Followers

Tuesday, August 13, 2024

എ.അയ്യപ്പൻ :സംസ്കാരങ്ങളോടു ചിതൽ ചെയ്തത് /എം.കെ.ഹരികുമാർ



കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും ആഗ്രഹങ്ങളെയും സത്യമാക്കി വിലയിരുത്തിക്കൊണ്ടിരിക്കും. അസത്യം പറയാൻ ധാരാളം പേർ ക്യൂ നിൽക്കുമ്പോൾ കവി അതിനെതിരെയാണ് പൊരുതേണ്ടത്. കവി അയാളുടെ വ്യക്തി ജീവിതത്തിന്റെ ഇരയല്ല ;അയാളിലൂടെ മറ്റുള്ളവർ സംസാരിക്കണം. അയാൾ സ്വയം ഒരു വീണ്ടെടുപ്പാണ്. ചിലപ്പോൾ അയാൾ വ്യക്തിയല്ല, നഗ്നവും ഭീകരവുമായ ഒരനുഭവമാണ് .അയാൾക്കു പോലും നിയന്ത്രിക്കാനാവാത്തതും നിർവ്വചിക്കാനാവാത്തതും. ജീവിതം തന്നിലുടെ പടരുകയാണ് ,അതിൻ്റെ തനി സ്വാതന്ത്യങ്ങളിൽ; അതാണ് അയാളെ അപാരമായ ലഘുത്വത്തിലേക്ക് നയിക്കുന്നത്.അതിനെ മറ്റുള്ളവർ വിശ്വസിക്കണമെന്നില്ല. അവിശ്വസനീയമായതെല്ലാം അയാൾ സ്വയം എറിഞ്ഞുടച്ചതിൻ്റെ  ഫലമായുണ്ടായതാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയല്ല ,കഴിയുന്നിടത്തോളം അവനവനോട് സ്വയം വെളിപ്പെടുത്താനാണ് കവി എഴുതുന്നത് .എ.അയ്യപ്പൻ തന്നെ ഉപേക്ഷിച്ച് തൻ്റെ കവിതയെ അന്വേഷിച്ചു നടന്ന കവിയാകുന്നത് ഇവിടെയാണ്. 

നിലവിലുള്ള ഒരു പ്രസ്ഥാനത്തിനും തന്റെ കവിതയെ ഒതുക്കാനാവില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് അയ്യപ്പനു വ്യവസ്ഥാപിത ജീവിതം തന്നെ അസാധ്യമായത്. ഒരു തൊഴിലിലോ സംഘടനയിലോ ചേർന്നു നിൽക്കാൻ പറ്റാത്ത വിധം ദുസ്സഹമായ ഒരു അസ്തിത്വപ്രതിസന്ധിയായി കവിത അയ്യപ്പനിൽ രൂപാന്തരപ്പെട്ടു. കവിതയാകട്ടെ ജീവിതത്തിൽ നിന്നു വേർപെടുത്താനാവാതെ തുടരുകയും ചെയ്തു. 

കവിതയുടെ പരിപ്രേക്ഷ്യങ്ങളെ ഉപേക്ഷിക്കുമ്പോൾ 

'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ അയ്യപ്പൻ ഇങ്ങനെ എഴുതുന്നു: "
മധുരത്തെക്കുറിച്ചോർക്കുമ്പോൾ
നാവിലൂറുന്ന ഉമിനീരു പോലുമിറക്കരുത് .
ഒരു നിശാശലഭം 
എൻ്റെ ശിരസ്സിനുമുകളിൽ 
പറക്കുന്നു
വാക്കറ്റ പക്ഷി പാടുന്നേയില്ല
കാലിൽത്തടഞ്ഞ തുരുമ്പിച്ച തോക്കിനു
പരിചിതമായ കൈകളുടെ ഗന്ധം
പാതയിൽ രുധിരവർണ്ണത്തിന്റെ പൂക്കൾ 
പൊഴിഞ്ഞുകൊണ്ടിരിക്കുന്നു."

ഈ വരികളുടെ അർത്ഥം പറയുന്നത് സദാചാരവിരുദ്ധമാണ് .കാരണം ,ഒരു കവിത വെറുതെ അർത്ഥമല്ല ഉത്പാദിപ്പിച്ചു വയ്ക്കുന്നത് .അത് മനസിനു പോലും അപരിചിതമായ ഒരു ലോകത്തെ മാനുഷികമാക്കുകയാണ്.  വിവിധ മനസ്സുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ഈ വരികൾ പ്രതിപാദിക്കുന്നത്. പല ജീവിതങ്ങൾ ഇവിടെ തളം കെട്ടി നിൽക്കുകയാണ്. തൻ്റെ ദു:ഖത്തിനു കവി വ്യാപ്തി നല്കുകയാണ്. തനിക്കു ദുഃഖിക്കാൻ തൻ്റെ ജീവിതം മതിയാകില്ലെന്ന് പ്രഖ്യാപിക്കാൻ ഇതുപോലുള്ള വരികളുടെ സാക്ഷ്യം  വേണം .മധുരം എല്ലാവരുടെയും മധുരമല്ല; അതിന് ആ പേരുണ്ടെന്നേയുള്ളു. അത് വിശ്വസിച്ചു ഉപഭോഗം ചെയ്യാനുള്ളതുമല്ല. മധുരം മധുരമായി വെറുതെ നിൽക്കുകയാണ്. അത് അടയാളമാണ്. എന്നാൽ അതിൽ ധാരാളം പതനങ്ങളും വഞ്ചനകളും അടങ്ങിയിരിക്കുന്നു .മധുരം നുണയുമ്പോൾ കയ്പായി മാറാം. കയ്പാണെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വിലപ്പെട്ടതെന്ന് കരുതുന്നതോ ആഹ്ലാദകരമെന്ന് വാഴ്ത്തപ്പെട്ടതോ നമ്മെ എപ്പോഴാണ് ക്രൂരമായി ചതിക്കുകയെന്നറിയില്ല .ലോകം സ്ഥിരമായി ,വ്യവസ്ഥാപിതമായി നിർത്തുന്നതിനെയാണ് കവി അട്ടിമറിക്കുന്നത്. കവിതകൾ സൃഷ്ടിച്ച പരിപ്രേക്ഷ്യങ്ങളിൽ നിന്നു പോലും വ്യതിചലിച്ചു കൊണ്ടു വേണം ഒരു യഥാർത്ഥ കവിക്ക് എഴുതാൻ. കാരണം ,യാഥാർത്ഥ്യം എവിടെയാണ് ? വസ്തു ഇല്ലല്ലോ ;വ്യാഖ്യാനങ്ങളും വർണനകളും വിലയിരുത്തലുകളും മാത്രമാണുള്ളത്. ഒരു പൂവ് ,ഒരു കടൽ ,ഒരു നക്ഷത്രം എല്ലാം മനുഷ്യ മനസിൽ ഭാവനകളും സാഹിത്യ പരിപ്രേക്ഷ്യങ്ങളുമായി വിഘടിക്കപ്പെടുകയാണ്. യാതൊന്നിൻ്റെയും അനന്യത എവിടെയുമില്ല. പ്രപഞ്ചം വീക്ഷണങ്ങളും വിചിന്തനങ്ങളുമായി വേർപിരിയുകയാണ്. അവിടെയാണ് യഥാർത്ഥമായ യാഥാർത്ഥ്യത്തെ തേടേണ്ടി വരുന്നത് .ഒരിടത്തും കാവ്യപരമായി പൊതിഞ്ഞു വയ്ക്കപ്പെടാത്ത ഒരു വസ്തുവുമില്ല. 

ശലഭം പുതുതായി പറക്കുകയാണ് 

ലോകം പണിതുവെച്ച മനോഹര രുചികൾ തനിക്ക് വേണ്ടിയുള്ളതല്ലെന്നു കവി സൂചിപ്പിക്കുകയാണ്. തൊട്ടടുത്ത വരി മറ്റൊരു അടയാളത്തെക്കുറിച്ചാണ്. അത് നിശാശലഭമാണ്. സുന്ദരവും ക്ഷണികവുമായ ആ ശലഭത്തിന്റെ പറക്കൽ ഒരു ദുർഗ്രഹതയാണ് .അത് കവിയുടെ ശിരസ്സിനു മുകളിൽ എന്തോ പരതുകയാണ് .വാസ്തവത്തിൽ അത് അയ്യപ്പൻ എന്ന കവിയാകണമെന്നില്ല. മഹാസൗന്ദര്യവുമായി അവതരിച്ച ശലഭം എന്താവും അശരണനും നിരാശനുമായ ഒരു കവിയിൽ നിന്നു പ്രതീക്ഷിക്കുന്നത്? ഒരു കാര്യം വ്യക്തമാണ്: ശലഭത്തെക്കുറിച്ച് കവികൾ എഴുതി ഉറപ്പിച്ചെടുത്തതൊന്നും ഇനിമേൽ യഥാർത്ഥ്യമല്ല എന്ന ആശയമാണ് അത് സംവേദനം ചെയ്യുന്നത്.അത് ഒരു ശലഭമായിരിക്കുന്നതിന്റെ നിശ്ചിതവും ആശയങ്ങളാൽ നിക്ഷിപ്തവുമായ  ഭാവുകത്വത്തെ വഹിക്കാൻ ഇഷ്ടപ്പെടുന്നില്ല .ശലഭം പുതുതായി പറക്കുകയാണ്. പൂർവ്വകാലങ്ങളിൽ പറന്ന ശലഭങ്ങളിൽ നിന്ന് വേറിട്ടു പറക്കാൻ ആ ശലഭത്തിനു ആഗ്രഹിക്കാമല്ലോ .അവിടെയാണ് കവിതയുള്ളത്. അങ്ങനെയുള്ള ഉദ്യമത്തിൽ അതിനു ഒരു കവിയുടെ ശിരസ്സ് പ്രിയങ്കരമാവും. കാരണം ,അർത്ഥത്തിന്റെ നിലവാരപ്പെടൽ ,ഉറപ്പിക്കൽ പ്രക്രിയകളിൽ നിന്ന് അകന്ന് ദുർഗ്രഹമായ ഒരു സ്ഥലരാശിയിലൂടെ അത് സ്വതന്ത്രമായി പറക്കുകയാണ്, ഏതോ അനന്യതകളിലേക്ക്.അത് പുതിയ ഒരു വൃത്തം ചമയ്ക്കുകയാണ് .ഇതല്ലേ സൗന്ദര്യം? ജീവിതത്തെ അറിയാനായി പുതിയൊരു മിത്ത് സൃഷ്ടിക്കുകയാണിവിടെ .എന്നിട്ടും അത് അസംബന്ധമോ അർത്ഥശൂന്യമോ ആയി  അവശേഷിക്കുന്നു.

വാക്കറ്റ പക്ഷി പാടുന്നേയില്ല എന്ന് പറഞ്ഞതിൽ നിന്നു നമുക്ക് അനുമാനിക്കാവുന്നത് നമ്മൾ ഓരോരുത്തരും ഓരോ തരം പക്ഷിയാണെന്നാണ്. എവിടേക്കോ  പറക്കുന്നു .ചിറകടിച്ച് കരഞ്ഞു പറക്കുന്ന നമ്മൾ ചിലപ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നു. അല്ലെങ്കിൽ പറന്നു ദൂരേക്ക് പോകുന്നു. മിക്കപ്പോഴും നമ്മൾ പറന്നു തളർന്ന പക്ഷികളാണ് .നമുക്ക് ദൂരേക്ക് പോകാനാവില്ല .അതിനാൽ നാം പാട്ടു നിർത്തിയവരാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയത് പ്രകാരം മൗനമായിരുന്നു നമ്മുടെ ഭക്ഷണം. സഹനങ്ങളിൽ നാം പഠിച്ചത് നിശ്ശബ്ദതയുടെ ഭാഷയാണ്. 

എല്ലാ സാഹചര്യങ്ങളും എതിരാകുമ്പോൾ നമുക്ക് നിശ്ശബ്ദതയിൽ അഭയം തേടാം. നിശ്ശബ്ദത ആരുടെയും അധീനതയിലുള്ള ഭൂമിയല്ല .അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ പരിത്യക്തരും വിമുഖരും പരാധീനരും അവിടേക്ക് പോയി മറയുന്നു. പറക്കാൻ കഴിയുന്ന പക്ഷികൾ പെട്ടെന്ന് നിശ്ശബ്ദരായിരിക്കുന്നു.അവർ കണ്ട കാഴ്ചകളാകാം അതിനു കാരണമായത്. പക്ഷികൾക്ക് വാക്കുകൾ നഷ്ടപ്പെടാറുണ്ടെന്ന്  അയ്യപ്പൻ പറയുന്നതിൽ ഒരു സൂക്ഷ്മ നിരീക്ഷണമുണ്ട്. മനുഷ്യനും പറക്കാൻ കഴിയും, അവൻ്റെ മനസ്സിനുള്ളിലൂടെ.

ഐറിഷ് കവി സീമസ് ഹീനെ (Seamus Heaney) ഇങ്ങനെ അഭിപ്രായപ്പെടുന്നു :"I think that self forgetfulness ,self entrancement ,is part of the action of writing ,certainly of writing verse .To dwell silently on something within yourself ,to forget that you are there watching yourself in action that is the achievement and that is the desire."
ആത്മവിസ്മൃതി ,ആത്മപ്രവേശനം എന്നിവ കവിതയെഴുത്തിൽ ഒഴിവാക്കാനാവില്ല. നിശ്ശബ്ദമായി  നിങ്ങളുടെയുള്ളിലുള്ള ഏതോ കേന്ദ്രത്തിലേക്ക് പോയി നിങ്ങളെത്തന്നെ വിസ്മരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടം .കവിയുടെ രചനാപ്രക്രിയ ഇതാവശ്യപ്പെടുന്നു.അയ്യപ്പൻ തന്നിലേക്ക് തന്നെ സഞ്ചരിക്കുന്നത് ,ഏറ്റവും അനന്യമായ അറിവുകൾക്ക് വേണ്ടിയാണ് .

അവ്യക്തത സൗന്ദര്യമാണ് 

പിന്നീട് തുരുമ്പിച്ച തോക്കിന്റെ കഥ പറയുന്നു. ആ തോക്ക് വെടിയുതിർത്ത കാര്യമല്ല കവിയെ വേട്ടയാടുന്നത്; അത് പരിചിതമായ ആരുടെയോ സ്പർശത്തെ ഓർമ്മിപ്പിക്കുന്നു. ആ  കൈകളുടെ ഗന്ധം തോക്കിലുണ്ട്. ആരായിരിക്കും ആ  തോക്ക് ഉപയോഗിച്ചിരിക്കുക?. എന്നാൽ അതിൽ തന്നെ മറ്റൊരു വസ്തുതയുമുണ്ട് .ആ തോക്ക് സമീപത്തെങ്ങും ഉപയോഗിച്ചിട്ടില്ല.
അതുകൊണ്ടാണ് അത് തുരുമ്പിച്ചു താഴെ വീണു കിടന്നത്.യാദൃശ്ചികമായി, അത് പഥികൻ്റെ കാലിൽ തടഞ്ഞതാണ്. ആരെയോ വെടിവെച്ചു കൊന്നശേഷം തോക്ക് ഉപേക്ഷിച്ച് കൊലയാളി കടന്നു കളഞ്ഞതാകാം. കൈകളുടെ ബന്ധം പഥികനു പരിചയമുള്ളതാണ് എന്ന പ്രസ്താവന ഏറ്റവും ഉദ്വേഗമുണ്ടാക്കുന്നതാണ്. 

ഇന്നലെ നമ്മുടെ സുഹൃത്തായിരുന്നവൻ ആരെയോ കൊന്നിരിക്കുന്നു .അവൻ ഒളിച്ചു പോയിരിക്കുകയാണ്. കവിയുടെ സുഹൃത്തുക്കൾ സൗഹൃദങ്ങൾ ഉപേക്ഷിച്ചു കൊല്ലാൻ കെല്പുള്ളവരായി വളർന്നിരിക്കുന്നു. കൊന്നും മറഞ്ഞും ജീവിക്കുന്നവർക്കിടയിൽ തൻ്റെ പ്രസക്തി എന്താണെന്ന് ,അവനവനെ പോലും കൊണ്ടുനടക്കാൻ ശേഷിയില്ലാത്തവനു ചിന്തിക്കാവുന്നതാണ് .പിന്നെ എഴുതുന്നത് ,പാതയിലെ രുധിര വർണ്ണപ്പൂക്കളെക്കുറിച്ചാണ്. രക്ത നിറമുള്ള പൂക്കൾ പാതയിൽ രക്തസാക്ഷികളെ പോലെ ചിതറിക്കിടക്കുന്നു. ഈ കവിതയിലെ ബിംബങ്ങളെല്ലാം പരസ്പരം വിഘടിച്ചും അകന്നും കഴിയുകയാണ്. പലതരം ബിംബങ്ങൾ ഏതോ ആന്തരിക പൊരുത്തത്താൽ കവിതയിലേക്ക് വന്ന് താളമുണ്ടാക്കുന്നു .
മധുരം, നിശാശലഭം, പക്ഷി, തോക്ക്, രക്തശോഭമാർന്ന പൂക്കൾ ഇവയെല്ലാം കവിയിൽ പല കാലങ്ങളും പല മനുഷ്യരുമായി പിരിയുന്നു.

അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ പോലെ അവ പുതിയൊരു പിറവിക്കായി പ്രതീക്ഷിക്കുകയാണ്. യുക്തിയും ക്രമവും ഇല്ലാതായ ഈ ലോകത്ത് തനിക്ക് ഓരോന്നും പുതിയ ഭയമാണ് തരുന്നത്. എല്ലാത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു .അവ്യക്തമായ ഒരു ഭാഷയായി കവിത പരിണമിക്കുകയാണ്.ഇത് കവിതയെ അനുഭവിക്കുന്നതിനു തടസ്സമല്ല .ഈ അവ്യക്തത സൗന്ദര്യമാണ്. ഇത്  വാസ്തവത്തിൽ കവിതയുടേതല്ല;  ജീവിതത്തിൻ്റേതാണ് .ജീവിതം നൽകുമെന്ന് കരുതിയിരുന്ന യുക്തിയും ക്രമവും ഇല്ലാതായിരിക്കുന്നു ;പകരം ലഭിക്കുന്നതാകട്ടെ ഭ്രാന്തും വൈരുദ്ധ്യവും പലായനവുമാണ്. ഭയമാണ് ആകെയുള്ള ബോധം. 

"നിലാവിനെ തിന്നു തീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
കശാപ്പുകാരന്റെ അശരീരി."

ഈ വരികളിലുള്ളത് ആ ഭയമാണ്. അതാകട്ടെ യുക്തിരഹിതവുമാണ്. കവിക്ക് മാത്രം മനസ്സിലാകുന്ന ഭയമാണത്. തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഈ ഭയം മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതിൻ്റെ തെളിവ് എന്ന് കവി തിരിച്ചറിയുന്നു. അത് 'മൊഴിയിൽ തെളിവ് പാടില്ല 'എന്ന കവിതയിൽ ഇങ്ങനെ വ്യക്തമാക്കുന്നു :

"തൊണ്ടയില്ലാത്ത ഒരു 
കരച്ചിലായിരുന്നു രാത്രി 
അവനിനിപ്പാടുകയില്ല 
പെങ്ങളുടെ മടിയിലുറങ്ങുകയില്ല 
ഒറ്റച്ചവിട്ടിനാണ് 
അവൻ്റെ ഓടക്കുഴൽ തകർത്തത് ."

പേടിസ്വപ്നത്തിലെന്ന പോലെ  ജീവിതം സ്നേഹശൂന്യമാവുകയും പരിചിതമായതെല്ലാം  അപരിചിതമാവുകയും ചെയ്യുന്നു. ഉപരിതലത്തിലെ കാഴ്ചകൾ കണ്ട് അതിനോട് സൗമ്യമായി പ്രതികരിച്ചു കടന്നുപോയ കവിയല്ല എ .അയ്യപ്പൻ .അദ്ദേഹം കോൺക്രീറ്റ് ചെയ്ത് മൂടിവച്ച് നഗ്നസത്യങ്ങൾ പുറത്തെടുക്കാൻ രാത്രിയും പകലും  അധ്വാനിച്ചവനാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ അതിന്റെ സ്ഥാനവും സമയവും നോക്കി ,ഈ ലോകജീവിതത്തിൽ അതിനുള്ള സ്ഥാനമെന്താണെന്നു പ്രവചിക്കാൻ കഴിഞ്ഞ അപൂർവ രചയിതാക്കളിൽ ഒരാളാണ് അയ്യപ്പൻ. അദ്ദേഹം കവിതയെ സമൂലം മാറ്റിമറിച്ചു .കവിതയുടെ എല്ലാ വരേണ്യതയും നശിപ്പിക്കുകയും അതിനു ഏറ്റവും പതിതനായ മനുഷ്യൻ്റെ ,അലഞ്ഞ ജീവിയുടെ അന്തരംഗത്തിൻ്റെ സ്വരം നൽകുകയും  ചെയ്തു. അതേസമയം ,അയ്യപ്പൻ്റെ കവിതയിൽ വികാരങ്ങൾ കുത്തിയൊഴുകുന്നില്ല. ഭാഷയുടെ ഉന്നതമായ സംസ്കാരം ഓരോ വരിയിലുമുണ്ട് .വാക്കുകളെ പൊട്ടിക്കരയാൻ അനുവദിക്കാതെ, അദ്ദേഹം പ്രബുദ്ധമായ ഒരു വിതാനം നൽകുന്നു .വാക്കുകളെ ബുദ്ധൻ്റെ ബോധിവൃക്ഷച്ചുവട്ടിലേക്കാണ് അയ്യപ്പൻ ആട്ടിത്തെളിച്ചത്. വാക്കുകളുടെ ആട്ടിടയനാണ് കവി. ഓരോ വാക്കും ലക്ഷ്യത്തിലെത്തണം. ഒന്നും വഴിമാറിപ്പോകരുത്. 

കവിതയുടെ അസംസ്കൃത വസ്തുക്കൾ 

'ജയിൽ മുറ്റത്തെ പൂക്കൾ' എന്ന് ഒരു കവിതാസമാഹാരത്തിനു പേരിടുന്നത് എത്രയോ ആഴത്തിലുള്ള ഒരു ചിന്തയുണർത്തുന്നു. ജയിലിനുള്ളിൽ ഏകാന്തതയും വേർപെടലും ദുഃഖവുമാണുള്ളത്. എന്നാൽ ആ പൂക്കൾ ചിരിക്കുകയാണ്; പ്രകൃതിയനുവദിച്ച സമയം പരമാവധി ലഹരിയിൽ ആവാഹിക്കാൻ അവ പാടുപെടുന്നു.പ്രതീക്ഷയുടെ കണ്ണുകൾ പൂക്കൾക്ക് ഉപേക്ഷിക്കാനാവില്ല.  സൗന്ദര്യത്തെ ഇങ്ങനെയാണ് പിന്തുടരേണ്ടത് .

"റോസിനു ഒരുമ്മ കൊടുത്തു. അഴികളിലൂടെ നോക്കിയാൽ നിലാവത്ത് ചിരിക്കും
വെളുത്ത മൊസാൻ്റ .
................
മോചിതനാകേണ്ട നാൾ വന്നു.
എൻ്റെ പേർ വിളിക്കപ്പെട്ടു .
ചെടികൾ കാറ്റത്താടി 
എല്ലാ പൂക്കളും എന്നെ നോക്കി
ഹായ് 
എൻ്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി"

ആധുനികകവിതയുടെ വ്യർത്ഥചിന്തയോ അന്യതാബോധമോ ഒന്നും കവി അതേപടി ഇവിടെ ആവിഷ്കരിക്കുന്നില്ല. അയ്യപ്പൻ തന്റെ സാഹസികവും ക്രമം തെറ്റിയതുമായ യാത്രകളിലൂടെ കവിതയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുകയാണ് .അദ്ദേഹം സ്വന്തം വ്യസനത്തിന്റെയും തകർച്ചയുടെയും നിസ്സഹായതയുടെയും വഴികളിലൂടെ നടന്ന് തൻ്റേതായ സൗന്ദര്യം സൃഷ്ടിക്കുകയാണ്. ഓരോ വസ്തുവിലും കവി തൻ്റെ ആത്മാവിനോട് ഏതോ ഭാഷയിൽ സംവദിക്കുന്ന പല ജീവികളെ കണ്ടുമുട്ടുന്നു. 

ഒരാൾ കവിതയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ, കവിതയെ അത്രയ്ക്കങ്ങു ആശ്രയിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഏത് യാഥാസ്ഥിതിക സമൂഹത്തിലും ഉയരാവുന്നതാണ്. മല്ലാർമെ ,ബോദ്ലേർ തുടങ്ങിയ കവികളെപ്പോലെ കവിതയുടെ അന്ത:ക്ഷോഭങ്ങൾ സ്വശരീരത്തിലേക്കും അസ്തിത്വത്തിലേക്കും  ഇറക്കിക്കൊണ്ടുവരുന്നത് ആപത്തല്ലേ എന്നു പ്രായോഗികമതികളായ അധ്യാപകർക്കൊക്കെ ചോദിക്കാവുന്നതാണ്. അതിനുള്ള കാരണങ്ങൾ ആലോചനയ്ക്ക് വിഷയമാണ്. മനുഷ്യൻ ഇതൊന്നുമില്ലാതെ ജീവിച്ചാൽ തനിയെ അർത്ഥം കൈവരുമോ? മനുഷ്യാസ്തിത്വം നിത്യമായ ദുർഗ്രഹതയിലാണുള്ളത് .ഓരോ നിമിഷവും അത് അനാവരണം ചെയ്യേണ്ടിയിരിക്കുന്നു .വളരെ നാളുകൾക്ക് മുൻപ് സംഭവിച്ചതും വ്യക്തതയുള്ളതുമായ കാര്യങ്ങൾ പോലും കുറേക്കാലം കഴിയുമ്പോൾ അവ്യക്തവും അസാധാരണവുമായ വിധം ദുർഗ്രഹമായിത്തീരുന്നു. മനസ്സിലേക്ക് വീണ ഒരു കനലാണത്; അറിയത്തക്കതല്ലാത്ത അസ്തിത്വത്തെയും കാലത്തെയും അത് എരിക്കുന്നു.

കവി ചിതലിനെ പോലെയാണ് ചിലപ്പോൾ .അയാൾ ഭൂതകാലത്തെ ഒരു കടലാസു തുണ്ടു പോലെ മുറിച്ചു മുറിച്ച് ഭക്ഷിക്കുകയാണ്. അതിൽ മതി വരാത്തപ്പോൾ അയാൾ തനിക്ക് പറ്റിയ വസ്തുക്കൾ അന്വേഷിച്ചു നീങ്ങുന്നു .എന്നാൽ ഒരു വ്യത്യാസമുണ്ട് ;കവി ഒറ്റയ്ക്കാണ് യാത്ര. അയാളുടെ ഉള്ളിലാണ് മറ്റു സഹയാത്രികരുള്ളത് .അയാൾ ദ്രവിക്കാൻ തയ്യാറായി അവശേഷിക്കുന്നതെല്ലാം പരിശോധിക്കുന്നു.സകല സംസ്കാരങ്ങളോടും ചിതലിന് എന്താണ് ചെയ്യാനുള്ളതെന്ന് ഓർക്കാതെ ,അതിനു സമാനമായി കവി പ്രവർത്തിക്കുന്നു. എല്ലാറ്റിലും  തന്നെക്കുറിച്ചുള്ള ഏതോ വിവരങ്ങൾ അടക്കം ചെയ്തിരിക്കുന്നു എന്ന അറിവാണ് കവിയെ പ്രചോദിപ്പിക്കുന്നത്.

അയാൾ വ്യക്തി എന്ന നിലയിൽ ഏകാന്തനായിരിക്കുമ്പോഴും, നൂറുകണക്കിനു ഭൂതകാല സ്മൃതികളും കാലങ്ങളും പ്രകൃതിയും അയാളിലേക്ക് കിതച്ചെത്തി പലതായി ചിതറുന്നു.  ഓരോന്നിന്റെയും സ്ഥാനവും അർത്ഥവും അയാളെ അസ്വസ്ഥനാക്കുന്നു.ജീവിച്ചിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു നീതികരണം വേണം .ചിലപ്പോൾ യുക്തി തന്നെ പൊട്ടിപ്പോകുന്നു. ബിംബങ്ങൾ മാത്രമായി പലതും ഉപേക്ഷിക്കപ്പെടുകയാണ് മനസ്സിന്റെ അനാഥമായ മണ്ണിൽ .ജീവിച്ചിരിക്കാൻ വേണ്ടി എഴുതേണ്ടി വരുന്നു .എഴുതുന്നതിലൂടെ  ജീവിതത്തിലെ അവിശ്വാസങ്ങളും മിഥ്യകളും മറ്റൊരു മാനത്തിലേക്ക് വളരുന്നു .എഴുത്തുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന കാര്യം അവനവനെക്കുറിച്ചുള്ള മിഥ്യകളെ കുറേക്കൂടി അഗാധമായി സമീപിക്കാമെന്നതാണ് .

എന്തല്ല ഞാൻ ?

എന്താണ് ഞാൻ എന്നു ചോദിക്കുന്നതിന് പകരമായി എന്തല്ല ഞാൻ എന്നു പറയുന്നത് എളുപ്പമാണെന്നു അയ്യപ്പൻ്റെ കവിതകൾ കാണിച്ചുതരുന്നത് ഇങ്ങനെയാണ് :

"വേരുകൾ പൊട്ടി 
മരമായ്
ശാഖികൾ വീശി
തളിരിടും 
പൂമരമല്ല 
എൻ്റെ പ്രേമം 
എൻ്റെ പ്രേമത്തിനു 
നെല്ലിമരത്തിന്റെ ചിഹ്നം 
നെല്ലിപ്പഴത്തിൻ്റെ രുചിഭേദങ്ങൾ;
പെട്ടെന്നു നിശ്ചലമാകുന്ന കാട്ടാറ്
വീണ്ടും ഒറ്റക്കുതിപ്പിലൊഴുകുന്ന പോലെ 
കയ്പിൽ നിന്നും 
മധുരത്തിന്റെ മോക്ഷഗാനം 
ജന്മനാ ചിരിച്ച കുഞ്ഞുറങ്ങുമ്പോൾ
കരതലാമലകം 
കയ്പിലേയുപേക്ഷിച്ച 
പരാജിത കാമുകന്റെ ഗൃഹത്യാഗം."
(പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)

പ്രേമവും നെല്ലി മരവും തമ്മിൽ ഒരു ബന്ധം കവി കാണുകയാണ് .ഇത് തന്റെ മാത്രം പ്രേമമല്ല ,തന്നെപ്പോലെ പ്രേമിച്ചവരുടെ എല്ലാ പ്രേമമാണെന്ന് കവിക്കറിയാം. ആദ്യം കയ്പാണ്, പിന്നെ മധുരവും.മോക്ഷം എപ്പോഴും ഒറ്റയ്ക്കാണ്. ഒരാളെ കൂടെ കൊണ്ടുവരാൻ ഒരു ദൈവവും അനുവദിക്കില്ല. ഏകവ്യക്തിയുടെ കാര്യകാരണങ്ങൾക്കൊടുവിലാണ് മോക്ഷത്തിന്റെ സാധ്യതയുള്ളത്. കയ്പ് മാത്രമായ ജീവിതം പിന്നീട് മധുരിക്കുന്നത് ,ഒരു മിസ്റ്റിക് ഭാവം മനസ്സിലുള്ളതുകൊണ്ടാണ് .ഒന്നും തന്നെ നേടാനുമില്ല, നഷ്ടപ്പെടാനുമില്ല എന്നറിയുന്നത് ശാന്തത നൽകും.

അയ്യപ്പൻ തൻ്റെ അത്യപാരമായ ദർശനേന്ദ്രിയം കൊണ്ട് ഭൗതികജീവിതത്തിന്റെ അരികുകൾ ഭേദിച്ച് മഹാരഹസ്യങ്ങൾ ചൂഴ്ന്നെടുക്കുകയാണ്. വിചിത്രമായ കാഴ്ചകൾ അദ്ദേഹത്തെ തേടിയെത്തുന്നു. ഉള്ളിൽ ഈ കവി മറ്റൊരു മനുഷ്യനായിരുന്നു. വേറൊരു ആത്മകഥയുള്ള കവി .അഭിമുഖീകരിക്കേണ്ടി വന്ന ഓരോ വസ്തുവിലേക്കും നോക്കി  കവി അപരിചിതമായ കാഴ്ചകൾ ദർശിക്കുന്നു. നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദർശനം.

"ദൈവമെനിക്ക്
ഉൽപതിഷ്ണുവിൻ്റെ 
കാലിൽ കൊത്തുന്ന
സർപ്പം;
കലമാനിനെ കടിച്ചുകൊണ്ടോടുന്ന
കടുവയാകുന്നു കാലം."

ഈ കാഴ്ച ഉള്ളിലെ അപരൻ്റെ ഇളക്കങ്ങളാണ്. ഒരു പമ്പരമാക്കി തന്നെ തെരുവിലേക്കിറക്കി വിട്ടത് ദൈവമല്ലേ? ?എങ്കിലും കവി  പൂർണമായി സ്വതന്ത്രനാകാൻ ശ്രമിക്കുന്നു .അവനു സത്യം വിളിച്ചു പറയാതിരിക്കാനാവില്ല. അയ്യപ്പൻ വായിച്ചതോ പഠിച്ചതോ ഒന്നുമല്ല അദ്ദേഹത്തിൻ്റെ കവിത. അത് വേറൊരു ഗ്രഹം പോലെ വ്യത്യസ്തമാണ്. ലോകം സറിയലിസ്റ്റ് ബിംബങ്ങളായും അർത്ഥരഹിത സ്വപ്നങ്ങളായും ഈ കവിയിൽ പുതുതായി പിറക്കുന്നു. ജ്ഞാനമാണ് കവിതയായി മാറുന്നത്. 

"പാറകൊണ്ടൊരു ദൈവമുണ്ടാക്കൂ 
ചോരകൊണ്ടൊരു ഭൂപടമുണ്ടാക്കൂ 
വേദനകളെ ഭൂപാളമാക്കൂ."
എന്ന് എഴുതുന്നത് മറ്റൊരു  സുവിശേഷമാണ് ,വേറൊരു ഭാഷയിലാണ് അത്  സംവദിക്കുന്നത്.

മലയാളകവിതയിൽ വാക്കുകൾ കൊണ്ട് അപരിചിത അർത്ഥങ്ങളും സംവേദനങ്ങളുമാണ് അയ്യപ്പൻ തേടിയത്. അദ്ദേഹം ബോധപൂർവ്വം ഒരു പരീക്ഷണവും കൊണ്ടു വന്നില്ല.എന്നാൽ അർത്ഥങ്ങളുടെ വ്യാകരണം കണ്ടെത്താൻ കവി ഒരു അന്യനാകുന്നു ,അനിവാര്യത പോലെ .

ടി.എസ്. എലിയറ്റ് ഇങ്ങനെ പറഞ്ഞത് ഓർമ്മിക്കണം:I don't think one was constantly trying to reject things ,but just trying to find out what was right for oneself .I don't think good poetry can be produced in a kind of political attempt to overthrow some existing form.എലിയറ്റ് പറയുന്നത് ഒരു കവി തൻ്റെ ആവശ്യമെന്ന നിലയിലാണ് പുതിയ രൂപം തേടുന്നത്. അത് ഒഴിവാക്കാനാവില്ല. ചില വ്യവസ്ഥകളെ എതിർക്കണം എന്ന പൂർവ്വ നിശ്ചിത പദ്ധതിയല്ല അത്. കവിതയുടെ ആവശ്യത്തിനു ഒരു പുതിയ നിഷേധവും രുപവും ഭാവനയും ഭാഷയും ഉണ്ടാകുകയാണ്. അയ്യപ്പൻ്റെ വഴിയും ഇതായിരുന്നു. 




  •  or 

  • No comments: