Followers

Saturday, June 29, 2024

ഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ




കെ. ജയകുമാറിന്റെ 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന കാവ്യം വായിച്ചു തീർന്നതേയുള്ളൂ .എഴുത്തച്ഛനെ ഒരു കവി എന്നതിലുപരി ഒരു ബിംബമായി വീക്ഷിക്കുകയാണ് കവി. സാർവത്രികമായ ഒരു അറിവിൻ്റെ പ്രഭാപ്രസരം അനുഭവിപ്പിക്കുകയാണ്.
എഴുത്തച്ഛൻ എന്നത് കേവലം ഒരു വ്യക്തിയല്ലെന്നും അത് ജീവിതത്തിൻ്റെ അടിയിൽ സൂക്ഷ്മദൃക്കുകൾക്ക് സംവേദനപ്പെടുന്ന ഒരു അറിവാണെന്നും കവി ധ്വനിപ്പിക്കുന്നു.
ഒരു ലോകഭാവമാണത് .മിഥ്യകളിൽ നിന്ന് നമ്മെ പ്രകാശത്തിലേക്ക് ഉയർത്തുന്ന ഒരു ഉത്തോലകമാണത്. അങ്ങനെ ഒരു എഴുത്തച്ഛനെ അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ കവിയുടെ പ്രത്യേകത.

പാവ്ലോ കൊയ്ലോയുടെ Manual of the Warrior of Light എന്നൊരു കൃതിയുണ്ട്. അദ്ദേഹം Folha de Sao Paulo എന്ന പത്രത്തിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്.
അതിൽ പ്രകാശത്തിൻ്റെ ,സത്യത്തിൻ്റെ യോദ്ധാവിനെ പരിചയപ്പെടുത്തുന്നു. ആ യോദ്ധാവ് എന്തെല്ലാം ചെയ്യും, ചെയ്യില്ല എന്ന് ഗ്രന്ഥകാരൻ പറയുന്നു. ആ യോദ്ധാവ് നമ്മുടെയുള്ളിലാണ്. അവനെ അറിയുക. ഉണർത്താൻ കഴിയുന്നവർക്ക് തെറ്റുകൾ ബോധ്യപ്പെടും. ശരികളെ അറിഞ്ഞുള്ള  ചിന്തകൾ ഉണരും. ജീവിതം പ്രതിസന്ധികളുടെ നിരവധി ഘട്ടങ്ങൾ നിറഞ്ഞതാണ്. ഏതാണ് ശരിയെന്ന് അറിയാമായിരുന്നെങ്കിൽ ആ വഴി പോകാമായിരുന്നു. എന്നാൽ പല വഴികൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി ഗുരുക്കന്മാരും ഗ്രന്ഥങ്ങളും അതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും മനുഷ്യമനസ്സിൽ നിന്ന് സംശയം മാറുന്നില്ല .പാവ്ലോ കൊയ്ലോയുടെ പുസ്തകത്തിലെ ഒരു ഭാഗം ഇതാണ്: 'A warrior takes every opportunity to teach himself.'ഇത് വിശദീകരിക്കാനായി കൊയ്ലോ ഇങ്ങനെ എഴുതുന്നു: "ഞാൻ ധാരാളം പേരെ കണ്ടിട്ടുണ്ട്. അവർ ആദ്യ അവസരത്തിൽ തന്നെ അവരുടെ ചീത്ത ഗുണങ്ങളാണ് കാണിക്കുന്നത് .അവർ സ്വന്തം ശക്തി മറച്ച് അക്രമം പ്രദർശിപ്പിക്കുന്നു .അവർ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു  മുന്നിൽ ഏകാന്തതയോടുള്ള ഭയം മറയ്ക്കുന്നു. അവർ സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നില്ല."ഈ അറിവ് ലഭിക്കുകയാണെങ്കിൽ കെ. ജയകുമാറിന്റെ എഴുത്തച്ഛനെ മനസ്സിലാക്കാനാവും .ജീവിതത്തിൽ മായാതെ നിൽക്കേണ്ട പ്രബുദ്ധതയുടെ പേരാണ് എഴുത്തച്ഛൻ.

നൂറ്റിമൂന്നു കവനങ്ങൾ 

ജയകുമാർ പരിഭാഷപ്പെടുത്തിയ രണ്ട് പ്രധാന കൃതികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്ന് ,രബീന്ദ്രനാഥ ടാഗോറിൻ്റെ 'ഗീതാഞജലി'യുടെ  പരിഭാഷയാണ്. മറ്റൊന്ന്,The song of Songs എന്ന ഉത്തമഗീതം 'സോളമൻ്റെ പ്രണയഗീതം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാണ് .

രണ്ടു പരിഭാഷയിലും ഒരു കവിയുടെ കരവിരുതും ഭാവനയും വ്യക്തമായി കാണാം.ഗീതാഞ്ജലിയുടെ സാർവലൗകിക പ്രസക്തിയും , വിശേഷിച്ച് ഇന്ത്യയിൽ അതിനുള്ള സ്ഥാനവും, ഏവർക്കും അറിവുള്ളതാണല്ലോ. ടാഗോർ അസ്തിത്വത്തിനു ഒരടി മുകളിൽ നിൽക്കുന്നതായി തോന്നിപ്പിക്കുന്ന കാവ്യമാണിത്. ഒരു നവീനലോകം അദ്ദേഹം കാണുകയാണ്. ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ 'ഗീതാഞ്ജലി'യെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം ജയകുമാർ അവതരിപ്പിക്കുന്നുണ്ട്. 1959ൽ പുറത്തു വന്ന, ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയും 1994 ൽ കെ. സി. പിള്ളയുടെയും ഡോ. വി.എസ് .ശർമയുടെയും പരിഭാഷയും അവലംബിച്ചത് നോബൽ സമ്മാനം ലഭിച്ചതും 103 കവനങ്ങളുള്ളതുമായ യഥാർത്ഥ ഗീതാഞ്ജലിയല്ല എന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ടാഗോർ 'ഗീതാഞ്ജലി' എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിച്ച 157 ഗീതങ്ങൾ അടങ്ങുന്ന കാവ്യകൃതിയാണ് മേൽപ്പറഞ്ഞ ആ പരിഭാഷയ്ക്ക് ആധാരം എന്നാണ് ജയകുമാർ വിശദീകരിക്കുന്നത്." മഹാകവി തന്നെ 'ഗീതാഞ്ജലി' എന്ന ബംഗാളി കൃതിയുൾപ്പെടെ തൻ്റെ പതിമൂന്ന് ബംഗാളി കൃതികളിൽ നിന്നു തിരഞ്ഞെടുത്ത് കാവ്യാത്മക ഗദ്യത്തിൽ സ്വയം വിവർത്തനം ചെയ്ത 103 കവനങ്ങളാണ് 1912 നവംബർ ഒന്നിന് ലണ്ടനിലെ ഇന്ത്യ സൊസൈറ്റി അച്ചടിപ്പിച്ച ഗീതാഞ്ജലി .അതാണ് അന്ന് ലണ്ടനിലെ കവികൾക്കും ബുദ്ധിജീവികൾക്കുമിടയിൽ വിസ്മയതരംഗം സൃഷ്ടിച്ച കൃതി.അതാണ് 1913 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ട കൃതി."

ഈ കൃതിയാണ് ജയകുമാർ പരിഭാഷപ്പെടുത്തിയത് എന്നതിനു സുവിശേഷ പ്രാധാന്യമുണ്ട്. ജയകുമാറിന്റെ ഗീതാഞ്ജലി(ലിപി പബ്ളിക്കേഷൻസ്) ഗദ്യത്തിലാണ്. അത് സാധാരണഗദ്യമല്ല. അതിൽ പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളുമായി ഒരു മനുഷ്യാത്മാവ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഐക്യത്തിന്റെയും പ്രേമത്തിന്റെയും ബന്ധം അലിഞ്ഞു ചേർന്നിരിക്കുകയാണ് .

ടാഗോറിൻ്റെ സമ്മോഹനമായ ഭാവനകൾ അനുവാചകൻ്റെയുള്ളിൽ ആനന്ദം നിറയ്ക്കുന്നതാണ്. ആത്മാനന്ദത്തിന്റെ ഏതോ ആകാശത്ത് ചില ചിന്തകൾ പ്രത്യക്ഷപ്പെടുകയാണ് .മായികമായ , ക്ഷണികമായ കാഴ്ചകൾ പോലെ അത് അത്ഭുതപ്പെടുത്തുന്നു. മനസ്സിൻ്റെ ഏതോ മണ്ഡലത്തിൽ അത് പ്രതിബിംബിക്കുകയാണ്. ഈ പ്രകമ്പനത്തെ ഉൾക്കൊള്ളാനുള്ള ശേഷി ജയകുമാറിന്റെ ഗദ്യത്തിനുണ്ടെന്നതാണ് ഈ പുസ്തകത്തിൻ്റെ പാരായണ വേളയിൽ ഹൃദ്യമായി അനുഭവപ്പെട്ടത്.

ആത്മാവ് കണ്ടെടുക്കുന്നു 

അറുപത്തിയൊന്നാം ഖണ്ഡത്തിൽ ടാഗോർ എഴുതുന്നു :
"The sleep that flits on baby's eyes -does anybody know from where it comes ,? Yes,there is a rumour that it has its dwelling where ,in the fairy village among shadows of the forest dimly lit with glow - worms ,there hang two timid buds of enchantment.From there it comes to kiss baby's eyes.

ഇത് ജയകുമാർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്: "ശിശുവിന്റെ കൺപോളകളിൽ തത്തിക്കളിക്കുന്ന നിദ്രയില്ലേ, അതെവിടെ നിന്നാണ് വരുന്നതെന്നറിയാമോ?മിന്നാമിനുങ്ങുകൾ അരണ്ട വെളിച്ചം പരത്തുന്ന മാലാഖമാരുടെ നാട്ടിലെ വനികാനിഴലുകൾക്കിടയിലെ രണ്ട് മായികാമുകുളങ്ങളിലാണ് അത് നിവസിക്കുന്നതത്രേ.അവിടെ നിന്നാണ്  ശിശുവിന്റെ കൺപോളകളെ ചുംബിക്കാനണയുന്നതത്രേ."

ഇത് ഒരു കവിക്ക് മാത്രം സാധ്യമായ പരിഭാഷയാണ്.അലൗകികമായ ചില വിസ്മയങ്ങൾ ഈ വരികളിലുണ്ട് .അത് മോഹിപ്പിക്കുന്നതാണ്. അതിൽ നിന്ന് രക്ഷപ്പെടാനാകില്ല.ഗീതാഞ്ജലിക്ക് അവതാരിക എഴുതിയ ഡബ്ലിയു.ബി.യീറ്റ്സ് ഇങ്ങനെ കുറിക്കുന്നു:"ടാഗോർ,ഇന്ത്യൻ സംസ്കാരത്തെ പോലെ തന്നെ ആത്മാവു കണ്ടെടുക്കുന്നു, സ്വയം അതിൻ്റെ നൈസർഗികതക്ക് മുന്നിൽ കീഴടങ്ങുന്നു."



ഈ ലോകത്ത് ജനിച്ചതിൽ നന്ദി രേഖപ്പെടുത്തുകയാണ് ടാഗോർ എന്ന് വിലയിരുത്തിയാലും തെറ്റില്ല. മനുഷ്യനും ദൈവം തമ്മിലുള്ള സംവാദമാണ് ഗീതാഞ്ജലി എന്ന് പൊതുവേ പറയാറുണ്ട്. ദൈവത്തെ അദ്ദേഹം അങ്ങ് എന്നാണല്ലോ വിളിക്കുന്നത് .ദൈവത്തെ നേരിൽ കണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു പ്രകടനമാണ്. ടാഗോർ അങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ല. ടാഗോർ മനസ്സിൽ നടക്കുന്ന നാടകമാണ് എഴുതുന്നത്. അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് ചില വെളിപാടുകൾ വരികയാണ്,Conversations with God  എന്ന പുസ്തകത്തിൽ ഡൊണാൾഡ് വാൽഷ് ചെയ്തതുപോലെ.ദൈവം വാൽഷിനോട് നമ്മുടെ ജീവിതങ്ങളെയും ബന്ധങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന രഹസ്യത്തെപ്പറ്റി പറയുന്നു. വാൽഷ് അതിനു  നിന്നുകൊടുക്കുന്നു .അറിവുകൾ പരന്നൊഴുകുകയാണ്. ടാഗോറും  അതുപോലൊരു ദിവ്യമായ ഏറ്റുപറച്ചിലിനു തയ്യാറായി എന്ന് കരുതാം. 

ദൈവത്തിൻ്റെ ഭാരം അദ്ദേഹം അനുഭവിക്കുന്നു .മനസിൻ്റെ എല്ലാ അണുക്കളിലൂടെയും കവി തൻ്റെ ജീവിതത്തിന്റെ പൊരുൾ അന്വേഷിക്കുന്നു .എത്രമാത്രം താൻ  അമൂല്യമായതിനാൽ നിറയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നു. ഒരു ഭാഗം നോക്കുക:

"അറിയാതിരുന്ന സുഹൃത്തുക്കൾക്ക്  അങ്ങെന്നെ പരിചയപ്പെടുത്തി. എന്റേതല്ലാത്ത ഭവനങ്ങളിൽ അതെനിക്ക് ഇരിപ്പിടം നൽകി. അകലങ്ങളെ അരികിൽ എത്തിക്കുകയും അപരിചിതരെ  അങ്ങെനിക്ക് സഹോദരങ്ങളാക്കി തരികയും ചെയ്തു.പരിചിത താവളം  വിട്ടുപോകുവാൻ എനിക്കസ്വസ്ഥതയാണ്. പുതിയതിൽ പഴയതെല്ലാം കുടികൊള്ളുന്നുവെന്നും അവിടെയെല്ലാം അങ്ങയുടെ സാന്നിധ്യമുണ്ടെന്നും ഞാൻ മറന്നുപോകുന്നു. ജനനത്തിലൂടെയും മരണത്തിലൂടെയും ഈ ലോകത്തും പരലോകങ്ങളിലും അങ്ങെന്നെ  എവിടെയെല്ലാം ആനയിച്ചാലും അനുഭവത്തിന്റെ ചരടുകളിൽ എന്റെ ഹൃദയത്തെ അപരിചിതത്വങ്ങളുമായി ബന്ധിപ്പിക്കുന്ന ,എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലെ എൻ്റെ നിതാന്ത സ്നേഹിതൻ അങ്ങ് മാത്രമാണല്ലോ.അങ്ങയെ അറിഞ്ഞു കഴിഞ്ഞാൽ അന്യരായി പിന്നെയാരുമില്ല .അടഞ്ഞ വാതിലുകൾ പിന്നെയേതുമില്ല. അനേകങ്ങളുടെ മായികാലീലയിൽ ആ ഏകതയുടെ സ്പർശപ്രഹർഷം എനിക്ക് നഷ്ടമാകരുതേയെന്ന പ്രാർത്ഥന അങ്ങ് നിവർത്തിക്കേണമേ."

പരിഭാഷകൻ്റെ കൃതി 

അനർഘമായ ജീവിതമൂല്യത്തിനു മുമ്പിൽ പ്രണമിക്കുകയാണ് കവി. ഈ ഭൂമിയിൽ ജനിക്കാനവസരം കിട്ടിയത് നേരത്തെ ആർക്കും മുമ്പിൽ അപേക്ഷ സമർപ്പിച്ചിട്ടല്ല .എന്നിട്ടും നാം ജനിച്ചു, വളർന്നു .പല കാര്യങ്ങളും ചിന്തിക്കുകയും പലതും ഉൾക്കൊള്ളുകയും ചെയ്തു. ഇതിനു  പകരമായി നാം എന്ത് നൽകും? ആ ചോദ്യം ഈ കവിതയിൽ ഉച്ചത്തിൽ മുഴങ്ങുകയാണ് .എന്താണ് തനിക്ക് നൽകുകയെന്ന് ദൈവം ചോദിക്കുന്ന സന്ദർഭം അമ്പതാം ഖണ്ഡത്തിലുണ്ട്. "ഒരു യാചകിയുടെ മുന്നിൽ ദൈവം കൈ നീട്ടുകയോ? എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്ന ശേഷം അവൾ തൻ്റെ സഞ്ചിയിൽ നിന്ന് ഒരു കൊച്ചുധാന്യമണിയെടുത്ത് ദൈവത്തിന് നൽകി. അപ്പോഴും  അവൾ വിഷാദിച്ചത് ഇപ്രകാരമാണ്: എൻ്റെ സർവ്വസ്വവും അങ്ങേയ്ക്ക് നൽകാൻ മനസ്സ് വന്നില്ലല്ലോ എന്നോർത്ത് ഞാൻ വിലപിച്ചു."

പരിഭാഷകൻ യഥാർത്ഥത്തിൽ സ്വന്തം കൃതി തന്നെയാണ് രചിക്കുന്നത്. ബംഗാളിയിൽ നിന്നോ ഇംഗ്ലീഷിൽ നിന്നോ ഒരു കൃതി മലയാളത്തിലേക്ക് മാറ്റുമ്പോൾ എഴുതിയ ആളിൻ്റെ  അതേ മാനസിക ഭാരം പരിഭാഷകനും അനുഭവിക്കുന്നുണ്ട് .പരിഭാഷ ചെയ്യുന്നതോടെ കൃതി പരിഭാഷകൻ്റേതാവുന്നു. കാരണം, അയാളാണല്ലോ ഇത് മറ്റൊരു ഭാഷയിൽ പുനരാവിഷ്കരിക്കുന്നത്. കഠിനമായ പരിശ്രമത്തിലൂടെ ജയകുമാർ, ടാഗോറിൻ്റെ ഗീതാഞ്ജലി തന്റെ ഭാഷയിൽ പുന:സൃഷ്ടിച്ചിരിക്കുകയാണ്. ആ കൃതിയിൽ സ്വന്തം കാവ്യചേതന തുന്നിച്ചേർത്തിരിക്കുന്നു.

ചില വേളകളിൽ ഗീതാഞ്ജലി ടാഗോറിന്‍റേതാണെന്ന് ജയകുമാർ മറന്നതുപോലെ തോന്നുന്നു.  എന്തെന്നാൽ അദ്ദേഹം സ്വയം ഈ ലോകത്തെ തേടുകയും കണ്ടെത്തുകയും ചെയ്യുകയാണ്.
"അഴകിന്റെ പുഷ്പകങ്കണം ചാർത്തിയ വലം കൈയിൽ പൊൻകുടയുമായി ഭൂമിയെ കിരീടം അണിയിക്കാൻ പ്രഭാതമിതാ നിശ്ശബ്ദമായി വരുന്നു.വിശ്രാന്തിയുടെ പശ്ചിമാബ്ധിയിൽ നിന്ന് സ്വർണകുംഭത്തിൽ ശാന്തിയുടെ തെളിനീരുമായി ,ആട്ടിൻപറ്റമൊഴിഞ്ഞ പുൽമേടുകളിലൂടെ സായാഹ്നമിതാ കടന്നുവരുന്നു .ആത്മാവിന് ചിറകാർന്നു പറന്നുയരാനുള്ള ആകാശവിശാലതയിൽ നിർമ്മലമായ ധവളപ്രഭ വിരാജിക്കുന്നു. ഇരവോ പകലോ ഇല്ലാതെ, വാനമോ വർണ്ണമോ ഇല്ലാതെ ,ഒരിക്കലുമൊരിക്കലും ഒരു വചനം പോലുമില്ലാതെ." എത്രയോ ഹൃദയഹാരിയായ പദധാരയാണിവിടെ അനാവരണം ചെയ്യുന്നത്. ഒരു പരിഭാഷയുടെ ആത്യന്തികമായ ഫലം ഇവിടെ നിറയുകയാണ് .മറ്റൊരു ഭാഷയിൽ നിന്ന് കാവ്യം നമ്മുടെ ഭാഷയിൽ അലിഞ്ഞുചേരുന്നത് ഇവിടെയാണ്.

ജയകുമാറിന്റെ കാവ്യാത്മകമായ മനസ്സ് പ്രവർത്തിച്ച മറ്റൊരു പരിഭാഷയാണ് 'സോളമൻ്റെ പ്രണയഗീതം'(പുലിറ്റ്സർ). ബൈബിളിലെ പഴയനിയമത്തിലുള്ള 'ദ് സോംഗ് ഓഫ് സോംഗ്സ്' പ്രണയ പാരവശ്യമുള്ള മനസ്സുകളെ എന്നും ആകർഷിച്ചിട്ടുണ്ട്. മനുഷ്യമനസിന്റെ ആഴവും പരപ്പും അതിൽ സ്നേഹമായി  അവതരിപ്പിക്കപ്പെടുന്നു. ഈ കാവ്യം വ്യാഖ്യാനത്തിനു വഴങ്ങുന്നതല്ലെന്നും നിഗൂഢത അവശേഷിക്കുകയാണെന്നും ജയകുമാർ ആമുഖത്തിൽ പറയുന്നുണ്ട്.'ഉത്തമഗീതം' എന്നും അറിയപ്പെടുന്ന ഈ കാവ്യം ബൈബിളിൽ ഉൾപ്പെടുത്തിയതിന്റെ സാംഗത്യം വ്യക്തമല്ല."യഹോവയും ഇസ്രായേലും തമ്മിലുള്ള ബന്ധമാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് .ഈജിപ്റ്റിൽ പ്രചരിച്ചിരുന്ന വിവാഹപ്പാട്ടുകളുടെ സമാഹാരമാണെന്നും കരുതപ്പെടുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണത്തിന്റെയും പ്രണയത്തിന്റെയും കാവ്യോന്മീലനമായി ഈ കൃതിയെ സമീപിക്കുന്നതാണ് യുക്തിഭദ്രം എന്നാണെൻ്റെ വിശ്വാസം. അതുകൊണ്ടാണ് സോളമൻ്റെ പ്രണയഗീതം എന്ന ശീർഷകം ഈ പരിഭാഷയ്ക്ക് സ്വീകരിച്ചത് " - ജയകുമാർ എഴുതുന്നു. 



വശ്യതയും ലാവണ്യവും 

'സോങ് ഓഫ് സോങ്സി'ന്റെ ഇംഗ്ലീഷ് പതിപ്പിന് അയ്യപ്പപ്പണിക്കർ എഴുതിയ അവതാരിക ഇതിൽ ചേർത്തിട്ടുണ്ട്. അയ്യപ്പപ്പണിക്കർ സോളമൻ്റെ ഗീതങ്ങളുടെ ചരിത്രമത്രയും ഗവേഷണം ചെയ്തു പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.അയ്യപ്പപ്പണിക്കർ എഴുതുന്നു: "ഗ്രീക്ക് ഭാഷയിൽ ഇതിന്റെ പേര് ഹെക്മാസ് ഹെക്മോസോ എന്നത്രേ; അർത്ഥം സോളമന്റെ മഹാജ്ഞാനം .എബ്രായ ഭാഷയിൽ 'ശിറാസ് ശിറീൻ'എന്നും സുറിയാനിയിൽ 'തേശ്ബ്ഹോസ് തെശ്ബ്ഹോസോ എന്നും ഇത് വ്യവഹരിക്കപ്പെടുന്നു. ഹീബ്രുവിൽ നിന്ന് ഗ്രീക്ക് ഭാഷയിലൂടെ സ്പാനീഷിലെത്തുമ്പോൾ The Canticle of Canticles എന്നാകുന്നു. ഇംഗ്ലീഷിൽ അത് സോങ് ഓഫ് സോങ്സ് എന്നും The Sublime Songs എന്നുമായി.ഈ പേരുകളെല്ലാം തന്നെ ഈ കൃതിയുടെ നിഗൂഢലാവണ്യത്തെയും അഭൗമ വശ്യതയെയുമാണ് സൂചിപ്പിക്കുന്നത്."അയ്യപ്പപ്പണിക്കർ പറയുന്ന ആ വശ്യതയും ലാവണ്യവും ഈ വരികളിൽ ജയകുമാർ ആവിഷ്കരിക്കുന്നു:

"നിൻ്റെ കൂന്തൽ 
ശിലയാദ് മലയിൽ നിന്ന് 
ഊർന്നിറങ്ങുന്ന
ആട്ടിൻപറ്റം കണക്കെ .

നിൻ്റെ ദന്തനിര 
നീരാടിക്കയറിയ 
ജോടികെട്ടിയ 
ആട്ടിൻകിടാങ്ങൾ കണക്കെ.

നിൻ്റെ അധരം 
അതീവചാരുവായ 
ശോണരേഖ കണക്കെ.

കപോലങ്ങൾ 
മുറിച്ചുവന്ന മാതളം കണക്കെ.

കഴുത്താകട്ടെ, താഴികക്കുടം ചൂടിയ
ഗോപുരം കണക്കെ ;
ഒരായിരം പരിചകളും 
മാർച്ചട്ടകളും നിറഞ്ഞ 
ദാവീദിന്റെ കോട്ടമേലാപ്പുകണക്കെ.
നിൻ്റെ മുലകൂമ്പുകൾ 
അല്ലിക്കാട്ടിൽ മേയുന്ന 
മാൻകിടാവുകൾ ."

ഈ കാവ്യം മനുഷ്യൻ്റെ ഏറ്റവും വിശുദ്ധമായ വികാരത്തെക്കുറിച്ചാണ്. നാഗരികതയോ അന്തസ്സോ കളങ്കപ്പെടുത്താത്ത നൈസർഗികമായ ഇഷ്ടത്തിൻ്റെയും ആഗ്രഹത്തിൻ്റെയും തൂവൽസ്പർശം ഒരു മനസ്സിൽ വിരിയിക്കുന്ന പ്രകൃതി എന്താണെന്ന് 'സോളമൻ്റെ പ്രണയഗീതം' പറഞ്ഞു തരുന്നുണ്ട്.  മനുഷ്യർക്ക് ഇങ്ങനെയൊക്കെ നിഷ്കളങ്കരാവാൻ കഴിയും. ലോകത്തിൻ്റെ നിയമങ്ങളും വേർതിരിക്കലും വാസ്തവത്തിൽ മനുഷ്യമനസ്സിനെയാണ് കീറിമുറിക്കുന്നത് .അതിലൂടെ മനസ്സുകളെ അകറ്റുകയും അപ്രാപ്യമാക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് വേലിക്കെട്ടുകളില്ലാത്ത ലോകത്തേക്ക് മനുഷ്യമനസ് പ്രലോഭിപ്പിക്കപ്പെടും .പരമാവധി നിഷ്കളങ്കതയിൽ സ്നേഹത്തെ അറിയാൻ ശ്രമിക്കുകയാണെങ്കിൽ ഈ കൃതിയിലെ സോളമനെ മനസ്സിലാകും. അവൻ്റെ ഭാഷണങ്ങൾ ഈ ഭൂമിയെ പോലെ സത്യമാണ് .

ലോകത്തെ മോചിപ്പിക്കുന്നു 

സ്വപ്നവും കവിതയും ചേർന്നാൽ മനുഷ്യജീവിതത്തിലെ സ്വർഗ്ഗമായി. സ്വപ്നത്തിൽ എന്തും ആർജ്ജിക്കാം. ആരും തടസ്സപ്പെടുത്തില്ല. കവിതയിൽ മനുഷ്യൻ സ്വയം കണ്ടെത്തുകയും ലോകത്തെ അദൃശ്യതയിൽ നിന്നു വിമോചിപ്പിക്കുകയുമാണ് .കവിത നമ്മുടെ തന്നെ അവ്യക്തതകളെ അന്വേഷിക്കുകയാണ്, രൂപീകരിക്കുകയാണ്. ജീവിതത്തിൻ്റെ ദുർഗ്രഹതയെ ,മിഥ്യയെ തകർക്കാനാണ് ഒരാൾ കവിത എഴുതുന്നത് ;പ്രേമിക്കുന്നതും അതിനുവേണ്ടി തന്നെ.മിഥ്യകളെ, അവ്യക്തതകളെ അകറ്റാൻ ഒരാൾ കവിയാകുകയാണ്. അതിലൂടെ ദുർഗ്രഹത നീങ്ങുകയാണ് .ജീവിതം ദുർഗ്രഹമാണെങ്കിലും കവിത അങ്ങനെയല്ല.

"പ്രിയനേ നിനക്ക് വേണ്ടി 
വിശിഷ്ടമായ വീഞ്ഞൊഴുക്കട്ടെ 
എൻ്റെ അധരം .
അത് ,ഉറങ്ങിക്കിടക്കുന്നവരുടെ 
ചുണ്ടുകൾ പോലും ചലിപ്പിക്കട്ടെ.
ഞാനെൻ്റെ പ്രിയന്റേതാണ് .
എൻ്റെ നേർക്കാണ് 
അവൻ്റെ കാമന.
എൻ്റെ പ്രിയനേ ,
ഈ പാടങ്ങളിൽച്ചെന്ന് 
നമുക്കീ ഗ്രാമങ്ങളിൽ കുടിപാർക്കാം .
പുലർച്ചെ നമുക്ക് 
മുന്തിരിത്തോപ്പുകളിൽ ഉറക്കമുണരാം.
മുന്തിരിവള്ളികൾ പൂവിട്ടോയെന്നും
മൊട്ടുകൾ വിടർന്നോയെന്നും 
മാതളം പൂവണിഞ്ഞോയെന്നും നോക്കാം .
അവിടെവച്ച് ഞാൻ 
എൻ്റെ പ്രണയവികാരം 
നിനക്ക് സമർപ്പിക്കാം."

ജയകുമാർ ഒരേസമയം ഒരു മിസ്റ്റിക്കും കാമുകനുമാണ്. ഈ പ്രകൃതിയുടെ അഭൗമമായ സ്വരങ്ങൾ കേൾക്കാൻ കവിയുടെ മനസ്സ് വെമ്പുന്നു. അതോടൊപ്പം ലൗകികജീവിതത്തിൻ്റെ ഐന്ദ്രിയമായ ആനന്ദം തേടുകയും ചെയ്യുന്നു. ജീവിതം ഇതു രണ്ടുമാണ്. ജീവിതത്തിന് ഒരു അഭൗമതലമുണ്ട്.

ഒരു യഥാർത്ഥ പ്രഭാഷകൻ മൂലകൃതിയിലെ ഉറച്ചുപോയ അർത്ഥത്തെ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത് .ഒരു സാംസ്കാരികമായ വാർപ്പുമാതൃക ((cultural stereotype)യാകാതെ നോക്കേണ്ടതുണ്ട് .പരിഭാഷ ചെയ്യപ്പെടുന്ന ടെക്സ്റ്റ് മേൽത്തരവും  പരിഭാഷപ്പെടുത്തിയ ഭാഷയിലേത് താണതരവുമാകാൻ പാടില്ല. ഭാഷയിലെ അതിർത്തിയിൽ നിന്ന് ടെക്സ്റ്റിനെ മോചിപ്പിക്കുകയാണ് മികച്ച പരിഭാഷകൻ ചെയ്യുന്നത്. അപ്പോൾ കൃതിയ്ക്കും പരിഭാഷയ്ക്കും ഒരേ സ്ഥാനം ലഭിക്കുന്നു. പരിഭാഷ ചെയ്യപ്പെട്ട ശേഷം ,പുതിയ ഭാഷയിൽ, പുതിയൊരു ജീവിതമുണ്ടാകണം. അത് ഒരു പുതിയ കൃതി പോലെ, മൗലികമെന്ന പോലെ വായിക്കപ്പെടണം. മൂലഭാഷയിലെ  പാരതന്ത്ര്യമോ കാലികമായ പരിമിതിയോ പുതിയ ഭാഷയിൽ ഉണ്ടാവരുത്. അതുകൊണ്ട് പഴയ ടെക്സ്റ്റിനോട് വിശ്വസ്തത പാലിക്കുക എന്നുള്ളത് ഒരു കാലഹരണപ്പെട്ട ആശയമാണ്. പരിഭാഷയിൽ സർഗാത്മകമായ ഇടപെടൽ അർത്ഥവത്തായിത്തീരണം. പരിഭാഷ എന്നാൽ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കുള്ള മാറ്റി നടലല്ല. അത് ഒരു ഉടമ്പടി(negotiation)യിലെത്തലാണ്, ടെക്സ്റ്റുകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ .പോസ്റ്റ് കൊളോണിയൽ സൈദ്ധാന്തികനായ ഹോമി കെ. ഭാഭ പറയുന്നത് സംസ്കാരത്തിന്റെ അർത്ഥത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയാണ് പരിഭാഷകൻ ചെയ്യുന്നതെന്നാണ്. ആ നിലയിൽ നോക്കുമ്പോൾ കെ. ജയകുമാറിന്റെ 'ഗീതാഞ്ജലി' പരിഭാഷയും 'സോളമൻ്റെ പ്രണയഗീതം' പരിഭാഷയും സംസ്കാരങ്ങൾ തമ്മിലുള്ള ഒരു ഉടമ്പടിയായി വികസിക്കുന്നു.ഇതു നോക്കൂ ,ഒരു  മലയാളകവിത പോലെ മൗലികമല്ലേ ഈ പരിഭാഷ?

"എൻ്റെ പ്രിയൻ
അവന്റെ ഉദ്യാനത്തിലേക്ക്
പോയിരിക്കുന്നു.
കനിത്തോപ്പുകളിൽ ഭക്ഷിക്കാനും
അല്ലിപ്പൂക്കൾ അടർത്താനുമായി
അവൻ സുഗന്ധതടങ്ങളിലേക്ക് പോയിരിക്കുന്നു.
അല്ലിപ്പൂക്കൾക്കിടയിൽ 
അവൻ വിശപ്പൊടുക്കുന്നു .
അവൻ എനിക്ക് സ്വന്തം 
ഞാനെൻ്റെ പ്രിയനു സ്വന്തം ."

അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു - പി. കെ.ഗോപിയുടെ കവിതകളിലൂടെ എം.കെ.ഹരികുമാർ






കവിത വായിക്കുമ്പോൾ എന്നിലാണ് കവിതയുണ്ടാകുന്നത് ;ഞാനാണ് കവി.എന്നിലെ കവിത തേടുകയാണ് ഞാൻ .വായിക്കുമ്പോൾ ,എന്റെ നഷ്ടപ്പെട്ട പുരാതന സ്മൃതികൾ അപ്രതീക്ഷിത അതിഥികളായി വരുകയാണ്. പി.കെ.ഗോപിയുടെ മനുഷ്യേശ്വരം ,പച്ചിലകളുടെ സത്ത് എന്നീ സമാഹാരങ്ങൾ വായിക്കുകയായിരുന്നു.വായന ഒരു സ്നാനമാണ്. വായിക്കുമ്പോൾ കവി എന്ന കർത്താവിനെയല്ല, കവിതയുടെ ഉറവകൾ പുറപ്പെടുന്ന ഇടങ്ങളാണ് തേടുന്നത്. കർത്താവ് പിൻവാങ്ങി കഴിയുമ്പോൾ കവിത മറ്റൊരു  രാഗമായി ആവേശിക്കും .


കവിതയ്ക്ക് എന്തിന് കർത്താവ്? കവിത എന്തിന് സ്വയം അനുകരിക്കണം? മറ്റു പല കവിതകളും പൂർവ്വകാലങ്ങളിൽ  കർത്താവിൻ്റെ റോളിലാണ് സഞ്ചരിച്ചതെങ്കിൽ കവിതയ്ക്ക് ഇപ്പോൾ ആ ഭാരം കുടഞ്ഞു കളയാൻ നേരമായി. കർത്താവില്ലാത്ത കവിത സ്വയം വിമോചനത്തിന്റെ സാരമാണ്. അപ്പോൾ കവിതയ്ക്ക് സ്വയം സംസാരിക്കാനാവും. ഈ കവിതകൾ എന്നോട് കുറെ സംസാരിച്ചു. വാക്കുകൾ പലപ്പോഴും പക്ഷികളെ പോലെ പറന്ന് ഏതോ ആകാശങ്ങളിലേക്ക് പോവുകയും പിന്നീട് തിരിച്ചുവരികയും ചെയ്തു. കനലുകളിൽ ആർത്തിയോടെ ഉമ്മവച്ച ഈയാംപാറ്റകളെപ്പോലെ മനസ്സിന്റെ ചിന്തകൾ ചിലപ്പോൾ അപ്രത്യക്ഷമായി. വലിയ സന്ദേശങ്ങളുമായി സാവധാനം നീങ്ങുന്ന മേഘങ്ങൾ എന്നെ വശീകരിച്ചു. ഒരു പുരാതന നഗരിയിലേക്കായിരുന്നു യാത്ര.

വിവിധ കലാരൂപങ്ങൾ പതിവായി പ്രദർശിപ്പിക്കുന്ന ഒരു വേദി തെളിഞ്ഞു. വലിയ ചെരാതുകൾ, പന്തങ്ങൾ, കൽവിളക്കുകൾ, രാപ്പക്ഷികളുടെ പൊരുളറിയാത്ത കൂജനം . ആകാശത്തിൻ്റെ ഗഹനതയിൽ നിന്നു ഏതോ മന്ത്രത്തിന്റെ അർത്ഥം ഗ്രഹിക്കാനായി കാതോർത്തു നിൽക്കുന്ന നിശ്ചലവ്യക്ഷങ്ങൾ. ഓരോ ജലവും ഓരോ ജന്മം.ഒരു ഉത്സവവേദിയുടെ ആരവം കേൾക്കാറായി. ഏതോ വാദ്യോപകരണങ്ങൾ അലസമായി മീട്ടുന്നുണ്ട്. ആ ആരവങ്ങൾക്ക് ഒരർത്ഥമുണ്ടായിരുന്നു. അത് അനുഷ്ഠാനം പോലെയായിരുന്നു. അത് ശിക്ഷ നടപ്പാക്കലിൻ്റെയും വ്യർത്ഥമായ  വിവരണങ്ങളുടെയും പശ്ചാത്തലസംഗീതം പോലെ അനുഭവപ്പെട്ടു.പശ്ചാത്തല സംഗീതം വേദിയിലെ അവതരണവുമായി ബന്ധമില്ലാതെ നീങ്ങുന്നത് പ്രേക്ഷകരുടെ ദുരന്തമാണ്. എന്നാൽ ദുരന്തങ്ങളുടെ പ്രദർശനവും ചടങ്ങും ആരുടെയും സമ്മതം ചോദിച്ചിട്ടല്ല സംഘടിപ്പിക്കുന്നത്.

ഒരു പുരാതന ശിക്ഷ നടപ്പാക്കൽ 

അവിടെ ഒരാചാരം കണ്ടു.കുറെ ഭടന്മാർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവിടെ കുറ്റവാളികളെ ഒരു ക്യൂവിൽ നിർത്തുകയാണ്. ഊഴം കൃത്യമായി പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. അവർ തൊഴിലില്‍ ആത്മാർത്ഥതയുള്ളവരാണ്. ഉത്തരവുകൾ മറ്റൊരുവനെ കഴുവേറ്റാനാണെന്ന് അറിയാവുന്നതുകൊണ്ട് അത് നിറവേറ്റാൻ വേണ്ടി അവർ മറ്റൊരാളായി മാറുകയാണ് പതിവ്. അവരുടെ വേഷവും തലയിലെ തൊപ്പിയും അവരെപ്പോലെ തന്നെ വേഷപ്പകർച്ചയിലും ദൗത്യനിർവ്വഹണത്തിലും ജാഗ്രത പാലിക്കുന്നു.അവിടെ ക്രമമനുസരിച്ച്‌ ഓരോരുത്തരെ വധിക്കുകയാണ്.

"കുരിശും കുന്തവും നിർമ്മിച്ച് 

വാളും ശൂലവും കൂർപ്പിച്ച്

അയാളുടെ നേരെ

പാഞ്ഞടുത്തവർക്ക്  

അവയവങ്ങൾ പകുത്ത് കൊടുത്ത് പ്രാണൻ്റെ പച്ചിലയിൽ

അന്തിയുറങ്ങിയ ദിവസമായിരുന്നു

അവിസ്മരണീയം ...

അനശ്വരം!"

(പച്ചിലകളുടെ സത്ത്)


പി. കെ.ഗോപി

ചെയ്ത തെറ്റ് എന്താണെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് അറിയില്ല .വധിക്കുന്നത് രാജാവിന്റെ പ്രത്യേക യോദ്ധാവാണ്. അയാൾ ക്ഷീണിക്കുമ്പോൾ മറ്റൊരാൾ അത്  നിറവേറ്റുന്നു .വാളുകൊണ്ട് കഴുത്തിൽ വെട്ടിവീഴ്ത്തുകയാണ്. വധിക്കുന്ന ഭടനും താൻ എന്ത് കുറ്റത്തിന്റെ പേരിലാണ് അത് ചെയ്യുന്നതെന്ന് അറിയില്ല. 

"സിരകൾ വലിച്ച് പറിച്ച് 

കഴുത്ത് മുറിച്ചെറിഞ്ഞ്

കിരീടമെടുത്ത് മുതുകിൽ വച്ച്

അവൻ ഭാരവാഹിയായി 

കഷ്ടപ്പെട്ടുകൊള്ളട്ടെ."

(ഭാരവാഹികൾ) 

വധിക്കപ്പെടുന്നവർക്ക് ഈ വൈകിയ വേളയിൽ അതറിയാനും താല്പര്യമില്ല. നിർവ്വികാരതയുടെ രക്തമാണ് അവിടെ വീഴുന്നത്.ആ രക്തം അതിൻ്റെ തലകൾ സ്വയം സൃഷ്ടിച്ച്  ഒഴുകിക്കൊണ്ടിരിക്കുന്നു.തറയിൽ വീണ രക്തത്തിന് എന്ത് ഉത്തരവാദിത്വം? അത് ഒരു കലയായി മാറുകയാണ് ചെയ്യുന്നത്. ചോരയുടെ നിറം വളരെ മൗലികമാണ്. അത് തറയിൽ വീണ് പല വഴികളിലൂടെ നീങ്ങുമ്പോൾ ആർക്കും തന്നെ പ്രവചിക്കാനാവില്ല, കഴുത്ത് വെട്ടി മാറ്റപ്പെട്ടവൻ്റെ ചോര ഏത് വഴിക്കെല്ലാം സഞ്ചരിക്കാമെന്ന്. ഓരോ തുള്ളി ചോരയും തലയിൽ പൂവുമായി നീങ്ങുമെന്ന് പറയുന്ന കവിത എൻ്റെ മനസിലാണുള്ളത്. 

രാജാവിൻ്റെ മുന്നിൽ ഭടന്മാർ ഓരോരുത്തരെയായി വധിക്കുന്നുണ്ട്. എന്നാൽ രാജാവ് പ്രഖ്യാപിച്ചു താൻ അന്ധനാണെന്ന്. അത് കേട്ടവർ കേട്ടില്ലെന്ന ഭാവത്തിൽ മുഖം തിരിച്ചു. അത് പലതവണ കേട്ടതാണെന്നും ആ തലതിരിച്ചിലിനു അർത്ഥമുണ്ട്. രാജാവ് ആ അന്ധതയിൽ അസ്വസ്ഥനായില്ല. എന്നാൽ അയാൾ ഒരു ആശ്വാസ വാക്ക് പോലെയാണ് അത് ഉച്ചരിച്ചത്. കുറേ കഴിഞ്ഞപ്പോൾ രാജാവ് പറയുന്നു ,തനിക്ക് എല്ലാം കാണാമെന്ന്! .

"ജപിച്ചിട്ടും പഠിച്ചിട്ടും

പാനപാത്രം രചിച്ചിട്ടും

പകിടകളിയിൽ ജയിച്ചിട്ടും തോറ്റിട്ടും

ഉരിഞ്ഞിട്ടും വരിഞ്ഞിട്ടും

വെല്ലുവിളിച്ചിട്ടും

വെന്നിക്കൊടി പാറിച്ചിട്ടും

ചതിച്ചിട്ടും കുതിച്ചിട്ടും

നടുക്കം മാറാതെ 

ഉറങ്ങാനാവാത്തവൻ്റെ 

വീരസ്വർഗവും

ഹീനനരകവും

ഞാൻ ഉപേക്ഷിക്കുന്നു ."

(ഖഡ്ഗങ്ങളുടെ ഭാഷ)

ശബ്ദങ്ങൾക്കുള്ളിലാണോ അതോ പുറത്താണോ മൗനം? ശബ്ദങ്ങൾ ഏറിയേറി ചെല്ലുന്നത് മൗനത്തിലേക്കാണോ ? അല്ലെങ്കിൽ ശബ്ദങ്ങൾ പിൻവലിയുമ്പോഴായിരിക്കും മൗനമുണ്ടാവുക. മൗനം തന്നെയുണ്ടോ?മൗനത്തിനു മുമ്പുള്ള അവസ്ഥയിൽ മൗനമുണ്ടോ ? സാൽവദോർ ദാലിയുടെ persistence of Memory ശബ്ദത്തിൻ്റെ നിശ്ചലതയാണ് .സമയമാപിനികൾ സ്വയം അഴിയുകയാണ്. അതുതന്നെ ശബ്ദമാണ് .അഴിയും തോറും പുതിയൊരു രൂപം പ്രാപിക്കേണ്ടത് പ്രകൃതിയുടെ സ്വഭാവമാണ്.

നിശ്ശബ്ദത ഒരു ഉരഗമായി ഇഴയുന്നു 


കാലങ്ങൾക്കുള്ളിലിരുന്ന് ഗോപി പാടുന്നു:

"മൗനത്തിൻ്റെ കൊട്ടാരത്തിൽ പാർക്കാൻ 

ഭാണ്ഡം മുറുക്കിയെത്തിയ ശബ്ദം

ഒറ്റരാത്രികൊണ്ട് സ്ഥലം വിട്ടു.

മുറ്റത്തെ പച്ചിലകളും പുഷ്പങ്ങളും

ഒന്നും പറയാൻ കൂട്ടാക്കിയില്ല.

നിലാവും നക്ഷത്രങ്ങളും 

വെറുതെ നോക്കുക മാത്രം ചെയ്തു.

പ്രണയം പ്രണയമെന്ന് 

നൂറുവട്ടം കലമ്പിയ 

കാക്കക്കാമുകർ പോലും മിണ്ടാതിരുന്നു." 

ഗോപിയുടെ നിശ്ശബ്ദതയൊരു ഉരഗമായി പൂർവ്വികരുടെ കുഴിമാടങ്ങളിലൂടെ ഇഴയുന്നു. ആ നിശ്ശബ്ദത തലയോട്ടികളെയും അസ്ഥികളെയും വലിഞ്ഞുമുറുക്കുന്നു. ശബ്ദത്തിനു ചിലത് കൂടെ കൊണ്ടുപോകാനുണ്ട്. അത് ഭൂതകാലമായിരിക്കാം. ഓരോ ശബ്ദവും അതിൻ്റെ ഭൂതകാലത്തിൽ കനം വയ്ക്കുന്നു. ശബ്ദത്തിനു വ്യക്തതയുണ്ടാവുന്നത് അപ്പോഴാണ്. ശബ്ദം നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയുള്ള ഒരു ശബ്ദം മൗനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു. ഏകാധിപതിയുടെ വരവ് എല്ലാത്തിനെയും മൗനിയാക്കും. റഷ്യ ആക്രമിച്ചാലും ഇസ്രയേൽ ആക്രമിച്ചാലും മിണ്ടാതിരിക്കേണ്ടത് പ്രാണികളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ശരിയായ കവി ഇതറിയാതെ പോകുന്നില്ല. ഉക്രെയ്നിലെ  പച്ചിലകളിൽ നിന്നും അഫ്ഗാനിസ്ഥാനിലെ മരങ്ങളിൽ നിന്നും അർത്ഥങ്ങളുടെ കറുപ്പുമായി വരുന്ന പക്ഷികൾ കറുത്ത ഹൃദയത്തിനു മുന്നിൽ എതോ ഭാഷയിൽ സംസാരിക്കുന്നു. അവയുടെ ഭാഷണമത്രയും നിശ്ശബ്ദമായിരിക്കാനുള്ള വെമ്പലാണ് .അതെങ്ങനെ ഒരു പൊതുചന്തയിൽ കൊണ്ടുപോകും? അത് കേൾക്കാൻ കവിക്കേ കഴിയൂ. ദാലിയുടെ വാക്കുകളിൽ ആ ശബ്ദത്തിൻ്റെ അലങ്കോലമുണ്ട്.

"You have to systematically create confusion,it sets creativity free .Everything that is contradictory creates life."

ശബ്ദത്തിൽ നിന്നു മൗനത്തിലേക്കു പോകുന്നത് രണ്ടു സന്ദർഭങ്ങളിലാണ്.  ഒന്ന്,അധികാരികൾ ഉപദ്രവകാരികളാകുമ്പോൾ ,മറ്റൊന്ന് മനുഷ്യനു എല്ലാ വാക്കുകളും വ്യർത്ഥമായി തോന്നുമ്പോൾ . വാക്കുകൾ ഒന്നിനു പിന്നാലെ വരുമ്പോഴും അർത്ഥവ്യത്യാസം ഉണ്ടാകണമെന്നില്ല .എല്ലാ വാക്കുകളും ഒരേ തരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഭൂമിയുടെ മേൽ പൊന്തിക്കിടക്കും. ഭാഷകളുടെ വ്യത്യാസമില്ലാതെ വാക്കുകൾ അവയുടെ ശബ്ദങ്ങളുടെ ഐകമത്യത്തിൽ ഒന്നായിത്തീരുന്നു. എല്ലാ വാക്കുകൾക്കും ഒരേ അർത്ഥമാകുമ്പോൾ പിന്നെ എന്തിനു സംസാരിക്കണം?. വാക്കുകൾ മൗനത്തിൻ്റെ പക്ഷിക്കുഞ്ഞുങ്ങളായി കൂട്ടിനുള്ളിൽ തന്നെ കഴിയുകയാണ്.

ഗോപികവിയുടെ വാക്കുകൾ :

"പ്രണയത്തിന് നീയല്ലാതെ 

മറ്റൊരു ശത്രുവുമില്ല 

ഹൃദയത്തിന് നീയല്ലാതെ 

മറ്റൊരു മിത്രവുമില്ല 

അനുരാഗിയുടെ വിളക്കിനു മുമ്പിൽ

പതിനാറായിരത്തെട്ടു നിറങ്ങൾ 

നൃത്തം ചെയ്യുന്നു 

പ്രതികാരത്തിന്റെ ഇരുട്ടറയിൽ 

പ്രപഞ്ചത്തിനു ഒറ്റ നിറം 

ഉദിക്കാത്തതെല്ലാം ഒളിപ്പിച്ചുവെച്ച

രാത്രിയുടെ മരണനിറം

മഹാരോഗങ്ങൾക്കിടയിൽ

മുളച്ചുപൊന്തിയ മരുന്നറയുടെ

ജാരസന്തതികൾ കൊത്തിവലിച്ച

ശരീരമേ, ഉപേക്ഷിക്കുക

നിൻ്റെ തീൻമേശകൾ...''


പ്രണയത്തിനുള്ളിൽ വെറുപ്പ്.സ്നേഹിക്കുമ്പോൾ തൃപ്തി വരണമെങ്കിൽ വഞ്ചന വേണം. എല്ലാ സുന്ദരവസ്തുക്കൾക്കും പിറകിൽ അസുന്ദരമായ പലതുമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് നാടകകൃത്ത് ഷാൻ ഷെനെയുടെ വാക്കുകൾ കാതുകളിൽ വന്നലയ്ക്കുന്നു.

പ്രണയിക്കുന്നവൻ ഒരു പ്രതിബിംബമോ ?

ഷെനെ പറഞ്ഞു :"നമ്മൾ മറുവശത്തുള്ളവരെ പോലെ പെരുമാറുകയാണെങ്കിൽ, നമ്മളും മറ്റേ വശത്താണ്. ഈ ലോകത്തെ മാറ്റുന്നതിനു പകരം, നമുക്ക് ആർജിക്കാവുന്നത് നമ്മൾ നശിപ്പിക്കാൻ ആഗ്രഹിച്ച ഒരുവന്റെ പ്രതിബിംബമായി തീരുക എന്നതാണ്."പ്രണയിക്കുന്നവൻ മറുവശത്തുള്ളയാളുടെ പ്രതിബിംബമാവുകയാണോ ?പ്രണയിക്കുന്നവൻ അവൻ്റെ ശബ്ദത്തേക്കാൾ എതിരെയുള്ള വ്യക്തിയുടെ ശബ്ദത്തിനു കാതോർക്കുന്നു .അവനു മറ്റൊരാളാകാതെ ജീവിക്കാനാവില്ല. അവൻ മൂർച്ചയുള്ള വായ്ത്തലയ്ക്ക് താഴെ കഴുത്തുവച്ചുകൊടുക്കുന്നതിൽ രതിമൂർച്ഛ തേടുകയാണ്.

പ്രണയം മറവിയുടെയും നിന്ദയുടെയും വെറുപ്പിന്റെയും വായ്ത്തലകൾക്കിടയിലേക്ക് കഴുത്തു നീട്ടുകയാണ്. ഇത് അറിയുന്നയാൾക്ക് സ്വസ്ഥത നഷ്ടപ്പെടും .അയാൾ രാത്രിയിൽ ഇറങ്ങി നടക്കും . പുലരിയിൽ കുളിച്ച് ശുദ്ധനായി വരുന്ന സൂര്യനെ കാണാൻ. സൂര്യൻ പൂർവ്വകാലത്തെ ജപിച്ചുവരുത്താതെ പുതിയൊരു കാലത്തിൽ വരുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ മരിച്ചതിന്റെ ഭാരം താങ്ങാതിരിക്കാൻ ഇന്നത്തെ സൂര്യൻ ശ്രദ്ധിക്കുന്നു. സൂര്യന്മാരുടെ ശ്മശാനം എവിടെയോ മറയ്ക്കപ്പെട്ടു. ഒരു പ്രതീതിയാഥാർത്ഥ്യമാണ് ഇന്നലത്തെ സൂര്യന്മാർ. ഏകാകിയായവൻ രാത്രിയുടെ കാട്ടുമരങ്ങൾക്കിടയിലൂടെ നടക്കുകയാണ്.നല്ല നിലാവുള്ളതുകൊണ്ട് ചെറിയ ഇലകളുള്ള ,ഉയരമുള്ള വൃക്ഷത്തിൽ വെളുത്ത പ്രാവുകൾ കൂട്ടത്തോടെ വന്നുചേരുന്നതും അതിൽ നിന്നും കുറെയെണ്ണം ആകാശത്തിന്റെ അവ്യക്തതകളിലേക്ക് ചിറകുവിരിച്ച് പറക്കുന്നതും കാണാനാകുന്നു.

പ്രാവിൻ്റെ വെൺമയും ആകാശത്തിന്റെ നിലാപ്രഭയും ചേർന്നൊരുക്കുന്ന വർണ്ണവിന്യാസം ഒരു കവിത രചിക്കുകയാണ്. കവിത അങ്ങനെയാണ് ;അത് അനുവാചകനെയോ രക്ഷകനെയോ  തേടുന്നില്ല .കവിത ഉണ്ടാകുന്നത് വായനക്കാരെ ഗൗനിക്കാത്തപ്പോഴാണ്. കവി വെൺപ്രാവുകൾക്കൊപ്പം ഒരു അനാഥയാത്രയ്ക്ക് ഒരുമ്പെടുന്നു.പ്രാവുകളെ പോലെ നിഷ്കളങ്കരാവുക. ആകാശം നിങ്ങളുടെ കൈകളിലേക്ക് ഊർന്നിറങ്ങും. അവിടെയാണ് കവിയുടെ വാക്കുകൾ പ്രാവിൻ്റെ ആത്മഗതമായി പുറപ്പെടുന്നത് .

"ഞാനൊരു വെറും കാറ്റ്

സ്നേഹനിർഭരം ഭൂമി 

ആദരാലളന്നളന്നാഴിയെ സമീപിക്കെ

ഏകാന്ത തപ:സ്ഥാനമാക്രമിച്ചഹങ്കാര -

വാക്ശരപ്രവാഹങ്ങളാത്മാവ് പിളർക്കുന്നു"

പ്രാവുകൾ പറക്കുന്നതിന്റെ ആഖ്യാനമാണിത്. പ്രാവുകൾ സ്നേഹത്തിൻ്റെ മൂർത്തിമദ്ഭാവമാണ്. എത്രത്തോളം ആത്മാവിൽ പരിതാപ പ്രണയമുണ്ടാകുന്നുവോ അത്രത്തോളം അത് നിലാവുള്ള രാത്രിയിൽ ആകാശത്തെ പ്രാർത്ഥനാനിർഭരമാക്കി പറക്കുന്നു.സന്ധ്യാംബരങ്ങൾ സ്വച്ഛന്ദമാവുകയാണ്.ആകാശസീമകളിൽ ചെമ്പരത്തിപ്പൂവിൻ്റെ ചാറ് .അതിൽ കവി തൻ്റെ ആത്മാവിന്റെ വർണം കാണുന്നു. മൗനത്തിനും മൃത്യുവിന്റെ രൂപമാണെന്ന് പറയുന്നു. അതാണ് ഉള്ളിലെ പ്രതിബിംബം.ഉള്ളിൽ ഉണരുന്ന ലോകം തന്നെയാണ് പുറത്തും കാണുന്നത്.പുറത്തു രൂപവും ഭാവവും വ്യക്തമായ മേൽവിലാസത്തിലാണുള്ളത് .അകമേഎല്ലാം നിഴലുകളാണ്. ജനിയും മൃതിയും അകത്തു നിഴലുകളായി ഉഴറുന്നു. വാക്കുകൾക്ക് അർത്ഥങ്ങളേക്കാൾ ആത്മാവാണ് മുഖ്യം. ആത്മാവാകട്ടെ സൃഷ്ടിക്കു മുമ്പുള്ള മൗനത്തെ അന്തർവഹിക്കുകയാണ്. വാക്കുകളുടെ ഗൃഹത്തിൽ നിന്നു പുറത്തു വരാൻ  അന്യഗ്രഹം കവിയെ വിളിക്കുകയാണ്.

"സൃഷ്ടിചുംബനം ശിലാ

ഭാഷയെ താലോലിച്ചു 

വിശ്വസങ്കടം പരകോടിയിൽ പ്രകാശിക്കേ

അസ്ഥിപഞ്ജരങ്ങളെ മാറോടു ചേർക്കാൻ വന്ന 

മർത്ത്യത ശവഘോഷയാത്രയ്ക്ക് കൂട്ടാവുന്നു ."

മനുഷ്യർ കൂട്ടമായി നീങ്ങുന്നു. കൂട്ടമായി ശവങ്ങൾ പോകുന്നു. ജനിച്ച രൂപങ്ങളുടെ സംഘഗാനം. ജീവിച്ചവരുടെ സംഘഗാനം. മരിച്ചവരുടെ അവസാനത്തെ യാത്ര. എല്ലാം ഒരാളിലേക്ക് വരുകയാണ്. വാക്കുകൾ അവയുടെ കൂടുപേക്ഷിച്ച്  ആത്മാവിന്റെ ഉറവിടം തേടുകയാണ്. മറ്റൊരു വാസസ്ഥാനത്തേക്ക് പോവുകയാണ് .വേദിക്കരികിൽ ആളുകൾ തലയില്ലാതെ കൂടിക്കിടക്കുന്നു.

അർത്ഥങ്ങളെ ഉപേക്ഷിക്കുന്ന വാക്കുകൾ 

"അവൻ്റെ നിഴൽ പോലും 

നീതിയുടെ മുഖത്തെ വികൃതമാക്കുന്നു. അവൻ വിരൽ ചൂണ്ടുന്നത് എവിടേക്കെന്നറിയാത്തതിനാൽ

ഇതാ,പടയാളികൾക്ക് 

ഞാൻ സ്വയം വെളിപ്പെടുകയാണ്."(ഞാൻ കുരിശാകുന്നു)

യുക്തിയുടെ അരികുകൾ തേഞ്ഞു പോയിരിക്കുന്നു. കവിത ആദിമഹസ്സായി മാറുകയാണ് . സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്. യാഥാർത്ഥ്യങ്ങൾ ഒരു നിമിഷത്തിലാണുള്ളത്. സ്വപ്നമാകട്ടെ അസ്പൃശ്യമായി ദൂരെയും.റെനെ മഗ്രിറ്റ് പറഞ്ഞു :"നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നതിൽ മറ്റെന്തോ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. നമ്മൾ കാണുന്നതിൽ കാണാത്തതുമുണ്ട്. കാണപ്പെടാത്തത് അറിയാനുള്ള താൽപര്യം തീവ്രമായ ഒരു ആന്തരസംഘർഷത്തിലേക്ക് നയിക്കുന്നു. പ്രത്യക്ഷമായി കാണപ്പെടുന്നതിനും കാണപ്പെടുന്നതിൽ മറഞ്ഞിരിക്കുന്നതിനും ഇടയിൽ എന്നു പറയാം."

കവിത ഈ വിരുദ്ധ ധ്രുവങ്ങളെ വാക്കുകൾ കൊണ്ട് പൂരിപ്പിക്കാൻ ശ്രമിക്കുന്നു .വാക്കുകളാകട്ടെ അർത്ഥങ്ങളെ ഉപേക്ഷിച്ച് മറ്റൊരു വിമോചനയാത്രയ്ക്ക് വിധേയമാകുന്നു.കവിയുടെ തെറ്റിയ അനുമാനങ്ങളും സന്ദിഗ്ദ്ധതകളും യുക്തിരാഹിത്യവും, സന്മാർഗികവും ബുദ്ധിപരവുമായ അന്വേഷണങ്ങളുടെ നിഷ്ഫലതയുമാണ്  കവിതയായിത്തീരുന്നത്. അതുകൊണ്ട് കവിത പ്രഹേളികയെ ഓർമ്മിപ്പിക്കുന്നു. പൂർത്തീകരിക്കാത്തതിലെല്ലാം കവിത അവശേഷിക്കുന്നു. അദൃശ്യതകളെ തേടുകയാണത്. ദൃശ്യതകളിൽ അസന്തുഷ്ടി അനുഭവിക്കുകയാണ് കവി. ഈ ലോകത്തിൽ തന്നെ വസിച്ചു കൊണ്ട് ,ഇവിടുത്തെ നിയമങ്ങളും ബന്ധങ്ങളും മറച്ചുവച്ചിരിക്കുന്ന ഒരു നാടകത്തെക്കുറിച്ച് വിളിച്ചു പറയാൻ കവി വിധിക്കപ്പെടുന്നു.ഈ അമ്പുകൾ എൻ്റെ നേർക്കാണ് വരുന്നതും തറയ്ക്കുന്നതും. ബോധപൂർവ്വമായ ഒരു വിശ്ളേഷണത്തിലൂടെയല്ല കവി ഇതറിയുന്നത്. കവിയുടെ അബോധത്തിലേക്ക് പലതരം അന്ധാളിപ്പുകൾ വന്നു നിറയുകയാണ് .കവിത അദൃശ്യതകളെ തേടുകയാണ് .

"ഓർമ്മയെ തൊട്ടുതലോടുക ,

ജീവൻ്റെ വേരുകൾക്കുള്ളിലെ നിക്ഷേപനോവുകൾ 

ഭൂമിയിൽ വച്ചു പകുത്തുഭക്ഷിക്കുക..

കാറ്റിനെ തൊട്ടു വണങ്ങുക ,കാണാത്ത 

സാഗരം പോറ്റിയ ഹംസനിശ്വാസങ്ങൾ

ആയുസ്സിനൊപ്പം പവിത്രമായ് മീട്ടുക

കാടിനെ നോക്കി തപം ചെയ്തിരിക്കുക.

കാട്ടാള ദംശങ്ങളേൽക്കാതെ കണ്ണുകൾ

കാലത്തിലേക്ക് തുറന്നു പിടിക്കുക.

ജാലകക്കാഴ്ച മറയ്ക്കാതിരിക്കുക,

ദൂരങ്ങൾ താണ്ടി വരുന്ന രാപ്പാടിയെ സ്നേഹനീഡം നൽകി സ്വീകരിച്ചോളുക." (ബുദ്ധന്റെ പുസ്തകം)

നമുക്ക് വസ്ത്രങ്ങൾ അഴിച്ചു വെച്ച് സ്നാനഘട്ടത്തിലിറങ്ങാം. പേരറിയിക്കാതെ സുഹൃത്തുക്കളെ നേടാം .അജ്ഞാത സുഹൃത്തിനൊപ്പം സവാരി പോകാം. മിണ്ടിപ്പറയാൻ നാടും പേരും എന്തിന് ?ജാതിയില്ലാതെ പ്രേമിക്കാം. തറവാടറിയാതെ ഭക്ഷണം പങ്കിടാം. പ്രേമത്തിന്റെ നാരായ വേരു തേടി യാത്ര ചെയ്യാം. ഇരിക്കുമ്പോഴും നടക്കുമ്പോഴും അപരിചിതരുടെ സ്നേഹം കിട്ടാൻ പ്രാർത്ഥിക്കാം. എല്ലാ യാത്രകളിലും അറിയപ്പെടാത്തവരാണ് നല്ലത്. എല്ലാ വഴികളും വിജനമാകാനുള്ളതാണ്. വഴിയിലേക്ക് വരുന്നവർ മറയാനുള്ളവരാണ്. അവർ അവിടെ കാൽപ്പാടുകൾ അവശേഷിപ്പിക്കാറില്ല. വഴിക്കെന്തിനു കാൽപ്പാടുകൾ? കാൽപ്പാടുകളെ ഓർക്കാതിരിക്കുമ്പോഴാണ് വഴി വഴിയാകുന്നത്.

വേദി 

വെട്ടിയരിഞ്ഞിടത്തെല്ലാം 

പുതിയതെന്തെങ്കിലും

പൊട്ടിമുളയ്ക്കാൻ

ശക്തിതരണേയെന്നു മാത്രം

വേരിനോടപേക്ഷിച്ചു.

(മായാത്ത മനുഷ്യമുദ്രകൾ)

എല്ലാവർക്കും വഴി പിരിയാനുണ്ട്. മനുഷ്യർ വഴി പിരിയുന്നിടത്ത് വഴി മാത്രം ബാക്കി. ആകാശത്തിൽ എത്രയോ ആയിരം പക്ഷികൾ പറന്നു.  ഇപ്പോൾ ആ ആകാശം ശൂന്യമാണ്. ആ പക്ഷികൾ എവിടെപ്പോയി ? ഇനിയും പക്ഷികളെ താങ്ങാൻ , ഉദരത്തിൽ വഹിക്കാൻ ആകാശം ഒരുങ്ങിയിരിക്കുന്നു. എല്ലായിടവും വിവൃതമാണ് .ഒന്നും തന്നെ സൂക്ഷിക്കാനുമില്ല. എല്ലാം വിസ്മരിക്കപ്പെടാനുള്ളതാണ്. 

എൻ്റെ ഏകാന്തത എൻ്റേത് മാത്രമല്ല 

"മഴയിൽ നിന്നു സനാതന വാക്കിൻ്റെ  നനവ് മാത്രമേ ഞാനെടുക്കാറുള്ളൂ.

പുഴയിൽ നിന്നിറ്റു കാരുണ്യവായ്പിൻ്റെ

തെളിമ മാത്രമേ ഞാൻ കുടിക്കാറുള്ളൂ.

വെയിലിൽ നിന്നൊരു വേരിൻ്റെ സൂര്യനെ അറിയുകെന്നതേ

ഞാനുണർത്താറുള്ളൂ.

നിഴൽ നിതാന്ത സുഹൃത്തെന്ന പോൽ വരും

മരണമെന്നതേ ഞാനുരയ്ക്കാറുള്ളൂ...

മറവിയെ മഹാലോകങ്ങളജ്ഞാന-

ഗുഹകളായ് കാത്ത കാലമായി കാണുന്നു 

മകുടമോരോന്നുമോരോ മനസ്സിൻ്റെ

ശിരസ്സിലർപ്പിച്ച ഭാരമായ് തോന്നുന്നു

കലഹമോരോന്നുമാരോ മുറിക്കുന്ന ഹൃദയബന്ധപ്പിടച്ചിലായെണ്ണുന്നു ഇടിമുഴക്കങ്ങളൊക്കെയും വാഴ്വിൻ്റെ സഹനമൗനക്കിതപ്പു പോൽ തോന്നുന്നു."

മനസ്സിൽ പല കാലങ്ങളും ബോധങ്ങളും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു .പലതരം 'ഞാനു'ണ്ട്. ഞാൻ ഒരു ഏകപക്ഷവചനമല്ല. 'ഞാനി'ൽ അനേകർ  ഉൾപ്പെട്ടിരിക്കുന്നു. എന്നിലെ 'ഞാനി'നെ ബാധിച്ചിരിക്കുന്ന ജീവിതങ്ങൾ ഏതെല്ലാമെന്ന് തിരഞ്ഞുകൊണ്ടിരിക്കുന്നതും സൃഷ്ടിയുടെ ഭാഗമാണ് .ഞാൻ ഒറ്റയ്ക്കല്ല. എന്റെ ഏകാന്തത എൻ്റെ മാത്രമല്ല; എന്നിലെ പല രൂപങ്ങളുടേതാണ്, പല മനുഷ്യരുടേതാണ്. ഞാൻ എന്നാൽ പലതാണ്. പല സ്വരങ്ങളാണ്. ഞാൻ പല കാലങ്ങളിൽ ജീവിച്ചിരുന്നു. പലതലങ്ങളിൽ ജീവിക്കുന്നു. ജീവിക്കുന്ന ഈ നിമിഷത്തിൽ ഇതിൽ നിന്ന് ഏതെങ്കിലും എന്നിലൂടെ പുറത്തുവരികയാണ്. അടുത്ത നിമിഷത്തിൽ അത് മറ്റൊന്നാണ് .ഞാൻ മിഥ്യയാണോ? എങ്കിൽ ആ മിഥ്യ ഇതാ നിങ്ങളോട് സംസാരിക്കുന്നു. സറിയലിസ്റ്റ് ചിത്രകാരി ക്രിസ്റ്റീന മൈക്കലാപൗലോ ((Christina Michalapoulou)പറഞ്ഞു: "എൻ്റെ അബോധത്തിൽ ഞാൻ പുരാരേഖകളുടെ ഒരു ശേഖരം നിർമ്മിച്ചെടുത്തു. എൻ്റെ ശ്വാസത്തിനടിയിലെവിടെയോ അത് ജീവിക്കുന്നുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പുറത്തേക്ക് ഒഴുകുകയാണ് .അത് പുതിയൊരു യാഥാർത്ഥ്യത്തെ, വർണ്ണബോധത്തെ സൃഷ്ടിച്ചു. തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളെയും ബന്ധങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കാതെ തനിക്ക് നിലനിൽക്കാൻ പ്രയാസമായി."."It was then that parting became a psychotherapeutic procedure ,my way to clearance and freedom" -മൈക്കലോപൗലോയുടെ വാക്കുകൾ.

കവിതയും ഒരു വേർപിരിയലാണ്. അവനവനിൽ നിന്നു പുറത്ത് എവിടേക്കു പോകും? ഒരു കുയിലിന്റെ പാട്ടിൽ ,ഒരു തവളയുടെ കരച്ചിലിൽ, ഒരു തപോവനത്തിൻ്റെ ഹൃദ്യതയിൽ , ഒരു താപസൻ്റെ ഹൃദയത്തിൽ, ശൂന്യമായ വഴിത്താരകളിൽ, വൃക്ഷത്തിന്റെ ഉച്ചിയിൽ നിന്നു ഇലകൾ പൊഴിഞ്ഞുവീഴുന്നിടങ്ങളിൽ, ദിവസങ്ങളായി ഇലകൾ വീണ് കനം വെച്ച വിജനമായ പാതകളിൽ, മണ്ണിലേക്ക് ശാന്തി തേടി വലിയുന്ന മണ്ണിരയിൽ,പ്രാചീനവും സ്വപ്നാത്മകവുമായ ആത്മായനങ്ങളിൽ ?കല ബുദ്ധിയല്ല, അത് ആത്മാവുമല്ല. കല മനസ്സല്ല,മനസ്സിൻ്റെ വേഗവുമല്ല. ബുദ്ധിയും മനസ്സും ഉപേക്ഷിക്കുന്നതാണത്. 

മാർക് ഷഗ്ഗാലിൻ്റെ I and the Village  എന്ന ചിത്രത്തിൽ കാണുന്നതുപോലെ ഭയാനകമായ നിമിഷങ്ങൾ അബോധത്തിൽ നിന്ന് വരികയാണ്. അബോധം എന്തിനു ഒളിച്ചുവയ്ക്കപ്പെടണം? മനുഷ്യൻ അബോധത്തിൻ്റെ ഒരു പാവയാണ്. അബോധത്തിൽ എന്താണ് സംഭവിക്കുന്നതെന്നു അറിയുന്നവനു നിശ്ശബ്ദതയിലേക്ക് ആഴ്ന്നു പോകാം. ഷഗ്ഗാൽ പറഞ്ഞു :"Art seems to me to be a state of soul more than anything else."

എല്ലാ അറിവുകളിൽ നിന്നും വിമുക്തമാവാൻ ശ്രമിക്കുന്ന ഒരു പ്രാചീന സെൻ ബുദ്ധിസ്റ്റിൻ്റെ വചനങ്ങൾ കവിതയാവാൻ നമ്മുടെ അരികിൽ വന്നു നിൽക്കുകയാണ്.പോൾ എല്വാദിൻ്റെ വാക്കുകൾ: "There is another world and it is in this one.വേറെന്ത് ലോകമാണ് നമുക്കുള്ളത്? മരണാനന്തര ലോകമല്ല, ഈ ലോകത്തിൽ തന്നെ അനേകം ലോകങ്ങളിൽ നാം പണിയെടുത്തുകൊണ്ടിരിക്കുന്നു.

"നിലയ്ക്ക് നിന്നില്ലെങ്കിൽ 

കൊന്നു കൊലവിളിക്കുമെന്ന്

ഭീഷണിപ്പെടുത്തിയവരോട് 

ഒന്നേ പറയാനുള്ളൂ:

നീ കൊന്നെറിഞ്ഞ 

ഉടലാണിതെന്ന് 

ഇനിയും മനസ്സിലായില്ലെങ്കിൽ 

ഇതാ, വീണ്ടും കെട്ടിപ്പുണരുക!"

(മരിച്ചവരുടെ ഉടൽ)

നക്ഷത്രങ്ങളെപ്പോലെ നമ്മളും 

എത്രയോ വട്ടം മരിച്ചു;വീണ്ടും ജീവിക്കുക തന്നെ ചെയ്യും. എല്ലാ മരണവും മരണമല്ല .മരണമെന്ന കേവല തത്ത്വത്തിനകത്ത് അനേകം മരണങ്ങളുണ്ട്. നക്ഷത്രങ്ങളെ പോലെ അന്തമില്ലാതെ നമ്മളും സഞ്ചരിക്കുകയാണ്. അകത്തു തന്നെ  ഭ്രമണം. നമ്മെ അറിഞ്ഞവൻ  കൊല്ലാൻ വരുന്നുണ്ടെന്നറിഞ്ഞു പേടിസ്വപ്നത്തിൻ്റെ രാത്രിപഥങ്ങളിൽ നഗ്നമായി തന്നെ ഓടണം. നക്ഷത്രങ്ങൾ പൊഴിച്ചിട്ട ജീവിതാമൃതം നുകരാൻ സമയമുണ്ടെങ്കിൽ നന്ന്.അല്ലെങ്കിൽ ഒരു പിഞ്ചുകുഞ്ഞിൻ്റെ മുഖമോർത്ത് വൃക്ഷച്ചുവട്ടിൽ മയങ്ങിക്കിടക്കാം. രാത്രിക്ക് നിലാവിൻ്റെ കൈകളുണ്ട്. നിലാവ് നമ്മെ ആദ്യപ്പിറവിയിലെന്നപോലെ തലോടും .അനന്യമായ ഒരു  കാന്തിയിൽ ലോകം പുനർജനിക്കുകയാണ്. കുറ്റവാളികളും കാപാലികരും എവിടെയോ അന്തർധാനം ചെയ്യുകയാണ്. കലയുടെ അനുഭവം എന്തെങ്കിലും ബുദ്ധിപരമായി സ്ഥാപിക്കുകയല്ല, അങ്ങനെ സംഭവിച്ചാൽ അത് വിനാശകരമാണ്. ലോകം മനുഷ്യൻ്റെ കപടബുദ്ധിക്ക് വേണ്ടിയല്ല നിലകൊള്ളുന്നത് .കലയിൽ പരമമായ ശാന്തതയും ലയവുമാണ് ആത്യന്തിക ഫലം .ക്‌ളോദ് മൊനെയുടെ 'വാട്ടർ ലില്ലി' പരമ്പരയിൽ അതാണ് തെളിയുന്നത്. ഒരു പക്ഷി പാടുന്നതുപോലെ സ്വാഭാവികമായി വരയ്ക്കാൻ ഒക്കുമോ ? താൻ അതിനാണ് ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് പെയിൻറർ മൊനെ പറഞ്ഞിട്ടുണ്ട്. വാട്ടർ ലില്ലി ഒരു ആശയമല്ല ;ബുദ്ധിപരമായ ഒരു എടുത്തുചാട്ടമല്ല; പ്രത്യയശാസ്ത്ര ചർച്ചയോ രാഷ്ട്രീയനാടകമോ പടപ്പുറപ്പാടോ അല്ല.

അത് കേവലാനന്ദമാണ് ;ഉണ്മയിൽ വല്ലപ്പോഴുമൊക്കെ നാം അറിയാതെ ചെന്നുസ്പർശിക്കുന്ന ജീവത്തായ അനുഭവമാണ്. 

"നക്ഷത്രങ്ങളെ തേടി

ആകാശങ്ങളിൽ പരതി നടന്ന് 

നാഴികമണിയലിഞ്ഞു ചേർന്ന 

കോശങ്ങളുടെ ഭാഷ കണ്ടെത്തി 

പവിത്രമായ പ്രണയങ്ങളെ വാരിപ്പുണർന്നു "

(പ്രണയമനുഷ്യൻ)

മൊനെയുടെ ചിത്രങ്ങളിലെ ലില്ലിപ്പൂക്കൾ അത്ര വ്യക്തമല്ല .അത് ചെറിയ മുത്തു പോലെയുള്ള ചായപ്പടർപ്പുകളായി കാണപ്പെടുന്നു. ജലമാകട്ടെ, മതാത്മക ഗഹനതകളെയും സമസ്യകളെയും ആവാഹിക്കുകയാണ്. നിറങ്ങൾ അതീതത്തെ അഭിസംബോധന ചെയ്യുകയാണെന്ന് തോന്നും. എന്നാൽ നിറങ്ങൾ അതീതത്വം തന്നെമായി പരിണമിക്കുകയാണ്. ജലത്തെയും പൂക്കളെയും തന്റെ ആന്തരികാനുഭവങ്ങളുടെ ക്ഷണികതയുടെ അംശങ്ങളായി കാണുകയാണ് കലാകാരൻ .കവിയും അങ്ങനെയാണ്. വാക്കുകളുടെ അർത്ഥം കവിയെ നോവിക്കുന്നു; ഉറക്കം നഷ്ടപ്പെടുത്തുന്നു. വാക്കുകളെ അവയുടെ വ്യത്യസ്തമായ അർത്ഥങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കവിതയെഴുതാതെ മാർഗ്ഗമില്ല. കവിത വാക്കുകളല്ല ;വാക്കുകളെ തന്നെ അപ്രസക്തമാക്കുന്ന ആന്തരിക വെളിച്ചമാണ്.

'പച്ചിലപ്പക്ഷിയുടെ സങ്കീർത്തന'ത്തിൽ ഗോപി എഴുതുന്നു:

'ഒറ്റക്കുതിരപ്പുറത്ത് 

ഞാനിങ്ങനെ ചുട്ടുപൊള്ളുന്ന വെയിലിൽ കുതിക്കവേ 

അസ്തമയം വരെ പോയ കുതിരയെ കട്ടുകൊണ്ടാരോ 

മറഞ്ഞുപോയെങ്ങനോ !

ചുറ്റിപ്പിടിച്ചു കിടക്കും

നിഴലിനെ

വെട്ടമില്ലാതാരു വേർപെടുത്താൻ വരും?

മിഥ്യകൾ കൊണ്ട് മെനഞ്ഞ രഥം കേറി

യുദ്ധം നയിക്കുന്നതേതു

രക്താസുരൻ ?

നിശ്ചയക്കൂറുള്ള 

വാക്കിൻ്റെ ഉച്ചിയിൽ 

നട്ട വിത്തെല്ലാം 

മുളച്ചെന്നു ചൊല്ലുവാൻ 

ഇത്തിരിച്ചൂട്ടു -

വെളിച്ചത്തിൽ വന്നത് 

മറ്റാരുമല്ലെന്റെ 

പച്ചിലപ്പക്ഷികൾ ."

മിഥ്യകൾക്കുള്ളിലേക്ക് പോയി യുദ്ധം ചെയ്യാൻ വായനക്കാരൻ ഉത്സുകനാവുന്നു. ഓടിക്കിതച്ചു വന്ന കുതിരയെ ആരാണ് അപഹരിച്ചത്? ആ കുതിര അസ്തമയം വരെ പോയി. സ്വപ്നങ്ങൾക്ക് എന്ത് ഭംഗിയാണ്! . ചിന്തകൾക്കിടയിലുള്ള ധ്യാനമാണ് ബുദ്ധൻ.ബുദ്ധനെ തേടിപ്പോയാൽ  നമുക്ക് യാത്ര അവസാനിപ്പിക്കാനാവില്ല. ബുദ്ധൻ എന്ന വാക്കിനപ്പുറത്ത് മനുഷ്യൻ്റെ പ്രവൃത്തികളിൽ ബുദ്ധനുണ്ട്.ഒരു പക്ഷിയെ കാണുന്നതിൽ ബുദ്ധനുണ്ട്. ജലത്തിനു മുകളിൽ നടക്കുന്നതോ വായുവിൽ സഞ്ചരിക്കുന്നതോ അല്ല അത്ഭുതമെന്ന് വിയറ്റ്നാമിലെ ബുദ്ധ സന്യാസിയായിരുന്ന തീച്ച് നാത് ഹാൻ പറഞ്ഞു.

അകൽച്ചയില്ലാതാവുന്നിടത്ത് കവിത 

നമ്മൾ വഴിയിൽ നടക്കുന്നതിലും അത്ഭുതമുണ്ട്. നിലാകാശം ഒരു അത്ഭുതമാണ്. വെളുത്ത മേഘങ്ങൾ, പച്ചയിലകൾ ,ഒരു കുട്ടിയുടെ കറുത്ത, ആകാംക്ഷയുള്ള കണ്ണുകൾ - എല്ലാം അത്ഭുതമാണ്. അത്ഭുതം കാണുകയാണെങ്കിൽ കവിത നമ്മുടെ അരികിൽ, കൈയെത്തും ദൂരത്ത് തന്നെയുണ്ട് എന്നറിയാം. അതുകൊണ്ടാണ് കവിക്ക് എല്ലാത്തിനോടും വിസ്മയകരമായ അടുപ്പം തോന്നുന്നത്. നമ്മളാകട്ടെ, അകൽച്ചയെ ആഘോഷിക്കുകയാണ്. ഒരാളിൽ നിന്ന് ,ചിന്തയിൽ നിന്ന്, ബന്ധത്തിൽ നിന്ന്, ഓർമ്മയിൽ നിന്ന്, അനുകമ്പയിൽ നിന്ന് എങ്ങനെ അകലാമെന്നാണ് നാം ആലോചിക്കുന്നത്. യഥാർത്ഥ കവിത ഒരുമിക്കലിന്റേതാണ് .അകൽച്ചയില്ലാതാവുന്നിടത്താണ് കവിത .ഒരു ക്രൂരമൃഗത്തോട് അകൽച്ചയില്ലാതാകുന്നിടത്താണ് കവിത .വേർപെടൽ അല്ലെങ്കിൽ വേർപെടുത്തൽ എന്ന മിഥ്യയിൽ നിന്ന് ഉയർന്നു പൊങ്ങാനാണ് വിദ്യാഭ്യാസം വേണ്ടത്. ഒരില പോലും നമ്മളോട് സംവദിക്കുകയാണ്. ബുദ്ധികൊണ്ട് നിർമ്മിക്കപ്പെട്ട നമുക്ക് ആ സംഭാഷണം മനസിലാവുകയില്ല.അതിൽ പ്രത്യേകമായ സാമ്പത്തികലാഭമോ നേട്ടമോ ഉണ്ടാവുകയില്ലല്ലോ.  അതുകൊണ്ട് കാതുകൾ പ്രവർത്തിക്കുകയില്ല .എന്നാൽ ഒന്നും ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ ഇലകളുടെ സംഭാഷണം കേൾക്കാം. ഇലകൾ നമ്മെ ഒരു വസന്തത്തിലേക്ക് ക്ഷണിക്കുന്നു. ഇലകളിൽ ഓർമ്മയുടെ ഞരമ്പുകൾ. പ്രേമഭാജനത്തിന്റെ ഉടൽ. ഇലകൾ പൂക്കളെക്കാൾ സുന്ദരം. ഇലകൾ നമ്മുടെ ആത്മഘടകമാണ്. പുരാതനജീവിതങ്ങളെ അത് സചേതനമാക്കുന്നു,വീണ്ടും.ജീവിക്കാൻ കൊള്ളാവുന്നതാണ് ജീവിതമെന്ന് ഓർമ്മിക്കാൻ ഈ  ഇലകളുമുണ്ട് .മരിച്ചവരെയെല്ലാം ഇലകൾ സാന്ത്വനിപ്പിക്കുന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി വീണ്ടും ഇലകൾ തളിർക്കുന്നു. അതൊരു ശൈശവാനുഭവം പോലെയാണ്. റിൽ കേ എഴുതി: "The earth is like a child that knows poems by heart. ആത്മാവിൽ ഒരു ഭാഷ പ്രവർത്തിക്കുന്നു. അത് അന്തർമുഖമാണ്. എന്നാൽ ആത്മാവിൻ്റെ മണ്ണിനടിയിലേക്ക് ചെല്ലുകയാണെങ്കിൽ ആ ഭാഷയുടെ വിനിമയത്തിൻ്റെ നീർച്ചാൽ കാണാം. 

പി.കെ.ഗോപി 'ഒളിച്ചു പാർക്കുന്ന വീട്' എന്ന കവിതയിൽ എഴുതി:

"മഴയും കാറ്റും വെയിലും

പച്ചിലകളോടൊപ്പം 

വിരുന്നു വന്നു .

മനം നിറയെ 

മൗനം കോരിക്കുടിച്ച് 

പഴമ്പാട്ടുകൾ മൂളി

പടിയിറങ്ങിപ്പോയി ."


മുണ്ടശ്ശേരി മലയാളസാഹിത്യത്തിനു പുതിയൊരു പരിപ്രേക്ഷ്യം നൽകി: എം.കെ.ഹരികുമാർ




നാട്ടിക(തൃശ്ശൂർ):സാഹിത്യവിമർശൻ സാഹിത്യചരിത്രത്തെ  കാലിഡോസ്കോപ്പിലെന്ന പോലെ കശക്കി പുതിയൊരു കാഴ്ചയൊരുക്ക കയാണ് ചെയ്യുന്നതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. 

സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ നാട്ടികയിൽ ചേർന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

സാഹിത്യവിമർശനത്തിന്റെ നോട്ടം ഒരു കലയാണ് .അത് അപരിചിതമാണ് .അയാൾ ഭാവന ചെയ്യുകയാണ്. ജീവിതം, മരണം തുടങ്ങിയ വിഷയങ്ങൾ വിമർശകൻ്റെ  ഭാവനയിൽ വരികയാണ് - ഹരികുമാർ പറഞ്ഞു.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: "കുമാരനാശാനെപോലെ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട കവി ഇവിടെ ഉറയ്ക്കാൻ കാരണം ജോസഫ് മുണ്ടശ്ശേരിയാണ്. ആ നിരീക്ഷണം ചരിത്രം സൃഷ്ടിച്ചു. മുണ്ടശ്ശേരി ആശാനെ കവിത്രയത്തിനും മുകളിൽ പ്രതിഷ്ഠിച്ചു .എന്തുകൊണ്ടാണ്  ആശാൻ ഇരുപതാം നൂറ്റാണ്ടിലെ പ്രഥമഗണനീയനായ കവിയാകുന്നതെന്ന് മുണ്ടശ്ശേരി 'പ്രയാണം' എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്. ആശാൻ കവിതയിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയാണെന്നും അദ്ദേഹം പറയുന്നു. ഈ കാലഘട്ടത്തിൽ പോലും കവിതയിലെ വിപ്ലവത്തെക്കുറിച്ച് പലർക്കും അറിയില്ല. കാവ്യബോധത്തിൽ, ഭാഷയിൽ, ശൈലിയിൽ ,സാമൂഹിക വീക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് യാഥാർത്ഥ കവിയാകുന്നത്. അതുകൊണ്ടാണ് ആശാനെ 'വിപ്ളവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് മുണ്ടശ്ശേരി വിളിച്ചത് .മലയാളസാഹിത്യത്തിൽ മുണ്ടശേരി ഒരു പുതിയ ക്രമം സൃഷ്ടിച്ചു. ഒരു പുതിയ കാഴ്ചയാണത്.   അതുവരെയുണ്ടായിരുന്ന നിലപാടുകളെ മാറ്റി മലയാളകവിതയെ വേറൊരു രീതിയിൽ വായിക്കാൻ അത് സഹായകമായി. ഒരു പുതിയ ആസ്വാദനപ്രക്രിയ ഇവിടെയുണ്ടായി.  മുണ്ടശ്ശേരി സൃഷ്ടിച്ച ഈ പരിവർത്തന പ്രക്രിയയെ മറികടക്കാൻ ഇപ്പോഴും ഒരു വിമർശകനും കഴിഞ്ഞിട്ടില്ല. മുണ്ടശ്ശേരിയെ അംഗീകരിച്ചു കൊണ്ടാണ് സുകുമാർ അഴീക്കോട് നീങ്ങിയത്.മാരാരും ഈ നിലപാടിൽ നിന്നു മാറിയില്ല .എം.ഗോവിന്ദൻ ആശാൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ ബൃഹത് സമാഹാരത്തിൽ ആശാനെ ലോകകവിതയുടെ ഒരു മുഖമായി അവതരിപ്പിക്കുന്നതു കാണാം .ഇതു മുണ്ടശ്ശേരി സൃഷ്ടിച്ച പുതിയ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൻ്റെ ഫലമായി സംഭവിച്ചതാണ്. പരമ്പരാഗതമായ മൂല്യങ്ങളെ മാത്രം പിന്തുടർന്നുകൊണ്ട് ഒരു കലാകാരനും മുന്നോട്ടു പോകാനാവില്ല. ഷേക്സ്പിയർ ഗ്രീക്ക്, റോമൻ നാടകങ്ങളെ ,നിയമങ്ങളെ തൃണവൽഗണിച്ചു കൊണ്ടാണ് നാടകം എഴുതിയത്. അതാണ് പിന്നീട് ലോകം അംഗീകരിച്ചത്. ഗ്രീക്ക്,റോമൻ നാടകങ്ങളുടെ മൂല്യങ്ങൾ കടമെടുത്തു നാടകം എഴുതിയിരുന്നെങ്കിൽ ഷേക്സ്പിയർക്ക് ഇന്നത്തെ സ്ഥാനം കിട്ടുമായിരുന്നില്ല. ഇന്ന് ഷേക്സ്പിയറെ സഹസ്രാബ്ദത്തിൻ്റെ പ്രതിഭയായി വിലയിരുത്തപ്പെടുന്നു. നൂതനമായ ഒരു സർഗാത്മകമേഖല സൃഷ്ടിച്ചതാണ് കാരണം. എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് 'എന്ന കൃതി അക്കാദമിക് വിമർശകരുടെ സങ്കല്പത്തിലുള്ള ഒരു വിമർശനമല്ല .അത് കലാപരമായ ഒരു സൃഷ്ടിയാണ്. അത് പഠനമല്ല. എൻ്റെ മനസിലെ അനുഭവങ്ങൾ സറിയലിസ്റ്റിക് ഭാവനയിൽ പ്രവഹിക്കകയായിരുന്നു .വിമർശകനിൽ ഒരു കലാകാരൻ ജീവിക്കുന്നുണ്ട്. എന്നിലെ കലാപരമായ പ്രശ്നങ്ങളെ ആവിഷ്ക്കരിക്കാനാണ് അതെഴുതിയത്. ഇക്കാര്യത്തിൽ എനിക്ക് മറ്റു സർട്ടിഫിക്കറ്റുകൾ വേണ്ട. അതിൽ ഉൾക്കൊണ്ടിരിക്കുന്നത് ഒരു വിമർശകൻ്റെ കലാപരമായ സമസ്യകളും ആശയങ്ങളുമാണ്.  എൻ്റെ പ്രതിവാരപംക്തി 'അക്ഷരജാലക'ത്തിൻ്റെ ഇരുപത്തിയേഴാം വർഷമാണിത്.  ധാരാളം എഴുത്തുകാരെ ഞാൻ പരിചയപ്പെടുത്തുകയും അതുപോലെ വിമർശിക്കുകയും ചെയ്തു. എന്നാൽ അതൊന്നും വ്യക്തിപരമല്ല. ആസ്വാദനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഒരു കൃതിയെക്കുറിച്ചും പ്രശംസിച്ചു എഴുതേണ്ടി വന്നിട്ടില്ല. ഞാൻ കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ  സുകുമാർ അഴീക്കോടിൻ്റെ പ്രസംഗം കേരളകൗമുദിയിൽ അച്ചടിച്ചു വരുമായിരുന്നു. മലയാളം പഠിപ്പിക്കുന്ന അധ്യാപകർ ഈ പ്രസംഗത്തെക്കുറിച്ച് പറഞ്ഞ് ആവേശം കൊള്ളും .ഇത് ഒരു പ്രചോദനമായിരുന്നു. ഇപ്പോൾ എഴുത്തുകാർ പ്രസംഗിക്കുമ്പോൾ മറ്റു  സാഹിത്യകാരന്മാരുടെ കൃതികൾ വായിച്ചതിൻ്റെ ഒരു സൂചന പോലുമില്ല. ഇത് ദയനീയമാണ്.ഞാൻ സാഹിത്യപരിഷത്തിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നത് ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷമാണ്. ഇവിടെ വന്നത് പരിഷത്ത് ഭാരവാഹിയായ ബാലചന്ദ്രൻ വടക്കേടത്ത് ക്ഷണിച്ചതുകൊണ്ടാണ്. അദ്ദേഹം രോഗബാധിതനായപ്പോൾ വന്നു കാണാൻ കഴിഞ്ഞില്ല .അദ്ദേഹത്തെ കാണാനാണ് വന്നത്. വടക്കേടത്ത് ദശാബ്ദങ്ങൾക്കു മുൻപ് കേരളകൗമുദിയിൽ ലേഖനങ്ങൾ എഴുതിയിരുന്നത് ഓർക്കുകയാണ് . ആ കാലഘട്ടം മുതൽ അറിയാം. സത്യസന്ധമായി അഭിപ്രായം പറയാൻ   അദ്ദേഹം എന്നും ധൈര്യം കാണിച്ചിട്ടുണ്ട് .സമകാലിക കാല്പനികത ജീർണിച്ചപ്പോൾ അദ്ദേഹം അത് തുറന്നെഴുതി. തൻ്റെ ചിന്തകൾ എവിടെയും അദ്ദേഹം ഒളിച്ചു വച്ചിട്ടില്ല. ഇടപ്പള്ളിയെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും വടക്കേടത്ത് വ്യക്തമായി, പുതിയ അന്വേഷണബുദ്ധിയോടെ എഴുതിയിട്ടുണ്ട് .നമ്മുടെ കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിൻ്റെ മഹത്വം മനസിലാക്കിയ ,വിമർശനത്തിൻ്റെ മൂല്യം ഉൾക്കൊണ്ട അപൂർവ്വ വിമർശകനാണ് ബാലചന്ദ്രൻ വടക്കേടത്ത്. "

Thursday, May 16, 2024

എന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി

 

ഡോ .യാക്കോബ് മാർ ഐറേനി

 

 ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു  തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായന പുരോഗമിച്ചു വന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി  മാറിക്കഴിഞ്ഞിരുന്നു! സ്വയം നിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം.

 "വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ്‌ 'കലാപ'മെന്ന്‌ ഇവിടെ വിവക്ഷിക്കുന്നത്‌. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ്‌ കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.

ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന്‌ ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക്‌ ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്‌. ഗരിമയുള്ളതുമാണ്‌. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്‌. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്‌. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.

'സ്വയം നിരാസം' ഗ്രന്ഥകാരന്‌ ഒരു തപസ്യപോലെയാണ്‌. സംസ്കൃതമനസ്സുകൾക്ക്‌ എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചു തന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക്‌ അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്‌. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരയാണ്‌. അത്‌ ശബ്ദത്തെയും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച്‌ അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌, ഒരു പുത്തൻ സുതാര്യതയിലേക്ക്‌ ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്‌. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്‌:-
"സമയമെടുത്തു ചിന്തിക്കുന്നത്‌ അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു).


ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത്‌ 'മൗലികവാദ'ത്തിന്‌ ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്‌. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ്‌ ഹിംസാത്മകതയ്ക്ക്‌ കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത്‌ ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക്‌ മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന്‌ ഈ പ്രമാണം വെളിപ്പെടുത്തുന്നു.

ഇക്കാലത്ത്‌ 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്‌. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്‌. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.

'പുനർജനി' എന്നത്‌ കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്‌. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന്‌ യേശക്രിസ്തു അരുൾ ചെയ്തു. അത്‌ ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്‌. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.





John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ്‌ വരുമ്പോഴേ
നാടു നാടായ്‌ നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്‌. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത്‌ അത്ഭുതാവഹമാണ്‌.
വഴിയാണ്‌ യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ, 'വഴികൾ')

യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്‌, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട്‌ എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത്‌ സ്വയംനിരാസത്തിലാണ്‌. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതു മറ്റൊന്നിലേക്ക്‌ അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്‌. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ്‌ ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട്‌ എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത്‌ ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ്‌ പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന്‌ സെയിന്റ്‌ പോൾ പറയുന്നുണ്ട്‌.

സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്‌.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഡനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട്‌ യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട്‌ ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട്‌ പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞത്‌ എന്ന്‌ അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ്‌ പറഞ്ഞത്‌. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.

നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്‌] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്‌, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയവളർച്ചയ്ക്കും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല,നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത്‌ എന്നാണ്‌ ഗ്രിഗോറിയോസിന്റെ വാദം. 

'അവസാനിക്കാത്ത വളർച്ച' എന്ന്‌ അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക്‌ ഊർജ്ജവും സൗന്ദര്യവുമുണ്ട്‌. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്‌?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്‌. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ്‌ അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക്‌ പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌ ഈ പുനർനിർമ്മാണം."

പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ്‌ സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്‌. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത്‌ ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്‌. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത്‌ 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്‌." (ഭാഷ മരിച്ചു)

ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്‌. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ്‌ സാഹിത്യത്തിന്റേത്‌." എന്നാണ്‌ അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തതന്നെയാണിത്‌. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്രദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്‌.

a


 

'ചലനവും പുരോഗതി'യും ഗ്രന്ഥകാരന്‌ ഒരു obsession പോലെയാണ്‌. അത്‌ സ്വാഗതാർഹവുമാണ്‌. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്‌. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്‌:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്‌!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രയോഗിക്കുന്നത്‌." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്‌! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ്‌ നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.

മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ്‌ 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന്‌ അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന്‌ 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട്‌ ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്‌. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.

'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന്‌ ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.

a




'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്‌. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരം കൃതികൾ മലയാളത്തിൽ സുലഭമല്ല.

പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരാസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.

എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

 


  • അഡ്വ.പാവുമ്പ സഹ​ദേവൻ,9744672832


    മല​യാ​ള​ഭാ​ഷ​യു​ടെയും സാഹിത്യനിരൂ​പ​ണ​ത്തി​ന്റെയും എക്കാ​ല​ത്തെയും അഭി​മാ​ന​മായ എം.​കെ.​ഹ​രി​കു​മാ​റിന്റെ ‘അക്ഷ​ര​ജാ​ലകം’പംക്തി കാൽനൂറ്റാണ്ട് പിന്നി​ട്ടി​രി​ക്കു​ന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്. 

    ആയി​ര​ക്ക​ണ​ക്കിന് വായ​ന​ക്കാർ നെഞ്ചി​ലേ​റ്റിയ ‘അക്ഷ​ര​ജാ​ലകം' പിന്നീട് കലാ​കൗ​മുദി, പ്രസാ​ധകൻ, മല​യാള സമീക്ഷാ ഡോട്ട്‌കോ​മിലും പ്രസി​ദ്ധീ​ക​രി​ച്ചു. ഇപ്പോൾ ഈ പംക്തി മെട്രോ​വാർത്താപത്ര​ത്തിൽ തുടർച്ച​യായി പ്രസി​ദ്ധീ​ക​രിച്ചുവരു​ന്നു. ക​ഥ, കവി​ത, നോവൽ, സാഹിത്യനിരൂ​പ​ണം, തത്ത്വ​ചി​ന്ത, സംസ്‌ക്കാ​രം, ചരിത്രം, രാഷ്ട്രീ​യം, ചിത്ര​ക​ല, സംഗീതം തുടങ്ങി ഒട്ടേറെ വൈവി​ധ്യ​മാർന്ന മേഖ​ല​ക​ളി​ലേക്ക് വ്യാപിച്ചു കിട​ക്കുന്ന 30-തില​ധികം ഗ്രന്ഥ​ങ്ങൾ ഇതി​നകം ഹരി​കു​മാ​റി​ന്റേ​തായി പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടുകഴി​ഞ്ഞു. കൂടാതെ ഹരി​കു​മാ​റിൻ്റെ അസാ​ധാ​രണ പ്രതി​ഭാ​ശേഷി പ്രസ​രി​ക്കുന്ന അക്ഷ​ര​ജാ​ലകം പംക്തി​യുടെ ആയി​ര​ത്തി​യറു​ന്നൂ​റി​ല​ധികം പേജു​കൾവരുന്ന രണ്ട് വോളിയം തടിച്ച ഗ്രന്ഥങ്ങൾ സു​ജിലി പബ്ലി​ക്കേ​ഷൻ പുറ​ത്തി​റ​ക്കി​യി​രി​ക്കു​ന്നത് സാഹി​ത്യ​നി​രൂ​പണ ചരി​ത്ര​ത്തിലെ മഹ​ത്തായ സംഭ​വ​മാ​ണ്. 

    വാൻഗോ​ഗിന്, ജല​ഛായ, ശ്രീനാ​രാ​യ​ണായ എന്നീ നോവ​ലു​കൾ ഹരി​കു​മാർ പ്രസി​ദ്ധീ​ക​രി​ച്ച​തോടെ അദ്ദേഹം നോവൽ കൊടി​മ​ര​ത്തിന്റെ ഉത്തുംഗതയിൽ എത്തി​യി​രി​ക്കു​ന്നു. മഷി​യു​ണ​ങ്ങാത്ത മനീഷി എന്നും സാഹി​ത്യ​നി​രൂ​പണലോക​ത്തിലെ മുടി​ചൂ​ടാ​മ​ന്നൻ എന്നും വിശേ​ഷി​പ്പി​ക്കാൻ വർത്ത​മാനമല​യാളസാഹി​ത്യ​ത്തിൽ  സർവ്വഥാ യോഗ്യൻ ഹരി​കു​മാ​റ​ല്ലാതെ മറ്റാ​രു​മില്ല എന്ന് അസ​ന്ദി​ഗ്ദ്ധ​മായി പറ​യാം. കുട്ടി​കൃഷ്ണമാരാർ, കേസരി ബാല​കൃ​ഷ്ണ​പിള്ള, ജോസ​ഫ് മു​ണ്ട​ശ്ശേരി, കെ.​പി.​അ​പ്പൻ, സുകു​മാർ അഴീ​ക്കോ​ട്, എം.​കെ.​ഹ​രി​കു​മാർ തുട​ങ്ങിയ സാഹി​ത്യ​നി​രൂ​പണ കേസ​രി​കൾ മല​യാ​ള​ത്തിലെ സർഗ്ഗാ​ത്മ​ക ​സാ​ഹി​ത്യ​കാ​രന്മാ​രേ​ക്കാൾ തല​പ്പൊ​ക്ക​മു​ള്ള​വ​രായി തീർന്നി​ട്ടു​ണ്ട് എന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാ​ണ​ല്ലോ. തന്റെ സാഹി​ത്യ​നി​രൂ​പണത്തിൽ അങ്ങേ​യറ്റം ആത്മാർത്ഥ​തയും സത്യ​സ​ന്ധ​തയും നിഷ്പ​ക്ഷ​തയും പുലർത്തിയ ഹരി​കു​മാർ ഏത് കൊ​ല​കൊ​മ്പ​ന്മാ​രായ സാഹി​ത്യ​കാ​ര​നെയും യുക്തിവിചാരത്തോടെ വിമർശിക്കുന്നതിൽ അസാ​ധാ​രണ മനഃ​സാ​ന്നിദ്ധ്യം പ്രക​ടി​പ്പി​ച്ചി​രു​ന്നു. വിമർശ​നാത്മക നിരൂ​പ​ണ​ത്തിലെ അദ്ദേ​ഹ​ത്തിന്റെ വില​യി​രു​ത്ത​ലു​കൾ നമ്മുടെ സാഹി​ത്യ​ച​രി​ത്ര​ത്തിൽ അപ്ര​തി​രോ​ധ്യ​മായ മതി​ലു​ക​ളാണ് കെട്ടി​ ഉ​യർത്തി​യി​രി​ക്കു​ന്ന​ത്. താൻ വസ്തു​നി​ഷ്ടമായി പരി​ശോ​ധി​ക്കുന്ന സാഹി​ത്യ​കൃ​തി​ക​ളുടെ ഡീമെറി​റ്റിന് ഒപ്പം അതിന്റെ മെറിറ്റിനെ ഉയർത്തിക്കാണിക്കുന്നതിൽ ഹരി​കു​മാർ അല്പംപോലും അമാന്തം കാണി​ച്ചി​രു​ന്നില്ല. 

    ഹരി​കു​മാ​റിന്റെ നിശി​ത​മായ വിമർശ​ന​ത്തിന്റെ ചാട്ടുളി പ്രയോ​ഗ​മേറ്റ് പരു​ക്കേറ്റ ഒട്ടേറെ സാഹി​ത്യ​കാ​രന്മാർ ​അ​ദ്ദേ​ഹ​ത്തിന്റെ വിരോ​ധി​കളും ശത്രു​ക്ക​ളു​മായി തീർന്നി​ട്ടുണ്ട് എന്നത് തർക്ക​മറ്റ വസ്തു​ത​യാ​ണ്. സർഗ്ഗാത്മകസാഹി​ത്യ​ത്തിൽ അടി​ഞ്ഞു​കൂ​ടിയ മാലി​ന്യ​ത്തിന്റെ ഈജിയൻ തൊഴുത്ത് അടിച്ചു വൃത്തി​യാ​ക്കാൻ എത്തി​യ ​അ​ഭി​ന​വ​ഹെർക്കു​ലീസാണ് എം.​കെ.​ഹ​രി​കു​മാർ. തന്മൂലം തനിക്ക് നഷ്ടപ്പെ​ടാൻ സാധ്യ​ത​യുള്ള അവാർഡു​കളെപ്പറ്റിയോ കുലീ​ന​വർഗ്ഗബ​ന്ധ​ങ്ങളെപ്പറ്റിയോ മുഖ്യ​ധാരാപത്ര​മാ​സി​ക​ക​ളുടെ  പേജുക​ളെ​പ്പ​റ്റിയോ ഹരി​കു​മാർ അല്പംപോലും ഭയ​പ്പെ​ട്ടി​രു​ന്നി​ല്ല.​ ത​ന്റേ​തായ സാഹി​ത്യ​സി​ദ്ധാ​ന്ത​ങ്ങളും മല​യാ​ള​നി​രൂ​പ​ണ​കാഴ്ച​പ്പാ​ടു​ക​ളു​മുള്ള അദ്ദേഹം പാശ്​ചാ​ത്യ​സാ​ഹി​ത്യ​സി​ദ്ധാ​ന്ത​ങ്ങ​ളുടെ പുറ​കേ​ പോ​കാൻ ഒരി​ക്കലും താത്പര്യം കാണി​ച്ചി​ട്ടി​ല്ല. സ്വന്തം യുക്തിബോധവും ബുദ്ധി​ശ​ക്തി​യും ​അ​വ​ലം​ബി​ച്ചാണ് അദ്ദേഹം തന്റെ സാഹി​ത്യ​നി​രൂ​പണസാമ്രാജ്യം കെട്ടി​പ്പെ​ടു​ത്തി​​രി​ക്കു​ന്ന​ത്. 
     
    പര​മ്പ​രാ​ഗ​ത​നി​രൂ​പണ മാർഗ്ഗ​ങ്ങ​ളിൽ നിന്ന് ഭിന്ന​മായി, യാഥാ​സ്ഥിതികനിരൂ​പണ മതിൽക്കെ​ട്ടു​കളെ തകർത്തെ​റി​യുന്ന ഈ വിഗ്ര​ഹ​ഭ​ഞ്ജ​കന്റെ അതി​കാ​യത്വപ്രക​ട​നം​ അ​ദ്ദേഹ​ത്തിന്റെ ജന്മ​സി​ദ്ധ​മായ വൈഭ​വ​മാ​യി​ട്ടു​വേണം വില​യി​രു​ത്താൻ. സാഹിത്യനിരൂ​പ​ണ​ത്തിൽ ആരെയും ഭയ​പ്പെ​ടു​ത്തു​കയും വീര​രസപ്രധാ​ന​മായ ഭാവോ​ന്മീ​ലനം പ്രക​ടി​ത​മാ​ക്കുകയും ചെയ്യുകയാണ്.തന്റെ വ്യക്തിജീവി​ത​ത്തിലെ സുഹൃദ്ബന്ധ​ങ്ങ​ളിൽ ഹരി​കു​മാർ കാണി​ക്കുന്ന കുലീ​നവും ശ്രേഷ്ഠ​വു​മായ പച്ച​വേഷം ആരെയും വിസ്മ​യി​പ്പി​ക്കു​ന്നതുതന്നെ​യാ​ണ്. 

     

    കലാ​കാ​രനും തത്ത്വ​ചി​ന്ത​കനും സൈദ്ധാ​ന്തി​കനും വിമർശ​കനും സ്വാതന്ത്രചിന്തകനുമായ എം.​കെ.​ഹ​രി​കു​മാർ “ഒരു പൂച്ചയും ഒറി​ജി​ന​ല​ല്ല”എന്ന് പ്രഖ്യാ​പി​ക്കു​ന്നു. ഒരു കലാ​കാ​രൻ ഒരു പൂച്ചയെ വര​യ്ക്കു​മ്പോൾ അയാൾ അയാ​ളു​ടേ​തായ ഒരു പുതിയ പൂച്ച​യെ​യാണ് വര​യ്ക്കു​ന്ന​ത്. ഒരു കലാ​കാ​രന്റെ മുമ്പിൽ, മനു​ഷ്യ​രുടെ കാഴ്ച​ക​ളിൽ, ഏതൊരു വസ്തുവും പ്രത്യ​ക്ഷ​ത്തിൽ, പ്രതീ​തിയും പ്രതി​ഛായ​യു​മാ​ണ്. ഏതൊരു എഴു​ത്തു​കാ​രനും യഥാർത്ഥ​മാ​യ​തിനെ നിഷേധി​ക്കു​കയും  മറ്റൊ​ന്നിനെ തന്റെ കല്പ​നാ​വൈ​ഭവംകൊണ്ട് സൃഷ്ടി​ക്കു​ക​യു​മാ​ണ്. ദാർശ​നി​ക​മായ നിറ​ക്കൂ​ട്ടു​ക​ളിൽ തൂലിക മുക്കി​യാണ് ഹരി​കു​മാർ തന്റെ നവാ​ദ്വൈത ​നീ​ലാ​കാ​ശത്ത് ഭാവ​നാ​ത്മ​ക​മായ ചിത്ര​ങ്ങൾ വര​യ്ക്കു​ന്ന​ത്. “സ്‌നേഹം പ്രാപ​ഞ്ചി​ക​മായ കണ​ക്ടി​വി​റ്റി​യാ​ണ്. സ്‌നേഹം ദൈവ​മാ​ണെന്ന് വലിയ മുനി​മാർ പറ​ഞ്ഞത് അതു​കൊ​ണ്ടാ​ണ്. സ്‌നേഹ​ത്തി​ലൂടെ ദൈവ​ത്തിന്റെ സംവേ​ദ​ന​ലോ​ക​ത്തേക്ക് നമുക്ക് പ്രവേ​ശനം കിട്ടു​ന്നു. ഏതൊരു സസ്യ​ത്തിനും ജീവിയ്ക്കും ഈ സ്‌നേഹം മന​സ്സി​ലാ​കും. അത് ജീവന്റെ ഉദാ​ത്ത​മായ ഒരു അനു​ഭ​വ​ത​ല​മാ​ണ്.... ഒരു പക്ഷിക്ക് വെള്ളം കൊടു​ത്താൽ അത് നമ്മെ തേടി​വ​രും. ഇത് പ്രാപ​ഞ്ചി​ക​മായ ബന്ധ​മാ​ണ്. സ്‌നേഹ​മെന്ന അഭൗ​മ​മായ തല​മാ​ണി​ത്. കുമാ​ര​നാ​ശാൻ സ്‌നേഹ​മെന്ന വികാ​ര​ത്തി​ലൂടെ ഉന്ന​ത​മായ സംവേ​ദ​ന​ത​ല​ങ്ങ​ളു​മായി ബന്ധ​പ്പെ​ട്ടു”.
     
    അദ്വൈതവേദാ​ന്തത്തെ സ്വർഗ്ഗ​ത്തിൽ നിന്ന് ഭൂമി​യി​ലേക്ക് ഇറ​ക്കി​ക്കൊ​ണ്ടു​വന്ന ശ്രീനാരാ​യ​ണ​ഗു​രു​വിന്റെ പ്രായോ​ഗിക ജീവി​തത്തെ ഹരി​കു​മാർ നിരീ​ക്ഷി​ക്കു​ന്നു​ണ്ട്. “ശ്രീനാ​രാ​യ​ണ​ഗുരു അദ്വൈതവേദാന്തത്തെ മാനു​ഷി​ക​മായ ഐക്യ​ത്തി​ന്റേയും ഉപ​കാ​ര​ത്തി​ന്റേയും അനു​ഭ​വ​ങ്ങ​ളി​ലൂടെ സംവേ​ദ​ന​ക്ഷ​മ​മാ​ക്കി. ഭിന്ന​ത​യി​ല്ലാതെ ഗുരു സമൂ​ഹ​ത്തിൽ പ്രവർത്തി​ച്ച​ത് അതു​കൊ​ണ്ടാ​ണ്. ഗുരു​വിന് ജാതി വ്യത്യാ​സ​മി​ല്ല. ഗുരു​വിന്റെ ആശ്ര​മ​ങ്ങ​ളിൽ പറ​യ​ക്കു​ട്ടി​കളും പുല​യ​ക്കു​ട്ടി​കളും ഭക്ഷണം പാകം ചെയ്യാ​റു​ണ്ടാ​യി​രു​ന്നു. പ്രായോ​ഗി​ക​മായ, ജന​ക്ഷേ​മ​ക​ര​മായ അദ്വൈത​മാ​ണ​ത്. സ്‌നേഹ​മാണ് അതിന്റെ അടി​ത്ത​ട്ട്. ആശാൻ ആ അദ്വൈത​ത്തിൽ നിന്നാണ് പ്രചോ​ദനം നേടി​യ​ത്... ഈ പ്രപ​ഞ്ച​വു​മായി നിങ്ങൾക്ക് താദാത്മ്യം പ്രാപി​ക്കാ​നുള്ള ഉപാ​ധി​യാണ് സ്‌നേഹം”.വിണ്ടു​ വെണ്ണീ​റാ​യി​ക്കി​ടന്ന അദ്വൈതത്തെ മജ്ജയും മാംസവും രക്തവും സ്‌നേഹവും കാരു​ണ്യ​വു​മുള്ള അനു​ക​മ്പാ​ദർശ​ന​മായി രൂപ​പ്പെ​ടു​ത്തു​ക​യാ​യി​രുന്നു ശ്രീനാരാ​യ​ണ​ഗു​രു. ആശാനും ഗുരുവും അദ്വൈത​ദർശ​ന​ത്തിന്റെ, കാരു​ണ്യത്തിൻ്റെ ആത്മാ​വി​ലേക്ക് തീർത്ഥാ​ടനം ചെയ്യു​ക​യാ​യി​രു​ന്നു.
     
    അദ്ദേഹം തുട​രുന്നു: “ഇന്നത്തെ കലാ​പ​ങ്ങൾ, രക്ത​ച്ചൊ​രി​ച്ചി​ലു​കൾ, കര​ച്ചി​ലു​കൾ, ഒഴി​ഞ്ഞോ​ട​ലു​കൾ, തറ​യിൽ പടർന്ന രക്ത​ത്തു​ള്ളി​കൾ, കൂട്ട​ക്കൊ​ല​കൾ, ബഹ​ള​ങ്ങൾ, അപ​മാ​ന​ക​ര​മായ ക്രൂര​ത​കൾ എല്ലാം ചരി​ത്ര​ത്തിൽ ഒരു പ്രതിഛായ അവ​ശേ​ഷി​പ്പി​ച്ചാണ് കടന്നു​പോ​കു​ന്ന​ത്. പ്രതി​ഛായ​കൾ എന്ന് പറ​യു​ന്നത് വ്യാവ​ഹാ​രികലോകത്തെ മാധ്യ​മ​ങ്ങൾക്കും ആളു​ക​ളുടെ മന​സ്സു​കൾക്കും വീണ്ടും വീണ്ടും ഓർമ്മി​ക്കാ​നുള്ള ചിത്ര​ങ്ങ​ളാ​ണ്. പ്രതി​ഛായ​കൾ ചരി​ത്ര​മായി ആലേ​ഖനം ചെയ്യ​പ്പെ​ടു​കയോ വിവ​രി​ക്ക​പ്പെ​ടു​കയോ പുസ്ത​ക​രൂ​പ​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​കയോ ചെയ്യു​ന്നതോടെ അത് ചരി​ത്ര​മാ​കു​ന്നു. അതിന്റെയർത്ഥം നാം അനു​ഭ​വി​ച്ച​തെ​ന്താ​ണോ, അതി​ലേക്ക് കല്പിതകഥ​യുടെ ഒരു ഫാന്റസി കൂട്ടി​ച്ചേർക്ക​പ്പെ​ടുന്നു എന്നാ​ണ്. ഒരി​ക്കലും വാക്കു​ക​ളാ​യി​രു​ന്നി​ട്ടി​ല്ലാത്ത യാഥാർത്ഥ്യ​ങ്ങൾ പിന്നീട് പലർ പല രീതി​യിൽ ടെക്സ്റ്റു​ക​ളായി രൂപാ​ന്ത​ര​പ്പെ​ടു​ത്തുന്നു”.അതെ, ചേര അതിന്റെ പടം പൊഴി​ക്കു​ന്ന​തു​പോ​ലെ, ചരിത്രം അതിന്റെ പടം പൊഴിച്ച് പ്രതിഛായ​കൾ സൃഷ്ടി​ച്ചു​കൊ​ണ്ടാണ് കാല​രഥത്തിൽ സഞ്ചരിക്കുന്ന​ത്. വ്യവ​ഹാ​രികലോകത്തെ ചരി​ത്ര​സം​ഭ​വ​ങ്ങൾ, യഥാ​ത​ഥ​മാ​യാ​ണെ​ങ്കിൽപ്പോ​ലും, ഭാഷാ​മാ​ധ്യ​മ​ത്തി​ലൂടെ ജന​ങ്ങ​ളി​ലേക്ക് റിപ്പോർട്ട് ചെയ്യു​മ്പോൾ, അത് മറ്റൊരു ‘കാല്പ​നി​കവും’ ഐതി​ഹാ​സി​ക​വു​മായ സംഭ​വ​മാ​യാണ് അനു​വാ​ച​കന് അനു​ഭ​വ​പ്പെ​ടു​ന്ന​ത്. അത്തരം ഓർമ്മ​ച്ചിത്രങ്ങൾ ഫാന്റ​സി​യു​ടേയും കെട്ടു​ക​ഥ​യു​ടേയും അക​മ്പ​ടി​യോ​ടെ​യാ​ണ്​ അ​നു​വാ​ച​ക​മ​ന​സ്സിൽ ആലേ​ഖനം ചെയ്യ​പ്പെ​ടു​ന്ന​ത്. അങ്ങ​നെ, സംഭ​വി​ച്ച​തെന്ന് ഊഹി​ക്കാവുന്ന മഹാ​ഭാ​ര​ത​യു​ദ്ധം, വ്യാസന്റെ കല്പ​നാ​വൈ​ഭ​വ​ത്തി​ലൂ​ടെ​യും വാഗ്‌വി​ലാ​സ​ത്തി​ലൂ​ടെയും ഐതി​ഹാ​സി​കമായി മഹാ​ഭാ​ര​ത​ഗ്രന്ഥമായി പിറ​വി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ ചരി​ത്ര​സം​ഭ​വ​ങ്ങൾക്ക് ആഖ്യാ​ന​രൂ​പ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ, അത് മറ്റൊരു സംവേ​ദ​ന​മാ​ധ്യ​മ​ത്തി​ലേക്കും വിതാ​ന​ത്തി​ലേക്കും ഉയർന്ന് സ്വപ്നസന്നി​ഭ​മായ ദൃശ്യ​മായി പ്രക​ടനം കൈക്കൊ​ള്ളു​ന്ന​തെ​ങ്ങ​നെ​യാ​ണെന്ന് ഹരി​കു​മാർ ‘കല​യുടെ ഒളി​ത്താ​വളം’ എന്ന നിരൂ​പ​ണ​ലേ​ഖ​ന​ത്തിൽ ചിത്രണം ചെയ്യു​മ്പോൾ അത് മറ്റൊരു അവാ​ച്യ​മായ അനു​ഭൂ​തി​യായി അനു​വാ​ച​കന് അനു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. 
     
     “ച​രി​ത്ര​മാ​കു​ന്ന​തോടെ അത് നേരത്തെ സംഭ​വിച്ച കാര്യ​ങ്ങ​ളുടെ തനി​പ്പ​കർപ്പ​ല്ലാ​തായി മാറു​ക​യാ​ണ്. അത് മനു​ഷ്യർക്ക് വായി​ക്കാൻ വേണ്ടി നിർമ്മി​ച്ച​താ​ണ്. അതു​കൊണ്ട് നേരത്തെ സംഭ​വി​ച്ച​തി​നോട് അതിന് യാതൊരു ബന്ധ​വു​മി​ല്ലാ​ത്ത​തായിതീരു​ന്നി​ല്ല. എന്നാൽ ചരി​ത്ര​ത്തിലെ കൊല​പാ​ത​ക​ത്തിന് യഥാർത്ഥ​ത്തിൽ സംഭ​വി​ച്ച​പ്പോ​ഴുള്ള വേദ​ന​യോ ​ക്രൂ​ര​തയോ  ഇല്ല. അത് വായി​ക്കു​ന്ന​വ​രുടെ വാക്കു​ക​ളി​ലുള്ള ഒര​നു​ഭ​വ​മാ​ണ്. യുദ്ധ​ത്തിൽ കൊല​ചെ​യ്യ​പ്പെ​ട്ട​വന്റെ വേദന വായ​ന​ക്കാ​രന് ആവ​ശ്യ​മി​ല്ല​ല്ലോ. യുദ്ധ​ത്തിൽ മരി​ച്ച​വനെ ഒരു വായ​ന​ക്കാ​രനും വേണ്ട. അവന് വേണ്ടത് അവന്റെ കാല്പനികകഥ​യിലെ ഒരു നായ​ക​നെ​യാ​ണ്. ലോക​ത്തിലെ വിഷ​മ​സ​ന്ധി​കൾ പിന്നീട് ഓർക്കു​മ്പേൾ മധു​ര​മുള്ള സ്വപ്ന​ങ്ങ​ളായി മാറുന്നു. നമ്മുടെ അനു​ഭ​വ​ങ്ങൾ പിന്നീട് ഒരു കഥ​യാണ്. ആ കഥ​യിൽ നമ്മൾ ഒരു വിവേ​ക​ജീ​വി​യാണ്. നമുക്ക് സ്വയം പ്രശം​സി​ക്കാനും കാല​ത്തെ​ക്കു​റി​ച്ചുള്ള കാല്പ​നി​ക​മായ സങ്ക​ല്പ​ങ്ങൾ സൃഷ്ടി​ക്കാനും അവ​സ​ര​മു​ണ്ട്. നമ്മൾ ഒരു പോരാ​ട്ട​ത്തിന്റെ കഥ​യിലെ നായ​കനോ നായി​കയോ ആകു​ന്നത് വലിയ കാ​ര്യ​മല്ലേ? ജീവി​തത്തെ സാഹി​ത്യ​മാ​ക്കു​ന്ന​തിന്റെ പ്രാഥ​മിക വിദ്യ​യാ​ണി​ത്”. ഇങ്ങനെ സർഗ്ഗാ​ത്മകനിരൂ​പണം അതിന്റെ കൊടു​മുടി കയ​റു​മ്പോ​ഴാ​ണ്, സമ​കാ​ലികരായ സർഗ്ഗാ​ത്മകസാ​ഹി​ത്യ​കാ​ര​ന്മാ​രേ​ക്കാൾ മികച്ച പ്രതി​ഭാ​ശാ​ലി​ക​ളാ​യ, നിരൂ​പ​ണ​കേ​സ​രി​ക​ളാ​യ, കുട്ടി​കൃ​ഷ്ണ​മാ​രാ​രും, ജോസഫ് മുണ്ട​ശ്ശേ​രി​യും, എം.​കെ.​ഹ​രി​കു​മാറും ഉണ്ടാ​കു​ന്ന​ത്. കേസ​രി​ബാ​ല​കൃ​ഷ്ണ​പി​ള്ളയും, കെ.​പി.​അ​പ്പനും പി.കെ ബാല​കൃ​ഷ്ണ​നും, പ്രൊഫ.എം.​കൃ​ഷ്ണൻനാ​യരും ഉണ്ടാ​കു​ന്ന​ത്. അങ്ങ​നെ​യാണ് തല​യെ​ടു​പ്പു​ളള ധിഷ​ണാ​ശാ​ലി​ക​ളായ എം.​പി.​പോളും, എംഎൻ.​വി​ജയനും സുകു​മാർ​ അ​ഴീ​ക്കോടും ഉണ്ടാ​യ​ത്.
     
    പച്ച​യായ ജീവി​ത​സം​ഭ​വ​ങ്ങൾപോലും അല്പം ഭാവ​ന​യുടെ നിറ​ക്കൂ​ട്ടിൽ നെയ്‌തെ​ടു​ക്കു​മ്പോൾ അതൊരു ഫാന്റ​സിയും മുത്ത​ശ്ശി​ക്ക​ഥ​യു​മായി മാറുന്നു എന്ന​തിൽ വിചി​ത്ര​​മായ ഒന്നും തന്നെയില്ല. ഇനി​യി​പ്പോ​ൾ ഭാവനയില്ലാതെ തന്നെ എന്തെ​ങ്കിലും സംഭവകഥ​കൾ റിപ്പോർട്ട് ചെയ്താൽ അത് മറ്റൊ​രു​ മാ​ന​ത്തിൽ മ​ന​സ്സി​ലാ​ക്ക​പ്പെ​ടു​കയും വായി​ക്ക​പ്പെ​ടു​കയും മുത്ത​ശ്ശി​ക്ക​ഥ​യായി മാറു​കയും ചെയ്യു​ന്ന​തിന് കാര​ണം​ മ​നു​ഷ്യന്റെ ജന്മ​സ​ഹ​ജ​മായ മനോ​ഘ​ട​ന​യുടെ സവി​ശേ​ഷ​ത​യാ​ണ്. ഹരി​കു​മാർ തുട​രുന്നു: “ജീവി​ത​ത്തിൽ ഒരു നിഴൽപോലെ പിന്തു​ട​രു​ക​യാ​ണ്. സാഹി​തീയ അനു​ഭ​വ​ങ്ങൾ നമ്മുടെ നഗ്ന​മായ യാഥാർത്ഥ്യ​ങ്ങ​ളിൽ സർപ്പത്തെ​പ്പോലെ ചുറ്റിവരിഞ്ഞ് കിട​ക്കു​ക​യാ​ണ്. അതു​കൊണ്ട് നാം ജീവി​ക്കുന്ന യാഥാർത്ഥ്യ​ങ്ങ​ളിൽതന്നെ അതിന്റെ ടെക്സ്റ്റ്, അർത്ഥം മറ്റൊരു ഉൽപ്പ​ന്ന​മായി രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്”. സംഘർഷാ​ത്മ​ക​മായ യുദ്ധ​ങ്ങളും അല​റി​വി​ളി​കളും രക്ത​ച്ചൊ​രി​ച്ചി​ലു​കളും പോലും എഴു​ത്തു​കാ​രൻ തന്റെ ഭാഷാ​ശൈ​ലി​യി​ലേക്ക് ആവാഹിക്കു​മ്പോൾ അനു​വാ​ച​കന് ദു:ഖമല്ല, മറിച്ച് പനി​നീർപ്പൂ​ക്കൾ കാറ്റി​ലാ​ടു​ന്ന​തു​പോ​ലെയുള്ള ഹൃദ​യഹാരിയായ കാഴ്ച​യാണുണ്ടാവുന്ന​ത്. “മഹാ​നായ കലാ​കാ​രൻ പിക്കാ​സോ, സ്പാനിഷ് യുദ്ധ​ത്തിന്റെ ഭീതിയും നാശവും വിവ​രി​ക്കാ​നാ​ണ​ല്ലോ ​'ഗോർണിക്ക' വര​ച്ചത്. ആ ചിത്രത്തിൽ ചോരയോ നില​വി​ളിയോ ഭയമോ ഇല്ല; സൗന്ദ​ര്യ​ത്തിന്റെ ഒരു കാലി​ഡോ​സ്‌കോ​പ്പിക്ക് ഇമേ​ജാ​ണ​ത്. ശൈലി​യി​ലൂടെ പിക്കാസോ ചരി​ത്രത്തെ ഒരു ജന​പ്രി​യവും നവീ​ന​വു​മായ കലാ​വ​ബോ​ധ​മാക്കി മാറ്റു​ന്നു”. സാഹി​ത്യ​ത്തി​ന്റെ സമ​സ്ത​മേ​ഖ​ല​കളിലും തന്റെ തന​തായ വ്യക്തിമുദ്ര​ സ്ഥാപിച്ചുകൊണ്ടുള്ള ഹരി​കു​മാ​റിന്റെ നാല് പതി​റ്റാ​ണ്ടിലേറെ നീളുന്ന ജൈത്ര​യാ​ത്ര​യിൽ, അദ്ദേഹം മഹ​ത്തായ ഒരു വിമർശനാ​ത്മ​ക​നിരൂ​പണസാമ്രാജ്യം കെട്ടി​പ്പ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തന്റെ സാഹിത്യനിരൂ​പണ സാമ്രാ​ജ്യ​ത്തിൽ അദ്ദേഹം നട്ടു​വ​ളർത്തിയ പൂങ്കാ​വ​ന​ത്തിന്റെ സൗന്ദ​ര്യവും സൗര​ഭ്യവും അനു​ഭ​വി​ക്കാൻ ഇന്ന് ആയി​ര​ക്ക​ണ​ക്കിന് അനു​വാ​ച​ക​രാണ് അദ്ദേ​ഹ​ത്തിന് ആരാ​ധ​കരായിട്ടു​ള്ള​ത്.
     
     സത്യ​സ​ന്ധ​മായി പറ​ഞ്ഞാൽ ഹരി​കു​മാർ വായ​ന​ക്കാ​രുടെ മന​സ്സിൽ ഒരു മിത്തും ലെജന്റും ഇതി​ഹാ​സ​വുമായി മാറി​യി​രി​ക്കു​ന്നു. മല​യാ​ള​നി​രൂ​പണസാഹി​ത്യ​ച​രി​ത്ര​ത്തിൽ, നിരൂ​പ​കന്റെ അ​ധി​കാ​ര​വ്യ​വസ്ഥ പുനഃപ്രതിഷ്ഠിച്ച ഹരി​കു​മാ​റിന്റെ വിമർശ​നാ​ത്മക നിരൂ​പണ സംഭാ​വ​ന​കൾ, സാ​ഹിത്യചരി​ത്ര​ത്തിന്റെ തങ്ക​ലി​പി​ക​ളിൽ മുദ്രണം ചെയ്യ​പ്പെ​ടു​മെന്ന് അസ​ന്ദി​ഗ്ദ്ധ​മായി പറ​യാം. തന്റെ നിരൂ​പ​ണാ​ത്മക കർമ്മമണ്ഡ​ല​ത്തിൽ ഒരു ഉദ​യ​സൂ​ര്യ​നെ​പ്പോലെ നിന്ന് കത്തി​ജ്വ​ലിച്ചുകൊണ്ട് അദ്ദേഹം നട​ത്തി​ക്കൊ​ണ്ടി​രിക്കുന്ന കഠി​നാ​ദ്ധ്വാ​നത്തെ എത്ര​യ​ധികം പ്രകീർത്തിച്ച് പറ​ഞ്ഞാലും അതൊന്നും അദ്ദേഹം ചെയ്തുകൊ​ണ്ടി​രി​ക്കുന്ന സാഹി​ത്യ​സം​ഭാ​വനയ്ക്ക് അല്പംപോലും പ്രതി​ഫല​മാ​കി​ല്ല. അത്ര​ത്തോളം അദ്ദേഹം നിരൂ​പ​ണ​സാ​ഹി​ത്യ​ത്തിന്റെയും തത്വ​ചി​ന്താ​മേ​ഖ​ല​യു​ടെയും സർഗ്ഗാ​ത്മക സാഹി​ത്യ​ത്തിൻ്റെയും ചിത്ര​ക​ല​യു​ടെയും മറ്റു വൈജ്ഞാ​നിക മേഖ​ല​യു​ടെയും ഗിരി​ശൃം​ഗ​ങ്ങൾ കീഴ​ട​ക്കി​യി​രി​ക്കു​ന്നു. മല​യാളസാഹിത്യ​ത്തിലെ മാത്ര​മ​ല്ല​, വി​ശ്വ​സാ​ഹി​ത്യ​ത്തിലെ തന്നെ കല​യു​ടെയും കവി​ത​യു​ടെയും നോവ​ലിന്റെയും തത്വ​ചി​ന്ത​യു​ടെയും ആത്മാ​വി​ലേക്ക് ആഴ​ത്തി​ലി​റങ്ങി സൂക്ഷ്മ​മായി അപ​ഗ്ര​ഥ​ന​-​വി​ശ്ലേഷണ​ങ്ങൾ നട​ത്താനും മൂല്യ​നിർണ്ണയം ചെയ്ത് വിധി​ക​ല്പി​ക്കാ​നു​മുള്ള ഹരി​കു​മാ​റിന്റെ അപാ​ര​മായ ധിഷ​ണാ​വൈ​ഭവം അനു​പ​മവും അതു​ല്യ​വു​മാ​ണ്. നമ്മുടെ കാലത്തെ സാഹി​ത്യ​-​സാം​സ്‌ക്കാ​രി​ക​-​രാ​ഷ്ട്രീയ മണ്ഡല​ങ്ങ​ളുടെ പ്രവർത്ത​നത്തെ സമ​ഗ്ര​മായി തിരി​ച്ച​റി​ഞ്ഞ്, അതിന്റെ ജീർണ്ണ​മായ അവ​സ്ഥയെ രോഗനിർണയം ചെയ്ത് ഫല​വ​ത്തായ ചികി​ത്സാ​വി​ധി​കൾ കല്പ്പി​ക്കുന്ന സാഹിത്യഭിഷ​ഗ്വ​രൻ കൂ​ടി​യാണ് ഹരി​കു​മാർ എന്ന​തിൽ മല​യാ​ളി​കൾക്കെല്ലാ​വർക്കും അഭി​മാ​നി​ക്കാം.
     
     സാഹി​ത്യ​നി​രൂ​പണ മണ്ഡ​ല​ത്തിൽ ശിര​സ്സു​യർത്തി​പ്പി​ടി​ച്ചു​കൊണ്ട് സാഹി​ത്യ​കൃ​തി​കളെ വിമർശ​നാ​ത്മ​ക​മായി വില​യി​രു​ത്തിയ ഹരി​കുമാ​റിന് തന്റെ സാഹിത്യജീവിതത്തിലും യഥാർത്ഥജീവി​തത്തിലും ഒട്ടേറെ വില​കൊ​ടു ക്കേണ്ടിവന്നിട്ടുണ്ട്. സാഹിത്യലോകത്ത് ശത്രു​ക്ക​ളുടെ ഒരു വൻനിര അദ്ദേഹത്തെ ഭ്രമണം ചെയ്തുകൊ​ണ്ടി​രി​ക്കു​ന്നു.  വിമർശ​നാ​ത്മ​ക​ നി​രൂ​പ​ണ​ മ​ണ്ഡല​ത്തിലും സ്വന്തം ജീവി​ത​ത്തിലും ത്യാഗ​പൂർണ്ണവും ആദർശ​സു​ര​ഭി​ല​വു​മായ ഒരു ജീവിതം നയി​ച്ചുകൊ​ണ്ടി​രി​ക്കുന്ന ഹരി​കു​മാ​റിന്, അല​ങ്കാ​ര​ബുദ്ധിജീവി​കൾക്ക് ലഭി​ക്കുന്ന നെറ്റി​പ്പ​ട്ട​ങ്ങളും വെൺചാ​മ​ര​ങ്ങളും നഷ്ട​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്;അഥവാ അത്ത​ര​മൊരു ജീവിതം ബോധ​പൂർവ്വം തിര​ഞ്ഞെ​ടുത്തുകൊണ്ട് അദ്ദേഹം അതി​നെ​യൊക്കെ സ്വയം നഷ്ടപ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. പകരം ,ഭാവി​യിൽ ഹരി​കു​മാ​റി​ന്​ ആ​സ​ന​സ്ഥ​നാ​വാൻ, വരും​കാ​ല​ത്തിന്റെ ചെങ്കോലും കിരീ​ടവും സിംഹാ​സ​നവും ഗിരി​ശൃം​ഗ​ങ്ങ​ളിൽ കാത്തു​കി​ട​ക്കു​ക​യാ​ണ്. 'അക്ഷ​ര​ജാ​ല​ക​’ ത്തിന്റെ കാൽനൂ​റ്റാണ്ട് തിക​യുന്ന ഈ ധന്യ​മായ ചരി​ത്ര​മു​ഹൂർത്തത്തിൽ ഹരി​കു​മാ​റിനെ ഞാൻ ഈ സാ​ഹി​ത്യ​നി​രൂ​പ​ണസാ​മ്രാ​ജ്യ​ത്തിലെ രത്‌ന​സിം​ഹാ​സ​ന​ത്തിൽ ആദ​ര​പൂർവ്വം അവ​രോധി​ക്കു​ക​യാ​ണ്.
    അക്ഷരജാലകം (രണ്ടു വാല്യം)
    സാഹിത്യപംക്തി
    എം കെ.ഹരികുമാർ 
    പേജ്  1600
    വില 2000

    സുജിലിപബ്ളിക്കേഷൻസ്
    ചാത്തന്നൂർ 
    9496644666

Wednesday, March 27, 2024

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ






ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.

മറ്റൊരു രാഗം

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു.

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌.

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.

വാക്കുകളാകുന്ന പന്തങ്ങൾ

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല

ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു.  ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.