ്. അണ്ഡവും ബീജവും ചേർന്നാലേ അത് സാധ്യമാകൂ. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംയോജനം. പ്രപഞ്ചമാണ് അത് കൂട്ടിയോജിപ്പിക്കുന്നത്. ജീവൻ്റെ അതിജീവനം അല്ലെങ്കിൽ തുടർച്ച പ്രാപഞ്ചികമാണ്. അത് നമ്മുടേതെന്ന് എങ്ങനെ പറയാനാകും? അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൺ (Carl Sagan) പറഞ്ഞു ,നമ്മുടെ ശരീരം നക്ഷത്രങ്ങളിലെ വസ്തുക്കളെ കൊണ്ടു ഉണ്ടാക്കിയതാണെന്ന് ."The cosmos is within us.We are made of starstuff.we are a way for the universe to know itself. "നമ്മളിൽ നക്ഷത്രങ്ങളിലെ വസ്തുക്കളുണ്ട്. നമ്മുടെ ശരീരം അത്ഭുതകരമാണ്. നമ്മൾ പ്രാപഞ്ചികവസ്തുക്കളുടെ ഒരു കൂട്ടമാണ്.
    "The nitrogen in our DNA ,the calcium in our teeth,the iron in our blood,the carbon in our apple pies were made in the interiors of collapsing stars.we are made of starstuff. "

    നമ്മുടെ ഡിഎൻഎ യിലും പല്ലിലും രക്തത്തിലും ആപ്പിൾ പൈയിലുമെല്ലാം നക്ഷത്രങ്ങളിലെ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. അപ്പോൾ നമ്മൾ എങ്ങനെ ഒറ്റപ്പെട്ട്,പുറംലോകവുമായി ബന്ധമില്ലാത്ത നശ്വര വസ്തുക്കളാകും ? നമ്മളിൽ ഭൗതികമായ നശ്വരതയോടൊപ്പം ധാതുപരമായ അനുശ്വരതയുമുണ്ട്. നമ്മൾ ഈ മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളുടേതാണ്.ഒരു ഭ്രൂണമായി ജീവിതം തുടരുമ്പോൾ തന്നെ നമ്മെ പ്രാപഞ്ചികവസ്തുക്കൾ ആവേശിക്കുന്നു .

    "രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
    നാദം തിരണ്ടുരുവതായി നടുവിൽ കിടന്നേൻ,
    മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ -
    താതൻ വളർത്തിയവനാണിവനിന്നു  ശംഭോ!"

    രേതസ്സ് ,രക്തം എല്ലാം പ്രാപഞ്ചികമാണ് .നക്ഷത്രവസ്തുക്കളാൽ നിർമ്മിതമായ ഈ ശരീരത്തിൽ നമ്മുടേതായ യാതൊന്നുമില്ല .ശബ്ദവും ഈ പ്രപഞ്ചത്തിന്റേതാണ്. അവിടെ ഭ്രൂണത്തിനു പിതാവായി ആരാണുള്ളത് ? സംരക്ഷണം കൊടുക്കാൻ പുറത്തുനിന്നുള്ള ഒരു അദൃശ്യ കൈ പ്രവർത്തിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. യാദൃശ്ചികമായ അവസ്ഥകളിലൂടെ അതിജീവിക്കേണ്ടതാണവിടെ. ഈ പ്രപഞ്ചത്തിൽ നാം ഒരു ഘട്ടത്തിലും വേർപെടുത്തപ്പെട്ടവരല്ല .ഏതോ വിദൂരമായ നക്ഷത്രവസ്തുക്കൾ മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണോ ? നമ്മളെല്ലാം ഒന്നാണെന്ന വസ്തുതയെ ഒന്നുകൂടി ഉറപ്പിക്കുന്ന സന്ദർഭമാണിത്.  നമ്മളെല്ലാം ഭ്രൂണാവസ്ഥയിലായിരുന്നിട്ടുണ്ട്. ഉറങ്ങിക്കിടന്ന ആ വേളയിൽ ഈ ലോകം രക്ഷിച്ചു. ആശാൻ 'വീണപൂവി'ൽ എഴുതുന്നു '
    "ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം ?" എല്ലാവരും ഒരേ പൂർവ്വകാലത്തിൻ്റെ ,പ്രപഞ്ചത്തിൻ്റെ അവകാശികളാണ്.

    നക്ഷത്രസമൂഹങ്ങളിൽ നിന്ന് 

    ഈ പ്രപഞ്ചത്തിലെ എല്ലാ  മാനവരേയും നിർമ്മിച്ചിരിക്കുന്നത് പ്രാപഞ്ചിക വസ്തുക്കൾ കൊണ്ടാണ്. ഒരാൾക്കും മറ്റൊന്ന് വേണ്ടിവരുന്നില്ല. ഈ സാഹോദര്യം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് നിസ്സീമമായ നന്ദിയാണ് .എത്ര പ്രാവശ്യം തൊഴുതാലും തീരാത്ത നന്ദി. ജീവിതകാലമത്രയും ,അപ്രതിരോധ്യമായ അവസ്ഥയിൽ കഴിഞ്ഞതിന്റെ ഒരു നന്ദി ബാക്കി വച്ച് വേണം കുതറാനും ആളിപ്പടരാനും കുത്തിനോവിക്കാനും ശ്രമിക്കേണ്ടത്.

    സമ്മോഹനമായ ഒരു പ്രതീതി യാഥാർത്ഥ്യമാണ് ഭ്രൂണാവസ്ഥ. അത് ഈ ലോകജീവിതത്തിൻ്റേതല്ല; ശരീരത്തിനുള്ളിൽ തയ്യാറെടുക്കുന്ന സമയമാണത്. ഏതെല്ലാമോ നക്ഷത്രസമൂഹങ്ങളിൽനിന്ന് ശക്തിയും ഭാവനയും സമാഹരിക്കുകയാണ്. ചന്ദ്രനെക്കുറിച്ച് റഷ്യൻ ദാർശനികനായ ഗുർജിഫ് (Gurdjieff) പറഞ്ഞത് ശ്രദ്ധേയമാണ്: "ഈ ഭൂമിയിൽ ജീവിക്കുന്ന എന്തും - മനുഷ്യർ ,മൃഗങ്ങൾ ,സസ്യങ്ങൾ - എല്ലാം ചന്ദ്രനുള്ള ഭക്ഷണമാണ് .എല്ലാ പ്രവർത്തനങ്ങളും ,ആളുകളുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും , ചന്ദ്രനെ ആശ്രയിച്ചാണുണ്ടാകുന്നത്.  ചന്ദ്രനാണ് അവയെ നിയന്ത്രിക്കുന്നത്.  നമ്മുടെ ജീവിതത്തിൻ്റെ യാന്ത്രികമായ തലം ചന്ദ്രനെ ആശ്രയിച്ചിരിക്കുന്നു. ചന്ദ്രൻ്റെ പരിധിയിലാണത്. ഉള്ളിൽ അവബോധവും ഇച്ഛാശക്തിയും വികസിപ്പിക്കുകയാണെങ്കിൽ അത് ചന്ദ്രനിൽ നിന്നുള്ള രക്ഷപ്പെടലായിരിക്കും."

    ഗുർജിഫ് പറയുന്നത് ചന്ദ്രബിംബത്തിന് ജീവനുണ്ടെന്നാണ്. ഭൂമിയുടെ തന്നെ സഹജീവി. ഭൂമിയിലെ ജൈവമായ അവസ്ഥകളെ പിൻപറ്റിയാണത്രേ  ചന്ദ്രൻ ജീവിക്കുന്നത് .ഈ ജൈവാവസ്ഥയാകട്ടെ ചന്ദ്രന്റെ ആവശ്യാനുസരണമാണ് നിലനിൽക്കുന്നത്.ഗുർജിഫിൻ്റേത്  സങ്കൽപ്പികമായ ആശയമായി തോന്നാമെങ്കിലും ഭൂമിയിലെ ജീവിതവുമായി മറ്റു ഗ്രഹങ്ങൾക്കുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. ശാസ്ത്രീയമായി, നമ്മുടെ ശരീരത്തിലെ മൂലകങ്ങൾ മറ്റു ഗ്രഹങ്ങളിലുള്ളത് തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ ബാന്ധവമായിരിക്കാം ഗർഭപാത്രത്തിൽ ഒരു ജീവന് സുരക്ഷിതമായി, പിറക്കാൻ സമയമാകുന്നതു വരെ കഴിയാൻ സഹായിക്കുന്നത്. ഒരു സാർവലൗകികമായ ബന്ധത്തിൻ്റെ സൗഹൃദത്തിലാണ് നമ്മുടെ പിറവിയുടെ രഹസ്യമിരിക്കുന്നത്. ഇനിയും നാം തേടിച്ചെല്ലാത്ത സൗഹൃദം. ഏതോ ദിവ്യ സുഗന്ധം നമ്മെ കാത്ത് എവിടെയോ ഉണ്ട്. അനുഭവിച്ച സൗന്ദര്യത്തേക്കാൾ മികച്ചത് അതായിരിക്കാം. അതാണ് നമ്മെ അദൃശ്യമായി ക്ഷണിക്കുന്നത്. ചില സൗഹൃദങ്ങൾ നാം നേരത്തെ ആഗ്രഹിച്ചതാകണമെന്നില്ല .ഒരു മിനിറ്റ് നേരത്തേക്കോ ഒരു മണിക്കൂർ നേരത്തേക്കോ ആ അടുപ്പം നമുക്കായി സൃഷ്ടിക്കപ്പെടുകയാണ്. തിരക്കുകളിൽപ്പെട്ട നമുക്ക് അത് ആസ്വദിക്കാനാവുന്നില്ല. ചിലപ്പോൾ ,ഒരു യാത്രയിലായിരിക്കാം, തൊട്ടടുത്ത് വന്ന് ഏതാനും വാക്കുകൾ കൈമാറിയ ശേഷം ,സൗഹൃദത്തിൻ്റെ  ചെറിയ ഒരു പാട സൃഷ്ടിച്ച ശേഷം  എന്നേക്കുമായി മറഞ്ഞു പോകുന്നവരുണ്ട്.പിന്നീട് നമ്മൾ അവരെ കാണാറില്ല .

    അന്തരാത്മാവിൽ തൊട്ട് പറന്നു പോയതെന്ത് ?

    നൊടി നേരത്തെ സൗഹൃദങ്ങൾ നാം എന്തുകൊണ്ട് വിലയ്ക്കെടുക്കുന്നില്ല.? അല്ലെങ്കിൽ മനസ്സിന്റെ ആന്തരികമായ ചെപ്പിൽ സൂക്ഷിക്കുന്നില്ല? അതിൻ്റെ വില അറിയാത്തതുകൊണ്ടാണോ ? ഓരോ വ്യക്തിയും ഓരോ ഗ്രഹമാണ്. എന്നാൽ അതിന് കൃത്യമായ ഒരു ഭ്രമണപഥമല്ല ഉള്ളത്. അത് ഏത് ദിശയിലേക്കും സഞ്ചരിക്കും. ചിലപ്പോൾ പിറകോട്ടും വശങ്ങളിലേക്കും. അതിന് നിയതമായ പാതയില്ല .എന്നാൽ ആകസ്മികമായ ചില കണ്ടുമുട്ടലുകൾ ,കൂടിച്ചേരലുകൾ  സംഭവിക്കുന്നു.ആലക്തികഭംഗിയോടെ അന്തരാത്മാവിൽ തൊട്ട് പറന്നു പോകുന്ന സ്നേഹസൗഹൃദ ശലഭങ്ങൾ .അവയുടെ ചിറകുകളിലെ ഇഴയടുപ്പങ്ങൾ, നെയ്ത്തുഭംഗികൾ, വർണവന്യാസങ്ങൾ ആരുടെ സൃഷ്ടിയാണ്? സംവേദനത്തിന്റെ എല്ലാ ശക്തിയുമെടുത്ത് നാം നിരീക്ഷിക്കുകയാണെങ്കിൽ ഒന്നു മനസ്സിലാകും, അതെല്ലാം നമുക്കായി മാത്രം നിശ്ചയിക്കപ്പെട്ടതായിരുന്നു. നാം അതിൻ്റെ സൗന്ദര്യം വേണ്ട പോലെ ഉൾക്കൊള്ളാതെ നഷ്ടപ്പെടുത്തി .ഈ സത്യം എന്നെങ്കിലും കൺമുന്നിൽ വരികയാണെങ്കിൽ നാം വിലപിക്കും, നഷ്ടപ്പെടലിനെക്കുറിച്ചോർത്ത്. ഇതാണ് മാനവസത്ത .

    ഇതിലേക്കാണ് നാം വളരേണ്ടത്. 'പിണ്ഡനന്ദി' പറഞ്ഞു തരുന്ന നിസ്സീമമായ മാനവസൗന്ദര്യം അതാണ്. നമുക്ക് വിനീതരാകാം; സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും സംഗീതം, സാഹിത്യം ഉള്ളിലേക്ക്  വലിച്ചെടുക്കാനുള്ള വിവേകപൂർവമായ നന്ദി സമാഹരിക്കാം.എല്ലാ കൂട്ടിമുട്ടലുകൾക്കും ഒരു അർത്ഥമുണ്ട് .അവയെല്ലാം പ്രപഞ്ചത്തിലെ ഏതോ അനുപാതങ്ങൾ നിലനിർത്താനാവശ്യമായ ചേരുവകളാണ് .പ്രാപഞ്ചികമായ ചാരുതകൾ നമ്മളിലൂടെ പ്രവഹിക്കുകയാണ്, നമ്മൾ അറിയാതെ തന്നെ.

    ഷുവാങ്സിയുടെ സ്വപ്നത്തിലെ ചിത്രശലഭം 

    ചൈനീസ് തത്ത്വചിന്തകനായ ഷുവാങ്സി (Zhunangzi) വിചിത്രവും രസകരവുമായ ഒരു അസ്തിത്വാനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: :ഞാനൊരു ചിത്രശലഭമായിരിക്കുന്നതായി സ്വപ്നം കണ്ടു; ആകാശത്തിൽ പാറിപ്പറക്കുകയായിരുന്നു ഞാൻ. ഉണർന്നപ്പോൾ അതിശയിച്ചു പോയി. ഒരു ചിത്രശലഭമായി രൂപാന്തരപ്പെട്ടത്  എൻ്റെ സ്വപ്നമായിരുന്നോ ?.ഒരു  മനുഷ്യനാണെന്ന സ്വപ്നം കാണുന്ന ചിത്രശലഭമാണോ ഞാൻ ?"

    ഒരു ശലഭത്തിൻ്റെ സ്വപ്നമാണ് താനെന്ന് ചിന്തിക്കുന്ന ഷുവാങ്സി അത് സ്ഥിരീകരിക്കുന്നില്ല. തന്റെ സ്വപ്നത്തിൽ താനൊരു ചിത്രശലഭമായി രൂപാന്തരപ്പെട്ടതായി സംശയിക്കുന്നു. ഏതാണ് ശരി? ഈ സന്ദിഗ്ദ്ധത ജീവിതത്തിൽ നിലനിൽക്കുന്നു.ഭ്രൂണത്തിന്റെ ഒരു സ്വപ്നമാണോ ഈ ജീവിതം? എങ്കിൽ ആ സ്വപ്നം എത്ര അഗാധവും വിചിത്രവും സുന്ദരവുമാണ്. സന്ദിഗ്ദ്ധതയ്ക്കുള്ളിൽ  ജീവിതം അർത്ഥത്തെക്കുറിച്ചുള്ള ചർച്ചയായി മാറുന്നു.'പിണ്ഡനന്ദി'യുടെ സൗന്ദര്യം ഈ സന്ദിഗ്ദ്ധതയാണ്. ഭ്രൂണാവസ്ഥയിലായിരുന്നു നാം .അത് സുഷുപ്തിയുടെ കാലമായിരുന്നു. അവിടെ സ്വപ്നത്തിലേക്ക് പോകാൻ ഒരു അതിർവരമ്പുമില്ല .സ്വപ്നം തന്നെയായിരിക്കാൻ സാധ്യത ഏറെയാണ്. സ്വപ്നത്തിൽ ജീവിതം എങ്ങനെയും രൂപപ്പെടുമല്ലോ. പ്രപഞ്ചത്തിൽ ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളുണ്ടെങ്കിൽ അതിലേക്ക് ആ സ്വപ്നം ചേക്കേറുന്നത് അതീതമായ ചില നിയമങ്ങളെയും സാധ്യതകളെയും ഉൾക്കൊള്ളുന്നതുകൊണ്ടാകാം. ഒരു ഭ്രൂണത്തിന് സ്വപ്നം കാണുവാൻ പ്രപഞ്ചം അവസരമൊരുക്കുകയാണ്. എന്തെന്നാൽ ഭ്രൂണം സുരക്ഷിതമായിരിക്കുന്നു ;ജീവിതത്തെ മറ്റൊന്നായി മാറ്റുന്നു.

    ഭ്രൂണത്തിന് സ്വപ്നത്തിൽ ഒഴിഞ്ഞയിടങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് അഭൗമമായ ഘടകങ്ങളായിരിക്കാം. ഈ ഭൗമാതീതലോകവുമായി ഭ്രൂണം സംവദിക്കുന്നുണ്ടാവാം. കാരണം ,ആ വേളയിൽ മനുഷ്യരുടെ ലോകത്തല്ലല്ലോ അത് നിലനിൽക്കുന്നത്. അതുകൊണ്ട് ഗുരു അവിടെ ദൈവത്തെ പിതാവായി കാണുന്നത് ഒരു പുതിയ സൗന്ദര്യാനുഭവത്തിലേക്കുള്ള വാതിൽ തുറക്കുകയാണ്.



    പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ

     





    മനുഷ്യൻ്റെ ഈ ദയനീയമായ അവസ്ഥ ദൈവം സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവി ജോൺ ഡൺ ഇങ്ങനെ കൂട്ടിച്ചേർത്തു: അനശ്വരനായ ദൈവം നമ്മളിലേക്ക് അനശ്വരതയുടെ ഒരു കിരണം കടത്തിവിട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പാപം ചെയ്തുകൊണ്ടാണ് ആ  അനശ്വരതയെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്. തെറ്റായ പ്രബോധനങ്ങൾ കേട്ട് നമ്മൾ ദരിദ്രരായിരിക്കുകയാണ്. വ്യാജമായ അറിവുകൾക്ക് പിന്നാലെ നടന്ന് നമ്മൾ ആസക്തരായിരിക്കുന്നു."ഇത് അപ്രതിരോധ്യമാണ്. മനുഷ്യരുടെ വിധിയാണിത്. ഗർഭസ്ഥശിശുവായിരിക്കുമ്പോൾ ഈ വേർതിരിവുകളൊന്നുമില്ല.നിഷ്കളങ്കത ഭ്രൂണത്തിന്റെ രൂപം ആർജ്ജിച്ചിരിക്കുകയാണ്. പ്രപഞ്ചശക്തിയാണ് ഭ്രൂണത്തെ സംരക്ഷിക്കുന്നത്. ഭ്രൂണം സ്വയം രക്ഷിക്കുകയല്ലല്ലോ. ഭ്രൂണം ചെയ്ത പ്രവൃത്തികളുടെ ഫലമായി തിരിച്ചു കിട്ടുന്നതല്ല അതിൻ്റെ സുരക്ഷിതത്വം.Law of Attraction (നമ്മൾ എന്താണോ തീവ്രമായി ആഗ്രഹിക്കുന്നത് ,അത് നമ്മളിലേക്ക് തന്നെ ആകർഷിക്കപ്പെടും) ഭ്രൂണത്തിന് ബാധകമല്ലല്ലോ. ഭ്രൂണം ഒന്നും ആഗ്രഹിക്കുന്നില്ല .വ്യാജപ്രസ്താവനയ്ക്ക് പിന്നാലെ അത് ചെവിയോർത്ത് നടക്കുന്നില്ല .നല്ലത് ,ചീത്ത തുടങ്ങിയ തർക്കങ്ങൾ മാനുഷികമായിരിക്കെ ഭ്രൂണത്തിന്റെ ജീവിതം ആദിമമാണ് .ജീവിതത്തിന് മുമ്പുള്ള ഒരു ഘട്ടമാണിത്.ദുരിതത്തെയോർത്ത് ദുരിതമനുഭവിക്കുന്ന നമുക്ക് ദുരിതത്തിന്റെ കർത്തൃത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. നമുക്ക് പവിത്രമായ ജീവിതം അസാധ്യമാണ്. എന്നാൽ ഭ്രൂണത്തിന് സ്വന്തം കർമ്മങ്ങളിൽ ഏർപ്പെടാതെയിരിക്കാം . ജീവിക്കുന്നത് അറിയുന്നുമില്ല.


    "നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വച്ചു
    കാലൻ്റെ കൈയിലണയാതെ വളർത്തി നീയേ ,
    കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
    ക്കാലം നിറച്ചു കരയുന്നിതുകേൾക്ക ശംഭോ!"

    ആദ്യത്തെ ഏതാനും മാസങ്ങൾ ഭ്രൂണം തന്നെ ഒരു 'ശൈശവ'ദശയിലാണ്. ഭ്രൂണത്തിനും ബാല്യ,കൗമാര,യൗവ്വന, വാർദ്ധക്യകാലമുണ്ടെന്ന് സമ്മതിക്കണം. തുടക്കത്തിൽ  ഭ്രൂണത്തിന് ഒരു ഏകദേശരൂപമേയുള്ളു. ദേശമോ കാലമോ ഇല്ല. മതമോ ജാതിയോ ഇല്ല. പ്രപഞ്ചത്തിലെ ഒരു യഥാർത്ഥ അതിഥിയാണത്. പ്രപഞ്ചത്തിൽ ജീവൻ്റെ യാത്രയിൽ കണ്ണിചേർക്കപ്പെടുകയാണ്. ഏതോ ഒരു വ്യവസ്ഥ പ്രവർത്തിച്ചു തുടങ്ങുകയാണ് .ആരു സംഘടിപ്പിച്ചു ഈ വ്യവസ്ഥ ?

    മഹാപ്രപഞ്ചത്തിൻ്റെ ഒരു ഗണം 

    ഭ്രൂണത്തിനു തുടർ ജീവിതം  കിട്ടിയാലല്ലേ മനുഷ്യനു എന്താണ് ദൈവം കരുതിവച്ചിരിക്കുന്നതെന്ന് അറിയാനാവൂ. എല്ലാ തകർച്ചകളെയും വിദ്യാഭ്യാസവ്യവസ്ഥയാക്കി മാറ്റുകയാണല്ലോ നമ്മുടെ വിധി. എന്നാൽ ഭ്രൂണത്തിന് ഇതൊന്നുമറിയില്ല. അത് മാനവരാശിയുടെ പ്രതിനിധിയോ ആശ യാഭിലാഷങ്ങൾ നിറവേറ്റാനുള്ള ഉപാധിയോ അല്ല .ഭ്രൂണത്തിൻ്റെ വളർച്ച പൂർത്തിയാകുന്നത് വരെ, അതിന് ഭാവിയിൽ പ്രവർത്തിക്കാനാവശ്യമായ കരുക്കൾ നൽകിക്കൊണ്ടിരിക്കുകയാണ്.

    അനിയന്ത്രിതമായ വിഭവങ്ങൾ തലച്ചോറിൽ വച്ച് തരുന്നു. അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. മനുഷ്യന് എന്തൊരു സിദ്ധിയാണ്! . മഹാപ്രപഞ്ചത്തിന്റെ ഒരു കണമാണ് മനുഷ്യൻ എന്ന് മനസ്സിലാക്കുക.  എന്തിനാണ് ഒരു ഭ്രൂണത്തിന് നിശ്ചിതമായ മാസങ്ങൾ നൽകപ്പെട്ടിരിക്കുന്നത്? തീർച്ചയായും, നിഗൂഢമായ ഒരു വ്യവഹാരമാണിത്. അദൃശ്യവും അജ്ഞേയവുമായ ചില ഒത്തുചേരലുകൾ അവിടെയുണ്ട്. അത് ഒരു വളർച്ചയാണ്. അന്ത്യത്തിലേക്കുള്ള ആരംഭമാണ്. ഭ്രൂണം നിശ്ചിത മാസങ്ങൾക്കുള്ളിൽ ഒരു ജീവിതക്രമം പൂർത്തിയാക്കുകയാണ്. ഈ സമയത്തിന്റെ പരിപാലനം ആരുടെയോ കൈകളിലാണ്? ഭ്രൂണത്തിന്റെ നിസ്സഹായത നമ്മെ സ്നേഹത്തിലേക്കാണ് നയിക്കുന്നത്. ഭ്രൂണം വളർന്ന് ശിശുവായി പുറത്തുവരുമ്പോൾ നമ്മൾ എല്ലാ പാപങ്ങളെയും കുറ്റങ്ങളെയും ഉപേക്ഷിച്ച് നല്ലവരാകുന്നു.

    കുട്ടിയെ ഓമനിക്കുന്നത് നിഷ്കളങ്കമായാണ് .ശിശുക്കളെ നോക്കുമ്പോഴാണ് പരമോന്നതമായ ആ ഭാവം പുറത്തുവരുന്നത്. വെറുപ്പ് വിട്ടകന്ന മനസ്സാണപ്പോൾ .നമുക്ക് പുതിയൊരു ഉണർവും ആകാശവും തരാൻ ശിശുക്കൾ വേണം. നാം അവരിലാണ് നമ്മെ കാണുന്നത്.എന്നാൽ എത്രയും ഓമനിച്ചു വളർത്തുന്ന ശിശുക്കൾ പിന്നീട് തെറ്റുകളിലേക്ക് ആകർഷിക്കപ്പെടുന്നത് സാധാരണമാണ്. അപ്പോൾ നമ്മുടെ പക്കൽ അവർക്ക് കൊടുക്കാൻ നിഷ്കളങ്കതയില്ലാതാകുന്നു. എന്തെന്നാൽ അവരുടെ തെറ്റുകൾ നമ്മുടെ നന്മകളെ വറ്റിച്ചു കളയുന്നു. മറ്റുള്ളവരുടെ പതനവും നമ്മുടെ  ജീവിതത്തെ ബാധിക്കുന്നു. ഒരു കൂട്ടത്തിൽ ഒരാൾ ചെയ്യുന്ന തെറ്റ് എല്ലാവരെയും ബാധിക്കുന്നു. ഒരാളിലൂടെ അത് പുറത്തുവരുന്നു എന്നേയുള്ളൂ .അതുകൊണ്ട് മറ്റുള്ളവരെല്ലാം കുറ്റവിമുക്തർ എന്ന് വിചാരിക്കേണ്ട. ഒരു കുറ്റകൃത്യം ഒരടയാളമാണ് .സമൂഹം ആന്തരികമായി ചീത്തയാകുന്നതിൻ്റെ സൂചനയാണിത്. 

    ആത്മസാഹോദര്യം 

    ആ കുറ്റകൃത്യത്തിന്റെ ബീജരേണുക്കൾ സമൂഹത്തിലെ അംഗങ്ങളിൽ എവിടെയോ സന്നിഹിതമായിട്ടുണ്ട്. ഭ്രൂണത്തിൻ്റെ നിസഹായമായ അവസ്ഥയിലൂടെയുള്ള അതിജീവനത്തിന് നാം കൊടുക്കുന്ന പ്രാർത്ഥനയും ആദരവും ചെറുതല്ല. പുറത്തു നിന്നുകൊണ്ടാണ് നാം അത് ചെയ്യുന്നത്. ഉള്ളിൽ കയറി ശുശ്രൂഷിക്കാൻ കഴിയില്ലല്ലോ. ഒരാശുപത്രിയിലാണെങ്കിൽ അടുത്ത് ചെന്ന് വിശേഷങ്ങൾ ചോദിച്ചറിയാം.ഭ്രൂണത്തെ നമ്മൾ നേരിട്ടറിയുന്നില്ല. ഭ്രൂണം നമ്മെയും അറിയുന്നില്ല. അതുകൊണ്ട് ആ അതിജീവനത്തിന് ആരുടെയോ ദയാദാക്ഷിണ്യമുണ്ട്. ഈ അറിവാണ് ഗുരുവിനെ അഹിംസയിലേക്കും  അനുകമ്പയിലേക്കും നയിച്ചത്.ഗുരു  എഴുതി:
    "എല്ലാവരുമാത്മ സഹോദരരെ -
    ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം? കൊല്ലുന്നതുമെങ്ങനെ ജീവികളെ -
    ത്തെല്ലും കൃപയറ്റു ഭുജിക്കയതും ?"

    ഈ വാക്കുകളുടെ അടിത്തട്ടിൽ അലയടിക്കുന്നത് 'പിണ്ഡനന്ദി'യിൽ ഗുരു പവിത്രമായി ആവിഷ്ക്കരിക്കുന്ന ജൈവനന്ദിയാണ്. ജീവനോട് കൃപയുള്ളവരാകുന്നതിന്റെ ആവശ്യമാണ് 'പിണ്ഡനന്ദി'യിൽ വിവരിക്കുന്നത്.കൊല്ലുന്നതോടെ നാം ഭ്രൂണത്തിന്റെ മഹത്വത്തെ നഷ്ടപ്പെടുത്തുന്നു. എല്ലാവരും ആത്മസാഹോദര്യത്തിന്റെ സുവിശേഷം ഹൃദിസ്ഥമാക്കണമെന്ന് ഉപദേശിക്കുന്നു. നാം ഒരേ തരത്തിൽ ഭ്രൂണാവസ്ഥയിലൂടെ കടന്നു വന്നവരാണ്. നമ്മുടെ ഉത്ഭവത്തിലെ അവസ്ഥ സമാനമായിരുന്നു. നമ്മുടെ ആയിത്തീരൽ സമാനമായിരുന്നു. നമ്മൾ മാസങ്ങളോളം യാതൊന്നും അറിയാതെ ,ഒരു മഹാവ്യവസ്ഥയുടെ മാതൃക പോലെ ഒരു ഉദരത്തിലെ ഇരുട്ടിൽ കഴിഞ്ഞവരാണ്. നമ്മെ കാത്ത് ഒരു ഭാവി അവിടെയുണ്ടായിരുന്നു. നമ്മൾ എല്ലാം ഒരേ തരക്കാരാണ്. ഒരേ ശരീരമല്ലെങ്കിലും ഒരേ വർഗ്ഗത്തിൽപ്പെട്ട ജീവികളുടെ ഉദരങ്ങളിലാണ് എല്ലാവരും ഉദയം കൊണ്ടത്. ടെസ്റ്റ് ട്യൂബ് ശിശുവാണെങ്കിൽപ്പോലും ഭ്രൂണാവസ്ഥ ആവശ്യമാണ്. അപ്പോഴും നമുക്ക് ആത്മസാഹോദര്യത്തിനു അർഹതയുണ്ട്.

    ആത്മസാഹോദര്യം നമ്മുടെ അവിഭാജ്യമായ യാഥാർത്ഥ്യവും തത്ത്വചിന്തയുമാണ് .ആത്മസഹോദരൻ എങ്ങനെ പരസ്പരം കൊല്ലും? കൊല്ലണമെങ്കിൽ ആ സാഹോദര്യത്തിൻ്റെ സത്തയെ അറിയാതിരിക്കണം. നമ്മെ അന്ധത ബാധിക്കണം.

    "ആസുരം ലോകമൊന്നുണ്ട് 
    കൂരിരുട്ടാലതാവൃതം
    മോഹമാർന്നാത്മഹന്താക്കൾ
    പോകുന്നു മൃതരായതിൽ ."

    ഈശാവാസ്യോപനിഷത്തിന്റെ പരിഭാഷയിൽ ഗുരു എഴുതുന്നത് ഈ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ വിപുലമായ അർത്ഥങ്ങളുണ്ടാകും. ഭ്രൂണദയ ഇല്ലാത്തവർ മനുഷ്യത്വമില്ലാതെ ക്രൂരന്മാരായി മാറുന്നു. അവർ പരസ്പരം കൊല്ലുന്നു. അവർക്ക് ആത്മസാഹോദര്യമില്ല. അവർ ശത്രുക്കളെ പോലെ പെരുമാറുന്നു. എല്ലാ ജീവികളിലും  സ്നേഹചൈതന്യം എന്ന ഒരു ചരടുണ്ട്. അത് നമ്മെ ബന്ധിക്കാനുള്ളതാണ്. അതിനെ അറിയാത്തവർ സ്നേഹമെന്ന വികാരം ഇല്ലാത്തവരായി വളരുന്നു. 

    നിഷ്കളങ്കതയുടെ ,നിശ്ശബ്ദതയുടെ ശലഭങ്ങൾ 

    അവരാണ് കൂരിരുട്ടിലേക്ക് പോകുന്നത്.
    അവർ മൃതരെ പോലെയാണ്. തിരിച്ചുവരാനാവാതെയിരിക്കുന്നു. ദൈവം മാസങ്ങളോളം ഭ്രൂണത്തെ രക്ഷിച്ചതോർത്താൽ സഹോദര്യം ബോധ്യപ്പെടും.അപ്പോൾ കൊല ഇല്ലാതാവും. നന്ദിയുടെ സൂചകമാണ് ആ അറിവ് .നന്ദി ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലുമുണ്ടാവണം. ഒന്നും തന്നെ നമ്മുടെ പരിധിയിൽ അവസാനിക്കുന്നില്ല.

    "കൊല്ലായ്കിലവൻ ഗുണമുള്ള പൂമാ-
    നല്ലായ്കിൽ മൃഗത്തൊട് തുല്യനവൻ
    കൊല്ലുന്നവനില്ല ശരണ്യതമ-
    റ്റെല്ലാവക നന്മയുമാർന്നിടിലും "

    വലിയ പാണ്ഡിത്യം നേടിയത് കൊണ്ട് മാത്രമായില്ല; കൊല്ലുന്നവനാകരുത്.
    കൊല്ലത്തവനാണ് സഹൃദയൻ.അവനിൽ ഗുരു ഔന്നത്യവും നന്മയും ദർശിക്കുന്നു. നാളത്തെ ലോകത്തെ നയിക്കേണ്ടത് അവനാണ് .എത്ര ജാഗ്രത പുലർത്തിയാലും നമ്മെ ബാധിക്കേണ്ട പാപങ്ങൾ ബാധിക്കുമെന്നാണ് ഈ പരീക്ഷണം കാണിക്കുന്നത്. ഗർഭാശയത്തിൽ അനുഭവിച്ച അപാരവും അതീതവുമായ സുരക്ഷ വിസ്മരിച്ച് അറിവ് നേടിയ മനുഷ്യൻ പാപകർമ്മങ്ങളിൽ മുഴുകുന്നു. അറിവ് നേടുകയല്ല, അറിവ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.ഗർഭാശയത്തിൽ വച്ച് നമ്മെ തൊട്ടു തലോടി കടന്നുപോയ നിഷ്കളങ്കതയുടെ ,നിശബ്ദതയുടെ ശലഭങ്ങൾ പിന്നീട് തിരിച്ചുവരുന്നില്ല. യഥാർത്ഥ അറിവ് നിഷ്കളങ്കതയാണ്.

    ഓഷോ പറയുന്നത് ശ്രദ്ധിക്കാം: "വിശുദ്ധഗ്രന്ഥങ്ങൾ നശിപ്പിച്ചു കളയുകയാണ് വേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നിഷ്കളങ്കത എന്താണെന്ന് അറിയാൻ കഴിയുകയില്ല. നിങ്ങളുടെ അജ്ഞതയുടെ സൗന്ദര്യം അറിയാനുമാവില്ല.നിഷ്കളങ്കമായ അജ്ഞത നിങ്ങളുടെ അറിവിനെ ഉണർത്തുന്നു.വിവരങ്ങളിൽ നിന്നല്ല അറിവ് ഉണ്ടാകുന്നത്. അറിവ്  അറിയുക എന്ന് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. അറിവുള്ളവൻ ജ്ഞാനമുണ്ടെന്ന് നടിക്കുകയാണ്." ഈ നിഷ്കളങ്കമായ അജ്ഞതയാണ് ഭ്രൂണത്തിനുള്ളത്. അവിടെ നിന്നാണ് യഥാർത്ഥ ജ്ഞാനത്തിലേക്ക് ഉണരേണ്ടത്. പലതരം അറിവുകൾ യഥാർത്ഥവും ജ്ഞാനകേന്ദ്രീകൃതവുമായ അറിവിലേക്ക് പോകാൻ തടസ്സം സൃഷ്ടിക്കുന്നു .യഥാർത്ഥജ്ഞാനം സ്വയം ആർജിക്കുന്നതാണ്.മനുഷ്യർക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അറിവുകൾ കൂടുമ്പോൾ, എങ്ങനെ വിദഗ്ധമായി മറ്റുള്ളതിനെ കൊല്ലാം എന്നാണ് ചിന്തിക്കുന്നത്. അറിവ് ഹിംസയും നിന്ദയുമാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ വിദ്യാഭ്യാസം പരാജയപ്പെട്ടു എന്നാണർത്ഥം. നന്ദിക്കു പകരം നിന്ദയുണ്ടാകുന്നതാണ് ഏറ്റവും വിനാശകരമായിട്ടുള്ളത്.

    പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 3/എം.കെ.ഹരികുമാർ




    ഗർഭത്തിൽ കഴിയാനുള്ള അവസരം ഓരോ ജീവിയുടെയും സ്ഥിരനിക്ഷേപമാണ്. പൂർവ്വകാലത്തെ ആ അവസ്ഥ ഇല്ലാതാകുന്നില്ല. അത് നമുക്ക് പിന്തിരിഞ്ഞു ചെല്ലാനാവാത്തതാണ് .എന്നാൽ അത് സത്യമായിരുന്നു. ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെട്ടാലുടനെ കുട്ടി ഉണ്ടാകുന്നില്ലല്ലോ .ഒരു നിശ്ചിതസമയം വേണം. പാകപ്പെടാനുള്ള കാലം.ആ സമയം നമ്മുടെ കാലം സുഷുപ്തിയിലാണ്. കാലത്തെ അറിയുന്നില്ല. അതേസമയം കാലം സഞ്ചരിക്കുന്നുണ്ട്. അവിടെ ഭ്രൂണം  നിസ്സഹായമാണ് .സ്വയം പ്രതിരോധിക്കാനും കഴിയില്ല. യാതൊന്നിനും കഴിയാതെ ,മറ്റൊരാളിൻ്റെ ഉദരത്തിൽ കഴിയുകയാണ്. ആരെയെങ്കിലും ആശ്രയിക്കാതെ പിറക്കാനാവില്ല .പിറവിയിൽ തന്നെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു. പിറവി യിൽ നമ്മുടെ വിധേയത്വവും ദൈവികതയും നിലീനമാണ്. 

    ആരിൽ നിന്നും വേർപെട്ടു പോരാൻ കഴിയാത്ത വിധം നാം ബന്ധനത്തിലാണ് .നമ്മുടെ മനസ്സും ശരീരവും മറ്റാരോ തന്നതാണ്. എന്നാൽ ആ തിരഞ്ഞെടുപ്പിൽ നമുക്ക് പങ്കില്ല. ഏതോ ഒരു നിയോഗമാണത്. ഗർഭപാത്രത്തിനു ജാതിയോ മതമോ ഇല്ല. ശരീരത്തിന് അതിൻ്റെ നിയമങ്ങളേയുള്ളു. ശരീരം തന്നെ നാശോന്മുഖമാണ്. ഓരോ നിമിഷവും നശിക്കുന്ന ശരീരത്തിൽ മറ്റൊരു ജീവൻ, ഭ്രൂണം അള്ളിപ്പിടിച്ചു വളരുന്നു. പിറവി പ്രകൃതിക്ക് അനുകൂലമാണ്. പൂ വിരിയുന്നത് തണ്ടിന് പുറത്തേക്കാണല്ലോ .പൂവ് തിരിച്ചു തണ്ടിലേക്ക് പോകുന്നില്ല. ഭ്രൂണം നമ്മുടെ പൂർവ്വബന്ധത്തെ ഓർമ്മിപ്പിക്കാനുള്ളതാണ്. ഭ്രൂണം വളർച്ച പൂർത്തിയാക്കി പുറത്തിറങ്ങുന്നത് പുതിയ ഒരു ലോകത്തിലേക്കാണ്. ആ ലോകം നിറയെ വിഷാദമാണ്. എന്നിട്ടും നമ്മൾ ആശയങ്ങൾ കൊണ്ട് ജീവിതത്തെ നിർമ്മിച്ചെടുക്കുന്നു .യാതൊന്നും അറിയാതെ ഗർഭപാത്രത്തിൽ കിടന്നവർ പിന്നീട് ജ്ഞാനികളായി വളരുന്നു. ഗുരു എഴുതുന്നു:

    "ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
    ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ!വിചിത്രം;
    എന്തമ്പുരാൻ്റെ കളിയൊക്കെയിതെന്നറിഞ്ഞാ
    ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!"

    ഒരു ഭ്രൂണത്തിനു വളരാൻ ഗർഭപാത്രത്തിൽ ബന്ധുക്കളില്ല. സമുദായമോ രാഷ്ട്രീയപാർട്ടിയോ ആരാധനാലയങ്ങളോ സഹായത്തിനില്ല. ഭ്രൂണം ഏത് ഉപദേശം കേട്ടിട്ടാണ് പിറന്നു വീഴുന്നത്? ഒരു ഭ്രൂണത്തിന് യാതൊരു ബന്ധുബലവുമില്ല; ധനവുമില്ല .ആരുടെയും ഉടമസ്ഥതയിലുമല്ല. ഗർഭപാത്രത്തിൻ്റെ ഉടമസ്ഥയിലല്ല ഭ്രൂണം .കാരണം ,ഭ്രൂണത്തെ സംരക്ഷിക്കാനോ നിയന്ത്രിക്കാനോ ആരാണുള്ളത്? ആർക്കും ചെന്ന് സംരക്ഷിക്കാനുമാവില്ല. പിന്നെ എങ്ങനെയാണ് വളർന്നത്?

    ലോകം നമ്മളിലൂടെ പിറക്കുന്നു 

    നമുക്കൊരു ജീവിയെ കൂട്ടിലിട്ട് വളർത്താം. വളരുന്നത് നോക്കിയിരിക്കാം. നമുക്ക് അതിന് ഭക്ഷണം നേരിട്ട് കൊടുക്കാം. നമ്മുടെ അധീനതയിലാണെന്ന് പറയാം. അതിന് രോഗം വന്നിട്ടുണ്ടെങ്കിൽ കണ്ടറിയാം.എന്നാൽ ഭ്രൂണത്തിൻ്റെ കാര്യത്തിൽ ഈ കാണൽ അസാധ്യമാണ്. നമ്മുടെ അധീനതയിലല്ലല്ലോ. അതുകൊണ്ട് പ്രകൃതിയുടെ സ്വാഭാവികമായ ദയയ്ക്ക് വിടുകയേ മാർഗമുള്ളു.ഒരു ഗർഭപാത്രത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതുകൊണ്ടാണ് നമുക്ക് ഈ ലോകമുണ്ടെന്ന് ബോധ്യപ്പെട്ടത്. അല്ലെങ്കിൽ നമ്മൾ അറിയാതെ ഈ ലോകം നിലനിൽക്കുമായിരുന്നു. നമ്മൾ പിറന്നു എന്നതാണ് ഈ ലോകത്തിൻ്റെ യാഥാർത്ഥ്യത്തിന് അടിസ്ഥാനം. ഈ ലോകം നമ്മളിലൂടെ പിറക്കുകയാണ്. നമുക്ക് മുമ്പ് ഈ ലോകമില്ല. നമ്മുടെ ആകാശത്താൽ മാത്രമാണ് ഈ ലോകം നിലനിൽക്കുന്നത്. നമുക്ക് ശേഷമുള്ള ലോകം മറ്റാരുടേതോ ആയിരിക്കാം. അതുകൊണ്ട് നമ്മൾ പിറക്കാത്ത ലോകങ്ങളെല്ലാം നമ്മുടെ അജ്ഞാതത്വമായി തുടരുകയാണ്.നമ്മൾ ഈ ലോകത്തിലെ ഒരു പ്രജയായത് ,ഗർഭപാത്രത്തിൽ എത്തിച്ചേർന്നതുകൊണ്ടാണ്. നമ്മെ ആരെങ്കിലും കണ്ടുപിടിച്ച് ഗർഭപാത്രത്തിൽ എത്തിച്ചതല്ല. നമ്മൾ ആരാണെന്നറിയാതെയാണ് ഭ്രൂണത്തിൽ എത്തിയത്.ആരാണെന്ന് അറിയേണ്ട കാര്യം ഭ്രൂണത്തിനില്ല.  ഭ്രൂണമായിരിക്കാൻ വേണ്ടി നമ്മൾ ഒന്നും ചെയ്തില്ല .ഭ്രൂണം ജീവൻ്റെ ഒരവസ്ഥയാണ്. ജീവനെ സൃഷ്ടിക്കുന്നതിൽ അതിനു  ഉത്തരവാദിത്തമില്ല. അത് അണ്ഡ - ബീജ സംയോഗത്താൽ സൃഷ്ടിക്കപ്പെടുകയാണ്. 

    എങ്ങനെ ഈ ഗർഭപാത്രത്തിൽ ?

    അതുകൊണ്ട് നമ്മുടെ പിറവിയുടെ പേരിൽ നമുക്ക് യാതൊരു അഹങ്കാരത്തിനും ഇടമില്ല. ചിലർ പറയുന്നതുപോലെ ,കുലമഹിമയും  ജാതിപാരമ്പര്യവും അവർക്ക് അവകാശപ്പെടാനാവില്ല. ഒരു പിതാവിന്റെ മകനായി ജനിച്ചുവെന്ന് പറയുന്നത് ഭൗതികമായി ശരിയാണ്. ഒരു യോനിയിൽ നിന്നു പിറന്നു എന്ന് പറയാം. എന്നാൽ അതിന് മുമ്പ് നാം അവിടേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു  ഒരു കാരണവും ചൂണ്ടിക്കാട്ടാനില്ല. നമ്മൾ എങ്ങനെ ഒരു പ്രത്യേക ഗർഭപാത്രത്തിൽ വന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. അവിടെ ദൈവത്തിൻ്റെ അദൃശ്യത ഗുരു കാണുകയാണ്.

    അളക്കാനാവാത്ത ഏതോ ശക്തിയാണത്. അത് നമ്മെ വർഗപരമായി സ്വയം സമ്പൂർണ്ണമാക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ തരംഗദൈർഘ്യം നമുക്ക് ജീവിതയോഗ്യമായ വിധം ക്രമീകരിക്കപ്പെട്ടിരിക്കുന്നു .ചിലതെല്ലാം നാം കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. അതാണ് നമ്മുടെ ഏകാന്തത .ഏകാന്തതയെ കവികൾ മഹത്വവത്ക്കരിക്കാറുണ്ട്.  ഏകാകിയായിരിക്കുന്നതിന് സൗന്ദര്യാത്മകമായ മാനം നൽകാൻ കലാകാരന്മാർ എന്നും ശ്രമിച്ചിട്ടുണ്ട്.ഏകാകിയാകുന്നതെങ്ങനെയാണ്? നമുക്ക് എല്ലാറ്റിനോടുമുള്ള ബന്ധം അറ്റുപോകുന്നതു കൊണ്ടാണ്.ചുറ്റിനുമുള്ള സമൂഹത്തോട് എല്ലാ വൈയക്തികബന്ധവും അറ്റു പോകുന്ന ഘട്ടത്തിൽ അന്യനാകാനേ കഴിയൂ.

    ആരോടും ബന്ധം തോന്നുന്നില്ലെങ്കിൽ ഏകാകിയാവും. അതുകൊണ്ട് ഏകാകിത ഒരു മഹത്തായ കാര്യമല്ല. ഏകാന്തനായിരിക്കുന്നവൻ തൻ്റെ ഇന്ദ്രിയങ്ങളുടെ പരിചിത വൃത്തത്തിലേക്ക് ഒതുങ്ങുകയാണ്. നമുക്ക് ചുറ്റും അനേകകോടി ജീവികൾ അവരുടെ ജീവനുവേണ്ടി കരഞ്ഞു വിളിക്കുകയാണ്. ജീവൻ വെടിയുന്നത് വേദനാജനകമാണ്. അത് ആരും ഇഷ്ടപ്പെടുന്നില്ല. ജീവൻ നിലനിർത്താൻ ജീവികൾ അതിവേഗം ഓടുന്നു, പിന്നിൽ ഒരു ഇരയുണ്ടെന്ന് അറിഞ്ഞുകൊണ്ട്. മനുഷ്യനും ആ പരിഭ്രാന്തിയുണ്ട്. അവനെ കൊല്ലാൻ വരുന്ന പലതുമുണ്ട്,പിന്നിൽ. അവൻ ആ ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിച്ച് വാർദ്ധക്യത്തിലേക്ക് ഓടിക്കയറുകയാണ് .അവന് പിന്തിരിഞ്ഞ് നോക്കാൻ നേരമില്ല. അവനെ കാലം വിഴുങ്ങാൻ വരുന്നു.ജരാനരകൾ ആക്രമിക്കാൻ വരുന്നു. ഭയം കെട്ടിവരിയാൻ വരുന്നു. എല്ലാം നമ്മുടെയുള്ളിൽ തിളച്ചു മറിയുകയാണ് .

    ദൈവം എന്ന മരം 

    ഒരു ഭ്രൂണത്തെ ഈ ഭയം വേട്ടയാടുന്നില്ല. എന്നാൽ നിഷ്കളങ്കമായ അവസ്ഥയിൽ അപ്രതിരോധ്യമായവിധം നിലകൊണ്ടു പുറത്തേക്കു വരുന്ന ഈ ഭ്രൂണത്തെ ലോകം എങ്ങനെയാവും കാണുക? പ്രപഞ്ചത്തിന്റെ അദൃശ്യമായ ആനുകൂല്യത്താൽ മാസങ്ങൾ കഴിച്ചുകൂട്ടാൻ അവസരം ലഭിക്കാതെ ഒരു ഭ്രൂണത്തിന് വളർച്ച പൂർത്തിയാക്കി പുറത്തേക്ക് വരാൻ  പര്യാപ്തമാണോ ഈ ലോകംഅവിടെയാണ് ഗുരു ദൈവത്തെ വിളിച്ചുപോവുന്നത്. 'സ്വാനുഭവഗീതി'യിൽ ഇങ്ങനെ എഴുതുന്നു:

    "നൽകണമടിയനു നിൻ പൂ ' പ്പൈങ്കഴലിണ നീരണിഞ്ഞ വെൺമലയേ!
    കൂകും പൂങ്കുയിലേറി -
    പ്പോകും പൊന്നിൻ കൊടിക്ക് പുതുമരമേ !

    പുതുമരമേ പൂംകൊടി വ-
    ന്നതുമിതുമൊക്കെപ്പരന്ന നിൻകൃപയേ പദമലരിണയെൻ തലയിൽ
    പതിയണമെൻമെയ് കലർന്നു കൊള്ളണമേ! "

    ഒരു പൊന്നിൻ കൊടിയെക്കുറിച്ച് ഗുരു സൂചിപ്പിക്കുന്നു. അത് പ്രാണന്റെ വള്ളിയാണ്. അത് നമ്മുടെ ശരീരത്തിൽ പടർന്നിരിക്കുകയാണ്. ആ പൊന്നിൻ കൊടിക്ക് ചുറ്റിപ്പുണരാൻ പറ്റിയ ബലത്തിൽ ദൈവം സന്നിഹിതമായിരിക്കേണ്ടതുണ്ട്.ദൈവത്തെ ഒരു മരമായി ഗുരു സങ്കൽപ്പിക്കുന്നു. ആ മരത്തിലേക്ക് നമുക്ക് ചുറ്റിപ്പടരാം. ഇത് എങ്ങനെ സാധ്യമാകും? അതിനൊക്കെ അവസരം കിട്ടിയാലായി. അതുകൊണ്ടാണ് അവിടുത്തെ പൂപ്പൈങ്കഴലിണ,പദമലരിണ തന്റെ തലയിൽ സ്പർശിക്കണമെന്ന് ഗുരു അപേക്ഷിക്കുന്നത്. കലുഷിതമായ ഒരു ലോകമാണ് ചുറ്റിനുമുള്ളത്. അതിൽ നേരേത് എന്ന് അറിയാൻ മാർഗമില്ല. തെറ്റുകളിലൂടെ ശരിയേതെന്ന്  കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷേ, ഉറപ്പില്ല. അതിനു സാഹചര്യമുണ്ടാകണമെങ്കിൽ ബോധത്തിൽ സൂര്യനുദിക്കണം. ഭ്രൂണത്തിന് ഈ വെളിച്ചം കിട്ടാനാണ് ഗുരുവിൻ്റെ പ്രാർത്ഥന. ആരാലും നശിപ്പിക്കപ്പെടാത്തതുകൊണ്ടാണ് ഊരും പേരുമില്ലാത്ത ഒരു പിണ്ഡം മനുഷ്യാകാരത്തിലെത്തുന്നത്.

    ഇനിയും ജനിച്ചിട്ടില്ല 

    ഐറിഷ് കവി ലൂയി മക്നീസ്(Louis MacNeice)എഴുതിയ Prayer Before Birth എന്ന കവിത ഈ സന്ദർഭത്തിൽ വായിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. ജനിക്കുന്നതിനുമുമ്പ് ഭ്രൂണം ചിന്തിക്കുന്ന രീതിയിലാണ് കവിത എഴുതിയിരിക്കുന്നത്. കവിത ആരംഭിക്കുന്നത് :I am not yet born ; o hear me -ഞാൻ ഇനിയും ജനിച്ചിട്ടില്ല, എന്നെ കേൾക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് .പിന്നീട് എഴുതുന്നു:
    "I am not yet born; provide me 
    With water to dandle me, grass to grow for me,trees to talk 
    to me,
    Sky to sing to me ,birds and a white light 
    in the back of my mind to guide me."

    ഞാൻ ഇനിയും ജനിച്ചിട്ടില്ല. എന്നെ വെള്ളത്തിൽ താലോലിക്കാനും എനിക്ക് വേണ്ടി പുല്ലുകൾ വളരാനും മരങ്ങൾക്ക് എന്നോട് സംസാരിക്കാനും ആകാശം എനിക്കുവേണ്ടി പാടാനും എന്നെ നയിക്കാൻ പക്ഷികളും മനസ്സിനുള്ളിലെ വെളിച്ചവും ഉണ്ടാകാനും അനുവദിക്കുക.മക്നീസ് ലോകത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രാർത്ഥിക്കുന്നത്. ഈ ലോകം ഇരുട്ടു നിറഞ്ഞിരിക്കുന്നു. അവിടെ പ്രകാശമാണ് വേണ്ടത്. എൻ്റെ മനസ്സിൻ്റെ അടിയിൽ ഒരു ധൂസരപ്രഭ ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥന. അതാണ് നമ്മെ ജീവിപ്പിക്കേണ്ടത് .

    മരത്തിൽ പടർന്നു കയറിക്കൊള്ളാമെന്ന അർത്ഥത്തിൽ ഒരു ലതയായി ഗുരു സ്വയം സങ്കല്പിക്കുന്നതും മക്നീസിൻ്റെ കവിതയിലെ പ്രാർത്ഥനയും ഒരേ പാതയിൽ സഞ്ചരിക്കുകയാണ്. മക്നീസ് ദൈവത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല .എന്നാൽ ഗുരുവിനു ദൈവബോധമുള്ളതുകൊണ്ട് അത് എപ്പോഴും കടന്നു വരും.ഗുരുവിനു എല്ലാം ദൈവത്തിൻ്റെ അംശമാണ്. ഭ്രൂണത്തെ പൊതിഞ്ഞു നിൽക്കുന്ന കാലവും ഇടവും ഭാഗധേയവുമെല്ലാം ആംശികമായ ദൈവമൂല്യങ്ങളാണ്. അത് നമ്മിൽ ചൊരിഞ്ഞ പ്രകൃതിയാണ്. ഒരു കുശവൻ കലമുണ്ടാക്കുമ്പോൾ അവൻ്റെ ബോധത്തിൽ ഒരു രൂപം ഉണ്ടായിരിക്കണം. ആ രൂപം എവിടെ നിന്ന് വന്നു? മറ്റുള്ളവർ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചതാണെങ്കിൽ അയാൾ നിർമ്മിക്കുമ്പോഴും അത് ഉണ്ടാകുന്നുണ്ടല്ലോ. ഒരു രൂപം അതേപോലെ ആവർത്തിക്കുന്നു. ആവർത്തനത്തിലും ദൈവികതയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഈ ആംശിക വസ്തുതയുണ്ട് .യാതൊന്നാണോ നാം പുതിയതായി സൃഷ്ടിക്കുന്നത്, അത് എവിടെ നിന്ന് വരുന്നു ?നമ്മൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമല്ല സൃഷ്ടിക്കു കാരണമാകുന്നത്.  മനസ്സിൽ നിന്ന് തനിയെ വരുന്നതാണ്. മനസിൽ അത് നേരത്തെ അടക്കം ചെയ്തിട്ടുള്ളതാണ്. അത് കണ്ടുപിടിക്കേണ്ട ജോലി മാത്രമാണ് നമുക്ക് ചെയ്യാനുള്ളത് .സംഗീതം നമ്മുടെ മനസ്സിൽ നേരത്തെ തന്നെയുണ്ട്. എന്നാൽ അത് കണ്ടെത്താൻ പല മാർഗങ്ങളിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കണം.




    കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 2/എം.കെ.ഹരികുമാർ




    • 'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം  പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും ഇല്ലെങ്കിലും ആ സ്നേഹത്തിനു കുറവില്ല. അമ്മയ്ക്ക് സ്നേഹിക്കാതിരിക്കാനാവില്ല. അമ്മ  ആ സ്നേഹത്തിന്റെ തീയിലാണ് കഴിയുന്നത്. സവിശേഷമായ സ്നേഹത്തിൻ്റെ അഗ്നിയില്ലെങ്കിൽ അമ്മയ്ക്ക് സമാധാനമുണ്ടാകില്ല. അമ്മ അതിൽ നിന്നു വ്യതിചലിക്കുകയില്ല. എന്നാൽ മക്കൾക്ക് അത് തിരിച്ചു കൊടുക്കാനാവില്ല. മക്കൾ വലുതാവുന്നതോടെ അവർ സ്വയം ജനിച്ചതാണെന്നു ചിന്തിച്ചു തുടങ്ങുന്നു. ചിലർ പറയാറുണ്ട് ,ഞാൻ ഞാൻ മാത്രമാണ് ,അതിൽ നിന്ന് ഞാൻ മാറില്ല എന്ന് .അവർ 'ഞാനാ'യിരിക്കുന്നതിൽ അഭിമാനമോ സന്തോഷമോ ഉള്ളവരാണ്. ആത്മാഭിമാനം വേണം. എന്നാൽ അത് അന്ധതയാകരുത്. സ്നേഹത്തിനു മുന്നിൽ കീഴടങ്ങാനുള്ള മനസ്സ് വേണം. മക്കൾ അങ്ങനെ ആത്മാഭിമാനികളാവുമ്പോൾ അമ്മയുടെ സ്നേഹത്തിനു പകരം കൊടുക്കാനാവാതെ വരും. അവൻ പാപം ചെയ്തവൻ തന്നെ. അമ്മയുടെ സ്നേഹത്തിന്റെ കടം തിരിച്ചു കൊടുക്കാനാവാത്ത അവൻ ദുർചിത്തനുമാണ്.അവൻ ആ പാപത്തിൽ തന്നെ കഴിയും .അവൻ്റെ അബോധത്തിലും ആ പാപമുണ്ടായിരിക്കും. എത്ര വലിയവനാണെങ്കിലും പാപം ചെയ്യുന്നത് ഇങ്ങനെയാണ്. പാപത്തിനു സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളുണ്ട്. നടക്കുമ്പോൾ ഉറുമ്പുകളെയും സൂക്ഷ്മജീവികളെയും കൊല്ലാതിരിക്കാനാകില്ല .അത് പാപമാണ്. അങ്ങനെയും പാപം ചെയ്യുന്നു. പാപം ചെയ്യുന്നവർ അത് മറക്കും .ഒരു കിളിയെ കൊന്നവൻ അതോർത്തിരിക്കുമോ? അവനു അതിൻ്റെ പേരിൽ ഉരുകാനുള്ള ഹൃദയമില്ലല്ലോ.അവൻ അത് മറക്കുമ്പോഴും പാപം അവിടെ നിൽക്കും. ഈ പാപത്തിൽ നിന്നും മുക്താ നേടാൻ തപസ്സ് ചെയ്യണം. തപസ്സ് എന്നാൽ വനത്തിൽ പോയി ഒറ്റയ്ക്കിരിക്കുക എന്ന അർത്ഥം വേണ്ട. തപസ് ഒരു അർച്ചനയാണ് .

      ശുശ്രൂഷ ചെയ്യുന്നത് തപസ്സ് 

      സ്വയം മറക്കുമ്പോഴാണ് തപസ്സിനു വഴി തുറക്കുന്നത്.അഹം ഇല്ലാതാകലാണത്. ശുശ്രൂഷ ചെയ്യുമ്പോൾ അത് തെളിയുന്നു. നമ്മുടേതല്ലാത്ത എന്തിനോടും വിനയമുണ്ടാകുകയാണെങ്കിൽ അതൊരു ചവിട്ടുപടിയാണ് .നമുക്ക് നേരിട്ട് ബന്ധമില്ലാത്തവർക്ക് ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞാൽ അത് തപസ്സാണ്. രോഗിയെ ശുശ്രൂഷിക്കുന്നത് തപസ്സാണ് - ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നുണ്ട്. ആത്മാർപ്പണമാണ്, സേവനമാണ് തപസ്സ്. ദാനം കൊടുക്കണം .ചിലർ സ്വന്തം വരുമാനത്തിൽ നിന്ന് ഒരു പങ്ക് മറ്റാർക്കും കൊടുക്കാതെ കിട്ടുന്നതെല്ലാം സ്വന്തം ശരീരത്തിനും സമ്പാദ്യത്തിനും മാത്രം എന്ന കാഴ്ചപ്പാട് മനുഷ്യത്വവിരുദ്ധമാണ്. നമ്മുടെ ഒരു പങ്ക് ആഹാരമോ സേവനമോ മറ്റൊരാൾക്ക് കൊടുക്കുമ്പോൾ തപസ്സുണ്ടാകുന്നു. 

      നമ്മെ സ്നേഹിക്കുന്നവരുണ്ട് ,നാം  സ്നേഹിക്കുന്നവരുണ്ട്. അവരുടെ ഏകാന്തതയെക്കുറിച്ച് നാം ഓർക്കണം. നാം അവരെ ദൂരേക്ക് മാറ്റി നിർത്തിയാൽ അവരുടെ മനസ്സിൽ ശൂന്യത നിറയും. അതിനു അനുവദിക്കരുത് .മനുഷ്യരെ  അടുപ്പിച്ചു നിർത്തിയാൽ ശൂന്യത അകലും.കലുഷിതമായ ലൗകിക ജീവിതത്തിൽ പ്രശാന്തമായ കാഴ്ചകൾ വേണ്ടപോലെ വിനിമയം ചെയ്യപ്പെടണമെന്നില്ല. സൗന്ദര്യം എവിടെയോ മറഞ്ഞിരിക്കുകയാണ്. അതിനെ നേരിടാനുള്ള സാക്ഷരത നഷ്ടപ്പെടുന്നു ,അമിതമായ ഭൗതിക ലാഭത്വര നിമിത്തം .ഗുരു പറയുന്നത് ഈ കുഴഞ്ഞു മറിഞ്ഞ ലോകത്ത് സ്വന്തം തപസ്സിൽ നിലയുറപ്പിച്ച് പ്രാർത്ഥന ചെയ്യണമെന്നാണ്.

      "തിങ്കളും കൊന്നയും ചൂടുമീശൻ പദ-
      പങ്കജം ചേർന്നു നിന്നാടുപാമ്പേ "

      ചന്ദ്രകലാധരനായ ഭഗവാനെ ഓർത്ത്, കൊന്ന ചൂടുന്ന ഈശ്വരനെ ഓർത്ത് ആടണമെന്നാണ് ഉപദേശം .ശിവനാണ് വിവക്ഷ. ശിവൻ നമ്മുടെയുള്ളിലാണ്. ശിവൻ്റെ രൂപം ആനന്ദക്കൂത്തിനെ ഓർമിപ്പിക്കുന്നു. ആനന്ദാത്മകമായ പാരമ്യതയാണത്.പ്രാപഞ്ചികമായ സന്തുലിതാസ്ഥയാണ് ആ രൂപത്തിലുള്ളത് .അവിടെ ജലമുണ്ട് ,ആകാശമുണ്ട് ,ചന്ദ്രനുണ്ട് , സർപ്പമുണ്ട്, സംഗീതമുണ്ട്, നടനമുണ്ട്, ചുടലയുണ്ട്, കുടുംബമുണ്ട്, അദൃശ്യതയുണ്ട് ,മരണമുണ്ട്, സ്ത്രീത്വമുണ്ട്.അത് പ്രാപഞ്ചികമായ ലയമാണ് .നടനവും സംഗീതവും ഒരുമിക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. ഒരാൾ ഒരു ദിവസം വെറുതെയിരുന്നു ചിന്തിച്ചാൽ ആനന്ദമുണ്ടാകില്ല .ചിന്ത ആനന്ദത്തിനു തടസ്സമാണ്. വെട്ടും തിരുത്തുമായി രൂപം കൊള്ളുകയാണ് ചിന്തകൾ .ചിന്ത അലകളുണ്ടാക്കുന്നു .അലകൾ ശക്തി പ്രാപിക്കുന്നു.ചിന്തയിൽ ഭാവനകളുണ്ടാകുന്നു. ചിന്തയില്ലാതിരിക്കുമ്പോൾ സൗന്ദര്യാനുഭവത്തിന്റെ സാകല്യമായ അനുഭൂതി ലഭിക്കുന്നു. ഒരു ശലഭം  പൂവിൽ തേൻ നുകരുന്നത് കാണുമ്പോൾ ചിന്തിക്കാൻ ഒന്നുമില്ല. അത് ആനന്ദം തരും. സൂര്യോദയം ചിന്തിപ്പിക്കുകയല്ല, സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്.  ഈശന്റെ പദപങ്കജത്തോട് ചേർന്നു നിൽക്കാനാണ് പ്രാർത്ഥന. നാം എത്രയോ അകന്നു പോയവരാണ് !. പാപങ്ങളിൽ നിന്നു വിടുതൽ തേടാത്ത നമുക്ക് ശിവൻ്റെ പാദങ്ങൾക്കു സമീപം എത്താനാകുമോ ? ഗുരു സമസ്യ ഉന്നയിക്കുകയാണ്. 

      മിഥ്യകൾ എണ്ണിയെണ്ണി തീരണം  

      സ്വാർത്ഥപ്രേരിതമായ ചിന്തകൾക്ക് അറുതി വരുത്തിയ ശേഷം നാം ആരാണെന്നു സ്വയം ചോദിക്കേണ്ട ഘട്ടമാണിത്. ഇത്രയും കാലം നാം  മറ്റാരോ ആണെന്ന ധാരണയിൽ കലഹിച്ചു .ഒന്നിനോടും യോജിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്. കരഞ്ഞ് കരഞ്ഞ് പ്രതിഷേധിച്ചു കൊണ്ട്  പിറന്നവരാണല്ലോ നാം. പിറന്നപ്പോൾ എന്തു ബഹളമായിരുന്നു!. അമ്മ  അതെല്ലാം സഹിച്ചു. ആ ബഹളങ്ങളും ഒത്തുതീർപ്പില്ലാത്ത ശാഠ്യങ്ങളും അമ്മയിൽ വിലയം പ്രാപിച്ചു. കലഹങ്ങൾക്കു തുടക്കമിട്ട നാം നടന്നു തുടങ്ങിയപ്പോൾ അതെല്ലാം മോഹങ്ങളായി പരിണമിച്ചു. എല്ലാം കൊതിക്കാനുള്ളതാണെന്ന പുതിയ ബോധ്യമുണ്ടായി. എല്ലാറ്റിനെയും നേരിടാൻ ഓടി. നേടിയതെല്ലാം വ്യർത്ഥമാണെന്നറിഞ്ഞു. എന്നിട്ടും വിട്ടില്ല ;ഓടിക്കൊണ്ടേയിരുന്നു. ശിവരൂപം ഒരു കാവ്യമാണെന്നു ഗുരു സങ്കൽപ്പിക്കുന്നത് 'ശിവശതക'ത്തിലാണ്.

      "കുവലയനായകനർക്കനഗ്നിഹോതാ -
      വവനിതുടങ്ങിയ ഭൂതിയഞ്ചുമിന്നീ
      തവ മറിമായമിതാർക്കറിഞ്ഞിടാവൂ
      കവിജനകല്പിത കാവ്യമെന്നപോലെ! "

      ചന്ദ്രൻ, സൂര്യൻ, അഗ്നി, ഹോമം ചെയ്യുന്നവൻ, ഭൂമി എന്നീ അഞ്ചുഭൂതങ്ങൾ ശിവൻ്റെ മറിമായമാണെന്നു ആർക്കാണ് അറിയാവുന്നത്? ഇത് കവിയുടെ ഭാവന പോലെ തോന്നും. ശിവരൂപത്തിനു സൗന്ദര്യമാണ് ആകർഷണം .അത് പ്രാപഞ്ചിക രൂപമാണ് ;മനുഷ്യൻ്റെ ഭാവനയിലെ സങ്കുചിതത്വമല്ല. ഈ ശിവരൂപത്തിൻ്റെ  പാദങ്ങളോടു ചേർന്നു നിൽക്കണമെങ്കിൽ വലിയ ചുവടുകൾ ആവശ്യമാണ്. മനുഷ്യൻ്റെ അന്തിമമായ വിശ്രാന്തി ആയിരിക്കാമത്. അവിടെയെത്തിയാൽ പിന്നെ എവിടേയ്ക്കും മടങ്ങാനില്ല. ജീവിതം മിഥ്യകളുടെ പടം പൊഴിക്കലാണ്. ശിവപദത്തിൽ എത്തുന്നതിനു വേണ്ടി  പിന്നിൽ ഉപേക്ഷിക്കുന്നത് മിഥ്യകളുടെ ആവരണങ്ങളാണ്. ഇപ്പോൾ നാം മിഥ്യയുടെ പല അടരുകൾക്കിടയിലാണ്. ഒരു അടരുമാറ്റുമ്പോൾ മറ്റൊന്നു പൊന്തിവരും. അത് മാറ്റുമ്പോൾ മറ്റൊന്ന്. അവസാനമില്ലാത്ത യാത്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം. ജീവിതം ഈ പടം പൊഴിക്കൽ തന്നെയാണ്. അബദ്ധധാരണകളും ചിന്തകളുമായി വന്നു മൂടുന്ന പടങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഒരിക്കൽ ശരിയെന്നു തോന്നിയത്, പിന്നീട് തെറ്റെന്ന് തോന്നുന്നത് ഇതുകൊണ്ടാണ്. ആർക്കും ജീവിതത്തിൽ പൂർണമായി ശരികൾ മാത്രം ചെയ്യാൻ ഒക്കില്ലല്ലോ. ചെയ്ത അബദ്ധങ്ങൾ തിരുത്താൻ വേറെ അബദ്ധങ്ങൾ വേണ്ടിവരും. വളരെ ആവേശത്തോടെ ,താൽപര്യത്തോടെ ചെയ്തതെല്ലാം കുറെ കഴിയുമ്പോൾ മിഥ്യയായി മാറുകയോ ഓർത്തു സങ്കടപ്പെടാനുള്ള വസ്തുതകളായി രൂപാന്തരപ്പെടുകയോ ചെയ്യും. മിഥ്യകൾ എണ്ണിയെണ്ണി തീരണം. 

      "എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ 
      നിന്നിടും ദൃക്കു പോലുള്ളം 
      നിന്നിലസ്പന്ദമാകണം"(ദൈവദശകം)

      രണ്ടു തരത്തിൽ ഗുരുവിൻ്റെ  എണ്ണലിനെ സമീപിക്കാം.
      ഭൗതികവസ്തുക്കളുടെ എണ്ണലാണ് ഒന്ന്. ഓരോന്നും പരിശോധിക്കുക. ഓരോന്നിന്റെയും അർത്ഥം ആരായുക ആരാഞ്ഞറിഞ്ഞ് അത് ഉപേക്ഷിക്കുക. പിന്നീട് യാതൊന്നും എണ്ണാൻ അവശേഷിക്കാത്ത അവസ്ഥ വരും. അത് ജ്ഞാനികളുടെ അവസ്ഥയാണ്. അവർ തൊട്ടെണ്ണി പൊരുൾ ഒടുങ്ങുന്നത് കാണുന്നു. എന്താണോ തിരഞ്ഞത് അത് ബാക്കിയായി നിൽക്കാത്ത അനുഭവമുണ്ടാകും; അറിവുണ്ടാകും. അവിടെ ദൃക് നിന്നു പോകുന്നു. കണ്ണുകൾക്ക് പുതുതായൊന്നും കാണാനില്ല. അതുകൊണ്ട് നോട്ടം അവസാനിപ്പിക്കുന്നു. ഈ നിശ്ചലാവസ്ഥ ജ്ഞാനികളുടേതാണ്. എല്ലാ പൊരുളുകളും അറിഞ്ഞ ശേഷമുള്ള നിശ്ചലാവസ്ഥ. അപ്പോഴാണ് 'മോദസ്ഥിതനായി വസിക്കു'ന്നത്. അപ്പോൾ ഒരു ആകുലതയും അവശേഷിക്കുന്നില്ല. ആകുലതകൾക്ക് കാരണമായതെല്ലാം പൊരുളുകളുടെ എണ്ണലിൽ മിഥ്യകളായി നിലംപതിച്ചിരിക്കുന്നു .മനസ്സ് എവിടെയാണ് നിശ്ചലമാകുന്നത് -പരം പൊരുളിൽ .പൊരുളില്ലാത്ത അവസ്ഥയുടെ പൊരുളിൽ.

      മറ്റൊന്ന് സംസാരജീവിതത്തിന്റെ പ്രയാസങ്ങളുടെ എണ്ണലാണ് .ബാല്യം മുതൽ നാം എണ്ണി തുടങ്ങുന്നതാണ്. എന്തെല്ലാം പ്രതീക്ഷകളും പ്രതീക്ഷകളുടെ തകർച്ചകളും നാം എണ്ണുന്നു. സ്വപ്നങ്ങൾ സ്വപ്നങ്ങളായി   നിന്നതുകൊണ്ട് എണ്ണാൻ പോലും അവസരം ലഭിച്ചില്ല. തിരിച്ചടികൾ എണ്ണിയാൽ തീരില്ല. പ്രേമവും പ്രേമഭംഗവും എണ്ണാൻ നേരമില്ല. അപമാനവും അപമാനവീകരണവും തുടരുക തന്നെ ചെയ്യും. എല്ലാം എണ്ണിക്കഴിയുമ്പോൾ ഒരു ശാന്തത ലഭിക്കും. ഇതൊന്നുമല്ല ജീവിതം എന്ന തിരിച്ചറിവ് ബാക്കിയാവും.അപ്പോൾ ഒരു പുഞ്ചിരി പൊഴിക്കാം. അവിടെ  മനസ്സ് ലൗകികാതീതമായ ജ്ഞാനത്തിലേക്ക് ഉയരും .

      ശരീരത്തിൽ അസ്തിത്വം 

      അപാരമായ ഒരു അറിവ് വന്നു നമ്മെ വലയും ചെയ്യും. അതാണ് ഗുരു സൂചിപ്പിക്കുന്നുത്. ജീവിത ദുഃഖങ്ങളെ എണ്ണിയെണ്ണി പിന്നിലാക്കി എണ്ണാൻ ബാക്കിയൊന്നും ഇല്ലാതെ ദൃക്ക് നിശ്ചലമായി നിൽക്കുന്ന അവസ്ഥ ജീവിക്കുന്ന ഏതൊരുവനും നേരിടേണ്ടി വരും. ആത്മീയ സാക്ഷാത്കാരം നേടാനും ഈ ശരീരം വേണം. അസ്തിത്വം ശരീരത്തിലാണ്. ശരീരം എന്ന കൂട്ടിലാണ് നാം. ശരീരം എന്ന മണ്ണിലാണ് നാം വളരുന്നത്. ശരീരത്തിലെ വളമാണ് നമ്മുടെ ചിന്തകൾക്ക് ആധാരം. ചിന്തകളുടെ സാഹസികമായ സഞ്ചാരം, അഗാധ ഗർത്തത്തിനു മുകളിലെ ചരടിലൂടെയുള്ള സഞ്ചാരം ശരീരത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. അസ്തിത്വത്തിന്റെ ഒരു കണമെങ്കിലും അനുഭവിക്കാൻ കഴിയുകയാണെങ്കിൽ കാഴ്ചയുടെ ഒരു അത്ഭുതം സംഭവിക്കും .എന്നാൽ എല്ലാം മിഥ്യയും അർത്ഥശൂന്യതയുമാണെന്നു തിരിച്ചറിയുന്ന നിമിഷം എണ്ണൽ നിർത്തി കണ്ണുകൾ ഒരു ശൂന്യതയിൽ അമരും. അവിടെയാണ് സൗഖ്യമെന്നു ഗുരു പറയുന്നു.പരമമായ കാരുണ്യം അവിടെയാണ്. ഉപഗുപ്തൻ്റെ മനസിലെ കാരുണ്യമല്ല,'കരുണ'യിലെ  വാസവദത്തയുടെ കാരുണ്യമാണിത്. ജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട അവളുടെ മുന്നിൽ ഒരു നാടകത്തിൻ്റെ കപട തിരശീലയാണ് വീഴുന്നത്. അവൾ എണ്ണിയെണ്ണി പിന്നിൽ ഉപേക്ഷിച്ച പൊരുളുകൾ ഒടുങ്ങിയപ്പോൾ അവൾ അനുഭവിക്കുന്ന കാരുണ്യമാണത്. ഇനിയൊന്നും കണ്ടെത്താനില്ലെന്ന അറിവാണത്. സത്യമെന്നു വിശ്വസിച്ച ഉപഗുപ്തനും മിഥ്യയാണെന്നറിയുന്ന ഒരുവൾക്ക് കാരുണ്യമനുഭവിക്കാൻ ജീവിതത്തിൻ്റെ വിചിത്രവഴി താണ്ടണമായിരുന്നു. അപ്പോഴാണ് ഗുരുവിൻ്റെ ഈ വരികളുടെ അർത്ഥം  വ്യക്തമാവുന്നത് .

      "വെണ്ണീറണിഞ്ഞു വിളങ്ങും 
      കണ്ണീരൊഴുകക്കണ്ടാടു പാമ്പേ."

      ശിവൻ്റെ ചുടലഭസ്മം പൂശിയ തിരുമേനി കണ്ട് അതിൽ ആനന്ദം അനുഭവിക്കുക .ഏറ്റവും ഉന്നതമായ കാരുണ്യമതാണ്. ഈ ജീവിതത്തിന്റെ സാക്ഷാത്കാരമാണത് .കയ്പും  വിഷാദവും കുടിക്കാനാണല്ലോ മനുഷ്യൻ ഇവിടെ വന്നത്; അവന്റെ പ്രവൃത്തികളിലൂടെ അതാണ് ലഭിക്കുന്നതെങ്കിലും. ഒരുവൻ്റെ  പ്രവർത്തനങ്ങളിലൂടെ ലഭിക്കേണ്ടത് ആനന്ദമാണ്. തെറ്റുകളും അബദ്ധങ്ങളും കടന്നാണ് ആ ബിന്ദുവിലെത്തുക. അവിടെയാണ് ജീവിതത്തിൻ്റെ ഭൂപ്രകൃതി തന്നെ  മാറുന്നത് .ഗുരു അവിടെയാണ് മനുഷ്യത്വത്തിന്റെ ആത്യന്തികമായ ലക്ഷ്യം പൂർത്തിയാവുന്നതായി കാണുന്നത്. ശിവൻ്റെ തിരുമേനിയുടെ ചടുലഭസ്മം നശ്വരതയെക്കുറിച്ചുള്ള സന്ദേശവും അറിവും അനുഭവവുമാണ്. ഒന്നും ഈ ലോകത്ത് ശേഷിക്കുകയില്ല. എല്ലാം ലൗകികമായി തന്നെ ഇല്ലാതാകുമെന്ന അർത്ഥമാണിത് .പേരും ഊരും എല്ലാം  താൽക്കാലികമാണ്. ആത്യന്തികകമായി തെളിയുന്നത് മറ്റൊന്നാണ് .

      ജീവിതസത്യങ്ങളുടെ നേർക്ക് നോക്കാൻ വിസമ്മതിക്കുന്നതു കൊണ്ടാണല്ലോ കൂടെ ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ ചുറ്റികയ്ക്ക് തല്ലിക്കൊല്ലുന്ന  വാർത്തയുണ്ടാകുന്നത് .ഒരു പള്ളിയിലേക്ക് പോയി യാതൊരു കാരണവുമില്ലാതെ നിറയൊഴിക്കുന്നവൻ അത് ക്യാമറയിൽ പകർത്തി തൽസമയം ഫേസ്ബുക്കിലിടുകയാണ് .കൂട്ടുകാരിയെ ബലാൽസംഗം ചെയ്യുന്നവൻ  അത് ക്യാമറയിൽ പകർത്തി സൂക്ഷിക്കുന്നു. ജീവിതത്തിൻ്റെ കൊഴിഞ്ഞുപോകുന്ന ഇലകളെക്കുറിച്ച് നാം പരക്കെ അജ്ഞരാണ്. അതുകൊണ്ട് നമുക്ക് അന്ധരായേ  പറ്റൂ. 

      വഞ്ചനയിൽ നിന്നു ആനന്ദമോ ?

      ഹിംസിക്കുന്നതിൽ നിന്നാണ്, വഞ്ചനയിൽ നിന്നാണ് മിക്കവരും  ആനന്ദം തേടുന്നത്. ഒരു സുഹൃത്തിൻ്റെ കൂടെ വിനയവും സ്നേഹവും പ്രകടിപ്പിച്ചു നടക്കുന്നു. അധികം താമസിയാതെ അവനെ അന്ധാളിപ്പിച്ചുകൊണ്ട്, അവൻ്റെ സ്നേഹമൊന്നും താൻ യഥാർത്ഥമായി കാണുന്നില്ലെന്നു സൂചന നൽകിക്കൊണ്ട് വെറുപ്പോടെ  പെരുമാറുന്നു!. ഈ ഹിംസയിൽ നിന്നു  ആനന്ദം ലഭിക്കുന്നവർ ഏറുകയാണ്.സ്വന്തം മതത്തിലും ജാതിയിലും വർണത്തിലും മിഥ്യാഭിമാനം പുലർത്തുന്നവർ അപരവിഭാഗങ്ങളുടെ മേൽ അപ്രതീക്ഷിതമായ അയിത്തം  അടിച്ചേൽപ്പിക്കുന്നു. ഇതൊക്കെ അവിദ്യ അല്ലെങ്കിൽ മായ എന്ന  പ്രതിഭാസമായി കാണുകയാണ് നല്ലത്.യഥാർത്ഥ ആനന്ദം ഇതല്ല . ഗുരുവിൻ്റെ ആനന്ദത്തിന്റെ എഞ്ചിനീയറിങ് പടിപടിയായി ഉയരുമ്പോഴാണ് ലഭിക്കുന്നത് .പടി ആറും കടന്ന് എന്നു പറയുന്നത് അതുകൊണ്ടാണ്. ചെറിയ കാര്യങ്ങളെ മനസ്സിലാക്കി, അതിൽ കടമ നിറവേറ്റി, അതിൻ്റെ മിഥ്യ അറിഞ്ഞ് മനുഷ്യോപകാരപ്രദമായി ,സമസ്ത ലോകത്തിന്റെയും ഹിതമറിഞ്ഞ് പെരുമാറാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ആനന്ദത്തിലേക്കുള്ള വഴി.

      ഗുരു ആ ആനന്ദം തേടിയാണ് ജനോപകാരപ്രദമായ സന്യാസം സ്വീകരിച്ചത് .സംസ്കൃത വിദ്യാലയം തുടങ്ങിയത് ,അധ:കൃതരായ കുട്ടികളെ പാചകപ്പുരയിൽ കയറ്റി ഭക്ഷണം പാചകം ചെയ്യിച്ചത് ,അവിദ്യയിൽ നിന്നു കരകയറ്റാൻ പാവപ്പെട്ടവർക്ക് ജ്ഞാനം പകർന്നത്, ജാതിമത അന്ധതയ്ക്കെതിരെ തേര് തെളിച്ചത് , ആത്മീയഗീതങ്ങൾ എഴുതിയത്, ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ചത്, കൃതികൾ എഴുതിയത്, സ്വതന്ത്രവും നന്മകളുള്ളതുമായ സമൂഹനിർമ്മിതിക്കായി അലഞ്ഞത്... ജനോപകാരപ്രദമായ സന്യാസത്തിൻ്റെ അടയാളങ്ങളായിരുന്നു ഇതെല്ലാം.ഇത്  ഓർക്കുമ്പോഴാണ് ശിവൻ്റെ തിരുമേനിയിലെ ചുടലഭസ്മത്തിന്റെ അർത്ഥം വ്യക്തമാവുന്നത്. ഈ തിളച്ചു മറിയുന്ന സംസാരജീവിതത്തിൽ നിന്നു ആ ഭസ്മത്തിലേക്ക് നോക്കിയാൽ സാരം ഗ്രഹിക്കാം. എല്ലാം ആ ചുടലഭസ്മത്തിലേക്ക് കൂട്ടുചേരാനുള്ളതാണ് .അതറിഞ്ഞു കൊണ്ടാണ് ആടേണ്ടതെന്നു പാമ്പിനെ ഓർമ്മിപ്പിക്കുന്നു .


    പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 1/എം.കെ. ഹരികുമാർ

     







    യുക്തിവാദികൾ ദൈവത്തെയാണ് ആദ്യം കടന്നാക്രമിക്കുന്നത്. ദൈവം നമ്മെ മരണത്തിൽ നിന്നു രക്ഷിക്കുമോ തുടങ്ങിയ വളരെ ആഴം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട് .ദൈവത്തെ ആദ്യമേ തന്നെ ആക്രമിച്ചാൽ തങ്ങൾ സുരക്ഷിതരായി എന്ന ധാരണയാണ് അവർക്കുള്ളത്. യുക്തിയുടെ ആധാരം, വ്യവസ്ഥ ദൈവത്തിലാണ് അവർ കാണാൻ ശ്രമിക്കുന്നത്. അവിടെ യുക്തിയില്ലെന്ന് പ്രഥമദൃഷ്ട്യാ ചിന്തിച്ചാൽ പിന്നെ യാതൊന്നും സമസ്യയായി അവശേഷിക്കുന്നില്ല
    എന്നാണ് അവരുടെ നിഗമനം.

    ദൈവത്തിൽ വിശ്വസിക്കാത്തവർ എങ്ങനെയാണ് ദൈവത്തെ നിഷേധിക്കുക ? ദൈവം ഉണ്ടെന്ന് ചിന്തിക്കുന്നിടത്താണ് അതിനെ നിഷേധിക്കേണ്ടി വരുന്നത്. പ്രേമം ഉണ്ടെങ്കിലേ അത് നിഷേധിക്കാനാവൂ. പ്രേമം എന്താണെന്ന് അറിയുന്നതുകൊണ്ടാണ് അതിനെ വേണ്ടെന്നു വയ്ക്കുന്നത്. പ്രേമം എന്ന അറിവ് പ്രേമനിഷേധിയുടെ മനസ്സിലുണ്ട്, എത്ര നിരാകരിച്ചാലും.  അതുകൊണ്ട് പ്രേമം അവിടെത്തന്നെയുണ്ട്. അവൻ അത് പ്രത്യക്ഷത്തിൽ നിഷേധിക്കുന്നു എന്നേയുള്ളൂ .എന്നാൽ ഗർഭാശയത്തിൽ കിടക്കുന്ന ഒരു കുഞ്ഞിന് ഏതിനെയെങ്കിലും നിഷേധിക്കാനാവുമോ ? ഇല്ല. അതുകൊണ്ട് ഗർഭത്തിലിരിക്കുന്ന ശിശു ദൈവത്തെ അംഗീകരിച്ചേ പറ്റൂ.  പിറവിക്ക് മുമ്പ് നാം എല്ലാ അറിവുകളെയും അംഗീകരിക്കുകയായിരുന്നു. എങ്ങനെയാണ് ബീജവും അണ്ഡവും ഉണ്ടായത് .ഒരു ദിവസം ,ഈ പ്രപഞ്ചത്തിലാദ്യമായി ചന്ദ്രനിൽ നിന്ന് ജലത്തിലേക്ക് വീണതല്ല നമ്മെ സൃഷ്ടിച്ച ബീജം .അത് നൂറ്റാണ്ടുകളായി ഉണ്ടായിരുന്നു. സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്നു. ഒരു ബീജകണം ഉണ്ടാകാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തോ ?നമ്മൾ സൃഷ്ടിച്ചതല്ല അത്. സർഗ്ഗശേഷികൊണ്ട് നമ്മുടെ പൂർവ്വകാലത്തെ സ്വാധീനിക്കാനാവില്ലല്ലോ .

    അപാരസിദ്ധികളടങ്ങിയ പേടകം

    നമ്മൾ എങ്ങനെയോ ജനിച്ചതാണ്. നമുക്ക് വേണ്ടി എവിടെയെങ്കിലും പറഞ്ഞുറപ്പിച്ച ഒരു ബീജസങ്കലനമല്ല നടന്നത്. ബീജവും അണ്ഡവും  കൂടിച്ചേർന്നത് ആകസ്മികമായ ഒരു സംഭവമായിരുന്നു. നമ്മുടെ മാതാപിതാക്കളെ നാം തിരഞ്ഞെടുക്കുകയല്ലല്ലോ .നമ്മൾ  എവിടെയോ ആദ്യമായി പിറവിയെടുക്കുന്നു. ഏതോ ഗർഭപാത്രത്തിൽ നാം വന്നു വീഴുകയാണ് .ആരാണ് നമ്മെ പറഞ്ഞയച്ചത്? എന്താണ് അതിൽ കൃത്യമായി ആവർത്തിക്കപ്പെടുന്ന വ്യവസ്ഥ ?സമ്പൂർണമായ ഒരു വ്യവസ്ഥയല്ലേ അത്? അനേകമനേകം സിദ്ധികൾ അടക്കം ചെയ്ത ഒരു പേടകമാണ് ശിശുശരീരം .

    അതിൽ അറിയപ്പെടാത്ത പലതും ഉറങ്ങിക്കിടക്കുന്നു. മൂവായിരം  വർഷങ്ങൾക്കു മുമ്പ് ഗർഭാശയത്തിൽ കിടന്ന ഒരു ശിശുവിൽ ആരും കണ്ടെത്തപ്പെടാത്ത എത്രയോ അറിവുകൾ നിലീനമായിരുന്നു. ഒരു മാന്ത്രികപ്പെട്ടിയല്ലേ ഈ ഭ്രൂണം? ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഇൻറർനെറ്റും സൂപ്പർ സോണിക് ജെറ്റും കണ്ടെത്താനുള്ള സിദ്ധി മൂവായിരം  വർഷം മുമ്പുള്ള ഭ്രൂണത്തിൽ നിലീനമായിരുന്നു. അത് പുറത്തുവന്നത് ഇപ്പോഴാണെന്നു മാത്രം. എല്ലാ അറിവുകളും ഒരു ഭ്രൂണത്തിൽ അന്തർലീനമായിരിക്കെ ,നമുക്കെങ്ങനെയാണ് യാതൊന്നിനോടും വിധേയത്വമില്ലാതെ എല്ലാം നമ്മുടെ നേട്ടമാണെന്ന് അഹങ്കരിക്കാനാവുന്നത്?.നമ്മുടെ സിദ്ധികൾ നാം തന്നെ കണ്ടുപിടിച്ചതാണെന്ന് എങ്ങനെ പറയാനാവും? ബിൽ ബ്രൈസൺ എഴുതുന്നു: "Typically a cell will contain some 20000 different types of protein ,and of these about 2000 types will each be represented by at least 50000 molecules ." ഒരു കോശത്തിൻ്റെ കാര്യമാണ് പറയുന്നത്. ഇരുപതിനായിരം വ്യത്യസ്ത പ്രോട്ടീനുണ്ടെന്ന് .അതിൽ രണ്ടായിരം എണ്ണത്തിൽ ഓരോന്നും പ്രതിനിധീകരിക്കാൻ അമ്പതിനായിരം തന്മാത്രകളുണ്ടെന്ന്! .ഇതല്ലേ ദുർഗ്രഹതയുടെ ഊരാക്കുടക്ക്?സൃഷ്ടി തന്നെ ദൈവികമായ ഒരു ഇടപെടലല്ലേ ?ശരീരത്തിൻ്റെ സങ്കീർണമായ ആന്തരികവ്യവസ്ഥകളും ബുദ്ധിപരമായ കഴിവുകളും നമ്മളിലേക്ക് സ്വയം വന്നതാണെന്ന് എങ്ങനെ പറയാനാകും? ഏതായാലും നമ്മൾ സൃഷ്ടിച്ചതല്ല. 

    ഒരു ജീവിവർഗത്തിൽ നിന്നു അതേ ഇനത്തിൽപ്പെട്ട ജീവികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ  ഇതിനായി ചെലവഴിക്കപ്പെടുന്നത് ഒരു അണ്ഡവും ബീജവുമാണ് .എന്തൊരു അത്ഭുതമാണ്!. ഒരു ജൈവവ ശരീരത്തിലല്ലാതെ സൃഷ്ടി നടക്കുന്നുമില്ല. അപ്പോൾ അപാരമായ ഈ പ്രക്രിയയ്ക്ക് അതിഭൗതികമായ അല്ലെങ്കിൽ പ്രാപഞ്ചികമായ ഒരു ബോധത്തിന്റെ സഹായം വേണം.ജീവികൾക്കറിയില്ല തങ്ങൾ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ ആന്തരഘടന എങ്ങനെയാണ് കൃത്യമായി ഡിസൈൻ ചെയ്യപ്പെടുന്നതെന്ന്. ഇതാണ് ജീവിതത്തെ ദുരൂഹമാക്കുന്നത്. നമുക്ക് സൃഷ്ടിപരമായ ഒരു സംഭാവനയും നല്കാനാവില്ല ,നമ്മുടെ ശരീരത്തിൻ്റെയോ മനസിൻ്റെയോ നിർമ്മിതിയിൽ .വൈകാരികമായ അച്ചടക്കം പാലിക്കാൻ കഴിഞ്ഞേക്കും. വളരെ തെളിഞ്ഞതും ലളിതവുമായിരിക്ക തന്നെ ഓരോ സൃഷ്ടിയും അപ്രവചനീയമായ സിദ്ധികൾ ഉൾക്കൊള്ളുകയാണ്.എങ്ങനെ അത് പരിപാലിക്കപ്പെട്ടു. ഓരോ ജീവനും സുരക്ഷാവലയമുണ്ട്. അതിൻ്റെ തണലിൽ അത് വളരുന്നു. നമ്മൾ എങ്ങനെ ജീവിച്ചു എന്ന ചോദ്യം കോടാനുകോടി പൂർവ്വികർ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിൽ കൊണ്ടുപോയി നിർത്തും.

    പിന്നിൽ തെളിയുന്ന അനേകം ഗർഭപാത്രങ്ങൾ 

    നമ്മുടെ പൂർവികർ ആരായിരുന്നു? അവർ എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ അതിലംഘിച്ചു മുന്നേറി ?.അവർ നൂറ്റാണ്ടുകളിലൂടെ  നടത്തിയ അതിജീവനയാത്രയിലാണ് നാം യാഥാർത്ഥ്യമായിത്തീർന്നത്.  നമ്മുടെ ജീവിതം തുടങ്ങിയത് കേവലം ഒരു ഗർഭപാത്രത്തിലല്ല .അതിനും മുമ്പ് അനേകമനേകം ഗർഭപാത്രങ്ങളിലാണ്. അവിടെയെല്ലാം അതിജീവിക്കപ്പെട്ട ഭ്രൂണങ്ങളുടെ വലിയൊരു കഥയുണ്ട്.  ഗുരു എഴുതുന്നു:

    "ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
    മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ ?
    കൽപ്പിച്ച പോലെ വരുമെന്നു നിനച്ചു കണ്ടി-
    ട്ടർപ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ !"

    ഗർഭത്തിലിരുന്ന ഭ്രൂണത്തെ സ്നേഹത്തോടെ തുടരാൻ അനുവദിച്ച ഒരു ശക്തിയെ ഗുരു കാണുന്നു. ശാസ്ത്രീയമായി പലതും പറയാനുണ്ടാവും. മാതാവിൻ്റെ ആരോഗ്യവും ഭക്ഷണവും മറ്റും അതിനു സഹായകമായിട്ടുണ്ടാവും . അത് ഏവർക്കും ഗ്രഹിക്കാനാവുന്ന കാര്യങ്ങളാണ്.എന്നാൽ അതിനുമപ്പുറത്ത് അതിൽ യാദൃശ്ചികതയുടെ ഒരു ഘടകമുണ്ട്. ദോഷകരമായ ലോകസാഹചര്യം ,മതലഹളകൾ, വന്യജീവികളുടെ ആക്രമണം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാം നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന പൂർവികർ എങ്ങനെ അതിജീവിച്ചു?അവർ അതിജീവിച്ചത് കൊണ്ടാണല്ലോ നമുക്ക് പിറക്കാനായത്. നമ്മൾ ശൂന്യമായ ഒരിടത്ത് ശിശുവായി പിറന്നവരല്ല ;ദീർഘിച്ച, വളരെയേറെ കാലപ്പഴക്കമുള്ള ഒരു ശ്രംഖലയിലെ കണ്ണി മാത്രമാണ്. നമ്മൾ ഒറ്റയ്ക്ക് ആരുമല്ല .നമുക്ക് പിന്നിലാണ് രഹസ്യങ്ങളും സാഹസികതയുമുള്ളത്. ഭ്രൂണത്തെ അൻപോട് കൂടി വളർത്തിയ ദൈവത്തെ വണങ്ങണമെന്ന് ഗുരു പറയുന്നത് ജീവൻ്റെ വിനീതമായ ഭാവമാണ്.ഏറ്റവും ശുദ്ധമായ ഒരു പ്രാർത്ഥനയാണത്. ഭഗവാനിൽ കൃപ കാണുന്നത് അപ്പോഴാണ് .നമ്മുടേതല്ലാത്ത സിദ്ധികൾ നമുക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നു .ആ പ്രാപഞ്ചികശക്തി ദുർഗ്രഹമായി നമ്മെ സൃഷ്ടിച്ചെങ്കിൽ അതിൽ എന്തോ കാര്യമുണ്ട്.

    അറിയപ്പെടാത്ത രഹസ്യങ്ങൾ അതിലുണ്ട് .അതുകൊണ്ട് അവിടെ വണങ്ങാതിരിക്കാനാവില്ല. നമ്മൾ ജനിക്കാൻ വേണ്ടി, ജീവിച്ചിരുന്ന ആരും മുൻകൂട്ടി യാതൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കുട്ടി ജനിക്കുന്നു എന്നേയുള്ളൂ. ആ കുട്ടി ഒരു വ്യക്തിയാകുമ്പോൾ അത് ആരുടെയും മുൻകൂട്ടിയുള്ള പദ്ധതിയല്ല. ടാഗോർ എന്ന കവിക്ക് വേണ്ടിയല്ല മാതാപിതാക്കൾ അദ്ദേഹത്തെ സൃഷ്ടിച്ചത്. ഇതാണ് രഹസ്യം. 

    ആത്മാവിൻ്റെ അമൃത് 

    നമ്മൾ നേരത്തേ തന്നെ ആസൂത്രണം ചെയ്യപ്പെട്ടതല്ല .എന്നാൽ നമ്മൾ ജനിച്ചിരിക്കുന്നു .ലോകത്ത് ആരെയും ആരും മുൻകൂട്ടി ആസൂത്രണം ചെയ്ത് സൃഷ്ടിക്കുന്നില്ല. സൃഷ്ടിപ്രക്രിയയുടെ ഫലം സൃഷ്ടികർത്താവിൻ്റേതു പോലുമല്ല.അതുകൊണ്ടാണ് ഗുരു പറയുന്നത് അത് പ്രപഞ്ചശക്തികളുടെ തീരുമാനമാണെന്ന്.

    "മണ്ണും ജലം കനലുമംമ്പരമോടു കാറ്റു - മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
    ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
    പിണ്ഡത്തിനന്നമൃതു നൽകി വളർത്ത ശംഭോ! "

    പഞ്ചഭൂതങ്ങൾ കൊണ്ടാണല്ലോ സൃഷ്ടിക്കുന്നത്. എന്നാൽ അതുകൊണ്ട് അവസാനിക്കുന്നില്ല. നമ്മളെല്ലാം ലൗകികജീവികളാണ്. വെറുമൊരു സൃഷ്ടി മാത്രമല്ല; ജീവിത ദു:ഖവും സംഘർഷവും ചിന്തകളിൽ നിന്ന് വിട്ടുമാറുന്നില്ല.നമ്മൾ ജീവിത വേദനയിൽ പിടയാൻ വിധിക്കപ്പെട്ടവരാണ് .ജീവിതത്തിൻ്റെ സഹജമായ ഭാവം ദുഃഖമാണ്. കാരണം, യാതൊന്നും നമ്മുടെ കൈകളിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. അതിനപ്പുറമാണ് അപ്രവചനീയമായ ഭാവി. മനുഷ്യൻ നിസ്സഹായനായി  ജീവിതസമസ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് .

    ഗർഭപാത്രത്തിൽ കിടക്കുമ്പോൾ തന്നെ ജീവിതദുഃഖം ആരംഭിക്കുകയാണ്. സ്വകർമ്മങ്ങൾ നയിക്കുന്ന വഴിയേ പോകുന്ന നാം അവിടെത്തന്നെ ചതിക്കപ്പെടുന്നു.തിരഞ്ഞെടുപ്പുകൾ നമ്മുടെതാണല്ലോ .ഒരു നിർണയമെടുത്തിട്ട് അത് പിന്നീട് മാറ്റാനാവില്ല .സ്വന്തം തിരഞ്ഞെടുപ്പുകളുടെ ദുഃഖം നമ്മുടെ വിധിയാണ് .ജീവിതത്തിന്റെ പൊരുൾ അറിയാത്തതുകൊണ്ട്, എടുക്കുന്ന നിർണയങ്ങൾ മിക്കപ്പോഴും പാളിപ്പോകുന്നു .ഭാവി അജ്ഞാതമാകയാൽ ഈ ലോകം  മുന്നിൽ ഒരു ഇരുൾപ്പരപ്പാണ്. ദേവത എന്ന ഗുരു വിളിക്കുന്നത് ഈ ജീവിതത്തിന്റെ ദുർഗ്രഹമായ വ്യവസ്ഥയെയാണ്. യാതൊന്നിനാലും ലൗകികദു:ഖത്തെ മറികടക്കാനാവില്ല. ശരീരം വേദനിക്കാനുമുള്ളതാണ്, മനസ്സും അതുപോലെതന്നെ.സ്നേഹവും ദുഃഖവും നമ്മുടെ സമീപത്തു തന്നെയാണുള്ളത്, നമ്മുടെ നിർണയങ്ങളുടെ ഫലം എന്ന നിലയിൽ .അലംഘനീയമായ ജീവിത വ്യഥയിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയുമില്ല. എന്നാൽ അത്യുത്ഭുതകരമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നു.'പിണ്ഡത്തിന് അമൃത് ൽകി' എന്നു ഗുരു പറഞ്ഞത് ശ്രദ്ധിക്കണം. വെറുമൊരു ഭ്രൂണമായി, യാതൊരു നിർണയവും ഉത്തരവാദിത്തവും നിർവ്വഹിക്കാൻ കഴിയാത്ത ശരീരത്തിന് അമൃത് നൽകിയിരിക്കുകയാണ്. എന്താണ് ആ അമൃത് ?അത് ആത്മാവിന്റെ അമൃതാണ്. പരമമായ ആനന്ദത്തിന്റെ അനുഭവത്തിൽ പരമമായ സൗഖ്യം ലഭിക്കും. കെട്ടുപാടുകളിൽ നിന്നകന്നിരിക്കാനുള്ള ഒരു സാധ്യത നമ്മുടെ ശരീരമെന്ന ഏടാകൂടത്തിൽ ദൈവം വിളക്കിച്ചേർത്തിട്ടുണ്ട്. അതാണ് പ്രതീക്ഷ. എല്ലാ തിരിച്ചടികളെയും മറികടക്കാൻ ആ അമൃതരസത്തിനു കഴിയും. ധ്യാനത്തിലൂടെയും മൗനത്തിലൂടെയും  പ്രാർത്ഥനയിലൂടെയും സദ്പ്രവൃത്തിയിലൂടെയും ദൈവചിന്തയിലൂടെയും നാം എത്തിപ്പിടിക്കാനാഗ്രഹിക്കുന്നത് ആ ആനന്ദമാണ്. മനസ്സിലൂടെ മഹത്തായ ആനന്ദത്തിലേക്ക് പ്രവേശിക്കാമെന്ന് പഠിപ്പിക്കുന്ന ഒരു എഞ്ചിനീയറിങ് ശരീരത്തിന്റെയുള്ളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.അവിടെയാണ് നാം ഈ പ്രപഞ്ചശക്തിയുടെ സൃഷ്ടി എന്ന മാന്ത്രികതയുടെ രഹസ്യമറിയുന്നത്.




  • ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം മാർ /എം.കെ.ഹരികുമാർ

     



    എം.കെ.ഹരികുമാർ


    കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിൻ്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം ' എന്ന ആത്മകഥയെക്കുറിച്ച് .



    ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ poetry super highway യിൽ എട്ടുതവണ poet of the week ആയി  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു ദശകത്തിനു മുമ്പുതന്നെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം 'തണൽ ഓൺലൈൻ' വെബ് മാസികയുടെ സാരഥിയായിരുന്നു. ഞാനും പ്രവാസി നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നും ചേർന്നു 'എഴുത്ത് ഓൺലൈൻ ' മാസിക നടത്തിയപ്പോൾ ധാരാളം  കവികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അന്ന് ഞങ്ങൾക്ക് അബൂബക്കർ പലപ്പോഴും തൻ്റെ ഇംഗ്ലീഷ് കവിതകൾ അയച്ചു
    തരുമായിരുന്നു .അബൂബക്കറിന്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം'(ഗ്രീൻ ബുക്സ്) വായിക്കുകയായിരുന്നു. മനുഷ്യർക്ക് ആത്മകഥ എഴുതാനാണ് പ്രയാസം. കാരണം അത് സ്വന്തം അനുഭവങ്ങളെക്കുറിച്ചാണ്. മറ്റുള്ളവരെക്കുറിച്ച് എഴുതുമ്പോൾ നമുക്ക് നിരീക്ഷണം അനായാസമായി ലഭിക്കും. മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായാൽ മതി. എന്നാൽ  സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പ്രയാസമേറിയ ജോലിയാണ് .അവിടെ യുക്തിബോധം കൊണ്ടുവരുന്നത് വെല്ലുവിളിയാണ് .സ്വന്തം പ്രവൃത്തികളിലൂടെ ലോകനന്മയും വിശാലബോധവും കൈവരിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജീവിതത്തിന്റെ നിലപാടുകൾക്ക് പലപ്പോഴും ചാഞ്ചല്യമുണ്ടാകും. നമ്മൾ കല്ലുപോലെ ഉറച്ചവരല്ല. ജീവിക്കുമ്പോൾ മാനുഷികമായ  പരിഗണനകളും വേണ്ടിവരും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അതുകൊണ്ട് എപ്പോഴും ഒരേ ചിന്തയിൽ തന്നെ തുടരാനാവില്ല.അബൂബക്കറിൻ്റെ ആത്മകഥയിൽ ഞാൻ കണ്ടത് സ്വതന്ത്രമായ ചിന്താഗതിയാണ്. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും അതീതനായി ചിന്തിക്കുകയാണ്. അദ്ദേഹം സ്വയം ഉയർത്തിക്കാണിക്കുന്നില്ല. എല്ലാവരുടെയും ഇടയിൽ ജീവിച്ച ഒരു സഹയാത്രികൻ എന്ന ഭാവം കാണാം. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നുണ്ട്:
    "ഇതിലാവിഷ്കരിക്കുന്ന ഓർമ്മകളിലെ ഞാൻ അന്ന് രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തിയ ആയിരങ്ങളിലൊരുവനാണ്. അവർക്കില്ലാത്ത സവിശേഷതകളൊന്നും എനിക്കില്ല. അവരനുഭവിച്ചത്രയൊന്നും ദുരിതങ്ങൾ, ഒരുപക്ഷേ ഞാൻ അനുഭവിച്ചിട്ടുണ്ടാവില്ല. ഈ പുസ്തകം സത്യത്തിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം വഴിയിലുപേക്ഷിച്ചു പോയ ഒരാൾ അതിനു ന്യായീകരണം കണ്ടെത്തുന്നതിനായി നടത്തുന്ന വൃഥായത്നമാണ്. എഴുതിക്കഴിഞ്ഞപ്പോൾ സ്വയം ചോദിച്ച ചോദ്യം ആ ന്യായീകരണം കണ്ടെത്തിയോ എന്നതാണ്. ഇല്ല എന്നു തന്നെയാണ് അതിൻ്റെ ഉത്തരം."

    എഴുതാനുള്ള തീവ്രമായ ആഗ്രഹം 

    ഈ തുറന്നുപറച്ചിൽ ആകർഷകമാണ്. അവകാശവാദങ്ങളില്ലാതെ അദ്ദേഹം എഴുതുകയാണ് .എൺപതിനോടടുക്കുന്ന പ്രായത്തിലും എഴുതാനുള്ള ഒരുതരം ആർത്തി തന്നെ പിടികൂടിയിരിക്കുന്നതായി അബൂബക്കർ വെളിപ്പെടുത്തുന്നുണ്ട്. "എഴുതിക്കൊണ്ട് അവസാനിക്കണമെന്നാണ് എൻ്റെ  പ്രാർത്ഥന" - എത്ര ആത്മാർത്ഥമായ വാക്കുകൾ!. സ്ഥിരമായി എഴുതുന്നവർക്കറിയാം അവരുടെ ഞരമ്പുകളെയും മനസ്സിനെയും എഴുത്ത് എത്രമാത്രം കീഴടക്കിയിരിക്കുന്നുവെന്ന്. അമെരിക്കൻ വിമർശകനായ യുജിൻ ജൊലാസ് 'ഭാഷ തനിക്ക് ഒരു ഞരമ്പുരോഗമായിത്തീർന്നു' എന്നു പ്രസ്താവിച്ചിട്ടുണ്ട്. അത്രമാത്രം അദ്ദേഹം ജീവിച്ചത് ഹൃദയത്തിലാണ്. താൻ ജീവിച്ചിരിക്കുന്നു എന്നു ഉറപ്പുവരുത്താനായി ആത്മാവിഷ്കാരത്തിൽ അദ്ദേഹം കേന്ദ്രീകരിച്ചു.

    പുതുപ്പണത്താണ് അദ്ദേഹത്തിൻ്റെ ജനനം. മടപ്പള്ളി കോളജിലും ബ്രണ്ണൻ  കോളജിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം അദ്ദേഹം ഇടതുപക്ഷത്ത് സജീവരാഷ്ട്രീയപ്രവർത്തകനായി. കെ.എസ്.എഫ്,എസ്,എഫ്.ഐ എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു.തുടർന്ന് വിവിധ സാംസ്കാരിക സംഘടനകളിൽ  പ്രവർത്തിച്ചു .ചിന്ത പബ്ളീഷേഴ്സിൻ്റെ മുഖ്യപത്രാധിപരായിരുന്നു .ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. അബൂബക്കറിൻ്റെ 'മുറിവേറ്റവരുടെ യാത്രകൾ,' 'കടൽ' എന്നീ നോവലുകൾ ശ്രദ്ധേയമാണ്. പുതിയ മാനവിക വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത് .ഭാരതയുദ്ധം , കുമ്പാരന്റെ പാത്രങ്ങൾ, യാത്രയ്ക്ക് മുമ്പ് , മുറിവേറ്റവരുടെ തടാകം ,ഭൂമിയുടെ കണ്ണ്, തുഗ്ളക്കിൻ്റെ പല്ല് തുടങ്ങിയ കൃതികൾക്ക് പുറമെ 'സമ്പൂർണ്ണകവിത'യും പ്രസിദ്ധീകരിച്ചു.

    വ്യക്തിപരമായ ഓർമ്മകൾ ഒഴിവാക്കിയതിനെപ്പറ്റി അബൂബക്കർ പറയുന്നത് ഇതാണ് :"ചില ഓർമ്മകൾ എഴുതുന്നില്ല. വെറും വൈയക്തികമായ അനുഭവങ്ങളും അനുഭൂതികളും എഴുതി എന്തിനാണ് പേജ് നിറയ്ക്കുന്നത് ? അവയിൽ വായനക്കാർക്ക് അല്പമാത്രമായ താൽപര്യം പോലുമുണ്ടാവില്ല." തൻ്റെ വീടിനെക്കുറിച്ച് അദ്ദേഹം ഗൃഹാതുരത്വത്തോടെ എഴുതുന്നു: " വീട്ടിലെ പ്രധാന കഥാപാത്രം ഉപ്പ തന്നെ. വീടിനകത്ത് അധികാരങ്ങളെല്ലാം ഉമ്മയ്ക്ക് . ശരിക്കും വീടർ തന്നെ. പണ്ടുകാലത്ത് ഭാര്യമാരെ വീടർ എന്നു വിശേഷിപ്പിച്ചിരുന്നു. വീട് നോക്കി നടത്തുന്നയാൾ എന്ന നിലയ്ക്കാവണം അത്.കുടുംബിനിയുടെ വേറൊരു ഭാഷാപ്രയോഗം."

    ഒരു കവിക്കു ആത്മകഥയിൽ കവിതയെക്കുറിച്ച് ആത്മഗതമുണ്ടാകുന്നത് സ്വാഭാവികമാണ് .കോളജു ക്ളാസുകളിൽ ആംഗലേയകവിത പഠിച്ചതിൻ്റെ രാഗവിലോലസ്മൃതികൾ ഗ്രന്ഥകാരനു ഒഴിവാക്കാനാവില്ല. ബ്രൗണിംഗിൻ്റെ The Last Ride together, റൂപർട്ട് ബ്രൂക്കിൻ്റെ Great Lover, വിൽഫ്രഡ് ഓവൻ്റെ Insensibility, വില്യം വേർഡ്‌സ്വർ ത്തിൻ്റെ Daffodiles(Solitary Reaper?) ഷെല്ലിയുടെ Skylark ഇവയൊക്കെയാണ് പഠിച്ചത്. നിലനിറത്തിലുള്ള മേഘക്കാടുകൾ, കമ്പിളി സ്പർശങ്ങൾ ,മഞ്ഞലയിലുണ്ടാകുന്ന കാൽപ്പാടുകൾ, നീർക്കുഴികൾ നിറയെ ലഭിച്ച ഭൂതകാലം;ഇവ ഓർത്തുകൊണ്ട് ഭാവിയിൽ എന്താകുമെന്നും മരണാനന്തരം ഏതൊരിരുട്ടാണ്  തന്നെ നേരിടുകയെന്നും അസ്വസ്ഥമാവുന്ന ഒരു മനസ്സാണ് റൂപർട്ട് ബ്രൂക്കിൻ്റെ കവിതയിലുള്ളത്. റോബർട്ട് ബ്രൗണിങ്ങിന്റെ നാടകീയ സ്വഗാതാഖ്യാനങ്ങളിലൊന്നാണ് The last Ride Together. വികാരവിക്ഷുബ്ധവും സ്മരണകളുണർത്തുന്നതുമായ  ഒരവസാന യാത്രയ്ക്കായി തന്റെ കാമിനിയോടഭ്യർത്ഥിക്കുന്ന കവിതയാണത്. ഒരുമിച്ചുള്ള ഈ യാത്ര, അവസാനയാത്ര ഒരിക്കലുമവസാനിക്കല്ലേയെന്ന  മോഹമാണ് കവിക്കുള്ളത്. "

    ഇതൊക്കെയാണ് ഒരു ആത്മകഥയെ അർത്ഥവത്താക്കുന്നതെന്ന് എനിക്ക് തോന്നുന്നു .കാപ്പി കുടിച്ചതും ഊണുകഴിച്ചതും സവാരി ചെയ്തതും എഴുതുന്നതിൽ യാതൊരു താൽപര്യമില്ല അബൂബക്കറിന്. അദ്ദേഹം ഒരു സീരിയസ് കവിയാണ്, എഴുത്തുകാരനാണ് .ആ സീരിയസ്സ്നസ് ഈ ആത്മകഥയിലുണ്ട്. 

    പറന്നു പോയ ദിനങ്ങൾ 

    പേരാമ്പ്രയിലെ സുഹൃത്‌സംഗമങ്ങൾ ഗ്രന്ഥകാരന്റെ മനസ്സിൽ ഇപ്പോഴും വികാരാവേശമായി നിലനിൽക്കുന്നുണ്ട്.ഒരാളെ ജീവിപ്പിച്ചത് എന്തായിരിക്കും? സങ്കടങ്ങളാണോ? സങ്കടങ്ങൾ തീർച്ചയായും നമ്മെ ഉരുക്കുന്നുണ്ട്, മാറ്റിമറിക്കുന്നുണ്ട്. സങ്കടങ്ങൾ നമുക്ക് ശുദ്ധിനേടാനുള്ള അവസരമാണ്. സങ്കടങ്ങളിലൂടെ മനസിലെ മാലിന്യം നീങ്ങുകയാണ്. സങ്കടങ്ങളുടെ ഓർമ്മകളിൽ നിന്നു പ്രതീക്ഷകളിലേക്കാണ് ഉയരാനുള്ളത്. അബൂബക്കറിന്റെ ആത്മകഥയിൽ ഇതു നിഴലിക്കുന്നുണ്ട്. പറന്നുപോയ ദിനങ്ങൾ മനസ്സിൽ ഒരു ശാന്തിതീരം സൃഷ്ടിച്ചിരിക്കുന്നു. വ്യർത്ഥതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഊർജം അതിലുണ്ട്.

    പേരാമ്പ്രയിലെ സുഹൃത്തുക്കളോടൊപ്പം സഹവസിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: " കവിതയുടെ റിപ്പബ്ലിക്കിൽ നിന്നു പുറത്തുപോകാൻ ഒരിടമുണ്ടായിരുന്നില്ല .ചിലപ്പോൾ നിശ്ശബ്ദവും ചിലപ്പോൾ ശബ്ദമുഖരിതവുമായ പോരാട്ടങ്ങളുടെ വഴികളിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. സമൂഹമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു ഏത് ജീവിതവും മതിയാവും .എല്ലാ മനുഷ്യരും നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട്. വിദ്യാർഥിയായാലും അദ്ധ്യാപകനായാലും തൊഴിലാളിയായാലും കൃഷിക്കാരനായാലും എല്ലാം അതാണ് സ്ഥിതി. അതുപോലെ തന്നെയാണ് കവിത .എവിടെയും കവിതയ്ക്ക് തുറസുകളുണ്ട്. മനസ് വെറുതെ തുറന്നു വച്ചാൽ മതി. ഏതൊക്കെ കവിത ഏതൊക്കെ കാലത്ത് എഴുതിയെന്നൊന്നും പറയാനാവില്ല. എഴുതുന്നത് മാത്രമല്ല കവിത .ഓരോ പോരാട്ടവും ഒരു കവിതയാണ്. ഓരോ നാടകവും ഒരു കവിതയാണ്." ജീവിതത്തിലെ ഓരോ അനുഭവത്തിലും കവിത കാണുന്നവനാണ് കവി. കവിതയ്ക്ക് വേണ്ടി മലമുകളിലേക്കോ  ആശ്രമത്തിലേക്കോ പണിശാലയിലേക്കോ പോകേണ്ട; കവിത എല്ലായിടത്തുമുണ്ട് .പാർട്ടി പ്രവർത്തനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവക്ഷകൾ മനസ്സിലാക്കിയ അബൂബക്കർ ജീവിതത്തിൻ്റെ മുഖ്യപങ്കും ആദർശലക്ഷ്യങ്ങളെ മുന്നിൽ കണ്ടാണ് സഞ്ചരിച്ചത്. അദ്ദേഹം അതിനായി നന്നായി അധ്വാനിച്ചു. മുഷിച്ചിലില്ലാതെ ജോലിയെടുക്കുന്ന ഒരു സന്നദ്ധഭടനെ ഈ താളുകളിൽ കാണാം. ക്ഷീണിക്കാത്ത പ്രതിഭയാണദ്ദേഹം.  അനുഭവങ്ങളുടെ ചൂടുകൊണ്ട് പതം വന്ന മനസ്സ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമാണ്. കാവ്യകേളി എന്ന സാംസ്കാരികവേദിയുടെ പ്രവർത്തനകാലത്തെ അദ്ദേഹം ഓർക്കുന്നു. ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററായപ്പോൾ കാവ്യകേളി അബൂബക്കറെ ആദരിച്ചു.
    "പുസ്തകപ്രസാധനം എനിക്ക് ബാലികേറാമലയാണ്.വീട് കേന്ദ്രമായി 'സഹ്യപ്രസാധന' എന്നൊരു പ്രസിദ്ധീകരണസാഹസം നടത്തിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധം ചെയ്ത് കാണാനുള്ള മോഹമായിരുന്നു അതിൻ്റെ പ്രചോദനം. ഒരുതരം ആർത്തി. അത്തരമനുഭവത്തിൻ്റെ ബലത്തിൽ ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററാവാൻ പറ്റില്ല. ഏതായാലും പുതിയ നിയമനത്തിനുള്ള പാരിതോഷികമാണ് കാവ്യകേളി തന്നത്.വി.കെ.എൻ എഴുതിയ 'പത്രാധിപരുടെ വ്യസനം' എന്ന പുസ്തകം .പത്രാധിപർ എന്നാൽ ഒരു വ്യസനം തന്നെയാണ്. വ്യസനിക്കലുണ്ട്, വ്യസിക്കലുമുണ്ട്. ക്ഷമിക്കുക, അങ്ങനെയൊരു ക്രിയാപദമണ്ടോ എന്നറിയില്ല. മുന്നിൽ ശബ്ദതാരാവലിയില്ല .വ്യസനിക്കുന്നയാളാവണമല്ലോ വ്യാസൻ .പണ്ടുപണ്ടേ നിലവിലുള്ള കുറെയേറെ കഥകൾ ശരിയായ രീതിയിൽ സജ്ജീകരിച്ച ,വ്യസിച്ച ,മഹാപ്രതിഭയാണല്ലോ വ്യാസൻ .വ്യസനം എന്ന വാക്ക്  വല്ലാത്ത മുനകളുള്ള ഒരു വാക്കാണ്. അത് സങ്കടവും സജ്ജീകരണവുമാണ്. വാക്കിൻ്റെ നാനാർത്ഥങ്ങളിലേക്ക് പോയി തനിക്കാവശ്യമായ സൂക്ഷ്മതകൾ തേടാൻ അബൂബക്കറിനു സിദ്ധിയുണ്ട് .

    സ്നേഹബന്ധങ്ങളിൽ തിരയുന്നത് 

    എഴുത്ത് ഓൺലൈനിൽ(2009, ഒക്ടോബർ 31) പ്രസിദ്ധീകരിച്ച അബൂബക്കറിന്റെ
    'And my soul claims her wholesome'
    എന്ന കവിത ഓർക്കുകയാണ്:

    "Today morning 
    Birds lost their feathers
    Plants their flowers
    Mountains their dales
    Dear it's horns 
    And I lost my pen
    Piercing out of my heart
    The lark has flown away
    Heavens have claimed her songs 
    Angels her smiles
    God her soul
    And my soul claims her wholesome."

    ആർക്കും അപഹരിക്കാനാവാത്ത ആന്തരികസൗന്ദര്യത്തെയാണ് കവി ലക്ഷ്യം വയ്ക്കുന്നത്. എല്ലാം നഷ്ടമാണ്. അല്ലെങ്കിൽ നഷ്ടപ്പെടാനുള്ളതാണ്. എല്ലാം തൻ്റെ മനസ്സിൽ ഭദ്രമാണെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. ലോകജീവിതത്തിന്റെ വാഴ്വിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കിടയിലും ആത്മാവിന്റെ രാഷ്ട്രീയത്തിൽ അദ്ദേഹം വിശ്വസിക്കുന്നു. താൻ ജീവൻ്റെ അവകാശത്തിനും സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന പ്രഖ്യാപനമാണത്. അദ്ദേഹം എഴുതുന്നു: "വിധിയിലൊന്നും വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നത്. പക്ഷേ എവിടെയും തനതായ ഒരു വഴി എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. പോരാട്ടത്തിന്റെ ഈ വഴി ജീനുകളിലുള്ളതാവാൻ വഴിയൊന്നുമില്ല. കുട്ടിയായിരിക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുമ്പോഴും  മുന്നിലുണ്ടായിരുന്ന ഈ എതിർപക്ഷവീഥി അധ്യാപകനായപ്പോഴും എൻ്റെ മുന്നിൽ തുറന്നുകിടന്നിരുന്നു. അടിയന്തരാവസ്ഥയിലും ഈ വഴി തന്നെയാണ് താണ്ടിക്കടക്കാനുണ്ടായിരുന്നത്. "

    'മുറിവേറ്റവരുടെ യാത്രകൾ' എന്ന നോവലിൽ തങ്ങളുടെ ചരിത്രമെന്താണെന്നു അന്വേഷിക്കുന്ന ഒരു വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മുറിവുകളിൽ വീണുകിടന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ എഴുതുന്നത്.ആത്മാവ് പൂർവ്വാർജിതമായ ഉള്ളടക്കമാണെന്നു ചിന്തിക്കുന്നു. മായൻ മുസലിയാരെ പൂർവികരുടെ നിലയിൽ പ്രതിഷ്ഠിച്ച്  എഴുത്തു തുടങ്ങി. അത് സത്യത്തെ കണ്ടെത്തലായിരുന്നു. ആത്മപുരാവൃത്തിന്റെ ഏടുകൾ മറിക്കുന്നത് ഇങ്ങനെയാണ് .



    കാലവും ദേശവും ഗണിച്ചെടുക്കുകയെന്നത് കൂടുതൽ പ്രയാസമുള്ളൊരു പ്രക്രിയയാണ്. അവിടെ ചിലപ്പോൾ ചരിത്രം പരാജയപ്പെടുന്നു. അപ്പോൾ മിത്തുകളെ ആശ്രയിക്കേണ്ടി വരുന്നു.കേട്ടുകേൾവികളും കെട്ടുകഥകളുമാണ് മിത്തുകളായി മാറുന്നത്. തുടക്കത്തിൽ സംഭവങ്ങളോടുള്ള ലഘുവായ കുട്ടിച്ചേർക്കലുകളാണ് മിത്തുകളായി മാറുക. പിന്നെ കൂട്ടിച്ചേർക്കലുകൾ  പ്രധാന സംഭവത്തെ നിഷേധിച്ചു കളയുന്നു. ഇങ്ങനെയുണ്ടാകുന്ന ഐതീഹ്യങ്ങളിൽ നിന്നു സത്യവും വസ്തുതയും  വേർതിരിച്ചെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതിലും ദുഷ്ക്കരമാണ് പൂർവ്വികരുടെ ശാഖകളിൽ നിന്ന് പലതരത്തിലുള്ള മാനവബന്ധങ്ങൾ വേർതിരിച്ചെടുക്കുകയെന്നത്.വലിയൊരു വൃക്ഷം പോലെയെന്നു പറയാമോ? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വലിയൊരു വടവൃക്ഷം ?ശാഖോപശാഖകളായി പടർന്നുപന്തലിച്ചു നിൽക്കുന്നൊരു മരം? വടവൃക്ഷങ്ങളുടെ നാടാണ് വടകരയെന്നു കേട്ടിട്ടുണ്ട്. വടകരയെന്ന പേരിൻ്റെ നിഷ്പത്തിയന്വേഷിക്കുന്നവരെത്തിച്ചേരുന്ന നിഗമനമിതാവാം."
    സ്വന്തം ജീവിതത്തെ ഓർമ്മകളിലും ചരിത്രത്തിലും പുസ്തകങ്ങളിലും സ്നേഹബന്ധങ്ങളിലും തിരയുന്ന ഒരു കവിയുടെ ആത്മകഥയാണിത്. ഇതിൽ ഗ്രന്ഥകാരൻ സ്വയം വിധിക്കുന്നില്ല. സഹജീവികളോടു സംവദിക്കുകയാണ്. 



  •  or